|| Scripts

ഒരു കുടുംബപുരാണം

ഇ ഹരികുമാര്‍

ഉയിർത്തെഴുന്നേൽപ്പ്

ഈ എപ്പിസോഡിലേയ്ക്കു വേണ്ട കഥാപാത്രങ്ങൾ

ജോസഫേട്ടൻ
ത്രേസ്യാമ്മ
പാറുകുട്ടി
ഡോക്ടർ നായർ
കപ്യാർ
പള്ളീലച്ചൻ
ശവസംസ്‌കാരത്തിന് കൂടിയവർ
ക്ലാര
ഗ്രേസി
ജോർജ്ജൂട്ടി
ലേഡീസ് കടയിലെ സേയ്ൽസ്മാൻ

Part I

ടൈറ്റിൽ സീൻ:

ജോസഫേട്ടൻ റോട്ടിലൂടെ നടന്നുപോകുന്നു. പള്ളിയുടെ മുമ്പിൽ എത്തിയപ്പോൾ പള്ളിവളപ്പിൽ ഒരാൾക്കൂട്ടം കാണുന്നു. ജോസഫേട്ടൻ ഒന്ന് നിന്ന ശേഷം ഗെയ്റ്റു കടന്ന് അകത്തു കടക്കുന്നു. അവിടെ പുതുതായി കുഴിച്ച കുഴിക്കു ചുറ്റും ആൾക്കാർ കൂടിയിരിക്കുന്നു. ഒരു വശത്ത് പാതിരി വിശുദ്ധപുസ്തകവും പിടിച്ച് അന്ത്യകർമ്മങ്ങൾ നടത്തുന്നു. സാവധാനത്തിൽ ശവപ്പെട്ടി കുഴിയിലേയ്ക്ക് താഴ്ത്തപ്പെടുന്നു.....

സീൻ 1:

ത്രേസ്യാമ്മയുടെ വീടിന്റെ പൂമുഖം. വൈകുന്നേരം സമയം. മേശപ്പുറത്ത് ചായ കുടിച്ച കപ്പുകളും പാത്രങ്ങളും. ത്രേസ്യാമ്മ പുറത്തുപോയി വന്ന വേഷത്തിൽ. മുഖത്ത് ആകെ അങ്കലാപ്പ്.

ജോസഫേട്ടൻ എതിർവശത്തിരിക്കുന്നു. ചായ കുടിച്ചുവെങ്കിലും മുമ്പിലുള്ള പ്ലെയ്റ്റിൽ നിന്ന് മിക്‌സ്ചർ എടുത്തു കൊറിക്കുന്നു.

ജോസഫേട്ടൻ: നീ എവിടുന്നാണ് ഗ്രേസിയെ കണ്ടത്?

ത്രേസ്യാമ്മ: ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽവെച്ച്. എന്റെ ഒപ്പം പാറുകുട്ടിയുമുണ്ടായിരുന്നു. ഞാനവൾക്ക് കാണിച്ചു കൊടുക്കുമ്പോഴേയ്ക്ക് ഗ്രേസി എങ്ങാണ്ടോ പോയി മറഞ്ഞു.

ജോസഫേട്ടൻ: നീ കണ്ടത് പ്രേതത്തെയായിരിക്കും

ത്രേസ്യാമ്മ: പിന്നേയ്, പട്ടാപ്പകൽ പ്രേതമല്ലെ? പ്രേതങ്ങള് രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാലാ എറങ്ങ്വാ. പകലൊന്നും പ്രേതങ്ങള് നടക്കില്ല. പോരാത്തതിന് അവള് ചൂരിദാറാണ് ഇട്ടിരുന്നത്. ചൂരിദാറിട്ട പ്രേതങ്ങളെപ്പറ്റി കേട്ടിട്ടൊണ്ടോ?

ജോസഫേട്ടൻ: വെള്ള ചൂരിദാറാണോ?

ത്രേസ്യാമ്മ: അല്ലാന്നേയ് നല്ല ഇളം പച്ചേല് കടുംചോപ്പ് പൂക്കള്.

ജോസഫേട്ടൻ: എന്നാ അത് ഗ്രേസിയായിരിക്കില്ല.

ത്രേസ്യാമ്മ: നിങ്ങള് കണ്ടത് ഗ്രേസിയുടെ ശവമടക്കലായിരിക്കില്ല.

ജോസഫേട്ടൻ: അതെങ്ങനാ നീ പറയുന്നത്? പെട്ടി കുഴിയിലിറക്കണത് എന്റ കണ്ണുകൊണ്ട് കണ്ടതല്ലെ. ജോർജ്ജുട്ടി കരയുണുംണ്ടായിരുന്നു. എനിക്ക് നല്ല ഓർമ്മണ്ട്. ഞാൻ കപ്യാരോട് ചോദിച്ചപ്പഴാ പറഞ്ഞത് അത് ജോർജ്ജൂട്ടീടെ ഭാര്യാന്ന്. കൊറേ കാലായി സുഖല്ല്യാതെ കെടക്ക്വായിരുന്നൂന്നും.

ജോസഫേട്ടൻ ആ രംഗം ഓർക്കുന്നു.

ഫ്‌ളാഷ്ബാക്ക്.......

ജോസഫേട്ടൻ നോക്കി നിൽക്കെ ഒരു ചെറുപ്പക്കാരൻ കരഞ്ഞുകൊണ്ട് ശവപ്പെട്ടിയിലേയ്ക്ക് ഒരുപിടി മണ്ണ് വിതറുന്നു. ജോസഫേട്ടൻ അടുത്തു നിൽക്കുന്ന പരിചയക്കാരനായ കപ്യാരോട് ചോദിക്കുന്നു.

ജോസഫേട്ടൻ: അത് ജോർജ്ജൂട്ടി അല്ലെ?

കപ്യാർ: അതേ, അയാക്കടെ ഫാര്യയാണ്. കൊറെക്കാലായി സുഖല്ല്യാതെ കെടക്ക്വായിരുന്നു. കഴിഞ്ഞത് നന്നായി.

ജോസഫേട്ടന്റെ മുഖത്ത് വല്ലായ്മ. അദ്ദേഹം ജോർജ്ജുകുട്ടിയെ അനുകമ്പാപൂർവ്വം നോക്കുന്നു. ജോർജ്ജുകുട്ടി അത് കാണുന്നില്ല. അയാൾ കരയുകതന്നെയാണ്.

(ഫ്‌ളാഷ്ബാക്ക് അവസാനിക്കുന്നു. )

ജോസഫേട്ടൻ തലയാട്ടിക്കൊണ്ട് പറയുന്നു.

ജോസഫേട്ടൻ: എനിക്ക് നല്ല ഓർമ്മണ്ട്. കഴിഞ്ഞ 22-ാം തീയ്യതിയാണ്. അന്നാണ് നമ്മടെ കുറി വിളിച്ചു കിട്ടിയത്. ഞാൻ കുറിക്കമ്പനീലിക്ക് പോവ്വായിരുന്നു. സമയം കൊറവായതോണ്ട് അവിടെ അധികനേരം നിന്നില്ല.

ത്രേസ്യാമ്മ: അപ്പൊ ഞാനാരേയാ കണ്ടത്? ഗ്രേസി തന്ന്യാന്നാ എനിക്കിപ്പഴും തോന്നണത്.

ജോസഫേട്ടൻ: അത് ഗ്രേസിയാവാൻ യാതൊരു വഴീം ഇല്ല്യ മോളെ.

ത്രേസ്യാമ്മ ആലോചനാമഗ്നയായി ഇരിക്കുന്നു. മുഖത്തെ അങ്കലാപ്പ് മാറിയിട്ടില്ല.

