|| Novel

അയനങ്ങള്‍

ഇ ഹരികുമാര്‍

- 9 -

'അങ്ക്ൾ, ഇന്നെനിക്ക് ഒരു ഡിന്നറുണ്ട്.' അപർണ്ണ പറഞ്ഞു.

തരുൺ ബാനർജിക്ക് അഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. തന്റെ അഭിപ്രായപ്രകാരമല്ല മരുമകൾ നടക്കുന്നതെന്ന് അയാൾക്കറിയാം. അവളെ തന്നെപ്പോലെ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റാക്കണം എന്നായിരുന്നു അദ്ദേഹത്തിന്നാഗ്രഹം. അതിന്നായി അവളെ ബികോം കോഴ്‌സിന് ചേർത്തു. പക്ഷേ അവൾക്കൊരു താല്പര്യവുമുണ്ടായിരുന്നില്ല. അക്കങ്ങൾ അവളെ വെറിപിടിപ്പിച്ചു. എങ്ങിനെയെങ്കിലും ഒരു ഡിഗ്രിയെടുത്ത് പഠിത്തം അവസാനിപ്പിക്കണമെന്നാണ് അവൾക്ക്. അളിയൻ മരിച്ചപ്പോൾ അപർണ്ണയ്ക്ക് തന്റെ ഒപ്പം താമസിച്ച് പഠിക്കാമെന്ന് ബാനർജി തന്നെയാണ് പെങ്ങളോട് പറഞ്ഞത്. ഇപ്പോൾ അതു വേണ്ടിയിരുന്നില്ലാ എന്നായിരിക്കുന്നു. പണം അയച്ചുകൊടുത്ത് കൽക്കത്തയിൽത്തന്നെ പഠിപ്പിച്ചാൽ മതിയായിരുന്നു.

പത്രങ്ങളിൽ വരുന്ന റിപ്പോർട്ടുകളിൽ മരുമകൾ നിറഞ്ഞു നിൽക്കുന്നത് അദ്ദേഹത്തിൽ അഭിമാനമുണ്ടാക്കിയില്ല. നിറയെ ചതിക്കുഴികളുള്ള മേഖലയാണ് സിനിമ. ദൈവം കാക്കട്ടെ.

'എവിടെയാണ് ഡിന്നർ?'

'കൊളാബയിലെവിടേയോ ആണ്. എനിക്കറിയില്ല. വിനോദ് കൊണ്ടു പോകും.' ടാജ് ഹോട്ടലിലെ റാന്റവൂവിൽ ആണെന്നു പറയാൻ അവൾ മടിച്ചു. അങ്ക്ൾ അന്വേഷിച്ചു വരില്ലായിരിക്കാം. എങ്കിലും....

'ഞാൻ വൈകിയാൽ അന്വേഷിച്ച് ഇറങ്ങുകയൊന്നും വേണ്ടകെട്ടോ.' അവൾ പറഞ്ഞു. 'വല്ലാതെ വൈകിയാൽ ഞാൻ എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോകാം.'

'ഏത് ഫ്രണ്ട്?'

'കൊളാബയിൽ ഡെയ്‌സി താമസിക്കുന്നുണ്ട്.'

'ശരി.'

അവൾ മുൻകൂർ ജാമ്യമെടുത്തതാണ്. അഥവാ അവൾക്കു തിരിച്ചു വരാൻ പറ്റിയില്ലെങ്കിൽ.....

വിനോദ് ആറു മണിക്കുതന്നെ എത്തി. അയാളുടെ ഫോക്‌സ്‌വാഗൺ വരുന്നതവൾ ബാൽക്കണിയിൽനിന്നുതന്നെ കണ്ടിരുന്നു. അവൾ കൈ വീശിക്കാണിച്ചു. ധൃതിയിൽ കോണിപ്പടികൾ ചാടിയിറങ്ങി.

