ഇ ഹരികുമാര്‍
ദേഹത്തുവരിഞ്ഞ ഇളംകൈ പതുക്കെ മാറ്റി, മുളച്ചു വരുന്ന നനുത്ത മീശക്കു താഴെയുള്ള ചുണ്ടുകളിൽ ചുണ്ടുചേർത്ത് അവസാനമായി ചുംബിച്ച്, അഴിഞ്ഞ പാവാടചരടുകൾ ചേർത്തുപിടിച്ച് അവൾ എഴുന്നേറ്റു. സാരിയെടുത്തുടുത്ത് അപ്പോഴും കിടക്കുകയായിരുന്ന ജയനെ വിളിച്ചു.
എണീക്കു ജയന് പോകേണ്ട സമയായി.
മുറിയിൽ ഇരുട്ട് നിറഞ്ഞു തുടങ്ങി. മരത്തിന്റെ അഴികളുള്ള ജനലിലൂടെ കാണുന്ന മരങ്ങൾ നിഴലുകളായി മാറി അതിനും അപ്പുറത്ത് കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ വെളിച്ചം സ്ഫുരിച്ചു നിന്നു, പുറത്ത് കിളികളുടെ അസ്വസ്ഥ ശബ്ദങ്ങൾ കേട്ടു.
ഞാൻ നാളേം വരും. അതിന് ടീച്ചറ് സമ്മതിച്ചാലല്ലാതെ ഞാൻ പോവില്ല്യ.
കഴിഞ്ഞ ഒരു മണിക്കൂറായി അവൾ ജയനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു, തുടരാൻ വിഷമമായ ബന്ധത്തെപ്പറ്റി, അവന്റെ ഭാവിയെപ്പറ്റി. സ്‌നേഹം എന്നും നിലനില്ക്കില്ലെന്നും, അതുകൊണ്ട് സ്‌നേഹബന്ധങ്ങൾ പുതുമ നശിക്കുന്നതിനു മുമ്പു തന്നെ നിർത്തുകയാണ് നല്ലതെന്നും. പിന്നെ തുടർന്നാൽ സംഭവിച്ചേക്കാവുന്ന അപവാദങ്ങളെപ്പറ്റിയും.
അവന് പതിനെട്ട് വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ. ആ പ്രായത്തിൽ ബുദ്ധി ഹൃദയത്തിന് വഴിമാറിക്കൊടുക്കുന്നു. ഇരുപത്താറു വയസ്സുള്ള ഗ്രേസിടീച്ചർക്കതറിയാം.
എണീക്കൂ, നല്ല കുട്ടിയാവു.
അവൾ കൈ നീട്ടി. ഒരനുസരണയുള്ള കുട്ടിയെപ്പോലെ അവൻ ആ നീട്ടിയ മൃദുലമായ കൈപിടിച്ചെഴുന്നേറ്റു. തലമുടി കൈകൊണ്ടു കോതി. പുസ്തകങ്ങൾ എടുത്തു പുറത്തുകടക്കുമ്പോൾ അവൻ വീണ്ടും പറഞ്ഞു.
ടീച്ചർ, ഞാൻ നാളെയും വരും.
അവർ ഒന്നും പറയാതെ വാതില്ക്കൽ നിന്നു. അവനെ തിരിച്ച് വിളിച്ച് ഒരിക്കൽക്കൂടി മാറിൽ അമർത്തി ആലിംഗനം ചെയ്യാനുള്ള വെമ്പൽ അടക്കി. മുണ്ടു മാടിക്കുത്തി അവൻ പടി കടന്നു പാടത്തെ നാട്ടുവെളിച്ചത്തിൽ നടന്നകലുന്നത് അവൾ നോക്കിനിന്നു. പിന്നെ അവൻ കണ്ണിൽ നിന്നു മറഞ്ഞപ്പോൾ കട്ടിലിൽ വന്നിരുന്ന് തേങ്ങിതേങ്ങിക്കരഞ്ഞു. അവൾ രാത്രി ഊണുകഴിച്ചില്ല, ഉറങ്ങിയതുമില്ല.
രണ്ടുമണിയായപ്പോൾ അവൾ എഴുന്നേറ്റു. അടുക്കളയിൽ കടന്ന് വൃത്തിയാക്കാൻ തുടങ്ങി. ചോറിൻ പാത്രത്തിലെ ചോറും കൂട്ടാനും ഒരു കടലാസ്സിലാക്കി പുറത്ത് ഇറയത്ത് വെച്ചു. വല്ല നായ്ക്കളും തിന്നുപെയ്‌ക്കോളും. പാത്രങ്ങളെല്ലാം കഴുകി കമിഴ്ത്തി വെച്ചു. കിടപ്പു മുറിയിൽ വന്ന് ചെറിയൊരു സൂട്ട്‌കേസ് പുറത്തെടുത്തു. അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ മാത്രം ഒതുക്കിവെച്ചു. രണ്ടു കത്തുകൾ എഴുതാനുണ്ട്. അതും കൂടി എഴുതിയാൽ തനിക്കുപോകാം. രണ്ടു വ്യക്തികൾക്കേ തന്റെ ജീവിതത്തിൽ സ്ഥാനമുള്ളു. അവർക്കുള്ള കത്തെഴുതി. ഭർത്താവിനുള്ള കത്ത് മേശപ്പുറത്തു വെച്ചു. ജയനുള്ള കത്ത് പൂമുഖത്ത് രണ്ടാമത്തെ വരി ഓടിന്നിടയിലും. വാതിലിൽ പൂട്ടു കണ്ടാൽ എവിടെയാണ് ടീച്ചറുടെ കത്തിനുവേണ്ടി തപ്പേണ്ടതെന്നവനറിയാം. ഭർത്താവിന് ഒരു കത്ത് അദ്ദേഹം ജോലി ചെയ്യുന്ന സ്‌ക്കൂളിന്റെ വിലാസത്തിൽ അയച്ചുകൊടുക്കുകയും ചെയ്യാം. അദ്ദേഹം ഒന്നുമറിയാതെ ഇവിടെവന്ന് പൂട്ടിയിട്ട വാതിൽ കണ്ട് ഞെട്ടേണ്ട.
