|| Novel

അയനങ്ങള്‍

ഇ ഹരികുമാര്‍

സമർപ്പണം

എഴുപതുകളുടെ തുടക്കം. ബോംബെ നഗരത്തിൽ ഏറ്റവും കൂടുതൽ നടീനടന്മാരും സിനിമയുമായി ബന്ധപ്പെട്ടവരും താമസിക്കുന്ന ജുഹു-വില്ലേ പാർളെ സ്‌കീം. രാവിലെ വെറുതെ നിരത്തുകളിലൂടെ നടക്കാനിറങ്ങിയാൽ കാണുക റിഫ്‌ളക്ടേഴ്‌സ് പിടിച്ച് നിൽക്കുന്ന ലൈറ്റ് ബോയ്‌സ് ആണ്. നടീനടന്മാർ, കാമറ, ജനറേറ്റർ വാൻ, ഗാർഡൻ കുടക്കീഴിലിരിക്കുന്ന ഡയറക്ടർ...... തെരുവിൽ വച്ച് കാണുമ്പോൾ അന്യോന്യം ഉപചാരവാക്കായി പറയുന്നത് 'എവിടെയാണ് ഇന്ന് ഷൂട്ടിങ്ങ്' എന്നാണ്. സാങ്കേതിക വിദ്യ കലാപരതയെ വല്ലാതെ ആക്രമിക്കാൻ തുടങ്ങിയിട്ടില്ലാത്ത കാലം. നന്മയുടെ അംശങ്ങൾ അപ്പോഴും വിട്ടു പോകാത്ത ആ അന്തരീക്ഷത്തിലാണ് ഞാൻ നോവലിലെ കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നത്. അവരുടെ ഓർമ്മയ്ക്കായി ഞാൻ ഈ നോവൽ സമർപ്പിക്കുന്നു.

- 1 -

കുതിരകളെത്തേടിയുള്ള യാത്രയിൽ എത്തുന്നത് ബീച്ചിലാണ്. അവിടെ എപ്പോഴും കുതിരകളുണ്ടാവും. രണ്ടു വാതിലുള്ള മഞ്ഞ നിറം കയറിയ വെള്ള ഹെരാൾഡിൽനിന്ന് സുനിൽ പുറത്തിറങ്ങി. വാതിൽ പൂട്ടാൻ മെനക്കെടാതെ അയാൾ ബീച്ചിലേയ്ക്കു നടന്നു. ബീച്ചിലേയ്ക്കിറങ്ങുന്നതിനു മുമ്പ് അയാൾ ഒരു സിംഹാവലോകനത്തിനു വേണ്ടി നിന്നു. ആറടി ഒരിഞ്ച് ഉയരമുള്ള അയാളുടെ ദേഹം ഹോളിഡേ ഇൻ ഹോട്ടലിന്റെ പാർശ്വത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്നത് ബീച്ചിൽ കുതിരകളുടെ കടിഞ്ഞാണും പിടിച്ചു നിൽക്കുന്ന പയ്യന്മാരുടെ കണ്ണിൽ പെട്ടു. സുനിലിന് അതു മനസ്സിലായി. 'ഫിലിമി സേട്ടു വന്നു'വെന്ന് കുതിരക്കാർ തമ്മിൽ പറയുന്നുണ്ടെന്ന് അതു കേട്ടില്ലെങ്കിലും അയാൾക്ക് മനസ്സിലായി. അയാൾ ബീച്ചിലേയ്ക്ക് ഇറങ്ങി നടന്നു.