ജോസഫേട്ടൻ: ഈ ചായ തണുത്തു. നി പോയി നല്ലൊരു ചായണ്ടാക്കിത്താ.

ത്രേസ്യാമ്മ അടുക്കളയിലേയ്ക്കു പോകുന്നു.

സീൻ 2:

അടുക്കളയിൽ. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. പാറുകുട്ടി പച്ചക്കറി നുറുക്കുകയാണ്. ത്രേസ്യാമ്മയ്ക്ക് ഒന്നും വഴങ്ങുന്നില്ല. അവരുടെ മനസ്സിൽ ഇപ്പോഴും മരിച്ചുവെന്ന് കരുതിയ പെൺകുട്ടിയെ കണ്ട ഓർമ്മയാണ്.

ത്രേസ്യാമ്മ: എടീ, എന്തോ പ്രശ്‌നംണ്ട്ന്ന് എന്റെ മനസ്സു പറേണു. ഞാങ്കണ്ടത് ഗ്രേസ്യേത്തന്ന്യാ. പക്ഷേ അച്ചായന് തെറ്റു പറ്റില്ല. കാര്യങ്ങളടെ കെടപ്പെല്ലാം ചോദിച്ച് മനസ്സിലാക്കിയേ മൂപ്പര് അടങ്ങാറുള്ളൂ.

പാറുകുട്ടി: അമ്മച്ചിക്ക് തോന്നിയതാവും. പോട്ടെ.

ത്രേസ്യാമ്മ: നെനക്ക് ഓർമ്മല്ല്യേ ആ പെൺകൊച്ചിനെ?

പാറുകുട്ടി: പിന്നേ, എനിക്കതിനെ എവിടെ വച്ച് കണ്ടാലും മനസ്സിലാവും. ഒരാഴ്ച ദെവസൂം ആസ്പത്രീല്‌വച്ച് കണ്ടതല്ലെ.

രണ്ടുപേരും ആലോചിക്കുന്നു.

സീൻ 3:

ഫ്‌ളാഷ്ബാക്ക്......

ആശുപത്രി. ഒരു മുറിയിൽ കട്ടിലിൽ ജോസഫേട്ടൻ കിടക്കുകയാണ്. ഡ്രിപ്പ് കയറ്റുന്നുണ്ട്. മുഖത്ത് ക്ഷീണമുണ്ടെങ്കിലും പ്രസന്നഭാവമാണ്. കട്ടിലിന്നടുത്തുതന്നെ ഇട്ട കസേലയിൽ ത്രേസ്യാമ്മയുടെ അനുജത്തി ക്ലാര ഇരിക്കുന്നു.

ജോസഫേട്ടൻ: ഇനി നീ പോയിട്ട് വേണ്ടേ ബാബൂന് ചായയുണ്ടാക്കിക്കൊടുക്കാൻ?

ക്ലാര: ഓ, അതിയാൻ സ്വന്തംണ്ടാക്കി കുടിച്ചോളും. അതൊന്നും പറഞ്ഞതോണ്ട് ഞാനെന്റെ ബോയ് ഫ്രണ്ടിന്റെ അടുത്തുനിന്ന് പോവില്ല കേട്ടോ.

ജോസഫേട്ടൻ: ബോയ് ഫ്രണ്ട്! നിന്റെ ചേച്ചീ കേക്കണ്ട.

ക്ലാര: ചേച്ചീക്കതറിയാലോ? പക്ഷേ ഇങ്ങിനെ ഒരു അറ്റാക്കുകൂടിണ്ടായാൽ ഞാനെന്റെ ബോയ്ഫ്രണ്ടിനെ ഉപേക്ഷിക്കും.

ജോസഫേട്ടൻ: അതെന്താ?

ക്ലാര: ആരോഗ്യല്ലാത്ത ബോയ്ഫ്രണ്ടിനെക്കൊണ്ട് എന്തു കാര്യം?

ജോസഫേട്ടൻ ചിരിക്കുന്നു. വാതിൽ കടന്ന് ത്രേസ്യാമ്മയും പാറുകുട്ടിയും പ്രവേശിക്കുന്നു.

ജോസഫേട്ടൻ: (ക്ലാരയോട്) ഇനി വേഗം സ്ഥലം കാലിയാക്ക്.

ക്ലാര: കണ്ടില്ലെ? ഇതാണ് രാവിലെതൊട്ട് വൈകുന്നേരംവരെ ഒരു രോഗിയെ പരിചരിച്ചതിനുള്ള കൂലി.

ക്ലാര എഴുന്നേൽക്കുന്നു. കപടമായ ദേഷ്യത്തോടെ പോകാനുള്ള ഒരുക്കങ്ങൾ കൂട്ടുന്നു. സഞ്ചി എടുക്കുന്നു.

ക്ലാര: ബോയ്ഫ്രണ്ടിന് നാളെ ബ്രേക്ഫാസ്റ്റിന് എന്താണാവോ വേണ്ടത്? ഓംലറ്റും ബ്രഡ്ഡും കൊണ്ടരട്ടെ?

ത്രേസ്യാമ്മ: അയ്യോ പെണ്ണേ അതിയാന് മുട്ടയൊന്നും കൊടുക്കണ്ട. ഡോക്ടറ് പ്രത്യേകം പറഞ്ഞിട്ടൊണ്ട്.

ജോസഫേട്ടൻ: നീ അതൊന്നും നോക്കണ്ട പെണ്ണേ, ഓംലറ്റ് കൊണ്ടുവാ.

ഡോക്ടർ നായർ കടന്നു വരുന്നു. അറുപതിനടുത്ത പ്രായം. തല മുഴുവനും നരച്ചിരിക്കുന്നു. മുഖത്തു കാണുന്ന ഗൗരവം പെരുമാറ്റത്തിലില്ല. കയ്യിൽ സെ്തത്തുണ്ട്. പിന്നിൽ രോഗിയുടെ കടലാസുകളുമായി് ഒരു നഴ്‌സും. ജോസഫേട്ടൻ പറഞ്ഞത് ഡോക്ടർ കേട്ടിരിക്കുന്നു. ഡോക്ടർ നായർ ജോസഫേട്ടന്റെ പൾസ് നോക്കുന്നു. നഴ്‌സു കൊടുത്ത ചാർട്ട് പരിശോധിക്കുന്നു.

ഡോക്ടർ നായർ: ആർക്കാണ് ഓംലറ്റ് തിന്നാൻ പൂതി?

ജോസഫേട്ടൻ: (ചമ്മിയ ചിരി) ഞാനേയ് ക്ലാര്യോട് പറയ്യായിരുന്നു.

ഡോക്ടർ നായർ: എന്ത്? ഓംലറ്റു കൊണ്ടരാൻ അല്ലേ? (തിരിഞ്ഞ് ക്ലാരയോട്) കൊണ്ടന്നോളൂ. ഡബ്‌ളായിക്കോട്ടെ.

ത്രേസ്യാമ്മയുടെ മുഖത്ത് അദ്ഭുതം. ഡോക്ടർ നായർ ത്രേസ്യാമ്മയുടെ മുഖത്തു നോക്കുന്നു.

ത്രേസ്യാമ്മ: അപ്പോ ഡോക്ടർ പറഞ്ഞത്.....

ഡോക്ടർ നായർ: മുട്ടയൊന്നും കൊടുക്കണ്ടാന്നല്ലെ. അതു സാരല്ല്യ വയസ്സ് പത്തറുപതായില്ല്യേ.

ത്രേസ്യാമ്മ: ഇല്ല്യാ, ഈ വൃശ്ചികത്തില് അമ്പത്തഞ്ചു കഴിയ്യേള്ളൂ.

ഡോക്ടർ നായർ: അപ്പോ ജോസ് റിട്ടയർ ചെയ്തത് അമ്പത്തിമൂന്നാം വയസ്സിലാ?

