ചെപ്പടിക്കാരനും ഞാനും


ഇ ഹരികുമാര്‍

നമുക്ക് കാണാൻ താല്പര്യമില്ലാത്ത ചിലർ വീണ്ടും നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. അവിചാരിതമായി, പക്ഷേ ഒഴിഞ്ഞുമാറാൻ കഴിയാത്ത പരിത:സ്ഥിതിയിൽ. അങ്ങിനെ ഒരാളെയാണ് ഞാൻ ഇന്ന് കണ്ടത്. ചെപ്പടിവിദ്യക്കാരൻ തങ്കച്ചനെ, ഞാൻ രാവിലെ മുതൽ നടക്കാൻ തുടങ്ങിയതായിരുന്നു. ബൈക്ക് കേടായതു കൊണ്ട് നടക്കുക തന്നെ. കയ്യിൽ സാംബിളുകളും മരുന്നു സാഹിത്യവും നിറച്ച സഞ്ചിയും തൂക്കി ഒരു ഡോക്ടറുടെ അടുത്തു നിന്ന് വേറൊരു ഡോക്ടറുടെ അടുത്തേക്ക് നാലഞ്ചു കൊല്ലത്തെ പരിചയം കാരണം ഡോക്ടർമാരുടെ അടുത്ത് അധികം സമയം ചെലവാക്കേണ്ടി വരില്ല. ഒരു രോഗി പുറത്തു കടന്നാൽ ഉടനെ ഉള്ളിൽ കടക്കും. കുശലാന്വേഷണം. പിന്നെ ഒന്നോ രണ്ടോ സാംബിളുകൾ മേശപ്പുറത്ത് വെക്കുന്നു. ഡോക്ടർമാർക്കുള്ള സാഹിത്യം അച്ചടിച്ച ബഹുവർണ്ണ പത്രങ്ങൾ സ്വയം സംസാരിക്കുന്നു. അഞ്ചു മിനിറ്റുമാത്രം. കാത്തു നിൽക്കുന്ന രോഗികളുടെ ആക്ഷേപത്തോടെയുള്ള നോട്ടങ്ങൾ കണ്ടില്ലെന്നു നടിച്ച് പുറത്തു കടക്കുന്നു. അങ്ങിനെ രാവിലെ മുതൽ അനേകം രോഗികളുടെയും അവരെ ഡോക്ടറെ കാണിക്കാൻ കൊണ്ടു വന്ന സഹായികളുടെയും ശാപപാത്രമായി നടന്നലഞ്ഞ ഞാൻ ഉച്ചയ്ക്ക് രണ്ടു മണിയോടെ ഒരു റെസ്റ്റോറണ്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് അതുണ്ടായത്.

വാഷ്‌ബേസിനിൽ കയ്യും മുഖവും കഴുകി തൂവാലകൊണ്ട് മുഖം തുടച്ച് കണ്ണാടിയിൽ നോക്കി തലമുടി ശരിയാക്കി ബാഗും തൂക്കി ഞാൻ ഒരു മാതിരി തിരക്കില്ലാത്ത മേശയ്ക്കു മുമ്പിൽ ഇരുന്നു.

എനിയ്‌ക്കെതിരെ ഒരാൾ ഇരിക്കുന്നു, മറ്റുമേശകളിലെല്ലാം തിരക്കായിരുന്നു. ഒരാളല്ലെ സാരമില്ല, ഞാൻ ബാഗു നിലത്തു വെച്ച് കസേരയിൽ ഇരുന്ന് ഫാൻ നല്ലവണ്ണം തിരിയുന്നില്ലെ എന്നു നോക്കി. തിരിയുന്നുണ്ട്. പക്ഷേ കാറ്റു കുറവാണ് സാരമില്ല എന്നു വിചാരിച്ച് ചാരിയിരുന്നു. നോക്കിയത് അയാളുടെ മുഖത്തായിരുന്നു. എനിയ്‌ക്കെതിരെ ഇയ്യാളായിരുന്നോ? പെട്ടെന്നു തോന്നിയത് എഴുന്നേറ്റ് സ്ഥലം മാറിയിരിക്കാനോ അല്ലെങ്കിൽ റെസ്റ്റോറണ്ടിനു പറത്തു പോകാനോ ആയിരുന്നു. അയാൾ ഞാൻ തലേന്നു കണ്ട ചെപ്പടിക്കാരനായിരുന്നു. കറുത്തു തടിച്ച് മുഖത്ത് നിറയെ വസൂരിക്കലകളുമായി ഒരുവൻ. വീതിയുള്ള മീശ അതിനുതാഴെ കറുത്ത ചുണ്ടുകൾ. അയാളെ സിഗരറ്റു പുകയുടെ മണമുണ്ടായിരുന്നു. ഞാൻ മാറി ഇരുന്നില്ല; അതു മാന്യതയ്ക്ക് ചേർന്നതല്ലല്ലോ. ഇനി ചെയ്യാനുള്ളത് കഴിയുന്നതും വേഗം എന്തെങ്കിലും കഴിച്ചു എന്നു വരുത്തി അവിടെനിന്ന് രക്ഷപ്പെടുകയാണ്. എതിരാളിയും അപ്പോൾ എത്തിയിട്ടേയുള്ളു. കാരണം അയാളും കൈലേസുകൊണ്ട് മുഖത്തെ വെള്ളം ഒപ്പിയെടുത്ത് പ്രതീക്ഷാനിർഭരമായ മുഖത്തോടെ ഇരിയ്ക്കയാണ്. ഞാൻ അയാളുടെ നോട്ടം നേരിടാതെ മുഖം തിരിച്ചിരുന്നു.

ഞാനും അയാളും തമ്മിൽ വളരെ അന്തരമുണ്ട് ക്ലാസ്സുകളുടെ അന്തരം. ഞാൻ ബി.എസ്സ്.സി. ഡിഗ്രിയെടുത്ത് അന്തസ്സുള്ള ജോലിയുള്ള ആളാണ്. അയാളാകട്ടെ, ഫുട്പാത്തിൽ ചെപ്പടി വിദ്യകൾ കാട്ടി നടക്കുന്ന ഒരു കാടൻ. ഞാനും അയാളും തമ്മിൽ ഒരു തലത്തിലും ചേരില്ല.

