|| Novel

കൊച്ചമ്പ്രാട്ടി

ഇ ഹരികുമാര്‍

- 18 -

പടിക്കലേയ്ക്കു നോക്കിക്കൊണ്ട് പാറുവമ്മ പറഞ്ഞു.

'മോളെ, നോക്ക് ആരോ വരണ്‌ണ്ട്.'

'ആരെങ്കിലും നമ്മളെ ഉപദ്രവിക്കാൻ വര്വായിരിക്കും.' പദ്മിനി പറഞ്ഞു.

പാറുവമ്മ മകളെ ചോദ്യപൂർവ്വം നോക്കി.

'അല്ല, ആരെങ്കിലും നമ്മളെ സഹായിക്കാൻ ഈ പടി കടന്നു വരുംന്ന് അമ്മ പ്രതീക്ഷിക്ക്ണ്‌ണ്ടോ?'

പദ്മിനി ഉമ്മറത്തേയ്ക്കു വന്നു. അയാൾ തലയുയർത്തി തെങ്ങുകളുടെ തലകളിലേയ്ക്കു നോക്കിക്കൊണ്ടാണ് നടന്നിരുന്നത്. കരയുള്ള മുണ്ടും വെളുത്ത ഷർട്ടും വേഷം. മുറ്റത്തെത്തിയപ്പോഴാണയാൾ ആരാണെന്ന് പദ്മിനിയ്ക്ക് മനസ്സിലായത്.

'ഇത് അമ്മേ വടക്കേക്കാട്ട്‌ലെ നന്ദൻമേനനാണ്. അമ്മാവനെ കാണാൻ എടയ്ക്ക് വരാറില്ലെ?' അവൾ ശബ്ദം താഴ്ത്തിക്കൊണ്ടു പറഞ്ഞു. അയാൾ വന്നാൽ നേരിട്ട് പത്തായപ്പുരയിലേയ്ക്കു പോകും. അഥവാ വിജയൻമാമ ഉമ്മറത്തിരിയ്ക്കയാണെങ്കിൽ അയാളെ കണ്ടാൽ മുറ്റത്തേയ്ക്കിറങ്ങി രണ്ടുപേരുംകൂടി പത്തായപ്പുരയിലേയ്ക്കു പോകുകയാണ് പതിവ്.

അയാൾ അവരെ ശ്രദ്ധിക്കാത്ത ഭാവത്തിൽ ഉമ്മറത്തേയ്ക്കു കയറി കസേലയിലിരുന്നു. അതൃപ്തമായ കണ്ണുകൾകൊണ്ട് ചുറ്റും നോക്കി ചോദിച്ചു.

'വിജയൻമേനോന്റെ പെങ്ങളല്ലെ? പാർവ്വതിയമ്മ?'

'അതെ.' പദ്മിനിയാണ് ഉത്തരം പറഞ്ഞത്.

'മകളാണല്ലെ, എന്താ പേര്?'

'പദ്മിനി.'

'അപ്പഴേയ് ഞാനൊരു കാര്യം പറയാൻ വന്നതാണ്.' രണ്ടുപേരുടെയും മുഖത്തു നോക്കാതെ അയാൾ പറയാൻ തുടങ്ങി. 'വിജയൻമേനോൻ എന്റട്ത്ത്ന്ന് കൊറച്ച് പണം കടം വാങ്ങീട്ട്ണ്ട്. ആറു മാസത്തിനകം തിരിച്ചു തരാംന്ന് പറഞ്ഞാ വാങ്ങീത്. ആറു മാസം പോയിട്ട് ഇപ്പൊ കൊല്ലം രണ്ടാവാനാണ് പോണത്. പലിശേം ഒക്കെക്കൂടി നല്ലൊരു സംഖ്യായിട്ട്ണ്ട്. അതെന്നാ തിരിച്ച് തരാൻ പറ്റ്വാന്നറിയാൻ വന്നതാ. അതിനെടേല് പണം കടം വാങ്ങ്യ ആള് സ്ഥലം വിട്ടു. ഇനി ആ പണം എപ്പഴാ തിരിച്ച് കിട്ട്വാന്നറിയണം.'

