ഇ ഹരികുമാര്‍
വിജയൻമേനോൻ സംസാരിക്കാൻ തീർച്ചയാക്കി. അതാണ് ഒരു സ്ത്രീയുടെ ഹൃദയത്തിലേയ്ക്കു ള്ള എളുപ്പവഴിയെന്നയാൾ മനസ്സിലാക്കിയിരുന്നു. തനിക്കാണെങ്കിൽ ആ വഴിയിലൂടെ നടക്കാനിഷ്ടവുമാണ്. ദേവകിയുമായി ഇതിനുമുമ്പ് കാര്യമായ സംസാരമൊന്നുമുണ്ടായിട്ടില്ല. ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയുള്ള, ഒന്നോ രണ്ടോ വാക്യത്തിലൊതുങ്ങുന്ന നിർദ്ദേശങ്ങൾ മാത്രം. ഇപ്പോൾ അവൾ തൊട്ടടുത്ത് നിൽക്കുമ്പോൾ സംസാരിക്കാൻതന്നെ വിജയൻമേനോൻ തീർച്ചയാക്കി.
'ദേവൂട്ടിടെ മോൾ എങ്ങിനെയാണ്. തടിയൊക്കെണ്ടോ? നിന്നെപ്പോലെയാണോ?' അവളെ ഒരിക്കൾക്കൂടി സ്റ്റൂളിൽനിന്ന് ഇറങ്ങാൻ സഹായിച്ചുകൊണ്ട് അയാൾ ചോദിച്ചു.
'ങും, എന്നെപ്പോലന്ന്യാ. നെറുംണ്ട് തടിംണ്ട്.'
'അവളെങ്ങനാ സംസാരിക്കാനൊക്കെ തൊടങ്ങ്യോ.'
'എന്തൊക്ക്യൊ പറേണുണ്ട്.'
'പെങ്കുട്ട്യോള് വേഗം സംസാരിക്കാൻ തൊടങ്ങും.'
'ഇപ്പൊ വീട്ടിന്റുള്ളിലൊക്കെ ഓടിനടക്കുന്നുണ്ട്.'
'അത്യോ? അവൾക്ക് പണ്ടങ്ങളൊക്കെ പണിത് കൊടുക്ക്ണ്‌ണ്ടോ ഗോപാലൻ?'
'ഇല്ലമ്പ്രാ. അയാക്കതിനെവിട്യാ പണം. പോരാത്തതിന് കുടീംണ്ട്. ഒരു മാല അമ്മ വാങ്ങിക്കൊടുത്തത്ണ്ട്. ഒരരഞ്ഞാണം വാങ്ങണംന്ന് ഞാൻ കൊറ്യായി പറേണു. അതിനൊന്നും യോഗല്ല്യാന്ന് തോന്നുണു.'
പറഞ്ഞപ്പോഴാണവൾ ഓർത്തത്, വേണ്ടിയിരുന്നില്ല. ഭർത്താവിന്റെ കുടിയെപ്പറ്റി പറഞ്ഞുവെന്നതല്ല, അതു പറഞ്ഞത് കുടി പുതുതായി ശിലമാക്കിയ ഒരാളോടാണെന്നത് അവളെ വിഷമിപ്പിച്ചു. അതോർമ്മ വന്നപ്പോൾ അവൾ കൂട്ടിച്ചേർത്തു.
'അല്ലങ്കിപ്പൊ കുടിക്കാത്തോര് ആരാള്ളത്? പക്ഷെ വീട്ടീത്തെ കാര്യും നോക്കണ്ടെ?'
'എന്നാ നെന്റെ മോൾടെ പെറന്നാള്?'
'ഈ മീനമാസം രണ്ടാന്തി മ്പ്രാനെ.'
'ങാ ഇനീംണ്ടല്ലോ ഒരു മാസത്തിലധികം. അതിനെടേല് ഞാനൊരു അരഞ്ഞാണം വാങ്ങിത്തരാം നെന്റെ മോക്ക്. പോരെ?'
