ഇ ഹരികുമാര്‍
കഥ ആദ്യം പ്രസിദ്ധപ്പെടുത്തിയത് 1987 മെയ് 10ലെ കലാകൗമുദി വാരികയിലാണ്. മൊബൈല്‍ പോയിട്ട്, വീടുകളില്‍ ലാന്റ് ലൈനുകള്‍ വരെ അപൂര്‍വ്വമായ ആ കാലത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനാണ് ഈ കുറിപ്പ്.
വിജയൻ - 35 (ഒരു പ്രൈവറ്റ് കമ്പനി എക്‌സിക്യൂട്ടീവ്)
വിമല - 28 (ഭാര്യ)
അജിത്ത് - 8 (മകൻ)
മാധവി - 30 (വിമലയുടെ സ്‌നേഹിത)
നീലിമ - 16 (കാനഡയിൽനിന്നു വന്ന കുട്ടി)
നീലിമയുടെ അമ്മമ്മ - 58
ബർത്ത്‌ഡേ ആഘോഷിക്കാൻ വരുന്ന കുട്ടികൾ 4 - 12 വയസ്സ്
ബോണി - 22 (ലീഡ് ഗിത്താറിസ്റ്റ്)
സൈമൺ - 22 (ഡ്രമ്മർ)
മറ്റു രണ്ടു ആർട്ടിസ്റ്റുകൾ
മാത്യ, രവി, സോമൻ, നാണപ്പൻ (വിജയന്റെ ക്ലബ്ബിലെ ചീട്ടുകളി അംഗങ്ങൾ)
മണി - 18 (ക്ലബ്ബിലെ പ്യൂൺ)
ചന്ദ്രൻ - 50 (പെട്ടിക്കട നടത്തുന്നവൻ)
അയാളുടെ അസിസ്റ്റന്റ്
മോളി - 24 (വിജയന്റെ സ്റ്റെനോ)
ബീച്ചിൽ കളിക്കുന്ന കുട്ടി - 6 വയസ്സ്
പോസ്റ്റ്മാൻ
റസ്റ്റോറണ്ടിലെ വെയ്റ്റർമാർ
മൃദംഗക്കാരൻ, വയലിൻകാരൻ
ഗിത്താർ കടക്കാരൻ
ഒരു ഡ്രഗ്ഗ് പെഡ്‌ളർ
ഡ്രൈവർ
റിസപ്ഷനിസ്റ്റ്
ഡെന്നി - 55 (വിജയന്റെ കമ്പനിയുടമ)
തോമസ് - 50 (ഗവണ്മന്റ് ഉദ്യോഗസ്ഥൻ)
നീലിമയുടെ ചെറിയച്ഛൻ - 48
Title Shot:
കാമറ ലോങ്‌ഷോട്ടായി കാണിക്കുന്നത് ഒരു ഇടത്തരം വീടാണ്. മുമ്പില്‍ മുറ്റം. മുറ്റത്തിന്നരുകിലായി വളരെ ലളിതമാായ ഒരു പൂന്തോട്ടം. തോട്ടം അത്ര ശ്രദ്ധാപൂര്‍വ്വമല്ല നോക്കുന്നതെന്ന് ചെടികള്‍ക്കിടയില്‍ മുളച്ച കളകളും ഇടതൂര്‍ന്നു വളര്‍ന്ന പുല്ലുകളും കാണിക്കുന്നു. കാമറ പാന്‍ ചെയ്യുന്നത് പറമ്പിന്നതിരില്‍ അരമതിലിന്നപ്പുറത്തും ഇപ്പുറത്തുമായി നിന്ന് സംസാരിക്കുന്ന രണ്ടു സ്ത്രീകളിലേക്കാണ്. ഏകദേശം മുപ്പതു വയസ്സു പ്രായം രണ്ടുപേര്‍ക്കും. കാമറ സാവധാനത്തില്‍ അടുക്കുമ്പോള്‍ രണ്ടു സ്ത്രീകളുടേയും മുഖഭാവം വ്യക്തമാവുന്നു. ഇപ്പുറത്തു നില്‍ക്കുന്ന സ്ത്രീ സാരിയാണുടുത്തിരിക്കുന്നത്. അപ്പുറത്തുള്ള സ്ത്രീ ഒരു ഗൌണും. അവരുടെ അരയ്ക്കു മുകളിലെ കാണു. വളരെ രസകരമായ ഒരു അപവാദമാണ് വിഷയമെന്നു വ്യക്തം. സംസാരം അധികവും ഗൌണിട്ട സ്ത്രീയാണ് ഇപ്പുറത്തുനില്‍ക്കുന്ന വിമല ശ്രോതാവാണ്. ഇടയ്ക്ക് ചെറുചോദ്യങ്ങള്‍ മാത്രം തൊടുത്തുവിടുന്നു. വിലങ്ങനെ വരുന്ന മഞ്ഞ രശ്മികള്‍ അവരുടെ മുഖം തുടുപ്പിക്കുന്നു. സാവധാനത്തില്‍ (ടൈറ്റിലുകള്‍ കഴിയുമ്പോഴേക്കും) വെളിച്ചം മങ്ങിവന്ന്, അസ്തമയമാവുന്നു. കൊതുകിന്റെ ശല്യം. അതിനിടയിലും സംസാരം രസകരമായി നടക്കുന്നു.
സീന്‍ -1:
ഗെയ്റ്റു കടന്ന് ഒരു മുപ്പത്തഞ്ചുകാരന്‍ വരുന്നു. പാന്റും ഷര്‍ട്ടും വേഷം. കനത്ത മീശ. ക്ഷീണിച്ച മുഖം. കയ്യില്‍ ബ്രീഫ് കേയ്‌സ്. ഗെയ്റ്റ് കടന്നുള്ള നടപ്പാതയിലൂടെ അയാള്‍ നടക്കുന്നു. മുറ്റം മുറിച്ചു കടക്കുമ്പോള്‍ മതിലിന്നരികില്‍ അയല്‍ക്കാരിയുമായി സംസാരിച്ചു നില്‍ക്കുന്ന ഭാര്യയെ നോക്കുന്നു. മുഖത്ത് സ്പഷ്ടമായ ഭാവങ്ങളൊന്നുമില്ല. വിരസതയോട് ചേര്‍ന്ന ഒരു തരം അവഗണന. ഉമ്മറത്തേക്ക് കയറുന്നു.
വിമല ഭര്‍ത്താവ് വരുന്നതു കാണുന്നു. അവരുടെ മുഖത്തും ഭാവഭേദമൊന്നുമില്ല.
വിമല: ചേട്ടന്‍ വന്നു. ഞാന്‍ ചായയുണ്ടാക്കി കൊടുത്തിട്ട് വരാം.
സീന്‍-2
വീട്ടിനകം - തീരെ ആഡംബരമില്ലാത്ത സജ്ജീകരണങ്ങള്‍. ഒരു എളിയ സോഫാസെറ്റ്. സെന്റര്‍ ടേബ്ള്‍. ഒരു അരുകില്‍ വലിപ്പമുള്ള സാധാരണ മേശ, മുമ്പില്‍ കസേര. മേശമേല്‍ ടേബ്ള്‍ ലാമ്പ്, കുറച്ച് പുസ്തകങ്ങള്‍, ഒരു ചെറിയ ടേപ്പ് റെക്കോര്‍ഡര്‍. ചുവരില്‍ ഒരു കലണ്ടര്‍. നാല്‍പതു വാട്ടിന്റെ വെളിച്ചത്തില്‍ വിജയന്‍ സോഫയിലിരുന്ന് പതുക്കെ ഷൂസ് ഊരുന്നു. വിമല വാതില്‍ കടന്നുവന്ന് സോഫയില്‍ വിജയന്റെ അടുത്തിരിക്കുന്നു. ബ്രീഫ്‌കേസ് തുറന്ന് പരിശോധിക്കുന്നു. ഒഴിഞ്ഞ ലഞ്ച്‌ബോക്‌സെടുത്ത് പുറത്തു വെക്കുന്നു.
വിമല: ഞാന്‍ എന്നും വിചാരിക്കും ബ്രീഫ്‌കേസ് തുറന്നാല്‍ എനിക്കു വേണ്ടി വാങ്ങിയഎന്തെങ്കിലും കാണുമെന്ന്. ഒരു സാരിയോ, എന്തെങ്കിലും.......
ഈ തമാശ വിജയനെ ഉന്മേഷവാനാക്കുന്നില്ല.
വിജയന്‍: നീ തമാശ പറയാതെ ചായയുണ്ടാക്കിവരുമോ?
വിമല എഴുന്നേറ്റു കൊണ്ടിരിക്കുമ്പോള്‍ ചോദിക്കുന്നു.
വിമല: ഇന്നെന്താ ഇത്ര നേര്‍ത്തെ? ക്ലബ്ബില്‍ പോയില്ലെ?
വിജയന്‍: (ഷൂസുമെടുത്ത് എഴുന്നേറ്റുകൊണ്ട്) എന്താ ഇന്നത്തെ പരദൂഷണം കഴിഞ്ഞില്ലെ?
വിജയന്‍ ഷൂസും കൊണ്ട് അകത്തെ മുറിയിലേക്ക് പോകുന്നു. അതിനു തൊട്ടാണ് അടുക്കള. വിമല ചായയ്ക്കുള്ള വെള്ളം വെക്കുന്നു. ഒപ്പം സംസാരവും.
വിമല: നിങ്ങള്‍ക്കറിയാഞ്ഞിട്ടാ. നമുക്കു ചുറ്റും എന്തൊക്കെ അത്ഭുതങ്ങളാണ് നടക്കുന്നതെന്നറിയ്യോ?
വിജയന്‍ വാഷ്‌ബേസിനില്‍ മുഖം കഴുകി, തോര്‍ത്തെടുത്ത് മുഖം തുടയ്ക്കുന്നു. തോര്‍ത്ത് കസേരയുടെ പിന്നില്‍ നിവര്‍ത്തിയിട്ടു കൊണ്ട് പറയുന്നു.
വിജയന്‍: അത്ഭുതങ്ങളുടെ കാലം കഴിഞ്ഞുവെന്നാണ് ഞാന്‍ കരുതിയത്.
അയാള്‍ സോഫയില്‍ പോയിരിക്കുന്നു. വിമല ചായ കൂട്ടി കൊണ്ടുവരുന്നു. ഒപ്പം സംസാരവും.
