|| Novel

കൊച്ചമ്പ്രാട്ടി

ഇ ഹരികുമാര്‍

- 19 -

ബസ്സ് ഇല്ലത്തെ പടിക്കൽത്തന്നെ നിർത്തിത്തന്നു. ആ പടിപ്പുരയുടെ മുമ്പിൽ പദ്മിനി കുറച്ചുനേരം നോക്കിനിന്നു. അവൾ ആദ്യമായാണ് അവിടെ കാലുകുത്തുന്നത്. പടിപ്പുര ഒരു വലിയ കോട്ടകവാടംപോലെ അവളെ ഭയപ്പെടുത്തി. പെട്ടെന്നവൾ അധീരയായി. എന്തു കണ്ടിട്ടാണ് താൻ തിരുമേനിയുടെ അടുത്തേയ്ക്കു പോകുന്നത്? അദ്ദേഹത്തിന്റെ നല്ല മനസ്സിനെപ്പറ്റി കേട്ടിട്ടുള്ള കഥകൾ ഓർത്തിട്ടാണോ, അതോ അമ്മ പറഞ്ഞ പഴയ കാര്യങ്ങൾ അദ്ദേഹത്തിന്റെ ഓർമ്മയിലുണ്ടാവുമെന്ന പ്രതീക്ഷയിലാണോ?

പടിവാതിൽ കടന്ന് സർപ്പപ്രതിഷ്ഠയുള്ള അമ്പലത്തിന്റെ മുമ്പിലെത്തിയപ്പോൾ അവൾ നിന്നു തൊഴുതു. തന്റെ ജീവിതം നന്നായിവരാനായി സഹായിക്കാൻ അവൾ സർപ്പങ്ങളോട് പ്രാർത്ഥിച്ചു.

ഉമ്മറത്ത് ചാരുകസേലയിൽ തിരുമേനി ഇരിക്കുന്നുണ്ടായിരുന്നു. സംശയിച്ച് നടന്നുവരുന്ന പെൺകുട്ടിയെ കണ്ടപ്പോൾ അദ്ദേഹം നിവർന്നിരുന്നു.

'ഇങ്ങട്ട് കേറി വരാം.'

എതിർവശത്തിട്ട കസേലകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 'ഇരിക്കാം.'

പദ്മിനി അല്പം മടിച്ചുകൊണ്ട് നിന്നു.

'ഇരിക്കാം. ന്റെ മുമ്പിലിര്‌ന്നോണ്ട് കൊഴപ്പൊന്നുംല്ല്യ. എവിട്ന്നാ?'

'പാർവ്വതിയമ്മടെ മകളാ ഞാൻ. താഴെ വീട്ടിലെ ശേഖരൻ നായര്‌ടെ മകൾ.'

കൃഷ്ണൻ നമ്പൂതിരി ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ പദ്മിനിയെ നോക്കിക്കൊണ്ട് പറഞ്ഞു.

'എന്തിനാ മോള് വന്നത്?'

ആദ്യം സംശയിച്ചും നിർത്തിയും തുടങ്ങിയ സംസാരം തിരുമേനിയുടെ മുഖത്തുനിന്നു ലഭിച്ച പ്രോത്സാഹനം മൂലം ഒരു കുത്തൊഴുക്കാവാൻ അധിക സമയമൊന്നും വേണ്ടിവന്നില്ല. തിരുമേനി എല്ലാം ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു. അദ്ദേഹത്തിൽനിന്ന് ഒന്നും മറച്ചുവച്ചിട്ട് കാര്യമില്ലെന്നവൾക്കു തോന്നി. താൻ നീതിയ്ക്കു വേണ്ടിയാണ് അദ്ദേഹത്തിന്റെ അടുത്തു ചെല്ലുന്നത്. അപ്പോൾ കാര്യങ്ങളുടെ കിടപ്പ് ശരിക്കും അറിയിക്കാതിരിക്കുന്നത് ശരിയല്ല.

കല്യാണിയമ്മ വാതിലിനടുത്തു വന്ന് മുരടനക്കി.

