ഇ ഹരികുമാര്‍
'എഞ്ചിൻ ഡ്രൈവർക്ക് ഒരു പേരുണ്ടെന്ന് ഞാൻ കണ്ടുപിടിച്ചു.' നാൻസി പറഞ്ഞു.
ഭാസ്‌കരൻ നായർക്ക് അദ്ഭുതമൊന്നുമുണ്ടായില്ല. എല്ലാ എഞ്ചിൻ ഡ്രൈവർമാർക്കും പേരുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പേരില്ലാത്തവർ എഞ്ചിൻ ഡ്രൈവർമാരാവില്ലെന്നുകൂടി അദ്ദേഹം പറഞ്ഞു. നാൻസി പറയുന്നതിൽ വലിയ കാമ്പൊന്നുമില്ല.
'ഞാൻ നിന്റെ അപ്പന് കത്തെഴുതുന്നുണ്ട്.' അദ്ദേഹം പറഞ്ഞു. 'നിന്റെ എഞ്ചിൻ പാളം തെറ്റുംമുമ്പ് നിന്നെ എവിടെയെങ്കിലും തളക്കാൻ പറയണം.'
'ഈ സാറ് അങ്ങിനെയൊക്കെ ചെയ്യുംന്ന് എനിക്കറിയാം.'
'രണ്ടുണ്ട് കാര്യം. ഒന്ന് നീ നേർവഴിക്കു നടക്കാൻ പഠിക്കും. രണ്ടാമത്, അതാണ് ഏറ്റവും പ്രധാനവും, നീ എന്റെ തലയിൽനിന്ന് ഒഴിവാകും.'
'ഞാനീ സാറിനോടു് കൂടൂല.'
അവൾക്ക് ശരിക്കും ദ്വേഷ്യം പിടിച്ചിരുന്നു. താൻ ഭാസ്‌കരൻ നായർക്ക് ഒരു ബാദ്ധ്യതയാകുന്നുണ്ട് എന്ന തോന്നൽ ഇടക്കിടക്ക് അവൾക്കുണ്ടാവാറുണ്ട്. എന്തിനാണ് ആ മനുഷ്യൻ തനിക്ക് ശമ്പളം തന്ന് നിർത്തിയിരിക്കുന്നത്. അതിനുമാത്രമുള്ള ജോലിയൊന്നും ആ ഷോപ്പിൽ ഇല്ല, താൻ ചെയ്യുന്നുമില്ല. ഒരു സ്‌നേഹിതന്റെ മകളാണെന്ന ഒരേയൊരു പരിഗണനമൂലമാണ് അവളെ നിർത്തിയിരിക്കുന്നത്. മാലതി തുടക്കം തൊട്ടേ അവിടെയുണ്ടായിരുന്നു. ശരിക്കു പറഞ്ഞാൽ മാലതിക്കു ചെയ്യാനുള്ള ജോലിയേ അവിടെയുള്ളൂ. കൂടുതൽ ജോലിയുണ്ടെങ്കിൽ സാറിനു ചെയ്യാവുന്നതേയുള്ളൂ.
ട്രെയിൻ യാത്രയിൽ അന്താക്ഷരിക്കും വായിൽ നോട്ടത്തിനുമിടയിൽ പെൺകുട്ടികൾ അവരവരുടെ ഓഫീസുകാര്യങ്ങളും സംസാരിച്ചിരുന്നു. അങ്ങിനെയാണ് ലതയുടെ ഓഫീസിൽ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്ററെ ആവശ്യമുണ്ട് എന്നറിഞ്ഞത്. ഒരാഴ്ച മുമ്പ് പറഞ്ഞതായിരുന്നു. ഇപ്പോഴും ആ ഒഴിവ് ഉണ്ടോ എന്നറിയില്ല. ഉച്ചയ്ക്ക് ഒഴിവുസമയത്ത് പോയി നോക്കണം. നാൻസി പിന്നീടൊന്നും സംസാരിച്ചില്ല.
ഉച്ചയ്ക്ക് ഊണു കഴിച്ചു എന്നു വരുത്തി പുറത്തുകടന്നു. ബസ്സ്‌സ്റ്റോപ്പ് അടുത്തുതന്നെയാണ്. പത്മവഴിക്കുള്ള ബസ്സിൽ കയറിയിരിക്കുമ്പോൾ അവൾ പ്രാർത്ഥിച്ചിരുന്നത് ലത പറഞ്ഞിരുന്ന ജോലി നികത്തിയിട്ടുണ്ടാവല്ലെ എന്നാണ്. ഉച്ചച്ചൂടിൽ അവൾ ഉരുകി. എയർകണ്ടീഷൻ ചെയ്ത ഷോപ്പിൽ ചൂട് അറിഞ്ഞിരുന്നില്ല. രാവിലെ വരുമ്പോൾ ചൂട് തുടങ്ങുന്നേ ഉണ്ടാവൂ. പിന്നെ വൈകുന്നേരം പുറത്തിറങ്ങുമ്പോഴേയ്ക്ക് ചൂട് കുറഞ്ഞിട്ടുമുണ്ടാകും.
