പുതിയൊരു വെളിപാടിനു വേണ്ടി


ഇ ഹരികുമാര്‍

യുവകവി ഒരു പ്രതിസന്ധിയിലായിരുന്നു. എന്തു ചെയ്യണം? എങ്ങോട്ടു പോകണം? സാഹിത്യരചനയുടെ നിത്യസംഘട്ടനങ്ങളുടെ നാൽക്കവലയിൽ നിന്നുകൊണ്ട് അയാൾ ആലോചിച്ചു. നിന്നോടത്തുതന്നെ നില്ക്കാൻ വയ്യെന്നായിരിക്കുന്നു. നിൽക്കുക എന്നതിനർത്ഥം തുരുമ്പുപിടിക്കുക, പുറ്റാവുക, വിസ്മൃതിയിൽ മറയുക എന്നാണ്. നിരന്തരചലനം ആവശ്യമാണ്. പക്ഷേ എങ്ങോട്ട്? ഏതു ദിശയിലേയ്ക്ക്? ചുറ്റുമുള്ള ഒച്ചപ്പാടുകൾ ചെകിടടക്കുന്നതാണ്, അമ്പരിപ്പിക്കുന്നതാണ്. അതിൽ നിന്ന് തന്റേതായൊരു വഴി കണ്ടുപിടിക്കുക എളുപ്പമല്ല.

തന്റെ ഗുരു കൂടിയായ മഹാകവി ഈ പ്രതിസന്ധിയെപ്പറ്റി നേർത്തെ തന്നെ പറഞ്ഞു വെച്ചിരുന്നു. അദ്ദേഹം പറയാറുണ്ട്.

കുമാരൻ, എല്ലാവരുടെ ജീവിതത്തിലും, സാഹിത്യജീവിതത്തിൽ പ്രത്യേകിച്ചും, ഒരു പ്രതിസന്ധിയുണ്ടാവും. നമുക്ക് തീരുമാനിക്കേണ്ടി വരും നാം എന്തിനു നിലകൊള്ളുന്നു, നമ്മുടെ ലക്ഷ്യമെന്താണ്? നമുക്ക് കടപ്പാടുകൾ ഉണ്ടോ? വ്യക്തികളോടും സമൂഹത്തോടും. എന്റെ ജീവിതത്തിൽ ഈ സംഘട്ടനം വളരെ നേർത്തെയാണുണ്ടായത്. ഏകദേശം ഇരുപത്തഞ്ചാം വയസ്സിൽ.

പുഴയുടെ സാന്ത്വനമരുളുന്ന തണുത്ത കാറ്റേറ്റ്, മണലിൽ ചമ്രം പടിഞ്ഞിരുന്ന് കുമാരൻ കേട്ടിരുന്നു. ഗുരുവിനെ ബീഡിപ്പുക മണത്തിരുന്നു. നരച്ച് എണ്ണമയമില്ലാത്ത തലമുടി കാറ്റിൽ പറന്നു. താടിയിൽ ഒരാഴ്ച പ്രായമുള്ള നരച്ച കുറ്റിരോമങ്ങൾ കാവിനിറമുള്ള അവിടവിടെ പിന്നിയ ഖദർജുബ്ബ.

കുമാരൻ കേട്ടിരുന്നു. ഗുരുവിന്റെ വാക്കുകൾ അമൃതവർഷബിന്ദുക്കൾ പോലെ അയാൾ പാനം ചെയ്തു. പിൽക്കാലങ്ങളിൽ മാനസിക സംഘട്ടനങ്ങളുണ്ടാവുമ്പോഴെല്ലാം ഈ വാക്കുകളുടെ ഓർമ്മ അയാൾക്ക് ആശ്വാസം നല്കി.

ഏകദേശം ഇരുപത്തഞ്ചുവയസ്സായിക്കാണും. മഹാകവി പറഞ്ഞു. ഞാൻ ഒരു മരപ്പീടികയിൽ കണക്കെഴുത്തും പാതിപ്പട്ടിണിയുമായി കഴിയുകയായിരുന്നു മുതലാളി എനിയ്ക്കു തന്നിരുന്നത് പതിനഞ്ചുറുപ്പികയാണ്. ഒരു അഞ്ചുറുപ്പിക കൂടി തന്നാൽ എന്റെ പട്ടിണി ഒഴിവാക്കാമായിരുന്നു. ഞാൻ പക്ഷെ അതിനെപ്പറ്റിയൊന്നും ആലോചിച്ചില്ല. കാരണം ഞാൻ താഴേക്കാണ് നോക്കിയിരുന്നത്. മരപ്പേട്ടയിൽ ജോലിയെടുത്തിരുന്ന തൊഴിലാളികളെ. എല്ലാം പട്ടിണിക്കാർ. രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെ മരം വലിച്ചും, ചുമന്നും, ഊർന്നും അവർ കഠിനാദ്ധ്വാനം ചെയ്തു. അവർക്കു കിട്ടിയിരുന്നതും വളരെ തുച്ഛമായ വേതനമാണ്. ഞാനും രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ ജോലി ചെയ്തിരുന്നതു കൊണ്ട്, ഇതിലൊന്നും വലിയ പാകപ്പിഴയും കണ്ടില്ല.

