സൂര്യകാന്തിപ്പൂക്കൾ


ഇ ഹരികുമാര്‍

ഇന്നലെ വൈകുന്നേരം ദില്ലിയിൽ നിന്ന് ബോംബെയ്ക്കുള്ള തീവണ്ടിയിലായിരുന്നു. ഇന്ന് ബോംബെയിൽ നിന്ന് നാട്ടിലേയ്ക്കുള്ള വണ്ടിയിൽ. ബോംബെയിൽ കഷ്ടിച്ചൊരു പകൽ മാത്രം. ചെമ്പൂരിൽ പോയി പെൺകുട്ടിയെ കണ്ടു. ഇനി മറ്റന്നാൾ പുലർച്ചെ തൃശൂരിലെത്തും. ടാക്‌സിപിടിച്ച് വീട്ടിലെത്തുമ്പോൾ ആറുമണിയാകും. അമ്മ രാത്രി ഉറങ്ങിയിട്ടുണ്ടാവില്ല. ഉറങ്ങിയാൽ പുലർച്ചെ ഉണരാൻ വൈകുമോ, മകൻ വന്നതറിയാതെ പോകുമോ എന്ന ഭയം. അയാൾ ആലോചിച്ചു. തന്നെക്കണ്ടാൽ എപ്പോഴും പറയാറുള്ള വാചകം തന്നെ വീണ്ടും പറയും.

നീ വല്ലാതെ ചടച്ചിട്ടുണ്ടല്ലോ.

എതിർവശത്തെ സീറ്റിൽ ഇരിക്കുന്നത് കുറച്ച് പ്രായം ചെന്ന ദമ്പതികളായിരുന്നു. അവർ അയാളെ നോക്കി ചിരിച്ചു. ഭർത്താവ് ചോദിച്ചു.

എവിടെയാണ് ഇറങ്ങുന്നത്.

തൃശൂരിൽ. അയാൾ പറഞ്ഞു. നിങ്ങളോ?

ഞങ്ങൾക്ക് തിരുവനന്തപുരം വരെ പോണം.

അവർ അധികമൊന്നും സംസാരിക്കരുതേ എന്നയാൾ പ്രാർത്ഥിച്ചു. തീവണ്ടിയാത്രകളിൽ കഴിയുന്നത്ര ഏകാകിയാവാനാണയാൾക്കിഷ്ടം. മനോരാജ്യം കാണാം പഴയകാലത്തെ ഓർമ്മകൾ വീണ്ടും പുതുക്കാം. പഴയ വ്രണങ്ങളെ താലോലിക്കാം, വല്ലപ്പോഴും കണ്ടുകിട്ടിയ സന്തോഷത്തിന്റെ നിമിഷങ്ങളെ മുത്തുപോലെ പുറത്തെടുക്കാം. ഇതെല്ലാം യാത്രയിലെ പറ്റു.

അയാൾ രാവിലെ കണ്ട പെൺകുട്ടിയെപ്പറ്റി ആലോചിച്ചു. ഫെർട്ടിലൈസർ കോളനിയിലെ ഇരുനില ക്കെട്ടിടത്തിലൊന്നിലാണ് അവളുടെ ഫ്‌ളാറ്റ്. അമ്മയുടെ കത്തിൽനിന്നാണ് അവരുടെ വിലാസം കിട്ടിയത്. അമ്മ എഴുതി. നീ നാട്ടിലേയ്ക്കു വരുമ്പോൾ ബോംബെ വഴി വന്നാൽ മതി. അവിടെ ഒരു പെൺകുട്ടിയുണ്ട്. നീ അവളെ കണ്ടുനോക്ക്. ഇഷ്ടായെങ്കിൽ നമുക്ക് ഈ പ്രാവശ്യം തന്നെ അതു നടത്താം. അവളുടെ അച്ഛനും അമ്മയും ഒക്കെ ഞങ്ങളുടെ നല്ല കൂട്ടായിരുന്നു. നീ എന്തായാലും കൂട്ടിയെ കണ്ടു വരണം.

വടിവില്ലാത്ത അക്ഷരത്തിൽ ഇൻലന്റിന്റെ നാലതിരുകളിൽക്കൂടി തലങ്ങനെയും വിലങ്ങനെയും അമ്മയുടെ പരാതികൾ നിരന്തരം ഒഴുകിവന്നു. ഓരോ കത്തു കിട്ടുമ്പോഴും അയാൾ ചിരിക്കും. കത്ത് ഒരാവർത്തി കൂടി വായിക്കും പിന്നെ വിചാരിക്കുകയും ചെയ്യും. വരാം അമ്മെ വരാം. കുറച്ചുകൂടി കഴിയട്ടെ. പത്തുകൊല്ലം ജോലിയെടുത്ത ശേഷം, സ്വന്തമായി ഒരു ജീവിതം വേണമെന്നയാൾക്കു തോന്നിത്തുടങ്ങിയിരുന്നു. പക്ഷേ, അതിനിനി എല്ലാം ആദ്യം തുടങ്ങണം. പത്തുകൊല്ലം താൻ ഇഷ്ടമില്ലാത്ത ചില ബന്ധുക്കളെ സഹായിച്ച് ജീവിതം നശിപ്പിച്ചു. ആലോചിക്കും തോറും അയാളുടെ മനസ്സ് കലുഷമായി. കടലാസ്സെടുത്ത് അമ്മയ്ക്ക് എഴുതാൻ തുടങ്ങുന്നു. നാലഞ്ചു പേജ് ധൃതിയിൽ എഴുതിയുണ്ടാക്കുന്നു.

അമ്മയുടെ ഏട്ടനും മക്കൾക്കുംവേണ്ടി ഞാൻ എന്റെ ജീവിതത്തിന്റെ നല്ല വർഷങ്ങൾ ചെലവിട്ടു. ഇനി എനിയ്ക്ക് സ്വന്തമായി ജീവിക്കണമെങ്കിൽ ആദ്യം വല്ലതും സമ്പാദിച്ചിട്ടു വേണം..............

കത്ത് പോസ്റ്റ് ചെയ്യാതെ മേശവലിപ്പിലിടുന്നു. നാലഞ്ചുദിവസം നിത്യേന അതെടുത്തു വായിക്കുന്നു.

അരിശം കുറച്ചടങ്ങിയാൽ കത്തു കീറി വലിച്ചെറിയുന്നു, പിന്നെ ഒരു ഇൻലന്റ് എടുത്ത് എഴുതുന്നു.

കാര്യമൊക്കെ ശരി തന്നെ. എനിയ്ക്ക് കല്യാണം വേണം. പക്ഷേ,കുറച്ചുകൂടി ഒരുക്കാനുണ്ട്. വല്ല പെൺകുട്ടികളും ഉണ്ടോ അമ്മയുടെ സ്റ്റോക്കിൽ? ഒന്നു രണ്ടു കൊല്ലത്തിനുള്ളിൽ എല്ലാം ശരിയാക്കാം.അമ്മ വേവലാതിപ്പെടാതിരിക്കൂ.

