|| Novel

എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ഇ ഹരികുമാര്‍

നാലാം ദിവസം

ഇതൊരു പൈങ്കിളിക്കഥയാക്കാൻ എനിക്ക് താല്പര്യമില്ല. നാൻസി സ്വയം പറഞ്ഞു. ഉറങ്ങാൻ കിടക്കുമ്പോൾ അവൾ ദിവസഫലത്തേക്കുറിച്ച് ചിന്തിച്ചു. പാഴായ മറ്റൊരു ദിവസം മാത്രം. എഞ്ചിൻ ഡ്രൈവറുടെ പരതുന്ന കണ്ണുകൾ അവൾ ദൂരെനിന്നു തന്നെ കണ്ടതാണ്. അയാൾ നാൻസിയെ കണ്ടിട്ടില്ലെന്നു തീർച്ചയാണ്. മൂന്നോ നാലോ വണ്ടികൾ ഒരു മണിക്കൂറിന്റെ കാലയളവിൽ പുറപ്പെടുന്നുണ്ട്. അതുകൊണ്ട് വൈകുന്നേരമായാൽ സ്റ്റേഷൻ പരിസരം പെരുന്നാൾ ദിവസത്തെ പള്ളിയങ്കണം പോലെയാണ്. ആ തിരക്കിൽ ഒരാളെ കണ്ടുപിടിക്കുക എളുപ്പമല്ല. അയാൾ വിശാലമായ കവാടത്തിനു മുമ്പിൽത്തന്നെയാണ് നിന്നിരുന്നത് തന്നെ കണ്ടുപിടിക്കാൻ കാമുകിക്ക് പ്രയാസം വേണ്ടെന്നു കരുതിയായിരിക്കും. മാലതിയുടെ വിവർത്തനം ശരിതന്നെയാണ്. അഞ്ചുമണിക്ക് ഒന്നാം നമ്പർ പ്ലാറ്റുഫോമിൽ കാണണമെന്നു തന്നെയാണ് അയാൾ ഉദ്ദേശിച്ചത്. അവൾ പെട്ടെന്ന് ഗതി മാറ്റി വലത്തു വശത്തേയ്ക്കു നടന്നു, ക്ലോക്‌റൂമിന്റെ കവാടത്തിലൂടെ പ്ലാറ്റുഫോമിലേയ്ക്കു കയറി മുമ്പിൽ കണ്ട വണ്ടിയിൽത്തന്നെ പൊത്തിപ്പിടിച്ചു കയറി. ഗാർഡ് പച്ചക്കൊടി വീശുന്നുണ്ടായിരുന്നു. വണ്ടി നീങ്ങി. അകത്തു കടന്നപ്പോഴാണ് വണ്ടി ഏതാണെന്ന് അന്വേഷിക്കുന്നതായിരിക്കും ബുദ്ധിയെന്ന് ഓർത്തത്. മുമ്പിൽത്തന്നെ നിൽക്കുന്ന മനുഷ്യനോടു ചോദിച്ചപ്പോൾ മറുപടികിട്ടി. 'വേണാട് എക്‌സ്പ്രസ്സ്.'

'കർത്താവേ, തിരുവനന്തപുരത്തേയ്ക്കു പോകുന്ന വണ്ടി!'

അവൾ ചാടിയിറങ്ങി. ഇറങ്ങിയെന്നു പറയുന്നതു ശരിയാവില്ല. താഴേയ്ക്കു വീണു എന്നു പറയുന്നതായിരിക്കും ഭംഗി. ശരിക്കും തലകുത്തി നല്ല സ്റ്റൈലിൽ 'ഇതാ ഞാൻ പോകുന്നു' എന്നു പറയാനുള്ള സാവകാശത്തിൽ അവൾ പ്ലാറ്റുഫോമിലേയ്ക്കു വീണു. സ്ലോമോഷനിൽ വീണുകൊണ്ടിരിക്കേ തൊട്ടടുത്തുള്ള ഭാവി അവൾ മനസ്സിൽ കണ്ടു. സ്റ്റ്രെച്ചർ, ആംബുലൻസ്, ഗ്ലാമറോടെ ആശുപത്രിയിലേയ്ക്കുള്ള യാത്ര.

