|| Novel

കൊച്ചമ്പ്രാട്ടി

ഇ ഹരികുമാര്‍

- 15 -

വസുമതി ഇതൊക്കെത്തന്നെയാണ് പ്രതീക്ഷിച്ചത്. ഏട്ടൻ കേസു കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല.

'വേണ്ടേട്ടാ, എന്തിനാ ആ പെൺകുട്ടീടെ ശാപം വാരി തലേലിടണത്. ആ അമ്മേം മോളും തന്ന്യേള്ളൂ. അവരെ കോടതി കേറ്റണ്ട. നെലൊക്കെ പോയോടുകൂടി അവര് ഇപ്പത്തന്നെ പട്ടിണീലാന്നാ തങ്കം പറേണത്. എന്തെങ്കിലും ആയിക്കോട്ടെ. ഉള്ളതോണ്ട് അവര് കഴിഞ്ഞോട്ടെ.'

രാഘവൻ നായരും അത്ര ചീത്തയായിരുന്നില്ല. വർഷങ്ങൾക്കു ശേഷം ആ വീട്ടിൽ പോയപ്പോഴാണ് അവരുടെ സ്ഥിതി ഇത്ര മോശമാണെന്ന് മനസ്സിലായത്. അതിനെല്ലാം പ്രധാന കാരണക്കാരൻ വിജയൻമേനോൻ തന്നെയാണെന്ന് അറിയുമ്പോഴും എന്തിനാണയാൾ അതു ചെയ്തതെന്ന ചോദ്യം മറുപടി കിട്ടാതെ അയാളെ കുഴക്കുകയായിരുന്നു. നന്നായി ജീവിക്കാനുള്ള പരിതസ്ഥിതിയുണ്ടായിട്ടും ഒരാൾ വഴി തെറ്റി പോകുന്നത് രാഘവൻ നായർക്ക് ഒരു കാലത്തും മനസ്സിലായിരുന്നില്ല. കൂട്ടുകെട്ടല്ലെന്നറിയാം. വിജയൻമേനോന് നല്ലതോ ചീത്തയോ ആയി യാതൊരുവിധ കൂട്ടുകെട്ടും ഉണ്ടായിരുന്നില്ല. അമ്പലസെറ്റിലുംകൂടി മേനോനെ കാണാറില്ല. തനിക്കവിടെ കിട്ടിയ സ്വീകരണം മോശമായതിന് ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വിളക്കും താലവും പിടിച്ചുള്ള സ്വീകരണം താൻ പ്രതീക്ഷിച്ചിരുന്നോ?

അയാൾ പറഞ്ഞു. 'നിന്റെ ഇഷ്ടം പോലെ.'

അളിയന്റെ തറവാട്ടിലേയ്ക്കുള്ള യാത്ര അയാളുടെ മനസ്സമാധാനം കളഞ്ഞിരുന്നു. കൃഷിനെലം നഷ്ടപ്പെട്ടത് ഈ അടുത്ത കാലത്താണ്. ഒരു നാലോ അഞ്ചോ കൊല്ലമായിട്ടുണ്ടാവും. അതിനു മുമ്പും ആ പറമ്പിന്റെ സ്ഥിതി ഇങ്ങിനെയൊക്കെത്തന്നെയായിരുന്നു എന്നാണ് രാഘവൻ നായരുടെ ഓർമ്മ. പലപ്പോഴും അവരുടെ പറമ്പിൽ പോയി ജോലി ചെയ്യിക്കാൻ തോന്നാറുണ്ട്. അയാൾ അടിമുടി ഒരു കൃഷിക്കാരനായിരുന്നു. അങ്ങിനെയുള്ളവർക്ക് ഒരിഞ്ചു സ്ഥലം വെറുതെയിടുന്നത് സഹിക്കാനാവില്ല. വടക്കെക്കുളത്തിനു പുറമെ തെക്കു കിഴക്കായി മറ്റൊരു കുളവുമുണ്ട് ആ പറമ്പിൽ. ചെറുതാണെങ്കിലും അതിലും ധാരാളം വെള്ളമുണ്ട്. രണ്ടിലും ഏത്തം വച്ചാൽ ആ പറമ്പ് മുഴുവൻ നന എത്തും. എന്തൊക്കെ കൃഷി ചെയ്യാം അതിൽ?നെൽവയലുകൾ നഷ്ടപ്പെട്ടപ്പോൾ ആ പറമ്പിൽ ശ്രദ്ധ വച്ചാൽത്തന്നെ ധാരാളമായിരുന്നു. എന്തേ ആ മനുഷ്യൻ അതു ചെയ്യാതിരുന്നത്? എന്തായിരുന്നു ആ മനുഷ്യന്റെ പ്രശ്‌നങ്ങൾ?