'ബോംബെയെ സംബന്ധിച്ചേടത്തോളം ഞാൻ ഇഷ്ടപ്പെടുന്ന കാര്യം എന്താണെന്നോ?' വിനോദ് പറഞ്ഞു. അവർ ബാന്ദ്ര കോസ്‌വേയിലൂടെ പോകുകയായിരുന്നു. ഇടതുവശത്ത് വീതി കൂടിയ കനാൽ, മറുവശത്ത് കനാൽ കടലിലേയ്ക്കു യാത്രയാകുന്നു. ദൂരെ കടൽ ഒരു ഇംപ്രഷനിസ്സ് പെയിന്റിങ് പോലെ കാണാം.

'കടലിന്റെ നിരന്തരമായ ഇടപെടൽ. കടൽ നിങ്ങളോടൊപ്പമുണ്ടെന്ന തോന്നലുണ്ടാക്കുന്നു. അത് ജുഹുവിലായാലും ശരി, ബാന്ദ്രയിലായാലും ശരി, ശിവജി പാർക്കിലായാലും, മറീൻ ഡ്രൈവിലായാലും ശരി. ഒരുത്തമ സ്‌നേഹിതനെപ്പോലെ അത് നിങ്ങളുടെ ഒപ്പം വരുന്നു.'

അപർണ്ണയ്ക്കും അതു പലപ്പോഴും തോന്നിയിട്ടുള്ളതാണ്. പക്ഷേ ഇത്രയും ഭംഗിയായി അതു പറയാൻ കഴിഞ്ഞിട്ടില്ലെന്നു മാത്രം. കൽക്കത്തയിൽ ഈ കാഴ്ച ഒരിക്കലുമില്ല. കടൽ വളരെയകലെയാണ്. പിന്നെയുള്ളത് ഹുഗ്ലിനദിയാണ്. ഹൗറാപ്പാലം കഴിഞ്ഞാൽ സ്റ്റ്രാന്റ് റോഡിലുള്ള ഗോഡൗണുകൾ നദിയെ നമ്മിൽനിന്ന് മറയ്ക്കുന്നു. പിന്നെ വളരെ ചുരുക്കമായേ നദിതന്നെ കാണൂ.

ടാജിലെ റൂഫ്‌ടോപ് റെസ്റ്റോറണ്ടിൽ തിരക്കു തുടങ്ങുന്നേയുള്ളു.

'നമ്മൾ നേരത്തെയാണ്.' വിനോദ് പറഞ്ഞു. 'ഒരു എട്ടു മണി കഴിഞ്ഞാലാണ് ഇവിടെ തിരക്കു തുടങ്ങുക.'

ജനലിനടുത്തുള്ള മേശ തെരഞ്ഞെടുത്ത് അവർ ഇരുന്നു.

'ഗുഡ് ഈവനിങ് സർ.' കട്ടിയുള്ള മെന്യൂപുസ്തകം രണ്ടു പേരുടെയും മുമ്പിൽ വച്ചുകൊണ്ട് സൂട്ടിട്ട സ്റ്റുവാർഡ് പറഞ്ഞു.

'ഗുഡ് ഈവനിങ്.' വിനോദ് പറഞ്ഞു. സ്റ്റുവാർഡ് പോയി.

'ഇന്ന് നിന്റെ ദിവസമാണ്. വിശുദ്ധപുസ്തകത്തിലൂടെ സഞ്ചരിച്ചാലും, നിനക്കിഷ്ടമുള്ളവ ഓർഡർ ചെയ്താലും. ചോദ്യമില്ല, നിയന്ത്രണങ്ങളൊന്നുമില്ല.'

