ഹരികൃഷ്ണന്‍
മലയാളമത്രയും അറിയപ്പെട്ടിരുന്ന കവിയുടെ മകൻ. എഴുതാൻ വാസനയുണ്ടെന്നു സ്വയമറിയാം. പക്ഷെ, ആശങ്ക നന്നായുണ്ട്. ആൽമരത്തിന്റെ ചുവട്ടിലെ തൈ വളരുമോ? ആർക്കറിയാം. പക്ഷെ, എഴുതാതിരിക്കാൻ ആവില്ലായിരുന്നു ഹരികുമാറിന്, മനസിൽ തെളിമയുള്ള മഴയായി അച്ഛൻ പെയ്യുന്നുണ്ടായിരുന്നു. വാക്കുകളെ അത്രമാത്രം സ്‌നേഹിച്ച, സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത ഇടശ്ശേരി. അച്ഛനും അമ്മയും സ്‌നേഹവാത്സല്യങ്ങളുടെ പ്രകടനത്തിൽ പിശുക്കു കാണിച്ചു. നിറഞ്ഞ, സാന്ദ്രമായ സാഹിത്യാന്തരീക്ഷമായിരുന്നു പൊന്നാനിയിലെ വീട്ടിൽ. പൊന്നാനി തന്നെ ബിംബങ്ങളേറെയുള്ള ഒരു കവിതയായിരുന്നല്ലോ. വിവാഹത്തിനു മുൻപ് കഥയും കവിതകളും എഴുതുമായിരുന്ന ഭാര്യ ജാനകിയമ്മ തന്നെയായിരുന്നു ഇടശ്ശേരിയുടെ ആദ്യത്തെ വായനക്കാരി. അവരെക്കൊണ്ട് ഉറക്കെ കവിതകൾ വായിപ്പിക്കും അദ്ദേഹം. ഈണത്തിൽ, ആ പൊന്നാനി രാത്രികളിൽ, നിളയൊഴുകുന്ന പോലെ കവിതയും. അമിത സന്തോഷവും ദുഃഖവും പ്രകടിപ്പിക്കാത്തയാളായിരുന്നു ഇടശ്ശേരി. ആ അച്ഛനെക്കുറിച്ച് ഹരികുമാർ പിന്നീടൊരു കഥയെഴുതി. പ്രാകൃതനായ തോട്ടക്കാരൻ. കർക്കശക്കാരനായ നായകൻ. തോട്ടത്തിൽ പനി നീർപ്പൂവുകൾ മാത്രം പോര, കള്ളിച്ചെടികൾക്കു കൂടി വളരാൻ അവസരം നൽകണമെന്നു പറയുന്ന തോട്ടക്കാരൻ. അച്ഛൻ മക്കളെക്കാൾ സാഹിത്യത്തെയായിരുന്നു സ്‌നേഹിച്ചിരുന്നത് എന്ന് ഹരികുമാറിനു തോന്നിയിട്ടുമുണ്ട്....
