ഇ ഹരികുമാര്‍
രാഘവൻ നായർ രാവിലെത്തന്നെ പെങ്ങളുടെ വീട്ടിലെത്തി. തലേന്നു രാത്രിയുണ്ടായ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം. അതിനു ശേഷം മതി ചന്ദ്രേട്ടനോടു പറയണോന്ന് തീരുമാനിക്കുക. ചന്ദ്രേട്ടന് വിജയൻമേനോന്റെ കാര്യത്തിൽ അതൃപ്തിയുണ്ട്. മൂപ്പര് തന്നെപ്പോലെയല്ല തീരെ മയമില്ലാത്ത സംസാരമാണ്. ഒത്തുതീർപ്പിനു പകരം എല്ലാം അവസാനിപ്പിക്കുകയെ ഉണ്ടാവൂ. അതു സ്വയം അറിയാവുന്നതുകൊണ്ട് ചന്ദ്രേട്ടൻ വിജയൻമേനോന്റെ വീട്ടിൽ പോകാറില്ല. അവരുടെ വീട്ടിൽ പോയാൽ മനസ്സിലാവും നാഥനില്ലാതെ കിടക്കുന്ന വീടും പറമ്പുമാണെന്ന്. ഒരു നാലേക്കർ പറമ്പ് നോക്കി നടത്താൻ ആവുന്നില്ലെങ്കിൽ എന്തു മനുഷ്യനാണയാൾ?
വസുമതി ആകെ വിഷമിച്ചിരിക്കയായിരുന്നു. രാത്രി വാതിലടച്ചശേഷം അവൾക്കുറക്കം വന്നില്ല. കുറച്ചു കഴിഞ്ഞ് റാന്തലുമായി വാതിൽ തുറന്നു നോക്കിയപ്പോൾ ആൾ കോലായുടെ അറ്റത്ത് വെറും നിലത്ത് കിടന്നുറങ്ങുകയാണ്. അവൾ ധർമ്മസങ്കടത്തിലായി. വിളിച്ച് താങ്ങി അകത്തു കടത്തിയാൽ മൂപ്പരതൊരു അംഗീകാര ലക്ഷണമായി കണക്കാക്കും. ഇതെല്ലാം ഇനിയും ആവർത്തിക്കും. ഇപ്പോൾ കുറച്ച് കടുത്തു പെരുമാറുക തന്നെയാണ് നല്ലത്. കുടിച്ചു വന്നാൽ സ്ഥാനം പുറത്താണെന്ന് അസന്നിഗ്ദമായി കാണിച്ചുകൊടുക്കണം. ഒരു പുതപ്പെടുത്തു പുതപ്പിച്ചു കൊടുത്താലോ എന്നാലോചിച്ചതാണ്. കുറച്ചു കഴിഞ്ഞാൽ തണുത്ത പാലക്കാടൻ കാറ്റ് തുടങ്ങും. വേണ്ട, പഠിക്കട്ടെ.
'ഇന്നലെ ഇവിട്ന്ന് എറങ്ങ്യപ്പൊ ഞാൻ കണ്ടതാ ആകെ ഛർദ്ദിച്ച് കെടക്കണത്. ഞാനും ശ്രദ്ധിക്കാൻ പോയില്ല. വല്ല അസുഖോം ആയി കെടക്ക്വാണെങ്കിൽ ഞാൻ എടുത്തു കൊണ്ടന്നേനെ. ഇതെല്ലാം സ്വയം വരുത്തിത്തീർക്കണ അനർത്ഥങ്ങളാണ്, അതെല്ലാം സ്വന്തം അനുഭവിക്ക്യന്നെ വേണം. അതിനെടേല് നീയ് വന്നുപെട്ടൂലോന്നാ ന്റെ വെഷമം.'
'സാരല്ല്യ, ഏട്ടൻ വെഷമിക്കണ്ട. ന്റെ തലേല് എഴുതീട്ട്ണ്ടാവും. എന്തായാലും ഇന്ന് വരുമ്പൊ ഞാൻ സംസാരിക്കാൻതന്നെ തീർച്ചയാക്കീട്ട്ണ്ട്. കുടിച്ചിട്ട് വര്വാണെങ്കില് അകത്ത് കടത്തില്ലാന്ന് പറേം. മാത്രല്ല പിന്നെ ഇങ്ങട്ട് വരണ്ടാന്നും.'
