|| Novel

അയനങ്ങള്‍

ഇ ഹരികുമാര്‍

- 3 -

ഓരോ അണുവിലും ചൈനാനി ഒരു മാന്യനായിരുന്നു. അയാളുടെ പെരുമാറ്റവും പ്രവർത്തികളും കുറ്റമറ്റവയാണ്. വളരെയധികം മിനുക്കപ്പെട്ടവയാണ്. ഏറ്റവും താഴ്ന്ന ജോലിക്കാരോടുകൂടി അയാൾ നിങ്ങൾ എന്നേ പറയാറുള്ളു. ആപ് എന്നു മാത്രം. തൂ, അല്ലെങ്കിൽ തും എന്ന വാക്കുകൾ ചൈനാനിയുടെ നിഘണ്ടുവിലില്ല. അതുപോലെ ഏറ്റവും നികൃഷ്ടമായ ഒരു കാര്യം ചെയ്യുകയാണെങ്കിൽപ്പോലും അതു വളരെ മയപ്പെടുത്തിയോ, അല്ലെങ്കിൽ തികച്ചും ആകസ്മികമായ ഒന്നാക്കിയോ ആണ് ചെയ്യുക. തനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന മട്ടിൽ. അഞ്ചു കൊല്ലത്തെ പരിചയംകൊണ്ട് സുനന്ദയ്ക്ക് അതറിയാമായിരുന്നു. അതു കൊണ്ട് അവൾ ചൈനാനിയോട് അതേമട്ടിൽ മാന്യമായി പെരുമാറി. അത്ര മാന്യമല്ലാത്ത നിമിഷങ്ങൾ പങ്കിടുമ്പോൾ അത് താനും ചൈനാനിയുമല്ല, വേറെ രണ്ടുപേരാണെന്നവൾ സങ്കല്പിച്ചു. അഞ്ചു കൊല്ലത്തിനുള്ളിൽ പത്തു സൂപ്പർ മൂവിയുടെ നായികയായി അവൾ. എല്ലാം ചൈനാനി ഫിലിംസിന്റെ ബാനറിലുള്ളവ. മറ്റു പ്രൊഡ്യൂസർമാരുടെ ഓഫറുകൾ അവൾ കാറ്റിൽ പറത്തി. ചൈനാനി കൊടുക്കുന്ന പ്രതിഫലം കൊടുക്കുവാൻ മറ്റൊരു പ്രൊഡ്യൂസർക്കും കഴിയില്ല. അതായിരുന്നു ചൈനാനിയുടെ വിജയരഹസ്യം. ഒരാളെ ജോലിക്കു വയ്ക്കുമ്പോൾ അയാൾക്ക് മറ്റൊരിടത്തും കിട്ടാൻ സാധ്യതയില്ലാത്ത വലിയ ശമ്പളം കൊടുക്കുക കാരണം എല്ലാ തുറകളിലും ഏറ്റവും വൈദഗ്ദ്യമുള്ള ആളുകളെ ചൈനാനിക്കു കിട്ടി. ഏറ്റവും നല്ല സംവിധായകൻ, ഏറ്റവും നല്ല നടീനടന്മാർ, എറ്റവും നല്ല കാമറാമാൻ. മറ്റു കമ്പനികളിൽനിന്ന് ടാലന്റുകൾ ചൈനാനിയിലേയ്ക്ക് ഒഴുകി. മറ്റു പ്രൊഡ്യൂസർമാരുടെ നഷ്ടം ചൈനാനിയുടെ നേട്ടമായിരുന്നു.

