|| Scripts

കാനഡയിൽ നിന്നൊരു രാജകുമാരി

ഇ ഹരികുമാര്‍

സീന്‍ 81 മുതല്‍ 100 വരെ

സീൻ - 81:

നീലിമയുടെ വീടിന്റെ തളം. സോഫയിൽ നീലിമ ഇരിക്കുന്നു. തലമുടി അലങ്കോലപ്പെട്ടു കിടക്കുന്നു. വസ്ത്രധാരണം അശ്രദ്ധമാണ്. അമ്മമ്മ അടുത്തുതന്നെ ഇരിക്കുന്നു.

അമ്മമ്മ: മോളെ ഞാൻ രണ്ട് ഇഡ്ഡലി കൊണ്ടുവരട്ടെ.

നീലിമ: ഉം ഉം (വേണ്ടെന്ന് തലയാട്ടുന്നു.)

അമ്മമ്മ: വിമലച്ചേച്ചി വന്നിരുന്നു. നീ ഉണർന്നിട്ടില്ല്യാന്നു കണ്ടപ്പോ തിരിച്ചു പോവ്വേ. (ഒരു നിമിഷത്തിനു ശേഷം). ഇനി അമ്മമ്മ്യോട് പറഞ്ഞൂടെ എന്താണ്ടായത്ന്ന്.

നീലിമ: ഒന്നുല്ല്യ, മ്മമ്മേ

അമ്മമ്മ: അമ്മമ്മ്യോട് ഒന്നും പറയില്ലല്ലെ?

നീലിമ: ഒന്നുല്ല്യമ്മമ്മേ, ഞാൻ വിജയേട്ടനുമായി ശണ്ഠ കൂടിയതാണ്.

അമ്മമ്മ: എന്തിനാ അതിനൊക്കെ പോയത്? അവര് രണ്ടുപേരും എത്ര നല്ല കൂട്ടരാ.

നീലിമ ഒന്നും പറയാതെ ഇരിക്കുന്നു. ക്രമേണ അവളുടെ കണ്ണുകളിൽ ജലകണങ്ങൾ ഊറി വരുന്നു. അവൾ കരച്ചിലടക്കാൻ പാടുപെടുന്നു.

അമ്മമ്മ: മോള് ഒന്ന് വിമലച്ചേച്ചീടെ അടുത്ത് പോ, വിമലച്ചേച്ചിക്ക് നല്ല സങ്കടംണ്ട്. പാവം കരഞ്ഞില്ല്യാന്നെള്ളു.

നീലിമ: എന്നെ ആർക്കും ഇഷ്ടല്ല്യ. എന്നെ ആർക്കും വേണ്ട.

അമ്മമ്മ: എന്താ മോളെ അങ്ങിനെ പറയണത്? ആർക്കും വേണ്ടാഞ്ഞിട്ടാ വിമലച്ചേച്ചി ഇടയ്ക്കിടയ്ക്ക് വന്നു നോക്കണത്?

നീലിമ: വിമലച്ചേച്ചീടെ കാര്യല്ലാ പറഞ്ഞത്.

അമ്മമ്മ: ഒക്കെ നിന്റെ തോന്നലുകളാണ്. (പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട്) നീ ഇന്ന് പുറത്തുപോകരുത് കേട്ടോ. ഇന്നലെ പോസ്റ്റ്മാൻ ഒരു റജിസ്റ്റേർഡ് കത്ത് കൊണ്ടുവന്നിരുന്നു. നിന്റെ കയ്യിലെ തരു എന്നു പറഞ്ഞിരിക്ക്യാണ്. അയാൾ ഇന്നു വരും.

നീലിമ: എനിക്കെവിടുന്നാണ് റജിസ്റ്റേർഡ് കത്തൊക്കെ.

അമ്മമ്മ: അച്ഛന്റെ കത്താണ്ന്ന് തോന്നുന്നു. കാനഡയിൽ നിന്നാണ്.

cut to

സീൻ - 82:

ഓഫീസിൽ വിജയന്റെ മുറി. വിജയൻ അകത്തു കടക്കുന്നു. കസേരയിലിരുന്ന് മുമ്പിലുള്ള കത്തുകൾ ഓരോന്നോരോന്നായി മറിച്ചു നോക്കുന്നു.

മോളി (സ്റ്റെനോ) വരുന്നു.

മോളി: വിജയൻസാറ് വന്ന ഉടനെ ഒന്ന് വിളിക്കാൻ ഡെന്നിസാറ് പറഞ്ഞു. ആ ഓർഡർ ഇല്ലെ, അതിന് എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. ഡെന്നിസാറ് ആകെ അപ്‌സെറ്റ് ആയിരിക്ക്യാണ്.

വിജയൻ ഇന്റർകോമെടുത്ത് സംസാരിക്കുന്നു.

ഡെന്നി: (ഫോണിൽ) വിജയൻ ഒന്ന് ഇതുവരെ വരാമോ? ഒരു ചെറിയ പ്രോബ്ലം.

വിജയൻ: വരാം സർ. (ഫോൺ വെക്കുന്നു.)

സീൻ - 83:

ഡെന്നിയുടെ ആഡംബരമുള്ള ചേമ്പർ. വിജയൻ പ്രവേശിച്ച് ഡെന്നിക്കു മുമ്പിലുള്ള മൂന്നു കസേരകളിലൊന്നിൽ ഇരിക്കുന്നു.

ഡെന്നി: വിജയൻ, ആകെ പ്രശ്‌നായീന്നാ തോന്നണത്.

വിജയൻ: എന്തുപറ്റി?

ഡെന്നി: നമുക്കൊരു സീരിയസ് കോംപിറ്റിഷൻ വന്നിരിക്കുന്നു. തോമസ്‌സാറിന്റെ ഓർഡർ കയ്യിലായീന്ന് വിചാരിച്ചതായിരുന്നു. അപ്പോഴേക്ക് മന്ത്രീടെ ഒരു അടുത്ത ബന്ധു ഒരു ഏജൻസി സമ്പാദിച്ചിട്ടുണ്ട്. അയാളും രംഗത്തെത്തിയിട്ടുണ്ട്. വില ഏകദേശം ഒന്നു തന്നെ. നമ്മുടെ ഇരുപത്തെട്ടു ലക്ഷം. അവരുടെ 28 1/2 ലക്ഷം. അരലക്ഷമൊന്നും ഒരു വലിയ വ്യത്യാസമല്ല. മന്ത്രിയുടെ ബന്ധുവിനെ സഹായിക്കാൻ വളരെ ഉന്നതതലത്തിൽ നിന്ന് സമ്മർദ്ദം വന്നുകൊണ്ടിരിക്ക്യാണ്. നമുക്ക് ഈ ഓർഡർ കിട്ടിയെ പറ്റു. കൊല്ലത്തിൽ ഒരു പ്ലാന്റെങ്കിലും വിറ്റില്ലെങ്കിൽ ആ ഏജൻസി പോകും. അല്ലെങ്കിലേ അവർക്ക് പരാതിയേ ഉള്ളു. നമ്മള് ഫോളോ അപ്പ് ചെയ്യുന്നില്ല എന്നൊക്കെ. ഈ ഓർഡർ പോകുക കൂടി ചെയ്താൽ അവർ ഏജൻസി മാറ്റും.

വിജയൻ: മന്ത്രിബന്ധു ഏതു പ്ലാന്റാണ് ക്വോട്ടു ചെയ്തത്?

ഡെന്നി: റാങ്കിന്റെ

വിജയൻ: നല്ല പ്ലാന്റാണ്.

ഡെന്നി: എനിക്കറിയാം. ഞാൻ ലൂധിയാനയിലായിരുന്നപ്പോൾ സർദാറിന്റെ കമ്പനിക്കുവേണ്ടി വാങ്ങിയതാണ്. അന്ന് നാലരലക്ഷം ആയിരുന്നുവില. ഇന്ന് ഇരുപത്തെട്ടു ലക്ഷം.

വിജയൻ: അറുപതുകളിലല്ലെ?