അവൾ വിശ്വാസമാവാത്തപോലെ അയാളെ നോക്കി. ചില്ലറ കാര്യമല്ല ഒരരഞ്ഞാൺ കിട്ടുകയെന്നത്. അവൾ വളരെയധികം മോഹിച്ച ഒരു വസ്തുവാണത്. അവൾക്ക് പെട്ടെന്ന് സങ്കടമായി. കണ്ണിൽ നിറഞ്ഞ വെള്ളം അവൾ മുണ്ടിന്റെ കോന്തലകൊണ്ട് തുടച്ചു.
'നീയെന്തിനാ അതിന് കരയണത്? ഞാൻ അടുത്ത ആഴ്ച്യന്നെ അത് പണിയിപ്പിച്ചു കൊണ്ടരാം, പോരെ?'
അവൾ തലയാട്ടി, നന്ദിപൂർവ്വം അയാളെ നോക്കി. അയാൾ അവളുടെ അരക്കെട്ടിലൂടെ കൈയ്യിട്ട് അവളെ അടുപ്പിച്ചു. അവൾ എതിർപ്പൊന്നും കൂടാതെ അയാളോട് ചേർന്നു നിന്നു. അയാൾ തഴുകുകയായിരുന്നു. അവളുടെ പുറത്ത്, താഴെ ഉയർന്ന ചന്തിമേൽ ഒക്കെ അയാളുടെ കൈകൾ സഞ്ചരിച്ചു. അതിനുമപ്പുറത്ത് പോകാൻ അയാൾ തല്ക്കാലം തയ്യാറായിരുന്നില്ല. അയാൾ നിൽക്കുന്നത് സ്‌നേഹം പ്രതീക്ഷിച്ച് കഴിയുന്ന ഒരു ചെറുപ്പക്കാരിയുടെ അടുത്താണ്. അവൾക്ക് വേണ്ടത് കാമത്തിന്റെ പരുക്കൻ കാറ്റല്ല, സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ സുഗന്ധമുള്ള ഇളം വായുസ്പർശമാണ്.
സ്വന്തം മാനസാന്തരത്തിൽ അയാൾ അദ്ഭുതപ്പെട്ടു. ഏതാനും നിമിഷം മുമ്പ് വരെ അയാൾ സ്വപ്നം കണ്ടിരുന്നത് എതിർപ്പ് വകവെയ്ക്കാതെത്തന്നെ കിടക്കയിൽ കിടത്തി ബലാൽക്കാരമായി അവളെ പ്രാപിക്കുന്നതാണ്. ഇപ്പോൾ അവൾ എതിർപ്പുകളില്ലാതെ കരവലയത്തിൽ നിൽക്കുമ്പോൾ അയാളുടെ ഹൃദയം അവളോടുള്ള സ്‌നേഹം കൊണ്ട് നിറയുകയാണ്. അയാൾക്കവളെ വേണം, പക്ഷെ സാവധാനത്തിൽ. നീണ്ടുനിൽക്കുന്ന ഒരു ബന്ധമായി അവൾ വേണമെന്ന് തോന്നിയപ്പോൾ അയാൾ അവളുടെ നെറുകയിൽ ചുംബിച്ചു.
'ഞാൻ ജോലി തീർക്കട്ടെ.' അയാളുടെ കൈകളിൽനിന്ന് പതുക്കെ മാറിക്കൊണ്ട് അവൾ പറഞ്ഞു.
'ഇനി മാറാല തട്ടലൊക്കെ നാളെ മതി. ഇന്ന് അടിച്ചുവാരി തുടച്ചാ മതി.'
അവൾ തലയാട്ടി.
'നാളെ വരണം, ഞാണ്ടാവും ഇവ്‌ടെ.'
