|| Novel

അയനങ്ങള്‍

ഇ ഹരികുമാര്‍

- 4 -

സുനിൽ അപർണ്ണയെ വീണ്ടും വിണ്ടും അദ്ഭുതപ്പെടുത്തി. ചൈനാനിയുടെ സ്റ്റുഡിയോവിൽ സ്‌ക്രീൻടെസ്റ്റിനു പോയപ്പോൾ സുനിൽ വളരെ ഉപകരിച്ചു. സ്റ്റുഡിയോവിൽ എല്ലാവരേയും സുനിലിന് പരിചയമാണ്. അതും പ്രതീക്ഷിച്ചതാണ്. എല്ലാവരുടെയും തോളിൽ കൈയ്യിട്ടു സംസാരിക്കുന്നു. സ്റ്റിൽ ഫോട്ടോഗ്രാഫർ ദേവ് സ്റ്റുഡിയോവിൽ എത്തിയപ്പോൾ അയാൾ പരിചയപ്പെടുത്തി.

'ഇതാണ് അപർണ്ണ. ചൈനാനി പുതുതായി എടുത്ത കുട്ടിയാണ്. ഒരുപക്ഷേ അടുത്ത ചിത്രത്തിലെ നായികയാവാനും മതി. നല്ല ഒരു ടെസ്റ്റെടുക്കു.'

അയാൾ കണ്ണിറുക്കിക്കാട്ടി. അതിൽ ദുരുദ്ദേശ്യമൊന്നുമില്ല. വെറും സൗഹാർദ്ദം മാത്രം. അവളെ സഹായിക്കാനുള്ള ഉത്സാഹവും. അത് അപർണ്ണക്കു മനസ്സിലായി.

'ഇത് ദേവേന്ദ്ര ഭട്ടചാര്യ. ചൈനാനിയുടെ ഫേവറിറ്റ് ബോയ്. ഒരു പക്ഷേ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കാമറാമാൻ. പാരീസിൽ ഒരു ഇന്റർനാഷനൽ അവാർഡെല്ലാം കിട്ടിയിട്ടുണ്ട്.'

'വരൂ.' ദേവ് അവളെ സ്റ്റുഡിയോവിലേയ്ക്കു നയിച്ചു. അയാളുടെ പെരുമാറ്റം വളരെ പതമുള്ളതായിരുന്നു. സ്‌നേഹവും മാന്യതയുമുള്ളതായിരുന്നു. അധികം ഉയരമില്ലാതെ മെലിഞ്ഞ ഒരു മനുഷ്യനായിരുന്നു ദേവ്. ഒരു ഫ്രെഞ്ച്താടി അയാളുടെ മുഖത്തിനു നീളംകൂട്ടി.

'എത്ര സമയം എടുക്കും?'

'ഏകദേശം ഒരു മണിക്കൂർ.' ദേവ് പറഞ്ഞു.

'ഞാനൊന്ന് ചുറ്റി വരാം. കുറച്ച് അത്യാവശ്യകാര്യങ്ങൾ. അപർണ്ണാ, ഐ വിൽ പിക്‌യു അപ് അറ്റ് ട്വൽവ്വ്.'

'ഓകെ, താങ്ക്‌സ്.' അവൾ തലയാട്ടി.

സുനിൽ വാതിൽ കടന്ന് പോയി. അവളോട് വിവിധ പോസുകളിൽ നിൽക്കാൻ പറഞ്ഞശേഷം ദേവ് കാമറയ്ക്കു പിന്നിൽ പോയി. വിളക്കുകൾ തെളിഞ്ഞു. കാമറയുടെ ക്ലിക് ശബ്ദം ഫ്‌ളാഷുകൾ. ദേവ് ഇടയ്ക്കു വന്ന് അവളുടെ പോസുകളിൽ മാറ്റം വരുത്തി. വളരെ വികലമെന്ന് തോന്നുന്ന പോസുകൾ. അയാളുടെ പെരുമാറ്റം വളരെ മാന്യമായിരുന്നു. അനാവശ്യമായി ഒരു സ്പർശം പോലുമുണ്ടായില്ല. അത്യാവശ്യം പോസുകൾ മാറ്റുമ്പോൾ അയാൾ അവളുടെ കൈകളിൽ വളരെ മൃദുവായി തൊടുക മാത്രം ചെയ്തു. അയാളുടെ കണ്ണുകൾ അവളെ ഒരു കലാവസ്തുവെപ്പോലെ ആരാധനാഭാവത്തോടെ നോക്കി.

