|| Novel

എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ഇ ഹരികുമാര്‍

പതിനെട്ടാം ദിവസം

ഇന്ന് നല്ല ദിവസമാവില്ലെന്ന മുന്നറിവ് അവളുടെ ഓരോ സിരകളിലും നിറഞ്ഞുനിന്നു. അപ്പന്റെ ഫോൺവിളി അവൾ പ്രതീക്ഷിച്ചിരുന്നു. അവൾക്ക് ആകെ പേടിയുണ്ടായിരുന്നത് അപ്പനെയാണ്. അതാകട്ടെ ആ മനുഷ്യന്റെ സ്‌നേഹം കാരണമായിരുന്നു താനും. സ്‌നേഹത്തെ അവൾ എക്കാലവും ഭയപ്പെട്ടിരുന്നു. കർത്താവേ സ്‌നേഹത്താൽ നീയോ അല്ലെങ്കിൽ ഏതെങ്കിലും അലവലാതി പയ്യന്മാരോ എന്നെ കെട്ടിയിടാൻ ഇടയാക്കല്ലേ, എന്നായിരുന്നു അവളുടെ പ്രാർത്ഥന. അപ്പന്റെ കാര്യം പോക്കാണെന്നവൾക്കറിയാം. ആ മനുഷ്യൻ തനിക്കുവേണ്ടി തൂകാൻ പോകുന്ന കണ്ണീരിന്റെ കണക്ക് അവൾക്കറിയാം. ആ കണ്ണീരിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കി മാപ്പുതരേണമെന്ന് അവൾ എപ്പോഴും പ്രാർത്ഥിക്കാറുണ്ട്. ഒരുതരം മുൻകൂർ ജാമ്യം തേടലാണത്.

ഫോണടിച്ചപ്പോൾ അവളുടെ ഉള്ളിൽ ഒരാന്തലുണ്ടായത് ഈ പശ്ചാത്തലത്തിലാണ്. അവളുടെ ഊഹം ശരിയായിരുന്നു. ഭാസ്‌കരൻ നായർ ചില്ലിന്മേൽ തട്ടി അവളെ മാടിവിളിച്ചു.

''വർഗ്ഗീസെ ഇതാ മകള് വന്നിട്ട്ണ്ട്. സംസാരിച്ചോ. എസ്.ടി.ഡി.യാ സമയം കളയല്ലേ.''

''എന്താ അപ്പച്ചാ?'' അവൾ ഫോണെടുത്തു കൊണ്ട് ചോദിച്ചു.

''മോളെ, ആന്റണി കൊണ്ടന്ന ആലോചന നല്ലതാ. മോൾക്ക് ഇഷ്ടാ യില്ലേ?''

''അപ്പച്ചാ...'' എന്താണ് പറയേണ്ടതെന്നറിയാതെ അവൾ പരുങ്ങി. ''അവര് കണ്ടമാനം സ്ത്രീധനം ചോദിക്ക്ണ് ണ്ട്.''

''അതൊക്കെ നാട്ടുനടപ്പനുസരിച്ച് കൊടുക്കാം. ആന്റണി പറഞ്ഞുറപ്പിച്ചോളും. മോള് അതൊന്നും അന്വേഷിക്കണ്ട. മോക്ക് ഇഷ്ടായോ?''

''ഞാനൊന്നുംകൂടി ആലോചിക്കട്ടേ അപ്പച്ചാ. ഒരു ജീവിതകാലം മുഴുവൻ ഒപ്പം ജീവിക്കണ്ടതാ. പിന്നെ വേണ്ടീര്ന്നില്ല്യാന്നാവര്ത്.''

''നല്ല ആലോചന്യാന്നാ ആന്റണി പറേണത്. കളയണ്ടാ.''

''അപ്പച്ചൻ എന്നാ വരണത്?''

''മോളടെ കല്യാണം ഒറപ്പിച്ചാൽ ഒടനെ വരാം.''

''ഞാൻ കത്തെഴുതാം.''

അവൾ ഫോൺ വച്ചു. ഫോൺ തിരിച്ചുവച്ച് ആലോചനാമഗ്നനായി നിൽക്കുന്ന അപ്പന്റെ മുഖം മനസ്സിൽ വന്നപ്പോൾ അവൾ പറഞ്ഞു.

''പാവം അപ്പൻ!''

രാജനും അതുതന്നെയാണ് പറഞ്ഞത്. ''പാവം മനുഷ്യൻ.''

അവർ കുറേ നേരം ഒന്നും സംസാരിച്ചില്ല. അവൾ ആലോചിക്കുകയായിരുന്നു. ഭാസ്‌കരൻസാറ് ചോദിച്ചപ്പോൾ അവൾക്ക് ഒന്നും പറയാനില്ലായിരുന്നു. അവൾ എന്തെങ്കിലും തീർച്ചയാക്കിയോ? അവൾക്കുതന്നെ അറിയില്ലായിരുന്നു. ഷാജിക്ക് യൂദാസിന്റെ മുഖമുണ്ടെന്നത് ഒരു കുഴപ്പമായി അവൾ കരുതിയില്ല. പക്ഷേ അയാൾക്കവളെ സ്‌നേഹമുണ്ട് എങ്കിൽ അവൾ തീർച്ചയായും സമ്മതിച്ചേനേ. 'എനിക്ക് നിന്നെ ഇഷ്ടമാണ്, നിന്നെ സ്വന്തമാക്കാൻ ഞാൻ സ്ത്രീധനംപോലും ഉപേക്ഷിക്കുന്നു എന്നയാൾ പറയുകയാണെങ്കിൽ അവൾ എന്നേ സമ്മതം മൂളിയേനേ? മറിച്ച് ഇതൊരു കച്ചവടം പോലെയാണവൾക്കു തോന്നിയത്. ഒരു ദാമ്പത്യജീവിതം ഇങ്ങിനെയാണോ തുടങ്ങേണ്ടത്?