അവൾ തലയാട്ടിക്കൊണ്ട് അടിച്ചുവാരാൻ തുടങ്ങി. അയാൾ കട്ടിലിന്റെ തലയ്ക്കൽ തലയിണവച്ച് ചാരിയിരുന്ന് ദേവകി ചൂലുകൊണ്ട് നിലത്ത് അടിച്ചുവാരുന്നത് നോക്കി. അവളുടെ ഉരുണ്ട കൈകൾ ഈർക്കിൾചൂലിന്റെ കട മുറുകെ പിടിച്ചിരുന്നത് കാമവികാരമുണർത്തുന്നതായിരുന്നു. അടിച്ചുവാരി ചൂൽ ഇടനാഴികയിൽ വെച്ച്, അടുത്ത മുറിയിൽ സൂക്ഷിച്ച ഇരുമ്പുതൊട്ടിയും തുടയ്ക്കാനുള്ള തുണിയും എടുത്തു. ഓവുമുറിയിൽനിന്ന് വെള്ളമെടുത്ത് അവൾ മുറിയിലേയ്ക്കു കടന്നു. തമ്പ്രാൻ നോക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും അവൾക്ക് വിഷമമൊന്നുമുണ്ടായില്ല. മുറി മുഴുവൻ തുടച്ച് ബക്കറ്റുമെടുത്ത് അവൾ പുറത്തുകടന്നു.
'ദേവൂട്ടീ...'
തമ്പ്രാൻ അവളെ വിളിച്ചു.
'എന്തോ.'
'ഇവിടെ വരു, ഒരു മിനിറ്റ്.'
വിജയൻമേനോൻ കട്ടിലിൽനിന്നിറങ്ങി. അവൾ അടുത്തുചെന്നു.
'ഞാൻ പോട്ടെ, അമ്രാള് കൊറച്ച് മടല് കൊണ്ടച്ചെല്ലാൻ പറഞ്ഞിട്ട്ണ്ട്. വൈക്യാല് എവിട്യായിരുന്നൂന്ന് ചോദിക്കും.'
അയാൾ അവളെ അമർത്തി കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മവച്ചു.
'ശരി പൊയ്‌ക്കോ. ഇന്നിനി എടനാഴീം ഒന്നും തൊടയ്ക്കാൻ നിക്കണ്ട. നാളെയാവാം. താഴെ ഉമ്മറം മാത്രം അടിച്ചുവാര്യാ മതി. നാളെ വരണം കെട്ടോ.'
'ശരിമ്പ്രാനെ.'
അവൾ ബക്കറ്റെടുത്ത് ഓവുമുറിയിൽ കൊണ്ടുപോയി കഴുകി കമിഴ്ത്തി വച്ചു. ചൂലെടുത്ത് കോണിയിറങ്ങി താഴേയ്ക്കു പോയി. ഇറങ്ങുന്നതിനനുസരിച്ച് അവൾ കോണി ഓരോ പടിയായി അടിച്ചുവാരി. വിജയൻമേനോൻ ഇടനാഴികയിൽ വാതിലിനടുത്തു വന്നുനിന്ന് ദേവകി ഇറങ്ങുന്നത് നോക്കി. അവൾ മുഖമുയർത്താതെ അടിച്ചുവാരിക്കൊണ്ട് ഇറങ്ങുകയാണ്. തല മുഴുവൻ കോണിക്കൂട്ടിൽ മറയുന്നതിനു മുമ്പ് അവൾ മുഖമുയർത്തി അയാളെ നോക്കി ചിരിച്ചു.
താൻ നാല്പതാം വയസ്സിൽ കാമുകനായി എന്ന് അദ്ഭുതത്തോടെ വിജയൻമേനോൻ മനസ്സിലാക്കി. തിരിച്ച് കട്ടിലിന്മേൽ വന്നിരുന്നപ്പോൾ അയാൾ ആലോചിച്ചത് എങ്ങിനെ ഇങ്ങനെയൊക്കെ വന്നുപെട്ടു എന്നായിരുന്നു. ഇതൊന്നുമായിരുന്നില്ല അയാളുടെ മനസ്സിലുണ്ടായിരുന്നത്. രാവിലെ പടിക്കൽവച്ചു കണ്ടപ്പോൾ അവളുടെ നിറഞ്ഞ ദേഹം അയാളെ വല്ലാതെ ഇളക്കിമറിച്ചു. എങ്ങിനെയെങ്കിലും ഒരു നേരമെങ്കിലും അവളെ കൈയ്യിൽ കിട്ടണമെന്ന് ആഗ്രഹിച്ചു. പത്തായപ്പുരയിലേയ്ക്കു വരാനും പറഞ്ഞു. അവൾക്ക് സമ്മതമാവില്ലെന്നും അല്പം ബലം പ്രയോഗിക്കേണ്ടിവരുമെന്നും കരുതി. അതിന്റെ ഭവിഷ്യത്തുകളെപ്പറ്റിയൊന്നും ചിന്തിച്ചില്ല. അങ്ങിനെയൊന്നുമല്ല പക്ഷെ ഉണ്ടായത്. സ്‌നേഹത്തിനുവേണ്ടി ഇപ്പോൾ അവൾ അയാളുടെ മേൽ ചായുകയാണ്. താനും കാമത്തിന്റെ വഴിവിട്ട് അവളോടുള്ള സ്‌നേഹത്തെപ്പറ്റി ആലോചിക്കുന്നു. ഇന്നുതന്നെ തട്ടാൻ ദാമോദരനെ കാണണമെന്നും ദേവകിയുടെ കുട്ടിയ്ക്കുള്ള അരഞ്ഞാൺ ഉണ്ടാക്കാൻ പറയണമെന്നും അയാൾ തീർച്ചയാക്കി.