ഒരുപക്ഷേ താൻ സിനിമാലോകത്തെപ്പറ്റി കേട്ടതെല്ലാം തെറ്റായിരിക്കാം. അപർണ്ണ വിചാരിച്ചു. ഇതുവരെ പരിചയപ്പെട്ടവരെല്ലാം വളരെ മര്യാദക്കാർതന്നെ. സുനിൽ, ചൈനാനി, ദേവ്. ആരും അവളെ മര്യാദയില്ലാതെ നോക്കുകപോലും ചെയ്തിട്ടില്ല. ഒരുപക്ഷേ തനിക്ക് മര്യാദയോടും മാനത്തോടും കൂടി സിനിമാലോകത്തിൽ കടന്നുകൂടാനും ജോലിയെടുക്കാനും കഴിഞ്ഞേക്കും.

പെട്ടെന്ന് ദേവ് കാമറ നിർത്തി. മേശമേലുള്ള സ്വിച്ചുകളമർത്തി ഫ്‌ളഡ് ലൈറ്റുകൾ കെടുത്തി. മുറി ചൂടായിരുന്നു.

'ഇനി നമുക്ക് ബിക്‌നിയിൽ കുറച്ചു ഫോട്ടോകൾ എടുക്കണം.' ദേവ് പറഞ്ഞു അയാൾ മേശവലിപ്പിൽനിന്ന് ഒരു പ്ലാസ്റ്റിക് സഞ്ചിയെടുത്ത് അവൾക്കു കൊടുത്തു. വലത്തു വശത്തുള്ള ചുമരിലെ വാതിലിലേയ്ക്കു ചൂണ്ടിക്കാട്ടി പറഞ്ഞു. 'അത് ഡ്രസ്സിങ്‌റൂമാണ്. വിഷമമാവില്ലെങ്കിൽ ഈ ബിക്‌നിയിലേയ്ക്ക് മാറി വരൂ.'

അപർണ്ണ സഞ്ചി തുറന്നു നോക്കി. അതിലൊരു പുതിയ ടൂപീസ് ബിക്‌നിയുണ്ടായിരുന്നു. അവൾ മടിക്കാതെ ഡ്രെസ്സിങ്‌റൂമിലേയ്ക്കു നടന്നു.

ഡ്രസ്സിങ് റൂമിന്റെ വലുപ്പം അവളെ അദ്ഭുതപ്പെടുത്തി. പത്തടിയോളം നീളവും അത്രതന്നെ വീതിയുമുണ്ടാവും. നിലത്ത് പരവതാനി. അതിലെ ചിത്രം സ്റ്റുഡിയോവിലെ പരവതാനിയിൽ നിന്ന് വ്യത്യസ്ഥമാണ്. നിലം തൊട്ട് മുകളിൽ ഫാൾസ്‌സീലിങ് വരെ വിലപിടിച്ച കണ്ണാടി. കറുത്ത ഗ്ലാസ്സുകളാണ്. ഫാൾസ് സീലിങ്ങിൽനിന്നു വരുന്ന വെളിച്ചം മുറിയെ അതി ദീപ്തമാക്കിയിരുന്നു. ചൈനാനി ചെയ്യുന്നതിലെല്ലാം ഒരു ക്ലാസ്സുണ്ടെന്ന് അവൾക്കു സമ്മതിക്കേണ്ടി വന്നു.