അച്ഛന്റെ ഉള്ളിൽ പക്ഷെ നിറഞ്ഞൊഴുകുന്ന സ്‌നേഹത്തിന്റെ ഒരു നിളയുണ്ടായിരുന്നിരിക്കണം. ഊണു കഴിക്കുമ്പോൾ, എല്ലാവരും വയറു നിറയെ കഴിക്കുന്നില്ലേ എന്നു നോക്കാൻ അച്ഛൻ അരികിൽ വന്നിരിക്കും, 'എന്റെ ഭീമസേനന് കുറച്ചുകൂടെ ചോറു കൊടുക്ക്' എന്ന് അമ്മയോടു പറയും. ഭീമസേനന് പക്ഷെ താനെഴുതിയ കഥകൾ അച്ഛനെ കാണിക്കാൻ പേടിയായിരുന്നു. രാവിലെ ഇടശ്ശേരി ചായ കുടിക്കുമ്പോഴാവും പതിയെ, വിവർണ മുഖത്തോടെ കഥയുമായി ഹരിയുടെ വരവ്. പതിനേഴാം വയസിൽ, ജോലി തേടി കൽക്കത്തിൽ പോയി ഹരികുമാർ. അവിടെയെത്തിയിട്ടും എഴുതുമായിരുന്നു. ആദ്യം അച്ഛനു തന്നെ അയച്ചു കൊടുക്കും. മറുപടിക്കായുള്ള ആകാംക്ഷ. നന്നായി, മോശമായി എന്നൊക്കെ അച്ഛനും തിരിച്ചെഴുതും. എങ്കിലും ഓരോ കഥയും അയയ്ക്കുമ്പോൾ ഓർമ വരിക, രാവിലെകളിൽ അച്ഛന്റെ ചാരുകസേരയ്ക്കു പിന്നിൽ കഥയുമായി മടിച്ചു നിൽക്കുന്ന കൗമാരത്തെ. ഹരികുമാറിന്റെ മിക്ക കഥകൾക്കും ജീവിതാനുഭവങ്ങളുടെ പശ്ചാത്തലമുണ്ട്. കറുത്ത ദുരന്തങ്ങളിലും പ്രത്യാശപടർത്തുന്ന പൂച്ചിരികൾ. ജീവിതത്തിന്റെ ആദ്യ പാതി നഷ്ടപ്പെടലുകളുടേതായിരുന്നു. കൽക്കത്തയിലും തുടർന്നു ഡൽഹിയിലും മുംബൈയിലുമൊക്കെ ജോലി നോക്കി. മുംബൈയിൽ വച്ച്, ജോലി രാജിവച്ച് യന്ത്രസാമഗ്രികളുടെ ഒരു ഏജൻസി തുടങ്ങി. ആ ബിസിനസ് പൊളിഞ്ഞു. ചീത്തക്കാലമായിരുന്നു അത്. കര കയറാൻ എല്ലാം വിൽക്കേണ്ടി വന്നു. മുബൈയിലെ സ്വന്തം ഫ്‌ളാറ്റ് വിറ്റ്, ഹതാശനായി നാട്ടിലേക്കു തിരിച്ചു. ആ ട്രെയിൻ യാത്രയിൽ വിസ്മയം പോലെ, പ്രത്യാശയേകാൻ ഒരു കാഴ്ച ഹരിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. പൂനെ എത്തുന്നതിനു മുൻപ്, ലോനാവിലയിലെ മലയുടെ താഴ്‌വാരത്താണ് ഹരി അതു കാണുന്നത്. പൂത്തു നിൽക്കുന്ന കാശിത്തുമ്പയുടെ ഒരു കടൽ. എന്തോ, ആ കാഴ്ച ഹരികുമാറിനെ ചലിപ്പിച്ചു. വരും പാതകളിൽ പ്രത്യാശയുടെ പ്രകാശമുണ്ടെന്ന് ഓർമ്മിപ്പിച്ചു. സർവവും വിറ്റ്, മടക്കത്തീവണ്ടിയിൽ തിരിച്ചു വരുന്ന ആ യാത്രക്കാരൻ എവിടെയോ പ്രതീക്ഷിക്കാൻ, എന്തോ ഉണ്ടെന്നറിഞ്ഞു. ആ അറിവ് പിന്നീട് യാഥാർത്ഥ്യമായി. ഹരി തിരിച്ചു വന്നത് തിരിച്ചു നേടലിന്റെ, തൃപ്തിയുടെ ലോകത്തേക്കായിരുന്നു.... ഈ അനുഭവത്തെ 87 ജനുവരിയിൽ ഹരികുമാർ ചെറുകഥയിലാക്കി. സൂര്യകാന്തിപ്പൂക്കൾ'എന്നു പേരിട്ട ആ കഥ ആശയറ്റവന്റെ മുന്നിൽ തുറന്ന പ്രത്യാശയുടെ പൂക്കടലാണ്. ഏകാകിയായ തീവണ്ടിയാത്രക്കാരൻ. മുബൈയിൽ നിന്ന് നാട്ടിലേക്കു പോവുകയാണയാൾ. തീവണ്ടി യാത്രകളിൽ കഴിയുന്നത്ര ഏകാകിയാവാനാണയാൾക്കിഷ്ടം. മനോരാജ്യം കാണാം. പഴയ കാലത്തെ ഓർമകൾ വീണ്ടും പുതുക്കാം. പഴയ വ്രണങ്ങളെ താലോലിക്കാം. വല്ലപ്പോഴും കണ്ടുകിട്ടിയ സന്തോഷത്തിന്റെ നിമിഷങ്ങളെ മുത്തുപോലെ പുറത്തെടുക്കാം. ഇതെല്ലാം യാത്രയിലേ പറ്റൂ. പത്തു കൊല്ലം ജോലിയെടുത്തശേഷം, സ്വന്തമായി ഒരു ജീവിതം വേണമെന്നയാൾക്കു തോന്നിത്തുടങ്ങിയിരുന്നു. പക്ഷേ, അതിനിനി എല്ലാം ആദ്യം തുടങ്ങണം.... പത്തുകൊല്ലം താൻ ഇഷ്ടമില്ലാത്ത ചില ബന്ധുക്കളെ സഹായിച്ച് ജീവിതം നശിപ്പിച്ചു. ആലോചിക്കുന്തോറും അയാളുടെ മനസ് കലുഷമായി.
