|| Scripts

ഒരു കുടുംബപുരാണം

ഇ ഹരികുമാര്‍

കനിവിന്റെ സ്പർശം

ഈ എപ്പിസോഡിലേയ്ക്കു വേണ്ട കഥാപാത്രങ്ങൾ

ജോസഫേട്ടൻ
ത്രേസ്യാമ്മ
പാറുകുട്ടി
മരപ്പണിക്കാർ രണ്ടു പേർ
പ്ലേസ്‌കൂളിലെ നാലു കുട്ടികൾ
എട്ടു വയസ്സുകാരൻ പീറ്റർ

Part I

ടൈറ്റിൽ സീൻ:

രാവിലെ എട്ടുമണി സമയം. ജോമോന്റെ മുറി. വലിയ ആഡംബരം ഒന്നുമില്ലെങ്കിലും പണക്കാരുടെ കിടപ്പു മുറിയാണെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലാവും. കട്ടിയുള്ള ഈട്ടിയുടെ കട്ടിൽ, മേശ, കസേല തുടങ്ങിയ വീട്ടുസാമാനങ്ങൾ. രണ്ടു മരപ്പണിക്കാർ മുറിയിൽ അളവെടുക്കുന്ന തിരക്കിലാണ്. ഒരാൾ മെലിഞ്ഞ് ഉണങ്ങിയതും മറ്റെയാൾ ഉയരമില്ലാത്ത ആളുമാണ്. അവർ ചുമരിലാണ് അളക്കുന്നത്. അളവുകൾ ഒരു കുറിയ പെൻസിൽ കൊണ്ട് മുഷിഞ്ഞ ഒരു കടലാസിൽ രേഖപ്പെടുത്തുന്നുണ്ട്. നോക്കി നിൽക്കുന്ന ത്രേസ്യാമ്മയുടെ കണ്ണിൽ അദ്ഭുതമാണ്, കാരണം അവർ ചെയ്യുന്നതു മുഴുവൻ അവർക്കു മനസ്സിലാവുന്നില്ല. എന്തോ വലിയ കാര്യമാണ് ചെയ്യുന്നതെന്ന മട്ടിൽ അവർ നോക്കി നിൽക്കുകയാണ്. മറിച്ച്, അല്പം അകലെനിന്ന് വിമർശന ബുദ്ധിയോടെ നോക്കിനിൽക്കുന്ന ജോസഫേട്ടന് തീരെ തൃപ്തിയാവുന്നില്ല. മെലിഞ്ഞ ആൾ ഇടക്കിടക്ക് അസിസ്റ്റന്റിനെ മുറിക്കു പുറത്തേയ്ക്ക് വിളിപ്പിച്ച് ഗൗരവമായ ചർച്ചയിലേർപ്പെടും.

(ടൈറ്റിൽസ് കഴിയുന്നു)

സീൻ 1:

മെലിഞ്ഞ ആൾ (ജോസ്): (ത്രേസ്യാമ്മയെ മുറിയിലേയ്ക്ക് വിളിക്കുന്നു), ചേച്ചീ ഇങ്ങു വന്നേ.

ത്രേസ്യാമ്മ അടുത്തേയ്ക്കു ചെല്ലുന്നു.

ജോസ്: ഇതാ (ചുമരിന്റെ ഒരു മൂലയിലേയ്ക്കു ചൂണ്ടിക്കൊണ്ട്) അവിട്ന്ന് തൊട്ട് ഇത്‌വരെ നീളംണ്ടാവും അലമാറി. ഇതാ ഈ ഒയരും. പോരെ?

ത്രേസ്യാമ്മ നല്ലവണ്ണം ആലോചിച്ച ശേഷം തലയാട്ടുന്നു.

ജോസ്: പോരെങ്കി ഇപ്പത്തന്നെ പറേണം.

ത്രേസ്യാമ്മ: മതി. പക്ഷേ, അത്ര നീളംണ്ടായാൽ ജനല് തൊറക്കാൻ പറ്റ്വോ.

ജോസ്: പറ്റൂലോ, ചേച്ചീ, ഇതാ ഇതുവരെ മാത്രെ വരൂ.

കൈകൊണ്ട് കാണിക്കുന്നു. പെട്ടെന്ന് എന്തൊ സംശയമുണ്ടായി അയാൾ ടേയ്‌പ്പെടുത്ത് അളക്കാൻ തുടങ്ങുന്നു. കടലാസ്സിൽ കുത്തിക്കുറിക്കുന്നു. അസിസ്റ്റന്റ് കൃഷ്ണനുമായി കൂടിയാലോചിക്കുന്നു.

ജോസ്: (കൃഷ്ണനോട്) ചേച്ചി പറഞ്ഞത് ശര്യാ. വീതി ഇത്രേം വച്ചാ ജനല് തൊറക്കാൻ പറ്റൂല.

കൃഷ്ണൻ: ഞാനത് തൊടക്കത്തിലേ പറഞ്ഞതല്ലേ?

ഇതെല്ലാം സംശയദൃഷ്ടിയോടെ നോക്കിനിൽക്കുന്ന ജോസഫേട്ടൻ ഭാര്യയെ വിളിക്കുന്നു.

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ.

ത്രേസ്യാമ്മ: (തിരിഞ്ഞു നോക്കിക്കൊണ്ട്) എന്തോ?

ജോസഫേട്ടൻ: ഇങ്ങു വന്നേ.

ത്രേസ്യാമ്മ പൂർണസമ്മതത്തോടെയല്ലെങ്കിലും പുറത്തേയ്ക്കു വരുന്നു. അവർക്ക് ആ മുറി വിട്ടുപോകാൻ എന്തുകൊണ്ടോ താൽപര്യമില്ല.

ജോസഫേട്ടൻ സ്വീകരണമുറിയിലേയ്ക്കു നടക്കുന്നു. ത്രേസ്യാമ്മ ഒരു സംശയത്തോടെ ഭർത്താവിനെ പിൻതുടരുന്നു, ഇതെന്തു ഭ്രാന്താണെന്ന മട്ടിൽ.

സീൻ 2:

സീകരണമുറി. ജോസഫേട്ടൻ ത്രേസ്യാമ്മയെ അടുത്തു വിളിക്കുന്നു. കിടപ്പുമുറിയിൽ പണിയെടുക്കുന്ന ജോലിക്കാർ കേൾക്കില്ലെന്ന് ഉറപ്പായപ്പോൾ പറയുന്നു.

ജോസഫേട്ടൻ: കൊച്ചു ത്രേസ്യേ, ആ മെലിഞ്ഞ് ക്ഷയ രോഗിയെപ്പോലെയുള്ളവൻ ഇല്ലേ, എന്താണ് അയാക്കടെ പേര്?

ത്രേസ്യാമ്മ: ജോസ് ന്നാ.

ജോസഫേട്ടൻ: ആ അത് തന്നെ, അയാളാണ് മാസ്റ്ററ്. അയാക്കടെ കയ്യൊന്ന് നോക്കിയെ, എന്തോരം മെലിഞ്ഞിട്ടാണ്. അയാക്ക്‌ണ്ടോ ഉളി എടുത്ത് പെരുമാറാൻ പറ്റുണു?

ത്രേസ്യാമ്മ: അല്ലെന്നേ, അവര് നല്ല പണിക്കാരാന്നാ ക്ലാര പറഞ്ഞത്. അവള്‌ടെ മുഴുവൻ മരപ്പണീം ഇവരാത്രെ ചെയ്തത്.

ജോസഫേട്ടൻ: നെന്റെ അനിയത്തി അങ്ങനെയൊക്കെ പറയും. ഞാൻ പറേണ്ടത് പറഞ്ഞു. ഇനിയൊക്കെ നെന്റെ ഇഷ്ടം. മോശം പണിക്കാരെ എനിക്ക് ഒറ്റ നോട്ടത്തില് മനസ്സിലാവും.

അകത്തുനിന്ന് ജോസ് വിളിക്കുന്നു

ജോസ്: ചേച്ചീ.....

ത്രേസ്യാമ്മ ധൃതിയിൽ അകത്തേയ്ക്കു പോകുന്നു.

സീൻ 3:

ജോമോന്റെ കിടപ്പറ. ജോസ് അളവെടുക്കൽ കഴിഞ്ഞ് നിൽക്കുകയാണ്.

ജോസ്: ചേച്ചീ ഇങ്ങുവന്നേ.

ത്രേസ്യാമ്മ: എന്താ?

ജോസ്: ഇതാ ഒരലമാറ ഇവിടെയാണുണ്ടാക്കണത്. അരയടി വീതി കുറച്ചു. ഇപ്പോ ജനലിന്റെ അടുത്തുവരെ എത്തും. നല്ല വീതിണ്ടാവും. (വീതി ആംഗ്യത്തിൽ കാണിക്കുന്നു.) മേളില് രണ്ടു തട്ടുണ്ടായിരിക്കും.....

ത്രേസ്യാമ്മ ഭാവനയുടെ ലോകത്തെത്തുന്നു. ജോസിന്റെ വിവരണം അവരുടെ മനസ്സിൽ ചിത്രങ്ങളുണ്ടാക്കുന്നു. മുകളിൽ രണ്ടു തട്ടുണ്ടായിരിക്കുമെന്നു പറയുമ്പോൾ അവർ ജോമോന്റെ ഷർട്ടുകളും പാന്റുകളും അവയിൽ കൊണ്ടുവന്നു വയ്ക്കുന്നതായി സ്വപ്നം കാണുന്നു.

ജോസ്: ഇതാ, അതിനു താഴെ ഇത്ര ഒയരത്തിൽ വലിയൊരു കള്ളിണ്ടാവും അതാണ് വാർഡ്‌റോബ്. അവ്‌ടെ ഷർട്ടും പാന്റുമൊക്കെ ഇങ്ങനെ തൂക്കിയിടാം.

ത്രേസ്യാമ്മ ഭാവനയിൽ മുകളിലെ കള്ളിയിൽ ഒതുക്കിവച്ച ഷർട്ടുകളും പാന്റുകളും എടുത്ത് ഹാങ്ങറിൽ തൂക്കി വാർഡ്‌റോബിൽ തൂക്കുന്നു.

ജോസഫേട്ടൻ വാതിൽക്കൽ വന്നുനോക്കുമ്പോൾ കാണുന്നത് ജോസ് വെറുതെ വാചകമടിച്ചു നിൽക്കുന്നതാണ്. ദേഷ്യം പിടിച്ചുകൊണ്ട് വിളിക്കുന്നു.

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ....

ത്രേസ്യാമ്മ: എന്തോ?

ജോസഫേട്ടൻ: ഇങ്ങു വന്നേ.