മനസ്സിലെ സ്വപ്‌നങ്ങളെയെല്ലാം തകർത്തുകൊണ്ട് അവൾ വീണത് ബലിഷ്ഠങ്ങളായ രണ്ടു കൈകളിലേയ്ക്കായിരുന്നു. അവൾ കണ്ണുതുറന്ന് ആ കൈകളുടെ ഉടമയുടെ മുഖത്തേയ്ക്കു നോക്കി. അത് ആ എഞ്ചിൻ ഡൈവറായിരുന്നു.

'ഓ, നിങ്ങളാണോ?' അവൾ അല്പം നിരാശയോടെ ചോദിച്ചു.

'മമ്മൂട്ടിയെയോ മോഹൻലാലിനെയോ പ്രതീക്ഷിച്ചത്?'

അവളെ നിലത്തിറക്കിവയ്ക്കാൻ അയാൾ ധൃതിയൊന്നും കാണിച്ചില്ല.

'എന്നെ നിലത്തിറക്കിവച്ചാൽ എനിക്ക് അടുത്ത വണ്ടിക്കു പോകാമായിരുന്നു.'

'എന്താണ് ധൃതി?'

അയാൾ അവളെ ഒന്നുകൂടി അടുപ്പിച്ചു പിടിച്ചു. ചുറ്റും ആളുകൾ കൂടിയിരുന്നു. യൂനിഫോമിട്ട സ്റ്റേഷൻ മാസ്റ്റർ ഓടിവന്നു ചോദിച്ചു.

'ഒന്നും പറ്റിയിട്ടില്ലല്ലോ?'

'ആർക്ക് സാർ, എനിക്കോ?' അവളെ നിലത്തിറക്കിവച്ചുകൊണ്ട് അയാൾ ചോദിച്ചു.

അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു. ഒരഞ്ചു മിനുറ്റെങ്കിലും വേണ്ടിവരും തനിക്ക് മര്യാദയ്ക്ക് നടന്നുപോകാനെന്ന് അവൾക്കു മനസ്സിലായി.

'രാജൻ ഒരു കാര്യം ചെയ്യൂ,' സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. 'ഈ കുട്ടിയ്ക്ക് ഒരു ചായ വാങ്ങിക്കൊടുക്കു. ആള് ആകെ ഷോക്കിലാണ്.'

'ശരി സാർ.' അയാൾ നാൻസിയെ നോക്കി പറഞ്ഞു. 'വരൂ.'

ആരോ അവളുടെ ബാഗ് നിലത്തുനിന്ന് എടുത്തു കൊടുത്തിരുന്നു. അതുമായി അയാളുടെ പിന്നിൽ നടക്കുമ്പോൾ അവൾ ആലോചിച്ചു. ആദ്യ റൗണ്ടിൽ വിജയം അയാൾ തട്ടിയെടുത്തിരിക്കുന്നു. വരട്ടെ ഇനിയുമുണ്ടല്ലോ റൗണ്ടുകൾ!

'ആത്മഹത്യ ചെയ്യാൻ വേറെ എന്തൊക്കെ വഴികളുണ്ട്?' രണ്ടു കപ്പുകളിൽ ചായയുമായി വന്ന് അവൾക്കെതിരായി ഇരുന്നുകൊണ്ട് അയാൾ ചോദിച്ചു. 'അതിൽ ഇപ്പോൾ ചെയ്തതു തെരഞ്ഞെടുക്കാനെന്തെങ്കിലും കാരണം?'

'നിങ്ങളെങ്ങിനെയാണ് ഇവിടെയെത്തിയത്?' അവൾ ചോദിച്ചു.

'എന്നുവച്ചാൽ?'

'നിങ്ങൾ സ്റ്റേഷനു പുറത്താണല്ലോ നിന്നിരുന്നത്.'

'അപ്പോൾ എന്നെ ഒഴിവാക്കാനായിരുന്നു ക്ലോക്‌റൂമിലൂടെ മുങ്ങിയത് അല്ലേ?'

'നിങ്ങൾ ബുദ്ധിമാനാണ്. ശരിയായിട്ടുള്ള ഊഹം. ഫുൾ മാർക്ക് തരുന്നു.'