'അതാ നല്ലത്. എന്റീം ചന്ദ്രേട്ടന്റീം കാലം കഴിയണവരെ നെനക്ക് ഒരു വെഷമൂംണ്ടാവില്ല. പിന്നെ മക്കള് വലുതാവുകയല്ലെ. അവര് അമ്മേ നോക്കിക്കോളും.'
'അതെനിക്കറിയാം. ആ ഒരു ധൈര്യത്തിലാ ഞാൻ ജീവിക്കണത്.'
'ഈ കാര്യം ഞാൻ ചന്ദ്രേട്ടനോട് പറഞ്ഞിട്ടില്ല. മൂപ്പര്‌ടെ സ്വഭാവം നെനക്കറിയാലോ. നീ കൊറച്ച് ചായണ്ടാക്ക്, ഞാൻ പറമ്പിലൊന്ന് നടന്നിട്ട് വരാം. വേലു തേക്കു കഴിഞ്ഞ് പോണേന്റെ മുമ്പെ കാണണം. തെക്കേ പറമ്പിലെ തൈതെങ്ങ്കൾക്ക് നന തൊടങ്ങണംന്ന് പറയണം. ത്‌ലാവർഷത്തിന്റെ വെള്ളൊക്കെ എവിടെ പോയീന്നറീല്ല. നന ചെന്നില്ലെങ്കില് ആ തൈയ്യെല്ലാം പോയിക്കിട്ടും.'
രാഘവേട്ടൻ പോയപ്പോൾ വസുമതി തലയിൽ കൈയ്യുംവച്ച് കുറച്ചുനേരം ഇരുന്നു. അപ്പോൾ ഏട്ടൻ അതെല്ലാം അറിഞ്ഞിരിക്കുന്നു. അവൾക്ക് ജാള്യത തോന്നി. ആരും അറിയരുതെന്നുണ്ടായിരുന്നു അവൾക്ക്. ഒറ്റയ്ക്ക് ഈ പ്രശ്‌നം കൈകാര്യം ചെയ്യണമെന്ന ആഗ്രഹം. രാവിലെ അഞ്ചുമണിയ്ക്കു വാതിൽ തുറന്നു നോക്കിയപ്പോൾ വിജയേട്ടൻ പോയിരിക്കുന്നു. അവൾക്ക് ആശ്വാസമായി, കാരണം അഞ്ചരമണിക്കുതന്നെ തങ്കം എത്തി അടിച്ചുവാരാൻ തുടങ്ങും. മുറ്റമടി കഴിഞ്ഞാൽ അവൾ കിണറ്റിൽനിന്ന് വെള്ളം കോരി കുളിമുറിയിലെ സിമന്റുതൊട്ടിയിൽ നിറയ്ക്കും. നാലുപേരുടെയും കുളി കുളിമുറിയിൽനിന്നാണ്. കിണറ്റിൽ നിന്ന് വെള്ളം മുക്കുന്ന ശബ്ദം കേട്ടാൽ വസുമതി ഉണരും. അടുക്കളയുടെ പുറത്തേയ്ക്കുള്ള വാതിൽ തുറന്നിട്ട് വരാന്തയിലെ ബക്കറ്റിൽ തങ്കം പിടിച്ചുവച്ച വെള്ളവുമെടുത്ത് പടിഞ്ഞാറെ പറമ്പിലുള്ള കക്കൂസിലേയ്ക്കു നടക്കും.
വിജയേട്ടൻ തങ്കം വരുന്നതിനുമുമ്പുതന്നെ പോയതു നന്നായി. അല്ലെങ്കിൽ അത് അങ്ങാടിപ്പാട്ടാവും. പക്ഷേ തനിക്കു നഷ്ടപ്പെട്ടത് സംസാരിക്കാനുള്ള അവസരമായിരുന്നു. വരട്ടെ ഇന്നു വൈകുന്നേരവും സമയണ്ടല്ലൊ.