'കല്യാണിയമ്മേ,' മുഖം തിരിക്കാതെ തിരുമേനി പറഞ്ഞു. 'ഈ കുട്ടി ഞാൻ അട്ത്തറിയണ വീട്ടിലത്തെയാണ് വല്യേ തറവാട്ടുകാരാ. ഇവൾക്ക് കുടിക്കാൻ സംഭാരോ മറ്റൊണ്ടാക്കൂ.'

പച്ചമുളകും നാരകത്തിന്റെ ഇലയും ചേർത്ത സംഭാരം ഒരു മൊന്തയിലാക്കി കല്യാണിയമ്മ കൊണ്ടുവന്നു. ഒപ്പം കൊണ്ടുവന്ന രണ്ടു ഗ്ലാസ്സുകളിൽ അവർ അതു പകർന്നു. സ്റ്റൂളിൽ വച്ച ഗ്ലാസ്സുകൾ ചൂണ്ടി തിരുമേനി പറഞ്ഞു.

'അതു കുടിക്കാം.'

പദ്മിനിയുടെ, തോരാതെ നിന്ന മഴപോലെ പെയ്ത സംസാരം നിലച്ചിരുന്നു. മനസ്സിന്റെ വിസ്മൃതമായൊരു ഭൂഭാഗത്ത് ഒരു മലയിടിഞ്ഞിരിക്കയാണ്. തിരുമേനി കുറേനേരം ഒന്നും പറയാതിരുന്നു. എന്താണ് പറയേണ്ടത്? മുമ്പിൽ ഒരു പെൺകുട്ടി ആശ്രയത്തിനായി തന്നെ ഉറ്റുനോക്കിക്കൊണ്ടിരിയ്ക്കയാണ്. സഹായത്തിന്നായി അവൾക്ക് വേറൊരിടത്തേയ്ക്കു പോകാനില്ല. അവളുടെ സംസാരം അത്രയ്ക്കു സമഗ്രമായിരുന്നു. അവളുടെ ജീവിതത്തിന്റെ ഒരേടും ഇനി എഴുതപ്പെടാനില്ല. തിരുമേനി ഗ്ലാസെടുത്തു സംഭാരം ഒറ്റയിറക്കിന് കുടിച്ചുതീർത്തു. ഗ്ലാസ്സ് ശബ്ദമില്ലാതെ സ്റ്റൂളിന്മേൽ വച്ചശേഷം അദ്ദേഹം പദ്മിനിയെ നോക്കി.

'ഞാൻ പ്പൊ എന്താ ചെയ്യേണ്ടത്?' അദ്ദേഹം ചെല്ലം അടുത്തുവച്ച് വെറ്റിലയെടുത്തു. 'എന്താച്ചാൽ പറഞ്ഞോളു.'

പദ്മിനി സംഭാരമെടുത്തു കുടിച്ചു. അവൾക്ക് ദാഹമുണ്ടായിരുന്നു. തിരുമേനി വെറ്റിലയെടുത്തു ഞെട്ടി കളഞ്ഞ് നഖംകൊണ്ട് ഞരമ്പുകൾ ഞരടിയെടുത്ത് ചുണ്ണാമ്പു തേയ്ക്കുകയാണ്.

'തിരുമേനിയ്ക്ക് പറ്റ്വെങ്കിൽ ഞങ്ങക്ക് കൊറച്ച് സമയം അനുവദിച്ച് തരാൻ നന്ദൻമേനനോട് പറയണം.'

'സമയം അനുവദിച്ച് തന്നൂന്ന് കരുതു, എന്നാത്തന്നെ നിങ്ങൾ എങ്ങിന്യാണത് തിരിച്ചു കൊടുക്കാൻ പോണത്? മൂവ്വായിരംന്ന് പറയണത് ചെറിയ സംഖ്യല്ല.'

'ഒന്നും അറീല്ല്യ.' അവൾ മുഖം താഴ്ത്തിക്കൊണ്ടു പറഞ്ഞു. 'എന്തെങ്കിലും വഴി തുറന്നു കിട്ടുംന്ന്ള്ള പ്രതീക്ഷേലാണ് ഞാൻ ഓരോ ദിവസും തള്ളിനീക്കണത്.'

