|| Novel

അയനങ്ങള്‍

ഇ ഹരികുമാര്‍

- 16 -

രണ്ടു ദിവസത്തിനുള്ളിൽ എന്തൊക്കെയാണ് സംഭവിച്ചത്? അപർണ്ണ ആലോചിച്ചു. ഒരു നൂറ്റിരുപതു കിലോമീറ്റർ വേഗത്തിൽ കാറോടിക്കുന്ന പോലെ. ഇത് ഭ്രാന്തു പിടിപ്പിക്കുന്ന വേഗമാണ്. എവിടെയൊക്കെ പോയി ഇടിക്കുമെന്നറിയില്ല. രാവിലെയുണ്ടായത് അതിന്റെ ഒരു മുന്നോടി മാത്രമാണെന്നവൾക്കു തോന്നി. ഇനി ട്രാൻക്വിലൈസർ ഒന്നും തരേണ്ടെന്ന് അവൾ ഡോക്ടറോട് പറഞ്ഞു. വൈകുന്നേരമാകുമ്പോഴേയ്ക്ക് സാധാരണ മട്ടിലാവണം. മുഖത്ത് പറ്റിയ പോറൽ എന്തെങ്കിലും പറഞ്ഞ് അങ്കിളിനെ ബോധ്യപ്പെടുത്താം. പെട്ടെന്ന് ബ്രേയ്ക്കിടേണ്ടിവന്നുവെന്നൊ മറ്റോ. മനസ്സിലുള്ള പോറലിനോ. അതും വഴിയേ മാറിക്കൊള്ളും. സുനിലിന്റെ മുഖത്തു കണ്ട കടുത്ത ഭാവം അവളെ ഭയപ്പെടുത്തിയിരുന്നു. അയാൾ എന്തെങ്കിലും ചെയ്യുമെന്ന ഭയം. ചെയ്തിട്ടെന്താണ്. രാവിലെയുണ്ടായ സംഭവങ്ങൾ ഓർക്കുമ്പോൾത്തന്നെ അവൾക്കു ഭയം തോന്നുന്നു. മനുഷ്യർ ഇത്ര നീചമായി പെരുമാറുമോ. എല്ലാം നല്ല സുന്ദരന്മാർ. കല്യാണം കഴിക്കുമോ എന്നു ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ മൂളാൻ പറ്റുന്നത്ര ഭംഗിയുള്ളവർ. പക്ഷേ അവരുടെ മനസ്സിൽ ഇതൊക്കെയല്ലെ.

തന്റെ ഭ്രാന്താണ് ഇതിനൊക്കെ കാരണം. ചൈനാനി തനിയ്ക്ക് അവസരം തരുമെന്ന മോഹത്തിലാണ് അവരുടെ പിന്നാലെ പോയത്. സാധാരണ നിലയിലാണെങ്കിൽ അവൾ ഒന്ന് ആലോചിച്ചേനെ. വഴിയിൽ വച്ച് കണ്ട രണ്ടുപേർ ചൈനാനി കാണാൻ ആവശ്യപ്പെടുന്നുണ്ടെന്നു പറയുമ്പോൾ അത് വിശ്വസിക്കുമായിരുന്നില്ല. വിശ്വസിച്ചാൽത്തന്നെ എവിടെയെങ്കിലും കയറി ഫോൺ ചെയ്ത് നിജസ്ഥിതി മനസ്സിലാക്കിയേനെ. അവർ സിനിമാലോകവുമായി വളരെ അടുത്ത ബന്ധമുള്ളവരായിരിക്കണം. എന്തായാലും ഇനി താൻ ശ്രദ്ധവെയ്ക്കും.

സുനിൽ ആറു മണിയ്ക്ക് എത്തി. അവൾ കഴിയുന്നതും സാധാരണ മട്ടിലാണെന്നു കാണിക്കാൻ ശ്രമം നടത്തി.

'നീ ഇപ്പോൾ നോർമലായിരിക്കുന്നുവല്ലോ.' സുനിൽ പറഞ്ഞു.

'യെസ്, ഷീയീസ്, പെർഫെക്ട്‌ലി ആൾറൈറ്റ്.' ഡോക്ടർ പറഞ്ഞു. 'ഷി ക്യാൻ ഗോ ഹോം. നാളെ ഡ്രസ്സിങ്ങ് വേണം. ഒന്ന് വന്നുപൊയ്‌ക്കോട്ടെ. രണ്ടാഴ്ച കഴിഞ്ഞ് ടെസ്റ്റുകൾക്ക് വരണമെന്നു മാത്രം. അതു നിർബ്ബന്ധമാണ്. വരാതിരിക്കരുത്.' അദ്ദേഹം തിരിഞ്ഞ് നഴ്‌സിന് നിർദ്ദേശങ്ങൾ കൊടുത്തു.

പുറത്ത് സുനിലിന്റെ കാറു കണ്ടില്ല. അവൾ ചോദ്യത്തോടെ സുനിലിനെ നോക്കി.