ത്രേസ്യാമ്മ: അത്?......

ജോസഫേട്ടൻ ചിരിക്കുന്നു. ക്ലാരയും. ത്രേസ്യാമ്മ ഇതെല്ലാം ഗൗരവത്തിൽത്തന്നെയാണ് എടുത്തിരിക്കുന്നത്.

ഡോക്ടർ നായർ: ആട്ടെ കൊച്ചുത്രേസേടെ വയസ്സ് എത്രയാ?

ത്രേസ്യാമ്മ പരുങ്ങുന്നു.

ഡോക്ടർ നായർ: എനിക്കറിയാം. ഞാൻ നിങ്ങളെ പരിചയപ്പെട്ടത് അഞ്ചുകൊല്ലം മുമ്പാണ്. അതിനുശേഷം കൊച്ചു ത്രേസ്യേടെ വയസ്സിന് മാറ്റൊന്നുംണ്ടായിട്ടില്ലല്ലോ?

ത്രേസ്യാമ്മ: ഇല്ല.

എല്ലാവരും ചിരിക്കുന്നു. ത്രേസ്യാമ്മയ്ക്ക് അപ്പോഴും താൻ പറഞ്ഞതിലെ വിഡ്ഢിത്തം മനസ്സിലാവുന്നില്ല.

ഡോക്ടർ നായർ: ജോസിന് മുട്ടയൊക്കെ കൊടുത്തോളു. ആൾക്കാര് ഭക്ഷണത്തിലൊക്കെ ഇങ്ങനെ ക്രമം പാലിച്ചാൽ ഞാൻ രോഗികളൊന്നും ഇല്ല്യാതെ ഈ ക്ലിനിക്ക് പൂട്ടിപ്പോകേണ്ടിവരില്ലേ. (ക്ലാരയോട്) കുട്ടി ഡബ്‌ളല്ല ഒരു ട്രിബ്‌ള് ഓംലറ്റുതന്നെ കൊണ്ടുവരൂ. അടുത്ത അറ്റാക്കിന്ള്ള കോള് ഇപ്പൊത്തന്നെ തൊടങ്ങണ്ടെ?

ഡോക്ടർ പോകാനായി വാതിൽക്കലെത്തുന്നു. വാതിൽ തുറന്നു പിടിച്ച് ജോസഫേട്ടനോട്:

ഡോക്ടർ നായർ: രണ്ടു ദിവസത്തേയ്ക്കുകൂടി കഞ്ഞി കുടിച്ചാൽ മതി കെട്ടോ ജോസെ. രാവിലെ വേണങ്കിൽ രണ്ട് ഇഡ്ഡലി കഴിച്ചോളൂ. (ക്ലാരയെ നോക്കി) കുട്ടി കേട്ടോ?

ക്ലാര ചിരിച്ചുകൊണ്ട് തലയാട്ടുന്നു. ഡോക്ടർ വാതിൽ കടന്നശേഷം ജോസഫേട്ടനെ നോക്കി പറയുന്നു.

ക്ലാര: നന്നായിട്ടൊണ്ട്. എന്റെ ബോയ്‌ഫ്രേണ്ടിന് ആർത്തി കുറച്ചു കൂടുതലാ.

ജോസഫേട്ടൻ: നീ പോടീ.

ക്ലാര പോകുന്നു.

ജോസഫേട്ടൻ: അവള് കണ്ടോ പറയണത്. ഓംലറ്റിന്റെ കാര്യം പറഞ്ഞ് എന്നെ കൊതിപ്പിച്ചത് അവള്തന്നാ. കള്ളി.

പാറുകുട്ടി ഫ്‌ളാസ്‌കു തുറന്ന് കപ്പിൽ ജോസഫേട്ടന് ചായ കൊടുക്കുന്നു. ഒരു ചെറിയ പ്ലേയ്റ്റിൽ നാലു ബിസ്‌കറ്റുകളും. ജോസഫേട്ടൻ ബിസ്‌കറ്റുകൾ നോക്കുന്നു.

ജോസഫേട്ടൻ: ബിസ്‌കറ്റ്! എത്ര ദിവസായി ഈ ബിസ്‌കറ്റ് തന്നെ. നല്ല പരിപ്പുവട തിന്നാൻ തോന്നുണു.

ത്രേസ്യാമ്മ, കൊണ്ടുവന്ന സഞ്ചിയിൽ നിന്ന് ടിഫിൻ കാരിയറും മറ്റും എടുത്ത് മേശമേൽ വെയ്ക്കുകയാണ്. എല്ലാം കഴിഞ്ഞപ്പോൾ ജോസഫേട്ടന്റെ കട്ടിലിൽ വന്നിരിക്കുന്നു.

ത്രേസ്യാമ്മ: ഇന്നെങ്ങനാ ക്ഷീണൊന്നുല്ല്യല്ലോ.

ജോസഫേട്ടൻ: ആ പെണ്ണിന്റെ വർത്തമാനം കേട്ടു ക്ഷീണിച്ചു.

ത്രേസ്യാമ്മ: അവളങ്ങനാ, വർത്തമാനം പറഞ്ഞാൽ നിർത്തില്ല.

പാറുകുട്ടി: അമ്മച്ചിയെന്താ മോശം?

ത്രേസ്യാമ്മ എഴുന്നേൽക്കുന്നു.

ത്രേസ്യാമ്മ: ഞാനൊന്ന് പിള്ളാരെയൊക്കെ നോക്കിവരാം.

ജോസഫേട്ടൻ ഒന്നും പറയാതെ ചായ കുടിക്കുന്നു. പാറുകുട്ടി ത്രേസ്യാമ്മ പോകുന്നതും നോക്കി ചിരിച്ചുകൊണ്ട് തലയാട്ടുന്നു.

പാറുകുട്ടി: അമ്മച്ചീടെ വിചാരം ഇത് നമ്മടെ കോളന്യാന്നാ. ഇനി ഓരോരുത്തര് കെടക്ക്‌ണേടത്തും ചെല്ലും സൂക്കെട് അന്വേഷിക്കും, നാട്ടുവർത്തമാനം പറയും.

സീൻ 4:

ആശുപത്രി വരാന്തയിലൂടെ നടക്കുന്നു ത്രേസ്യാമ്മ. അവർ ഓരോ മുറിയിലും എത്തിനോക്കുകയാണ്. ഒരു മുറിയുടെ വാതിലിൽ എത്തിനോക്കിയ ശേഷം അകത്തു കടക്കുന്നു.

സീൻ: 4 എ:

ആശുപത്രയിൽ ഒരു മുറി, കട്ടിലിൽ സുന്ദരിയായ പെൺകുട്ടി ചാരിയിരിക്കുന്നു, വയസ്സ് ഇരുപത്, ഇരുപത്തൊന്ന്. ത്രേസ്യാമ്മ വാതിൽ കടന്ന് വരുന്നു. ത്രേസ്യാമ്മയെ കണ്ടതും അവളുടെ മുഖം വികസിക്കുന്നു.

ത്രേസ്യാമ്മ: ഇന്നെങ്ങനെ ഒണ്ട് ഗ്രേസിമോളെ?

ഗ്രേസി: സുഖംണ്ട് ആന്റി. ആന്റി എന്താ ഇന്ന് നേരം വൈകിയോ?

ത്രേസ്യാമ്മ: വീട്ടീന്ന് എളുപ്പം പൊറത്ത് കടക്കാൻ പറ്റ്വോ മോളെ. കൊച്ചുങ്ങളെ ഒക്കെ അച്ചനമ്മമാര്‌ടെ ഒപ്പം പറഞ്ഞയക്കണ്ടേ. ചെലര് വരാൻ വൈകും. പിന്നെ വീട് പൂട്ടിവര്വല്ലെ. എന്തൊക്കെ കാര്യങ്ങള് നോക്കണം? ജോർജൂട്ടി എവിടെ?