'നിനക്കൊന്ന് അളിയനെ പോയി കാണായിര്ന്നില്ല്യേ?'

വസുമതി ഒന്നും പറഞ്ഞില്ല. പോവായിരുന്നു. ഇപ്പോഴും പോവാം. പക്ഷേ എന്തോ ഒന്ന് തന്നെ അതിൽനിന്നും പിടിച്ചു വലിക്കുന്നു. അദ്ദേഹത്തിന്റെ കുടിയായിരുന്നോ കാരണം. ഒരു കാരണം അതായിരിക്കാം. സ്വയം നശിക്കാൻ ഒരാൾ ഒരുങ്ങിപ്പുറപ്പെട്ടാൽ എന്താണ് ചെയ്യ്വാ? പക്ഷേ എന്തിനായിരുന്നു അത്? എന്തിനായിരുന്നു മറ്റുള്ള സ്ത്രീകളുടെ, അതും വേശ്യകളുടെ അടുത്തുപോയി ചീത്തപ്പേരുണ്ടാക്കിയത്? എട്ടന്മാർ അതെല്ലാം അറിഞ്ഞിട്ടുണ്ടാവുമെന്നവൾക്കറിയാം. അവർ ഒരിക്കലും അതൊന്നും അറിഞ്ഞതായി നടിച്ചിട്ടില്ല. തങ്കമാണതു പറഞ്ഞത്. അതും കുത്തിച്ചോദിച്ചപ്പോൾ. ഒരുപക്ഷേ തമ്പ്രാനെ ഉപദേശിച്ച് നന്നാക്കണമെന്ന ഉദ്ദേശ്യത്തോടെയായിരിക്കും അവൾ പറഞ്ഞത്.

'തമ്പ്രാട്ടി, ഞാനൊരു കാര്യം പറഞ്ഞാൽ ന്നെ വഴക്ക് പറയ്വോ?'

'എന്താ തങ്കം, ഞാനെന്തിനാണ് നെന്നെ വഴക്ക് പറേണത്?'

'അല്ലെങ്കീ വേണ്ടമ്പ്രാട്ടീ.'

'നീ പറേ തങ്കം. കാര്യം പറയാൻ തൊടങ്ങീട്ട് പ്പൊ ന്നെ എവിടീം അല്ലാതെ നിർത്തല്ലെ.'

നൂറു വട്ടം ഉറപ്പുകൊടുത്തതിന്റെ ശേഷമാണ് അവൾ പറഞ്ഞത്. ചുറ്റും നോക്കി ആരും കേൾവിവട്ടത്തില്ലെന്നുറപ്പായപ്പോൾ അവൾ വളരെ സ്വരം താഴ്ത്തി പറഞ്ഞു.

'തമ്പ്രാൻ ചീത്ത പെണ്ണുങ്ങടെ അടുത്തൊക്കെ പോണുണ്ട്ന്ന് കേക്കാണ്ട്. തമ്പ്രാട്ടി ന്നെപ്പറ്റി ഒന്നും വിചാരിക്കല്ലെ. ഞാൻ പറഞ്ഞൂന്ന് ആരോടും പറേല്ലേ. തമ്പ്രാട്ട്യോട്ള്ള വേണ്ടുക്യോണ്ട് പറഞ്ഞതാ.'

ഉള്ളിൽ പൊങ്ങിവന്ന തീ താഴാൻ കുറച്ചു സമയം വേണ്ടിവന്നു. വസുമതി ഒന്നും പറയാതെ ഇരിക്കയാണ്. തങ്കത്തിനു പേടിയായി.

'തമ്പ്രാട്ടീ, ഞാൻ ഇതൊന്നും തമ്പ്രാട്ട്യോട് പറയാൻ പാടില്ല്യാർന്ന്.'

വസുമതി ഞെട്ടലിൽനിന്നുണർന്നു.

'സാരല്ല്യ തങ്കം നീ പറഞ്ഞത് നന്നായി. അല്ലെങ്കി ഞാൻ ഇതൊക്കെ എങ്ങിന്യാ അറിയ്യാ?'

