ഇ ഹരികുമാര്‍
അറുമുഖന് പേടി പിടിച്ചിട്ടുണ്ടാവുമെന്നാണ് പദ്മിനി കരുതിയത്. അങ്ങിനെയൊന്നുമല്ല കാര്യമെന്ന് അവനെ കണ്ടപ്പോൾ മനസ്സിലായി. അവൻ ഒരു പച്ചളിപ്പാമ്പിനെപ്പിടിച്ച് ഉയർത്തിക്കാട്ടുകയാണ്.
'കൊച്ചമ്പ്രാട്ടീ, ഒര് പച്ചളിപ്പാമ്പ്.'
പദ്മിനിയ്ക്ക് അറപ്പാണുണ്ടായത്. അവൾ പറഞ്ഞു.
'അതിനെ വലിച്ചെറിയ് അറുമുഖാ. അത് കടിക്കും.'
അറുമുഖൻ അതിനെ മുഖത്തിനെതിരെ പിടിച്ച് പരിശോധിക്കുകയാണ്. പാമ്പ് മരണഭയത്തോടെ അവന്റെ മെലിഞ്ഞ കൈകളിൽ ചുറ്റി.
'ഇത് കടിക്കൂലാ കൊച്ചമ്പ്രാട്ടീ.'
'അത് കണ്ണില് കൊത്തും. നീ അതിനെ വലിച്ചെറിയ്.'
അതൊരു കാവത്തിൻ വള്ളി പോലെ അറുമുഖന്റെ കയ്യിൽ ചുറ്റിപ്പിടിച്ചിരിക്കയാണ്. നല്ല ബുദ്ധി തോന്നിയെന്നു തോന്നുന്നു, അവൻ സാവധാനത്തിൽ അതിനെ കയ്യിൽനിന്ന് അടർത്തിയെടുത്ത് വേലിയിൽ പടർന്നുപിടിച്ച വള്ളികൾക്കു മീതെ വച്ചു. പാമ്പ് അവനെ കൗതുകത്തോടെ നോക്കി വലിയ ധൃതിയൊന്നും കാണിക്കാതെ ഇഴഞ്ഞുപോവുകയും ചെയ്തു.
'ന്റട്ത്ത് നെന്നെ കടിച്ച പാമ്പിന്റെ പടംള്ള പുസ്തകംണ്ട്.' പദ്മിനി പറഞ്ഞു.
'സ്‌കൂളീ പടിക്കണതാ?'
'പണ്ട് പഠിച്ചിര്ന്ന പുസ്തകാ. അതില് അണ്ണാൻണ്ട്, മൊയല്ണ്ട്, നരീം പുലീം ഒക്കെണ്ട്. നെനക്ക് കാണണോ?'
പാമ്പിന്റെയും അണ്ണാന്റെയും ഒക്കെ പടമുള്ള പുസ്തകം! അവനോടക്കാര്യം ആരും ഇതുവരെ പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കിൽ അവൻ പഠിത്തം തുടർന്നേനെ. ഒന്നാം ക്ലാസ്സിൽ കുറച്ചു ദിവസം ഇരുന്നപ്പോൾത്തന്നെ അവന് മതിയായി. ഉച്ചയ്ക്ക് പാൽപ്പൊടിയിട്ടു തിളപ്പിച്ചുണ്ടാക്കിയ പാൽ കുടിക്കാൻ കിട്ടുമെന്ന ഒരേ ഒരു കാര്യത്തിന് ദിവസം മുഴുവൻ ക്ലാസ്സുമുറിയിൽ ചടഞ്ഞിരിക്കുന്ന പരിപാടി അവന് ഇഷ്ടപ്പെട്ടില്ല. കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ടോ എന്നു നോക്കാനായി അവൻ ഒരാഴ്ച മഴകൊണ്ട് തണുത്തുവിറച്ച് സ്‌കൂളിൽ പോയി. അതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഒരു ദിവസം വെറുതെ പറമ്പിൽ അലഞ്ഞുതിരിഞ്ഞാൽ പഠിക്കാമെന്നവൻ മനസ്സിലാക്കി. പോരാത്തതിന് ഒരു ഗ്ലാസ്സ് പാലിനുവേണ്ടി സ്വാതന്ത്ര്യം പണയംവയ്ക്കാൻ അവൻ തയ്യാറായതുമില്ല. പിന്നെ അങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല.
