ഇ ഹരികുമാര്‍
ക്രിസ്തുവിനു മുമ്പ് ക്രിസ്തുവിന് ശേഷം എന്നതിനു പകരം തന്റെ കണക്കുകൾ എഞ്ചിൻ ഡ്രൈവറെ കണ്ടതിനുമുമ്പ്, കണ്ടതിനു ശേഷം എന്നായി ചുരുങ്ങിയിരിക്കുന്നുവെന്ന് നാൻസി കണ്ടു. ഇ.ഡി. ആറാം ദിവസം എന്നെഴുതണം. രാജനോട് ഒരു താടി വളർത്താൻ പറയണം. താടിയുണ്ടെങ്കിൽ അയാൾക്ക് ക്രിസ്തുവിന്റെ ഛായയുണ്ടാവും. ചേച്ചിയുടെ മുറിയിൽ പ്രാർത്ഥനാനിരതനായ യേശുവിന്റെ ചിത്രമുണ്ട്. അതിനുചുവട്ടിൽ ഒരു സ്വർണ്ണം പൂശിയ കുരിശും മെഴുകുതിരിത്തട്ടും. ആ ചിത്രം നാൻസിക്ക് പെട്ടെന്ന് ഇഷ്ടമായി. ഓഫീസിൽനിന്നു വന്നാൽ അതിനുമുമ്പിൽ ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന ശീലം അങ്ങിനെയാണുണ്ടായത്. മേരി അദ്ഭുതപ്പെട്ടു. പള്ളിയിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോകണം കക്ഷിയെ. എന്നാൽത്തന്നെ വല്ല ആൺപിള്ളരേയും കണ്ടാൽ അവരുമായി സംസാരിച്ചു നിൽക്കും. കുർബാനയിലൊന്നും ശ്രദ്ധിക്കില്ല. ഒന്നുരണ്ടു വട്ടം വലിയിടത്തച്ചൻ മേരിയെ വിളിച്ച് ശാസിച്ചതാണ്. അനുജത്തിയുടെ മേൽ ഒരു ശ്രദ്ധവേണമെന്ന്. 'ഈ പ്രായം, മേരിക്കുഞ്ഞേ, ശ്രദ്ധിക്കുകയാണ് നല്ലത്. അവള് കുമ്പസാരിച്ചിട്ട് എത്ര കാലമായി? അവളോട് പള്ളിമേടയിലേയ്ക്ക് വന്ന് എന്നെയൊന്ന് കാണാൻ പറ.'
ആ പെണ്ണാണ് ഇപ്പോൾ ഓഫീസിൽനിന്ന് വരാൻ താമസമില്ല കർത്താവിന്റെ മുമ്പിൽ മെഴുകുതിരി കത്തിച്ചു വയ്ക്കുന്നത്. മേരിക്ക് അനുജത്തിയുടെ മാനസാന്തരത്തിൽ ആശ്വാസമായി. ആശ്വാസം ഊർദ്ധശ്വാസം വലിക്കുന്നത് കാണാൻ പക്ഷേ അധികദിവസമൊന്നും വേണ്ടിവന്നില്ല. ഞായറാഴ്ച രാവിലെ പള്ളിയിൽ പോകാൻ തയ്യാറാവുമ്പോൾ അവൾ അനുജത്തിയോട് പറഞ്ഞു.
'വലിയിടത്തച്ചൻ നിന്നെ കാണണമെന്ന് പറഞ്ഞു.'
'എന്നെ കാണാനോ?'
'അതെ, നീ കുമ്പസാരിച്ചിട്ട് കുറേ നാളായി എന്നു പറഞ്ഞു.'
'അതിന് ചേച്ചീ, ഞാൻ പാപമൊന്നും ചെയ്തിട്ടില്ലല്ലോ.'
'അങ്ങിനെ പാപമൊന്നും ചെയ്യണമെന്നില്ല. നാമൊക്കെ പാപികളായിട്ടാണ് ജനിച്ചത്. കർത്താവിന്റെ തിരുരക്തമാണ് നമ്മെ പാപത്തിൽനിന്നും മോചിപ്പിച്ചത്. അപ്പോൾ ഇടക്കിടക്ക് കുമ്പസാരിച്ച് നമ്മുടെ മനസ്സും ആത്മാവും ശുദ്ധീകരിക്കണം.'