എന്റെ കാഴ്ചപ്പാടിനെ തകിടം മറിച്ചത് ഒരപകടമായിരുന്നു. ലോറിയിൽനിന്ന് മരമിറക്കുമ്പോഴാണതുണ്ടായത്. ഒരു തൊഴിലാളി ലോറിയിൽ നിന്നു വീണു, ഒപ്പം തന്നെ ഉരുണ്ടു വീണ വലിയൊരു മരത്തടി അയാളെ അരച്ചു കളഞ്ഞു! വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഒരു നിമിഷം മുമ്പ്, അയാൾ തമാശ പറഞ്ഞുകൊണ്ട്, ചിരിച്ചു ബഹളമുണ്ടാക്കിക്കൊണ്ട് ലോറിക്കു മുകളിൽ നിയതിക്കധീതനാണെന്ന ഭാവത്തിൽ നിന്നു. അടുത്ത നിമിഷം, ഒരു ഇമ വെട്ടുന്ന നിമിഷം മാത്രം, അയാൾ താഴെ മരത്തടികൾക്കിടയിൽ വെറും മാംസപിണ്ഡമായി കിടക്കുന്നു. കറുത്തു മെലിഞ്ഞ കാലുകൾ ഏതാനും നിമിഷം ചലിച്ചു. പിന്നെ അതും ഇല്ല. എനിയ്ക്കു ഭയങ്കരമായ ഞെട്ടലുണ്ടായി.

എന്നാൽ ശരിക്കും പരുഷമായ ഞെട്ടലുണ്ടായത് പിന്നീടാണ്. ഞാൻ ആ നിർഭാഗ്യവാന്റെ വീട്ടിൽ പോയപ്പോൾ. ദാരിദ്യം എന്നത് എത്രത്തോളം നീചമാണെന്ന് എനിക്കന്നു മനസ്സിലായി. പാതിപ്പട്ടിണിയും ഉടുക്കാൻ കീറിയ വസ്ത്രങ്ങളും ഉള്ള എന്റെ പരിതാപകരമായ അവസ്ഥയാണ് ദാരിദ്യം എന്നു ഞാൻ വിചാരിച്ചിരുന്നു. എന്നാൽ ദാരിദ്ര്യം എന്നത് അതിലുമൊക്കെ താഴെ, വ്യാഖ്യാനത്തിനുമൊക്കെ അപ്പുറത്താണെന്ന് ഒരു ഞെട്ടലോടെ തന്നെ ഞാൻ മനസ്സിലാക്കി.

കറുത്തിരുണ്ട മെലിഞ്ഞ പേക്കോലങ്ങൾ. അവരുടെ ഇരുണ്ട മുഖത്ത് വിശപ്പുണ്ടായിരുന്നു. മരിച്ച തൊഴിലാളിയുടെ അലമുറയിടുന്ന ഭാര്യ ധരിച്ചിരുന്ന കീറിയ വസ്ത്രങ്ങളിലൂടെ അവരുടെ ഉണങ്ങിയ ശരീരം കാണാം. വിറകു കൊള്ളിപോലെ ശുഷ്‌കമായ കൈകാലുകൾ, ഉണങ്ങി ഒട്ടിയ മുലകൾ. ചുറ്റും കിടന്നു കരയുന്ന കുട്ടികൾ ഒരു കാലത്ത് കടിച്ചു വലിച്ചു ചപ്പിയിരുന്ന മുലകൾ. അവരും ജോലിക്കു പോകാറുണ്ടെന്ന് ഞാനറിഞ്ഞു. ഇഷ്ടികയുണ്ടാക്കുന്ന കമ്പനിയിൽ. രണ്ടുപേരും ജോലിയെടുത്തിട്ടും അവരുടെ സ്ഥിതി ഇതാണ്. പുഴുക്കളേക്കാൾ മോശമായ ജീവിതം.

ആ അനുഭവം എന്റെ മനസ്സിൽ കുറെ ചോദ്യങ്ങൾ ഉയർത്തി. എന്ത്? എന്തിന്? എങ്ങോട്ട്? ഒരു തീരുമാനമെടുക്കാൻ വളരെ എളുപ്പമായിരുന്നു. അന്നാണ് ഞാൻ ചുമട്ടുതൊഴിലാളികളെപ്പറ്റിയുള്ള കവിത എഴുതിയത്.

ആ കവിതയാണ് മഹാകവിയ്ക്ക് വിപ്ലവകവി എന്നപേർ നേടിക്കൊടുത്തത്. കുമാരൻ ഓർത്തു.

മഹാകവി ജീവിച്ചിരുന്ന കാലത്ത് മത്സരം കുറവായിരുന്നു. വരുംവരായ്കളെപ്പറ്റി അധികമൊന്നും ആലോചിക്കാതെതന്നെ ജനം പെട്ടെന്നൊരാളെ അംഗീകരിച്ചു. ചോദ്യം ചെയ്യലില്ല, വിധി പറയലില്ല, അംഗീകാരം മാതം. ഇന്നതല്ല സ്ഥിതി. രംഗത്ത് കൂടുതൽ പേർ മത്സരത്തിനുണ്ട്. ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള മത്സരമാണ്. ശ്രദ്ധ പിടിച്ചു പറ്റലാണ് കാര്യം, എന്തെഴുതുന്നു എന്നതില്ലല്ല. അതിനായി ചെപ്പടി വിദ്യയും പൊടിക്കയ്യും നോക്കേണ്ടിവരും. വായനക്കാരെ അത്ഭുതപ്പെടുത്തുകയാണ്, ഞെട്ടിക്കുകയാണ് വേണ്ടത്. അതിനു വേണ്ടി ഏതു മാർഗ്ഗവും അവലംബിക്കാം. മാർഗ്ഗത്തെ ആരും ചോദ്യം ചെയ്യുന്നില്ല. അവർക്ക് ഫലമാണ് കാര്യം. അതിൽ സംതൃപ്തനാണെങ്കിൽ അംഗീകാരം അനായാസേന വരുന്നു.