ത്രേസ്യാമ്മ ജോസഫേട്ടനോടൊപ്പം സ്വീകരണമുറിയിലേയ്ക്കു പോകുന്നു. അവിടെ എത്തുമ്പോഴേയ്ക്ക് ജോസിന്റെ വിളി കേൾക്കുന്നു.

ജോസ്: ചേച്ചീ, ഒന്നിങ്ങു വന്നേ.

എന്തോ പറയാൻ ഓങ്ങിയ ജോസഫേട്ടനെ തടഞ്ഞുകൊണ്ട് ത്രേസ്യാമ്മ കിടപ്പുമുറിയിലേയ്ക്കുതന്നെ പോകുന്നു.

ജോസ്: ചേച്ചീ, ഈ മേളീല്‌ത്തെ കള്ളീല് ഒരു ലോക്കറ്ണ്ടാക്കാം.

ജോസഫേട്ടൻ വാതിൽക്കൽ വന്നു ത്രേസ്യാമ്മയെ വിളിക്കുന്നു.

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ..... ഇങ്ങു വന്നേ ഒരു കാര്യം പറയാന്ണ്ട്.

ത്രേസ്യാമ്മ ജോസഫേട്ടനേയും ജോസിനേയും മാറിമാറി നോക്കുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ആശയക്കുഴപ്പത്തിലായ ത്രേസ്യാമ്മയുടെ മുഖം.

സീൻ 4:

വീടിന്റെ മുറ്റത്ത് ജോസും കൃഷ്ണനും ജോസഫേട്ടനുമായി സംസാരിച്ചു നിൽക്കുന്നു.

ജോസ്: സാധാരണ ഇങ്ങനത്തെ അലമാറിയൊക്കെ മറീൻ പ്ലൈ കൊണ്ടാണ് ണ്ടാക്ക്വാ. കാലാക്കാലത്തേയ്ക്ക് നിക്കും. തേക്കൊന്നും വാങ്ങ്യാൽ മൊതലാവില്ല. മാത്രല്ല നമ്മള് ഉദ്ദേശിക്കണത് മൈക്ക ഒട്ടിക്ക്യാണ്ന്നല്ലെ? അപ്പൊ പിന്നെ അതിന്റെ ഉള്ളില് എന്തായാലെന്താ?

ജോസഫേട്ടൻ: (ഇപ്പോഴും നോട്ടത്തിൽ വിശ്വാസമില്ലായ്മ ഉണ്ട്). മൈക്ക മാറ്റ് ഫിനിഷ് വാങ്ങ്യാ മതി. മറ്റേത് പളപളാന്ന് തെളങ്ങും.

ജോസ്: ശര്യാ, മാറ്റ് തന്നെ വാങ്ങ്യാ മതി. സാറിന് വെവരംണ്ട്. പറ്റ്വൊങ്കീ സാറ് വാങ്ങിക്കൊണ്ടന്നാ മതി.

ജോസഫേട്ടൻ: അത് വേണ്ട ജോസെ, നീതന്നെ വാങ്ങിക്കോ. നിങ്ങടെ പതിവ്കാര്ണ്ടാവൂലോ, അവര് വെല കൊറച്ചുതരൂം ചെയ്യും.

ജോസ്: ഞങ്ങ ഫാഷൻ ഹാർഡ്‌വെയറീന്നാ വാങ്ങാറ്. മൂന്നലമാറയല്ലെണ്ടാക്കാൻ പറഞ്ഞിട്ട്ള്ളത്. മൂന്നിനുംള്ള പ്ലൈ ഒപ്പം വാങ്ങട്ടെ?

ജോസഫേട്ടൻ: അത് വേണ്ട ജോസെ, ഒരെണ്ണത്തിന്ള്ളത് മതി. അത്ണ്ടാക്ക്യാല് നമുക്കൊരു കണക്കും കിട്ടൂലോ. ഓട്ടോവില് കൊണ്ടരാൻ അത്ര ചെലവൊന്നും വരില്ല.

പടി കടന്ന് അമ്മമാർ കൊച്ചുകുട്ടികളെ കൊണ്ടുവരാൻ തുടങ്ങിയിരിക്കുന്നു. അമ്മമാർ പടിക്കൽ നിന്ന് സ്വന്തം കുട്ടികൾക്ക് ടാറ്റ പറഞ്ഞു തിരിച്ചുപോകുകയാണ്. ഉമ്മറത്തു നിൽക്കുന്ന ത്രേസ്യാമ്മ കുട്ടികളെ സ്‌നേഹപൂർവ്വം സ്വീകരിക്കുന്നുണ്ട്. പാറുകുട്ടി വന്ന് അവരുടെ സഞ്ചി വാങ്ങി അകത്തു കൊണ്ടു പോകുന്നു.

ജോസ്: (കുട്ടികളെ നോക്കിക്കൊണ്ട്) ചേച്ചി പ്ലേസ്‌കൂള് നടത്തുന്നുണ്ട് അല്ലെ?

ജോസഫേട്ടൻ: (അല്പം ചമ്മിക്കൊണ്ട്) ങാ.

ജോസ്: നല്ല കാര്യാ സാറെ. പെണ്ണുങ്ങള് ജോലിക്ക് പോവുമ്പോ കുട്ട്യോളെ നോക്കാൻ ആരെങ്കിലുംണ്ടായാൽ എത്ര നല്ലതാ. പിന്നെ ചേച്ചിക്കും നല്ലതല്ലെ, വെറുതെ വീട്ടിലിര്ന്ന് സമയം പോവാൻ.

ജോസഫേട്ടൻ: (വിഷയം മാറ്റിക്കൊണ്ട്) അപ്പോ ജോസെ സാധനങ്ങള് വാങ്ങാൻ എത്ര അഡ്വാൻസ് വേണം?

ജോസ് വീണ്ടും കടലാസെടുത്ത് കുത്തിക്കുറിക്കുന്നു, അല്പം വിട്ടു നിൽക്കുന്ന കൃഷ്ണനെ സമീപിച്ച് വീണ്ടും ചർച്ച നടത്തുന്നു. പിന്നെ ജോസഫേട്ടന്റെ അടുത്ത് വരുന്നു.

ജോസ്: മുക്കാലിഞ്ചിന്റെ രണ്ട് ഷീറ്റ് വേണം, പിന്നെ ഒരു ഷീറ്റ് കാലിഞ്ചിന്റെ. പിന്നെ പശ, ആണി. മൈക്ക പിന്നെ വാങ്ങ്യാപ്പോരെ?

ജോസഫേട്ടൻ: വേണ്ട, ഇപ്പത്തന്നെ വാങ്ങിക്കോ.

ജോസ്: ഒരു രണ്ടായിരം രൂപ എടുത്തൊ. ബാക്കി തിരിച്ചുകൊണ്ടരാലോ.

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ.......

ത്രേസ്യാമ്മ: (കുട്ടികളെ സ്വീകരിക്കുന്നതിനിടയിൽ) എന്തോ.

ജോസഫേട്ടൻ: ഈയ്യാക്ക് ഒരു രണ്ടായിരം രൂപ കൊടുക്ക്.

ത്രേസ്യാമ്മ: എന്തിനാന്നേയ് രണ്ടായിരം?

ജോസഫേട്ടൻ: അവർക്ക് മരം വാങ്ങാനാ കൊച്ചു ത്രേസ്യേ. അവരാവുമ്പൊ നോക്കി വാങ്ങിക്കോളും. വെലേം കൊറച്ചുതരും. നമ്മള് പോമ്പ വെല കൂട്ടീടും. അങ്ങനാ.

ജോസ്: ശര്യാ ചേച്ചീ, ഞങ്ങക്ക് പിന്നെ ഇതിന്റ്യൊക്കെ വെല അറിയാലോ.

ത്രേസ്യാമ്മ അകത്തു പോകുന്നു. പിൻതുടരുന്ന കാമറ ഉമ്മറത്ത് കളിക്കുന്ന കുട്ടികളിൽ തങ്ങിനിൽക്കുന്നു. (fade out)

സീൻ 4b:

മുറ്റത്തിനരുകിലുള്ള ഒരു ഷെഡ്ഡിലാണ് മരപ്പണി നടക്കുന്നത്. ജോസും കൃഷ്ണനും ജോലിയെടുക്കുന്നു. പ്ലേസ്‌കൂളിലെ കുട്ടികൾ അതു നോക്കിക്കൊണ്ടു നിൽക്കുന്നുണ്ട്. ഇടയ്ക്ക് ത്രേസ്യാമ്മയും വന്നു നോക്കും. ജോസ് ഉളിയെടുത്ത് പെരുമാറുന്നത് നോക്കി നിൽക്കും. ഓരോ അടിക്കും വലിയ കഷ്ണങ്ങൾ തെറിച്ചു പോകുന്നത് അദ്ഭുതത്തോടെ നോക്കിനിൽക്കും. അവർക്ക് ജോലിക്കാരെപ്പറ്റി നല്ല മതിപ്പുണ്ടാവുന്നു. അതിനിടയ്ക്ക് അവർ ഒരു സംശയം ചോദിക്കുന്നു.

ത്രേസ്യാമ്മ: ജോസേ, ഇതെന്താ ഇങ്ങനെ കണ്ടിച്ചിരിക്കണത്?

ജോസ് ഉളി നിലത്തുവച്ച് നിവർന്നിരിക്കുന്നു. എന്തെങ്കിലും ചോദിച്ചാൽ ഉടനെ ഉളി നിലത്തുവച്ച് സംസാരം തുടങ്ങുന്ന പ്രകൃതമാണ് ജോസിന്റെ.

ജോസി: അത് ചേച്ചീ അലമാറീടെ സൈഡാണ്.

ത്രേസ്യാമ്മ: അലമാറിക്ക് ഇത്ര ഉള്ള് വേണോ?

ജോസ്: അതേയ് ചേച്ചീ, ഹാങ്ങറില് തുണിയിടുമ്പോ തടയാൻ പാടില്ലല്ലോ. അതിനാണ് വീതി ഇത്ര വച്ചിരിക്കണത്.

ഒപ്പം നിൽക്കുന്ന കുട്ടികളിൽ ഒരുവൻ, സജി ചോദിക്കുന്നു.

സജി: ആന്റി, ഇവര് എന്താണ്ടാക്കണത്?

ത്രേസ്യാമ്മ: അത് മോനെ, ജോമോൻ ചേട്ടന് വേണ്ടി അലമാറിണ്ടാക്ക്വാ.

സജി: ജോമോൻ ചേട്ടനെന്തിനാ അലമാറ?