വെയിറ്റർ വന്ന് ആദ്യം ചോദിച്ചത് എന്നോടായിരുന്നു, അവന് ക്ലാസ് മനസ്സിലായെന്നർത്ഥം. അതിൽ എനിയക്ക് കുറച്ചഹന്തയുണ്ടായി. ഞാൻ ഇടം കണ്ണിട്ട് എന്റെ എതിരാളിയെ നോക്കി. അയാളിൽ ഭാവഭേദമൊന്നുമില്ല! ക്ഷമയോടെ അയാളുടെ ഊഴം കാത്തിരിക്കുകയാണ്.

മുട്ടക്കറിയും ചപ്പാത്തിയും പിന്നെ വെജിറ്റബിൾ എന്തൊക്കെയാണ്.

അലു മട്ടർ, പനീർ മട്ടർ, മിക്‌സ് വെജിറ്റബിൾ......

മിക്‌സ് വെജിറ്റബിൾ മതി. ഞാൻ പറഞ്ഞു.

വെയിറ്റർ ചെപ്പടിവിദ്യക്കാരനിലേക്കു തിരിഞ്ഞു.

എന്താണ് വേണ്ടത്?

ചിക്കൻ മസാല കൊണ്ടുവാ. പൊറോട്ടയും പിന്നെ മീൻ എന്താണുള്ളത്.

നെയ്മീൻ.

വറുത്തത് കൊണ്ടുവാ. നല്ല കഷണം നോക്കിയെടുക്ക്. പിന്നെ സലാഡ് വല്ലതും ഉണ്ടെങ്കിൽ അതും കൊണ്ടുവാ. ബാക്കി പിന്നെ പറയാം.

ഞാൻ സ്വല്പമൊന്നു ക്ഷീണിച്ചു. മുട്ടക്കറിയും, ചപ്പാത്തിയും മാത്രമെ എന്റെ സ്ഥിരം ലഞ്ചുകളിലുള്ളു. ഇന്ന് ഇയാളെ ഒന്ന് വീഴ്ത്താൻ വേണ്ടിയാണ് മിക്‌സ് വെജിറ്റബിളും ഓർഡർ ചെയ്തത്. എന്നിട്ടിപ്പോൾ അയാളുടെ തുടക്കത്തിലുള്ള ഇൻസ്റ്റാൾമെന്റു തന്നെ ഭയങ്കരമായിരിക്കുന്നു. അയാൾ ഒരു കോമ മാത്രമെ ഇട്ടിട്ടുള്ളു. കഥ ഇനിയും തുടരുമെന്നാണ്. ക്ലാസ്സ് മനഃസ്ഥിതി വെച്ചു പുലർത്തിയതിന് ഞാൻ എന്നെത്തന്നെ പഴിച്ചു.

സാറൊരു മെഡിക്കൽ റെപ്രസന്റേറ്റീവ് ആണ് അല്ലെ.

അവസാനം ദുഷ്ടൻ ഒരു ഡയലോഗിനു വന്നിരിക്കുന്നു. ഇനി ഒന്നും ചെയ്യാനില്ല. അയാളെ നേരിടുക തന്നെ.

ഞാൻ തലയാട്ടി; മുഖം തിരിച്ചിരുന്നു. പക്ഷെ അയാൾ വെറുതെ വിടാൻ ഭാവിച്ചിട്ടില്ല.

സാറിനെ ഞാൻ എവിടെയോ വെച്ചു കണ്ടിട്ടുണ്ട്.

ഉണ്ടാവാം. എന്നർത്ഥത്തിൽ ഞാൻ തലയാട്ടി.

അയാൾ എന്നെ കണ്ടിട്ടുണ്ടാകണം. കാരണം ജോസ് ജംഗ്ഷനിൽ അയാളുടെ ഷോ കാണുവാൻ തിങ്ങിക്കൂടിയ ആൾക്കാരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.

അയാളുടെ മുതൽക്കൂട്ടായി ഒരു സഞ്ചിയും രണ്ടുമൂന്നു കടലാസു പെട്ടികളും മാത്രമാണുണ്ടായിരുന്നത്. അവയിലെല്ലാം വളരെ അത്ഭുതകരമായ ചില സാധനങ്ങളായിരുന്നു. ചെപ്പടി വിദ്യയ്ക്കായി അയാൾ സ്വയം ഉണ്ടാക്കിയതായിരിക്കണം. രണ്ടു ഗോളങ്ങളെ ഒരു ചരടുകൊണ്ട് ബന്ധിച്ചത്, പല വലിപ്പത്തിലുള്ള മരക്കട്ടകൾ. ഉള്ളു പൊള്ളയായ തകരപ്പാത്രങ്ങളും രൂപങ്ങളും. എല്ലാറ്റിലുമുപരി അയാളുടെ കാര്യമായ മുതൽക്കൂട്ട് വാചകമടിക്കാനുള്ള കഴിവാണെന്ന് ഞാൻ ഓർത്തു. ആൾക്കാരെ മണിക്കൂറുകളോളം അത്ഭുത സ്തബ്ധരാക്കി നിർത്താനുള്ള ഒരു സിദ്ധി അയാൾക്കുണ്ടായിരുന്നു.

കടലാസുപെട്ടികളും സഞ്ചിയും തുറന്ന് അയാൾ സാധനങ്ങൾ ഓരോന്നായി പുറത്തെടുത്തു അവ കോൺക്രീറ്റിട്ട നിലത്തു നിരത്തി. തുണിക്കടയുടെ മുമ്പിൽ ഫുട്പാത്തിൽ ധാരാളം സ്ഥലമുണ്ടായിരുന്നു. പിന്നീട് അടുത്തു നിന്ന ആൾക്കാരെ അകറ്റിയ കറ്റി ഒരു വലയം സൃഷ്ടിച്ചു. ഒരരുകിൽ നിന്ന മെലിഞ്ഞു വിളറിയ ചെറുക്കനെ അയാൾ വലയത്തനുള്ളിലേയ്ക്കാനയിച്ചു. പന്ത്രണ്ടു പതിമൂന്നു വയസ്സു കാണും. ഒരു കീറിയ ട്രൗസറു മാത്രമാണ് വേഷം. അവന്റെ മുഖം നിർവ്വികാരമായിരുന്നു. അയാൾ സംസാരം തുടങ്ങി.