വേലിയിറക്കമായതുകൊണ്ട് നുരയുണ്ടാക്കുന്ന കടൽ അകലത്താണ്. കുതിരകളും ഒട്ടകങ്ങളും നിൽക്കുന്നതിനും അപ്പുറത്ത് രണ്ടു പയ്യന്മാർ കസർത്തെടുക്കുകയാണ്. ബാസു ദത്തിന്റെ ഗാങ്ങാണതെന്ന് അയാൾക്ക് മനസ്സിലായി. ഒരു ട്രൗസർമാത്രം ധരിച്ച്, ഉരുക്കുപോലെ ശരീരമുള്ള ബാസു ദത്ത് മേൽനോട്ടം വഹിച്ചിരുന്നു. സുനിൽ അടുത്തെത്തുമ്പോഴേയ്ക്ക് കുതിരക്കാരെല്ലാം അയാളുടെ ചുറ്റും വളഞ്ഞു. അയാൾ മുഖം ചുളിച്ചുകൊണ്ട് കുതിരകളെ നോക്കി. ഒരു വെള്ള കുതിരയും മിനുത്ത തവിട്ടു നിറമുള്ള കുതിരയുമൊഴിച്ചാൽ ബാക്കിയെല്ലാം ചാവാളിക്കുതിരകളാണ്. ഒരു കസ്റ്റമർ വേശ്യാലയത്തിൽ പ്രവേശിച്ച ഉടനെ അവരവരുടെ അവയവങ്ങളെ മുഴുപ്പിച്ച് കാണിച്ച് വശീകരിക്കുന്ന വേശ്യകളെപ്പോലെ പയ്യന്മാർ അവരവരുടെ കുതിരകളെ സുനിലിന്റെ മുമ്പിൽ നിരത്തി. ആ പയ്യന്മാരുടെ ശോഷിച്ചു കരുവാളിച്ച മുഖങ്ങൾ നോക്കിയപ്പോൾ കുതിരകൾ ചാവാളികളാകുന്നതിൽ എന്താണദ്ഭുതമുള്ളതെന്ന് അയാൾ ആലോചിച്ചു. അയാൾ ചോദിച്ചു.

'ലക്ഷ്മണന്റെ കുതിരയെവിടെ?'

ബീച്ചിൽ ഏറ്റവും ഉയരമുള്ള, ഭംഗിയുള്ള കുതിര ലക്ഷ്മണന്റേതായിരുന്നു.

പയ്യന്മാർ മുഖത്തോടുമുഖം നോക്കി. അതിൽ ഏറ്റവും മുതിർന്നവൻ പറഞ്ഞു.

'ലക്ഷ്മൺ ജയിലിലാണ്.'

'ഊം?'

'ദാരു പീകെ ജഗഡാകിയാ, സേട്ട്.' കള്ളു കുടിച്ച് ലഹളയുണ്ടാക്കൽ ലക്ഷ്മണന്റെ സ്ഥിരം പരിപാടിയാണ്.

'ഇന്ന് എല്ലാ കുതിരകളും വേണം' സുനിൽ പറഞ്ഞു.

പയ്യന്മാരുടെ കണ്ണുകൾ വികസിച്ചു.

'ശരി സേട്ട്, എപ്പഴാ വേണ്ടത്?'

'ഇപ്പോൾത്തന്നെ പോണം.'

രണ്ടു പയ്യന്മാർ ഉടനെ കുതിരപ്പുറത്ത് ചാടിയിരുന്നു. അയാൾ പറഞ്ഞു.

'ഇറങ്ങ്. നടത്തിക്കൊണ്ടു പോയാൽ മതി. അല്ലെങ്കിലേ ചാവാളിക്കുതിരകളാണ്. ഇനി അവറ്റെ ഓടിച്ചു കൊണ്ടു പോയാൽ അവിടെയെത്തുമ്പോഴേയ്ക്ക് ക്ഷീണിച്ചു നാശമാവും.'

ബാസു ദത്ത് ഉറക്കെ വിളിച്ചു ചോദിച്ചു.

'സുനിൽ ഇന്നു ഷൂട്ടിങ്ങുണ്ടോ?'

'ഉണ്ട്' സുനിൽ കൈവീശിക്കാണിച്ചു.'

ബാസു ദത്ത് ഒരിക്കൽക്കൂടി കൈവീശി, തിരിഞ്ഞ് ഒരു പയ്യനെ തലകുത്തി മറിയാൻ സഹായിച്ചു.

'ഷൂട്ടിങ് എവിടെയാണ് സേട്ട്?' കുതിരക്കാർ ചോദിച്ചു.

'ടെൻത്ത് റോഡിൽ, ധീരേന്ദ്രയുടെ ബങ്ക്‌ളാവിനു മുമ്പിൽ.' അയാൾ നടന്നുകൊണ്ട് പറഞ്ഞു. 'പതുക്കെ നടത്തിക്കൊണ്ടു പോയാൽ മതി.' അയാൾ ഒരിക്കൽക്കൂടി താക്കീതു കൊടുത്തു.

അയാൾ കാർ സ്റ്റാർട്ടാക്കി കണ്ണാടിയിൽക്കൂടി നോക്കിയപ്പോൾ കുതിരകൾ ഒരു വരിയായി നടന്നു വരുന്നുണ്ട്. മെലിഞ്ഞുണങ്ങിയ കുതിരക്കാർ കടിഞ്ഞാണുമേന്തി അവരവരുടെ കുതിരകൾക്കൊപ്പം നടക്കുന്നു.