അവൻ തലയാട്ടി.
'എന്നാ വാ, ഞാൻ എടുത്തുകൊണ്ടരാം.'
പദ്മിനി ഓടിപ്പോയി. അകത്തു തപ്പി പുസ്തകമെടുത്തു കൊണ്ടുവന്നപ്പോഴേയ്ക്കും അറുമുഖൻ പടി കടന്ന് മുറ്റത്തേയ്ക്കുള്ള നടപ്പാതയിലെത്തിയിരുന്നു. പദ്മിനി രണ്ടാം ക്ലാസ്സിൽ പഠിച്ച പുസ്തകമായിരുന്നു അത്. പുസ്തകം തുറന്ന് പാമ്പിന്റെ പടമുള്ള പേജെടുത്ത് അവൾ അറുമുഖനെ കാണിച്ചു. അവന്റെ കണ്ണു തള്ളിപ്പോയി. ചിത്രത്തിന്റെ ചുവട്ടിൽ പാമ്പ് എന്നെഴുതിയതു ചൂണ്ടിക്കാട്ടി അവൻ ചോദിച്ചു.
'ഇത് പാമ്പ്ന്ന് എയ്തീതാ?'
അവന് എഴുതാനും വായിക്കാനും ഒട്ടും അറിയില്ലെന്ന ധാരണ പദ്മിനിയ്ക്കുമുണ്ടായിരുന്നില്ല. അവൾ ചോദിച്ചു.
'അപ്പൊ നെനക്ക് എഴുതാനും വായിക്കാനും ഒട്ടും അറീല്ലേ?'
അവൻ ഇല്ലെന്ന് അല്പം ദൈന്യതയോടെ തലയാട്ടി.
'നെനക്ക് പഠിക്കണോ അറുമുഖാ?'
അറിവു നേടുന്നതിന്റെ വിഷമമാർഗ്ഗങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും അവൻ കുറച്ചുനേരം വിചിന്തനം നടത്തി. അതിന്റെ ഒടുവിൽ പറഞ്ഞു.
'കൊച്ചമ്പ്രാട്ടി പടിപ്പിക്ക്യാച്ചാല് ഞാൻ പടിക്കാം.'
'നോക്കട്ടെ. ഞാൻ മണ്ടമ്മാരെ പഠിപ്പിക്കാറില്ല. അതുകൊണ്ട് മണ്ടനല്ല എന്നത് ഒരാഴ്ചക്കുള്ളിൽ തെളിയിക്കണം. പിന്നെ നീ എന്നേക്കാൾ മൂന്നു വയസ്സിന് മൂത്തതാണെങ്കിലും ഗുരുനാഥ എന്ന നിലയ്ക്ക് എനിക്ക് ദക്ഷിണ തരണം.'
'ദഷ്ഷിണാന്ന് വച്ചാല്?'
'ദഷ്ഷിണയല്ല, ദക്ഷിണ.' അതെന്താണ്, എന്തിനാണ് എന്ന് അവൾക്കും വലിയ രൂപമില്ല. 'ഒരു വെറ്റിലയും അടക്കേം വേണം. അതിന്റെ എടേല് അരയണ വെച്ച് എനിക്ക് തന്നിട്ട് എന്റെ കാല് തൊട്ട് നിറുകേല് വയ്ക്ക്യാ. അതാണ് ദക്ഷിണ.'
'ന്റേല് ഒരു മുക്കാല്ണ്ട്.' അവൻ ട്രൗസറിന്റെ പോക്കറ്റിൽ നിന്ന് ഒരു ഓട്ടമുക്കാലെടുത്തു പൊക്കിക്കാട്ടി. പദ്മിനി നോക്കി. പകുതിയെങ്കിൽ പകുതി. ഇനി കണ്ടോറമ്പക്കാവിലെ ഭഗവതിയ്ക്കു വഴിപാടു കൊടുക്കാൻ ഒരു മുക്കാലുംകൂടി മതിയല്ലൊ.