'ഞാൻ ടാക്‌സിയിലാണ് വന്നത്. നിനക്ക് കാറോടിക്കാൻ മാത്രം ശക്തി കിട്ടിയോ എന്നറിയില്ലല്ലോ.'

അയാൾ താക്കോലെടുത്ത് അവളുടെ കയ്യിൽ വച്ചുകൊടുത്തു, പിന്നെ മറുവശത്തുപോയി, അപർണ്ണ വാതിൽ തുറക്കുന്നതും കാത്തുനിന്നു.

കാർ സ്റ്റാർട്ടാക്കി നീങ്ങിയപ്പോൾ അവൾ ചോദിച്ചു.

'ഇവിടെ ബിൽ എത്ര വന്നു? ഞാൻ തരാം.'

'നീ അതൊന്നും അറിയണ്ട ആവശ്യമില്ല.'

അവൾ ഭംഗിയായി കാറോടിക്കുന്നതു കണ്ടപ്പോൾ സുനിൽ പറഞ്ഞു.

'നിനക്ക് പ്രശ്‌നമൊന്നുമില്ലല്ലോ.'

അവൾ ചോദ്യപൂർവ്വം അയാളെ നോക്കി.

'എന്നെ പാർളെ സ്റ്റേഷനിൽ വിട്ടാൽ മതി. എനിക്കൊരിടത്തു പോകാനുണ്ട്. നീ ഒറ്റയ്ക്കു പൊയ്‌ക്കൊള്ളുമെന്ന് ഉറപ്പല്ലേ.'

'യെസ് സേർ.'

സമയം ഏഴുമണിയായിട്ടേയുള്ളു. എട്ടു മണിയ്‌ക്കേ ബൈഖലയിൽ എത്തേണ്ടു. ധാരാളം സമയമുണ്ട്. പിന്നെ ടാക്‌സിയിൽ പോകുന്നതെല്ലാം ഓരോ തെളിവുകളായിരിക്കും. ജാക്‌സനെ കാണാൻ പോകുമ്പോൾ അങ്ങിനെ ചില മുൻകരുതലുകൾ ആവശ്യമാണ്.

'എന്നെ ഇവിടെ വിട്ടാൽ മതി. നീ നേരെ പൊയ്‌ക്കോ.' അയാൾ പറഞ്ഞു. അപർണ്ണ കാർ നിർത്തി. സുനിൽ അവളുടെ കൈപിടിച്ചമർത്തി. 'എല്ലാം ശരിയാവും, എല്ലാം.' അയാൾ കാറിൽനിന്നിറങ്ങി.

പാർളെ സ്റ്റേഷനിലേയ്ക്കു നടക്കുമ്പോൾ അയാൾ ആലോചിച്ചു. താൻ വിചാരിച്ചതിലും നേരത്തെ അപർണ്ണ വീണ്ടെടുത്തിരിക്കുന്നു. അവളുടെ ഇച്ഛാശക്തിയെയാണത് കാണിക്കുന്നത്.

അയാൾ വില്ലെ പാർളെയിൽ നിന്ന് ട്രെയിനിൽ ബാന്ദ്രയിലെത്തി. അവിടെനിന്ന് ഹാർബർ ലൈനിലേയ്ക്ക് മാറി. ഹാർബർ ട്രെയ്ൻ പോകാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.

വീതി കൂടിയ നിരത്തിൽനിന്ന് വീതി കുറഞ്ഞ നിരത്തിലേയ്ക്ക്, വീണ്ടും വീതി കുറഞ്ഞ നിരത്ത്. വീണ്ടും ഇടവഴികൾ, ഒരു സ്‌കൂട്ടറിനു പോലും പോകാൻ പറ്റാത്ത വഴികൾ. ഒരുത്തൻ അടുത്തുവന്നു കൊണ്ട് ചോദിച്ചു. 'സാബ്, അച്ചാ മാൽ ഹെ.'

എന്തു മാൽ? മാൽ എന്നു പറഞ്ഞാൽ എന്തുമാകാം. പട്ടച്ചാരായം, കഞ്ചാവ്, പൊടി, അതുമല്ലെങ്കിൽ വേശ്യകൾ. അയാൾ പറഞ്ഞു. 'ഞാൻ വേറൊരു കാര്യത്തിന് വന്നതാണ്. ശുക്രിയാ.' നന്ദി പറഞ്ഞു കൊണ്ട് ഒഴിവാവുകയാണ് നല്ലത്. സ്ഥലം മഹാ പിശകാണ്. ഒന്ന് ഉരഞ്ഞ് പറഞ്ഞാൽ മതി പിന്നെ കത്തികൊണ്ടുള്ള കളിയാവും. അവന്റെ ആൾക്കാരായിരിക്കും ചുറ്റുവട്ടവും. വല്ലാത്തൊരു സ്ഥലം.