ഗ്രേസി: ഇച്ചായൻ പൊറത്തു പോയിരിക്ക്യാണ്.

ത്രേസ്യാമ്മ: എന്നാ മോളെ ഡിസ്ചാർജാവണത്?

ഗ്രേസി: രണ്ടീസത്തില്ണ്ടാവുംന്ന് തോന്നുണു. അങ്ക്‌ളോ?

ത്രേസ്യാമ്മ: അതിയാന് വലിയ കൊഴപ്പൊന്നുംല്ല്യാന്നാ തോന്നണത്. വല്ല പിക്‌നിക്കിനും വന്നപോലാ പെരുമാറ്റം. ഓംലറ്റ് വേണം പരിപ്പ്‌വട വേണംന്നൊക്കെ പറഞ്ഞോണ്ടിരിക്ക്യാ.

ഗ്രേസി: വയസ്സായാൽ അങ്ങനൊക്കെണ്ടാവും ആന്റീ.

ത്രേസ്യാമ്മ: അതിന് അതിയാന് അത്രയൊന്നും വയസ്സായിട്ടില്ല മോളെ. ഈ വൃശ്ചികത്തില്....... (പെട്ടെന്ന് എന്തോ ഓർത്ത് നിർത്തുന്നു.)

ഗ്രേസി: ആന്റി ഇരിക്കൂ.

ത്രേസ്യാമ്മ കട്ടിലിൽ ഇരിക്കുന്നു. ജോർജൂകുട്ടി വരുന്നു. സുമുഖൻ. ഇരുപത്തെട്ടു വയസ്സു പ്രായം. പാന്റസും ഷർട്ടും വേഷം. കയ്യിൽ മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ബാഗ്.

ജോർജൂട്ടി: ഞാൻ വരുമ്പോൾ ജോസഫ് അങ്കിളിനെ കണ്ടു. അപ്പോ പറഞ്ഞു ആന്റി ഇങ്ങട്ട് വന്നിട്ടൊണ്ട് എന്ന്. അപ്പോ ഞാൻ ഓടി വര്വാണ്. എന്റെ ഭാര്യയെ എങ്ങാനും റാഞ്ചിക്കൊണ്ടുപോയാലോന്നു കരുതി.

ത്രേസ്യാമ്മ: കണ്ടാൽ റാഞ്ചിക്കൊണ്ടുപോക്വന്നെ ചെയ്യും. അത്രയ്ക്ക് സുന്ദര്യാണ് എന്റെ മോള്.

ജോർജൂട്ടി: എന്തു സുന്ദരി. എന്റെ മണ്ടക്കിട്ടതല്ലെ.

ത്രേസ്യാമ്മ: അതൊന്നും പറയണ്ട. അവള്‌ടെ അസുഖൊക്കെ ഇപ്പൊ മാറും.

ജോർജൂട്ടി: അങ്കിളിനെ നാളെ ഡിസ്ചാർജ്ജ് ചെയ്യുംന്നാ പറഞ്ഞത്. ഞാനവിടെ ഇരിക്കുമ്പഴാ സിസ്റ്റര് വന്ന് പറഞ്ഞത്.

ത്രേസ്യാമ്മ: ആവൂ, നന്നായി. (പെട്ടെന്നെന്തോ ഓർത്തുകൊണ്ട്) അപ്പൊ ഞാനീ മോളെ ഇനി എങ്ങനാ കാണ്വാ.

ജോർജൂട്ടി: അതിനെന്താ ആന്റീ, ഞങ്ങള് എല്ലാ ഞായറാഴ്‌ച്ചേം ആന്റീടെ വീട്ടിലായിരിക്കും. ആന്റീടെ ചില്ലി ചിക്കനും ബിരിയാണീം ഒക്കെ സ്വാദു നോക്കണം.

ത്രേസ്യാമ്മ: ഞാനതൊക്കെ ഗ്രേസിമോക്ക് പഠിപ്പിച്ചു കൊടുത്തിട്ടൊണ്ട്.

ജോർജൂട്ടി: അപ്പൊ അങ്ങോട്ടു വരണ്ട അല്ലേ?

ത്രേസ്യാമ്മ: അയ്യോ അതല്ല. നിങ്ങള് എന്തായാലും വരണം. അപ്പൊ ഞാൻ എല്ലാം ഉണ്ടാക്കി കാട്ടിക്കൊടുക്കാം.

(ഫ്‌ളാഷ്ബാക്ക് കഴിഞ്ഞു.)

സീൻ 5:

അടുക്കളയിൽ. ഇപ്പോൾ രാത്രിയായിരിക്കുന്നു. സീൻ 3 ന്റെ തുടർച്ചയാണ്. പാറുകുട്ടിയും ത്രേസ്യാമ്മയും സംസാരിച്ചു കൊണ്ടിരിക്കുന്നു. ത്രേസ്യാമ്മ ചായ കൂട്ടുകയാണ്.

പാറുകുട്ടി: പാവം കൊച്ചായിരുന്നു. നല്ല ഭംഗിണ്ട്. ന്നാ ആ ഭാവൊട്ടുംല്ല്യ താനും. ഹാർട്ടിന്റെ അസുഖം കാരണല്ലെ അവള് ആശുപത്രീല് വന്നത്?

ത്രേസ്യാമ്മ: അതെ.

പാറുകുട്ടി: അതു കൂടീട്ട്ണ്ടാവും.

ത്രേസ്യാമ്മ: ആ, ആർക്കറിയാം. എന്തോ എന്റെ മനസ്സില് എന്തൊക്കെയോ തോന്നുണു.

ത്രേസ്യാമ്മ ചായ കൂട്ടിയത് ഒരു കപ്പിലാക്കി അടുക്കളയിൽനിന്ന് പോകുന്നു.

സീൻ 6:

പൂമുഖം. സോഫയിലിരുന്ന് വായിക്കുന്ന ജോസഫേട്ടന്റെ അടുത്തേയ്ക്ക് ത്രേസ്യാമ്മ കപ്പുമായി ചെല്ലുന്നു.

ത്രേസ്യാമ്മ: ഇതാ ചായ. നിങ്ങടെ ചായകുടി കൂടുന്നുണ്ട് കെട്ടോ.

ജോസഫേട്ടൻ: സാരംല്ല്യ പെണ്ണേ.

ചായ കുടിക്കുന്നു.

ജോസഫേട്ടൻ: അവര് ആശുപത്രി വിട്ടേന്റെ ശേഷം നീ അവരെ കണ്ടിട്ടില്ലേ?

ത്രേസ്യാമ്മ: ഒന്നുരണ്ടു വട്ടം ഗ്രേസിയെ തനിച്ചു കണ്ടു. അപ്പൊഴൊക്കെ പറയും സമയം കിട്ട്ണില്ല്യ ആന്റീ. ജോർജൂട്ടി മെഡിക്കൽ റെപ്രസന്റേറ്റീവല്ലെ. അപ്പൊ ഡോക്ടർമാര്‌ടെയൊക്കെ സമയൂം ഭാവൂം ഒക്കെ നോക്കീട്ട് വേണല്ലോ ജോലി. ഒരു ദിവസം നമ്മളെ വന്ന് സർപ്രൈസ് ചെയ്യാംന്ന് പറഞ്ഞതാ.

ജോസഫേട്ടൻ: (വ്യസനത്തോടെ) ആ സർപ്രൈസാ സെമിത്തേരിയില് കണ്ടത്.