സൂട്ട്‌കേസുമെടുത്ത് ഗ്രേസിടീച്ചർ പുറത്തുകടന്നു. സമയം അഞ്ചുമണി. അഞ്ചര മണിക്കാണ് റെയിൽവേ സ്റ്റേഷനിലേക്കുള്ള ആദ്യത്തെ ബസ്സ്.
ബോട്ടിൽ നിന്നിറങ്ങി ജയൻ ചുറ്റും നോക്കി. തൂവെള്ള മണൽ. നിറയെ തെങ്ങുകൾ. ചെറിയ വീടുകൾ. തന്റെ ആറുകൊല്ലത്തെ അന്വേഷണം ഇവിടെ അവസാനിക്കുകയാണെന്നോർത്തപ്പോൾ ജയന്റെ ഹൃദയം മിടിച്ചു. ബോട്ടിൽ ഒപ്പമുണ്ടായിരുന്ന വെള്ളയൂണിഫോമിട്ട പെൺകുട്ടികൾ എല്ലാം ഇറങ്ങിയിരുന്നു. അതിൽ ഒരു പെൺകുട്ടിയോട് അയാൾ ചോദിച്ചു.
സ്‌ക്കൂൾ എവിടെയാണ്?
അതാ അവിടെ.
അവൾ ചൂണ്ടിക്കാട്ടി. ചെറിയ കെട്ടിടങ്ങൾക്കു നേരെ അവൾ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് അയാൾ നോക്കി. ഏതാണ് സ്‌ക്കൂൾ എന്നയാൾക്കു മനസ്സിലായില്ല.
വരു. ഞങ്ങളുടെ ഒപ്പം വന്നാൽ മതി. അവൾ പറഞ്ഞു. ആരെയാണ് കാണേണ്ടത്?
ഗ്രേസിടീച്ചർ. അയാൾ പെട്ടെന്നു പറഞ്ഞു. ഉടനെ മനസ്സിലായി അവരെ ആ പേരിൽ ഈ കുട്ടികൾ അറിയുകയുണ്ടാവില്ല. അയാൾ തിരുത്തി.
സിസ്റ്റർ പോളിൻ.
സ്‌ക്കൂൾ കെട്ടിടം ചെറുതാണ്. സെന്റ് മേരീസ് ലോവർ പ്രൈമറി സ്‌ക്കൂൾ എന്ന് ബോർഡ് എഴുതി വെച്ചിട്ടുണ്ട്.
ഇവിടെ നില്ക്കു. ആ പെൺകുട്ടി പറഞ്ഞു ഞാൻ വിളിച്ചുകൊണ്ടുവരാം.
അവൾ പോയി ഒരു മുറിയിലേക്കു കടന്നു. ഉടനെ തന്നെ പുറത്തു കടന്നു. ഒപ്പം കന്യാസ്ത്രീകളുടെ തിരുവസ്ത്രം ധരിച്ച ഒരു സ്ത്രീയുമുണ്ടായിരുന്നു. അവൻ പെട്ടെന്നവരെ തിരിച്ചറിഞ്ഞു. അവരും, മുഖത്തുണ്ടായ സ്‌തോഭം നിയന്ത്രിച്ച് അവൻ ജയന്റെ അടുത്തു വന്നു.
ആര് ജയനോ?
പിന്നെ തിരിഞ്ഞ് ഒരു ചോദ്യഭാവത്തോടെ നിൽക്കുന്ന പെൺകുട്ടിയോടവർ പറഞ്ഞു.
ഇത് എന്റെ അനുജനാണ് മോളെ. മോള് പൊയ്‌ക്കൊള്ളു.
ഞാൻ മദർസുപ്പീരിയറോട് സമ്മതം ചോദിച്ചു വരാം, അവരാണ് ഹെഡ് മിസ്റ്റ്രസ്സ്.
ഗ്രേസിടീച്ചർ നടന്നകലുന്നതും, വരാന്തയിലെ അവസാനത്തെ മുറിയിലേക്കു കടക്കുന്നതും, രണ്ടു മിനിറ്റിനകം തിരിച്ചു വരുന്നതും ജയൻ കണ്ടു. ഗ്രേസിടീച്ചർ വരാന്തയുടെ പകുതി ഭാഗം നടന്നപ്പോൾ ഹെഡ് മിസ്റ്റ്രസ്സിന്റെ മുറിയിൽ നിന്ന് ഒരു തടിച്ച കന്യാസ്ത്രീ പുറത്തു കടന്ന് കണ്ണടയിലൂടെ തന്നെ ഗൗരവപൂർവ്വം നോക്കുന്നതവൻ കണ്ടു.
വരു നമുക്ക് ക്വാർട്ടേഴ്‌സിൽ പോകാം.
അവർ മുറ്റത്തിറങ്ങി നടന്നു. ഒപ്പം ബ്രീഫ്‌കെയ്‌സ് പിടിച്ച് ജയനും നടന്നു.
ക്വാർട്ടേഴ്‌സ് കുറച്ചകലെയാണ്. അഞ്ചു മിനിറ്റ് നടക്കാനുള്ള ദുരം. ഓടിട്ട ഒരു ചെറിയ വീട്. തിരുവസ്ത്രത്തിൽ തൂക്കിയിട്ട താക്കോൽക്കൂട്ടത്തിൽ നിന്നെടുത്ത താക്കോൽ കൊണ്ട് അവർ വാതിൽ തുറന്നു. ചെറിയ ഒരു മുറി. ചുമരിനോടടുപ്പിച്ച് ഇട്ട ഒരു മേശ. മൂന്നു വശത്തായി മൂന്നു കസേരകൾ. നീല മേശവിരി. നാലഞ്ചു പുസ്തകങ്ങൾ. ഒരു വശത്ത് ചുമരിൽ, മുള്ളുകൾ തറച്ച് രക്തമൊലിക്കുന്ന ഹൃദയം തുറന്നുകാട്ടുന്ന കൃസ്തുദേവന്റെ ചിത്രം. അടുത്തത് കിടപ്പു മുറിയാണ്. അവിടെ രണ്ടരുകിലായി വെള്ളവിരിപ്പിട്ട കിടക്കകളുള്ള ചെറിയ കട്ടിലുകൾ.
