ഇ ഹരികുമാര്‍
രാവിലെ മേലാകെ വേദനയും നേരിയ ചൂടും തോന്നിയപ്പോൾ പണിയ്ക്ക് പോകേണ്ടെന്നു ദേവകി തീർച്ചയാക്കി. കെട്ടിയോൻ കാലത്തുതന്നെ പണിയ്ക്ക് പോയിരുന്നു. ഇന്നെന്തായാലും വീട്ടിലിരിക്കാം. രാവിലെ പത്തുമണിയുടെ ബെല്ല് സ്‌കൂളിൽനിന്നു കേട്ടപ്പോൾ അവൾ മോളെ നോക്കാൻ അമ്മയെ ഏല്പിച്ച് കുറച്ചുനേരം കിടക്കാമെന്നു കരുതി. അമ്മ മോളെയുംകൊണ്ട് അടുക്കളയിലേയ്ക്കു പോയി. അവളെ കുളിപ്പിയ്‌ക്കേണ്ട സമയമായിരിക്കുന്നു. അപ്പോഴാണ് തമ്പ്രാൻ മുറ്റത്തു നിൽക്കുന്നത് ദേവകി കണ്ടത്. അവൾക്ക് പരിഭ്രമമായി. ദേവകിയെ കണ്ടപ്പോൾ അയാൾ കൂസാതെ അകത്തു കയറുകയാണ്.
ഇന്ന് കുറെക്കാലത്തിനുശേഷം ദേവകി വീട്ടിലിരുന്ന് സ്വപ്നം കാണുകയായിരുന്നു. എന്താണ് ഇത്രയും കാലം കഴിഞ്ഞ് വീണ്ടും തമ്പ്രാനെക്കുറിച്ച് ആലോചിക്കാൻ കാരണം. തമ്പ്രാനെങ്ങാൻ തന്നെക്കുറിച്ച് ആലോചിക്കുന്നുണ്ടോ? തമ്പ്രാന്റെ സൂക്കട് എങ്ങനെണ്ടാവ്വോ?
തമ്പ്രാൻ അകത്തു കടന്നപ്പോൾ ദേവകി പരിഭ്രമിച്ചുകൊണ്ട് ശബ്ദമടക്കി ചോദിച്ചു.
'എന്തിനാമ്പ്രാ വീട്ടീ വന്നത്?'
'നിന്നെ കാണാൻ. നിന്നെ കാണാതെ വീട്ടിലിരിക്കാൻ തോന്നീല്ല്യ.'
'നിക്ക് പന്യാണ്. സാരല്ല്യ, ഞാൻ ഇപ്പ വരാം. ഇമ്പ്രാൻ പോവു.' അവൾ ആവുന്നത്ര ശബ്ദം താഴ്ത്തി പറഞ്ഞു.
ഭാഗ്യത്തിന് അമ്മ അടുക്കളയിൽ മോളെ എണ്ണ തേപ്പിക്കാൻ തുടങ്ങിയിരുന്നു. അയാൾക്ക് വേണ്ടത് എടുത്ത ശേഷമേ അയാൾ പോയുള്ളു. അതിനിടയിൽ അവൾക്ക് ആകെ പറയാൻ പറ്റിയത് 'എല്ലാം അഴിക്കണ്ട ഇമ്പ്രാൻ' എന്നു മാത്രമാണ്.
അതിനുശേഷം പണിക്കു പോക്കു മുടക്കാൻ അവൾക്കു ധൈര്യം വന്നിട്ടില്ല.
തമ്പ്രാൻ പടികടന്നു പോകുന്നതു കണ്ടുകൊണ്ടാണ് അമ്മ മോളെ കുളിപ്പിച്ച് മുറിയിലേയ്ക്കു കൊണ്ടുവന്നത്. അവർ ചോദിച്ചു.
'അത് നമ്മടെ ഇമ്പ്രാനല്ലെ?'
'അതെയമ്മാ.'
മകളുടെ മുഖത്തുണ്ടായ അങ്കലാപ്പ് അവർക്കു മനസ്സിലായില്ല.
'എനിക്ക് എന്തു പറ്റീന്നറിയാൻ വന്നതാ.'
