|| Novel

കൊച്ചമ്പ്രാട്ടി

ഇ ഹരികുമാര്‍

- 1 -

നെല്ലിമരത്തിന്റെ ചുവട്ടിൽ വീണുകിടക്കുന്ന നെല്ലിക്കകൾക്കുവേണ്ടി പരതുകയായിരുന്നു പദ്മിനി. വീണ കായ്കളെ എത്ര ഭംഗിയായി ഒളിപ്പിച്ചുവച്ചിരിക്കുന്നു മരം? അടുത്തുള്ള മുളംകൂട്ടത്തിൽനിന്നു കൊഴിഞ്ഞു വീണ ഇലകൾക്കിടയിൽ നെല്ലി സ്വന്തം ഇലകൾകൂടി ചേർത്ത് ഇടതൂർന്ന മെത്ത പണിതതിന്റെ അടിയിലാണ് കായ്കൾ ഒളിപ്പിച്ചുവയ്ക്കുന്നത്. അവൾ കാലുകൊണ്ട് ഇലകളെ മാറ്റി മാറ്റി നടന്നു. പാവാട മടക്കിക്കുത്തിയതിൽ അഞ്ചെട്ടു നെല്ലിക്കകളുണ്ട്. അതിൽ മുഴുത്ത ഒരെണ്ണം എടുത്ത് അവൾ വായിലിട്ടു.

പറമ്പിന്റെ കിഴക്കെ അതിരിൽ കെട്ടാറായി നിൽക്കുന്ന വേലിക്കപ്പുറത്ത് ചാത്തയുടെ കുടിലാണ്. പകൽ വെളിച്ചത്തിൽ നോക്കുമ്പോൾ ആ വീടിന് യാതൊരു കുഴപ്പവുമില്ല. പുറംപണിക്കു പോകുന്നില്ലെങ്കിൽ ചാത്ത കൈക്കോട്ടുമായി പറമ്പിൽ കിളയ്ക്കുകയോ വാഴ വെയ്ക്കാൻ കുഴി വെട്ടുകയോ ആയിരിക്കും. കൈക്കോട്ടിന്റെ ഓരോ പതനത്തിലും അയാളുടെ കറുത്ത ദേഹത്തെ പേശികൾ ഉരുണ്ടു കളിക്കും. വിയർപ്പ് ഒഴുകി അയാളുടുത്ത വീതി കുറഞ്ഞ തോർത്തുമുണ്ട് നനഞ്ഞ് അടിയിലുള്ള കോണകം തെളിഞ്ഞു കാണും. നീലി അടുക്കളഭാഗത്തു മുറ്റത്തുള്ള അടുപ്പിൽ ചപ്പുചവറുകൾ വാരിക്കൂട്ടി തീയിട്ട് കഞ്ഞിക്കലം കയറ്റിവച്ച് ഇളക്കുന്നുണ്ടാവും. അവളുടെ കറുത്തു തടിച്ച അമ്മിഞ്ഞകൾ കഴുത്തിലണിഞ്ഞ പല നിറത്തിലുള്ള മുത്തുമാലകൾക്കിടയിൽ ആടിക്കളിക്കും. അറുമുഖൻ ഏതെങ്കിലും ജന്തുക്കളെ പിടിക്കാൻ നടക്കുകയാവും. ജന്തുക്കളെ പിടിക്കുകയും കൂട്ടിൽ വളർത്തുകയുമാണ് അവന്റെ വിനോദം. അണ്ണാൻ തൊട്ട് തത്തവരെ അവന്റെ കൂടുകളിലുണ്ട്. പകൽ എല്ലാം ശാന്തമാണ്. പക്ഷെ രാത്രി പേടിപ്പിക്കുന്ന എന്തോ ഒന്ന് ആ കുടിലിനെ ചൂഴ്ന്നു നിൽക്കുന്നു. കല്ലുമ്മക്കായ ചുടുന്ന കുത്തുന്ന മണം ഒഴുകിവരുമ്പോൾ പദ്മിനി ഉമ്മറത്തു നിന്ന് പുറത്തേയ്ക്കു നോക്കും. കിഴക്കെ വേലിക്കപ്പുറത്ത് ചാത്തയുടെ കുടിലിനു പിന്നിൽ തീ ആളിക്കത്തുന്നുണ്ടാവും. അതിന്നിടയിൽ നിഴലുകൾ കാണാം. അവ ഭയം ജനിപ്പിക്കുന്നു. രാത്രി ചാത്ത ദുർമന്ത്രവാദത്തിലേർപ്പെടുമെന്ന് പദ്മിനിക്കറിയാം. കുടിലിൽ രക്തചാമുണ്ഡിയെ കുടിയിരുത്തിയിട്ടുണ്ടെന്നും രാത്രിതോറും അവർക്ക് കള്ളും കോഴിയും കൊടുക്കാറുണ്ടെന്നും അറുമുഖൻ പറയാറുണ്ട്. അവൻ കാണാറില്ല. പൂജ തുടങ്ങുമ്പോഴേയ്ക്ക് അവൻ ഉറക്കമായിട്ടുണ്ടാവും. അതൊരു ഭാഗ്യമാണെന്നവൻ പറയുന്നു, കാരണം അത്ര ഭീകരമാണ് ആ പൂജ. കണ്ടുനിൽക്കാൻ പറ്റില്ല.