ഇതെല്ലാം സുനന്ദയ്ക്കറിയാം. അതുകൊണ്ടുതന്നെ ഏറ്റവും അധികം പ്രതിഫലം കിട്ടുന്ന നടി എന്ന ഗർവ്വുണ്ടെങ്കിലും, ചൈനാനിയുടെ അടുത്ത് അവൾ വളരെ മര്യാദക്കാരിയായി. പരിതസ്ഥിതികൾ പെട്ടെന്ന് മാറിയേക്കാമെന്ന് അവൾക്കറിയാം. രാവിലെ ഡ്രസ്സിങ് ടേബ്‌ളിലെ നീലക്കണ്ണാടിയിൽ നോക്കുമ്പോൾ അവൾക്കു മനസ്സിലാവുന്നുണ്ട്, അഞ്ചു കൊല്ലം മുമ്പ് സിനിമയിൽ കടക്കുമ്പോഴുണ്ടായിരുന്ന ദേഹമല്ല ഇപ്പോൾ. കൂടുതൽ മാംസളമായിരിക്കുന്നു. യുവത്വം തോന്നിക്കുന്ന ദേഹത്തിന്റെ ആകാരവടിവിനെ പുതുതായി താമസം തുടങ്ങിയ അമിതഭാരം ഭീഷണിപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. തന്റെ മൂവികൾ വന്നാൽ ആളുകൾ ഇപ്പോഴും ഹാളിൽ ഇരച്ചു കയറുന്നു. ചൈനാനിയുടെ ഖജനാവിൽ നാണ്യങ്ങൾ കിലുകിലെ വീഴുന്നു. അതെല്ലാം ശരി. ഇനി എത്ര കാലം തനിക്ക് പിടിച്ചുനിൽക്കാൻ പറ്റും.

പോരാത്തതിന് രാവിലെ ഫോണിൽ കിട്ടിയ വാർത്തയും തീരെ സുഖമുള്ളതായിരുന്നില്ല. ചൈനാനി ഒരു പുതിയ പെൺകുട്ടിയെ നിയമിച്ചിട്ടുണ്ട്. ഇന്നാണ് സ്‌ക്രീൻ ടെസ്റ്റ്.

ചൈനാനിയുടെ ഉദ്ദേശ്യം പുതിയ പ്രൊഡക്ഷനിൽ ഇടാനാണെന്ന് അവൾക്കറിയാം. അതിന്റെ ജോലി നടന്നു കൊണ്ടിരിക്കുന്നു. ആ വിചാരം വളരെ അസ്വാസ്ഥ്യജനകമാണ്. മൾട്ടിസ്റ്റാറർ മൂവികളിലും തനിക്ക് മിഴിവുള്ള റോളുകൾ തന്ന് തന്നെ ഉയർത്തിക്കാട്ടുകയേ ചൈനാനി ചെയ്തിട്ടുള്ളു. പക്ഷേ അവയിലെല്ലാം മറ്റു നായികമാർ സ്ഥിരം രണ്ടാം തരം, അല്ലെങ്കിൽ ഒന്നാംതരം തന്നെ പടങ്ങളിലഭിനയിക്കുന്ന നായികമാരാണ്. പക്ഷേ ഈ പെൺകുട്ടി ചൈനാനിയുടെതന്നെ കണ്ടുപിടുത്തമാണ്. അതുകൊണ്ട് സൂക്ഷിക്കണം.

ഫോൺ ശബ്ദിച്ചു.

'ഹല്ലോ...'

'സുനന്ദയല്ലേ?' ചൈനാനിയുടെ ശബ്ദം.

'അതേ നിതിൻജി.'

'ഇപ്പോൾ സ്റ്റുഡിയോവിലേയ്ക്കു വരാൻ പറ്റുമോ? വരാൻ സൗകര്യമാണെങ്കിൽ ഞാൻ അരമണിക്കൂറിനുള്ളിൽ കാർ കൊടുത്തയക്കാം.'

ചൈനാനി എപ്പോഴും അങ്ങിനെയാണ്. സൗകര്യമെങ്കിൽ ഒന്ന് വരാമോ. അത്രമാത്രം. ഒരു നിർബ്ബന്ധവും കാണിക്കില്ല. അധികാരത്തിന്റെ സ്വരമില്ല. പക്ഷേ ചൈനാനിയുടെ ഓരോ വാക്കുകളും മാനിക്കപ്പെട്ടു. ഒരു ആജ്ഞപോലെ.

'വേണ്ട നിതിൻജി ഞാൻ എന്റെ കാറിൽ വന്നുകൊള്ളാം.'