അയാൾ വേഷ്ടിയെടുത്ത് തോളത്തിട്ട് താഴേയ്ക്കിറങ്ങി. അടിച്ചു വാരിയ മുറ്റത്ത് തന്റെയും ദേവകിയുടെയും കാലടികൾ ചേർന്നു പതിഞ്ഞു കിടക്കുന്നു. അവളുടെ കാലടികൾ എത്ര ചെറുതാണ്. പൂമുഖത്ത് കയറുമ്പോൾ എണ്ണക്കാരൻ കാദറിനെ കണ്ടു. അയാൾ എണ്ണട്ടിന്നും ഇറക്കിവച്ച് തലയിലെ തുണിത്തെരിക എടുത്തു നിവർത്തി കുടഞ്ഞ് മൊട്ടത്തലയിലെയും മുഖത്തെയും വിയർപ്പ് തുടയ്ക്കുകയാണ്. ഉമ്മറത്ത് ഒതുക്കുകല്ലിൽ ഇരിക്കാൻ ഊന്നിയ കാദർ വിജയൻമേനോനെ കണ്ടപ്പോൾ ഭവ്യതയോടെ എഴുന്നേറ്റുനിന്നു.
'ഇരിക്ക് കാദറെ. വെല എങ്ങനെണ്ട്‌പ്പോ?'
'കൊറച്ച് കൂടീട്ട്ണ്ട് ഏമാനെ. ടിന്ന്മ്മല് രണ്ടുറുപ്പിക. ഇനീം കൂടുംന്നാ പറഞ്ഞ് കേക്കണത്.'
'കൂടട്ടെ. ഇങ്ങനെ വെല താണോണ്ടിര്ന്നാ തേങ്ങ വെറ്‌തെ കൊണ്ടെയ്‌ക്കോളാൻ പറഞ്ഞാക്കൂടി ആള്ണ്ടാവില്ലാ.'
'തെങ്ങ് കേറ്റക്കാരൊക്കെക്കൂടി യൂണിയനുണ്ടാക്കാൻ പോണു, കൂലി ഇനീം കൂടുംന്നൊക്കെ കേക്കാന്ണ്ട്.'
'ഇനി അതും കൂട്യേ വേണ്ടു. ഒരു ഭാഗത്ത് തേങ്ങയ്ക്ക് ആവശ്യക്കാരില്ലാതാവാ, ഒപ്പം കൂലീം കൂടി വര്വാ. തെങ്ങൊക്കെ വെട്ടി എള്ള് വെതക്ക്യാ നല്ലത് ന്ന് തോന്നുണു. ഒക്കെ ഈ കമ്മ്യൂണിസ്റ്റ്കാര് ചെയ്യണ പണ്യാ. എന്താ ചെയ്യ്യാ, നാട് കുട്ടിച്ചോറാക്കാൻതന്നെ തീരുമാനിച്ചാല്?'
