|| Novel

അയനങ്ങള്‍

ഇ ഹരികുമാര്‍

- 12 -

ചൈനാനി തിരക്കിലായതുകൊണ്ട് അപർണ്ണയ്ക്ക് കാത്തു നിൽക്കേണ്ടി വന്നു. രാവിലെ പത്തു മണി കഴിഞ്ഞ് ചെല്ലാനാണ് ചൈനാനിയുടെ പി.എ.യായ രഞ്ജിനി ഫോണിൽ പറഞ്ഞിരുന്നത്. പക്ഷേ ഇപ്പോൾ പത്തേപത്തായിരിക്കുന്നു.

'തിരക്കിലാണ്, ഇരിക്കൂ.' അവൾക്കിരിക്കാനായി മുറിയിലിട്ട സോഫ ചൂണ്ടിക്കാട്ടി രഞ്ജിനി പറഞ്ഞു. ഒരു പത്തു മിനുറ്റ് അങ്ങിനെ ഇരുന്നപ്പോഴാണ് അപർണ്ണയ്ക്ക് ചൈനാനിയുടെ പി.എ. ആവുകയെന്നതിന്റെ വ്യാപ്തി മനസ്സിലായത്. ഒരു സെക്കന്റ് അവർക്ക് വെറുതെയിരിക്കാൻ പറ്റുന്നില്ല. ഒന്നുകിൽ വരുന്ന ഫോൺ സന്ദേശങ്ങൾ, അല്ലെങ്കിൽ അവൾ ഫോൺ കറക്കിക്കൊണ്ടിരിക്കും. സംസാരിക്കുന്നതു മുഴുവൻ ചൈനാനിയുടെ പരിപാടികളെപ്പറ്റി. അതിനിടയ്ക്ക് തിരിഞ്ഞിരുന്ന് ഇലക്ട്രിക് ടൈപ് റൈറ്ററിൽ ടൈപ്പു ചെയ്യുന്നു. അല്ലെങ്കിൽ ടെലിപ്രിന്ററിൽ സന്ദേശങ്ങൾ അയയ്ക്കുന്നു, സ്വീകരിക്കുന്നു. ഇടയ്ക്ക് ആരെങ്കിലും വന്നാൽ ഒരു ചിരിയോടെ അവരെ അഭിമുഖീകരിക്കുന്നു. വളരെ വിനയമുള്ള പെരുമാറ്റം. അപർണ്ണയ്ക്ക് ബഹുമാനം തോന്നി.

ചൈനാനിയുടെ വാതിൽ തുറന്ന് സുനന്ദ പുറത്തു വന്നു. പെട്ടെന്ന് അപർണ്ണയുടെ മുഖത്തേയ്ക്ക് ചോരയിരച്ചു കയറി. തലയുടെ പിന്നിൽ നിന്ന് ശൈത്യം മുഖത്തേയ്ക്ക് യാത്ര തുടങ്ങുന്നു. സുനന്ദ നേരെ പോകുമെന്നാണ് അവൾ കരുതിയത്. പക്ഷേ അവർ വലത്തോട്ടു തിരിഞ്ഞ് പി.എ.യുടെ മുറിയിലേയ്ക്ക് കടന്നു.

രഞ്ജിനി എഴുന്നേറ്റു നിന്നു.

'നമസ്‌തെ സുനന്ദാജീ, ക്യാ ഹാൽ ഹെ?'

'സബ് ഠീക് ഹെ.'

'തശ്‌രീഫ് രഖിയേ....' മുമ്പിലുള്ള കസേല ചൂണ്ടിക്കാട്ടി രഞ്ജിനി പറഞ്ഞു. പെട്ടെന്ന് ഇന്റർകോം അടിച്ചു. ചൈനാനിയുടെ ശബ്ദം പതിഞ്ഞു കേട്ടു. അവൾ എന്തോ മറുപടി പറഞ്ഞു. പിന്നെ തിരിഞ്ഞ് അപർണ്ണയോട് പറഞ്ഞു.

'ചൈനാനി സാബ് വിളിക്കുന്നു.'

അപ്പോഴാണ് സോഫയിൽ ഇരിക്കുന്ന പെൺകുട്ടിയെ സുനന്ദ കാണുന്നത്. അവർ പറഞ്ഞു.

'ഹല്ലോ, ഇതല്ലെ നമ്മുടെ പുതിയ ഹീറോയിൻ?'