അവൾ ടോപ്പിന്റെ ഹുക്കുകളഴിക്കാൻ തുടങ്ങി. കണ്ണാടിയിൽ അവളുടെ രൂപം നേരെയും എതിരായും നിരന്നുകിടക്കുന്നു. ഒരു വലിയ അമ്പലത്തിലെ ശ്രീകോവിലിലേയ്ക്കുള്ള നടപോലെ അത് അനന്തമായി നീണ്ടു കിടക്കുകയാണ്. അവൾ വസ്ത്രങ്ങൾ ഓരോന്നോരോന്നായി അഴിച്ചു മാറ്റി. ഒരു കർമ്മം അനുഷ്ഠിക്കുന്നപോലെ, സാവധാനത്തിൽ, അഴിച്ചു കളയുന്ന മേനിഭാഗത്തെ നഗ്നത സ്വയം ആസ്വദിച്ചുകൊണ്ട്.

പെട്ടെന്നവൾ ഓർത്തു. താൻ നിൽക്കുന്ന മുറി എത്രത്തോളം സ്വകാര്യമാണ്? ആർക്കെങ്കിലും കണ്ണാടിയിലൂടെ കാണാൻ കഴിയുമോ? ഇല്ലായിരിക്കാം, ഉണ്ടായിരിക്കാം. അവൾ പെട്ടെന്ന് ബിക്‌നിയെടുത്തുടുത്തു. ബിക്‌നി വളരെ വീതി കുറഞ്ഞതായിരുന്നു. പക്ഷേ അവൾ കൂസിയില്ല. ക്ലബ്ബിലെ സ്വിമ്മിങ് പൂളിൽ ബിക്‌നി ധരിച്ച് അവൾ നീന്താറുണ്ട്. അതു പക്ഷേ വൺപീസ് ബിക്‌നിയാണ് അവളുടെ മുൻഭാഗം മുഴുവനും പിൻഭാഗം മുക്കാലും മറയ്ക്കാറുണ്ട്. ഇപ്പോൾ ഇട്ടിരിക്കുന്നത് ശരിക്കും ചെറുതുതന്നെയാണ്. അവളുടെ മാറിടം അസാധാരണ വലുപ്പം തോന്നിച്ചു. കണ്ണാടിയിൽ അവൾ വളരെ സെക്‌സിയായി തോന്നി. നല്ലത്. എത്രത്തോളം സെക്‌സിയാവുന്നുവോ അത്രയും സിനിമയിൽ കടന്നു കൂടാനുള്ള അവസരവും കൂടിവരുന്നു.

അവൾ പുറത്തുകടന്നു.

ദേവ് മേശമേൽ ചാരിനിന്ന് സിഗരറ്റ് വലിക്കുകയാണ്. എയർ കണ്ടീഷൻ ചെയ്ത സ്റ്റുഡിയോവിൽ സിഗരറ്റിന്റെ മണം ചൂഴ്ന്നുനിന്നു. അയാൾ ജീൻസാണ് ഇട്ടിരിക്കുന്നതെന്ന് അവൾ അപ്പോഴെ ശ്രദ്ധിച്ചുള്ളൂ. ഖദറിന്റെ ഒരു കുർത്തയും. അപർണ്ണയെ കണ്ടപ്പോൾ അയാൾ സിഗരറ്റ് കുത്തിക്കെടുത്തി. ഫ്ലഡ് ലൈറ്റുകൾ കത്തി. ക്യാമറ ഫോക്കസ് ചെയ്തു. വീണ്ടും പോസുകൾ. കൈകൾ ഉയർത്തു. അതെ അങ്ങിനെ, കാലുകൾ മടക്കി, അല്പം കുമ്പിട്ട്........