ടെൻത്ത് റോഡിൽ ധീരേന്ദ്രയുടെ ബങ്ക്‌ളാവിനു മുമ്പിൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. റിഫ്‌ളക്ടറുകളും ജനറേറ്റർ വാനും കാമറകളും എല്ലാം എത്തിയിരുന്നു. ഡയറക്ടറും കാമറാമാനും കൂടി പശ്ചാത്തലത്തെപ്പറ്റി ചർച്ചയാണ്. മഴവില്ലിന്റെ നിറമുള്ള വലിയ കുടയ്ക്കുതാഴെ ഇട്ടിരിക്കുന്നത് ഡയറക്ടർ ക്കുള്ള കസേലയാണ്. റോഡിന്റെ മറുവശത്ത് വേറൊരു കുടയ്ക്കു കീഴിൽ പുരാതനമായ തന്റെ ടേപ്പ് റെക്കോർഡറും മുമ്പിൽവച്ച് ഇരിക്കുന്നത് അരവിന്ദ് പൈ ആണ്. ഡയറക്ടർ വിനോദ് മുഖമുയർത്തി ചോദ്യപൂർവ്വം സുനിലിനെ നോക്കി. കുതിരകളെപ്പറ്റിയാണ്.

സുനിൽ തലയാട്ടി. അപ്പോൾത്തന്നെ ടെൻത്ത് റോഡിന്റെ തിരിവിൽ നിന്ന് കുതിരകളെ ഓരോന്നോ രോന്നായി നടത്തി കുതിരക്കാർ നടന്നു വരുന്നതു കണ്ടു. പന്നികൾ. സുനിൽ വിചാരിച്ചു. തന്റെ കാർ കാഴ്ചയിൽ നിന്നു മറഞ്ഞപ്പോൾ അവർ കുതിരപ്പുറത്തുകയറി ഓടിച്ചുവന്നതാണെന്നു വ്യക്തം. റോഡിന്റെ തിരിവിനു കുറച്ചുമുമ്പേ അവർ കുതിരപ്പുറത്തു നിന്നിറങ്ങി നല്ല കുട്ടികളായി വരികയാണ്.

വില്ലൻ ജയറാം ഭട്ട് കസേലയിലിരുന്ന് ബീയർ കുപ്പിയിൽനിന്ന് നേരിട്ട് കുടിക്കുകയാണ്. ചുറ്റും അയാളുടെ ഗാങ്ങും.

'എത്രാമത്തെ കുപ്പിയാണ് ജയറാം?' സുനിൽ അന്വേഷിച്ചു.

'നാലാമത്തെ.'

ഭട്ടിന്റെ മൂത്രാശയത്തിന്റെ വലുപ്പം എത്രയുണ്ടാകുമെന്ന് അയാൾ അദ്ഭുതപ്പെട്ടു. ഷൂട്ടിങ്ങിനിടയിൽ അയാൾ മൂത്രമൊഴിക്കുന്നത് കണ്ടിട്ടേയില്ല.

അവസാനം എത്തിയത് കുതിരകളാണെന്നു തോന്നുന്നു. കാരണം കുതിരകൾ എത്തിയപ്പോഴേയ്ക്കും രംഗം സജീവമായി. ഡയറക്ടർ ഓടിനടന്ന് കല്പിക്കുന്നു. കാമറാമാൻ, കാമറയ്ക്കു പിന്നിൽ ഒരു സ്റ്റൂളിന്മേൽ കയറിനിന്നു. ജനറേറ്റർവാൻ പ്രവർത്തിപ്പിച്ചു. റിഫ്‌ളക്ടേഴ്‌സുമായി ലൈറ്റ്‌ബോയ് തയ്യാറായി നിന്നു. അരവിന്ദ് പൈ ടേപ് റെക്കോർഡറിനു പിന്നിൽ പടിഞ്ഞിരുന്നു. വെള്ളക്കുതിര മുമ്പിലും മറ്റുള്ള കുതിരകൾ പിന്നിലുമായി നിർത്തി കുതിരക്കാർ കയറിയിരുന്നു. കാമറമാൻ പറഞ്ഞു. 'റൈറ്റ്.' കുതിരക്കാർ മുന്നോട്ടു കുതിച്ചു, കാമറയ്ക്കു മുമ്പിലെത്തി നിന്നു. കുതിരക്കാർ കുതിരപ്പുറത്തുനിന്നിറങ്ങാതെ കുതിരകളെ പിന്നോക്കം നയിച്ചു. ഡയറക്ടർ വീണ്ടും നിർദ്ദേശങ്ങൾ കൊടുത്തു. കാമറാമാൻ ഫ്രെയ്ം ശരിയാക്കി. കുതിരക്കാർ വീണ്ടും കുതിരയുമായി മുന്നോട്ടു കുതിക്കുമ്പോൾ അരവിന്ദ് പൈ റെക്കോർഡർ ഓണാക്കി. ഒരട്ടഹാസത്തോടെ തുടങ്ങുന്ന പാട്ട് മുഴങ്ങി. ഡയറക്ടർ സൈഡ് കാമറാമാന് നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു. അയാൾ അരവിന്ദ് പൈയ്ക്കു നേരെ കൈകാണിച്ച് പാട്ടു നിർത്താനാവശ്യപ്പെട്ടു. കുതിരകളുടെ നീക്കം ശ്രദ്ധിക്കുകയായിരുന്ന പൈ ഡയറക്ടർ ആവശ്യപ്പെട്ടത് കേട്ടില്ല. ഡയറക്ടർ അട്ടഹസിച്ചു.

