ഇ ഹരികുമാര്‍
കഥാപാത്രങ്ങൾ
വിനോദ് - 20 വയസ്സ്
(ഒരുദ്യോഗാർത്ഥി)
നന്ദിനി-18
(ജോലിക്കാരി)
നന്ദിനിയുടെ അമ്മ - 42
(വീട്ടുജോലിക്കു പോകുന്നു)
ഗുജറാത്തി സ്ത്രീ -45
(8-ാം നിലയിലെ താമസക്കാരി)
കൊച്ചമ്മ -65
(നന്ദിനി ജോലിക്കു പോകുന്ന വീട്ടിലെ സ്ത്രീ)
വയസ്സൻ 72
(കൊച്ചമ്മയുടെ ഭർത്താവ്)
വീട്ടുകാരൻ 55
(രണ്ടാം നിലയിൽ വിനോദിന്റെ വീട്ടുകാരൻ)
ഒരു ചെറുപ്പക്കാരി - 22
(ലാന്റിങ്ങിൽ നന്ദിനി കാണുന്ന കുട്ടി)
സീൻ 1. എ.
ഒരു എട്ടു നില കെട്ടിടത്തിലാണ് കഥ നടക്കുന്നത്. മൂന്നാം നിലയിലുള്ള ഫ്‌ളാറ്റിൽ അടുക്കള. ഒരു വശത്തുള്ള സിങ്കിൽ കുന്നുപോലെ കൂട്ടിയിട്ട പാത്രങ്ങൾ കഴുകുകയാണ് നന്ദിനി. പതിനേഴു പതിനെട്ടു വയസ്സ് പ്രായം, ഇരുനിറം, സുന്ദരിയാണ്. പാവാടയും ബ്ലൗസുമാണ് വേഷം. പ്രായത്തിലധികം വളർച്ച തോന്നിക്കും. അവൾ പാത്രം കഴുകുന്നതിനിടയിൽ വയസ്സായ കൊച്ചമ്മ ഒന്നു രണ്ടു പാത്രങ്ങൾ കൂടി സിങ്കിൽ കൊണ്ടിടുന്നു. തടിച്ച സ്ത്രീ, നിറമുണ്ടാവണമെന്ന് നിർബ്ബന്ധമില്ല. മുഴുവൻ നരച്ച തലമുടി കെട്ടിയിടാതെയാണ് നടത്തം. അവർ തിരിയുമ്പോൾ നന്ദിനി കൊഞ്ഞനം കാട്ടുന്നു. ഒരു സെക്കന്റിനുള്ളിൽ അവർ വേറൊരു പാത്രം എടുത്ത് കൊണ്ടുവന്ന് സിങ്കിലിടുന്നു.
നന്ദിനി: (തിരിഞ്ഞു നോക്കിക്കൊണ്ട്) ഇനി പാത്രൊന്നുംല്ല്യെ കൊച്ചമ്മേ?
കൊച്ചമ്മ: എന്തേ, ഇന്ന് കൊറച്ചധികം പാത്രങ്ങള്ണ്ടല്ലെ?
നന്ദിനി: (ചിരിച്ചു കൊണ്ട്, തമാശയായി) ഏയ്, ഞാൻ വെറ്‌തെ ചോയ്ച്ചതാ.
കൊച്ചമ്മ: (ദേഷ്യമില്ല) നീയെന്നെ കളിപ്പിക്ക്യാണല്ലെ, പെണ്ണേ, വേണ്ടാ..... (നന്ദിനി ചിരിക്കുന്നു.) ഇന്നലെ രാത്രിയേയ് രാകേശും ഭാര്യുംകൂടി വന്നിരുന്നു. രണ്ടു കുട്ട്യോളും ഇല്ലെ. അതോണ്ടാ ഇത്രീം പാത്രങ്ങള്.
നന്ദിനി: അപ്പൊ, മോനും മരുമകളും കൂടി വരണ്‌ണ്ട്‌ന്ന് എന്തേ ഇന്നലെ പറയാതിരുന്നത്?
കൊച്ചമ്മ: എന്താ നെന്നോട് ചോദിച്ചിട്ട് വേണോ എന്റെ മകന് ഊണു കൊടുക്കാൻ?
നന്ദിനി: അതല്ല കൊച്ചമ്മേ, അറിഞ്ഞിരുന്നെങ്കീ ഇന്നെനിക്ക് മുങ്ങായിരുന്നു.
കൊച്ചമ്മ: അത് ശരി. നീയെന്റെ അട്ത്ത്ന്ന് അടി വാങ്ങിക്കും.
നന്ദിനി ചിരിക്കുന്നു, പക്ഷെ ഈ സമയത്തെല്ലാം ജോലിയെടുത്തുകൊണ്ടിരിക്ക തന്നെയാണ്.
അകത്തുനിന്ന് ഏകദേശം എഴുപത്തഞ്ചു വയസ്സായ ഒരാൾ, ഇവരുടെ ഭർത്താവാണ്, അടുക്കളയിലേക്ക് വരുന്നു. തടിച്ച പ്രകൃതം.
കൊച്ചമ്മ: (വളരെ ഡൊമിനേറ്റിങ് ആണ്) എന്തേ? എന്താ നിങ്ങക്കിപ്പൊ വേണ്ടത്?
ഭർത്താവ്: (പരുങ്ങുന്നു) ഞാനേയ്, ഞാന് കൊറച്ച് വെള്ളം കുടിക്കാൻ വന്നതാ.
കൊച്ചമ്മ: എന്നോടു പറഞ്ഞാപ്പോരായിരുന്നോ? (പോകുന്നു.)
(ഭർത്താവ് നന്ദിനിയെ ആർത്തിയോടെ നോക്കുന്നുണ്ട്. അയാളുടെ ഉദ്ദേശം വെള്ളം കുടിക്കലായിരുന്നില്ല എന്നു വ്യക്തം. അവളുടെ അടുത്തു ചെന്ന് കഴുകിവച്ച കുപ്പിഗ്ലാസ്സെടുക്കുന്നു. വാതിൽക്കലേയ്ക്കു നോക്കിക്കൊണ്ട് നേരിയതായി അവളുടെ ചുമലിൽ തൊടുന്നുണ്ട്. നന്ദിനി ഒഴിഞ്ഞു മാറുന്നു.) ഫെയ്‌ഡൊട്ട്.
സീൻ 1 ബി.
അതേ വീട്ടിന്റെ സ്വീകരണ മുറി. കൊച്ചമ്മ സോഫയിലിരുന്ന് വനിതകൾക്കുള്ള ഒരു മാസിക വായിക്കുകയാണ്. സ്റ്റൈലിലാണ് ഇരുത്തം, കാലിന്മേൽ കാൽ കയറ്റി വച്ചിട്ടുണ്ട്. അല്പം അകലെ ഭർത്താവ് ഊൺമേശയുടെ അടുത്തിരുന്ന് എന്തോ പച്ചക്കറി നുറുക്കുകയാണ്.
(നന്ദിനി അടുക്കളയിൽനിന്ന് കൈകൾ പാവാടയിൽ തുടച്ചുകൊണ്ട് വരുന്നു.)