'പാവം ഇമ്പ്രാൻ, നെന്നെ നല്ല കാര്യാ.'
കൊച്ചുമകൾക്കുള്ള അരഞ്ഞാൺ കൊണ്ടുവന്നപ്പോൾത്തന്നെ അവർ മനസ്സിലതു കുറിച്ചിട്ടിരുന്നു. പിന്നീട് മോൾക്കുള്ള മാല. ദേവകിയ്ക്കു രണ്ടു വള,ഇതൊക്കെ കിട്ടിയപ്പോൾ ആ പഴമനസ്സ് കാര്യങ്ങൾ ഏതാണ്ട് ഗ്രഹിച്ചിരുന്നു. അവർ വിജയൻ തമ്പ്രാന്റെ അച്ഛൻ വലിയ തമ്പ്രാനെക്കുറിച്ച് ആലോചിച്ചു. അധികം സംസാരിക്കാത്ത പ്രകൃതം. ലക്ഷ്മിയ്ക്ക് അയാളെ പേടിയായിരുന്നു. കഴിയുന്നതും മുമ്പിൽ ചെന്നു ചാടാതിരിക്കാൻ ശ്രമിക്കാറുണ്ട്. തെക്കേ വെട്ടുവഴിയ്ക്കടുത്ത് അവരുടെ സ്ഥലമുണ്ട്. അഞ്ചെട്ടു കായ്ക്കുന്ന തെങ്ങുകൾ, ഒരു പുളിമാവ്, ഒരു പ്ലാവ്. നടുവിൽ ചെറുതെങ്കിലും സൗകര്യമുള്ള വീടും. വാടകയ്ക്കു കൊടുക്കുകയാണ് പതിവ്. ഒരു വാടകക്കാരൻ പോയപ്പോൾ ലക്ഷ്മിയോട് അവിടെ വൃത്തിയാക്കാൻ പറഞ്ഞു. ഒന്നര മൈല് നടക്കാന്ള്ള ദൂരംണ്ട്. ലക്ഷ്മി ബക്കറ്റും ചൂലുമെടുത്ത് അങ്ങോട്ടു പോയി. വേഗം മടങ്ങിവരാൻ വല്ല്യമ്പ്രാട്ടി പറഞ്ഞതു കാരണം ജോലി ധൃതിയിൽ ചെയ്തു തുടങ്ങി. നിറയെ മാറാലയുണ്ടായിരുന്നു. വീടു നിറയെ പൊടിയും. എല്ലാം കഴിഞ്ഞപ്പോൾ വിയർത്തു. കിണറ്റിലെ തണുത്ത തെളിവെള്ളം കണ്ടപ്പോൾ വേഗം ഒന്നു കുളിക്കാമെന്നു കരുതി. ബക്കറ്റിൽ വെള്ളമെടുത്തു കുളിമുറിയിലെ സിമന്റു തൊട്ടിയിൽ നിറച്ചു. മുണ്ടഴിച്ചുമാറ്റി കുളി തുടങ്ങി. കുളിമുറിയുടെ വാതിലിന് കുറ്റിയുണ്ടായിരുന്നില്ല. സാരല്ല്യ, ആര് വരാനാ. തണുത്ത വെള്ളത്തിൽ നന്നായി കളിച്ചു. മേൽമുണ്ടുകൊണ്ട് തോർത്തുമ്പോഴാണ് അതുണ്ടായത്. വാതിൽ തുറന്ന് വല്ല്യമ്പ്രാൻ മുമ്പിൽ നിൽക്കുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ പകച്ചുനിൽക്കുമ്പോൾ തമ്പ്രാൻ വാതിൽ അതേപോലെ ചാരി. അന്ന് തനിക്ക് ഇരുപത് വയസ്സാണ്. വേഗം മുണ്ടുടുത്ത് നനഞ്ഞ മേൽമുണ്ട് പുതച്ച് അകത്തേയ്ക്ക് വന്നു. തമ്പ്രാൻ മുറിയുടെ നടുവിൽ നിൽക്കുന്നു.
'ലക്ഷ്മി, വാതിലടച്ച് കുറ്റിയിട്ട് അകത്തേയ്ക്കു വരു.'
