|| Novel

എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ഇ ഹരികുമാര്‍

പതിമൂന്നാം ദിവസം

അവൾ ഡയറി കൈയിലെടുത്തു. ഇന്നെങ്കിലും എഴുതിയില്ലെങ്കിൽ നാളെ ചരിത്രം തന്നിൽ പഴിചാരും. ഇത്രയും വലിയ ഒരു വിടവ് വിശദീകരിക്കാനാവാതെ കിടക്കും. ശരിക്കും പറഞ്ഞാൽ രാവിലെ എഴുന്നേറ്റ ഉടനെതൊട്ട് അരമണിക്കൂർ കൂടുമ്പോൾ ഡയറിയെഴുതണമെന്നു തോന്നിയതാണ്. എഴുതാനുള്ള കോപ്പുമുണ്ടായിരുന്നു. ചേച്ചിയുടെ ഒപ്പം പള്ളിയിൽ പോക്കും വലിയിടത്തച്ചന്റെ ആശീർവാദങ്ങളും, അതിനുശേഷം പെണ്ണുകാണാൻ വരുന്നവർക്ക് വിരുന്നൊരുക്കാനുള്ള ശ്രമങ്ങളും. ചിറ്റപ്പനും ആന്റിയും നേരത്തെത്തന്നെ വന്ന് വീട് കയ്യേറിയിരിക്കുന്നു. എന്തോ മഹത്തായ കാര്യം നടക്കാൻ പോകുന്നുവെന്ന പ്രതീതിയാണ്.

കൃത്യം പതിനൊന്നിനുതന്നെ പയ്യൻ ഒരു ഡസൻ ആൾക്കാരുമായി എത്തി. ഒരമ്പാസിഡർ കാറിൽ ഇത്രയധികം ആൾക്കാരെ കൊള്ളുമെന്നത് അവൾ അപ്പോഴാണ് അറിയുന്നത്. ഓരോരുത്തരായി ഇറങ്ങുമ്പോൾ കാർ ഓരോ ഇഞ്ചായി പൊന്തുന്നത് അവൾ ജനലിലൂടെ നോക്കിനിന്നു. എല്ലാവരേയും ഇറക്കിവിട്ടശേഷം കാർ കോട്ടുവായിട്ടു മൂരിനിവർന്നു. വന്ന ആൾക്കൂട്ടത്തിൽനിന്ന് പയ്യനെ കണ്ടുപിടിക്കാൻ ശ്രമിക്കയായിരുന്നു നാൻസിയും മേരിയും.

ആന്റി വന്നു വിളിച്ചപ്പോൾ മേരി ഒപ്പം പോയി. നാൻസി തനിച്ചായി. തെരച്ചിൽ രണ്ടു സ്ഥാനാർത്ഥികളിലേയ്ക്ക് ഒതുങ്ങി. ഒരുപക്ഷേ ജേഷ്ഠാനുജന്മാരായിരിക്കണം. രണ്ടായാലും ആകെപ്പാടെ കൊള്ളാം. പാന്റ്‌സും മുഴുവൻ കൈയുള്ള വരയുള്ള ഷർട്ടുമാണ് വേഷം. നിറം കുറവാണ്. കറുപ്പിനോട് കൂടുതൽ അടുത്തു നിൽക്കുന്നു. അവർ നടന്ന് ഉമ്മറത്തേയ്ക്കു കയറി.

ആന്റിയുടെ ഒപ്പം ചെന്ന മേരി അവരെ സ്വാഗതം ചെയ്തു. രണ്ടുപേരിൽ മൂത്തവൻ മേരിയെ നല്ലവണ്ണം നോക്കുന്നുണ്ടായിരുന്നു. കല്ല്യാണപ്പെണ്ണാണെന്നു കരുതിയായിരിക്കണം. മേരിയെ കണ്ടാൽ പെറ്റുവെന്നൊന്നും തോന്നില്ല. അനിയൻ ഏട്ടനോട് എന്തോ അടക്കം പറഞ്ഞു. നല്ലവണ്ണം നോക്കിക്കോ എന്നായിരിക്കും. ആ നിമിഷത്തിലാണ് നെൽസൺ ഓടി ഉമ്മറത്തേയ്ക്കു വന്നതും, 'അമ്മച്ചീ ന്നെ എടുക്കൂ' എന്നു പറഞ്ഞതും. പയ്യന്റെ മുഖത്തെ ചിരി ചമ്മിയ ചിരിയായി മാറി. അവൻ അനുജനെ രൂക്ഷമായി ഒന്ന് നോക്കി. നിനക്കു ഞാൻ വെച്ചിട്ടുണ്ടെടാ എന്ന മട്ടിൽ.