നന്ദിനി: കൊച്ചമ്മേ, ഞാൻ പോണ്.
കൊച്ചമ്മ: (മുഖമുയർത്തി നോക്കിക്കൊണ്ട് തലയാട്ടുന്നു. തിരിഞ്ഞ് ഭർത്താവിനോട്) ആ വാതിലൊന്നടച്ചേച്ച് വാ.
ഭർത്താവ് ആ ആജ്ഞയ്ക്കു കാത്തിരുന്നപോലെ ധൃതിയിൽ എഴുന്നേറ്റ് വാതിലിന്റെ ഭാഗത്തേയ്ക്കു നടക്കുന്നു. അയാളുടെ ധൃതി നന്ദിനി കാണുന്നുണ്ട്. അവളും ധൃതിയിൽ വാതിൽക്കലേയ്ക്കു നടക്കുന്നു. കിഴവനെ ഒഴിവാക്കാനാണ്. സ്വീകരണ മുറി കഴിഞ്ഞാൽ ഒരു ചെറിയ ഇടനാഴികയിലാണ് വാതിൽ. അവൾ വാതിൽക്കലെത്തി വാതിൽ തുറക്കുമ്പോഴേയ്ക്ക് കിഴവൻ ഓടിയെത്തുന്നുണ്ട്. അവൾ വാതിൽ തുറന്ന് പുറത്തേയ്ക്കു കടക്കുമ്പോഴേയ്ക്ക് വാതിൽ പിടിക്കാനെന്നപോലെ അയാൾ അവളുടെ കയ്യിനുമേൽ അമർത്തുന്നു. അവൾ കൈ വലിച്ച് മുഖം ചുളിച്ച് പോകുന്നു. ലിഫ്റ്റിൽ കയറാതെ കോണിയിറങ്ങുന്നു.
സീൻ 2. എ.
രണ്ടാം നിലയിൽ നാലു വാതിലുകളാണുള്ളത്. അതിലൊരു വാതിൽ മുട്ടാതെ തുറന്ന് അകത്തു കടക്കുന്നു.
സീൻ 2 ബി.
ചെറിയ ഒരൊറ്റ മുറിയാണ്. ആ ഫ്‌ളാറ്റിന്റെ സർവ്വന്റ് ക്വാർട്ടേഴ്‌സാണത്. ഇപ്പോൾ ഒരു വാടകക്കാരനെ താമസിപ്പിച്ചിരിക്കയാണ്. ചുളിഞ്ഞ വിരികളുള്ള കിടക്ക ഒരൊറ്റക്കട്ടിലിട്ടതിൽ ഒരു ചെറുപ്പക്കാരൻ, ഇരുപത്, ഇരുപത്തൊന്ന് വയസ്സ്, ഇരുന്ന് പത്രം വായിക്കുന്നു. മുറിയ്ക്ക് മറ്റൊരു വാതിൽകൂടിയുണ്ട്. അതയാളുടെ വീട്ടുടമസ്ഥന്റെ ഫ്‌ളാറ്റാണ്. അവരുടെ ഫ്‌ളാറ്റിലെ ഒരു മുറിയിൽ വാടകക്കാരനായി താമസിക്കുകയാണ് വിനോദ്. നന്ദിനി അകത്തു കടന്നപ്പോൾ അവൻ മുഖമുയർത്തി നോക്കുന്നു, തിരിച്ച് പത്രത്തിലേയ്ക്കു മുഖം താഴ്ത്തുന്നു. നിഷ്‌കളങ്കമായ മുഖം, ഒരു പാവം പയ്യൻ. നന്ദിനി നേരിട്ട് സിങ്കിനടുത്തേയ്ക്ക് പോന്നു. ആ മുറിയിൽ ഒരരുകിൽ മേശയിട്ടതാണ് അടുക്കള. മേശപ്പുറത്ത് വളരെക്കുറച്ച് പാത്രങ്ങൾ, ഒരു മണ്ണെണ്ണ സ്റ്റൗ. പിന്നിൽ ഒരു ചെറിയ റാക്കിൽ ഏതാനും ടിന്നുകൾ.
സീൻ 2 ബി.
സിങ്കിനടുത്തേയ്ക്കു നടക്കുന്ന നന്ദിനി. സിങ്കിനടുത്തെത്തുമ്പോൾ നിൽക്കുന്നു. പകച്ച നോട്ടം. എച്ചിൽ പാത്രങ്ങളൊന്നുമില്ലാതെ സിങ്ക് ഉണങ്ങിക്കിടക്കുന്നു. അവൾ തിരിഞ്ഞ് വിനോദിനെ നോക്കുന്നു. അയാൾ അവളെ ശ്രദ്ധിക്കാതെ പത്രപാരായണമാണ്. അവൾ മേശക്കരികെ ഇട്ട റാക്കിലെ ടിന്നുകൾ കുലുക്കി നോക്കുന്നു. എല്ലാം ഒരുമാതിരി കാലിയാണ്. താഴെ വെച്ച അരിടിൻ എടുത്തുനോക്കുന്നു. ഏതാനും അരിമണികൾ മാത്രം. തൊട്ടടുത്തുള്ള പ്ലാസ്റ്റിക് കൂടയിൽ രണ്ടു സവോള മാത്രം. ഇരുന്നുകൊണ്ടുതന്നെ അവൾ തിരിഞ്ഞു നോക്കുന്നു. മുഖത്ത് അമ്പരപ്പുണ്ട്.
(അവൾ എഴുന്നേറ്റുകൊണ്ട് ചോദിക്കുന്നു)
നന്ദിനി: ചേട്ടനെന്താണ് ചെയ്യണത്?
(വിനോദ് പത്രപാരായണം നിർത്തിവച്ച് പേപ്പർ മടക്കി കിടക്കയിൽ വെച്ച് അവളെ നോക്കുന്നു. മുഖത്ത് അമ്പരപ്പുണ്ട്. എന്താണ് ഇങ്ങനെയൊരു ചോദ്യമെന്ന മട്ടിൽ. മുഖത്തിന്റെ ക്ലോസപ്പ് കാണിക്കുമ്പോൾ ക്ഷീണം കാണുന്നുണ്ട്.)
നന്ദിനി: ഇന്നലെ രാത്രി എന്താ കഴിച്ചത്?
വിനോദ്: (സംശയമില്ലാതെ) ചപ്പാത്തിയും ചിക്കൻ കറീം.
നന്ദിനി: ശരിക്കും? (അയാളുടെ മുഖത്തു നോക്കുമ്പോൾ മനസ്സിലാവുന്നു, അതു സത്യമല്ലെന്ന്. (നൊണ.)
നന്ദിനി മറുപടി പ്രതീക്ഷിക്കുന്നില്ല. അവൾ പോയി ഒരു മൂലയിൽ വച്ച ചൂലെടുത്ത് അടിച്ചു വാരാൻ തുടങ്ങുന്നു. അടിച്ചു വാരുന്നതിനിടയിൽ സംസാരിക്കുന്നുമുണ്ട്.
നന്ദിനി: ഇന്നലെ ചിക്കൻ ഇവിടെണ്ടാക്ക്വാണോ ചെയ്തത്?