'എത്ര്യാ സംഖ്യ?' പദ്മിനി ചോദിച്ചു. അയാൾ തീരെ തൃപ്തിയില്ലാതെ അവളെ നോക്കി.

'കൊറച്ചധികംണ്ട്. എത്ര്യാന്നറിഞ്ഞാൽ ഇപ്പ തിരിച്ചു തരാൻ പറ്റ്വോ?'

'എത്ര്യാന്നറിയേങ്കിലും ചെയ്തൂടെ?'

'പലിശ ഒക്കെ അടക്കം മൂവ്വായിരത്തിന്റെ അട്ത്ത്ണ്ടാവും.'

ദൈവമേ! പദ്മിനി തലയിൽ കൈവച്ചു. അപ്പോൾ മാമയുടെ ഉപദ്രവം കഴിഞ്ഞിട്ടില്ല. എവിടുന്നുണ്ടാക്കാനാണ് ഇത്രയും പണം?

'മാമ അങ്ങിനെ പലേടത്ത്ന്നും കടം വാങ്ങീട്ട്ണ്ട്. അതൊന്നും ഞങ്ങക്കു വേണ്ടിയോ ഈ വീടിനും പറമ്പിനും വേണ്ടിയോ അല്ല. ഞങ്ങളെവിടുന്നാ ഇത്രേം പണംണ്ടാക്ക്വാ?'

'എന്തിന് വേണ്ടീട്ടാ ആർക്ക് വേണ്ടീട്ടാന്നൊന്നും കടം കൊടുക്കണ ആള് നോക്കണ്ട ആവശ്യല്ല്യ. കൊടുത്ത പണം തിരിച്ച് കിട്ടണം, അത്ര്യന്നെ.'

വീണ്ടും പദ്മിനി പറയാൻ തുടങ്ങിയപ്പോൾ അയാൾ ഇടപെട്ടു.

'ഞാൻ പാർവ്വതിയമ്മയോട് സംസാരിക്കാനാണ് വന്നത്. മുതിർന്നോര് തമ്മില്ള്ള സംസാരത്തിൽ കുട്ടികള് എടപെടെണ്ട.'

'അമ്മ സുഖമില്ലാത്ത സ്ത്രീയാണ്.' പദ്മിനി ഉറപ്പിച്ചുകൊണ്ട് പറഞ്ഞു. 'അതുകൊണ്ടാണ് ഞാൻ തന്നെ പറയണത്. തല്ക്കാലം ആ പണം തിരിച്ചു തരാൻ ഞങ്ങളെക്കൊണ്ടാവില്ല. ഞങ്ങളതിനു ബാദ്ധ്യസ്ഥരല്ലാന്ന്ള്ളത് വേറെ കാര്യം.'

'അത് ശരി, അപ്പൊ സംസാരിച്ചിട്ട് കാര്യല്ല്യല്ലേ.' അയാൾ പദ്മിനിയുടെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു. 'ഒരു കാര്യം പറഞ്ഞേക്കാം വിജയൻമേനോൻ ഒരു പ്രോനോട്ട് എഴുതിത്തന്നിട്ട്ണ്ട് എനിക്ക്. പോരാത്തതിന് ജാമ്യായിട്ട് ഈ പറമ്പിന്റെ ആധാരോം തന്നിട്ട്ണ്ട്. എപ്പഴാ പണം തര്ണ്ച്ചാ അന്ന് ആധാരം തിരിച്ച് തരും. വല്ലാതെ വൈക്യാ പിന്നെ കേസും ജപ്തീം ഒക്ക്യായി ഈ വീടും പറമ്പും ഒഴിഞ്ഞുതരണ്ടി വരും. ഞാൻ പറഞ്ഞില്ലാന്ന് വേണ്ട.'

അയാൾ എഴുന്നേറ്റു മുണ്ട് മാടിക്കുത്തി പടിയിറങ്ങി.