ത്രേസ്യാമ്മ: ജോമോൻ ചേട്ടൻ വന്നാൽ കല്ല്യാണം കഴിക്കണ്ടേ? അപ്പോ ഒരു ചേച്ചി വരില്ലേ? അവര്‌ടെ രണ്ട്‌പേര്‌ടേം ഉടുപ്പുകള് വെയ്ക്കാൻ അലമാറ വേണ്ടേ?

സജി: ജോമോൻ ചേട്ടൻ എന്നാ വര്വാ?

ത്രേസ്യാമ്മ: ഇനീം സമയണ്ട്. ഞാൻ അടുക്കളേലേയ്ക്ക് പോട്ടെ. മക്കളെ ഒന്ന് നോക്കണംട്ടോ ജോസെ.

ജോസ്: (ഉളി നിലത്തു വച്ച്) ഒന്നും പേടിക്കണ്ട ചേച്ചീ. അവര് ഇവിടെ കളിച്ചോട്ടെ. (തിരിഞ്ഞ്, കുട്ടികളോട്) മക്കളെ ആയുധങ്ങളൊന്നും തൊടരുത് കേട്ടോ?

സീൻ 5:

ജോസഫേട്ടൻ പുറത്തുനിന്നു വരുന്നു. ഉമ്മറത്തേയ്ക്കു കയറാതെ നേരെ മരപ്പണിക്കാർ ജോലിയെടുക്കുന്നിടത്തേയ്ക്കു നടക്കുന്നു.

സീൻ 6:

ജോലിയെടുത്തുകൊണ്ടിരിക്കുന്ന മരപ്പണിക്കാർ ജോലി നിർത്തി ജോസഫേട്ടനെ ശ്രദ്ധിക്കുന്നു.

ജോസഫേട്ടൻ: എവിടെത്തീ ജോലിയൊക്കെ?

ജോസ്: ഇന്ന് എല്ലാം കൂട്ടിലാക്കും. ബാക്കി പണിയാണ് കാര്യായിട്ട്ള്ളത്.

ജോസഫേട്ടൻ വിമർശനബുദ്ധിയോടെ അവർ മുറിച്ചു വച്ചിരിക്കുന്ന മരപ്പലകകൾ വീക്ഷിക്കുന്നു.

ജോസഫേട്ടൻ: ഉം, ജോലി നിർത്തണ്ട. (നടന്നു പോകുന്നു.)

സീൻ 7:

കഴിഞ്ഞ സീനിന്റെ തുടർച്ചയാണ്. ജോസഫേട്ടൻ പോകുന്നത് വീടിനു പിൻപുറത്തു താൻ നേരത്തെ ഉണ്ടാക്കിവച്ചിട്ടുള്ള കോഴിക്കൂടിന്റെ അടുത്തേയ്ക്കാണ്. കുറച്ചുനേരം അതിന്റെ ഭംഗി നോക്കി ആസ്വദിക്കുന്നു. മുഖത്ത് ആത്മസംതൃപ്തി, പെട്ടെന്ന് എന്തോ ഒരു പിശക് ശ്രദ്ധിച്ചപോലെ അടുത്തു ചെന്നു നോക്കുന്നു. ഒരു ചെറിയ കോട്ടം ശ്രദ്ധയിൽ പെടുകയാണ്. അദ്ദേഹം ജോലിക്കാർ പണിയെടുക്കുന്ന സ്ഥലത്തേയ്ക്കു നോക്കുന്നു. പിന്നെ എന്തോ തീർച്ചപ്പെടുത്തിയ പോലെ നടന്നു പോകുന്നു. ആ സമയം കാമറ അടുക്കള വരാന്തയിൽ ജോസഫേട്ടനെ ശ്രദ്ധിച്ചുകൊണ്ട് നിൽക്കുന്ന ത്രേസ്യാമ്മയിലേയ്ക്ക് തിരിയുന്നു.

സീൻ 8:

അടുക്കള. പാറുകുട്ടിയും ത്രേസ്യാമ്മയും പാചകത്തിന്റെ തിരക്കിലാണ്. പാറുകുട്ടി ചായ കൂട്ടുന്നു.

ത്രേസ്യാമ്മ: അല്ല കൊച്ചേ നീയൊരു കാര്യം ശ്രദ്ധിച്ചോ?

പാറുകുട്ടി: എന്തമ്മച്ചീ?

ത്രേസ്യാമ്മ: നമ്മടെ ഈ മരപ്പണിക്കാരില്ല്യേ? അവര് വന്നശേഷം തൊടങ്ങീതാ ജോസഫേട്ടന് ഒരു വെഷമം.

പാറുകുട്ടി: വെഷമോ?

ത്രേസ്യാമ്മ: അതെ പെണ്ണേ, ഒരു വെഷമം മാതിരി. എടക്കെടക്ക് കോഴിക്കൂട്ടിന്റെ അടുത്ത് പോയി നിൽക്കും.

പാറുകുട്ടി: അതെയ് ജോസഫേട്ടൻ ജാതിസ്വഭാവം കാണിക്ക്യാണ്.

ത്രേസ്യാമ്മയ്ക്ക് പാറുകുട്ടി പറഞ്ഞത് മനസ്സിലായില്ല. അവർ ചോദിക്കുന്നു.

ത്രേസ്യാമ്മ: നീയെന്തേ പറഞ്ഞത് പാറു?

പാറുകുട്ടി: (ചിരിച്ചുകൊണ്ട്) അല്ല എന്തേ ഇപ്പം ഇങ്ങനെ പറ്റാൻ?

ത്രേസ്യാമ്മ: അറീല്ല്യ. ഇതുവരെ ഒരു കൊഴപ്പും ഇല്ലാത്ത ആളായിരുന്നു.

പാറുകുട്ടി: (ചായ ഗ്ലാസിലെടുത്തുകൊണ്ട്) അമ്മച്ചീ ഞാൻ ഈ ചായ ജോസഫേട്ടന് കൊടുത്തിട്ടു വരാം.

ത്രേസ്യാമ്മ: നീ പിള്ളാരെം ഒന്ന് ശ്രദ്ധിക്കണം കേട്ടോടീ?

പാാറുകുട്ടി: (നടന്നു നീങ്ങുമ്പോൾ) ആ, അമ്മച്ചീ.

സീൻ 9:

ഉമ്മറത്ത് ചാരുകസേലയിൽ ഇരിക്കുന്ന ജോസഫേട്ടൻ. ശ്രദ്ധ മുഴുവൻ പണിക്കാരിലാണ്. അവിടെ കുട്ടികൾ ചുറ്റും ഓടിക്കളിക്കുന്നുമുണ്ട്. പാറുകുട്ടി ചായ ഗ്ലാസ് ജോസഫേട്ടന് കൊണ്ടുവന്നു കൊടുക്കുന്നു. ജോസഫേട്ടൻ ഗ്ലാസ് വാങ്ങി ഒരിറക്ക് കുടിച്ചശേഷം മുഖം ചുളിക്കുന്നു.

ജോസഫേട്ടൻ: ഇതെന്താ പെണ്ണേ ഇവിടെ പഞ്ചസാര ഇല്ല്യേ?

പാറുകുട്ടി: (ചിരിച്ചുകൊണ്ട്) ഇത്രേം ഇട്ടു തന്നത് തന്നെ അമ്മച്ചീ കാണാതെയാ. അമ്മച്ചി കണ്ടാൽ ഒട്ടും ഇടാൻ സമ്മതിക്കത്തില്ല.

ജോസഫേട്ടൻ: എന്റെ കർത്താവേ ഈ കഷായം എങ്ങിനെ കുടിച്ചുണ്ടാക്കും?

പെട്ടെന്ന് ജോലിക്കാർ രണ്ടുപേരും ആയുധങ്ങൾ നിലത്തുവച്ച് എഴുന്നേൽക്കുന്നു. അവർ പുറത്തേയ്ക്ക് ചായ കുടിക്കാൻ പോകാനുള്ള ഒരുക്കങ്ങളാണ്. കുട്ടികളോട് ഒന്നും തൊടരുതെന്ന് പറയുന്നു. മുറ്റത്തേയ്ക്ക് വന്ന് ജോസഫേട്ടനോട് പറയുന്നു.

ജോസ്: സാറെ ഞങ്ങള് ചായ കുടിച്ചിട്ടു വരാം. പിള്ളാരെ ശ്രദ്ധിക്കണം കെട്ടോ. ആയുധങ്ങളൊക്കെ നല്ല മൂർച്ചയൊള്ളതാ.

ജോസഫേട്ടൻ: ശരി ജോസെ, നിങ്ങ പൊയ്‌ക്കോ.

ജോസഫേട്ടൻ ചായപ്പാത്രം മേശമേൽ വച്ച് എഴുന്നേൽക്കുന്നു. മുറ്റത്തേയ്ക്കിറങ്ങാനുള്ള ഭാവമാണ്.

പാറുകുട്ടി: ജോസഫേട്ടൻ ചായ കുടിച്ചിട്ടില്ല.

ജോസഫേട്ടൻ: (ധൃതിയിൽ) അത് നീതന്നെ കുടിച്ചാൽ മതി. എടീ നീയീ പിള്ളാരെ ഒന്ന് നോക്ക്. എനിക്ക് കൊറച്ച് പണിണ്ട്.

പടിക്കലേയ്ക്ക് നോക്കി പണിക്കാർ പോയി എന്ന് ഉറപ്പായപ്പോൾ ജോലിയെടുക്കുന്നിടത്തു ചെന്ന് രണ്ട് ഉളിയും ചുറ്റികയും തെരഞ്ഞെടുക്കുന്നു.

പാറുകുട്ടി ഒപ്പം ചെന്ന് കുട്ടികളെ വിളിക്കുന്നുണ്ട്.

പാറുകുട്ടി: ഈ ഉളിയൊക്കെ എന്തിനാ എടുക്കണത് ജോസഫേട്ടാ?

ജോസഫേട്ടൻ: അതേയ് എനിക്കൊരു ശവപ്പെട്ടിണ്ടാക്കാനാ. നീ പോയി ഈ പിള്ളാരെ അങ്ങട്ട് വിളിച്ചു കൊണ്ടുപോണുണ്ടോ?

ആകെ ടെൻഷനുള്ള പോലെ തോന്നണം.

പാറുകുട്ടി ചിരിച്ചുകൊണ്ട് കുട്ടികളെ വിളിക്കുന്നു.

പാറുകുട്ടി: പിള്ളാരെല്ലാം ഇവിടെ വാ. ഞാൻ കോഴീനെ കാണിച്ചുതരാം.

ജോസഫേട്ടൻ: പിന്നെള്ളത് ഒരു കോഴി. കോഴി, കോഴി. നീ ഈ പിള്ളാരെ ഉമ്മറത്തു കൊണ്ടുപോയി കളിപ്പിക്ക്.