ഇപ്പോൾ ആ കുടിലിലേയ്ക്ക് നോക്കുമ്പോൾ ഭയപ്പെടുത്തുന്ന ഒന്നുമില്ല. എല്ലാം ശാന്തം. കിഴക്കുനിന്നു വന്ന കാറ്റ് തണുത്തതാണ്. ഇക്കൊല്ലം തിരുവാതിരക്കാറ്റ് നേരത്തെ തുടങ്ങിയെന്നു തോന്നുന്നു. പദ്മിനി നഗ്നമായ മാറിടം കൈകൾകൊണ്ട് മറച്ചു. നെല്ലിക്കയുടെ നീര് വായിൽ കിടന്ന് മധുരമായി മാറി. അവൾ കുരു തുപ്പി ആ മധുരം ആസ്വദിച്ചുകൊണ്ട് വേലിയുടെ അടുത്തെത്തി. വേലിക്കപ്പുറം ചാത്തയുടെ പറമ്പ് ഒരു താഴ്ചയിലാണ്. അവിടെ തണുപ്പാണ്. താൻ നിൽക്കുന്ന പറമ്പിന്റെ ഉണക്കത്തിന്ന് നേരെ എതിരായി ആ പറമ്പിൽ ഏതുകാലത്തും നിറയെ വാഴയുടെ തണലും നനവുമാണ്.