അപർണ്ണ എന്തോ മറുപടി കൊടുക്കാനായി ഓങ്ങി. പിന്നെ ഓർത്തു. വേണ്ട, ഇപ്പോൾ ശരിയാവില്ല. അവൾ എഴുന്നേറ്റു ചൈനാനിയുടെ മുറിയുടെ വാതിൽക്കൽ മുട്ടി. സുനന്ദയുടെ കണ്ണുകൾ തന്നെ പിൻതുടരുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു.

ചൈനാനി സാധാരണപോലെ സ്‌നേഹത്തിൽ തന്നെയായിരുന്നു. മേശചുറ്റിവന്ന് അവൾക്ക് കൈ കൊടുത്ത് ഇരിക്കാനുള്ള കസേല നീക്കിയിട്ടു.

'വാട്ട് ഹാപ്പെൻഡ്.... നീ ഒരു പ്രേതത്തെ കണ്ടപോലെ ഉണ്ടല്ലോ.'

പ്രേതത്തെയല്ല ചെകുത്താനെയാണ് കണ്ടതെന്ന് പറയണമെന്നു വിചാരിച്ചു. അവൾ വെറുതെ ചിരിച്ചു.

'എന്താണ് നിന്റെ പ്രശ്‌നം?'

'സർ......' അവൾ വാക്കുകൾക്കു വേണ്ടി പരതുകയായിരുന്നു.

'പറയൂ.'

'സർ, പുതിയ സിനിമയിൽ എനിക്ക് ചാൻസ് തരുമെന്നല്ലെ പറഞ്ഞത്. എന്നെ അതിനായിട്ടല്ലേ എടുത്തതും. പക്ഷേ ഇന്നത്തെ പേപ്പറിൽ.......'

'ഞാൻ നിന്നെ പുതിയ പ്രോജക്ടിൽ എടുക്കില്ലെന്നൊന്നും എഴുതിയിട്ടില്ലല്ലോ.'

'അങ്ങിനെയല്ല.'

'പിന്നെ?'

അവൾ ഒന്നും പറഞ്ഞില്ല. എങ്ങിനെയാണ് അതു പറയുക. നായികയായി എടുക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ, എല്ലാവരും പറഞ്ഞിരുന്നതും അതുതന്നെയായിരുന്നു, എന്നൊക്കെ എങ്ങിനെയാണ് പറയുക. ചൈനാനി ഒരിക്കലും അതു പറഞ്ഞിട്ടില്ല. മാധ്യമങ്ങളിൽ വന്നതു കണ്ടും മറ്റുള്ളവർ പറയുന്നതു കേട്ടും എങ്ങിനെയാണ് ഈ മനുഷ്യനെ അധിക്ഷേപിക്കുക.

ചൈനാനി ഇന്റർകോമിന്റെ ബട്ടനമർത്തി.

'അപർണ്ണയ്ക്ക് എന്തെങ്കിലും തണുത്തത് കൊടുത്തയക്കൂ. ഒരു മിനുറ്റ്.....' അദ്ദേഹം അപർണ്ണയ്ക്കു നേരെ ചോദ്യത്തോടെ നോക്കി. അവൾ തലയാട്ടി. ചൈനാനി തുടർന്നു. 'ശരി, തണുത്തതെന്തെങ്കിലും.'

'നിനക്ക് കാർ കിട്ടിയില്ലേ?'

'കിട്ടി, താങ്ക്‌സ് സാർ.'

'അത് നിനക്ക് ആവശ്യമാകുംവരെ ഉപയോഗിക്കാം. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഓഫീസിലറിയിച്ചാൽ മതി. പെട്രോളിനുള്ള കൂപ്പൺ ഓഫീസിൽനിന്ന് നിനക്കെത്തിച്ചുതരും. ഹാവെ നൈസ് ടൈം.'

അപർണ്ണയുടെ നാവ് ചലിക്കാതെയായി. കാറു കിട്ടിയ ഉടനെ ചൈനാനിയെ വിളിച്ച് നന്ദി പറയേണ്ട മര്യാദകൂടി താൻ കാണിച്ചില്ല. അവൾക്കിനി ഒന്നും പറയാനില്ല.

ചൈനാനി ചാഞ്ഞിരുന്ന് അവളെ പഠിക്കുകയായിരുന്നു. ഏകദേശം രണ്ടു മിനുറ്റ് നീണ്ടുനിന്ന അവലോകനത്തിനു ശേഷം അദ്ദേഹം സംസാരിക്കാൻ തുടങ്ങി.