ബന്ധുക്കൾക്കു വേണ്ടിയാണ് ദാസൻ ജീവിതത്തിന്റെ നല്ല വർഷങ്ങളെല്ലാം ചെലവിട്ടത്. ഇനി സ്വന്തമായി ജീവിക്കണമെങ്കിൽ ആദ്യം വല്ലതും സമ്പാദിച്ചിട്ടുവേണം. ദാസൻ അമ്മക്കൊപ്പം സദാ ഉള്ള അമ്മാവനെയും അമ്മാവന്റെ മകൾ രേണുവിനെയും വെറുപ്പോടെ ഓർത്തു. ദാസന്റെ സമ്പാദ്യത്തിൽ കൂടുതലും ഇവർക്കു വേണ്ടിയായിരുന്നു ചെലവാക്കിയത്. അങ്ങനെ ഓരോന്നോർത്തു യാത്രചെയ്യുമ്പോഴാണ്, പണ്ട് തനിക്ക് ആറു വയസുള്ളപ്പോൾ ട്രെയിനിൽ ഇതേ സ്ഥലത്തു വച്ചു കയ്യിൽ നിന്നു വീണുപോയ സൂര്യകാന്തിപ്പൂവിന്റെ വിത്തുകളെക്കുറിച്ച് ഓർമ്മിക്കുന്നത്. നാട്ടിലെ തോട്ടത്തിൽ വച്ചുപിടിപ്പിക്കാൻ കൊണ്ടുപോവുകയായിരുന്നു ആ വിത്തുകൾ. ജനാലയിലൂടെ പുറത്തേക്കു വീണുപോയ ആ പൊതി ഏറെക്കാലം അവനെ വേദനിപ്പിച്ചിരുന്നു.... വീണ്ടും അതേ സ്ഥലം. താൻ ഏകദേശം ആ സ്ഥലത്തെത്തിയെന്നും ദാസൻ മനസിലാക്കി. ഇടതുവശത്തു കണ്ട ഒരു വെള്ളച്ചാട്ടം അയാൾക്ക് ഓർമയുണ്ട്. അതിനടുത്തുതന്നെയാണു വിത്തുകൾ നഷ്ടപ്പെട്ടത്. അയാൾ പുറത്തേക്കു നോക്കി. അത്ഭുതം കൊണ്ടും ആഹ്ലാദം കൊണ്ടും അയാൾ എഴുന്നേറ്റ് ഓടി കമ്പാർട്ടുമെന്റിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഏന്തി നിന്നു നോക്കി. അവിടെ കുന്നിന്റെ ചായ്‌വിൽ, താഴ്‌വരയിൽ ഒരു വലിയ സൂര്യകാന്തിത്തോട്ടം ഉണ്ടായിരുന്നു. ആയിരക്കണക്കിനു പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. മഞ്ഞയുടെ ഒരു പരവതാനി വിരിച്ചിട്ട പോലെ കാഴ്ച മനോഹരമായിരുന്നു. അയാൾ വാതിലിനു പുറത്തേക്ക് ഏന്തി നോക്കി, കാറ്റടിക്കുമ്പോൾ പൂക്കളുടെ പരവതാനിയിൽ ഓളങ്ങളുണ്ടാകുന്നതയാൾ കണ്ടു. ആ കാഴ്ച മറയരുതേ എന്നയാൾ പ്രാർത്ഥിച്ചു.