'അരവിന്ദ്, സ്റ്റോപ്പ് യുവർ ലൗസി മ്യൂസിക്ക്.'

അരവിന്ദ് പൈ റെക്കോർഡർ നിർത്തി കൈകൊണ്ട് സ്പൂൾ പിന്നോക്കം തിരിച്ചു. കുതിരക്കാർ കുതിരകളെ വീണ്ടും തുടങ്ങിയ സ്ഥലത്തു കൊണ്ടുവന്നു നിർത്തി. ജയറാം ഭട്ട് വെള്ളക്കുതിരയുടെ മുകളിൽ കയറി തലയുയർത്തി ഇരുന്നു. അയാളുടെ ഗാങ്ങിലുള്ളവർ മറ്റു കുതിരകൾക്കു മേലെ ആസനസ്ഥരായി. ഒരാൾ ജയറാമിനു മുമ്പിൽ ക്ലാപ്പടിച്ചു പിൻമാറി. സംഗീതം തുടങ്ങിയിരുന്നു.

ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കേ ക്രമേണ സുനിലിന് സ്വയം അന്യത്വം അനുഭവപ്പെട്ടു. താൻ ഇതിന്റെയൊന്നും ഭാഗമല്ലെന്നും തന്റെ സാന്നിദ്ധ്യം ഒരു കണ്ണാടിമേൽ വന്നിരുന്ന ഈച്ചയെപ്പോലെ അനാവശ്യമാണെന്നും അയാൾക്കു തോന്നി. വെയിൽ നല്ലവണ്ണം മൂത്തിരുന്നു. അയാൾ സൂര്യനു താഴെ സ്വന്തം പ്രവർത്തികളിൽ മുഴുകിയിരിക്കുന്ന ആൾക്കാരെ നോക്കി. ശ്രദ്ധയോടെ റിഫ്‌ളക്ടേഴ്‌സ് പിടിക്കുന്ന ലൈറ്റ് ബോയ്‌സ്, കാമറയ്ക്കു പിന്നിൽ വിയർത്തു നിൽക്കുന്ന കാമറാമാൻ, ഡയറക്ടർ ആംഗ്യം കാണിക്കുമ്പോൾ ടേപ്പ് റെക്കോർഡറിന്റെ സ്പൂൾ കൈകൊണ്ട് തിരിക്കുന്ന അരവിന്ദ് പൈ, കുതിരപ്പുറത്ത് തോക്കുകൾ കൈയ്യിലേന്തി ജേതാക്കളെപ്പോലെ നിൽക്കുന്ന വില്ലനും ഗാങ്ങും, മഴവിൽനിറമുള്ള കുടയ്ക്കു കീഴിൽ കസേലയിലിരുന്ന് ആജ്ഞാപിക്കുന്ന ഡയറക്ടർ. ഷൂട്ടിങ് കാണാനെത്തിയവർ.....

അയാൾ കാറിൽ കയറി സ്റ്റാർട്ടാക്കി. ഏതാനും ദൂരം പോയപ്പോൾ വളവിനു മുമ്പ് ഒരു പെൺകുട്ടി തള്ളവിരൽ പൊക്കിക്കാണിച്ചു. അവൾ ജീൻസും ടീഷർട്ടുമാണ് ധരിച്ചിരുന്നത്. ഷർട്ടിനു മുമ്പിൽ മാറിൽ ഇരു വശത്തുമായി ശരമേറ്റ രണ്ടു ഹൃദയങ്ങൾ. അയാൾ കാർ നിർത്തിയില്ല, കാരണം അയാൾ പ്രൊഡ്യൂസറുടെ വീട്ടിലേയ്ക്കാണ് പോയിരുന്നത്. അതാകട്ടെ രണ്ടു നിരത്തുകൾക്കപ്പുറത്താണ്. അയാൾ കാർ നിർത്തുന്നില്ലെന്നു കണ്ടപ്പോൾ അവൾ രണ്ടു കൈകളും ഉയർത്തി അപേക്ഷാ സ്വരത്തിൽ വിളിച്ചുപറഞ്ഞു. 'പ്ലീസ്.......'