മനസ്സ് അലഞ്ഞുതിരിഞ്ഞു പോയതയാൾ കണ്ടു. ഫെർട്ടിലൈസർ കോളനിയിൽ രാവിലെ പെണ്ണുകാണാൻ പോയത് ഓർക്കാനാണ് ശ്രമിച്ചത്. അതോടൊപ്പം ആ പെൺകുട്ടിയെപ്പറ്റി സ്വല്പം മനോരാജ്യം കാണാനും. പെൺകുട്ടി സുന്ദരിയായിരുന്നു. ഇരുനിറം. അധികം തടിയില്ല. സാരിയാണ് വേഷം. അവൾ തല കുനിച്ച് വാതിൽക്കൽ നില്ക്കുകയായിരുന്നു.

മോളെ ഇവിടെ വന്നിരിക്ക്.

അവളുടെ അച്ഛൻ പറഞ്ഞു.

വേണ്ടച്ഛാ. ഞാൻ ഇവിടെ നിന്നോളാം.

നമ്മുടെ ഭാർഗ്ഗവിച്ചേച്ചീടെ മകനാണ് മോളെ. നിന്നെ കാണാൻ വന്നതാണ്.

അവൾ പതുക്കെ നടന്നു വന്ന് അയാൾ ഇരുന്നിരുന്ന സോഫയുടെ മറ്റേ അറ്റത്ത് വന്നിരുന്നു.

എന്താ കുട്ടീടെ പേര്? അയാൾ ചോദിച്ചു.

നിർമ്മല.

പഠിക്കുകയാണോ?

അല്ല ബി. എ. കംപ്ലീറ്റ് ചെയ്തു.

പിന്നെ ഒന്നും ചോദിക്കാനില്ലെന്ന് അയാൾക്കു മനസ്സിലായി. വേണമെങ്കിൽ പലതും ചോദിക്കാം എന്താവാനാണ് ആഗ്രഹം? ഹോബി? വായനയുണ്ടോ? ഇഷ്ടപ്പെട്ട ഗ്രന്ഥകാരൻ? പക്ഷേ അതെല്ലാം കൃത്രിമമാവും. ഒരു ചോദ്യാവലി മുമ്പിൽ വെയ്ക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല. അന്യോന്യം ഇഷ്ടമാവേണ്ടത് ഒരു ചോദ്യാവലിയുടെ ഉത്തരങ്ങളുടെ സാദൃശ്യത്തിലല്ല, മറിച്ച് മാനസികമായി അടുക്കാൻ പറ്റുമോ എന്ന കാര്യത്തിലാണെന്ന് അയാൾ വിശ്വസിച്ചു. ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ അരമണിക്കൂർ അടുത്തടുത്തിരുന്നാൽ രണ്ടുപേരും സംസാരിച്ചില്ലെങ്കിലും മാനസികമായ സംവേദനം നടക്കുമെന്ന് അയാൾക്കറിയാം.

ഭാർഗ്ഗവിയുടെ കത്തുണ്ടായിരുന്നു. നിർമ്മലയുടെ അച്ഛൻ പറഞ്ഞു. പക്ഷേ ഞങ്ങൾ നിർമ്മലയോട് ഒന്നും പറഞ്ഞിട്ടില്ല.

അയാളുടെ തല നരച്ചിരുന്നു. റിട്ടയർ ചെയ്യേണ്ട വയസ്സായിക്കാണും.

ദാസനെ ഞാൻ കുട്ടിക്കാലത്ത് കണ്ടതാണ് അന്ന് എത്രയായിട്ടുണ്ടാകും പ്രായം?

ആറു വയസ്സ്. നിർമ്മലയുടെ അമ്മ പറഞ്ഞു. ഭാർഗ്ഗവിച്ചേച്ചിയും കേശുവേട്ടനും ബോംബെ വിടുമ്പോൾ ഇവൻ ഒന്നാം ക്ലാസ്സ് കഴിഞ്ഞ് നില്ക്കുകയായിരുന്നു. നമ്മുടെ മോൾക്ക് ഒരു വയസ്സായിട്ടില്ല അന്ന് നല്ല കൗതുകമുള്ള കുട്ടിയായിരുന്നു ഇവൻ. തുടുത്ത കവിളുകളും തിളങ്ങുന്ന കണ്ണുകളുമായി. അന്ന് നല്ല നിറവുമുണ്ടായിരുന്നു. കുഞ്ഞി ഷൂസുമിട്ട് അവൻ വന്ന് മുട്ടിന്മേൽ കയ്യും വെച്ച് കുമ്പിട്ടുനിന്ന് നിർമ്മല കിടന്നു കളിക്കുന്നത് നോക്കി നില്ക്കും കുറെ നേരം.

നിർമ്മല ചിരിച്ചു.

ദാസന് അതൊന്നും ഓർമ്മയില്ല. പോകുന്നതിനു മുമ്പ് നല്ല ഭംഗിയുള്ള ഒരു സ്ത്രീയുടെ വീട്ടിൽ പോയത് ഓർമ്മയുണ്ട്. നിറയെ പൂക്കളുള്ള ഒരു തോട്ടമുള്ള വീട്ടിൽ. ആ സ്ത്രീ ഇവരായിരുന്നുവോ?

മരത്തിന്റെ ഫ്രെയിമിൽ ചൂരൽമെടഞ്ഞ ഒരു സോഫ, ഒരരുകിൽ എഴുതാനുള്ള മേശ, കസേര, ചുമരിൽ ഒരു വർണ്ണ ചിത്ര കലണ്ടർ, ഇത്രയും മാത്രം. വളരെ ലളിതമായിരുന്ന മുറി. അയാൾക്ക് അവരുടെ സാമീപ്യം ഇഷ്ടപ്പെട്ടു. മൂന്നുപേരും തനിയ്ക്ക് അന്യരല്ലെന്ന തോന്നൽ അയാൾക്ക് സാന്ത്വനമരുളി.

ഊണുകഴിഞ്ഞ് പോകാറാകുമ്പോൾ ദാസൻ പറഞ്ഞു.

എനിയ്ക്ക് നിർമ്മലയെ ഇഷ്ടമായി, അവൾക്ക് എന്നെ ഇഷ്ടമായോ എന്ന് അമ്മയ്‌ക്കെഴുതിയാൽ മതി.

അവരെ ഊഹത്തിനു വിട്ടുകൊടുത്തു ശിക്ഷിക്കുന്നത് ശരിയല്ലെന്നയാൾക്കു തോന്നി.

ഇഷ്ടമാവാതെ എന്താ?

ഭവാനിയമ്മ പറഞ്ഞു.

തന്റെ സാമീപ്യത്തിൽ നിർമ്മലയും സ്വസ്ഥയായി കണ്ടു. പിന്നെ യാത്രചോദിച്ചപ്പോൾ അവളുടെ മുഖത്തുണ്ടായ പ്രസന്ന ഭാവരസങ്ങളിൽ നിന്ന് അവൾക്ക് തന്നെ ഇഷ്ടമായെന്നയാൾക്കു മനസ്സിലായി.

ഇപ്പോൾ ട്രെയിനിൽ ഒറ്റയ്ക്കിരിയ്ക്കുമ്പോൾ ആ അറിവ് അയാളിൽ ആഹ്ലാദം പകർന്നു. നിർമ്മലയ്ക്ക് തന്നെ ഇഷ്ടമായോ എന്നറിഞ്ഞില്ലെങ്കിൽ തനിയ്‌ക്കൊരിക്കലും ഈ സമാധാനമുണ്ടാവില്ലായിരുന്നു. ഇപ്പോൾ ചെമ്പൂരിലെ ഫ്‌ളാറ്റുകളിലൊന്നിൽ താമസിക്കുന്ന ഇരുനിറമുള്ള മെലിഞ്ഞ പെൺകുട്ടി അയാളുടെ സ്വകാര്യ സ്വത്തായി മാറിയിരുന്നു.

