|| Scripts

ഒരു കുടുംബപുരാണം

ഇ ഹരികുമാര്‍

പീഡാനുഭവം

ഈ എപ്പിസോഡിലേയ്ക്കു വേണ്ട കഥാപാത്രങ്ങൾ

ജോസഫേട്ടൻ
ത്രേസ്യാമ്മ
പാറുകുട്ടി
മുന്തിരിക്കാരൻ നാസർ
പെട്ടിക്കടക്കാരൻ നാരായണൻ
നഴ്‌സറിയിലെ കുട്ടികൾ
നളിനി
ഭവാനി
കല്യാണിയമ്മ
ഭവാനിയുടെ 2-3 വയസ്സുള്ള മകൾ
ജലജ
ജലജയുടെ 8 വയസ്സുള്ള മകൻ നീലൻ

Part I

ടൈറ്റിൽ സീൻ:

രാവിലെ പത്തു മണി. കോളനിയിലേയ്ക്ക് ഒരു വണ്ടി ഉന്തിക്കൊണ്ട് വരുന്ന ചെറുപ്പക്കാരന്റെ ഷോട്ട്. അടുത്തുവരുന്തോറും വണ്ടിയുടെ വിശദാംശങ്ങൾ കാണപ്പെടുന്നു. പച്ചച്ചായം തേച്ചതിനു മേലെ മുന്തിരിക്കുലകളുടെ ചിത്രം, ചുറ്റും മുന്തിരിവള്ളി പടർന്നപോലെ വരച്ചിരിക്കുന്നു. നാലു സൈക്കിൾ ചക്രത്തിന്മേലാണ് വണ്ടി. വണ്ടിയിൽ നിറയെ പച്ച മുന്തിരിക്കുലകൾ ഭംഗിയിൽ ഒതുക്കി വച്ചിരിക്കുന്നു. കാമറ ഉയരുമ്പോൾ കാണുന്നത് ചെറുപ്പക്കാരനായ ഉന്തുവണ്ടിക്കാരന്റെ പ്രസന്നമായ മുഖമാണ്. പാന്റ്‌സും ഷർട്ടും വേഷം. തലയിൽ ഒരു കള്ളി ടൗവ്വൽകൊണ്ട് കെട്ടിയിട്ടുണ്ട്. ഇടക്കിടക്ക് അയാൾ ഒരു ചരടു വലിക്കുമ്പോൾ മധുരമായ മണിനാദം കേൾക്കുന്നു. മണിനാദം കേട്ട് വാതിൽ തുറന്ന് പുറത്തേയ്ക്കു നോക്കുന്ന കോളനിവാസികളുടെ മുഖം.

മുന്തിരിക്കാരൻ: മുന്തിരി, നല്ല മധുരംള്ള മുന്തിരി, കുരുവില്ലാത്ത മുന്തിരി.

സീൻ 1:

ഒരു സ്ര്തീ മുന്തിരി വാങ്ങുന്നത് കാണിക്കുന്നു.

സീൻ 2:

ത്രേസ്യാമ്മയുടെ അടുക്കള. ത്രേസ്യാമ്മയും പാറുകുട്ടിയും ഉച്ചഭക്ഷണമുണ്ടാക്കുന്ന തിരക്കിലാണ്. പാറുകുട്ടി പെട്ടെന്ന് ചെവിയോർക്കുന്നു. നേരിയ മണികളുടെ ശബ്ദം.

പാറുകുട്ടി: അമ്മച്ചി കേട്ടാ, ഒരു മണിശബ്ദം?

ത്രേസ്യാമ്മ: (ശ്രദ്ധിച്ചുകൊണ്ട്) ആരെങ്കിലും വല്ല കന്നു കാലികളേം കോളനീല്ക്ക് കേറ്റിവിട്ടിട്ടുണ്ടാവും. എടീ നമ്മടെ ഗെയ്റ്റ് അടച്ചിട്ട് തന്ന്യല്ലെ?

പാറുകുട്ടി: അതെ അമ്മച്ചി. ജോസഫേട്ടൻ പോയപ്പോ ഞാൻ ഗെയ്റ്റ് അടച്ച് പൂട്ടി. അല്ലെങ്കീ പിള്ളാര് പൊറത്തേയ്‌ക്കോടും.

ത്രേസ്യാമ്മ: ഞാൻ പിള്ളാരെയൊന്ന് നോക്കീട്ട് വരാം. മോള് ഒണരണ്ട നേരായി. അവൾക്ക് പാല് കൂട്ടിവെച്ചോ. ഒരഞ്ചു മിനിറ്റ് കഴിഞ്ഞാൽ നീ ഈ ഗാസ് ഓഫാക്കിക്കോ. മീൻ കൂടുതൽ വെന്താൽ ജോസഫേട്ടന് ഇഷ്ടല്ല.

പാറുകുട്ടി: ശരി അമ്മച്ചീ.

ത്രേസ്യാമ്മ മേശപ്പുറത്തുനിന്ന് ഒരു തോർത്തെടുത്ത് കൈതുടച്ച് അടുക്കളയിൽ നിന്ന് പോകുന്നു.

സീൻ 3:

ഉമ്മറം. അകത്തുനിന്ന് ഉമ്മറത്തേയ്ക്കു കടക്കുന്ന ത്രേസ്യാമ്മ, പെട്ടെന്ന് എന്തോ കണ്ടപോലെ ഗെയ്റ്റിലേയ്ക്കു നോക്കി നിൽക്കുന്നു. ഗെയ്റ്റിനു പുറത്ത് മുന്തിരിക്കാരൻ വണ്ടിയിൽനിന്ന് ഒരു കുലയെടുത്ത് മുന്തിരി നന്നായി തുടച്ച് ഗെയ്റ്റിനുള്ളിൽ കാത്തുനിൽക്കുന്ന കുട്ടികൾക്ക് ഓരോ മുന്തിരി സാമ്പിളായി കൊടുക്കുകയാണ്. കൊച്ചുകൈകൾ നീട്ടി നിൽക്കുന്ന കുട്ടികൾ. ത്രേസ്യാമ്മ മുറ്റത്തേയ്ക്കിറങ്ങുന്നു.

സീൻ 4:

കുട്ടികൾ തിരിഞ്ഞ് ത്രേസ്യാമ്മയോട് പറയുന്നു.

കുട്ടികൾ: (ഒന്നിച്ച് കോറസ്സായി) മുന്തിരിങ്ങ വേണം.

ത്രേസ്യാമ്മ: (ഗെയ്റ്റിനടുത്തേയ്ക്കു നടന്നുകൊണ്ട്) എന്താടോ മുന്തിരി വെല?

മുന്തിരിക്കാരൻ: നല്ല മുന്തിരിയാ ചേച്ചീ, ഒരു രണ്ടു കിലോ എടുക്കട്ടെ.

മുന്തിരിക്കാരൻ മറുപടിക്കു കാക്കാതെ തുലാസ്സിൽ രണ്ടു കിലോയുടെ കട്ടി വെച്ച് മറ്റെ തട്ടിലേയ്ക്ക് മുന്തിരിക്കുലകൾ നിറക്കുകയാണ്.

ത്രേസ്യാമ്മ: എന്താ വെലാന്ന് പറ ആദ്യം.

മുന്തിരിക്കാരൻ: വെല്യൊന്നും നോക്കണ്ട ചേച്ചീ. രണ്ടു കിലോ മത്യോ?

ത്രേസ്യാമ്മ: പുളിണ്ടോ?

മുന്തിരിക്കാരൻ: (പുളി ഇല്ല എന്നത് തന്റെ ഉൽപ്പന്നത്തിന്റെ ചീത്ത വശം പറയുകയാണെന്ന മട്ടിൽ) പുളില്ല്യ ചേച്ചീ. പുളിള്ളത് വേണങ്കീ നാളെ കൊണ്ടരാം.

ത്രേസ്യാമ്മ: തമാശക്കാരൻ! ആട്ടെ വെല പറ.