ദേവ് യാന്ത്രികമായി പറഞ്ഞുകൊണ്ടിരുന്നു. അയാളുടെ മുഖം നിർവ്വികാരമായിരുന്നു. അതവളെ അദ്ഭുതപ്പെടുത്തി. തന്റെ ദേഹത്തിന്റെ നഗ്നഭാഗങ്ങൾ അയാളിൽ യാതൊരു വികാരവും ഉണർത്തുന്നില്ലെന്നത് ആശ്വാസജനകവും അതേ സമയം നിരാശാവഹവുമായിരുന്നു.

ഇപ്പോൾ അയാൾ ഒരു മൂവികാമറയിൽ അവളുടെ ചലനങ്ങൾ പകർത്തുകയായിരുന്നു. പെട്ടെന്നയാൾ നിർത്തി. കാമറ മാറ്റി വച്ച് അയാൾ അവളെ നോക്കി. അവൾ എഴുന്നേറ്റുനിന്നു, ചോദ്യപൂർവ്വം അയാളെ നോക്കി.

'നിങ്ങളുടെ മുഖത്തുനിന്ന് ചിരി തീരെ മാഞ്ഞു പോയിരിക്കുന്നു.'

തന്റെ മുഖത്തു കുറച്ചുനേരമായി പടർന്നുവന്ന നീരസവും ടെൻഷനും അവൾ അപ്പോഴാണ് മനസ്സിലാക്കുന്നത്. അവൾ ചിരിച്ചു.

ദേവ് ഒരു സിഗരറ്റ് കൊളുത്തി.

'ഞാനൊരു പരമബോറനാണല്ലേ?' അയാൾ ചോദിച്ചു.

അവൾക്ക് കുറ്റബോധം തോന്നി.

'അതല്ല....' അവൾ ക്ഷമാപണത്തോടെ പറഞ്ഞു. 'ഞാൻ പെട്ടെന്ന് എന്നിലേയ്ക്കുതന്നെ തിരിച്ചു പോയി.'

'ഒമി ജാനീ.' എനിക്കറിയാം. ദേവ് പറഞ്ഞു. 'നമ്മുടെ ഉള്ളിലെ വൈരുദ്ധ്യങ്ങളിലേയ്ക്ക് ഒരു തീർത്ഥയാത്ര, അല്ലെ? ഞാനും ചെയ്യാറുണ്ടത്. ജീവിതം ഒരു വലിയ പ്രശ്‌നം തന്നെയാണല്ലേ? അപർണ്ണാജി ആലോചിക്കുന്നതെന്താണ് എന്നെനിക്കറിയാം. ടെസ്റ്റിന്റെ ഫലത്തെക്കുറിച്ച്. അതു കഴിഞ്ഞാൽ സിനിമയിൽ ഒരു നല്ല റോൾ കിട്ടുന്നതിനെക്കുറിച്ച്. ആദ്യത്തെ മൂവി ഹിറ്റാവുന്നതിനെപ്പറ്റി, പരാജയഭീതി. ഇതെല്ലാം ഭയാശങ്കകൾ ഉണ്ടാക്കുന്നതാണ്.'

അപർണ്ണ ഒന്നും പറഞ്ഞില്ല. എന്താണ് പറയാനുള്ളത്? ദേവിനോട് കുറച്ചുകൂടി സ്‌നേഹപൂർവ്വം പെരുമാറാമായിരുന്നു. ഇംഗ്ലീഷിനു പകരം ബംഗാളിയിൽ സംസാരിക്കാമായിരുന്നു. എന്തോ, അയാളുടെ നിർവ്വികാരത അവളുടെ മനസ്സിനെ ബാധിക്കുകയാണ് ഉണ്ടായത്. അയാൾ തന്റെ സൗന്ദര്യം ആദരവോടെ നോക്കിയിരുന്നെങ്കിൽ ഈ നിർവ്വികാരത ഉണ്ടാവില്ലായിരുന്നു. അയാൾ കാമത്തോടെ, അല്പം അശ്ലീലമായെങ്കിലും തന്നെ നോക്കിയിരുന്നെങ്കിൽ പോലും താൻ പ്രശംസിക്കപ്പെടുമായിരുന്നു. ഇപ്പോൾ തനിക്കുണ്ടായത് തിരസ്‌കാരത്തിന്റെ ചുവയായിരുന്നുവെന്ന് അവൾ മനസ്സിലാക്കി. പക്ഷേ അയാളത് ഉദ്ദേശിച്ചിട്ടില്ലെന്നു വ്യക്തം.