തമ്പ്രാന്റെ കനപ്പെട്ട ശബ്ദം ഒരാജ്ഞയായിരുന്നു. അവൾ പുറത്തേയ്ക്കുള്ള വാതിലടച്ച് കുറ്റിയിട്ട് അടുക്കളയിലേയ്ക്കു നടന്നു. വീണ്ടും വിളിയുണ്ടായി.
'ലക്ഷ്മി ഇങ്ങട്ടു വരു.'
അവൾ തമ്പ്രാന്റെ മുന്നിൽ തലതാഴ്ത്തി നിന്നു. അയാൾ അവളെ അടുപ്പിച്ച് നനഞ്ഞ മേൽമുണ്ട് എടുത്തു മാറ്റി. അന്ന് ദേവകി മുലകുടിക്കുന്ന പ്രായമായിരുന്നു.
സിമന്റിട്ട നിലത്തുനിന്ന് അവർ എഴുന്നേറ്റത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞിട്ടായിരിക്കണം. തമ്പ്രാൻ വിരലുകളിൽ അണിഞ്ഞ നാലു മോതിരങ്ങളിൽ ഒരെണ്ണമൂരി ലക്ഷ്മിയുടെ കൈയ്യിൽ കൊടുത്തു.
ആ സംഭവം ഓർമ്മ വന്നപ്പോൾ ലക്ഷ്മി പറഞ്ഞു.
'ഇമ്പ്രാന്റെ ഒരു വാടക വീട്ണ്ട് തെക്കേ വെട്ടോഴീല്. നെനക്കറിയ്വോ?'
'അറിയും അമ്മേ, കണാരൂന്റെ കടേടെ അവിട്ന്ന് തെക്കോട്ട് പോണ വഴീലല്ലെ?'
'അത്വന്നെ. നീ ഇമ്പ്രാനോട് ആ വീടും പറമ്പും നെന്റെ പേരില് എയ്തിത്തരാൻ പറേ.'
'എന്തിനാമ്മേ?'
'എന്തിനാന്നോ? ഇതാപ്പൊ നല്ല കുതൂഹലം! പെണ്ണ് ചോയിച്ചത് കേട്ടോ. എടീ, നെണക്കും വേണ്ടെ സൊന്തായിട്ട് ഒരു കെടപ്പാടം. ഇവ്ട്ന്ന് എന്നാ പോണ്ടിവര്വാന്ന് അറീല്ല. നീ പറഞ്ഞാ തമ്പ്രാ അത് ചെയ്യാണ്ടിരിക്കൂല. പറഞ്ഞ് നോക്കെടീ.'
തമ്പ്രാന്റെ അടുത്തുനിന്ന് അങ്ങിനെ ഒരു സൗജന്യം ചോദിച്ചുവാങ്ങുന്നതിനെപ്പറ്റി ദേവകി ആലോചിച്ചിട്ടുണ്ടായിരുന്നില്ല. ഇതുവരെ തന്ന സാധനങ്ങളെല്ലാം തമ്പ്രാന് താനെ തോന്നി വാങ്ങിത്തന്നിട്ടുള്ളതാണ്. മാത്രല്ല ചോദിക്കാൻ അമ്മ പറയണത് നിസ്സാരകാര്യൊന്നും അല്ലേനും. പക്ഷേ സ്വന്തമായി ഒരു വീടുണ്ടാവുക! അമ്മ അവൾക്ക് സ്വപ്നം കാണാനുള്ള കോപ്പുണ്ടാക്കിക്കൊടുത്തു.
തറവാടിന്റെ താഴെ നിലയിൽ തെക്കെ മുറിയുടെ തടവിൽകിടന്ന് വിജയൻമേനോൻ സ്വപ്നം കാണുകയായിരുന്നു. ദേവകിയുടെ ശരീരത്തെപ്പറ്റി. തന്റെ സ്പർശത്തോടൊപ്പം പ്രതികരിക്കുന്ന നഗ്നദേഹം. തന്റെ കയ്യിൽ സ്‌നേഹത്തോടെ വഴങ്ങിത്തരുന്ന ആ ശരീരത്തിന്റെ ഗന്ധം. ഒരു സുഖനിമിഷത്തിന്റെ അന്ത്യത്തിൽ അവൾ തളർന്നു കിടക്കുകയാണ്. അടുത്ത നിമിഷത്തിൽ അവൾ എഴുന്നേറ്റു പോകുമെന്നോർത്തപ്പോൾ അയാൾ അവളെ മുറുകെ പിടിച്ചു.