തന്റെ കവിതകളുടെ ഗുണനിലവാരത്തെപ്പറ്റി കുമാരന് മതിപ്പുണ്ട്, തന്റെ ഓരോ വരിയിലും കവിത തുളുമ്പി നിൽക്കുന്നത് അയാൾ കാണുന്നുണ്ട്. പക്ഷെ അംഗീകാരം മാത്രം കൈയ്യെത്താദൂരത്ത് അകന്നുനിന്നു. മറിച്ച് തന്നെക്കാൾ പ്രാഗത്ഭ്യം കുറഞ്ഞ പുതിയ എഴുത്തുകാരാകട്ടെ പ്രശസ്തിയിലേക്ക് കുതിക്കുന്നതും കാണുന്നു.

ഒരു വിധത്തിൽ പറഞ്ഞാൽ അംഗീകാരം പുറംവാതിൽക്കൽ വന്ന് എത്തി നോക്കുന്നുണ്ട്. അത് കുമാരന് ബോദ്ധ്യമായത് സ്വന്തം കവിതകൾ സ്റ്റേജുകളിൽ ചൊല്ലാൻ തുടങ്ങിയപ്പോഴാണ്. കുമാരന്റെ ശബ്ദം ഘനഗംഭീരമായിരുന്നു. സ്വന്തം കവിതകൾ വളരെ തന്മയത്വത്തോടെ സ്റ്റേജുകളിൽ ഉറക്കെപ്പാടി. ജനത്തിന്നതിഷ്ടമായി. അവർ വീണ്ടും വീണ്ടും പാടാൻ കുമാരനെ നിർബ്ബന്ധിച്ചു. കവിത ഉറക്കെ താളാത്മകമായി പാടാനുള്ളതാണെന്ന കാര്യം അയാളാണ് മറ്റുള്ളവരെ മനസ്സിലാക്കിച്ചത്.

താൻ കൂടുതൽ അരങ്ങുകളിൽ ക്ഷണിയ്ക്കപ്പെട്ടത് കുമാരനെ അത്ഭുതപ്പെടുത്തി. കവിതാപാരായണത്തിൽത്തന്നെ നവീനതകൾ ഉണ്ടാക്കാൻ അയാൾ ശ്രദ്ധിച്ചു. തന്റെ കവിതയുടെ ഉൾക്കാമ്പിനോടൊത്ത വേഷധാരണങ്ങൾ, സ്റ്റേജ് സജ്ജീകരണങ്ങൾ, വെളിച്ച സംവിധാനം എന്നിവ ഉണ്ടാക്കാൻ അയാൾ ശ്രദ്ധിച്ചു. ഗുഹാമനുഷ്യനെപ്പറ്റിയുള്ള തന്റെ കവിത ചൊല്ലുമ്പോൾ അയാൾ ഇലകൾ തുന്നിക്കൂട്ടിയ വസ്ത്രം ധരിച്ചു, സ്റ്റേജിൽ നേരിയ വെളിച്ചം മാത്രം വീഴ്ത്തി. ഇതെല്ലാം ആസ്വാദ്യതയുടെ മാറ്റുകൂട്ടുകയും കുമാരനെ കൂടുതൽ സ്വീകാര്യനാക്കുകയും ചെയ്തു.

പക്ഷെ ഇതൊന്നും കുമാരനെ സന്തോഷിപ്പിക്കുകയല്ല ചെയ്തത്. ഒരു സ്റ്റേജ് ആർട്ടിസ്റ്റെന്ന നിലയ്ക്കല്ലാതെ ഒരു കവിയെന്ന നിലയിൽ തനിയ്ക്കുള്ള അംഗീകാരം കുറവായിരുന്നു. അതയാളെ വേദനിപ്പിച്ചു. സ്വന്തം കവിതകൾക്കു പകരം മറ്റേതെങ്കിലും കവികളുടെ കവിതകൾ ചൊല്ലിയാലും, അത് ഒരു സ്‌ക്കൂൾകുട്ടിയെഴുതിയ പദ്യമായാലും മതി, തനിയ്ക്ക് ഇതേ തരത്തിലുള്ള കൈയ്യടി കിട്ടുമെന്ന് കുമാരന് ഉറപ്പായിരുന്നു. അതയാളെ ചൊടിപ്പിക്കുകയും അതേ സമയം വേദനിപ്പിക്കുകയും ചെയ്തു. തനിയ്ക്ക് വേണ്ടത് കവിയെന്ന നിലയ്ക്കുളള അംഗീകാരമാണ്. പാട്ടുകാരനെന്ന നിലയ്ക്കല്ല. ഒരു പാട്ടുകാരനെന്ന നിലയ്ക്ക് തനിയ്ക്കധികം ഉയരാൻ പറ്റില്ലെന്ന് അയാൾക്കറിയാമായിരുന്നു. ഒരു ജന്മവാസനകൊണ്ടും, കുട്ടിക്കാലത്ത് അമ്മ നാമം ജപിക്കുന്നതിന്റെ ശീലു കേട്ട ഓർമ്മയിലുമാണ് അയാൾ പാടുന്നത്. ശാസ്ത്രീയ സംഗീതത്തിന്റെ ബാലപാഠങ്ങൾ പോലും അയാൾ പഠിച്ചില്ലായിരുന്നു. അതു കുമാരനെ ഭയപ്പെടുത്തുകയും ചെയ്തു. ഒരിയ്ക്കൽ തന്റെ കവിതയ്ക്ക് അകമ്പടിയായി ഒരു ഉടുക്കുകാരനെ കൊണ്ടുവന്നു. താൻ കാണിച്ചതിൽ വെച്ചേറ്റവും വലിയ വിഡ്ഢിത്തമായി ആ പരീക്ഷണം കലാശിച്ചു. കവിത തുടങ്ങിയപ്പോൾ ഉടുക്കുകാരൻ ഒരു വഴിക്കും കുമാരൻ വേറൊരു വഴിക്കും പോകുന്നതും, രണ്ടുപേരും തടഞ്ഞു വീഴുന്നതും അയാൾ കണ്ടു. ഉടുക്കുകാരൻ തന്റെ ഒപ്പമെത്താൻ പല പ്രാവശ്യം വിഫലമായി ശ്രമിക്കുന്നതയാൾ കണ്ടിരുന്നു. പരീക്ഷണം പാതിയിൽ നിർത്തേണ്ടിവന്നു.