ആ വാക്കുകൾ അദ്ദേഹത്തെ വല്ലാതെ സ്പർശിച്ചു. അദ്ദേഹം നിശ്ശബ്ദനായി. അദ്ഭുതങ്ങൾ സംഭവിക്കുമെന്നുള്ള പ്രതീക്ഷയിൽ ജീവിക്കുന്ന ഒരു പെൺകുട്ടി. ആ ചിന്താഗതിതന്നെ അപകടകാരിയാണ് എന്നദ്ദേഹത്തിന്നറിയാം. എങ്ങിനെയാണവർ പണം തിരിച്ചുകൊടുക്കാൻ പോകുന്നത്?പദ്മിനിയുടെ സംസാരത്തിൽനിന്ന് കൃഷ്ണൻ നമ്പൂതിരിയ്ക്ക് ആ തറവാടിനെപ്പറ്റിയും ബന്ധുക്കളെപ്പറ്റിയും നല്ലൊരു ചിത്രം കിട്ടിയിട്ടുണ്ട്. ആ പെൺകുട്ടിയുടെ കല്യാണം കഴിഞ്ഞാൽ മാത്രമേ അവർക്കൊരു താങ്ങുണ്ടാവു. കുട്ടി സുന്ദരിയാണെങ്കിലും അവരുടെ ഇപ്പോഴത്തെ നിലയിൽ അതത്ര എളുപ്പവുമല്ല. അലസിപ്പോയ നാലഞ്ച് വിവാഹാലോചനകളുടെ കഥ അവൾതന്നെ പറഞ്ഞു. ഇനി അവളുടെ കല്യാണം കഴിഞ്ഞാൽക്കൂടി ആ ചെറുപ്പക്കാരന് ഇവരുടെ അമ്മാവൻ വരുത്തിവച്ച കടം വീട്ടാൻ എന്തു താല്പര്യമാണുണ്ടാവുക?

പെൺകുട്ടി ആത്മാഭിമാനമുള്ള കൂട്ടത്തിലാണെന്നു സംസാരത്തിൽ നിന്നു മനസ്സിലായി. ഇതിന്റെയെല്ലാം അന്ത്യം എങ്ങിനെയായിരിക്കുമെന്നോർത്തപ്പോൾ അദ്ദേഹം ഞെട്ടി.

'മോളെ, സമാധാനായിരിക്ക്. എന്തെങ്കിലും വഴിണ്ടാക്കാമോന്ന് നോക്കാം. നന്ദൻമേനോനെ ഞാൻ അറിയും. സംസാരിക്കാം.'

പദ്മിനി എഴുന്നേറ്റ് അദ്ദേഹത്തിന്റെ കാൽക്കൽ നമസ്‌കരിച്ചു.

'എഴുന്നേൽക്ക് മോളെ. നിന്റെ നാളെന്താണ്?'

'കാർത്തിക.'

'നന്നായി വരും. ഇനിള്ളത് നല്ല കാലാണ്. മോളെ, എന്നെ സ്വന്തം അച്ഛനെപ്പോലെ കരുത്യാ മതി. എന്തെങ്കിലും ആവശ്യണ്ടെങ്കിൽ വന്നോളു. എല്ലാം ശരിയാവും. ഒന്നുകൂടി കലങ്ങിത്തെളിയാന്ണ്ട്.'

'ഞാൻ ഇറങ്ങട്ടെ തിരുമേനി?'

'ഊണുകഴിച്ചിട്ടു പോയാ മത്യെങ്കില് അങ്ങനെയാവാം.'

'വേണ്ട അമ്മ ഒറ്റയ്ക്കാണ്. എനിക്ക് അമ്മടെ കാര്യത്തില് നല്ല പേടിണ്ട്.'

'തിരുനാവാ മൂസ്സിനെ ഒന്ന് കാണിക്ക്യായിര്ന്നില്ല്യേ?'

പദ്മിനി ഒന്നും പറഞ്ഞില്ല.

'നിങ്ങടെ ഇഷ്ടം. പോവാൻ വരട്ടെ.'

തിരുമേനി അകത്തുപോയി ഒരു കവറുമായി തിരിച്ചുവന്നു. ആ കവർ അവളുടെ കയ്യിൽ വച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 'ഇതു കൊണ്ടു പോകു.'