പെട്ടെന്നയാൾ ഓർത്തു. ഒരുപക്ഷേ ഹിച്ച് ഹൈക്കിങ്ങായിരിക്കില്ല അവളുടെ ആവശ്യം. ഹിച്ച് ഹൈക്കിങ്ങ് ആവശ്യപ്പെടുന്ന പെൺകുട്ടികളുടെ മുഖത്തെ ഗർവ്വും, ഞാൻ നിങ്ങൾക്ക് ഒരു ഔദാര്യം ചെയ്തു തരികയാണെന്ന ഭാവവും അവളുടെ മുഖത്തുണ്ടായിരുന്നില്ല. അവിടെ അപേക്ഷയായിരുന്നു. അതിൽ തിടുക്കമുണ്ടായിരുന്നു. അയാൾ ബ്രേയ്ക്കിട്ടു, കാർ റിവേഴ്‌സെടുത്ത് അവൾ നില്ക്കുന്നിടത്തേയ്ക്കു വന്നു. കാർ നിർത്തിയതു കണ്ട് ഓടിവരാൻ അവളും തയ്യാറായിരുന്നു. അയാൾ വാതിൽ തുറക്കാതെ പറഞ്ഞു.

'ഞാൻ അധികദൂരമൊന്നും പോകുന്നില്ല.'

'പോകുന്നത്ര കൊണ്ടുപൊയ്ക്കൂടെ.' അവൾ ശ്വാസം വിടാതെ ചോദിച്ചു.

അയാൾ ഒന്നും പറയാതെ കാറിന്റെ വാതിൽ തുറന്നുകൊടുത്തു. അവൾ കയറിയിരുന്ന് വാതിലടച്ചു. സ്റ്റാർട്ടാക്കുമ്പോൾ അയാൾ ചോദിച്ചു.

'നീയെന്തു പെർഫ്യൂമാണ് ഉപയോഗിക്കുന്നത്? നിന്നെ തിന്നാൻ സ്വാദുള്ള ചോക്കളേറ്റു മാതിരി വാസനിക്കുന്നു.'

അവൾ പറഞ്ഞു. 'മദാം റോഷാ.'

അയാൾ വലത്തോട്ട് കാർ തിരിച്ചു. അവൾ പറഞ്ഞു.

'എന്റെ പേർ അപർണ്ണ എന്നാണ്. ഞാൻ സുനിൽസാബിനെ കഴിഞ്ഞ ഒരാഴ്ചയായി ഫോൺ ചെയ്യാൻ ശ്രമിക്കുന്നു.'

അപർണ്ണ!

അയാൾ പെട്ടെന്ന് ടെലിഫോണിനടുത്തുള്ള മെസ്സേജ് ബുക്കിൽ ഈ പേർ ദിവസവും ഹസിം എഴുതിവച്ചിരുന്നത് ഓർത്തു. പെട്ടെന്നയാളുടെ ആറാം ഇന്ദ്രിയം ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. താൻ ഒരു ഫിലിം സ്റ്റാറാണെന്നും തനിക്ക് ഈ അടുത്തിരിക്കുന്ന പെൺകുട്ടിയിൽ മതിപ്പുണ്ടാക്കണം എന്നും അയാൾ ഓർത്തു. അയാൾ സ്റ്റീരിയോ ഓണാക്കി.

'രാവിലെ നിതിൻ ടെലിഫോൺ ചെയ്തിരുന്നു, കാണണം എന്നു പറഞ്ഞു. ഇപ്പോൾ ഞാനങ്ങോട്ടു പോവുകയാണ്.' സുനിൽ പറഞ്ഞു.

'ആരാണ് നിതിൻ?' അവൾ ചോദിച്ചു.

അയാൾ തിരിഞ്ഞ് അവളെ അദ്ഭുതത്തോടെ നോക്കി.

'പ്രൊഡ്യൂസർ നിതിൻ ചൈനാനി.'

'ഓ! അയാളുടെ ഫസ്റ്റ്‌നെയിം നിതിൻ എന്നാണെന്ന് എനിക്കറിയില്ല.' അപർണ്ണയുടെ കണ്ണുകളിൽ അദ്ഭുതം. 'അവിടേയ്ക്കാണോ പോണത്?'