വിജയൻമേനോൻ ചെറിയൊരു പ്രശ്‌നവുമായി വീട്ടിലിരിക്കയാണ്. പകൽ കുറേ കാര്യങ്ങൾ ചെയ്തുതീർത്തു. പദ്മിനിയ്ക്കുള്ള രണ്ടു ജോടി പാവാടയും ബ്ലൗസും തുന്നിക്കാൻ കൊടുത്തു. മൂപ്പന്റെ സ്വർണ്ണക്കടയിൽനിന്ന് കല്ലുവച്ച വള വാങ്ങി. ഇനി ധൈര്യപൂർവ്വം വസുമതിയുടെ അടുത്തു ചെല്ലാം. തട്ടാൻ ദാമോദരന്റെ വീട്ടിൽ ചെന്നപ്പോൾ ദേവകിയുടെ കുട്ടിയ്ക്കുള്ള അരഞ്ഞാണം തയ്യാറായിരുന്നു. കുറേ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞ ഒരു ദിവസം. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പന്ത്രണ്ടു മണിയായി. പദ്മിനിയ്ക്ക് രണ്ടു ജോടി വസ്ത്രങ്ങൾ തുന്നിക്കാൻ കൊടുത്തിട്ടുണ്ടെന്നറിഞ്ഞപ്പോൾ പാറുവമ്മയ്ക്ക് സന്തോഷമായി. അവർ ഉച്ചയൂണിന് പ്രത്യേകമായി ഏട്ടന് ഇഷ്ടമുള്ള ഇഞ്ചിത്തൈരും ചെറിയ തോതിൽ ഇടിച്ചു പിഴിഞ്ഞ പായസവുമുണ്ടാക്കി. ഊണുകഴിഞ്ഞ് മുറുക്കിയ ശേഷം പത്തായപ്പുരയിൽ പോയി നല്ലൊരുറക്കവും കഴിച്ചു. നാലു മണിയ്ക്ക് എഴുന്നേറ്റ് പാറുവമ്മ തന്ന ചായയും കുടിച്ച് ഉമ്മറത്തിരിക്കുമ്പോഴാണ് അപ്പൂട്ടിയുടെ വരവുണ്ടായത്. അയാൾ രണ്ടു സഞ്ചിയും തൂക്കിയാണ് വന്നത്. വലിയ സഞ്ചി ഉമ്മറത്ത് വച്ച് അയാൾ പറഞ്ഞു.
'കുറച്ച് കാവത്താണ്. എലികള്‌ടെ ശല്യം കാരണം കെഴങ്ങ് നേരത്തെ കെളച്ചെടുത്തു. തിരുവാതിരയ്ക്ക് അധിക ദിവസംല്ല്യല്ലൊ.'
'പാറൂ....'
പാറുവമ്മ മേൽമുണ്ടിൽ കൈതുടച്ചുകൊണ്ട് വന്നു.
'ഇത് കൊറച്ച് കാവത്ത് കിഴങ്ങ് കൊണ്ടന്നതാണ് അപ്പൂട്ടി. എടുത്തു വച്ചിട്ട് സഞ്ചി തിരിച്ചു കൊടുത്തോളൂ.'
പാറുവമ്മ അകത്തു പോയപ്പോൾ അപ്പൂട്ടി സ്വരം താഴ്ത്തിക്കൊണ്ട് പറഞ്ഞു.
'സാധനം കൊണ്ടന്ന്ട്ട്ണ്ട്. എവിട്യാ വെക്കേണ്ടത്?'
വിജയൻമേനോന് കാര്യം മനസ്സിലായി.
'അത് ആ പത്തായപ്പെരേടെ കോണിച്ചോട്ടില് വെച്ചാമതി. ഞാൻ എടുത്തുവയ്ക്കാം.'
വിജയൻമേനോൻ ഒരു ധർമ്മസങ്കടത്തിലായി. ഇതെല്ലാം ഉപേക്ഷിച്ച് നല്ലവനാകുമെന്ന പ്രതിജ്ഞയെടുത്തപ്പോഴേക്ക് പ്രലോഭനങ്ങൾ കോണിച്ചോട്ടിലെത്തിയിരിക്കുന്നു. കോണി കയറി വരികയേ വേണ്ടു.
