ഇ ഹരികുമാര്‍
എഞ്ചിൻ ഡ്രൈവറില്ലാത്ത ദിവസങ്ങൾക്ക് തയ്യാറെടുപ്പ് നടത്തേണ്ടിയിരിക്കുന്നു. നാൻസി ആലോചിച്ചു. അതുകൊണ്ട് വീട്ടിൽനിന്നിറങ്ങിയപ്പോൾ അവൾ അമ്പലത്തിൽ കയറി. പ്രദക്ഷിണം വച്ച് ശ്രീകോവിലിൽ എത്തിയപ്പോഴാണ് മനസ്സിലായത്. ചെറുപ്പക്കാരൻ ശാന്തിക്കാരനു പകരം ഒരു വയസ്സൻ നമ്പൂതിരിയാണ് പ്രസാദം തരുന്നത്. അതു വാങ്ങി ശ്രീകോവിലിനുള്ളിലേയ്ക്കുതന്നെ എറിയാനാണ് തോന്നിയത്. ദൈവമേ നീയും എന്നെ കൈവെടിഞ്ഞോ എന്നു വിലപിച്ചുകൊണ്ട് അവൾ പുറത്തിറങ്ങി. ഇക്കണക്കിന് പള്ളിയിലും പോയിട്ടു കാര്യമുണ്ടാവില്ല എന്നവൾക്കു തോന്നി. സുരേഷ് ഗോപിയുടെ ഛായയുള്ള വലിയിടത്തച്ചനു പകരം പത്തെൺപതു വയസ്സു പ്രായമുള്ള വല്ല അച്ചന്മാരായിരിക്കും അവിടെ തന്നെ സ്വീകരിക്കുക. കാര്യങ്ങളുടെ കിടപ്പ് ഇങ്ങിനെയൊക്കെയാവുമ്പോൾ ഒരാൾക്ക് എത്രകാലം ദൈവവിശ്വാസിയായി തുടരാൻ പറ്റും?
വണ്ടി വരുന്നുണ്ടായിരുന്നു. ദൈവനന്മയിലുള്ള വിശ്വാസം പാടെ തകർന്നതിനാൽ അവൾ എഞ്ചിൻ മുറിയിലേയ്ക്കു നോക്കിയതുതന്നെയില്ല. കഴിഞ്ഞ ശനിയാഴ്ച കണ്ടപോലെ വല്ല കിഴവന്മാരും നരച്ച താടിയും ചൊറിഞ്ഞുകൊണ്ട് പുറത്തേയ്ക്കു തലയിട്ടു നിൽക്കുന്നുണ്ടാവും. അതു കാണാൻ വയ്യ. പക്ഷേ കണ്ണുകൾ തന്റെ ആജ്ഞ പാലിക്കാതെ എഞ്ചിൻ റൂമിലേയ്ക്കു തന്നെ പോയി. അവിടെ മോന്തയും പുറത്തേയ്ക്കിട്ട് ഇളിച്ചു കൊണ്ട്...
അല്ലാ, ഇതു നമ്മുടെ എഞ്ചിൻ ഡ്രൈവറല്ലേ?
അവൾ ഗൗരവത്തോടെ തലവെട്ടിച്ച് പിന്നിലുള്ള കമ്പാർട്ടുമെന്റിൽ കയറി. അന്താക്ഷരിയിൽ അവൾ തുടർച്ചയായി ജയിച്ചത് കൂട്ടുകാരികളെ അദ്ഭുതപ്പെടുത്തി. 'തനിക്കിന്നെന്തു പറ്റിയെടോ?' അവർ അന്വേഷിക്കുന്നു.
വീണ്ടും വസന്തം. നാൻസി ആലോചിച്ചു. വീണ്ടും പൂക്കളുടെ പ്രളയം. സുഗന്ധം പരത്തുന്ന മന്ദമാരുതൻ. ഞാൻ പറഞ്ഞില്ലേ? എനിക്ക് കവിതയെഴുതാൻ കഴിയും.