ഇ ഹരികുമാര്‍
മുമ്പിൽ ചിതറിക്കിടക്കുന്ന ഫോട്ടോകൾ ഒരിക്കൽക്കൂടി സുനന്ദ നോക്കി. പുതിയ പെൺകുട്ടിയുടെ ശരീരം വടിവൊത്തതായിരുന്നു. ബിക്‌നിയിലുള്ള ചിത്രങ്ങൾ അത് വിളിച്ചുപറഞ്ഞു. തന്റെ ദേഹത്തേക്കാൾ മെച്ചപ്പെട്ടതാണ് ആ ഇളം ശരീരമെന്ന് അവൾ കണ്ടു. തന്റെ മാറിടം കുറേക്കൂടി കനത്തതാണ്. പക്ഷേ ദേഹത്തെ മറ്റു ഭാഗങ്ങളും അനുപാതം തെറ്റി വലുതായിരിക്കുന്നു. യോഗാസനങ്ങൾക്കും മറ്റ് കസർത്തുകൾക്കും ആ വളർച്ചയെ ചെറുത്തുനിൽക്കാൻ ആവുന്നില്ല. പെൺകുട്ടിയുടെ മുഖവും ഷെറൂബിക് എന്നു പറയുന്നതരത്തിൽ നിഷ്‌കളങ്കമാണ്. ഒരു നായികയ്ക്ക് അത്യാവശ്യം വേണ്ട ഗുണം.
ചൈനാനി തനിക്ക് ഒരു ഭീഷണി കാണിച്ചുതരികയാണോ? തന്റെ വില കുറയ്ക്കാൻ വേണ്ടി? തന്നെ സാവധാനത്തിൽ തമസ്‌കരിക്കുമെന്ന് തന്റേതായ രീതിയിൽ ചൈനാനി അറിയിക്കുകയാണോ?
ചൈനാനി തന്റെ പിന്നിൽ വന്നു നിന്നത് അവൾ അറിഞ്ഞില്ല. അതുകൊണ്ട് അയാൾ ചുമലിൽ കൈവച്ചപ്പോൾ അവൾ ഞെട്ടി.
'നീ എന്താണ് ഞെട്ടിയത്?' ചൈനാനി ചോദിച്ചു. അവൾ ഒന്നും പറയാതെ ചുമൽ കുലുക്കുക മാത്രം ചെയ്തു. അവളുടെ ഗ്ലാസ്സ് ഒഴിഞ്ഞിരുന്നു.
'ഞാൻ കുറച്ചു സ്‌കോച്ച് എടുക്കട്ടെ?'
അവൾ തലയാട്ടി. തനിക്കത് ആവശ്യമാണ്. ഇപ്പോൾ പ്രത്യേകിച്ചും. ജിൻ അവൾക്ക് ഒരു അയവും കൊടുത്തില്ല. വിസ്‌കി എടുക്കട്ടെ എന്ന ചോദ്യത്തിനു പിന്നിലെ ഉദ്ദേശ്യം അവൾക്ക് വ്യക്തമായിരുന്നു. എപ്പോഴും അങ്ങിനെയാണ്. സുനന്ദയുടെ ദൗർബ്ബല്യം ചൈനാനിക്കറിയാം. തന്റെ ഇഷ്ടപ്രകാരം അവളെ കിട്ടണമെങ്കിൽ രണ്ടു പെഗ്ഗ് വിസ്‌കി കൊടുക്കുകയാണ് നല്ലതെന്ന് അയാൾ മനസ്സിലാക്കിയിരുന്നു. വിസ്‌കി കഴിക്കാനുള്ള അവളുടെ കഴിവ് അയാളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. മയക്കത്തിനോടടുത്ത ഒരു ലഹരി സുനന്ദയെ സുനന്ദയല്ലാതാക്കുന്നു. പിന്നെ ചൈനാനി എന്ന ബോസ്സ് ഇല്ല, പകരം തനിക്കൊപ്പം നിൽക്കുന്ന ഒരു പങ്കാളി മാത്രം. അയാളുടെ ഇഷ്ടാനിഷ്ടങ്ങൾ മാത്രം ശ്രദ്ധിച്ച് കിടക്ക പങ്കിടുന്ന ചെറുപ്പക്കാരി.
ഒഴിഞ്ഞ ഗ്ലാസ്സുകളെടുത്ത് ചൈനാനി ബാറിലേയ്ക്കു നടന്നു. ഗ്ലാസ്സുകൾ മാറ്റിവച്ച് ഷെൽഫിൽ നിന്ന് പുതിയവ എടുത്തു. റാക്കിൽനിന്ന് ഹെയ്ഗിന്റെ പുതിയ കുപ്പി തുറന്ന് രണ്ടു ഗ്ലാസ്സുകളിൽ ഒഴിച്ചു. ഫ്രിജ്ജിൽ നിന്ന് ഐസ്‌ക്യൂബുകൾ എടുത്തിട്ടു.
'സോഡ?'
'യെസ് പ്ലീസ്, ഫിൽ ദ ഗ്ലാസ്സ്.'
ഓൺ ദ റോക്ക് തട്ടി കുടൽ കരിക്കാൻ സുനന്ദയെ കിട്ടില്ല. ധാരാളം സോഡ ചേർത്ത് അല്ലെങ്കിൽ വെള്ളം ചേർത്തു മാത്രം. അതും വളരെ സാവധാനത്തിൽ, ഓരോ ഇറക്കിലും ലഹരിയുടെ ആരോഹണസ്പന്ദനങ്ങൾ അനുഭവിച്ചറിഞ്ഞ്. ചൈനാനി അങ്ങിനെയല്ല. സോഡയില്ല, വെറും ഐസ്‌ക്യൂബുകൾ മാത്രം. അവ സാവധാനത്തിൽ അലിഞ്ഞുണ്ടാകുന്ന ദ്രവീകരണം മാത്രം. അതിനപ്പുറത്തൊരു മായം ചേർക്കൽ അദ്ദേഹത്തിന് ഇഷ്ടമല്ല.