മുന്തിരിക്കാരൻ: വെല കൊറവാ ചേച്ചീ. 400 ഗ്രാമിന് പത്തുറുപ്പിക.

ത്രേസ്യാമ്മ കുറച്ച് ആശയക്കുഴപ്പത്തിലാണ്. കിലോവിന്റെ വിലയാണ് അറിയേണ്ടിയിരുന്നത്. അതു ഗണിച്ചുണ്ടാക്കാനും പറ്റുന്നില്ല.

ത്രേസ്യാമ്മ: (സ്വയം പറയുന്നു) അപ്പോ കിലോവിന് എന്താവും? ആ. (ഉറക്കെ) മാർക്കറ്റിലൊക്കെ വെല വളരെ കൊറവാണ്.

മുന്തിരിക്കാരൻ: കുരുള്ള മുന്തിരിക്ക് മാർക്കറ്റില് വെല 25 ഉറുപ്പികയാ. ഞാൻ കുരു ഇല്ലാത്ത മുന്തിരിയാണ് 25ന് തരണത്.

ത്രേസ്യാമ്മ: 20 രൂപയാണെങ്കീ ഒരു കിലോ എടുത്തോ.

മുന്തിരിക്കാരൻ: ഒരു കിലോ കൊണ്ട് എന്താവാനാണ്. ചേച്ചീടെ പേരക്കുട്ടികൾക്ക് അതൊക്കെ മതിയാവ്വോ?

ത്രേസ്യാമ്മ: എന്റെ പേരക്കുട്ടികളോ?

മുന്തിരിക്കാരൻ: അതേ, ഒരു രണ്ടു കിലോ വാങ്ങിക്കൊടുക്ക്.

ത്രേസ്യാമ്മ: ഇയ്യാക്ക് എന്തിന്റെ കേടാ, ഇതൊന്നും എന്റെ പേരക്കുട്ടികളല്ല.

മുന്തിരിക്കാരൻ: പിന്നെ?

ത്രേസ്യാമ്മ: തനിക്ക് വായിക്കാനറിയ്യോ. ആ ബോർഡൊന്ന് നോക്ക്.

മുന്തിരിക്കാരൻ മുകളിൽ തൂങ്ങിക്കിടക്കുന്ന ബോർഡ് നോക്കുന്നു.

മുന്തിരിക്കാരൻ: ഓ പ്ലേസ്‌കൂളാണല്ലെ? അപ്പൊ അകത്തും കാണൂലോ കൊറേ എണ്ണം. ഒരു നാലു കിലോ വാങ്ങ് ചേച്ചീ.

ത്രേസ്യാമ്മ: എന്താ തന്റെ പേര്?

മുന്തിരിക്കാരൻ: നാസർന്നാ ചേച്ചീ.

ത്രേസ്യാമ്മ: കാക്കയാണല്ലേ?

സജി: (സംസാരം ശ്രദ്ധിച്ചുകൊണ്ട്). ഈയ്യാക്ക് പറക്കാൻ പറ്റ്വോ ആന്റീ?

നാസർ: പിന്നേ? ഞാൻ ചാവക്കാട്ട്ന്ന് രാവിലെ പറന്നിട്ടല്ലേ വന്നത്. ചേച്ചീ രണ്ടു കിലോ എടുക്കട്ടേ?

ത്രേസ്യാമ്മ: തൽക്കാലം താൻ ഒരു കിലോ എടുക്ക്. 20 രൂപേലും ഒരു പൈസ കൂടുതൽ തരുകേല പറഞ്ഞേക്കാം.

മുന്തിരിക്കാരൻ രണ്ടു കിലോ കട്ടി മാറ്റി ഒരു കിലോ കട്ടി വെയ്ക്കുന്നു. തുലാസ് ഉയർത്തി കാണിക്കുന്നു. മുന്തിരിയിട്ട തട്ട് നല്ലവണ്ണം താണിരിക്കുന്നു. ത്രേസ്യാമ്മയ്ക്ക് തൃപ്തിയാവുന്നു. മുന്തിരിക്കാരൻ മുന്തിരി കടലാസ്സിൽ പൊതിഞ്ഞ് കൊടുക്കുന്നു.

ത്രേസ്യാമ്മ പൊതി ഉമ്മറത്ത് വച്ച് അകത്തു പോകുന്നു. പാറുകുട്ടി ഉമ്മറത്തേയ്ക്കു വരുന്നു.

സീൻ 4:

കുട്ടികൾ പൊതി തുറക്കാൻ ധൃതി പിടിക്കുന്നു. പാറുകുട്ടി അവരെ വിലക്കുന്നു. ത്രേസ്യാമ്മ പത്തിന്റെ രണ്ടു നോട്ടുകളുമായി പടിക്കൽ പോയി മുന്തിരിക്കാരനെ ഒഴിവാക്കുന്നു.

മുന്തിരിക്കാരൻ: ഇനി നാളെ കാണാം ചേച്ചീ.

മുന്തിരിക്കാരന്റെ മണിയടി കേൾക്കുന്നു.

മുന്തിരിക്കാരൻ: (വിളിച്ചു പറയുന്നു) മുന്തിരി, നല്ല കുരുവില്ലാത്ത മുന്തിരി.

ത്രേസ്യാമ്മ ഉമ്മറത്തേയ്ക്കു നടക്കുന്നു. പാറുകുട്ടി പൊതി അഴിക്കുകയാണ്.

ത്രേസ്യാമ്മ: പാറുകുട്ടീ, നല്ല തൂക്കം തരുന്നുണ്ട് ന്ന് തോന്നുണു.

പാറുകുട്ടി: അത്യോ അമ്മച്ചീ.

ത്രേസ്യാമ്മ: നിക്ക് പെണ്ണേ, നീ പോയി ആ ബാലൻസില്ലേ, ജോമോൻ കഴിഞ്ഞ തവണ കൊണ്ടന്നത്? അതെടുത്ത് കൊണ്ടുവാ. എത്ര തുക്കംണ്ട്ന്ന് നോക്കാലോ.

പാറുകുട്ടി പൊതി തിണ്ണമേൽ വെച്ച് അകത്തേയ്ക്കു പോകുന്നു.

ത്രേസ്യാമ്മ: (ധൃതി പിടിക്കുന്ന കുട്ടികളോട്) നിൽക്കിൻ പിള്ളാരെ.

പാറുകുട്ടി ഒരു ഡയൽടൈപ്പ് ബാലൻസുമായി വരുന്നു. അത് തിണ്ണമേൽ വച്ച് പൊതി മീതെ വയ്ക്കുന്നു. ഡയലിന്റെ ക്ലോസപ്പിൽ കാണുന്നത് സൂചി 900 ഗ്രാമിനു നേരെ നിൽക്കുന്നതാണ്. ത്രേസ്യാമ്മയുടെ കണ്ണുകളിൽ അദ്ഭുതം, ദേഷ്യം.

ത്രേസ്യാമ്മ: എന്റെ കർത്താവേ, ആ മുന്തിരിക്കാരൻ എനിക്കിട്ടു വെച്ചതാ.

പാറുകുട്ടി: എന്താ അമ്മച്ചീ...?

ത്രേസ്യാമ്മ: ദേണ്ടെ, പെണ്ണെ നോക്ക്. ഇത് ഒരു കിലൊ ഒന്നുംല്ല്യ.

ത്രേസ്യാമ്മ ധൃതിപിടിച്ച് ഗെയ്റ്റിലേയ്‌ക്കോടുന്നു. പാറുകുട്ടി ഡയലിൽ നോക്കുന്നു. ഡയൽ സത്യസന്ധമായി 900 ഗ്രാമെന്നു കാണിക്കുന്നു. പാറുകുട്ടിയും തലയിൽ കൈവെക്കുന്നു.

പാറുകുട്ടി: എന്റീശ്വരമ്മാരേ.

സീൻ 5:

ത്രേസ്യാമ്മ ഗെയ്റ്റിനു പുറത്ത് നിരത്തിൽ ഇറങ്ങി നോക്കുന്നു. വണ്ടിയുന്തി നടന്നുനീങ്ങുന്ന മുന്തിരിക്കാരന്റെ പിന്നിൽനിന്നുള്ള ഷോട്ട്.