ഒരു മിനിറ്റുകൊണ്ട് അപ്പൂട്ടി തിരിച്ചെത്തി.
'അത് വേണ്ടിയിരുന്നില്ല അപ്പൂട്ടീ....'
സഞ്ചിയുമായി തിരിച്ചെത്തിയ പാറുവമ്മയ്ക്ക് ഏട്ടൻ പറഞ്ഞതെന്താണെന്ന് മനസ്സിലായില്ല. എല്ലാ കൊല്ലവും തിരുവാതിരയാവുമ്പോഴേയ്ക്ക് അപ്പൂട്ടി കാവത്തു കൊണ്ടുവരാറുണ്ട്. ഇനി തിരുവാതിരയ്ക്ക് രണ്ടു ദിവസംമുമ്പ് മൂത്ത നാലു കുല കായയുമായി വീണ്ടും വരും. ഈ പതിവ് എന്തിനാണ് വേണ്ടെന്നു പറയുന്നത്?
'തമ്പ്രാനെ, തെങ്ങിന്റെ തല്യൊക്കെ പോയിട്ട്ണ്ടല്ലൊ. ഒക്കെ പാറ്റത്തെങ്ങായിരിക്കുണു. ഒക്കെ വെട്ടി തയ്യ് നടണ്ട സമയായിരിക്കുണു.'
'എന്തെങ്കിലും ചെയ്യണം.' കസേലയുടെ കയ്യിന്മേൽ വച്ച വേഷ്ടിയെടുത്ത് തോളത്തിട്ട് വിജയൻമേനോൻ മുറ്റത്തേയ്ക്കിറങ്ങി.
സാധാരണ പതിവാണത്. അപ്പൂട്ടി വന്നാൽ അയാളുടെ ഒപ്പം പറമ്പിലൊക്കെ ഒന്ന് നടക്കും. നടാനായി പൂവൻ വാഴയുടെ കന്നൊ, വെണ്ടയുടെ വിത്തോ കൊണ്ടുവരാമെന്ന് അപ്പൂട്ടി പറയും. ചിലപ്പോൾ കൊണ്ടുവരികയും ചെയ്യും. ചാത്തയെ കിട്ടിയാൽ വാഴയ്ക്കുള്ള തടംകൂട്ടി അവനെക്കൊണ്ടുതന്നെ നടുന്ന ജോലിയും ചെയ്യിക്കും. പിന്നെ ശുശ്രൂഷയൊന്നുമുണ്ടാവില്ല. പൂവന് കുട്ടികളെപ്പോലെ നോട്ടം വേണം. അല്ലെങ്കിൽ അതു നശിക്കും.
'അത് വേണ്ടിയിരുന്നില്ല അപ്പൂട്ടി.' പറമ്പിലെത്തിയപ്പോൾ വിജയൻമേനോൻ പറഞ്ഞു. 'ഞാനത് നിർത്താൻ പോവ്വായിരുന്നു.'
'അങ്ങനെ നിർത്ത്വൊന്നും വേണ്ടമ്പ്രാനെ. ഇത് വിദേശിയാണ്. നല്ല വീര്യംള്ള സാധനാ. നല്ലോണം വെള്ളം ചേർത്ത് കുടിക്കണം. വിസ്‌കീന്ന് പറയും. തമ്പ്രാൻ കുടിച്ചിട്ട്ണ്ടാവും. എന്നും രാത്രി ഒരൗൺസ് കഴിക്കണത് ചോരയോട്ടത്തിനൊക്കെ നല്ലതാ.'
തനിക്ക് ചോരയോട്ടം കൂടുതലായിട്ടുള്ള പ്രശ്‌നമേയുള്ളൂ. എന്തായാലും രുചി നോക്കിക്കളയാം. ഇതുവരെ നാടൻ കളളും ചാരായവുമല്ലാതെ വിസ്‌കി കുടിച്ചിട്ടില്ല. ആ പോരായ്മയും ഇതോടെ തീർന്നോട്ടെ.