ചക്കിൽ ആട്ടിയെടുത്ത വെളിച്ചെണ്ണയുടെ വാസന വായുവിൽ പടർന്നു. കാദർ ആഴ്ചയിൽ മൂന്നു ദിവസം വീട്ടുമുറ്റത്തുള്ള ചക്കിൽ കാളകളെ ഉപയോഗിച്ച് എണ്ണയാട്ടുന്നു. ബാക്കി ദിവസങ്ങളിൽ എണ്ണട്ടിന്നും തലയിലേറ്റി വീടായ വീടുകൾ കയറിയിറങ്ങുന്നു. അപ്പോൾ ആയിശുമ്മ ചക്കിന്മേൽ കയറിയിരിക്കും. മാസത്തിൽ രണ്ടോമൂന്നോ ദിവസം ആട്ടുന്നത് എള്ളാണ്. എള്ളെണ്ണയുംകൊണ്ട് മാസത്തിലൊരിക്കലേ വരൂ. അതെന്നാണെന്ന് പതിവുകാർക്ക് അറിയാം.
വിജയൻമേനോൻ അകത്തേയ്ക്കു പോയി. പാറുവമ്മ രണ്ടു കുപ്പികളുമായി വരുന്നുണ്ട്.
'ഏട്ടാ....'
'ങൂം?'
'രണ്ട് മാസത്തെ പണം കൊട്ക്കാന്ണ്ട് കാദറിന്.'
'എത്രണ്ടാവും?'
'ഈ മാസം വാങ്ങണതും കൂട്ട്യാ മുപ്പതിലും മീതെ ആവും.'
'തല്ക്കാലം ഇരുപത് കൊട്ക്ക്. ബാക്കി അടുത്ത പ്രാവശ്യം വരുമ്പ കൊടുക്കാംന്ന് പറേ.'
അയാൾ കീശയിൽനിന്ന് പത്തിന്റെ രണ്ടു നോട്ടുകൾ എടുത്ത് പെങ്ങൾക്കു കൊടുത്തു.
'ചെലവ് നല്ലോണം കൂട്ണ്ണ്ട്. എന്താ എണ്ണ കുടിക്ക്ണ്‌ണ്ടോ ഇവിടെ ആരെങ്കിലും?'
അയാൾ മറുപടിയൊന്നും പ്രതീക്ഷിക്കാതെ കടന്നുപോയി. പാറുവമ്മ മറുപടിയൊന്നും കൊടുക്കാറില്ല. വെളിച്ചെണ്ണയ്ക്ക് നല്ല ചിലവുതന്നെയാണ്. പപ്പടമില്ലാതെ ആങ്ങളയ്ക്ക് ഊണുകഴിക്കാൻ പറ്റില്ല. അത് രണ്ടുനേരവും വേണംതാനും. മെഴുക്കുപുരട്ടിയിലും അല്പം എണ്ണ കുറഞ്ഞാൽ മതി പറയും, 'എണ്ണയ്ക്ക് ഇത്ര ദാരിദ്ര്യായോ?' ദിവസവും തേച്ചുകുളിയുണ്ട് മുപ്പർക്ക് അതിന് തന്നെ വേണം നാഴിയെണ്ണ. തലയിൽ തേക്കാൻ ജീരകമിട്ട് നീരറുത്ത വെളിച്ചെണ്ണ വേറെ വേണം. എന്നിട്ട് അതിനു പണം ചോദിക്കുമ്പോൾ.....
വിജയൻമേനോൻ ഒതുക്കുകൾ ഇറങ്ങുമ്പോൾ കാദർ രണ്ടു കുപ്പികളിൽ എണ്ണ നിറച്ച് ടിന്നടയ്ക്കുകയാണ്. ടിൻ മരത്തിന്റെ അടപ്പുകൊണ്ടടച്ച് പുറത്തു തൂവിപ്പോയ ഏതാനും തുള്ളി എണ്ണ വിരലുകൾകൊണ്ട് തോണ്ടിയെടുത്ത് കാലിന്മേലും തലയിലും പുരട്ടുകയാണ് അയാൾ.
'ഞാനൊന്ന് പൊറത്തെറങ്ങ്വാണ് കാദറെ.'
'ങാ, ശരി ഏമാനെ...' കാദർ ഭവ്യതയോടെ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
എണ്ണക്കാരൻ നല്ല ശകുനമാണോ? വിജയൻമേനോൻ ആലോചിച്ചു. നല്ലൊരു കാര്യത്തിനാണ് പോകുന്നത്. അല്ലെങ്കിൽ ഇതിലൊക്കെ വല്ല കാര്യുംണ്ടോ.