'ശരി താങ്ക്‌സ്.'

സ്റ്റുഡിയോവിൽ ചൈനാനിയുടെ ഓഫീസ് പ്രധാന കെട്ടിടത്തിൽ ഒന്നാം നിലയിലായിരുന്നു. തന്റെ ചാരനിറത്തിലുള്ള റെനോൾട്ട് കാർ സുനന്ദ പോർച്ചിൽ നിർത്തി. യൂനിഫോമിട്ട വാച്ച്മാൻ വന്ന് വാതിൽ തുറന്നു. അവൾ ഹാന്റബാഗുമെടുത്ത് പുറത്തിറങ്ങി. വാച്ച്മാൻ കാറിൽക്കയറി കാർ സ്റ്റാർട്ടാക്കി പാർക്കിങ് ലോട്ടിലേയ്ക്കു കൊണ്ടു പോയി.

തുറന്നുപിടിച്ച വാതിലിലൂടെ സുനന്ദ അകത്തെ തണുപ്പിലേയ്ക്കു കടന്നു. ചവുട്ടിയാൽ പതുങ്ങിപ്പോകുന്ന പരവതാനികൾ ഒന്നാം നിലയിൽ ലിഫ്റ്റിനു മുമ്പിൽനിന്നു തുടങ്ങുന്നു. റിസപ്ഷനിലെത്തിയപ്പോൾ ഇളം പച്ച സാരിയുടുത്ത റിസപ്ഷനിസ്റ്റ് എഴുന്നേറ്റു നിന്നു.

'നമസ്‌തെ സുനന്ദാജി. ചൈനാനി സാബ് കാത്തിരിക്കുന്നുണ്ട്.'

'നമസ്‌തെ.' സുനന്ദ നിൽക്കാതെ നടന്നുനീങ്ങി. കൊത്തുപണികളുള്ള വാതിലിൽ അവൾ പതുക്കെ മുട്ടി.

'കമിൻ.'

വാതിൽ തുറന്നപ്പോൾ ചൈനാനി മേശ ചുറ്റി വന്ന് അവളുടെ കൈപിടിച്ചു കുലുക്കി, കസേല നീക്കി അവളോട് ഇരിക്കാൻ പറഞ്ഞ ശേഷം തിരിച്ച് മേശയ്ക്കു പിന്നിൽ കസേലയിൽ ഇരുന്നു.

മുറി താരതമ്യേന ഇരുണ്ടിട്ടായിരുന്നു. ഒന്നുരണ്ടു കൊച്ചു സ്‌പോട്‌ലൈറ്റുകളല്ലാതെ മറ്റു വിളക്കുകളൊന്നും കൊളുത്തിയിട്ടുണ്ടായിരുന്നില്ല. പുറത്തേയ്ക്കുള്ള ജനലാകട്ടെ കർട്ടൻകൊണ്ട് മറച്ചിട്ടുമുണ്ട്. ചൈനാനി വളരെ തെളിഞ്ഞ വെളിച്ചം ഇഷ്ടപ്പെട്ടിരുന്നില്ല. തീക്ഷ്ണമായതൊന്നും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. സംഗീതംപോലും അദ്ദേഹം ആസ്വദിച്ചിരുന്നത് വളരെ താഴ്ന്ന ശബ്ദത്തിലായിരുന്നു. മുറിയിലിരുന്ന് കുറച്ചു കഴിഞ്ഞാലേ സംഗീതമുണ്ടെന്ന് മനസ്സിലാവുക തന്നെയുള്ളൂ. ഒരിക്കൽ മനസ്സിലായി അതു നമ്മുടെ മനസ്സിന് ഒരു താളം കൊടുത്തുകഴിഞ്ഞാൽ അതു വളരെ ആനന്ദപ്രദമാണ്.

സ്റ്റീരിയോവിന്റെ മറച്ചുവച്ച സ്പീക്കറുകളിൽക്കൂടി കേൾക്കുന്നത് ഒരു ഇൻസ്റ്റ്രുമെന്റലാണ്. വയലിന്റേയും ചെല്ലോവിന്റെയും ശബ്ദം ശ്രദ്ധിച്ചു കൊണ്ട് സുനന്ദ ചോദിച്ചു. 'ഹെൻറി മാൻസീനി?'

