|| Scripts

ഇങ്ങനെയും ഒരു ജീവിതം

ഇ ഹരികുമാര്‍

സീൻ 11 എ.

മൂന്നാം നിലയിലെ വാതിൽ തുറന്ന് പുറത്തു വരുന്ന നന്ദിനി. അവളുടെ മുഖം വിവർണ്ണമായിരിക്കുന്നു. വല്ലാതെ വിഷമമുള്ളതുപോലെ അവൾ തല താഴ്ത്തിക്കൊണ്ട് നടന്ന് കോണിയിറങ്ങുന്നു. ചുരുട്ടിയ ഇടത്തെ കയ്യിൽ നോട്ടുകളുണ്ട്.

സീൻ 11 ബി.

വിനോദിന്റെ മുറി. വിനോദ് കിടന്നുകൊണ്ട് ഒരു പുസ്തകം വായിക്കുകയാണ്. നന്ദിനി വാതിൽ തുറന്നു വരുന്നു. വിനോദ് പുസ്തകം കമിഴ്ത്തിവച്ച് എഴുന്നേൽക്കുന്നു. നന്ദിനി നോട്ടുകൾ വിനോദിനു കൊടുക്കുന്നു. അവളുടെ മുഖഭാവം അവൻ ശ്രദ്ധിക്കുന്നു. അതവന് വിഷമമുണ്ടാക്കുന്നുണ്ട്.

വിനോദ് നോട്ടുകൾ വാങ്ങുന്നു.

വിനോദ്: എന്തു പറ്റീ?

നന്ദിനി ഒന്നും പറയുന്നില്ല. ഒരു ദീർഘശ്വാസം വിടുന്നു. അതിന്റെ അവസാനത്തിൽ പറയുന്നു.

നന്ദിനി: എനിക്കു മടുത്തു.

വിനോദ്: എന്താ അഡ്വാൻസ് കിട്ടാൻ അടിപിടി കൂടേണ്ടി വന്നുവോ?

(നന്ദിനിയുടെ മനസ്സിലൂടെ പോകുന്ന ചിത്രങ്ങൾ. കിഴവൻ കെട്ടിപ്പിടിക്കുന്നത്. വലതു കൈകൊണ്ട് കെട്ടിപ്പിടിച്ച് ഇടതു കൈകൊണ്ട് പാവാടയുടെ ചരട് അഴിയ്ക്കാൻ ശ്രമിക്കുന്നു. വിരലുകൾ വിറ കൊള്ളുന്നുണ്ട്.)

വിനോദ്: എനിക്കു ശമ്പളം കിട്ടിയാൽ രണ്ടു മാസംകൊണ്ടത് കൊടുത്തു തീർക്കാം. പോരെ?

(വിനോദിന് വിഷമമാവുന്നു എന്നതിൽ അവൾക്ക് സങ്കടമുണ്ട്. അവൾ പെട്ടെന്ന് മുഖഭാവം മാറ്റാൻ ശ്രമിക്കുന്നു.)

നന്ദിനി: അതു സാരംല്ല്യ. അവര് കൊറേശ്ശ്യായി പിടിച്ചോളും. ചേട്ടന് എത്ര്യാ ശമ്പളം കിട്ടാൻ പോണത്?

വിനോദ്: പറഞ്ഞാൽ നീ വിശ്വസിക്കില്ല.

നന്ദിനി: അത്ര അധികംണ്ടോ?

വിനോദ്: (സന്തോഷത്തോടെ) ഉം. മൂവ്വായിരം ഉറുപ്പിക. പിന്നെ അലവൻസുംണ്ടാവും. എല്ലാംകൂടി അയ്യായിരത്തിന്റെ അട്ത്ത് കിട്ടും.

നന്ദിനി: (ശരിക്കും സന്തോഷിക്കുന്നു.) അത്യോ? ചേട്ടൻ കല്യാണം കഴിക്കാൻ പോണ കുട്ടീടെ ഭാഗ്യം. പിന്നെ ഒരു കാര്യം, നിങ്ങള് വേറെ വീടെടുത്ത് താമസിക്കുമ്പോ അവിടെ ജോലിക്ക് എന്നെത്തന്നെ വയ്ക്കണംട്ടോ.