ധൃതിയിൽ വീടിനു പുറകുവശത്തേയ്ക്കു നടന്നു പോകുന്നു.

ഇപ്രാവശ്യം പാറുകുട്ടി ശരിക്കും അന്തം വിട്ടുപോയിരിക്കുന്നു. ജോസഫേട്ടനെ ഈ പരുവത്തിൽ സാധാരണ കാണാറില്ല. അവൾ കുട്ടികളെ വിളിച്ച് ഉമ്മറത്തേയ്ക്ക് കയറുമ്പോൾ ത്രേസ്യാമ്മ അകത്തുനിന്നു വരുന്നു.

പാറുകുട്ടി: അമ്മച്ചി പറഞ്ഞത് ശര്യാന്നാ തോന്നണത്.

ത്രേസ്യാമ്മ: എന്ത്, പാറുകുട്ടി?

പാറുകുട്ടി: ജോസഫേട്ടന് എന്തോ പറ്റീട്ട്ണ്ട്.

ത്രേസ്യാമ്മ: ഞാമ്പറഞ്ഞില്ല്യേ? എന്നിട്ട് ഇപ്പം എവിട്യാ അതിയാൻ?

പാറുകുട്ടി: ഉളീം എടുത്തോണ്ട് വീടിന്റെ പിന്നിലേയ്ക്ക് പോയിട്ടൊണ്ട്.

ത്രേസ്യാമ്മ: എന്തെങ്കിലും കാണിച്ചു കൂട്ടുമോ ആവോ. ഞാനൊന്ന് ചെല്ലട്ടെ!

End of Part I

Part II

സീൻ 10:

ലോങ് ഷോട്ടിൽ കാണുന്നത് ജോസഫേട്ടൻ കോഴിക്കൂടിന്റെ മുമ്പിൽ നിന്ന് പണിയെടുക്കുകയാണ്. സാവധാനത്തിൽ സൂം ചെയ്യുമ്പോൾ സംഗതികൾ വ്യക്തമായി കാണുന്നു. താൻ ഉണ്ടാക്കിയ കോഴിക്കൂടിന്റെ ചെറിയ കോട്ടങ്ങൾ പരിഹരിക്കുകയാണ് അദ്ദേഹം. ഉളിയെടുത്ത് തുറിച്ചു നിൽക്കുന്ന ഒരു പട്ടിക ചെത്തി മിനുക്കുക, ഒരു പലകയുടെ വശം ചുരണ്ടുക. അങ്ങിനെ സ്വയം മറന്ന് പണിയിലേർപ്പെട്ട ജോസഫേട്ടൻ പെട്ടെന്ന് എന്തോ ഓർമ്മ വന്ന് തലയുയർത്തുമ്പോൾ കാണുന്നത് തന്നെ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരിക്കുന്ന കോഴിയെയാണ്. അതിനു പിന്നിലായി ത്രേസ്യാമ്മയും.

ജോസഫേട്ടൻ: (കോഴിയോട്) എന്താ പിടിച്ചില്ല്യേ?

കോഴി തല വെട്ടിച്ച് ഒരു ശബ്ദമുണ്ടാക്കി നടന്നു പോകുന്നു.

ത്രേസ്യാമ്മ: നിങ്ങ എന്തോന്നാ ചെയ്യണത്?

ജോസഫേട്ടൻ: എടീ, ഇവര്‌ടെ ആയുധങ്ങള് നല്ല മൂർച്ചയാ, എന്നും അണച്ച് മൂർച്ച കൂട്ടണതല്ലേ. അതോണ്ട് എടുത്ത് പെരുമാറാൻ സുഖാ. അവര് വരണ്ട സമയായി. ഞാനിതൊന്നവിടെ കൊണ്ടു വെക്കട്ടെ. (പോകുന്നു.)

സീൻ 11:

വൈകുന്നേരം. ജോമോന്റെ കിടപ്പറയിൽ ചുവരരുകിൽ അലമാറി കൂട്ടിവച്ചിട്ടുണ്ട്. വാതിലില്ലാതെ പലകകൾ കൂട്ടി ഒരു ഷെൽഫ് ആക്കിയിരിക്കയാണ്. വെറുമൊരു ഷെൽഫ് മാത്രമേ ആയിട്ടുള്ളു എങ്കിലും ത്രേസ്യാമ്മയ്ക്ക് വളരെ മതിപ്പുണ്ടായിരിക്കുന്നു.

ത്രേസ്യാമ്മ: അവര് രണ്ടീസംകൊണ്ട് ഇത്രേം പണി ചെയ്തു അല്ലേ?

ജോസഫേട്ടൻ: (ഷെൽഫുകൾ കൈകൊണ്ട് തൊട്ട് തലോടിക്കൊണ്ട്) കൊച്ചു ത്രേസ്യേ, ഇനിയുള്ള പണിക്കാണ് സമയമെടുക്കുക. ഇത്രീം പണി ശരിക്കു പറഞ്ഞാൽ ഒരു ദിവസത്തേക്കേ ഉള്ളു, അവര് വലിച്ച് നീട്ടണതാ. എന്താ പണിള്ളത്, പലക അറക്കണം, ചെറിയൊരു കൊതണ്ടാക്കണം, പശവച്ച് ആണിയടിക്കണം. അത്രേ്യള്ളൂ. ഇന്യാണ് പണിയൊക്കെ. ഫ്രെയിംണ്ടാക്കണം, വാതില് വെയ്ക്കണം, മൈക്ക ഒട്ടിക്കണം. ഇക്കണക്കിന് പോയാൽ ഇനി ഒരു എട്ടു ദിവസത്തെ പണിയെങ്കിലുമുണ്ടാകും. ഞാമ്പറഞ്ഞില്ല്യേ, പണിക്കാര് മോശാ.

ത്രേസ്യാമ്മ: എനിക്ക് തോന്ന്ണില്യ.

ജോസഫേട്ടൻ: തൊന്ന്ണില്ല്യെങ്കിൽ വേണ്ട. സാവധാനത്തിൽ നെനക്ക് മനസ്സിലാവും കൊച്ചുത്രേസ്യേ. അവര് മോശം പണിക്കാരന്ന്യാ. മോശം പണിക്കാരെ എനിക്ക് ഒറ്റ നോട്ടത്തില് മനസ്സിലാവും.

കാമറ കോഴിയിലേയ്ക്ക് തിരിയുന്നു. ജോസഫേട്ടൻ അവസാനത്തെ വാചകം പറഞ്ഞു കഴിയുമ്പോൾ കോഴി തലയുയർത്തി നോക്കുന്നു, ങാ! അങ്ങിനെയാണോ? എന്ന മട്ടിൽ.

സീൻ 12:

ഉച്ച സമയം. ത്രേസ്യാമ്മ പ്ലേസ്‌കൂളിലെ കുട്ടികളെ കിടത്തി ഉറക്കാൻ ശ്രമിക്കുന്നു. പശ്ചാത്തലത്തിൽ മരപ്പണിക്കാർ മേടുന്ന ശബ്ദം കേട്ട് കുട്ടികൾ അസ്വസ്ഥരാകുന്നു. ഉറങ്ങാൻ പറ്റുന്നില്ല. നിലത്ത് കുട്ടികളുടെ ഒപ്പം കിടക്കുന്ന ത്രേസ്യാമ്മ കട്ടിലിന്മേൽ കിടക്കുന്ന ജോസഫേട്ടനോട്.

ത്രേസ്യാമ്മ: ദേണ്ടേ, ഒന്ന് നോക്കിയേ.

ജോസഫേട്ടൻ: (ഒരു മയക്കത്തിൽനിന്ന് ഉണർന്ന്) എന്തേ?

ത്രേസ്യാമ്മ: ഈ പിള്ളാര് ഒറങ്ങ്ണില്ല്യാട്ടോ.

ജോസഫേട്ടൻ: നെന്റെ പിള്ളാർക്ക് എന്താ വേണ്ടത്?

ത്രേസ്യാമ്മ: ഈ ശബ്ദം ഇല്ല്യേ, അതു കാരണാ. ഇങ്ങിന്യായാൽ വൈകുന്നേരാവുമ്പഴയ്ക്ക് ഒക്കെ വാശിക്കാരാവും. എന്നിട്ട് അച്ഛനമ്മമാര് വരുമ്പോൾ ഓരോന്നു പറഞ്ഞുകൊടുക്കും. ആന്റി പിച്ചി, ചേച്ചി അടിച്ചൂന്നൊക്കെ. അവരതൊക്കെ വിശ്വസിക്കീം ചെയ്യും. നമ്മടെ ബിസിനസ്സാ മോശാവ്വാ.

ജോസഫേട്ടൻ: അതിന്‌പ്പൊ എന്താ ചെയ്യ്ാ? മൂന്ന് അലമാറിയുണ്ടാക്കണം. പിന്നെ ഒരു ടീപോയ്, ഡ്രെസിംഗ് ടേബ്ൾ. ചുരുങ്ങീത് ഒരു മാസത്തെ ജോലിണ്ടാവും.

ത്രേസ്യാമ്മ: അതു കഴീമ്പളേക്കും നമ്മടെ പ്ലേസ്‌കൂള് പൂട്ടേണ്ടി വരും.

കുട്ടികളിൽ ഒരുവൻ ഉറക്കെ കരയുന്നു.

ത്രേസ്യാമ്മ: എന്തു പറ്റിയെടാ?

കുട്ടി: സുനിച്ചേച്ചീ എന്നെ പിച്ചി.

ത്രേസ്യാമ്മ: (ജോസഫേട്ടനെ നോക്കി) ഞാമ്പറഞ്ഞില്ല്യേ?

ജോസഫേട്ടൻ: (കുറച്ചുറക്കെ) ഒന്നു മിണ്ടാതിരിക്കിൻ പിള്ളാരെ. (കുട്ടികൾ നിശ്ശബ്ദരാകുന്നു.) നമുക്കൊരു കാര്യം ചെയ്യാം ത്രേസ്യേ.

ത്രേസ്യാമ്മ: എന്തോന്നാ?

ജോസഫേട്ടൻ: ഒരലമാറിണ്ടാക്കാൻ തൊടങ്ങീലെ, അത് തീർക്കട്ടെ. പിന്നെണ്ടാക്കണ്ട അലമാറീം, ഡ്രെസ്സിംഗ് ടേബ്‌ളും അവര് വീട്ടീ കൊണ്ടുപോയിട്ട് ഉണ്ടാക്കട്ടെ. കോൺട്രാക്ട് കൊടുക്കാം. ഒരലമാറിണ്ടാക്കിയ പരിചയുംല്ല്യേ? വലിയ സുഖൊംന്നുല്ല്യ, ഈ മേട്ടം കേട്ടോണ്ട് ഉറങ്ങാൻ.