പെട്ടെന്ന് പദ്മിനി ഞെട്ടി പിൻമാറി. വേലിക്കപ്പുറത്ത് അറുമുഖൻ കുമ്പിട്ട് നിൽക്കുകയാണ്. അവന്റെ മുമ്പിൽ പടം വിടർത്തിക്കൊണ്ട് ഒരു വലിയ പാമ്പ്. അറുമുഖന്റെ വലത്തെ കയ്യിൽ ഒരു വടിയുണ്ട്. ഇടത്തെ കയ്യുകൊണ്ട് അവൻ ആ പാമ്പിനെ പിടിക്കാൻ നോക്കുകയാണ്. പദ്മിനി അനങ്ങാൻ പറ്റാതെ നിലത്ത് ഉറച്ചുപോയി. പാമ്പ് ഇടയ്ക്ക് അവനെ കൊത്താൻ ശ്രമിക്കുന്നുണ്ട്. അവൻ പെട്ടെന്ന് കൈ വലിച്ചെടുക്കും. അറുമുഖനെ വിളിച്ച് ഈ കളി അവസാനിപ്പിക്കണമെന്നുണ്ട് പദ്മിനിയ്ക്ക്. പക്ഷേ ശബ്ദം പുറത്തു വരുന്നില്ല. തൊണ്ടയിൽ ഒരു വലിയ നെല്ലിക്ക കുടുങ്ങി അതിനു പിന്നിൽ ശബ്ദം തടയപ്പെട്ടപോലെയാണ്. അറുമുഖൻ ഏകാഗ്രതയോടെ പാമ്പിന്റെ കണ്ണുകളിലേയ്ക്കുതന്നെ നോക്കി നിൽക്കുകയാണ്. അവന്റെ ഇടത്തെ കൈ പാമ്പിന്റെ അടുത്തെത്തിയിരുന്നു. പെട്ടെന്ന് തടയപ്പെട്ട ശബ്ദം തൊണ്ടയിൽനിന്ന് രക്ഷപ്പെടുകയും പദ്മിനി ഉറക്കെ ശബ്ദമുണ്ടാക്കുകയും ചെയ്തു. എന്തു ശബ്ദമാണെന്ന് അവൾക്കു തന്നെ മനസ്സിലായില്ല. പക്ഷേ ആ ശബ്ദം അറുമുഖന്റെ ശ്രദ്ധയാകർഷിച്ചു. അവൻ മുഖമുയർത്തി പദ്മിനിയെ നോക്കി. ആ നിമിഷത്തിൽത്തന്നെ പാമ്പ് മുന്നോട്ടാഞ്ഞ് അവന്റെ കയ്യിൽ കൊത്തി. അവൻ കൈ വലിച്ചു, വേദനകൊണ്ട് കുടഞ്ഞു. പാമ്പ് ധൃതിയിൽ ഇഴഞ്ഞ് പോകുകയും ചെയ്തു. അവൻ പറഞ്ഞു.

'കൊച്ചമ്പ്രാട്ടീ....'

അവന്റെ മുഖം വേദനകൊണ്ട് ചുളിഞ്ഞു. രക്തം പൊടിഞ്ഞു തുടങ്ങിയ മുറിപ്പാട് അമർത്തിപ്പിടിച്ച് അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു. എഴുന്നേൽക്കുന്നതിനു പകരം അവൻ ഒരുവശം ചെരിഞ്ഞ് വീഴുകയാണുണ്ടായത്. പദ്മിനി ഞെട്ടലിൽനിന്ന് ഉണർന്നു വീടിനുനേരെ ഓടി. പാവാട മടക്കിക്കുത്തിയതഴിഞ്ഞ് നെല്ലിക്കയെല്ലാം പറമ്പിൽ ചിതറിപ്പോയി. അവൾ അതൊന്നും ശ്രദ്ധിച്ചില്ല. ഉമ്മറത്ത് ആരുമില്ല. സാധാരണ ഈ സമയത്ത് അമ്മാവൻ ചെല്ലപ്പെട്ടിയുമായി ചാരുകസേലയിലിരിക്കാറുള്ളതാണ്. അവൾ ഉമ്മറപ്പടികൾ ചാടിക്കയറി തളത്തിലൂടെ അടുക്കളയിലേക്കോടി.

'അമ്മേ....'

അരി വാർത്തുകഴിഞ്ഞു, അടുപ്പിൽ രണ്ടുകൊള്ളി വിറകു തിരുകി കൂട്ടാന്റെ കൽച്ചട്ടി കയറ്റി വച്ച് പാറുവമ്മ തിരിഞ്ഞുനോക്കി. പദ്മിനി കിതയ്ക്കുന്നുണ്ടായിരുന്നു.

'എന്തു പറ്റീ മോളെ?'

'അമ്മേ, അറുമുഖൻ....' അവൾക്ക് വാക്കുകൾ കിട്ടുന്നില്ല. കിതച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞു.