ത്രേസ്യാമ്മ: ശ്, ശ്, ശ്.

മുന്തിരിക്കാരൻ തിരിഞ്ഞു നോക്കുന്നു.

ത്രേസ്യാമ്മ: ഒന്ന് ഇത്രേടം വാ.

മുന്തിരിക്കാരൻ: എന്താ ചേച്ചീ.

ത്രേസ്യാമ്മ: താനൊന്ന് ഇത്രേടം വന്നുപോ.

സംശയിക്കാത്ത മുന്തിരിക്കാരൻ വണ്ടിയുന്തി തിരിച്ചു വരുന്നു.

സീൻ 5എ:

ഗെയ്റ്റു കടന്നു വരുന്ന നാസർ. ത്രേസ്യാമ്മ തിണ്ണയുടെ അടുത്ത് നിൽക്കുകയാണ്.

ത്രേസ്യാമ്മ: താനിതു വന്നു നോക്ക്.

നാസർക്ക് കാര്യം പിടികിട്ടുന്നു. അയാൾ പക്ഷേ അതു വിദഗ്്വമായി മറച്ചുവെക്കുന്നു.

നാസർ: എന്താണ് ചേച്ചീ?

ത്രേസ്യാമ്മ: താനെനിക്ക് ഒരു കിലോ എന്നു പറഞ്ഞ് തന്നത് 900 ഗ്രാമാണ്. നോക്ക്?

നാസർ അടുത്തു വന്ന് ഒരു വിദഗ്ദനെപ്പോലെ തുലാസ് പരിശോധിക്കുന്നു. പെട്ടെന്ന് കാര്യം മനസ്സിലായ പോലെ തലയാട്ടുന്നു.

നാസർ: ചേച്ചീ ഇത് ഫോറിനാണല്ലേ?

ത്രേസ്യാമ്മ: അതേ...?

നാസർ: (തലയാട്ടിക്കൊണ്ട്) അതാണ് കാര്യം ചേച്ചീ. ഫോറിൻ ത്‌ലാസും നാടൻ ത്‌ലാസുമായി 100 ഗ്രാമിന്റെ വ്യത്യാസംണ്ട്. ഇതാ ഇതില് എഴുതീട്ട്ണ്ട്.

നാസർ ഡയലിന്റെ അടിഭാഗത്തായി ചൂണ്ടിക്കാട്ടുന്നു. ത്രേസ്യാമ്മ അടുത്തു വന്നു നോക്കുന്നു. വിശ്വാസമായ പോലെ നാസറെ നോക്കുന്നു.

നാസർ: അതേ ചേച്ചീ, അത് അവിട്ത്തീം ഇവിട്ത്തീം കാലാവസ്ഥടെ മാറ്റം കാരണാ. അവിട്യോക്കെ നല്ല തണുപ്പല്ലേ?

ത്രേസ്യാമ്മ: തണുപ്പോ? ഗൾഫിലോ?

നാസർ: അതേ ചേച്ചീ, അവിടൊക്കെ അങ്ങനാ. പകല് നല്ല ചൂട്, രാത്രി നല്ല തണുപ്പ്.

ത്രേസ്യാമ്മ: അതേല്ലേ?

നാസർ: അതേ ചേച്ചീ, ഞാൻ പോട്ടെ.

നാസർ പോകുന്നു.

ത്രേസ്യാമ്മ: (പാറുകുട്ടിയോട്) അവനോട് കയർത്തത് മോശായി അല്ലേ?

പാറുകുട്ടി: സാരല്ല്യ അമ്മച്ചീ. ഞാനിതൊന്ന് കഴുകി കൊണ്ടരട്ടെ? പിള്ളാര് സമ്മതിക്ക്ണില്ല്യ.

സീൻ 6:

രാത്രി. ത്രേസ്യാമ്മയുടെ കിടപ്പറ. ജോസഫേട്ടൻ പുറം തിരിഞ്ഞ് കിടന്നുറങ്ങുന്നു. ത്രേസ്യാമ്മ പ്രാർത്ഥനയിലാണ്. കിടക്കയിൽ മുട്ടുകുത്തിനിന്നാണ് പ്രാർത്ഥന. നേരെയുള്ള ചുമരിൽ യേശുവിന്റെ ചിത്രത്തിനു മുമ്പിൽ കത്തിച്ചുവച്ച മെഴുകുതിരി കെടാറായിരിക്കുന്നു. യേശുവിനെ നോക്കിയാണ് പ്രാർത്ഥന.

ത്രേസ്യാമ്മ: കർത്താവേ, അപ്പച്ചൻ എന്നെ മലയാളം മീഡിയം സ്‌കൂളിൽ പഠിപ്പിക്കുന്നതിനു പകരം ഇംഗ്ലീഷു മീഡിയത്തിൽ പഠിപ്പിച്ചിരുന്നെങ്കിൽ എനിക്കിന്ന് ഈ പോഴത്തം പറ്റില്ലായിരുന്നു. ഒരു കാര്യവുമില്ലാതെ ഞാൻ ആ സാധു മനുഷ്യനെ തെറ്റിദ്ധരിച്ചു......

ജോസഫേട്ടൻ ഇതിനകം തിരിഞ്ഞു കിടന്നുകൊണ്ട് ഭാര്യയുടെ അസാധാരണമായ പ്രാർത്ഥന ശ്രദ്ധിക്കുകയാണ്.

ജോസഫേട്ടൻ: എന്തു പറ്റീ കൊച്ചു ത്രേസ്യേ?

ത്രേസ്യാമ്മ: ഒന്നുമില്ല കർത്താവേ, ആ മുന്തിരിക്കാരൻ....

പെട്ടെന്ന് ത്രേസ്യാമ്മ കടക്കൺകോണിലൂടെ നോക്കുമ്പോൾ ജോസഫേട്ടൻ ഉണർന്നു കിടക്കുന്നു. ജോസഫേട്ടനാണ് എന്തു പറ്റീ എന്നു ചോദിച്ചതെന്നു മനസ്സിലായപ്പോൾ അവർ വേഗം കുരിശു വരച്ച് കിടക്കുന്നു.

ജോസഫേട്ടൻ: എന്തു പറ്റീ കൊച്ചു ത്രേസ്യേ?

ജോസഫേട്ടൻ വിടില്ലെന്നു മനസ്സിലായപ്പോൾ ത്രേസ്യാമ്മ എഴുന്നേറ്റിരിക്കുന്നു.

ത്രേസ്യാമ്മ: ഞാനിന്നേയ് ഒരു മുന്തിരിക്കാരനുമായി വഴക്കിട്ടു.

ജോസഫേട്ടൻ: മുന്തിരിക്കാരൻ ഞാനായിരുന്നു എന്ന് കരുതിയോ?

ത്രേസ്യാമ്മ: അല്ലാന്നേയ്. അയാള് മുന്തിരിങ്ങ തൂക്കിത്തന്നത് ജോമോൻ കൊണ്ടന്ന ബാലൻസില് നോക്ക്യപ്പോ 900 ഗ്രാം മാത്രം. ഞാൻ വഴക്കു പറഞ്ഞു. അപ്പോഴാണ് അയാള് പറഞ്ഞു തന്നത് അത് ഫോറിൻ സാധനായതൊണ്ടാന്ന്.

ജോസഫേട്ടൻ: ഫോറിൻ സാധനായാൽ എങ്ങനാ കൊച്ചുത്രേസ്യേ തൂക്കം കൊറച്ചു കാണിക്കണത്?

ത്രേസ്യാമ്മ: അത് ശരിയാ. അയാള് എനിക്ക് കാണിച്ചുതന്നു.

ജോസഫേട്ടൻ: എന്ത്?