ത്രേസ്യാമ്മ: അവര് അങ്ങനെയൊക്കെ ചെയ്യ്വോ ആവോ? എന്താ ചെയ്യാതെ അല്ലേ? വീട്ടീന്ന്ണ്ടാക്കുമ്പോ സൗകര്യായിട്ട് ചെയ്യാലോ? എന്തെങ്കിലും ആവശ്യംണ്ടെങ്കില് പള്ളുരുത്തീന്ന് ഇത്‌വരെ വര്വല്ലെ വേണ്ടൂ? അവര്‌ടെ അഡ്രസ്സ് തന്നിട്ടുണ്ടോ?

ജോസഫേട്ടൻ പോക്കറ്റിൽനിന്ന് ഒരു തുണ്ടു കടലാസെടുത്ത് കണ്ണട വച്ച് വായിക്കുന്നു. 'മാഞ്ചുവട്ടിൽ ജോസ് വർഗ്ഗീസ്, എസ്.ഡി.പി.വൈ.ക്കു സമീപം, പള്ളുരുത്തി.'

ത്രേസ്യാമ്മ: ഇങ്ങനെ ഒരഡ്രസ്സൊക്കെ മത്യോ? കണ്ട മാഞ്ചോട്ടിലൊക്കെ പോയാൽ ഇയ്യാളെ കാണാൻ പറ്റ്വോ?

ജോസഫേട്ടൻ: മാഞ്ചോട്ടിൽന്നത് ഇയ്യാക്കടെ വീട്ടുപേരാണ്. പിന്നെ മരപ്പണിക്കാരേം രാഷ്ട്രീയക്കാരേം എല്ലാരും അറിയും. എല്ലാരും തെരക്കിപോണ കൂട്ടരല്ലെ.

ത്രേസ്യാമ്മ: നെങ്ങ നാളെത്തന്നെ ഒന്ന് ചോദിക്ക്.

ജോസഫേട്ടൻ: നാളെ വേണ്ട, ഈ അലമാറിടെ ജോലി ഒന്ന് കഴിഞ്ഞോട്ടെ.

സീൻ 13:

ജോസഫേട്ടൻ ഉമ്മറത്തിരിക്കുന്നു. പണിക്കാർ ചായ കുടിക്കാൻ പോകുന്നതും നോക്കിയിരിക്കയാണ്. ഏകദേശം സീൻ 9-ലെ സ്ഥിതിവിശേഷം തന്നെയാണ്. പണിക്കാർ പടിയിറങ്ങിയതും ജോസഫേട്ടൻ പോയി പണിയായുധങ്ങളുമായി വീടിനു പുറകുവശത്തേയ്ക്കു പോകുന്നു.

സീൻ 14:

പണിക്കാർ ചായ കുടിച്ചു തിരിച്ചു വരുന്നു. പണി തുടങ്ങാൻ നോക്കുമ്പോൾ ആയുധമില്ല.

ജോസ്: എവിടെപ്പോയി വീതുളി?

കൃഷ്ണൻ: ന്റെ ചുറ്റികീം കാണാൻല്ല്യ. എവിടെപ്പോയി ആവോ.

സ്വല്പനേരത്തെ തെരച്ചിലിനു ശേഷം അവർ ജോസഫേട്ടനെ അന്വേഷിക്കുന്നു.

ജോസ്: അല്ല, സാറിനീം കാണാൻല്ല്യ.

അതെല്ലാം ശ്രദ്ധിച്ചുകൊണ്ടു നിന്ന ഒരു കുട്ടി വീടിനു പിറകുവശത്തേയ്ക്ക് ചൂണ്ടിക്കൊണ്ട് പറയുന്നു.

കുട്ടി: അങ്ക്ൾ അങ്ങോട്ടു പോയിട്ട്ണ്ട്.

പണിക്കാർ വീടിനു പിറകുവശത്തേയ്ക്ക് പോകുന്നു.

സീൻ 15:

ജോസഫേട്ടൻ കോഴിവീടിനു ഭംഗികൊടുക്കുന്നതിൽ മുഴുകിയിരിക്കയാണ്. ചുറ്റുവട്ടത്തുമെന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല. ഒരു പട്ടികയുടെ നീളം അല്പം കുറക്കുക, ഒരു പലകയുടെ അറ്റം ചിന്തേരിടുക എന്നീ ജോലികൾ ചെയ്യുന്നു. ജോസും കൃഷ്ണനും മുമ്പിൽ വന്നു നിൽക്കുന്നത് കാണുന്നില്ല.

ജോസ്: ഇത് സാറ്ണ്ടാക്ക്യതാണോ?

ജോസഫേട്ടൻ ഞെട്ടിത്തിരിയുന്നു. മുഖത്ത് ചമ്മലുണ്ട്.

ജോസഫേട്ടൻ: അതെ ജോസെ എങ്ങനെണ്ട്?

ജോസ്ഃ: ഗംഭീരായിട്ടുണ്ട്.

ത്രേസ്യാമ്മ അടുക്കള വരാന്തയിൽനിന്ന് മുറ്റത്തേയ്ക്കിറങ്ങി അടുത്തു വരുന്നു.

ജോസ്ഃ: (ചിരിച്ചുകൊണ്ട്) ചേച്ചീ, ഞങ്ങളൊക്കെ ആയുധം വെച്ച് കീഴടങ്ങണ്ടി വരുംന്ന് തോന്നുണു. അത്ര നന്നായിട്ട്ണ്ട്.

ജോസഫേട്ടന്റെ മുഖം വികസിക്കുന്നു. അദ്ദേഹം കൊടുത്ത ആയുധങ്ങളുമായി പണിക്കാർ പോകുന്നു.

ജോസഫേട്ടൻ: (പണിക്കാർ പോയ ശേഷം) അവര് നല്ല പണിക്കാരാ കൊച്ചു ത്രേസ്യേ. നല്ല പണിക്കാർക്ക് നല്ല പണി പെട്ടെന്ന് മനസ്സിലാവും.

പെട്ടെന്ന് അതുവരെ ചുറ്റിപ്പറ്റി നിന്ന കോഴി കഴുത്തുയർത്തി ജോസഫേട്ടനെ നോക്കി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നു.

ജോസഫേട്ടൻ: (കോഴിയെ ശത്രുതയോടെ നോക്കിക്കൊണ്ട്). വേണ്ടെടീ.

സീൻ 16:

ജോമോന്റെ കിടപ്പറ. അലമാറി രൂപംകൊണ്ടു വരുന്നു. മൈക്ക ഒട്ടിക്കുന്ന തിരക്കിലാണ് ജോലിക്കാർ. ത്രേസ്യാമ്മ പ്രവേശിച്ച് ഒരു നിമിഷം ജോലി നോക്കിക്കൊണ്ടിരിക്കുന്നു.

ത്രേസ്യാമ്മ: ജോസേ.

ജോസ്: (താൻ ചെയ്യുന്ന ജോലി നിർത്തിവച്ച് എഴുന്നേൽക്കുന്നു) എന്തോ ചേച്ചീ?

ത്രേസ്യാമ്മ: നമുക്കേയ് ഇനിള്ള രണ്ടാളമാറേം ഡ്രെസ്സിംഗ് ടേബ്‌ളും ജോസിന്റെ വീട്ടിന്ന്ണ്ടാക്കിക്കൊണ്ടരാൻ പറ്റ്വോ?

ജോസ്: അയ്യോ ചേച്ചീ, അതു മാത്രം പറയല്ലെ.

ത്രേസ്യാമ്മ: എന്തേ?

ജോസ്: വീട്ടിലിരുന്നാല് പണിയൊന്നും നടക്കില്ല. ഒന്നാമതായി പെമ്പ്രന്നോര് സ്വൈരം തരില്ല. പിന്നെ ആരെങ്കിലും ജോലിയെന്നു പറഞ്ഞ് വരീം ചെയ്യും.

ത്രേസ്യാമ്മ: എന്താ കാര്യംന്നറിയ്യോ ജോസെ, ഇവിടെ ഈ ജോലിക്കെടേല് പിള്ളാര് ഒറങ്ങ്ണില്ല്യ. എല്ലാം വാശിക്കാരാവ്വാണ്. വൈകുന്നേരം അച്ഛനമ്മമാര് എത്തുമ്പഴേക്കും നെറയെ പരാതികളാണ്. അവര് എന്താ വിചാരിക്ക്യാ ഞങ്ങള് കുട്ട്യോളെ നല്ലോണം നോക്ക്ണില്ല്യാന്നല്ലെ?

ജോസ്: അയ്യ്യോ ചേച്ചി സ്വന്തം മക്കളെപ്പോലെയല്ലെ ഈ പിള്ളാരെ നോക്കണത്?

ത്രേസ്യാമ്മ: അപ്പൊ, ജോസെ എങ്ങനെയെങ്കിലും വീട്ടീന്ന് ചെയ്തു കൊണ്ടുവാ.

ജോസ്: നോക്കാം ചേച്ചീ. ഒരലമാറിണ്ടാക്കി കഴിഞ്ഞാൽ പറയാൻ പറ്റും വീട്ടീന്ന് ജോലി നടക്ക്വോന്ന്.

കാമറ ചുമരിൽ തൂങ്ങുന്ന ക്ലോക്കിൽ സമയം 3 മണിയെന്നു കാണിക്കണം. ജോസ് അസിസ്റ്റന്റ് കൃഷ്ണനെ വിളിക്കുന്നു. ചെയ്തുകൊണ്ടിരുന്ന ജോലി നിർത്തി അളവെടുക്കാൻ തുടങ്ങുന്നു. കുറിയ പെൻസിൽ ഉളികൊണ്ട് മൂർച്ചകൂട്ടി കീശയിൽ നിന്നെടുത്ത ചുളിഞ്ഞ കടലാസ്സിൽ കണക്കുകൾ കുത്തിക്കുറിക്കുന്നു. കുറച്ചു കഴിഞ്ഞ് കാമറ ക്ലോക്കിലേയ്ക്കു തിരിക്കുമ്പോൾ കാണുന്നത് നാലര മണിയായെന്നാണ്. തേസ്യാമ്മ അവർ അളക്കുന്നതും കണക്കുകൾ എഴുതുന്നതും നോക്കി നിൽക്കുകയാണ്. പെട്ടെന്ന് ജോസഫേട്ടൻ ത്രേസ്യാമ്മയെ വിളിക്കുന്നു.

ജോസഫേട്ടൻ: കൊച്ചു ത്രേസ്യേ.

ത്രേസ്യാമ്മ: എന്തോ?