തങ്കം ജോലി കഴിഞ്ഞ് പോയതിനു ശേഷം വസുമതി കുറേ നേരം ആ ഇരിപ്പിലിരുന്നു. ആരെങ്കിലും പറയുന്നത് കേട്ട് വന്ന് പറയുന്ന കൂട്ടത്തിലല്ല തങ്കം. നിജസ്ഥിതി അറിഞ്ഞാലേ അവൾ എന്തെങ്കിലും പറയാറുള്ളൂ, പ്രത്യേകിച്ചും ഇങ്ങിനെയൊരു കാര്യം. എന്തായിരുന്നു അങ്ങേര്ക്ക് അതിന്റെ ആവശ്യം?

അവൾ അന്ന് കുറേ നേരം കണ്ണാടിയ്ക്കു മുമ്പിൽ ചെലവാക്കി. തിരിഞ്ഞും മറിഞ്ഞും നോക്കി. അവൾ അറിയുന്ന ഏതു സ്ത്രീകളോടും കിടപിടിയ്ക്കാൻ പോരുന്ന സൗന്ദര്യം. കുറച്ചു തടിയുണ്ട്, പക്ഷേ ഭർത്താവിന് ആ തടി ഇഷ്ടമാണെന്നവൾക്കറിയാം. അവൾ കണ്ണാടിയുടെ മുമ്പിൽ നിന്ന് മേൽ മുണ്ട് അഴിച്ചുമാറ്റി. സ്വന്തം നഗ്നത നോക്കുന്നത് അവൾക്കിഷ്ടമുണ്ടായിരുന്നില്ല. ഇതുവരെ അവൾ ചെയ്യാത്തൊരു കാര്യമാണത്. കുളത്തിലെന്നല്ല കുളിമുറിയിലാണെങ്കിൽ പോലും ഒരു തോർത്തെങ്കിലും അരയിൽ ചുറ്റിയാണവൾ കുളിക്കാറ്. ബ്ലൗസും മുണ്ടും ഉടുത്തതിനു ശേഷമേ അവൾ കണ്ണാടിയുടെ മുമ്പിൽ പോകാറുമുള്ളൂ. സാരമില്ല. അവൾ ബ്ലൗസും അടിവസ്ത്രവും അഴിച്ചു മാറ്റി. ഒട്ടും ഉടയാത്ത നഗ്നത. ഇത്രയും കാലം അതൊന്നും നോക്കാതിരുന്നത് കഷ്ടമായെന്ന് അവൾക്കു തോന്നി. നാല്പതു കഴിഞ്ഞുവെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. നോക്കിക്കൊണ്ടിരിക്കെ കണ്ണാടിയിലുള്ള രൂപം അവളെ ഉത്തേജിപ്പിക്കുകയാണ്. ഈ ശരീരം തട്ടിമാറ്റി ആ മനുഷ്യൻ എന്തിന് തെരുവു പെണ്ണുങ്ങളുടെ പിന്നാലെ പോയി?

പിന്നെ ദിവസങ്ങൾ കടന്നുപോയപ്പോൾ തങ്കത്തിൽ തന്നിലുള്ള വിശ്വാസം ഉറപ്പിക്കാൻ കഴിഞ്ഞപ്പോൾ സാവധാനത്തിൽ അവളുടെ അടുത്തുനിന്ന് കൂടുതൽ വിവരങ്ങൾ കിട്ടി. ഗ്രാമത്തിൽ ആ ഭാഗങ്ങളെല്ലാം അവൾക്കന്യമായിരുന്നു. അമ്പലത്തിലേയ്ക്കുള്ള വഴി അറിയാം, സ്‌കൂളിലേയ്ക്കും. അതിനുമപ്പുറത്തുള്ള ഭൂപ്രദേശങ്ങൾ അവളിൽ എന്നും അദ്ഭുതം സൃഷ്ടിക്കാറുണ്ട്. കള്ളുഷാപ്പിനെപ്പറ്റിയും അതിനടുത്തുള്ള രമണിയുടെ വീടിനെപ്പറ്റിയുമൊക്കെ അറിയുന്നത് തങ്കം പറയുമ്പോഴാണ്. അങ്ങിനെയും സ്ത്രീകളുണ്ടാകുമോ എന്നായിരുന്നു അവൾ ആലോചിച്ചത്. 'നിനക്ക് അളിയനെ ഒന്ന് പോയി കാണാമായിരുന്നില്ലെ?' എന്ന് ഏട്ടൻ ചോദിച്ചപ്പോൾ വസുമതി ഇതെല്ലാം ഓർത്തു. അവളെ നിരാകരിച്ച ഒരു മനുഷ്യനെ കാണാൻ എന്തിനു പോകുന്നു?