താൻ ഏതുവഴിക്കു തിരിയണമെന്ന പ്രശ്‌നം അയാളെ വീണ്ടും അലട്ടി. അയാൾ സംത്യപ്തനായിരുന്നില്ല. അതൃപ്തിയുടെ ഭാണ്ഡവുമേന്തി അയാൾ തെരുവുകൾ തോറും അലഞ്ഞു. പെട്ടെന്നൊരു ദിവസം അയാൾക്ക് ഭൂതോദയമുണ്ടായി. ബോധിവൃക്ഷത്തിനു താഴെ ഇരുന്ന സിദ്ധാർത്ഥന്റെ മട്ടിൽ അറിവ് കുമാരനിൽ ഒരു ധാരയായി വന്നു ചേർന്നു.

ഒരു സിനിമാഹാളിൽ വെച്ചാണതുണ്ടായത്. നഗരത്തിലെ അനേകം സിനിമാഹാളുകളിൽ ഒന്ന്. ഒടിഞ്ഞ കസേലകളും, ചവറും എലികളും നിറഞ്ഞ നിലവും, വായുവിൽ കഞ്ചാവിന്റെ മണവുമുള്ള ഒരു സിനിമാ ഹാൾ. സിനിമ തുടങ്ങിയപ്പോഴാണയാൾ മനസ്സിലാക്കിയത്. വെറും ഒരു മൂന്നാം തരം സിനിമ. താനെന്തിനാണ് ഈ സിനിമയ്ക്ക് കയറിയതെന്ന് അയാൾ അത്ഭുതപ്പെടുകയായിരുന്നു. ഒരു പക്ഷെ വിധിയായിരിക്കാം. പുറത്തുള്ള മടുപ്പും. അതൃപ്തിയും. വ്യക്തിപരമായ ആശയക്കുഴപ്പങ്ങളിൽ നിന്ന് താൽക്കാലികശാന്തി കിട്ടുമെന്ന ധാരണയുമാണയാളെ സിനിമാഹാളിലേക്കു നയിച്ചത്. എന്തായാലും ആ തീരുമാനത്തിൽ അയാൾ പശ്ചാത്തപിക്കാൻ തുടങ്ങിയിരുന്നു.

അപ്പോഴാണതുണ്ടായത്. വെള്ളിത്തിരയിൽ ഒരു ബലാൽസംഗം നടക്കുന്നു. നായികയെ വില്ലൻമാരെല്ലാം കൂടി ഒരു കൂട്ടബലാൽസംഗം. ഹാൾ നിശ്ശബ്ദമായിരുന്നു. എല്ലാവരും വെള്ളിത്തിരയിലേക്കു തന്നെ വീർപ്പടക്കി നോക്കിയിരിക്കയാണ്.

അഞ്ചു മിനിറ്റുനേരം നീണ്ടുനിന്ന ബലാൽസംഗത്തിനുശേഷം നായിക അല്പപ്രാണയായി, അല്പ വസ്ത്രയായി കിടക്കുന്നതോടെ സീൻ മാറുന്നു.

ആവു അഞ്ചുറുപ്പിക മൊതലായി.

പിൻസീറ്റിൽ നിന്നൊരാൾ പറഞ്ഞു. കുമാരൻ നോക്കിയപ്പോൾ പലരും എഴുന്നേറ്റു ഹാൾ വിടുകയാണ്. അപ്പോൾ ഈ ഒരു കാഴ്ച കാണാൻ വേണ്ടി കാശുകൊടുത്ത് ഇരച്ചുകയറിയവരാണിവർ. ഒരു പക്ഷെ ഈ ഒരേ ഒരു സീൻമാത്രം കാട്ടിയാലും ആൾക്കാർ അഞ്ചുറുപ്പിക കൊടുത്ത് ടിക്കറ്റെടുത്ത് കാണാൻ വരുമായിരിക്കും.

ഈ അറിവ് കവിയുടെ മനസ്സിൽ ധാർമ്മികരോഷം ഉണർത്തി. ഒപ്പം തന്നെ മാരകമായൊരു അറിവും. മനുഷ്യമനസ്സുകളുടെ ഇരുണ്ട ഉള്ളറകളെപ്പറ്റിയുള്ള അറിവ്. ഇരുട്ടിൽ നേരിയ വെട്ടം വീണപോലെ. അയാൾ ആലോചിച്ചു. എല്ലാമനുഷ്യരിലും ഒരു നല്ലവശമുണ്ട്, ധർമ്മത്തെ കാമിക്കുന്ന, ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കാൻ വെമ്പുന്ന ഒരു വശം. അലക്കി ഇസ്തിരിയിട്ട വസ്ത്രം പോലെ മനുഷ്യർ ഈ വശം മാത്രം പുറത്തുകാട്ടുന്നു. എന്നാൽ ഒപ്പം അത്ര തന്നെയോ അല്ലെങ്കിൽ അതിനേക്കാൾ ശക്തമായോ വേറൊരു വശമുണ്ട്. ഇതിനെല്ലാം എതിരെ, ഇതിനെയെല്ലാം കാറ്റിൽ പറത്തുന്ന ഒരു വശം, അധർമ്മത്തിന്റേതായ ഒരു വശം. സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്നതു കാണുമ്പോൾ അവരെ രക്ഷിക്കാൻ ശ്രമിക്കുന്ന വശത്തിനൊപ്പം തന്നെ ആ ബലാൽസംഗം കണ്ട് ആസ്വദിച്ചു തൃപ്തിയടയാനും, പറ്റുമെങ്കിൽ ആ ക്രിയയിൽ ഭാഗഭാക്കാവാനും വെമ്പുന്ന ഒരു മനസ്സ്.