'നീ നിക്ക്, ഞാൻ വെറ്റിലീം അടയ്ക്കീം കൊണ്ടരാം.' അവൾ അകത്തേയ്‌ക്കോടി. വിജയൻമാമയുടെ ചെല്ലം പടിഞ്ഞാറ്റയിലിട്ട ബെഞ്ചിന്മേലാണിരിക്കുന്നത്. ജനലില്ലാത്ത മുറിയാണ് പടിഞ്ഞാറ്റ. പുറത്തെ വെളിച്ചത്തിൽനിന്ന് വരിക കാരണം അവളുടെ കണ്ണ് മഞ്ഞളിച്ചിരുന്നു. അവൾ തപ്പി ചെല്ലമെടുത്ത് തുറന്ന് വാതിലിന്റെ വെളിച്ചത്തിൽ കൊണ്ടുവന്ന് ഒരു വെറ്റിലയും പകുതി അടയ്ക്കയും എടുത്തു. അറുമുഖൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
'നീ കെഴക്കോട്ട് തിരിഞ്ഞ് നിക്ക്.' വെറ്റിലയും അടയ്ക്കയും കൈയ്യിൽകൊടുത്ത് പദ്മിനി പറഞ്ഞു.
'ങാ, ഇനി മുക്കാല് അതിന്റെ നടൂല് വെച്ചിട്ട് ന്റെ കയ്യീത്താ. ന്ന്ട്ട് ന്റെ കാല് തൊട്ട് നെറുകേല് വെയ്ക്ക്.'
അറുമുഖൻ പദ്മിനി പറഞ്ഞതുപോലെ ചെയ്തു, ഗുരുമുഖത്തുനിന്ന് ഇനി എന്താണ് വരാൻ പോകുന്നതെന്നറിയാൻ കാത്തുനിന്നു.
'ഞാപ്പൊ വരാം. ഇതൊന്ന് കൊണ്ടേയ്ക്കട്ടെ.' അവൾ അകത്തേയ്‌ക്കോടി. വിജയൻമാമ ചെല്ലം അന്വേഷിക്കുമ്പോഴേയ്ക്ക് വെറ്റിലയും അടയ്ക്കയും അതിന്റെ സ്ഥാനത്തുതന്നെ കൊണ്ടുപോയി വച്ചില്ലെങ്കിൽ അവളുടെ ഗുരുസ്ഥാനം അടിയിലായിരിക്കും കലാശിക്കുക. ആ ഓട്ടമുക്കാൽ അവൾ അവളുടെ സഞ്ചിയിൽ നിക്ഷേപിച്ചു. അവൾ തിരിച്ചുചെന്നപ്പോൾ അറുമുഖൻ നിലത്തു കുമ്പിട്ടിരുന്ന് മണ്ണിൽ എഴുതുകയാണ്. എഴുത്തു നിർത്തി അവൻ അവളെ നോക്കി ചിരിച്ചു. ചൂലിന്റെ പാട് മാഞ്ഞിട്ടില്ലാത്ത മണലിൽ അവൻ എഴുതിയിരിക്കുന്നു. 'പാമ്പ്.' പാമ്പിനെപ്പോലെ അല്പം ഇഴയുന്നുണ്ടെങ്കിലും അക്ഷരങ്ങളെല്ലാം ശരിയാണ്. അറുമുഖൻ അവന് ഇഷ്ടമുള്ള ജന്തുവിന്റെ പേരെഴുതി ഹരിശ്രീ കുറിച്ചിരിക്കയാണ്.
ദേവകി തുണിതിരുമ്പി തോരാനിട്ടു. വിറകുപുരയിൽനിന്ന് മടൽക്കഷ്ണങ്ങൾ കൊണ്ടുവന്ന് വീതനപ്പുറത്ത് അടുപ്പിന്റെ ചൂടേൽക്കുന്നിടത്ത് വച്ചു.
'അമ്രാളെ, ഞാൻ പത്തായപ്പൊരേല് അടിച്ചുവാരാൻ പോവാണ്.'
'ദേവകീ, നീയാ ചൂലൊന്ന് തട്ടിന്റെ മോളിലൊക്കെ ഓടിക്ക്. നെറയെ മാറാല്യാണ്. എടയ്‌ക്കൊക്കെ മോളിലും കണ്ണ് പോണം'
'അടിക്കാം മ്രാളെ.'
മനസ്സിൽ ചിരിച്ചുകൊണ്ട് ദേവകി പറഞ്ഞു. അവൾക്ക് പത്തായപ്പുരയിലെത്താൻ ധൃതിയായിരിക്കുന്നു. മോൾക്കുള്ള അരഞ്ഞാണം തട്ടാനെ ഏല്പിച്ചുവോ എന്നറിയണം.
