തൊള്ളായിരത്തിഅമ്പതുകളുടെ മധ്യംതൊട്ട് അറുപതുകളുടെ അന്ത്യംവരെയുള്ള ഒരു കാലഘട്ടമാണ് 'കൊച്ചമ്പ്രാട്ടി' എന്ന ഈ നോവലിന്റെ പശ്ചാത്തലം.
അധികവും കഥാപാത്രങ്ങളുടെ മനസ്സിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. എഴുത്തുകാരന്‍ നേരിട്ട് ഇടപെടുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളേയുള്ളു. എന്നാല്‍ ഒരു കഥാപാത്രത്തിന്റെ മാത്രം മനസ്സിലൂടെ സഞ്ചരിക്കാതെ ഒരു പഴുത് കിട്ടുമ്പോള്‍ മറ്റൊരു കഥാപാത്രം ചാടിവീഴുകയും പിന്നെ അവളുടെ അല്ലെങ്കില്‍ അയാളുടെ മനസ്സിലൂടെ നോവൽ യാത്ര തുടരുകയും ചെയ്യുന്നു. വായനക്കാര്‍ക്ക് ഒട്ടും വിരസത അനുഭവപ്പെടാത്ത ഒരു ആഖ്യാനരീതിയാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. അധികം പേര്‍ ഈ രീതിയില്‍ എഴുതിയിട്ടില്ലെന്നാണ് എന്റെ അറിവ്.
രചനയില്‍ പ്രത്യേകതയായി ഞാൻ അവലംബിച്ചിട്ടുള്ള രീതി ഒരു ചെറിയ കാലയളവിലെ സംഭവങ്ങള്‍ വിശദമായി പറയുകയും, അതിനിടയ്ക്ക് കഴിഞ്ഞുപോകുന്ന ഒരു നീണ്ട കാലത്തെ സംഭവങ്ങള്‍ പലരുടെയും ഓര്‍മ്മയില്‍നിന്ന് പകര്‍ത്തുകയുമാണ്. സ്വാഭാവികമായും ആ കാലത്തെ സംഭവങ്ങള്‍ക്ക് മൂര്‍ച്ച കുറയും. അത് ഞാൻ ഉദ്ദേശിച്ചതുതന്നെയാണ്. ഈ നോവലിലെ, ഓര്‍മ്മയില്‍നിന്ന് പലതും വിട്ടുപോയ ഒരു കഥാപാത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ പലയിടത്തും പൊളിഞ്ഞു കിടക്കുന്ന ഒരു വേലിപോലെയാണ് ഇതിന്റെ രചനാതന്ത്രവും. വേലിയുള്ളിടത്ത് വളരെ സ്പഷ്ടമായ ചിത്രങ്ങള്‍ കാലത്തിന്റെ വേലി പൊളിഞ്ഞു കിടക്കുന്നിടത്തെത്തുമ്പോൾ അവ്യക്തവും ഒരു പരിധിവരെ അമൂര്‍ത്തവുമാകുന്നു. നോവലിലെ ഭാഷ ഉപയോഗിച്ചാല്‍, 'കയറഴിച്ചുവിട്ട പശുക്കളെപ്പോലെ ഓര്‍മ്മകൾ ഓടിരക്ഷപ്പെട്ടിരിക്കുന്നു.'
അനാവശ്യവും സുദീര്‍ഘങ്ങളുമായ വര്‍ണ്ണനകളും വിശേഷണങ്ങളും ചില പ്രത്യേക മുഹൂര്‍ത്തങ്ങളെ വായനക്കാരിലേയ്ക്ക് എത്തിക്കാനുള്ള വ്യഗ്രതയിൽ കുത്തിനിറയ്ക്കുന്ന വിരസങ്ങളായ വിവരണങ്ങളും വളരെ അരോചകമായി എനിക്കു തോന്നാറുണ്ട്. അങ്ങിനെയുള്ള നോവലുകളില്‍ ഖണ്ഡികകള്‍ തന്നെ ഒഴിവാക്കി വായിച്ചാലും വായനക്കാരന് നഷ്ടമൊന്നും ഉണ്ടാവാൻ പോകുന്നില്ല. ആ തരത്തിലുള്ള 'സാഹിത്യം' ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്. ഏതാനും വരകളില്‍ ഒരു ചിത്രത്തിന്റെ ആത്മാവ് ദൃശ്യമാകുന്നില്ലെങ്കില്‍ ആ ചിത്രകാരൻ ഒരു പരാജയമാണ്. അതുപോലെത്തന്നെയാണ് സാഹിത്യത്തിലും. ഒന്നോ രണ്ടോ വാക്കുകളില്‍ അല്ലെങ്കിൽ വാക്യത്തിൽ വായനക്കാരന്റെ മനസ്സിൽ ചിത്രമുണ്ടാക്കാന്‍ കഴിയണം. അങ്ങിനെയാണ് ഈ നോവലിന്റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്. അതുകൊണ്ട് തുടര്‍ച്ചയായ, താളം തെറ്റാത്ത വായന സാദ്ധ്യമാണ്. ഒന്നും ഒഴിവാക്കേണ്ടി വരില്ലെന്നര്‍ത്ഥം.
