പ്രൊഫ. എം. കൃഷ്ണന്‍ നായര്‍
സൗധം സാർത്ഥകം
ഈ നഗരത്തിൽ എത്രവേഗമാണ് സൗധങ്ങൾ ഉയരുന്നത്! നമ്മൾ കൂടെക്കൂടെ ആ റോഡിലൂടെ നടക്കുന്നു. ഒരു സൗധത്തിനടുത്ത് കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം കാണുന്നു, കുറെ ദിവസം കഴിഞ്ഞാണ് അതിലേ പോകുന്നതെങ്കിൽ ഒരിടത്തു ചുടുകല്ലുകൾ അടുക്കിവച്ചിരിക്കുന്നതു കാണാം. മറ്റൊരിടത്ത് കരിങ്കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നു. മൂന്നു മാസത്തേയ്ക്കു നിങ്ങൾ ആ വഴി പോകുന്നില്ലെന്നിരിക്കട്ടെ എന്നിട്ട് ഒരു ദിവസം ആ വഴി ചെന്നാൽ ചുടുകല്ലുമില്ല കരിങ്കല്ലുമില്ല. കുറ്റിക്കാടുകൾക്കു പകരം മനോഹരമായ പൂന്തോട്ടം അതിനു പിറകിൽ സൗധം കരിങ്കല്ലിനും ചുടുകട്ടയ്ക്കും 'ഒരർത്ഥ'വുമില്ല. എന്നാൽ അവകൊണ്ടുണ്ടാക്കിയ സൗധം സാർത്ഥകം. ഒറ്റപ്പദങ്ങൾ അർത്ഥരഹിതങ്ങൾ. എന്നാൽ, ഹരികുമാർ എന്ന കഥാകാരൻ അവയെ വേണ്ടവിധത്തിൽ സങ്കലനം ചെയ്തുവയ്ക്കുമ്പോൾ അതിന് സാർത്ഥകസ്വഭാവം വരുന്നു. സ്വാർത്ഥതൽപരനായ ഒരു ചെറുപ്പക്കാരൻ. അയാൾ അമ്മയ്ക്ക് അയച്ചുകൊടുക്കുന്ന പണം അവർ അവരുടെ ചേട്ടനും കുഞ്ഞുങ്ങൾക്കും ചെലവാക്കുമ്പോൾ അയാൾക്കു കോപം. ആ കോപവും അതിനോടു ബന്ധപ്പെട്ട പ്രവൃത്തികളും കരിങ്കല്ലുപോലെ, ചെങ്കല്ലുപോലെ അർത്ഥരഹിതം. പക്ഷേ, അമ്മാവന്റെ മകളുടെ മക്കൾ അയാളെ സ്‌നേഹപൂർവം ഉമ്മവയ്ക്കുമ്പോൾ അയാളുടെ സ്വാർത്ഥ ചിന്ത ഇല്ലാതാവുന്നു. അവരിലൂടെ അയാൾ സ്വാർത്ഥകമായ ഒരു സ്‌നേഹസൗധം നിർമിക്കുകയാണ്.
കലാകൗമുദിയിൽ ഹരികുമാർ എഴുതിയ ഈ കഥ - 'സൂര്യകാന്തിപ്പൂക്കൾ' എനിക്കിഷ്ടമായി.
''മറ്റുള്ളവർക്കു ഉപകാരങ്ങൾ ചെയ്യുന്നവൻ മണ്ടനാണ്, കാരണം അവൻ സ്വന്തം കാര്യം നോക്കുന്നില്ല എന്നതാണ്.'' ഇമ്മട്ടിൽ ഏതോ മഹാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനു മഹത്ത്വമുണ്ടെങ്കിലും ഹൃദയവിശാലതയില്ല. സ്വാർത്ഥം ത്യജിച്ചു പരാർത്ഥമായി ജീവിക്കുമ്പോൾ ഉണ്ടാകുന്ന സുഖം സ്വാർത്ഥതാല്പര്യത്തിൽനിന്ന് ഒരിക്കലും ഉണ്ടാവുകയില്ല.