അയാൾ പറഞ്ഞതിന്റെ അർത്ഥം മുഴുവൻ മനസ്സിലാവാതെ പാറുവമ്മ മിഴിച്ചിരുന്നു. അയാൾ പറഞ്ഞത് പദ്മിനിയെ പേടിപ്പിച്ചിരുന്നു. സ്വന്തം വീടിന്റെ ആധാരംകൂടി അവരുടെ കയ്യിലില്ലെന്നല്ലെ അതു കാണിക്കുന്നത്? അമ്മയുടെ മുണ്ടിൻപെട്ടിയിലുണ്ടാവുമെന്നായിരുന്നു അവളുടെ ധാരണ. അവൾ ആ പെട്ടി തുറക്കാറില്ല. ചില സ്വകാര്യതകൾ സ്വന്തം അമ്മയ്ക്കായാലും വകവെച്ചു കൊടുക്കാൻ അവൾ തയ്യാറായിരുന്നു. അവൾ എഴുന്നേറ്റു. അമ്മാവന്റെ അലമാറിയുടെ താക്കോൽ എവിടെയാണെന്ന് അവൾക്കറിയാം. അമ്മാമന്റെ ദേഹം നിലത്തിറക്കി വയ്ക്കുമ്പോൾ തലയിണയ്ക്കടിയിൽനിന്ന് ആരോ താക്കോൽക്കൂട്ടമെടുത്ത് അവളുടെ കയ്യിൽ കൊടുത്തിരുന്നു. അവളത് അപ്പോൾത്തന്നെ കിടപ്പറയിലെ മേശവലിപ്പിൽ ഇട്ടതോർമ്മയുണ്ട്.

താക്കോലുമെടുത്ത് അവൾ പത്തായപ്പുരയുടെ വാതിൽ തുറന്ന് അകത്തുകയറി. നിലത്തു നിറയെ പൊടിയാണ്. കുറെക്കാലമായി അടിച്ചുവാരിത്തുടയ്ക്കൽ ഉണ്ടായിട്ടില്ല. ഇടനാഴികയിൽ രാവിലെയും ഇരുട്ടാണ്. ജനലുകൾ തുറന്നാൽ വെളിച്ചം കിട്ടും. അവൾ പക്ഷെ അതിനൊന്നും മെനക്കെട്ടില്ല. തുറന്നാൽ വീണ്ടും അടയ്ക്കാൻ നിക്കണം. അവൾക്ക് അമ്മാമന്റെ അലമാറി തുറക്കാൻ ധൃതിയായി. കോണി കയറുമ്പോൾ ഒരു നരിച്ചീറ് പെട്ടെന്ന് അവളുടെ തലയ്ക്കുമീതെക്കൂടി പറന്നു പോയി. അവൾ ഞെട്ടി. അവളുടെ ധൈര്യം ചോർന്നു പോകുകയായിരുന്നു. മുകളിലെ ഇടനാഴികയും ഇരുട്ടുനിറഞ്ഞു കിടന്നു. ഒരുവിധത്തിൽ അവൾ നടുവിലെ മുറിയുടെ വാതിൽ തുറന്ന് അകത്തു കടന്ന് ജനൽ തുറന്നിട്ടു. അവൾ ഇടംകണ്ണിട്ട് കട്ടിലിലേയ്ക്കു നോക്കി. താൻ എന്തൊരു പേടിതൊണ്ടിയാണ്. എന്താണ് കട്ടിലിന്മേൽ പ്രതീക്ഷിച്ചത്? ഒഴിഞ്ഞു കിടന്ന കട്ടിലിന്റെ തലയ്ക്കലായി മരത്തിന്റെ അലമാറി അടഞ്ഞുകിടന്നു. ഹൃദയത്തിന്റെ മിടിപ്പ് സാധാരണ നിലയിലാവാൻ കുറച്ചുനേരം നിന്നശേഷം അവൾ അലമാറിയുടെ അടുത്തേയ്ക്കു ചെന്നു. ഏകദേശം ഒരൂഹം വച്ച് ഒരു താക്കോൽ എടുത്ത് താക്കോൽ ദ്വാരത്തിൽ ഇട്ടു തിരിച്ചു. വാതിൽ തുറന്നു.

