ഇ ഹരികുമാര്‍
സീൻ - 61:
നീലിമ പെട്ടികടക്കാരനു നേരെ ഇരുപതിന്റെ ഒരു നോട്ടു നീട്ടുന്നു.
നീലിമ: പൊതി...
ചന്ദ്രൻ: (അവളെ തടഞ്ഞുകൊണ്ട്) മനസ്സിലായി (നോട്ടു വാങ്ങിക്കൊണ്ട് ഒരു പൊതികൊടുക്കുന്നു.) മുമ്പൊരിക്കൽ ഞാൻ പറഞ്ഞതോർമ്മയുണ്ടോ? ബോണിയുടെ അടുത്തേക്കു പോകുമ്പോൾ വാങ്ങി ക്കൊണ്ടു പോകേണ്ട സാധനത്തെപ്പറ്റി പറഞ്ഞത്. നീലുവിന്റെ മുഖം ചുവക്കുന്നു. പെട്ടെന്നു വന്ന ദ്യേഷ്യം കടിച്ചമർത്തി അവൾ ഒരു നിമിഷം അയാളെ തുറിച്ചുനോക്കുന്നു. പിന്നെ പെട്ടെന്ന് തിരിച്ചു നടക്കുന്നു.
സീൻ - 62:
നീലിമ വാതിൽ തുറന്ന് വന്നപ്പോൾ ബോണി അതേ കിടപ്പാണ്. നീലിമയുടെ കയ്യിലെ പൊതി കണ്ടപ്പോഴേക്ക് അയാൾ പേ പിടിച്ച നായയെപ്പോലെ പെരുമാറുന്നു.
ബോണി: തരൂ, തരൂ, തരാനല്ലെ പറഞ്ഞത്.
അയാളുടെ കൈകൾ വിറയ്ക്കുന്നുണ്ട്.
ബോണി: ഒരു തീപ്പെട്ടിയെടുക്കു വേഗം.
അയാൾ ചൂണ്ടിക്കാണിച്ചു. നീലിമ തീപ്പെട്ടി കൊണ്ടുവന്നു കൊടുക്കുന്നു. ബോണി പൊടി നിലത്തിട്ട് അതിന് തീ കൊടുത്ത്, പുക ഒട്ടും പുറത്തുപോകാത്ത വിധത്തിൽ കുനിഞ്ഞുകിടന്ന് അകത്തേക്കെടുക്കുന്നു. ക്രമേണ അയാളുടെ മുഖഭാവം മാറുന്നു. സാധാരണ നില പ്രാപിക്കുന്നു.
നീലിമ: സൈമനെവിടെ?
ബോണി: അവൻ എന്നെ ഉപേക്ഷിച്ചു എന്നാണ് തോന്നുന്നത്. എല്ലാവരും എന്നെ ഉപേക്ഷിച്ചു. നീലിമ മാത്രമെ എന്നെ രക്ഷിക്കാനുണ്ടായുള്ളു.
നീലിമ: ബോണിക്ക് ഇത് നിർത്തിക്കൂടെ?
ബോണി: നിർത്താനോ, ഞാൻ അതിന്റെ അടിമയായിക്കഴിഞ്ഞിരിക്കുന്നു. ഇനി എനിക്ക് രക്ഷയില്ല.
നീലിമ: അതിനുള്ള ക്ലിനിക്കുകളൊക്കെഉണ്ടല്ലൊ. അവിടെ എവിടെയെങ്കിലും പോകുകയാണ് നല്ലത്.
ബോണി: അതിനൊക്കെ പണം ആവശ്യമാണ്. എന്റെ കയ്യിൽ ഒന്നുമില്ല.
നീലിമ: എനിക്ക് തോന്നുന്നത് ഫ്രീയായി ചികിത്സിക്കുന്ന സ്ഥാപനങ്ങളുണ്ടാകുമെന്നാണ്. ബോണി അന്വേഷിച്ചു നോക്കു.
ബോണി: (കുറച്ചുനേരം ആലോചിച്ചുകൊണ്ട്) നീലിമ പറഞ്ഞത് നീലിമയുടെ അച്ഛന് കാനഡയിൽ ബിസിനസ്സാണെന്നല്ലെ?
നീലിമ: (മടിച്ചുകൊണ്ട്) അതെ.
ബോണി: അച്ഛനോട് പറഞ്ഞ് എനിയ്ക്കവിടെ ഒരു ജോലിയാക്കിത്തരുമോ?
നീലിമ: അത് എനിക്കറിയില്ല കേട്ടോ.
ബോണി: (അവളുടെ കാൽക്കൽ വീഴുന്നു) പ്ലീസ് നീലിമ. എന്നെ ഇവിടെനിന്നൊന്ന് രക്ഷിക്കു. (നീലിമ ഒന്നും പറയുന്നില്ല)
ബോണി എഴുന്നേൽക്കുന്നു. സാവധാനത്തിൽ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. പിന്നെ നീലിമക്ക് പുറം തിരിഞ്ഞുകൊണ്ട് ഡയലോഗ് തുടങ്ങുന്നു.
ബോണി: ഞാൻ ആരുമില്ലാത്തവനാണ്. ചെറുപ്പത്തിലേ അമ്മച്ചിയും അപ്പച്ഛനും മരിച്ചു. പട്ടിണി കിടന്നും തണുപ്പറിഞ്ഞും സ്‌നേഹമെന്തെന്നറിയാതെയും തെരുവുകളിൽ വളർന്നു. സംഗീതം മാത്രമാണ് എന്നെ ആശ്വസിപ്പിച്ചിരുന്നത്. ഇന്ന് നീലിമയാണ് എന്നെ സ്‌നേഹം എന്തെന്ന് പഠിപ്പിച്ചത്. ഞാൻ നീലിമയെ ഒരിക്കലും മറക്കില്ല. നീലിമ എന്നെ സ്‌നേഹിക്കില്ലെ?
നാടകീയമായി നീലിമക്കു നേരെ തിരിയുന്നു. പക്ഷെ നീലിമ പോയിക്കഴിഞ്ഞിരിക്കുന്നു. ബോണി ഡയലോഗ് തുടങ്ങുമ്പോൾത്തന്നെ അവൾ ശബ്ദമുണ്ടാക്കാതെ തുറന്ന വാതിലിലൂടെ രക്ഷപ്പെട്ടിരിക്കുന്നു. സ്തംഭിച്ചു നിൽക്കുന്ന ബോണിയുടെ നേരെ ക്യാമറ.
cut to
സീൻ - 63:
ഞായറാഴ്ച - വിജയന്റെ വീട്ടിലെ തളം. വിജയൻ ഒരു മുണ്ടും ബനിയനുമാണ് ഇട്ടിരിക്കുന്നത്. ഞായറാഴ്ചത്തെ ആലസ്യം. കയ്യിൽ പേപ്പറുണ്ട്.
മണി പുറത്തുനിന്നു വന്ന് വാതിൽക്കൽ മുട്ടുന്നു.
വിജയൻ: കമിൻ.
മണി: അകത്തേക്കു വരുന്നു.
വിജയൻ: ആ മണിയോ? എന്താ വിശേഷം വല്ലതുമുണ്ടോ?
മണി: ഒന്നുംല്ല്യ. വെറുതെ വന്നതാ.
വിജയൻ: ഇരിക്ക്.
മണി ഒരു കസേരയിൽ ഇരിക്കുന്നു.
വിജയൻ: എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
വിമല അടുക്കളയിൽ നിന്നു വരുന്നു.
വിമല: ആ മണിയോ?
മണി ഭവ്യതയോടെ എഴുന്നേൽക്കുന്നു.
വിമല: ഇരിക്കു മണി ഞാൻ ഒരു ചായയുണ്ടാക്കട്ടെ.
മണി: (വേണ്ട ചേച്ചി) ഇരിക്കുന്നു.
വിമല: മണിക്കിപ്പോൾ നമ്മുടെ ചായയൊന്നും പിടിക്കില്ല്യാ അല്ലെ. ഗ്രേഡ് വണ്ണിലെ ചായയെ പറ്റു.
മണി ചിരിക്കുന്നു. വിമല തിരിച്ചു പോകുന്നു.
മണി: ജോസഫ് കുട്ടി സാറ് നൂറുറുപ്പിക കൂട്ടിത്തന്നു ഈ മാസം മുതൽ.
വിജയൻ: (സന്തോഷത്തോടെ) അതു നന്നായി. അയാൾക്ക് ഒരാളെ ഇഷ്ടായാൽ എന്തു ശമ്പളവും കൊടുക്കും. മറിച്ചാണെങ്കിൽ ചവിട്ടി പുറത്താക്കുംചെയ്യും. എന്തായാലും നന്നായി. ആത്മാർത്ഥതയോടെ ജോലിയെടുത്തോ. പിന്നെ അച്ഛന് പണം അയക്കിണില്ല്യെ.