വിനോദ് മൂളുന്നു. സാവധാനത്തിൽ കിടക്കയിലേക്ക് ചാഞ്ഞു കിടന്ന് പത്രം വീണ്ടും കയ്യിലെടുക്കുന്നു.
നന്ദിനി: ഇന്നെന്താ പത്രം വീട്ടുകാരന് ഇപ്പത്തന്നെ തിരിച്ചു കൊടുക്കണോ?
വിനോദ്: വേണ്ട, അയാളിനി വൈന്നേരം ഓഫീസീന്ന് വന്നാലെ കൊടുക്കണ്ടു. എന്താ?
നന്ദിനി: അല്ലാ, പേപ്പറ് വായിക്കാൻ എങ്ങുംല്യാത്ത ധൃതി കണ്ടപ്പൊ ചോദിച്ചതാ.
വിനോദ്: (എഴുന്നേറ്റ് കട്ടിലിൽത്തന്നെ ചാരിയിരിക്കുന്നു.) ഞാനേയ് വല്ല ജോലീം കിട്ട്വോന്ന് നോക്കാൻ വാണ്ടഡ് കോളം നോക്ക്വാണ്.
നന്ദിനി: (തുടക്കലിനിടയിൽത്തന്നെ) ഇന്നലത്തെ ഇന്റർവ്യൂ എന്തായീ?
വിനോദ്: അതൊന്നും ശര്യായില്ല. അവർക്ക് അഞ്ചു കൊല്ലത്തെ ജോലി പരിചയം വേണം. എനിക്കെങ്ങനെണ്ടാവാനാ ജോലി പരിചയൊക്കെ. ബസ്സുകൂലി പോയത് ലാഭം.
സീൻ 2 സി.
നിലം തുടയ്ക്കൽ കഴിഞ്ഞ് അവൾ അയാളുടെ കട്ടിലിനെതിരെയിട്ട സ്റ്റൂളിൽ ചെന്നിരിക്കുന്നു. അതവൾ എന്നും ചെയ്യാറുള്ളതാണെന്ന് മനസ്സിലാവണം.
നന്ദിനി: എന്തൊക്ക്യാണ് ചേട്ടന്റെ വിശേഷങ്ങള്?
വിനോദ്: ഒന്നുല്യ.
നന്ദിനി: മൂന്നാം നെലേല്ള്ള കെളവനില്ലേ? അയാളൊരു ജാത്യാണ്. എനിക്കിഷ്ടല്ല.
വിനോദ്: എന്തേ?
നന്ദിനി: ഊം, ഉം. ഒന്നുംല്ല്യ. പിന്നെ, ചേട്ടന് എന്നാ ജോലി കിട്ട്വാ?
വിനോദ്: (ആലോചിക്കുന്നു.) അട്ത്ത് തന്നെ ജോലി കിട്ടീല്ലെങ്കിൽ ഞാൻ ഇവിട്ന്ന് പോവും. ഇനി അമ്മടെ അട്ത്ത് കയ്യ് നീട്ടാൻ കഴീല്ല്യ. അച്ഛൻ മരിച്ചേന്റെ ശേഷം കാര്യൊക്കെ വളരെ കഷ്ടാ. അച്ഛന്റെ പ്രൊവിഡണ്ട് ഫണ്ടീന്ന് കിട്ട്യേതൊക്കെ എന്റെ കോളേജിൽ പോക്കില് കഴിഞ്ഞു. ഇനി സ്‌കൂളിൽ പഠിക്കണ അനുജൻണ്ട്. ഉം പോട്ടെ. എല്ലാം ശര്യാവും.
നന്ദിനി: വിനോദ് ചേട്ടൻ എന്റെ വീട്ടീ താമസിച്ചോളു. വാടക്യൊന്നും തരണ്ട.
(വിനോദ് ചിരിക്കുന്നു.)
വിനോദ്: ഞാൻ മുബൈയില് പോവും. നല്ലൊരു ജോലി കിട്ടും. തിരിച്ചു വന്ന് നല്ല സുന്ദര്യായ ഒരു പെൺകുട്ടീനെ കല്യാണം കഴിക്കും.......”
നന്ദിനി: എന്നിട്ട്?
വിനോദ്: അതൊന്നും നിന്നെപ്പോലെള്ള കുട്ട്യോൾക്ക് അറിയണ്ടതല്ല...... ആട്ടെ നിനക്കെത്ര വയസ്സായി?
നന്ദിനി: പതിനെട്ട്.
വിനോദ്: പതിനെട്ട്? അപ്പൊ അറിഞ്ഞതോണ്ട് വലിയ കുഴപ്പമില്ല. പിന്നെ എന്താണ് ചെയ്യാന്നോ....?
നന്ദിനി: (ദേഷ്യത്തോടെ) ഞാമ്പോണ്. (എഴുന്നേറ്റ് പുറത്തു പോകുന്നു.)
സീൻ 2 ഡി.
പുറത്തു കടന്ന് വാതിലടച്ച് ലിഫ്റ്റിനടുത്തേയ്ക്ക് നടക്കുന്നു. ലിഫ്റ്റ് വരാനുള്ള സ്വിച്ചമർത്തുമ്പോൾ അവൾ വെറുതെ വിനോദിന്റെ വാതിൽക്കൽ നോക്കുന്നു. അവളുടെ മുഖം ആലോചനാമയമാണ്.
ലിഫ്റ്റ് വന്ന് വാതിൽ ഇരുവശത്തേയ്ക്കും തുറക്കുന്നു. ലിഫ്റ്റിനുള്ളിൽ കയറി അവൾ എട്ട് എന്ന ബട്ടനമർത്തുന്നു. (ഫെയ്ഡൗട്ട്).
സീൻ 3 എ.
എട്ടാം നിലയിലെ ലാന്റിങ്ങിൽ. പുറത്തു കാണുന്ന ദൃശ്യത്തിൽനിന്ന് ഉയർന്ന നിലയിലാണെന്ന് മനസ്സിലാവും. അവൾ നാലു വാതിലുകളുള്ളതിൽ ഒന്നിൽ ബെല്ലടിച്ച് കാത്തുനിൽക്കുന്നു. വാതിൽ തുറക്കുന്നത് അല്പം തടിയുള്ള ഒരു ഗുജറാത്തി മധ്യവയസ്‌കയാണ്. വെളുത്ത നിറം. സാരിയാണ് വേഷം. സാരിയുടെ തലപ്പ് വലത്തു വശത്തേയ്ക്കാണ് ഇട്ടിരിക്കുന്നത്. നന്ദിനിയെ കാണുമ്പോൾ ചിരിക്കുന്നു.
ഗുജറാത്തി സ്ത്രീ: വാ, വാ. ഇന്നെന്താണ് നേരം വൈകിയത്? (അവർ മലയാളം പറയുന്നത് പഠിച്ചു പറയുന്നപോലെയാണ്.)
നന്ദിനി: (അകത്ത് കടന്നുകൊണ്ട്) ഇല്ല ചേച്ചീ, ഒരഞ്ചു മിനിറ്റല്ലെ വൈകീട്ടുള്ളു.
സീൻ 3 ബി.