ത്രേസ്യാമ്മ: ന്നാലും ഇങ്ങനെണ്ടോ. ഗ്രേസി തന്ന്യാന്നാ എനിക്ക് തോന്നീത്.

ജോസഫേട്ടൻ: തോന്നീത് തന്ന്യായിരിക്കും. ശവമടക്ക് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാ

ത്രേസ്യാമ്മ: ഒരു കാര്യം അദ്ഭുതമായിരിക്കുണു. അതിനുശേഷം ജോർജൂട്ടിയെ കണ്ടിട്ടേയില്ല. ഇപ്പോ അഞ്ചെട്ടു മാസായില്ലേ?

ജോസഫേട്ടൻ: അവൻ എങ്ങോട്ടെങ്കിലും ട്രാൻസ്ഫർ വാങ്ങി പോയിട്ടുണ്ടാകും. ഭാര്യ മരിച്ചപ്പോ ഈ നാട്ടിൽത്തന്നെ കഴിയാൻ വെഷമായിട്ടുണ്ടാവും.

ത്രേസ്യാമ്മ: പോണേന് മുമ്പ് നമ്മളെ ഒന്ന് വന്ന് കണ്ടില്ല.

ജോസഫേട്ടൻ: ട്രാൻസ്ഫറായീന്ന് ഞാൻ ഊഹിച്ചതാണ് കെട്ടോ ത്രേസ്യേ. പിന്നെ ഭാര്യ മരിച്ചതിന്റെ ശേഷം നമ്മളെ ഒക്കെ വന്ന് കാണാൻ അവന് വെഷമമുണ്ടാകും. അത് പിന്നെ സാധാരണല്ലെ?

ത്രേസ്യാമ്മ: ആയിരിക്കാം. എന്തോ എനിക്ക്.........

സീൻ 7:

കിടപ്പറ. ജോസഫേട്ടൻ കിടക്കുകയാണ്. ഒരുമാതിരി ഉറക്കത്തിലെത്തിയിരിക്കുന്നു. ത്രേസ്യാമ്മ മുട്ടുകുത്തി പ്രാർത്ഥനയാണ്. മുമ്പിലെ ചുവരിലുള്ള കർത്താവാണ് ലക്ഷ്യം.

ത്രേസ്യാമ്മ: കർത്താവേ ഈ കുരിശ് എന്നിൽനിന്ന് എടുത്തു മാറ്റണേ. ഓരോ ദിവസം കൂടുംതോറും എനിക്ക് ഉറപ്പായി വരുന്നുണ്ട്, ഞാൻ കണ്ടത് ഗ്രേസിയെത്തന്നെയാണെന്ന്. ഗ്രേസിക്കെന്നേയും മനസ്സിലായിരിക്കുന്നു. നമ്മൾ ഒരാളെ നോക്കുമ്പോൾ അവൾക്ക് നമ്മെ പരിചയമുണ്ടെങ്കിൽ കണ്ണിൽ ഒരു പ്രത്യേക ഭാവമുണ്ടാവില്ലെ, ഒരു തിളക്കം. അതു ഞാൻ ഗ്രേസിയുടെ കണ്ണിൽ കണ്ടതാണ്. ഞാൻ പാറുകുട്ടിയെ വിളിക്കാൻ തിരിഞ്ഞപ്പോഴേയ്ക്ക് അവൾ എവിടെ പോയി മറഞ്ഞൂന്ന് അറിയില്ല. കർത്താവേ പ്രേതങ്ങള് ചൂരിദാറിട്ട് നടക്കാറുണ്ടോ? അതും പട്ടാപ്പകൽ?

ഒരു മറുപടിക്കെന്നപോലെ അവർ കർത്താവിന്റെ ചിത്രത്തിൽ നോക്കുന്നു. മറുപടിയൊന്നുമില്ല. അവർ വീണ്ടും പ്രാർത്ഥിക്കാൻ തുടങ്ങുന്നു.

ത്രേസ്യാമ്മ: അവള് പ്രേതല്ലെങ്കില് പിന്നെ എന്തിനാ എന്നെ കണ്ടപ്പോൾ പെട്ടെന്ന് ഓടിപ്പോയത്?

ജോസഫേട്ടൻ പെട്ടെന്ന് കണ്ണുതുറന്ന് നോക്കുന്നു.

ജോസഫേട്ടൻ: നീയൊന്ന് വിളക്കണച്ച് കിടക്കാൻ നോക്ക് കൊച്ചുത്രേസ്യേ. കർത്താവിനും വേണ്ടേ കുറച്ച് സ്വൈരം ഒക്കെ?

ത്രേസ്യാമ്മ ഒരു നെടുവീർപ്പോടെ വിളക്കണച്ച് കുരിശു വരച്ചു കിടക്കുന്നു.

സീൻ 8:

കോൺവെന്റ്ജങ്ക്ഷനിൽ ഒരു ഫാൻസി ഷോപ്പ്. കൗണ്ടറിൽ വളകൾ, പൊട്ടുകൾ മുതലായവ നിരത്തി വെച്ചിട്ടുണ്ട്. ത്രേസ്യാമ്മയും പാറുകുട്ടിയും മുമ്പിൽ നിരത്തിവച്ച സാധനങ്ങൾ നോക്കി തെരഞ്ഞെടുക്കുന്നു. പെട്ടെന്ന് ത്രേസ്യാമ്മയുടെ കണ്ണുകൾ ഒരുജോടി കൈകളിലേയ്ക്ക് വീഴുന്നു. വെളുത്തു നീണ്ട വിരലുകൾ, വളർത്തി ഭംഗിയായി കമാനത്തിൽ വെട്ടിനിർത്തിയ നഖങ്ങളിൽ ചുവന്ന പോളിഷ്. മുമ്പിലുള്ള പൊട്ടുകൾ തെരഞ്ഞെടുക്കുകയാണ് മനോഹരങ്ങളായ ആ കൈകൾ. അതിന്റെ ഉടമസ്ഥയെ കാണാനായി ത്രേസ്യാമ്മ കണ്ണുകൾ ഉയർത്തുന്നു. നോക്കുന്നത് അതേപോലെ മുഖമുയർത്തി നോക്കുന്ന ഗ്രേസിയുടെ മുഖത്തേയ്ക്കാണ്. ഒരു നിമിഷം മാത്രം. പെട്ടെന്ന് അവൾ തിരിഞ്ഞ് ഷോപ്പിൽനിന്ന് പുറത്തേയ്ക്ക് പോകുന്നു. പാറുകുട്ടി ഇതൊന്നും അറിയുന്നില്ല.

ത്രേസ്യാമ്മ സ്തബ്ധയായി നിൽക്കുന്നു.

കൗണ്ടറിലെ സേയ്ൽസ്മാൻ പയ്യൻ : ചേച്ചി ഏതു കളറാണ് വേണ്ടത്?''

ത്രേസ്യാമ്മ ഞെട്ടുന്നു.

ത്രേസ്യാമ്മ: പാറുകുട്ടി നീ എന്നെ ഒന്ന് നുള്ളിയേ.

പാറുകുട്ടി: എന്തിനാ അമ്മച്ചീ?

ത്രേസ്യാമ്മ: ഞാൻ ഒറങ്ങ്വാണോ അതോ ഉണർന്നിരിക്ക്യാണോന്ന് നോക്കാനാ.

പാറുകുട്ടി: അമ്മച്ചി ഉറങ്ങ്വൊന്നും അല്ല.

ത്രേസ്യാമ്മ: നീ കണ്ടോ പെണ്ണേ, ഇപ്പം പോയത് ഗ്രേസി അല്ലായിരുന്നോ?

പാറുകുട്ടി തിരിഞ്ഞുനോക്കുന്നു. കൈ മലർത്തുന്നു.