ത്രേസ്യാമ്മ: അതിന്റെ ഡയലിമ്മല് എഴുതീത്. അതില് 100 ഗ്രാം എന്നെഴുതി ഇംഗ്ലീഷിലെന്തൊക്കെയൊ എഴുതീട്ട്ണ്ട്. അത് ഇതാണത്രെ. അവിട്യൊക്കെ നല്ല തണുപ്പല്ലേ, അതോണ്ടത്രെ വ്യത്യാസം.

ജോസഫേട്ടൻ ചിരിക്കാൻ തുടങ്ങുന്നു. ത്രേസ്യാമ്മയ്ക്ക് അതിഷ്ടപ്പെടുന്നില്ല. അവർ ദേഷ്യത്തോടെ പറയുന്നു.

ത്രേസ്യാമ്മ: എന്താ ചിരിക്കണത്?

ജോസഫേട്ടൻ: എന്റെ കൊച്ചുത്രേസ്യേ, ആ ചാവക്കാട്ടുകാരൻ നിനക്കിട്ട് പാര വെച്ചതാ.

ത്രേസ്യാമ്മ: അത്യോ?

ജോസഫേട്ടൻ: അല്ലാതെ? നൂറു ഗ്രാം എന്നെഴുതിയത് ഡയലീമ്മലത്തെ ഓരോ വരയെത്രയാന്നാ. എന്നുവച്ചാ ഒരു കിലോവിൽ പത്തു വരയുണ്ടാവും. ഓരോ വര കൂടുമ്പോഴും നൂറു ഗ്രാം കൂടും എന്നർഥം.

ത്രേസ്യാമ്മ: എന്റെ കർത്താവേ, ആ ചാവക്കാട്ടുകാരൻ നാളെയിങ്ങട്ടു വരട്ടെ!

ജോസഫേട്ടൻ ചിരിച്ചുകൊണ്ട് കിടക്കുന്നു. ത്രേസ്യാമ്മ കർത്താവിന്റെ ചുവരിലുള്ള ചിത്രം ഒരിക്കൽക്കൂടി നോക്കി ഖിന്നയായി കുരിശുവരച്ചു കിടന്ന് തലക്കൽഭാഗത്തുള്ള വിളക്കണക്കുന്നു.

End Of Part I

Part II

സീൻ 7:

രാവിലെ 7 മണി സമയം. കോളനിയുടെ പ്രധാന നിരത്തിലൂടെ ജോസഫേട്ടൻ രാവിലത്തെ നടത്തം കഴിഞ്ഞ് തിരിച്ചു വരവാണ്. പെട്ടെന്ന് ഒരു തിരിവിൽ കാണുന്നത് ത്രേസ്യാമ്മ നളിനിയുമായി സംസാരിച്ചു നിൽക്കുന്നതാണ്. ജോസഫേട്ടൻ നടത്തം പതുക്കെയാക്കി ഭാര്യയുടെ സംസാരം ശ്രദ്ധിക്കുന്നു. ത്രേസ്യാമ്മ ഭർത്താവ് പിന്നിൽ വന്നുനിന്നത് കാണുന്നില്ല.

ത്രേസ്യാമ്മ: അതെ എന്റെ കൊച്ചെ 200 ഗ്രാം കൊറവ്. ശരിക്കും 800 ഗ്രാമാണ് കാണിച്ചത്. ഇനി അവന്റെ അടുത്ത്ന്ന് മുന്തിരി വാങ്ങരുത്.

നളിനി: അല്ലാതെ ആന്റി, നമ്മക്കിട്ട് പാര വെയ്ക്കണതല്ലെ. നമ്മളെന്താ വിഡ്ഢികളാണോ? ഞാനിന്നലെ കാൽകിലോ വാങ്ങിയതാ അവന്റെ അടുത്ത്ന്ന്. ഇനി വാങ്ങില്ല.

ത്രേസ്യാമ്മ: ഞാനീ വിവരം കോളനീല് എല്ലാരോടും പറയട്ടെ. ആരും അവന്റെ അടുത്ത്ന്ന് മുന്തിരി വാങ്ങര്ത്.

നളിനി: ശരി ആന്റി, ഞാമ്പോട്ടെ, കെട്ടിയോൻ ചായേം കാത്ത് ഇരിപ്പൊണ്ട്.

നളിനി അവളുടെ ഗെയ്റ്റിനുള്ളിലേയ്ക്ക് പോകുന്നു. ത്രേസ്യാമ്മ തിരിഞ്ഞു നടക്കുന്നു. പെട്ടെന്ന് ജോസഫേട്ടനെ കാണുന്നു. മുഖത്ത് ഒരു ചമ്മൽ.

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ മുന്തിരിക്കാരൻ എത്ര കൊറച്ചൂന്നാ പറഞ്ഞത്?

ത്രേസ്യാമ്മ: ഇരുന്നൂറ് ഗ്രാം.

ജോസഫേട്ടൻ: അയാള് 100 ഗ്രാമല്ലെ കൊറച്ചുള്ളൂ. നെന്റെ വക ഒരുനൂറുംകൂടി കൊറച്ചു അല്ലെ?

ത്രേസ്യാമ്മ: അയാക്ക് 100 ഗ്രാം കൊറക്കാംന്ന് വെച്ചാൽ എന്റെ വക നൂറുംകൂടി കൊറച്ചുകൂടെ? അതല്ലാ കാര്യം 200 ഗ്രാം തൂക്കം കൊറച്ചൂന്ന് പറഞ്ഞാലേ കോളനീല്‌ത്തെ പിള്ളാർക്ക് ചൂടുണ്ടാവൂ.

ജോസഫേട്ടൻ: (ചിരിച്ചുകൊണ്ട്) നടക്കട്ടെ, നടക്കട്ടെ. നിന്റെ കുരിശുയുദ്ധം. (നടന്നു നീങ്ങുന്നു)

ത്രേസ്യാമ്മ: നോക്കു ഞാനിപ്പ വരാം. കോളനീല് ഒന്ന് രണ്ടു് സ്ഥലത്തൂടെ പറഞ്ഞിട്ട് വരാം.

ജോസഫേട്ടൻ നടക്കുന്നു. അടുത്ത വീട്ടിലേയ്ക്ക് കുതിക്കുന്ന ത്രേസ്യാമ്മ.

സീൻ 8:

ടൈറ്റിൽ സീനിൽ കാണിച്ച രംഗം തന്നെ നാസർ വണ്ടിയുന്തി കോളനിയിൽ നടക്കുന്നു. മണിനാദത്തിനൊപ്പം അയാളുടെ ശബ്ദവും. 'മുന്തിരി വേണോ, കുരുവില്ലാത്ത പച്ചമുന്തിരി....' ഓരോ പടിക്കലും നാസർ വണ്ടി നിർത്തി ഇതാവർത്തിക്കുന്നു. അടഞ്ഞുകിടക്കുന്ന വാതിലുകളുടെ ഷോട്ട്. ഒഴിഞ്ഞ നിരത്തുകൾ. ആ കോളനി ജനവാസമില്ലാതെ ഉപേക്ഷിക്കപ്പെട്ട തോന്നൽ ഉണ്ടാക്കണം. നാസർ കോളനി ഒരു വട്ടം ചുറ്റി വീണ്ടും പ്രധാന നിരത്തിന്റെ വശത്തുള്ള പെട്ടിക്കടയുടെ അടുത്ത് വണ്ടി നിർത്തി, പെട്ടിക്കടയിലേയ്ക്കു നടക്കുന്നു.

സീൻ 8എ:

പെട്ടിക്കടയുടെ മുമ്പിൽ നാസർ. കടക്കാരൻ നാരായണൻ കടക്കുള്ളിൽ ഒരു നാരങ്ങ സോഡ തയ്യാറാക്കുകയാണ്. നാസറുടെ മുഖത്തെ നിരാശയും അമ്പരപ്പും അയാൾ ശ്രദ്ധിക്കുന്നുണ്ട്. സോഡാഗ്ലാസ് നാസർക്കു നീട്ടുന്നു.

നാരായണൻ: എന്താ മാഷെ ഒന്നും ചെലവായില്ലേ?