ഒരു കാലത്ത് പ്രബലമായിരുന്ന നായര്‍ സമുദായത്തിന്റെ പടിപടിയായിട്ടുണ്ടായ അധഃപതനവും താഴെ നിന്നിരുന്ന സമുദായങ്ങളുടെ ഉദ്ഗതിയും ഉണ്ടായ ഒരു കാലഘട്ടമാണ് നോവലിലേത്. ആ വീഴ്ചയില്‍നിന്ന് എഴുന്നേല്‍ക്കാൻ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിയ്ക്കാകട്ടെ പാരമ്പര്യത്തെയും തലമുറകളായി ആദരിച്ചുവന്ന പല വിശ്വാസങ്ങളേയും ധിക്കരിക്കേണ്ടിവരുന്നു. ധീരമായ മനസ്സോടെ അവള്‍ അതു ചെയ്യുമ്പോൾ തറവാട്ടിന്റെ ഇരുണ്ട ഉള്‍ഭാഗങ്ങളില്‍നിന്ന് ചീഞ്ഞുതുടങ്ങിയ ഒരു വ്യവസ്ഥിതി മാറ്റത്തിന്റെ വെളിച്ചത്തിന് ഇടം നൽകി ഒഴിഞ്ഞു പോകുകയാണ്. ആധുനിക പദാവലിയുടെ ചുവടുവച്ച് ഇതൊരു ദളിതന്റെ കഥ കൂടിയാണെന്നു പറയാം. എനിക്ക് ദളിതന്‍ എന്ന വാക്കിനോട് പ്രതിപത്തിയില്ല. വര്‍ഗ്ഗീകരണം എത്രയും കുറയ്ക്കാൻ പറ്റുമോ അത്രയും നല്ലതാണ്. ലോകത്തെമ്പാടും രണ്ടു വര്‍ഗ്ഗങ്ങളെ ഉള്ളു. ഒന്ന് സമ്പന്നരുടെ വര്‍ഗ്ഗം, രണ്ട് നിസ്വരുടെ വര്‍ഗ്ഗം. നിസ്വനെ സമ്പന്നന്‍ അടക്കി ഭരിക്കുന്നത് സമ്പത്തുകൊണ്ടും അതുകൊണ്ട് നേടുന്ന അധികാരം കൊണ്ടും മാത്രമാണ്. അതുകൊണ്ട് ഇതുരണ്ടും നേടുക മാത്രമേ അവര്‍ക്ക് മോചനമാര്‍ഗ്ഗമുള്ളു. എന്റെ കഥാപാത്രം ഒരു പുലയനാണ്. പക്ഷേ അയാള്‍ അതിൽ ഊറ്റം കൊള്ളുകയോ അതൊരു അവശനിലയായി കണക്കാക്കി അതില്‍ പരിതപിക്കുകയോ ചെയ്യുന്നില്ല. താന്‍ നില്‍ക്കുന്നിടത്തുനിന്ന് ഉയരാനായി അവന്‍ ശ്രമിക്കുന്നുണ്ട്, അദ്ധ്വാനിക്കുന്നുണ്ട്.
ജീവിച്ചിരുന്നതോ ജീവിച്ചിരിക്കുന്നതോ ആയ ഒരു വ്യക്തിയേയും ഞാന്‍ മാതൃകയായി സ്വീകരിച്ചിട്ടില്ല. (വി.ടി. ഭട്ടതിരിപ്പാടിന്റെ കാര്യം മാത്രമേ ഇതിനൊരപവാദമായിട്ടുള്ളൂ. അദ്ദേഹം നേരിട്ട് നോവലില്‍ പ്രത്യക്ഷപ്പെടുന്നു.) പക്ഷേ ഇതിലെ ഓരോ കഥാപാത്രവും നോവലിന്റെ കാലഘട്ടത്തില്‍ ജീവിച്ചുമരിച്ച നിരവധി പേരുടെ പ്രതിനിധിയാണ്. അവര്‍ നമ്മുടെ സാമൂഹികചരിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു കാലയളവില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുള്ളവരാണ്. നല്ലതിനോ ചീത്തയ്‌ക്കോ എന്നത് ഇവിടെ പ്രസക്തമല്ല.