അവൾ ചിരിച്ചുകൊണ്ട് മെനു തുറന്നു. ഓരോ വിഭവങ്ങൾക്കും എതിരെയെഴുതിയ വിലകൾ കണ്ടപ്പോൾ അവളുടെ ചിരി പെട്ടെന്നു മാഞ്ഞു. പക്ഷേ പെട്ടെന്നുതന്നെ അവൾ സ്വയം വീണ്ടെടുത്തു. ഇതെല്ലാം തന്നെ സംബന്ധിച്ചേടത്തോളം വളരെ സാധാരണമാണ് എന്ന മട്ടിൽ അവൾ വായിക്കാൻ തുടങ്ങി. തന്റെ അങ്കിളിന് ഒരിക്കൽപ്പോലും തന്നെ ഇങ്ങിനത്തെ റസ്റ്റോറണ്ടിൽ കൊണ്ടുപോകാൻ കഴിയില്ലെന്ന് അവൾക്കു മനസ്സിലായി. അദ്ദേഹം ഒരു ചെറിയ സ്വകാര്യകമ്പനിയിൽ അക്കൗണ്ടണ്ടായി ജോലി നോക്കുകയാണ്.

'നിങ്ങൾ എന്താണ് കഴിക്കുന്നത്?' അവൾ ചോദിച്ചു.

'എനിക്ക് എന്റേതായി ചില ഫേവറിറ്റ് വിഭവങ്ങളുണ്ട്. അവ ഓർഡർ ചെയ്യാം. നീ നിന്റെ സെലക്ഷനും. അപ്പോൾ രണ്ടുപേർക്കും രണ്ടു പേരുടെ ടേയ്സ്റ്റിനെപ്പറ്റി അറിയാമല്ലൊ. ഞാൻ ഓർഡർ ചെയ്യുന്നത് ചിക്കൻ സൂപ്പ് വിഥ് അസ്പാരഗസ്, നീ എന്തു സൂപ്പാണ് കഴിക്കുന്നത്?'

'എനിക്കും അതു മതി.'

'ഓക്കെ, നാം തമ്മിൽ വൈകാരിക ഐക്യമുണ്ട്. ഇനി? ചൈനീസ് ഓർ കോണ്ടിനെന്റൽ ഓർ മുഗ്ലായ്. നമുക്ക് എല്ലാം ട്രൈ ചെയ്യാം അല്ലെ? നോക്കട്ടെ.....പോംഫ്രെറ്റ് ഫിലെ വിഥ് മയോനീസ്. ഓക്കെ, ഇനി?........'

വിനോദുതന്നെ എല്ലാം ഓർഡർ ചെയ്യുകയാണെന്ന് ആശ്വാസത്തോടെ അവൾ മനസ്സിലാക്കി. ഒന്നുകിൽ അവളുടെ വിഷമം അയാൾ മനസ്സിലാക്കിയിട്ടുണ്ടാവും. അല്ലെങ്കിൽ തനിക്കിഷ്ടമുള്ള വിഭവങ്ങൾ അവളെക്കൊണ്ട് കഴിപ്പിക്കണമെന്നു വെച്ചിട്ടായിരിക്കാം. എന്തായാലും നന്നായി. മെനു അവളെ സംബന്ധിച്ചേടത്തോളം ഗ്രീക്കായിരുന്നു.

സൂപ്പ് കുടിച്ചുകൊണ്ടിരിക്കെ അവൾ പറഞ്ഞു. 'ഇപ്പോൾ ഓർഡർ ചെയ്തതെല്ലാം വെറുതെ ഒന്ന് ടേയ്സ്റ്റ് നോക്കിയാൽത്തന്നെ മതി ഞാൻ രണ്ടു കിലോ കൂടാൻ. ഇക്കണക്കിനു പോയാൽ ആറു മാസം കൊണ്ട് ഞാൻ സുനന്ദാജിയുടെ ഇരട്ടിയാവും.'

'സുനന്ദാജി അടുത്ത കാലത്തായി തടി വെച്ചിട്ടുണ്ട്.' വിനോദ് പറഞ്ഞു.'ഞാൻ ഇന്ന് അവരെ കണ്ടിരുന്നു.'

'ഇന്ന് അവരുടെ ഷൂട്ടിങ്ങുണ്ടായിരുന്നോ?'