വിമല: നമ്മുടെ മാധവീടെ അപ്പുറത്ത് പുതുതായി താമസിക്കാന്‍ വന്നവരില്ലെ, ആ കപ്പിള്. ആ പെണ്ണ് ഭയങ്കരിയാത്രെ.
വിമല ഒരു പ്ലേയ്റ്റില്‍ മിക്‌സ്ചര്‍ എടുക്കാന്‍ പോയ തക്കത്തില്‍ വിജയന്‍ മേശവലിപ്പില്‍ നിന്ന് അല്പം പഞ്ഞിയെടുത്ത് രണ്ടു ചെവിയിലും നിറയ്ക്കുന്നു. വിമല ചതി അറിയുന്നില്ല. പ്ലേയ്റ്റ് വിജയനു മുമ്പില്‍ ടീപോയില്‍ വെച്ച് വിമല തുടരുന്നു.
വിമല: രാവിലെ ഭര്‍ത്താവ് ഓഫീസില്‍ പോയാല്‍ അവള്‍ എന്താണ് ചെയ്യാന്നറിയ്യോ? കര്‍ട്ടനൊക്കെ ഇട്ടുവെക്കും. ഒരു പതിനൊന്നുമണിയായാല്‍ എന്നും അവിടെ ഒരാള് വരാറ്ണ്ടത്രെ. പന്ത്രണ്ടുമണിവരെ അവിടെയുണ്ടാവും. ആ സമയത്ത് അവളെ പുറത്ത് കാണ്വേല്ല്യാന്ന്.
വിജയന്‍ അക്ഷ്യോഭ്യനായി ചായ കുടിക്കുന്നു. മിക്‌സ്ചര്‍ വാരിത്തിന്നുന്നു.
വിമല: എന്നിട്ട് ഒരു ദിവസം എന്തുണ്ടായീന്ന് കേള്‍ക്കണോ?
വിജയനില്‍ നിന്ന് പ്രതികരണമൊന്നുമില്ല.
വിമല: നിങ്ങള് കേള്‍ക്ക്ണ്‌ണ്ടോ ഞാന്‍ പറേണത്?
പ്രതികരണമില്ല. പെട്ടെന്ന് വിമല എഴുന്നേറ്റ് വിജയന്റെ ചെവിയില്‍ തിരുകിയ പഞ്ഞി പുറത്തെടുക്കുന്നു.
വിമല: (പഞ്ഞിയും ഉയര്‍ത്തിപ്പിടിച്ച്) കണ്ടില്ലെ കാണിക്കണ പണി. ഇനി ഞാന്‍ നിങ്ങള്‍ക്ക് ഒരു സാധനം പറഞ്ഞുതന്നെങ്കിലല്ലെ!
വിമലയുടെ ശുണ്ഠി വിജയന്റെ മുഖഭാവത്തിന് അയവുവരുത്തുന്നു. ചിരി.
വിമല: നോക്കൂ, ഞാനിപ്പോ വരാം. മാധവി കാത്തിരിക്കുന്നുണ്ടാവും. മുഴുവന്‍ പറഞ്ഞു കഴിഞ്ഞിട്ടില്ല.
വിജയന്‍ ശുണ്ഠി കാണിക്കുന്നു.
വിജയന്‍: ഈ ഇരുട്ടത്ത് എന്തിനാണ് പോകുന്നത്? അവിടെ വല്ല ഇഴജന്തുക്കളുമുണ്ടാവും.
വിമല: ഇല്ല ഞാന്‍ അവിടെയൊക്കെ കൈക്കോട്ടുകൊണ്ട് വൃത്തിയാക്കിയിട്ടുണ്ട്. ഒരഞ്ചു മിനിറ്റു മതി. അതെന്തായിന്നറിയാതെ എനിക്കൊറക്കം വരില്ല.
വിമല പോകുന്നു.
വിജയന്‍ ചായഗ്ലാസ് ടീപോയ്‌മേല്‍ വെക്കുന്നു. ചുറ്റും നോക്കുന്നു. മങ്ങിയ വെളിച്ചം, വിരസമായ വീട്ടു സാമാനങ്ങള്‍. അയാള്‍ സോഫയിലിരുന്ന് കൈയുയര്‍ത്തി കോട്ടവായിടുന്നു. പെട്ടെന്നാണ് മേശമേല്‍ ഒരു സാധനം കാണുന്നത്. മോന്റെ വീഡിയോ ഗെയിം. (ചെറിയ, കയ്യില്‍ കൊണ്ടുനടക്കാവുന്ന തരത്തിലുള്ള താണ്) വിജയന്‍ അതെടുത്ത് തിരുപ്പിടിക്കുന്നു.
(ഇവിടെ വീഡിയോ ഗെയിമിന്റെ സ്‌ക്രീന്‍ വലുതായി കാട്ടണം.)
തള്ളഗൊറില്ല പുഴക്കക്കരെ (സ്‌ക്രീനിന്റെ ഇടതുഭാഗത്ത് മുകള്‍വശത്ത്) ഒരു വലിയ അഴിക്കൂട്ടില്‍ തടങ്കലിലാണ്. കൂട്ടിനു പുറത്ത് ഒരാള്‍ കാവലിരിക്കുന്നു. പുഴയിലാകട്ടെ നിറയെ ചീങ്കണ്ണികളും, ആകാശത്ത് പറന്നു കൊത്തുന്ന കഴുകന്മാരും. ഇവയ്ക്കിടയിലാണ് കുട്ടിഗൊറില്ലയ്ക്ക് അമ്മയെ രക്ഷിക്കാന്‍ പോകേണ്ടത്. പുഴയിലൂടെയാണ് ആദ്യം പോകേണ്ടത്. ചീങ്കണ്ണി പിടിക്കാന്‍ വരുമ്പോള്‍ ഒരു ചുവന്ന ബട്ടനമര്‍ത്തി ഗൊറില്ലക്കുട്ടിയെ ചാടിയ്ക്കണം.
പിന്നെ കുറച്ചുദൂരം മരക്കൊമ്പുകളിലൂടെയാണ് യാത്ര. അപ്പോഴേയ്ക്ക് കഴുകന്മാര്‍ വരുന്നു. ഉടനെ അവനെ നിലത്തിറക്കണം. ഇങ്ങിനെ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അവനെ ഒന്നുകില്‍ ചീങ്കണ്ണിയോ അല്ലെങ്കില്‍ കഴുകനോ പിടിക്കും. അപ്പോള്‍ അവന്റെ കരച്ചില്‍ കേള്‍ക്കാം. വീണ്ടും കളി ആദ്യം തൊട്ടു തുടങ്ങണം. സാമര്‍ത്ഥ്യമുണ്ടെങ്കില്‍ അവനെ ചാടിക്കുകയും ഇറക്കുകയും ചെയ്തു കൊണ്ട് പുഴയുടെ അവസാനം വരെ എത്തിക്കാം. അതിനുശേഷം മരക്കൊമ്പുകളില്‍ കൂടി മാത്രമുള്ള യാത്രയാണ് അവിടെ കഴുകന്മാര്‍ മാത്രമേയുള്ളു. അവസാനത്തില്‍ ഒരു മരത്തിനു മുകളില്‍ തൂക്കിയിട്ട താക്കോല്‍ ചാടിപ്പിടിച്ച് അതുകൊണ്ട് അഴിക്കൂട്ടിന്റെ വാതില്‍ തുറക്കണം. തുറന്നാല്‍ അമ്മയുടെ ചിരി കേള്‍ക്കാം. ചാട്ടം പിഴച്ചാല്‍ അവന്‍ മൂക്കു കുത്തി വീണതുതന്നെ.
വിജയന്‍ കളിക്കുമ്പോള്‍ നാലു സ്റ്റെപ്പു കഴിയുമ്പോഴേയ്ക്കും ഗൊറില്ലക്കുട്ടിയെ ഒരു ചീങ്കണ്ണിയോ കഴുകനോ പിടിക്കുന്നു. ഗൊറില്ലക്കുട്ടിയുടെ ചീ ചീ എന്ന കരച്ചിലും. സ്‌കോര്‍ കിട്ടുന്നില്ല. ക്രമേണ വീഡിയോ ഗെയിം കൊണ്ടുള്ള കളി ഒരു ജീവന്‍ മരണ സമരമായി മാറുന്നു. അയാളുടെ മുഖത്തെ പേശികള്‍ ടെന്‍ഷന്‍ കാരണം വലിയുന്നു.
ആ സമയത്ത് മകന്‍ അജിത്, എട്ടുവയസ്സ്, പുറത്തെ വാതില്‍ കടന്ന് വരുന്നു. അവന്‍ സ്‌ക്കൂള്‍ യൂനിഫോമില്‍ തന്നെയാണ്. ബ്രൌണ്‍ ട്രൌസറും വെള്ളഷര്‍ട്ടുമാവാം. ടൈ ഇല്ല. ഷര്‍ട്ടില്‍ നിറയെ മണ്ണായിരിക്കുന്നു. (ചളിയായിരിക്കുന്നു) കയ്യില്‍ പിടിച്ചിരുന്ന ക്രിക്കറ്റ് ബാറ്റ് ഒരു സോഫയില്‍ വലിച്ചെറിഞ്ഞ് അവന്‍ അച്ഛന്റെ പിന്നില്‍ നില്‍ക്കുന്നു, ഉടനെത്തന്നെ കമന്ററിയും തുടങ്ങുന്നു.
മകന്‍: ചാടിക്കു അച്ഛാ,.......... അതാ കഴുകന്മാര് വരുന്നു. നിലത്തിറക്കു അല്ലെങ്കില് കഴുകന്മാര് പിടിക്കും...... ആ ബട്ടനല്ല, മറ്റേത്. ജംബ്, ജംബ്.