വിനോദ്: (കളിയായി) ആലോചിക്കട്ടെ.

നന്ദിനി: ഞാൻ പോണു. (എഴുന്നേൽക്കുന്നു. അവൾ ക്ഷീണിച്ചിരിക്കുന്നു. ക്ഷീണത്തേക്കാൾ മനസ്സിടിഞ്ഞതാണ് അവളുടെ പ്രശ്‌നം.)

വിനോദ് അദ്ഭുതത്തോടെ അവളെ നോക്കുന്നു. നന്ദിനി വാതിൽ തുറന്ന് പുറത്തു പോകുന്നു.

സീൻ 12 എ.

നന്ദിനിയുടെ വീട്. മുറിയിലെ അരണ്ട വെളിച്ചത്തിൽ നന്ദിനി കട്ടിലിൽ കിടക്കുകയാണ്. ക്യാമറ അടുത്തു വരുമ്പോൾ കാണുന്നത് ക്ഷീണിച്ച മുഖമാണ്. അവൾ എന്തോ ആലോചിച്ചുകൊണ്ട് കിടക്കുകയാണ്. പുറത്തുനിന്ന് അമ്മയുടെ ശബ്ദം കേൾക്കുന്നു. അവർ വരുന്ന വഴി അയൽക്കാരിയുമായി എന്തോ സംസാരിക്കുകയാണ്. നന്ദിനി കട്ടിലിൽനിന്നു ചാടി എഴുന്നേൽക്കുന്നു. ഒരു പാത്രത്തിൽ കൈയ്യിട്ട് നനച്ച് മുഖം തുടയ്ക്കുക്കുന്നു. ഒരു തോർത്തു കൊണ്ട് മുഖം തുടയ്ക്കുമ്പോഴാണ് അമ്മ വാതിൽ ഉന്തിത്തുറന്ന് അകത്തു കടക്കുന്നുത്.

അമ്മ: എന്താ പെണ്ണേ ചായോന്നുംണ്ടാക്കീലെ.

നന്ദിനി: ഇപ്പണ്ടാക്കാം അമ്മാ.

അമ്മ: എന്താ കെടക്ക്വായിരുന്നോ?

നന്ദിനി: അല്ലമ്മാ, വെറ്‌തെ ഇരിക്ക്യായിരുന്നു. വല്ലാത്ത ക്ഷീണം തോന്നി.

അമ്മ: എന്തേ ക്ഷീണം വരാൻ?

നന്ദിനി: നല്ലോണം ജോലിണ്ടായിരുന്നു അമ്മാ.

സീൻ 12 ബി.

അമ്മ സഞ്ചി ചുമരരുകിൽ വച്ച്, മുറിയുടെ ഒരു മൂലയിൽ പോയി സാരി അഴിച്ചു മാറ്റുന്നു. സാരി മടക്കി അയലിൽ തൂക്കിയിടുന്നു. തിരിച്ച് പോകുമ്പോൾ എന്തോ സംശയം വന്നപോലെ അയലിലേയ്ക്കു നോക്കുന്നു. തിരിച്ച് മകളെയും. നന്ദിനി സ്റ്റൗവ്വിൽ ചായയ്ക്കുള്ള വെള്ളം കയറ്റി വയ്ക്കുകയാണ്.

അമ്മ ഒരിക്കൽക്കൂടി അയലിലേയ്ക്കു സംശയത്തോടെ നോക്കുന്നു. അവർ നന്ദിനിയുടെ അടുത്തേയ്ക്ക് ചെല്ലുന്നു.

അമ്മ: നെനക്ക് ഇപ്രാവശ്യം വന്നില്ലെ പെണ്ണേ?

നന്ദിനി ഞെട്ടുന്നു.

അമ്മ: എന്താ ഞാൻ ചോയ്ച്ചത് കേട്ടില്ലേ?