അവളെ സ്വീകരിക്കാനായി നിറയെ ഒഴിഞ്ഞ കുപ്പികൾ നിരന്നുനിന്നു. ഭംഗിയുള്ള ചിത്രങ്ങളുള്ള പല വലുപ്പത്തിലുള്ള കുപ്പികൾ. മറ്റൊരു കള്ളിയിൽ അമ്മാമന്റെ മുണ്ടുകളും ഷർട്ടുകളും. എറ്റവും മുകളിലുള്ള കള്ളിയിൽ കുറേ കടലാസ്സുകളും ബില്ലുകളും. ഏറ്റവും അടിയിലത്തെ തട്ട് ഒഴിഞ്ഞുകിടന്നു. ആ പറമ്പിന്റെ ആധാരത്തിനായി അവൾ പരതുകയായിരുന്നു. വസ്ത്രങ്ങളുടെ അടിയിലും കുപ്പികളുടെ ഇടയിലും അവൾ വീണ്ടും വീണ്ടും തിരഞ്ഞു. വിഫലമായ ആ തിരച്ചിലിന്റെ അവസാനത്തിൽ അവൾ ക്ഷീണിച്ച് കട്ടിലിന്മേലിരുന്നു. ഇനി? അമ്മയുടെ മുണ്ടിൻപെട്ടിയിൽ നോക്കിയിട്ടു കാര്യമില്ലെന്നവൾക്കു തോന്നി. നന്ദൻമേനോൻ പറഞ്ഞത് ശരിയായിരിക്കാം. അവൾ അലമാറി പൂട്ടി, ജനലടച്ചു പുറത്തു കടന്നു.

അമ്മയെ ഉമ്മറത്തു കാണാനില്ല. അവൾ അകത്തു കടന്നു. അമ്മ കട്ടിലിൽ കിടക്കുകയാണ്.

'എന്തു പറ്റീ അമ്മേ?' അവൾ അടുത്തു ചെന്നു. അമ്മ കരയുകയാണോ. അല്ല അമ്മ വെറുതെ കണ്ണു തുറന്നു കിടക്കുകയാണ്. ആ കിടപ്പ് അവളെ ഭയപ്പെടുത്തി. അവൾ ചോദ്യമാവർത്തിച്ചു.

'ങൂം, ങും.'

'സാരല്ല്യമ്മേ, നമ്ക്ക് എന്തെങ്കിലും വഴിണ്ടാക്കാം. അമ്മ സാമാധാനിക്കൂ.' അവരുടെ അടുത്തിരുന്ന് പുറം തലോടിക്കൊണ്ട് പദ്മിനി പറഞ്ഞു.

'നമ്ക്ക് ഒന്നുംല്ല്യാതായില്ല്യേ? നാലേക്കർ പറമ്പും വീടും പത്തായപ്പെരേം ഉണ്ടല്ലൊ എന്നാശ്വസിച്ചിരിക്കുമ്പോളാ ഇങ്ങിനെ ഒരടി. ഇനി എന്തു കണ്ടിട്ടാണ് വല്ല ചെറുപ്പക്കാരും ആലോചനീം ആയി വര്വാ?'

'സാരല്ല്യ, അമ്മ വേവലാതിപ്പെടാതിരിക്കു. എല്ലാം പോവാനാണ് യോഗംച്ചാല് അങ്ങിനെ വരും. വേവലാതിപ്പെട്ടിട്ടെന്തു കാര്യം.' പെട്ടെന്ന് എന്തോ ഓർത്ത് അവൾ പറഞ്ഞു. 'അമ്മേ, അമ്മ തിരുമേനിടെ കാര്യം പറയാറില്ലേ. ഞാൻ നാളെ ഇല്ലത്ത് പോയിനോക്ക്യാലോന്നാലോചിക്ക്യാണ്.'

'എന്തിനാ?'

'അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാൻ പറ്റ്വോന്ന് നോക്കാം. ഒന്നുല്ല്യെങ്കിൽ നന്ദൻമേൻനെ ഒന്ന് പറഞ്ഞ് നിർത്താനെങ്കിലും.'