ജാക്‌സൻ ജോയന്റിൽത്തന്നെയുണ്ടായിരുന്നു. സുനിലിനെ കണ്ടപ്പോൾ അയാൾ കുടി നിർത്തി മുറിക്കു പുറത്തേയ്ക്കു വന്നു. ജീൻസും നീല ഡെനിംതുണിയുടെ ജാക്കറ്റും വേഷം. മുകളിലെ രണ്ടു ബട്ടൺ തുറന്നിട്ടതിലൂടെ അയാളുടെ രോമനിബിഢമായ മാറും കഴുത്തിൽ തൂങ്ങിക്കിടക്കുന്ന സ്വർണ്ണ മാലയും കാണാനുണ്ട്.

'ടെൽ മി, വാട്‌സ് യുവർ പ്രോബ്ലം?'

അയാൾ ഒരു ഗോവനായിരുന്നു. ജാക്‌സൻ ഡിസൂസ. മുപ്പത്തഞ്ചു വയസ്സു പ്രായം തോന്നും. കട്ടി മീശ, ഫ്രഞ്ചുതാടി.

'നമുക്കൊരു കാര്യം ചെയ്യാം ജാക്‌സൻ.' സുനിൽ പറഞ്ഞു. 'ഏതെങ്കിലും റെസ്റ്റോറണ്ടിൽ പോയിരുന്ന് സംസാരിക്കാം, അല്ലെങ്കിൽ ബാറിൽ.'

'ചലോ.....റെസ്റ്റോറണ്ട് മേൻ ജായെഗാ.'

റെസ്റ്റോറണ്ടിൽ മേശക്കിരുവശത്തുമിരുന്ന് അവർ സംസാരിച്ചു.

'നിനക്ക് മനസ്സിലായോ ആരാണ് കക്ഷിയെന്ന്?'

'മനസ്സിലായെന്നോ? അവന്റെ പേര് ഇവിടെ പറഞ്ഞു പോവരുത്. കഴിഞ്ഞ പ്രാവശ്യം അവനെ വെറുതെ വിട്ടത് നിങ്ങൾ പറഞ്ഞിട്ടാണ്. ഓർക്കുന്നുണ്ടോ.'

'ഓർക്കുന്നുണ്ട് ജാക്‌സൻ. എന്റെ തെറ്റാണ്. അപ്പോൾതന്നെ കൊടുക്കേണ്ടതായിരുന്നു.'

ഒരു പാവപ്പെട്ട മറാത്തി കുടുംബത്തിന്റെ താങ്ങായിരുന്നു അവൾ. ജാക്‌സനാണ് സുനിലിനോട് അവൾക്ക് എന്തെങ്കിലും ജോലി കൊടുക്കാൻ പറഞ്ഞത്. സിനിമയിൽ ഒരു എക്സ്റ്റ്രയാക്കുകയും ചെയ്തു. വലിയ കുഴപ്പമില്ലാതെ പൊയ്‌ക്കൊണ്ടിരുന്നപ്പോഴാണ് അവർ..........

അന്ന് ജാക്‌സനെ തണുപ്പിക്കാൻ വളരെ പാടുപെട്ടു. ഇനിയും ഇതു തുടരാൻ അനുവദിച്ചുകൂടാ.

'ഞാൻ എന്താണ് ചെയ്യേണ്ടത്. കാച്ചിക്കളയട്ടെ? കതം കർദൂം?'

'രണ്ടുപേരെ കാച്ചിക്കോ. മറ്റു രണ്ടുപേരെ ഇനി അതു ചെയ്യാൻ പറ്റില്ലാത്ത വിധത്തിലാക്കിക്കോ.'

ജാക്‌സൻ ഒരു വഴുതിനങ്ങ നുറുക്കുന്നപോലെ ആംഗ്യം കാട്ടി. 'ഇതോ?'

'അതെ. ഇനിയവർ മറ്റൊരു പെൺകുട്ടിയെ നശിപ്പിക്കരുത്.' സുനിൽ പറഞ്ഞു. 'ആട്ടെ എത്ര ചെലവു വരും?'

'സുനിൽ സാബ്....' സുനിലിന്റെ കൈയ്യിൽ അമർത്തിപ്പിടിച്ചുകൊണ്ട് ജാക്‌സൻ പറഞ്ഞു. 'അവനെ തട്ടാൻ എനിക്ക് പണം വേണ്ട. പക്ഷേ എന്റെ പിള്ളാർക്ക് എന്തെങ്കിലും കൊടുക്കണം. അവരുടെ ബിസിനസ്സാണിത്. ഒരു പത്ത് കരുതിക്കോ. എല്ലാം കഴിഞ്ഞിട്ടു കൊടുത്താൽ മതി.'

'ഞാനിനി രംഗത്തില്ല.' സുനിൽ പറഞ്ഞു.

'വേണ്ട, പോയ്‌ക്കോ. ഞാൻ ബിൽ കൊടുത്ത് പൊയ്‌ക്കോളാം.'

സുനിൽ എഴുന്നേറ്റു.

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 21

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം 1. ഹരിതം ബുക്സ് ബുക്സ്, കോഴിക്കോട് (2003)
    വാല്യം. 2. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2013)