ഡെന്നി: അറുപത്തഞ്ചിൽ. വിജയൻ ഒരു കാര്യം ചെയ്യു. ഉടനെ പോയി തോമസ്‌സാറിനെ കാണു. നമ്മുടെ വാഗ്ദാനങ്ങളെല്ലാം ഒന്നു പുതുക്കു. പിന്നെ വല്ല ബാറിലും കൊണ്ടുപോകു. കണ്ടാൽ ഉടൻ പണം ചോദിക്കും. ഓർഡർ കയ്യിൽ കിട്ടിയ നിമിഷം പറഞ്ഞത് കൊടുക്കുമെന്ന് പറയു. അതുവരെ വെള്ളം തന്നെ മതി. ഇപ്പൊ ചില്ലറ എന്തെങ്കിലും കൊടുത്തേക്ക്.

വിജയൻ: ശരി

ഡെന്നി: എന്നാൽ വിജയൻ വൈകിക്കണ്ട.

വിജയൻ എഴുന്നേൽക്കുന്നു.

cut

സീൻ - 84:

വിജയന്റെ മുറി. വിജയൻ കസേരയിൽ വന്നിരിക്കുന്നു. (മോളി പ്രവേശിക്കുന്നു.)

വിജയൻ: ഇന്ന് നേർത്തെ വീട്ടിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു. അപ്പോൾ ഇങ്ങിനെ ഒരു പ്രശ്‌നം. മോളി കാഷ്യറോട് ഒരു എണ്ണൂറു രൂപ കൊടുത്തയക്കാൻ പറയു. കത്തുകൾ വല്ലതും ഒപ്പിടാനുണ്ടെങ്കിൽ കൊണ്ടുവരു.

മോളി പോകുന്നു. വിജയൻ കത്തുകൾ മറിച്ചു നോക്കുകയാണ്. ഇടയ്ക്ക് വാച്ചിൽ സമയം നോക്കുന്നു. അക്ഷമനാവുന്നു.

ഓർമ്മകൾ - തലേന്ന് നീലമയുമായുണ്ടായ സംഘട്ടനം ഓർമ്മിക്കുന്നു. അവളുടെ ചെകിടത്ത് അടിച്ചതും. അടിച്ച കൈ നോക്കുന്നു. പിന്നെ ആ കൈ മേശമേൽ വേദനിക്കുമാറ് ഇടിക്കുന്നു.

മോളി കത്തുകൾ കൊണ്ടുവരുന്നു. അത് ഒപ്പിടുമ്പോൾ പ്യൂൺ 800കയുമായി വരുന്നു. പണം വാങ്ങി കീശയിലിടുന്നു. ഫോണെടുത്ത് കറക്കുന്നു.

വിജയൻ: തോമസ്‌സാറിന് കൊടുക്കു...

വിജയൻ......ഹല്ലോ.........തോമസ്‌സാറല്ലെ.

തോമസ്: അതേടോ.

വിജയൻ: സാറ് ഇന്ന് ഫ്രീയാണോ?

തോമസ്: അതു താൻ എന്തിന് വിളിക്കുന്നു, എങ്ങോട്ട് വിളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

വിജയൻ: നമുക്കൊന്ന് കൂടാനാണ്.

തോമസ്: എവിടെ?

വിജയൻ: സീറോക്കിലായാലോ?

തോമസ്: ഫ്രീ തന്നെ. എത്ര മണിക്കാണ്?

വിജയൻ: ഇപ്പോൾത്തന്നെയായാലോ?

തോമസ്: അയ്യോ ഇപ്പൊ പറ്റില്ല. മറ്റവൻമാര് വരും. വകുപ്പുമന്ത്രീടെ ഒരു ബന്ധു ഇതിനിടയില് കടന്നു കൂടിട്ട്ണ്ട്. ഞാൻ ഡെന്നിസാറിനോട് പറഞ്ഞിട്ടുണ്ട്. നമുക്കൊരു നാലുമണിക്കു കൂടാം.

വിജയൻ: ശരി, ഞാൻ വന്ന് സാറിനെ പിക്കപ്പ് ചെയ്യാം.

ഫോൺ വെക്കുന്നു.

വിജയൻ മോളിയെ വിളിക്കുന്നു. മോളി വരുന്നു)

വിജയൻ: ഞാൻ പുറത്തിറങ്ങുന്നു. ആദ്യം പോലീസ് സ്റ്റേഷനിൽ പോകണം. എന്റെ ഒരു സ്‌നേഹിതനെ കാണാനാണ്. അതു കഴിഞ്ഞ് നേരെ തോമസ് സാറിനെ കാണാൻ പോകും. എത്ര മണിക്ക് ഒഴിവാവാൻ പറ്റുമെന്ന് ദൈവത്തിനറിയാം. എനിക്കാണെങ്കിൽ ഇന്ന് വേഗം വീട്ടിലെത്തേണ്ട കാര്യവുമുണ്ടായിരുന്നു.

മോളി: നേരം വൈകുമെന്ന് വീട്ടിലറിയിക്കണോ.

വിജയൻ: (ബ്രീഫ്‌കേസുമെടുത്ത് എഴുന്നേൽക്കുന്നു.) ഏയ് അതൊന്നും വേണ്ട.

ചേമ്പറിൽ നിന്ന് പുറത്തു കടക്കുന്നു.

cut

സീൻ - 85:

നീലിമയുടെ മാളിക. കഴിഞ്ഞ സീനിൽ കണ്ട അതേ വേഷംതന്നെ. സോഫയിൽ ഒരു പേപ്പർ ബാക്ക് വായിച്ചിരിക്കുന്നു. പുറത്തേക്കുള്ള വാതിൽ തുറന്നിട്ടിരിക്കയാണ്. ഇടയ്ക്കിടയ്ക്ക് പുറത്തേക്കു നോക്കുന്നുണ്ട്. വായിക്കുന്നതിൽ വലിയ ശ്രദ്ധയൊന്നുമില്ല.

പോസ്റ്റ്മാൻ വരുന്നു. വാതിൽക്കൽ തട്ടി ശബ്ദമുണ്ടാക്കുന്നു.

പോസ്റ്റ്മാൻ: മോളെ അച്ഛന്റെ കത്തുണ്ട്. (നീലിമ എഴുന്നേറ്റ് ചെല്ലുന്നു.)

പോസ്റ്റ്മാൻ: നല്ല കനപ്പിടിയിൽ എന്തോ അയച്ചിട്ടുണ്ട്.

നീലിമ ഒപ്പിട്ട് വാങ്ങുന്നു. മുഖത്ത് ചിരിയില്ല.

പോസ്റ്റ്മാൻ: എന്താ മോൾക്ക് സുഖമില്ലെ?

നീലിമ: ഏയ് കാര്യമായിട്ടൊന്നുമില്ല.

കവർ തുറന്നുകൊണ്ട് ഉള്ളിലേക്ക് വരുന്നു. അമ്മമ്മ അകത്തുനിന്നു വരുന്നു.

അമ്മമ്മ: ആരാ മോളെ വന്നത്?

നീലിമ കവർ ഉയർത്തികാണിക്കുന്നു. സോഫയിൽ പോയിരുന്ന് കവർ തുറക്കുന്നു. കവറിൽ ഒന്നു രണ്ട് എയർലൈൻ ടിക്കറ്റുകൾ. കത്ത്. അവൾ കത്ത് ധൃതിയിൽ വായിക്കുന്നു. വായിക്കുംതോറും മുഖം മങ്ങുന്നു. കത്തും കയ്യിൽവെച്ച് അനങ്ങാതിരിക്കുന്നു. കണ്ണിൽ ജലം ഉരുണ്ടുകൂടുന്നു.

അമ്മമ്മ: എന്താ മോളെ?

നീലിമ: ഞാൻ പോവ്വാണ് അമ്മമ്മേ. എന്തോ ഇമിഗ്രേഷൻ പ്രോബ്ലാണെന്ന്. എനിയ്ക്ക് ഇവിടെ ചേർന്ന് പഠിക്കാൻ പറ്റില്ലെന്ന്.

അമ്മമ്മ: അയ്യോ എന്റെ മോള് പോവ്വേ?