'ദേവകീ നീ പോമ്പ പദ്മിനിയോട് വന്ന് കഞ്ഞി കുടിക്കാൻ പറേ. സ്‌കൂളില്ലെങ്കി പിന്നെ ഓൾക്ക് കഞ്ഞീം വേണ്ട, ഊണും വേണ്ട.'
'ങാ, മ്രാളെ.'
പദ്മിനി പടിക്കൽ ആ ചെറുമച്ചെക്കനുമായി സംസാരിച്ചുനിൽക്കുന്നത് ദേവകി തുണി തോരാനിടുമ്പോൾ കണ്ടിരുന്നു. അവൾ വിറകുപുരയിൽനിന്ന് ചൂലെടുത്ത് കിഴക്കെ മുറ്റത്തേയ്ക്കു നടന്നു. പദ്മിനി പടിക്കൽത്തന്നെയായിരുന്നു. അവൾ വിളിച്ചുപറഞ്ഞു.
'പദ്മിനിമോളെ, അമ്മ കഞ്ഞികുടിക്കാൻ വിളിക്ക്ണ്.'
പദ്മിനി ഒന്ന് തിരിഞ്ഞുനോക്കി, വീണ്ടും അറുമുഖനെ അക്ഷരം പഠിപ്പിക്കുന്നതിൽ വ്യാപൃതയായി.
പത്തായപ്പുരയുടെ കോണി കയറുമ്പോൾ അവളുടെ ഹൃദയം ശക്തിയായി മിടിച്ചു. തമ്പ്രാൻ ഇന്ന് എന്താണാവോ പറയുക? അവളുടെ കാലടിശബ്ദം കേട്ടിട്ടാവണം തമ്പ്രാൻ വിളിച്ചു പറഞ്ഞു.
'ദേവൂട്ടീ, ഇവിടെ വരു.'
അവൾ ചൂലുമായി മുറിയിലേയ്ക്കു കടന്നു. തമ്പ്രാൻ കട്ടിലിന്റെ തലപ്പത്ത് തലയിണ ചാരിവച്ച് കാലും നീട്ടി ഇരിക്കയാണ്.
'നെന്റെ മോള്ക്ക്ള്ള അരഞ്ഞാൺ ണ്ടാക്കാൻ ദാമോദരനോട് പറഞ്ഞിട്ട്ണ്ട്.'
ദേവകിയുടെ മുഖം വികസിക്കുന്നത് നോക്കി വിജയൻമേനോൻ പറഞ്ഞു. 'നീയാ ചൂല് നെലത്തിട്ട് ഇങ്ങട്ട് വാ.'
ദേവകി ചൂൽ ചുമരരികിൽ കൊണ്ടുപോയിവച്ചു കട്ടിലിന്നടുത്തു ചെന്നു.
'ഇവിടെ ഇരിക്ക്.'
അൽപം നീങ്ങിക്കിടന്ന് കിടക്കയിൽ സ്ഥലമുണ്ടാക്കി അയാൾ പറഞ്ഞു. ദേവകി സംശയിച്ചു.
'വേണ്ടമ്പ്രാ, ഞാവ്‌ടെ നിന്നോളാ.'
'ഞാൻ പറേണത് കേക്ക്, എന്താ ഇവിടെ എന്റടുത്ത് ഇരുന്നാൽ?' ദേവകിയുടെ കൈ പിടിച്ചുകൊണ്ട് വിജയൻമേനോൻ പറഞ്ഞു. അവൾ സംശയിച്ചുകൊണ്ട് കട്ടിലിന്റെ അറ്റത്ത് ഇരുന്നു. തമ്പ്രാൻ കെട്ടിപ്പിടിക്കുന്നതും ഉമ്മവെയ്ക്കുന്നതും ഒക്കെ ശരി, പക്ഷേ ഒപ്പം ഇരിക്കുക എന്നത് ശരിയാണോ? എത്ര വലിയ ആൾ.
'മുത്തരഞ്ഞാണാണ് ണ്ടാക്കാൻ പറഞ്ഞിട്ട്ള്ളത്. നല്ല കട്ടീല് പണിയാൻ പറഞ്ഞിട്ട്ണ്ട്. ഒന്നര പവനുണ്ടാവും. മുത്തുകള് ഞെണുങ്ങ്വൊന്നുംല്ല്യ.'