ജോസഫേട്ടൻ: ഒന്നിത്രേടം വരെ വാ.

ത്രേസ്യാമ്മ ജോസഫേട്ടനോടൊപ്പം ഉമ്മറത്തേയ്ക്ക് പോകുന്നു. പണിക്കാർ കേൾക്കില്ലെന്നുറപ്പായപ്പോൾ സ്വകാര്യമായി പറയുന്നു.

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ, അവര് ഇപ്പോ ചെയ്യണ പണിണ്ടല്ലോ, ഈ അളവെടുക്കല്.

ത്രേസ്യാമ്മ: അതേ...

ജോസഫേട്ടൻ: അത് നമ്മടെ സമയത്താ ചെയ്യണത്. നമ്മള് ദെവസക്കൂലി കൊടുക്കണത് പണിയെടുക്കാനാ, അല്ലാതെ ടേപ്പെടുത്ത് അളന്ന് സമയം കളയാനല്ല. വീട്ടീക്കൊണ്ടോയി ചെയ്യണ കാര്യം നീ ഇപ്പോ പറയേണ്ടീര്ന്നില്ല.

ത്രേസ്യാമ്മ: (ആത്മാർത്ഥമായി പറയുന്നു) പോഴത്തായി.

ജോസഫേട്ടൻ: പോഴത്തായീന്ന് പറഞ്ഞാൽ പോര. ആ അലമാറീമ്മല് ആകെപ്പാടെ രണ്ടു മണിക്കൂറിന്റെ ജോലിംകൂടിയേണ്ടായിരുന്നുള്ള. ഇനി നാളെയും അത്മ്മല് ജോലിയെടുക്കേണ്ടി വരും. നമുക്ക് രണ്ട് തച്ച് നഷ്ടം.

ത്രേസ്യാമ്മ: ശരിയാ അല്ലെ?

സീൻ 17:

അടുക്കളയിൽ ത്രേസ്യാമ്മ വൈകുന്നേരത്തെ ഭക്ഷണം തയ്യാറാക്കുന്ന പാറുകുട്ടിയോട് സംസാരിക്കുകയാണ്.

ത്രേസ്യാമ്മ: എടീ എനിക്ക് ഒരബദ്ധം പറ്റീതാ. അല്ലേല് ഇന്നത്തൊടുകൂടി ഒരലമാറീടെ ജോലി കഴിഞ്ഞേനെ. ഞാനെടയ്ക്ക് എന്തെങ്കിലും സംശയം ചോദിച്ചാൽ മതി അയാള് ഉളി താഴത്തിട്ട് എണീക്കും. നല്ല സംസാരപ്രിയനാ ജോസ്. അങ്ങനെ എത്ര സമയം പോയിട്ട്ണ്ടാവും? ഒരു രണ്ട് തച്ചിന്റെ സമയം പോയിട്ട്ണ്ടാവുംന്നാ തോന്നണത്. അച്ചായൻ അറിഞ്ഞാൽ എന്നെ കൊല്ലും.

പാറുകുട്ടി: ഒരു കാര്യം പറഞ്ഞാൽ അമ്മച്ചി പെണങ്ങ്വോ?

ത്രേസ്യാമ്മ: ഇല്ലെടി, നീ പറഞ്ഞോ.

പാറുകുട്ടി: അമ്മച്ചീ ചെലപ്പോ ചെയ്യണതൊക്കെ പോഴത്താ.

ത്രേസ്യാമ്മ: ശര്യാടി കൊച്ചേ.

സീൻ 18:

ജോമോന്റെ കിടപ്പറ. അലമാറിയുടെ പണി കഴിഞ്ഞിരിക്കുന്നു. ജോസ് ത്രേസ്യാമ്മയ്ക്കും ജോസഫേട്ടനും അലമാറി തുറന്നു കാണിക്കുന്നു. അകത്ത് പെയ്ന്റ് ചെയ്തിട്ടുണ്ട്. പൂട്ട് അടച്ചു തുറന്ന് കാണിക്കുന്നു. പൊതുവേ ജോസഫേട്ടനും ത്രേസ്യാമ്മയ്ക്കും തൃപ്തിയായിരിക്കുന്നു.

ജോസഫേട്ടൻ: അപ്പൊ ഒരു രണ്ടായിരം അഡ്വാൻസ് തന്നാൽ പണി തൊടങ്ങിക്കൂടെ?

ജോസ്: അതു മതിയാവും. ഇനി വേണങ്കീ ഇവിടംവരെ വര്വല്ലെ വേണ്ടൂ.

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ, ഒരു രണ്ടായിരം രൂപ ജോസിനെടുത്തു കൊടുക്ക്.

ത്രേസ്യാമ്മ അകത്തു പോകുന്നു.

ജോസഫേട്ടൻ: ജോസെ ഒരു കാര്യം പറഞ്ഞേക്കാം. വീട്ടീ വെച്ച് പണിയെടുക്ക്വാന്നുള്ളതോണ്ട് ഒഴപ്പരുത്. ഇന്നു തൊട്ട് പത്താം ദിവസം സാധനം വീട്ടിലെത്തിക്കണം.

ജോസ്: സാറെ അതു ഞാനേറ്റു.

ജോസഫേട്ടൻ: ആദ്യത്തെ അലമാറ കൊണ്ടുവന്നാൽ, പിന്നെള്ളതിന് അഡ്വാൻസ് തരാം, കൂലീം. പോരെ?

ജോസ്: പിന്നെയല്ലാതെ?

ത്രേസ്യാമ്മ വന്ന് രണ്ടായിരം രൂപ ജോസിന്റെ കയ്യിൽ കൊടുക്കുന്നു.

ജോസഫേട്ടൻ: ഇന്നത്തെ തച്ചിന്റെ കൂലി പിടിച്ചോ.

കീശയിൽ നിന്ന് ഏതാനും നോട്ടുകൾ എടുത്തു കൊടുക്കുന്നു.

സീൻ 19:

ഉച്ചയുറക്കത്തിന്റെ സമയം. ത്രേസ്യാമ്മ കുട്ടികളെ കിടത്തി ഉറക്കാൻ ശ്രമിക്കുകയാണ്. ആരും ഉറങ്ങുന്നില്ല. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. ശൈലജയുടെ മോൾ കൂടി ഉറങ്ങാതെ എഴുന്നേറ്റിരിക്കുന്നു.

ത്രേസ്യാമ്മ: എന്താ പിള്ളേരെ ഉറങ്ങാത്തത്?

കുട്ടികൾ എഴുന്നേറ്റു നിൽക്കുന്നു. പിന്നെ ഒന്നും പറയാതെ പുറത്തേയ്ക്ക് മാർച്ചു ചെയ്യുന്നു. പിന്നാലെ ശൈലജയുടെ മകളും മുട്ടുകുത്തിപ്പോകുന്നു. ഉമ്മറവാതിൽ തുറന്ന് ഓരോരുത്തരായി മുറ്റത്തേയ്ക്ക് ഇറങ്ങി, തലേന്നുവരെ മരപ്പണിക്കാർ ജോലിയെടുത്തിരുന്ന സ്ഥലത്തെത്തി നിൽക്കുന്നു. അവിടം ഒഴിഞ്ഞുകിടക്കുകയാണ്. അവർ ചോദ്യത്തോടെ പിന്നാലെ മോളെയും ഒക്കത്തിരുത്തി നടന്നുവന്ന ത്രേസ്യാമ്മയെ നോക്കുന്നു.

ത്രേസ്യാമ്മ: എന്റീശോയെ!

കുട്ടികളെകൂട്ടി തിരിച്ച് ഉമ്മറത്തേയ്ക്കു കയറുമ്പോൾ ജോസഫേട്ടൻ എഴുന്നേറ്റു വന്നത് കാണുന്നു.

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ, എന്താ കാര്യംന്ന് മനസ്സിലായോ. ഇനി പിള്ളേര് ഒറങ്ങണങ്കില് മരപ്പണിക്കാര്‌ടെ ശബ്ദം കേൾപ്പിക്കണം.

ത്രേസ്യാമ്മ: എന്റെ കർത്താവേ!

സീൻ 20:

അടുക്കളയിൽ ത്രേസ്യാമ്മ പാറുകുട്ടിയോട് സംസാരിക്കുകയാണ്.

ത്രേസ്യാമ്മ: എന്റെ പാറുകുട്ടീ, നീ കേൾക്ക്ണുണ്ടോ? അമ്മ ആശുപത്രീല് കെടക്ക്വാണ്ന്ന് വച്ചിട്ട് ഒരാള് ഏതു നേരോം അവിട്യാ.

പാറുകുട്ടി: അതിന് അമ്മച്ചിക്കെന്താ? വല്ല്യമ്മച്ചീടെ പുന്നാര മോനല്ലെ. വല്ല്യമ്മച്ചി വിട്ന്നുണ്ടാവില്ല.

ത്രേസ്യാമ്മ: അങ്ങനെയല്ല പാറുകുട്ടീ ഇത്. രാവിലെയായാൽ അച്ചായൻ അവിടെ കട്ടിലിന്റെ അടുത്ത് പോയിരിക്കും. എന്നിട്ട് ഓരോ പഴയ കാര്യങ്ങള് പറഞ്ഞുതൊടങ്ങും. എന്നിട്ട് അമ്മച്ചിയോട് ഒരു ചോദ്യംണ്ട്. അമ്മച്ചിക്ക് ഓർമ്മണ്ടോ? അതോടെ അമ്മച്ചിടെ പ്രഷറ് കൂടൂം ചെയ്യും. അത്ര സുഖംള്ള കാര്യൊന്നും അല്ല ജോസഫേട്ടൻ പറേണത്.

പാറുകുട്ടി: അപ്പോ അമ്മച്ചിക്ക് പറയായിരുന്നില്ലെ, എപ്പഴും ആശുപത്രീല് ഇങ്ങനെ പോയി ഇരിക്കണ്ടാന്ന്.

ത്രേസ്യാമ്മ: ശരിയായി എന്നാൽ. കണ്ണും കാതും വച്ചിരിക്കണ്ട പിന്നെ. നോക്ക് ഇവിടെ എന്തൊക്കെ കാര്യങ്ങള് നോക്കാന്ണ്ട്. ആ മരപ്പണിക്കാര് 2000 രൂപ അഡ്വാൻസ് വാങ്ങിക്കൊണ്ടോയിട്ട് വല്ല വിവരോംണ്ടോ? ഒന്ന് പോയി അന്വേഷിക്കാൻ പറഞ്ഞാൽ കേൾക്ക്വോ?

പാറുകുട്ടി: ശരിതന്നെ അമ്മച്ചീ. ആ മരപ്പണിക്കാര് അച്ചാരോം കൊണ്ട് മുങ്ങീന്നാ തോന്നണത്.