ഇതാ സാറന്മാരെ നോക്കി തൊഴ്.

അവൻ യാന്ത്രികമായി തൊഴുതു.

ഇത് എന്റെ മരുമകനാണ് സാറമ്മാരെ അവന് അസുഖമാണ്. വലിയ ഒരു രോഗമാണ്. ഡോക്ടർമാര് പറയുന്നത് തിരുവനന്തപുരത്ത് കൊണ്ടുപോകണമെന്നാണ്. അവന്റെ ചികിത്സയ്ക്കുള്ള പണമുണ്ടാക്കാനാണ് സാറമ്മാരെ, ഞാൻ ഈ ചെപ്പടി വിദ്യ കാണിക്കുന്നത്. നിങ്ങളെല്ലാം സഹകരിക്കണം. കഴിയുന്നത്ര സഹായം ചെയ്തു തന്ന് ഈ പാവപ്പെട്ടവനെ അവന്റെ അനന്തിരവന്റെ ചികിത്സയ്ക്ക് കൊണ്ടു പോകാൻ സഹായിക്കണം.

അയാളുടെ ശബ്ദത്തിൽ ആത്മാർത്ഥതയുണ്ടായിരുന്നു. ശബ്ദം ഉയർന്നു താഴ്ന്ന് അലകളായെത്തിയപ്പോൾ ചുറ്റും കൂടിയവർ സഹാനുഭൂതിയോടെ അയാളെ നോക്കി. ആൾക്കാർ വീണ്ടും തടിച്ചുകൂടി. ശ്രോതാക്കൾ ഒരു മാതിരികൂടി എന്നു കണ്ടപ്പോൾ അയാൾ താൻ കാണിക്കാൻ പോകുന്ന വിദ്യകളെപ്പറ്റി ഒരു ചെറു പ്രസംഗം നടത്തി. ഓരോ യന്ത്രങ്ങളും നിലത്തു നിന്നു പൊക്കിയെടുത്ത് പൊന്തിച്ചുകാട്ടി അതുകൊണ്ട് എന്തുചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞുതുടങ്ങി. പലതും മനുഷ്യാതീതമായ കാര്യങ്ങളായിരുന്നു. അതെല്ലാം ചെയ്യാൻ കഴിയുമെങ്കിൽ അയാൾ ഹൗഡിനിയെത്തന്നെ വെല്ലുന്നവനായിരിക്കണം. എന്തായാലും ആളുകൾ ശരിക്കും ഒരു മാസ്മരവലയത്തിൽ അകപ്പെട്ടിരിക്കുന്നു. ഇനി അയാൾ തന്നെ മോചിപ്പിച്ചാലെ അവർക്ക് അനങ്ങാൻ പറ്റു.

പെട്ടെന്നയാൾ എന്തോ ഓർത്തപോലെ തിരിഞ്ഞു നോക്കി. നിർവ്വികാരനായി അപ്പോഴും നിൽക്കുകയായിരുന്ന മരുമകനെ നോക്കി.

നീയിപ്പോഴും നിൽക്ക്വാണോ?

അയാൾ ഒരു തുണിക്കഷ്ണം നിലത്തു വിരിച്ച് അവനെ കിടത്തി അവന്റെ കിടപ്പ് പരിതാപകരമായിരുന്നു അയാൾ വീണ്ടും അവന്റെ അസുഖത്തെപ്പറ്റി പറയാൻ തുടങ്ങി. അതിന്റെ തുടക്കം ഒരു ദിവസം അവൻ ബോധം കെട്ടു വീണത്, പനിയായി കിടന്നത്. രക്തം ശർദ്ദിച്ചത്. പിന്നെ അവനെ തോളിലേറ്റി ഒരു ഡോക്ടറുടെ അടുത്തു നിന്ന് വേറൊരു ഡോക്ടറുടെ അടുത്തേക്ക് ക്ഷീണിതനായ യാത്ര. അയാൾ ശരിക്കും ഒരു ശോകാന്തനാടകത്തിലെ നായകനായി തോന്നി. ചുറ്റും നിന്ന ആൾക്കാർ സഹാനുഭൂതിയോടെ തലയാട്ടി, കഷ്ടം കഷ്ടമെന്നു ശബ്ദമുണ്ടാക്കി.

സാറന്മാരെ ഞാൻ കല്യാണം കഴി ച്ചിട്ടില്ല. എന്റെ ഈ മരുമകന്റെ രോഗം മാറി അവന് ഒരു പുതിയ ജീവിതം നൽകിയാലെ ഞാൻ എന്തും ചെയ്യു. എന്റെ ജീവിതം ഞാൻ ഇവന്നായി ഉഴിഞ്ഞിട്ടിരിയ്ക്കുയാണ്.

ആൾക്കൂട്ടത്തിൽ നിന്ന് പാവം എന്നൊരു ശബ്ദം ഉയർന്നു.

വെയ്റ്റർ എനിയ്ക്കുള്ള പ്ലേറ്റുകൾ കൊണ്ടുവെച്ചു. മുട്ടക്കറി മിക്‌സ് വെജിറ്റബിൾ പിന്നെ വേറൊരു പ്ലേറ്റിൽ ചപ്പാത്തിയും.

ചെപ്പടിവിദ്യക്കാരൻ എന്റെ മുമ്പിലെ വിഭവങ്ങൾ തീരെ രസിക്കാത്ത മട്ടിൽ നോക്കി. മുഖം ചുളിച്ചു കൊണ്ടയാൾ പറഞ്ഞു.