അപർണ്ണയിൽ മതിപ്പുണ്ടാക്കാൻ പറ്റിയെന്ന് ബോധ്യമായപ്പോൾ അയാൾ പറഞ്ഞു.

'നീ എന്തിനാണ് എന്നെ ഫോൺ ചെയ്തിരുന്നത്? വിരോധമില്ലെങ്കിൽ നമുക്ക് സൺ ഏന്റ് സാന്റിൽ പോയിരുന്ന് സംസാരിക്കാം.' അയാൾ ചിരിച്ചു. 'ഓവറെ കപ്പോഫ് കോഫി. അയാം സ്റ്റാർവിങ്.'

'ഐ ഡോണ്ട് മൈന്റ്.'

അയാൾ എയ്ത്ത് റോഡിലേയ്ക്കു തിരിയുന്നതിനു പകരം നേരിട്ട് പോയി വലത്തോട്ട് തിരിഞ്ഞു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് സൺ ഏന്റ് സാന്റിലേയ്ക്കു കുതിച്ചു.

അവർ ഫോയറിലൂടെ നടന്നു നീങ്ങുമ്പോൾ റിസപ്ഷനിലുള്ള പെൺകുട്ടി സുനിലിനെ നോക്കി കണ്ണിറുക്കി.

'ഹായ്.'

'ഹായ്' സുനിൽ കൈയ്യുയർത്തി. അവർ നടന്ന് പുറത്തേയ്ക്കുള്ള വാതിൽ കടന്ന് സ്വിമ്മിങ്പൂളിന്നടുത്തെത്തി. പൂളിനടുത്ത് തണലിൽ മേശക്കിരുവശവുമായി അവർ ഇരുന്നു. നല്ല കാറ്റുണ്ടായിരുന്നു. വേലിയേറ്റം തുടങ്ങിയെന്നർത്ഥം. ഇനി ഒരു മണിക്കൂറിന്നുള്ളിൽ കടൽ കുറേക്കൂടി അടുത്തെത്തും.

അപർണ്ണ സുനിലിനെ പഠിക്കുകയായിരുന്നു. അവൾ പറഞ്ഞു.

'യു ലുക് ലൈക് ക്ലാർക് ഗേബ്ൾ.'

അയാൾ ചിരിച്ചു. 'അതെന്റെ മീശ കാരണമാണ്.'

അവൾ അയാളുടെ വീതിയുള്ള മീശ ശ്രദ്ധിച്ചു. ശരിയാണ്. മുകളിലത്തെ രണ്ടു ബട്ടണുകളിടാത്ത ഷർട്ടിലൂടെ കാണുന്ന വിരിഞ്ഞ മാറിൽ നിറയെ ഇടതൂർന്ന രോമങ്ങൾ. കരുത്തുറ്റ കൈകൾ. പൗരുഷം അയാളുടെ ഓരോ അണുവിലും പ്രസരിച്ചു നിന്നു.

തനിക്കു തന്ന പ്രശംസയ്ക്കു പകരം എന്തെങ്കിലും കൊടുക്കുന്നതിനെപ്പറ്റി അയാൾ ആലോചിക്കുകയായിരുന്നു.

അവളുടെ ചുണ്ടുകൾ നേരിയതാണ്. ഭംഗിയുള്ള നീണ്ട മൂക്ക്. തലമുടി നാലു ഭാഗത്തുനിന്നും മുകളിലേയ്ക്കു കയറ്റി നെറുകയിൽ കെട്ടിവച്ച കാരണം വെളുത്ത നിറമുള്ള നീണ്ട കഴുത്ത് മുഴുവൻ കാണാനുണ്ട്. കഴുത്തിനു പിന്നിലുള്ള നേരിയ ചെമ്പിച്ച രോമങ്ങൾ കാറ്റിലിളകുന്നു. അമ്പേറ്റ ഹൃദയങ്ങൾക്കു പിന്നിൽ ടീഷർട്ടിന്നടിയിലെ അസാധാരണമായ മുഴുമുഴുപ്പ് ദർശിച്ചു കൊണ്ട് അയാൾ പറഞ്ഞു.

'യുവാർ വെരി പ്രെറ്റി.'

'താങ്ക്‌യു.'

ദിസിസ് ദ ടൈപ്പോഫ് ഗേൾ വൺ വുഡ് ലവ് ടു ഹാവ് ഇൻ ഹിസ് ബെഡ്‌റൂം അറ്റ്‌ലീസ്റ്റ് ഫോറെ നൈറ്റ്, ബട്ട് കനോട്ട് അഫോർഡ് ടു.