'എന്റെ പുതിയ പ്രൊഡക്ഷന്റെ ചിലവ് എന്തു വരുമെന്ന് അറിയാമോ?'

അറിയില്ലെന്ന് അവൾ തലയാട്ടി. നീണ്ട ഗ്ലാസ്സിൽ പഴച്ചാറ് കൊണ്ടുവന്നു. അതു കുടിക്കാൻ ആംഗ്യം കാട്ടിക്കൊണ്ട് ചൈനാനി തുടർന്നു.

'ഒന്നര കോടി. മൂന്ന് നായകന്മാരാണ് ഉള്ളത്. ആരൊക്കെയാണെന്ന് നിനക്കറിയാമല്ലെ. അതിൽ ധീരേന്ദ്രയ്ക്ക് മറ്റുള്ളവരുടെ ഒപ്പം അഭിനയിക്കണമെങ്കിൽ ഇപ്പോൾ കൊടുക്കന്നതിന്റെ ഇരട്ടി കൊടുക്കണം. അദ്ദേഹത്തിന്റെ റേറ്റ് രഹസ്യമല്ല. ഷൂട്ടിങ്ങിനു വേണം എട്ടു മാസം. ഇത്രയും വലിയ ഒരു സിനിമയെടുത്ത് അതിന് മുതലിറക്കിയ തുക കിട്ടണമെങ്കിൽത്തന്നെ ബോംബെയിലെ നാൽപ്പത്തഞ്ച് സിനിമാഹാളുകൾ മൂന്നു മാസം തുടർച്ചയായി ഹൗസ്ഫുള്ളായി ഈ സിനിമ കാണിക്കണം. എങ്കിലേ വേണ്ടത്ര കലക്ഷനുണ്ടാവൂ. അങ്ങിനെയൊരു പ്രോജക്ടിൽ വിജയിക്കുമെന്ന് ഉറപ്പുള്ള ഒരാളെ നായികയാക്കണോ, അതോ ഒരു പുതുമുഖത്തെവച്ച് ട്രൈ ചെയ്യണോ? എനിക്ക് നഷ്ടപ്പെടാനുള്ളത് എന്താണെന്നറിയില്ലേ?'

അപർണ്ണയ്ക്ക് വാക്കുകൾ നഷ്ടപ്പെട്ടിരിക്കുന്നു. നഷ്ടമുണ്ടാവില്ലെന്നും മറിച്ച് ലാഭമുണ്ടാവുമെന്നും ചൈനാനിക്ക് ഉറപ്പുകൊടുക്കാൻ തനിക്കാകുമോ. അങ്ങിനെ ഉറപ്പു കൊടുക്കുകയാണെങ്കിൽത്തന്നെ ലക്ഷങ്ങളുടെയും കോടികളുടെയും കളികൾക്കിടയിൽ വെറുമൊരു പുതുമുഖമായ തന്റെ വാക്കുകൾക്ക് വല്ല പ്രസക്തിയുമുണ്ടോ.

'യു വിൽ ബി വെരിമച്ച് ഇൻ ദ ന്യൂ വെഞ്ചർ. അത്രതന്നെ അപ്രധാനമല്ലാത്ത ഒരു റോളിൽ. നിനക്ക് മികവ് കാട്ടാൻ പറ്റിയ ഒരു റോൾ. യു കേൻ ഷോ യുവർ മെറ്റ്ൽ. ഇറ്റീസ് അപ് ടു യു.'

അവൾ പുറത്തു കടന്നപ്പോഴും സുനന്ദ രഞ്ജിനിയുടെ മുറിയിലുണ്ടായിരുന്നു. അവൾ രഞ്ജിനിയ്ക്കു കൈവീശി നടന്നുനീങ്ങി. സുനന്ദ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

കാർ സ്റ്റാർട്ടാക്കി ഗെയ്റ്റ് കടക്കുമ്പോൾ അപർണ്ണ ആലോചിച്ചു. തനിക്ക് കളിക്കാനിനി കരുക്കളൊന്നും ബാക്കിയില്ല. പക്ഷേ അടിയറവു പറയാൻ അവളുടെ അഭിമാനം സമ്മതിക്കുന്നില്ല.

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 21

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം 1. ഹരിതം ബുക്സ് ബുക്സ്, കോഴിക്കോട് (2003)
    വാല്യം. 2. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2013)