'ഇമ്പ്രാന്റെ ദയോണ്ട് ന്റെ മോക്ക് ഒരരഞ്ഞാണംണ്ടാവാൻ പോണ്.' അവൾ നന്ദിയോടെ അയാളെ നോക്കി. അയാൾ കൈനീട്ടി അവളെ അടുപ്പിച്ചു.
'അങ്ങന്യൊന്നും വിചാരിക്കണ്ട. നെനക്ക് എന്താ വേണ്ടത്ച്ചാല് എന്നോട് പറഞ്ഞാൽ മതി.'
അവൾ അയാളുടെ കൈകളിലായി. അവൾ ഇപ്പോൾ ഇരിക്കുകയല്ല അയാളോട് ചേർന്ന് പാതി കിടക്കുകയാണ്. അയാൾ അവളുടെ ഇടത്തെ തുടകൾ പിടിച്ച് കിടക്കയിലേയ്ക്കു കയറ്റി. അയാളുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾ ആർത്തിയോടെ പരതി. ദേവകി കണ്ണടച്ചു കിടക്കുകയാണ്. തനിക്ക് എന്തൊക്കെയോ സംഭവിക്കുന്നു. എന്താണെന്ന് വ്യക്തമല്ല. പക്ഷേ അവൾക്കത് ഇഷ്ടമാകുന്നുണ്ട്. ബ്ലൗസിന്റെ കുടുക്കുകൾ അഴിക്കുന്ന വിരലുകൾ തടയാൻ അവൾ ആഗ്രഹിച്ചു. പക്ഷേ കഴിയുന്നില്ല. അവളുടെ കൈകൾ അയാളുടെ പുറത്ത് വിശ്രമിക്കുകയാണ്. ബ്ലൗസിന്റെ കുടുക്കുകൾ മുഴുവൻ വിടുവിച്ച കൈകൾ ബോഡീസിന്റെ കെട്ടഴിക്കുകയാണ്. അവൾ ഒന്നുകൂടി ചേർന്നു കിടന്നു. അവളുടെ കൈകൾ അയാളുടെ പുറത്ത് അള്ളിപ്പിടിക്കുകയാണ്. വിജയൻമേനോന്റെ കൈകൾ വീണ്ടും താഴേയ്ക്ക് സഞ്ചരിച്ചു. മുണ്ടിന്റെ കുത്ത് അഴിയാൻ ധൃതിയായി അയഞ്ഞു കിടന്നു.
മുറ്റത്ത് ക്ലാസ്സു നടക്കുകയായിരുന്നു. അറുമുഖൻ നല്ല വിദ്യാർത്ഥിയാണെന്ന് പദ്മിനി കണ്ടു. പാമ്പ്, തത്ത, മൈന.... അറുമുഖന്റെ പദസമ്പത്ത് വർദ്ധിച്ചുവരുംതോറും അവൾക്ക് ഉത്സാഹം കയറി. ഇക്കണക്കിനു പോയാൽ നാട്ടിലുള്ള സകല മൃഗങ്ങളെയും അക്ഷരങ്ങളുടെ കൂട്ടിലാക്കി അടയ്ക്കാൻ അവന് എതാനും ദിവസങ്ങളെ വേണ്ടിവരൂ.
'അറമുകാ.....' നീലിയുടെ ശബ്ദം വേലിക്കൽനിന്ന് കേട്ടു.
'നെന്റെ അമ്മ വിളിക്കുന്നുണ്ട് അറുമുഖാ. ഇനി ബാക്കി പിന്നെ മതി.' ഹോംവർക് ചെയ്യാൻവേണ്ടി പുസ്തകം അറുമുഖനെ ഏൽപിച്ചശേഷം പദ്മിനി അടുക്കളയിലേയ്‌ക്കോടി.
കഞ്ഞി കുടിക്കുമ്പോൾ അവൾ പറഞ്ഞു.
'അമ്മേ എനിക്കൊരു മുക്കാല് തരണം.'
'എന്തിനാ?'
'ഭഗവതിയ്ക്ക് വഴിപാട് നേർന്നിട്ടില്ലേ, അരയണ. ഒരു മുക്കാല് കിട്ടീട്ട്ണ്ട്.'
'എവിട്ന്ന്?'