സുനിൽ ആലോചിക്കുകയായിരുന്നു, പലവിധ സാധ്യതകളെപ്പറ്റി. നിതിൻ ചൈനാനി കാണാൻ പറഞ്ഞത് എന്തിനാണെന്ന് അയാൾക്കറിയാം. കുതിരകൾ തന്നെ. പെൺകുതിരകൾ. ചൈനാനി അയാളുടെ സ്വതസിദ്ധമായ നയവൈദഗ്ദ്യത്തോടെ പറഞ്ഞിരുന്നു.

'സുനിൽ ഞാനൊരു പുതിയ നായികയെ അന്വേഷിക്കുകയാണ്. എന്റെ പുതിയ മൾട്ടിമില്ല്യൻ പ്രൊഡക്ഷനു വേണ്ടി. വല്ല പുതിയ പെൺകുട്ടികളെയും അറിയുമെങ്കിൽ കൊണ്ടുവരൂ. ഫ്രെഷായാലും കുഴപ്പമില്ല. വിനോദ് വേണ്ടത്ര പരിശീലനം കൊടുത്തുകൊള്ളും.'

അതിനർത്ഥം പ്രൊഡ്യൂസര്‍ ഇപ്പോൾ കൊണ്ടുനടക്കുന്ന, സോഫിയാ ലോറനെപ്പോലെ വലിയ മുലകളുള്ള പെണ്ണിനെ ഉപേക്ഷിക്കുകയാണെന്നാണ്. ഒന്നുകിൽ അയാൾക്ക് അവളെ മടുത്തിട്ടുണ്ടാവും, അല്ലെങ്കിൽ മറിച്ചുമാവാം. എന്തായാലും മുമ്പിൽ ഇപ്പോൾ കടൽക്കാറ്റിൽ കഴുത്തിനു പിന്നിലെ നനുത്ത രോമരാജികൾ പറപ്പിച്ചുകൊണ്ട് ഇരിക്കുന്ന ഉയരമുള്ള പെൺകുട്ടി ഒരു സ്വർണ്ണ ഖനിതന്നെയാണെന്ന് അയാൾ മനസ്സിലാക്കി.

'ഗുഡ് മോർണിങ് മി. മൽഹോത്ര.'

സ്റ്റുവാർഡ് വന്ന് തലകുനിച്ച് മെനു കാർഡ് രണ്ടുപേരുടെയും മുമ്പിൽ വച്ചു.

'ഗുഡ് മോർണിങ്.' തിരിഞ്ഞു പോകാൻ നിന്ന സ്റ്റുവാർഡിനെ അയാൾ വിളിച്ചു.

'ഇപ്പോൾത്തന്നെ പറയാം.' തിരിഞ്ഞ് അവളോട് ചോദിച്ചു. 'വാട്ട് വിൽ യു ഹാവ്?'

'കോഫി.'

'കോഫി.' അയാൾ പറഞ്ഞു. 'എനിക്കു കുറച്ച് എഗ്ഗ് സാന്റ്‌വിച്ച് കൊണ്ടുവരൂ. അപർണ്ണ ഒന്നും കഴിക്കുന്നില്ലെന്ന് തീർച്ച?'

അവൾ ചുമൽ കുലുക്കി. എന്തിനാണ് തന്നെ ഫോൺ ചെയ്തിരുന്നതെന്ന് സുനിൽ ചോദിച്ചില്ല. അയാൾക്കറിയാവുന്ന കാര്യമാണത്. ഫോൺ ചെയ്യുന്ന എല്ലാ പെൺകുട്ടികൾക്കും ഒന്നുതന്നെയാണാവശ്യം. അയാൾ സ്വിമ്മിങ്ങ് പൂളിൽ നീന്തുന്ന ഒരു യൂറോപ്യൻ സ്ത്രീയെ ശ്രദ്ധിച്ചു. വെള്ള ത്തിനടിയിൽ നീല പശ്ചാത്തലത്തിൽ അവരുടെ നിറം ഉദിച്ചുകണ്ടു. അവർ മലർന്നു കിടന്ന് നീന്തുകയാണ്. അയാൾ മുമ്പിലിരിക്കുന്ന പെൺകുട്ടിയെ ഒരു ബിക്‌നിയിൽ സങ്കല്പിച്ചു. അവളുടെ അവയവങ്ങൾക്ക് നല്ല ആകൃതിയുണ്ട്. അവൾ തീർച്ചയായും ഈ മദാമ്മയേക്കാൾ ഭംഗിയുമുണ്ട്. നിറവും ആ സ്ത്രീയുടെ ശുഭ്രനിറത്തേക്കൾ ആകർഷണീയമാണ്. ഇവൾ സിനിമയിൽ ഒരു വൻവിജയമായിരിക്കുമെന്ന് അയാൾക്കു തോന്നി. സുനിൽ ചോദിച്ചു.