നന്ദിനി: കേട്ടു അമ്മാ, ഇപ്രാവശ്യം വന്നിട്ടില്ല.

അമ്മ: എന്തേ?

നന്ദിനി (ഭയത്തോടെ) അറീല്യ അമ്മാ.

അമ്മ: വരണ്ട ദിവസം കഴിഞ്ഞ് ഒരാഴ്ച്യായില്ലെ? (അവർ സംശയത്തോടെ മകളെ നോക്കുന്നു. നോട്ടം നേരിടാൻ കഴിയാതെ നന്ദിനി തല താഴ്ത്തി തിരിയുന്നു.)

അമ്മ: എന്താ മിണ്ടാത്തേ? നാവിറങ്ങിപ്പോയോ?

നന്ദിനി പെട്ടെന്ന് മുഖം പൊത്തി കരയുന്നു. അമ്മയ്ക്ക് ദേഷ്യം പിടിക്കുന്നു. അവർ അവളുടെ തലമുടിയിൽ ചുറ്റിപ്പിടിച്ച് നിലത്തിരുത്തുന്നു.

അമ്മ: എന്താണ്ടായത്, പറയടീ.

നന്ദിനി ഒന്നും പറയാതെ കരയുകയാണ്. അവർ കയ്യിൽ കിട്ടിയ ഒരു വിറകുകൊള്ളികൊണ്ടവളെ അടിക്കാൻ തുടങ്ങുന്നു.

അമ്മ: ഇനി അതിനുംകൂടി പണം ചെലവാക്കണം. നാണക്കേട് ബാക്കീം. ഞാനെന്താ ചെയ്യാ? (അടി തുടരുന്നു. നന്ദിനി അടി തടുക്കാൻ ശ്രമിച്ചുകൊണ്ട് കിടക്കുകയാണ്. അമ്മ അടി നിർത്തി ചുമരരുകിൽ പോയി തലയും താങ്ങിയിരിക്കുന്നു.)

(ഫെയ്ഡൗട്ട്.)

സീൻ 13 എ.

വൈന്നേരം. പുറത്ത് വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. മുറിയുടെ വാതിൽ തുറന്ന് വിനോദ് അകത്തു കടക്കുകയാണ്. കയ്യിൽ ഒരു പ്ലാസ്റ്റിക് ക്യാരി ഹോം സഞ്ചിയുണ്ട്. അകത്തു കടന്ന് വാതിലടച്ച് അയാൾ സഞ്ചി മേശപ്പുറത്തു വെച്ച് അതിൽനിന്ന് ചതുരത്തിലുള്ള വെള്ള കടലാസു പെട്ടിയെടുക്കുന്നു. മധുര പലഹാരങ്ങളുടെ ചിത്രം പുറത്തു കാണാം. അത് മേശപ്പുറത്തു വയ്ക്കുമ്പോൾ മുഖത്ത് ചിരിയുണ്ട്.

സിങ്കിനടുത്തു ചെന്ന് പരിശോധിക്കുന്നു. പാത്രങ്ങളെല്ലാം കഴുകി വെച്ച് സിങ്ക് ഉണങ്ങിക്കിടക്കുകയാണ്. അയാൾ ചുറ്റും നോക്കുന്നു. എല്ലാം വൃത്തിയായി വച്ചിരിക്കുന്നു. കിടക്ക വിരി വിരിച്ച് തലയിണയെല്ലാം കലാപരമായി ഒരുക്കി വെച്ചിരിക്കുന്നു.

അയാൾ ഒരു കടലാസെടുത്ത് അതിൽ എന്തോ എഴുതി സ്വീറ്റിന്റെ പെട്ടിയുടെ അടപ്പ് അല്പം പൊക്കി അതിനിടയിൽ പുറത്തു കാണത്തക്ക വിധത്തിൽ വെയ്ക്കുന്നു. മുറിയിൽ വെളിച്ചം കുറഞ്ഞു വരികയാണ്. ചുമരിലെ സ്വിച്ചമർത്തി ലൈറ്റിടുന്നു. പെട്ടിമേൽ വച്ച കടലാസ് ഒരിക്കൽക്കൂടി എടുത്തു വായിക്കുന്നു. എഴുതിയത് ക്യാമറയിൽ കാണിക്കണം. 'നന്ദിനിയ്ക്ക്. എനിക്ക് ആദ്യത്തെ ശംബളം ഇന്ന് കിട്ടി. ചെലവ് ഇതാ. ഇത് വീട്ടിൽ കൊണ്ടുപോയിക്കോളു.'