അവൾ മുമ്പിലിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി. യേശുവിന്റെ മുഖഛായയുള്ള ഈ മനുഷ്യൻ ആരാണ്? എന്താണ് താനുമായുള്ള ബന്ധം? രാജൻ ആലോചനയിലായിരുന്നു. മുമ്പിലിരുന്ന ഐസ് ക്രീം ഉരുകുന്നത് നാൻസി വല്ലായ്മയോടെ കണ്ടു. അവൾ ചോദിച്ചു.

''എന്താണ് ആലോചന?''

അയാൾ ഒന്നും പറയുന്നില്ല.

''ഐസ്‌ക്രീം ആവശ്യമില്ലെങ്കിൽ പറയണം. ഇവിടെ ആവശ്യക്കാരുണ്ട്.''

അയാൾ ചിരിച്ചുകൊണ്ട് രണ്ടു സ്പൂൺ മാത്രം കഴിച്ച ഐസ് ക്രീം അവളുടെ അടുത്തേയ്ക്ക് നീട്ടിവച്ചു. ഒരു ത്യാഗം ചെയ്യുന്ന മനോഭാവത്തോടെ നാൻസി അതു കഴിക്കാൻ തുടങ്ങി. ത്യാഗത്തിന്റെ കാര്യത്തിൽ അവൾ ഒരിക്കലും പിന്നിലായിരുന്നില്ല. രാജന്റെ ചിരി ക്ഷണികമായിരുന്നു. അയാൾ വീണ്ടും ആലോചനയിലാണ്ടു.

രാത്രി. ഡയറിയും മുമ്പിൽവച്ച് നാൻസി ഒരുപാടുനേരം ഇരുന്നു. തന്റെ ഡയറിയിൽ നന്മയുടെ അംശം കാണണമെങ്കിൽ മസാല ദോശയും ഐസ് ക്രീമും കഴിച്ച ദിവസങ്ങൾ എണ്ണിയാൽ മതിയെന്ന് അവൾ കണ്ടു. നന്മയുടെ ദിവസങ്ങൾ ഏറിവരുന്നത് അവൾ സംതൃപ്തിയോടെ നോക്കി. റസ്റ്റോറണ്ടിൽ നിന്ന് പുറത്തു കടക്കുന്നതിനു മുമ്പാണയാൾ ചോദിച്ചത്?

''എന്റെ ഒപ്പം ഒരു ജീവിതം എങ്ങിനെയാവുമെന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?''

അവൾ ഉടനെ പറഞ്ഞു. ''ഉണ്ട്?''

''പറയൂ.''

''മത്തായിയുടെ സുവിശേഷത്തിൽ പറയുന്നുണ്ട്. പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നി. അതായത് നരകം.''

''നിനക്ക് ബുദ്ധിയില്ലെന്നാണ് ഞാൻ വിചാരിച്ചിരുന്നത്.''

''ബുദ്ധിയുണ്ട്. അതല്ലെ ഒരു നായരെ കല്യാണം കഴിക്കുമെന്ന് തീർച്ചയാക്കിയത്?''

''നായരെ? ഹിന്ദുവിനെയെന്നല്ല നീ പറഞ്ഞത്.''

''അല്ല നായരെ മാത്രം. കാരണം നായന്മാർ പാവങ്ങളാണ്. ഭാര്യമാർ പറയുന്നതു കേട്ടു ഹെൻപെക്ഡ് ആയി നടന്നുകൊള്ളും.''

''അച്ചായത്തിയുടെ ആകാശക്കോട്ടകൾ കൊള്ളാമല്ലോ!''

ഡയറിയും മുമ്പിൽവച്ച് അവൾ ചിരിച്ചു. സമയം പതിനൊന്ന്. ഇനിയും കിടന്നില്ലെങ്കിൽ രാവിലെ എഴുന്നേൽക്കാൻ വൈകും. അവൾ ഡയറി അടച്ചുവച്ചു.

കിടന്നുകൊണ്ട് അവൾ അപ്പനെ ഓർത്തു. അപ്പൻ ഫോണിൽ വിളിച്ചത് അവൾ ഡയറിയിൽ ചേർത്തിരുന്നില്ല. ഇപ്പോൾ അതവളെ നോവിപ്പിച്ചു. രാത്രിയുടെ ശബ്ദങ്ങൾ അവളെ കുറ്റപ്പെടുത്തുകയാണ്. എന്താണ് ഇതിനൊക്കെ അർത്ഥം?