വീട്ടിൽ ആരൊക്കെയുണ്ട്?

എതിർവശത്തുനിന്നു ചോദ്യം. സ്ത്രീയുടേതാണ്

അമ്മ.......

അയാൾ നിർത്തി.

അച്ഛൻ?

മരിച്ചു.

ഓ.

നാല്പത്തിയെട്ടാം വയസ്സിൽ. ഹാർട്ടറ്റാക്കായിരുന്നു.

അയാൾ അച്ഛനെപ്പറ്റി ഓർത്തു. തനിയ്ക്ക് പതിനഞ്ചുവയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. ബോംബെയിൽ തുടങ്ങിയ ബിസിനസ്സിൽ കനത്ത നഷ്ടം വന്നപ്പോഴാണ് എല്ലാം വിറ്റ് നാട്ടിൽ വന്ന് താമസമാക്കാമെന്ന് വെച്ചത്. ഫ്‌ളാറ്റു വിറ്റു, കടങ്ങളെല്ലാം വീട്ടി, ബാക്കി പണംകൊണ്ട് ഒരു ചെറിയ കട തുടങ്ങുകയും ചെയ്തു. അതും വളരെ നഷ്ടത്തിൽ കലാശിച്ചു. അവസാനത്തെ ഒന്നു രണ്ടു കൊല്ലം വളരെ ബുദ്ധിമുട്ടായിരുന്നു. അച്ഛന്റെ മോശമായ ആരോഗ്യം, പെട്ടെന്നു ദേഷ്യം പിടിക്കുന്ന പ്രകൃതം, കടക്കാരുടെ ശല്യം. അച്ഛൻ തന്നോടു തന്നെയല്ല വേറെ ആരോടെങ്കിലും ബഹളം കൂടിയാൽ കൂടി ദാസൻ അകത്തെവിടെയെങ്കിലും ഒറ്റയ്ക്കു പോയിരുന്ന് കരയാറുണ്ട്, അച്ഛന്റെ കഷ്ടപ്പാടുകളോർത്ത്. ബോംബെയിൽ താൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ, അച്ഛൻ എത്ര സ്‌നേഹസമ്പന്നനും സ്വീകാര്യനുമായിരുന്നെന്നയാൾ ആലോചിക്കാറുണ്ട്. ബിസിനസ്സിൽ തുടരെയുണ്ടായ നഷ്ടം അച്ഛനെ തളർത്തിയിരുന്നു, ഒരു വാശിക്കാരനും വെറിയനുമാക്കിയിരുന്നു.

അമ്മ ഒറ്റയ്ക്കാണോ താമസം?

വീണ്ടും എതിർവശത്തിരുന്ന സ്ത്രീ ചോദിച്ചു.

ദാസൻ ഒരു നിമിഷം സംശയിച്ചു; പിന്നെ തലയാട്ടി.

ഒറ്റയ്ക്കാണോ? അയാൾക്കതറിയില്ല. അമ്മാവന്റെ മകൾ രേണു അവിടെ വന്ന് താമസിക്കാറുണ്ടെന്നയാൾ അറിഞ്ഞിരുന്നു. അമ്മ പക്ഷേ ഒരു കത്തിലും അവരെപ്പറ്റി എഴുതിയിരുന്നില്ല. മകന്റെ വിരോധബുദ്ധി അവർക്കറിയാമായിരുന്നു.

ദാസൻ അമ്മാവനെ ഓർത്തു. അമ്മാവനെ നിരന്തരം പിൻതുടർന്നിരുന്ന ദുർവിധിയെപ്പറ്റിയും അമ്മ പറയാറുണ്ട്.

ചിലരെ ദുർവിധി കുറച്ചു കാലത്തേയ്ക്ക് ശല്യപ്പെടുത്തും. ചിലരെ ജീവിതകാലം മുഴുവൻ. ഏട്ടന്റെ കാര്യം അങ്ങിനെയാണ്. കുട്ടിക്കാലം മുതലേ മൂപ്പരൊരു ഗ്രഹപ്പിഴക്കാരനാണ്. തൊട്ട കാര്യങ്ങളൊന്നും ശരിയായിട്ടില്ല. സാധാരണ കുട്ടികൾ അനായാസേന ചെയ്യുന്ന കാര്യങ്ങൾ ഏട്ടൻ ചെയ്താൽ അബദ്ധമായി. കയ്യൊടിയുകയോ, തലയ്ക്കു മുറിവേൽക്കുകയോ ചെയ്യും. പരീക്ഷയിലെല്ലാം തോല്ക്കും. കാരണം പഠിച്ചതൊന്നുമല്ല പരീക്ഷക്കു വരുക. വലുതായിട്ടും ഈ ദൗർഭാഗ്യം ഏട്ടന്റെ ഒപ്പം തന്നെയുണ്ടായിരുന്നു. കല്യാണദിവസം കൂടി എനിക്കോർമ്മയുണ്ട്, എന്നുമില്ലാത്ത കാറ്റും മഴയും. മരങ്ങളൊക്കെ കട പുഴകി വീണു. ബസ്സുണ്ടായിരുന്നില്ല എന്നിട്ട് കല്യാണ വീട്ടിലേക്ക് മഴ നനഞ്ഞ് പതിനെട്ടു നാഴിക നടന്നിട്ടാണ് പോയത്. അന്ന് മുഹൂർത്തം തെറ്റിയില്ലെന്നേയുള്ളു വിധി അങ്ങിനെയായാൽ എന്താ ഒരാള് ചെയ്യ്യാ? മൂന്നു പ്രാവശ്യം കച്ചവടം നടത്താൻ നോക്കി പൊളിഞ്ഞു.

അമ്മാവന് ഒരിക്കലും സ്ഥിരമായ വരുമാനം ഉണ്ടായിരുന്നില്ലെന്ന് ദാസൻ ഓർത്തു. കുട്ടിക്കാലത്ത് അച്ഛൻ സഹായിച്ചിരുന്നതായി ഓർമ്മയുണ്ട്. പിന്നെ അച്ഛന്റെയും ശനിദശ തുടങ്ങിയപ്പോൾ അവരെല്ലാം, അമ്മാവനും അമ്മായിയും രണ്ടു കുട്ടികളും എങ്ങനെയായിരുന്നു ജീവിച്ചിരുന്നതെന്ന് ദാസന് അറിയില്ലായിരുന്നു. അച്ഛൻമരിച്ച് രണ്ടു കൊല്ലത്തിനുള്ളിൽ താൻ ദില്ലിയിലേക്ക് ജോലിയന്വേഷിച്ചു പോകുകയും ചെയ്തപ്പോഴാണ് തന്റെ കഷ്ടകാലം തുടങ്ങിയത്.

