|| Novel

എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ഇ ഹരികുമാര്‍

പതിനേഴാം ദിവസം

തലേന്നു ഡയറി എഴുതാനുള്ള മൂഡുപോലും ഉണ്ടായിരുന്നില്ല. എങ്കിലും എഴുതാതെ പറ്റില്ലല്ലോ. അവളുടെ ചരിത്രബോധം ഏതു പ്രതികൂല കാലാവസ്ഥയിലും ഡയറിയെഴുതാൻ അവളെ പ്രേരിപ്പിച്ചു. ഒരായിരം കൊല്ലം കഴിഞ്ഞ് ഒരു ചരിത്ര വിദ്യാർത്ഥിക്ക് രാഷ്ട്രീയച്ചുവയില്ലാതെ നിഷ്പക്ഷമായി ചരിത്രമെഴുതണമെങ്കിൽ തന്റെ ഡയറിമാത്രമേ ഒരു സഹായമുണ്ടാവൂ. പക്ഷേ തന്റെ ഡയറി വായിച്ചശേഷം ചരിത്രമെഴുതുന്നതിനു പകരം റെയിലിൽ തലവയ്ക്കുകയോ പൊട്ടക്കിണറ്റിൽ ചാടുകയോ ചെയ്താൽ താൻ ഉത്തരവാദിയായിരിക്കില്ല എന്ന് അവൾ ആദ്യത്തെ പേജിൽത്തന്നെ ചുവന്ന സ്‌കെച്ച്‌പെൻകൊണ്ട് എഴുതിവച്ചിട്ടുണ്ട്.

ഷാജിയുമായി ലഞ്ചുകഴിഞ്ഞ് തിരിച്ച് ഓഫീസിലെത്തിയപ്പോൾ ഭാസ്‌കരൻ നായരുണ്ടായിരുന്നില്ല. മാലതിയോടു ലഞ്ചിനെപ്പറ്റി വിവരിച്ചപ്പോൾ അവൾ പറഞ്ഞു.

'നാൻസിക്ക് നല്ല ധൈര്യമുണ്ട്. അതിന്റെ പകുതി ധൈര്യം കിട്ടിയിരുന്നെങ്കിൽ ഞാൻ രക്ഷപ്പെട്ടുപോയേനേ.'

സ്ത്രീധനത്തെപ്പറ്റി പറഞ്ഞതു നന്നായെന്ന് മാലതി പറഞ്ഞു. രണ്ടു മാസംമുമ്പ് അവൾക്കും ഒരു ആലോചന വന്നിരുന്നു. ചെക്കനും വീട്ടുകാർക്കും അവളെ ഇഷ്ടമായി. കല്യാണം ഉറപ്പിക്കുമെന്നു തന്നെ കരുതിയതായിരുന്നു. അപ്പോഴാണവർ പണത്തിന്റെ കാര്യം കൊണ്ടു വന്നത്.

'ഞങ്ങൾ സ്ത്രീധനായിട്ടൊന്നും ചോദിക്കിണില്ല. പയ്യന് ഒരു ടാക്‌സിക്കാറ് വാങ്ങിയ വകയില് കുറച്ചു കടംണ്ട്. അത് വീട്ടണം. ഒരു ലക്ഷം രൂപ വേണം. പിന്നെ അവന്റെ ചേട്ടൻ കെട്ടിയ പെണ്ണ് മുപ്പതു പവന്റെ ആഭരണങ്ങളായിട്ടാ വന്നത്. അതും വേണം.'

ആഭരണങ്ങളെങ്ങിനെയെങ്കിലും കൊടുക്കാം പക്ഷേ പണം കൊടുക്കാൻ പറ്റില്ലെന്ന് അവളുടെ അച്ഛൻ അറിയിച്ചു. അതോടെ ആലോചന അലസിപ്പോയി.

'ഞങ്ങടെ ജാതീലുംണ്ട് സ്ത്രീധനം ചോദിക്കലും കൊടുക്കലും ഒക്കെ.' അവൾ പറഞ്ഞു.

വൈകുന്നേരം, ലഞ്ചുവിശേഷങ്ങൾ പറഞ്ഞപ്പോൾ മേരി പറഞ്ഞു.

'നീയെന്തിനാണ് അങ്ങിനെയൊക്കെ സംസാരിക്കാൻ പോയത്? അതെല്ലാം മൂത്തവർ തീർച്ചയാക്കിക്കോട്ടെ.'

'അങ്ങിനെ മൂത്തവർക്കുമാത്രായിട്ട് വിട്ടുകൊടുത്താൽ ശരിയാവില്ല.'

'ആട്ടെ അയാളെന്തു പറഞ്ഞൂ?'