പാറുകുട്ടി: ആ ഞാൻ കണ്ടില്ലമ്മച്ചീ.

അവൾ കൗണ്ടറിൽ നിരത്തിയ വർണപ്രപഞ്ചത്തിലേയ്ക്ക് തിരിയുന്നു.

ത്രേസ്യാമ്മ: ഇതു രണ്ടാമത്തെ തവണയാണ് അവൾ കൈവിട്ടു പോണത്.

ത്രേസ്യാമ്മ ദീർഘശ്വാസമിടുന്നു. വീണ്ടും കൗണ്ടറിലേയ്ക്ക് തിരിയുന്നു. കയ്യിൽ പിടിച്ച ലിസ്റ്റിൽ നോക്കി വായിക്കുന്നു.

ത്രേസ്യാമ്മ: ശ്യാമളയ്ക്ക് നാലു ജോടി വളകളാണ് വേണ്ടത്. ഇതാ ഈ അളവിൽ. കടും ചൊമപ്പ്. എടുത്തോ.

പെട്ടെന്ന് മനോഹരങ്ങളായ ഒരു ജോടി കൈകൾ പിന്നിൽനിന്ന് വന്ന് അവരുടെ കണ്ണുകൾ മൂടുന്നു.

ശബ്ദം: ആരാണെന്നു പറഞ്ഞാൽ ഒരു സമ്മാനം.

ത്രേസ്യാമ്മയുടെ മുഖത്ത് ചിരിവിടരുന്നു.

End Of Part I

Part II

സീൻ 8:

കഴിഞ്ഞ സീനിലെ സെറ്റിങ് തന്നെ. ലേഡീസ് കടയിൽ കൗണ്ടറിന്നു മുമ്പിൽ നിൽക്കുന്ന ത്രേസ്യാമ്മയുടെ കണ്ണുകൾ ഒരു ജോടി കൈകൾ വന്നു മൂടുന്നു.

ശബ്ദം: ആരാണെന്നു പറഞ്ഞാൽ ഒരു സമ്മാനം.

ത്രേസ്യാമ്മയുടെ മുഖം വികസിക്കുന്നു. അവർ പെട്ടെന്ന് തിരിഞ്ഞ് ഗ്രേസിയെ കെട്ടിപ്പിടിക്കുന്നു.

ത്രേസ്യാമ്മ: എന്റെ മോളെ.

ത്രേസ്യാമ്മ ഗ്രേസിയുടെ കവിളിൽ ഉമ്മ വെയ്ക്കുന്നു.

ഗ്രേസി: ഇനി സമ്മാനം വേണ്ടേ? അതാ നിൽക്കുന്നു സമ്മാനം.

അവൾ ചൂണ്ടിക്കാട്ടിയ സ്ഥലത്തേയ്ക്ക് ത്രേസ്യാമ്മ നോക്കുന്നു. അവിടെ ജോർജൂട്ടി ചിരിച്ചുകൊണ്ട് നിൽക്കുന്നു.

ത്രേസ്യാമ്മ: ജോർജൂട്ടി!

ജോർജൂട്ടി: ആന്റീ, അങ്കിളെന്തു പറയുന്നു? സുഖം?

നീ കുറേയേറെ കാര്യങ്ങൾക്ക് ഉത്തരം പറയേണ്ടിയിരിക്കുന്നു എന്ന മട്ടിൽ ത്രേസ്യാമ്മ അവനെ നോക്കുന്നു.

ജോർജൂട്ടി: ആന്റി. ഞങ്ങൾക്ക് നാളെ ഞായറാഴ്ച ആന്റിയുടെയും അങ്കിളിന്റെയും അടുത്താണ് ഊണ്. ഞങ്ങൾ കൃത്യം പന്ത്രണ്ടുമണിക്ക് എത്തും. അപ്പോ കാണാം.

അയാൾ ഗ്രേസിയുടെ കൈ പിടിച്ച് നടക്കുന്നു. പിന്നെ ഒരു കാര്യം പറയാനായി തിരിച്ചു വരുന്നു.

ജോർജൂട്ടി: ഞങ്ങക്ക് ചില്ലിചിക്കൻ വേണം. ആന്റിയുടെ ചില്ലിചിക്കൻ കേമമാണെന്ന് ഗ്രേസി പറഞ്ഞിട്ടൊണ്ട്. അതുണ്ടാക്കാൻ അവളെ പഠിപ്പിക്ക്യേം വേണം.

ആകെ സന്തോഷവും അദ്ഭുതവും കൊണ്ട് അനങ്ങാനാവാതെ നിൽക്കുന്ന ത്രേസ്യാമ്മയുടെ ഷോട്ട്.

സീൻ 8 എ:

ത്രേസ്യാമ്മ വീണ്ടും കൗണ്ടറിലെത്തി. സാവധാനത്തിൽ കൈയ്യിലുള്ള കടലാസു നിവർത്തുന്നു.

പാറുകുട്ടി: അപ്പൊ അമ്മച്ചി പറഞ്ഞത് ശര്യാണല്ലേ? ആര്‌ടെ ശവമടക്കാണാവോ ജോസഫേട്ടൻ കണ്ടത്?

ത്രേസ്യാമ്മ: ആ. (കടക്കാരനോട്) എടോ, നാലുജോടി മറൂൺ വളകളെടുത്തുവോ? (പാറുകുട്ടിയോട്) ശൈലജ പൊട്ടു വാങ്ങാൻ പറഞ്ഞിട്ടുണ്ട്. ആരാണ് ഹെയർപിൻ വാങ്ങാൻ ഏല്പിച്ചിട്ടുള്ളത്?

പാറുകുട്ടി: നളിനിയായിരിക്കും അമ്മച്ചീ. അത് കാശു തന്നെങ്കീ മാത്രം വാങ്ങ്യാ മതി.

ത്രേസ്യാമ്മ വീണ്ടും ആലോചനയിൽ പെടുന്നു. അവരുടെ മുഖത്തിന്റെ ക്ലോസപ്പ്. ഫേയ്ഡൗട്ട്.

സീൻ 9:

വീട്ടിലെ പൂമുഖം. ത്രേസ്യാമ്മ സോഫയിലിരിക്കുന്ന ജോസഫേട്ടനോട് അന്നു നടന്ന കാര്യങ്ങളെല്ലാം പറഞ്ഞുകൊടുക്കുയാണ്.

ജോസഫേട്ടൻ: അപ്പോ നെനക്ക് ചോദിക്കാൻ മേലായിരുന്നോ.

ത്രേസ്യാമ്മ: എന്ത്?

ജോസഫേട്ടൻ: ഞാൻ അവന്റെ ഭാര്യടെ ശവമടക്കിന് പോയ കാര്യം.

ത്രേസ്യാമ്മ: ഗ്രേസിയെ മുന്നിൽ വെച്ചുകൊണ്ട് ഞാൻ എങ്ങനാ അതു ചോദിക്കണത്. പിന്നെ പോരാത്തതിന് അതിനൊന്നും സമയം കിട്ടിയതുമില്ല.

ജോസഫേട്ടൻ: അതും ശരിയാ, നിന്നെയല്ലെ പള്ളീല് അടക്കം ചെയ്യണത് കണ്ടത്ന്ന് ഒരാളോട് ചോദിക്കാൻ പറ്റ്വോ? എന്തോ എനിക്കൊന്നും മനസ്സിലാവുന്നില്ല. ന്നാലും അതിശയായിരിക്കുന്നു.

ത്രേസ്യാമ്മ: നാളെ നിങ്ങ മാർക്കറ്റീ പോമ്പ നല്ല തൊടള്ള ചിക്കൻ വാങ്ങിക്കൊണ്ടരണം. അവർക്ക് ചില്ലി ചിക്കൻ വേണത്രെ.