സാറെ ഈ പച്ചക്കറിയൊന്നും തിന്നിട്ട് യാതൊരു കാര്യവുമില്ല, ഈ തങ്കച്ചനെ നോക്ക്, എത്ര മണിക്കൂർ വേണമെങ്കിലും വെയിലത്തുനിന്ന് പണിയെടുക്കാൻ പറ്റും. ഞാൻ മട്ടനും ബീഫും മാത്രമെ കഴിക്കാറുള്ളു. ഈ നശിച്ച ഹോട്ടലിൽ ബീഫില്ല. പിന്നെ മട്ടനെന്നു പറഞ്ഞു തരുന്നത് ബീഫാണു താനും. മട്ടന്റെ വില കൊടുത്ത് മാട്ടിറച്ചി തിന്നേണ്ടി വരും. അതാ ഞാൻ ചിക്കൻ ഓർഡർ ചെയ്തത്. കിട്ടാൻ പോണത് പ്രാവിന്റെ ഇറച്ചിയാണെന്നറിയാം. എന്നാലും എന്തെങ്കിലും തിന്നണ്ടെ?

ഞാൻ ചപ്പാത്തി കഷ്ണമാക്കി മുട്ടക്കറിയിൽ മുക്കി തിന്നാൻ തുടങ്ങി.

വെയ്റ്റർ തങ്കച്ചന്റെ ഭക്ഷണം കൊണ്ടു വന്നു നിരത്തി. അയാൾ ഓരോ പ്ലേറ്റും അടുത്തേക്കു വെച്ച്

അതൃപ്തിയോടെ നോക്കി. തിരിച്ചു നടക്കാൻ തുടങ്ങിയ വെയ്റ്ററെ ശ്, ശബ്ദമുണ്ടാക്കി വിളിച്ചു. ചിക്കൻ മസാലയുടെ പ്ലേറ്റിലേക്ക് ചൂണ്ടിച്ചോദിച്ചു.

ഇതെന്താണ്?

ചിക്കൻ മസാല. അവൻ കുറച്ച് ധാർഷ്ട്യത്തോടെ പറഞ്ഞു.

തന്റെ കോഴിക്ക് കാലൊന്നുമില്ലെ?

ലെഗ് പീസില്ല.

എന്തേ, കാലില്ലാത്ത കോഴിയെയാണോ പിടിച്ച് കൂട്ടാൻ വെച്ചത്?

അല്ല. ലെഗ് പീസുകൾ കഴിഞ്ഞിരിക്കുന്നു.

എന്നാൽ ബ്രെസ്റ്റ് ഇല്ലെ? കോഴിമുല?

തങ്കച്ചൻ കൈകൊണ്ട് അസഭ്യമായ ഒരാംഗ്യം കാണിച്ചു.

വെയ്റ്റർ പ്ലെയിറ്റ് തിരിച്ചെടുത്തു നടന്നു.

അല്ല ഇവന്മാരുടെയൊക്കെ ഒരു വേല സാറെ. തെരഞ്ഞുകൊണ്ടത്തന്നതാ. ഒരു കഷ്ണം എല്ലും മസാലയും. സാറെ നല്ലോം ശ്രദ്ധിച്ചില്ലെങ്കിൽ ഇവന്മാര് നമ്മളെ വഹിച്ചു കളയും.

വെയ്റ്റർ ഉടനെ വേറൊരു പ്ലെയിറ്റുമായി തിരിച്ചുവന്നു. അതിൽ ഒരുഗ്രൻ കോഴിക്കാൽ കിടന്നിരുന്നു.

ഇതെങ്ങനാ, പിന്നെ മുളച്ചുണ്ടായതായിരിക്കും.

പിന്നെ വിജയശ്രീലാളിതനായി എന്നെ നോക്കി പറഞ്ഞു.

ഇപ്പോഴോ സാറെ, ഞാമ്പറഞ്ഞില്ലെ. ഇവന്മാരോടൊക്കെ ഇങ്ങനെ പെരുമാറണം. അല്ലെങ്കിൽ ഇവറ്റ പൂവമ്പഴം കൊണ്ട് നമ്മുടെ കഴുത്തറക്കും.

എനിയ്ക്ക് തങ്കച്ചനോട് കുറച്ചൊരാദരവുതോന്നി. എന്നെക്കൊണ്ട് ഒരിക്കലും കഴിയാത്ത കാര്യമാണ് തങ്കച്ചൻ നിഷ്പ്രയാസം ചെയ്തത്. ഓരോ പ്രാവശ്യം റെസ്റ്റോറണ്ടുകളിൽ പോയി ഭക്ഷണം കഴിക്കുമ്പോഴും മോശമായ ഭക്ഷണത്തിന് അമിതവില കൊടുത്ത് ചീഞ്ഞു സ്വാദുകെട്ട മത്സ്യത്തെപ്പറ്റിയോ, പുകയാളിയ ചപ്പാത്തിയെപ്പറ്റിയോ പ്രതിഷേധിക്കാനാവാതെ കലുഷമായ മനസ്സിനെ സമാധാനിപ്പിക്കാൻ വെയ്റ്റർക്ക് ടിപ്പുകൊടുക്കാതിരിക്കുക മുതലായ സൗമ്യമായ മൗനപ്രതിഷേധങ്ങൾ മാത്രം കൊണ്ട് തൃപ്തിപ്പെടുന്ന എനിയ്ക്ക് തങ്കച്ചൻ ഒരു ആരാധനാപുരുഷൻ തന്നെയായി.

എനിയ്ക്ക് തങ്കച്ചനോട് തോന്നിയ വിദ്വേഷങ്ങൾക്ക് കുറച്ച് അയവ് വന്നു. വിദ്വേഷം ഉണ്ടാവാനുള്ള കാരണം ഞാൻ അയാളെ അയാളുടെ ജോലിസ്ഥലത്തു വെച്ചു കണ്ടതാണ്. അയാളുടെ ചെപ്പടി വിദ്യപ്രോഗ്രാം മുഴുവൻ മനംപുരട്ടലുണ്ടാക്കുന്നതായിരുന്നു.

പ്രത്യേകിച്ചും അതിനെപ്പറ്റി പിന്നീടാലോചിക്കുമ്പോൾ. നോക്കിനിൽക്കെ അതെല്ലാം വളരെ സ്വാഭാവികമായി തോന്നിയിരുന്നു. ചെപ്പടിവിദ്യ കാണിക്കാനുള്ള അയാളുടെ ഒരുക്കങ്ങൾ, കാണിക്കാൻ പോകുന്നതിനെപ്പറ്റിയുള്ള വിവരണങ്ങൾ, മരുമകന്റെ അസുഖം, അതിൽ അയാൾക്കുള്ള ആകാംക്ഷ, നിരാശ, എല്ലാം, ഹ്യദയത്തിൽ തട്ടുന്നതായിരുന്നു.