അതു പണമാണെന്നവൾക്കു മനസ്സിലായി.

'അതു വേണ്ട തിരുമേനി. ഞാൻ ഇതൊന്നും പ്രതീക്ഷിച്ചല്ല വന്നത്.'

'കൈ നീട്ടു. അച്ഛൻ തര്വാണ്ന്ന് കരുതി വാങ്ങു. നിങ്ങക്കാവശ്യാവും.'

അവൾ കൈനീട്ടി അതു വാങ്ങി, ഒരിക്കൽക്കൂടി തിരുമേനിയുടെ കാൽക്കൽ നമസ്‌കരിച്ചു.

'എഴുന്നേൽക്കു.' കൈ അവളുടെ തലയിൽ വച്ച് അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 'നന്നായി വരട്ടെ.'

'രാമൻ നായരെ, ഈ കുട്ടിയെ ഒന്ന് ബസ്സ് കേറ്റി വിടു. ഇപ്പൊ വല്ല ബസ്സുംണ്ടോ?'

കോലായിൽ അങ്ങേത്തലക്കൽ ഇരിക്കുകയായിരുന്ന രാമൻ നായർ നിലത്തുനിന്ന് എഴുന്നേറ്റു വന്ന് ഉമ്മറത്തുള്ള ഘടികാരത്തിൽ നോക്കി.

'വേഗം പോയാൽ അഞ്ജലിണ്ട്.'

രാമൻ നായർ പദ്മിനിയെ ബസ്സുകയറ്റി തിരിച്ചുവന്നപ്പോൾ തിരുമേനി കണ്ണടച്ചിരിക്കയായിരുന്നു. അയാൾ ചവിട്ടുകല്ലിൽ കാലുരയ്ക്കുന്ന ശബ്ദം കേട്ട് തിരുമേനി കണ്ണു തുറന്നു.

'രാമൻ രാവിലെത്തന്നെ പോയിട്ട് വടക്കേക്കാട്ട്‌ലെ നന്ദൻമേനോനോട് ഒന്നിത്രേടം വരാൻ പറയണം.'

'ഓ.' രാമൻ നായർ സംശയിച്ചുകൊണ്ട് പറഞ്ഞു. 'അയാളൊരു ജാതി മനുഷ്യനാ തിരുമേനി.'

'ആയ്‌ക്കോട്ടെ രാമാ. നല്ലോര് മാത്രള്ള ലോകം എന്തിനു കൊള്ളും. മഴവില്ലിന് എല്ലാ നെറൂം വേണ്ടെ? അയാളോട് ഇന്ന് തന്നെ വരാൻ പറേണം.'

'അടിയൻ.'

'കല്യാണിയമ്മേ?'

'ഓ....'

'കഞ്ഞി വെളമ്പിക്കോളു.'

തിരുമേനി ചിന്തയിലായിരുന്നു. തറവാടുകളുടെ പതനം. ഭൂനിയമം മാത്രമല്ല അതിനു കാരണം. വിജയൻമേനോനെപ്പോലുള്ളവരുടെ കുത്തഴിഞ്ഞ ജീവിതം അതിനു ആക്കം കൂട്ടുകയാണുണ്ടായത്. എല്ലാം കഴിഞ്ഞ് കഷ്ടപ്പെടുന്നവരോ എറ്റവും താഴെയുള്ള തലമുറ. പദ്മിനിയുടെ മുഖം കൺമുമ്പിൽനിന്നു മറയുന്നില്ല. വളരെക്കാലംമുമ്പ് തന്നെ ആകർഷിച്ച ആ മുഖം ഓർമ്മ വന്നപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചു. ഈശ്വരാ എങ്ങിനെയെങ്കിലും നന്നായി വരട്ടെ.

നന്ദൻമേനോൻ വന്നത് ഉച്ച തിരിഞ്ഞായിരുന്നു. തിരുമേനി ഉച്ചയുറക്കം കഴിഞ്ഞ് ഉമ്മറത്തിരുന്ന് ചായ കുടിക്കുമ്പോഴാണ് അയാൾ കയറിവന്നത്. ഒതുക്കുകൾ കയറിക്കൊണ്ടിരിക്കെ അയാൾ ചോദിച്ചു.