അവന്റെ നിര്‍ദ്ദേശങ്ങളൊന്നും ഗൊറില്ലക്കുട്ടിയെ രക്ഷിക്കുന്നതായി കാണുന്നില്ല. അവനെ ചീങ്കണ്ണിയും കഴുകനും പിടിക്കുമ്പോഴത്തെ കരച്ചില്‍ ഇടക്കിടെ കേള്‍ക്കാം. അജിതിന് സഹിക്കുന്നില്ല. അവന്‍ വീഡിയോ ഗെയിം അച്ഛന്റെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചു വാങ്ങാന്‍ ശ്രമിക്കുന്നു. അയാള്‍ കൊടുക്കുന്നില്ല. പക്ഷെ ക്രമേണ അയാള്‍ കീഴടങ്ങുന്നു. വീഡിയോ ഗെയിം മകന്റെ കയ്യിലെത്തുന്നു. അവന്‍ പെട്ടെന്ന് ബട്ടണുകള്‍ അമര്‍ത്തുന്നു. ഗൊറില്ലക്കുട്ടിയെ രക്ഷിക്കുന്നു. ഇനിതൊട്ട് ഗൊറില്ലക്കുട്ടി നടക്കുമ്പോഴുണ്ടാ കുന്ന ബീപ് ബീപ് ശബ്ദം മാത്രം. കുറച്ചുകഴിഞ്ഞാല്‍ തള്ളഗൊറില്ലയുടെ ചിരിയും. സ്‌കോര്‍ കുതിച്ചുകയറുന്നു.
(ഇപ്പോള്‍ വീഡിയോ ഗെയ്മിന്റെ സ്‌ക്രീന്‍ ഒരിക്കല്‍കൂടി വലുതാക്കി കാണിക്കണം.)
അജിത് ഗെയിം കളിച്ചുകൊണ്ട് അവന്റെ മുറിയിലേക്ക് പോകുന്നു. അതും തളത്തിന് തൊട്ടുള്ള മുറിയാണ്. അവിടെ നിന്ന് നോക്കിയാല്‍ അവന്റെ കട്ടിലും പഠിക്കുന്ന മേശയും കാണാം.
കാമറ വിജയനിലേക്ക് തിരിയുന്നു.
മുഖത്ത് വിരസത. അയാള്‍ ജനലിലൂടെ പുറത്തേക്കു നോക്കുന്നു. മങ്ങിയ വെളിച്ചത്തില്‍ സംസാരത്തില്‍ മുഴുകിയ രണ്ടു സ്ത്രീകളുടെ ലോങ്ങ്‌ഷോട്ട്. വിജയന്‍ എഴുന്നേറ്റ് മേശവലിപ്പില്‍നിന്ന് ഒരു കാസറ്റ് തപ്പിയെടുത്ത് ടേപ്പ്‌റിക്കാര്‍ഡില്‍ ഇടുന്നു. റഫിയുടെ ''സുഹാനി രാത്ത്'' എന്ന പാട്ട് ഒഴുകി വരുന്നു.
അയാള്‍ തിരിച്ച് സോഫയില്‍ ഇരുന്ന് കണ്ണടയ്ക്കുന്നു. fade out.
സീന്‍ - 3:
രാവിലെ, സീന്‍ ഒന്നിലെ മുറി തന്നെയാണ്. വിജയന്‍ ഓഫീസില്‍ പോകാനുള്ള തിരക്കിലാണ്. കാമറ വിജയന്റെ ചലനങ്ങള്‍ ഒപ്പിയെടുക്കുന്നു. വിജയന്‍ തിരക്കില്‍ മോന്റെ മുറിയുടെ വാതിലിലൂടെ നോക്കുന്നു. കാമറ തിരിയുമ്പോള്‍ കാണുന്നത് മോന്‍ സ്‌ക്കൂള്‍ യൂനിഫോമിട്ട് അവന്റെ മുറിയില്‍ മേശയ്ക്കു മുമ്പിലിരുന്ന് ധൃതിയില്‍ ഹോംവര്‍ക്ക് ചെയ്യുന്നതാണ്.
വിജയന്‍: വൈകുന്നേരം മുഴുവന്‍ കളിച്ചു നടക്കും. എന്നിട്ട് ഹോംവര്‍ക്ക് ചെയ്യാന്‍ കണ്ട നേരം!
സീന്‍ - 4:
ഭക്ഷണമേശക്കു മേല്‍ വിമല പ്രാതല്‍ കൊണ്ടുവന്നു വെക്കുന്നു. ഇഡ്ഡലി, ചട്ട്ണി, കാപ്പി തുടങ്ങിയവ. വിജയന്‍ വന്ന് കസേരയിലിരിക്കുന്നു. പ്ലേയ്റ്റ് നീക്കി വെച്ച് രണ്ടിഡ്ഡലിയും ചട്ട്ണിയും വിളമ്പിക്കഴിക്കാന്‍ തുടങ്ങുന്നു. കുറച്ചു ധൃതിയിലാണ്.
വിമല: (നിന്നു കൊണ്ടുതന്നെ) മോന്റെ പ്രോഗ്രസ് കാര്‍ഡ് കിട്ടിയിട്ടുണ്ട്.
വിജയന്‍: ഞാന്‍ കണ്ടു.
വിമല: അതൊന്ന് ഒപ്പിട്ട് പൊയ്‌ക്കോളു.
വിജയന്‍: (ആക്ഷേപസ്വരത്തില്‍) എന്താണ് തന്റെ അഭിപ്രായം?
വിമല: പ്രോഗ്രസ് കാര്‍ഡിനെപ്പറ്റിയോ?
വിജയന്‍: അതെ.
വിമല അടുക്കളയില്‍ പോയി തോര്‍ത്തെടുത്ത് കൈ തുടച്ച് വിജയന്നെതിരെ വന്നിരിക്കുന്നു.
വിമല: (ചിരിയോടെ) ആദ്യമായി നല്ല വശം പറയാം. ഇംഗ്ലീഷില്‍ തൊണ്ണൂറ്റിരണ്ടു ശതമാനമുണ്ട്. സയന്‍സില്‍ എണ്‍പത്തിയെട്ട്. ഹിന്ദിയില്‍ എഴുപത്. കണക്കിലാണ് കുറച്ച് മോശം. സംസ്‌കൃതത്തിലും.
വിജയന്‍: (അക്ഷമനായി) എത്രയാണെന്നു പറയൂ.
വിമല: കണക്കില്‍ അയ്മ്പത്തിരണ്ടും സംസ്‌കൃതത്തില്‍ അറുപതും.
വിജയന്‍: ഞാന്‍ ആദ്യമേ പറയാറുണ്ട് അവന് കണക്കില്‍ ട്യൂഷന്‍ കൊടുക്കുകയാണ് നല്ലതെന്ന്.
വിമല: (കുറച്ചുകൂടി കാപ്പി ഒഴിച്ചു കൊടുക്കുന്നതിനിടയില്‍) അതിന് പറ്റിയ ഒരു ടീച്ചറെ കിട്ടണ്ടെ? സുനിക്ക് ട്യൂഷന്‍ കൊടുക്കന്ന ടീച്ചറെ അവന് ബോദ്ധ്യമായില്ല. ഭംഗി പോരാത്രെ. (കള്ളച്ചിരിയോടെ) അച്ഛന്റെ മോന്‍ തന്നെ.
വിജയന്‍: (എഴുന്നേറ്റ് വാഷ് ബേസിനില്‍ കൈ കഴുകുമ്പോള്‍) അവന്‍ പറയണത് ശര്യാണ്. ഒന്നുരണ്ടു മണിക്കൂര്‍ ഒരാളുടെ ഒപ്പം ഇരിക്കണമെങ്കില്‍ അവര്‍ക്ക് കുറച്ച് സൌന്ദര്യവും ഉണ്ടായാല്‍ ഒട്ടും മുഷിയില്ല.
വിജയന്‍ സിറ്റിംഗ് റൂമിലേക്ക് വരുന്നു. മേശപ്പുറത്തു നിന്ന് ബ്രീഫ് കേസെടുത്ത് സോഫയില്‍ വന്നിരിക്കുന്നു. ഷൂസിടുന്നു.
വിമല: (മുഖത്ത് കുസൃതി) ങ്ങാ ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഒരു ട്യൂഷന്‍ ടീച്ചറെ കിട്ടിയിട്ടുണ്ട്.
വിജയന്‍: അതെയോ?
വിമല: ങ്ങാ. ഇന്നു മുതല്‍ വരും. വൈകുന്നേരം അഞ്ചു മുതല്‍ ആറു വരെ ട്യൂഷനെടുക്കാംന്ന് സമ്മതിച്ചിട്ടുണ്ട്.
വിജയന്‍: അത്യോ? (പിന്നെ സംശയിച്ചുകൊണ്ട് ചോദിക്കുന്നു) കാണാന്‍ ഭംഗീള്ള സ്ത്രീയാണോ?
വിമല: (കുസൃതിയോടെ) ഈ ഭംഗീന്നൊക്കെ പറയണതുണ്ടല്ലൊ അതു കാണുന്ന ആളുടെ ദൃഷ്ടിയിലാണ്. ആത്മീയസൌന്ദര്യമാണ് പ്രധാനം.
വിജയന്‍ ആലോചിക്കുന്നു. മനസ്സില്‍ വരുന്ന ചിത്രം ഒരുഗ്രാഫിക്കായി കൊടുക്കണം. കവിളൊട്ടി കണ്ണുകള്‍ കുണ്ടില്‍ ചാടി കോന്ത്രമ്പല്ലുള്ള ഒരു രൂപം. ആ സ്ത്രീയില്‍ നിന്ന് ആത്മീയസൌന്ദര്യം വഴിഞ്ഞൊഴുകുന്നു.
അയാള്‍ ബ്രീഫ്‌കേസെടുത്ത് പോകാന്‍ നില്‍ക്കുമ്പോള്‍ അപ്പോഴും ഹോംവര്‍ക്കുമായി മല്ലിടുന്ന മകനെ നോക്കി പറയുന്നു.
വിജയന്‍: പാവം.(പിന്നെ തിരിഞ്ഞ് വിമലയോട്) അവന്‍ ഈ ട്യൂഷന്‍ ടീച്ചറുടെ മുമ്പില്‍ ഇരിയ്ക്കുമോന്ന് കണ്ടറിയണം.
അയാള്‍ പോകുന്നു. വിമല വാതില്‍ക്കല്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു.
ഹോംവര്‍ക്ക് ചെയ്തിരുന്ന അജിത് തലയുയര്‍ത്തി നോക്കി വിളിച്ചു ചോദിക്കുന്നു.
അജിത്ത്: എന്താ അമ്മേ?