പക്ഷെ അയാൾ ഒരൊറ്റ വിദ്യപോലും കാണിക്കുകയുണ്ടായില്ല.

പെട്ടന്നാണതുണ്ടായത്. അനന്തിരവൻ എഴുന്നേറ്റിരുന്നു ശർദ്ദിക്കാൻ തുടങ്ങി. വളരെ പരിതാപകരമായിരുന്നു അവന്റെ അവസ്ഥ. നെഞ്ചിലെ എല്ലുകൾ പുറത്തേക്കു തെറിച്ചു പോകുമെന്ന തോന്നലുണ്ടാക്കത്തക്ക വിധം ഉറക്കെ ഓക്കാനിച്ചു കൊണ്ട് അവൻ ശർദ്ദിച്ചു ചോര! അത് അവന്റെ മുമ്പിൽ പരന്നുകിടന്നു. നാലു പ്രാവശ്യം ശർദ്ദിച്ചശേഷം അവൻവീണ്ടും നിലത്ത് നീണ്ടുനിവർന്നു കിടന്നു. തങ്കച്ചൻ താൻ പ്രദർശിപ്പിച്ചിരുന്ന സാധനങ്ങളെല്ലാം നിലത്തിട്ട് അവന്റെ അടുത്തേക്ക് ഓടി വന്നു പിന്നെ വളരെ നാടകീയമായി അയാൾ ആൾക്കൂട്ടത്തിനു നേരെ തിരിഞ്ഞ് മാർക്ക് ആന്റണി സീസറുടെ ശവശരീരത്തിനരികെ നിന്നു ചെയ്ത പ്രസംഗത്തേക്കാൾ ഒട്ടും പിന്നിലല്ലാത്ത ഒരു പ്രസംഗം തുടങ്ങി.

സാറന്മാരെ നിങ്ങളിതു കാണുന്നില്ലെ? ഇവിടെ വീണുകിടക്കുന്ന കുട്ടിയെപ്പറ്റി നിങ്ങൾക്കാർക്കും അനുകമ്പയില്ലെ? ഇവിടെ രക്തം ഛർദ്ദിച്ച് മയങ്ങിക്കിടക്കുന്ന ഈ അനന്തിരവനെപ്പറ്റി നിങ്ങൾക്കും വേദനയില്ലെ? വേവലാതിയില്ലെ? ഇവന്റെ ചികിത്സക്കു വേണ്ടിയാണ് ഞാൻ ഈ നട്ടുച്ചവെയിലത്തു നിന്ന് ജോലിയെടുക്കുന്നത്. ഇവനെ ഒരാഴ്ചക്കുളളിൽ ആസ്പത്രിയിൽ എത്തിച്ചില്ലെങ്കിൽ ഇവൻ മണ്ണിന്നടിയി ലാവും. ഇതാ ഇതു മാതിരിയാവും.

അയാൾ സഞ്ചിയിൽ നിന്ന് ഒരു വെള്ളത്തുണിയെടുത്ത് അവനെ മൂടി. ആ തുണിമേൽ ഒരസ്ഥികൂടത്തിന്റെ ചിത്രമുണ്ടായിരുന്നു. ആ കാഴ്ച വളരെ വിഷമമുണ്ടാക്കുന്നതായിരുന്നു. തങ്കച്ചൻ ഒരു പാത്രവുമായി ആൾക്കാരുടെ അടുത്തു വന്നു.

ദയവുചെയ്ത് ഈ പാവപ്പെട്ടവനെ സഹായിക്കിൻ ഈ പാവപ്പെട്ട കുട്ടിയെ ആസ്പത്രിയിൽ കൊണ്ടു പോകാൻ വേണ്ടി കഷ്ടപ്പെടുന്ന ഈ പാവപ്പെട്ടവനെ സഹായിക്കിൻ.

ആൾക്കാർ പിരിഞ്ഞുപോവാൻ തുടങ്ങി. ഇങ്ങനെയൊക്കെയാവും പരിണാമം എന്ന് മുൻകൂട്ടിയറിയുന്ന പോലെ അവർ അന്യോന്യം നോക്കി തലയാട്ടി. ചിലർ പണം കൊടുത്തു. ചില്ലറ, ചെറിയ നോട്ടുകൾ. ഞാൻ കീശയിൽ നിന്ന് ഒരു രണ്ടുറുപ്പികയുടെ നോട്ടെടുത്ത് പാത്രത്തിലിട്ടു. എങ്ങനെയെങ്കിലും അയാൾ ആ ചെക്കനെ ആസ്പത്രിയിലെത്തിക്കട്ടെ. പാത്രത്തിൽ ധാരാളം ഒറ്റ ഉറുപ്പികയുടേയും രണ്ടുറുപ്പികയുടേയും നോട്ടുകൾ ഉണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ അയാളുടെ കളക്ഷൻ ഇരുപത് ഇരുപത്തഞ്ച് രൂപയുണ്ടാകും.

ഇപ്പോൾ അയാൾ മുമ്പിലിരുന്ന് കോഴിക്കാലും കടിച്ച്പറിച്ച് പൊറോട്ട തിന്നപ്പോൾ എനിയ്ക്ക് മനസ്സിലാവുന്നു. ഇതെല്ലാം വെറും കാപട്യമായിരുന്നെന്ന് അയാൾ കാണികളുടെ മൃദുലവികാരങ്ങൾ ചുഷണം ചെയ്യുകയായിരുന്നെന്ന് എന്നിട്ട് എന്നെപ്പോലെ അനേകം പേർ അനുകമ്പയുടെ പേരിൽ കൊടുത്ത ഒരുറുപ്പികയും രണ്ടുറുപ്പികയും അയാൾ ഇവിടെ വന്ന് തിന്നു മുടിക്കുന്നു. രണ്ടുറുപ്പിക ദാനം കൊടുത്ത ഞാനാകട്ടെ കുറച്ചൊരു മോടി കാണിക്കാനായി മിക്‌സ് വെജിറ്റബിൾ ഓർഡർ ചെയ്തതിൽത്തന്നെ പശ്ചാത്തപിച്ചിരിക്കുകയും. എനിയ്ക്ക് കലശലായ അരിശമുണ്ടായി.