വിജയൻമേനോൻ വേദനയോട് മല്ലിടുകയായിരുന്നു. എന്തിനാണ് ഇത്രയും കടുത്ത ഒരു വേദന തനിക്ക് വിധിച്ചത്? അതിനുമാത്രം തെറ്റൊക്കെ താൻ ചെയ്തിട്ടുണ്ടോ? തന്റേതായ ചില സ്വഭാവ വൈചിത്ര്യങ്ങളുണ്ടായിരുന്നു. അവ കാരണമാണ് തെറ്റെന്ന് മറ്റുള്ളവർ കരുതുന്ന കാര്യങ്ങൾ ചെയ്തത്. ഒന്നും വേണമെന്നു വച്ചിട്ടല്ല. താൻ ആരെയും സ്‌നേഹിക്കാതിരുന്നിട്ടില്ല. പെങ്ങളെയും മരുമകളെയും അവഗണിച്ചതുതന്നെ ഭാര്യയെ കൂടുതൽ സ്വന്തമായി കിട്ടാനുള്ള ആഗ്രഹം കൊണ്ടാണ്. സ്‌നേഹം കിട്ടാതെ വരുമ്പോഴാണ് തന്നെപ്പറ്റിത്തന്നെ ഉറപ്പില്ലാതാവുന്നത്. ജീവിതം മുഴുവനും സ്വന്തം കഴിവിലുള്ള വിശ്വാസക്കുറവോടെ കഴിഞ്ഞു. ആ വിശ്വാസക്കുറവാണ് തന്നെക്കൊണ്ട് എല്ലാം ചെയ്യിച്ചതെന്നയാൾക്കു ബോധ്യമായി. പലപ്പോഴും തരിച്ചറിവ് വരുന്നത് വൈകിയാണ്. അപ്പോഴേയ്ക്കും തിരുത്താനുള്ള സമയം കഴിഞ്ഞിരിക്കും.

'താഴേയ്ക്കിറങ്ങിയത് നന്നായി.' വൈദ്യർ പറഞ്ഞു. 'എനിക്കും കോണി കയറാൻ വയ്യാന്നായിരിക്കുണു. വാതത്തിന്റെ കടച്ചില് നല്ലോണംണ്ട്.'

വിജയൻമേനോൻ ചിരിച്ചു.

'എന്താ ചിരിക്കണത്? കുറുന്തോട്ടിയ്ക്ക് വാതംന്ന് കേട്ടിട്ടില്ലെ? സ്വന്തം രോഗം ചികിത്സിച്ചു മാറ്റാൻ കഴിയാത്ത വൈദ്യരാണ് മറ്റുള്ളോരടെ അസുഖം മാറ്റാൻ നടക്കുന്നത് ന്നായിരിക്കും ആലോചിക്കണത് അല്ലെ? അങ്ങന്യല്ലാട്ടോ. വാതത്തിനൊക്കെ ചികിത്സണ്ട്. പക്ഷേ അതിനായി ഇരിക്കണം. എനിക്കെവിട്യാ അതിനൊക്കെ നേരം? എപ്പഴും നടത്തല്ലെ?'

'ഞാൻ അതൊന്നും ഉദ്ദേശിച്ചില്ല വൈദ്യരെ. ഞാൻ എന്റെ കാര്യം ആലോചിച്ചതാ. നാലു മാസായില്ല്യേ മരുന്ന്വോള് കഴിക്കാൻ തൊടങ്ങീട്ട്. കൂട്വല്ലാതെ ഒട്ടും കൊറവ് വന്നിട്ടില്ല. അപ്പൊപ്പിന്നെ പാവം വയ്യാത്ത പാറൂനെ കഷ്ടപ്പെടുത്തി കഷായൊക്കെ കാച്ചി ഇല്ലാത്ത പണോം ചെലവാക്കണോന്നാ.'