'എനിക്ക് ഈ ആരോഗ്യും വച്ച് വരാൻ പറ്റ്വോ മോളെ?'

'വേണ്ടമ്മേ, ഞാനൊറ്റയ്ക്ക് പോയി നോക്കാം.'

പാറുവമ്മ ഒന്നും പറഞ്ഞില്ല.

'ഞാൻ അറുമുഖനോട് എന്നെ ബസ്സ് കേറ്റിത്തരണംന്ന് പറയാം. ഞാനൊറ്റയ്ക്ക് പോയി നോക്കട്ടെ.'

ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ലാത്ത കുട്ടിയാണ്. ഇനി എല്ലാം ഒറ്റയ്ക്കന്നെ ചെയ്യണ്ടി വരും. ആ അറിവ് പാറുവമ്മയെ വേദനിപ്പിക്കുകയാണ്. എന്താണ് ഇങ്ങിനെയൊക്കെ സംഭവിക്കാൻ. ആരെയും കുറ്റപ്പെടുത്താൻ അവരുടെ നല്ല മനസ്സ് സമ്മതിച്ചില്ല. ദൈവവുമായി ഒരു ഏറ്റുമുട്ടലിന് അവർ തയ്യാറായതുമില്ല. അതായിരിക്കാം വിധിച്ചിട്ടുള്ളത്. ഓരോരുത്തർക്ക് ഓരോ വിധിയല്ലെ. അതുപോലെയൊക്കെത്തന്നെയേ കാര്യങ്ങൾ നീങ്ങു. തിരുമേനി എന്തെങ്കിലും ചെയ്താൽ നന്നായിരുന്നു. മകൾക്ക് താമസിക്കാനൊരിടമില്ലാത്ത അവസ്ഥ ആലോചിക്കാൻ വയ്യ.

'അമ്മ എഴുന്നേൽക്കു.'

പിറ്റേന്ന് രാവിലെ എഴുന്നേറ്റ ഉടനെ പദ്മിനി ആലോചിച്ചത് തിരുമേനിയുടെ ഇല്ലത്തു പോകുന്ന കാര്യമാണ്. അതിൽ തെറ്റൊന്നും അവൾ കണ്ടില്ല. നിസ്സഹായരായവർക്കും എവിടെനിന്നെങ്കിലും ഒക്കെ നീതി കിട്ടണ്ടെ? പക്ഷേ തിരുമേനിയുടെ അടുത്തു ചെന്നാൽ നീതി ലഭിക്കുമെന്ന ആശയം അവളുടെ മനസ്സിൽ എങ്ങിനെയാണ് കടന്നുകൂടിയതെന്ന് അവൾക്കറിയില്ല. അമ്മയുടെ സംസാരത്തിൽനിന്നായിരിക്കുമോ?

രാവിലെ എഴുന്നേറ്റ ഉടനെ അടുക്കളയിൽ കടന്ന് നിലം അടിച്ചുവാരി അടുപ്പ് ചാണകം മെഴുകി, കഞ്ഞിപ്പാത്രം അടുപ്പത്താക്കി. അടുപ്പ് ചാണകം മെഴുകൽ ആഴ്ചയിൽ ചൊവ്വയും വെള്ളിയുമായി ചുരുങ്ങിയിരുന്നു. ഒരു ആചാരമെന്നതിനപ്പുറം ആവശ്യംകൂടിയായിരുന്നു അത്. ഒരാഴ്ചക്കുള്ളിൽ അടുപ്പ് വിണ്ടു തുടങ്ങും. ദേവകി ഉണ്ടായിരുന്ന സമയത്തുതന്നെ ഓടിന്റെ അടുപ്പ് വാങ്ങാൻ ആവശ്യപ്പെട്ടിരുന്നു. പുക കുറവാണ്. ചാണകം മെഴുകേണ്ട ആവശ്യമില്ല. ചൂടും കൂടുതലാണ്. ഒക്കെ ശരിയാണ്. പിറ്റേന്ന് റേഷൻ വാങ്ങാൻ പണമെങ്ങിനെ കിട്ടുമെന്നാലോചിച്ചുകൊണ്ടിരിക്കുന്ന ഒരു കുടംബത്തിന് ഓടിന്റെ അടുപ്പും അതുപോലുള്ള പുതുമയുമെല്ലാം സ്വപ്നങ്ങൾ മാത്രമാണ്. ചുറ്റുമുള്ള നമ്പന്ന നായർകുടുംബങ്ങളെല്ലാംതന്നെ വിദ്യുഛക്തി എടുത്തിരിക്കുന്നു. രാത്രിയായാൽ അവരുടെ വീട്ടുപടിക്കൽ വെച്ചിട്ടുള്ള ഗ്ലോബുകൾ നിലത്തിറങ്ങിവന്ന ചന്ദ്രനെപ്പോലെ പ്രകാശിക്കുന്നത് പദ്മിനി വീട്ടുപടിക്കൽ പോയിനിന്ന് നോക്കാറുണ്ട്. തനിക്കതിനുള്ള യോഗമില്ല.