'അറുമുഖൻ....'

'എന്തേ, അറുമുഖൻ? അവൻ നെന്നെ വല്ലതും ചെയ്‌ത്വോ?'

'അല്ലമ്മേ, അറുമുഖനെ പാമ്പു കടിച്ചു. അമ്മാമനെവിട്യാ?'

'ഏട്ടൻ ദാ പ്പൊ വ്‌ട്യൊക്കെണ്ടാർന്നു. എവിടെപ്പോയി ആവോ. ന്ന്ട്ട്?'

'അവൻ വീണ് കെടക്ക്വാണമ്മേ. മരിച്ചൂന്നാ തോന്നണത്.'

പദ്മിനി വന്ന അതേ വേഗത്തിൽ തിരിച്ച് വേലിക്കലേയ്ക്ക് ഓടി. അവൾ ഉറക്കെ വിളിച്ചു.

'നീലീ, നീലീ.....'

നീലി അടുക്കളയിൽനിന്ന് മുറ്റത്തേയ്ക്കിറങ്ങി.

'എന്താ കൊച്ചമ്പ്രാട്ട്യേ?'

'നീലീ, അറുമുഖനെ പാമ്പു കടിച്ചു. ഇതാ ഇവ്‌ടെ വീണ് കെടക്ക്വാണ്.'

നീലിയുടെ ഭാവം മാറി. അവൾ നെഞ്ഞത്തടിച്ചുകൊണ്ട് ഓടിയെത്തി. അറുമുഖനെ വാരിയെടുത്തുകൊണ്ട് അവൾ അലമുറയിടാൻ തുടങ്ങി.

'ന്റെ ബകോതീ, ന്റെ അറമുകനെ പാമ്പു കടിച്ചല്ലാ......'

ആദ്യം ഓടിയെത്തിയത് അടുത്ത കുടിലിലെ കാളിയായിരുന്നു. അവളും അലമുറയിട്ടുകൊണ്ട് മറ്റുള്ളവരെ വിളിക്കാൻ ഓടി. ചാത്ത അടുത്തെവിടെയോ പണിയെടുക്കുകയായിരുന്നു. അയാൾ എത്തിയപ്പോഴേയ്ക്ക് ആൾക്കാർ കൂടിയിരുന്നു.

'ചാത്തേ അവനെ തിരുമേനിടെ അട്ത്ത് കൊണ്ടുപൊയ്‌ക്കോ. മുപ്പര്‌ടെ അട്ത്ത് മരുന്ന്ണ്ടാവും.'

പാറുകുട്ടിയമ്മ വേലിക്കൽനിന്നുകൊണ്ട് വിളിച്ചു പറഞ്ഞു. അമ്മ പിന്നിൽ വന്നുനിൽക്കുന്നത് പദ്മിനി അപ്പോഴെ കണ്ടുള്ളൂ.

'എന്തു പാമ്പാണ്ന്ന് നെനക്കറിയ്യോ മോളെ?' അവർ പദ്മിനിയോട് ചോദിച്ചു.

'മൂർഖൻ പാമ്പാ അമ്മേ. പത്തി വിടർത്തി നിക്ക്വായിരുന്നു. അറുമുഖൻ അതിനെ പിടിക്കാൻ പോയതാ.'

'ചാത്തേ,' പാറുകുട്ടിയമ്മ വിളിച്ചു പറഞ്ഞു. 'കടിച്ചത് മൂർഖനാണ്ന്ന് പറയണം. വേഗം കൊണ്ടോയ്‌ക്കോ.'

'ശരി, മ്പ്രാട്ടി.' അറുമുഖനെ എടുത്ത് തോളത്തിട്ട് ചാത്ത തിരിഞ്ഞു.