വൈദ്യർ കുറച്ചുനേരം തന്റെ മുമ്പിൽ കിടക്കുന്ന മെലിഞ്ഞ രൂപത്തെ നോക്കി. വല്ലാതെ ക്ഷീണിച്ച ഒരു കോലം. ശരിയാണ്. മരുന്നുകൾ ഫലിക്കുന്നില്ല.

'മരുന്ന് കഴിക്ക്യല്ലാതെപ്പൊ എന്താ ചെയ്യാ? ഞാൻ കഷായത്തില് കുറച്ചു മര്ന്ന്കള് മാറ്റിയിട്ട്ണ്ട്. ഇത് കഴിച്ചു നോക്കു. ഭേദാവ്വോന്ന് നോക്കാം.'

'ഒരു കാര്യം വൈദ്യർക്ക് പറഞ്ഞു തരാൻ പറ്റ്വോ?'

'എന്താ?'

'എനിക്കിഞ്ഞി എത്ര ദിവസംകൂടിണ്ടാവും?'

വാതിൽക്കൽ നിന്ന പാറുവമ്മ അകത്തേയ്ക്കു കടന്നു. 'ഏട്ടനെന്താ ഇങ്ങിന്യൊക്കെ പറേണത്?'

'അതെ, അങ്ങിനെ പറഞ്ഞുകൊടുക്കു ഏട്ടന്.'

വൈദ്യർ എഴുന്നേറ്റു. അയാൾ പോയപ്പോൾ മരുന്നിന്റെ കുറിപ്പിനുവേണ്ടി പാറുവമ്മ കൈനീട്ടി. വിജയൻമേനോൻ കൊടുത്തില്ല.

'ഞാനൊരു പുതിയ രീതി നോക്കട്ടെ.' കുറിപ്പ് തലയണയ്ക്കടിയിൽ വച്ചുകൊണ്ട് അയാൾ പറഞ്ഞു. 'ഇത് തലയണടെ അടീല് വെച്ചാൽ അസുഖത്തിന് വ്യത്യാസംണ്ടാവോന്ന്. ഒന്നുംല്ല്യെങ്കില് പണം ചെലവാക്ക്ണില്ല്യല്ലൊന്നാലോചിച്ചാൽ നല്ല ഒറക്കെങ്കിലും കിട്ടും.'

'ഏട്ടൻ ആ കുറിപ്പ് തരു, ഞാൻ അറുമുഖനോട് പറഞ്ഞ് മര്ന്ന് വാങ്ങിക്കട്ടെ.'

'നീ പോയി കുറച്ച് ചൂടുവെള്ളം കൊണ്ടുവരു. ഇനിമുതൽ എനിക്ക് മരുന്നൊന്നും വേണ്ട.'

'അങ്ങിന്യായാൽ ശരിയാവോ?'

'നീ ഞാൻ പറേണത് കേട്ടാമതി.'

ഏട്ടന്റെ ദിവസങ്ങളെണ്ണിത്തുടങ്ങിയെന്ന് പാറുവമ്മയ്ക്കു മനസ്സിലായി. ആ മനുഷ്യൻ എഴുന്നേൽക്കുന്നതു തന്നെ വളരെ കഷ്ടപ്പെട്ടിട്ടാണ്. ഇടയ്ക്കിടയ്ക്ക് പനി ശല്യപ്പെടുത്തുന്നുണ്ട്. പലപ്പോഴും കൊടുക്കുന്ന കഞ്ഞി മുഴുവൻ കുടിക്കാതെ തിരിച്ചു തരുന്നു. ഇക്കണക്കിന് എത്ര ദിവസം? അവരുടെ മനസ്സിൽ മറ്റൊരാധിയുണ്ടായിരുന്നത് സ്വന്തം ആരോഗ്യത്തെപ്പറ്റിയാണ്. തനിക്കും ഈ ആരോഗ്യംവച്ച് എത്ര കാലം പിടിച്ചുനിൽക്കാൻ പറ്റും? അതു കഴിഞ്ഞാൽ പദ്മിനിയുടെ കാര്യമോ? ദൈവമേ അവൾ ഒരിടത്താവുന്നതുവരെ തനിക്കൊന്നും പറ്റല്ലേ എന്നു മാത്രമാണ് പ്രാർത്ഥന. അഥവാ തനിക്കെന്തെങ്കിലും സംഭവിച്ചാലോ? ഈ ചിന്ത അവരുടെ ഉറക്കം കളയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.