മണി: ഉണ്ട് സാർ.
വിജയൻ: നീ ഒരു കാര്യം ചെയ്യ്. നൂറുറുപ്പിക കൂട്ടിക്കിട്ടിന്നല്ലെ പറഞ്ഞത്. ആ സംഖ്യ ഒരു ബാങ്കിൽ എല്ലാ മാസവും കൊണ്ടെ ഇട്. എപ്പോഴെങ്കിലും പണത്തിന് അത്യാവശ്യം വന്നാൽ ആരോടും കടം ചോദിക്കാൻ എട്യാക്കരുത്. നാളെ നീ ഓഫീസിൽ വാ. ഞാൻ അപ്പുറത്തുള്ള ബാങ്കില് ഒരു അക്കൌണ്ട് ശരിയാക്കി ത്തരാം.
മണി: ശരി സർ.
വിജയൻ: ഇന്ന് ഡ്യൂട്ടിയില്ലെ?
മണി: ഉണ്ട് മൂന്നുമണിതൊട്ടാണ്.
വാതിൽ കടന്ന് നീലിമ വരുന്നു.
നീലിമ: ഹായ് എവരിബഡി.
വിജയൻ തലചൊറിഞ്ഞുകൊണ്ട് പതുക്കെ പറയുന്നു.
വിജയൻ: ശല്യമേ.
നീലിമ: (അവളെ കണ്ടതുകൊണ്ടാണ് തല ചൊറിയുന്നതെന്നു മനസ്സിലായി.) എന്താണ് തല ചൊറിയുന്നത്?
പെട്ടെന്ന് മണിയെ കാണുന്നു. പിന്നീട് ഒന്നും പറയാതെ അടുക്കളയിലേക്ക് പോകുന്നു. നീലിമയെ കണ്ടശേഷം തൊട്ട് മണി അസ്ഥസ്ഥനാണ്. പെട്ടിക്കടയിൽ നിന്ന് പൊടി വാങ്ങിക്കൊണ്ടുപോകുന്നതും, ബോണിയുടെ ഒപ്പം നടക്കുന്നതുമെല്ലാം ഓർമ്മയിൽ വരുന്നു. വിജയനോട് ആ കുട്ടിയെപ്പറ്റി ചോദിക്കണമെന്നുണ്ട്, ധൈര്യമില്ല. മണി എഴുന്നേൽക്കുന്നു. അടുക്കളയിൽ നിന്ന് നീലുവിന്റെ പൊട്ടിച്ചിരി കേൾക്കാനുണ്ട്.
മണി: ഞാൻ പോട്ടെ സാറെ.
വിജയൻ: ശരി, നീ നാളെ ഓഫീസിൽ വാ. പന്ത്രണ്ടു മണി കഴിഞ്ഞ് വന്നാൽ മതി.
മണി: ശരി, (അടുക്കളയുടെ ഭാഗത്തേക്കു നോക്കി) ചേച്ചി ഞാൻ പോകുന്നു.
വിമല: (വരുന്നു) ശരി.
മണി പോകുന്നു.
സീൻ - 64:
രാവിലെ സമയം. നീലിമ നിരത്തിലൂടെ നടന്നു നീങ്ങുന്നു. ഗുഹയാണ് ലക്ഷ്യം. പെട്ടിക്കട കടന്നു പോകുമ്പോൾ അവൾ നോക്കുന്നു. കടക്കാരൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടപ്പോൾ അവൾ മുഖം തിരിച്ച് നടക്കുന്നു.
കടക്കാരൻ: (അസിസ്റ്റന്റിനോട്) ഇന്ന് നേരത്തെത്തന്നെ പോകുന്നുണ്ട്.
പയ്യൻ: ഇപ്പൊത്തന്നെ വരും പൊടിക്കുവേണ്ടി.
ഗുഹയിൽ ബോണി ഒരു കസേരയിൽ കൂനിക്കൂടിയിരിക്കുന്നു. വസ്ത്രധാരണത്തിൽ ശ്രദ്ധയൊന്നുമില്ല. തലമുടിയെല്ലാം പാറിപ്പറന്നിരിക്കുന്നു. Withdrawl symptomത്തിന്റെ തുടക്കമാണ്. വല്ലാതെ ക്ഷീണിച്ചിട്ടുമുണ്ട്. നീലിമ കടന്നുവരുന്നു.
നീലിമ: ഹായ് ബോണി, ഹൌ ആർയു? ബോണി ഒന്നും പറയുന്നില്ല.
നീലിമ: ഞാൻ കുറച്ച് ദോശ കൊണ്ടുവന്നിട്ടുണ്ട്. അത് കഴിക്കു.
പൊതി തുറന്ന് ബോണിക്ക് കൊടുക്കുന്നു. ബോണി തിന്നുന്നു, ആർത്തിയോടെത്തന്നെ.
നീലിമ: ബോണിക്ക് ഇവിടെ എവിടെയെങ്കിലും ഒരു ജോലിക്ക് ശ്രമിച്ചുകൂടെ?
ബോണി: ജോലിയോ? എനിക്കോ? എന്തുകണ്ടിട്ടാണ് ആൾക്കാർ എനിക്കു ജോലി തരുന്നത്? ഗിത്താർ മീട്ടുവാനും പാടുവാനും മാത്രമെ എനിക്കറിയു.
നീലിമ: വേറെ ഏതെങ്കിലും ഹോട്ടലിൽ ശ്രമിച്ചുകൂടെ? പാട്ടുകാരനായിത്തന്നെ.
ബോണി: ഇനി ഒന്നും പറ്റില്ല. എന്റെ സ്‌നേഹിതന്മാരെല്ലാം എന്നെ ഉപേക്ഷിച്ചു. അവരെല്ലാം മയക്കു മരുന്നിന്നെതിരെ എനിക്ക് താക്കീതു തന്നതായിരുന്നു. ഞാൻ ശ്രദ്ധിച്ചില്ല. ശ്രമിക്കാഞ്ഞിട്ടല്ല. ഞാനതിൽ അറിയാതെ വീണു പോവ്വാണുണ്ടായത്. നീലിമ പൊടി വാങ്ങിയ ആ പെട്ടിക്കടയില്ലെ, അയാൾക്ക് മയക്കു മരുന്നു സപ്ലൈ ചെയ്യുന്ന ഒരു വലിയ ഗാങ്ങുണ്ട്. അവർ വളരെ ആക്ടീവാണ്. അതിലൊരുത്തനാണ് എന്നെ ചതിച്ചത്. ഒരു ദിവസം രാത്രി ഹോട്ടലിലെ സെഷൻ കഴിഞ്ഞ് ഞാൻ പുറത്തു നിൽക്കുകയായിരുന്നു.
Flash Back.
സീൻ - 65:
ബോണി ബ്രീസ് ഹോട്ടലിനു പുറത്തു നിൽക്കുന്നു. സൈമൺ അകത്തു നിന്നു വരുന്നു.
സൈമൺ: പോവ്വാ.
ബോണി: താൻ പൊയ്‌ക്കോ. ഇവിടെ ഇങ്ങനെ നിൽക്കാൻ നല്ല സുഖംണ്ട്.
സൈമൺ: എന്നാൽ താനിവിടെ അങ്ങിനെ നിന്നു തൊലക്ക്. ഞാൻ പോട്ടെ. (പോകുന്നു.)
ഇരുട്ടിന്റെ മറവിൽ ഒരു രൂപം ബോണിയെ ശ്രദ്ധിക്കുന്നുണ്ട്. സൈമൺ പോയിക്കഴിഞ്ഞപ്പോൾ ആ രൂപം നടന്നടുക്കുന്നു. സാമാന്യം വിരൂപമായ മുഖമാണ്. ഉയരമില്ല. സാമാന്യം നല്ല നിലയിൽ വേഷം.
അയാൾ: ബോണീന്നല്ലെ പേര്?
ബോണി: (അത്ഭുതത്തോടെ) അതെ.
അയാൾ: ഇവിടെ ഹോട്ടലില് പാട്ട് പാടുന്നുണ്ട് അല്ലെ?
ബോണി തലയാട്ടുന്നു.
അയാൾ: നിങ്ങളെപ്പോലത്തെ കലാകാരന്മാരൊക്കെ ഇങ്ങിനെ നടന്നാൽ മത്യോ?
ബോണി: എനിക്കു മനസ്സിലായില്ല്യ.
അയാൾ: പുറം രാജ്യത്തൊക്കെ ഇംഗ്ലീഷ് പാട്ടുകാര് എന്ത് പ്രൌഢിയിലാണ് നടക്കുന്നത്?
ബോണി: നമുക്കതുമാതിരിയൊക്കെ നടക്കാൻ പറ്റ്വോ?