'ആവശ്യമുള്ളത്ര ഷോട്ടുകൾ കിട്ടിയിട്ടുണ്ട് നമുക്ക് നിർത്താം. എന്താണ് കുടിക്കാൻ വേണ്ടത്?' ദേവ് ചോദിച്ചു.

'എനിക്ക് തണുത്തതെന്തെങ്കിലും മതി.'

'ശരി ഞാൻ ഓർഡർ ചെയ്യാം. അപർണ്ണാജി ഡ്രസ്സു ചെയ്തുകൊള്ളൂ.'

അവൾ ഡ്രസ്സിങ്‌റൂമിലേയ്ക്കു നടന്നു. വാതിലിന്റെ പിടിയിൽ കൈ വച്ചു തിരിഞ്ഞു നിന്നു.

'എന്നെ അപർണ്ണാജിയെന്നൊന്നും വിളിക്കേണ്ട.'

അയാൾ ചിരിച്ചു.

അവളുടെ മുഖത്തെ നീരസം അപ്പോഴും പോയിട്ടില്ലെന്ന് ഡ്രസ്സിങ് റൂമിലെ കണ്ണാടി നോക്കിയപ്പോഴാണ് അവൾക്കു മനസ്സിലായത്. അവൾ കണ്ണാടി നോക്കി ചിരിക്കാൻ ശ്രമിച്ചു. ചിരിക്കാനുള്ള ശ്രമം ഇനി മറ്റൊരവസരത്തിലാകാം. അവൾ ഗൗരവമുള്ള മുഖത്തോടെ സ്വയം പറഞ്ഞു.

അവൾ ബിക്‌നി അഴിച്ചുമാറ്റി.

തിരിച്ചു പുറത്തു കടന്നപ്പോൾ ദേവ് അപ്രത്യക്ഷനായിരുന്നു. അവൾ ഒരു ചൂരൽ കസേലയിലിരുന്നു. വാതിൽ തുറന്ന് സിൽക്‌സാരിയുടുത്ത ഒരു പെൺകുട്ടി ട്രേയിൽ കോക്കകോല കൊണ്ടുവന്നു. അവ ഗ്ലാസ്സുകളിൽ ഒഴിച്ച് ഒരു ഗ്ലാസ്സ് അപർണ്ണയ്ക്കു കൊടുത്തശേഷം മറ്റെ ഗ്ലാസ്സ് ട്രേയോടു കൂടി മേശമേൽ വച്ചു..

'ദേവ് സാബിന്റെ ഗ്ലാസ്സ് ഇവിടെ വച്ചിട്ടുണ്ട്.'

കോക്കകോലയുടെ കുപ്പികളുമായി ആ പെൺകുട്ടി പോയി. വാതിലടഞ്ഞു. അപർണ്ണ ആലോചിച്ചു. പച്ച സിൽക്കുസാരിയും ബ്ലൗസും തലയിൽ സിൽക്ക് സ്‌കാർഫും ചൈനാനിയുടെ ജോലിക്കാരികളുടെ യൂനിഫോം ആണ്. ഗ്ലാസ്സിലെ സ്റ്റ്രോ എടുത്തുകളഞ്ഞ് നേരിട്ട് കുടിച്ചുകൊണ്ടിരിക്കെ ദേവ് പ്രത്യക്ഷപ്പെട്ടു. അയാൾ അവൾക്കെതിരെയുള്ള ചൂരൽ കസേലയിൽ വന്നിരുന്നു ഗ്ലാസ്സെടുത്ത് മൊത്തി തിരിച്ചുവച്ചു, ഒരു സിഗരറ്റെടുത്ത് കൊളുത്തി.