'റൈറ്റ് ഗെസ്സ്.' ചൈനാനി ചിരിച്ചുകൊണ്ട് പറഞ്ഞു. ഊഹം ശരിയായതിന് ഒരു പൂച്ചെണ്ട്.'

'ഒരു ഊഹംകൂടി പറയാം. ഇപ്പോൾ പ്ലേ ചെയ്യുന്നത് ഡോക്ടർ ഷിവാഗോവിലെ തീം മ്യൂസിക്കാണ്. സംവേർ മൈ ലവ്.'

'യു ആർ ഗ്രെയ്റ്റ്.' ചെനാനി അദ്ഭുതത്തോടെ അവളെ നോക്കി. അയാൾ എഴുന്നേറ്റ് ഇടത്തു വശത്തുവച്ച ഷോകേസിലെ പൂച്ചെണ്ടുകളിൽ നല്ലതൊരെണ്ണം തെരഞ്ഞെടുത്ത് സുനന്ദയ്ക്കു കൊടുത്തു.

'റോസാപ്പൂക്കൾ.' വാസനിച്ചുകൊണ്ട് സുനന്ദ പറഞ്ഞു.

'താങ്ക്‌യു നിതിൻജി, എത്ര ഭംഗിയുള്ള പൂക്കൾ.'

'വെൽക്കം.'

'പുതിയ പ്രൊഡക്ഷന്റെ ജോലി ഏതുവരെയായി?'

ചൈനാനി ചാരിയിരുന്നു റിവോൾവിങ് ചെയർ പതുക്കെ ആട്ടിക്കൊണ്ട് പറഞ്ഞു.

'ഒരുകെട്ടു കടലാസ്സിനുള്ളിൽ ഒരു വലിയ കഥ, അത്ര മാത്രം.' മേശമേൽ ഒരരുകിൽ വച്ച കടലാസ്സു കെട്ട് അയാൾ ചൂണ്ടിക്കാട്ടി. 'വളരെയേറെ കഥാപാത്രങ്ങൾ, വളരെ ബൃഹത്തായ കഥ, കൂറ്റൻ സെറ്റിങ്ങുകൾ വേണം. ഇതിന്റെ ഒക്കെക്കൂടി വില ഒരു കോടിയിലധികം. എവിടെനിന്നാണ് ഞാൻ ഇത്രയും പണം ഉണ്ടാക്കേണ്ടത്? ഞാൻ അത്ര പണക്കാരനൊന്നുമല്ല.'

'ഹൗ സാഡ്.' സുനന്ദ ചിരിച്ചുകൊണ്ട് പറഞ്ഞു.

'ഭാഗ്യത്തിന് ഒരു നായികയേ ഉള്ളൂ. മൂന്ന് നായകന്മാരും.'

മനസ്സ് പ്രക്ഷുബ്ധമാകുന്നത് സുനന്ദ അറിഞ്ഞു. ഒരു നായികയേ ഉള്ളൂ. പെട്ടെന്ന് അവൾക്ക് ആത്മവിശ്വാസം നശിച്ചതുപോലെ തോന്നി. ഒരു സാധാരണക്കാരിയെ പെട്ടെന്ന് ഒരു ദിവസം നായികയാക്കാനുള്ള ടെക്‌നിക് ചൈനാനിയുടെയും അയാളുടെ പെറ്റ് ഡയറക്ടർ വിനോദ് ചന്ദാനിയുടെയും കൈയ്യിലുണ്ട്. പുതുതായി വന്ന പെൺകുട്ടി തനിക്കൊരു ഭീഷണിയാണ് എന്നോർത്തപ്പോൾ അവൾ പെട്ടെന്ന് തളർന്നു.

'എന്താണ് കുടിക്കുന്നത്?'

'നിതിൻജി പറഞ്ഞാൽ മതി.'

'ഡ്രൈമാർട്ടിനിയായാലോ?'