തീവണ്ടി പശ്ചിമഘട്ടങ്ങളിലേയ്ക്ക് പ്രവേശിച്ചുതുടങ്ങി. വണ്ടിയുടെ താളം പതുക്കെയായി. ഇനി മലനിരകളും തുരങ്കങ്ങളും വരും. അയാൾക്ക് നേരിയ ഓർമ്മയുണ്ട്. ഇരുപത്തൊന്നു കൊല്ലം മുമ്പ് ഇതേ വഴി യാത്ര ചെയ്തത്. അന്ന് ആറു വയസ്സുള്ളപ്പോൾ അമ്മയുടെയും അച്ഛന്റെയും ഒപ്പം യാത്ര ചെയ്തതാണ്. യാത്രക്കിടയിൽ തുരങ്കങ്ങൾ വന്ന് ബാഹ്യലോകം പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് അവൻ അത്ഭുതം വിടർന്ന കണ്ണുകളോടെ നോക്കിയിരുന്നു. അങ്ങിനെ ബാഹ്യലോകം പെട്ടെന്ന് ഇരുളാനുള്ള കാരണം വളരെ പിന്നീടാണ് അവനു മനസ്സിലായത്.

ജാലകത്തിന്നരുകിൽ ആകെ പ്രക്ഷുബ്ധനായിരുന്ന ആറുവയസ്സുകാരനെ അയാൾ ഓർത്തു. സ്വന്തം കുട്ടിക്കാലം ഒരു കണ്ണാടിയിലെന്നപോലെ അയാൾ നോക്കിക്കണ്ടു. അവൻ പ്രക്ഷുബ്ധനായിരുന്നു, കാരണം അവന്റെ കയ്യിൽ മുറുകെപ്പിടിച്ച കടലാസു പൊതിയിൽ സൂര്യകാന്തിപ്പൂവിന്റെ വിത്തുകളായിരുന്നു. അവനത് നാട്ടിലെ തോട്ടത്തിൽ വെച്ചു പിടിപ്പിക്കണം. വളരെ ഉത്തരവാദിത്വമുള്ള ഒരു ജോലിയായിരുന്നു. അവൻ കടലാസു പൊതി മുറുകെപ്പിടിച്ചു.

നാട്ടിലേക്കു പുറപ്പെടുന്നതിനു മുമ്പ് വിട പറയാൻ പോയതായിരുന്നു, ഒരു വീട്ടിൽ. അവിടെ സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിൽക്കുന്നതു കണ്ടപ്പോൾ അതിന്റെ വിത്തു വേണമെന്നു ദാസൻ പറഞ്ഞു. പൂക്കളുള്ള സാരിയുടുത്ത ഭംഗിയുള്ള ഒരു സ്ത്രീ ആ ചെടിയുടെ വിത്തുകൾ എടുത്ത് ഭദ്രമായി പൊതിഞ്ഞ് അവന്റെ കൊച്ചു കയ്യിൽ കൊടുത്തത് ദാസന് ഓർമ്മയുണ്ട്. അവൻ അതു പിന്നെ കൈവിട്ടില്ല. കുളിക്കുമ്പോഴുള്ള കുറച്ചു സമയം മാത്രമേ അതു നിലത്തു വെച്ചുള്ളൂ. ഉറങ്ങുമ്പോൾ കൂടി ആ വിത്ത് ഒരു വിലപിടിച്ച വസ്തുവെപ്പോലേ കൈയ്യിൽ മുറുകെ പിടിച്ചു. പിറ്റേന്ന് തീവണ്ടിയിൽ യാത്ര തിരിക്കുമ്പോഴും, അവന്റെ കളിപ്പാട്ടങ്ങളേക്കാൾ കരുതലോടെ അവൻ മുറുകെ പിടിച്ചത് ആ പൊതിയായിരുന്നു.

തീവണ്ടി പർവ്വതനിരകളിലേക്ക് കടന്നു. ഒരു വശത്ത് മലനിരകൾ, ഒരു വശത്ത് അഗാധമായ കൊല്ലികൾ. അതിനിടയ്ക്ക് ഇരുട്ടു നിറയ്ക്കുന്ന തുരങ്കങ്ങൾ. അയാൾ വീണ്ടും ആറാം വയസ്സിൽ അച്ഛനമ്മമാരുടെ ഒപ്പം ചെയ്ത യാത്ര ഓർമ്മിച്ചു. ജനലിനടുത്തിരുന്ന് പുറത്തു കണ്ട മായാലോകത്തിൽ മുഴുകിയിരിക്കയായിരുന്നു അവൻ. ബോംബെയിൽ നിന്നു പുറപ്പെട്ടപ്പോൾ ചൂടായിരുന്നു. മലനിരകളിൽ എത്തിയപ്പോൾ തണുത്ത കാറ്റു വീശാൻ തുടങ്ങി, അതവന്റെ കണ്ണുകളെ തലോടി. തീവണ്ടിയുടെ പതിഞ്ഞ ശബ്ദം ഒരു താരാട്ടായി വന്ന് അവന്റെ കണ്ണുകളെ അടപ്പിച്ചു. അവൻ ഒരു നിമിഷം മയങ്ങിപ്പോയി. ജാഗ്രതയുടെ ചങ്ങലയിൽ ദുർബ്ബലമായ ഒരു കണ്ണിയായി ആ ഉറക്കത്തിന്റെ നിമിഷം ഭവിച്ചു. വിത്തുകൾ ഉള്ളപൊതി ജാലകത്തിലൂടെ പുറത്തിട്ട കയ്യിൽ നിന്ന് വഴുതി വീണു.

താൻ പെട്ടെന്ന് ഉണർന്ന് കരയാൻ തുടങ്ങിയത് ദാസൻ ഓർമ്മിച്ചു. തന്നെ സംബന്ധിച്ചിടത്തോളം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. മാത്രമല്ല തനിക്കു വിത്തുകളോടുണ്ടായിരുന്ന ഉത്തവാദിത്വം, അതായത് അവയെ നാട്ടിലെ മണ്ണിൽ വളർത്തിയെടുക്കാമെന്ന മൗനവാഗ്ദാനം തെറ്റിച്ചിരിക്കുന്നു. കമ്പാർട്ടുമെന്റിലെ എല്ലാവരും തിങ്ങിക്കൂടി, എന്താണുണ്ടായതെന്നറിയാൻ. ഒരു പൊതി വിത്തുകൾ മാത്രമാണ് പോയതെന്നറിഞ്ഞപ്പോൾ ആൾക്കാർ തിരിച്ചുപോയി. പലരും അവനെ ആശ്വസിപ്പിച്ചു. അവന് പക്ഷേ ആശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നെ നാട്ടിലെത്തി കുറെക്കാലം കഴിഞ്ഞിട്ടും നഷ്ടപ്പെട്ട ആ സൂര്യകാന്തി വിത്തുകളുടെ ഓർമ്മ അവന്റെ കണ്ണുകളെ നനച്ചു.