'തമ്പ്രാ ഞാൻ പോട്ടെ. ന്റെ ജോലി ഒന്നും ആയിട്ടില്ല.'
'ഞാൻ വിട്ടെങ്കിലല്ലെ?'
ദേവകി അയാളുടെ ഓരോ സിരകളിലും പടരുകയാണ്. അവൾ ചോദിച്ചു.
'ഇമ്പ്രാ ഞാൻ ചോയിച്ചാ ഒരു കാര്യം ചെയ്തു തര്വോ?'
'എന്തും.' അയാൾ വീണ്ടും അവളിൽ പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. അവൾ പറഞ്ഞു.
'തെക്കേ വെട്ട്വോഴീല് ഇമ്പ്രാന്റെ ഒരു പെരല്ല്യേ? അത് എനിക്ക് തര്വോ?'
ദേവകിയ്ക്ക് പെട്ടെന്ന് ലജ്ജ തോന്നി. അവൾക്കിഷ്ടമില്ലാത്തൊരു കാര്യമാണ് ചെയ്യുന്നത്. ജീവിതത്തിലൊരിക്കലും അവൾ മറ്റൊരാളോട് ഒരാനുകൂല്യം ഇരന്നു വാങ്ങിയിട്ടില്ല. തമ്പ്രാൻ തരുന്നത് സ്‌നേഹം കൊണ്ടാണെന്ന ബോധത്തോടെയാണ് സ്വീകരിക്കുന്നത്. മറിച്ച് തന്റെ ദേഹത്തിന്റെ വിലയായിട്ടാണ് അതു തരുന്നത് എന്ന ബോധമുണ്ടായാൽ ആ നിമിഷം അവൾ അതെല്ലാം തിരിച്ചുകൊടുത്ത് അയാളുടെ ജീവിതത്തിൽനിന്നുതന്നെ അപ്രത്യക്ഷയായേനെ. അവൾക്ക് അമ്മയോട് ദേഷ്യം തോന്നി. വീട് സ്വന്തമായി വേണമെങ്കിൽ കെട്ടിയോൻ ഉണ്ടാക്കട്ടെ, ഇരന്നു വാങ്ങുകയല്ല വേണ്ടത്. അവൾ പറഞ്ഞു.
'അല്ലെങ്കീ വേണ്ടമ്പ്രാ. ഞാൻ വെറ്‌തെ പറഞ്ഞതാ.'
അയാൾ അവളിലേയ്ക്ക് ഇറങ്ങുകയാണ്. അവളുടെ ആഴങ്ങളിൽ, അവളുടെ മനസ്സിന്റെ, ദേഹത്തിന്റെ ലോലമായ ഇടങ്ങളിലേയ്ക്ക്. ആ പതുപതുത്ത ആത്മാവിലേയ്ക്ക് അയാളുടെ പരുക്കൻ മനസ്സ് സഞ്ചരിക്കുകയാണ്.
അയാൾ ഒരു കിതപ്പോടെ പറഞ്ഞു.
'നിനക്കല്ലാതെ വേറെ ആർക്കാ ഞാൻ കൊടുക്ക്വാ, ന്റെ ദേവൂട്ടീ?'
അവൾ മുണ്ടുടുത്ത് താഴേയ്ക്കു പോകാൻ പുറപ്പെട്ടപ്പോൾ അയാൾ പറഞ്ഞു.
'ആ വീട്ടില് ഇപ്പോ ഒരു മാഷാണ് താമസിക്കണത്. അയാള് ഈ മാർച്ചില് പരീക്ഷ കഴിഞ്ഞാ പോവും. ഞാനിപ്പൊത്തന്നെ അത് നെന്റെ പേരില് രജിസ്റ്റ്ര് ചെയ്ത് തരാം. ഞാനെന്റെ ഇഷ്ടത്തിനാ ഇത് ചെയ്യണത്. നീ സമാധാനായി പൊയ്‌ക്കോ. തല്ക്കാലം ആരോടും പറയണ്ട.'