നാസർ ഇല്ലെന്നു കാണിക്കുന്നു.

നാരായണൻ: ഇവിടെ ഇതൊന്നും പോവില്ല മാഷെ. വല്ല ചക്കയൊ മാങ്ങയൊ ഒക്കെയാണെങ്കി ചെലവാവും. മുന്തിരിയൊന്നും ഇവിടെ ആർക്കും ദഹിക്കൂല.

നാസറിന് അതത്ര തൃപ്തികരമായി തോന്നിയില്ല. അയാൾ വെറുതെ തലയാട്ടുക മാത്രം ചെയ്യുന്നു. അയാൾ വീണ്ടും വണ്ടി ഉന്തിക്കൊണ്ട് കോളനി ചുറ്റുന്നു.

സീൻ 8എ:

നാസർ വണ്ടിയുമായി നിരത്തിൽ. ഒരു തിരിവിൽ വച്ച് നടന്നു വരികയായിരുന്ന ത്രേസ്യാമ്മയുമായി നേരിട്ട് കൂട്ടിമുട്ടുന്നു. രണ്ടു പ്രതിയോഗികൾ അന്യോന്യം നോക്കിനിൽക്കുന്നു. നാസർ പെട്ടെന്ന് മുഖഭാവം മാറ്റി പ്രസന്നത കൈവരിക്കുന്നു.

നാസർ: എന്താ ചേച്ചീ, മുന്തിരിങ്ങ വേണ്ടേ?

ത്രേസ്യാമ്മ: താൻ എന്നെ പറ്റിച്ചു അല്ലെ?

നാസർ: എന്താ ചേച്ചീ അങ്ങനെ പറയണത്?

ത്രേസ്യാമ്മ: തൂക്കം കൊറച്ചിട്ട് എന്റെ ബാലൻസ് ശരിയല്ലെന്നു പറഞ്ഞു, അല്ലെ? താനെന്നെ വിഡ്ഢിയാക്ക്വായിരുന്നു അല്ലേ?

നാസർ ഒന്നും പറയുന്നില്ല.

ത്രേസ്യാമ്മ: ഒരു കാര്യം പറഞ്ഞേക്കാം. ഈ കോളനീന്ന് ഒരാളും ഇനി തന്റെ മുന്തിരി വാങ്ങുകേലാ കേട്ടോ.

നാസറിന്റെ മുഖം വാടുന്നു. ത്രേസ്യാമ്മ നടന്നു നീങ്ങുന്നു. അവരെ നോക്കിക്കൊണ്ട് വിഷണ്ണനായി നിൽക്കുന്ന നാസറുടെ ഷോട്ട്.

സീൻ 9:

ത്രേസ്യാമ്മയുടെ വീടിന്റെ മുറ്റം. ത്രേസ്യാമ്മഗെയ്റ്റിലേയ്ക്കു നടക്കുന്നു. ഗെയ്റ്റിന്റെ അഴികൾ പിടിച്ച് പുറത്തേയ്ക്കു നോക്കുന്നു. ലോങ് ഷോട്ടിൽ നിരത്തിന്റെ ഒരറ്റത്ത് നാസറിന്റെ മുന്തിരിവണ്ടി നിർത്തിയിട്ടത് കാണാം. വരാത്ത കസ്റ്റമേഴ്‌സിനെ പ്രതീക്ഷിച്ച് നിരത്തിലേയ്ക്ക് നോക്കിനിൽക്കുന്ന നാസറുടെ ഷോട്ട്.

സീൻ 10:

ത്രേസ്യാമ്മയുടെ ഉമ്മറം. ഉമ്മറത്തിന്റെ ഒരരുക്കിലാണ് ഊൺമേശ. കുട്ടികൾ ഊൺ കഴിഞ്ഞ് എഴുന്നേൽക്കുകയാണ്. ജോസഫേട്ടൻ തോർത്തുമുണ്ടിൽ കൈയ്യും മുഖവും തുടക്കുന്നു.

സുനി കൈകഴുകി ത്രേസ്യാമ്മയുടെ അടുത്തേയ്ക്കു പോകുന്നു.

സുനി: ആന്റീ എനിക്ക് മുന്തിരിങ്ങ വേണം.

ത്രേസ്യാമ്മ പെട്ടെന്ന് അവളെ തടഞ്ഞുകൊണ്ട് ശബ്ദം താഴ്ത്തി പറയുന്നു.

ത്രേസ്യാമ്മ: മോളെ ഇന്ന് മുന്തിരിങ്ങ്യൊന്നും വാങ്ങുന്നില്ല. ഇനി വേണ്ടാതെ അതും ഇതും പറഞ്ഞ് ശാഠ്യം പിടിക്കര്ത്.

സജി ഈ ഡയലോഗ് ശ്രദ്ധിക്കുന്നുണ്ട്. അവനും അടുത്തു കൂടുന്നു.

സജീ: നിക്കും വേണം മുന്തിരിങ്ങ.

ത്രേസ്യാമ്മ: ഞാൻ പറഞ്ഞില്ലേ ഇന്ന് വാങ്ങ്ണില്ല്യാന്ന്. പിന്നെയെന്തിനാ വാശി പിടിക്കണത്. ഇതൊക്കെ എന്നും വാങ്ങാൻ പറ്റ്വോ?

ജോസഫേട്ടൻ: കൊച്ചു ത്രേസ്യേ അവർക്ക് കൊറച്ച് വാങ്ങിക്കൊടുക്ക്. പിള്ളാരല്ലേ?

ത്രേസ്യാമ്മ: (ജോസഫേട്ടനോട്) അപ്പൊ എന്താ ഞാൻ നിങ്ങളോട് പറഞ്ഞത്. ആ മുന്തിരിക്കാരന്റെ അടുത്ത്ന്ന് ഞാൻ മുന്തിരി വാങ്ങില്ല. ഞാനെന്നല്ല, ഈ കോളനീല്ള്ള ആരും വാങ്ങില്ല്യ.

സുനി: അതെന്താ ആന്റീ?

ത്രേസ്യാമ്മ: അതോ മക്കളെ, അയാള് ചീത്ത മനുഷ്യനാ. മക്കള് നല്ല കുട്ടികളായി പോയി ഒറങ്ങാൻ നോക്ക്.

ത്രേസ്യാമ്മ അടുക്കളയിലേയ്ക്കു പോകുന്നു. ഇതിനിടക്ക് പാറുകുട്ടി വന്ന് എച്ചിൽ പാത്രങ്ങൾ എടുത്തു കൊണ്ടു പോകുന്നുണ്ട്.

സീൻ 11:

ത്രേസ്യാമ്മ: (ഉമ്മറത്തുനിന്ന് പാത്രങ്ങളുമായി വരുന്ന പാറുകുട്ടിയോട്) കൊച്ചേ ഞാനൊന്ന് പൊറത്തെറങ്ങീട്ട് വരാം.

പാറുകുട്ടി: അതെന്തിനാ അമ്മച്ചീ ഇപ്പ പോണേ?

ത്രേസ്യാമ്മ: അതേയ്, ഭവാനീടെ അമ്മയ്ക്ക് സുഖംല്ല്യാന്ന് പറഞ്ഞിര്ന്ന്.

പാറുകുട്ടി: പിന്നെ പോയാ പോരേ അമ്മച്ചീ. അമ്മച്ചീക്ക് ഒന്നരമണീടെ സീരിയല് കാണണംന്ന് പറഞ്ഞതല്ലേ?

ത്രേസ്യാമ്മ: അല്ലെടീ, ഇപ്പത്തന്നെ പോണം. ആരെങ്കിലും മുന്തിരിക്കാരന്റെ അട്ത്ത്ന്ന് മുന്തിരി വാങ്ങ്ണ്‌ണ്ടോന്നു കൂടി നോക്കണം. കോളനീലെ പിള്ളാരല്ലെ, എനിക്കത്ര വിശ്വാസംല്ല ഒന്നിനീം.