ചാത്ത അറുമുഖനെയുമെടുത്ത് ഓടുകതന്നെയായിരുന്നു. ഒപ്പം നെഞ്ഞത്തടിച്ചു കരഞ്ഞുകൊണ്ട് നീലിയും മറ്റുള്ളവരും.

പദ്മിനി തരിച്ചുനിന്നു. അവൾക്ക് അനങ്ങാനുള്ള ശക്തി നഷ്ടപ്പെട്ടിരുന്നു. എതാനും നിമിഷം മുമ്പ് എങ്ങിനെയാണ് ഓടിപ്പോയി അമ്മയെ വിളിച്ചതും തിരിച്ചുവന്ന് നീലിയെ വിളിച്ചതും എന്ന് അവൾക്കറിയില്ല. ഇപ്പോൾ കാലുകൾ അനങ്ങുന്നില്ല. ദൈവമെ അറുമുഖന് എന്തെങ്കിലും പറ്റുമോ?അവൾ കണ്ടോറമ്പക്കാവിലെ ഭഗവതിയ്ക്ക് അരയണ വഴിപാടു നേർന്നു. ആ അരയണ എങ്ങിനെയുണ്ടാക്കുമെന്നൊന്നും അവൾക്ക് രൂപമില്ല. പെൻസിൽ വാങ്ങാനായി അരയണയ്ക്കു വേണ്ടി എത്ര ദിവസമായി അമ്മയുടെ പിന്നാലെ നടക്കുന്നു. പെൻസിൽ കിട്ടിയില്ലെങ്കിലും ശരി എങ്ങനെയെങ്കിലും ഈ വഴിപാട് അവൾ കഴിക്കും. അറുമുഖൻ രക്ഷപ്പെടട്ടെ.

'പദ്മിനി ഇങ്ങട്ട് വാ' പാറുവമ്മ അവളെ വിളിച്ചു. 'ആ പാമ്പ് ഇവ്‌ടെങ്ങാനും കാണും.'

പദ്മിനി തിരിഞ്ഞു. പാറുവമ്മ അവളുടെ കൈപിടിച്ച് ഒപ്പം നടത്തി.

'ഞാൻ എപ്പഴും പറയാറില്ല്യേ ഈ അതിരിന്റെ അട്ത്ത് ഇങ്ങനെ വന്ന് കളിക്കരുത്ന്ന്? എന്തിനേപ്പൊ നീയ് ഇവ്‌ടെ വന്നത്.'

'ഞാനേയ് അമ്മേ നെല്ലിക്ക പെറുക്ക്വായിരുന്നു. അപ്പഴാ അറുമുഖൻ പാമ്പ് പിടിക്കണത് കണ്ടത്.' അവൾ അപ്പോഴാണ് പെറുക്കിയെടുത്ത നെല്ലിക്കകളെപ്പറ്റി ഓർത്തത്. അവ നഷ്ടപ്പെട്ടത് അവൾ അറിഞ്ഞിരുന്നില്ല.

'അമ്മേ, അറുമുഖൻ മരിക്ക്യോ?'

'അറീല്ല മോളെ. തിരുമേനിടെ അട്ത്ത് മരുന്നുണ്ടാവും. അവിടീം ശരിയായില്ലെങ്കിൽ പാമ്പുമേയ്ക്കാട്ടു കൊണ്ടുപോവ്വായിരിക്കും.'

'അമ്മേ, ഞാൻ കണ്ടോറമ്പക്കാവിലേയ്ക്ക് അരയണ വഴിപാട് നേർന്നിട്ട്ണ്ട്.'

'ഞാനും നേർന്നിട്ട്ണ്ട് മോളെ. നമുക്കത് താലപ്പൊലിടെ സമയത്ത് കൊണ്ടെക്കൊടുക്കണം. ഓനെ ദേവി രക്ഷിക്കട്ടെ.'