അതേ ഫ്‌ളാറ്റു തന്നെ. നല്ല ആഡംബരമുള്ള വീടിന്റെ ഉൾവശമാണ് കാണുന്നത്. നന്ദിനി അടുക്കളയിലേക്ക് നടക്കുന്നു. നല്ല വൃത്തിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള. സിങ്കിൽ പാത്രങ്ങൾ കഴുകുന്ന നന്ദിനിയുടെ ഷോട്ട്. വീട്ടുകാരി ഗുജറാത്തിയും ഒപ്പമുണ്ട്. അവർ നന്ദിനി കഴുകിയ പാത്രങ്ങളൊക്കെ നല്ലൊരു ടവ്വൽകൊണ്ട് തുടച്ചു വയ്ക്കുന്നു. (ഫെയ്ഡ്...)
സീൻ 3 സി.
ജോലി കഴിഞ്ഞ് പോകാൻ തയ്യാറായി നിൽക്കുന്ന നന്ദിനി. വീട്ടുകാരി ഒരു പ്ലെയ്‌റ്റെടുക്കുന്നു. നന്ദിനിയ്ക്ക് ഭക്ഷണം കൊടുക്കാനാണ്.
നന്ദിനി: ചേച്ചീ ഇന്നെന്താണ് ണ്ടാക്കീരിക്കണത്.
വീട്ടുകാരി: പൂരീം മസാലയും.
നന്ദിനി: ചേച്ചി ഒരു കാര്യം ചെയ്യു, എനിക്ക് ഒരു പ്ലാസ്റ്റിക്കിന്റെ കവറിലാക്കിത്തന്നാ മതി. ഞാൻ പിന്നെ കഴിച്ചോളാം.
വീട്ടുകാരി: എന്താണ് കാരണം?
നന്ദിനി: ഇപ്പ വെശപ്പില്ല, ചേച്ചീ.
വീട്ടുകാരി: നീ ഇപ്പൊ ജോലിയെടുത്ത വീട്ടീന്ന് വല്ലതും കഴിച്ചിട്ടുണ്ടാവും അല്ലെ?
നന്ദിനി: ഇല്ല ചേച്ചീ, ഈ കെട്ടിടത്തില് ഒരു ഫ്‌ളാറ്റുകാർക്കും ആ അബദ്ധൊന്നും പറ്റില്ല.
വീട്ടുകാരി: പിന്നെന്താ?
നന്ദിനി: എന്തോ, വെശപ്പില്ല. ചേച്ചി എനിക്കതു പൊതിഞ്ഞു തന്നാ മതി.
വീട്ടുകാരി: ശരി. (പൂരിയും മസാലയും രണ്ടു പ്ലാസ്റ്റിക്കിന്റെ കവറുകളിലാക്കി കൊടുക്കുന്നു.)
നന്ദിനി: അതു കയ്യിൽ വാങ്ങിക്കൊണ്ട്) ഞാൻ പോട്ടെ, ചേച്ചീ?
വീട്ടുകാരി: നാളെ നേർത്തെ വരണം കെട്ടോ എനിക്ക് ഷോപ്പിങ്ങിനു പോണം.
നന്ദിനി: ശരി, ചേച്ചി.
സീൻ 3 ഡി.
നന്ദിനി കയ്യിലെ പൊതിയുമായി ലിഫ്റ്റിനുള്ളിൽ. അവൾ അമർത്തുന്നത് രണ്ടാം നമ്പറിലേയ്ക്കുള്ള ബട്ടനാണ്. മൂന്നാം ഫ്‌ളോറിലെത്തിയപ്പോൾ ലിഫ്റ്റ് നിൽക്കുന്നു. നന്ദിനി പുറത്തു കടക്കുന്നു. ഒരു ചെറുപ്പക്കാരി ലിഫ്റ്റിലേയ്ക്ക് കയറുന്നു. അപ്പോഴാണത് മൂന്നാം നിലയായിരുന്നെന്ന് മനസ്സിലാവുന്നത്. അപ്പോഴേയ്ക്ക് ലിഫ്റ്റ് പോകുന്നു.
സീൻ 3 ഇ.
അവൾ താഴേയ്ക്ക് നടക്കാൻ തീർച്ചയാക്കുന്നു. അപ്പോഴാണ് തുറന്നിട്ട വാതിൽക്കൽ നിന്ന് ശ്ശ്, എന്ന വിളി കേൾക്കുന്നത്. അവൾ തിരിഞ്ഞു നോക്കുന്നു.
എതിർ വശത്തെ ഫ്‌ളാറ്റിൽ നിന്ന് കൊച്ചമ്മയുടെ ഭർത്താവ് പുറത്തു വരുന്നു.
അയാൾ: നീ എങ്ങോട്ടാ പോണത്?
നന്ദിനി: താഴെ ഒരു സാധനം കൊട്ക്കാന്ണ്ട്.
അയാൾ: തിരിച്ചു വരുമ്പോ ഇവിടെ കേറണം കെട്ടോ, കുറച്ചു ജോലി കൂടി ബാക്കിണ്ട്.
(നന്ദിനി ഒന്നും പറയാതെ കോണിയിറങ്ങി പോകുന്നു.)
നന്ദിനി: (പിറുപിറുക്കുന്നു) എന്തെങ്കിലും നിസ്സാര ജോലീണ്ടാവും. തരണ കാശ് മുഴ്വോൻ മൊതലാവണ്ടെ, രാക്ഷസി.
സീൻ 3 ഇ.
ലിഫ്റ്റിൽനിന്നു പുറത്തു കടക്കുന്ന നന്ദിനി. അവൾ നേരെ പോയി വിനോദിന്റെ വാതിൽ തുറന്ന് അകത്തു കടക്കുകയാണ്.
സീൻ 4 എ.
അകത്തു കടന്ന് വാതിലടക്കുന്ന നന്ദിനി. ഒരു കസേലയിൽ ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയിരിക്കുന്ന വിനോദ് തിരിഞ്ഞു നോക്കുന്നു.
നന്ദിനി: ഇതാ കുറച്ചു ചപ്പാത്തീം കറീംണ്ട്. എട്ടാം നെലേല്ള്ള ഗുജറാത്തികള് തന്നതാ. ഇന്നലെ തിന്ന കോഴീം പൊറാട്ടേം ദഹിച്ചാൽ എടുത്ത് തിന്നാം. ഇപ്പോണ്ടാക്കീതാ, നല്ല ചൂട്ണ്ട്.
(നന്ദിനി അത് മേശപ്പുറത്ത് വയ്ക്കുന്നു. അതിന്മേൽ ആർത്തിയോടെ നോക്കുന്ന വിനോദ്. പക്ഷെ അവൻ പറയുന്നു.)
വിനോദ്: അതിൽ പ്രശ്‌നംണ്ട്. (വായിലൂറിയ വെള്ളം ഇറക്കുന്നു) സമുദായത്തിൽ എന്റെ സ്ഥാനം വളരെ ഉയർന്നതാണ്, നിന്റേത് മറിച്ചും. അപ്പോൾ നീ സൗജന്യമായി തരുന്ന ഭക്ഷണം ഞാൻ സ്വീകരിച്ചാൽ അത് ശരിയാവില്ല.