അകത്ത് ജനലിലൂടെ നോക്കി ആസ്വദിക്കുന്ന നാൻസിക്ക് ചിരിപൊട്ടി. ചായകുടിച്ചുകഴിഞ്ഞ ശേഷമാണ് നാൻസി ഉമ്മറത്തേയ്ക്കു പോയത്. സിനിമയിലും ടിവി സീരിയലിലും ഉള്ളപോലെ ചായയുടെ ട്രേയുമായി തന്നെ ഉമ്മറത്തേയ്ക്കു തള്ളിവിട്ടാൽ അതിന്റെ ഫലം വന്നവരും ഇവിടെയുള്ളവരും അനുഭവിക്കേണ്ടിവരുമെന്ന താക്കീതു നിലവിലുള്ളതുകൊണ്ടാണ് ആന്റിയും ചിറ്റപ്പനും നിർബ്ബന്ധിച്ചിട്ടും മേരി അനിയത്തിയെ പറഞ്ഞയക്കാതിരുന്നത്.

'എന്നാൽ പെണ്ണിനെ ഒന്ന് വിളിക്ക്യാ.' ആരോ പറഞ്ഞു. അത് ചെക്കന്റെ മൂത്ത പെങ്ങളാണെന്ന് പിന്നീടു മനസ്സിലായി. നാൻസി ഉമ്മറത്തേയ്ക്കു വന്ന് ഒരു തൂണു ചാരിനിന്നു പയ്യനെ നല്ലവണ്ണം ഒന്നു നോക്കി. നോട്ടത്തിന്റെ ശക്തിയിൽ പയ്യൻ നാണിച്ചു തലതാഴ്ത്തി. ഭസ്മമാവാതിരുന്നത് പയ്യന്റെ മുജ്ജന്മസുകൃതമെന്നു പറയാം. പിന്നീടങ്ങോട്ട് വിചാരണയായിരുന്നു. വാദിഭാഗം വക്കീൽ പെങ്ങൾ തന്നെ.

'എന്താ പേര്?'

'നാൻസി. ചിറ്റപ്പൻ പറഞ്ഞില്ലേ?'

'നാൻസി എവിട്യാണ് ജോലിയെടുക്കണത്?' പെങ്ങൾ അടിതെറ്റാതിരിക്കാൻ ശ്രമിച്ചുകൊണ്ട്, പതറാതെ ചോദിച്ചു.

'എറണാകുളത്ത്.'

'എന്തു ജോലിയാ?'

'ടൈപ്‌സെറ്റിങ്.'

'ടൈപ്പിങ്ങിന്റെ ജോലിയാണല്ലേ? അപ്പോ നിങ്ങടെ ആൾക്കാര് പറഞ്ഞത് കമ്പ്യൂട്ടറിലാ ജോലീന്നാണല്ലോ?' അങ്ങിനെ പറ്റിക്കാൻ നോക്കേണ്ട എന്ന ഭാവത്തിൽ പെങ്ങൾ പറഞ്ഞു.

'കമ്പ്യൂട്ടറിലാണ് ടൈപ്‌സെറ്റു ചെയ്യുക.' നാൻസി ശാന്തമായി പറഞ്ഞു. ചിരി വരുമെന്നു ഭയന്ന് അവൾ ചേച്ചിയുടെ തുറിച്ചുനോക്കുന്ന കണ്ണുകൾ ഒഴിവാക്കാൻ ശ്രമിക്കയായിരുന്നു. ഒരിക്കൽ ചിരി പൊട്ടിയാൽ പിന്നെ അടക്കാൻ കഴിഞ്ഞില്ലെന്നു വരും.

'ശമ്പളം എന്തു കിട്ടും?'

നാൻസി മറുപടി പറയുന്നതിനുമുമ്പ് പയ്യൻ പറഞ്ഞു.

'അത് സാരല്ല്യ ചേച്ചി.'

ശമ്പളമെന്താണെന്നറിയണമെന്ന് അയാൾ ചേച്ചിയോട് അവശ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. തന്റെ ഭാര്യയുടെ ശമ്പളം ചേച്ചി അറിയണമെന്നില്ല അയാൾക്ക്. അറിഞ്ഞാൽ കുഴപ്പമാണ്.

'പാട്ടുപാടാനൊക്കെ അറിയ്വോ?' പെങ്ങൾ വീണ്ടും ചോദിച്ചു.

'ഉം, പീറ്റർ ചേട്ടന്റെ ഒപ്പം പാടാറുണ്ട്.'

'ആരാണ് പീറ്റർ ചേട്ടൻ?' പയ്യൻ ആകാംക്ഷയോടെ ചോദിച്ചു. നാൻസി ഒരു ചെറുപ്പക്കാരന്റെ ഒപ്പം ദ്വന്ദഗാനവും പാടി പാർക്കുകളിലും ഫോർട്ടുകൊച്ചി ബീച്ചിലുമൊക്കെ നടക്കുന്നത് അയാൾ മനസ്സിൽ കണ്ടു.