'ചീയേഴ്‌സ്.'
'ചീയേഴ്‌സ്.'
അവർ ഗ്ലാസ്സുമെടുത്ത് ചൈനാനിയുടെ വിശ്രമമുറിയിലേയ്ക്കു കടന്നു. വിശ്രമമുറിയിലേയ്ക്കുള്ള വാതിൽ തിരിച്ചറിയാൻ പറ്റാത്ത വിധമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിരവധി കമാനങ്ങളിലൊന്ന് വാതിലാണ്. വാതിൽ തുറന്നടച്ചാൽ അതു വീണ്ടും ഒരു കമാനം മാത്രമാകുന്നു. ചൈനാനി ഇരിക്കുന്ന മുറിയുടെ വാതിലിനു പുറത്ത് ചുവപ്പു വെളിച്ചം കത്തിനിൽക്കുന്നിടത്തോളം ആർക്കും പ്രവേശിക്കാൻ പറ്റില്ല. ഇതെല്ലാം സുനന്ദയ്ക്കറിയാം. അതുകൊണ്ട് അവൾക്ക് യാതൊരു വിധത്തിലുള്ള ആശങ്കയുമില്ല, പ്രത്യേകിച്ച് അകത്തെ വിശ്രമമുറിയിലേയ്ക്കു കടന്നാൽ. പക്ഷേ അവളുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. വിശാലമായ മുറിയിൽ ഒരു ചെറിയ സ്വർഗ്ഗം സൃഷ്ടിച്ചിരിക്കയാണ് ചൈനാനി. കഷ്മീരിൽ നിന്നു വരുത്തിയ പരവതാനി നഗ്നമായ കാൽപാദങ്ങളെ ഒരു പോമറേനിയന്റെ കൊച്ചുനാവുപോലെ നക്കുന്നു. വിലപിടിച്ച പെർഫ്യൂമിന്റെ വാസന അന്തരീക്ഷത്തിൽ. നടുവിലിട്ട കട്ടിലിൽ പതുപതുത്ത കിടക്ക. ചുവരിൽ ഒരുവശത്ത് മുഴുവൻ നിലംതൊടുന്ന കർട്ടൻ. മറ്റു ചുവരുകളിൽ വലിയ കാൻവാസ്സുകളിൽ ഒറിജിനൽ പെയ്ന്റിങ്ങുകൾ. മറ്റേ മുറിയിലുണ്ടായിരുന്ന സംഗീതം ഈ മുറിയിലുമുണ്ടായിരുന്നു. കുറച്ചുനേരമായി അവൾ അതു ശ്രദ്ധിച്ചിരുന്നില്ല.
അവൾ ഒരൊറ്റ വായയ്ക്ക് പകുതി ഗ്ലാസ്സും കുടിച്ചു തീർത്തു.
ചൈനാനി അവളെ അദ്ഭുതത്തോടെ നോക്കുകയായിരുന്നു. 'ഇന്ന് നിനക്കെന്തു പറ്റീ?'
അവൾക്ക് ഉറക്കെ കരയണമെന്നു തോന്നി. ഒരുപക്ഷേ താൻ കരുതുന്നപോലെ ഒന്നുമായിരിക്കില്ല കാര്യങ്ങൾ. ചൈനാനിയ്ക്ക് തന്നെ ഒഴിവാക്കാനുള്ള ഉദ്ദേശ്യമൊന്നുമുണ്ടാവില്ല. പക്ഷേ അവൾക്ക് ഒരുറപ്പ് വേണം. അതാകട്ടെ ചൈനാനിയിൽനിന്ന് വരുന്നുമില്ല. ചൈനാനി അങ്ങിനെയാണ് പെട്ടെന്നൊന്നും ഉരുകുകയില്ല. അയാൾ അവളുടെ അരക്കെട്ടിലൂടെ പിടിച്ച് അടുപ്പിച്ചു. 'ഇന്ന് നിനക്ക് എന്തോ പറ്റിയിട്ടുണ്ട്.'
അവൾ വീണ്ടും കുടിക്കുകയാണ്. ഗ്ലാസ്സ് തീരാറായി. അവൾ ഒരു വലിക്ക് ഗ്ലാസ്സ് കാലിയാക്കി ഒരു ടീപോയിമേൽ വച്ച് ചൈനാനിയുടെ തോളിലൂടെ രണ്ടു കൈയ്യുമിട്ടു. താൻ ചെയ്യുന്നതിന്റെ അർത്ഥശൂന്യത ഒരു നിമിഷം അവളെ ഗ്രസിച്ചു. തന്റെ ഏതെങ്കിലും ഒരു സിനിമയിലെ രംഗമാണതെന്നവൾ കരുതി. ഡയറക്ടർ കട്ട് പറയുന്ന നിമിഷം അവൾ കാത്തിരുന്നു. ഫ്‌ളഡ് ലൈറ്റുകളില്ല, കാമറയില്ല, പിന്നിൽ കട്ട് പറയാൻ ഡയറക്ടറുമില്ല. അവൾ ഒറ്റയ്ക്ക്. ചുറ്റും തണുത്തുറയുന്ന ഏകാന്തത മാത്രം.
ചൈനാനി അവളെ കിടയ്ക്കയിലേയ്ക്കു നയിച്ചു.