അയാൾ ഒരു സിഗരറ്റെടുത്തു നീട്ടുന്നു. ബോണി വാങ്ങുന്നു. അയാളും ഒന്നെടുത്ത് ലൈറ്റർ കൊണ്ട് ബോണിയുടെ സിഗരറ്റ് കത്തിച്ചുകൊടുത്ത ശേഷം സ്വന്തം സിഗരറ്റ് വലിക്കുന്നു.
അയാൾ: നല്ലോം ആഞ്ഞു വലിച്ചോ. പാട്ടുകാരന് പ്രചോദനം കിട്ടാനുള്ള സാധനാണ് അതില്. നമുക്ക് നടക്കാം. (അയാൾ നടക്കുന്നു. ഒപ്പം ബോണിയും.) നല്ലോം ആഞ്ഞുവലിച്ചോ.
നടന്നുകൊണ്ടിരിക്കെ ബോണിയുടെ കാഴ്ച ശിഥിലമാകുന്നതു കാണിക്കണം. വിളക്കുകാലുകൾ വളഞ്ഞു നിൽക്കുന്നപോലെ തോന്നുന്നു. റോഡ് കുഴിഞ്ഞും താണും കാണപ്പെടുന്നു. വിളക്കുകൾ പെട്ടെന്ന് പ്രകാശമേറുന്നതായും നിറഭേദങ്ങൾ കാണിക്കുന്നതായും കാണുന്നു. ട്രിപ്പ് അതിന്റേതായ ഭീകരതയോടും വശ്യതയോടും കാണിക്കണം)
Return from flash back
സീൻ - 66:
ബോണി സംസാരിക്കുന്നു.
ബോണി: ആദ്യത്തെ അനുഭവം ഒരേ സമയം പേടിപ്പെടുത്തുന്നതും എന്നാൽ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടണമെന്ന് തോന്നുന്നതുമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അയാൾ വീണ്ടുംവന്നു. വീണ്ടും അതാവർത്തിച്ചു. വീണ്ടും വീണ്ടും നാലുപ്രാവശ്യം. പിന്നെ അയാളെ കണ്ടില്ല. പക്ഷെ നാലാമത്തെ പ്രാവശ്യം സിഗരറ്റുതന്നപ്പോൾ അതെവിടെ കിട്ടുമെന്നുകൂടി പറഞ്ഞുതന്നു. തൊട്ടുമുമ്പിലുള്ള പെട്ടിക്കട.
അയാൾ വന്നില്ലെന്നു കണ്ടപ്പോൾ എനിക്കാദ്യം ആശ്വാസമായി. ഇനി അയാൾ വന്നാലും അതു വലിക്കില്ലെന്നു തീരുമാനിച്ചു. എനിക്കെന്തോ അതു ഭയമായിരുന്നു. വീണ്ടും രണ്ടുദിവസം കഴിഞ്ഞു. അപ്പോഴാണ് അതുണ്ടായത്. ആ രാക്ഷസൻ അവന്റെ എല്ലാ ഭീകരതയോടും കൂടി എന്നെ അടിമയാക്കിയത് ഞാൻ അറിഞ്ഞു. എന്റെ കാലുകൾക്ക് ബലക്ഷയമനുഭവപ്പെട്ടു. തലയ്ക്കുള്ളിൽ ഒരു ചൂളം വിളി. കാഴ്ച മങ്ങിയ പോലെ. എല്ലാറ്റിനും ഉപരിയായി എന്റെ ഓരോ സെല്ലുകളും ആ രാക്ഷസനു വേണ്ടി തുടിക്കുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അതൊരു മുറവിളിയായി. എന്റെ അകത്തെവിടെയോ നിന്ന് ആ മുറവിളി ഉയർന്നു. പിന്നെ എനിക്ക് ഇരിക്കാൻ കഴിഞ്ഞില്ല. ഞാൻ എഴുന്നേറ്റു വന്നു.
പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് ഇതിന്റെ പിന്നിൽ ഒരു ഗാങ്ങുണ്ടെന്ന്. കൂടുതൽ കൂടുതൽ ആൾക്കാരെ മയക്കുമരുന്നിന്റെ അടിമയാക്കിയാൽ സ്ഥിരം ബിസിനസ്സ് കിട്ടുമല്ലൊ. അപ്പോൾ അവരുടെ ആൾക്കാർ ഓരോരുത്തരെ സമീപിച്ച് ആദ്യം മരുന്ന് സൌജന്യമായി കൊടുക്കും. മൂന്നു ദിവസം അതു വലിച്ചാൽ മതി. നിങ്ങളതിന്റെ അടിമയാകും. അവർ എത്താത്ത സ്ഥലങ്ങളില്ല. സ്‌ക്കൂളുകൾ, കോളേജ് കാമ്പസുകൾ, ഹോസ്റ്റലുകൾ, ലോഡ്ജുകൾ എന്തിനു പറയുന്നു വീട്ടമ്മമാരെകൂടി അവർ അടിമകളാക്കിയിട്ടുണ്ട്. ഞാൻ ആ കടക്കാരന്റെ അടുത്തു ചെന്നു.
സീൻ - 67:
Flash Back
ബോണി വേച്ചു വേച്ചു നടക്കുന്നു. കാലുകൾ നിലത്തുറക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് വീഴുന്നുണ്ട്. ഒരു വിധം പെട്ടിക്കടയിലെത്തുന്നു. പെട്ടിക്കടക്കാരൻ ബോണിയെ ആകെയൊന്ന് നോക്കുന്നു. സംഗതി പിടികിട്ടുന്നു.
പെട്ടിക്കടക്കാരൻ: എന്താ വേണ്ടത്.
ബോണി: (വിക്കിക്കൊണ്ട്) ഒരു സിഗരറ്റ്. മറ്റേ സിഗരറ്റില്ലെ. അത് ഒരെണ്ണം.
പെട്ടിക്കടക്കാരൻ: (സിഗരറ്റെടുത്തു കൊടുക്കുന്നു) പത്തുറുപ്പിക.
ബോണി: )അത്ഭുതത്തോടെ) ഒരെണ്ണം മതി.
പെട്ടിക്കടക്കാരൻ: അതെ ഒരെണ്ണത്തിന്റെ വിലയാണ് പത്തുറുപ്പിക.
ബോണി: പത്തുറുപ്പികയോ.
കടക്കാരൻ: അതെ.
ബോണി കീശയിൽ നിന്ന് അഞ്ചുറുപ്പികയുടെ നേട്ടെടുത്ത് കൊടുക്കുന്നു.
ബോണി: എന്റെ കയ്യിൽ അഞ്ചുറുപ്പികയുള്ളു. ബാക്കി വൈകുന്നേരം കൊണ്ടുവരാം.
കടക്കാരൻ: (നോട്ടു വാങ്ങുന്നു) മറക്കാതെ കൊണ്ടു വരണം. കൊണ്ടുവന്നില്ലെങ്കിൽ വൈകുന്നേരം ഹോട്ടലില് പാടാൻ വരുമ്പൊഞാൻ എല്ലാരടിം മുമ്പിന്ന് പിടിച്ചു വാങ്ങും അതിന് നിൽക്കണ്ട.
ബോണി ധൃതിയിൽ സിഗരറ്റ് കൊളുത്തി ആഞ്ഞു വലിക്കുന്നു.
End Of Flash Back
സീൻ - 68:
ബോണി: തുടക്കത്തിൽ മരുന്നുനിറച്ച സിഗരറ്റ് മതിയായിരുന്നു. ക്രമേണ അതു തന്നെ കൂടുതൽ പ്രാവശ്യം വലിക്കണമെന്നായി. പിന്നീട് അതും ഫലം ചെയ്യാതെയായപ്പോൾ ബ്രൌൺഷുഗർ നേരിട്ടുതന്നെ ചൂടാക്കി പുകവലിച്ചെടുക്കേണ്ടി വന്നു. അതും ഇപ്പോൾ ഇടയ്ക്കിടയ്ക്ക് വേണമെന്നായിരിക്കുന്നു. എന്റെ കയ്യിലാണെങ്കിൽ ഭക്ഷണം കഴിക്കാനുള്ള പണമില്ല. ഭക്ഷണമില്ലെങ്കിലും എനിക്കു കഴിയാം. മരുന്നില്ലാതെ വയ്യ. ഞാൻ തികച്ചും മയക്കുമരുന്നിന്റെ അടിമയായിരിക്കുന്നു. എനിക്കിനി മോചനമില്ല.
അയാൾ ഒരു സ്റ്റൂളിൽ കയ്യിൽ തലയും താങ്ങി ഇരിക്കയാണ്. കൈകൾ വിറക്കുന്നത് സ്പഷ്ടമായികാണാം.
ബോണി (സാവധാനത്തിൽ തലയുയർത്തി): നീലിമ എനിക്കൊരു ഉപകാരം ചെയ്യുമോ?
നീലിമ: എന്താണ്?
ബോണി: ഒരിക്കൽക്കൂടി എനിക്കുവേണ്ടി ആ മരുന്ന് വാങ്ങിക്കൊണ്ടുവരു.