പാറുകുട്ടി: (ചിരിച്ചുകൊണ്ട്) അത് ശരി, ഞാനും വിചാരിച്ചു അമ്മച്ചീ എന്തിനാ വായു പിടിച്ച് ഓടണത്ന്ന്.

ത്രേസ്യാമ്മ ചട്ടയിൽ കൈ തുടച്ച് വാതിൽ കടന്നു പോകുന്നു. പാറുകുട്ടി ചിരിച്ചുകൊണ്ട് തലയാട്ടുന്നു.

സീൻ 12:

ഭവാനിയുടെ വീട്ടിന്റെ സ്വീകരണമുറി. സോഫയിൽ ഭവാനി ഇരിക്കുന്നു. കൈയ്യിലുള്ള പൊതി കെട്ടഴിക്കുകയാണ്. തൊട്ടടുത്തു തന്നെ അവളുടെ മൂന്നു വയസ്സായ മകൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഭവാനിയുടെ അമ്മായിയമ്മ മുറിയുടെ ഒരു മൂലയിലിട്ട കസേലയിൽ ഇരിക്കുന്നുണ്ട്. അവർ ഭവാനിയെ ശ്രദ്ധിക്കുകയല്ല. പെട്ടെന്ന് തുറന്നിട്ട വാതിലിലൂടെ ത്രേസ്യാമ്മ വരുന്നു. ഭവാനിയുടെ മുഖം വിളറുന്നുണ്ട്. അവൾ പെട്ടെന്ന് എഴുന്നേറ്റ് പൊതിയുമായി അകത്തേയ്ക്കു പോകുന്നു. ഉടനെത്തന്നെ തിരിച്ചുവന്ന് ത്രേസ്യാമ്മയോട് ലോഗ്യം ചോദിക്കുന്നു.

ഭവാനി: എന്താ ചേച്ചീ ഈ സമയത്ത്? ഇത്ര വേഗം ഊണു കഴിഞ്ഞോ?

ഭവാനിയുടെ മകൾക്ക് അമ്മയുടെ കളികളൊന്നും മനസ്സിലാവുന്നില്ല. മുന്തിരിങ്ങ കിട്ടില്ലെന്നു മാത്രം മനസ്സിലായി. അവൾ കരയാൻ തുടങ്ങി.

ത്രേസ്യാമ്മ: എന്തിനാ മോള് കരേണത്?

കുട്ടി: മുന്തീഞ്ഞ, നിക്ക് മുന്തീഞ്ഞ മേണം.

ത്രേസ്യാമ്മ വല്ലാതാവുന്നു.

ത്രേസ്യാമ്മ: നമ്മള് അയാക്കടെ കയ്യീന്ന് വാങ്ങണ്ടാന്ന് പറഞ്ഞതോണ്ട് കുട്ടികൾക്ക് വെഷമായീ അല്ലേ ഭവാനി?

കുട്ടീ: നിക്ക് മുന്തീഞ്ഞ മേണം.

ഭവാനി: ഇവിടെ മുന്തിരിങ്ങ്യൊന്നും ഇല്ല.

ത്രേസ്യാമ്മ: നമക്ക് നാളെ വേറെ ആള്‌ടെ അട്ത്ത്ന്ന് മുന്തിരിങ്ങ വാങ്ങാംട്ടോ മോളെ. മോള് കരേണ്ട.

കുട്ടി: (അകത്തേയ്ക്കു ചൂണ്ടിക്കാട്ടിക്കൊണ്ട്) മുന്തീഞ്ഞ പൊതീല്ണ്ട്.

ത്രേസ്യാമ്മ: (ഭവാനിയെ തുറിച്ചു നോക്കിക്കൊണ്ട്) പൊതീലോ?

കുട്ടി: അതേ, അടുക്കളേല് പൊതീല്ണ്ട്.

ത്രേസ്യാമ്മ: അപ്പോ ന്റെ ഭവാനി നീ അയാക്കടെ അട്ത്ത്ന്ന് മുന്തിരിങ്ങ വാങ്ങ്യോ.

ഭവാനിയുടെ അമ്മായിയമ്മ: അയ്യാള് കൊണ്ടുവന്ന് കൊടുത്തതാടി കൊച്ചേ. ഓരോരുത്തരെ വിളിച്ചു കേറ്റും അശ്രീകരം. ശേഖരൻ ഇങ്ങട്ട് വരട്ടെ.....

ത്രേസ്യാമ്മ എഴുന്നേറ്റ് പോകുന്നു. ദേഷ്യവും സങ്കടവും ഒന്നിച്ച് പ്രതിഫലിക്കുന്ന മുഖം. പിന്നിൽനിന്ന് ഒരടിയുടെ ശബ്ദം. കുട്ടിയുടെ വേദനിച്ചുള്ള കരച്ചിലും. അവർ തിരിഞ്ഞുനോക്കാതെ നടക്കുന്നു.

സീൻ 12എ:

ത്രേസ്യാമ്മ നടക്കുന്നു. തീരെ പ്രസന്നമല്ലാത്ത മുഖം. ഒരു തിരിവിൽ എന്തോ അദ്ഭുതം കാണുന്നപോലെ അവർ പെട്ടെന്ന് നിൽക്കുന്നു. അവരുടെ കാഴ്ചയുടെ ഉറവിടം തേടി പോകുന്ന കാമറ കാണുന്ന കാഴ്ച നളിനിയുടെ ഗെയ്റ്റാണ്. അവിടെ നാസർ ഒരു പൊതിയുമായി നിൽക്കുന്നു. ത്രേസ്യാമ്മയെ കണ്ടപ്പോൾ അയാൾ കയ്യിലുള്ള പൊതി പിന്നിലൊളിപ്പിക്കാൻ ശ്രമിക്കുന്നു. ചമ്മിയ മുഖം. അതേ സമയത്താണ് നളിനി ഉള്ളിൽനിന്ന് ഒരു നോട്ടുമായി വരുന്നത്. നോട്ട് നാസറിന്റെ നേരെ നീട്ടി പൊതി വാങ്ങാൻ മറ്റെ കൈ നീട്ടുമ്പോഴാണ് ത്രേസ്യാമ്മയെ കാണുന്നത്. അവൾ ഫ്രീസ് ചെയ്യുന്നു.

സീൻ 12ബി:

ജലജയുടെ വീട്. ത്രേസ്യാമ്മ വാതിൽക്കൽ മുട്ടിക്കൊണ്ട് നിൽക്കുന്നു. ജലജ വന്ന് വാതിൽ തുറക്കുന്നു. ത്രേസ്യാമ്മ അകത്ത് കടക്കുന്നു.

അകത്ത് ജലജയുടെ എട്ടു വയസ്സുള്ള മകൻ മുന്തിരിങ്ങ തിന്നുകൊണ്ടിരിക്കയാണ്. പെട്ടെന്ന് ജലജ അവനെ അകത്തേയ്ക്ക് ഉന്തിപ്പറഞ്ഞയക്കുന്നു.

ജലജ: നീ പോയി മുഖം കഴുകി വാ. വേഗാട്ടെ. (തിരിഞ്ഞ് ത്രേസ്യാമ്മയോട്) ആന്റി എന്താണ് ഇന്നേരത്ത്. നീലൻ നെല്ലിക്ക തിന്ന്വാണ്. അതിന് കറ ഉണ്ടാവുംന്ന് പറയ്യ്യായിരുന്നു.

നീലൻ: ഇത് നെല്ലിക്ക്യല്ല, മുന്തിരിങ്ങ്യാണ്.

അവന് പറയാൻ അവസരം നൽകാതെ ജലജ അവന്റെ വായ പൊത്തി അകത്തേയ്ക്ക് തള്ളിവിടുന്നു. ത്രേസ്യാമ്മയുടെ കണ്ണുകൾ മേശപ്പുറത്തിരിക്കുന്ന മുന്തിരിക്കുലയിൽ തങ്ങുന്നു. അവർ അർത്ഥഗർഭമായി ജലജയെ നോക്കുന്നു.