പെണ്‍വാണിഭവും സ്ത്രീപീഡനവും ഒന്നല്ല. പെണ്‍വാണിഭം സംഘടിതമാഫിയയുടെ പ്രവര്‍ത്തനമാണ്. അളവറ്റ പണമുണ്ടാക്കാനുള്ള അവരുടെ ശ്രമത്തില്‍ സ്ത്രീകൾ മാത്രമല്ല ബാലന്മാരും ഒരു പരിധിവരെ പുരുഷന്മാരും ഇരകളാകുന്നുണ്ട്. എന്റെ നോവലില്‍ ഈ വിഷയം സ്പര്‍ശിക്കുന്നില്ല, കാരണം അമ്പതുകളിലും അറുപതുകളിലും കേരളത്തില്‍ വനംകൊള്ളക്കാരും അതുപോലുള്ള പ്രാദേശിക കൂട്ടുകൃഷികളുമല്ലാതെ സജീവമായ സംഘടിതമാഫിയകള്‍ ഇല്ലായിരുന്നു. അവിടെ ജന്മിമാരും അവരാല്‍ ചൂഷണം ചെയ്യപ്പെട്ട പാവപ്പെട്ടവരുമായിരുന്നു. അതില്‍ സ്ത്രീപുരുഷനെന്ന ഭേദമുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെട്ട ഒരു വര്‍ഗ്ഗം. ഈ സ്ഥിതിവിശേഷം ക്രമേണ മാറിവരുന്നത് നോവലില്‍ കാണാം. സമുദായത്തിന്റെ അടിത്തട്ടിലുള്ളവര്‍ ആത്മാഭിമാനത്തോടെ ഉയിര്‍ത്തെഴുന്നേറ്റു വരുന്ന കാഴ്ച ഇതിലുണ്ട്. ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന സ്വാതന്ത്ര്യസമരവും ശ്രീനാരായണഗുരു, അയ്യങ്കാളി, പണ്ഡിറ്റ് കെ.പി. കറുപ്പന്‍, സഹോദരന്‍ അയ്യപ്പൻ, കേളപ്പജി എന്നിവരുടെ പ്രബോധനങ്ങളും വിദ്യാഭ്യാസംകൊണ്ട് പ്രബുദ്ധരായ ഒരു ജനതയും ഇതിന് കാരണക്കാരാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും വലിയൊരളവില്‍ അതിന് ആക്കം കൂട്ടുകയുണ്ടായി. എന്തുദ്ദേശ്യം ലാക്കാക്കിയായിരുന്നാലും ക്രിസ്റ്റ്യന്‍ പാതിരിമാരുടെ പ്രവര്‍ത്തനങ്ങളും ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ സഹായിച്ചു.
സ്ത്രീ അവളുടെ ശരീരം പുരുഷമേല്‍ക്കോയ്മയ്‌ക്കെതിരെയുള്ള ആയുധമാക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട് ഈ നോവലില്‍. പുറമെനിന്ന് നോക്കുമ്പോള്‍ സ്ത്രീപീഡനമെന്നു തോന്നാവുന്ന സംഭവങ്ങള്‍ ശരിക്കും അവസാനത്തെ അപഗ്രഥനത്തിൽ പുരുഷപീഡനമായി കലാശിക്കുന്നതാണ് കാണുന്നത്. ശാരീരികമായി ദുര്‍ബ്ബലമായൊരു വിഭാഗം പലപ്പോഴും നിലനില്പിന്റെ ഭാഗമായി, അല്ലെങ്കില്‍ ഭൗതികലാഭത്തിനായി പുരുഷന്റെ ദൗര്‍ബ്ബല്യത്തെ ചൂഷണംചെയ്യുകയാണ് ഇവിടെ. മനുഷ്യനെന്ന ജന്തുവര്‍ഗ്ഗത്തിന്റെ ഉദയംമുതൽ അതിജീവനത്തിന്റെ ശാസ്ത്രം തന്നെ വികസിപ്പിച്ചെടുക്കുന്നതില്‍ സ്ത്രീവര്‍ഗ്ഗം വിജയിച്ചിരുന്നു. അതു കാലാകാലമായി പരിഷ്‌കരിക്കുന്നതിലും അവര്‍ അസാമാന്യകഴിവും മികവും കാണിച്ചു. സ്ത്രീയ്ക്കും ലൈംഗികതയുണ്ട്, അവളുടെതായ രുചിഭേദങ്ങളുണ്ട്, അവ കാലഹരണപ്പെട്ട സദാചാരബോധങ്ങള്‍ക്കും പുരുഷമേധാവിത്വത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കും അടിച്ചമര്‍ത്താൻ കഴിയാത്തവിധം വളരെ ശക്തമാണ് എന്ന് മലയാളത്തിൽ ആദ്യമായി പറഞ്ഞത് സ്ത്രീകള്‍ക്കു വേണ്ടി നിലകൊളളുന്നുവെന്ന് നടിക്കുന്ന പെണ്ണെഴുത്തുകാരോ സ്ത്രീ സംഘാടകരോ അല്ല, മറിച്ച് പെണ്ണെഴുത്തുകാരി എന്ന് വിളിക്കാന്‍ ആഗ്രഹിക്കാത്ത, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയാണ് എന്ന് ഓര്‍ക്കണം.