'ഇല്ല, നാളെയാണ് ഷൂട്ടിങ്. ഇന്ന് ഷെരട്ടനിൽ പാർട്ടിയുണ്ടായിരുന്നു.'

'എന്തു പാർട്ടി?'

വിനോദ് ഒന്നും പറഞ്ഞില്ല. വിഷയം മാറ്റാനായി അയാൾ ചോദിച്ചു. 'സൂപ്പ് എങ്ങിനെയുണ്ട്?'

'നന്നായിട്ടുണ്ട്.' അവൾ പറഞ്ഞു. ആദ്യത്തെ സ്പൂൺ പക്ഷേ അവളുടെ നാവു പൊള്ളിച്ച കാര്യം അവൾ പറഞ്ഞില്ല.

'അപ്പോൾ ഇനി വരുന്ന വിഭവങ്ങളും നിനക്ക് ഇഷ്ടമാവും.'

റസ്റ്റോറണ്ടിൽ തിരക്കു വർദ്ധിച്ചു തുടങ്ങി. അധികവും ഓഫീസ് എക്‌സിക്യൂട്ടീവുകളാണ്. ചിലർ വിദേശികളുടെ ഒപ്പം വന്നു.

ശരിയാണ്. വിനോദിന്റെ തെരഞ്ഞെടുപ്പ് അവൾക്കിഷ്ടമായി. വിനോദു തന്നെ ഡെസ്സർട്ടും ഓർഡർ ചെയ്തു. അതുകൂടി കഴിക്കാൻ അവളുടെ വയറ്റിൽ സ്ഥലമുണ്ടായിരുന്നില്ല.

'നമുക്ക് പോകാം.' വിനോദ് പറഞ്ഞു.

'സമയമെത്രയായി?' അവൾ ചോദിച്ചു.

'ഒമ്പത്.' വിനോദ് പറഞ്ഞു. 'നിനക്കിന്ന് വീട്ടിൽ പോകണമെന്ന് നിർബ്ബന്ധമുണ്ടോ?'

അവൾ ഒന്നും പറഞ്ഞില്ല. അങ്കിളിനോട് നേരം വൈകിയാൽ ഡേയ്‌സിയുടെ വീട്ടിൽ പോകുമെന്ന് പറഞ്ഞതോർത്തു. ഡേയ്‌സിയുടെ വീട് അടുത്തുതന്നെയാണ്. കൊളാബയിൽ. വേണമെങ്കിൽ പോകാം.

'നിർബ്ബന്ധമില്ലെങ്കിൽ എന്റെ വീട്ടിൽ പോകാം.'

'വിനോദ് എവിടെയാണ് താമസിക്കുന്നത്?'

'ഞാൻ മലബാർ ഹില്ലിൽ. അവിടെ എട്ടാം നിലയിൽ ഒരു ഫ്‌ളാറ്റിൽ.'

'ആരൊക്കെയുണ്ട്?'

'ഞാനും എന്റെ ഏകാന്തതയും മാത്രം.'

'ഞാൻ വന്നാൽ നിങ്ങളുടെ റൂംമേയ്റ്റ് ഒഴിഞ്ഞുപോവില്ലെ?'

'റൂംമേയ്‌റ്റോ?'

'അതെ, മിസ്സ് സോളിറ്റിയൂഡ്?'

വിനോദ് പൊട്ടിച്ചിരിച്ചു. അവർ എഴുന്നേറ്റു.

ലിഫ്റ്റിൽവച്ച് അവൾക്കു വീണ്ടുവിചാരമുണ്ടായി. താൻ എന്താണ് ചെയ്യുന്നത്? പറ്റില്ലെന്ന് പറയാതിരുന്ന സ്ഥിതിയ്ക്ക് വിനോദിന്റെ ഒപ്പം പോവാൻ തയ്യാറാണെന്നു സമ്മതിക്കുകയല്ലേ ചെയ്തത്. അതു ശരിയായോ? ഒരു ഹാർഡ് ടു ഗെറ്റ് ഗെയിംകൂടിയില്ലാതെ!