'അല്പം ക്ഷമിക്കാമെങ്കിൽ സ്റ്റിൽസിന്റെ പ്രിന്റുകൾ കാണാം.' ദേവ് പറഞ്ഞു. 'സുനിൽ പന്ത്രണ്ടിനു വരാമെന്നല്ലേ പറഞ്ഞിരിക്കുന്നത്?'

'അതെ'.

പിന്നെ ഡയലോഗൊന്നുമില്ല. അവൾ തണുത്ത പാനീയം കുടിച്ചു കൊണ്ടിരിക്കെ അയാൾ സിഗരറ്റു വലിച്ചു പുകവിട്ടു. പെട്ടെന്നയാൾ സിഗരറ്റിലെ ചാരം പകുതി കുടിച്ചുവച്ച ഗ്ലാസ്സിനു മുകളിലേയ്ക്കു കൊണ്ടുപോകുന്നത് അവൾ കുറച്ചൊരു പരിഭ്രമത്തോടെ നോക്കി നിന്നു. അവളുടെ നോട്ടം കണ്ടപ്പോ ഴാണ് അയാളും ശ്രദ്ധിച്ചത്. പക്ഷേ അപ്പോഴേയ്ക്ക് വൈകിയിരുന്നു. സിഗരറ്റിന്റെ ചാരം ഗ്ലാസ്സിൽ വീണു.

'ഓ! അയാം സോറി. ഞാൻ കുറച്ച് അശ്രദ്ധനായി.'

ചാരം ഗ്ലാസ്സിനടിയിൽ വീണുകിടക്കുന്നതവൾ നോക്കി. അതിന്മേൽ കുമിളകൾ കനത്തുകൂടുന്നു.

'ഞാനിപ്പോൾ വരാം...' ദേവ് ഒരു വശത്തുള്ള വാതിൽ കടന്ന് അകത്തുപോയി. അകത്ത് ചുവന്ന വെളിച്ചമുണ്ടായിരുന്നു. ദേവ് വാതിലടച്ചു. അപർണ്ണ മേശമേൽ ചിതിറക്കിടക്കുന്ന ഫിലിം മാഗസിനുകൾ ഓരോന്നെടുത്ത് വായിച്ചുതുടങ്ങി.

സമയം കുറേയായിട്ടുണ്ടാകും. ദേവ് വാതിൽ തുറന്നിട്ടു. അയാൾ ഒരു വെളുത്ത ട്രെയിൽനിന്ന് വെള്ളമിറ്റുവീഴുന്ന ചിത്രങ്ങൾ ഒരു ചരടിൽ തൂക്കിയിടുന്നത് പകുതി തുറന്ന വാതിലിലൂടെ അവൾ കണ്ടു. അയാൾ മുറിയിൽ ലൈറ്റിട്ട് അവളെ വിളിച്ചു. വിവിധ പോസുകളിലുള്ള ചിത്രങ്ങൾ വളരെ തെളിമയോടെ കാബിനറ്റ് സൈസിൽ വലുതാക്കി എടുത്തിരിക്കുന്നു. നിരവധി ചിത്രങ്ങൾ. വളരെ അർത്ഥശൂന്യമെന്നു താൻ കരുതിയിരുന്ന പല പോസുകളും വളരെ മിഴിവുറ്റതായി വന്നിരിക്കുന്നു.

'നിങ്ങൾ രക്ഷപ്പെട്ടു, നിങ്ങൾ ഫോട്ടോജെനിക്കാണ്.' ദേവ് പറഞ്ഞു. 'ഇനി ഒന്നും പേടിക്കാനില്ല.'

വാതിൽക്കൽ ഒരു ചെറിയ മുട്ട്. വാതിൽ തുറന്ന് സുനിൽ മൽഹോത്ര അകത്തു കടന്നു.