നീലിമ: എന്നെക്കൊണ്ട് വയ്യ ആ കടയിൽ പോകാൻ. അയാളുടെ ഒരു നോട്ടവും മറ്റും. എന്തുവൃത്തികേടാണ്. ഞാൻ പണം തരാം. ബോണി പോയി വാങ്ങിക്കോളു.
ബോണി: എനിക്കയാൾ തരില്ല. ഞാൻ കുറെ പണം കൊടുക്കാനുണ്ട്. എന്റെ ജോലി പോയതെല്ലാം അയാൾക്കറിയാം. ഇപ്പോൾ പണം കൊടുത്താലും അതു പഴയകണക്കിൽ വരവു വെക്കുകയേ ഉള്ളു.
നീലിമ: എന്നെ നിർബ്ബന്ധിക്കരുത് പ്ലീസ്.
ബോണി: പ്ലീസ് നീലിമ.
നീലിമ: എന്നെ നിർബ്ബന്ധിക്കുകയാണെങ്കിൽ ഞാൻ ഇവിടെ വരുന്നത് നിർത്തും.
ബോണി: അയ്യോ അരുത്. അതുമാത്രം ചെയ്യല്ലെ. (അയാളുടെ കയ്യും ദേഹമാസകലവും വിറക്കുന്നുണ്ട്) ഞാൻ ആകെ ഒരു ചെളിക്കുണ്ടിലാണ്. നീലിമ വരുമ്പോൾ മാത്രമാണ് അല്പം ആശ്വാസം തോന്നുന്നത്. നീലിമ അതു വാങ്ങാൻ പോണ്ട. ഞാൻ എങ്ങിനെയെങ്കിലും സഹിച്ചോളാം.
അയാൾ ഇരിക്കുന്നു. പക്ഷെ Withdrawal Symptoms കൂടുതൽ കൂടുതൽ ആകുന്നുണ്ട്. സാവധാനത്തിൽ അയാൾ നിലത്തിരിക്കുന്നു. പിന്നെ വയർ പൊത്തിപ്പിടിച്ച് കിടക്കുകയാണ്. ശബ്ദമുണ്ടാകുന്നില്ല. കാഴ്ച വളരെ ദയനീയമാണ്. നീലിമ വിഷമത്തോടെ നോക്കിയിരിക്കുന്നു. പിന്നെ എഴുന്നേറ്റ് പുറത്തേക്കു പോകുന്നു.
സീൻ - 69:
പെട്ടിക്കട. വെയ്റ്റർ മണി സിഗരറ്റു വാങ്ങാൻ വന്നിരിക്കയാണ്. അപ്പോഴാണ് നീലിമ വരുന്നത്. നീലിമയെ കണ്ടപ്പോൾ മണി മാറിനിൽക്കുന്നു. നീലിമ ഇരുപതിന്റെ ഒരു നോട്ട് കടക്കാരനു നേരെ നീട്ടുന്നു. അവൾ മണിയെ ശ്രദ്ധിക്കുന്നില്ല. മണി വിശ്വസിക്കാൻ പറ്റാതെ നോക്കിനിൽക്കുകയാണ്. കടക്കാരൻ ഒരു ചെറിയ പൊതി അവളുടെ കയ്യിൽ ഒരു കള്ളച്ചിരിയോടെ വെച്ചു കൊടുക്കുന്നു. അവൾ മുഖം കനപ്പിച്ച് അതു വാങ്ങി നടന്നകലുന്നു.
കടക്കാരൻ: (മണിയോട്) ആ ബോണിയുടെ ഒപ്പം കൂടി ആ പെണ്ണും നശിച്ചു.
മണി: ഏതാണാ കുട്ടി?
കടക്കാരൻ: പൊറത്തുനിന്നെവിടെനിന്നോ വന്നതാ. കാനഡയിന്നോ മറ്റോ. നല്ല ഏതോ തറവാട്ടിലെ കുട്ട്യാന്ന്യാ തോന്നണെ. അല്ല ചെറുപ്പക്കാര് കേടുവരണ വഴിയേ.
മണിക്ക് കടക്കാരൻ പറയുന്നത് ഇഷ്ടമാകുന്നില്ല. എങ്കിലും മുഖഭാവം വിദഗ്ദമായി മറച്ചു പിടിക്കുന്നു.
സീൻ - 70:
വിജയന്റെ ഓഫീസ്. റിസപ്ഷനിൽ ഒരു പെൺകുട്ടി. മണി കയറി ചെന്ന് വിജയനെ കാണണമെന്ന് ആവശ്യപ്പെടുന്നു.
മണി: വിജയൻ സാറിനെ ഒന്നു കാണണം.
റിസപ്ഷനിസ്റ്റ് ഇന്റർകോമിൽ വിജയനുമായി സംസാരിക്കുന്നു.
റിസപ്ഷനിസ്റ്റ്: സാറിനെ കാണാൻ മണി വന്നിട്ടുണ്ട്. പറഞ്ഞയക്കട്ടെ?
വിജയൻ: പറഞ്ഞയക്കു.
സീൻ - 71:
വിജയന്റെ ചേമ്പർ. വിജയൻ കസേരയിലിരുന്ന് ഒരു ഫയൽ മറിച്ചു നോക്കുകയാണ് മണി വരുന്നു.
വിജയൻ: മണി ഇരിക്ക്. ഞാൻ ഗോപാലകൃഷ്ണനെ ഒപ്പം പറഞ്ഞയക്കാം. അയാളാണ് ബാങ്കിൽ പോകുന്നത്. അക്കൗണ്ട് തൊറക്കാനല്ലേ?
മണി ആകെ പരിഭ്രമിച്ച മാതിരിയുണ്ട്.
വിജയൻ: എന്താ മണി ഒരു വല്ലായ്മ?
മണി എന്തോ പറയാൻ ഓങ്ങുന്നു. പിന്നെ വേണ്ടെന്നു വെക്കുന്നു.
വിജയൻ: എന്താ മണി, എന്താച്ചാ പറയു. പണത്തിന് ആവശ്യംണ്ടോ?
മണി: അല്ല സർ, ഒരു കാര്യം ചോദിച്ചാ വിജയൻസാറിന് ദ്യേഷ്യം പിടിക്ക്വോ?
വിജയൻ: എന്താ കാര്യം? പറ.
മണി: ഞാൻ കഴിഞ്ഞ ദിവസം സാറിന്റെ വീട്ടിൽ വന്നപ്പോ അവിടെ ഒരു പെൺകുട്ടി വന്നിരുന്നില്ലെ.
വിജയൻ: ങ്ങും?
മണി: ആ പെൺകുട്ടി........
വിജയൻ: ആ പെൺകുട്ടി?
മണി: ആ പെൺകുട്ടി സാറിന്റെ ആരാ?
വിജയൻ: (ആശ്വാസത്തോടെ ചാഞ്ഞിരിക്കുന്നു.) ഓ അതാണോ. ആ പെൺകുട്ടി ഞങ്ങടെ ആരും അല്ല. ഒരു മകളെപ്പോലെയാണ്ന്ന് കൂട്ടിക്കോളു. അടുത്ത വീട്ടിലേതാണ്. അച്ഛനും അമ്മേം കാനഡയിലാണ്. ഇവിടെ അമ്മമ്മയുടെ കൂടെയാണ് താമസം. എന്താ?
മണി പരുങ്ങുന്നു.
വിജയൻ: എന്താ മണി
മണി ഒന്നും പറയുന്നില്ല. വിജയന് പെട്ടെന്ന് ഭയമാകുന്നു.
വിജയൻ: എന്താ മണി, അവൾക്ക് വല്ലതും പറ്റിയോ?
മണി: (അറച്ചറച്ചുകൊണ്ട് പറയുന്നു)സാറെ സാറിന് ഒന്നും തോന്നരുത്. ദ്യേഷ്യം പിടിക്കരുത്. അവള് മയക്കുമരുന്ന് കഴിക്കുന്നുണ്ട് ന്നാ തോന്നുന്നത്. ചന്ദ്രന്റെ കടേന്ന് വാങ്ങിക്കൊണ്ടുപോണത് ഞാൻ ഒന്നുരണ്ടുപ്രാവശ്യം കണ്ടിട്ടുണ്ട്. അങ്ങിനെയാണെങ്കില് സാറൊന്ന് പറഞ്ഞ് ഇപ്പൊത്തന്നെ ശരിയാക്ക്വാണ് നല്ലത്.
വിജയൻ സ്തബ്ധനായി ഇരിക്കുന്നു.
മണി: പിന്നെ ആ കുട്ടി, ആ പാട്ടുകാരൻ ഇല്ലെ, ബോണി അവന്റെ കൂടെ നടക്കണതും ഞാൻ കണ്ടിട്ടുണ്ട്.