'ഞാനൊരു കാര്യം ആലോചിക്ക്യായിരുന്നു.' നാൻസി പറഞ്ഞു.
'എന്ത്?'
'ചേച്ചി എന്തുകൊണ്ട് കർത്താവിന്റെ മണവാട്ടിയാകാതെ മാത്യുചായന്റെ മണവാട്ടിയായീന്ന്.'
'നീ പോടി.'
'നന്നായി,' അവൾ തുടർന്നു. 'അതുകൊണ്ട് കർത്താവു രക്ഷപ്പെട്ടു.'
'നീ വരുന്നുണ്ടോ? കുർബാന തുടങ്ങേണ്ട സമയായി.'
'അയ്യോ ചേച്ചീ, ഞാനിന്ന് രജനീടെ വീട്ടില് ചെല്ലാംന്ന് പറഞ്ഞിട്ട്ണ്ട്. അവള്‌ടെ ചേട്ടൻ ഗൾഫീന്ന് വന്നിട്ടൊണ്ട്. കൊറേ സാധനങ്ങള് കൊണ്ടന്നിട്ട്ണ്ട്. വെലകൊറച്ച് തരാംന്ന് പറഞ്ഞിട്ട്ണ്ട്.'
'അപ്പോ ഈയാഴ്ചയും നീ കുർബാനചേര്ണില്ല്യേ?'
കുർബാന! നാൻസി ആലോചിച്ചു. എല്ലാം പേരിനുമാത്രമായി മാറിയിരിക്കയാണ്. പള്ളിയിൽ സ്ഥിരം പാടുന്ന പീറ്റർ ചേട്ടന്റെ പാട്ട് നടുക്കുവച്ച് മുറിച്ചുകൊണ്ട് ചെറുപ്പക്കാരനായ വലിയിടത്തച്ചന്റെ കുർബാനക്കുള്ള എഴുന്നള്ളത്ത് അവൾ മനസ്സിൽ കണ്ടു. ശുശ്രൂഷകരായ രണ്ടു ആൺപിള്ളേരുടെ നടുവിൽ കാർമ്മികൻ അൾത്താരയിൽ വന്നുനിന്ന് കുരിശു വരക്കുന്നു.
'അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനവും പ്രത്യാശയും എപ്പോഴും, എന്നേയ്ക്കും. ആമേൻ!'
അച്ചന്റെ വാക്കുകൾ ഇടറുന്നില്ല. വർഷങ്ങളുടെ സാധനയാണത്. ആ വാക്കുകളിൽ തന്റെ കുഞ്ഞാടുകളെ തളച്ചിടാൻ അദ്ദേഹം ആഗ്രഹിച്ചു. വാക്കുകൾകൊണ്ട് തളച്ചിടാൻ പറ്റാത്ത കുഞ്ഞാടുകളെ തിരിച്ചു കൊണ്ടുവരുവാനൊന്നും അദ്ദേഹം ശ്രമിച്ചില്ല. കാര്യമില്ലെന്നറിയാം. കുർബാന നടന്നുകൊണ്ടിരിക്കേ അദ്ദേഹം വാച്ചു നോക്കുന്നതെന്തിനാണെന്ന് നാൻസിക്കറിയാം. കൃത്യം ഒമ്പതിന് അദ്ദേഹം കർത്താവിന്റെ മാംസവും രക്തവുമായ ഓസ്തി നൽകി കുർബാന കഴിച്ചിരിക്കും. പിന്നെ പള്ളിമേടയിലേയ്ക്ക് ഒരോട്ടമാണ്. നാൻസി ചിരിച്ചുകൊണ്ട് പറഞ്ഞു. കൃത്യം ഒമ്പതു മണിക്ക് ശ്രീകൃഷ്ണ സീരിയൽ തുടങ്ങും. അതു കാണാനുള്ള ഓട്ടമാണ്.