കോഴിയെ ഒരുവിധം അകത്താക്കി, മീശമേൽ തങ്ങിനിൽക്കുന്ന മസാലയുടെ അംശങ്ങൾ സഞ്ചിയിൽ നിന്ന് എടുത്ത ചെറിയ ടർക്കീഷ് ടൗവ്വൽ കൊണ്ടു തുടച്ച് ഒരു ഗ്ലാസ്സ് വെള്ളം ഒറ്റ വലിക്ക് അകത്താക്കി അയാൾ എന്നെ നോക്കി ചിരിച്ചു. ഒരു പാട്ടിലായെന്ന മട്ടിൽ.

ഞാൻ ചിരിക്കാതെ ഗൗരവപൂർവ്വം അയാളോടു ചോദിച്ചു.

നിങ്ങളെന്തിനാണീ പണിക്കു നിൽക്കുന്നത്?

ഏതു പണി സാറെ?

ഈ ചെപ്പടിവിദ്യയും മറ്റും. ഇതെല്ലാം ആളെ പറ്റിക്കുന്ന കളികളല്ലേ?

തങ്കച്ചൻ നിവർന്നിരുന്നു. ഇപ്പോൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന മട്ടിൽ. ടർക്കീഷ് ടൗവ്വൽ മടക്കി കുനിഞ്ഞ് സഞ്ചിയിൽ നിക്ഷേപിച്ചു. അയാൾ വെയ്റ്ററെ മാടിവിളിച്ചു.

ഈ പ്ലേറ്റുകളൊക്കെ കൊണ്ടുപോ. എന്നിട്ട് ഒരു ഗ്ലാസ്സ് ലെസ്സി കൊണ്ടുവാ.

തങ്കച്ചനോടു സംസാരിക്കുകയേ വേണ്ടെന്നു വെച്ചതായിരുന്നു. എന്നിട്ടിപ്പോൾ, ഒരു ദുർബ്ബലനിമിഷത്തിൽ ഞാൻ അനാവശ്യമായി ഒരു വാചകം എടുത്തെറിഞ്ഞു. അത് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കാനും സാദ്ധ്യതയുണ്ട്.

സാറ് കാര്യങ്ങളൊക്കെ ശരിയായിട്ടു തന്നെയാണ് ധരിച്ചിരിക്കുന്നത്. തങ്കച്ചൻ സാവധാനം പറഞ്ഞു. അയാളുടെ സ്വരത്തിൽ ആക്ഷേപമില്ല, ആവേശമില്ല. കാര്യമാത്ര പ്രസക്തമായ ശബ്ദത്തിൽ അയാൾ പറഞ്ഞു തുടങ്ങി.

സാറ് ബുദ്ധിയുള്ളവനാ. അതോണ്ട് ഞാൻ പറയണതൊക്കെ പെട്ടെന്ന് പിടി കിട്ടും. ഞാൻ എന്തു ചെയ്യണമെന്നാണ് സാറ് പറയുന്നത്? എട്ടാം ക്ലാസിൽ പഠിത്തം നിർത്തേണ്ടിവന്നു. കാരണമൊന്നും പറഞ്ഞ് സാറിനെ വിഷമിപ്പിക്കുന്നില്ല. പഠിപ്പൊക്കെ ഉണ്ടെങ്കിൽ ഞാനും സാറിന്റെ മാതിരി ബാഗും തൂക്കിപ്പിടിച്ച് നടന്നിരുന്നു. പഠിത്തമില്ലാത്തതുകൊണ്ട് ഒരു വിദ്യയും അറിയില്ല. ജീവിക്കാൻ വേണ്ടി പലതും ചെയ്തു സാറെ. കുറെക്കാലം ഫുട്ട്പാത്തില് കച്ചോടം ചെയ്തു. രണ്ടു കൊല്ലം കച്ചോടം ചെയ്തപ്പൊ മനസ്സിലായി, അത് നമുക്ക് പറ്റില്ലെന്ന്. പിന്നെ കുറെക്കാലം അല്ലറ ചില്ലറ ജോലി ചെയ്തു. അതിലൊന്നും പണമില്ല സാറെ വൈകുന്നേരം വരെ കഠിനാദ്ധ്വാനം ചെയ്ത് വൈകുന്നേരം നന്നായിട്ടൊരൂണിനുള്ള കാശു കൂടി കിട്ടില്ല. പിന്നെ കുറെക്കാലം സ്മഗിളിംഗ് നോക്കി. ഫോർട്ട് കൊച്ചീല് പോയി സാധനങ്ങൾ കൊണ്ടുവന്ന് വിറ്റു. പോലീസ് പിടിച്ചു. സാറെ ഞാൻ കട്ടു കൊണ്ടു വരുന്നതൊന്നുമായിരുന്നില്ല. നല്ല സ്മഗ്ൾഡ് ഗുഡ്‌സ് കാശുകൊടുത്ത് വാങ്ങിക്കൊണ്ടുവന്നതായിരുന്നു. എന്നിട്ടും പോലീസ് പിടിച്ചു. കൊറെ പണം അങ്ങനെയും നഷ്ടമായി.

ഇരക്കാൻ എനിയ്ക്കു താല്പര്യമില്ല സാറെ. അതൊണ്ടാ ഈ പണി തുടങ്ങിയത്. ചെപ്പടി വിദ്യയും എനിയ്ക്കറിയൊന്നുല്യ മുമ്പ് ചെയ്ത ജോലിയൊന്നും എനിയ്ക്കറിഞ്ഞിട്ട് ചെയ്തതൊന്നുമല്ല. അതു പോലെതന്നെ, ഇത് അതിലും എളുപ്പാണ്. കുറച്ച് വാചകമടിക്കണമെന്നു മാത്രം.

തങ്കച്ചൻ എഴുന്നേറ്റ് വാഷ്‌ബേസിനിൽ പോയി കൈകഴുകി വന്നു. ടൗവ്വൽ വീണ്ടും പുറത്തെടുത്ത് മുഖം തുടച്ചു.