ഈ സിനിമയിലെ നായിക സുന്ദരിയായിരുന്നു. അവൾ എപ്പോഴും അഭിനയിച്ചിരുന്നത് ശാലീനയായ ഒരു കാമുകിയെപ്പോലെയോ, കുലീനയായ ഒരു നവവധുവിനെപ്പോലെയോ ചാരിത്രവതിയായ വീട്ടമ്മയെപ്പോലെയോ ആണ്. കുലീനയായ ഒരു സ്ത്രീയുടെ പ്രതിഛായയാണ് ആ നടി പാടുപെട്ടുണ്ടാക്കിയിരുന്നത്. അതൊരു പക്ഷെ ഈ പ്രേക്ഷകരിൽ കൂടുതൽ ഉത്സാഹത്തിമർപ്പുണ്ടാക്കിയിരിക്കണം. കുലീനത എത്ര കൂടുന്നുവോ, അത്രയും സംതൃപ്തിയാണ് അതു നശിപ്പിക്കപ്പെടുന്നതു കാണാൻ. ഒരു മരക്കൊള്ളി ഒടിക്കുന്നതിൽ സംതൃപ്തിയില്ല. ഒരു തുടുത്ത പൂവു ഞെരിക്കുമ്പോഴാകട്ടെ, ചവുട്ടിയരക്കുമ്പോഴാകട്ടെ അത് നമ്മുടെ അധമഭാഗത്തിന് സംതൃപ്തിയുണ്ടാക്കുന്നു.

ഈ ചിന്ത യുവകവിയിൽ ചില ചലനങ്ങളുണ്ടാക്കി. ഒരു രാസക്രിയ പോലെയായിരുന്നു അത്. കുറച്ചു കാലമായി മനസ്സിനെ, അലട്ടിയിരുന്ന പ്രശ്‌നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്തിയിരിക്കുന്നു. പോകേണ്ട വഴി മുന്നിൽ തെളിഞ്ഞു വന്നിരിക്കുന്നു. അംഗീകാരത്തിലേക്കുള്ള പാത, ഉയരങ്ങളിലേയ്ക്കുള്ള ഏണിപ്പടികൾ. കുമാരൻ പിന്നെ ഒന്നും ആലോചിച്ചില്ല.

സ്‌നേഹത്തിന്റെ സൗന്ദര്യത്തിനു പകരം അയാൾ ഉഷ്ണപ്പുണ്ണിന്റെ വൈരൂപ്യത്തെപ്പറ്റി എഴുതി. സ്വഛമായ അരുവികൾക്കു പകരം നാറുന്ന, പുഴുക്കൾ പുളയുന്ന ഓടകളെപ്പറ്റി എഴുതി. സ്ത്രീത്വത്തിന്റെ മഹിമക്കു പകരം വ്യഭിചാരത്തിന്റെ അഭികാമ്യതയെ പുകഴ്ത്തി. കാവ്യാസ്വാദനത്തിനു പകരം കഞ്ചാവിന്റെ ലഹരിയെ സ്തുതിച്ചു. ഒരു പുതിയ കാവ്യവീക്ഷണം. ഒരു പുതിയ സൗന്ദര്യദർശനം.

പുതിയ കവിതകൾ വിജയകരമായിരുന്നു. കവിതകളെ, അവയിലില്ലാത്ത ഗുണങ്ങളാൽ പ്രകീർത്തിക്കാൻ നിരൂപകന്മാർ മത്സരിച്ചു. കനത്ത നിരൂപണങ്ങളും പഠനങ്ങളും ഒന്നിനൊന്നായി പ്രത്യക്ഷപ്പെട്ടു. ലാറ്റിനമേരിക്കയിലേയും ആഫ്രിക്കയിലേയും കവികളുമായി കുമാരനെ താരതമ്യപ്പെടുത്തി കവിതയുടെ മാറ്റ് ഉരച്ചു കാണിക്കുകയും ചെയ്തു.

പുതിയ കവിതകൾ ചൊല്ലുന്നതു കേൾക്കാൻ ആൾക്കാർ ഇരച്ചുകയറി. കവിത വായിക്കാനുള്ള ക്ഷണം നിരന്തരം ഒഴുകി വന്നു. കവിതകൾ കാസറ്റുകളിൽ ആക്കപ്പെട്ടു. കാസറ്റുകൾ പെട്ടെന്ന് വിറ്റഴിഞ്ഞു. വീണ്ടും പുതിയ കവിതകൾ ഉൾക്കൊള്ളുന്ന കാസറ്റുകൾ.