അവർ ഒന്നും പറയാതെ പുറത്തിറങ്ങുന്നു.

ജലജ: ആന്റി ഇരിക്കിണില്ലേ?

ത്രേസ്യാമ്മ മറുപടി പറയുന്നില്ല. ഗെയ്റ്റു കടന്ന് നിരത്തിലേയ്ക്കിറങ്ങുകയാണ്.

തുടർന്ന് ഓരോ വീട്ടിലും മുന്തിരിങ്ങ വാങ്ങിയതായി ത്രേസ്യാമ്മ അറിയുന്നത് ഒരു കൊള്ളാഷായി കാണിക്കണം. ഒന്നുകിൽ കുട്ടികളുടെ സംസാരത്തിൽ നിന്ന്. അല്ലെങ്കിൽ മേശപ്പുറത്തോ, അടുക്കളയിലോ മുന്തിരിക്കുലകൾ ഇരിക്കുന്നതായി കണ്ടുകൊണ്ട്. മനസ്സിടിഞ്ഞ് തിരിച്ചുള്ള വരവ് ക്ലോസപ്പിൽ.

സീൻ 12 സി:

ത്രേസ്യാമ്മ സ്വന്തം വീട്ടിന്റെ ഗെയ്റ്റിനു മുമ്പിൽ നിൽക്കുന്നു. തലക്കു മുകളിൽ മദർ മേരി പ്ലേസ്‌കൂൾ എന്ന ബോർഡുണ്ട്. അവർ നിരത്തിന്റെ അറ്റത്തേയ്ക്ക് നോക്കുകയാണ്. അവിടെ നാസറിന്റെ വണ്ടി കിടപ്പുണ്ട്. വളരെ കുറച്ചു മുന്തിരികൾ മാത്രം. രാവിലെ നോക്കിയ സമയത്ത് നിറയെ ഉണ്ടായിരുന്നത് ഓർമ്മ വരുന്നു.

സീൻ 13:

ത്രേസ്യാമ്മ ഉമ്മറത്ത്. ചുറ്റും ആരുമില്ല. കുറച്ചൊരു പരിഭ്രമം. ചുറ്റും നോക്കുന്നു. അകത്തേയ്ക്കു പോകുന്നു. അടുക്കളയിലും ആരുമില്ല. പരിഭ്രമമേറുന്നു. അകത്ത് ഓരോ മുറിയിലും നോക്കുന്നു. ആരുമില്ല. ഉമ്മറത്തേയ്ക്ക് ഒരിക്കൽക്കൂടി വരുന്നു. മുറ്റത്തേക്കിറങ്ങി നോക്കുന്നു. വീടിനു ചുറ്റും നടന്നു. ആരുമില്ല. വീണ്ടും ഉമ്മറത്തേയ്ക്ക് കയറി കിടപ്പുമുറിയിൽ എത്തി നോക്കുന്നു. ആരേയും കാണുന്നില്ല. തിരിച്ചുപോകാൻ നോക്കുമ്പോൾ ഒരു വിളി:

ഏതോ ഒരു കുട്ടി: ആന്റീ.....

അവർ ഞെട്ടിത്തിരിയുന്നു. സൂക്ഷ്മമായി നോക്കുമ്പോൾ കാണുന്നത് കട്ടിലിന്നപ്പുറത്ത് ഒരു നരച്ച തല, പിന്നെ കുറേ കൊച്ചു തലകളും. ഒരറ്റത്ത് പാറുകുട്ടിയുടെ ചിരിച്ചുകൊണ്ടുള്ള മോന്തയും. അവർ അടുത്ത് ചെല്ലുന്നു.

ത്രേസ്യാമ്മ: നിങ്ങ ഇവിടെ എന്തെടുക്ക്വാണ്?

സുനി: ഞങ്ങള് മുന്തിരിങ്ങ കട്ടുതിന്നുവാ.

ത്രേസ്യാമ്മ കട്ടിൽ ചുറ്റി അവരിരിക്കുന്നിടത്തേയ്ക്കു പോകുന്നു.

ത്രേസ്യാമ്മ: എന്റെ കർത്താവേ!

സീൻ വളരെ വിശദമായി കാണിക്കണം. മുമ്പിൽ ഒരു പാത്രത്തിൽ മുന്തിരിങ്ങ കഴുകി വച്ചിരിക്കയാണ്. കുട്ടികൾ അതിൽനിന്ന് സ്വന്തം എടുത്തു തിന്നുകയാണ്. കവിളിൽക്കൂടി മുന്തിരിച്ചാർ ഒലിക്കുന്നു. ശൈലജയുടെ ആറു മാസമായ മകൾ ജോസഫേട്ടന്റെ മടിയിലിരുന്ന് ജോസഫേട്ടൻ തോൽ കളഞ്ഞ് കൊടുക്കുന്ന മുന്തിരിങ്ങ തിന്നുന്നു. ത്രേസ്യാമ്മയെ കണ്ട ഭാവമില്ല അവൾക്ക്. ജോസഫേട്ടൻ ചിരിക്കുകയാണ്.

ത്രേസ്യാമ്മ പെട്ടെന്ന് തിരിഞ്ഞ് ദേഷ്യത്തോടെ പോകുന്നു.

സീൻ 14:

ത്രേസ്യാമ്മ സോഫയിൽ മുഖം തിരിഞ്ഞിരിക്കുന്നു. അവരുടെ മുഖത്ത് സങ്കടമുണ്ട്. ജോസഫേട്ടൻ അവരെ സമാശ്വസിപ്പിക്കാൻ അടുത്തുതന്നെ ഇരിക്കുന്നു.

ജോസഫേട്ടൻ: നീ ഞാൻ പറയുന്നതൊന്ന് കേക്ക്.

ത്രേസ്യാമ്മ: കോളനിക്കാരെല്ലാം എന്നെ പറ്റിച്ചു. സാരമില്ല, പക്ഷെ നിങ്ങളും...

ജോസഫേട്ടൻ ത്രേസ്യാമ്മയുടെ പുറത്ത് കൈവച്ച് ആശ്വസിപ്പിക്കയാണ്. അപ്പോഴാണ് പാറുകുട്ടി ചായയുമായി വരുന്നത്. അവൾക്ക് ചിരി വരുന്നുണ്ട്. അവൾ അതു കണ്ടില്ലെന്ന ഭാവത്തിൽ മുഖം തിരിച്ച് കൈകൊണ്ട് കണ്ണുപൊത്തി, ചായ ജോസഫേട്ടന്റെ അടുത്തുള്ള ടീപോയിമേൽ വച്ച് പോകുന്നു. അതു കാണുന്ന ജോസഫേട്ടൻ ചിരിക്കുന്നു.

ത്രേസ്യാമ്മ: (ഇതൊന്നും കാണാത്തതുകൊണ്ട് ജോസഫേട്ടന്റെ ചിരിയുടെ കാരണം അറിയുന്നില്ല) നിങ്ങൾക്ക് ചിരിയാണ്. എന്റെ സങ്കടമെന്താണെന്ന് നിങ്ങൾക്കറിയ്യോ?