ഞാൻ ചായയുണ്ടാക്കാം.
ഗ്രേസിടീച്ചർ അടുക്കളയിലേക്കു കടന്നു.
ജയൻ ഒന്നും പറയാതെ അവരെ ശ്രദ്ധിക്കുകയായിരുന്നു. ഗ്രേസിടീച്ചർക്ക് മാറ്റമൊന്നുമില്ല. വെളുത്തു സുന്ദരമായ മുഖം. ഉരുണ്ട കൈകൾ. കന്യാസത്രീയുടെ വസ്ത്രം അവർക്ക് ഒട്ടും യോജിക്കുന്നുണ്ടായിരുന്നില്ല. ഒരു പക്ഷെ താനവരെ മറ്റു വസ്ത്രങ്ങളിൽ കണ്ടതുകൊണ്ടായിരിക്കണം. അവരെ നിറമുള്ള പൂക്കളുള്ള സാരിയിൽ ജയൻ സങ്കല്പിച്ചു. അവർ അതീവ സുന്ദരിയായിരുന്നു.
മേശയ്ക്കപ്പുറത്തും ഇപ്പുറത്തും ഇരുന്ന് ചായ കുടിക്കുമ്പോൾ ഗ്രേസിടീച്ചർ ചോദിച്ചു.
നീയെന്തിനാണ് വന്നത്?
ടീച്ചറെ കാണാൻ, കൊണ്ടുപോകാൻ.
അവർ ചിരിച്ചു.
നീ നിന്റെ ഭ്രാന്തൊന്നും മറന്നിട്ടില്ലെ?
ജയൻ ചിരിച്ചില്ല. അവന് കുറെയധികം പറയണമെന്നുണ്ട്. എന്തിനാണ് ടീച്ചർ തന്നിൽ നിന്ന് ഓടിപ്പോയതെന്ന്, വൈകുന്നേരം സാധാരണ മട്ടിൽ പുസ്തകവുമായി ടീച്ചറുടെ വീട്ടിൽ ട്യൂഷനെത്തിയപ്പോൾ വീട് പൂട്ടിക്കണ്ടത്. ടീച്ചർ പുറത്തെങ്ങോട്ടെങ്കിലും പോയിട്ടുണ്ടാകും, അല്ലെങ്കിൽ പെട്ടെന്ന് ഭർത്താവിന്റെ അടുത്ത്, തന്നെ അറിയിക്കാതെ പോകേണ്ടി വന്നതാവും, എന്നേ വിചാരിച്ചുള്ളു. അങ്ങിനെയുള്ള സന്ദർഭങ്ങളിൽ അവർ തനിയ്ക്കുവേണ്ടി കുറിപ്പെഴുതി വെക്കാറുള്ള സ്ഥലത്ത് താൻ നോക്കിയപ്പോൾ കണ്ട കത്ത് തന്റെ മനസ്സ് ഉലച്ചത്.
'ജയൻ, നീ വീണ്ടും വരുമെന്ന് എനിക്കറിയാം അതുകൊണ്ട് ഞാൻ പോകുന്നു. നീ നശിക്കരുതെന്നുണ്ട് എനിയ്ക്ക്. എന്നെ അന്വേഷിക്കരുത്. ഞാൻ ജോസിനേയും ഉപേക്ഷിക്കുകയാണ്. ജോസിനും ഞാൻ എഴുതിയിട്ടുണ്ട്. ജയൻ, പഠിച്ച് മിടുക്കനാവണം. ടീച്ചറെ ഓർമ്മയുണ്ടായാൽ മതി - ജയന്റെ ഗ്രേസിടീച്ചർ.'
ജയൻ എന്നെയൊക്കെ മറന്നിട്ടുണ്ടാവുമെന്നാണ് ഞാൻ കരുതിയത്.
ഞാൻ എഞ്ചിനീയറിംഗ് പാസ്സായി. അവൻ പറഞ്ഞു.
അതേയോ? നന്നായി. അവർ തികച്ചും സന്തോഷത്തോടെ പറഞ്ഞു. ഇനി ഒരു ജോലിക്കു ശ്രമിക്കു, എന്നിട്ട് നല്ലൊരു പെൺകുട്ടിയെ കല്യാണം കഴിച്ചു സുഖായി ജീവിക്കു.
ടീച്ചർ എനിക്കു റാങ്കുണ്ട്. സ്റ്റേറ്റിൽ പന്ത്രണ്ടാമത്തെ റാങ്ക്. എനിക്ക് ജോലി കിട്ടിക്കഴിഞ്ഞു. റാങ്കുള്ള വരെ വലിയ കമ്പനികൾ അന്വേഷിച്ച് ജോലി കൊടുക്കും. ആറുമാസം ട്രെയിനിംഗിന്റെ കാലത്ത് അധികം ശമ്പളമുണ്ടാവില്ല. അതു കഴിഞ്ഞാൽ നല്ല ശമ്പളമാണ്. ക്വാർട്ടേഴ്‌സ് കിട്ടും. ടീച്ചർ എന്റെ ഒപ്പം വരു. നമുക്ക് കല്യാണം കഴിച്ച് സുഖമായി കൂടാം.
ടീച്ചർ വിശ്വാസമാവുന്നില്ലെന്ന മട്ടിൽ ജയനെ നോക്കി. ഓമനത്വമുള്ള മുഖത്തെ മീശ കൂടുതൽ കറുത്തിരിക്കുന്നു. ശബ്ദം കൂടുതൽ കനത്തിട്ടുണ്ട്. ദേഹം കുറച്ചുകൂടി ഉരുണ്ടിട്ടുണ്ട്.
ജയൻ, നിനക്കറിയാമോ എനിയ്ക്കിപ്പോൾ എന്ത് സന്തോഷമായെന്ന്. സ്‌നേഹിക്കപ്പെടുക എന്നത് എല്ലാവരുടേയും ആവശ്യമാണ്. പക്ഷെ ഞാനിന്ന് സ്വതന്ത്രയല്ല. എല്ലാം കർത്താവിൽ അർപ്പിച്ചിരിക്കയാണ്. അതിലാണ് ഞാൻ സുഖം കണ്ടെത്തുന്നത്. മറ്റു വികാരങ്ങൾ എന്നെ സ്പർശിക്കുന്നേയില്ല.