ഒരു ദിവസം വല്ലാതെ വിഷമമായപ്പോൾ അവർ ഏട്ടനു കഞ്ഞി കൊടുക്കുന്ന സമയത്ത് അവളുടെ ഭയങ്ങൾ പറഞ്ഞു.

'ഞാനെന്താ ചെയ്യാന്നറീല്ല. അങ്ങനെ വല്ലതുംണ്ടായാൽ ന്റെ കുട്ടി ഒറ്റയ്ക്കാവും.'

വിജയൻമേനോൻ ഒന്നും പറഞ്ഞില്ല. തന്റെ കയ്യിൽ അതിനുള്ള പരിഹാരമൊന്നുമില്ല. അവളുടെ പ്രശ്‌നങ്ങൾക്ക് താനാണ് പ്രധാന കാരണക്കാരനെന്നയാൾക്കറിയാം. ഇങ്ങിനെയൊന്നുമായിരുന്നില്ല വേണ്ടിയിരുന്നത്. ഇനി എന്തു ചെയ്യാനാണ്.

'ഞാനൊരു കാര്യം ചെയ്താലോന്നാലോചിക്ക്യാണ്.'

അയാൾ ഒരു ചോദ്യത്തോടെ പാറുവമ്മയെ നോക്കി. ഏതു നിർദ്ദേശവും പരിഗണനാർഹമാണെന്ന അവസ്ഥയാണ്.

'ഞാൻ മോളെ തിരുമേനിടെ അട്ത്ത് കൊണ്ടാക്ക്യാലോന്നാലോചിക്ക്യാണ്. വേറെ ഒന്നും ന്റെ മനസ്സില് വര്ണ്‌ല്യ.'

'ഏത് തിരുമേനി?'

'പാമ്പ് മനയ്ക്കലെ തിരുമേനി.'

'ആര് കൃഷ്ണൻ നമ്പൂതിരിയോ?'

പാറുവമ്മ മൂളി. പഴയ കഥയാണ്. അത് മനസ്സിൽ ഇപ്പോഴും നീരോട്ടമുണ്ടാക്കുന്നു. അവിടെ ഓർമ്മകളുടെ വേലി അലങ്കരിക്കുന്നത് നിറയെ പൂക്കളുള്ള പടർച്ചെടികളാണ്. അവിടെ ദീപാരാധനയുടെ സുഗന്ധമാണ്. ഇടയ്ക്കയുടെ ശബ്ദം. നാലു ദിവസമായി തുടർച്ചയായി കാണുന്ന സുമുഖനായ നമ്പൂതിരിയുവാവ് പ്രദക്ഷിണസമയത്ത് അടുത്തു വരുന്നു. അറിയാത്ത മട്ടിൽ ഒപ്പം നടക്കുന്നു.

'എനിക്ക് കുട്ട്യേ നല്ല ഇഷ്ടായി.'

പാറു അതു കേൾക്കാത്ത മട്ടിൽ നടക്കുകയാണ്. നമ്പൂതിരി അടുത്തുനിന്ന് മാറല്ലേ എന്നവൾ ഭഗവതിയോട് പ്രാർത്ഥിച്ചു. കഴിഞ്ഞ നാലു ദിവസവും അവൾ ആ ഒത്ത ശരീരം ദീപാരാധന സമയത്ത് കാണാറുണ്ട്. കസവു മുണ്ടും ഇടത്തെ ചുമലിൽ കസവു വേഷ്ടിയും. തനിക്ക് കിട്ടുന്ന ഭർത്താവിന്റെ മാതൃക ഇതായിരിക്കണമെന്നവൾ തീർച്ചയാക്കിയിരുന്നു. അന്നവൾക്ക് പതിനഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും സ്വപ്നം കാണാൻ തുടങ്ങിയിരുന്നു. നമ്പൂതിരി വിട്ടു മാറിയില്ല. ഒപ്പം നടക്കുന്ന വെളുത്ത് സുന്ദരിയായ ആ പാവാടക്കാരിയോടയാൾക്ക് വല്ലാതെ കമ്പം പിടിച്ചു.

'എന്താ കുട്ടീടെ പേര്?'

അവൾ തല കുമ്പിട്ടു നടന്നുകൊണ്ടു തന്നെ പറഞ്ഞു.

'പാർവ്വതി.'

'കുട്ടി എവിടുത്ത്യാ?'

'താഴത്തുവീട്ടിൽ ശേഖരൻ നായര്‌ടെ മോളാണ്.'