അവൾ അടുക്കളവാതിലിലൂടെ മുറ്റത്തിറങ്ങി. മുറ്റത്ത് മണലിൽ രാത്രി മഞ്ഞു പെയ്തതിന്റെ നനവുണ്ട്. അവൾ മുറ്റമടിക്കാൻ ചൂലിനുവേണ്ടി വിറകുപുരയിലേയ്ക്ക് നടന്നു. പറമ്പിൽ അവൾ നട്ട വെണ്ടത്തൈകൾ മക്കൾ ഒരമ്മയെയെന്നപോലെ അവളെ മാടി വിളിച്ചു. അവൾ പറമ്പിലേയ്ക്കു നടന്നു. വെണ്ടച്ചെടികൾ ഒന്നര അടി ഉയരം വെച്ചിരുന്നു. പെട്ടെന്നാണ് അവൾ കണ്ടത് ഒരു ചെടിയുടെ ഇല വിരിയുന്നതിനോടൊപ്പം മൊട്ടുകളും ഉണ്ടായിരിക്കുന്നു. അവൾ കൗതുകത്തോടെ അതു നോക്കിനിന്നു. അമ്മയോട് പറയാനായി അവൾ ഓടി. അമ്മ എഴുന്നേറ്റിട്ടില്ല. ഉറക്കം തന്നെയാണ്. അതോ കണ്ണടച്ചു കിടക്കുകയാണോ? എന്തായാലും ബുദ്ധിമുട്ടിക്കണ്ട. അവൾ അറുമുഖനെ വിളിക്കാൻ ഓടി. ഉയർന്നുവന്ന ആവേശത്തിൽ ഒരു ഇരുപതു വയസ്സുകാരിയാണ് താനെന്ന കാര്യം പദ്മിനി വിസ്മരിച്ചു. അവൾ ഒരു എട്ടുവയസ്സുകാരിയാവുകയായിരുന്നു.

അറുമുഖൻ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. നീലി വിളിച്ചപ്പോൾ അവൻ വേഗം തപ്പിപ്പിടഞ്ഞെഴുന്നേറ്റു.

'എണീക്കടാ അറമുകാ, വേലിക്കല് കൊച്ചമ്പ്രാട്ടി വിളിക്കണണ്ട്.'

എന്തോ അത്യാവശ്യകാര്യത്തിനായിരിക്കുമെന്ന ധാരണയിൽ അവൻ എഴുന്നേറ്റ് ഷർട്ടിട്ടു പുറത്തു കടന്നു.

'എന്താ കൊച്ചമ്പ്രാട്ടീ?' അവൻ വേലിക്കലേയ്ക്കു വന്നു.

'അറുമുഖാ, ന്റെ വെണ്ടത്തയ്യ്കള്..... അല്ലെങ്കീ വേണ്ട ഞാനൊരു സാധനം കാട്ടിത്തരാം. വരൂ.'

അവൾ തിരിച്ച് പച്ചക്കറിത്തോട്ടത്തിലേയ്ക്ക് ഓടി. നോക്കുമ്പോൾ ഒരുമാതിരി എല്ലാ ചെടികളും മൊട്ടിട്ടു നിൽക്കയാണ്, അവളുടെ അത്യുത്സാഹത്തിൽ കോരിത്തരിച്ചപോലെ.