ഇപ്പോൾ പുറത്ത് വെയിൽ തട്ടി തിളങ്ങുന്ന വാഴയിലകൾ ആടുന്നതും നോക്കിക്കൊണ്ട് കിടക്കുമ്പോൾ വിജയൻമേനോൻ സ്വയം പറഞ്ഞു. 'അവൾ നന്ദിയുള്ളവളാണ്.' താൻ കിടപ്പിലായതിനുശേഷം മൂന്നു പ്രാവശ്യം കാണാൻ വന്നു. മുന്നു പ്രാവശ്യവും കിടക്കയിൽ ഇരുന്നുകൊണ്ട് അയാളെ കെട്ടിപ്പിടിച്ച് തലോടി കരഞ്ഞു.
'കെട്ട്യോൻ സമ്മതിക്ക്ണില്ല. അല്ലെങ്കി ഞാൻ ദെവസും വര്വായിര്ന്ന്. ജോലി ചെയ്യാതെ നീ അവ്‌ടെ എന്തിനാ പോണത് ന്നാ ചോദിക്കണത്.അമ്മേം കെടപ്പിലായേപ്പിന്നെ വീട്ടിലും ഇമ്മിണി ജോലിണ്ട്. മോള് സ്‌കൂളീന്ന് വരുമ്പളത്തിന് ചോറും കൂട്ടാനുംണ്ടാക്കണം. അപ്പൊ കെട്ട്യോൻ പറേണത് വീട്ടിലിര്ന്ന് എല്ലാ ജോലീം കഴിക്കാനാ.'
'നീയ് വന്നാ ഒരു സുഖാ. പക്ഷേ ദൂരം കൊറേണ്ടല്ലോ. ഒന്നര മൈലീക്കൂടുതൽ നടക്കാന്ണ്ട്.'
'ഞാഞ്ഞീം വരാ ഇമ്പ്രാ.'
അവൾ പോയാൽ വിജയൻമേനോൻ വീണ്ടും സ്വപ്നങ്ങളുടെ ലോകത്താവും. വേദന സ്വപ്നങ്ങൾക്ക് വഴിമാറിക്കൊടുക്കുന്നു. അവൾ വന്നുപോയിട്ട് ഒരു മാസത്തിലധികമായി. അവളെക്കുറിച്ച് ആലോചിച്ചു കിടക്കുകതന്നെ ഒരു സുഖമാണ്. സ്വന്തം ഭാര്യയെക്കുറിച്ചാലോചിക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല. അവിടെ സ്‌നേഹമില്ല. മക്കളെ പ്രസവിക്കാനുള്ള ഒരു യന്ത്രം മാത്രമായിരുന്നു അവൾ. വസുമതിയുമായി കഴിഞ്ഞ ഓരോ സന്ദർഭങ്ങളും അയാൾ ഓർത്തുനോക്കി. സ്‌നേഹമെന്ന വികാരം പൊന്തിവരുന്നില്ല. തികച്ചും യാന്ത്രികമായ ഒരു ബന്ധം. അതിലുണ്ടായ മക്കളോ? അവർ തന്നെ ഒരന്യനെപ്പോലെയാണ് കരുതുന്നതും. അവരെ കുറ്റം പറയുന്നില്ല. ഈ വ്യവസ്ഥിതിയുടെ കുഴപ്പമാണ്. രാത്രി കുറച്ചു സമയം മാത്രം, അതും ഉറക്കപ്പിച്ചിൽ കാണുന്ന ഒരു മനുഷ്യനുമായി എന്തടുപ്പമാണുണ്ടാകുക? മരുമക്കത്തായം പാടെ ഒഴിവായിപ്പോകുന്ന ഈ കാലത്തും സമുദായത്തിന്റെ ചീഞ്ഞുനാറിത്തുടങ്ങിയ ഒരു മൂലയിൽ തനിക്കായി ആ വ്യവസ്ഥിതി കാത്തു നിൽക്കുകയായിരുന്നു.
'ഏട്ടാ, കഷായം.'