നീലിമ: (കണ്ണീരോടെ) അതാ നല്ലത് അമ്മമ്മേ എന്നെ ഇവിടെ ആർക്കും വേണ്ട. (തേങ്ങുന്നു)

അമ്മമ്മ: (നീലുവിന്റെ അടുത്തിരുന്ന് അവളെ കെട്ടിപ്പിടിക്കുന്നു, കവിളിൽ ഉമ്മ വെക്കുന്നു.) ആർക്കും വേണ്ടായ ഒന്നുല്ല്യ മോളെ. പിന്നെ അമ്മമ്മയ്ക്ക് നിന്നെ വേണ്ടെ. (അവരുടെയും കണ്ണിൽ കണ്ണീർ.) ആട്ടെ എന്നാണ് പോകേണ്ടത്?

നീലിമ: ഇന്ന്. മറ്റന്നാള് ബോംബെന്ന്ള്ള ഫ്‌ളൈറ്റിനാണ് ടിക്കറ്റ്. ഇന്ന് ചെറിയച്ഛൻ ഇവിടെ വരുമത്രെ. മൂപ്പര് വൈകുന്നേരത്തെ ബസ്സിന് ബാഗ്ലൂർക്ക് പോവ്വാണ്. നാളെ ബോംബെക്ക് പ്ലെയ്‌നിൽ പോകും. എന്നെ പ്ലെയ്ൻ കയറ്റിവിടും. അതാണ് ഐഡിയ.

അമ്മമ്മ: (ആലോചിച്ചുകൊണ്ട്) വീണ്ടും അമ്മമ്മ ഒറ്റയ്ക്കാവില്ലെ ഇവിടെ? കുറച്ചുകാലം സുഖായിരുന്നു. ഇനി മോളില്ലാത്ത ഒരു ജീവിതം........ഉം അതും തഴക്കാവും.

നീലു എഴുന്നേൽക്കുന്നു.

നീലു: എനിക്ക് വിമലച്ചേച്ചിടെ അവിടെ പോണം.

അമ്മമ്മ: പോയി വരു മോളെ. വേഗം വരണം കേട്ടോ. നിന്റെ സാധങ്ങളൊക്കെ എടുത്തു വെക്കണ്ടെ.

cut to

സീൻ - 86:

പോലീസ് സ്റ്റേഷൻ. എസ്.ഐ.യുടെ മുറിയിൽ എസ്.ഐ. ഇരിക്കുന്നു. തിരക്കിലാണ്. ഫോണിൽ സംസാരമാണ്. അതു കഴിഞ്ഞ് ഫോൺ വെക്കുന്നു. രണ്ടു കോൺസ്റ്റബിൾമാർക്ക് എന്തോ നിർദ്ദേശം നൽകുന്നു.

എസ്.ഐ.: ഇന്നലെ അകത്താക്കിയില്ലെ ആ കത്തിക്കുത്തു പ്രതി. അവനെ വിട്ടയച്ചേക്ക്.

കോൺസ്റ്റബ്ൾ: ശരിസർ. സല്യൂട്ട് ചെയ്ത് പോകുന്നു. (വിജയൻ പ്രവേശിക്കുന്നു.)

എസ്.ഐ.: അല്ല ഇതാര്? വഴിതെറ്റി വന്നതാണോ?

വിജയൻ: എന്താ എനിക്കിങ്ങോട്ടൊന്നും വരാൻ പാടില്ലെ?

എസ്.ഐ.: അല്ല, ഇവിടെ കള്ളന്മാരും കൊലപാതകികളും പിന്നെ രാഷ്ട്രീയക്കാരും മാത്രെ വരാറുള്ളു. മാന്യന്മാർക്കു പറ്റിയ സ്ഥലമല്ലിത്.

വിജയൻ: അപ്പോൾ ഞാൻ മാന്യനാണെന്ന സർട്ടിഫിക്കറ്റ് കിട്ടി. അതൊന്ന് എഴുതി ഒപ്പിട്ടുതാ.

എസ്.ഐ.: എന്താ കാര്യം? വിശേഷിച്ചൊന്നും ഇല്ലല്ലൊ.

വിജയൻ: ബേബി, ഒരു കാര്യം അറിയാനാണ് ഞാൻ വന്നത്. മയക്കുമരുന്നിന്റെ ലോകത്തുനിന്ന് പോലീസ് എത്ര അകലെയാണ്.

എസ്.ഐ.: (ചിരിച്ചുകൊണ്ട്) അയ്യോ, ഒത്തിരി ദൂരത്താണ്. അടുക്കാൻ മേല. എന്നാ അല്പം വേണമോ?

വിജയൻ: പോലീസിന് വല്ലതും ചെയ്യാൻ പറ്റുമോ?

എസ്.ഐ.: എന്താ കാര്യം? പറ. വല്ലവരേയും സംശയമുണ്ടോ?

വിജയൻ: സംശയമല്ല. ഉറപ്പുതന്നെയുണ്ട്. നമ്മുടെ ജോസഫ് കുട്ടീടെ ഹോട്ടലില്ലെ ബ്രീസ്, അതിന്റെ മുമ്പിലുള്ള പെട്ടിക്കട ശ്രദ്ധിച്ചിട്ടുണ്ടോ?

എസ്.ഐ.: ഉണ്ട്, ചന്ദ്രന്റെ.

വിജയൻ: അയാൾ വളരെ ഓപ്പൺ ആയിട്ടു തന്നെയാണല്ലൊ സാധനം വിൽക്കുന്നത്.

എസ്.ഐ.: (മയത്തിൽ) വിജയൻ തനിക്കു മാത്രം കേൾക്കാനായി ഞാൻ ഒരു കാര്യം പറയാം......പിന്നെ തനിക്ക് ചായയോ കാപ്പിയോ എന്താ വേണ്ടത്?

വിജയൻ: ഒന്നും വേണ്ട.

എസ്.ഐ.: (ചാരിയിരിക്കുന്നു) ഇവിടെ ആരൊക്കെയാണ് മയക്കുമരുന്ന് വിൽക്കുന്നത്, കള്ളക്കടത്ത് ചെയ്യുന്നത്, ആരൊക്കെയാണ് കക്കുന്നത്, പോക്കറ്റടിക്കുന്നത് ഇതെല്ലാം ഞങ്ങൾക്കറിയാം. പക്ഷെ ഞങ്ങൾക്കെന്തു ചെയ്യാൻ പറ്റും? രാഷ്ട്രീയ ചരടുവലി കാരണം ഞങ്ങൾ കെട്ടിയിട്ട മാതിരിയാണ്. ഒരുത്തനെ പിടിച്ചാൽ അവനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവരുന്നതിനുമുമ്പ് ഫോൺകോളുണ്ടാകും, അവനെ വിട്ടയക്കാൻ. ഇതാ താൻ വരുന്നതിനു മുമ്പ് ഒരു കാളുണ്ടായിട്ടേയുള്ളു. ഇന്നലെ കത്തിക്കുത്ത് പ്രതിയെ പിടിച്ചതാണ്. രാത്രി രണ്ടുമണിക്കാണ് ഒരു ഫോൺകോൾ, പിന്നെ അഞ്ചുമണിക്ക്, പിന്നെ ഇതാ ഇപ്പോൾകൂടി....വിട്ടയച്ചു. അതു തന്നെ. ഇല്ലെങ്കിൽ പിന്നെ ട്രാൻസ്ഫർ വരുക ഫോണിൽത്തന്നെയായിരിക്കും. നമ്മുടെ ഗവർമ്മേണ്ടുകളെല്ലാം എഫിഷ്യന്റ് അല്ലാന്ന് ആരേ പറഞ്ഞത്? സുപ്പർ എഫിഷ്യന്റ് ആണ്.

വിജയൻ: കഷ്ടം തന്നെ. എത്ര ചെറുപ്പക്കാരാണ് മയക്കു മരുന്നിന് അടിമയാകുന്നത്? ഇന്നലെ ഞാൻ ഒരു പയ്യനെ കണ്ടതാണ്. കഷ്ടം തോന്നും. എന്തെങ്കിലും ചെയ്‌തേപറ്റു.

എസ്.ഐ.: ഞാൻ വേണമെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാം. അയാൾക്ക് രാഷ്ടീയബന്ധങ്ങളൊന്നും ഇല്ലെങ്കിൽക്കൂടി കാര്യമില്ല. അയാൾ ഒരു sales outlet മാത്രമാണ്. അയാൾക്ക് ഈ സ്റ്റഫ് സപ്ലൈ ചെയ്യുന്നവർക്ക് കേരളത്തിൽ മാത്രമല്ല ദില്ലിയിൽക്കൂടി സ്വാധീനം കാണും. ഇവൻ പുറത്തു വരും എന്നു മാത്രമല്ല, എന്റെ ജോലി തന്നെ തെറിച്ചു എന്നുവരും.