വിമല: (ചിരിച്ചുകൊണ്ടുതന്നെ) ഒന്നുംല്ല്യ മോനെ.
fade out
സീന്‍- 5
ഉപയോഗശൂന്യമായ ഒരു ഫൌണ്ടനാണ് കാണുന്നത്. ഒരു കാലത്ത് അത് നല്ലൊരു ജലധാരയായിരി ക്കണം. അതിനുചുറ്റുമുള്ള താമരക്കുളവും ഇന്ന് വറ്റി വരണ്ടിരിക്കുകയാണ്. പുല്ലുകൊണ്ട് നിറഞ്ഞിട്ടുണ്ട്. കുളത്തിനു ചുറ്റുമുള്ള അരമതിലും പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. പിന്നില്‍ കാണുന്നത് ഒരു പഴയ മാളികയാണ്. എട്ടുകെട്ടു മാതിരിയുള്ളതല്ല. മറിച്ച് ബ്രിട്ടീഷുകാരുടെ ഔദ്യോഗികവസതി പോലുള്ള ഒരു പടുകൂറ്റന്‍ വീട്. അതും മോശം നിലയിലാണ്. പുറത്ത് വെള്ള വലിച്ചിട്ടൊന്നുമില്ല. വാതിലുകളും ജനലുകളും പെയിന്റ് അടര്‍ന്നിരിക്കയാണ്. ഒരു കാലത്ത് നല്ല പ്രൌഡിയില്‍ കഴിഞ്ഞിരുന്ന കുടുംബ മായിരുന്നു അതെന്ന് വിളിച്ചു പറയുന്നുണ്ട്. ഇന്ന് അത് ശാന്തമാണ്.
സീന്‍ - 6:
ആ വീടിന്റെ ഉള്‍ഭാഗം. വിശാലമായ ഒരു സ്വീകരണമുറിയാണ് കാണുന്നത്. കാമറ ഫോക്കസ് ചെയ്യുന്നത് ഉയരമുള്ള തട്ടില്‍ തൂങ്ങുന്ന ഒരു ഷാന്റിലിയര്‍ ആണ്. പൊടിപിടിച്ച് മാറാലയുമായി കിടക്കുന്ന ആ വിളക്ക് ഉപയോഗിക്കാറില്ലെന്ന് വ്യക്തം. കാമറ പാന്‍ ചെയ്യുമ്പോള്‍ മുറിയുടെ ഓരോഭാഗങ്ങള്‍ കാണുന്നു. മങ്ങിയ ചുമരുകളില്‍ മൂന്ന് വലിയ ഛായാപടങ്ങള്‍. ഒരു സ്ത്രീയുടെയും രാജകീയവേഷത്തില്‍ രണ്ടു പുരുഷന്മാരുടെയും. ഒരു ചുവരില്‍ വലിയ കലമാന്‍ കൊമ്പ്. നിലത്ത് പഴഞ്ചന്‍ സോഫാസെറ്റ്. കടഞ്ഞ കാലുകളുള്ള ഒരു മാര്‍ബിള്‍ വട്ടമേശ.
ഒരു സോഫയില്‍ പതിനാറു വയസ്സുള്ള സുന്ദരി ഇരുന്ന് ഒരു ഇംഗ്ലീഷ് പേപ്പര്‍ ബാക്ക് വായിക്കുന്നു. തൊട്ടടുത്തുള്ള സോഫയില്‍ സെറ്റുമുണ്ടുടുത്ത ഒരു തറവാടിത്തമുള്ള സ്ത്രീ ഇരിക്കുന്നുണ്ട്. വട്ടമുഖം. ചന്ദനക്കുറി. അവര്‍ പേപ്പര്‍ വായിക്കുകയാണ്.
കാമറ ചെന്നുവീഴുന്നത് ചെറുപ്പക്കാരിയുടെ ഓമനമുഖത്താണ്. അവളുടെ മുഖത്ത് വിരസതയുണ്ട്. അവള്‍ വായന നിര്‍ത്തുന്നു. പുസ്തകം സോഫയിലേക്ക് വലിച്ചെറിയുന്നു. മൂരി നിവര്‍ന്ന് ചുറ്റും നോക്കുന്നു. അമ്മമ്മ പേപ്പര്‍ വായിക്കുന്നത് കാണുന്നു. കുസൃതിയോടെ ഏന്തിവലിഞ്ഞ് പേപ്പര്‍ തട്ടിപ്പറിയ്ക്കുന്നു. അമ്മമ്മ ചിരിയ്ക്കുന്നു.
നീലു: (കൊഞ്ചിക്കൊണ്ട്. മലയാളം അറിയാത്തവര്‍ മലയാളം പറയുമ്പോഴുണ്ടാവുന്ന കൊഞ്ചല്‍ അവളുടെ ഭാഷയിലുണ്ട്) അമ്മമ്മേ എനിക്കു ബോറടിക്കുന്നു.
അമ്മമ്മ: (വാത്സല്യത്തോടെ) അതിന് ഞാനെന്താ ചെയ്യാ മോളെ? നിനക്ക് കുറച്ചുനേരം പാട്ടുകള് കേട്ടുടെ? നീ കൊറെ കാസറ്റുകള് കൊണ്ടു വന്നിട്ടുണ്ടല്ലൊ.
നീലു: പാട്ട്, പാട്ട്. എനിക്കു മടുത്തു. ഇവിട്യാണെങ്കില് ഒരു ടെലിഫോണും ഇല്ല. ഇനി ഉണ്ടായിട്ട് കാര്യവുമില്ല. എനിയ്ക്ക് ഫ്രെന്‍സൊന്നും ഇല്ല. ആര്‍ക്ക് ഫോണ്‍ ചെയ്യാനാണ്. ഇങ്ങിന്യാണ്ന്നറിഞ്ഞാല്‍ ഞാന്‍ വരില്ല്യായിരുന്നു.
അമ്മമ്മ: ഫ്രെന്‍സൊക്കെണ്ടാവും കോളേജില്‍ ചേര്‍ന്നാല്‍. അതുവരെ ക്ഷമിക്ക്. അവിടെ അച്ഛനും അമ്മയും ഓഫീസിലേക്കു പോകും. നീ ഒറ്റയ്ക്കിരിക്കണ്ടെ? അങ്ങിനെ ഒറ്റയ്ക്കു വിടാന്‍ പറ്റിയ പ്രായമൊന്നുമല്ല നിന്റെ.
നീലു: മോണ്‍ട്രിയയില്‍ ആണെങ്കില്‍ എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നു.
അമ്മമ്മ: മോളെ ഈ വലിയ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്നത് ഒന്നോര്‍ത്തു നോക്ക്. നീ വന്നപ്പോ അമ്മമ്മയ്ക്ക് എന്ത് സന്തോഷായീന്നറിയ്യോ? ഈ ഒരാഴ്‌ചോണ്ട് എനിക്ക് മോളെ കാണാതിരിക്ക്യാന്‍ വയ്യാന്നായിരിക്കുന്നു. മോള് ഇവിടെ മടുത്ത് തിരിച്ചു പോവ്വാന്ന് പറയുമ്പോ അമ്മമ്മയ്ക്ക് സങ്കടാവുന്നു.
നീലു: (പെട്ടെന്ന് ഭാവം മാറി, സ്‌നേഹത്തോടെ, അമ്മമ്മയെ കെട്ടിപ്പിടിക്കുന്നു, കവിളില്‍ ഉമ്മ വെക്കുന്നു) ഈ അമ്മമ്മെ വിട്ടിട്ട് ഞാന്‍ പോവ്വന്നുംല്ല്യ (കൊഞ്ചിക്കുന്നു)
അമ്മമ്മ അവളെ കെട്ടിപ്പിടിക്കുന്നു.പെട്ടെന്ന് നീലു എന്തോ ഓര്‍ത്തപോലെ നില്‍ക്കുന്നു.
നീലു: വെയ്‌റ്റെ മിനിറ്റ്. എനിക്ക് ഫ്രെന്‍സൊന്നുമില്ലെന്ന് ആരു പറഞ്ഞു?
അമ്മമ്മയുടെ കയ്യില്‍ നിന്നും കുതറി അകത്തേക്കോടുന്നു.
Fade out.
സീന്‍ - 7:
നീലിമയുടെ മുറി. വിശാലമാണ്. എല്ലാം അലങ്കോലപ്പെട്ടു കിടക്കുകയാണ്. കിടക്കവിരി ചുളിഞ്ഞിരിക്കുന്നു. വാര്‍ഡ്‌റോബ് തുറന്നുകിടക്കുന്നു. അതില്‍ നീലിമയുടെ വിലപിടിച്ച വസ്ത്രങ്ങള്‍ ചിലത് കൂട്ടിയിട്ടിരിക്കുന്നു. മേശമേല്‍ സ്റ്റീരിയോ, രണ്ടുമൂന്ന് പേപ്പര്‍ ബാക്കുകള്‍ ചുമരില്‍ ജിമ്മിഹെന്റ്രിക്‌സിന്റെ (Jimmy Hendrix) വലിയ ബ്ലോ അപ്പ് ഒട്ടിച്ചിരിക്കുന്നു. ഹെന്റ്രിക്‌സ് ഗിത്താര്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോ. നീലിമ എന്തോ തിരയുകയാണ്. വാര്‍ഡ്‌റോബിലും, അലമാരിയിലും, മേശവലിപ്പിലും ഒക്കെ തപ്പുന്നു. ഇടയ്ക്കിടയ്ക്ക് 'ഷിറ്റ്.... ഡാമിറ്റ്... .വേര്‍ഡിഡൈ കീപ്പിറ്റ്? എന്നെല്ലാമുള്ള ശാപവചനങ്ങളും ഉരുവിടുന്നുണ്ട്. അവസാനം അലമാരിയില്‍ നിന്നും അതവള്‍ക്കു കിട്ടുന്നു. ഒരു കൊച്ചു ഡയറി. പെട്ടെന്ന് പേജൂകള്‍ മറിച്ചു നോക്കുന്നു.
നീലു: കിട്ടി.
ഡയറിയും പിടിച്ച് മുറിക്ക് പുറത്തേക്കോടുന്നു.
Cut to
സീന്‍ - 8:
തളത്തില്‍ അമ്മമ്മ പേപ്പര്‍ വായിക്കുകയാണ്. നീലു കടന്നു വരുന്നു. കയ്യില്‍ ഡയറിയുണ്ട്.
നീലു: അമ്മമ്മേ കിട്ടി.