'ദേവ്, എങ്ങിനെയുണ്ട് അപർണ്ണയുടെ ചിത്രങ്ങൾ?'

'അതിഗംഭീരം.' ദേവ് പറഞ്ഞു. അയാൾ അപ്പോഴും ബാക്കി ഫോട്ടോകൾ തൂക്കിയിടുന്ന തിരക്കിലായിരുന്നു. സുനിൽ അടുത്തുവന്ന് ചിത്രങ്ങൾ നോക്കി.

'റിയലി എക്‌സലന്റ്.' സുനിൽ അഭിപ്രായപ്പെട്ടു. 'അപർണ്ണാ യുവാർ ഹൈർഡ്. ഞാൻ ഇപ്പോൾത്തന്നെ ഭാവനയിൽ കാണുന്നു, നിന്റെ ചിത്രം വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്നത്. യു വിൽബി എ ഗ്രേയ്റ്റ് ഹിറ്റ് ഓൺ ദ ബിഗ് സ്‌ക്രീൻ.'

അപർണ്ണ അതുതന്നെയായിരുന്നു ഭാവനയിൽ കണ്ടിരുന്നത്. നായകന്റെ മാറിൽ തലചായ്ച് വികാരാവേശത്തോടെ കണ്ണു പാതിയടച്ച് നിൽക്കുന്ന നായിക.

സുനിൽ ഇന്റർകോമെടുത്ത് ബട്ടനുകൾ അമർത്തി.

'ചൈനാനിസാബ് ഫ്രീയാണോ എന്നു നോക്കാമോ?'

'ബിസിയാണോ? ശരി ഡാർലിങ്. പിന്നെ നീ പറഞ്ഞ കാര്യം എന്റെ മനസ്സിലുണ്ട്. ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. നീ ഉദ്ദേശിച്ച നിറം കിട്ടാനാണ് വിഷമം.... നോ നോ, നിനക്കു വേണ്ടി അതും അതിലപ്പുറവും ഞാൻ ചെയ്യില്ലേ ഡാർലിങ്...'

സുനിൽ ഇന്റർകോമിന്റെ റിസീവർ താഴെ വെച്ചു.

'എന്താണ് മേംസാബിന് വേണ്ടത്?' ദേവ് ചോദിച്ചു.

''മേംസാബിന് വേണ്ടത് ഒരു സ്‌കാർഫാണ്. സിൽക് സ്‌കാർഫ്. അതിന്റെ നിറം മഴവില്ലിൽക്കൂടിയില്ലാത്തതാണ്. ഒരു സാമ്പ്ൾ പീസും കൊണ്ട് ഞാൻ നടക്കുകയാണ്.'

'നിതിന്റെ പി.എ. ആണ്.' സുനിൽ അപർണ്ണയോടു പറഞ്ഞു. 'എ നൈസ് ഗേൾ.'

കാർ പാർക്കു ചെയ്തിടത്തേയ്ക്ക് വെയിൽ വന്നിരുന്നു.

ദക്ഷിണായനമാണ്. അപർണ്ണ മനസ്സിൽ കരുതി. പന്ത്രണ്ടര മണിയായിട്ടും സുര്യരശ്മികൾ ചെരിഞ്ഞാണ് വീണിരുന്നത്. ഇവിടെ ബോംബെയിൽ ഇത്രയേ വരൂ. കൽക്കത്തയിൽ ഇനിയും നീളുന്ന നിഴലുകൾ ഹിമാലയസാനുക്കളിൽനിന്ന് തണുപ്പ് കൊണ്ടുവരുന്നു. നട്ടുച്ചയ്ക്കും വെയിലിന് ചൂടുണ്ടാവില്ല. തണുപ്പുകാലം, അവൾ ഗൃഹാതുരയോടെ ഓർത്തു.

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 21

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം 1. ഹരിതം ബുക്സ് ബുക്സ്, കോഴിക്കോട് (2003)
    വാല്യം. 2. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2013)