പാറുവമ്മ ഒരു കോപ്പയിൽ കഷായം കൊണ്ടുവന്നു തലയ്ക്കൽഭാഗത്തെ സ്റ്റൂളിൽ വച്ചു. അവളുടെ കോണികയറ്റം ഒഴിവായി. അത്രയും നല്ലത്. അവൾ എന്തിനിതൊക്കെ ചെയ്യുന്നുവെന്ന് പലപ്പോഴും വിജയൻമേനോൻ ആലോചിക്കാറുണ്ട്. താൻ അവൾക്കും മകൾക്കും വേണ്ടി യാതൊന്നും ചെയ്തിട്ടില്ല,ഉപദ്രവമല്ലാതെ. അവളുടെ ദാരിദ്ര്യത്തിന്റെ പ്രധാന കാരണക്കാരൻ താനാണെന്നു പറയാം. എന്നിട്ടും താൻ കിടപ്പിലായപ്പോൾ അവൾ ശുശ്രൂഷിക്കുന്നു. വൈദ്യർ എഴുതിത്തരുന്ന കുറിപ്പടി കൊടുത്ത് അറുമുഖനെ വിട്ട് കഷായക്കൂട്ട് വാങ്ങിച്ച്, തെങ്ങിൽനിന്ന് അടർന്നുവീഴുന്ന ഉണക്കമടലും ഓലക്കൊടിയും പെറുക്കിക്കൊണ്ടുവന്ന് കഷായം കാച്ചുന്നു. രണ്ടുനേരം കഞ്ഞി കൊണ്ടുവന്നു തരുന്നു. മൂന്നു നേരത്തിനുള്ള വകയില്ലെന്ന് അയാൾക്കറിയാം. ഒരുപക്ഷേ അവൾ ഇപ്പാൾതന്നെ പകുതി പട്ടിണിയിലായിരിക്കും.
'എന്തിനാ ഈ കഷായൊക്കെണ്ടാക്കണത്?' അയാളുടെ ചോദ്യം മറുപടിയില്ലാതെ തിരിച്ചുവരും. അവൾ ഈ ലോകത്തൊന്നുമല്ലെന്ന് തോന്നാറുണ്ട്. കൃഷിനിലമൊക്കെ നഷ്ടപ്പെട്ടുവെന്നും തങ്ങൾ നിർദ്ധനരായെന്നും മനസ്സിലാക്കിയ ദിവസം അവൾ വീണതാണ്. ആ കിടത്തം ഒരു മാസം നീണ്ടുനിന്നു. അമ്പത്തേഴിലെ ആ ശപ്തമായ ദിവസം പുറത്തുപോയിവന്ന ശേഷമാണ് വിജയൻമേനോൻ പറഞ്ഞത്.
'നമ്മടെ നെലൊക്കെ അന്യാധീനപ്പെട്ടു.'
ഒന്നും മനസ്സിലാവാത്ത പോലെ പാറു അയാളെ നോക്കി.
'പുത്യ നെയമം വന്നതാ. കമ്യൂണിസ്റ്റ്കാര് ചെയ്ത ഉപകാരം. കൃഷിഭൂമിയൊക്കെ കൃഷിക്കാരന്നാ. നമുക്ക് ഒരവകാശൂല്ല്യാന്ന്. ഇനി അപ്പൂട്ടി പാട്ടം അളക്കാൻ വരില്ല. ഊണു കഴിക്കാൻ റേഷൻതന്നെ വേണ്ടിവരും.'