ടീച്ചർ, ഈ വസ്ത്രങ്ങൾ നിങ്ങൾക്ക് യോജിക്കുന്നേയില്ല. ഇതെല്ലാം അഴിച്ചു വലിച്ചെറിയൂ. ടീച്ചർ മുമ്പുടുത്തിരുന്ന മാതിരി ഭംഗിയുള്ള വസ്ത്രങ്ങൾ ഉടുക്കു. ഞാൻ പണം കൊണ്ടുവന്നിട്ടുണ്ട്. ടൗണിൽ പോയി നല്ല വസ്ത്രങ്ങൾ വാങ്ങാം.
ഗ്രേസിടീച്ചർ ഒന്നും പറയാതെ കണ്ണടച്ചിരുന്നു. കടൽക്കാറ്റ് ജനലിലൂടെ വന്ന് അവരുടെ വസ്ത്രങ്ങൾ ഉലച്ചു. ശാന്തമായിരുന്ന അവരുടെ മുഖത്ത് ക്ഷോഭങ്ങളുടെ വേലിയേറുന്നതും ഇറങ്ങുന്നതും ജയൻ കണ്ടു. നിമിഷങ്ങൾ കഴിഞ്ഞ് തുറന്ന കണ്ണുകൾ ഈറനായിരുന്നു. അവർ ജയനെ നോക്കി പുഞ്ചിരിച്ചു.
ജയൻ, ഞാൻ രണ്ടു പേരെ വളരെയധികം സ്‌നേഹിച്ചു. അവരെ നശിപ്പിക്കാതിരിക്കാനാണ് ഓടിപ്പോയത്. ഞാൻ പ്രസവിക്കില്ലാ എന്നു മനസ്സിലായിട്ടും ജോസ് എന്നെ വളരെയധികം സ്‌നേഹിച്ചു. ഞാൻ മാറിനിന്നാൽ ഒരു പക്ഷെ അദ്ദേഹം വീണ്ടും കല്ല്യാണം കഴിക്കും. കുട്ടികളുണ്ടാവുകയും ചെയ്യും. രണ്ടാമത്തെ ആൾ നിനക്കറിയാമല്ലൊ. ജയന്റെ സ്‌നേഹം തീവ്രമാകുകയാണെന്നു മനസ്സിലായപ്പോൾ അതു നിർത്താൻ ഞാൻ ശ്രമിച്ചു. കഴിഞ്ഞില്ല. പിന്നെയുള്ള പോംവഴി അപ്രത്യക്ഷയാവുക മാത്രമായിരുന്നു.
നീ ഇനിയും നിർബ്ബന്ധിക്കുകയാണെങ്കിൽ ഞാൻ ഇവിടെ നിന്നും അപ്രത്യക്ഷയാകും.
ജയൻ എഴുന്നേറ്റു പുറത്തു കടന്നു. കുറച്ചകലെ തെങ്ങുകൾക്കിടയിലൂടെ കടലിന്റെ ജലരേഖ കാണാം. കടൽക്കരയിലേക്കയാൾ നടന്നു. തണുത്ത കടൽക്കാറ്റ് അയാൾക്ക് വീടിനുള്ളിൽ കിട്ടാത്ത സാന്ത്വനമരുളി.
ഗ്രേസിടീച്ചർ അടുക്കളയിലേക്ക് കടന്നു. ജയന് ഇഷ്ടമുള്ള ഭക്ഷണമെന്താണെന്നവർക്കറിയാം. സ്‌ക്കൂളിൽ നിന്നു വരുന്ന മകന് അവനിഷ്ടമുള്ള ഭക്ഷണമുണ്ടാക്കുന്ന അമ്മയുടെ നിഷ്‌കർഷയോടെ അവർ ചോറും കൂട്ടാനും ഉണ്ടാക്കി.
ഭക്ഷണം കഴിക്കുമ്പോൾ ഗ്രേസിടീച്ചർ പറഞ്ഞു.
ഇതൊരു ചെറിയ തുരുത്താണ്, നാലുപാടും വെള്ളം. പുറത്തു പോകണമെങ്കിൽ കടത്തു കടക്കണം. ഞാൻ ചിലപ്പോൾ ആലോചിക്കാറുണ്ട്.......
അവർ നിർത്തി, അല്ലെങ്കിൽ ഇതിലൊക്കെയെന്താണുള്ളതെന്ന ഭാവത്തിൽ തലയാട്ടി.
നിനക്കു ഞാൻ കുറച്ചുകൂടി ചീരക്കറി തരട്ടെ?
തരു.
അവൻ ചോദിച്ചു. എന്താണ് ആലോചിക്കാറുണ്ടെന്നു പറഞ്ഞത്.
ഒന്നുമില്ല. അവർ പറഞ്ഞു. ഞാൻ ഈ തുരുത്തിനെപ്പറ്റി പറയുകയായിരുന്നു ഇവിടെ കടത്തുകൂലി ഒരു ഭാഗത്തേക്കെ കൊടുക്കേണ്ടു. തിരിച്ചുപോവുമ്പോൾ കൂലികൊടുക്കേണ്ട. അപ്പോൾ എനിയ്ക്ക് എപ്പോൾ വേണമെങ്കിലും പുറത്തുപോകാം. ഒരു ബാദ്ധ്യതയുമില്ലാതെയാണ് വന്നത്, അതുപോലെ പോവുകയും ചെയ്യാം.
ഊണു കഴിച്ചശേഷം അവർ വിശ്രമിക്കാനായി കിടന്നു. രണ്ടു കട്ടിലുകളിൽ അഭിമുഖമായി കിടന്ന് അവർ സംസാരിച്ചു.