അമ്മമ്മ: എന്താ മോളെ
നീലു: ഞാന്‍ പറയാറില്ലെ മോണ്‍ട്രിയലില്‍ എന്റെ ഒരു ഫ്രന്റിനെപ്പറ്റി. ഷെര്‍ലി. അവളുടെ കസിന്‍ ഇവിടെയുണ്ട്. ബോണി. ഒരു വലിയ റോക്ക് സ്റ്റാറാണത്രെ. ഞാന്‍ പുറത്തുപോയി അയാള്‍ക്ക് ഫോണ്‍ ചെയ്യട്ടെ.
അമ്മമ്മ: വേഗം വരണംട്ടൊ.
നീലു: ഇതാ ഇപ്പൊ വരാം.
പുറത്തേക്കു പോകുന്നു.
Cut to
സീന്‍- 9
നീലു ഒരു പബ്ലിക് കാള്‍ ഓഫീസില്‍ നിന്ന് ഫോണ്‍ ചെയ്യുന്നു.
സീന്‍- 10
ഒരു ഗുഹ പോലെയുള്ള മുറി. എത്ര disorderly ആക്കാമോ അത്രയും നല്ലത്. ചുമരില്‍ നിറയെ റോക്ക് താരങ്ങളുടെ ബ്ലോ അപ്പ്. ചുമരില്‍ ഒരു ഗിത്താര്‍ തൂക്കിയിട്ടുണ്ട്. നാലുചെറുപ്പക്കാര്‍ (എല്ലാവരും ജീന്‍സും കുര്‍ത്തയും ഇട്ടിരിക്കുന്നു. തലമുടി വളര്‍ത്തിയിട്ടുണ്ട്) റിഹേഴ്‌സലിലാണ്.
ബോണി-(തലവന്‍. നീണ്ടു മെലിഞ്ഞ പ്രകൃതം. തലമുടി നീണ്ട് ചുമല്‍ വരെ എത്തിയിരിക്കുന്നു.)
സൈമണ്‍-(ജാസ് ഡ്രമ്മിനു മുമ്പില്‍. തടിച്ച് ഉയരം കുറഞ്ഞാണ്. തലമുടി പറ്റെ വെട്ടിയിട്ടാണ്.)
ഗോപന്‍-(ഗിത്താറിസ്റ്റ്. നാലുപേരില്‍ ഏറ്റവും ചെറുപ്പം. മീശയില്ല. തലമുടി നീണ്ടിട്ടാണ്.)
രാജന്‍-(ഇലക്ട്രോണിക് സിന്തസൈസറിനു മുമ്പില്‍ നില്‍ക്കുന്നു. തലമുടിയുണ്ട്. അല്പം നീണ്ടതാണെങ്കിലും വെട്ടി ഭംഗിയാക്കിയ താടി.
ബോണി: (മറ്റുള്ളവരെ നോക്കി) ഓക്കെ, റെഡി? വണ്‍, ടു, ത്രീ, ഫോര്‍.
കയ്യിലുള്ള ലീഡ് ഗിത്താര്‍ ശബ്ദിക്കുന്നു. മറ്റു ഉപകരണങ്ങളും ഒപ്പം ചേരുന്നു.
പാട്ടു തുടങ്ങുമ്പോഴേക്കും മുറിയുടെ ഒരു മൂലയില്‍ കെട്ടിതൂക്കിയ ഫോണ്‍ ശബ്ദിക്കുന്നു. ഫോണ്‍ ഉറിയില്‍ നിന്നും തൂക്കിയപോലെ ചരടില്‍ തൂക്കിയിട്ടിരിക്കയാണ്. അതുവെക്കാന്‍ വേറെ സ്ഥലമൊന്നുമില്ല. ബോണി പാട്ടുനിര്‍ത്തുന്നു. ഒപ്പം തന്നെ കൂട്ടുകാരോട് തുടരാന്‍ ആംഗ്യം കാണിക്കുന്നു. ബഹളത്തിനിടയില്‍ ബോണി ഫോണെടുക്കുന്നു.
ബോണി: ഹലോ
Cut to Neelima holding the reciever. നീലിമ: ഹലോ.
ബോണി: ഹലോ.
ബോണി ഹിയര്‍ തിരിഞ്ഞ് കൂട്ടുകാരോട് നിര്‍ത്താന്‍ ആവശ്യപ്പെടുന്നു. റിസീവര്‍ മൌത്ത് പീസ് കൈകൊണ്ട് പൊത്തിപ്പിടിച്ച് പറയുന്നു
ബോണി: ഹേ ബോയ്‌സ് ഇറ്റ്‌സെ ചിക്.
ഇടതുകൈകൊണ്ട് പക്ഷി പറക്കുന്നതായി ആംഗ്യംകാട്ടുന്നു. കൂട്ടുകാര്‍ക്കു താല്‍പര്യം. സംഗീതം തുടരാന്‍ ആംഗ്യം കാണിക്കുന്നു. ഉച്ചത്തില്‍ മ്യൂസിക്.
ബോണി: ഹലോ.
നീലിമ: ഞാന്‍ നീലിമ. ഷര്‍ലിയുടെ ഫ്രണ്ടാണ്.
ബോണി: ഓ, ദാറ്റ് ബം. അവള്‍ക്കെന്താണ് വേണ്ടത്?....ലൌഡര്‍ ഐ കാന്റ് ഹിയര്‍ യു.
നീലിമ: ഓകെ. ഐ ഗോട്ട് ദ മെസ്സേജ്. യുവാര്‍ വെരി ബിസി നൌ കോണ്ട്‌യു സ്റ്റോപ് ദാറ്റ് റാക്കറ്റ് ?
ബോണി: ആള്‍ റ്റൈറ്റ്. ഓകെ. യു വിന്‍.
കൂട്ടുകാരോട് നിര്‍ത്താന്‍ ആംഗ്യം കാണിക്കുന്നു.
ബോണി: ദ ബേര്‍ഡി വാണ്ട്‌സ് സൈലന്‍സ്.
നീലിമ: ഷര്‍ലി എന്നോട് നിങ്ങളെ കാണാന്‍ പറഞ്ഞിരിക്കുന്നു..
ബോണി: ദാറ്റ്‌സ് വെരി കൈന്റോഫ് ഹേര്‍.
നീലിമ: എപ്പോഴാണ് സൌകര്യം?
ബോണി: നിങ്ങളുടെ ഫോണ്‍ നമ്പര്‍ തരു. ഐ വില്‍ ഗിവ്യു എ ടിങ്ക്ള്‍.
നീലിമ: എനിക്ക് ഫോണ്‍ ഒന്നുമില്ല. ഇതെന്താ കാനഡയാണെന്നാണോ വിചാരം. അഡ്രസ്സ് ഉണ്ടെങ്കില്‍ തരു. ഞാന്‍ വരാം.
ബോണി: ഞങ്ങളെന്താ അഡ്രസ്സില്ലാത്തവരാന്നാണോ വിചാരം. ഹോട്ടല്‍ ബ്രീസിന്റെ സൈഡില്‍കൂടി പോകുന്ന വഴിയിലാണ് ഞങ്ങള്‍ താമസം. ഹോട്ടലിന്റെ മുമ്പില്‍ ഒരു പെട്ടിക്കടയുണ്ട് . അവിടെ ചോദിച്ചാല്‍ മതി. കേവ്‌മെന്‍ എവിടെയാണെന്ന്.
നീലിമ: കേവ് മെന്‍?
ബോണി: അതെ റോക്ക് ട്രൂപ്പിന്റെ പേരാണത്.
നീലിമ: എപ്പോഴാണ് സൌകര്യം?
ബോണി: എനി ടൈം ഇന്‍ ദ മോര്‍ണിംഗ്. വൈകുന്നേരം ഞങ്ങള്‍ ബിസിയായിരിക്കും.
നീലിമ: ശരി ഞാന്‍ വരാം. ബൈ.
ഫോണ്‍ വെച്ച് തിരിച്ച് ഗിത്താറെടുക്കുന്നു.
ബോണി: ഓകെ. ഹിയര്‍ വിഗോ. വണ്‍, ടു, ത്രീ
ബോണി മാത്രം ഗിത്താര്‍ മീട്ടുന്നു. മറ്റുള്ളവര്‍ അനങ്ങുന്നില്ല. ബോണി നിര്‍ത്തി അവരെ നോക്കുന്നു.
ബോണി: വാട്ട്‌സ് ദ മാറ്റര്‍ വിഥ് യു?
മൂന്നു പേരും ഒരേ സമയത്ത് കൈ കൊണ്ട് പറക്കുന്ന മാതിരി കാണിക്കുന്നു.
ബോണി: ഓ ദാറ്റ്. ദാറ്റ്‌സെ മൈഗ്രേറ്ററി ബേര്‍ഡ് ഫ്രം കാനഡ. ഷെര്‍ലിയുടെ ഫ്രണ്ടാണ്. സോ യു കാന്‍ ഇമാജിന്‍.
ബോണി: (ഗിത്താര്‍ ശരിയാക്കിക്കൊണ്ട് ) ഓകെ ഹിയര്‍ വി ഗോ..... വണ്‍, ടു, ത്രീ, ഫോര്‍.
സംഗീതം ആദ്യം ഉച്ചത്തിലായി പിന്നീട് കുറഞ്ഞു വരുന്നു. അതോടൊപ്പം fade out.
സീന്‍ - 10:
വിജയന്റെ ഓഫീസ് - ഒരു ഇടത്തരം ഓഫീസ്. ആഡംബരമില്ലാത്ത ഒരു ചേമ്പറില്‍ വിജയന്‍ ഇരിക്കുന്നു. മേശമേല്‍ വെച്ച കടലാസില്‍ എന്തോ എഴുതുകയാണ്. ഫോണ്‍ അടിക്കുന്നു. വിജയന്‍ എടുക്കുന്നു.