'എന്റെ നമ്പർ എങ്ങിനെയാണ് കിട്ടിയത്?'

അവൾ ചിരിച്ചു. 'ഞാൻ കുറച്ചു റിസേർച്ച് നടത്തി. ഒന്നു രണ്ട് ഫിലിം മാഗസിനുകളുടെ ഓഫീസുകൾ കയറിയിറങ്ങി.'

വലിയ സിനിമാതാരങ്ങളെ അനുകരിച്ച് സുനിൽ മൽഹോത്രയും അയാളുടെ പേർ ടെലിഫോൺ ഡയറക്ടറിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

'സുനിൽസാബിന് ചൈനാനിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് കേട്ടത് ശരിയാണോ?'

'കാൾ മി സുനിൽ.... നീ എന്താണ് ഉദ്ദേശിക്കുന്നത്?'

'അല്ലാ, ഞാനുദ്ദേശിക്കുന്നത്.....'

അവൾ വാക്കുകൾ കിട്ടാതെ വിഷമിക്കുമ്പോൾ സുനിൽ അവളെ സഹായിച്ചു.

'നിന്നെ പരിചയപ്പെടുത്തി, അദ്ദേഹത്തിന്റെ ഫിലിമിൽ ഒരവസരം മേടിച്ചുതരാൻ മാത്രം പരിചയമുണ്ടെന്നോ?'

അവൾ ഒന്നും പറഞ്ഞില്ല. അയാൾ സാന്റ്‌വിച്ച് രണ്ടു കൈകൊണ്ടും പിടിച്ച് കടിച്ചു തിന്നു.

'ഷാലൈ മേക് കോഫി ഫോർ യു?' അവൾ ചോദിച്ചു.

'പ്ലീസ്....'

അപർണ്ണ രണ്ടു കപ്പുകളിൽ കാപ്പി കൂട്ടുന്നതയാൾ നോക്കി.

'പഞ്ചസാര ഒരു ക്യൂബുകൂടി ഇടട്ടെ?'

'യെസ് പ്ലീസ്.'

'ചൈനാനിയുടെ യൂനിറ്റ് ഷൂട്ടിങ്ങിനു വന്നപ്പോൾ മുതൽ ഞാൻ കാത്തുനിൽക്കുകയായിരുന്നു. നിങ്ങളവിടെ വരുമെന്ന് ഞാനൂഹിച്ചു. അങ്ങിനെയാണ് ഇന്നു കാണാൻ പറ്റിയത്.'

അവളുടെ മുഖത്ത് ധീരസാഹസികതയുണ്ടായിരുന്നു.

'ഞാൻ ചൈനാനിയെ പരിചയപ്പെടുത്തിത്തരാം. നാളെ വീട്ടിലേയ്ക്കു വരൂ. ഇപ്പോൾ അയാളെ കാണാൻ വേണ്ടിത്തന്നെയാണ് ഞാൻ പോകുന്നത്. നിന്റെ കാര്യം ഞാൻ സൂചിപ്പിക്കാം. നാളെ എനിക്ക് ഫോൺ ചെയ്ത ശേഷം വരൂ. എന്റെ അഡ്രസ്സ് അറിയില്ലേ?'

'ങാ, അറിയാം. താങ്ക്‌യു വെരിമച്ച്.'

പൂളിന്നരികിൽ നിവർത്തിയിട്ട കൗച്ചുകളിൽ കിടന്ന് സൺബാത്തെടുക്കുന്ന മദാമ്മമാർക്ക് സൺടാനുപകരം സൺബേൺ ആണ് കിട്ടുക എന്നയാൾ ഓർത്തു. വെറും കരിവാളിപ്പു മാത്രം.

'അപർണ്ണ എവിടെയാണ് താമസിക്കുന്നത്?'

'സാന്താക്രൂസിൽ.'

'ഞാൻ ഡ്രോപ്പു ചെയ്യാം.'

'വേണ്ട, നന്ദി; ഞാൻ ടാക്‌സി പിടിച്ചു പൊയ്‌ക്കോളാം.'

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 21

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം 1. ഹരിതം ബുക്സ് ബുക്സ്, കോഴിക്കോട് (2003)
    വാല്യം. 2. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2013)