ടീച്ചർ പോയപ്പോൾ എനിയ്ക്കു ഭയങ്കര സങ്കടായി. ജയൻ പറഞ്ഞു ഞാൻ കുറെ നേരം കരഞ്ഞു. പിന്നെ ഒരു തീരുമാനമെടുത്തു. ടീച്ചർ എവിടെയെങ്കിലുമുണ്ടാവുമെന്നറിയാം. ഞാൻ പഠിച്ച് ഡിഗ്രിയെടുക്കും, നല്ല മാർക്കോടെ. എന്നിട്ട് നല്ല ഒരു ജോലി കിട്ടിയാൽ ടീച്ചറെ അന്വേഷിച്ചു പിടിച്ച് കല്ല്യാണം കഴിക്കും. ആ ഒരു സമാധാനത്തിലാണ് ഞാൻ ഇതുവരെ ജീവിച്ചിരുന്നത്.
ഇവിടെ ഞങ്ങളുടെ മഠം വളരെ ചെറുതാണ്. ടീച്ചർ പറഞ്ഞു. മഠം എന്നു പറയാനൊന്നുമില്ല. മദർ സുപ്പീരിയർ, പിന്നെ ഞങ്ങൾ മൂന്നു സിസ്റ്റർമാർ അത്രയേയുള്ളു. കാര്യമായി ഈ സ്‌കൂൾ നടത്തിപ്പിനുവേണ്ടിയാണ് ഞങ്ങൾ ഇവിടെ നിൽക്കണത്. ഞങ്ങൾ നാലുപേരും പഠിപ്പിക്കുന്നുണ്ട്. ബാക്കിയുള്ള ടീച്ചർമാർ ടൗണിൽ നിന്ന് കടത്തു കടന്ന് വരികയാണ്. ഇവിടെ ഒരു ചെറിയ അനാഥാലയവും നടത്തുന്നുണ്ട്. പന്ത്രണ്ടു കുട്ടികളുണ്ട്. ഞങ്ങൾ അവർക്കൊക്കെ അമ്മയാണ്. പിന്നെ നല്ല ആരോഗ്യമുള്ള കടൽക്കാറ്റ്. മനസ്സിനെ യാതൊരു അല്ലലുമില്ലാത്ത ജീവിതം! ഇതൊക്കെയല്ലെ നമുക്ക് വേണ്ടത്!
അടുത്തുതന്നെ ഈ തുരുത്തിലും ഒരു പള്ളി വരും. അപ്പോൾ ഞങ്ങളുടെ ഉത്തരവാദിത്വവും കൂടും. മറ്റൊന്നിനെപ്പറ്റിയും ആലോചിക്കാൻ സമയമുണ്ടാവില്ല.
ടീച്ചറുടെ ഭർത്താവെന്തു ചെയ്യുന്നു?
അദ്ദേഹം എന്നെത്തേടി വന്നിരുന്നു. ഞാൻ തിരിച്ചു വരുന്നില്ലെന്നു പറഞ്ഞു. വേറെ കല്ല്യാണം കഴിക്കാനും നിർബ്ബന്ധിച്ചു. കല്ല്യാണത്തിനുമുമ്പ് വീണ്ടും വന്നിരുന്നു. ഇനി വരേണ്ടെന്നും പറഞ്ഞു. അദ്ദേഹം സമാധാനപൂർവ്വം ജീവിക്കട്ടെ.
ഞാൻ ടീച്ചറുടെ അടുത്തു വന്നു കിടക്കട്ടെ? ജയൻ പെട്ടെന്നു പറഞ്ഞു.
കിടന്നോളു, അവർ വാത്സല്യത്തോടെ പറഞ്ഞു. കിടക്കയിൽ അരുകിലേക്ക് നീങ്ങിക്കിടക്കുകയും ചെയ്തു. നല്ല കുട്ടിയായി പെരുമാറണമെന്നു മാത്രം.
ജയൻ എഴുന്നേറ്റ് ടീച്ചറുടെ ഒപ്പം കിടക്കയിൽ കിടന്നു. കിടക്ക ചെറുതായിരുന്നു. അവർ വളരെ അടുത്ത് മുഖത്തോടു മുഖം കിടന്നു. അവരുടെ കൂസലില്ലായ്മയിൽ അവന് അത്ഭുതം തോന്നി. അവർ വഴങ്ങാനുള്ള ശ്രമമാണോ എന്നവൻ സംശയിച്ചു. അവന്റെ ഹൃദയം ശക്തിയായി മിടിച്ചു. അവൻ അവരുടെ മാറിൽ കൈവെച്ചു.
ജയന്റെ കൈ പതുക്കെ എടുത്തുമാറ്റി അവർ പറഞ്ഞൂ. വികൃതി, ഞാൻ പറഞ്ഞില്ലെ നല്ല കുട്ടിയാവണമെന്ന്.
പെട്ടെന്ന് നഷ്ടപ്പെട്ടവയെല്ലാം ഓർത്ത് അവൻ കരയാൻ തുടങ്ങി. അവർ ഒരു നിമിഷം പകച്ചുപോയി. പിന്നെ സാവധാനത്തിൽ അവനെ ആശ്വസിപ്പിക്കാൻ തുടങ്ങി.
നിനക്ക് ഇരുപത്തിനാല് വയസ്സേ ആയിട്ടുള്ളു. നീ ഇപ്പോഴും ഒരു കുട്ടിയാണ്. എനിയ്ക്ക് മുപ്പത്തിരണ്ട് കഴിഞ്ഞു. നീ എന്നെ ചേച്ചിയെന്നു വിളിക്കൂ.
ജയൻ കരച്ചിൽ നിർത്തിയില്ല. അവർ അവന്റെ അരക്കെട്ടിലൂടെ കയ്യിട്ട് അവനെ അടുപ്പിച്ചു, നെറ്റിമേൽ ചുംബിച്ചു.
ജയൻ, അവർ പതുക്കെ പറഞ്ഞു, എനിയ്ക്കിപ്പോഴും നിന്നെ ഇഷ്ടമാണ്. കരയേണ്ട.
ആറുകൊല്ലം മുമ്പ് വൃദ്ധനായ പാതിരിയുടെ മുമ്പിൽ കുമ്പസാരിച്ചത് ഗ്രേസിടീച്ചർ ഓർത്തു, പാതിരിയുടെ ശബ്ദം ദീനാനുകമ്പമായിരുന്നു.