വിജയൻ: അതിനർത്ഥം ഇനിയും വരാൻപോകുന്ന തലമുറ മയക്കുമരുന്നിന്നടിമകളായി നശിച്ചു പോകുന്നത് നമ്മൾ നോക്കി നിൽക്കേണ്ടി വരുമെന്നാണോ?

എസ്.ഐ.: രാഷ്ട്രീയം അത്ര നാറിയിരിക്കുന്നു. പോലീസ് കാര്യത്തിൽ രാഷ്ട്രീയക്കാരുടെ ഇടപെടൽ എന്നു നിൽക്കുന്നുവോ, അന്നു നന്നാവും നമ്മുടെ നാട്. അതുവരെ ഇങ്ങിനെയൊക്കെയേ നടക്കു.

(വിജയന്റെ മുഖത്തെ വിഷമം കണ്ടിട്ട്) ഏതായാലും ചന്ദ്രനെ ഞാൻ അറസ്റ്റ് ചെയ്യാം. ഏതായാലും താൻ ഇതിൽ ഇടപെടരുത്. സംഭവം കുറച്ച് റിസ്‌കിയാണ്.

വിജയൻ: (വാച്ചു നോക്കുന്നു.) ഓ സമയം മൂന്നേമുക്കാലായി. നാലുമണിക്ക് എനിക്കൊരാളെ കാണണം. ഞാൻ ഇറങ്ങട്ടെ.

എസ്.ഐ. എഴുന്നേറ്റ് വിജയനെ വാതിൽവരെ അനുഗമിക്കുന്നു.

cut to

സീൻ - 87:

വിജയന്റെ വീട്. വിമല സോഫയിൽ ഇരിക്കുന്നു. ഒരു മാസിക വായിക്കുകയാണ്. പക്ഷെ അതിലൊന്നുമല്ല ശ്രദ്ധ എന്നു സ്പഷ്ടം. തുറന്നിട്ട വാതിലിലൂടെ നീലിമ വരുന്നു. വിമല കാണുന്നില്ല. വാതിൽ തുറന്ന് ഒരു നിമിഷം അവൾ വിമലയെ നോക്കി നിൽക്കുന്നു. പിന്നെ.

നീലിമ: ചേച്ചീ......

വിമല ചാടിയെഴുന്നേൽക്കുന്നു.

വിമല: എന്റെ നീലു?

നീലിമ ഓടിപ്പോയി വിമലയെ കെട്ടിപ്പിടിക്കുന്നു. വിമലയും സ്‌നേഹപൂർവ്വം അവളെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വെക്കുന്നു.

നീലിമ: (കരഞ്ഞുകൊണ്ട്) ചേച്ചീ.....

വിമല: (അവളെ സോഫയിൽ ഇരുത്തുന്നു, അടുത്തു തന്നെ ഇരിക്കുന്നു.) സാരമില്ല മോളെ സാരമില്ല. (നീലിമയുടെ തേങ്ങലുകൾ അല്പം ശമിച്ചപ്പോൾ) മോളെ, ഇനി ചേച്ചിയോട് പറയില്ലെ, എന്താണ്ടായതെന്ന്.

നീലിമ: ഒന്നുംണ്ടായിട്ടില്ല്യ ചേച്ചി. ഞാൻ പറയാം. വിജയേട്ടനെന്താണ് ഇത്ര പെട്ടെന്ന് ദ്യേഷ്യം പിടിച്ചത്?

വിമല: ചേട്ടന്റെ കാര്യം ഒക്കെ അങ്ങിനെയാണ്. പെട്ടെന്ന് ദ്യേഷ്യം പിടിക്കും. അതുപോലെ പോവും ചെയ്യും. നീലുവിനെ അടിച്ചിട്ട് നീലു ഓടിപ്പോയില്ലെ? അപ്പൊത്തന്നെ എന്നോട് നീലുവിനെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞു. ഇന്നലെ രാത്രി വിജയേട്ടൻ ഉറങ്ങിയിട്ടില്ല.

നീലിമ: ഞാനും ഉറങ്ങിയില്ല.

വിമല: പറയൂ എന്താണുണ്ടായത്? നീലിമ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടോ?

നീലിമ: ഇല്ല ചേച്ചി ഞാൻ ഉപയോഗിച്ചിട്ടില്ല. ഇനി ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കാനും പോണില്ല. എന്താണുണ്ടായത്ന്ന് ഞാൻ പറയാം. മോൺട്രിയയിൽ എന്റെ ഒരു ഫ്രണ്ടുണ്ട്. ഷർലി. അവളുടെ കസിനാണ് ഈ ബോണിന്ന് പറയണ പാട്ടുകാരൻ.

കുറെ നേരം വിമലയും നീലിമയുമായി സംസാരിക്കുന്നതു കാണിക്കണം.

fade out

സീൻ - 88:

വിജയൻ കാറിൽ യാത്ര. ബ്രീസ് ഹോട്ടലിനു മുമ്പിൽ എത്തിയപ്പോൾ അവിടെ ആകെ ഒരു ബഹളം. ഒരു പോലീസ് വാൻ പെട്ടിക്കട പരിശോധിക്കുന്നു. ഒരാൾ ഒരു പ്ലാസ്റ്റിക് സഞ്ചി പുറത്തെടുക്കുന്നു. അതിൽ നിറയെ ചെറിയ പൊതികൾ. ചന്ദ്രനെ അറസ്റ്റ് ചെയ്ത്‌കൊണ്ടുപോകുന്നു. എസ്.ഐ.യാണ് നേതൃത്വം. വിജയൻ ഡ്രൈവറോട് ഒരു നിമിഷം കാറ് നിർത്താൻ ആവശ്യപ്പെടുന്നു. സംഭവം സംതൃപ്തിയോടെ വീക്ഷിക്കുന്നു, കാറിനുള്ളിൽ വെച്ചുതന്നെ. ചന്ദ്രനെ അറസ്റ്റ് ചെയ്ത് വാനിലേക്ക് കൊണ്ടുപോകുമ്പോൾ ഡ്രൈവറോട് പോകാൻ പറയുന്നു. ഒരു കെട്ടിടത്തിനുമുമ്പിൽ കാർ നിർത്തുന്നു. വിജയൻ ഇറങ്ങുന്നു.

സീൻ - 89:

ഒരു സർക്കാർ ഓഫീസിനുള്ളിലെ ദൃശ്യം. പഴയ ഫയലുകൾ ഇരുമ്പിന്റെ റാക്കുകളിലും മരമേശക്കു മുകളിലും പൊടിപിടിച്ചു കിടക്കുന്നു. വിജയൻ തോമസിന്റെ ചേമ്പറിനു മുന്നിലേക്കു നടക്കുമ്പോൾ രണ്ടുമൂന്നു പേർ പാന്റും ടൈയും മറ്റും ധരിച്ച് ബ്രീഫ് കേസുമായി ചേമ്പറിൽ നിന്ന് പുറത്തിറങ്ങുന്നു. അവർ തമ്മിൽ താണ സ്വരത്തിൽ സംസാരിക്കുന്നുണ്ട്. വിജയൻ അവരെ നല്ലവണ്ണം ശ്രദ്ധിച്ചശേഷം. അകത്തു കടന്നു.

സീൻ - 90:

തോമസിന്റെ ചേമ്പറിന്റെ അകംവശം. ഫയലുകളെല്ലാം മേശമേൽ അങ്ങിങ്ങായി ചിതറിയിട്ടിരിക്കയാണ്. വിജയൻ അകത്തു കടക്കുന്നു. തോമസ് വാച്ചു നോക്കുന്നു.

തോമസ്: കൃത്യം നാലുമണി. ഗവർമ്മെണ്ട് ഓഫീസ് ഉദ്യോഗസ്ഥന്മാർ ഈ പ്രൈവറ്റ് കമ്പനി എക്‌സിക്യൂട്ടീവു കളെ കണ്ടു പഠിക്കണം. (വിജയൻ ഇരിക്കുന്നു.)