ത്രേസ്യാമ്മ: ചോദിച്ചാൽ പറയും, മരപ്പണിയാണ് സമയം എടുക്കുംന്നൊക്കെ.

പാറുകുട്ടി: എന്നാലും ഇങ്ങിനെ ഒരു സമയംണ്ടോ? ഇപ്പോ മാസം രണ്ടായില്ല്യേ?

ത്രേസ്യാമ്മ: അതുതന്നേ.

സീൻ 21:

രാത്രി കിടക്കാനുള്ള പുറപ്പാടാണ് ത്രേസ്യാമ്മയും ജോസഫേട്ടനും. കിടപ്പു മുറിയിൽ കിടക്കയിൽ വിരിപ്പു വിരിക്കുന്ന ത്രേസ്യാമ്മ. ജോസഫേട്ടൻ കസേരയിലിരുന്ന് കലണ്ടർ മറിച്ചുനോക്കുകയാണ്. പെട്ടെന്ന് ഒരു തീയ്യതി നോക്കിക്കൊണ്ട് പറയുന്നു.

ജോസഫേട്ടൻ: എടി കൊച്ചുത്രേസ്യേ ഇതൊന്ന് നോക്ക്?

ത്രേസ്യാമ്മ: എന്തോന്നാ?

ജോസഫേട്ടൻ: ആ ക്ഷയരോഗിടെപോലത്തെ മരപ്പണിക്കാരൻ, എന്താ അയാക്കടെ പേര്. അയാള് അച്ചാരം വാങ്ങിക്കൊണ്ടു പോയിട്ട് മാസം രണ്ടാവാൻ പോണു.

ത്രേസ്യാമ്മ: അതിന് ഞാൻ നിങ്ങളോട് എത്ര പ്രാവശ്യായി പറേണു, ഒന്ന് ചെന്നു നോക്ക്, ചെന്നു നോക്ക്ന്ന്.

ജോസഫേട്ടൻ: നീയെപ്പഴാ എന്നോട് പറഞ്ഞത്?

ത്രേസ്യാമ്മ: ദേ, എന്നെക്കൊണ്ട് പറേക്കല്ലെ. ഏതു നെരോം ആശുപത്രീന്ന് പറഞ്ഞ് ഇരിക്ക്യായിര്ന്നില്ലേ?

ജോസഫേട്ടൻ: നല്ല കാര്യായി. അമ്മച്ചി ആശുപത്രീല് കെടക്കുമ്പോ ഞാൻ പോണ്ടേ?

ത്രേസ്യാമ്മ: നിങ്ങ പോയിട്ടില്ല്യായിരുന്നൂന്ന്‌ണ്ടെങ്കില് അമ്മച്ചിക്ക് രണ്ടാഴ്ച മുമ്പേ ആശുപത്രീന്ന് പോരായിരുന്നു.

ജോസഫേട്ടൻ: അതും ശര്യാണ്. അമ്മച്ചി എന്നും പറയും 'ജോസെ നീ ഇവിടെ നിക്ക്വാണെങ്കില് എന്റെ പ്ലഷറ് മാറുകേല കെട്ടോ'ന്ന്. അതൊക്കെ പോട്ടെ നാളെത്തന്നെ ഒരു കത്തെഴുതി ഇടണം.

ത്രേസ്യാമ്മ: അയാള് നമ്മളെ വച്ചുപോയതായിരിക്ക്യോ?

ജോസഫേട്ടൻ: ഏയ്, അതൊന്നും ആവില്ല. വേറെ എന്തെങ്കിലും പണി കിട്ടീട്ടുണ്ടാവും.

ത്രേസ്യാമ്മ: എന്നാലും അയാക്ക് ഇത്രേടം വന്ന് പറഞ്ഞു പോകായിരുന്നില്ലേ?

ജോസഫേട്ടൻ: നമുക്ക് കത്തെഴുതി നോക്കാം.

സീൻ 22:

ജോസഫേട്ടൻ ഉമ്മറത്തിരുന്ന് എഴുതിത്തീർന്ന ഒരു കത്ത് വായിച്ചുനോക്കുകയാണ്. ത്രേസ്യാമ്മ ചായയും കൊണ്ട് വരുന്നു.

ജോസഫേട്ടൻ: നോക്ക് കൊച്ചു ത്രേസ്യേ, ഇത് ഏഴാമത്തെ കത്താണ്. ഇതിനും മറുപടിയില്ലെങ്കിൽ ഞാൻ കേസുകൊടുക്കും. ഞാൻ വായിച്ചുതരാം.

ജോസഫേട്ടൻ കത്തു വായിക്കുന്നു:

'അച്ചാരമായി തന്ന രണ്ടായിരം രൂപ മൂന്നുമാസത്തെ ഇരുപതു ശതമാനം തോതിൽ പലിശയായി വന്ന നൂറ്റമ്പതു രൂപയടക്കം റൊക്കം രണ്ടായിരത്തി ഒരുനൂറ്റമ്പതു രൂപ ഇന്നേയ്ക്ക് പത്തു ദിവസത്തിന്നുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ നിങ്ങൾക്കെതിരായി വഞ്ചനാക്കേസ് എടുക്കുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. എന്ന് വിധേയൻ ജോസഫ് കെ. വഞ്ചിക്കാടൻ.'

പി.എസ്. കേസ് കൊടുത്താൽ പോലീസുവന്ന് നിങ്ങളെ തല്ലിച്ചതച്ചാൽ അതിന് ഞാൻ ഉത്തരവാദിയല്ല എന്നുകൂടി പറഞ്ഞുകൊള്ളുന്നു.

ത്രേസ്യാമ്മ ശ്രദ്ധയോടെ കേൾക്കുന്നു. ഓരോ വാചകം കഴിയുമ്പോഴും അവർ ശരിയെന്ന മട്ടിൽ തലയാട്ടും. അവസാനം പി.എസ് വായിച്ചുകേട്ടപ്പോൾ അവർ ചോദിച്ചു.

ത്രേസ്യാമ്മ: കേസു കൊടുത്താല് പോലീസൊക്കെ വന്ന് തല്ലിച്ചതക്കുമോ?

ജോസഫേട്ടൻ: ഏയ്, ഒന്നു വെരട്ടാൻ വേണ്ടി എഴുതിയതല്ലെ.

ത്രേസ്യാമ്മ: തീർച്ചയല്ലേ?

ജോസഫേട്ടൻ: ഒന്നും പറയാൻ പറ്റില്ല. പോലീസിന്റെ കാര്യല്ലെ.

ത്രേസ്യാമ്മ: എന്നാപ്പിന്നെ കേസുകൊടുക്കണ്ട.

ജോസഫേട്ടൻ: അങ്ങിനെ വിട്ടാൽ പറ്റ്വോ. അയാൾ വല്ല ഗൾഫിലും പോയിട്ടുണ്ടെങ്കിൽ അയാളുടെ ഫാര്യയില്ലേ, ആ പെമ്പ്രന്നോർക്ക് ഒരു കാർഡ് എഴുതി ഇടായിരുന്നില്ലേ?

ത്രേസ്യാമ്മ: അതും ശരിയാണ്, എന്നാലും പോലീസ് വന്ന് തല്ലിച്ചതക്ക്യാന്നൊക്കെ പറേമ്പോ.....

സീൻ 23:

ജോസഫേട്ടൻ പുറത്തേയ്ക്കു പോകാൻ പുറപ്പെട്ടു നിൽക്കുന്നു. കയ്യിൽ കുറച്ചു കടലാസ്സുകൾ, കുട.

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ, ഞാനൊന്നു പോയേച്ചു വരാം.

ത്രേസ്യാമ്മ: (ആകെ പരിഭ്രമിച്ചിട്ടുണ്ട്) വക്കീലിന്റെ അടുത്ത് രണ്ടു ദിവസംകൂടി കാത്തിട്ട് പോയാപ്പോരെ?

ജോസഫേട്ടൻ: പോരാ. ഞാൻ 10 ദിവസത്തെ എട കൊടുത്തിട്ട് ദിവസം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. ഇനി ക്ഷമിക്കാൻ എനിക്കാവില്ല.

ത്രേസ്യാമ്മ: എന്റെ കർത്താവെ.

ജോസഫേട്ടൻ: നീ എന്തിനാണ് കർത്താവിനെ വിളിക്കണത്.

ത്രേസ്യാമ്മ: അല്ല, പോലീസൊക്കെ പോയിട്ട് അവരെ......

അകത്തേയ്ക്കു പോകുന്നു. ജോസഫേട്ടൻ പടിയിറങ്ങുകയാണ്.

സീൻ 24:

ത്രേസ്യാമ്മ കിടപ്പുമുറിയിൽ കുരിശിൽകിടക്കുന്ന യേശുവിന്റെ പടത്തിനു മുമ്പിൽ നിന്ന് പ്രാർത്ഥിക്കുകയാണ്. അവരുടെ മനസ്സിൽ വരുന്ന രംഗങ്ങളും ചിത്രങ്ങളും ഒരു കൊളാഷായി കാണിക്കണം. പോലീസ് ജീപ്പ് ഇരച്ചു വന്ന് ഒരു ചെറിയ വീട്ടിനുമുമ്പിൽ ശബ്ദത്തോടെ ബ്രേക്കിട്ടു നില്ക്കുന്നു. നാലഞ്ചു പോലീസുകാർ ചാടിയിറങ്ങുന്നു. വാതിൽ മുട്ടി വിളിക്കുന്നു. തുറക്കുന്നില്ല. അവർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഒളിച്ചിരിക്കുന്ന മെലിഞ്ഞ മനുഷ്യനെ പുറത്തേയ്ക്ക വലിച്ചിഴക്കുന്നു. ഇടിക്കുന്നു, തൂക്കി ജീപ്പിലേയ്ക്ക് എറിയുന്നു.......

ത്രേസ്യാമ്മ: (പെട്ടെന്ന് ഉറക്കെ) എന്റീശോയേ........(പിന്നെ സ്വരം താഴ്ത്തിക്കൊണ്ട്) കർത്താവേ ഞാൻ ടി.വി. കാണുന്നത് കുറച്ചു കൂടുന്നുണ്ടെന്നു തോന്നുന്നു. പോലീസുകാര് ഇങ്ങനെയൊക്കെ ഇടിക്ക്യോ? ഇനി ജോസ് വീട്ടിലില്ലെങ്കിലോ, അയാള്‌ടെ പാവം പെമ്പ്രന്നോരെ അവരെന്തെങ്കിലും ചെയ്യുമോ?

ത്രേസ്യാമ്മ ഉമ്മറത്തേയ്ക്ക് ഓടുന്നു.