വിജയന്‍: (ഫോണില്‍) അതെയതെ...പറയു.....ഇന്നലെ എന്തു പറ്റിയെന്നോ, വയ്യാതായി അത്രതന്നെ. ഒന്നു രണ്ടു പാര്‍ട്ടികളെ അന്വേഷിച്ച് പകല്‍ മുഴുവന്‍ ഓഫീസിനു പുറത്തായിരുന്നു ..... എന്താ?.....ഇന്നും പറ്റുമെന്നു തോന്നുന്നില്ല. മോന് പറ്റിയ ഒരു ട്യൂഷന്‍ ടീച്ചറെ കിട്ടിയിട്ടുണ്ട്. ഇന്നു തൊട്ട് തുടങ്ങാമെന്നാണ് പറഞ്ഞിട്ടുള്ളത്. ഒന്നു പരിചയപ്പെടണം. അജിതിന്റെ ചില പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്ക്യം വേണം...ഹേയ് ഞാന്‍ കണ്ടില്ല ഇതുവരെ. വിമല പറയുന്നത് ആത്മീയസൌന്ദര്യം നല്ലപോലെയുണ്ടെന്നാണ് (ചിരി) നിങ്ങള്‍ ആറുപേരുണ്ടല്ലൊ. റമ്മിക്ക് തികയുമല്ലൊ..... സ്മാളോ...എനിയ്ക്കു വലിയ താല്‍പര്യമില്ല്യാ ന്നറിഞ്ഞുകൂടെ.... ശരി......
വിജയന്‍ ഫോണ്‍ വെക്കുന്നു. കണ്ണാടിഗ്ലാസ്സില്‍ പെന്നുകൊണ്ട് തട്ടി പുറത്തിരിക്കുന്ന സ്റ്റെനോയെ വിളിക്കുന്നു. അവള്‍ അകത്തേക്കു വരുന്നു. മിഡിയാണ് വേഷം. തലമുടി കഴുത്തിനൊപ്പം വെട്ടിയിട്ടുണ്ട്.
വിജയന്‍: മോളി, കത്തുകള്‍ ഒപ്പിടാനുണ്ടെങ്കില്‍ വേഗം കൊണ്ടുവരു. ഇന്നെനിയ്ക്ക് നാലരയ്ക്കു പോണം.
മോളി: ശരി സര്‍.
Cut to
സീന്‍ - 11:
വീട്ടുമുറ്റത്ത് അജിത് വേറെ രണ്ടു കുട്ടികളുമായി ക്രിക്കറ്റ് കളിക്കുന്നു. ഗെയ്റ്റിന്നടുത്ത് നടപ്പാതയില്‍ വിമല നീലുവുമായി സംസാരിച്ചു നില്‍ക്കുന്നു. നീലുവിന്റെ വേഷം മിഡിയും ടോപ്പുമാണ്. തലമുടി രണ്ടായി പിന്നി ഒരു വാല്‍ മുമ്പിലിട്ടിരിക്കയാണ്. ടോപ്പില്‍ മാറില്‍ എഴുതിയിട്ടുണ്ട്. I’m Carnivorous താഴെ ഡ്രാഗണെപ്പോലെ തോന്നിക്കുന്ന ഒരു ഭീകരജീവിയുടെ ചിത്രവും.
കാമറ പാന്‍ ചെയ്ത് ഗേറ്റ് തുറക്കുന്ന വിജയനിലേക്കെത്തുന്നു (ലോങ്ങ് ഷോട്ടായി തുടങ്ങി ക്രമേണ zoom ചെയ്ത് close up കാണിക്കണം.) ഓഫീസില്‍ നിന്നു വരുന്ന വേഷമാണ്. കയ്യില്‍ ബ്രീഫ്‌കേസ്. നടന്ന് നീലുവിന്റെയും വിമലയുടെയും അടുത്ത് വരുന്നു. വിജയന്‍ ചോദ്യഭാവത്തില്‍ നീലുവിനെ നോക്കുന്നു.
വിമല: (നീലുവിനെ അടുപ്പിച്ച്) ഇതാണ് നീലിമ. നീലു എന്നു വിളിക്കും. നമ്മുടെ വടക്കേലെ അമ്മയുടെ പേരക്കുട്ടിയാണ്. കാനഡയിലുണ്ടെന്ന് പറയാറില്ലെ, ആ കുട്ടി. ഇനി നാട്ടിലാണ് പഠിക്കാന്‍ പോകുന്നത്.
വിജയന്‍ കൌതുകത്തോടെ അവളുടെ ഓമനമുഖം നോക്കുന്നു. പിന്നെ അവളുടെ ടോപ്പില്‍ കണ്ണും നട്ടുകൊണ്ട് ചോദിക്കുന്നു.
വിജയന്‍: ആര്‍ യു റിയലി കാര്‍ണിവറസ്?
നീലുവിന്റെ തുടുക്കുന്ന മുഖം ക്ലോസപ്പില്‍. അവള്‍ തല താഴ്ത്തി, പിന്നില്‍ നിന്ന് തലമുടിയുടെ മറ്റെ വാലും മുമ്പിലാക്കി ചുവന്ന ഡ്രാഗണെ മറയ്ക്കുന്നു. വിജയന്‍ വാച്ചില്‍ നോക്കുന്നു.
വിജയന്‍: (അക്ഷമനായി) അഞ്ചരമണിയായി. എന്താണ് ട്യൂഷന്‍ ടീച്ചര്‍ വരാത്തത്. ആദ്യത്തെ ദിവസം തന്നെ മുടങ്ങിയാല്‍ എന്താണ് സ്ഥിതി? വിമലയും നീലിമയും പെട്ടെന്ന് ചിരിക്കാന്‍ തുടങ്ങുന്നു. വിമല നീലുവിന്റെ തോളില്‍ തലവെച്ച് ചിരിക്കുന്നു. വിജയന്റെ മുഖത്തെ ശുണ്ഠി, വിമലയുടെയും നീലുവിന്റെയും ചിരി - contrast കാണിക്കണം.
പെട്ടെന്ന് വിജയന് കാര്യം പിടികിട്ടുന്നു. ശുണ്ഠി മായുന്നു, പകരം ഒരു മന്ദഹാസം, അതു തുടര്‍ന്ന് ഒരു പൊട്ടിച്ചിരിയില്‍ കലാശിക്കുന്നു.
തന്നെ കളിപ്പിച്ചതിന് പ്രതികാരം ചെയ്യണമെന്ന് തീര്‍ച്ചയാക്കിയ വിജയന്‍ ആ കുട്ടിയുടെ ചുറ്റും നടന്ന് പരിശോധിക്കുന്നു. പ്രത്യേകിച്ചും തോളുകള്‍ക്ക് പിന്നില്‍. വിമലയും പ്രത്യേകിച്ച് നീലിമയും ഒരു പരുങ്ങലോടെ നില്‍ക്കുകയാണ്. എന്താണ് കാര്യമെന്ന് അവര്‍ക്ക് മനസ്സിലാവുന്നില്ല.
വിജയന്‍ ഒരു പ്രാവശ്യം നീലിമയെ ചുറ്റിവന്ന് ഒരു ആലോചനയോടെ നില്‍ക്കുന്നു. പിന്നീട് പറയുന്നു.
വിജയന്‍: ഇല്ലല്ലൊ.
രണ്ടുപേരും ചോദ്യഭാവത്തോടെ വിജയനെ നോക്കുന്നു. വിമല ചോദിക്കുന്നു.
വിമല: എന്ത്?
വിജയന്‍: ചിറകുകള്‍! വടക്കേലെ അമ്മ ഈ കുട്ടിയെപ്പറ്റി പറയുന്നത് കേട്ടപ്പോ ഇവളൊരു മാലാഖയായിരിക്കുംന്നേ കരുതീത്. മാലാഖയാണെങ്കില്‍ ചിറകു കാണുമല്ലൊ.
പെട്ടെന്ന് മൂന്നുപേര്‍കൂടി ഉറക്കെ ചിരിക്കുന്നു. ചിരിയുടെ അവസാനത്തില്‍ വിമല നീലുവിനെ കെട്ടിപ്പിടിച്ച് പറയുന്നു.
വിമല: ഇത് ചിറകില്ലാത്ത മാലാഖയാണ്.
വിജയന്‍: ചിറകില്ലാത്തതു നന്നായി. പെട്ടെന്ന് പറന്നു പോവില്ലല്ലൊ.
വീണ്ടും ചിരി.
Fade out.
സീന്‍ - 12:
രാത്രി - വിജയന്റെ വീട്ടിലെ സ്വീകരണമുറി - വിജയന്‍ സോഫയിലിരുന്ന് പുസ്തകം വായിക്കുന്നു. പശ്ചാത്തലത്തില്‍ ടേപ്‌റെക്കോര്‍ഡറില്‍ നിന്നു വരുന്ന പഴയ ഹിന്ദി ഗാനം, നേരിയ ശബ്ദത്തില്‍ കേള്‍ക്കുന്നു. ലതാ മങ്കേഷ്‌ക്കറുടെ ''രാത് ഔര്‍ ദിന്‍ ദിയാ ജലെ'' എന്ന പാട്ട് മതി. പാട്ട് തുടര്‍ന്നുകൊണ്ടിരിക്കെ അടുത്ത മുറിയില്‍ നിന്ന് വരുന്ന ഒരു കീകീ ശബ്ദം അയാളെ അലോസരപ്പെടുത്തുന്നു. വിജയന്‍ തലയുയര്‍ത്തി നോക്കുമ്പോള്‍ അജിത് അവന്റെ മുറിയില്‍നിന്ന് വീഡിയോ ഗെയിം കളിക്കുകയാണ്.
ലോങ്ങ്‌ഷോട്ടില്‍ തുടങ്ങിയ കാമറ zoom ചെയ്യുമ്പോള്‍ കാണുന്നത് അതീവ ശ്രദ്ധയോടെ വീഡിയോ ഗെയിം കളിക്കുന്ന അജിതിന്റെ മുഖമാണ്.
വിജയന്‍: അജിത്.
അജിത് ഞെട്ടി തിരിഞ്ഞു നോക്കുന്നു. സോഫയില്‍ തന്റെ നേരെ ദ്യേഷ്യത്തോടെ നോക്കുന്ന അച്ഛനെ കാണുന്നു.
വിജയന്‍: ഇവിടെ വരു.
അജിത് സ്വീകരണമുറിയിലേക്ക് വരുന്നു. കയ്യില്‍ വീഡിയോ ഗെയിമും ഉണ്ട്.
വിജയന്‍: നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലെ, അതെപ്പോഴുമെടുത്ത് കളിക്കരുതെന്ന്.
അജിത് കുറ്റബോധത്തോടെ തലതാഴ്ത്തി നില്‍ക്കുന്നു.
വിജയന്‍: ആട്ടെ ഹോംവര്‍ക്ക് കഴിഞ്ഞുവോ?
അജിത്: കഴിഞ്ഞു.
വിജയന്‍: എന്നാല്‍ പോയി വല്ലതും പഠിക്കു. ഇങ്ങിനെ എപ്പോഴും വീഡിയോ ഗെയിം കളിച്ചാല്‍ കണ്ണിനു കേടാണ്.