സീൻ 13 ബി.

രാവിലെ സമയം. വിനോദ് പാന്റുടുക്കുന്നു. ഓഫീസിൽ പോകാൻ തയ്യാറായി നിൽക്കുന്നു. കിടയ്ക്ക വിരി ചുളിഞ്ഞിരിക്കുന്നു. തലയിണ ഏങ്കോണിച്ചു കിടക്കുന്നു. സിങ്കിൽ പാത്രങ്ങൾ കഴുകാൻ കിടക്കുന്നു. ഇന്നലെ വൈകുന്നേരം കണ്ടതിന്റെ മറുചിത്രം. അയാൾ മേശപ്പുറത്തു വെച്ച സ്വീറ്റ് പെട്ടിയുടെ മൂടിയിൽനിന്ന് പുറത്തേയ്ക്ക് തുറിച്ചു നിൽക്കുന്ന കടലാസ് എടുത്ത് ഒരാവർത്തി കൂടി വായിച്ച് തിരിച്ചു വയ്ക്കുന്നു. മുഖത്തു ചിരി.

വാതിൽ തുറന്ന് പുറത്തേയ്ക്ക് കടക്കുന്നു. വാതിലടച്ച് കുറ്റിയിടുന്നു. പൂട്ടുന്നില്ല. നടന്ന് കോണിയിറങ്ങുന്നു. (ഫെയ്ഡൗട്ട്.)

സീൻ 13 സി.

സീൻ എയുടെ അതേ നിലയാണ്. വിനോദ് അകത്തു കടക്കുന്നു. ആദ്യം നോക്കുന്നത് മേശപ്പുറത്താണ്. രാവിലെ വെച്ച അതേ സ്ഥാനത്തു തന്നെ മാറ്റമില്ലാതെ ആ സ്വീറ്റിന്റെ പെട്ടിയിരിക്കുന്നു. മുഖത്ത് അദ്ഭുതം. അയാളതെടുത്തു നോക്കുന്നു. ആരും തൊട്ടിട്ടില്ല. പെട്ടി അവിടെത്തന്നെ വെച്ച് ചുറ്റും നോക്കുന്നു. മുറി വൃത്തിയാക്കിയിട്ടില്ല. നന്ദിനി വന്നിട്ടില്ലെന്നർത്ഥം.

സീൻ 13 ഡി.

മുൻ സീനിന്റെ ആവർത്തനം തന്നെ. സ്വീറ്റിന്റെ പെട്ടി വെച്ചിടത്തു തന്നെയുണ്ട്. മുറി വൃത്തിയാക്കിയിട്ടുമില്ല. അയാൾ അദ്ഭുതത്തോടെ ചുറ്റും നോക്കുകയാണ്. ആലോചനാമഗ്നനായി കസേലയിൽ ഇരിക്കുന്നു.

സീൻ 14 എ.

ഗുജറാത്തിയുടെ വീട്ടിലെ അടുക്കളയിൽ. നന്ദിനിയുടെ അമ്മ ജോലിയെടുക്കുകയാണ്. പിടഞ്ഞുകൊണ്ടുള്ള ജോലി.

ഗുജറാത്തി സ്ത്രീ: നന്ദിനിടെ പനി മാറീല്ല്യേ?

നന്ദിനിയുടെ അമ്മ: ഭേദംണ്ട് ചേച്ചീ. ഈ തിങ്കളാഴ്ച വരും.

ഗുജറാത്തി: എന്തേ പനി വരാൻ? കഴിഞ്ഞ രണ്ടു കൊല്ലായിട്ട് അവൾക്ക് ഒരു ജലദോഷംപോലും വന്നിട്ടില്ലല്ലൊ.