'ഇത് ആദ്യം അറിഞ്ഞിരുന്നെങ്കിൽ താങ്ങുന്നതിനു പകരം കാലുകൊണ്ട് ട്രാക്കിലേക്ക് ഭംഗിയായി ഒരു തട്ടു വെച്ചുകൊടുത്തേനെ?'

'ദുഷ്ടാ!'

'തിന്നാനെന്തെങ്കിലും കൊണ്ടുവരട്ടേ? വട?'

അവൾ ലാഭനഷ്ടക്കണക്കെടുക്കുകയായിരുന്നു. ഈ മനുഷ്യനെ വെട്ടിച്ചുപോവാൻ നോക്കിയതിന്റെ ഫലമാണ് താൻ ഇപ്പോൾ അനുഭവിക്കുന്നത്. അപ്പോൾ നഷ്ടം നികത്താൻ എന്തെങ്കിലും തട്ടുകയാണ് നല്ലത്. അവൾ പറഞ്ഞു.

'മസാലദോശയാവാം?'

'അത്ര വലുതൊന്നും ഞാനുദ്ദേശിച്ചില്ല.' അയാൾ പറഞ്ഞു. 'ഒരു വട, അല്ലെങ്കിൽ പഴംപൊരി. ആട്ടെ.'

അയാൾ എഴുന്നേറ്റു പോയി. തിരിച്ചുവരുമ്പോൾ രണ്ടുപ്ലേയ്റ്റ് മസാലദോശയുണ്ടായിരുന്നു. ചട്ടിണിയും സാമ്പാറും ഓരോ കള്ളികളിലായി വിളമ്പിയിരിക്കുന്നു.

'ഒരു ദോശ ഞാനെടുക്കുന്നതിൽ വിഷമമൊന്നുമില്ലല്ലോ?' അയാൾ പ്ലേയ്റ്റ് തന്റെ നേരെ നീക്കിക്കൊണ്ട് പറഞ്ഞു.

'വീണ കക്ഷി ഞാനാണ്. നിങ്ങൾക്ക് മസാലദോശ തിന്നേണ്ട ആവശ്യമെന്താണ്?'

നീങ്ങിപ്പോകുന്ന പ്ലേയ്റ്റ് അല്പം നിരാശയോടെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു. രണ്ടെണ്ണവും അവൾക്ക് തിന്നാമെന്നു കരുതിയതാണ്. പോട്ടെ സാരമില്ല.

'ഭാരം താങ്ങിയതിനുള്ള കൂലി.' അയാൾ പറഞ്ഞു.

ദോശ തിന്നുകൊണ്ടിരിക്കെ അയാൾ ചോദിച്ചു.

'പേരു പറയാൻ വിരോധമുണ്ടോ?'

'ഇല്ല. നാൻസി.'

'ഓ, അച്ചായത്തിയാണല്ലേ? എന്നിട്ടാണോ നെറ്റിമേൽ ചന്ദനക്കുറിയൊക്കെ അണിയുന്നത്?'

'അമ്പലത്തിൽനിന്നു കിട്ടുന്നതാണ്.'

'ഓ, ഭക്തിയൊക്കെയുണ്ടോ?'

'ഇല്ല, ശാന്തിക്കാരനെ കാണാൻ പോകുന്നതാണ്. അയാള് നല്ല ഭംഗിയുണ്ട്.'

നാൻസി ഡയറി അടച്ചുവച്ചു. ചേച്ചി ഉറക്കമായിരുന്നു. തൊട്ടടുത്തു തന്നെ നെൽസൺ കിടക്കുന്നുണ്ട്. അവന്റെ തള്ളവിരൽ വായിനകത്താണ്. ഇടക്ക് പെട്ടെന്ന് ഓർമ്മ വന്നപോലെ അവൻ അത് വലിച്ചു കുടിക്കുന്നുമുണ്ട്.

മുറിയുടെ മറുവശത്തിട്ട കിടക്കയിൽ നാൻസി കിടന്നു. പൂജയല്ല പൂജാരി, അല്ലേ? എഞ്ചിൻ ഡ്രൈവർ പറഞ്ഞത് അവൾ ഓർത്തു. ഗാനമല്ല, ഗായകൻ. എഞ്ചിൻ അല്ല എഞ്ചിൻഡ്രൈവർ. അവൾ കൂട്ടിച്ചേർത്തു.