തോമസ്: ഇപ്പൊ പൊറത്തുപോയ ആൾക്കാരെ ശ്രദ്ധിച്ചുവോ?

വിജയൻ തലയാട്ടുന്നു.

തോമസ്: നിങ്ങടെ എതിരാളികളാണ്. വകുപ്പുമന്ത്രിയുടെ അടുത്ത ബന്ധു തുടങ്ങിയ കമ്പനിയാണ്. റാങ്കിന്റെ ഏജൻസിയും എടുത്തിട്ടുണ്ട്. മന്ത്രാലയത്തിൽ നിന്ന് ഒരു പ്യൂൺ വിളിച്ചു പറഞ്ഞാൽ മതി ലക്ഷങ്ങളുടെ ഓർഡർ അവരുടെ വഴിക്ക് വരുമെന്നാണ് വിശ്വാസം. വാ, നമുക്ക് പുറത്തുപോയി സംസാരിക്കാം.

എഴുന്നേൽക്കുന്നു.

cut to.

സീൻ - 91:

വിജയന്റെ വീട്ടിൽ വിമലയും നീലിമയും സംസാരിച്ചുകൊണ്ടിരുന്ന അതേ സീനിന്റെ തുടർച്ച.

വിമല: അപ്പൊ അത്രേണ്ടായിട്ടുള്ളു. അപ്പൊ നിനക്ക് വിജയേട്ടനോട് പറയായിരുന്നില്ലെ?

നീലിമ: ഞാൻ പറയാൻ ഒരവസരവും കാത്തിരിക്ക്യായിരുന്നു. അതു പോലെ ബോണിയെ വല്ല ആശുപത്രിയിലാക്കി ചികിത്സിക്കാനും വിജയേട്ടനോട് പറയണമെന്ന് വിചാരിച്ചതായിരുന്നു. അപ്പോഴേക്ക് മൂപ്പർക്ക് ദ്യേഷ്യം പിടിച്ചു. ഞാനെന്താ ചെയ്യ്വാ?

വിമല: സാരല്യ മോളെ. വിജയേട്ടൻ ഇന്ന് നേർത്തെ വരുമായിരിക്കും. നമുക്ക് കാര്യങ്ങളൊക്കെ ശരിയാക്കാം.

നീലിമ: (പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട്) ചേച്ചീ........ഞാനതു പറയാൻ വിട്ടുപോയി. ഞാൻ ഇന്ന് തിരിച്ചു പോവ്വാണ്.

വിമല: (ഞെട്ടിക്കൊണ്ട്) തിരിച്ചുപോവ്വേ? കാനഡയിലേക്കോ? എന്തൊക്കെയാണ് നീ പറേണത്?

നീലിമ: അതെ അച്ഛൻ ടിക്കറ്റെല്ലാം അയച്ചു തന്നിട്ടുണ്ട്. ഇന്നു രാവിലെയാണ് കിട്ടിയത്.

വിമല: എന്തേ ഇത്ര പെട്ടെന്ന്?

നീലിമ: എന്തോ ഇമിഗ്രേഷൻ പ്രോബ്ലാത്രെ. എനിയ്ക്ക് ഇത്ര ദിവസത്തിലധികം ഇവിടെ നിൽക്കാൻ പാടില്ല്യാന്ന്ണ്ട്‌ത്രെ. ഇന്ന് ചെറിയച്ഛൻ വരുന്നുണ്ട്. ചെറിയച്ഛൻ ബാംഗ്ലൂർ വഴി ബോംബെക്ക് പോകുമ്പോൾ എന്നെയും കൊണ്ടുപോകും. വൈകുന്നേരം ആറുമണിക്കാണ് ബാംഗ്ലൂർ ബസ്.

വിമല വിശ്വാസമാവാത്ത പോലെ ഇരിക്കുന്നു.

വിമല: നീ എന്തൊക്കെയാണ് പറയുന്നത്?

നീലിമ: അതേ ചേച്ചി, എനിയ്ക്ക് പോണതിനു മുമ്പ് വിജയേട്ടനെ കാണണം.

വിമല: വിജയേട്ടൻ നേർത്തെ വരാതിരിക്കില്ല. എന്തായാലും ഒന്നു ഫോൺ ചെയ്തു നോക്കാം വാ.

അവർ പുറത്തിറങ്ങുന്നു.

സീൻ - 92:

ഫോൺബൂത്ത്. വിമല ഡയൽ ചെയ്യുന്നു. വിജയന്റെ ഓഫീസിൽ റിസപ്ഷനിസ്റ്റ് ഫോണെടുക്കുന്നു.

റിസപ്ഷനിസ്റ്റ്: എ. ബി. ട്രേഡിംഗ്.

വിമല: ജാൻസിയല്ലെ? ഇത് വിമലയാണ് വിജയൻ ഇല്ലെ?

ജാൻസി: വിമലച്ചേച്ചി, വിജയൻസാറ് പുറത്തുപോയിരിക്ക്യാണ്. എപ്പോഴാണ് വര്വാന്നറിയില്ല്യ. ഞാൻ മോളിക്ക് കൊടുക്കാം. ഒരു മിനിറ്റ് ഹോൾഡ് ചെയ്യു.

സീൻ - 92എ:

മോളിയോട് വിജയന്റെ മുറിയിലെ ഫോണെടുക്കാൻ പറയുന്നു. മോളി പോയി ഫോണെടുക്കുന്നു.

മോളി: ങ്ങാ വിമലച്ചേച്ചിയാണോ? സാറ് പുറത്തു പോയിരിക്ക്യാണ്. എപ്പോഴാണ് വര്വാന്ന് അറിയില്ല.

വിമല: എങ്ങോട്ടാണ് പോയത്?

മോളി: ഒരു കസ്റ്റമറെ കാണാനാണ്.

വിമല: വൈകുമോ?

മോളി: അറിയില്ല. ഇന്ന് നേർത്തെ വീട്ടില് പോണംന്ന് പറഞ്ഞിരിക്ക്യായിരുന്നു. പെട്ടെന്ന് പോകേണ്ടി വന്നു.

വിമല: വിജയേട്ടനെ കോൺടാക്റ്റ് ചെയ്യാൻ വല്ല വഴിംണ്ടൊ?

മോളി: ഞാൻ ആ കസ്റ്റമറുടെ ഓഫീസിൽ ഫോൺചെയ്തു നോക്കാം. അല്ലെങ്കിൽ ചേച്ചി തന്നെ ഫോൺ ചെയ്‌തോളു. ഞാൻ നമ്പർ തരാം. 366543. ആള്‌ടെ പേര് തോമസ് എന്നാണ്. തോമസ് കുര്യൻ. എന്താ വിശേഷം ഒന്നും ഇല്ല്യല്ലൊ.

വിമല: ഏയ് ഒന്നംല്ല്യ. എന്താണ് നമ്പർ? ഒന്നുകൂടി പറയു.

മോളി: 366543. പേര് തോമസ് കുര്യൻ.

വിമല: താങ്ക്‌സ് (ഫോൺ വെക്കുന്നു, വീണ്ടും ഡയൽ ചെയ്യുന്നു.)

വിമല: (നീലിമയോട്) ചേട്ടൻ ഓഫീസിൽ നിന്ന് പോയിരിക്ക്യാണ്. ഒരു കസ്റ്റമറെ കാണാൻ.

തോമസിന്റെ ഓഫീസ്. ഫോൺ ശബ്ദിക്കുന്നു. ഒരു മദ്ധ്യവയസ്‌ക എടുക്കുന്നു.

മദ്ധ്യവയസ്‌ക: ഹല്ലോ-

വിമല: മി. തോമസ് കുര്യനെ വേണം.

മദ്ധ്യവയസ്‌ക: പോയല്ലൊ.

വിമല: ഹല്ലോ, എബി. ട്രേഡിംഗ് കമ്പനിന്ന് ഒരു വിജയൻന്ന് പറയണ ആള് തോമസ്‌സാറിനെ അന്വേഷിച്ച് അവിടെ വന്നിട്ടുണ്ടോ?

മദ്ധ്യവയസ്‌ക: തോമസ്‌സാറ് നാലുമണിക്ക് ആരുടേയോ ഒപ്പം പോണ കണ്ടു.