അമ്മ: കൂടുതൽ ജോലിയെടുത്തിട്ടാ ചേച്ചീ. ഇനി തൊട്ട് ഇവിടീം രണ്ടാം നെലേല്ള്ള ആ പയ്യനില്ലെ, അവിടീം മാത്രേ പണിയെടുക്കൂ. മൂന്നാം നെലേല്‌ത്തെ കൊച്ചമ്മടെ അവ്‌ടെ പോണില്ല്യാന്ന് പറഞ്ഞു അവള്.

ഗുജറാത്തി: എന്തേ?

അമ്മ: നല്ലോം ജോലിയെടുപ്പിക്കും. ശംബളും കൊറവാ. പിന്നെ ഒരു ചായീംകൂടി അവ്ട്ന്ന് കൊടുക്കില്ല. ചേച്ചി അവൾക്ക് എന്തൊക്കെ തിന്നാൻ കൊടുക്കണ്‌ണ്ട്. പിന്നെ ഉച്ചയ്ക്ക് ഊണും. അവരങ്ങിന്യൊന്നും അല്ല. അപ്പൊ ഞാനും പറഞ്ഞു പോണ്ടാന്ന്. രണ്ടാം നെലേല്‌ത്തെ പയ്യൻ നല്ലോനാ. ജോലി കിട്ടീട്ട് ഒരു മാസേ ആയിട്ടുള്ളു. ഞാനിപ്പൊ ഓട്ടാണ്. എന്റെ സ്ഥിരം ജോലിയും ചെയ്യണം, അതിന് പൊറമേ ഈ വീട്ടിൽത്തീം. രണ്ടാം നെലേല് പോയിട്ടില്ല ഇതുവരെ. ഇനി ആ പയ്യൻ മറ്റു വല്ലോരേം വെയ്‌ക്ക്വോ ആവോ.

ക്യാമറ സാവധാനത്തിൽ സൂം ഔട്ട് ചെയ്യുന്നു. ഇപ്പോൾ അവരുടെ സംസാരം വ്യക്തമല്ല. (ഫെയ്ഡൗട്ട്.)

സീൻ 15 എ.

സീൻ 13 എ യിലെ അതേ നില. മുറിയുടെ വാതിൽ തുറന്ന് വിനോദ് അകത്തു കടക്കുകയാണ്. അകത്തു കടന്ന ഉടനെ മേശപ്പുറത്തു നോക്കുന്നു. പാക്കറ്റ് അവിടെത്തന്നെയുണ്ട്. മുറി അയാൾ രാവിലെ ഇട്ടുപോകുന്നപോലെത്തന്നെ അലങ്കോലപ്പെട്ടു കിടക്കുകയാണ്. അയാൾ മേശപ്പുറത്തുനിന്ന് പെട്ടിയെടുത്ത് തുറക്കുന്നു. മൂക്കിലേയ്ക്കു കൊണ്ടുപോയി വാസനിക്കുന്നു. പിന്നെ അതിനു മുമ്പിലിട്ട കസേലയിൽ ഇരുന്ന് ഒരു ലഡ്ഡുവെടുത്ത് വായിലേയ്ക്കു കൊണ്ടു പോകുന്നു. പെട്ടെന്നത് കടിക്കാതെ കയ്യിൽ പിടിച്ച് ഇരിക്കുന്നു. മുഖം വിഷാദമയമാണ്, സങ്കടവുമുണ്ട്. ക്യാമറ സൂം ചെയ്ത് അയാളുടെ മുഖം കാണിക്കണം. സാവധാനത്തിൽ ഒരു കണ്ണീർക്കണം തുളുമ്പി കവിളിലൂടെ ഒഴുകുന്നു.

സീൻ 16 എ.

തിങ്കളാഴ്ച. ഗുജറാത്തിയുടെ വീട്ടിന്റെ അടുക്കള. നന്ദിനി ശബ്ദമുണ്ടാക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് സിങ്കിൽ പാത്രം കഴുകുന്നു. ഗുജറാത്തി സ്ത്രീ ഗ്യാസടുപ്പിൽ എന്തോ ഭക്ഷണം പാകം ചെയ്യുകയാണ്.