ജോസഫേട്ടൻ: ഒരൂണില് നിർത്താൻ തന്ന്യാ നെന്റെ ഭാവം അല്ലേ?

ത്രേസ്യാമ്മയ്ക്ക് മനസ്സിലാവുന്നില്ല. പക്ഷേ അവർ ഒന്നും ചോദിക്കുന്നില്ല.

ത്രേസ്യാമ്മ: പിന്നെ കൊറച്ച് സെലറീം വേണം. അതൊക്കെ ഇട്ടാലെ ചില്ലി ചിക്കന് സ്വാദുണ്ടാവൂ. നല്ലത് നോക്കി രണ്ടു കട എടുത്താ മതി.

സീൻ 10:

ത്രേസ്യാമ്മയുടെ ഉമ്മറം. ജോർജൂട്ടിയും ഗ്രേസിയും അപ്പോൾ എത്തിയിട്ടേ ഉള്ളൂ. എല്ലാവരും എഴുന്നേറ്റു നിന്ന് സംസാരിക്കുകയാണ്.

ത്രേസ്യാമ്മ: ഞാൻ നിങ്ങളെ കൊറച്ച് നേരത്തെ പ്രതീക്ഷിച്ചിരുന്നു.

ജോർജൂട്ടി: അതിന് ആന്റീ ഇവിടെ ഒരാൾക്ക് രണ്ടു പള്ളീലും പോണം. അവള് പ്രൊട്ടസ്റ്റന്റാണ്. ഞാൻ റോമൻ കാത്തലിക്കും. എല്ലാം കഴിഞ്ഞപ്പോൾ സമയങ്ങു പോയി.

പാറുകുട്ടി ഒരു ട്രെയിൽ ഓറഞ്ച് സ്‌ക്വാഷുമായി വന്ന് എല്ലാവർക്കും കൊടുക്കുന്നു.

ജോർജൂട്ടി: എന്താ മാഡം ഓർമ്മയുണ്ടോ?

പാറുകുട്ടി: എന്താ ഓർമ്മയില്ലാതെ? ഞാൻ ഇന്നലെകൂടി കണ്ടതല്ലേ?

ജോർജൂട്ടി: എവിടന്ന്?

പാറുകുട്ടി: കടേല് വന്നപ്പോ ഞാനുംണ്ടായിര്ന്ന് അമ്മച്ചീടെ ഒപ്പം.

ത്രേസ്യാമ്മ: (പെട്ടെന്ന് ഓർമ്മ വന്ന്) അപ്പോ എന്തേണ്ടായത് ജോർജൂട്ടി. ജോസഫേട്ടൻ ഒരു ദിവസം ജോർജൂട്ടീനെ പള്ളീല്‌വെച്ച് കണ്ടൂന്ന് പറഞ്ഞു.

ജോർജൂട്ടി: ആന്റീ, എന്താണിത്ര ധൃതി? നിങ്ങളുടെ ഊണ് നശിപ്പിക്കണ്ട. ഊണു കഴിഞ്ഞ് സാവധാനം പറയാം പോരെ?''

ജോസഫേട്ടൻ: അവൻ സൂത്രക്കാരനാ കൊച്ചു ത്രേസ്യേ. ഊണു കഴിഞ്ഞാൽ പെമ്പ്രന്നോരേം പൊക്കിയെടുത്ത് അവൻ പറക്കും.

ജോർജൂട്ടി: ഇല്ല അങ്ക്ൾ, ഞാൻ വാക്കു തരാം.

സീൻ 11:

ഊൺമേശക്കുചുറ്റും എല്ലാവരും ഭക്ഷണം കഴിക്കുന്നു. വിഭവങ്ങളെപ്പറ്റി അഭിപ്രായങ്ങൾ, അഭിനന്ദനങ്ങൾ.

ജോർജൂട്ടി: ആന്റീ, ഞാൻ ഗ്രേസിയെ ഒരാഴ്ച ഇവിടെ നിർത്താൻ പോവ്വാണ്. ആന്റി ട്രെയിനിങ് കൊടുത്താൽ മതി.

ത്രേസ്യാമ്മ: ബിരിയാണി ഞാനല്ല, പാറുകുട്ടിയാണ് ഉണ്ടാക്കീട്ട്ള്ളത്.

പാറുകുട്ടി: (വിളമ്പുന്നതിനിടയിൽ) എന്നെ എല്ലാം പഠിപ്പിച്ചത് അമ്മച്ചിതന്നാ.

ജോസഫേട്ടൻ: (പാറുകുട്ടിയോട്) എല്ലാം കൊണ്ടുവന്നു വെച്ചില്ലേ? ഇനി നിനക്കും ഇരുന്നുകൂടെ?

ജോർജൂട്ടി: മാഡം ഇരിക്കണം.

പാറുകുട്ടി ഒരൊഴിഞ്ഞ കസേലയിൽ ഇരുന്ന് ഭക്ഷണം തുടങ്ങുന്നു.

സീൻ 12:

സോഫയിലും കസേലയിലും ഒക്കെയായി എല്ലാവരും ഇരിക്കുന്നു. ജോർജൂട്ടി കഥ പറയുകയാണ്.

ജോർജൂട്ടി: അങ്ക്ൾ കണ്ടതെല്ലാം ശരിയായിരുന്നു. മരിച്ചത് എന്റെ ഭാര്യതന്നെയായിരുന്നു. ഒരു കൊല്ലമായി ലിസി കിടപ്പലായിരുന്നു. കല്യാണം കഴിഞ്ഞ ദിവസം തൊട്ട്. സുഖമില്ലാത്ത ഒരു കുട്ടിയെ അവളുടെ അപ്പനും മൂന്നാനും കൂടി എന്റെ തലയിലിട്ടതായിരുന്നു. പിന്നീടാണെല്ലാമറിഞ്ഞത്. അവൾ ഒരു നിത്യരോഗിയായിരുന്നു.

കഥ കേൾക്കുന്ന ജോസഫേട്ടന്റെയും ത്രേസ്യാമ്മയുടെയും അവരുടെ പിന്നിൽ കസേലയിൽ പിടിച്ചു നിൽക്കുന്ന പാറുകുട്ടിയുടെയും മുഖം മാറിമാറി കാണിക്കണം.

ജോർജൂട്ടി: ആദ്യത്തെ രാത്രിയിൽത്തന്നെ അവൾക്കൊരു അറ്റാക്കുണ്ടായി, ഒരു ഭാഗം തളരുകയും ചെയ്തു.

കഥ തുടരവേ കഥയിലെ രംഗങ്ങൾ ഒരു ഫ്‌ളാഷ്ബാക്കായി കാണിക്കണം. പശ്ചാത്തലത്തിൽ ജോർജൂട്ടിയുടെ ശബ്ദം.

ജോർജൂട്ടി: വലിയ പ്രതീക്ഷകളോടെ മണിയറയിലേക്കു ചെന്ന ഞാൻ കണ്ടത് വായിൽനിന്നു നുരയും പതയും വന്ന് തളർന്നു കിടക്കുന്ന നവവധുവിനെയാണ്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവളുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ആരും വന്നില്ല. അപ്പച്ചൻ ചൂടായി, അവളെ ഉടനെ വീട്ടിൽ കൊണ്ടുപോയാക്കണമെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. സംഭവിക്കേണ്ടത് സംഭവിച്ചു. അവളിപ്പോൾ രോഗിയാണ്. ഭേദമായശേഷം നമുക്കെന്തെങ്കിലും തീരുമാനിക്കാം. അവളുടെ അസുഖം പക്ഷെ മാറുകയുണ്ടായില്ല. എട്ടുമാസം കിടന്നു. ആ എട്ടു മാസവും ഞാനവളെ ശുശ്രൂഷിച്ചു. അവൾക്ക് എഴുന്നേൽക്കാൻ കൂടി പാടില്ലായിരുന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ അവൾ മരിച്ചുകിടക്കുന്നു.