'ശരി.'

അയാൾ മുറിയുടെ മൂലയിൽ പ്രതിഷ്ഠിച്ച ബാറിലേയ്ക്കു നടന്നു. രണ്ടു ഗ്ലാസ്സുകളിൽ ജിൻ പകർന്നു, ഏതാനും തുള്ളി വെർമോത്ത് ഒഴിച്ചു. ഗ്ലാസ്സിന്റെ വക്കിൽ ഒരു നാരങ്ങ വട്ടത്തിൽ ചെത്തിയത് കോർത്തുവച്ച് കൊണ്ടുവന്നു. ബാറിൽ കോക്‌ടെയിലുകൾ കൂട്ടുന്നത് ചൈനാനി ഇഷ്ടപ്പെട്ടു. താനൊരു ബാർമാൻ ആവേണ്ടതായിരുന്നെന്ന് അയാൾ പറയാറുണ്ട്.

സുനന്ദ നിശ്ശബ്ദയായി ആലോചിക്കുകയായിരുന്നു. തന്റെ ബുദ്ധി ഉപയോഗിക്കേണ്ട ഒരു സന്ദർഭം വന്നുചേർന്നിരിക്കുന്നു. ചൈനാനിയുടെ മനസ്സിൽ എന്താണെന്നറിയില്ല. ഏതെങ്കിലും ജോലിക്കാർ അയാളുടെ അപ്രീതിയ്ക്കു പാത്രമായാൽ അയാളെ തട്ടാൻ വളരെ നവീനമായ മാർഗ്ഗങ്ങളാണ് ചൈനാനി സ്വീകരിക്കാറ്. ഒന്നുകിൽ ആ ഉദ്യോഗസ്ഥന് ജോലി നിയോഗിക്കുന്നത് ഒരു ദിവസം നിർത്തും. ജോലിയെല്ലാം അയാളുടെ കീഴുദ്യോഗസ്ഥന്മാർക്കു നേരിട്ടു കൊടുക്കും. ആ ഉദ്യോഗസ്ഥൻ ജോലിയില്ലാതെ അയാളുടെ വലിയ കാബിനിൽ വെറുതെയിരിക്കും. പതുക്കെ പതുക്കെ അയാളുടെ ഓരോ സൗകര്യങ്ങൾ അപ്രത്യക്ഷമാകും. കാബിനിലെ ഷെൽഫുകൾ, അലമാറ, ഫയലുകൾ. ഒടുക്കം അയാളും മേശയും കസേലകളും മാത്രമാകും. വരുന്ന സന്ദർശകരെയെല്ലാം സ്വീകരിക്കുക താഴ്ന്ന ഉദ്യോഗസ്ഥന്മാരോ, അല്ലെങ്കിൽ അതിനായി നിയമിച്ച വേറെ വല്ലവരും ആകും. അവസാനമായി പോകുന്നത് എയർ കണ്ടീഷണറാണ്. ഫാനില്ലാത്ത മുറിയിൽ അയാൾ കുറച്ചു കാലം കൂടി അപമാനവും വിയർപ്പും സഹിച്ച് തൂങ്ങിയിരിക്കും. ശമ്പളം മാത്രം നിർത്തില്ല. അങ്ങിനെയിരിക്കെ ഒരു പ്രഭാതത്തിൽ അയാൾ ഓഫീസിൽ വരവു നിർത്തും.

അത്രയും ക്രൂരമല്ലാത്ത വേറൊരു മാർഗ്ഗവുമുണ്ട് ചൈനാനിക്ക്. ഒരു ഉദ്യാഗസ്ഥൻ അയാളുടെ കണ്ണിൽ ചീത്തയായാൽ അയാളുടെ ഫേയർവെൽ പാർട്ടിയെന്ന പേരിൽ ഒരു പാർട്ടി ഒരുക്കും. ഗംഭീര പാർട്ടി. അതിൽ വച്ച് ആ ഉദ്യോഗസ്ഥൻ വേറെ നല്ല ജോലി കിട്ടി പോകുന്നതിൽ തനിക്കുള്ള സന്തോഷത്തെപ്പറ്റിയും ഇത്രയും നല്ല ഒരുദ്യോഗസ്ഥൻ നഷ്ടപ്പെടുന്നതിൽ തനിക്കുള്ള ഖേദത്തെപ്പറ്റിയും ചൈനാനി പ്രസംഗിക്കും. പാവം ആ ഉദ്യാഗസ്ഥനു മാത്രമേ ചിലപ്പോൾ സത്യാവസ്ഥ അറിയൂ. മാനമായി ഒഴിവാവണമെങ്കിൽ വായ തുറക്കാതിരിക്കുകയും വേണം.