അങ്ങിനെയാണ് ആ നല്ല ദിവസത്തിന്റെ അന്ത്യമെങ്കിൽ എന്തു ചെയ്യാനാണ്? മനുഷ്യൻ ഓരോന്ന് ഗണിച്ചുണ്ടാക്കുന്നു, ദൈവം മറിച്ചും. പക്ഷേ രാത്രി ഊണിനായി താഴേയ്ക്കിറങ്ങിപ്പോകുന്നതിനു മുമ്പ് കുപ്പിയെടുത്തു നോക്കിയപ്പോൾ ഓർമ്മ വന്നത് വസുമതിയുടെ മുഖമാണ്. ഇന്നവളുടെ അടുത്ത് എന്തായാലും പോണം. തന്നെ നല്ലവണ്ണം മനസ്സിലാക്കിയ സ്ഥിതിയ്ക്ക് ഒരു മുറുക്കാനിലൊന്നും കള്ളിന്റെ മണം ഒളിപ്പിക്കാനാവില്ല. അല്ലെങ്കിൽ ഇന്ന് പോണ്ട എന്നു തീരുമാനിക്കേണ്ടി വരും. അത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയേ ഉള്ളു. രാവിലെത്തന്നെ പോകേണ്ടതായിരുന്നു. പക്ഷേ ധൈര്യമുണ്ടായില്ല. അളിയന്മാർ ഉണ്ടാകും. അവരുമായി ഒരു കൂടിക്കാഴ്ച ഇപ്പോൾ വയ്യ. ഇന്നു രാത്രിതന്നെ അവിടെ പോണം. തനിക്ക് വസുമതിയെ ഇന്നുതന്നെ വേണം. രാവിലെത്തന്നെ ഇഛാഭംഗമുണ്ടായതാണ്. ദേവകിയെ ഇനി മൂന്നു നാലു ദിവസത്തേയ്ക്ക് കിട്ടില്ല. എന്താണ് വേണ്ടത്? അര മണിക്കൂർ നേരത്തെ മാനസിക സംഘട്ടനത്തിനൊടുവിൽ വളരെ വിഷമത്തോടെ അയാൾ കുപ്പി പൊട്ടിക്കാതെ അലമാറിയിൽത്തന്നെ വച്ചുപൂട്ടി താഴേയ്ക്കിറങ്ങിപ്പോയി.
ഊണു കഴിഞ്ഞ് അയാൾ സാവധാനത്തിൽ ഭാര്യാവീട്ടിലേയ്ക്ക് പുറപ്പെട്ടു. വൈകീട്ട് എത്തിയാൽ മതി. വസുമതിയുമായുണ്ടായേക്കാവുന്ന ഏറ്റുമുട്ടലിന് സാക്ഷികൾ വേണമെന്നില്ല. കുട്ടികൾ നേരത്തെ ഉറങ്ങും. അപ്പോഴേയ്ക്ക് എത്തിയാൽ മതി.
വസുമതി നേരത്തെത്തന്നെ വാതിലടച്ചിരിക്കുന്നു. പതിവില്ലാത്തതാണ്. എട്ടു മണിക്കൊന്നും ആ വീട്ടിൽ വാതിലടയ്ക്കാറില്ല. അയാൾ ഉറക്കെ മുട്ടി. സാക്ഷ നീക്കുന്ന ശബ്ദം. വസുമതി വാതിൽ മുഴുവൻ തുറക്കാതെ നേരിയ വിടവുമാത്രം വച്ച് അതിലൂടെ റാന്തൽ ഉയർത്തി നോക്കി.
'ഊം?'
'വാതിൽ തുറക്ക് വസുമതി.'
'കുടിച്ചിട്ടാണോ?'
'അല്ല എന്റെ വസുമതി. എന്നെ വിശ്വസിക്ക്. ഞാനിനി കുടിക്കില്ല.'
'തീർച്ച്യാണോ?'
'അതെ, തീർച്ച.'
'മക്കളെ പിടിച്ച് സത്യടു.'
'മക്കളാണെ സത്യം ഞാനിനി കുടിച്ചിട്ട് ഇവിടെ വരില്ല.'