മകളെ നീ കരയേണ്ട. കുമ്പസാരിക്കുക വഴി നീ നിന്റെ പാപങ്ങളെല്ലാം കഴുകി കളഞ്ഞിരിക്കുന്നു. പിതാവിന്റെ സേവനത്തിനായി നിന്റെ ജീവിതം അർപ്പിക്കാനുള്ള തീരുമാനം ഉചിതമായി. നിന്നെ ഞാൻ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.......
ഉറങ്ങിക്കോളു. അവർ പറഞ്ഞു. ഞാൻ അഞ്ചുമണിക്ക് വിളിക്കാം.
ഒരു കൊച്ചുകുട്ടിയെപോലെ ജയൻ ഉറങ്ങുന്നത് സിസ്റ്റർ നോക്കിക്കിടന്നു. സമയം നാലേമുക്കാലായി. സാവധാനത്തിൽ അവർ എഴുന്നേറ്റ് അടുക്കളയിൽ പോയി ചായയുണ്ടാക്കി.
പോകുന്നതിനു മുമ്പ് ഒരിക്കൽകൂടി അവനെ തന്നിലേയ്ക്കടുപ്പിച്ച് അവർ അവന്റെ നെറ്റിമേൽ ചുംബിച്ചു. ജയൻ ഒതുക്കുകൾ ഇറങ്ങിയപ്പോൾ അവർ തിരിച്ച് മുറിയിലേക്ക് വന്നു. യേശുവിന്റെ ചിത്രത്തിനു മുമ്പിൽ മുട്ടുകുത്തി ഇരുന്നു, പ്രലോഭനങ്ങളിൽ നിന്ന് രക്ഷിച്ചതിന് അവർ നന്ദി പറഞ്ഞു. പ്രാർത്ഥനയിൽ മുഴുകി. കണ്ണീർ ധാരയായി വന്ന് അവരുടെ മാറിടം നനച്ചു.
ഞായറാഴ്ച അവർ കുമ്പസാരിച്ചു.
ഫാദർ, അവൻ വന്നു.
എന്നിട്ട്?
ഫാദറിന്റെ ശബ്ദത്തിൽ ഉദ്വേഗമുണ്ടായിരുന്നു. മുമ്പിലുള്ള മറയ്ക്കു പിന്നിൽ നിൽക്കുന്ന ഫാദറിന്റെ രൂപം അവർ ഭാവന ചെയ്തു. അദ്ദേഹത്തിന്റെ ചുളിഞ്ഞു തുടങ്ങിയ മുഖം ഓർമ്മയിൽ വന്നു. നരച്ച പുരികം. മെലിഞ്ഞ കൈകൾ.
ഞാൻ സാത്താന്റെ പ്രലോഭനങ്ങൾക്കു വഴങ്ങാതെ അവനെ പറഞ്ഞയച്ചു.
മറയ്ക്കു പിന്നിൽ നിന്ന് ഒരു ദീർഘനിശ്വാസം.
സ്ത്രീയെ ഫാദർ പറഞ്ഞു തുടങ്ങി. നീ ചെയ്തതു മഹനീയം തന്നെ. സാത്താൻ തന്ന കനി തിന്നാൻ വിസമ്മതിക്കുക മൂലം നീ ആദിസ്ത്രീയായ ഹവ്വയേക്കാൾ ശ്രേഷ്ഠയായിരിക്കയാണ്. ഭാവിയിലും ഇപ്രകാരം പ്രലോഭനങ്ങൾക്കു വഴങ്ങാതെ, സാത്താനുമായുള്ള വിട്ടുവീഴ്ചയില്ലാത്ത സമരത്തിൽ വിജയിക്കാനുള്ള കരുത്ത് നിനക്കുണ്ടാവട്ടെ. ഞാൻ കർത്താവായ യേശുവിനോട് പ്രാർത്ഥിക്കുന്നു. അവൻ എന്നും നിനക്ക് തുണയായി നിൽക്കട്ടെ.
സിസ്റ്റർക്ക് പെട്ടെന്ന് ഫാദറിനോട് ദേഷ്യം തോന്നി. വാക്കുകൾ ഒരു ഓടത്തണ്ട്‌പോലെ പൊള്ളയാണെന്നും, അവ പാതിരിയുടെ കർത്തവ്യത്തെ ലഘൂകരിക്കുകയല്ലാതെ തന്റെ ആന്തരികമായ വൈകാരിക സംഘട്ടനങ്ങളിൽ പ്രയോജനകരമായിട്ടില്ലെന്നും അവർ കണ്ടു.
അവർ താൻ താമസിക്കുന്ന തുരുത്തിനെപ്പറ്റി ഓർത്തു. പള്ളി നിലകൊള്ളുന്നത് വേറൊരു തുരുത്തിലായിരുന്നു. കുറച്ചുകൂടി വലിയ തുരുത്തിൽ. താമസം തുടങ്ങിയ ശേഷം അവർ ആകെ പുറത്തു പോയിട്ടുള്ളത് ഈ രണ്ടു തുരുത്തുകൾക്കിടയിലാണ്. അവിടെ നിന്നു നോക്കുമ്പോൾ കര ക്ഷണിക്കുന്നതായി തോന്നും. ജെട്ടിയ്ക്കു പിന്നിൽ ചുവന്ന ബസ്സുകൾ നിൽക്കുന്നു. കടത്തു കടക്കുകയേ വേണ്ടു. ആ ബസ്സുകളിലൊന്നിൽ കയറി രക്ഷപ്പെടാം. കടത്തുകൂലി കൂടി കൊടുക്കണ്ട.