ലതയുടെ ഓഫീസ് വലുതായിരുന്നു. വലിയ ചില്ലുവാതിൽ കടന്നുചെന്ന നാൻസിയെ ആകർഷിച്ചത് ഉള്ളിലെ വിശാലതയായിരുന്നു. വിശാലമായ വിസിറ്റിങ്‌റൂമിൽ പതുപതുത്ത സോഫകളിൽ പത്തിരുപതുപേർക്ക് ഇരിക്കാം. ഒരു ഭാഗത്ത് റിസപ്ഷൻ കൗണ്ടർ. കൗണ്ടറിലിരിക്കുന്ന സുന്ദരിയുടെ പിന്നിൽ ചില്ലുകൾക്കപ്പുറത്ത് വിശാലമായ ഹാളിൽ നിറയെ ചെറുപ്പക്കാർ. നല്ല ഭംഗിയുള്ള ആൺപിള്ളേര്. നാൻസി ആലോചിച്ചു. ഇവരുടെ ഒപ്പം ജോലിയെടുക്കാൻ ശമ്പളം കിട്ടിയില്ലെങ്കിലും വേണ്ടില്ല.
'ഇതൊന്നും ഒന്നുമല്ല.' സോഫയിൽ നാൻസിയുടെ ഒപ്പം ഇരുന്നുകൊണ്ട് ലത പറഞ്ഞു. 'നീ വൈകീട്ട് ഒന്ന് വന്ന് കാണണം. പതിനഞ്ചു സെയില്‍സ്മാന്‍മാരുണ്ട്. ഒക്കെ ഭംഗിള്ള പിള്ളേര്. ടൈകെട്ടി വെളുത്ത ഷർട്ടും ബ്രൌൺ പാന്റ്‌സുമായി ഓഫീസില് നിറയെ ഓടിനടക്കും. കൊതിയാവും. ഇപ്പോ എല്ലാരും പുറത്ത് സെയിൽസിനു പോയിരിക്ക്യാ.'
നാൻസി തീർച്ചയാക്കിക്കഴിഞ്ഞിരുന്നു.
ഇന്റർവ്യൂ തന്ന ആൾ മദ്ധ്യവയസ്‌കനായിരുന്നു. അയാൾക്ക് അദ്ഭുതമായി. കോറൽഡ്രോവിലും പേജ്‌മേക്കറിലും ജോലിയെടുത്തുകൊണ്ടിരിക്കുന്ന ഈ കുട്ടി എന്തിനാണ് കുറഞ്ഞ ശമ്പളത്തിന് ഈ അറുബോറൻ ജോലിയിൽ ചേരുന്നത്? ഡാറ്റാബേസിൽ ഇൻവെന്ററിയുണ്ടാക്കുകയാണ് ജോലി. ബുദ്ധി ആവശ്യമില്ലാത്ത, ഭാവന ആവശ്യമില്ലാത്ത മുഷിപ്പൻ ജോലി. അല്പം ഭാവനയുള്ള കുട്ടികൾ ഒന്നുകിൽ ഇതിൽനിന്ന് രക്ഷപ്പെടും, അല്ലെങ്കിൽ ഒരു കൊല്ലത്തിനുള്ളിൽ ആത്മഹത്യ ചെയ്യും. അയാൾ പറഞ്ഞു.
'നിങ്ങൾ ഗ്രാഫിക്‌സ് ഒക്കെ ചെയ്യുന്നുണ്ടെന്നല്ലെ പറഞ്ഞത്?'
'അതേ.'
'ഡി.ടി.പി. ഒരു കലയാണ്. പ്രത്യേകിച്ച് ഗ്രാഫിക്‌സ് ചെയ്യുന്നുണ്ടെങ്കിൽ. അതിന്റെ അനന്തസാധ്യതകൾ ഒഴിവാക്കി ഈ മടുപ്പൻ ജോലിയ്ക്ക് വരരുതെന്നാണ് എന്റെ അഭിപ്രായം. പോരാത്തതിന് നിങ്ങൾക്ക് ഇപ്പോൾ കിട്ടുന്ന ശമ്പളം ഈ കമ്പനിയിൽ രണ്ടുകൊല്ലം കൊണ്ടേ ആവൂ. നല്ലവണ്ണം ആലോചിച്ച് ലതയോട് പറഞ്ഞാൽ മതി. തീർച്ചയാക്കിയാൽ ഒന്നാം തീയതി ജോലിക്കു ചേരാം.'
ഉച്ചഭക്ഷണം ഒഴിവാക്കി ഇന്റർവ്യൂ തന്നതിൽ നന്ദി പറഞ്ഞുകൊണ്ട് നാൻസി വിടവാങ്ങി. ബസ്സ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോൾ അവൾ ആലോചിച്ചു. എന്റെ ഹൃദയം ഞാൻ അവിടെ മറന്നിട്ടിരിക്കയാണ്. സാരമില്ല, അവിടെത്തന്നെ കിടക്കട്ടെ.