'മൂന്നു ലക്ഷത്തിൽത്തന്നെ ഉറച്ചു നിൽക്കും. പിന്നെ ആവശ്യം വരുന്നതിനനുസരിച്ച് പിന്നീടു ചോദിച്ചു വാങ്ങാലോന്ന് പറഞ്ഞു. അപ്പന്റെ കയ്യില് പൂത്ത പണംണ്ട്ന്നാ ഞാൻ പറഞ്ഞിരിക്കണത്.'

മേരി മൂക്കത്തു വിരൽവച്ചുകൊണ്ട് അനിയത്തിയെ നോക്കി. അവൾക്ക് ചിരിക്കയാണോ ദേഷ്യം പിടിക്കുകയാണോ വേണ്ടതെന്നറിയാതായി. അനിയത്തിയുമായുള്ള ഓരോ ഏറ്റുമുട്ടലിന്റെയും അന്ത്യം ഇങ്ങിനെയായിരുന്നു.

മേശപ്പുറത്ത് അപ്പന്റെ ഫോട്ടോ ഉണ്ടായിരുന്നു. നാൻസി അപ്പനെക്കുറിച്ചാലോചിച്ചു. കഴിഞ്ഞ പ്രാവശ്യം ലീവിൽ വന്നപ്പോഴാണ് ആ ഫോട്ടോ കൊണ്ടുവന്നത്. കാക്കിയൂനിഫോമിൽ കനത്ത നരച്ച മീശയും നരച്ചുതുടങ്ങിയ പുരികങ്ങൾക്കു താഴെ ക്ഷീണിച്ച കണ്ണുകളുമായി ആ അറുപതുകാരൻ മക്കളെ വാത്സല്യത്തോടെ നോക്കി.

'ഇതാണ് മക്കളെ അപ്പന്റെ ഒഫീഷ്യൽ യൂനിഫോം.'

മുംബെയിൽ കഞ്ചൂർമാർഗ്ഗിലെ കൂറ്റൻ ഫാക്ടറിയിലെ സെക്യൂരിറ്റി ഓഫീസർ. അയാൾക്കു കീഴിൽ ഇരുപത്തഞ്ചു സെക്യൂരിറ്റി ഗാർഡുകൾ ജോലി ചെയ്യുന്നു. എങ്കിലും കമ്പനി എക്‌സിക്യൂട്ടീവുകൾ കാറിൽ വരുമ്പോൾ അയാൾതന്നെ ഔട്ട്‌പോസ്റ്റിൽനിന്നു പുറത്തിറങ്ങി സല്യൂട്ട് ചെയ്യുന്നു. അയാൾ പറയാറുണ്ട്.

'ഇത് മക്കളേ, ഒരു നായയുടെ ജന്മമാണ്. ഒരു നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഞാനിതേറ്റത്.'

പട്ടാളത്തിൽ മേലധികാരികളെ സല്യൂട്ട് ചെയ്തിരുന്നതുപോലെയല്ല കമ്പനിയിലെ ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യുന്നത്. പട്ടാളത്തിൽ അതിന്റേതായ അച്ചടക്കവും മേലാളിത്തവുമുണ്ട്. മേലുദ്യോഗസ്ഥർ അവരുടെ സ്ഥാനംകൊണ്ടും ബഹുമതികൾകൊണ്ടും ബഹുമാന്യരാകുന്നു. ഇവിടെ അതല്ല സ്ഥിതി.

അവിടെ കമ്പനി ക്വാർട്ടേഴ്‌സിൽ ഈ വയസ്സുകാലത്ത് സ്വന്തം വെപ്പും തീനുമായി അപ്പൻ കഴിഞ്ഞുകൂടുന്നു. എനിക്കുവേണ്ടി. നാൻസി ആലോചിച്ചു. എല്ലാം എനിക്കുവേണ്ടി. അവൾക്ക് ലോകത്തോട് അമർഷം തോന്നി. വിലപേശുന്ന ജന്തുക്കൾ. പട്ടികൾ.......

മനഷ്യരെ പട്ടികളുമായി ഉപമിച്ചതു വേണ്ടിയിരുന്നില്ല എന്നവൾക്കു തോന്നി. പട്ടികൾ മാനനഷ്ടക്കേസുകൊടുത്താൽ പ്രശ്‌നമാണ്. കുറേ ചീത്തവിളിച്ചപ്പോൾ അവൾ സ്വയം പറഞ്ഞു.

'എനിക്കിപ്പോൾ കുറേ ആശ്വാസം തോന്നുന്നു.'

കിടപ്പറയിൽ കർത്താവിന്റെ ചിത്രത്തിനുമുമ്പിൽ അവൾ ഓഫീസിൽനിന്നു വന്ന ഉടനെ കത്തിച്ചവച്ച മെഴുകുതിരി കത്തിക്കെടാറായിരിക്കുന്നു. അവൾ രാജനെ ഓർത്തു.