'തിരുമേനി എന്തിനാണാവോ അന്വേഷിച്ചത്?'

'ഇരിക്കൂ. പറയാം.'

അയാൾ തിരുമേനിയുടെ എതിരായി ഇട്ട കസേലയിൽ ഇരുന്നു.

'മകൻ ഇപ്പൊ എവിട്യാ?'

'അവൻ മദ്രാസിലാ തിരുമേനി. എഞ്ചിനീയറിങ് കഴിഞ്ഞ ഒടനെ പോയതല്ലെ. ഇപ്പൊ നാലു കൊല്ലായി ജോലിയെടുക്ക്വാ.'

'നല്ല ശംബളൊക്കെണ്ടാവും അല്ലെ?'

'ങാ, മോശല്ല്യ. അവന് കമ്പനി മാറണംന്നൊക്കെണ്ട്.'

'എന്തേ ഇപ്പള്ള കമ്പനി മോശാണോ?'

'മോശായിട്ടല്ല. ഒയർന്ന് വരാന്ള്ള അവസരം കൊറവാത്രെ?'

'വല്ല പെൺകുട്ടീനിം നോക്ക്ണ്‌ണ്ടോ?'

'നോക്കണം, ഇനി ഏതായാലും ജോലി മാറീട്ട് മതീച്ചിട്ടാ.'

'അവനെ ഇവ്‌ടെ കൊണ്ടന്നത് ഓർമ്മണ്ടോ?'

'ഓർമ്മല്യാതിരിക്ക്യോ തിരുമേനി. അവ്ട്ന്നല്ലേ അവനെ രക്ഷിച്ചത്?'

ജീവിതത്തിൽ മറക്കാത്ത ചില അനുഭവങ്ങളുണ്ട്. അതിലൊന്നാണത്. പന്ത്രണ്ടു കൊല്ലം മുമ്പാണ്. ഒരു ഞായറാഴ്ച കരുണൻ അയൽവക്കത്തെ കുട്ടികളോടൊപ്പം ഓടിക്കളിക്കുകയായിരുന്നു. പെട്ടെന്ന് കാലിൽ എന്തോ കുത്തിയപോലെ തോന്നിയത്രെ. വല്ല മുളയുടെ ആരോ മറ്റൊ കയറിയതായിരിക്കുമെന്നു കരുതി അവൻ ശ്രദ്ധിച്ചില്ല. കുറച്ചുകഴിഞ്ഞപ്പോൾ വേദനയും കടച്ചിലും കൂടി. അഞ്ചുമിനുറ്റിനുള്ളിൽ അവൻ ബോധം കെടുകയും ചെയ്തു. കുട്ടികളാരോ ആണ് സംശയം പറഞ്ഞത് പാമ്പു കടിച്ചതായിരിക്കുമെന്ന്, കാരണം അവർ കളിച്ചിരുന്ന പറമ്പിലെ ചപ്പിലകൾക്കിടയിലൂടെ ഒരു വലിയ പാമ്പ് ഇഴഞ്ഞുപോകുന്നതവൻ കണ്ടിരുന്നു.

കരുണനെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. മുറിവായ പരിശോധിച്ച ഡോക്ടർ പാമ്പു കടിച്ചതാണെന്നു പറഞ്ഞു. അവിടെ ഇഞ്ചക്ഷനുള്ള മരുന്നില്ലെന്നും ഉടനെ ടൗണിലെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാനും പറഞ്ഞു. താലൂക്കാശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ ഇഞ്ചക്ഷൻ കൊടുത്തു. കരുണന്റെ ദേഹം ആകെ നീലച്ചു തുടങ്ങിയിരുന്നു.

'എപ്പഴാ പാമ്പ് കടിച്ചത്?' ഡോക്ടർ ചോദിച്ചു.

രാവിലെ എട്ടുമണിയ്ക്കാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം കുറേ ചീത്ത പറഞ്ഞു. ഇത്രനേരം എന്തേ ചെയ്തിരുന്നതെന്നു ചോദിച്ചു. അര മണിക്കൂർ കഴിഞ്ഞിട്ടും യാതൊരനക്കവുമില്ലെന്നു കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു.