'ശ്രീകൃഷ്ണ സീരിയിൽ കാണാൻ!' അവൾ ആർത്തു ചിരിക്കയാണ്. ശരിക്കു പറഞ്ഞാൽ പത്തു മിനിറ്റ് പരസ്യങ്ങളാണ്. പക്ഷേ പരസ്യങ്ങളും അച്ചന്റെ ഭാവനയെ പിടിച്ചിരുത്തി. ഒരു മാസ്മരിക ലോകമാണത്. പലതരം വേഷങ്ങൾ, വേഷങ്ങളൊന്നുമില്ലാത്ത രൂപങ്ങൾ, എല്ലാം വലിയിടത്തച്ചനെ മറ്റൊരു ലോകത്തെത്തിച്ചു. നിത്യജീവിതത്തിൽ കാണാൻ പറ്റാത്തത് ദൃശ്യമാധ്യമത്തിലൂടെ കടന്നുവന്നു. വല്ലാതെ പരിധി കടക്കുമ്പോൾ അച്ചൻ കുരിശു വരച്ചുകൊണ്ട് പ്രാർത്ഥിക്കും. കർത്താവേ സാത്താന്റെ പ്രലോഭനങ്ങൾ എന്റെമേലും എന്റെ കുഞ്ഞാടുകളുടെ മേലും ഏശല്ലേ.
ദൃശ്യമാധ്യമങ്ങൾ ആത്മീയതയിൽ അനാശാസ്യസ്വാധീനം ചെലുത്തുന്ന കാര്യമാണ്. മേരിക്ക് ദ്വേഷ്യം പിടിച്ചിരുന്നു.
'നീ വരുന്നില്ലെങ്കിൽ വേണ്ട, നിന്റെ ഇഷ്ടം. നിന്നെ പിശാചു പിടിക്കട്ടേ. കർത്താവിന്റെ രൂപത്തിനു മുമ്പിൽ മെഴുകുതിരി കത്തിക്കണതു കണ്ടപ്പോൾ ഞാൻ വിചാരിച്ചു......'
അവൾ കുട്ടിയെയുമെടുത്ത് യാത്രയാവും.
നാൻസി രാജനെ ഓർത്തു. ചേച്ചി അവളെക്കൊണ്ട് ഓർമ്മിപ്പിച്ചു എന്നു പറയുന്നതാവും ശരി. അഞ്ചുമണിക്ക് അയാൾ സ്റ്റേഷൻ കവാടത്തിൽ കാത്തു നിൽക്കുന്നു. നീണ്ടു നിവർന്ന ആ രൂപം അവൾക്ക് ദൂരെനിന്നു തന്നെ കാണാം. അവൾ അടുത്തു ചെന്നാൽ അയാളുടെ അല്പം നീണ്ട മുഖത്ത് ചിരി വിടരും.
'നിങ്ങളെ കണ്ടാൽ ഗിരിപ്രഭാഷണം കഴിഞ്ഞ് തിരിച്ചെത്തിയ യേശുവിന്റെ മട്ടുണ്ട്.' അവൾ പറയും.
'എന്നുവച്ചാൽ എന്റെ മുഖത്ത് ആത്മീയ തേജസ്സ് വഴിഞ്ഞൊഴുകുന്നു എന്നർത്ഥം.'
അയാൾ നാൻസിയുടെ ഒപ്പം സംസാരിച്ചുകൊണ്ട് നടക്കും.
'അതുകൊണ്ടല്ലെ ഞാൻ നിങ്ങളെ രക്ഷകനെന്നു വിളിക്കണത്?'
'അല്ലാതെ തീവണ്ടിയുടെ അടിയിൽനിന്ന് രക്ഷിച്ചതുകൊണ്ടല്ല?'
'രണ്ടും ഒന്നുതന്നെ. ഒറിജിനൽ രക്ഷകൻ എന്റെ ആത്മാവിനെ രക്ഷിക്കുന്നു. ഈ ഡ്യൂപ്ലികേറ്റ് രക്ഷകൻ എന്റെ ജീവനെ രക്ഷിക്കുന്നു. അത്രമാത്രം! രണ്ടു രക്ഷകന്മാർക്കിടയിൽ നിന്ന് ഞാൻ വലയുന്നു.'