താൻ ഏകദേശം ആ സ്ഥലത്തെത്തിയെന്നു ദാസൻ മനസ്സിലാക്കി. ഇടതുവശത്ത് കണ്ട ഒരു വെള്ളച്ചാട്ടം അയാൾക്ക് ഓർമ്മയുണ്ട്. അതിനടുത്തു തന്നെയാണ് വിത്തുകൾ നഷ്ടപ്പെട്ടത്. അയാൾ പുറത്തേയ്ക്കു നോക്കി. അത്ഭുതം കൊണ്ടും ആഹ്ലാദംകൊണ്ടും അയാൾ എഴുന്നേറ്റ് ഓടി കമ്പാർട്ടുമെന്റിന്റെ വാതിൽ തുറന്ന് പുറത്തേയ്ക്കു ഏന്തിനിന്നു നോക്കി. അവിടെ കുന്നിന്റെ ചായ്‌വിൽ താഴ്‌വരയിൽ ഒരു വലിയ സൂര്യകാന്തിത്തോട്ടം ഉണ്ടായിരിക്കുന്നു. ആയിരക്കണക്കിന് പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. മഞ്ഞയുടെ ഒരു പരവതാനി വിരിച്ചിട്ട പോലെ കാഴ്ച മനോഹരമായിരുന്നു. അയാൾ വാതിലിനു പുറത്തേയ്ക്ക് ഏന്തിനോക്കി. കാറ്റടിക്കുമ്പോൾ പൂക്കളുടെ പരവതാനിയിൽ ഓളങ്ങളുണ്ടാവുന്നതയാൾ കണ്ടു. ആ കാഴ്ച മറയരുതേ എന്നയാൾ പ്രാർത്ഥിച്ചു. പക്ഷേ അടുത്ത നിമിഷത്തിൽ വണ്ടി ഒരു തുരങ്കത്തിലേയ്ക്കു പ്രവേശിക്കുകയും ആ കാഴ്ച അയാളിൽ നിന്ന് ക്രൂരമായി അപഹരിക്കപ്പെടുകയും ചെയ്തു. പിന്നെ തുരങ്കം കഴിഞ്ഞ് വീണ്ടും നോക്കിയപ്പോൾ മലയുടെ ഒരു ഭാഗം മറ്റെ താഴ്‌വരയെ മറച്ചു നിന്നു. അയാൾ പോയി സീറ്റിൽ ഇരുന്നു.

അതേസ്ഥലത്താണ് തന്റെ കയ്യിലുണ്ടായിരുന്ന വിത്തുകൾ നഷ്ടപ്പെട്ടതെന്ന് അയാൾക്കുറപ്പാണ്. ഒരു വികൃതിക്കാറ്റ് ആ വിത്തുകളെ പൊതിയിൽനിന്നഴിച്ച് താഴ്‌വരയിൽ വിതറി. വെയിൽ ആ വിത്തുകളെ ഉണക്കിയെടുത്തു. മണ്ണ് ആ വിത്തുകളെ അരുമയോടെ തന്റെ മാറിൽ മഴക്കാലം വരുന്നത് വരെ സൂക്ഷിച്ചു. മഴ വന്നപ്പോൾ അവയെ ഉണർത്തി അവയുടെ കൊച്ചു കണ്ണുകൾ മിഴിപ്പിച്ചു. ചെടികൾ വളർന്ന് പൂവും കായുമായി. വീണ്ടും വേനലിൽ വിത്തുകൾ മണ്ണിന്റെ മാറിൽ ഒളിക്കപ്പെട്ടു.അടുത്ത വർഷക്കാലംവരെ. വർഷം വന്നപ്പോൾ ഇതാവർത്തിച്ചു. ഇരുപത്തൊന്നു വർഷം മുറ തെറ്റാതെ പ്രകൃതിയുടെ സർഗ്ഗാത്മകപ്രക്രിയ ആവർത്തിച്ചു. എല്ലാ വർഷവും തീവണ്ടിയിൽ യാത്ര ചെയ്യുന്ന ആയിരങ്ങൾ ഈ അത്ഭുതകാഴ്ച കണ്ട് സ്തബ്ധരായി ആഹ്ലാദഭരിതരായി നിന്നിട്ടുണ്ടാകണം. തന്റെ തോട്ടത്തിലായിരുന്നെങ്കിൽ പൂക്കളുടെ നിഷ്‌കാമ സേവനത്തിന് പരിമിതികളുണ്ടായേനെ.

വെയിൽ മങ്ങി ക്രമേണ മലനിരകൾ അവ്യക്തതയിലേയ്ക്ക് മറഞ്ഞു.

നിങ്ങൾ എത്രപേരാണ് അമ്മയ്ക്ക്?

മറുവശത്തിരുന്നവർ ചോദിച്ചു.

ഞാൻ മാത്രം. ദാസൻ പറഞ്ഞു. പിന്നെ ഓർത്തു, പക്ഷേ താൻ രണ്ടുപേരെക്കൂടി തലയിലേറ്റി നടക്കുകയുണ്ടായി.

എതിർവശത്തിരുന്ന യാത്രക്കാരുടെ ചോദ്യങ്ങൾ മലക്കു മുകളിൽ നിന്നു തട്ടിയിട്ട ചെറിയ കല്ലുകൾ പോലെയാണ്. അവ ഒന്നൊന്നായി കൂട്ടിമുട്ടി താഴ്‌വരയിലെത്തുമ്പോളേയ്ക്ക് കല്ലുകളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ടാക്കുന്നു. അവരുടെ ഓരോ ചോദ്യവും തന്റെ മനസ്സിന്റെ താഴ്‌വരയിൽ ഓർമ്മകളുടെ ഒരു വലിയ ഹിമപാതം തന്നെയുണ്ടാക്കുന്നു.

പതിനേഴാം വയസ്സിൽ ജോലി തുടങ്ങിയതാണ്. തന്റെ അമ്മയെ നോക്കി പുലർത്താൻ വേണ്ടി. പക്ഷേ അതിന്റെ ഗുണം മുഴുവൻ എടുത്തിരുന്നത് അമ്മാവനും, അമ്മായിയും രണ്ടുമക്കളുമായിരുന്നു. അമ്മയ്‌ക്കെന്നു പറഞ്ഞ് അയച്ചിരുന്ന പണം അവസാനം എത്തിയിരുന്നത് അമ്മാവനും മക്കൾക്കുമായിരുന്നു. അതയാൾ വളരെ കഴിഞ്ഞിട്ടാണ് മനസ്സിലാക്കിയത്.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പണമില്ലാതെ പല ദിവസങ്ങളിലും കൊണോട്ട് പ്ലേസിൽ റെസ്റ്റോറണ്ടുകളുടെ മുമ്പിൽ, കയറാൻ ധൈര്യമില്ലാതെ കീശയിലുള്ള ചില്ലറ കൈകൊണ്ടു പരതി, നടന്ന ദിവസങ്ങൾ അയാൾ ഓർത്തു.

പതിനേഴു വയസ്സിൽ ജോലിചെയ്യുന്ന ഒരു കുട്ടിയ്ക്ക് ഉച്ചയ്ക്ക് വിശന്നു നടക്കേണ്ടി വരുക എന്ന ഗതികേട് വരുത്തുന്നത് പാപമാണ്.

അയാൾ അമ്മയോട് പിന്നീടൊരിക്കൽ കയർത്തു.