നന്ദിനി: അത് ശരി, സാരംല്യ. ഞാനിത് കൊണ്ടുപോയി സമുദായത്തില് സ്ഥാനം കൊറഞ്ഞ വല്ലോരേം കണ്ടുപിടിച്ച് കൊടുക്കാം. (പൊതി കയ്യിലെടുക്കുന്നതായി ഭാവിക്കുന്നു.)
(വിനോദ് പെട്ടെന്നെഴുന്നേൽക്കുന്നു.)
വിനോദ്: ശ് ശ്.... അതല്ലാ ഞാനുദ്ദേശിച്ചത്. ഞാനുറക്കെ ചിന്തിക്കുകയായിരുന്നു. സമുദായത്തിന്റെ ഉച്ചനീചത്വങ്ങളെ നമുക്ക് പാടെ തുടച്ചു നീക്കണമെന്നു പറയ്വായിരുന്നു. ചുരുങ്ങിയത് ഭക്ഷണത്തിന്റെ കാര്യത്തിലെങ്കിലും.
നന്ദിനി: (ദേഷ്യം ഭാവിച്ച്) എനിക്ക് ജോലിണ്ട്. (പുറത്തു കടക്കുന്നു.)
സീൻ 4 ബി.
വാതിലിനു പുറത്തു കടക്കുന്ന നന്ദിനി. അവൾ പുറത്തു കടന്ന ശേഷം പതുക്കെ ശബ്ദമുണ്ടാക്കാതെ വാതിൽ കുറച്ചു തുറന്ന് അകത്തേയ്ക്കു നോക്കുന്നു.
സീൻ 4 സി.
വിനോദ് കസേര മേശയ്ക്കരികെ ഇട്ട് ഒരു പ്ലെയ്റ്റിൽ പൂരിയും മസാലയും വിളമ്പി ആർത്തിയോടെ തിന്നുകയാണ്.
സീൻ 4 ഡി.
നന്ദിനി ചിരിച്ചുകൊണ്ട് കോണി കയറുന്നു.
സീൻ 5 എ.
കോണി കയറി വരുന്ന നന്ദിനി. കാമറ തിരിയുമ്പോൾ കാണുന്നത് എതിർവശത്തെ ഫ്‌ളാറ്റിന്റെ തുറന്നിട്ട വാതിൽക്കൽ കാത്തു നിൽക്കുന്ന വയസ്സനെയാണ്.
നന്ദിനി (പിറുപിറുക്കുന്നു): നാശം ലിഫ്റ്റില് പോയാ മത്യായിരുന്നു. ഈ കെഴവൻ കാത്തു നിൽക്കുംന്ന് വിചാരിച്ചില്ല.
(വയസ്സൻ തുറന്നു പിടിച്ച വാതിലിൽക്കൂടി നന്ദിനി അകത്തു കടക്കുന്നു. അയാൾ വാതിലടച്ച് കുറ്റിയിടുന്നു.
സീൻ 5 ബി.
അടുക്കളയിൽ കൊച്ചമ്മയെ പരതുന്ന നന്ദിനി. ഭർത്താവ് വരുന്നു.
നന്ദിനി: കൊച്ചമ്മ എന്ത്യേ?
വയസ്സൻ: കൊച്ചമ്മ പൊറത്ത് പോയിരിക്ക്യാണ്.
നന്ദിനി: എന്തിനാന്നെ വിളിച്ചേ?
വയസ്സൻ: നിനക്ക് എന്റട്ത്ത് കൊറച്ച് നേരം ഇരുന്നൂടെ, ജോലിയൊന്നും ചെയ്യാതെ?
നന്ദിനി: അതെന്തിനാ?
അയാൾ അവളുടെ വളരെ അടുത്തെത്തിയിരിക്കുന്നു.
അയാൾ: നെനക്ക് കൊറച്ച് എക്സ്റ്റ്രാ പണംണ്ടാക്കണോ?
നന്ദിനി: എങ്ങനെ?
അയാൾ: ഞാൻ തരാം. (അയാൾ അവളുടെ അരക്കെട്ടിൽ കയ്യിട്ട് പിടിച്ചടുപ്പിക്കുകയാണ്.
നന്ദിനി: (കുതറിക്കൊണ്ട്) എനിക്ക് എക്സ്റ്റ്രാ പണം വേണ്ട. എന്താ ജോലീച്ചാ പറേ. അല്ലെങ്കീ ഞാൻ പോണു.
അയാൾ: നീ ഇവിടെ ഇരിക്ക്.
നന്ദിനി: ഞാമ്പോണു. (അവൾ ദേഷ്യത്തോടെ ധൃതിയിൽ വാതിലിലേയ്ക്ക് നടക്കുന്നു. വാതിൽ തുറന്ന് പുറത്തിറങ്ങുന്നു. (പിറുപിറുക്കുന്നു) അപ്പൂപ്പന്റെ ഓരോ പൂതി......
(ഫെയ്ഡൗട്ട്.)
സീൻ 6 എ.
നന്ദിനിയുടെ വീട്. ഒരു ചെറിയ മുറിയും അടുക്കളയും മാത്രം. ഒരു നിരയായി കിടക്കുന്ന ചാളുകളിലൊന്നിലാണത്. ചുമരെല്ലാം മങ്ങി വൃത്തികേടായിരിക്കുന്നു. വളരെ പരിമിത വിഭവങ്ങളിൽ കഴിയുന്ന കുടുംബം. അച്ഛനില്ല. അമ്മ ജോലിക്കു പോയി തിരിച്ചു വരുന്നു. സമയം ആറു മണിയായിട്ടുണ്ടാകും. നന്ദിനി അടുപ്പത്തുനിന്ന് ചായയുടെ പാത്രം ഇറക്കി വെയ്ക്കുന്നു.
അമ്മ ക്ഷീണിതയായി പ്രവേശിക്കുന്നു.
നന്ദിനി: അമ്മാ, ചായണ്ടാക്കീട്ടോ.
അവർ ഒന്നും പറയാതെ ചെറിയൊരു കട്ടിലുള്ളതിൽ ഇരിക്കുന്നു. കയ്യിലുള്ള സഞ്ചി തുറന്ന് ഒന്ന് രണ്ട് പൊതികൾ പുറത്തെടുക്കുന്നു.
അമ്മ: ഇതാ മോളെ കൊറച്ച് വടേം ജിലേബീംണ്ട്. ശ്യാമളച്ചേച്ചി നെനക്ക്ന്ന് പറഞ്ഞ് തന്നതാ.
നന്ദിനി: അവ്‌ടെ എന്താ വിശേഷം?
അമ്മ: പെറന്നാളാണ്.
നന്ദിനി: ആര്‌ടെ?
അമ്മ: അവര്‌ടെ കൊച്ചിന്റെ. ...... പിന്നെ നീയ്യിങ്ങനെ ചോദിച്ചോണ്ട് നിക്കല്ലെ. എനിക്ക് ശ്വാസം കിട്ട്ണില്ല. രാവിലെ എട്ട് മണിക്ക് തൊടങ്ങീതാ ഓട്ടോം പരാക്രമോം.