ത്രേസ്യാമ്മ: കഷ്ടം തന്നെ.

ജോസഫേട്ടൻ: (ഒപ്പംതന്നെ ത്രേസ്യാമ്മയും) അപ്പോ ഗ്രേസി ആരാണ്?

ജോർജൂട്ടി: കർത്താവു പറഞ്ഞയച്ച മാലാഖ. ആ എട്ടുമാസത്തെ നരകത്തിൽ എനിക്ക് ആകെയുണ്ടായിരുന്ന അഭയമായിരുന്നു ഗ്രേസി.

ത്രേസ്യാമ്മ: (ത്രേസ്യാമ്മ തലയിൽ കൈ വെച്ചുകൊണ്ട്) എന്തൊക്കെയാണ് കർത്താവേ കേൾക്കണത് !

ജോർജ്ജൂട്ടി മേശമേൽ വെച്ചിരുന്ന കവറെടുത്ത് അതിൽ നിന്ന് ഒരു ക്ഷണക്കത്തെടുത്ത് ജോസഫേട്ടന്റെ നേരെ നീട്ടുന്നു.

ജോർജൂട്ടി: ഞങ്ങളുടെ കല്യാണമാണ് വരുന്ന ഞായറാഴ്ച. സെന്റ് പോൾസ് ചർച്ചിൽവെച്ച്. നിങ്ങൾ മൂന്നുപേരും വരണം.

ജോസഫേട്ടൻ കണ്ണടയെടുത്തുവെച്ച് ക്ഷണക്കത്തു വായിക്കുന്നു. കത്തിന്റെ അവസാനഭാഗം ജോസഫേട്ടൻ ഉറക്കെ വായിക്കുന്നു.

ജോസഫേട്ടൻ: ദേണ്ടേ എഴുതിയിരിക്കണത്. 'ദയവു ചെയ്ത് ഉപഹാരങ്ങൾ ഒന്നും കൊണ്ടുവരരുത്.'

ജോർജ്ജൂട്ടി: അത് അങ്ക്ൾ......ആരെങ്കിലും പ്രസന്റേഷൻ കൊണ്ടുവരാൻ മറന്നെങ്കിലോ എന്നു കരുതി ഓർമ്മിപ്പിക്കാൻ എഴുതിച്ചേർത്തതാണ്.

ഗ്രേസി: ഇതു കണ്ടോ നാണമില്ലാതെ....

എല്ലാവരും ചിരിക്കുന്നു. ത്രേസ്യാമ്മയ്ക്ക് പക്ഷേ മുഴുവൻ തൃപ്തയായിട്ടില്ല. അവരുടെ മുഖത്ത് ഒരു സന്ദേഹം കിടന്നു കളിക്കുന്നത് കാണാം. അവർക്ക് എന്തോ ചോദിക്കാനുണ്ടെന്ന് സ്പഷ്ടം, പക്ഷേ അതു ചോദിക്കാൻ കഴിയുന്നുമില്ല. അപ്പോഴാണ് ജോസഫേട്ടൻ പറയുന്നത്.

ജോസഫേട്ടൻ: ഗ്രേസിയുടെ അസുഖം ഒക്കെ മാറിയില്ലെ?

ജോർജൂട്ടി: എന്തസുഖം അങ്ക്ൾ?

ത്രേസ്യാമ്മ: ഗ്രേസിയെ ആശുപത്രിയിൽ കിടത്തിയിരുന്നില്ലെ, ഹൃദയത്തിന്റെ വാൾവിന് എന്തോ കുഴപ്പണ്ടെന്ന് പറഞ്ഞ്?

ജോർജ്ജൂട്ടിയുടെ ചിരി പെട്ടെന്ന് മായുന്നു. അയാളുടെ മുഖം ഗൗരവമായി. താഴ്ന്ന സ്വരത്തിൽ അയാൾ പറഞ്ഞുതുടങ്ങുന്നു.

ജോർജൂട്ടി: പറയാൻ കൊള്ളില്ല അങ്ക്ൾ, പക്ഷെ അതു ഞങ്ങളുടെ മധുവിധുവായിരുന്നു.

ജോസഫേട്ടനും ത്രേസ്യാമ്മയും ഒപ്പം: മധുവിധു?

ജോർജൂട്ടി: അതെ ഹണിമൂൺ. ഞങ്ങൾ രഹസ്യമായി കല്യാണം കഴിച്ചു. പള്ളിയിൽ പോയി കല്യാണം കഴിക്കണമെങ്കിൽ ഭാര്യയുടെ മരണശേഷമേ പറ്റൂ. അതിനു കാത്തു നില്കാനുള്ള ക്ഷമയില്ലാതായി. ഹോട്ടൽ മുറികളൊന്നും അത്ര സുരക്ഷിതമല്ല. അപ്പോഴാണ് ഇങ്ങിനെ ഒരാശയം മനസ്സിൽ വന്നത്. ഗ്രേസി സമ്മതിച്ചതേയില്ല. ഞാൻ നിർബ്ബന്ധിച്ചു കൊണ്ടുവന്നതാണ്.

ഗ്രേസി തല താഴ്ത്തിയിരിക്കയാണ്. നാണം കൊണ്ട് അവളുടെ മുഖം ചുവന്നിരുന്നു.

ജോർജൂട്ടി: പരിചയമുള്ള ഒരു ഡോക്ടറും നഴ്‌സും ഉള്ളതുകൊണ്ടാണത് കഴിഞ്ഞത്. ആശുപത്രി മണവും ശ്വസിച്ച് രോഗികളുടേയും മരുന്നുകളുടേയും നടുവിൽ ഒരു മധുവിധു. അവസാനം പക്ഷെ പ്രശ്‌നമായി. ഡോക്ടർ നായർ അറിഞ്ഞപ്പോൾ ആകെ ചൂടായി, കേസെടുക്കും എന്നൊക്കെ പറഞ്ഞു. ഒരു വിധം പറഞ്ഞു നിർത്തിയതാണ്. അതൊക്കെയാണ് ആന്റി, ഞങ്ങളുടെ കഥ. ഇപ്പോൾ തോന്നുന്നുണ്ടാവും കേൾക്കേണ്ടിയിരുന്നില്ലാന്ന്, അല്ലേ?

ത്രേസ്യാമ്മ ഒന്നും പറയാതെ ഇരിക്കുകയാണ്.

ജോർജൂട്ടി: അങ്ക്ൾ, ആന്റി ഞങ്ങൾ ഇറങ്ങട്ടെ. (പാറുകുട്ടിയോട്) മാഡം ഭക്ഷണത്തിന് നന്ദി.

പാറുകുട്ടി ചിരിക്കുന്നു.

എല്ലാവരും എഴുന്നേൽക്കുന്നു. വീടിനു പുറത്തേയ്ക്കിറങ്ങി, ഗെയ്റ്റിനു പുറത്ത്.

ജോർജൂട്ടി ബൈക്ക് സ്റ്റാർട്ടാക്കുന്നു. ഗ്രേസി പിന്നിൽ കയറി ഇരിക്കുന്നു.

ജോർജൂട്ടി: (ഉച്ചത്തിൽ) കല്യാണത്തിന് വരണം കേട്ടോ. പിന്നെ പ്രസന്റേഷന്റെ കാര്യം മറക്കരുതേ.

(ചിരി. ഗ്രേസി കൈ വീശുന്നു. യാത്രയയക്കുന്നവരും.)

End of Part II

End of Episode 4

ഈ തിരക്കഥയെക്കുറിച്ച്


1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com