ഒന്നും രണ്ടും ദിവസങ്ങളല്ല, പല ദിവസങ്ങൾ. ഞാനവിടെ സുഭിക്ഷമായി കഴിഞ്ഞ് ബാക്കിയുള്ള പണം അയച്ചു തരുകയാണെന്നു കരുതിയോ? നൂറ്റമ്പതുറുപ്പിക കിട്ടിയതിൽനിന്ന് അമ്പതുറുപ്പികയാണ് അയക്കുന്നത് ബാക്കി നൂറുറുപ്പികകൊണ്ട് ഞാൻ എങ്ങിനെയാണ് ആ നഗരത്തിൽ ജീവിയ്ക്കുന്നതെന്ന് അമ്മയ്ക്കറിയാമോ? സ്‌നേഹിതന്മാർ റെസ്റ്റോറണ്ടുകളിലും സിനിമയ്ക്കും പോകുമ്പോൾ ഞാൻ കള്ളം പറഞ്ഞൊഴിവാവുന്നത്, കീറിയ സോക്‌സും അടിതേഞ്ഞ് ഓട്ടയായ ഷൂസും മറ്റുള്ളവരെ കാണിക്കാതെ നടക്കാൻ കഷ്ടപ്പെടുന്നത്, ഇതൊന്നും അമ്മയ്ക്ക് മനസ്സിലാവില്ല.

ശരിയാണു മോനെ, ബാബുവും രേണുവും നിന്നേക്കാൾ ചെറിയ കുട്ടികളല്ലെ? അവർ ഏട്ടന്റെ മക്കളല്ലെ? എന്റെ മകനും ഏട്ടന്റെ മക്കളും തമ്മിൽ എന്താണ് വ്യത്യാസം? രണ്ടും എന്റെ മക്കളെപ്പോലെയല്ലെ? അവരെ വളർത്തേണ്ടത് നിന്റെയും ചുമതലയല്ലെ? അവർ വിശന്നു കരയുമ്പോഴോ?

അമ്മയുടെ ന്യായം അയാൾക്കു തീരെ തൃപ്തികരമായിതോന്നിയില്ല ഫലമോ? ഓരോ പ്രാവശ്യം നാട്ടിൽ പോയാലും വൃത്തികെട്ട മനസ്സുമായി തിരിച്ചുവരേണ്ടി വരുന്നു.

എന്നെങ്കിലും നിന്റെ മനസ്സുമാറും. അതുപോലെ നിന്റെ കഷ്ടകാലത്തിനൊരറുതി വരുകയും ചെയ്യും. അമ്മ പറയും. അതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.

എന്തായാലും ഒന്നാം തീയ്യതിയായാൽ വീണ്ടും തനിക്ക് അയക്കാൻ പറ്റുന്നതിൽ കൂടുതൽ പണം അമ്മക്കയയ്ക്കുന്നു. വീണ്ടും വിശന്നു നടക്കേണ്ടി വന്ന ഭക്ഷണവേളകൾ. മനസ്സിൽ അമർഷം ബാക്കിനില്ക്കുന്നു.

തനിയ്ക്ക് സ്വപ്നം കാണാനുള്ള അവകാശംകൂടി നഷ്ടപ്പെട്ടിരിക്കുന്നു, ദാസൻ വിചാരിച്ചു. തന്റെ ഭാര്യയാവാൻ പോകുന്ന പെൺകുട്ടിയെപ്പറ്റി മനോരാജ്യം കാണാനായിരുന്നു വിചാരിച്ചത്. കലുഷമായ മനസ്സിന് അതിനുള്ള അവകാശമില്ല.

പകൽ, റെയിൽ പാതയ്ക്കിരുവശത്തുമുള്ള വിജനത, ചൂട്. ഒന്നും ആലോചിക്കാതിരിക്കാൻ അയാൾ ശ്രമിച്ചു. ഓർമ്മകൾ ക്ഷണിക്കാത്തിടത്തു കടന്നുചെല്ലുന്ന അതിഥികളെപ്പോലെയാണ്. നാം മുഖം തിരിച്ചിട്ടു കാര്യമില്ല. അവർ അവിടെത്തന്നെയുണ്ടാകും.

അമ്മയുടെ കത്ത്. രേണുവിന്റെ കല്യാണം തീർച്ചയാക്കിയിരിക്കുന്നു. അടുത്ത മാസം ഇരുപതാം തീയതി. വരന് ബാംഗ്ലൂരിലാണ് ജോലി. തരക്കേടില്ലെന്നു തോന്നുന്നു. ഏട്ടന്റെ കയ്യിൽ ഒട്ടും പണമില്ല. ഏട്ടൻ ആകെ വിഷമിച്ചിരിക്കയാണ്. നീ തന്നെയാണ് ഒരു വഴി. കടമെടുത്തെങ്കിലും ചുരുങ്ങിയത് അയ്യായിരം അയക്കണം. പിന്നെ മാസം കുറേശ്ശെയായി വീട്ടാമല്ലൊ. ഇനി കുറേക്കാലം നീ എനിയ്ക്ക് പണമൊന്നും അയക്കണ്ട.

പണം അയച്ചില്ലെങ്കിൽ അമ്മ എങ്ങനെ കഴിയും? ദാസൻ ആലോചിച്ചു.

അയാൾ ഉടനെ മറുപടി അയച്ചു. പറ്റില്ല. പണമുണ്ടാക്കാൻ കഴിയില്ല.

അമ്മയുടെ കത്ത് വീണ്ടും.

നിന്റെ കത്തിനെപ്പറ്റി ഞാൻ ഏട്ടനോട് പറഞ്ഞിട്ടില്ല. നീ പണമയക്കുമെന്ന പ്രതീക്ഷയിലാണ് മൂപ്പരിരിക്കുന്നത്. എനിയ്ക്കും ആ പ്രതീക്ഷയുണ്ട്. കഴിയുന്നതും വേഗം പണമയക്കു. കല്യാണത്തിനിനി ഒരു മാസം കൂടിയില്ല.

ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്ന് അയ്യായിരം ഉറുപ്പിക കടമെടുത്ത് അയച്ചു കൊടുത്തപ്പോൾ അയാൾ സ്വയം പറഞ്ഞു.

ഞാൻ വീണ്ടും തോറ്റിരിക്കുന്നു.

അവസാനത്തെ ഇൻസ്റ്റാൾമെന്റ് അടച്ച് കടം മുഴുവൻ വീട്ടിയത് കഴിഞ്ഞ മാസമാണെന്നയാൾ ഓർത്തു. ഇനി സ്വന്തം കല്യാണത്തിന് വീണ്ടും കടമെടുക്കേണ്ടി വരും.

പ്രതീക്ഷിച്ചപോലെ തന്നെ. അമ്മ രാത്രി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ടാക്‌സി ഗെയ്റ്റിൽ നിന്നപ്പോഴേയ്ക്ക് അമ്മ എത്തിയിട്ടുണ്ടായിരുന്നു.

നീ തടിച്ചിട്ടൊന്നുമില്ല. കത്തിലൊക്കെ എഴുതിയിരുന്നത് തടിച്ചിട്ടുണ്ട്, കണ്ടാൽ മനസ്സിലാവില്ലാ എന്നൊക്കെയാണല്ലോ.

അതൊക്കെ അമ്മയെ സന്തോഷിപ്പിക്കാൻ എഴുതിയതല്ലെ?

ആട്ടെ നീ നിർമ്മലയെ കണ്ടുവോ?

കണ്ടു.

ഇഷ്ടപ്പെട്ടുവോ?

ഒരു കറുത്തുമെലിഞ്ഞ പെണ്ണ്! അയാൾ പറഞ്ഞു.

അവൾ കറുത്തിട്ടൊന്നുമല്ല. നിന്നേക്കാൾ നിറമുണ്ട്. തടി, അവൾ കല്യാണമൊക്കെ കഴിഞ്ഞാൽ തടിച്ചോളും ആട്ടെ നിനക്കിഷ്ടപ്പെട്ടുവോ?