അവൾ തല താഴ്ത്തിക്കൊണ്ടു തന്നെ പറഞ്ഞു.

'ന്റെ പേരു കൃഷ്ണൻന്നാ. കൃഷ്ണൻ നമ്പൂതിരി.'

പഴയ കാര്യങ്ങൾ ഓർത്തപോലെ പാറുവമ്മ കണ്ണടച്ചുനിന്നു.

'തിരുമേനി ആലോചനേം കൊണ്ട് വന്നത് ഓർമ്മണ്ടോ?'

പാറുവമ്മ വർത്തമാനത്തിലേയ്ക്ക് തിരിച്ചുവന്നു. അവൾ മൂളി.

'നെന്റെ ജാതകത്തില് വൈധവ്യം അനുഭവിക്കുംന്ന്ണ്ട്. അതോണ്ട് അച്ഛൻ നമ്പൂതിരി സമ്മതിച്ചില്ല. സാധാരണ ജ്യോത്സ്യന്മാര് നോക്ക്യാ കണ്ടില്ല്യാന്ന് വരുംന്ന് പറഞ്ഞു. ചെലപ്പോ വരണ ആള്‌ടെ ജാതകത്തില് ഇതിന് പ്രതിവിധിണ്ടാവുംന്നും പറഞ്ഞു. മകന്റെ ജാതകത്തില് അങ്ങിനെ ഒന്നുംല്ല്യാത്രെ. ന്ന്‌ട്ടെന്തേണ്ടായത്?'

'എന്തേ?'

'അല്ല ഇങ്ങിനെയൊക്കെ നോക്കീട്ടും തിരുമേനീടെ അന്തർജ്ജനും ചെറുപ്പത്തില് മരിക്ക്യേണ്ടായത്. നെന്നെ കല്യാണം കഴിച്ചിരുന്നൂവെങ്കില് ചെലപ്പോ രണ്ട് യോഗങ്ങളും കൂടിച്ചേർന്ന് നല്ല യോഗായി തീർന്നേനെ.'

അതിനൊന്നും എനിക്ക് യോഗല്ല്യ. പാറുവമ്മ വിചാരിച്ചു. പോട്ടെ അതൊക്കെ ഇപ്പോൾ ആലാചിച്ചിട്ടെന്തു കാര്യം.

'വേറെ എവിടീം ഞാൻ കാണ്ണില്ല. വല്ല്യമ്മ മരിച്ചതോടുകൂടി നമ്ക്ക് തറവാട്വായിട്ട്ള്ള ബന്ധം തീരെ വിട്ടൂന്ന്തന്നെ പറയാം. പിന്നെ ഏടത്തിയമ്മടെ അട്ത്താണ്. പദ്മിനി അവ്‌ടെ പോയി താമസിക്ക്യൊന്നുംല്ല്യ.'

വിജയൻമേനോൻ ഒന്നും പറയുന്നില്ല. തനിക്ക് പരിഹരിക്കാൻ പറ്റാത്ത പ്രശ്‌നമാണത്. ചുറ്റുവട്ടമുള്ള അയൽക്കാരെപ്പറ്റി അയാൾക്ക് നല്ല അഭിപ്രായമില്ല. ചാത്തയുടെ വീട്ടുകാർ മാത്രമേ പെരുമാറാൻ കൊള്ളൂ. മറ്റുള്ളവരൊക്കെ അവസരം കിട്ടാൻ കാത്തുനിൽക്കുകയാണ്.

'ഞാൻ അട്ത്തന്നെ ഒരീസം ഇല്ലത്തു പോയി തിരുമേനീം കണ്ട് സംസാരിക്കാം. ന്റെ കാലം കഴിഞ്ഞാ മോള് അവിടെ വരുംന്ന് പറേം ചെയ്യാം.'

'നെനക്ക്‌ണ്ടോ ഇത്രേം ദൂരം യാത്ര ചെയ്യാനൊക്കെ പറ്റുണു?'

'ഇല്ലത്തെ പടിക്കല്‌വരെ ബസ്സ്ണ്ടന്ന് പറേണു. മെയിൻ റോഡുവരെ നടന്നാമതി.'

വിജയൻമേനോൻ കണ്ണടച്ചു കിടന്നു.

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 27

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. മാതൃഭൂമി ബുക്സ്, കോഴിക്കോട് (2007)

 ഈ ഭാഗം വായിച്ചു കേള്‍ക്കാം