വിമല: ഇനി എപ്പോഴാണ് തിരിച്ചുവരുക?

മദ്ധ്യവയസ്‌ക: അറിയില്ല.

ഫോൺ വെക്കുന്നു. വിമല ഫോൺ ദ്യേഷ്യത്തോടെ നോക്കുന്നു.

cut to.

സീൻ - 93:

ബാറിൽ വിജയനും തോമസും മേശയ്ക്കിരു വശത്തും ഇരിക്കുന്നു. തോമസ്സിനു മുമ്പിൽ ഒരു ഫുൾ ഗ്ലാസ്സിൽ വിസ്‌കി. വിജയൻ കുടിക്കുന്നില്ല.

തോമസ്: അപ്പോൾ അതാണ് സംഭവം. ഞാൻ ടെക്‌നിക്കൽ സ്‌പെസിഫിക്കേഷൻ ഇട്ടിരിക്കുന്നത് നിങ്ങളുടെ പ്ലാന്റിന്റെതാണ്. അതിലെ പല ഫീച്ചറും അവരുടെ പ്ലാന്റിനില്ല. മറിച്ചും അതെ. പക്ഷെ ഒരു എന്റ്‌യൂസർ എന്ന നിലയ്ക്ക് എന്റെ റെക്കമെന്റേഷനെ അവർ സ്വീകരിക്കും. ഫൈനൽ ഇംപ്ലിമെന്റേഷനിൽ എന്തെങ്കിലും കുഴപ്പം വന്നാൽ അവരുടെ കൈപൊള്ളും. ഗവർമ്മേണ്ടല്ലെ? ആരെങ്കിലും റിസ്‌ക് എടുക്കുമോ? താൻ പോയി ഡെന്നിസാറിനോട് പറെ ഓർഡർ എങ്ങും പോവത്തില്ലെന്ന്.

വിജയൻ അസ്വസ്ഥനാവുന്നുണ്ട്, ഇടയ്ക്കിടയ്ക്ക് വാച്ചു നോക്കുന്നു. ചുമരിൽ തൂക്കിയിട്ട ക്ലോക്കിൽ സമയം അഞ്ചേകാല്. തോമസ് നിർത്താനുള്ള ഭാവമൊന്നുമില്ല. ഗ്ലാസ് കാലിയാക്കി വെയ്റ്ററെ വിളിക്കുന്നു. വെയ്റ്റർ വരുന്നു.

തോമസ്: എടൊ, ഒരു ലാർജ്ജും കൂടി എടുക്ക്. പിന്നെ വറുത്ത കശുവണ്ടിയില്ലെ? ഒരു പ്ലേയ്റ്റിൽ കൊണ്ടുവാ. മെനുവും എടുത്തുകൊണ്ടുവാ.

വെയ്റ്റർ: ശരി സർ.

തോമസ്: വിജയനും എന്തെങ്കിലും കഴിക്ക്. ഒരു ലൈംജ്യൂസ് കോർഡ്യലായാലോ?

വിജയൻ: ഏയ് വേണ്ട.

വെയ്റ്റർ മെനുപുസ്തകം കൊണ്ടുവന്നു വെക്കുന്നു.

വിജയൻ: ഞാൻ ഒരു ചീസ് സാന്റ് വിച്ചും ഫ്രെഷ് ലൈമും കഴിക്കാം.

വെയ്റ്റർ പോയി ട്രേയിൽ നിറച്ച ഗ്ലാസ് കൊണ്ടുവരുന്നു. ഒരു പ്ലെയ്റ്റിൽ അണ്ടിപ്പരിപ്പും.

തോമസ്: (മെനു എടുത്തു നിവർത്തുന്നു.) എടോ എനിക്ക് ചിക്കൻ ടിക്ക. അത് ഗ്രേവിയോടു കൂടി ഉണ്ടാക്കുന്നില്ലെ?

വെയ്റ്റർ: ഉണ്ട് സർ.

തോമസ്: അതും നാണും. ഈ സാറിന് ചീസ്‌സാന്റ്‌വിച്ചും ഫ്രെഷ് ലൈമും.

വെയ്റ്റർ: ശരി സർ (മെനു മടക്കി എടുത്തു കൊണ്ടുപോകുന്നു.)

വിജയൻ: അക്ഷമനായി ക്ലോക്ക് നോക്കുന്നു. സമയം 5 1/2

cut to.

സീൻ - 94:

നീലിമയുടെ മാളിക. നീലുവിന്റെ കിടപ്പറ. അമ്മമ്മ നീലുവിന്റെ ഉടുപ്പുകൾ ഓരോന്നോരോന്നായി മടക്കുന്നു. മുഖത്ത് വ്യസനം. ഏതാനും ഉടുപ്പുകൾ മടക്കിവെച്ച് പെട്ടെന്ന് കട്ടിലിന്മേൽ ഇരിക്കുന്നു. കയ്യിലുള്ള ഉടുപ്പ് മാറോട് ചേർത്തുപിടിക്കുന്നു. കണ്ണിൽ ജലം ഊറി കവിളിലൂടെ ഒഴുകുന്നു. നീലിമ കടന്നു വരുന്നു.

നീലിമ: (അമ്മമ്മയെ ഒരു നിമിഷം നോക്കി നിൽക്കുന്നു.) എന്താ ഇത് അമ്മമ്മേ? മോശം. അമ്മമ്മ കരയ്യാണോ?

അമ്മമ്മ: (കണ്ണീരു തുടക്കുന്നു.) മോളെ വിജയേട്ടനെ കണ്ടോ?

നീലിമ: ഇല്ലമ്മമ്മേ വിജയേട്ടൻ ഓഫീസിലില്ല. ഞാനും വിമലച്ചേച്ചീം കൂടി ഫോൺ ചെയ്തു. എവിട്യാണ്ന്ന് ആർക്കും അറിയില്ല. സാരല്യ അമ്മമ്മേ. അല്ലെങ്കിലും വിജയേട്ടന് എന്നെ ഒരു ഇഷ്ടോംല്യ.

അമ്മമ്മ: അങ്ങിനെ പറയരുത് മോളെ. മോളെ ഇഷ്ടംള്ളതുകൊണ്ടല്ലെ ശാസിച്ചത്. മോള് കേടുവന്നു പോകരുതെന്നുള്ളതുകൊണ്ടല്ലെ? നെന്നെ ശാസിക്കാനും ശിക്ഷിക്കാനും ഒക്കെള്ള അവകാശം വിജയേട്ടൻ സ്‌നേഹം വഴി നേടിയെടുത്തതല്ലെ?

നീലിമയുടെ മുഖം മങ്ങുന്നു. വീണ്ടും കരയാനുള്ള ഭാവത്തിലാണ്. അവൾ കട്ടിലിൽ ഇരിക്കുന്നു.

അമ്മമ്മ: മോളെ പുറപ്പെടാൻ നോക്ക്. സമയം അഞ്ചുമണിയായി. ആറിനല്ലെ ബസ്സ്. ചെറിയച്ഛൻ 5, 5 1/2 ക്കു വന്നാൽ ഉടനെ പോവും എന്നാണ് എഴുതിയിരിക്കുന്നത്.

നീലിമ അർദ്ധമനസ്സോടെ എഴുന്നേൽക്കുന്നു.

cut to.

സീൻ - 95:

ബാറിൽ തോമസും വിജയനും. തോമസിന്റെ ഭക്ഷണം തകൃതിയായി നടക്കുന്നു. അല്പസ്വല്പം തലക്കു പിടിച്ചിട്ടുണ്ട്. വിജയൻ ക്ലോക്കിൽ നോക്കുന്നു. പിന്നെ വാച്ചിലേക്കും. സമയം 5-45.

തോമസ്: എന്താ വിജയൻ വാച്ചു നോക്കുന്നത്? (നാവ് അല്പം കുഴഞ്ഞിരിക്കുന്നു.) എന്താ, പോവാൻ ധൃതിയുണ്ടോ!

വിജയൻ: ഏയ് എന്തു ധൃതി?