വിജയൻ: ഏതു പാട്ടുകാരൻ? ബ്രീസില് പാട്ടുപാടണവനോ?
മണി: അതെ, അവനും ഒരു മയക്കമരുന്നിന്റെ ആളാന്നാ കേൾക്കണത്. അവനെ ഹോട്ടലിൽ നിന്ന് പൊറത്താക്കി.
വിജയൻ: (ആലോചിച്ചുകൊണ്ട്) അവൻ എവിട്യാ താമസിക്കണത്ന്ന് മണിക്കറിയ്വോ?
മണി: അറിയാം സാറെ. ഹോട്ടലിന്റെ അടുത്തെന്ന്യാണ്.
വിജയൻ: നീയിത് ആരോടും പറയണ്ട. ഞാൻ നോക്കിക്കൊള്ളാം. മണി ഇപ്പോൾ പൊയ്‌ക്കോളു. ഗോപാലകൃഷ്ണൻ വന്നിട്ടുണ്ട്. (വിജയൻ പ്യൂണിനെ വിളിക്കുന്നു)
പ്യൂൺ ഗോപാലകൃഷ്ണൻ വരുന്നു.
വിജയൻ: ഗോപാലകൃഷ്ണൻ ഇയാളെ നമ്മുടെ ബാങ്കില് കൊണ്ടുപോയി ഒരു റിക്കറിംഗ് ഡിപ്പോസിറ്റ് ഓപ്പൺ ചെയ്യാൻ പറയണം. Introduction വേണമെങ്കിൽ ഞാൻ പിന്നീട് ഒപ്പിട്ടു കൊടുക്കാമെന്നു പറയു.
ഗോപാലകൃഷ്ണൻ: ശരി സർ.
വിജയൻ: (മണിയോട്) മണി പൊയ്‌ക്കോളു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ ഫോൺ ചെയ്യാം.
മണിയും ഗോപാലകൃഷ്ണനും പോകുന്നു. വിജയൻ സാവധാനത്തിൽ കസേരയിൽ ചാരിയിരിക്കുന്നു. ആകെ തളർന്ന മട്ടാണ്.
Fade out.
സീൻ - 72:
വിജയന്റെ വീട്. സമയം അഞ്ചുമണിനേരം. അടുക്കളയിൽ വിമലയും നീലിമയും സംസാരിച്ചു കൊണ്ടിരിക്കുന്നു.
നീലിമ: നിങ്ങളുടെ ലൌവ് മാര്യേജായിരുന്നുവോ?
വിമല: (ചിരിച്ചുകൊണ്ട്) ഏയ് അച്ഛനമ്മമാര് ആലോചിച്ചുണ്ടാക്കിയത്. ഞങ്ങൾ ആദ്യമായി കാണുന്നതു തന്നെ വിജയൻ പെണ്ണുകാണാൻ വന്നപ്പോഴാണ്.
നീലിമ: പക്ഷെ ഇപ്പോൾ നല്ല ലൌവ്വാണല്ലെ?
വിമല ചിരിക്കുന്നു.
നീലിമ: വിജയേട്ടൻ എത്ര നല്ല ആളാണ്. വിമലച്ചേച്ചി ഭാഗ്യം ചെയ്തിട്ടുണ്ട്, വിജയേട്ടനെ കിട്ടാൻ.
വിമല: അതൊക്കെ ശരിയാ. മറ്റുള്ള ഓരോരുത്തരെ കാണുമ്പോഴാണ് വിജയേട്ടന്റെ ഗുണം അറിയുന്നത്. എത്ര കുടുംബങ്ങളുണ്ട്, ശാന്തിയും സമാധാനവുമായി കഴിയുന്നവർ. എന്തെങ്കിലും പ്രശ്‌നമുണ്ടാവും ഓരോരുത്തർക്കും.
നീലിമ: വിജയേട്ടനും വിമലച്ചേച്ചിം ഒരിക്കലും കലഹിക്കാറില്ലെ? ഞാനിതുവരെ കണ്ടിട്ടില്ല.
വിമല: അതൊക്കെയുണ്ട്. പലപ്പോഴും എന്റെ മണ്ടത്തരം കൊണ്ടാവും. പക്ഷെ അതൊക്കെ അപ്പൊത്തന്നെ കഴിയും. വിജയൻ ഒന്നും പിന്നേക്ക് ബാക്കി വെക്കില്ല.
ഡോർബെൽ അടിക്കുന്നു.
വിമല: വിജയേട്ടനാവും.
നീലിമ പോയി വാതിൽ തുറന്നു. വിജയനാണെന്നു കാണുമ്പോൾ പറയുന്നു.
നീലിമ: ഹായ് ഇന്നു നേർത്തെ വന്നുവല്ലൊ. വിമലച്ചേച്ചി, നമുക്കിന്ന് ബീച്ചില് പോകാം.
വിജയന്റെ മുഖത്ത് തീരെ പ്രസാദമില്ല. കനപ്പിച്ചുകൊണ്ട് അകത്തേക്കു വരുന്നു. സോഫയിലിരിക്കുന്നു.
നീലിമ: ഇന്നെന്താ വിജയേട്ടനെ പൂച്ച മാന്തിയോ?
വിജയന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമില്ല. വിമല സാധാരണമട്ടിൽ അടുത്തിരുന്ന് ബാഗ് തുറക്കുന്നു. വിജയന്റെ മുഖഭാവത്തിനു കാരണം മനസ്സിലാവാതെ പക്ഷെ സ്വസ്ഥതയില്ല.
നീലു: (അല്പം പരിഭവത്തോടെ) വിജയേട്ടന് അല്ലെങ്കിലും രണ്ടു വേഷങ്ങളാണുള്ളത്. ഓഫീസിൽ ഒരു വേഷം വീട്ടിൽ വേറൊന്ന്. ചിലപ്പോൾ വീട്ടിൽ വന്നാലും ഓഫീസിലെ റോൾതന്നെയായിരിക്കും. വീട്ടിലെത്തീന്ന് മനസ്സിലാവാത്ത പോലെ.
വിജയൻ:(ഗൌരവമായി) എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. കുട്ടി അവിടെ ഇരിക്കു.
നീലിമ അസ്വസ്ഥയാകുന്നുണ്ട്. എങ്കിലും വിജയൻ പറഞ്ഞതനുസരിക്കുന്നു.
വിജയൻ: നീലു പറഞ്ഞില്ലെ, എന്റെ രണ്ടു വേഷങ്ങളെപ്പറ്റി. ശരിയാണ്. ഓഫീസിൽ ഞാൻ ഒരു മുഖം മൂടിയണിഞ്ഞാണ് എന്റെ റോൾ കൈകാര്യം ചെയ്യുന്നത്. പക്ഷെ വീട്ടിൽ ഞാൻ ഒരു വേഷവും കെട്ടാറില്ല. ശരിക്കുള്ള വിജയൻ. ഭാര്യയോടും മകനോടും സ്‌നേഹവും ആത്മാർത്ഥതയുമുള്ള ഒരു സാധാരണ മനുഷ്യൻ. മറ്റുള്ള പലരും പക്ഷെ ഒന്നും രണ്ടും വേഷമല്ല അതിലധികം വേഷങ്ങൾ സദാസമയവും ധരിച്ചുകൊണ്ടാണ് നടക്കുന്നത്. നീലുവിന് തന്നെ എത്ര വേഷമുണ്ട്. അതിൽ ഏതാണ് യഥാർത്ഥ നീലിമ? ഒന്ന് കാനഡയിൽ നിന്നു വന്ന ഒരു മോഡേൺ ഗേൾ, മാലാഖ, രണ്ട്, സാരിയുടുത്ത് ചന്ദനക്കുറിയും തൊട്ട് നിലവിളക്കിനു മുമ്പിൽ കീർത്തനങ്ങൾ പാടുന്ന ശാലീനയായ നായർ പെൺകുട്ടി, പിന്നെ, പിന്നെ, ഞാൻ പറയണോ?
നീലിമ: എനിക്ക് വിജയേട്ടൻ പറയുന്നതൊന്നും മനസ്സിലാവുന്നില്ല.
വിജയൻ: വഴിയേ മനസ്സിലായിക്കൊള്ളും ഒരു കാര്യം ചോദിച്ചാൽ ശരിക്കുള്ള മറുപടി പറയുമോ.
നീലിമ: എന്താ പറയാതെ?
വിജയൻ: നീയും ആ പാട്ടുകാരൻ ബോണിയുമായി എന്തു ബന്ധം?
നീലിമ: ഓ അതാണോ? വെറും ഫ്രണ്ട്ഷിപ്പ്.
വിജയൻ: അയാളെ എങ്ങിനെ പരിചയപ്പെട്ടു?
നീലിമ: മോൺട്രിയയിൽ എന്റെ ഫ്രണ്ട് ഷർലിയുടെ കസിനാണയാൾ.