വർഷങ്ങൾക്കു മുൻപ് ദാസന്റെ കൈയിൽ നിന്നു നഷ്ടപ്പെട്ട വിത്തുകൾ പൂർണത കണ്ടെത്തിയിരിക്കുന്നു. അതേ താഴ്‌വരയിൽ സംഭവിച്ച പ്രകൃതിയുടെ സർഗാത്മക പ്രക്രിയ. യാദൃച്ഛികമായ സമ്മാനം. വീട്ടിലെത്തിയപ്പോൾ അമ്മാവന്റെ മകൾ രേണുവിന്റെ മക്കൾ. സ്‌നേഹം മറന്നു തുടങ്ങിയ ദാസനോട് അവരിലൊരാൾ ചോദിക്കുന്നു. ഞാൻ ഒറങ്ങുമ്പൊ മാമൻ വന്നു? അവന്റെ കണ്ണുകളിൽ അത്ഭുതമുണ്ടായിരുന്നു. അടുപ്പവും. അപ്പോഴാണ് അയാൾ കണ്ടത് രേണുവിന്റെ മോൾ മുട്ടുകുത്തി വരുന്നു. കസേരയുടെ കാൽ പിടിച്ചു നിന്ന് കൈ നീട്ടി, അവളെ എടുക്കാൻ. അയാൾ അവളെ വാരിയെടുത്തു. താഴത്തെ തൊണ്ണിൽ മുളച്ചു വരുന്ന രണ്ടു കുഞ്ഞിപ്പല്ലുകൾ കാട്ടി അവൾ അയാളെ നോക്കി ചിരിച്ചു. എന്നിട്ടയാളെ അത്ഭുതപ്പെടുത്തുമാറ് അയാളുടെ കുറ്റിരോമങ്ങൾ വളർന്ന കവിളിൽ ഉമ്മ വച്ചു. സ്‌നേഹസന്ദേശവുമായി തന്റെ അടുത്തെത്തിയ പഞ്ഞിക്കെട്ടുപോലെ മൃദുവായ ആ കുട്ടിയെ വിട്ടു കൊടുക്കാൻ അയാൾ തയാറായില്ല. അയാൾ അവളെ ചേർത്തുപിടിച്ചു. തീവണ്ടിയിൽ വരുമ്പോൾ സഹ്യന്റെ താഴ്‌വരയിൽ സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിൽക്കുന്നതു കണ്ടതയാൾ ഓർത്തു. വ്യർത്ഥമെന്നു താൻ കരുതിയിരുന്ന തന്റെ കർമങ്ങൾ ഒട്ടും വ്യഥാവിലായില്ലെന്നയാൾ കണ്ടു. അതൊരു പുതിയ അറിവിന്റെ ആരംഭ മായിരുന്നു. താൻ നടന്നു വന്ന ദുഷ്‌കരമായ പാതയിലേക്കു തിരിഞ്ഞു നോക്കാതിരിക്കാൻ അത് അയാളെ പഠിപ്പിച്ചു. പക്ഷെ, ഹരികുമാർ ഇടയ്‌ക്കൊക്കെ താൻ പിന്നിട്ട ആ കഷ്ടകാണ്ഡത്തെ ഓർമിക്കുന്നുണ്ടാവണം. ലോനാവിലയിലെ കുന്നിൻ ചരിവിൽ താൻ കണ്ട കാശിത്തുമ്പ പാടത്തെയും...
കഥയിൽ പറയുന്ന മറ്റു സംഭവങ്ങളെല്ലാം സാങ്കൽപികമാണ്. ഹരികുമാർ ഇപ്പോൾ സംതൃപ്തൻ. ഭൗതിക ജീവിതത്തിലും രചനാജീവിതത്തിലും കൊച്ചിയിൽ തരക്കേടില്ലാത്ത ബിസിനസ്. എഴുത്തിൽ, ഇടശ്ശേരിയുടെ മകനെന്ന പ്രതീക്ഷയ്ക്ക് കോട്ടമുണ്ടാക്കുന്നതുമില്ല. നന്ദി പറയുക, ആ കാശിത്തുമ്പപ്പൂക്കളോട്.