നന്ദിനി: സാരല്യ അമ്മേ. ഇതാ ചായ കുടിച്ചോ. അവൾ ചായ കൂട്ടിയത് ഗ്ലാസ്സിലാക്കി കൊടുക്കുന്നു. അവരത് ആർത്തിയോടെ കുടിക്കുന്നു.
നന്ദിനി: (പൊതി തുറന്ന് വട കയ്യിലെടുത്ത് കടിക്കുന്നു.) നല്ല സ്വാദ്ണ്ടമ്മേ. ഇതാ തിന്നോളു.
അമ്മ: വേണ്ട മോളെ, ഞാനവിട്ന്ന് തിന്നു.
അവർ ചായ കുടിക്കുന്നു.
നന്ദിനി: (പെട്ടെന്നെന്തോ ഓർത്ത പോലെ) അമ്മാ ഞാനൊരു കാര്യം ചോദിക്കട്ടെ.
അമ്മ: (ദേഷ്യത്തോടെ) കൊഞ്ചാത്യങ്ങട്ട് പറേണ്‌ണ്ടോ?
നന്ദിനി: അമ്മേ............ (സംശയിക്കുന്നു) ഈ വയസ്സായോർക്കും........
അമ്മ: വയസ്സായോർക്കും?
നന്ദിനി: ഒന്നുംല്ല്യ, അമ്മാ.
അമ്മ: (ശരിക്കും ദേഷ്യത്തിൽ) ഞാനൊരു കുത്ത് വച്ചുതരും. ഞാനീ എട്ടു മണിതൊട്ട് ഓടിപ്പാഞ്ഞ് ജോലിയെട്ക്കണത് നെന്നെ കെട്ടിച്ചയക്കാനാന്ന് ഓർത്തോ. ഓരോ ചോദ്യങ്ങള് ചോദിക്കണതേയ്.........
(നന്ദിനി തല കുനിച്ചിരിക്കുന്നു.)
സീൻ 7 എ.
വിനോദിന്റെ മുറിയാണ്. മുറിയിൽനിന്ന് വീട്ടുകാരന്റെ ഫ്‌ളാറ്റിലേയ്ക്കുള്ള വാതിൽ തുറന്നു കിടക്കുകയാണ്. അതിന് മുമ്പിലായി വീട്ടുകാരൻ. അമ്പത് അമ്പത്തഞ്ച് വയസ്സ്. അയാൾ ആകെ ക്ഷുഭിതനായി സംസാരിക്കുകയാണ്. വിനോദ് മുറിയിൽ മേശക്കരികെ തല താഴ്ത്തി നിൽക്കുന്നു.
വീട്ടുകാരൻ: രണ്ടു മാസത്തെ വാടക തരാന്ണ്ട്. ഈ മുപ്പത്തൊന്നാന്തിയായാൽ മൂന്നു മാസായി. ജോലി കിട്ടീട്ട് വാടക തരാന്ന് പറഞ്ഞാലെങ്ങനാ. വീട്ടീന്ന് വര്ത്തിക്കൂടെ? ഒരു കാര്യം പറഞ്ഞേക്കാം ഈ ഒന്നാന്തി ചുരുങ്ങീത് രണ്ടു മാസത്തെ വാടക തന്നില്ലെങ്കിൽ പിന്നെ ഇവ്‌ടെ താമസിക്കാൻ സമ്മതിയ്ക്കില്ല.
സീൻ 7 ബി.
മുറിയുടെ വാതിലിനു പുറത്ത്. നന്ദിനി കയ്യിൽ ഒരു പൊതിയുമായി ലിഫ്റ്റിറങ്ങി വരികയാണ്. മുകളിൽനിന്ന ഗുജറാത്തി വീട്ടമ്മ കൊടുത്ത ഭക്ഷണമാണ്. വാതിലിനു നേരെ നടക്കുമ്പോൾ ഉള്ളിൽ നിന്ന് ഉറക്കെ വീട്ടുകാരന്റെ സംസാരം കേൾക്കാനുണ്ട്. നന്ദിനിയുടെ മുഖത്ത് ചോദ്യം. അവൾ നടന്ന് വാതിലിനടുത്തെത്തിയപ്പോൾ ഒരു മിനുറ്റ് സംശയിച്ച ശേഷം വാതിൽ തുറക്കുന്നു.
സീൻ 7 സി.
അകത്ത് വീട്ടുകാരൻ ശകാരം നിർത്തി പോകാൻ തിരിയുകയാണ്. വാതിൽ തുറന്ന് നന്ദിനി അകത്തു കടന്ന് വാതിലടക്കുന്നു. വീട്ടുകാരൻ നന്ദിനിയെ ഒന്നു നോക്കിയ ശേഷം തിരിഞ്ഞ് അയാളുടെ ഫ്‌ളാറ്റിനുള്ളിലേയ്ക്ക് കടന്ന് വാതിൽ അല്പം ശബ്ദത്തോടെ അടക്കുന്നു. നന്ദിനി വിനോദിനെ ഒരു ചോദ്യത്തോടെ നോക്കുന്നു. പിന്നെ പൊതി മേശമേൽ വെച്ച ശേഷം ചോദിക്കുന്നു.
നന്ദിനി: എന്തിനാ അയാള് ബഹളം വെച്ചത്?
വിനോദ് മുഖമുയർത്തി അവളെ നോക്കുന്നു. അയാളുടെ മുഖം ദയനീയമാണ്. കണ്ണിൽ വെള്ളം ഊറിക്കൂടുന്നുണ്ട്.
നന്ദിനി: എന്തിനാ ആ രാക്ഷസൻ വന്നത്? (വിനോദ് ഒന്നും പറയുന്നില്ല.) പറേ വിനോദ് ചേട്ടാ, എന്താ പറ്റീത്?
വിനോദ്: (തലയുയർത്തി അവളെ നോക്കുന്നു.) അറിഞ്ഞിട്ട്‌പ്പൊ എന്ത് ചെയ്യാനാ? രണ്ട് മാസത്തെ വാടക കൊട്ക്കാന്ണ്ട്. ഈ ഒന്നാന്തി ആവുമ്പൊ അത് മൂന്ന് മാസാവും. ആയിരത്തിരുനൂറ്. ഒരാഴ്‌ചെള്ളു. എങ്ങിനെണ്ടാക്കാനാ?
നന്ദിനി: ജോലിടെ കാര്യം എന്തായീ?
വിനോദ്: ശര്യായി വര്‌ണേള്ളു. ഇനീം ഒരു മാസം പിടിക്കും. അത് കിട്ട്യാത്തന്നെ ശംബളം കയ്യീ കിട്ടണങ്കി പിന്നീം ഒരു മാസം പിടിക്കും. അപ്പഴയ്ക്ക് രണ്ടായിരം ഉറപ്പിക്യാവും വാടക്യന്നെ.
നന്ദിനി: അപ്പൊ അമ്മ്യോട് ചോദിക്കായിര്ന്നില്ലെ?
വിനോദ്: അമ്മടെ കാര്യം നെനക്കറിയാഞ്ഞിട്ടാ. അതൊന്നും പറ്റില്ല.