'എനിക്ക് ഗുരുദക്ഷിണ കിട്ടീതാ.'
'ഗുരുദക്ഷിണ്യോ?'
'അതെ അമ്മെ, ഗുരുദക്ഷിണ.'
കാര്യമറിഞ്ഞപ്പോൾ അവർ ദേഷ്യപ്പെടുകയാണ് ചെയ്തത്.
'പാവം ആ ചെക്കൻ മിട്ടായി വാങ്ങാൻ കരുതിവച്ചതായിരിക്കും. എന്തിനാ അത് വാങ്ങീത്? അത് പ്പൊത്തന്നെ തിരിച്ചുകൊടുക്ക്.'
'പക്ഷെ അമ്മേ അത് അവനെ രക്ഷിക്കാൻവേണ്ടി വഴിപാട് നേർന്നതല്ലെ?'
'അതിന് അവന്റെ അടുത്ത്ന്നാണോ വാങ്ങ്വാ? നമ്മടെ രണ്ടാളടേംകൂടി വഴിപാടിന്ള്ള ഒരണ ഞാൻ ഭഗവതീടെ പടത്തിന്റെ മുമ്പില് വച്ചിട്ട്ണ്ട്. വഴിപാട് നേർന്നാ അപ്പത്തന്നെ പണം മാറ്റിവയ്ക്കണം, പിന്നെ അതുപയോഗിക്കാനൊന്നും പാടില്ല. നീ ഇപ്പത്തന്നെ ആ പണം അവന് തിരിച്ചുകൊടുക്കണം.'
'ഞാൻ പിന്നെ കൊടുക്കാം അമ്മെ. അവൻ കൊറച്ച് കഴിഞ്ഞാല് വരും.'
'ആട്ടെ നീ എന്തിനാ അവന്റട്ത്ത്ന്ന് പണം വാങ്ങീത്?'
'ഗുരുദക്ഷിണ്യാ അമ്മേ. ഞാനവന് പാഠം പഠിപ്പിച്ചു കൊടുക്ക്വാണ്.'
കുനിഞ്ഞിരുന്ന് കഞ്ഞി കുടിക്കന്ന മകളെ പാറുവമ്മ നോക്കി. അവളുടെ മാറിൽ അല്പം തുടുപ്പു കാണുന്നത് അവരെ അസ്വസ്ഥയാക്കി. അവൾക്ക് ഈ വരുന്ന മിഥുനത്തിൽ പതിനൊന്നു തികയും. പിന്നെ വയസ്സറിയിക്കാൻ വലിയ താമസമൊന്നുമുണ്ടാവില്ല.
'നീ എന്താണ് ബ്ലൗസിടാതെ നടക്ക്ണത്. രാവിലെ നല്ല തണുപ്പ്ണ്ട്.'
'വീട്ടീന്ന്ടണ ബ്ലൗസൊക്കെ കീറീരിക്കുണു അമ്മെ.'
'ഞാന്താ ചെയ്യാ. നെന്റെ മാമയോട് എത്ര്യായി പറേണു. ഇവ്ടത്തെ കാര്യങ്ങള് നടത്താൻ ഞാനിനി കക്കാൻ പോണ്ടിവരും. അപ്പൂട്ടി പാട്ടം അളക്ക്ണതോണ്ട് പട്ടിണിയില്ല. അല്ലെങ്കിൽ റേഷൻ തൊട്ട് വാങ്ങണ്ടി വര്വായിരുന്നു. അതെങ്കിലും നിക്കാഞ്ഞാ മത്യായിരുന്നു. നീയാ കീറ്യേ ബ്ലൗസൊക്കെ ഒന്ന് എടുത്തുവയ്ക്ക് ഞാൻ സമയം കിട്ടുമ്പോ തുന്നിത്തരാം. പിന്നെ ആ ചെക്കന്റെ മുമ്പില് ബ്ലൗസിടാണ്ടെ നിക്കര്ത്.'
അവൾക്ക് അമ്മ പറയുന്നത് മനസ്സിലായില്ല. അവൾ ചോദിച്ചു.
'അതോണ്ടെന്താ അമ്മെ?'
'ഞാൻ പറേണതങ്ങട്ട് കേട്ടാ മതി. നീ പോയിട്ട് അവനോട് കഞ്ഞികുടിക്കാൻ വരാൻ പറേ.'