'ഇനി ഒന്നും ചെയ്യാൻ പറ്റില്ല, കൊണ്ടോയ്‌ക്കോളു. വൈകിപ്പോയി.'

മകന്റെ ശരീരവും മടിയിൽവച്ച് ആശുപത്രി വരാന്തയിൽ വാവിട്ടു കരഞ്ഞത് നന്ദൻമേനോന് ഇപ്പോഴും ഓർമ്മയുണ്ട്. അതിനിടയ്ക്കാണ് ആരോ പറഞ്ഞത് തിരുമേനിയുടെ അടുത്ത് പോയി നോക്കാമെന്ന്. ഭാഗ്യത്തിന് ആശുപത്രിയിലേയ്ക്ക് ഏതോ രോഗിയെ കൊണ്ടുവന്ന കാർ കിട്ടുകയും ചെയ്തു.

തിരുമേനി കരുണനെ പരിശോധിച്ചശേഷം തലയാട്ടി. അതിന്റെ അർത്ഥമെന്താണെന്ന് നന്ദൻമേനോന് മനസ്സിലായില്ല. അദ്ദേഹത്തിന്റെ മുഖം ഗൗരവമുള്ളതായിരുന്നു. രാമൻനായർ കൊണ്ടുവന്ന മരുന്ന് മുറിവായിലും നിറുകയിലും മൂക്കിലും പുരട്ടിയശേഷം അദ്ദേഹം മുറ്റത്തു കിടത്തിയ ദേഹത്തിനു മുമ്പിൽ ധ്യാനനിരതനായി ഇരുന്നു. സാവധാനത്തിൽ സൂര്യൻ ഇല്ലത്തിന്റെ മേൽപ്പുരയ്ക്കു പിന്നിൽ മറഞ്ഞു. അദ്ദേഹം അപ്പോഴും ധ്യാനനിരതനായി കണ്ണടച്ച് ചമ്രംപടിഞ്ഞിരിക്കയായിരുന്നു. തിരുമേനിയെയും ചലനമില്ലാതെ പുൽപ്പായിൽ കിടക്കുന്ന മകനേയും നോക്കി നന്ദൻമേനോൻ കരയുകയായിരുന്നു. വെയിൽ മങ്ങി, രാമൻനായർ നിലവിളക്കിൽ കുറച്ചുകൂടി എണ്ണയൊഴിച്ചു മാറി നിന്നു.

ചുറ്റും ഇരുട്ടിത്തുടങ്ങി. ഉമ്മറത്ത് ഒരു സ്ത്രീ നിലവിളക്കു കൊണ്ടുവന്നുവച്ചു. തിരുമേനി കണ്ണു തുറന്നു.

'കൊണ്ടുപോകാം. കുറച്ചു കഴിഞ്ഞാൽ എണീക്കും. രാത്രി ഉറക്കരുത്. കഴിക്കാൻ ഒന്നും കൊടുക്കരുത്. ഭക്ഷണം വേണംന്നൊക്കെ പറയും. ന്നാലും കൊടുക്കരുത്. ഒറങ്ങാൻ അനുവദിക്കണ്ട. നാളേയ്ക്ക് ശരിയായിക്കോളും.'

അദ്ദേഹം എഴുന്നേറ്റു. കരുണൻ അല്പം അനങ്ങിയോ? അല്ലാ നിലവിളക്കിന്റെ തിരി ഇളകുന്നതുകൊണ്ട് തോന്നിയതായിരിക്കുമോ? അല്ല,കരുണൻ ശരിക്കും അനങ്ങി, കൈകൾ കുറേശ്ശെ ചലിപ്പിച്ചു.

നന്ദൻമേനോൻ ആലോചിക്കുകയായിരുന്നു. പന്ത്രണ്ടു കൊല്ലം മുമ്പ് നടന്ന കാര്യങ്ങൾ ഇന്നലെ നടന്നപോലെ. അന്ന് ഓടിവന്ന് മോനെ മിറ്റത്തു കിടത്തി തിരുമേനിയുടെ കാൽക്കൽ വീണത് ഓർമ്മയുണ്ട്.