വിജയൻ: അയാളുമായി വെറും ഫ്രണ്ട്ഷിപ്പ് മാത്രമേയുള്ളു, അതോ അതിൽ കൂടുതലായി വല്ലതും?........
നീലിമ: ഒന്നുമില്ല, വെറും ഫ്രണ്ട്ഷിപ്പ് മാത്രം.
വിജയൻ: (എഴുന്നേറ്റ്) നീ അയാളുടെ ഒപ്പം കൂടി മയക്കു മരുന്നടിക്കാറില്ലെ? ബ്രൌൺഷുഗർ.
വിമല ഞെട്ടുന്നു. വളരെ അസ്വസ്ഥയാകുന്നു.
വിജയൻ: ഉണ്ട്, എനിക്കതിനുള്ള തെളിവുകൾ ഉണ്ട്. (പെട്ടെന്ന് നീലിമക്ക് ദ്യേഷ്യം പിടിക്കുന്നു. (അവൾ എഴുന്നേൽക്കുന്നു.)
നീലിമ: വിജയേട്ടൻ എന്തൊക്കെയോ പറയുന്നു.
വിജയൻ: നിന്റെ വേഷങ്ങളിൽ ഒന്നാണിത്. ഒരു പക്ഷെ അതായിരിക്കും ശരിയായ നീലിമ, ശാലീനയായ പെൺകുട്ടിയും കാനഡയിൽ നിന്നു വന്ന മാലാഖയും ഒക്കെ വേഷങ്ങളാണ്.
നീലിമ: വിജയേട്ടൻ എന്നു മുതലാണ് എന്റെ ഗാർഡിയൻ ആയത്? ആരും അപ്പോയിന്റ് ചെയ്തിട്ടൊന്നുമില്ലല്ലൊ.
വിമല നീലിമയെ തടയാൻ ശ്രമിക്കുന്നു, പക്ഷെ കഴിയുന്നില്ല.
നീലിമ: നിങ്ങളാരും എന്റെ പ്രൈവറ്റ് ലൈഫിൽ ഇടപെടേണ്ട. അതിനുള്ള അധികാരമൊന്നും ആരും തന്നിട്ടില്ല.
അജിത് വരുന്നു. കളി കഴിഞ്ഞ് വരുന്ന വേഷമാണ്. ബഹളം കേട്ട് അവൻ പേടിച്ച് ഒരരുകിൽ ഒതുങ്ങി നിൽക്കുന്നു.
വിജയൻ: ഇവിടെ അധികാരത്തിന്റെ പ്രശ്‌നമൊന്നുമില്ല. നീ എന്തായാലും ഇനി മുതൽ ബോണിയെ കാണാൻ പോകുന്നില്ല, മനസ്സിലായോ?
നീലിമ: ഞാൻ കാണുന്നവരെ ഒക്കെ കാണും. വിജയേട്ടനെന്താ? വിജയേട്ടന് അസൂയയാണ് ഞാൻ ബോണിയുടെ അടുത്ത് പോകുന്നതിന്.
വിജയൻ: (പെട്ടെന്ന് അവളുടെ ചെകിടത്ത് അടിക്കുന്നു.) എന്തേ പറഞ്ഞത് അസൂയയാണെന്നോ?
നീലിമ ചെകിടത്ത് കൈവെച്ചുകൊണ്ട് തരിച്ചു നിൽക്കുന്നു. കണ്ണുകൾ നിറയുന്നു. വിമലയെ ഒരു നിമിഷം നോക്കുന്നു. വിമല അവളുടെ അടുത്തുവന്ന് പുറത്ത് തലോടുന്നു. പെട്ടെന്നവൾ കുതറി ഓടുന്നു. വിജയനും തരിച്ചു നിൽക്കുകയാണ്. ഈ പരിസമാപ്തി അയാളും പ്രതീക്ഷിച്ചതല്ല. അവളെ അടിച്ച സ്വന്തം കൈ അയാൾ തുറിച്ചു നോക്കുന്നു. പിന്നെ നീലിമയെ വിളിക്കാനായി ശ്രമിക്കുന്നു. അവൾ പോയ് ക്കഴിഞ്ഞു. ഇതിനിടയ്ക്ക് അജിത് പേടിച്ച് അവന്റെ മുറിയിലേക്ക് വലിയുന്നു.
വിമല: എന്തിനേ അവളെ തല്ലിയത്?
വിജയൻ: മണ്ണാങ്കട്ട. നോക്കിനിൽക്കാതെ പോയി അവളെ വിളിച്ചുകൊണ്ടുവരു.
വിമല പോകുന്നു. മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന വിജയൻ.
സീൻ - 73:
നീലിമയുടെ വീട്. തളത്തിലേക്ക് വിമല ധൃതിയിൽ കയറുന്നു. അമ്മമ്മ ഒരു മാതിരി പരിഭ്രമിച്ചു നിൽക്കുന്നുണ്ട്
വിമല: നീലു എവിടെ അമ്മേ?
അമ്മമ്മ: എന്തേണ്ടായത് മോളെ. അവള് കരഞ്ഞുകൊണ്ട് ഓടി വന്നു. എന്താണുണ്ടായതെന്ന് ചോദിച്ചതിന് മറുപടിയൊന്നും പറഞ്ഞില്ല. വല്യആളാന്നാണ് വിജയേട്ടന്റെ ഭാവംന്ന് മാത്രം പറഞ്ഞു. എന്തേ വിജയനുമായി അവള് വല്ല അടിപിടീംണ്ടായോ?
വിമല: ഒരു വാക്കേറ്റംണ്ടായിന്ന് മാത്രം. സാരല്യ അവള് എവിടെ
അമ്മമ്മ: അവള്‌ടെ മുറീല് വാതിലും അടച്ചിരിക്ക്യാണ്. കരയ്യാന്ന് തോന്നുണു. ഒരന്തോം ഇല്ലാത്തകുട്ടി. അല്ലെങ്കില് വിജയനും ആയിട്ട് അടിപിടിക്കൊക്കെ നിക്ക്വോ?
വിമല: ഞാനവളെ വിളിച്ചു കൊണ്ടുവരാം.
സീൻ - 74:
നീലിമയുടെ കിടപ്പറയുടെ വാതിൽ അടഞ്ഞുകിടക്കുന്നു. വിമല മുട്ടിവിളിക്കുന്നു.
അമ്മമ്മ പിന്നിലുണ്ട്.
വിമല: നീലു വാതിൽ തുറക്ക്.
സീൻ: 74എ:
നീലിമയുടെ മുറി. അവൾ മുഖം തലയിണയിലമർത്തി കിടക്കുകയാണ്. വിമലയുടെ വിളികേൾക്കുമ്പോൾ മുഖമുയർത്തുന്നു. പക്ഷെ ഒന്നും പറയുന്നില്ല. തേങ്ങിക്കരയുക തന്നെയാണ്.
വിമല: നീലു, മോളെ വാതിൽ തുറക്ക്.
നീലിമ: ഇല്ല, ഞാൻ വാതിൽ തൊറക്കില്ല.
അമ്മമ്മ: മോളെ വിമലച്ചേച്ചിയാണ് വന്നിരിക്കുന്നത്. വാതിൽ തുറക്കു.
നീലിമ: എനിക്ക് ആരേയും കാണണ്ട. ഞാൻ വാതിൽ തുറക്കില്ല.
അമ്മമ്മ: (പതുക്കെ) അവള് തന്നത്താൻ തണുത്തോളും. നമ്മള് ശ്രദ്ധിക്കാൻ പോണ്ട. അവർ നടന്നുനീങ്ങുന്നു.
അമ്മമ്മ: വിജയന് വല്ലതും തോന്നിയോ ആവോ.
വിമല: ഏയ് വിജയേട്ടന് നീലൂനെ നല്ലോണം അറിയാം.
സീൻ - 75:
വിമല വീട്ടിൽ അടുക്കളയിൽ ജോലിയെടുക്കുന്നു. അജിത് പതുങ്ങിവന്ന് വിമലയുടെ അടുത്ത് നിൽക്കുന്നു.
അജിത്: അമ്മേ എന്തിനാ അച്ഛൻ നീലുവിനെ അടിച്ചത്?
വിമല: (പെട്ടെന്ന് ദ്യേഷ്യത്തോടെ) എനിക്കറിയില്ല. (പിന്നെ അവന്റെ മുഖത്തെ ദു:ഖം കണ്ടപ്പോൾ അലിയുന്നു.) സാരല്യ മോനെ അച്ഛന് ദ്യേഷ്യം വന്നപ്പോൾ അടിച്ചതല്ലെ?
അജിത്: അപ്പൊ ഇനി നീലു ഇങ്ങട്ട് വരില്ലെ?
വിമല: എന്താ വരാതെ? നാളെത്തന്നെ വരും. അച്ഛൻ അടിച്ചപ്പൊ അവൾക്ക് സങ്കടായതല്ലെ. മോൻ വിഷമിക്കൊന്നും വേണ്ടട്ടൊ.