'ഓ ഇതിനാണോ കൊച്ചമ്പ്രാട്ടി ന്നെ ഇത്ര നേരത്തെ വിളിച്ചൊണർത്തീത്?'

അവളുടെ ഉത്സാഹം പെട്ടെന്നു കെട്ടു, മുഖം മങ്ങി.

'ന്റെ ചെടികള് പൂവിട്ടാ നിനക്കൊന്നുംല്ല്യേ?'

അറുമുഖൻ വല്ലാതായി. താൻ ഒരു പെൺകുട്ടിയുടെ ഉത്സാഹത്തിൽ തണുത്ത വെള്ളം കോരിയൊഴിച്ചു. ആ ചെടികളും അതിന്റെ വളർച്ചയും ആ കുട്ടിയെ സംബന്ധിച്ചേടത്തോളം എത്ര പ്രധാനപ്പെട്ടതാണെന്ന് അവൻ മനസ്സിലാക്കി.

പദ്മിനിയെ സംബന്ധിച്ചേടത്തോളം ആ ചെടികളിൽ വിരിയുന്നത് ഉണങ്ങിയ ആശകളുടെ ശിഖരങ്ങളിൽ പൊട്ടിമുളയ്ക്കുന്ന പുതുനാമ്പുകളാണ്. ജീവിതം ഏതെങ്കിലും കാലത്ത് പച്ചപിടിക്കുമെന്ന പ്രതീക്ഷ ഈ മൊട്ടുകളുമായി അവൾ അബോധപൂർവ്വമായെങ്കിലും ബന്ധപ്പെടുത്തിയിട്ടുണ്ടാകണം.

'ഞാൻ വെറ്‌തെ പറഞ്ഞതാ കൊച്ചമ്പ്രാട്ടി.' അറുമുഖൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അവൻ അടുത്തുപോയി ചെടികളുടെ കൂമ്പുകൾ പരിശോധിച്ചു.

'പൂവ് വിരിയാൻ ഇനീം രണ്ടാഴ്ച പിടിക്കും. അവൻ തുടർന്നു. 'ഞങ്ങടെ വീട്ടീത്തെ വെണ്ട ഇത്രെ്യാന്നും ഒയരം വച്ചിട്ടില്ല. ഇത് പെട്ടെന്ന് വളർന്നത് കൊച്ചമ്പ്രാട്ടിടെ ശുശ്രൂഷ കാരണാ. രണ്ട് നേരം നനക്കുന്നുണ്ടല്ലേ?'

തടത്തിൽ അപ്പോഴും നനവുണ്ടായിരുന്നു.

'ങും, രണ്ട് നേരും നനയ്ക്കും. എടയ്‌ക്കെടയ്ക്ക് കട ചെനക്കിക്കൊടുക്കും. പുഴുക്കളെ പിടിക്കും.'

'അതാണ്.' ഒരു വലിയ കണ്ടുപിടുത്തംപോലെ അറുമുഖൻ പറഞ്ഞു. 'ന്റമ്മ അതൊന്നും ചെയ്യൂല. നല്ല മണ്ണായതോണ്ടാ അവ്‌ടെ പിന്നീം നന്നായി വര്ണത്.'

പദ്മിനി പ്രശംസിക്കപ്പെട്ടിരിക്കുന്നു. അവളുടെ മുഖം വികസിച്ചു.

'ഞാനിപ്പൊ കവുങ്ങിനും നനക്കുന്നുണ്ട്.'

അറുമുഖൻ അടുത്ത കണ്ടത്തിൽ പോയിനോക്കി. ശരിയാണ്, കവുങ്ങുകളുടെ കടയ്ക്കൽ ഓരോ ചെറിയ വട്ടത്തിൽ കൊച്ചു തടങ്ങളുണ്ടാക്കിയിരിക്കുന്നു. അവൻ ചിരിക്കാൻ തുടങ്ങി.