'ഇതിലെന്താണ് വലച്ചിലുള്ളത്?'
'വീട്ടിൽ ചേച്ചിയുടെ വക ആത്മീയ പീഡനങ്ങളാണ്. ഇവിടെ രണ്ടാം രക്ഷകൻ എന്നും പിന്നാലെ നടന്ന് പീഡിപ്പിക്കുന്നു.'
'ഞാൻ നിന്റെ ഒപ്പം നടക്കുന്നത് പീഡിപ്പിക്കാനല്ല.' രാജൻ പറഞ്ഞു. 'റെയിൽവേയുടെ വിശ്വസ്ത ശമ്പളക്കാരനെന്ന നിലയിൽ ആരെങ്കിലും റെയിൽവേ മുതൽ നശിപ്പിക്കുകയാണെങ്കിൽ തടയേണ്ട ബാധ്യത എനിക്കുണ്ട്.'
'ആരാണ് റെയിൽവേയുടെ മുതൽ നശിപ്പിക്കുന്നത്?'
'നീതന്നെ. അന്ന് പ്ലാറ്റ്‌ഫോം കേടുവരുത്താതെ നോക്കാൻ എനിക്കു പറ്റി. അതുകൊണ്ട് ഞാൻ നിന്റെ ഒപ്പം, പിന്നാലെയല്ല, നടക്കുന്നു. നിന്നെ വണ്ടികയറ്റി അയക്കുന്നു. പൊതുമുതൽ നശിപ്പിക്കാതെ സംരക്ഷിച്ചതിലുള്ള സംതൃപ്തിയോടെ ക്വോർട്ടേഴ്‌സിലേയ്ക്കു തിരിച്ചുപോകുന്നു.'
'അത്രയേ ഉള്ളൂ?'
'അതെ!'
അവൾ ഡയറി മുമ്പിൽ വച്ചുകൊണ്ട് ആലോചിച്ചു. ഞാനിനി ദിവസങ്ങളുടെ കണക്ക് വെക്കുന്നില്ല. ഇതെന്തൊരു മനുഷ്യനാണ്! പരിചയപ്പെട്ടിട്ട് ദിവസങ്ങളായി. വെറുതെ സംസാരിച്ചുകൊണ്ട് ഒപ്പം നടക്കുകയല്ലാതെ പ്രേമത്തെപ്പറ്റിയോ, അല്ലെങ്കിൽ വേണ്ട ഒന്നിച്ച് ഒരു റസ്റ്റോറണ്ടിൽ പോകുന്നതിനെപ്പറ്റിയോ ഒന്നും സംസാരിക്കുന്നില്ല. മറ്റു പയ്യന്മാരിൽനിന്ന് ഈ മനുഷ്യൻ വേറിട്ടു നിൽക്കുന്നുവെന്നത് ശരി. മറ്റു പയ്യന്മാരാണെങ്കിൽ ഒരു ചിരി മുഖത്തു കണ്ടാൽ മതി. അതിന്മേൽ പിടിച്ചു കയറും. രണ്ടു ദിവസത്തിനുള്ളിൽ എത്തുക വല്ല റസ്റ്റോറണ്ടിലോ പാർക്കിലോ ആയിരിക്കും. മൂന്നാം ദിവസം...ഇല്ല, അതിന് നാൻസിയെ കിട്ടാറില്ല. പയ്യന്മാരിൽനിന്ന് വഴുതി രക്ഷപ്പെടാൻ അവൾക്കറിയാം. ഇതിനു രണ്ടിനുമിടയിൽ ഒരു വഴിയില്ലേ?
'നിങ്ങൾ ഒരദ്ഭുത മനുഷ്യനാണ്?' അവൾ ഒരു ദിവസം പറഞ്ഞു. 'ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ പരിചയപ്പെട്ട് അവളെ ഒരു പാർക്കിൽ കൊണ്ടുപോകാൻ തോന്നുന്നില്ലല്ലോ?'
'പാർക്കിലെന്താണിരിക്കുന്നത്?'