ജോസഫേട്ടൻ: കൊച്ചു ത്രേസ്യേ, അവൻ എന്നോടു സംസാരിച്ചു. എന്താ ആ ചാവക്കാട്ടുകാരന്റെ പേര്. അവൻ പറയുന്നതുകൂടി നീ കേൾക്ക്. ഈ മുന്തിരിയൊക്കെ വരണത് ഉത്തരേന്ത്യയീന്നാ. അവിട്ന്ന്ള്ള യാത്രക്കൂലീം ടാക്‌സും കൂലിക്കാരടെ ചാർജ്ജും ഒക്കെ കൂട്ടിയാൽ ഇവർക്കു വരും കിലോവിന്ന് പതിനഞ്ച്, പതിനെട്ട് രൂപ. ആ സാധനം കിലോവിന്ന് ഇരുപത്തഞ്ചായി കൊടുത്താ കിലോവില് അഞ്ചെട്ടുരൂപ തടയും. അങ്ങനെ പത്തിരുപത് കിലോ വിറ്റാൽ എന്തു കിട്ടും. അതോണ്ടൊന്നും അയാള് പണക്കാരനാവില്ല. പിന്നെ കിലോവിന് ഇരുപത്തഞ്ചൊന്നും ആരും കൊടുക്കില്ല. നീ കൊടുത്തോ? ഇല്ലല്ലോ. അപ്പൊപ്പിന്നെ ആയാളെന്താ ചെയ്യ്വാ? നൂറു ഗ്രാം തുക്കം കൊറച്ചാലും ആയാക്ക് ഇരുപത്തഞ്ചൊന്നും കിട്ടുകേല. സാധനങ്ങടെ വെലേല് പെശങ്ങണതും, തൂക്കം കൊറക്കണമാതിരിത്തന്നെ ചീത്ത്യാണ് കൊച്ചു ത്രേസ്യേ. പലപ്പോഴും നമ്മള് അവരടെ വെല കൊറക്കുമ്പഴാണ് അവര് തൂക്കോം കൊറക്കണത്. അതു നീ മനസ്സിലാക്ക്.

ജോസഫേട്ടന്റെ സംസാരം തുടർന്നുകൊണ്ടിരിക്കുമ്പോൾ ത്രേസ്യാമ്മയുടെ മുഖഭാവം മാറുന്നു. ക്രമേണ മുഖത്തെ ശോകഭാവം മാറുന്നു.

ജോസഫേട്ടൻ തുടരുന്നു: അയാക്കടെ പെമ്പ്രന്നോരും നാലു മക്കളുംണ്ട് നാട്ടില്. അയാള് നാലു കാശുണ്ടാക്കീട്ടു വേണം ആ പാവങ്ങൾക്ക് കഞ്ഞി കുടിക്കാൻ. ആ പാവങ്ങള് എങ്ങനേങ്കിലും പെഴച്ചുപോട്ടെ കൊച്ചു ത്രേസ്യേ.

ത്രേസ്യാമ്മ തിരിഞ്ഞിരിക്കുന്നു. ടീപോയിമേൽ വെച്ച ചായ കാണുന്നു.

ത്രേസ്യാമ്മ: നിങ്ങ ചായ കുടി.

പാറുകുട്ടി ഒരു പ്ലെയ്റ്റിൽ മുന്തിരിങ്ങയുമായി വന്ന് ത്രേസ്യാമ്മയ്ക്കു കൊടുക്കുന്നു. അപ്പോഴും മുഴുവൻ മുഡിലെത്തിയിട്ടില്ലാത്ത ത്രേസ്യാമ്മ അതു നിരസിക്കുന്നു.

ജോസഫേട്ടൻ: എടീ ഇങ്ങു കൊണ്ടുവാ. ഞാനൊന്ന് കൊടുത്തു നോക്കട്ടെ.

ജോസഫേട്ടൻ പ്ലെയ്റ്റ് പാറുകുട്ടിയുടെ കയ്യിൽ നിന്നു വാങ്ങുന്നു. അതിലൊരെണ്ണം എടുത്ത് ത്രേസ്യാമ്മയുടെ വായിൽ വച്ചുകൊടുക്കുന്നു. അവർ നാണം കൊണ്ട് തല തിരിക്കുന്നു. കാണുന്നത് കണ്ണുംപൊത്തി കൈവിരലിലൂടെ ഈ കാഴ്ച കണ്ട് ആസ്വദിക്കുന്ന പാറുകുട്ടിയെയാണ്.

ത്രേസ്യാമ്മ: (നാണം നിറഞ്ഞ ചിരിയോടെ) നീ പോടി.

പാറുകുട്ടി അകത്തേയ്‌ക്കോടുന്നു.

സീൻ 15:

രാത്രി. ത്രേസ്യാമ്മയുടെ കിടപ്പറ. ജോസഫേട്ടൻ ഒരു വശം തിരിഞ്ഞ് ഉറങ്ങുകയാണ്. ത്രേസ്യാമ്മ കിടക്കയിൽ മുട്ടുകുത്തി പ്രാർത്ഥനയാണ്. കുറച്ചുനേരമായി പ്രാർത്ഥന തുടങ്ങിയിട്ട് എന്ന പ്രതീതി ഉണ്ടാക്കണം.

ത്രേസ്യാമ്മ: കർത്താവേ വല്ലാത്തൊരു ദെവസായി ഇന്നത്തെത്. എന്തിനാണ് എന്നെക്കൊണ്ട് ഇങ്ങനത്തെ വിഢ്ഢി വേഷം കെട്ടിക്കണത്. അയാള് നൂറു ഗ്രാം കൊറച്ചതിനല്ല എനിക്കു ദ്വേഷ്യം പിടിച്ചത്. ജോമോൻ കൊണ്ടുവന്ന തുലാസ് ശരിയല്ലെന്നു പറഞ്ഞ് എന്നെ പറ്റിച്ചതിലാണ്. ഇപ്പോ ഞാൻ എവിടെയുമല്ലാത്ത പരുവത്തിലായി. ഞാനിനി കോളനീല്‌ത്തെ പിള്ളാര്‌ടെ മൊകത്ത് എങ്ങിനെ നോക്കും?

ഒരു ശബ്ദം: അതൊന്നും സാര്യംല്ല്യ കൊച്ചുത്രേസ്യേ, ഞാൻ അതിലുമധികം അപമാനം സഹിച്ചവനല്ലെ?

ത്രേസ്യാമ്മ:(തിരിഞ്ഞ് നോക്കാതെ) അച്ചായന് അങ്ങിനെയൊക്കെ പറയാം. ഒക്കെ സഹിച്ചത് ഞാനല്ലെ. എന്തൊക്കെ കോമാളി വേഷാ ഞാനിന്ന് കെട്ടിയത്? ഒക്കെക്കഴിഞ്ഞ് വീട്ടീ വന്നപ്പോ.....

ഒരു ശബ്ദം: അവർ മുൾക്കിരീടം മെടഞ്ഞ് എന്നെ അണിയിച്ച് 'യഹൂദരുടെ രാജാവേ, സ്വസ്തി!' എന്നു പറഞ്ഞു. അവർ എന്റെ മേൽ തുപ്പി....

ത്രേസ്യാമ്മയുടെ മുഖത്ത് അമ്പരപ്പ്. അവർ തന്നത്താൻ പറയുന്നു.

ത്രേസ്യാമ്മ: (സ്വയം പറയുന്നു) മുൾക്കിരീടോ? അച്ചായനോ? അച്ചായൻ ഒരു ഗാന്ധിത്തൊപ്പികൂടി വെച്ചിട്ടില്ലല്ലോ.

ത്രേസ്യാമ്മ സാവധാനത്തിൽ വലത്തോട്ട്, അതായത് ജോസഫേട്ടൻ കിടക്കുന്നിടത്തേയ്ക്കു ഇടംകണ്ണിട്ട് നോക്കുന്നു. അച്ചായൻ നല്ല കൂർക്കം വലിച്ച് ഉറങ്ങുന്ന ഷോട്ട്. കുറച്ചുനേരമായി ഉറങ്ങാൻ തുടങ്ങിയിട്ടെന്ന് സ്പഷ്ടം. സംസാരിച്ചത് ജോസഫേട്ടനല്ലെന്ന് ഭയത്തോടെ അമ്പരപ്പോടെ അവർ മനസ്സിലാക്കുന്നു. അവർ പെട്ടെന്ന് ഞെട്ടുന്നു. ചുവരിൽ വച്ചിട്ടുള്ള കർത്താവിന്റെ ചിത്രത്തിൽ ഭയത്തോടെ നോക്കുന്നു. തുടർച്ചയായി കുരിശു വരക്കുന്നു.

ത്രേസ്യാമ്മ: രാജാക്കന്മാരുടെ രാജാവേ അവിടുത്തേയ്ക്ക് സ്തുതി.

End of Part II

End of Episode 7

ഈ തിരക്കഥയെക്കുറിച്ച്


1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com