പാറുവമ്മയ്ക്കും അറുമുഖനെ ഇഷ്ടമായിരുന്നു. നല്ല സ്വഭാവം. എന്തു പറഞ്ഞാലും ചെയ്യും. വെണ്ടത്തയ്യ് നടാൻ തടമുണ്ടാക്കാനും, ഓമമരത്തിൽനിന്ന് ഓമക്കായ പൊട്ടിക്കാനും, തെക്കേ വെട്ടുവഴിയിൽ അയ്യപ്പന്റെ കടയിൽ പോയി അത്യാവശ്യസാധനങ്ങൾ വാങ്ങിക്കൊണ്ടുവരാനും ഒക്കെ അവന്റെ സഹായം ആവശ്യമാണ്. ഒരു മടിയും കൂടാതെ അതെല്ലാം ചെയ്യും. രാവിലെ പശുവിനെയും കുട്ടിയെയും പറമ്പിൽ കൊണ്ടുപോയി കെട്ടുന്നതും വൈകുന്നേരം അഴിച്ചുകൊണ്ടുവന്ന് തൊഴുത്തിൽ കെട്ടി വൈക്കോൽ ഇട്ടുകൊടുക്കുന്നതും അവന്റെ പണിയാണ്. ഒരു മുറുമുറുപ്പുമില്ലാതെ ചിരിച്ച മുഖത്തോടെ അവൻ എല്ലാം ചെയ്യും. രാവിലെ അവനെ വടക്കുപുറത്ത് വിളിച്ച് ഒരു കുണ്ടൻപാത്രത്തിൽ കഞ്ഞികൊടുക്കുന്നു. മുറ്റത്തുനിന്ന് പെറുക്കിയ പഴുത്ത പ്ലാവില കോട്ടി കയ്യിലുണ്ടാക്കി അവൻ ആ കൊഴുത്ത കഞ്ഞി കോരിക്കുടിക്കും. ഉച്ചയ്ക്ക് എന്തെങ്കിലും പണിയുണ്ടെങ്കിൽ മാത്രം അവന് ഭക്ഷണം കൊടുക്കും. അടുക്കളയുടെ ചായ്പിൽ ചമ്രം പടിഞ്ഞിരുന്ന് അവൻ ഊണുകഴിക്കുന്നത് നോക്കിനിന്ന് പാറുവമ്മ അവനോട് വിശേഷങ്ങൾ ചോദിക്കും. അവൻ പുതുതായി പിടിച്ചു കൂട്ടിലിട്ട അണ്ണാനെപ്പറ്റിയോ തത്തയെപ്പറ്റിയോ അവരോടു പറയുന്നു. അവൻ കയ്യും കലാശവുമായി വിശേഷങ്ങൾ പറയുന്നത് കേൾക്കാൻ അവർക്കിഷ്ടമാണ്.

'ന്റെ ഭഗവതീ, എങ്ങനേങ്കിലും ആ ചെക്കനെ രക്ഷിക്കണേ.'

ദേവകി തിരുമ്പിയ തുണികളുമായി കുളത്തിൽനിന്ന് വന്നപ്പോഴും പാറുവമ്മ അതേ നില്പുതന്നെയാണ്.

'എന്തേ പറ്റീത് അമ്രാളെ?'

'ങാ, അപ്പ നീയീ ബഹളൊന്നും കേട്ടില്ലേ? നമ്മടെ അറുമുഖനെ പാമ്പു കടിച്ചു.'

'ന്ന്‌ട്ടോ അമ്രാളെ, ഓന് വല്ലൂം പറ്റ്യോ?'

'പാമ്പ്മനക്കലെ തിരുമേനിടട്ത്ത് കൊണ്ടോവാൻ പറഞ്ഞിട്ട്ണ്ട്. അപ്പൊ നീയീ ബഹളൊന്നും അറിഞ്ഞില്ലേ? നീലി എന്തു നെലോള്യായിരുന്നു?'