പ്രശസ്തിയുടെ പാരമ്യത്തിലെത്തിയപ്പോൾ കുമാരൻ ചില ചിട്ടകളെല്ലാം ഉണ്ടാക്കി. കവിത ചൊല്ലിക്കഴിഞ്ഞാൽ അയാൾ സ്റ്റേജിൽ നിന്നിറങ്ങി ഹാളിന്റെ വാതിലിനു പുറത്ത് നിലയുറപ്പിക്കും. ആരാധകർക്ക് ദർശനത്തിനായിരുന്നു അത്. ഈ പരിപാടി അയാൾ വളരെ ക്രമമായി ഒരു ആചാരമെന്ന പോലെ അനുഷ്ഠിച്ചു പോന്നു. ആരാധകരിൽ ആസ്വാദകരുണ്ടായിരുന്നു, അനുഗ്രഹാശിസ്സുകൾ തേടുന്ന കൊച്ചുകവികളുണ്ടായിരുന്നു. താന്താങ്ങളുടെ അരങ്ങിലേയ്ക്കു കവിത ചൊല്ലാൻ ക്ഷണിയ്ക്കുന്ന സംഘാടകരുണ്ടായിരുന്നു. എല്ലാവരേയും കുമാരൻ ദീനാനുകമ്പയോടെ സ്വീകരിച്ചു ആശിർവ്വദിച്ചു.

കൂടുതൽ കവികൾ പങ്കെടുക്കുന്ന കവിയരങ്ങിലാവട്ടെ കുമാരന്റെ ആചാരമുറകൾ ബുദ്ധിമുട്ടുണ്ടാക്കി. കുമാരന്റെ കവിത ചൊല്ലൽ കഴിഞ്ഞാൽ സ്റ്റേജിൽ ബാക്കിയുള്ളവരെ തീരെ അവഗണിച്ചുകൊണ്ട് കുമാരൻ സ്റ്റേജിൽ നിന്നിറങ്ങുകയും വാതിലിനു പുറത്ത് ആരാധകരേയും പ്രതീക്ഷിച്ച് നില്ക്കുകയും ചെയ്യും. പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് കവികൾക്ക് ഇതൊരു തലവേദനയായി മാറാറുണ്ട്. അവരുടെ കവിതാ പാരായണത്തിനിടയ്ക്കായിരിക്കും കുമാരന്റെ വാതില്ക്കലുള്ള നില്പ്. അത് ഹാളിൽ അങ്കലാപ്പുണ്ടാക്കുന്നു. അത് തങ്ങളോടുള്ള അവഗണനയായി മറ്റു കവികൾ കരുതി. പരാതി പറയാൻ അവർ അശക്തരായിരുന്നു, കാരണം ഒഴുക്ക് കുമാരന്റെ ഭാഗത്തേക്കായിരുന്നു. അവർ വിഷണ്ണരായി, എങ്കിലും അതു മറച്ചുവെച്ചു അക്ഷോഭ്യരായി കൂടുതൽ ഉച്ചത്തിൽ കവിത വായിച്ചു. ഇത് കുമാരനിൽ ഗർവ്വുണ്ടാക്കി. താൻ ലോകത്തിനു മുകളിൽ നിൽക്കുകയാണെന്ന തോന്നൽ അയാൾക്കുണ്ടായി.

വാസ്‌തവം പറഞ്ഞാൽ കുമാരന്റെ കവിതകൾ ആരേയും സ്വാധീനിച്ചിട്ടില്ല. സ്വാധീനിച്ചിരുന്നെങ്കിൽ ഫലം ദാരുണമായേനെ. നാട്ടിൽ വ്യഭിചാരവും, കൊല്ലും കൊലയും. ബലാൽസംഗവും അധികമായേനെ. അങ്ങിനെയൊന്നുമുണ്ടായില്ലെന്ന് കണക്കുകൾ തെളിയിച്ചു. നാട്ടുകാർ കുമാരന്റെ കവിതകൾ അതർഹിക്കുന്ന വിധത്തിൽ തന്നെ എടുത്തു. വായിക്കാൻ, കേൾക്കാൻ, അത്രമാത്രം. ആ വായനയിലുണ്ടാകുന്ന ലഹരിയിൽ, മനസ്സിന്റെ അധമഭാഗത്തെ അവർ സംതൃപ്തരാക്കി. അപകടങ്ങൾ മറ്റുള്ളവർക്കുണ്ടാകുന്നത്, അന്യന്റെ ഭാര്യ ബലാൽസംഗം ചെയ്യപ്പെടുന്നതു കാണുന്നത് അവർക്കിഷ്ടമായിരുന്നു എത്രയായാലും ഇതൊക്കെ കവിത മാത്രമല്ലെ എന്ന ഒഴിവുകഴിവ് അവർക്കൊരു മറയായി.

മുകളിൽ എത്താനുള്ളതിനേക്കാൾ വിഷമമാണ് ആ സ്ഥാനം കൈവിടാതെ സൂക്ഷിക്കാൻ. കയറുന്നതിനേക്കാൾ കൂടുതൽ അഭ്യാസം കാണിക്കണം വീഴാതിരിക്കാൻ. ആൾക്കാരുടെ ശ്രദ്ധ മറ്റൊന്നിലേക്ക് വ്യാപരിക്കാതിരിക്കാൻ പുതിയ അഭ്യാസങ്ങൾ കാണിക്കേണ്ടിയിരിക്കുന്നു. കുമാരന്റെ അഭ്യാസങ്ങളുടെ കലവറ ഒഴിഞ്ഞു തുടങ്ങിയിരുന്നു. തന്റെ കവിതകളെപ്പറ്റിയുള്ള നിരൂപണങ്ങളും പഠനങ്ങളും കുറഞ്ഞുതുടങ്ങി. മുമ്പത്തെപ്പോലെ ഉത്സാഹമില്ല. തന്റെ ഗുരുവായ മഹാകവി പറയാറുള്ളത് കുമാരൻ ഓർത്തു. നമ്മുടെ കവിതകൾ ഇപ്പോഴുള്ള വായനക്കാർ എങ്ങനെ സ്വീകരിക്കുന്നു എന്നത് നോക്കണ്ട. നമ്മൾ സത്യസന്ധരായാൽ മതി. വായനക്കാർ ഒരു പക്ഷെ നമ്മെ മനസ്സിലാക്കാൻ കുറെ സമയമെടുക്കും, ഒരു പക്ഷെ നാം മരിച്ചു പോയതിനു ശേഷമാവും മനസ്സിലാക്കുക. മനസ്സിലാക്കുമ്പോഴാകട്ടെ അതവരെ ആഹ്ലാദഭരിതരാക്കണം, അത്ഭുതപ്പെടുത്തണം.