താഴെ പാർക്കിങ് ലോട്ടിലെത്തിയപ്പോൾ അപർണ്ണ പറഞ്ഞു.

'എന്നെ എവിടെയെങ്കിലും ഡ്രോപ് ചെയ്താൽ മതി. ഞാൻ ടാക്‌സി പിടിച്ചു പോയ്‌ക്കോളാം.'

'ഇനി അതുണ്ടായതുതന്നെ.' കാർ സ്റ്റാർട്ടാക്കുമ്പോൾ വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഒരിക്കൽ ഈ കാറിൽ കയറിയാൽ അവസാനിക്കുന്നത് എന്റെ ഫ്‌ളാറ്റിൽ, എന്റെ കിടപ്പറയിൽ.'

അപർണ്ണ നിശ്ശബ്ദയായി. ഇതെല്ലാം അവൾ മുൻകൂട്ടി അറിഞ്ഞതു തന്നെയാണ്. തന്റെ യാത്രകൾ അത്ര എളുപ്പമായിരിക്കില്ലെന്ന് അവൾ മുൻകൂട്ടി അറിഞ്ഞിരുന്നതല്ലെ. ചൈനാനിയെയാണ് അവൾക്കു പേടിയുണ്ടായിരുന്നത്. പക്ഷേ അദ്ദേഹം ഇതുവരെ അങ്ങിനെയൊരു മുന്നേറ്റത്തിന് ഒരുമ്പെട്ടിട്ടില്ല. അതുപോലെത്തന്നെ സുനിലും. സുനിലിന് എത്രയോ അവസരങ്ങളുണ്ടായിരുന്നു. അയാളും അനാവശ്യമായി തന്നെ ഒന്ന് തൊട്ടിട്ടുപോലുമില്ല. എ പെർഫെക്ട് ജെന്റിൽമാൻ. ഇപ്പോൾ വിനോദാണ് ആദ്യമായി വില കൊടുക്കാൻ പറയുന്നത്. വേണമെങ്കിൽ ഇതിൽ നിന്ന് ഒഴിവായിപ്പോകാം. പക്ഷേ അതെത്രത്തോളം ആശാസ്യമാണ്. ഒരു ടാലന്റുമില്ലാത്ത പെൺകുട്ടിയെപ്പോലും ഒരു ദിവസംകൊണ്ട് സൂപ്പർസ്റ്റാറാക്കാനുള്ള വിനോദിന്റെ കഴിവിനെപ്പറ്റി അവൾക്ക് ബോധ്യമാണ്. താനാകട്ടെ ചൈനാനിയുടെ ഏറ്റവും പുതിയ മെഗാമൂവിയിലെ നായികയായി അവരോധിക്കപ്പെട്ടിരിക്കുകയുമാണ്. വിനോദ് ഒരു വാക്ക് ചൈനാനിയുടെ അടുത്ത് പറഞ്ഞാൽ മതി. തന്റെ ഭാവി ബോംബെയിലെ ഗട്ടറുകളിലായിരിക്കും. എല്ലാറ്റിനുമുപരിയായി അവൾക്ക് വിനോദിനെ ഇഷ്ടമായിരുന്നു. വിനോദിന്റെ ഉള്ളിലെ കവിയെ.

മലബാർ ഹില്ലിലേയ്ക്കുള്ള കയറ്റമാണ്. ഇരുവശത്തുമുള്ള അംബര ചുംബികളെനോക്കി ഒരു സ്വപ്നത്തിലെന്നപോലെ അവൾ സീറ്റിൽ ചാരിയിരുന്നു.

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 21

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം 1. ഹരിതം ബുക്സ് ബുക്സ്, കോഴിക്കോട് (2003)
    വാല്യം. 2. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2013)