'തിരുമേനി എങ്ങിനെയെങ്കിലും ന്റെ മോനെ രക്ഷിക്കണം. ന്റെ സ്വത്ത് മുഴുവൻ അവിടുത്തേയ്ക്ക് തരാം, ന്നാലും ന്റെ മോനെ രക്ഷിക്കണം.'

രാമൻ നായർ മുറ്റത്ത് പുൽപ്പായ വിരിച്ച് കുട്ടിയെ കിടത്താൻ പറഞ്ഞു.

'ഇത്രേം നെലോം പറമ്പും കൊണ്ട് ഞാൻ എന്തു ചെയ്യാനാ?' കിഴക്കു പടിഞ്ഞാറായി കിടത്തിയ കുട്ടിയുടെ കാൽഭാഗത്ത് ചമ്രം പടിഞ്ഞിരിക്കുമ്പോൾ തിരുമേനി പറഞ്ഞു. അദ്ദേഹത്തിന്റെ മുഖം ഗാംഭീര്യം നിറഞ്ഞതായിരുന്നു.

'അന്ന് നിങ്ങള് പറഞ്ഞതൊക്കെ ഓർമ്മണ്ടോ മേനന്?'

പ്രതിഫലമായി അദ്ദേഹം വാങ്ങിയത് വെറ്റിലയുടെയും അടയ്ക്കയുടെയും ഒപ്പം വച്ചുകൊടുത്ത ഒറ്റ ഉറുപ്പിക നാണ്യം മാത്രം.

'അന്ന് തിരുമേനി ന്റെ ആകെള്ള ഒരു സന്തതിയെ ആണ് രക്ഷിച്ചത്. ഇപ്പഴും തിരുമേനി എന്തു പറഞ്ഞാലും ഞാൻ ചെയ്തുതരും.'

'ഞാനല്ല നിങ്ങടെ മോനെ രക്ഷിച്ചത് ഈ സർപ്പക്കാവില്‌ത്തെ നാഗങ്ങളാണ്. സത്യള്ള സർപ്പങ്ങളാണ്. നമ്മടെ ജീവൻ രക്ഷിക്കാംന്ന് ആ നാഗങ്ങള് സമ്മതിച്ചാൽ അതൊരു കരാറാണ്. പിന്നെ നമ്മള് സത്യത്തിനും നീതിയ്ക്കും വിരുദ്ധായിട്ടൊന്നും ചെയ്യില്ലാന്ന്ള്ള കരാറ്. അപ്പൊ നമ്മ്‌ടെ ജീവിതത്തിലും നമ്മള് ശുദ്ധീം സത്യും പാലിക്കണം. ആ കരാറ് നമ്മള് തെറ്റിക്കണത് അവര് പൊറുക്കില്ല.'

'തിരുമേനി ഞാൻ സത്യത്തിനും നീതിയ്ക്കും വിരുദ്ധായിട്ടൊന്നും ചെയ്തിട്ടില്ല.'

'താഴെപ്പറമ്പിലെ വിജയൻമേനോനെ അറിയ്വോ? ആള് മരിച്ചു പോയി.'

'അറിയാം തിരുമേനി.'

'അയാള്‌ടെ അട്ത്ത്ന്ന് കൊറച്ച് പണം കിട്ടാണ്ടായിരുന്നു അല്ലെ?'

'അതെ.' നന്ദൻമേനോൻ വളരെ സൂക്ഷിച്ച് വാക്കുകൾ ഉപയോഗിച്ചു. വഴിയിലെവിടെയോ അപകടം വാക്കുകളുടെ രൂപത്തിൽ പതുങ്ങിയിരിക്കുന്നുണ്ടെന്ന് അയാൾക്കു തോന്നി.

'ഒരു പ്രോനോട്ടും അവര്‌ടെ വീട്ടിന്റെ ആധാരും അയാള്‌ടെ കയ്യീന്ന് വാങ്ങിവച്ചിട്ട്ണ്ടല്ലെ?'