ഭാസ്‌കരൻ നായർ ചാരിയിരുന്ന് ഉറങ്ങുകയാണ്. ഉച്ചയ്ക്ക് ഊണു കഴിഞ്ഞാൽ അരമണിക്കൂർ ഉറക്കം പതിവുണ്ട്. മാലതി കമ്പ്യൂട്ടറിൽ ഫ്രീസെൽ കളിക്കുന്നു. നാൻസി അവളുടെ പിന്നിൽ പോയി നിന്നു. അവൾ കളി ശ്രദ്ധിക്കുകയായിരുന്നില്ല. മനസ്സ് ശൂന്യമാണ്. മാലതിയും ഒന്നും പറയുന്നില്ല. കാർഡുകളി തുടങ്ങിയാൽ അവൾക്ക് ടെൻഷനാണ്. പിന്നെ ചോദിച്ചതിനു മറുപടി കിട്ടില്ല. അങ്ങിനെ എത്രനേരം നിന്നുവെന്നറിയില്ല. പെട്ടെന്ന് സാറിന്റെ ശബ്ദം കേട്ടാണ് അവൾ ഈ ലോകത്തേയ്ക്കു തിരിച്ചെത്തിയത്. ഭാസ്‌കരൻ നായർ അവളുടെ അടുത്തു നിന്നുകൊണ്ട് മാലതി കളിക്കുന്നത് ശ്രദ്ധിക്കുകയാണ്.
'ഡൈമണ്ട് ഒമ്പതെടുത്ത് സ്‌പേഡ് പത്തിനു താഴെ കൊണ്ടുപോയി വയ്ക്ക്.'
അയാൾ മാലതിയ്ക്കു പറഞ്ഞു കൊടുക്കുകയാണ്. ഡയമണ്ട് ഒമ്പതെടുത്തപ്പോൾ ആ കോളത്തിലെ എല്ലാ കാർഡുകളും മാറ്റിവയ്ക്കാൻ പറ്റി. ജോലിയില്ലാത്ത സമയത്ത് അവർ കളിക്കുന്നതിൽ അദ്ദേഹത്തിന് പരാതിയൊന്നുമില്ല.
കാർഡുകൾ അതാതിന്റെ കോളത്തിലേയ്ക്കു പറന്നുപോയി. മാലതി കളി നിർത്തി.
സ്വന്തം സീറ്റിലിരുന്നുകൊണ്ട് നാൻസി പറഞ്ഞു.
'സാർ, എനിക്കു വേറെ ജോലി കിട്ടി.'
'വെരി ഗുഡ്, കൺഗ്രാജുലേഷൻസ്.'
'സാറ് കളിയാക്ക്വൊന്നും വേണ്ട.'
'ഞാൻ കളിയാക്കിയില്ലല്ലോ? ആട്ടെ ഏതു കമ്പനിയിലാണ്?'
'വലിയ കമ്പനിയാ. മാർക്ക്‌വെൽ ട്രേഡിങ് കോർപ്പറേഷൻ.'
'നന്നായി.'
'അതെ.' നാൻസി പറഞ്ഞു. 'ഒന്നാം തിയ്യതി ചേരാൻ പറഞ്ഞിട്ടുണ്ട്. ഞാനിനി സാറിന്റെ കഴുത്തിൽ ഭാരമാവില്ലല്ലോ?'
അയാൾ പെട്ടെന്ന് നിശ്ശബ്ദനായി. മാലതി ചോദിക്കുന്നുണ്ടായിരുന്നു. 'നീ ശരിക്കും വേറെ ജോലി കിട്ടി പോവ്വാണോ?'
ഭാസ്‌കരൻ നായർ ഒന്നും പറയാതെ തിരിച്ച് ചേമ്പറിൽ പോയി ഇരുന്നു. മനസ്സിൽ എവിടെയോ ഒരു നീറ്റം. മോളെ, കുത്തുവാക്കു പറയാൻ ആരാണ് നിന്നെ പഠിപ്പിച്ചത്? ആരോടാണ് നീ അതു പറയുന്നതും? അയാൾ കുറേനേരം എന്തൊക്കെയോ ആലോചിച്ചു. പഴയ കാര്യങ്ങൾ ഓർമ്മ വന്നു. വർഗ്ഗീസ് മകളേയുംകൂട്ടി വീട്ടിൽ വന്നത് അയാളുടെ ഭാര്യയുടെ ആണ്ടിന്റെ പിറ്റേന്നാണ്.
'ഞാനിവളെ സാറിനെ ഏല്പിക്ക്യാണ്.' അയാൾ പറഞ്ഞു. 'ഞങ്ങടെ വീട് വാടകയ്ക്ക് കൊടുക്ക്വാണ്. ഇവള് മൂത്തതിന്റെ ഒപ്പം താമസിക്കും. അവളുടെ കെട്ടിയോൻ ദുബായിലാണ്. ഇനി സാറാണ് ഇവളുടെ അപ്പൻ.'
വേദന സാവധാനം പടർന്നു മനസ്സിന്റെ ഓരോ കോണിലുമെത്തി വിങ്ങി.