എന്റെ കഥകള്‍ പൊതുവെ സ്ത്രീപക്ഷകഥകളാണ്. ആ ചായ്‌വ് ഈ നോവലിലും കാണാം. പക്ഷേ പെണ്ണെഴുത്തുകാര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സ്ത്രീപ്രതികരണമാവണമെന്നില്ല ഇവിടെ. അതായത് പുരുഷന്‍ തൊടുമ്പോഴേയ്ക്ക് പുഴയില്‍പോയി ചകിരിയെടുത്ത് ഉരച്ച് തോലുവരെ കളയുന്ന കക്ഷിയല്ല അവളെന്നര്‍ത്ഥം. മറിച്ച് ലൈംഗികകാര്യങ്ങളില്‍ കുറേക്കൂടി പക്വത വന്നവള്‍. അത്ര പെട്ടെന്ന് വാടി വീഴുന്നവരല്ല ഈ നോവലിലെ സ്ത്രീകള്‍. അവള്‍ സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങളെപ്പറ്റി ബോധവതിയാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട കുടുംബബന്ധങ്ങളോ ഇറക്കുമതി ചെയ്ത പാപബോധമോ അതു നേടിയെടുക്കുന്നതില്‍നിന്ന് അവളെ പിന്‍തിരിപ്പിക്കുന്നില്ല. സ്വന്തം സ്വത്വം അംഗീകരിക്കപ്പെടണമെന്ന നിര്‍ബ്ബന്ധമുള്ളവള്‍. ചൂലെടുത്തുയര്‍ത്തി മുദ്രാവാക്യങ്ങൾ വിളിക്കുക എളുപ്പമാണ്, പ്രത്യേകിച്ചും നാം സത്യത്തില്‍നിന്ന് അകന്നു നില്‍ക്കുമ്പോൾ. ഒരു കാലഘട്ടത്തിന്റെ കഥയാണ് ഞാന്‍ എഴുതുന്നത്. അത് ചരിത്രമായതുകൊണ്ട് എത്രത്തോളം സത്യസന്ധമാകാമോ അത്ര യും ആകണമെന്ന് എനിക്ക് നിര്‍ബ്ബന്ധമുണ്ട്. അതിനെ വൈരുദ്ധ്യാത്മകഭൗതികവാദത്തിനോ സ്ത്രീസ്വത്വവാദത്തിനോ വേണ്ടി വളച്ചൊടിച്ചാൽ നാം ചരിത്രത്തില്‍നിന്ന് ഒന്നും പഠിക്കുന്നില്ലെന്നേ പറയാനുള്ളൂ. തത്വശാസ്ത്രങ്ങള്‍ മുരട്ടുവാദങ്ങളിൽ കുരുങ്ങിക്കിടക്കുമ്പോഴും ചരിത്രം മുന്നോട്ടു കുതിക്കുകയാണ്.
തലമുറകളായി സ്വന്തം ലൈംഗികത തിരിച്ചറിയാതെ, ഒരിക്കല്‍പ്പോലും രതിസംതൃപ്തി എന്തെന്നറിയാതെ, പുരുഷന്റെ അടിമയായി, വിവാഹമെന്ന വ്യവസ്ഥാപിത ലൈംഗികചൂഷണത്തിന്റെ ഇരകളായി മാത്രം ജീവിച്ചു മരിച്ചുപോയ കേരളത്തിലെ സതി-സാവിത്രിമാര്‍ക്ക് സാനുകമ്പം ഞാൻ ഈ നോവല്‍ സമര്‍പ്പിക്കുന്നു.