തട്ടാൻ ദാമോദരന്റെ പണിപ്പുര വീട്ടിന്റെ തെക്കുവശത്ത് ഉണ്ടാക്കിയ ചായ്പിൽത്തന്നെയാണ്. ദാമോദരൻ പിച്ചളയുടെ കുഴലും പിടിച്ച് ഊതുകയാണ്. മുമ്പിലുള്ള ബക്കറ്റുചൂളയിൽ ചിരട്ടയുടെ കനൽ ജ്വലിച്ചു. അയാളുടെ തലയിലെ വെള്ളിനൂലുകൾ ചാഞ്ഞുവരുന്ന സൂര്യപ്രകാശത്തിൽ തിളങ്ങി.
'ങാ, തമ്പ്രാനോ, ഇരിക്ക്യാ....'
അയാൾ എഴുന്നേൽക്കാതെ ഒരു സ്റ്റൂൾ നീക്കിയിട്ടുകൊടുത്തു. അതിന്മേൽ ഇരുന്നുകൊണ്ട് അയാൾ തട്ടാൻ കുഴലുകൊണ്ട് ഊതി കനൽ ജ്വലിപ്പിച്ച് ഒരു സ്വർണ്ണത്തകിട് തിരുകിവയ്ക്കുന്നത് നോക്കി. കുഴൽ നിലത്തുവച്ച് അയാൾ കണ്ണടയിലൂടെ വിജയൻമേനോനെ നോക്കി.
'എന്താണാവോ വേണ്ടത്.'
'ഒരരഞ്ഞാണാ വേണ്ടത് ദാമോദരാ, രണ്ടു വയസ്സായ കുട്ടിയ്ക്ക്.'
'ആരാണാവോ?'
'ഭാര്യവീട്ടില്‌ത്തെ ഒരു കുട്ടിയാണ്. പെൺകുട്ടി. ഒരുമാതിരി കനം ആയിക്കോട്ടെ.'
'മുത്തരഞ്ഞാണല്ലെ. അതാ കുട്ട്യോൾക്ക് നല്ലത്.'
രാവിലെ ദേവകിയെ സ്റ്റൂളിന്മേൽനിന്ന് ഇറക്കുമ്പോൾ അവളുടെ അരക്കെട്ടിലൂടെ കൈ ഓടിച്ചത് വിജയൻമേനോൻ ഓർത്തു. അവളുടെ അരക്കെട്ടിന്റെ മിനുസവും ഉറപ്പും ഓർമ്മ വന്നപ്പോൾ അയാൾ പറഞ്ഞു.
'ആയിക്കോട്ടെ.'
'ഒരു ഒന്നരപ്പവൻ വരും, കൊഴപ്പല്ല്യല്ലോ. അതിലും കൊറച്ചുംണ്ടാക്കാം, പക്ഷേ ഞണുങ്ങിപ്പോവും.'
'വേണ്ട കൊറയ്ക്കണ്ട. ഒന്നര്യന്നെ ആയിക്കോട്ടെ. എപ്പഴേയ്ക്കാ ആവാ?'
'ഒരഞ്ചീസം പിടിക്കും, പോരെ?'
'ങാ, മതി.'
തട്ടാൻ ആവശ്യപ്പെട്ട അച്ചാരവും കൊടുത്ത് പുറത്തിറങ്ങിയപ്പോൾ വിജയൻമേനോന് തോന്നിയത് കുട്ടപ്പന്റെ കുടിലില് കേറി ആഘോഷിക്കാനായിരുന്നു. ഇത്രയും രാവിലെ കുടിച്ചാൽ ശരിയാവില്ലെന്നു തോന്നിയപ്പോൾ അതു വേണ്ടെന്നു വച്ചു. ഏതായാലും രാവിലെത്തൊട്ട് ലഹരിയിലാണ്. ഇനി നാളെ രാവിലെവരെ കാക്കണം, കൂടുതൽ ലഹരിയ്ക്ക്.