രക്ഷകൻ!

'പെണ്ണുകാണാൻ വന്ന വിവരൊക്കെ ഞാൻ അപ്പന് എഴുതിയിരുന്നു.' മേരി പറഞ്ഞു. 'ഒരുപക്ഷേ നിന്നെ ഫോണിൽ വിളിക്കും. നീ വേണ്ടാത്തതൊന്നും പറഞ്ഞ് അപ്പനെ വിഷമിപ്പിക്കണ്ട.'

'ഞാനൊന്നും പറയിണില്ല്യ.' ഒരു നിമിഷം യേശുവിന്റെ ചിത്രത്തിലേയ്ക്ക് നോക്കിയിട്ട് അവൾ പറഞ്ഞു. 'എന്തു ഗ്ലാമറാണല്ലേ ചേച്ചീ!'

മേരി ഒന്നും പറഞ്ഞില്ല. തലക്കിട്ട് ഒന്നു കൊടുക്കാനാണ് തോന്നിയത്.

'എനിക്ക് നാളെത്തന്നെ ഒന്ന് കുമ്പസാരിക്കണം.' നാൻസി പറഞ്ഞു.

'കുമ്പസാരിക്ക്യേ?'

'അതെ, ഞാൻ ഒരുപാടു പാപം ചെയ്തിട്ടുണ്ട്.'

'എന്തു പാപം?' മേരി ഉദ്വേഗത്തോടെ ചോദിച്ചു.

'അതൊക്കെ കുമ്പസാരിക്കാനെ പാടൂ. കർത്താവിന്റെ മുമ്പിൽമാത്രം മനസ്സു തുറക്കുക, കുറ്റം ഏറ്റു പറയുക, മാപ്പിന്നപേക്ഷിക്കുക.'

കർത്താവേ! മേരി മനസ്സിൽ കുരിശുവരച്ചുകൊണ്ട് പറഞ്ഞു. ഈ പെണ്ണ് കുഴപ്പമൊന്നുമുണ്ടാക്കിയിട്ടില്ലല്ലോ?

രാവിലെ അമ്പലത്തിൽപോയി ശാന്തിക്കാരനെ കാണാനുള്ള ആഗ്രഹം മനസ്സിലൊതുക്കി നാൻസി പള്ളിയിൽ പോയി. അച്ചൻ പള്ളിമേടയിലായിരുന്നു.

'ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടേ അച്ചോ.' നാൻസി പറഞ്ഞു.

'എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടേ!' അച്ചൻ അവളെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു. കുമ്പസാരിക്കണമെന്നു കേട്ടപ്പോൾ അച്ചന് ഉത്സാഹം കയറി. വഴിതെറ്റിപ്പോയ കുഞ്ഞാട് തനിയെ തിരിച്ചുവരുന്നു!

'നീ നടന്നോ, ഞാൻ വരികയായി.'

കുമ്പസാരക്കൂട്ടിനടുത്ത് നാൻസി കാത്തുനിന്നു. വലിയിടത്തച്ചൻ വിശുദ്ധപുസ്തകവുമായി വാതിൽ കടന്ന് വരുന്നതു കണ്ടപ്പോൾ അവൾ അകത്തു കയറി.

'സർവ്വശക്തനായ ഏകദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു...........'

മറുവശത്തുനിന്ന് നിശ്ശബ്ദതമാത്രം. അച്ചൻ ശ്വാസമടക്കിയിരിക്കയാണെന്ന് നാൻസിക്കു മനസ്സിലായി.

'ഞാൻ ഇന്നലെ ഒരാളോട് കള്ളം പറഞ്ഞു, അയാളെ വഴിതെറ്റിച്ചു അച്ചോ.'

വഴിതെറ്റിക്കയോ? അതത്ര വലിയ തെറ്റായി വലിയിടത്തച്ചനു തോന്നിയിട്ടില്ല. ഒരാൾ കള്ളം പറഞ്ഞുവെന്നതുകൊണ്ട് മറ്റൊരാൾ വഴിതെറ്റിയാൽ അവനൊന്നും ജീവിക്കാൻ കൊള്ളില്ലെന്നേ അർത്ഥമുള്ളൂ. അദ്ദേഹം പറഞ്ഞു.

''നീ തെളിയിച്ചു പറ.''

''എനിക്കൊരു ആലോചന വന്നിരുന്നു. ആ പയ്യന് എന്നോട് സംസാരിക്കണമെന്നു പറഞ്ഞു.''

''എന്നിട്ട്?''