നന്ദിനി: ഞാനൊരു കാര്യം ചെയ്യാം. ഏതെങ്കിലും വീട്ടീന്ന് അഡ്വാൻസ് കിട്ട്വോന്ന് നോക്കട്ടെ. എന്താ കൊഴപ്പംന്നറിയോ? ഒന്നാന്ത്യായാൽ അമ്മ തന്ന്യാണ് നേരിട്ട് വന്ന് ശംബളം വാങ്ങണത്. ങും, സാരല്യ, നോക്കട്ടെ.
(വിനോദ് ഒന്നും പറയാനാവാതെ ഇരിക്കുന്നു. നന്ദിനി വാതിൽ തുറന്ന് പുറത്തു കടക്കുന്നു.)
സീൻ 8 എ.
പുറത്തു കടന്ന് വാതിലടക്കുന്ന നന്ദിനി. അവൾ ആലോചനയിലാണ്. ലിഫ്റ്റിൽ പോകാതെ കോണി കയറുന്നു.
സീൻ 8 ബി.
മൂന്നാം നിലയിൽ ബെല്ലടിച്ചു കാത്തുനിൽക്കുന്ന നന്ദിനി. വാതിൽ തുറന്ന് വയസ്സൻ പ്രത്യക്ഷപ്പെടുന്നു. നന്ദിനിയെ കാണുമ്പോൾ മുഖം വികസിക്കുന്നു. പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കിയ ശേഷം.)
വയസ്സൻ: വാ, എന്തേ?
നന്ദിനി: (ശബ്ദം കുറച്ച്) എനിക്കൊരു എണ്ണൂറു രൂപ പേണം, അർജന്റായിട്ട്.
വയസ്സന്റെ മുഖം കൂടുതൽ വികസിക്കുന്നുണ്ട്.
വയസ്സൻ: എണ്ണൂറു രൂപയോ? അതെങ്ങിനെ ഇത്ര പെട്ടെന്നുണ്ടാക്കും?
നന്ദിനി: പെട്ടെന്ന് വേണം. പിന്നെ അത് ശമ്പളത്തിൽ കിഴിക്കരുത്. വേറൊരാവശ്യത്തിനാ. കൊച്ചമ്മ്യോട് പറേണ്ട.
വയസ്സൻ സന്തോഷത്തിൽ ചിരിക്കുന്നു.
വയസ്സൻ: ഞാൻ നോക്കട്ടെ. (നേരിയ ശബ്ദത്തിൽ) നീ മൂന്നു മണിക്കു വാ, എത്രണ്ടാവുംന്ന് നോക്കട്ടെ.
നന്ദിനി: ഇപ്പൊ തന്നൂടെ?
വയസ്സൻ: (അകത്തേയ്ക്ക് കണ്ണുകൊണ്ട് കാണിച്ചുകൊണ്ട്) മൂന്നു മണിക്ക് ബ്യൂട്ടി പാർലറിൽ പോവും. അപ്പൊ വാ.
നന്ദിനി: (അദ്ഭുതത്തോടെ) ബ്യൂട്ടി പാർലറിലോ? നല്ല കോലാവും.
(നന്ദിനി തിരിഞ്ഞു നടക്കുന്നു. വയസ്സൻ ആർത്തി പിടിച്ച കണ്ണുകളോടെ അവളുടെ പിന്നാലെ നോക്കുന്നു.. നന്ദിനി ലിഫ്റ്റിൽ കയറി, വാതിലടയുന്നു.)
സീൻ 9 എ.
ഗുജറാത്തിയുടെ വീട്ടിലെ അടുക്കള. സിങ്കിൽ പാത്രങ്ങൾ കഴുകി പാവാടയിൽ തുടയ്ക്കുന്ന നന്ദിനി. അവൾ ചുമരിലെ ക്ലോക്ക് നോക്കുന്നു. മൂന്നു മണിയാവുന്നു. അവൾ സ്വീകരണ മുറിയിലേയ്ക്കു വരുന്നു.
സീൻ 8.
സ്വീകരണ മുറിയിൽ ഒരു മാസികയും മാറിൽ വെച്ച് സോഫയിൽ ഇരുന്നുറങ്ങുന്ന ഗുജറാത്തി സ്ത്രീ. നന്ദിനി വിളിക്കുന്നു.
നന്ദിനി: ചേച്ചീ.
ഗുജറാത്തി സ്ത്രീ ഞെട്ടിയുണരുന്നു. അവർ പുസ്തകം മാറ്റിവെച്ച് എഴുന്നേൽക്കുന്നു.
അവർ: ജോലിയെല്ലാം കഴിഞ്ഞോ നന്ദിനി?
നന്ദിനി: കഴിഞ്ഞു ചേച്ചീ, ഞാൻ പോട്ടെ?
ഗുജറാത്തി: ആട്ട കുഴച്ചുവച്ചുവോ?
നന്ദിനി: കുഴച്ചു ചേച്ചീ, അത് പാത്രത്തില് തുണികൊണ്ട് അടച്ചുവെച്ചിട്ട്ണ്ട്.
ഗുജറാത്തി: എന്നാൽ ശരി, നാളെ നേരത്തെ വരു.
നന്ദിനി: ശരി, ചേച്ചീ.
(ഗുജറാത്തി സ്ത്രീ അവളെ വാതിൽ വരെ അനുഗമിക്കുന്നു. അവൾ കോണിയിറങ്ങുമ്പോൾ വാതിലടക്കുന്നു.
സീൻ 9 ബി.
മൂന്നാം നില. കോണി കയറി വരുന്ന നന്ദിനി. ലാന്റിങ്ങിലെത്തുമ്പോൾ വാതിൽ തുറന്ന് കൊച്ചമ്മ പുറത്തു വരുന്നു. പുറത്തു പോകാനുള്ള വേഷവിധാനങ്ങളാണ്. തോളിൽ ഹാന്റ് ബാഗുണ്ട്. അവരെ കാണുമ്പോൾ നന്ദിനി നിൽക്കുന്നു.
നന്ദിനി: കൊച്ചമ്മ എവിടേയ്ക്കാ?
കൊച്ചമ്മ: ഞാനൊന്ന് ബ്യൂട്ടി പാർലറിൽ പോയി വരാം. മുടി ഡൈ ചെയ്യിക്കണം, പിന്നെ പുരികം.
നന്ദിനി: (അദ്ഭുതത്തോടെ) കൊച്ചമ്മ ഇതൊന്നും ചെയ്യാറില്ലല്ലോ.
കൊച്ചമ്മ: അതേയ്, അടുത്താഴ്ച അനിയത്തീടെ മോന്റെ കല്യാണാ. എങ്ങന്യാ ഈ വെൺചാമരും തലേല്‌വച്ച്. അപ്പൊ തോന്നി ഒന്ന് ഡൈ ചെയ്തുകളയാംന്ന്. പിന്നെ ഒരു ഫേഷ്യലും ചെയ്യണം.
നന്ദിനി: അതോണ്ട് കാര്യംണ്ടോ കൊച്ചമ്മേ?