സാറെ ആൾക്കാരുടെ മന:ശാസ്ത്രം ഞാൻ കുറച്ച് മനസ്സിലാക്കീട്ടുണ്ട്. ഞാനീ സാധനങ്ങളൊക്കെ നിരത്തി വെച്ചാൽ അവിടെ എന്തൊക്കേയോ നടക്കാൻ പോണുന്നുണ്ട്ന്ന് വിചാരിച്ച് ആൾക്കാര് കൂടും. ചെയ്യാൻ പോണ കാര്യങ്ങളെപ്പറ്റി ഞാൻ പറയും. അപ്പോൾ അതൊക്കെ കണ്ടിട്ട് പോകാമെന്നുവെച്ച് അവർ നില്ക്കും. കൂടുതൽ ആൾക്കാർ കൂടും. തൊടക്കത്തില് അവർക്ക് ബോധമുണ്ടാവും അവർ എന്തിനാണ് കൂടിനില്കുന്നതെന്ന്. പിന്നെ പിന്നെ ഞാൻ കുറച്ചു വാചകമടിച്ചു കഴിയുമ്പോഴേയ്ക്കും അവർ കാത്തു നില്ക്കുന്നതെന്തിനാണെന്നു തന്നെ മറന്നുപോകും. അപ്പോഴാണ് നമ്മുടെ പയ്യൻ ചോര ഛർദ്ദിക്കുക. അതോടെ ആൾക്കാരുടെ ശ്രദ്ധയൊക്കെ അതിലേക്കായി. അപ്പോഴാണ് ഞാൻ പാത്രവുമെടുത്ത് ആൾക്കാരുടെ അടുത്തു ചെല്ലുന്നത്. പണം ചോദിക്കലാണ് സാറെ അവസാനത്തെ ആക്ട്, അതു കഴിഞ്ഞാൽ ആൾക്കാർ പിരിഞ്ഞു പെയ്‌ക്കൊള്ളും. ഞാൻ അടുത്തു ചെല്ലുമ്പോഴേക്കു തന്നെ പകുതി ആൾക്കാർ പിരിഞ്ഞു പോയിട്ടുണ്ടാകും.

അപ്പോൾ ഈ ശർദ്ദിക്കലും തങ്കച്ചന്റെ പ്രോഗ്രാമിലുള്ളതാണോ?

ഞാൻ ചോദിച്ചു.

അല്ലാതെന്താ സാറെ. ഒക്കെ ട്രെയിനിംഗാണ്. എന്റെ കാലു കണ്ടാൽ അവൻ ഛർദ്ദിക്കും, പഠിപ്പിക്കുമ്പോൾ ഛർദ്ദിക്കാൻ പറഞ്ഞ് ഛർദ്ദിക്കാഞ്ഞപ്പോൾ ഞാൻ അവന്റെ വയറ്റിത്തിട്ട് ഒരു തൊഴി തൊഴിച്ചു ഉടനെ ഛർദ്ദിച്ചു. ഇപ്പോഴും എന്റെ കാലു കണ്ടാൽ അവൻ ഛർദ്ദിക്കും,

ചോരയോ?

ചോരയോ? അതൊക്കെ ഒരു ട്രിക്കാ സാറെ.

വെയിറ്റർ ഒരു വലിയ കപ്പിൽ ഐസ്‌ക്രീം ഇട്ട ഫ്രൂട്ട് സലാഡ് അയാളുടെ മുമ്പിൽ കൊണ്ടുവന്നു വെച്ചു. ഇതെപ്പോഴാണ് അയാൾ ഓർഡർ ചെയ്തതെന്ന് ഞാൻ അത്ഭുതപ്പെട്ടു

രണ്ടു വട പാർസലായി കൊണ്ടു വാ. തങ്കച്ചൻ വെയ്റ്ററോട് ആജ്ഞാപിച്ചു.

നമ്മുടെ പയ്യനുവേണ്ടിയാണ് സാറെ. പാവമാ.

നിങ്ങടെ മരുമകനാണല്ലെ?

ഹെയ് അവനെന്റെ ആരുമല്ല സാറെ. വഴിയിൽ പട്ടിണികിടന്ന് ചാവാൻ പോയപ്പോ ഞാൻ കണ്ട്, ഒപ്പം നടത്തുന്നതാ. ഇനി ഞാൻ രാത്രിയും അവന് ഇതുപോലെ വല്ലതും കൊണ്ടുപോയി കൊടുക്കും. അത്രയൊക്കെ മതി. അതിനുള്ള ജോലിയല്ലെ അവൻ ചെയ്യുണുള്ളു.

രണ്ടുനേരം ലഘുഭക്ഷണം, ലഘു എന്നു പറഞ്ഞാൽ വളരെ ലഘുവായത്. അതിനിടയ്ക്ക് ദിവസത്തിൽ മൂന്നോ നാലോ പ്രാവശ്യം ശർദ്ദിക്കപ്പെടാനുള്ള വെള്ളം അകത്താക്കുക അതെന്തു വിഷമാണാവോ? ഒരു ആറു മാസത്തിനുള്ളിൽ അവന്റെ സ്ഥിതി എന്തായിരിക്കുമെന്നു ഞാൻ ആലോചിച്ചു. ഈശ്വരാ!

തങ്കച്ചൻ സ്വാദോടുകൂടി ഫ്രൂട്ട് സലാഡ് കഴിക്കുകയാണ്. ആപ്പിളിന്റെയും, സപ്പോട്ടയുടെയും, മുന്തിരിങ്ങയുടെയും വാസന വാനില ഗന്ധവുമായി ചേർന്ന് എന്റെ വായിൽ വെള്ളമൂറിച്ചു. തൽക്കാലം ആ കാര്യത്തിൽ ഞാൻ തങ്കച്ചനുമായി മത്സരിക്കുന്നില്ല. പോരാത്തതിന് ഞാൻ അസ്വസ്ഥനാകുന്നു.

തങ്കച്ചൻ അയാളുടെ ബില്ലുകൂടി എന്റെ തലയ്ക്കിടുമോ എന്ന ഭയം എനിയ്ക്കുണ്ടായി. അയാളുടെ സാലഡ് കഴിയുമ്പോഴേയ്ക്കും എഴുന്നേറ്റ് തടി തപ്പാം. ഞാൻ എഴുന്നേറ്റു.