'ഇല്ലമ്രാളെ, കൊളത്തിലേയ്ക്ക് ഒന്നും കേൾക്കൂല. മനക്കലെ തമ്പ്രാൻ വിജാരിച്ചാ ഓനെ രക്ഷിക്കാൻ പറ്റും. ന്നാള് ഞങ്ങടോടെള്ള ഒരാളെ പാമ്പ് കടിച്ചിട്ട് തമ്പ്രാന്റെ അട്ത്താ കൊണ്ടോയത്. വെഷം എറക്കി. അണല്യായിര്ന്ന്.'

'ഭഗവതീ എങ്ങനേങ്കിലും ചെക്കൻ രക്ഷപ്പെട്ടാൽ മത്യായ്‌ര്ന്നു.'

'അമ്രാള് വെഷമിക്കണ്ട, ഓൻ രക്ഷപ്പെടും.' ദേവകി തുണി വടക്കോറത്ത് മുറ്റത്ത് കെട്ടിയ അയലിൽ തോരാനിട്ടു തുടങ്ങി.

'പ്പൊ കൊറച്ച് കാലായി കാവില് സർപ്പപൂജ നടത്തീട്ട്. പദ്മിനിടെ അച്ഛൻണ്ടായിര്ന്ന കാലത്ത് എല്ലാ കൊല്ലും നടത്താറ്ണ്ടായിര്ന്നതാ. ഏട്ടന് അതിലൊന്നും ശ്രദ്ധയില്ല. ന്നാള് ഉമ്മറത്തെ ഒതുക്കുകല്ലില് ഒരെണ്ണം കെടക്ക്ണത് കണ്ടീര്ന്നു. പൂജയൊന്നും ഇല്ലേന്ന് ഓർമ്മിപ്പിയ്ക്കാനായിരിക്കും. കൊടുക്കണ്ടതൊക്കെ കാലാകാലം കൊടുക്ക്വല്ലെ നല്ലത്? അതുപോലെ മച്ചിലെ ഭഗോതിയ്ക്കും. എല്ലാം ഒന്നിച്ചാണ് ചെയ്യാറ്. ഇങ്ങനെ ഓരോ അനർത്ഥങ്ങള് വരുമ്പഴെങ്കിലും ശ്രദ്ധിക്കണ്ടെ?'

'ശര്യാമ്രാളെ, കഴിഞ്ഞാഴ്ച ഒരീസം ഞാൻ മിറ്റം അടിച്ചുവാരി തിരിഞ്ഞു നോക്ക്യപ്പൊഴാ കണ്ടത്, ഒര്ത്തൻ എഴഞ്ഞുപോയ പാട്. ന്റെ തൊട്ട പിന്നീക്കൂട്യാ അത് പോയത്ന്ന് ആലോചിക്കുമ്പോ......'

'ദൈവാധീനം.'

തുണി മുഴുവൻ തോരാനിട്ട് ദേവകി ബക്കറ്റ് വടക്കോറത്ത് കമിഴ്ത്തി വച്ചു.

'ദേവകീ, നീയാ പറമ്പിലൊന്ന് നടന്നിട്ട് മടല് വീണതൊക്കെ പെറുക്കി വെറക്‌പെരേല് കൊണ്ടെവയ്ക്ക്.'

'ചെയ്യാം മ്രാളെ.'

'ന്ന്ട്ട് വന്നിട്ട് എനിക്ക് കൊറച്ച് നാളികേരം ചെരകിത്തരണം.'

'ശരിമ്രാളെ.'

'എന്തായീ ആ ചെക്കന്റെ കാര്യം ആവോ?'

പാറുവമ്മ പടിക്കലേയ്ക്കു നോക്കി. പദ്മിനി പടിക്കൽത്തന്നെ നിൽക്കുകയാണ്.

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 27

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. മാതൃഭൂമി ബുക്സ്, കോഴിക്കോട് (2007)

 ഈ ഭാഗം വായിച്ചു കേള്‍ക്കാം