ഏട്ടൻ പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാൻ അവർക്ക് കുറച്ചു സമയമെടുത്തു. പിന്നെ ഒന്നും പറയാതെ വടക്കേ മുറിയിലേയ്ക്കു പോയി. കട്ടിലിൽ എത്തിയില്ല. വീഴുന്ന ശബ്ദം കേട്ട് പോയി നോക്കിയതാണ്. പാറു നിലത്ത് വീണു കിടക്കുന്നു. ഒരു മാസം വൈദ്യർ വന്നുനോക്കി, മരുന്നുകൾ കുറിച്ചു. വളരെ സാവധാനത്തിൽ അവൾ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു, പക്ഷേ ഒരപരിചിതയായി മാത്രം. ഓർമ്മകൾ പലതും അവളുടെ മനസ്സിൽനിന്ന് തുടച്ചുനീക്കപ്പെട്ടിരുന്നു. പഴയ കാര്യങ്ങൾ നല്ല ഓർമ്മയാണ്, പക്ഷേ കഴിഞ്ഞ ഏതാനും വർഷത്തെ കാര്യങ്ങൾ പറയുമ്പോൾ തപ്പുന്നു. അവളുടെ ഭാഗ്യം, വിജയൻമേനോൻ മനസ്സിൽ പറഞ്ഞു. തന്റെ കരളിനു പകരം മനസ്സായിരുന്നു നഷ്ടപ്പെടേണ്ടിയിരുന്നത്. ഇപ്പോൾ ദേഹത്തെ വേദനയെക്കാൾ മനസ്സിന്റെ വേദനയാണ് കാർന്നുതിന്നുന്നത്. എല്ലാം വിസ്മൃതിയാലാഴാൻ ഇനി എത്ര സമയമുണ്ടാവോ? വൈദ്യർ അയാളെ സമാധാനിപ്പിക്കാനായി ഒന്നും പറയുന്നില്ല.
'നമ്മള് ശ്രമിക്ക്യാ, അല്ലാതെന്തു ചെയ്യാൻ? കരള് ഒട്ടുമുക്കാലും പോയിരിക്കുണു. ക്ഷമ്യോട്കൂടി മര്ന്ന് കഴിക്ക്യാ. ഇതൊക്കെ ദൈവത്തിന്റെ അട്ത്തല്ലെ? തല്ക്കാലം ഈ കഷായം തന്നെ തൊടര്വാ. എണ്ണ ഒട്ടും വേണ്ട.'
എണ്ണ ഒട്ടും വേണ്ടെന്ന ഉപദേശം ഒരനുഗ്രഹമാണ്. ഇല്ലാത്ത സാധനമാണല്ലൊ കഴിക്കണ്ട എന്നു പറയുന്നത്. എവിടെയാണ് തനിക്ക് പിഴച്ചത്?നെല്ലു വിറ്റ പണമായിരുന്നു കാര്യമായ വരായ. ആ നാലേക്കർ പറമ്പിൽ തനിക്ക് കനകം വിളയിക്കാമായിരുന്നു. സ്വതസ്സിദ്ധമായ മടി കാരണം ഒന്നും ചെയ്തില്ല. തൊട്ടടുത്ത വീട്ടിൽ ജോലിയില്ലാതെ ചാത്ത ദൂരെ ജോലിയന്വേഷിച്ചു പോയി. കൊല്ലം മുഴുവൻ ചെയ്താലും തീരാത്ത ജോലിയുണ്ട് ആ പറമ്പിൽ. ശുശ്രൂഷയില്ലാതെ തെങ്ങെല്ലാം പാറ്റത്തെങ്ങായി. അഞ്ചുകൊല്ലം മുമ്പു കിട്ടിയിരുന്ന തേങ്ങയുടെ പകുതി ഇപ്പോൾ ഇറങ്ങുന്നില്ല. അങ്ങോട്ടു കൊടുക്കുന്ന പോലെത്തന്നെ തെങ്ങ് തിരിച്ചു തരും. കായ്ക്കാത്ത തെങ്ങെല്ലാം വെട്ടി പുതിയ തൈകൾ നടണം. അതുപോലെത്തന്നെ കവുങ്ങും. കുളത്തിൽ ധാരാളം വെള്ളമുള്ളതുകൊണ്ട് പത്തമ്പത് നേന്ത്രവാഴയെങ്കിലും വെയ്ക്കാമായിരുന്നു. അതുപോലെ പച്ചക്കറികളും. ഒന്നും ചെയ്തില്ല. നെല്ലു വിറ്റ പണം മുഴുവനും സ്ത്രീ വിഷയത്തിലും മദ്യസേവയ്ക്കും ചെലവാക്കി. അതും എന്തു കുടി? എന്നിട്ട് എന്തുണ്ടായി? എന്തു നേടി? ഭാര്യവീട്ടിൽനിന്ന് നിഷ്‌കാസിതനായി. നേടിയതോ ഈ മാറാരോഗവും.