ഗുജറാത്തി സ്ത്രീ: അപ്പൊ എന്തേ നിനക്ക് പനിണ്ടാവാൻ കാരണം?

നന്ദിനി: അറീല്ല്യ ചേച്ചി. നല്ല പന്യായിരുന്നു.

ഗുജറാത്തി: നീ നല്ലവണ്ണം ക്ഷീണിച്ചിട്ടുണ്ട്. പിന്നെ എന്താ നിന്റെ മുഖത്തും കയ്യിന്മലും പാട്? എവിടെയെങ്കിലും വീണുവോ?

നന്ദിനി: (ആശ്വാസത്തോടെ) ങാ, ചേച്ചി. തലചുറ്റി വീണു.

ഗുജറാത്തി: നീ റോഡിൽ നടക്കുമ്പോഴെല്ലാം ശ്രദ്ധിക്കണം. നീയിപ്പൊ മൂന്നാം നെലേല്ള്ള കൊച്ചമ്മടെ വീട്ടീ പോണില്ല്യ അല്ലെ?

നന്ദിനി: (തിരിഞ്ഞു നോക്കുന്നില്ല. പാത്രം കഴുകുന്നതിനിടയിലാണ് മറുപടികളെല്ലാം) ഇല്ല ചേച്ചീ.

ഗുജറാത്തി: നിന്റെ അമ്മ പറഞ്ഞു. അവര് ഭക്ഷണൊന്നും തരില്ല, നല്ല ശംബളും തരില്യാന്ന്.

നന്ദിനി: ങാ, ചേച്ചീ.......

(ഫെയ്ഡൗട്ട്).

സീൻ 17.

വിനോദിന്റെ മുറി. വാതിൽ തുറന്ന് വിനോദ് പ്രവേശിക്കുന്നു. ചുവരിലെ സ്വിച്ചിട്ടു വിളക്കു കത്തിക്കുന്നു. ഓഫീസിൽ നിന്നു വരുന്ന വഴിയാണ്. മുറി വൃത്തിയാക്കി വച്ചിട്ടുണ്ടെന്ന് അയാൾക്കു മനസ്സിലാവുന്നു. അയാൾ സിങ്കിനടുത്തേയ്ക്കു നടക്കുന്നു. സിങ്ക് വൃത്തിയായി ഉണങ്ങിക്കിടക്കുന്നു. അവന്റെ മുഖം പ്രകാശിക്കുന്നു. ഒരു പാത്രത്തിൽ വെള്ളമെടുത്ത് സ്റ്റൗ കൊളുത്തി അതിന്മേൽ വയ്ക്കുന്നു.തിരിച്ചു വന്ന് പാന്റ്‌സിന്റെ കുടുക്കുകളഴിക്കുന്നു...... (ഫെയ്ഡൗട്ട്.)

സീൻ 18 എ,

വിനോദിന്റെ മുറി. നേരം പുലരുന്നതേയുള്ളു. വിനോദ് പുതച്ചു കിടക്കുകയാണ്. നല്ല ഉറക്കം. പെട്ടെന്ന് അലാം അടിക്കുന്നു. വിനോദ് ഞെട്ടിയുണരുന്നു. എഴുന്നേറ്റിരുന്ന് തലയ്ക്കൽ ഭാഗത്ത് വെച്ച ചെറിയ അലാം ക്ലോക്ക് ഓഫാക്കുന്നു. എഴുന്നേൽക്കാൻ ഭാവിക്കുന്നു. വയ്യ. മേൽ വേദനയുള്ളപോലെ കാട്ടണം. അയാൾ കഴുത്തിൽ കൈവെച്ച് നോക്കുന്നു. പനിയുണ്ട്. വീണ്ടും കിടന്ന് പുതയ്ക്കുന്നു.

സീൻ 18 ബി.