തോമസ്: അതാ പറഞ്ഞത്. ധൃതിപ്പെട്ടിട്ടൊന്നും കാര്യമില്ല. ഈ ലോകംല്ലെ അത് അതിന്റെ വഴിക്കങ്ങുപോകും താൻ ഡെന്നിസാറിനോട് പറ ഓർഡർ എവിടെയും പോവത്തില്ലെന്ന് (ഉറക്കെ) വെയ്റ്റർ.

വെയ്റ്റർ വരുന്നു.

തോമസ്: ഒരു ലാർജ്കൂടെ എടുക്ക്.

വെയ്റ്റർ: ശരി സർ (പോകുന്നു.)

വിജയൻ: തോമസ്‌സർ, ഓവറാകുകയൊന്നും ഇല്ലല്ലൊ.

തോമസ്: ഓവറോ (വയർ തട്ടിക്കൊണ്ട്) ഇതൊരു വീപ്പയാണ് വീപ്പ.

വിജയൻ ക്ലോക്കിൽ നോക്കുന്നു. സമയം ആറിന് അഞ്ചുമിനിറ്റ്.

cut to.

സീൻ - 96:

നീലിമയുടെ വീടിന്റെ തളം. ഒരു സൂട്ട് കേസ് സോഫയുടെ അടുത്ത് വെച്ചിട്ടുണ്ട്. സോഫയിൽ നീലിമയുടെ ചെറിയച്ഛൻ ഇരിക്കുന്നു. അല്പം കഷണ്ടി കയറിയ മെലിഞ്ഞ പ്രകൃതം. അമ്മമ്മ എതിർവശത്തിരിക്കുന്നു.

നീലിമ കുറച്ചു കാസറ്റുകളുമായി അകത്തു നിന്നു വരുന്നു.

നീലിമ: അമ്മമ്മേ ഞാൻ വിജയേട്ടൻ വന്നിട്ടുണ്ടോ എന്നു നോക്കി ഇപ്പൊ വരാം.

അമ്മമ്മ: സമയം അഞ്ചേമുക്കാലായിട്ടോ മോളെ.

ചെറിയച്ഛൻ: നീലു, ആറേകാലിന് അവിടെ എത്തണം. ആറരക്കാണ് ബസ്സ് പുറപ്പെടുക. ഇനി അവസാന നിമിഷത്തിൽ നിന്നെ അന്വേഷിച്ച് നടക്കാനൊന്നും പറ്റില്ല. വേഗം വരണം.

നീലിമ: ഞാനിപ്പോൾ വരാം ചെറിയച്ഛാ.

cut to.

സീൻ - 97:

വിമലയുടെ വീട്ടിൽ. വിമല വാതിൽക്കൽ കാത്തുനിൽക്കുന്നു. നീലിമ നടന്നടുക്കുകയാണ്.

വിമല: നല്ല ഉടുപ്പ് . നീലു ശരിക്കും ഒരു മാലാഖയായിരിക്കുന്നു.

നീലിമ: വിജയേട്ടൻ വന്നില്ലെ?

വിമല: ഇല്ല.

രണ്ടുപേരും അകത്തു പോകുന്നു.

നീലിമ: ഈ കാസറ്റുകളെല്ലാം ഞാൻ വിജയേട്ടന് കൊടുക്കാൻ കൊണ്ടുവന്നതാണ്.

മേശപ്പുറത്തു വെക്കുന്നു.

വിമല: എത്ര മണിക്കാണ് ബസ്സ്?

നീലിമ: ആറേകാലിന് അവിടെ എത്തണം ആറരയ്ക്കാണ് പുറപ്പെടുന്നത്.

വിമല: ഇപ്പോൾ സമയം ആറായല്ലൊ. അപ്പൊ അധികം സമയംല്ല്യ.

നീലിമ മേശക്കരികെ ഇട്ട കസേരയിൽ കവിളിൽ കയ്യും കൊടുത്തിരിക്കുന്നു.

നീലിമ: വിജയേട്ടനെ കാണാതെ ഞാൻ പോണില്ല്യ.

വിമല: അയ്യോ, ടിക്കറ്റൊക്കെ ബുക്ക് ചെയ്തിട്ട് (നീലിമ ഇടയ്ക്കിടയ്ക്ക് വാതിൽക്കലേക്ക് നോക്കുന്നുണ്ട്)

അജിത് വരുന്നുണ്ട്.

അജിത്: നീലു പോവ്വാണോ?

നീലിമ അവനെ കെട്ടിപ്പിടിക്കുന്നു.

നീലിമ: അതേ മോനെ. മേന്റെ ടീച്ചറ് പോവ്വാണ്.

അജിത് നാണംകൊണ്ട് കുതറി മാറുന്നു.

വിമല: ഇനിയും ഇരിക്കുന്നതിന് അർത്ഥല്ല്യ. മോള് പൊയ്‌ക്കോ. വിജയേട്ടൻ വന്നാൽ ഞാൻ അങ്ങോട്ട് വരാം.

നീലിമ: എനിക്കൊരു പേപ്പറും പെന്നും തരു. ഞാനൊരു കത്തെഴുതി വെക്കട്ടെ.

അജിത് കടലാസും പെന്നും കൊടുക്കുന്നു. നീലിമ എഴുതുന്നു. കത്തും കാസറ്റുകളും മേശപ്പുറത്തു വെക്കുന്നു

വിമല: മോളെ ഇനി പോവാൻ നോക്കു.

നീലിമ: വിജയേട്ടൻ ആറരമണിക്കുള്ളിൽ വര്വാണെങ്കിൽ ബസ്സ്റ്റാന്റിൽ വരാൻ പറയുമോ? ഞാൻ നോക്കിയിരിക്കും.

വിമല: ശരി.

നീലിമ എഴുന്നേൽക്കുന്നു. വിമല അവളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നു.

വിമല: പോയി വരു.

നീലിമ: അജിത്, ഗുഡ് ബൈ

വിമലയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മവച്ചശേഷം പോകുന്നു. പടിക്കൽ എത്തി തിരിഞ്ഞുനോക്കുന്നു. കൈവീശി തിരിഞ്ഞു നടക്കുന്നു.

cut to.

സീൻ - 98:

ബാറിൽ തോമസ് കുടിയും തീറ്റയും തന്നെ ക്ലോക്കിൽ സമയം ആറര.

സീൻ - 94:

ഒരു ലക്വഷറി കോച്ച്. നീലിമ ഒരു സൈഡ്‌സീറ്റിൽ പുറത്തേക്ക് നോക്കിയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് സമയം നോക്കുന്നുണ്ട്. സമയം പോകും തോറും അവളുടെ മുഖം ഇരുണ്ടുവരുന്നു. ബസ്സിൽ എല്ലാവരും കയറിക്കഴിഞ്ഞു. കണ്ടക്ടർ എല്ലാവരും കയറിയില്ലെ എന്നു നോക്കുന്നു. നീലിമയുടെ അടുത്ത സീറ്റിൽ ചെറിയച്ഛൻ. നീലിമ പുറത്തേക്ക് തലയിട്ട് ചുറ്റും നോക്കുന്നു. ഇല്ല ആരുമില്ല.

ബസ്സ് ബെല്ലടിക്കുന്നു. ഡ്രൈവർ കയറി സ്റ്റാർട്ടാക്കുന്നു. നീലിമ ഒരിക്കൽ കൂടി പുറത്തേക്ക് തലയിട്ട് നോക്കുന്നു. പിന്നെ പെട്ടെന്ന് മുഖം പൊത്തി കരയുന്നു. ചെറിയച്ഛൻ അവളുടെ പുറത്ത് വാത്സല്യപൂർവ്വം കൈ വെക്കുന്നു.

Fade out

സീൻ - 99:

വിജയനും തോമസും ബാറിൽ നിന്ന് പുറത്തിറങ്ങുന്നു. നേരം ഇരുട്ടിയിരിക്കുന്നു. തെരുവു വിളക്കുകൾ, കടകളിൽ വിളക്കുകൾ. തോമസ് അല്പം ആടുന്നുണ്ട്.

വിജയൻ: സാറിനെ എവിടെയാണ് വിടേണ്ടത്?

തോമസ്: താൻ പൊയ്‌ക്കോ. എനിക്ക് ഇവിടെ ഇത്തിരി കാര്യം കൂടിയുണ്ട്. (കണ്ണിറുക്കുന്നു.)