കൊച്ചമ്മ: (ദേഷ്യം ഭാവിച്ച് അടിക്കാനോങ്ങുന്നു) പോടി അവിട്ന്ന്. പിന്നെ നിന്നെ കണ്ടതു നന്നായി. സിങ്കില് കൊറച്ച് പാത്രങ്ങളിട്ടിട്ട്ണ്ട്. അതൊന്ന് കഴുകിവച്ചിട്ടു പോ.
നന്ദിനി: ശരി കൊച്ചമ്മേ (വാതിലിൽ മുട്ടിക്കൊണ്ട് നന്ദിനി പറയുന്നു. അവർ ലിഫ്റ്റിന്റെ വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ അവൾ കോക്രി കാട്ടുന്നു.
വയസ്സൻ വാതിൽ തുറക്കുന്നു. നന്ദിനിയെ കണ്ടപ്പോൾ അയാൾ വാതിലിനിരു വശത്തും നോക്കുന്നു. ആരുമില്ലെന്നുറപ്പായപ്പോൾ വിളിക്കുന്നു.
വയസ്സൻ: വാ.
നന്ദിനി അയാളുടെ മുൻകരുതലുകൾ സംശയത്തോടെ വീക്ഷിക്കുന്നു. അവൾ സംശയിച്ച് അകത്തു കടക്കുന്നു.
സീൻ: 9 സി.
അകത്തു കടന്ന് വാതിലടക്കുന്ന നന്ദിനി. വയസ്സൻ തൊട്ടുതന്നെ നിൽക്കുന്നു. വാതിലടച്ചു കഴിഞ്ഞപ്പോൾ അയാൾ അവളെ അരക്കെട്ടിലൂടെ കൈയ്യിട്ട് പിടിക്കുന്നു.
വയസ്സൻ: വാ.
അയാൾ ചെയ്യുന്നതൊന്നും ഇഷ്ടമാകുന്നില്ലെന്ന് നന്ദിനിയുടെ മുഖഭാവം കൊണ്ട് മനസ്സിലാവും. അവൾ പക്ഷെ കുതറി മാറാൻ ശ്രമിക്കുന്നില്ല. ഹാളിലെത്തുമ്പോളേയ്ക്ക് കിഴവൻ അവളെ രണ്ടു കൈകൊണ്ടും ചേർത്തു പിടിക്കാൻ ശ്രമിക്കയാണ്. അവൾ കുതറി മാറുന്നു.
നന്ദിനി: മതി, ഇനി പിന്നെ ആവാം. പണം താ ഞാൻ പോട്ടെ.
വയസ്സൻ: അല്പം നിരാശനായെങ്കിലും അവളെ വിടുന്നു. കിതയ്ക്കുന്നുണ്ട്.
നന്ദിനി: എനിക്ക് പോവാൻ തെരക്ക്ണ്ട്.
കിഴവൻ: എന്റെ കയ്യിൽ എണ്ണൂറൊന്നും ഉണ്ടാവില്ല. ഒരു മൂന്നൂറ് എടുക്കാം.
നന്ദിനി: അയ്യോ എണ്ണൂറ് തന്നെ വേണം. ഇന്ന് നാനൂറെങ്കിലും വേണം. ബാക്കി നാളെയായാലും മതി.
വയസ്സൻ: നോക്കട്ടെ. വാ.
നന്ദിനി സംശയിച്ചു നിൽക്കുന്നു. കിഴവൻ അകത്തു പോയി നൂറിന്റെ നാലു നോട്ടുകളുമായി തിരിച്ചു വരുന്നു. നോട്ടുകൾ അവളുടെ കയ്യിൽ കൊടുത്ത് അവളെ വീണ്ടും അരക്കെട്ടിലൂടെ പിടിക്കാൻ ശ്രമിക്കുന്നു. നന്ദിനി കുതറി മാറുന്നു.
വയസ്സൻ: നാളെ വരണം, കെട്ടോ. ബാക്കി തരാൻ പറ്റുമോന്ന് നോക്കട്ടെ.
നന്ദിനി: ശരി. (ധൃതിയിൽ പോകുന്നു. നോക്കി നിൽക്കുന്ന വയസ്സൻ.) ഫെയ്ഡൗട്ട്.
സീൻ 10 എ.
വിനോദിന്റെ വാതിൽ തുറന്നു വരുന്ന നന്ദിനി. കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകളുണ്ട്. വിനോദ് കിടക്കയിൽ കണ്ണടച്ചു കിടക്കുകയായിരുന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കണ്ണു തുറക്കുന്നു. നന്ദിനിയെ കണ്ടപ്പോൾ അവൻ എഴുന്നേൽക്കുന്നു.
നന്ദിനി കയ്യിലെ നോട്ടുകൾ അവനു നേരെ നീട്ടുന്നു. വിനോദ് ആ നോട്ടുകളിലേയ്ക്ക് നോക്കുന്നു, വാങ്ങാൻ മടിയുണ്ട്.
വിനോദ്: നീയെനിക്കു വേണ്ടി എന്തിനാണ് ഇതൊക്കെ ചെയ്യണത്?
നോട്ടുകൾ വാങ്ങുന്നു. കണ്ണിൽ ഊറിയ ജലം ഷർട്ടിന്റെ കയ്യിൽ തുടയ്ക്കുന്നു.
നന്ദിനി: അതു സാരല്യ. നാനൂറുറുപ്പിക നാളെ തരാം ന്ന് പറഞ്ഞിട്ട്ണ്ട്. അപ്പോ രണ്ടു മാസത്തെ വാടക കൊടുക്കാലോ. പിന്നെ വീട്ടുകാരന്റെ മോന്ത കാണണ്ടല്ലോ.
വിനോദ്: എനിക്ക് പറഞ്ഞുവച്ച ആ ജോലിയൊന്ന് വേഗം കിട്ടിയിരുന്നെങ്കിൽ!
നന്ദിനി: (ചിരിച്ചു കൊണ്ട്) ജോലി കിട്ട്യാല് എന്താ ചെയ്യാ?
വിനോദ്: (മൂഡ് വീണ്ടെടുക്കുന്നു, ഉഷാറായി എഴുന്നേൽക്കുന്നു.) ജോലി കിട്ടിയാലോ? എന്താ സംശയം, ഞാൻ നല്ല സുന്ദരിയായ ഒരു പെൺകുട്ട്യെ കല്യാണം കഴിക്കും. എന്നിട്ട്......
നന്ദിനി: മതി, മതി. വിനോദ് ചേട്ടൻ മാറ്യോന്ന് നോക്കാൻ ചോയ്ച്ചതാ.
നന്ദിനി ചിരിച്ചുകൊണ്ട് പോകുന്നു. (ഫെയ്ഡൗട്ട്)
സീൻ 10 ബി.
കെട്ടിടത്തിനു താഴെ. സെക്യൂരിറ്റി മുറിയിൽ യൂണിഫോമിട്ട വാച്ച്‌മേൻ. നന്ദിനി കെട്ടിടത്തിൽ നിന്ന് വരുന്നു. സെക്യൂരിറ്റിയെ നോക്കി ചിരിക്കുന്നു. അയാളുടെ മുമ്പിൽ വച്ച പുസ്തകത്തിൽ കിളിവാതിലിലൂടെ കയ്യിട്ട് ഒപ്പിടുന്നു.