'ഞങ്ങടെ ഇടവകപള്ളീല് പാട്ട് പാടണ ആളാണ്.' ചിറ്റപ്പൻ കൂട്ടിച്ചേർത്തു. 'വയസ്സായ ഒരു കാരണവര്.'

പയ്യനു സമാധാനമായി. അയാൾ അളിയനുമായി എന്തോ സംസാരിക്കയാണ്. അളിയൻ എഴുന്നേറ്റ് ചിറ്റപ്പനെ വിളിച്ചു മുറ്റത്തേക്കിറങ്ങി സംസാരിക്കാൻ തുടങ്ങി. പെങ്ങൾ നാൻസിയെ വെറുതെ നോക്കിനിന്നു. ചോദ്യങ്ങൾ അവരുടെ കണ്ണുകളിലും മുഖത്തെ പേശികളിലും സംതൃപ്തിയില്ലാതെ ഉടക്കിനിന്നു. അളിയനും ചിറ്റപ്പനും കൂടി സംസാരിച്ച് പടിക്കലെത്തി. നാൻസി തിരിച്ച് അകത്തേയ്ക്കുതന്നെ നടന്നു.

അരമണിക്കൂറിനുള്ളിൽ അവർ പോയപ്പോൾ എല്ലാവരും ചിറ്റപ്പന്റെ അടുത്തു ചെന്നു.

'ചെക്കന് പെണ്ണിനെ ഇഷ്ടായിരിക്കുന്നു.' അയാൾ പറഞ്ഞു. 'അല്ലെങ്കിൽ എന്റെ മോക്ക് എന്താണൊരു കുറവ്?'

'അവര് മറ്റെ കാര്യൊക്കെ എന്താ പറഞ്ഞത്?' ആന്റി അക്ഷമയോടെ ചോദിച്ചു.

'മൂന്നുലക്ഷോം നാൽപ്പതു പവനും. അപ്പോ ഞാൻ പറഞ്ഞു അവള്‌ടെ ചേച്ചിക്ക് കൊടുത്തത് രണ്ടുലക്ഷോം ഇരുപതു പവനുമാണ്. തറവാട് നാൻസിക്കാണ് കിട്ടുക. അതുകൊണ്ട് ഒരു ലക്ഷോം ഇരുപതു പവനും തരാമെന്നു പറഞ്ഞു. ആലോചിക്കട്ടേന്ന് പറഞ്ഞിരിക്ക്യാ.'

'എന്താത്ര ആലോചിക്കാന്ള്ളത്?' അമ്മായി ചോദിച്ചു.

'അവന്റെ കടേടെ അടുത്ത്ള്ള കട വില്ക്കാനിട്ടിരിക്ക്യാത്രെ. അതു വാങ്ങണംന്ന്ണ്ട്. ഇപ്പഴ്ള്ള കട അവനും അനിയനുംകൂടിള്ളതാ. അതിനാണ് പണം.'

'നമ്മടെ അപ്പൻ അദ്ധ്വാനിച്ചുള്ള കാശോണ്ട് അയാക്ക് കടയെടുക്കണംന്ന്, അല്ലേ? അയാക്ക് അപ്പനൊന്നും ഇല്ലേ?' നാൻസി ചോദിച്ചു.

'നീ മിണ്ടാതിരിയെടി.' മേരി ശാസിച്ചു.

'ആട്ടെ നിനക്കയാളെ ഇഷ്ടപ്പെട്ടോടീ?' ആന്റി ചോദിച്ചു.

'കൊള്ളാം.' നാൻസി പറഞ്ഞു. 'എനിക്കറിയേണ്ടത് നമ്മടെ അപ്പൻ കൊടുക്കണതല്ലാതെ അയാള്‌ടെ കയ്യില് മറ്റ് കോപ്പെന്തുണ്ട്ന്നാ. നമ്മടെ പണം മാത്രം എടുത്ത് കളിക്ക്യാണെങ്കില് ശരിയാവത്തില്ല.'

ഡയറി മടക്കിവച്ചുകൊണ്ട് നാൻസി ചിരിച്ചു. അയാളുടെ കയ്യിലെ കോപ്പ് അറിയണമെങ്കിൽ കല്യാണരാത്രിതന്നെ വേണ്ടിവരും. വലിയ പ്രതീക്ഷകളൊന്നും ഇല്ലാതിരിക്കുന്നതാവും നല്ലത്.

അനിയത്തിയെ ഉപദേശിച്ച് തളർന്ന് മേരി ഉറക്കമായിരുന്നു.