''അയാള് മൂന്നു ലക്ഷവും നാല്പതു പവനുമാണ് ചോദിച്ചത്. ഞാൻ പറഞ്ഞു അതു വളരെ കുറവായിയെന്ന്. അപ്പന്റെ കയ്യില് പൂത്ത പണംണ്ട് ചോദിച്ചാൽ ഉടനെയെടുത്തുതരും എന്നും പറഞ്ഞു.''

''കുഞ്ഞേ നീയെന്തിനാണ് അങ്ങനെയൊക്കെ പറഞ്ഞത്?''

''അച്ചോ, ഞാനച്ചനോട് ഒരു കാര്യം ചോദിക്കട്ടെ?''

വലിയിടത്തച്ചൻ പെട്ടെന്ന് മൂളിയില്ല. ഈ പെൺകുട്ടിയെ അച്ചന് അറിയാം. അവളുടെ ചോദ്യങ്ങൾ തന്നെ എന്തൊക്കെ കുഴപ്പത്തിലേയ്ക്കു ചാടിക്കുമെന്നുള്ള ഭയവുമുണ്ട്. താൻ ഇടയനാണെന്നും വഴിതെറ്റി പോകുന്ന ഒരു കുഞ്ഞാടാണ് തന്റെ മുമ്പിലെന്നും ഓർത്തപ്പോൾ അച്ചൻ പറഞ്ഞു.

''ചോദിക്ക്.''

''അച്ചോ, ഈ സ്ത്രീധനം ചോദിക്കാംന്ന് വിശുദ്ധപുസ്തകത്തില് എവിട്യാണ് പറഞ്ഞിട്ടുള്ളത്?''

അച്ചൻ ഓർത്തു നോക്കി. ഇല്ല, പഴയ നിയമത്തിലുമില്ല, ഈശോ മിശിഹാ കനിഞ്ഞരുളിയ പുതിയ നിയമത്തിലുമില്ല സ്ത്രീധനം ചോദിക്കാമെന്ന്. അദ്ദേഹം പറഞ്ഞു.

''എവിടെയും പറഞ്ഞിട്ടില്ല കുഞ്ഞേ.''

''അപ്പോൾ സ്ത്രീധനം വാങ്ങുന്നത് പാപമല്ലേ?''

''അതിന് കൊച്ചേ, സ്ത്രീധനം വാങ്ങരുതെന്നും വിശുദ്ധ പുസ്തകത്തിൽ എവിടെയും പറഞ്ഞിട്ടില്ല.''

''അപ്പോൾ അച്ചൻ പറയുന്നത് അത് പാപമല്ലെന്നാണോ?''

''കുഞ്ഞേ,'' അച്ചൻ കനത്ത ശബ്ദത്തിൽ ചോദിച്ചു. ''ആരാണ് കുമ്പസാരിക്കുന്നത്? നീയോ, അതോ ഞാനോ?''

സ്ത്രീധനം മുതലായ പ്രശ്‌നങ്ങളിലിടപെട്ടാൽ കുറച്ചു കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ താനും തന്റെ നിഴലും മാത്രമേ കാണൂ എന്ന് വലിയിടത്തച്ചന് അറിയാം. കുഞ്ഞാടുകൾ അവരുടെ വഴിക്ക് പച്ചപ്പുതേടി പോകും. വൃദ്ധനായി, നരച്ച തലമുടിയും താടിയുമായി ഇടയന്റെ വടിയുമേന്തി ഏകനായി നടന്നു പോകുന്ന സ്വന്തം രൂപം മനസ്സിൽ വന്നപ്പോൾ വലിയിടത്തച്ചൻ വിചാരിച്ചു. അതിനിടയാക്കരുത്.

നാൻസി പോയിട്ടും വലിയിടത്തച്ചൻ കുമ്പസാരക്കൂട്ടിൽത്തന്നെ ഇരുന്നു. വെറുതെ വിശുദ്ധ പുസ്തകം പകുത്തെടുത്തു തുറന്നു. സങ്കീർത്തനങ്ങളുടെ പുസ്തകമായിരുന്നു.

'കർത്താവേ,

വ്യാജം പറയുന്ന അധരങ്ങളിൽ നിന്നും

വഞ്ചന നിറഞ്ഞ നാവിൽ നിന്നും

എന്നെ രക്ഷിക്കണമേ!'

ദാവീദിന് സങ്കീർത്തനരചന എളുപ്പമായിരുന്നിരിക്കണം.

പള്ളിയങ്കണം ശൂന്യമായിരുന്നു. അൾത്താരയിൽ ദൈവപുത്രൻ കുരിശിൽ. തന്റെ വായിൽ തോൽവിയുടെ കയ്പ്പുരസമുള്ളത് അച്ചൻ അപ്പോഴാണ് അറിഞ്ഞത്. 'കർത്താവേ, ഞാനിതെന്തിനു സഹിക്കണം?'