ഇഷ്ടപ്പെട്ടു.

അമ്മയുടെ കണ്ണിലെ തിളക്കം ദാസൻ ശ്രദ്ധിച്ചു. ഈ സ്ത്രീയോട് തനിയ്‌ക്കൊരിക്കലും ജയിക്കാൻ കഴിയില്ലെന്ന് അയാൾ ഓർത്തു.

കിടപ്പുമുറിയിലേയ്ക്കുള്ള വാതിൽ ചാരിയിട്ടിരിക്കയായിരുന്നു. അതു തുറന്ന് ഒരു സ്ത്രീ പുറത്തു വന്നു. രേണുവാണെന്നു മനസ്സിലായപ്പോൾ അയാൾ നിശബ്ദനായി.

ദാസേട്ടന്റെ ടാക്‌സിയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ഉണർന്നു. അവൾ തലമുടി കെട്ടിക്കൊണ്ടാണത് പറഞ്ഞത്. അയാൾ ചിരിച്ചുവെന്ന് വരുത്തി.

രേണു മൂന്നു മാസമായി ഇവിടെ തന്ന്യാണ്.

എനിയ്ക്ക് കാലിന് അസുഖം ആയേപ്പിന്നെ അവളും കുട്ടികളും വന്നതാ. എന്റെ സഹായത്തിന്. അവളുടെ ഭർത്താവ് ബാംഗ്ലൂരിൽ ഒറ്റക്കാണ്.

അമ്മയ്‌ക്കോ? കാലിനോ? എന്താണസുഖം?

അച്ഛൻപെങ്ങള് വീണു. കാലിന്റെ എല്ല് പൊട്ടി. പ്ലാസ്റ്ററിലായിരുന്നു. രണ്ടു മാസം. രേണു പറഞ്ഞു. നടക്കാനൊന്നും പറ്റിയിരുന്നില്ല. കഴിഞ്ഞ മാസാണ് പ്ലാസ്റ്റർ വെട്ടിയത്.

അമ്മയുടെ നടത്തത്തിൽ അല്പം പിശകുണ്ടെന്ന് അയാൾക്ക് തോന്നിയിരുന്നു. അപ്പോൾ അമ്മ ആ കാര്യം തന്നെ അറിയിക്കാതെ കഴിച്ചുകൂട്ടി.

അത്ര അധികമൊന്നുമുണ്ടായിരുന്നില്ല അമ്മ പറഞ്ഞു. എഴുതിയാൽ നീ ധൃതി പിടിച്ചുവരും. ഏതായാലും രണ്ടു മാസം കഴിഞ്ഞാൽ ലീവിൽ വരുന്നുണ്ടല്ലൊ. അപ്പോൾ അറിഞ്ഞാൽ മതീന്നു വെച്ചു.

പുറത്തൊരു കാൽപെരുമാറ്റം. അമ്മാവനായിരുന്നു. പറ്റെ വെട്ടിയ മുടിയും, നിറം മങ്ങിയ ഷർട്ടും മുണ്ടുമായി, അയാൾ വാതിലിനു പുറത്തു നിന്നു.

സ്റ്റേഷനിൽ വരണമെന്നു വിചാരിച്ചതായിരുന്നു. പറ്റീല്ല്യ. ഈ വാതക്കടച്ചില് കാരണം എണീക്കാൻ പറ്റിയില്ല്യ.

അമ്മാവൻ മുഖത്തു നോക്കാതെയാണ് സംസാരിക്കാറ്. തല അല്പം താഴ്ന്ന് മുഖം കുറച്ച് ഇടത്തോട്ട് ചരിച്ചുവെച്ച്. വർഷങ്ങളായുള്ള പരാജയങ്ങൾ ആ മനുഷ്യന്റെ ആത്മധൈര്യം തീരെ കെടുത്തിയിരുന്നു.

വരാത്തതു നന്നായി, ദാസൻ വിചാരിച്ചു. ഒരു പക്ഷേ വേണമെന്നു വെച്ച് വരാതിരുന്നതായിരിക്കും. സ്റ്റേഷനിൽ വെച്ച് താൻ ഒരു സീൻ ഉണ്ടാക്കുമെന്ന ഭയമുണ്ടാവും. താൻ അമ്മാവനോട് വളരെ വൃത്തികേടായിട്ടാണ് പെരുമാറിയിരുന്നത്. ദാസൻ വിചാരിച്ചു. തന്റെ വികാരങ്ങൾ അത്രയധികം വ്രണപ്പെട്ടിരിക്കുന്നു.

അഞ്ചുകൊല്ലം മുമ്പാണ്. നാട്ടിൽ വന്നപ്പോൾ സ്റ്റേഷനിൽ അമ്മാവനുണ്ടായിരുന്നു. അങ്ങിനെ പതിവില്ലാത്തതാണ്. ടാക്‌സി നിന്നത് അമ്മാവന്റെ ചെറിയ വീട്ടിലായിരുന്നു. ദാസൻ ഒരു ചോദ്യഭാവത്തോടെ അമ്മാവനെ നോക്കി.

ഭാർഗ്ഗവി ഇപ്പൊ ഇവിട്യാണ് താമസം.

ഒറ്റയ്ക്കു താമസിക്കാനുള്ള വിഷമം കാരണം അമ്മ ഏട്ടന്റെ കൂടെ താമസിക്കുകയാണെന്നാണ് കരുതിയത്. കാര്യങ്ങളുടെ കിടപ്പ് അങ്ങിനെയൊന്നുമല്ലെന്ന് അകത്തു കടന്നപ്പോൾ മനസ്സിലായി. അമ്മ സ്വന്തം ഇരുനില കെട്ടിടം ഏട്ടന്റെ രണ്ടുമുറി വീടുമായി കൈമാറ്റം നടത്തിയിരിക്കുന്നു.

നമുക്കെന്തിനാ ഇത്ര വലിയ വീടൊക്കെ? ഏട്ടനാണെങ്കിൽ ഒരു പെൺകുട്ടിയുണ്ട്. അവളുടെ കല്യാണത്തിന് സമയൊക്കെ ആയിരിക്കുന്നു. ഈ ചെറിയ വീട്ടിൽ വെച്ച് കല്യാണൊക്കെ ശരിയാവുമോ? ആരെങ്കിലും അന്വേഷിച്ചു വരുമ്പോൾ തന്നെ വീടു നന്നല്ലെങ്കിൽ ഒരു തൃപ്തിയാവില്ല. ഏട്ടൻ സമ്മതിച്ചതൊന്നുമില്ല. പിന്നെ ഞാൻ നിർബ്ബന്ധിക്ക്യേ.

ദാസൻ സ്തബ്ധനായി നിന്നു. അഞ്ചു മുറികളുള്ള ഓടിട്ട ഇരുനിലക്കെട്ടിടം അതിന്റെ പത്തിലൊന്നു വില പോലുമില്ലാത്ത ഒരു കൂരപ്പെരക്കു വേണ്ടി കൈ മാറിയിരിക്കുന്നു. അമ്മയുടെ ഏട്ടൻ സ്‌നേഹം വളരെയധികം അതിരു കവിഞ്ഞു പോയിരിക്കുന്നു.