'എന്തേ?' അവളുടെ മുഖത്തുനിറയെ ചോദ്യങ്ങൾ.

'കൊച്ചമ്പ്രാട്ടി, കവുങ്ങിന് ഈ വെള്ളൊന്നും പോര. ഇത് ആനയ്ക്ക് ഔണ്‌സ്ഗ്ലാസ്സില് വെള്ളം കുടിക്കാൻ കൊടുക്കണമാര്യാണ്.'

'ഞാനെന്താ ചെയ്യാ? കൊളത്തീന്ന് വെള്ളം കോരിക്കൊണ്ടന്ന്ട്ടാണ് ഞാൻ നനയ്ക്ക്ണത്?' അവൾ പരിഭവത്തോടെ പറഞ്ഞു.

'ഒരു ത്‌ലാം വെച്ച് തേവണം. ന്നാലെ ഇതിനൊക്കെ നന കിട്ടൂ. കവുങ്ങിന് ഈ കിണ്ണംപോലത്തെ തടൊന്നും പോര.'

അവൾ ശരിക്കും പരിഭവിച്ചിരിക്കുന്നു. ആ വീട്ടിലെ ഉള്ളുകള്ളികൾ നല്ലവണ്ണം അറിയുന്ന ആളാണ് അറുമുഖൻ. ഏത്തം വെച്ച് തേവാനുള്ള പണമൊന്നും അവരുടെ കയ്യിലില്ല. എങ്ങിനെയെങ്കിലും കവുങ്ങുകൾ ഒന്ന് നന്നാക്കിയെടുക്കണം, അയ്യായിരം അടക്കയെങ്കിലും വിൽക്കാൻ കിട്ടണം എന്നൊക്കെ വിചാരിച്ചിട്ടാണ് അവൾ ഇത്രയും അദ്ധ്വാനിക്കുന്നത്. അതെല്ലാം അറിഞ്ഞുകൊണ്ട് അറുമുഖൻ ഇങ്ങിനെ പറയുമ്പോഴോ?

'ഏത്തം വയ്ക്കാന്ള്ള പണൊന്നും ന്റട്ത്തില്ല അറുമുഖാ. അപ്പൊ പറഞ്ഞിട്ടെന്താ കാര്യം.'

അറുമുഖന്റെ മുഖം ഗൗരവപൂർണ്ണമായി. കുറച്ചുനേരത്തെ ആലോചനയ്ക്കു ശേഷം അവൻ പറഞ്ഞു.

'അച്ഛൻ സഹായിക്ക്യാണെങ്കില് ഞാൻ ഏത്തംണ്ടാക്കാം. ദിവസൂം രാവിലെ നേരത്തെ വന്ന് തേവിപ്പോയാ മതീല്ലോ. കൊച്ചമ്പ്രാട്ടി അച്ഛനോട് പറഞ്ഞാ സഹായിക്കും. കൊച്ചമ്പ്രാട്ടി ന്ന്തന്നെ ചോയിച്ചുനോക്കു.'

'നാളെ ചോദിക്കാം. ഇന്ന് എനിക്ക് തിരുമേനിടെ വീട്ടിലൊന്ന് പോണം.'

അറുമുഖൻ ഒരു ചോദ്യത്തോടെ അവളെ നോക്കി.

'ഞാൻ തിരിച്ചു വന്നിട്ട് പറയാം. ന്നെ ഒന്ന് ബസ്സ് കയറ്റി വിടണം. പറ്റ്വോ?'

'എന്താ പറ്റാതെ? മനക്കല് വഴി പോണ ബസ്സ്ണ്ട് എട്ടരയ്ക്ക് അതിന് പോയാ കൊച്ചമ്പ്രാട്ട്യെ ബസ്സ് കേറ്റിത്തന്നിട്ട് ആ വഴിയ്ക്ക് എനിക്ക് പണിയ്ക്ക് പോവാം.'

'ഞാൻ തയ്യാറാവാം.'

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 27

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. മാതൃഭൂമി ബുക്സ്, കോഴിക്കോട് (2007)

 ഈ ഭാഗം വായിച്ചു കേള്‍ക്കാം