ഗുരു പറഞ്ഞത് ശരിയാണെന്ന് കുമാരന് ഇപ്പോൾ ബോദ്ധ്യമായിത്തുടങ്ങി. മഹാകവിയുടെ കവിതകളുടെ പഠനങ്ങൾ ഇപ്പോൾ വരാൻ തുടങ്ങിയിട്ടേയുള്ളൂ. ആ പഠനങ്ങൾ എഴുതുന്ന നിരൂപകന്മാരാകട്ടെ വളരെയേറെ പഠിച്ചവരും. തന്റെ കവിതകളെപ്പറ്റി ധാരാളം പഠനങ്ങൾ വന്നുകഴിഞ്ഞു. പക്ഷെ അവയെല്ലാം തന്നെ അപക്വമതികളായ പടിഞ്ഞാറു നോക്കികളും, വായനക്കാരെ ഭ്രമിപ്പിക്കുമാറ് വാചക കസർത്തുകൾ നടത്തുന്നവരും സത്യസന്ധതയും ആത്മാർത്ഥതയും തീണ്ടിയിട്ടില്ലാത്തവരുമായിരുന്നു. ജനപ്രീതി നേടിയതിനെ പുകഴ്ത്തി പേരെടുക്കാൻ ശ്രമിക്കുന്നവരായിരുന്നു അവർ. നാളെ തന്റെ കവിതകളോ, ഈ നിരൂപകരുടെ പഠനങ്ങളോ ആരും വായിക്കാൻ പോകുന്നില്ലെന്ന് കുമാരന് ബോദ്ധ്യവുമായിരുന്നു.

പ്രഗത്ഭരായ ചെറുയുവകവികൾ ഉയർന്നുവരുന്നത് ഒരു ഭീതിയോടെ കുമാരൻ നോക്കിക്കണ്ടു. അവരിൽത്തന്നെ ഒരു കവി ഒരുജ്ജ്വല നക്ഷത്രം പോലെ പ്രകാശിക്കുന്നതും അയാളെ ഭയപ്പെടുത്തി. മലയാളം എം.എ. ബിരുദധാരിയാണ് ഉണ്ണി നമ്പൂതിരി. വാരികകളിൽ കവിതകൾ വരാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. അയാൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയെന്നതാണ് ഏറ്റവും അപകടം പിടിച്ചത്. ഉണ്ണിയുടെ കവിതകൾ പഠനവിധേയമാക്കിത്തുടങ്ങി. തന്റെ ഗുരു മഹാകവിയുടെ കവിതകളെപ്പറ്റി പഠനങ്ങളെഴുതുന്ന തലമുതിർന്ന നിരൂപകരാണ് ഉണ്ണിയുടെ കവിതകളെപ്പറ്റിയും എഴുതുന്നത്. അല്ലാതെ തന്റെ കവിതകളെപ്പറ്റി പൊള്ളയായ വാചകങ്ങളെഴുതുന്ന പടിഞ്ഞാറുനോക്കികളല്ല. ഇത് കുമാരന് ക്ഷീണമുണ്ടാക്കി.

തന്റെ കവിതകളുടെ നേരെ എതിരായാണ് ആ യുവകവി എഴുതിയിരുന്നത്. മുല്ലപ്പൂവിന്റെ സൗരഭ്യം ഓടയുടെ ഗന്ധത്തേക്കാൾ നല്ലതാണെന്ന് അയാൾ പാടി. കാല്പനികതയെ വീണ്ടും കുടിയിരുത്താനുള്ള ശ്രമത്തിൽ ഉണ്ണി വിജയിച്ചു. അയാളും കവിതാപാരായണം ഒരു കലയായി വികസിപ്പിച്ചെടുത്തിരുന്നു. നമ്പൂതിരിക്ക് ശാസ്ത്രീയ സംഗീതത്തിൽ പിടിപാടുള്ളതുകൊണ്ട് കൂടുതൽ തന്മയത്വത്തോടെ അകമ്പടികളോടെ പാടുവാൻ കഴിഞ്ഞിരുന്നു. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഉണ്ണിനമ്പൂതിരി സ്റ്റേജിൽ കയറുമ്പോൾത്തന്നെ ആൾക്കാർ കയ്യടിക്കാൻ തുടങ്ങി. കവിത ഉറക്കെ വായിക്കുക മാത്രമല്ല സംഗീതാവിഷ്ക്കാരം ചെയ്യുക കൂടി ആവാമെന്നയാൾ തെളിയിച്ചു.

പച്ചപ്പുല്ലിന്റെ നൈർമ്മല്യം, മുക്കൂറ്റിപ്പൂവിന്റെ ചാരുത, പുതുമഴയുടെ സംഗീതം, മണ്ണിന്റെ വാസന, ഇതെല്ലാം വായനക്കാരെ തങ്ങളുടെ കുട്ടിക്കാലത്തെത്തിച്ചു. ഇതൊന്നും തങ്ങൾക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന ബോധം ഉണ്ണിയുടെ കവിതകൾ അവരിലുണ്ടാക്കി.