അജിത് പോകുന്നു. വിജയന്‍ വീണ്ടും പുസ്തകത്തിലേക്ക് തിരിയുന്നു. പശ്ചാത്തലത്തില്‍ ലതയുടെ പാട്ട്.
ഒരു നിമിഷത്തിനുള്ളില്‍ അജിത് ഒരു പുസ്തകവുമായി വരുന്നു.
അജിത്: അച്ഛാ ഈ പുസ്തകത്തില് പറയണത് എന്താന്നറിയ്യോ അന്‍ഡ്രോമേഡാ ഗാലക്‌സിയും നമ്മുടെ മില്‍ക്കിവേ ഗാലക്‌സിയും തമ്മില്‍ അടുത്തടുത്ത് വര്വാണ്ന്ന്. ഒരു ദിവസം രണ്ടും കൂടി കൂട്ടിയിടിക്കുംന്ന്. അപ്പൊ നമ്മളൊക്കെ നശിക്കില്ല്യെ?
വിജയന്‍ ആലോചിക്കുന്നു. പിന്നെ സാവധാനത്തില്‍ പറഞ്ഞുകൊടുക്കുന്നു.
വിജയന്‍: മോനെ ഈ ഗാലക്‌സികളുടെയെല്ലാം വലിപ്പവും അതു തമ്മിലുള്ള അകലവും നമുക്ക് വിഭാവനം ചെയ്യാന്‍ പറ്റുന്നതിലും വളരെ വലുതാണ്. കോടാനു കോടി പ്രകാശവര്‍ഷങ്ങള്‍ക്കകലെയാണ് അവ. ഒരു പ്രകാശ വര്‍ഷം എന്നുവെച്ചാല്‍ വെളിച്ചം ഒരു കൊല്ലം കൊണ്ട് യാത്ര ചെയ്യുന്ന ദൂരം. വെളിച്ചത്തിന്റെ വേഗം എത്രയാണെന്ന് നിനക്കറിയില്ലെ. അപ്പോള്‍ ഊഹിച്ചാല്‍ മതി. അങ്ങിനെ വെളിച്ചം കോടാനുകോടി വര്‍ഷങ്ങള്‍ സഞ്ചരിക്കുന്ന ദൂരമുണ്ട് ഒരു ഗാലക്‌സിയും വേറൊരു ഗാലക്‌സിയും തമ്മില്‍. അപ്പോള്‍ ആ ഗാലക്‌സികള്‍ വെളിച്ചത്തിന്റെ വേഗത്തില്‍ സഞ്ചരിച്ചാല്‍ തന്നെ ഇനിയും കോടിക്കണക്കിന് വര്‍ഷങ്ങള്‍ വേണം രണ്ടും അടുത്തു വരാനും കൂട്ടിമുട്ടാനും.
അജിത്: അച്ഛാ അപ്പൊ എന്താണ് രണ്ടു ഗാലക്‌സികളും ഇങ്ങിനെ അടുത്തു വരാന്‍ കാരണം?
വിജയന്‍: (ആലോചിക്കുന്നു.) നമുക്കറിയില്ല. സാധാരണ ഗതിയില്‍ അതു സംഭവിക്കാന്‍ പാടില്ല. നിറയെ കുത്തുകളുള്ള ഒരു ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ എന്താണ് സംഭവിക്കുക. എല്ലാ കുത്തുകളും ഓരോന്നില്‍ നിന്ന് അകന്നു പോകും. ഒരിക്കലും മുട്ടില്ല. അതുപോലെയാണ് നക്ഷത്രങ്ങളും ഗാലക്‌സികളും. എല്ലാം അന്യോന്യം അകലുകയാണ്. ഈ രണ്ടു ഗാലക്‌സികളും അടുത്തുവരാന്‍ എന്തെങ്കിലും കാരണം കാണും. പ്രപഞ്ചത്തിന്റെ ഈ ഭാഗത്തു സംഭവിച്ച എന്തെങ്കിലും അപകടമോ, ഗുരുത്വാകര്‍ഷണമോ അല്ലെങ്കില്‍ ഈ രണ്ടു ഗാലക്‌സികളുടെയും നടുവില്‍ ഉണ്ടെന്ന് കരുതുന്ന ബ്ലാക്‌ഹോളോ.
അജിത്: അച്ഛാ എന്താണ് ബ്ലാക്ക് ഹോള്‍?
വിജയന്‍: ബ്ലാക്ക് ഹോളോ
അടുക്കളയുടെ ഭാഗത്തുനിന്ന് ഒരു പൊട്ടിച്ചിരി അജിത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നു. അവന്‍ എഴുന്നേല്‍ ക്കുന്നു. വിജയനും ശ്രദ്ധിക്കുന്നു. ചോദിക്കുന്നു.
വിജയന്‍: ആരാണത്?
അജിത്: നീലിമയാണ്. അമ്മയ്ക്കും ആ കുട്ടിയ്ക്കും ഇതു തന്ന്യാണ് പണി. എപ്പോഴും എന്തെങ്കിലും പറയും. എന്നിട്ട് കീകീന്ന് ചിരിക്ക്യം ചെയ്യും.
വിജയന്‍ എഴുന്നേറ്റ് അടുക്കളയിലേക്ക് നടക്കുന്നു.
സീന്‍ - 13:
അടുക്കളയില്‍ വിജയന്‍ വാതില്‍ കടന്നപ്പോള്‍ കാണുന്നത് നീലിമ ഒരു പാത്രം തലയില്‍ വെച്ച് ബാലന്‍സ് ചെയ്ത് ഡാന്‍സ് ചെയ്യുകയാണ്. വിമല ചിരിക്കുന്നു. വിജയനെ കണ്ടതോടുകൂടി നീലിമ പാത്രം തലയില്‍ നിന്നെടുത്ത് പ്ലാറ്റ്‌ഫോമില്‍ വെച്ച് ഒന്നും സംഭവിക്കാത്ത മട്ടില്‍ നില്‍ക്കുന്നു. അത് വിമലയെ കൂടുതല്‍ ചിരിപ്പിക്കുന്നു.
വിജയന്‍ (പ്രകടമായ അസഹ്യതയോടെ) എന്തു ബഹളമാണിത്?
നീലിമ ചിരിക്കുന്നില്ല. മുഖം ഗൌരവം.
വിജയന്‍: ചുറ്റുവട്ടത്തും ആള്‍ക്കാരുണ്ടെന്ന് ഓര്‍ക്കണം.
വിമല ചിരിച്ചുകൊണ്ട് നില്‍ക്കുകയാണ്. നീലിമ പതുക്കെ നടന്ന് വിജയന് അരികിലൂടെ അടുക്കളക്കു പുറത്തു കടക്കുന്നു. മുഖത്തെ ഗൗരവം കപടമാണ്. വാതില്‍ കടന്ന് തളത്തിലെത്തിയപ്പോള്‍ തിരിഞ്ഞുനോക്കുന്നു. തന്നെ നോക്കി നില്‍ക്കുന്ന വിജയനു നേരെ കോക്രി കാട്ടുന്നു. വിജയന്‍ ഇതു പ്രതീക്ഷിച്ചില്ല. വിജയന്റെ ദ്യേഷ്യത്തിന് ഒരു ആന്റിക്ലൈമാക്‌സ് ആയിത്തീരുന്നു ആ കോക്രി. അയാളുടെ മുഖത്ത് ഒരു ചിരി വിടരുന്നു.
സീന്‍ - 14:
പടിക്കലേക്ക് ഓടിപ്പോകുന്ന നീലിമയുടെ ഷോട്ട്.
സീന്‍ - 15:
അജിത്തിന്റെ മുറി - നീലു അജിത്തിനെ പഠിപ്പിക്കുന്ന രംഗങ്ങള്‍. കണക്കാണ് വിഷയം. ആദ്യമെല്ലാം വളരെ ഗൗരവമായി കാര്യങ്ങള്‍ നടക്കുന്നു. ക്രമേണ തമാശയായി വരുന്നു. കാരണക്കാരി നീലു തന്നെയാണ്. അവള്‍ ഒരു കണക്ക് ചെയ്യാനായി ഇട്ടുകൊടുത്ത ശേഷം വലിയ ഭാവത്തില്‍ നടക്കുന്നു. പെട്ടെന്നു തോന്നിയതാണ്. അവള്‍ ഒരു കടലാസ്സ് എടുത്ത് ചുരുട്ടി അജിത് അറിയാതെ അവന്റെ പിന്നില്‍ പോകുന്നു. കണക്കില്‍ മുഴുകിയിരിക്കുന്ന അവന്റെ ഷര്‍ട്ടിന്റെ കോളറിനുള്ളില്‍ ഇടുന്നു. പെട്ടെന്ന് ഞെട്ടിത്തെറിക്കുന്ന അജിത്. കടലാസ്സാണെന്നു മനസ്സിലായപ്പോള്‍ അവന്‍ നീലുവുമായി യുദ്ധത്തിനൊരുമ്പെടുന്നു.
സീന്‍ - 16:
വിജയന്‍ ഓഫീസില്‍ നിന്നു വരുന്നു. വിമല ചായ കൊണ്ടുവന്നു കൊടുത്ത് അകത്തേക്കു പോകുന്നു. അജിത് അടുത്തു വന്നു നില്‍ക്കുന്നു.
അജിത്: അച്ഛാ ഞാന്‍ ഒരു കടംകഥ ചോദിക്കട്ടെ.
വിജയന്‍: ഉം
അജിത്: ആനകള്‍ ഓടിവരുമ്പോള്‍ ടാര്‍സന്‍ എന്താണ് പറഞ്ഞത്?
വിജയന്‍: (കൈ മലര്‍ത്തുന്നു) അറിയില്ല.
അജിത്: ആനകള്‍ വരുന്നു, ആനകള്‍ വരുന്നൂന്ന് . ഇനി ആനകള്‍ കൂളിങ് ഗ്ലാസ്സുകള്‍ ഇട്ടു വന്നപ്പോള്‍ ടാര്‍സന്‍ എന്താണ് പറഞ്ഞത്?
വിജയന്‍: എന്താണ് പറഞ്ഞത്?
അജിത്: ഒന്നും പറഞ്ഞില്ല. ടാര്‍സന് അവ ആനകളാണെന്നു തന്നെ മനസ്സിലായില്ല.