സീൻ - 76:
വിജയന്റെ കിടപ്പറ. വിമല ഉറക്കമാണ്. വിജയൻ ഉറങ്ങാതെ ആലോചിച്ചു കിടക്കുന്നു. കുറച്ചു കഴിയുമ്പോൾ എഴുന്നേറ്റ് മുറിയിൽ നിന്ന് പുറത്തു കടക്കുന്നു. വാതിലടച്ച് പുറത്തേക്കു നടക്കുന്നു. ഒരു ഗാനത്തിന്റെ പശ്ചാത്തലത്തിൽ വിജയൻ നടക്കുന്നത് കാണുന്നു. വിജനമായ വീഥികൾ. ഒപ്പം തന്നെ നീലുവിന്റെ മാളിക പുറത്തുനിന്ന് കാണിക്കുന്നു. ഉള്ളിൽ കിടപ്പറയിൽ കട്ടിലിൽ ഉറക്കമില്ലാത്ത നീലിമയെ കാണിക്കുന്നു. അവൾ എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്കു നോക്കുന്നുണ്ട്. വിജനതയിലേക്ക് തുറന്നിട്ട ജാലകം.
ഗാനം അവസാനിക്കുന്നതോടെ fade out.
സീൻ - 77:
വിജയന്റെ വീട് പ്രാതൽ കഴിക്കുന്ന വിജയനും വിമലയും ഒരു സംസാരത്തിന്റെ നടുവിലാണ്.
വിജയൻ: എന്തായാലും ഈ വിവരം ആരോടും പറയണ്ട. സത്യാവസ്ഥ എന്താണെന്ന് ഞാൻ ഇന്ന് അന്വേഷിക്കാം. ഒരു പെൺകുട്ടിയുടെ കാര്യമാണ്. പേര് ചീത്തയാവാൻ വളരെ എളുപ്പമാണ്. പ്രത്യേകിച്ചും മരുന്നടിച്ചു കണ്ട തെണ്ടിച്ചെക്കന്മാരുടെ ഒപ്പം നടന്നിരുന്ന പെണ്ണെന്നു പേരു വീണാൽ കഷ്ടമാണ്.
വിമല: നല്ലവണ്ണം സൂക്ഷിക്കണം ട്ടൊ. ഈ മയക്കുമരുന്നും മറ്റുമായി നടക്കുന്നവർക്ക് പിന്നിൽ ഗുണ്ടകളൊക്കെ കാണും.
വിജയൻ: ഒന്നും പേടിക്കാനില്ല. നീലിമ ഇങ്ങോട്ടു വരികയാണെങ്കിൽ അവളെ പറഞ്ഞു മനസ്സിലാക്കു.
cut to
സീൻ - 78:
വിജയൻ ഓഫീസ്‌കാറിൽ യാത്രചെയ്യുന്നു. ബ്രീസ് ഹോട്ടലിന്റെ മുമ്പിലെത്തിയപ്പോൾ നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുന്നു. പുറത്തിറങ്ങി ഹോട്ടലിലേക്ക് നടക്കുന്നു. കൌണ്ടറിൽ പോയി ടൈ കെട്ടി നിൽക്കുന്ന പയ്യനോട്
വിജയൻ: ജോസഫ്കുട്ടിച്ചായൻ ഇല്ലെ?
റിസപ്ഷനിസ്റ്റ്: വന്നിട്ടില്ല. പതിനൊന്ന് പതിനൊന്നരയാകും. സാറ് ഇരിക്കു.
വിജയൻ: മണിയെ ഒന്ന് വിളിക്കാമോ?
റിസപ്ഷനിസ്റ്റ് ഫോണെടുത്ത് ബട്ടണമർത്തുന്നു
റിസപ്ഷനിസ്റ്റ്: (ഫോണിൽ) മണിയുണ്ടോ അവിടെ? വൈകുന്നേരമോ? മോളിലുണ്ടാവില്ലെ? ഒന്ന് വിളിക്കാമോ? വിജയൻ സാറ് വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ മതി.
വിജയൻ സോഫയിൽ പോയിരിക്കുന്നു. മണി വരുന്നു.
മണി: സാറ്?
വിജയൻ: മണി ഇപ്പൊ ഫ്രീ ആണോ?
മണി: ആ, വൈകുന്നേരമാണ് ഡ്യൂട്ടി.
വിജയൻ: നീ എന്റെ ഒപ്പമൊന്ന് വരണം.
മണി: ഞാനിപ്പോൾ വരാം.
മണി റിസപ്ഷനിൽ പോയി അയാളോട് എന്തോ സംസാരിച്ച് തിരിച്ചു വരുന്നു.
മണി: സാറെ പോവാം.
സീൻ - 79:
കാറിൽ യാത്ര.
മണി: ഇതാ ഇവിടെയാണ്.
വിജയൻ: (ഡ്രൈവറോട്) ഇവിടെ നിർത്തു. ഞങ്ങളിപ്പോൾ വരാം. (മണിയോട് ) വാ.
രണ്ടുപേരും പുറത്തിറങ്ങി ഗുഹയുടെ വാതിലിൽ ബെല്ലടിക്കുന്നു. വാതിൽ തുറക്കുന്നത് ബോണിയാണ്. ആകെ പരവശമായ രൂപം. വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുന്നില്ല. തലമുടിയും ആകെ പാറിപ്പറന്നിട്ടാണ്.
വിജയൻ: (സംശയിച്ച്) ബോണിയല്ലെ?
ബോണി: അതെ,
വിജയൻ: കുറച്ചു സംസാരിക്കാനുണ്ട്.
ബോണി: (സംശയിച്ചുകൊണ്ട്) എന്തു സംസാരിക്കാൻ?
വിജയൻ: അകത്തു കടന്നിരുന്ന് പറയാം. പുറത്തുവെച്ച് പറയേണ്ട കാര്യമല്ല അത്.
ബോണി സംശയിച്ചുകൊണ്ട് അകത്തേക്ക് പിന്മാറുന്നു. വിജയനും മണിയും അകത്തു കടക്കുന്നു. അകത്തു കടന്ന ഉടനെ നാറ്റമുള്ളതായി വിജയൻ മൂക്കു ചുളിക്കുന്നു. അസഹ്യത പ്രകടിപ്പിക്കുന്നു. ഒരു കസേരയിൽ ഇരിക്കുന്നു. ബോണിയും മണിയും ഇരിക്കുന്നു.
വിജയൻ: ഒരു കാര്യം ചോദിച്ചറിയാനാണ് ഞാൻ വന്നത്. നീലിമ എന്തിനാണ് ഇവിടെ വരുന്നത്?
ബോണി: അതവളോട് ചോദിക്കേണ്ട ചോദ്യമല്ലെ?
വിജയൻ: അവളുടെ അടുത്തുനിന്ന് മറുപടി കിട്ടാത്തതു കൊണ്ടല്ലെ ഇവിടെ വന്നത്?
ബോണി: എനിക്കറിയില്ല.
വിജയൻ: അപ്പോൾ താൻ സഹകരിക്കാൻ തയ്യാറില്ല അല്ലെ.
ബോണി: എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലൊ. എനിക്കറിയില്ല എന്നു മാത്രം.
വിജയൻ: എന്തു വിധത്തിലാണ് നീലിമയ്ക്ക് ബോണിയെ പരിചയം?
ബോണി: ഞങ്ങൾ ഫ്രൻസാണ്.
വിജയൻ: നിങ്ങൾ ഇവിടെ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടോ?
ബോണി ഒന്നും പറയുന്നില്ല.
വിജയൻ: ഞാൻ ചോദിച്ചതിന് മറുപടി പറയണം.
ബോണി: നിങ്ങളെന്താ പോലീസോ മറ്റോ ആണോ? ഞാൻ മറുപടി പറയാൻ തയ്യാറല്ലെങ്കിൽ?
വിജയൻ: തയ്യാറാക്കുന്ന വിധം എനിക്കറിയാം.
ബോണി: ഭീഷണിപ്പെടുത്തുകയാണോ മിസ്റ്റർ?
വിജയൻ: അത്യാവശ്യം.
ബോണി: എങ്കിൽ താങ്കൾ സ്ഥലം വിടണം. നിങ്ങൾ എന്റെ വീട്ടിൽ വന്നിട്ടാണ് എന്റെ സ്വൈരം കെടുത്തുന്നത്.
വിജയൻ: നീ മറുപടി പറയില്ല അല്ലെ?
ബോണി: ഇല്ല, സൌകര്യമില്ല.
വിജയൻ എഴുന്നേറ്റ് ബോണിയെ കസേരയിൽ നിന്ന് കോളർ പിടിച്ച് എഴുന്നേൽപ്പിച്ച് അടിക്കുന്നു. ബോണി തെറിച്ചു വീഴുന്നു.