'നിങ്ങൾ തീരെ റൊമാന്റിക്കല്ല. ശരിയാണ്, പാർക്കിനെപ്പറ്റി എനിക്കും നല്ല അഭിപ്രായമില്ല. പക്ഷേ റസ്റ്റോറണ്ടുകൾ. അവയെന്നെ വല്ലാതെ ആകർഷിക്കുന്നു.'
'എന്നെ തീരെ ആകർഷിക്കാത്ത സ്ഥലമാണത്.' രാജൻ പറഞ്ഞു.
'പണം ചെലവാകുമോ എന്ന ഭയം, അല്ലേ?'
'നിന്റെ ബുദ്ധിശക്തി ശ്ലാഘനീയംതന്നെ!'
ഇക്കണക്കിന് ഡയറി എഴുതാതിരിക്കയാണ് നല്ലത്, കാരണം പത്തറുപതു വയസ്സായി ഈ ഡയറിയെങ്ങാൻ തുറന്നുനോക്കാനിടയായാൽ അതിന്റെ അർത്ഥശൂന്യതകൊണ്ട് ആത്മഹത്യ ചെയ്‌തെന്നിരിക്കും. അവൾ ഡയറി അടച്ചുവച്ച് ഉറങ്ങാൻ കിടന്നു. ചേച്ചി പ്രാർത്ഥിക്കുകയാണ്. കുമ്പിട്ടിരുന്ന് കാര്യമായിത്തന്നെ പ്രാർത്ഥിക്കുന്നു. പ്രാർത്ഥന കഴിഞ്ഞ് കുരിശുവരച്ചശേഷം അവൾ പറഞ്ഞു.
'വലിയിടത്തച്ചൻ നിന്നെ അന്വേഷിച്ചു.'
'ഞാൻ കൃതാർത്ഥയായി!' നാൻസി പറഞ്ഞു.
അനുജത്തിയുടെ സ്വരത്തിലുള്ള പരിഹാസം അവൾ കണ്ടില്ലെന്നു നടിച്ചു. അവർ തുടർന്നു.
'നീ ഓഫീസിൽ പോണവഴിക്ക് പള്ളിമേടയിൽ കയറിയാൽ മതി. നാളെ പൊയ്ക്കൂടെ?'
അരുമയായ കുഞ്ഞാട് വഴിതെറ്റിപോകുന്നതു കാണുന്ന നല്ലിടയന്റെ വേദനിക്കുന്ന മനസ്സ് നാൻസിയുടെ ഉറക്കം കളഞ്ഞു. ആരെങ്കിലും അവളെപ്പറ്റി അച്ചനോട് പറഞ്ഞു കൊടുത്തിട്ടുണ്ടാവും. റെയിൽവേ പ്ലാറ്റുഫോം അടച്ചിട്ട മുറിയല്ല. ആയിരക്കണക്കിന് ആൾക്കാർ. താൻ രാജന്റെ ഒപ്പം നടക്കുന്നത് കണ്ട ആരെങ്കിലും അച്ചനോടു് പറഞ്ഞു കൊടുത്തതായിരിക്കും. അവൾക്ക് വലിയിടത്തച്ചനെ ഇഷ്ടമായിരുന്നു. ഇത്രയും സുന്ദരനായ ഒരു മനുഷ്യൻ എന്തിന് വൈദികപട്ടം കെട്ടിയെന്നവൾ അദ്ഭുതപ്പെടാറുണ്ടായിരുന്നു. ളോഹ അഴിച്ചുവച്ച് നല്ല ഗ്ലാമറുള്ള വസ്ത്രങ്ങളണിഞ്ഞാൽ വല്ല ഫിലിം സ്റ്റാറിനെപ്പോലെ തോന്നും. എന്തായാലും നാളെ രാവിലെത്തന്നെ പള്ളിമേടയിൽച്ചെന്ന് അച്ചനെ കാണണമെന്നവൾ തീർച്ചയാക്കി. മനസ്സിൽ ആത്മീയമായ ഒരു നിർവൃതി വഴിഞ്ഞൊഴുകുകയും അതിന്റെ അന്ത്യത്തിൽ അവൾ ഉറക്കത്തിലേയ്ക്ക് വഴുതിവീഴുകയും ചെയ്തു.