വിനോദിന്റെ മുറി. സമയം ഏകദേശം പത്തു മണിയായിട്ടുണ്ടാവും. അവൻ എഴുന്നേറ്റ് കുളിമുറിയിലേയ്ക്കു നടക്കുന്നു. നടത്തത്തിൽ വയ്യായയുണ്ട്. ഒരു നിമിഷത്തിനുള്ളിൽ കുളിമുറിയിൽ നിന്ന് പുറത്തു വന്ന് ചായയുണ്ടാക്കാൻ ശ്രമിക്കുന്നു. സ്റ്റൗവ്വിൽ വെള്ളം വെച്ച ശേഷം അടുത്തുള്ള കസേലയിലിരിക്കുന്നു....

സീൻ 18 സി.

വിനോദിന്റെ മുറി. അതേ ദിവസം തന്നെ. സമയം പതിനൊന്നര പന്ത്രണ്ടായിട്ടുണ്ടാവും. വിനോദ് ഷർട്ടും മുണ്ടും മാറ്റിയിട്ടുണ്ട്. തലമുടി ചീകി വച്ചിട്ടുണ്ട്. മുഖത്ത് പക്ഷെ ക്ഷീണമുണ്ട്. കസേരയിലിരുന്നു പേപ്പർ വായിക്കുകയാണ്.

പെട്ടെന്ന് വാതിൽ തുറന്ന് നന്ദിനി വരുന്നു. വിനോദിനെ പ്രതീക്ഷിച്ചിട്ടില്ലാത്തതു കൊണ്ട് ഞെട്ടലുണ്ടാവുന്നു. പിന്നെ വാതിലടച്ച് സിങ്കിനു നേരെ നടക്കുന്നു. വിനോദിനെ നോക്കി വെറുതെ ഒന്നു ചിരിക്കുക മാത്രം ചെയ്തു. വിനോദിന്റെ മുഖത്ത് വളരെയധികം സന്തോഷമുണ്ട്.

വിനോദ്: നീയെന്താണ് ഇത്ര ദിവസും വരാതിരുന്നത്?

അവൾ ഒന്നും പറയുന്നില്ല. അവളുടെ മുഖത്തും കയ്യിന്മേലും ഉള്ള പാടുകൾ അവനപ്പോഴാണ് കാണുന്നത്.

വിനോദ്: എന്താ നിന്റെ കയ്യിലും മൊഖത്തും ഒക്കെ പാടുകള്?

നന്ദിനി ഒന്നും പറയുന്നില്ല.

വിനോദ്: എന്റെ ഓഫീസ് നല്ല രസംണ്ട്. ഞങ്ങള് എട്ടു പേരാണ്. എല്ലാരും ആണ്ങ്ങള് തന്നെ. എനിക്ക് എടയ്ക്ക് പൊറത്ത് പോണ്ടി വരും. ഓട്ടോവിന്റെ കാശൊക്കെ കമ്പനി തരും. (വിനോദ് നിർത്തി അവളെ ശ്രദ്ധിക്കുന്നു. ഇതുവരെയായി അവൾ ഒരക്ഷരം പറഞ്ഞിട്ടില്ലാ എന്നത് അവന് വിഷമമുണ്ടാക്കുന്നുണ്ട്. അവന് ദേഷ്യവും സങ്കടവും വരുന്നുണ്ട്.)

വിനോദ്: നീ തന്ന ആയിരത്തിമുന്നൂറു രൂപ എന്റെ കയ്യിലുണ്ട്. എത്ര പലിശയാണ് വേണ്ടത്.

നന്ദിനി മുഖമുയർത്തി വിനോദിനെ ദയനീയമായി നോക്കുന്നു. കണ്ണുകൾ ഈറനാവുകയും ചെയ്യുന്നു. അടുത്ത നിമിഷത്തിൽ അവൾ പൊട്ടിക്കരയുകയാണ്.