സീൻ 25:

ഗെയ്റ്റിനു പുറത്ത് ജോസഫേട്ടൻ എട്ടുപത്തു വയസ്സുള്ള ഒരു മെലിഞ്ഞുണങ്ങിയ പയ്യനെ ചോദ്യം ചെയ്യുകയാണ്. ത്രേസ്യാമ്മ ഓടി വന്നപ്പോൾ ജോസഫേട്ടനെ കാണുമ്പോൾ സമാധാനമാകുന്നു.

ത്രേസ്യാമ്മ: നോക്കുന്നേയ്, ഇന്ന് പോണ്ട വക്കീലിന്റെ അടുത്തേയ്്ക്ക്.

ജോസഫേട്ടൻ: (ത്രേസ്യാമ്മ പറഞ്ഞത് ശ്രദ്ധിക്കുന്നില്ല - പയ്യനോട്) ചെക്കാ, നിന്റെ മൊഖത്ത് എന്തോ കള്ളത്തരംണ്ടല്ലോ.

ത്രേസ്യാമ്മ: (ഇടപെട്ടുകൊണ്ട് - മയത്തിൽ) എന്താടാ മോനെ നെന്റെ പേര്?

പയ്യൻ: (ഭയത്തോടെ)പീറ്റർ.

ത്രേസ്യാമ്മ: നിനക്കെന്നാ വേണം?

പീറ്റർ: (ഇപ്പോൾ കുറച്ചുകൂടി ധൈര്യം കിട്ടിയിരിക്കുന്നു) എനിക്ക് ജോസഫ് മൊതലാളീനെ കാണണം.

ജോസഫേട്ടൻ: എടാ, അത് ഞാൻ തന്ന്യാണ്. നീയെവിടുന്നാ വരണത്?

പീറ്റർ: പള്ളുരുത്തീന്ന്.

ത്രേസ്യാമ്മ: പള്ളുരുത്തീന്നോ?

പീറ്റർ: അതേ, ഞാൻ മരപ്പണിക്കാരൻ ജോസിന്റെ മോനാണ്.

ജോസഫേട്ടൻ: അപ്പനെവിടെ? രണ്ടായിരും രൂപേംകൊണ്ട് പോയതാ.

പീറ്ററിന്റെ മുഖം ഭയംകൊണ്ട് ഇരുളുന്നു. അവന്റെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി. കണ്ണിൽ ഊറിവന്ന ജലം ഷർട്ടിന്റെ കയ്യിൽ തുടച്ചുകൊണ്ട് അവൻ ട്രൌസറിന്റെ പോക്കറ്റിനു മീതെ തിരുപ്പിടിക്കാൻ തുടങ്ങുന്നു. പെട്ടെന്ന് ഭയം അവനെ കീഴ്‌പ്പെടുത്തി, അവൻ കരഞ്ഞുകൊണ്ട് പറയാൻ തുടങ്ങി.

പീറ്റർ: മൊതലാളി, അമ്മച്ചീനെ പോലീസിനെക്കൊണ്ട് പിടിപ്പിക്കല്ലേ. പണം കൊണ്ടന്നിട്ട്ണ്ട്.

ജോസഫേട്ടൻ: അമ്മച്ചീനെ പോലീസിനെക്കൊണ്ട് പിടിപ്പിക്ക്യേ? നെന്റെ അപ്പനെവിടെ?

പീറ്റർ: അപ്പൻ ചത്തൂ.

അവന്റെ കരച്ചിൽ ഉറക്കെയാവുന്നു. ഒപ്പം തന്നെ അവൻ ട്രൌസറിന്റെ പോക്കറ്റിനുമേൽ കുത്തിയ പിന്ന് അഴിക്കാൻ ശ്രമിക്കുന്നുമുണ്ട്. പരിഭ്രമം കാരണം അവനതു പറ്റുന്നില്ല. ത്രേസ്യാമ്മയ്ക്കു വിഷമമാവുന്നു. അവർ അവന്റെ അടുത്തു ചെന്ന് അവന്റെ തോളിൽ കൈയ്യിട്ടുകൊണ്ട് പറയുന്നു.

ത്രേസ്യാമ്മ: നീ കരയാതെ മോനെ. അപ്പൻ എങ്ങനാ മരിച്ചത്?

പീറ്റർ: അപ്പൻ ആശുപത്രീന്നാ മരിച്ചത്.

ത്രേസ്യാമ്മ: നീയെന്തിനാ പോക്കറ്റില് പിന്ന് കുത്തിയിരിക്കണത്?

പീറ്റർ: അത് അമ്മച്ചി കുത്തിത്തന്നതാ, പണം പോവാണ്ടിരിക്കാൻ.

ത്രേസ്യാമ്മ കുമ്പിട്ടിരുന്ന് ആ പിൻ അഴിക്കുന്നു. അവൻ പോക്കറ്റിൽ നിന്ന് ഒരു കടലാസുപൊതിയെടുത്തു ത്രേസ്യാമ്മയ്ക്കു കൊടുക്കുന്നു. അവർ അത് ഭർത്താവിന്റെ കയ്യിൽ ഏല്പ്പിക്കുന്നു.

പീറ്റർ: ആയിരം രൂപണ്ട്, ബാക്കി ആയിരും പലശേം കൊറച്ച് ദെവസത്തിനുള്ളില് തരാന്ന് പറഞ്ഞു അമ്മച്ചി. കേസ് കൊടുക്കല്ലേ മൊതലാളി.

ജോസഫേട്ടൻ പൊതി തുറന്നു നോക്കുന്നു. നൂറിന്റെ പത്തു നോട്ടുകൾ.

ജോസഫേട്ടൻ: എങ്ങനാ ഇത്രേം രൂപണ്ടാക്കീത്?

പീറ്റർ: അമ്മച്ചീടെ താലിചെയിൻ ബാങ്കില് കൊടുത്തിട്ട് കിട്ടീതാ.

ത്രേസ്യാമ്മ സ്തബ്ധയായി നിൽക്കുകയാണ്. അവരുടെ മനസ്സിലൂടെ വരുന്ന ചിത്രം - ഒരു മെലിഞ്ഞുണങ്ങിയ സ്ത്രീ മകന്റെ പോക്കറ്റിൽ പണത്തിന്റെ പൊതി ഇട്ട്, അതു നഷ്ടപ്പെടാതിരിക്കാൻ പിൻ കുത്തിക്കൊടുക്കു ന്നു. മകനെ ദൂരയാത്രക്കായി പറഞ്ഞയക്കുന്നു - മറ്റുള്ളവരുടെ കാരുണ്യത്തിന്നായി.

ജോസഫേട്ടൻ: നീ എങ്ങിനെയാണ് വന്നത്?

പീറ്റർ: ഞാന്നടന്നിട്ടാ വന്നത്?

ജോസഫേട്ടൻ: (സ്വയം പറയുന്നു) എട്ടു കിലോമീറ്റർ ദൂരം നീ നടന്നു വന്നൂ?

പീറ്റർ: അതെ മൊതലാളി.

സീൻ 26:

അകത്ത് ഊൺ മേശമേൽ ഇരുത്തി ത്രേസ്യാമ്മ പീറ്ററിന് ഭക്ഷണം കൊടുക്കുന്നു. ത്രേസ്യാമ്മ ഓരോന്നും നിർബ്ബന്ധിച്ച് തീറ്റുകയാണ്. ഭക്ഷണം കഴിഞ്ഞപ്പോൾ അവർ അവൻ കൊണ്ടുവന്ന പണം വീണ്ടും പൊതിഞ്ഞ് പോക്കറ്റിലിട്ട് പിന്നു കുത്തിക്കൊടുക്കുന്നു. പിന്നെ ഷർട്ടിന്റെ പോക്കറ്റിൽ അമ്പതുരൂപയും ബസ്സുകൂലിക്കുള്ള ചില്ലറയും ഇടുന്നു.

ത്രേസ്യാമ്മ: മോനെ നീ സൂക്ഷിച്ചു പോണം കെട്ടോ. അമ്മച്ചീനോട് പറേ, മൊതലാളി കേസും കൂട്ടോം ഒന്നും ചെയ്യില്ലാന്ന്. ഇത്ര കഷ്ടായിരുന്നു സ്ഥിതിന്ന് അറിഞ്ഞിരുന്നെങ്കിൽ.......

സീൻ 27:

പടിക്കൽ നിന്ന് പീറ്ററിനെ യാത്രയാക്കുന്ന ത്രേസ്യാമ്മ. ഒപ്പം പാറുകുട്ടിയുമുണ്ട്.

പാറുകുട്ടി: പാവം, അല്ലേ അമ്മച്ചീ.

ത്രേസ്യാമ്മ ഒന്നും പറയുന്നില്ല. അവരുടെ മനസ്സ് വിങ്ങി പ്പൊട്ടുകയാണെന്ന് മുഖം വ്യക്തമാക്കുന്നുണ്ട്. അവർ നേരിട്ട് അകത്തേയ്ക്കു പോകുന്നു.

സീൻ 28:

കിടപ്പറയിൽ കർത്താവിന്റെ പടത്തിനു മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന ത്രേസ്യാമ്മ. അവരുടെ കണ്ണിൽനിന്ന് ധാരയായി കണ്ണീർ ഒഴുകുന്നു.

ത്രേസ്യാമ്മ: തലനാരിഴകൊണ്ട് അവിടുന്ന് രക്ഷിച്ചു. ജോസഫേട്ടൻ പോയതിനുശേഷാണ് പീറ്ററ് വന്നതെങ്കിലോ? ഒരു വലിയ മഹാപാപത്തിൽനിന്ന് നീ എന്നേം എന്റെ കുടുംബത്തേം രക്ഷിച്ചു. കർത്താവേ, ആ കൊച്ചു കുട്ടിയെ എങ്ങിനെയെങ്കിലും രക്ഷിക്കു.

കണ്ണീർ ഒഴുകുന്നു. തല കുമ്പിട്ടുകൊണ്ടിരിക്കുകതന്നെയാണ്. പെട്ടെന്ന് ഒരു സ്പർശം അനുഭവപ്പെട്ടപ്പോൾ തിരിഞ്ഞു നോക്കുന്നു. ശൈലജയുടെ മോൾ മുട്ടുകുത്തി അവരെ അന്വേഷിച്ചു വന്നതാണ്.

ത്രേസ്യാമ്മ: (കണ്ണീർ തുടച്ചുകൊണ്ട്) അമ്മച്ചീടെ മോള് വന്നല്ലോ.

അവർ അവളെ വാരിയെടുക്കുന്നു.

End of Part II

End of Episode 6

ഈ തിരക്കഥയെക്കുറിച്ച്


1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com