ബോട്ട് മറുവശത്ത് തുരുത്തിലായിരുന്നു. ടിക്കറ്റു വാങ്ങി ജയൻ ജെട്ടിയിൽ കാത്തുനിന്നു. മറുവശത്ത് തുരുത്തിൽ ഉയർന്നുകണ്ട വെള്ളക്കുരിശ് അപ്പോഴാണയാൾ കണ്ടത്. ഒരു പള്ളിയുടെ ശിഖരമാണതെന്നയാൾ മനസ്സിലാക്കി. സൂക്ഷിച്ചു നോക്കിയപ്പോൾ തെങ്ങുകൾക്കിടയിൽ പള്ളിയുടെ വെള്ളച്ചുമരുകളും കമാനങ്ങളും കണ്ടു. പുതുതായി പണിതതാണ്. അഞ്ചുകൊല്ലത്തിനുള്ളിൽ പല മാറ്റങ്ങളും വന്നതയാൾ ശ്രദ്ധിച്ചു. കുറേക്കൂടി വേഗതയുള്ള വലിയ ബോട്ടുകളാണിപ്പോൾ ഉള്ളത്. ബോട്ടു ജെട്ടിയും കുറേക്കൂടി പുതുക്കിയിരിക്കുന്നു. അഞ്ചുകൊല്ലം മുമ്പ് താൻ രണ്ടു പ്രാവശ്യം അടുപ്പിച്ച് ഗ്രേസിടീച്ചറെ കാണാൻ പോയപ്പോഴും എല്ലാം പഴയ മട്ടായിരുന്നു. ആദ്യപ്രാവശ്യം താൻ കല്യാണം കഴിക്കാൻ പോകുകയാണെന്നു പറയാൻ, രണ്ടാമത് ഭാര്യയുമൊത്ത്. അതിനുശേഷം അവരെ കാണാൻ പോകാഞ്ഞതിൽ അയാൾ സ്വയം കുറ്റപ്പെടുത്തി. ഈ ദുരന്തത്തിന്റെ വിത്തുകൾ അന്നേ പാകിയിരുന്നുവെന്നും, പിന്നീട് ഇടയ്‌ക്കെങ്കിലും അവരെ വന്നു കാണാൻ പറ്റിയിരുന്നെങ്കിൽ അതൊഴിവാക്കാമായിരുന്നെന്നും അയാൾക്കു തോന്നി.
സിസ്റ്റർ പോളിൻ മരിച്ചുവെന്നും, സൗകര്യപ്പെട്ടാൽ വന്നു കാണണമെന്നുമുള്ള കമ്പി അയാളുടെ കീശയിൽ ഉണ്ടായിരുന്നു. ഒരു റവറണ്ട് ഫാദർ ആണ് അയച്ചിരിക്കുന്നത്. ഇഗ്നേഷ്യസ് ആണോ, ഓർമ്മയില്ല. കമ്പി കീശയിൽ നിന്നെടുക്കാൻ അയാൾക്കു തോന്നിയില്ല.
ബോട്ട്, ജെട്ടിയിലടുത്തു. മറ്റു യാത്രികരോടൊപ്പം ജയനും കയറി.
ബോട്ടിന്റെ ഒരു വശത്തിരുന്ന് തെന്നിപ്പോകുന്ന ഓളങ്ങളെ നോക്കിയപ്പോൾ ഗ്രേസിടീച്ചർ പറഞ്ഞതയാൾക്ക് ഓർമ്മവന്നു.
ജയൻ, ഞാൻ ഒരു കന്യാസ്ത്രീയാവാൻ പറ്റിയവളല്ലെന്നു തോന്നുന്നു. ഈ തുരുത്ത് എനിക്കൊരു കാരാഗൃഹമായി തോന്നുന്നു. ഞാൻ ഒരിക്കൽ ഇവിടെ നിന്ന് രക്ഷപ്പെടും. കടത്തുടിക്കറ്റിന്റെ കാര്യം പറഞ്ഞല്ലൊ. ഞാൻ കാര്യമായി പറഞ്ഞതാണ്. എന്റെ യാത്ര പകുതിയാക്കിയിട്ടേയുള്ളുവെന്ന തോന്നൽ ആ ടിക്കറ്റ് എനിയ്ക്ക് തരുന്നുണ്ട്. ആ ടിക്കറ്റ് എന്റെ ഡയറിയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് അതെടുത്തു നോക്കും, ഈ കടവു കടക്കാൻ അതിന്റെ ആവശ്യമൊന്നുമില്ല. പക്ഷെ അതെനിക്ക് എന്നെങ്കിലും രക്ഷപ്പെടാമെന്ന ആശ തരുന്നു. വളരെ ആശ്വാസവും.
ജയൻ കല്ല്യാണം കഴിക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ എനിയ്ക്ക് എന്ത് സന്തോഷമായെന്നോ. ഫോട്ടോവിൽ കാണുമ്പോൾ കുട്ടി നല്ല ഭംഗിയുണ്ട്. ഒരു സാധുവാണെന്നു തോന്നുന്നു. പക്ഷെ ഒപ്പം തന്നെ ജയൻ എനിയ്ക്ക് നഷ്ടപ്പെടാൻ പോവുകയാണെന്ന ബോധം അടക്കാൻ പറ്റുന്നില്ല. ജയൻ ആറാറുമാസം കൂടുമ്പോഴെങ്കിലും വന്നിരുന്നപ്പോൾ എനിയ്ക്ക് ജയനെ നഷ്ടപ്പെട്ടിരുന്നില്ല. ഇപ്പോൾ എന്തോ എനിക്കങ്ങിനെയൊരു തോന്നൽ.
കല്ല്യാണം കഴിഞ്ഞാലും താൻ വരുമെന്ന് അയാൾ വാക്കുകൊടുത്തു. പക്ഷെ ഒരിക്കൽ ഭാര്യയെ കാണിക്കാൻ മാത്രമാണ് പോയത്. പിന്നെ അഞ്ചു കൊല്ലത്തേയ്ക്ക് എന്തുകൊണ്ടോ പോകാൻ പറ്റിയില്ല. ഒരിക്കൽ അവരുടെ കത്തുകിട്ടി. ഒന്നു വന്നു കാണാൻ പറ്റുമോ എന്നന്വേഷിച്ചു കൊണ്ട്. അടുത്തു തന്നെ ചെല്ലാമെന്നു മറുപടി അയച്ചു. അതിനിടയ്ക്ക് സ്വന്തം പ്രാരാബ്ധങ്ങൾ. ജോലിസ്ഥലമാറ്റം, കുട്ടികൾ പഠിപ്പ്.