'അതെ, തിരുമേനി എന്തെങ്കിലും ഒരു രേഖല്ല്യാതെ രണ്ടായിരം ഉറുപ്പിക അങ്ങനെ കൊടുക്കാൻ പറ്റ്വോ?'

'ശര്യാണ്. പക്ഷേ ഇപ്പ ആ വീട്ടില്ള്ളത് അയാള്‌ടെ സുഖല്യാതെ കെടക്കണ പെങ്ങളും മരുമകളും മാത്രാണ്. അയാള് പണം വാങ്ങീത് മുഴുവൻ കുടിക്കാനും പെൺവിഷയത്തിന് വേണ്ടീട്ടും ആണ്. രാമൻനായര് ഇന്നാണ് എന്നോട് ഈ കാര്യൊക്കെ പറഞ്ഞത്. നാട്ടിലൊക്കെ പാട്ടാണത്രെ. നിങ്ങള് അറിയാതിരിക്ക്യൊന്നുംല്ലല്ലോ. പാവം ആ വയ്യാത്ത സ്ത്രീയും മകളും ഇന്ന് പട്ടിണിയിലാണ്. ഇനി കേറിക്കിടക്കാൻ ഒരു പെരേംകൂടി ഇല്ല്യാച്ചാലത്തെ അവസ്ഥ എന്താണ്? നിങ്ങള് ഇന്നലെ അവരെ കണ്ട് സംസാരിച്ചതിന് ശേഷം ആ പാവം സ്ത്രീ എണീറ്റിട്ടില്ല.'

നന്ദൻമേനോൻ ഒന്നും പറയാതെ ഇരിക്കുകയാണ്. വല്ലാത്തൊരു കുടുക്കിലാണ് വന്നു പെട്ടത്.

കുറച്ചുനേരത്തെ മൗനത്തിനു ശേഷം തിരുമേനി ചോദിച്ചു.

'നിങ്ങക്ക് എന്തെങ്കിലും പറയാനുണ്ടോ?'

നന്ദൻമേനോൻ മുരടനക്കി. വരണ്ട നാവ് നനയ്ക്കാൻ കുറച്ചു ഉമിനീരിനായി അയാൾ ശ്രമിക്കുകയാണ്.

'ഞാൻ അങ്ങിന്യൊന്നും ഉദ്ദേശിച്ചിട്ടില്ല.'

'ന്നാ നിങ്ങള് ഉദ്ദേശിച്ചിട്ടല്ലാ പറഞ്ഞത് ന്ന് അവർക്ക് മനസ്സിലായിട്ടില്ല.'

'തിരുമേനി, ഞാനെന്താണ് ചെയ്യണ്ടത്?'

'നാളെ രാവിലെത്തന്നെ ആ വീട്ടില് പോയി ആ പ്രോനോട്ടും ആധാരും തിരിച്ചു കൊടുക്കുക. അവർക്ക് ഏതെങ്കിലും കാലത്ത് തിരിച്ചു തരാൻ പറ്റുമെങ്കിൽ പണം തിരിച്ചുതരും. ഇതെല്ലാം നിങ്ങൾക്ക് സ്വയം തോന്നീട്ട് ചെയ്യണം. ഒരു കാര്യത്തിലും ഞാൻ നിർബ്ബന്ധിക്ക്ണ്‌ല്യ.'

'ഞാൻ തിരുമേനി പറേണപോലെ ചെയ്യാം. ഇനി അവര് കാരണം ന്റെ മോന് ഒരു ശാപംണ്ടാവണ്ട.'

'ശരി, കാപ്പിയോ സംഭാരോ വേണ്ടത്?'

'ഒന്നും വേണ്ട തിരുമേനി. അങ്ങ് ഒന്നും വിചാരിക്കരുത്.'

'ഇല്ല. പോമ്പ സർപ്പപ്രതിഷ്ഠയില് ഒരു പൂ വെച്ച് തൊഴുത് പൊയ്ക്കോളു. ഒരു പ്രായശ്ചിത്തായിക്കോട്ടെ.'

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 27

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. മാതൃഭൂമി ബുക്സ്, കോഴിക്കോട് (2007)

 ഈ ഭാഗം വായിച്ചു കേള്‍ക്കാം