നമുക്ക് ഇതിലും വലിയ വീടൊക്കെ ഉണ്ടാക്കാം. നിനക്കതിനുള്ള കഴിവുണ്ട്. രേണു നിന്റെ അനുജത്തിയല്ലെ? അവളുടെ കല്യാണമൊക്കെ നന്നായി നടത്താൻ തന്നെയല്ലെ നിനക്കിഷ്ടമുണ്ടാവുക.

പിന്നെ അഞ്ചുകൊല്ലത്തേക്കയാൾ നാട്ടിലേക്കു വന്നില്ല. നാലുകൊല്ലം മുമ്പ് രേണുവിന്റെ കല്യാണം കഴിഞ്ഞു.

രേണു തടിച്ചിട്ടുണ്ടെന്ന് അയാൾ കണ്ടു. അഞ്ചുകൊല്ലം മുമ്പ് താൻ കാണുമ്പോൾ അവൾ മെലിഞ്ഞിട്ടായിരുന്നു. അഞ്ചു കൊല്ലവും, രണ്ടു പ്രസവവും അവളെ ഒരു വലിയ സ്ത്രീയാക്കി മാറ്റിയിരിക്കുന്നു.

ദാസേട്ടൻ ചായ കുടിക്കൂ. അവൾ ചായ കൊണ്ടുവന്നു.

ഞാൻ പോണു. അമ്മാവൻ പറഞ്ഞു.

കുളിമുറി പുറത്തായിരുന്നു. അയാൾ കുളി കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ അമ്മ പറഞ്ഞു.

നീ രേണുവിനോട് കുറച്ചു കൂടിയൊക്കെ സ്‌നേഹത്തില് പെരുമാറണം. അവൾക്ക് നിന്നെ എന്തു സ്‌നേഹമാണെന്നറിയ്യ്വോ? എപ്പോഴും നിന്റെ കാര്യം മാത്രമേ പറയാറുള്ളൂ. കുട്ടിക്കാലത്ത് ഒപ്പം കളിച്ചതും എല്ലാം. എന്റെ കാലൊടിഞ്ഞ് കിടന്നപ്പോഴും അവളാണ് എല്ലാം നോക്കിയിരുന്നത്. പിന്നെ ബാബു പഠിക്കാൻ നല്ല മിടുക്കനാണ്. എപ്പോഴും ഫസ്റ്റ് ക്ലാസ്സാണ്. അവനെപ്പോഴും പറയും എനിയ്ക്ക് ജോലി കിട്ടിയിട്ടു വേണം ദാസേട്ടനെ സഹായിക്കാൻ.

കുട്ടിക്കാലത്ത് എത്ര വിഷമങ്ങളുണ്ടായാലും സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടാനും കുറേക്കൂടി എളുപ്പമായിരുന്നു.

കിടപ്പു മുറിയിൽ നിലത്തു വിരിച്ചിട്ട കിടക്കയിലാണ് രേണുവിന്റെ കുട്ടികൾ കിടന്നിരുന്നത്. മൂത്തവൻ എഴുന്നേറ്റിരുന്ന് കണ്ണുകൾ തിരുമ്മി. ദാസനെകണ്ടപ്പോൾ അവൻ എഴുന്നേറ്റ് വന്നു. അയാളിരിക്കുന്ന കസേരയുടെ അടുത്ത് വന്ന് മുഖമുയർത്തി പറഞ്ഞു.

ഞാൻ ഒറങ്ങുമ്പൊ മാമൻ വന്നു?

അവന്റെ കണ്ണുകളിൽ അത്ഭുതമുണ്ടായിരുന്നു. അടുപ്പവും. അപ്പോഴാണ് അയാൾ കണ്ടത്. രേണുവിന്റെ മോൾ മുട്ടുകുത്തിവരുന്നു. അവൾ കസേരയുടെ കാൽ പിടിച്ചു നിന്ന് കൈ നീട്ടി, അവളെ എടുക്കാൻ. അയാൾ അവളെ വാരിയെടുത്തു. താഴത്തെ തൊണ്ണിൽ മുളച്ചുവരുന്ന രണ്ടു കുഞ്ഞിപ്പല്ലുകൾ കാട്ടി അവൾ അയാളെ നോക്കി ചിരിച്ചു, എന്നിട്ടയാളെ അത്ഭുതപ്പെടുത്തുമാറ് അയാളുടെ കുറ്റിരോമങ്ങൾ വളർന്ന കവിളിൽ ഉമ്മവെച്ചു.

ജോലിക്കായി ദില്ലിയിൽ പോയി ആദ്യത്തെ പ്രാവശ്യം ലീവിൽ വന്നപ്പോഴുണ്ടായ ഒരു സംഭവം ദാസൻ ഓർത്തു. അയാൾ ഉമ്മറത്തിരിക്കയായിരുന്നു. അപ്പോഴാണ് രേണു പടി കടന്നു വരുന്നതു കണ്ടത്, ഒറ്റയ്ക്കാണ്. അന്നവൾക്ക് ആറോ ഏഴോ വയസ്സ് പ്രായമുണ്ടാകും. കുറച്ചു വലിയ ഫ്രോക്കാണ് ഇട്ടിരുന്നത്. നഗ്നമായ കാലുകളിൽ ഒരു കിലോമീറ്റർ ദൂരം നടന്നുവന്ന പൊടി. അവൾ നേരെ വന്ന് അയാളിരിക്കുന്ന കസേരയുടെ അടുത്തു വന്നു. തോളിൽക്കൂടി കയ്യിട്ട് അയാളുടെ മുഖം കുനിച്ചു പിടിച്ച്, കവിളിൽ ഒരുമ്മ തന്നു. അതേ പോലെ തിരിച്ചു പോകയും ചെയ്തു. താൻ വന്നുവെന്നറിഞ്ഞപ്പോൾ അച്ഛനെയും അമ്മയേയും കൂടി കാക്കാതെ അവൾ തന്നെ കാണാനും തനിയ്ക്ക് ഒരുമ്മ തരാനും ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു ഒരു കിലോ മീറ്റർ ദൂരം.

കൗതുകമുള്ള രണ്ടു കൊച്ചുമുഖങ്ങൾ അയാൾ മാറി മാറി നോക്കി. രേണുവിന്റെ കുട്ടിക്കാലത്തെ ഛായ തന്നെയാണ്.

മോളെ ഇങ്ങട്ട് തന്നോളു, എണീറ്റു വന്നപടിയാണ്. ഏട്ടന്റെ മേൽ അവൾ മൂത്രമൊഴിക്കും.

അടുക്കളയിൽ നിന്നു വന്ന രേണു പറഞ്ഞു.

സാരമില്ല ദാസൻ പറഞ്ഞു. സ്‌നേഹസന്ദേശവുമായി തന്റെ അടുത്തെത്തിയ പഞ്ഞിക്കെട്ടു പോലെ മൃദുവായ ആ കുട്ടിയെ വിട്ടുകൊടുക്കാൻ അയാൾ തയ്യാറായില്ല. അയാൾ അവളെ ചേർത്തു പിടിച്ചു.

തീവണ്ടിയിൽ വരുമ്പോൾ സഹ്യന്റെ താഴ്‌വരയിൽ സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിൽക്കുന്നതു കണ്ടതയാൾ ഓർത്തു.

കലാകൗമുദി വാരിക - 1987