ബോട്ടിൽ നിന്നിറങ്ങി ജയൻ നടന്നു. പള്ളി പഴയ സ്‌ക്കൂളിനോട് തൊട്ടുതന്നെയായിരുന്നു. മുറ്റത്ത് നിറയെ ആൾക്കാർ കൂടി നിന്നിരുന്നു. പള്ളിയുടെ ഉള്ളിലും ആൾക്കാർ കൂടിനിന്നിരുന്നു. സ്ത്രീകൾ വെളുത്ത ശിരോവസ്ത്രം ധരിച്ചിരുന്നു. പള്ളിയ്ക്കുള്ളിൽ ഒരു കന്യാസ്ത്രീ അയാളെ തിരിച്ചറിഞ്ഞു. അവർ അടുത്തു വന്നു ചോദിച്ചു.
ജയൻ അല്ലെ.
അതെ.
സിസ്റ്റർ പോളിൻ അവിടെയാണ്. അവർ അയാളെ മുന്നിലേയ്ക്ക് കൊണ്ടുപോയി. അവിടെ അൾത്താരയ്ക്കു മുമ്പിൽ ശവമഞ്ചത്തിൽ ഗ്രേസിടീച്ചർ കിടന്നിരുന്നു. മുഖം മാത്രമേ വെളിയിൽ കാണുന്നുള്ളു. ശവമഞ്ചം ആകെ പൂക്കൾകൊണ്ട് മൂടപ്പെട്ടിരുന്നു. താൻ പൂക്കൾ കൊണ്ടു വന്നില്ലെന്ന വിഷമമുണ്ടായി ജയന്. അല്ലെങ്കിൽ താൻ എന്നാണ് ടീച്ചർക്ക് പൂക്കൾ കൊടുത്തിട്ടുള്ളത്.
അവരുടെ മുഖം ശാന്തമായിരുന്നു; മരണത്തിലും മനോഹരമായിരുന്നു. അയാൾ അവരുടെ കാൽക്കൽ മുട്ടുകുത്തി നിന്നു.
വയസ്സായ ഒരു പാതിരി അയാളുടെ അടുത്തുവന്നു. ചുമലിൽ കൈ വെച്ചു. ജയൻ എഴുന്നേറ്റു.
സാരമില്ല മകനെ.
തൂവാലയെടുത്ത് ജയൻ കണ്ണുകളൊപ്പി.
ഫാദർ, അയാൾ ചോദിച്ചു. എങ്ങിനെയാണ് സിസ്റ്റർ മരിച്ചത്?
പാതിരി ഒരു നിമിഷം കണ്ണടച്ച് ധ്യാനനിരതനായി നിന്നു. ചോദ്യം അദ്ദേഹത്തെ വേദനിപ്പിച്ചെന്നു തോന്നുന്നു. ചുളിവുകളുള്ള മുഖത്തെ അയഞ്ഞ പേശികൾ തുടിച്ചു. നേരിയ ചുണ്ടുകൾ പ്രാർത്ഥനയിൽ ഇളകി. അനിർവചനീയമായ സ്‌നേഹത്തിന്റെ നീരുറവ ആ വൃദ്ധനയനങ്ങളെ സാന്ദ്രമാക്കി. സാവധാനത്തിൽ കണ്ണു തുറന്ന് കുരിശു വരച്ചശേഷം അദ്ദേഹം പറഞ്ഞു.
അവളെ കർത്താവു വിളിച്ചു അവൾ പോയി. അവളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.
അൾത്താരയിൽ ഇട്ട മേശയ്ക്കു പിന്നിൽ നാലു വൈദികർ ചുവപ്പും വെള്ളയുമായ കാർമ്മികവേഷത്തിൽ വന്നു നിന്നു. വിശുദ്ധ കുർബ്ബാന തുടങ്ങുകയാണ്. ജയൻ പതുക്കെ ഹാളിന്റെ പിന്നിലേക്കു നടന്നു.
തിരിച്ച് ബോട്ടിൽ പോകുമ്പോൾ അയാൾ നാട്ടിൻ പുറത്തെ നെൽപ്പാടങ്ങൾ ഓർത്തു. ചായ്ഞ്ഞുനിൽക്കുന്ന നെൽച്ചെടികളിൽ നിന്ന് മൂത്ത നെൽമണികൾ ഊരിയെടുത്ത് കൊറിച്ച് വരമ്പിലൂടെ ഉത്സാഹത്തോടെ ടീച്ചറുടെ വീട്ടിൽ ട്യൂഷന് പോയിരുന്നത്. താൻ പടി കടന്നു ചെല്ലുന്നത്, ഉമ്മറത്തെ കസേരയിലിരുന്ന് അവർ നോക്കിയിരുന്നത്. അതെല്ലാം സ്ഥലകാല പരിമിതികൾക്കുമപ്പുറത്തേതോ കൗമാരലോകത്ത് എത്താത്തലങ്ങളിൽ വരച്ചിട്ട ചിത്രംപോലെ അയാൾക്കു തോന്നി. ഇനി അതൊന്നും അയാളുടെ ജീവിതത്തിൽ ഉണ്ടാവാൻ പോകുന്നില്ലെന്ന അറിവ് അയാളെ തളർത്തി.
പള്ളിയും ആൾക്കാരും വളരെ പിന്നിലായെന്നുറപ്പായപ്പോൾ അയാൾ കീശയിൽ നിന്ന് ടീച്ചറുടെ കത്ത് പുറത്തെടുത്തു. വിട പറയുമ്പോൾ പാതിരിയച്ചൻ ളോഹയുടെ കീശയിൽ നിന്നെടുത്തു തന്നതായിരന്നു ആ തുറന്ന കത്ത്. രണ്ടു വരി മാത്രം.
ജയൻ, എന്റെ യാത്ര മുഴുമിക്കാൻ കഴിഞ്ഞില്ല. എന്നോട് ക്ഷമിക്കു. സ്‌നേഹം ഗ്രേസിടീച്ചർ.
ചുറ്റും ഏകാന്തത നിറഞ്ഞ സ്‌നേഹത്തിന്റേതായ ഒരു തുരുത്ത്. അയാൾ ഓർത്തു. ഒരിയ്ക്കൽ യാത്ര മുഴുമിപ്പിക്കാമെന്ന മോഹത്തിൽ സൂക്ഷിച്ചുവെയ്ക്കപ്പെട്ട ഒരു കടത്തു ടിക്കറ്റും.