സാറ് ഇരി. തങ്കച്ചൻ പറഞ്ഞു. ഈ ഫ്രൂട്ട് സലാഡ് സ്വാദുണ്ട് സാറെ. സാറ് കഴിക്കുന്നോ?

വേണ്ട. ഞാൻ പറഞ്ഞു.

വെയ്റ്റർ അടുത്തു വന്നു.

ഹെയ് സാറിന്റെ ബില്ലും എന്റെ ബില്ലിൽ ചേർത്ത് കൊണ്ടുവാ.

അഞ്ചിന്റെയും പത്തിന്റെയും കുറെ നോട്ടുകൾ പുറത്തെടുത്ത് തങ്കച്ചൻ പറഞ്ഞു.

വേണ്ട. എന്റെ ഞാൻ കൊടുക്കാം.

ഞാൻ കീശയിൽ നിന്ന് പേഴ്‌സെടുത്തു.

അതു പറ്റില്ല സാറെ.

പിന്നെ കാത്തു നിന്ന വെയ്റ്ററോട് അയാൾ പറഞ്ഞു.

ഞാൻ പറഞ്ഞില്ലെടോ രണ്ടും കൂടി ഒരു ബില്ലു കൊണ്ടുവാ.

അയാൾ പോയി. ഞാൻ നിസ്സഹായനായി ഇരുന്നു. ഞാൻ ഒരിക്കൽക്കൂടി തങ്കച്ചനോട് തോറ്റിരിക്കുന്നു. പറയാനാവാത്ത ഒരു വികാരം എന്നെ പിടികൂടി. വിഷലിപ്തമായ ഒരു പങ്കാളിത്തത്തിൽ കൂട്ടുകൂടിയ തോന്നൽ.

വെയ്റ്റർ നോട്ടുകളുമായി പോയി. തിരിച്ച് ഒരു പ്ലാസ്റ്റിക് പ്ലേറ്റിൽ ചില്ലറയും പെയ്‌മെന്റും റിസീവിട് എന്ന് സ്റ്റാമ്പടിച്ച ബില്ലും കൊണ്ടുവന്നു. രണ്ടുറുപ്പികയുടെ ഒരു ടിപ്പുകൊടുത്ത് പുറത്തു കടക്കുമ്പോൾ തങ്കച്ചൻ പറഞ്ഞു.

പാവങ്ങളാണ് സാറെ. നമ്മളീ കൊടുക്കുന്നതുകൊണ്ടാ അവറ്റ ജീവിക്കുന്നത്. ഹോട്ടലുകാരൊക്കെ എന്തുകൊടുക്കും?

പകയില്ല വിദ്വേഷമില്ല, താല്പര്യം മാത്രം:

ഫുട്പാത്തിന്റെ ഓരത്തിലൂടെ ഞങ്ങൾ നടന്നു. എന്റെ കയ്യിൽ തൂക്കിപ്പിടിച്ച സഞ്ചിയിൽ മരുന്നുകളുടെ സാംബിളുകൾ. അതിൽ മറുനാടുകളിൽ നിരോധിച്ചിട്ടുള്ള പല വിഷമരുന്നുകളുമുണ്ട്. കുടിച്ചാൽ ചുമ മാറാത്ത ചുമ നിവാരിണി, അപകടം പിടിച്ച വേദന നിവാരിണികൾ, അങ്ങനെ പലതും. തങ്കച്ചന്റെ കയ്യിൽ തൂക്കിയിട്ട സഞ്ചിയിൽ എന്താണെന്നെനിക്കറിയില്ല ഒരു പക്ഷെ ജാലവിദ്യക്കുള്ള ഉപകരണങ്ങളായിരിക്കും. നാലു കെട്ടിടങ്ങൾക്കപ്പുറത്ത് പൂട്ടിയിട്ട ഒരു കടയ്ക്കു മുമ്പിൽ അയാൾ നിന്നു. അവിടെ രണ്ടു മൂന്നു ഭാണ്ഡക്കെട്ടുകൾക്കിടയിൽ മെലിഞ്ഞ് എല്ലും തോലുമായി കറുത്ത ഒരു പയ്യൻ കിടന്നിരുന്നു. അവൻ കൈകൾ കാലുകൾക്കിടയിൽ തിരുകി ഉറങ്ങുകയായിരുന്നു. തങ്കച്ചൻ അവനെ തൊട്ടുണർത്തി.

എടാ മോനെ നീയിതു കഴിച്ചോ.

ഇവിടെയാണ് സാറെ എന്റെ ക്യാമ്പ്. രാത്രി ഇവിടെത്തന്നെ വിരിച്ചിട്ട് കിടക്കും. സാറന്മാര്‌ടെ മാതിരിയല്ലല്ലോ. നമുക്കൊക്കെ ഇത് പ്രാക്ടീസാ.

ഇനി ഒരു അരമണിക്കൂർ വിശ്രമാ സാറെ. അതു കഴിഞ്ഞാൽ അടുത്ത പരിപാടിയായി. അടുത്തത് കച്ചേരിപ്പടിയിലാണ്. അതു കഴിഞ്ഞിട്ട് ഒരു കളി കൂടിയുണ്ടാവും ഇന്ന്.

പയ്യൻ വട മുഴുവൻ തിന്ന്, ഇലയിൽ ഒട്ടിപ്പിടിച്ച ചട്ടിണി വിരലു കൊണ്ട് വടിച്ചു തിന്നുകയായിരുന്നു.

വയ്യ. ഈ ക്രൂരത കണ്ടു നിൽക്കാൻ വയ്യ. അവനെ ഈ പണിക്കു കൊണ്ടു നടക്കുന്നതിൽ ഭേദം പട്ടിണി കിടന്ന് മരിയ്ക്കാൻ വിടുകയാണ്.

ആണോ? ഏതാണ് ശരി? ഏതാണ് തെറ്റ്? എനിയ്ക്ക് തീരുമാനിയ്ക്കാൻ കഴിഞ്ഞില്ല.

കലാകൗമുദി - 1987