വിനോദ് പകച്ചു നിൽക്കുന്നു. ഒരു നിമിഷം എന്താണ് ചെയ്യേണ്ടതെന്നറിയാതെ അയാൾ നിൽക്കുന്നു. പിന്നെ സാവധാനത്തിൽ അവളുടെ അടുത്തു ചെന്ന് ചുമലിൽ കൈ വയ്ക്കുന്നു. നന്ദിനി അനങ്ങുന്നില്ല, കരയുക തന്നെയാണ്.

വിനോദ്: കരയണ്ട നന്ദിനി. എന്താണ് കാര്യംന്ന് പറയൂ. (അയാൾ നിർത്തുന്നു, ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം തുടരുന്നു) ഞാനൊരു മണ്ടനാണ്. അല്ലെങ്കിൽ ഇങ്ങിനെയൊക്കെ പറയ്വോ. നോക്ക് എനിക്ക് ശമ്പളം കിട്ടി. നിനക്കുവേണ്ടി ലഡ്ഡു വാങ്ങി കുറേ ദിവസം വച്ചു കാത്തിരുന്നു. നീ വന്നില്ല. എവിടെപ്പോയി എന്നും മനസ്സിലായില്ല. ഞാൻ മുമ്പ് പറഞ്ഞതോർക്ക്ണ്‌ണ്ടോ. ജോലി കിട്ട്യാല് ഒരു സുന്ദരിയെ കല്യാണം കഴിക്കുംന്ന്. ഞാൻ തീർച്ചയാക്കിയിരിക്കുന്നു.

നന്ദിനി ഇപ്പോഴും ഒന്നും പറയുന്നില്ല.

വിനോദ്: ഞാൻ ആര്യാണ് കല്യാണം കഴിക്കാൻ പോണത്ന്ന് എന്താ ചോദിക്കാത്തത്?

നന്ദിനി ഒന്നും പറയുന്നില്ല. ഇപ്പോഴും അടക്കിപ്പിടിച്ച തേങ്ങലവളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

വിനോദ്: എന്താ ചോദിക്കാത്തത്?

നന്ദിനിയുടെ പാത്രം കഴുകൽ കഴിഞ്ഞിരിക്കുന്നു. മറ്റു ജോലികളൊന്നും ചെയ്യാതെ അവൾ മുറി വിട്ട് ഓടിപ്പോവുകയാണ്. ലിഫ്റ്റിനു വേണ്ടി കാക്കാതെ അവൾ കോണി കയറുകയാണ്, ഓടുന്നപോലെത്തന്നെ.

സീൻ 19 എ.

എറ്റവും മുകളിലെ നിലയിൽനിന്ന് ഓടിക്കയറുന്ന നന്ദിനി. ടെറസ്സിന്റെ വാതിൽ തുറന്ന് ഓടുന്നു. അവിടെ ടെറസ്സിൽ ഒരു മുക്കിലിരുന്ന് തേങ്ങിത്തേങ്ങി കരയുകയാണ്.

സീൻ 19 ബി.

ക്യാമറ അവളെ വിട്ട് പുറത്തെ പ്രകൃതി ദൃശ്യം പകർത്തുന്നു. പിന്നെ തിരിയുമ്പോൾ കാണുന്നത് ടെറസ്സിന്റെ വാതിൽക്കൽ പകച്ച് നിൽക്കുന്ന വിനോദിനെയാണ്. അവൻ സാവധാനത്തിൽ അവളുടെ നേരെ നടന്നു വരുന്നു. (ഫെയ്ഡൗട്ട്.)

ജീവന്‍ ടീവി നിര്‍മ്മിച്ച ചെറുഫിലിം

ഈ തിരക്കഥയെക്കുറിച്ച്


മലയാളം വാരിക ഓണപ്പതിപ്പ് (2001) ല്‍ പ്രസിദ്ധീകരിച്ച ഇ ഹരികുമാറിന്റെ "ഇങ്ങനെയും ഒരു ജീവിതം" എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഒരു ടെലിഫിലിമിന്‌ ഉപയോഗപ്പെടുത്താവുന്ന രൂപത്തില്‍ കഥാകൃത്തുതന്നെ തയ്യാറാക്കിയ തിരക്കഥ.