വിജയൻ കീശയിൽനിന്ന് നൂറിന്റെ രണ്ടു നോട്ടെടുത്ത് തോമസിന്റെ കീശയിലിടുന്നു.

വിജയൻ: ഇതിരിക്കട്ടെ ടാക്‌സിക്.

തോമസിനതു കണ്ട ഭാവമില്ല.

വിജയൻ: എന്നാൽ ഞാൻ പോട്ടെ തോമസ് സർ.

തോമസ് കൈകൊണ്ട് പൊയ്‌ക്കൊള്ളാൻ ആംഗ്യം കാണിക്കുന്നു. വിജയൻ കാറിൽ കയറുന്നു

Fade out

സീൻ - 100:

വിജയന്റെ പടിക്കൽ കാറുനിർത്തി വിജയൻ ഇറങ്ങുന്നു. കാറ് വിടുന്നു. പടികടന്ന് വിജയൻ നടക്കുന്നു. വീട് ഒരു മാതിരി ഇരുട്ടിലാണ്. വിജയൻ തെല്ലൊരത്ഭുതത്തോടെ നടന്നടുക്കുന്നു. വീടിന്റെ വാതിൽ തുറന്നിട്ടിരിക്കയാണ്. തുറന്ന വാതിലിലൂടെ അകത്തു കയറുന്നു. അകത്ത് നേരിയ വെളിച്ചമേയുള്ളു. വിമല സോഫയിൽ ഇരിക്കുകയാണ്.

വിജയൻ: എന്താണ് ലൈറ്റിടാതെ ഇരിക്കുന്നത് ?

വിമല: എന്താ ഇത്ര നേരം വൈകിയത്?

വിജയൻ: ഒരു കസ്റ്റമർ പിന്നാലെ കൂടി ഒഴിവാക്കാൻ പണിപ്പെട്ടു.

വിജയൻ സ്വിച്ചിടാൻ കൈയ്യോങ്ങുന്നു.

വിമല: നമ്മുടെ നീലു പോയി.

വിജയൻ സ്വിച്ചിടാതെ പെട്ടെന്ന് നിൽക്കുന്നു.

വിജയൻ: എന്താ പറഞ്ഞത്?

വിമല: നീലു തിരിച്ചു പോയി, കാനഡയിലേക്ക്.

വിജയൻ: (സോഫയിൽ ഇരിക്കുന്നു.) എന്താ ഇത്ര പെട്ടെന്ന്?

വിമല: എന്തോ ഇമിഗ്രേഷൻ പ്രോബ്ലാത്രെ. അവൾക്ക് ഇവിടെ പഠിക്കാൻ പറ്റില്ലാന്ന്. വിസടെ കാലാവധി നാളെ തീരും. ഇന്ന് അവളുടെ ചെറിയച്ഛൻ ബാംഗ്ലൂർ വഴി ബോംബെക്ക് പോകുന്നുണ്ട്. അയാളുടെ ഒപ്പം അവളും പോയി. ആറരക്കായിരുന്നു ബസ്സ്. ഇപ്പോൾ സമയം എത്രയായി?

വിജയൻ: (വാച്ചു നോക്കുന്നു) ഏഴ്.

വിമല: നിങ്ങളെ കൊറെ കാത്തു. ഇന്നു മുഴുവൻ ഇവിടെത്തന്ന്യായിരുന്നു. ഓഫീസിലേക്ക് ഫോൺ ചെയ്തു നോക്കി കിട്ടിയില്ല.

വിജയൻ: ഞാൻ ഇന്ന് ഓഫീസിൽ ഉണ്ടായിരുന്നില്ലാന്നു തന്നെ പറയാം.

വിമല: പാവം കൊറെ കരഞ്ഞു. വിജയേട്ടനോട് ഗുഡ്‌ബൈ പറയാതെ പോവില്ലെന്നൊക്കെ പറഞ്ഞു. ഒരു കത്തെഴുതി വെച്ചിട്ടുണ്ട്. കൊറെ കാസറ്റും വെച്ചു പോയിട്ടുണ്ട്.

വിജയൻ കത്തെടുത്ത് വായിക്കുന്നു. നീലിമയുടെ ശബ്ദത്തിൽ കത്ത്.

ഡിയർ ചേട്ടൻ,

ഞാൻ കുറെ കാത്തു. ചേട്ടൻ വന്നില്ല. ഞാൻ പോകുന്നു. ചേട്ടൻ എന്നോട് പിണങ്ങരുത്. ഞാൻ ചീത്തയല്ല. കുറച്ച് കാസറ്റുകൾ വെക്കുന്നു, എന്നെ ഓർമ്മിക്കാൻ. ഗുഡ് ബൈ.

ചേട്ടന്റെ രാജകുമാരി

വിജയൻ കത്തും കയ്യിൽ വെച്ച് ഇരിക്കുന്നു. ജനലിലൂടെ വരുന്ന നേരിയ വെളിച്ചത്തിൽ വിജയന്റെ മുഖം കാണാം. കണ്ണുകൾ ഉരുണ്ടുകൂടുന്നു. ജലകണങ്ങൾ തുടച്ചുകളയാൻ മിനക്കെടുന്നില്ല. കുറച്ചു സമയത്തിനുശേഷം അയാൾ എഴുന്നേൽക്കുന്നു.

പശ്ചാത്തലം ഇപ്പോൾ നിശ്ശബ്ദമാണ്. ക്രമേണ ഒരു കീ കീ ശബ്ദം കേൾക്കുന്നു. സാവധാനത്തിൽ ആ ശബ്ദം കൂടുതൽ സ്പഷ്ടമായി കേൾക്കുന്നു. വിജയൻ അതു ശ്രദ്ധിക്കുന്നു. അതിന്റെ ഉത്ഭവം അന്വേഷിച്ച് അജിതിന്റെ വാതിൽക്കൽ പോയി നോക്കുന്നു. അവിടെ അജിത് ജനലിലൂടെ വരുന്ന അരണ്ട വെളിച്ചത്തിൽ വീഡിയോ ഗെയിം കളിക്കുകയാണ്. കാമറ അവന്റെ മ്ലാനമായ മുഖത്ത് ഒരു നിമിഷം ഫോക്കസ് ചെയ്യണം.

അജിത് വിജയനെ ശ്രദ്ധിക്കുന്നില്ല.

അയാൾ തിരിച്ചു വന്ന് ടേപ്പ് റിക്കാർഡർ ഓണാക്കുന്നു. അതൊരു ബോധപൂർവ്വമായ പ്രവർത്തിയല്ലെന്നു സ്പഷ്ടം. പെട്ടെന്ന് പക്ഷെ ഒരു ബ്രേയ്ക്ക് ഡാൻസിന്റെ ബീറ്റ് വരുന്നു. അയാൾ ടേപ്പ് റിക്കാർഡർ ഓഫാക്കുന്നു. ടേപ്പ് റിക്കാർഡർ ഒരു ടവ്വലെടുത്ത് തുടക്കുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതിരിക്കുമ്പോൾ ചെയ്യുന്ന പ്രവർത്തിയാണെന്ന് വ്യക്തം. മേശവലിപ്പ് തുറന്ന് ഒരു പഴയ റഫി കാസറ്റെടുത്ത് റെക്കോർഡറിൽ ഇടുന്നു. ഓണാക്കാൻ നോക്കുന്നു. പിന്നെ ആ ശ്രമം ഉപേക്ഷിച്ച് തിരിച്ച് സോഫയിൽ വന്നിരിക്കുന്നു. പതുക്കെ കൈ രണ്ടും തലയിൽ വെച്ച് മുഖം കാണിക്കാതെ കുമ്പിട്ടിരിക്കുന്നു.

കാമറ സാവധാനത്തിൽ സൂം ചെയ്ത് വിജയനെ ഫോക്കസ് ചെയ്യുന്നു. പിന്നെ സാവധാനത്തിൽ fade out.

ഈ തിരക്കഥയെക്കുറിച്ച്


കലാകൗമുദി 1987 മെയ് മാസം രണ്ടാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച കാനഡയിൽ നിന്നൊരു രാജകുമാരി എന്ന സ്വന്തം ചെറുകഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. ഫീച്ചര്‍ ഫിലിമിനോ ടെലിവിഷന്‍ സീരിയലിനോ ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ്‌ ഈ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com