തന്നെയും അങ്ങിനെ ആചാരപൂർവ്വം നായിക സ്ഥാനത്തു നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണോ?

ചൈനാനി ഗ്ലാസ്സ് ഉയർത്തിക്കാട്ടി. 'ചീയേഴ്‌സ്.'

ചൈനാനി മേശയുടെ വലിപ്പുതുറന്ന് ഏതാനും ഫോട്ടോഗ്രാഫുകൾ എടുത്ത് സുനന്ദയുടെ മുമ്പിലേയ്ക്കിട്ടു കൊണ്ട് പറഞ്ഞു.

'എങ്ങിനെയുണ്ടെന്നു പറയൂ.'

കാബിനറ്റ് സൈസിലുള്ള ചിത്രങ്ങൾ. അപ്പോൾ ഡവലപ്പ് ചെയ്തിട്ടേയുള്ളുവെന്നു തോന്നുന്നു. അവൾ വിറക്കുന്ന കൈകൊണ്ട് അവയെടുത്തു നോക്കി. ഒരു സുന്ദരിയായ പെൺകുട്ടിയുടെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ. സുനന്ദ ചോദ്യത്തോടെ ചൈനാനിയെ നോക്കി.

'ഇതാണെന്റെ പുതിയ റിക്രൂട്ട്. അപർണ്ണ.'

അപ്പോൾ ഇതാണല്ലെ തനിക്ക് ഭീഷണിയായി വന്ന ബ്യൂട്ടി ക്വീൻ. അവൾ ഗ്ലാസ്സിൽ നിന്ന് ഒരു വലിയ കവിൾ കുടിച്ചു വീണ്ടും ആ ഫോട്ടോകൾ നോക്കി. മുഖത്ത് അസ്വാസ്ഥ്യമോ ആശങ്കയോ നിഴലിച്ചു കാണാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. ചൈനാനിയുടെ കണ്ണുകൾ അവളുടെ മുഖത്താണെന്നറിയാം. ആവുന്നത്ര ധൈര്യം സംഭരിച്ച് മുഖമുയർത്തിക്കൊണ്ട് അവൾ പറഞ്ഞു.

'നല്ല കുട്ടി.' അവൾ വീണ്ടും ഗ്ലാസ്സെടുത്ത് ഒരു കവിൾ കുടിച്ചു, പിന്നെ ഗ്ലാസ്സ് കൈവിടാൻ മടിച്ചുകൊണ്ട് കൈയ്യിൽത്തന്നെ വച്ചു.

'എല്ലാം അവൾക്ക് എത്രത്തോളം അഭിനയിക്കാൻ കഴിയുമെന്നതിനെ ആശ്രയിക്കും. സൗന്ദര്യം പകുതി മാത്രമേ ആകുന്നുള്ളു, ബാക്കി പകുതി കഴിവാണ്.'

'ഈ കുട്ടിയ്ക്ക് പുതിയ പ്രൊഡക്ഷനിൽ അവസരം കൊടുക്കുന്നുണ്ടോ?' തന്റെ ശബ്ദത്തിൽ അല്പം വിറയലുണ്ടായോ?

'കൊടുക്കണോ?' ചൈനാനി മറുചോദ്യം ചോദിക്കയാണ്.

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 21

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം 1. ഹരിതം ബുക്സ് ബുക്സ്, കോഴിക്കോട് (2003)
    വാല്യം. 2. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2013)