ബോണി: (കിടന്നിടത്തുനിന്ന് വീണ്ടും വരാനിടയുള്ള അടികളെ തടുത്തുകൊണ്ട്) അടിക്കല്ലെ സാറെ, ഞാൻ ചത്തു പോകും. ഞാൻ എല്ലാം പറയാം. ആദ്യം എനിക്കെന്തെങ്കിലും തിന്നാൻ തരു. രണ്ടു ദിവസമായി എന്തെങ്കിലും തിന്നിട്ട്.
വിജയന് പെട്ടെന്ന് അനുകമ്പതോന്നുന്നു. അയാൾ ബോണിയെ പിടിച്ച് എഴുന്നേൽപ്പിക്കുന്നു. കസേരയിൽ ഇരുത്തുമ്പോൾ നൂറുറുപ്പികയുടെ നോട്ടെടുത്ത് മണിയുടെ നേരെ നീട്ടുന്നു.
വിജയൻ: നീ പോയി ഡ്രൈവറോട് ഒരു പ്ലേയ്റ്റ് ചിക്കൻ കറിയും ചപ്പാത്തിയും കൊണ്ടുവരാൻ പറ. വേഗം വേണം. കാറെടുത്തോട്ടെ. നീ തിരിച്ചുവാ. ഇവൻ സംസാരിക്കുമ്പോൾ എനിക്കൊരു സാക്ഷി കൂടെ ഇരുന്നോട്ടെ.
മണി പോകുന്നു.
വിജയൻ: (ബോണിയോട്) എന്തേ രണ്ടു ദിവസമായി ഒന്നും കഴിക്കാതിരുന്നത്? (ഒരു നിമിഷത്തെ ആലോചനക്കുശേഷം) അല്ലെങ്കിൽ എന്തു ചോദ്യം അല്ലെ?
മണി വരുന്നു.
വിജയൻ: ഇനി പറയൂ. നീലിമയുമായുള്ള ബന്ധമെന്താണ്? ആ കുട്ടി എന്തിനാണിവിടെ വരുന്നത്?
ബോണി: നീലിമ ഒരു പാവം പെൺകുട്ടിയാണ് സാറെ. എന്റെ ഒരു കസിൻ കാനഡയിലുണ്ട് അവളാണ് എന്റെ അഡ്രസ്സ് നീലിമക്ക് കൊടുത്തത്. ഇവിടെ ഇടയ്ക്ക് വരാറുണ്ട് എന്നേഉള്ളു. ഞാൻ മയക്കുമരുന്നിന്റെ അടിമയാണ് സാർ. അതേകാരണംകൊണ്ട് എന്റെ ജോലി നഷ്ടപ്പെട്ടു. എന്റെ സ്‌നേഹിതന്മാർ നഷ്ടപ്പെട്ടു. നീലിമ മാത്രം വെറും അനുകമ്പയുടെ പേരിൽ ഇവിടെ വരുന്നു. ഞാൻ പട്ടിണിയാണെന്നറിഞ്ഞപ്പോൾ ആ കുട്ടി വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവന്നുതന്നു. എനിയ്ക്ക് ഇടയ്ക്കിടയ്ക്ക് മരുന്ന് അടിക്കണം. അല്ലെങ്കിൽ ഭയങ്കര വിഷമമാണ്. അങ്ങിനെയുള്ള സന്ദർഭങ്ങളിൽ നീലിമ തന്നെ പോയി മരുന്നു വാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്. ഒരിക്കലല്ല പല വട്ടം.
വിജയനും മണിയും മുഖത്തോടുമുഖം നോക്കുന്നു.
ബോണി: ഞാൻ എന്റെ എല്ലാം വിറ്റു. അവസാനം എന്റെ ഏറ്റവും പ്രിയപ്പെട്ട ഗിത്താർകൂടി ആ പെട്ടിക്കട ക്കാരന് വിറ്റു. അങ്ങിനെയാണ് ഞാൻ ജീവിക്കുന്നത്. നാളേക്ക് എനിക്ക് വീണ്ടും മരുന്ന് ആവശ്യമാകും. അതു കിട്ടാൻ യാതൊരു മാർഗ്ഗവുമില്ല.
വിജയൻ: അപ്പോൾ നീലിമ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെ?
ബോണി: ഇല്ല സർ, അവളൊരു മാലാഖയാണ്. ഞാനവളുടെ നാലയൽ വക്കത്തു നിൽക്കാൻ യോഗ്യനല്ല. അവൾ മയക്കുമരുന്ന് ഉപയോഗിക്കാറില്ല എന്നു മാത്രമല്ല ഇനി ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കില്ല എന്ന് എനിക്കുറപ്പുണ്ട്. എന്റെ കഷ്ടപ്പാട് ആ പാവം കുട്ടി ധാരാളം കണ്ടിട്ടുള്ളതാണ്. ഓരോ പ്രാവശ്യവും മരണം നേരിട്ടു കാണുന്നതുപോലെയാണത്. അതു കണ്ട ഒരാൾ ജീവിതത്തിലൊരിക്കലും മയക്കുമരുന്ന് തൊടില്ല.
വിജയൻ: നീലിമ ബ്രൌൺഷുഗർ വാങ്ങിയിരുന്നത് ബോണിക്ക് വേണ്ടിയായിരുന്നു അല്ലെ?
ബോണി: അതെ. പിന്നെ ഞങ്ങൾ തമ്മിൽ വെറും ഫ്രെൻഷിപ്പ് മാത്രമേയുള്ളു. അതിലും മീതെ ഒന്നും ഞാൻ അർഹിക്കുന്നില്ല. അവളൊരു രാജകുമാരിയാണ്.
വിജയൻ പെട്ടെന്ന് മുഖമുയർത്തുന്നു. ഡ്രൈവർ ഒരു പൊതിയുമായി വരുന്നു. മണി ആ പൊതി വാങ്ങി മേശപ്പുറത്തു വെക്കുന്നു. ബാക്കി പണം വിജയന്റെ കയ്യിലേൽപ്പിക്കുന്നു. ഡ്രൈവർ പോകുന്നു. ബോണി പൊതിയെടുത്ത് മേശമേൽ വെച്ച് ആർത്തിയോടെ തിന്നുന്നു.
വിജയൻ: മാർക്കറ്റ് റോഡിൽ ഒരു സ്ഥാപനമുണ്ട്. മുക്തി എന്നാണ് പേര്. കോർപറേഷൻ നടത്തുന്നതാണ്. മയക്കുമരുന്നിനടിമപ്പെട്ടവരെ അതിൽ നിന്ന് മോചിപ്പിക്കാനുള്ള ഒരു സംരംഭമാണ്. നല്ല പരിപാടിയാണ്. എനിക്കവരെ അറിയാം. നല്ല ആത്മാർത്ഥതയുള്ളവർ. ഞാൻ ബോണിയെ അവിടെ കൊണ്ടു ചെന്നാക്കാം. രണ്ടോ മൂന്നോ മാസം വേണ്ടിവരും. അതു കഴിഞ്ഞാൽ ബോണിക്ക് സാധാരണ ജീവിതം തുടരാൻ പറ്റും. ജോസഫ്കുട്ടിച്ചായൻ എന്റെ സ്‌നേഹിതനാണ്. അയാളോട് പറഞ്ഞ് ഞാൻ ബോണിക്ക് ഹോട്ടലിൽ പഴയ ജോലി തരുവിക്കാം.
കീശയിൽ നിന്ന് അമ്പതുറുപ്പികയുടെ ഒരു നോട്ടെടുത്ത് ബോണിയുടെ കയ്യിൽ വെക്കുന്നു.
വിജയൻ: ഞാൻ നാളെ വരാം. അതുവരെ ഭക്ഷണത്തിന്നാണ്. മയക്കുമരുന്ന് ഇനി തൊടാതെ നോക്കു. നാളെ നമുക്ക് മുക്തിയിലേക്ക് പോകാം. ഇപ്പോൾ എനിക്ക് ഒരു മാലാഖയെ കാണാൻ പോകണം. ഞാനവളെ വല്ലാതെ ഉപദ്രവിച്ചു.
വിജയൻ എഴുന്നേൽക്കുന്നു. മണിയോടൊപ്പം പുറത്തേക്കു പോകുന്നു.
സീൻ - 80:
കാറിൽ ബ്രീസ്‌ഹോട്ടലിനു മുമ്പിൽ എത്തിയപ്പോൾ
വിജയൻ: മണി ഇവിടെ ഇറങ്ങിക്കോ. എനിയ്ക്ക് ഒന്ന് ഓഫീസിൽ പോകണം. അതു കഴിഞ്ഞ് വീട്ടിലും പോകണം. ഞാൻ ആ കുട്ടിയെ വല്ലാതെ ഉപദ്രവിച്ചു.
മണി ഇറങ്ങുന്നു, കാർ നീങ്ങുന്നു.
cut to