ഇതെല്ലാം സ്വാഭാവികമായി വരേണ്ട അനിവാര്യതയുടെ തുടക്കം മാത്രമായിരുന്നു. ജനങ്ങളെ കുറച്ചുകാലം കളിപ്പിക്കാം. അവർ ആ പുകമറയിൽ നിന്ന് രക്ഷപ്പെടുകതന്നെ ചെയ്യും. പുറത്തുകടന്ന് ശുദ്ധവായു ശ്വസിക്കുമ്പോഴാണ് അവർക്ക് ഇത്രയും കാലം നഷ്ടപ്പെട്ടതെന്താണെന്നു മനസ്സിലാവുന്നത്. ലോകം വൈരൂപ്യം നിറഞ്ഞതു തന്നെ, പക്ഷെ നമ്മുടെ രചനകൊണ്ട് ആ വൈരൂപ്യം കൂട്ടണമെന്നില്ലല്ലൊ. അതുപോലെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള അടുപ്പം; അതും വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും പഴമയുടെ പേരിലെങ്കിലും അതുണ്ടെന്ന് നടിച്ചു കൂടെ?

തന്റെ പ്രശസ്തി കുറഞ്ഞുവരുന്നത് കുമാരൻ വല്ലായ്മയോടെ നോക്കി. ഒപ്പം ഉണ്ണിനമ്പൂതിരിയുടെ കവിതയ്ക്ക് പ്രിയം കൂടുന്നതും.

ഉണ്ണിനമ്പൂതിരിയുമായി ഒരേ സ്റ്റേജിൽ പ്രത്യക്ഷപ്പെടാതിരിക്കാൻ കുമാരൻ ഒഴിവു കഴിവുകൾ കണ്ടെത്തി. ഒരു സംഘട്ടനം ഉണ്ടാവുമെന്നയാൾക്കറിയാം. അതിനായി അയാൾ മനസ്സിൽ തയ്യാറെടുപ്പു നടത്തി. പ്രതീക്ഷിച്ച സംഘട്ടനം പ്രതീക്ഷിച്ചതിലും നേർത്തെ ഉണ്ടായി.

ഹാളിന്നു പുറത്തെ കമാനത്തിനു താഴെ കുമാരൻ സംശയിച്ചു നിന്നു. കമാനം വളരെ ഉയർന്നതായിരുന്നു. അതിനു താഴെ താൻ ഒരു ഉറുമ്പായി കുമാരനു തോന്നി. ഒരു മാസം മുമ്പ് ആ കമാനത്തിനു താഴെ താൻ ആരാധകരാൽ ചുറ്റപ്പെട്ടു നിന്നതയാൾ ഓർത്തു. അന്ന് ഈ കമാനത്തിന് ഇത്ര ഉയരമുണ്ടായിരുന്നില്ല. പുറത്തേക്കു വെച്ച ഉച്ചഭാഷിണിയിൽക്കൂടി ഉണ്ണി നമ്പൂതിരിയുടെ ശബ്ദം വാദ്യഘോഷങ്ങൾക്കിടയിൽ കേട്ടു. ഒപ്പം തന്നെ ആൾക്കാരുടെ കയ്യടിയും, ആഹ്ലാദതിമർപ്പും. ഉണ്ണിനമ്പൂതിരി തുടങ്ങിയിട്ടേയുള്ളു. പത്തുമിനിറ്റു മുമ്പ് താൻ സ്റ്റേജിൽ കവിത വായിച്ചിരുന്നത് കുമാരൻ ഓർത്തു. ഒന്നോ രണ്ടോ അപശബ്ദങ്ങൾ ഹാളിൽനിന്നു കേട്ടതു വകവെയ്ക്കാതെ കവിതവായന തുടർന്നത്, ആ അപശബ്ദങ്ങൾ ഒരു കൂവലായി മാറിയത്, ഒരു താളക്രമത്തോടെ, ഒരറ്റം മുതൽ മറ്റേ അറ്റം വരെ പടർന്നു പിടിച്ചത്, സംഘടിതമായത്, തന്റെ വായന ആ സംഘടിതശബ്ദത്തിൽ മുങ്ങിപ്പോയത്, കവിത മുഴുമിപ്പിക്കാതെ പിൻമാറിയത്. ആലോചിക്കുമ്പോൾ അമർഷംകൊണ്ടയാളുടെ മുഖം വികൃതമായി. ഹാളിന് തീ കൊടുത്ത് അവിടെ നിന്നോടിപോകാൻ അയാൾക്കു തോന്നി.

തനിക്ക് പോകാമായിരുന്നു. സംഘാടകരെ ആരെയെങ്കിലും കണ്ടാൽ തനിക്കുവേണ്ടി ഒരു വാഹനം ഏർപ്പെടുത്താൻ പറയാമായിരുന്നു. സാധാരണ അവർ തന്നെ ഒപ്പം വന്ന് കാറിൽ കയറ്റി വിടുമായിരുന്നു. ഇന്ന് ആരേയും പുറത്തു കാണാനില്ല. എല്ലാവരും ഉണ്ണിനമ്പൂതിരിയുടെ മാസ്മരവിദ്യയിൽ മയങ്ങിയിരിക്കുകയായിരിക്കും,

അയാൾ പടികൾ ഇറങ്ങി, മണൽ വിരിച്ച മുറ്റത്തുകൂടെ നടന്ന് ഗേറ്റു കടന്നു. ഒരു പുതിയ ബോധിവൃക്ഷത്തിനു വേണ്ടി, ഒരു പുതിയ വെളിപാടിനു വേണ്ടി കുമാരൻ നടന്നു.

സരോവരം മാസിക - ഏപ്രില്‍ 1988