രണ്ടു പേരും ചിരിക്കുന്നു.
വിജയന്‍: ഇതെവിടുന്നു കിട്ടി?
അജിത്: നീലു പഠിപ്പിച്ചതാണ്. അവള്‍ക്ക് ഇങ്ങനെ കൊറെ കടംകഥകള് അറിയാം.
വിജയന് മുഴുവന്‍ ഇഷ്ടമാകുന്നില്ല. അയാള്‍ ഒഴിഞ്ഞ ഗ്ലാസുമെടുത്ത് എഴുന്നേല്‍ക്കുന്നു.
cut to
സീന്‍ - 17:
അടുക്കള - അടുക്കളയില്‍ വിമല ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലാണ്. വിജയന്‍ വന്ന് ഒഴിഞ്ഞ ഗ്ലാസ് തിണ്ണമേല്‍ വെക്കുന്നു.
വിജയന്‍: നീ അപ്പോയിന്റ് ചെയ്ത പുതിയ ട്യൂഷന്‍ ടീച്ചറില്ലെ? അവളെന്താണ് അജിത്തിനെ പഠിപ്പിക്കുന്നത്? കണക്കോ കടംകഥകളോ?
വിമല ചിരിക്കുന്നു.
വിജയന്‍: മുമ്പൊക്കെ അവന്‍ ചോദിച്ചിരുന്നത് വളരെ ലളിതമായ കാര്യങ്ങളായിരുന്നു. ഗാലക്‌സികളെപ്പറ്റിയെല്ലാം. ഇപ്പോള്‍ ചോദിക്കുന്നത് ആനകള്‍ വരുമ്പോള്‍ ടാര്‍സന്‍ പറഞ്ഞതെന്താണ് തുടങ്ങിയ വളരെ ഗഹനമായ കാര്യങ്ങളാണ്.
വിമല: അതെല്ലാം കടംകഥകളാണ്.
വിജയന്‍: (ഗൌരവം നടിച്ച്) അതെ അല്ലെ.
വിമല: (വിജയന്റെ പരിഹാസം മനസ്സിലാവുന്നില്ല) അതെ, അവള്‍ എന്നോടും ചോദിക്കാറുണ്ട്.
വിജയന്‍: എന്നാല്‍ ഒരു കാര്യം ചെയ്യ്യാ. ഇന്നു മുതല്‍ അവന് കണക്കു പഠിക്കാന്‍ ആവശ്യമുള്ളതു മാത്രം പറഞ്ഞുകൊടുത്താല്‍ മതീന്ന് പറയ്യാ.
വിമല: (വിജയന് ഇതൊന്നും ഇഷ്ടമായിട്ടില്ല എന്ന് ഇപ്പോള്‍ മനസ്സിലാവുന്നു) നീലു പറയണത് നമ്മുടെ മന്തന്‍ കുട്ടിക്ക് എല്ലാം അറിയാമെന്നാണ്. അശ്രദ്ധകാരണം കണക്കുകള്‍ തെറ്റിക്കുകയാണത്രെ.
വിജയന്‍: അതിനുള്ള മരുന്നായിരിക്കും കടംകഥകള്‍.
വിമല: (അനുനയസ്വരത്തില്‍) നോക്കു അവള് നന്നായി പഠിപ്പിക്ക്ണ്‌ണ്ട് ട്ടോ. പിന്നെ അവരുടെ ട്യൂഷന്‍ സമയത്ത് ഒന്നു ശ്രദ്ധിച്ചുനോക്കു കേട്ടോ. നല്ല രസമാണ്. അവള്‍ എന്തൊക്കെ കുളൂസാണ് പറയുക എന്നോ. നമ്മുടെ പൊട്ടന്‍കുട്ടി പാവം അതൊക്കെ വിശ്വസിക്കിം ചെയ്യും. (അകലെ നിന്ന് നീലുവിന്റെ ബഹളം കേള്‍ക്കാം.)
വിമല: നീലു വരുന്നുണ്ട്.
വിജയന്‍ നോക്കുന്നു.
സീന്‍ - 18:
ഗേയ്റ്റു കടന്ന് ഡാന്‍സ് ചെയ്തു വരുന്ന നീലു. ഒപ്പം ഓരോന്നു പറഞ്ഞ് ബഹളമുണ്ടാക്കുന്നുണ്ട്. ഉമ്മറത്തു നില്‍ക്കുന്ന അജിതിനോടാണ് ബഹളം. പറമ്പില്‍ മേഞ്ഞിരുന്ന ഒരു പശു, നാലഞ്ചു കോഴികള്‍, ഒരു പൂച്ച മുതലായ മൃഗങ്ങള്‍ നീലുവിന്റെ വരവിനെ സ്വാഗതം ചെയ്യുന്നു. അവയുടെ ശബ്ദങ്ങളും പശ്ചാത്തല സംഗീതത്തില്‍ ചേര്‍ക്കണം. അന്തരീക്ഷം പെട്ടെന്ന് ആഹ്ലാദഭരിതമാകുന്നു. പൂക്കള്‍ വിടരുകയും പക്ഷികള്‍ പാടുകയും ചെയ്യുന്നു.
നീലു ഉമ്മറത്തെത്തുമ്പോഴേക്കും വിജയനും വിമലയും എത്തുന്നു. ഡാന്‍സ് ചെയ്തു വരുന്ന നീലു വിജയ ന്റെ മുമ്പില്‍ പെട്ടെന്നു നില്‍ക്കുന്നു. സംഗീതം നിലയ്ക്കുന്നു.
വിജയന്‍: ടീച്ചറെ ഒരു കാര്യം പറയാനുണ്ട് (നീലു വിജയനെ അമ്പരപ്പോടെ നോക്കുന്നു)
വിജയന്‍: അജിത്തിനെ കണക്കു പഠിപ്പിക്കാനാണ് നിങ്ങളെ വെച്ചത്. അല്ലാതെ കടംകഥകള്‍ പഠിപ്പിക്കാനല്ല.
നീലു: അത്രയേഉള്ളു എന്ന മട്ടില്‍ ആംഗ്യം കാണിക്കുന്നു.) ആട്ടെ, ഞാന്‍ ഒരു റിഡില്‍സ് ചോദിക്കട്ടെ.
വിജയന്റെ സമ്മതത്തിന് കാത്തു നില്‍ക്കുന്നില്ല
നീലു: നെയിം ദ കെറ്റില്‍ ദാറ്റ് വാക്ക്‌സ് ഓണ്‍ ടു ഫീറ്റ് ആന്റ് ബോയില്‍ഡ് വിത്തൌട്ട് പുട്ടിംഗ് ഓണ്‍ ദ സ്റ്റൌ?
വിജയന്‍: എന്താണ് എന്താണ്?
നീലു: രണ്ടു കാലില് നടക്കുന്നതും സ്റ്റൌവിനു മേലെ വെക്കാതെ തിളക്കുന്നതുമായ കെറ്റിലിന്റെ പേര്‍ പറയാമോ?
വിജയന്‍: (ആലോചിച്ചുകൊണ്ട്) രണ്ടു കാലില് നടക്കുന്നതും....
നീലു: (സ്വന്തം തലയില്‍ ചൂണ്ടി) യൂ നീഡ് ബ്രെയിന്‍സ് മാന്‍.
വിജയന്‍: രണ്ടു കാലില് നടക്കുന്നതും സ്റ്റൌവിനു മേലെ വെക്കാതെ തിളയ്ക്കുന്നതുമായ കെറ്റ്ല്‍...?
നീലു: ഞാന്‍ പറയട്ടെ.
വിജയന്‍: (തടയുന്നു) വരട്ടെ ഒരു മിനിറ്റ്. (ആലോചിക്കുന്നു.) രണ്ടു കാലില്‍...
നീലു: ഞാന്‍ പറയാം. അതു വിജയേട്ടന്‍ തന്നെ.
വിജയന്‍ പെട്ടെന്ന് അടിക്കാന്‍ ഓങ്ങുന്നു. നീലു ഓടുന്നു.
നീലു: (അജിതിനോട്) റണ്‍ ഫോര്‍ യുവര്‍ ലൈഫ് മാന്‍.
cut to
സീന്‍ - 19:
നീലു അജിതിനെ പഠിപ്പിക്കുന്ന സീന്‍. ഒരു കണക്ക് ചെയ്യാന്‍ ഇട്ടുകൊടുത്ത് നീലു ഒരു പുസ്തകം തുറക്കുന്നു. പെട്ടെന്ന് അതില്‍ കാണുന്ന ചിത്രം അവളുടെ കുസൃതി ഭാവനയെ ഉണര്‍ത്തുന്നു. (പുസ്തകം ആന്‍ഡേഴ്‌സന്റെ യക്ഷിക്കഥകള്‍ ആണ്) നീലു അജിതിനെ തോണ്ടി ചിത്രം കാണിക്കുന്നു.
നീലു: ഈ ചിത്രം കണ്ടോ?
അജിത്: (നോക്കുന്നു) അത് ഉറങ്ങുന്ന രാജകുമാരീടെ കോട്ടയല്ലെ?
സീന്‍ - 21
അടുത്ത മുറിയില്‍ നിന്ന് ജനലിലൂടെ വിമല അജിതിനേയും നീലുവിനേയും വിജയന് കാണിച്ചു കൊടുക്കുന്നു. അജിതും നീലുവും അവര്‍ക്ക് പുറം തിരിഞ്ഞാണ് ഇരിക്കുന്നുത്.
അജിത്: ആ കഥ എനിക്കറിയാം.
നീലു: ഈ കാസില് കണ്ടോ? ഇതു പോലത്തെ ഒരു കാസിലിലാണ് കാനഡയില്‍ ഞങ്ങള്‍ താമസിക്കുന്നത്.
അജിതിന്റെ കണ്ണുകളില്‍ അത്ഭുതം.
നീലു: കാസിലിനു ചുറ്റും ഡീപ്പ്‌മോട്ടാണ്.
അജിത്: മോട്ടെന്നു പറഞ്ഞാല്‍?
നീലു: ഈ കാസിലുകള്‍ക്കു ചുറ്റും കാണില്ലെ ഡീപ്പായിട്ട് വെള്ളം എനിമീസൊന്നും വരാതിരിക്കാന്‍.
അജിത്: കിടങ്ങോ?
നീലു: ആ, അതു തന്നെ.
Cut to