അയാൾ സത്യം ചെയ്യലിൽ അല്പം വെള്ളം ചേർത്തത് ഭാര്യ അറിഞ്ഞില്ല. കുടിക്കില്ല എന്നല്ല സത്യം ചെയ്തത്. കുടിച്ചിട്ട് ഇവിടെ വരില്ലെന്നാണ്. താൻ കള്ളസത്യമിട്ടതു കാരണം മക്കൾക്കൊന്നും പറ്റരുതെന്നുണ്ട് അയാൾക്ക്. അവൾ സംശയിച്ച് വാതിൽ തുറന്നു.
'മക്കളെവിടെ?'
'അവരുറക്കായി. സമയം എത്രായീന്നാ വിചാരം?'
അയാൾ തളത്തിലെ ഘടികാരത്തിലേയ്ക്കു നോക്കി. എട്ടര. കുട്ടികൾ ഉറങ്ങേണ്ട സമയം ആവുന്നേയുള്ളു. വസുമതി ഇന്ന് അവരെ നേരത്തെ കിടത്തി ഉറക്കിയതാവുമെന്ന് അയാൾക്കു തോന്നി. അയാൾ അകത്തു കടന്നു. വസുമതി റാന്തൽ നിലത്തുവച്ച് വാതിലടച്ചു കുറ്റിയിട്ടു. വിജയൻമേനോൻ ഭാര്യയെ പിന്നിൽനിന്ന് കെട്ടിപ്പിടിച്ചു. അവളുടെ ചന്തിയുടെ സമൃദ്ധിയിൽ അമരാൻ പക്ഷേ അയാൾക്ക് അവസരം ലഭിച്ചില്ല. വാതിൽ സാക്ഷയിട്ട ഉടനെ അവൾ തിരിഞ്ഞുനിന്ന് അയാളെ മാറ്റി.
'ഇനി ഇതൊന്നും വേണ്ട. ഒക്കെ കൂടീട്ടാണ് വേണ്ടാത്തതൊക്കെ ചെയ്യാൻ തോന്നണത്.'
'വസുമതി, ഞാൻ പറഞ്ഞില്ലെ, ഇനി കുടിക്കില്ല്യാന്ന്.'
അയാൾ കീശയിൽനിന്ന് ഒരു പൊതിയെടുത്തു.
'നിന്റെ ഉരുണ്ടു ഭംഗിള്ള കൈ നീട്ട്.'
'എന്തിനാ?'
അയാൾ പൊതി തുറന്ന് വള പുറത്തെടുത്തു.
'കല്ലുവെച്ച വള?'
വസുമതിയുടെ കണ്ണുകൾ വികസിച്ചു. അതു വാങ്ങാനായി കൈ നീട്ടിയപ്പോൾ അയാൾ തലയാട്ടി.
'നീ കൈനീട്ട്, ഞാനിട്ടുതരാം.'
അവൾ കൈ നീട്ടി. വളയിട്ടുകൊടുക്കുന്നതോടൊപ്പംതന്നെ അയാൾ ഭാര്യയെ അടുപ്പിച്ചു. വള കൈയ്യിൽ വന്നപ്പോഴാണ് താൻ ഭർത്താവിന്റെ കരവലയത്തിലായിട്ടുണ്ടെന്നും അയാൾ തന്നെ നിലത്തു കിടത്തിയിരിക്കയാണെന്നും വസുമതിയ്ക്കു മനസ്സിലായത്. അവൾക്ക് എതിർപ്പൊന്നുമുണ്ടായില്ല. അവൾ എല്ലാം മറന്ന് വളയുടെ ഭംഗിയിൽ ആകൃഷ്ടയായിരിക്കയാണ്. വിതിയുള്ള വളയിൽ വലിയ ചുവപ്പും പച്ചയും കല്ലുകൾ ഇടവിട്ട് പതിച്ചിരിക്കുന്നു. മൂത്ത ഏടത്തിയമ്മ കഴിഞ്ഞ ഓണത്തിന് പണിയിച്ച വളപോലെയുണ്ട്. അതിനേക്കാൾ കനംകൂടും. കാരണം തന്റെ കൈത്തണ്ടയ്ക്ക് വണ്ണം കൂടുതലാണ്.
ഭാര്യ ആഭരണത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരിക്കെ ഭർത്താവ് അവളെ വിവസ്ത്രയാക്കുകയാണ്.