|| Scripts

ഒരു കുടുംബപുരാണം

ഇ ഹരികുമാര്‍

ആദ്യത്തെ കല്ലെറിയുമ്പോൾ

ഈ എപ്പിസോഡിലേയ്ക്കു വേണ്ട കഥാപാത്രങ്ങൾ

ജോസഫേട്ടൻ
ത്രേസ്യാമ്മ
പാറുകുട്ടി
നഴ്‌സറിയിലെ കുട്ടികൾ
ഭവാനി
കല്യാണിയമ്മ
ഭവാനിയുടെ മകൾ (2-3 വയസ്സ്)
നളിനി
ദേവകി
കോളനിയിലെ സ്ര്തീജനങ്ങൾ (പത്തിരുപതു പേർ)
തുന്നക്കാരൻ

Part I

ടൈറ്റിൽ സീൻ:

ത്രേസ്യാമ്മയുടെ അടുക്കള. ത്രേസ്യാമ്മയും പാറുകുട്ടിയും പാചകത്തിലാണ്. ത്രേസ്യാമ്മ ജനലിൽക്കൂടി നോക്കുമ്പോൾ അയൽപക്കവുമായുള്ള മതിൽ കാണാം. നോക്കുമ്പോൾ മതിലിന്മേൽ ഒരു കുമ്പളങ്ങ കയറ്റി വച്ചപോലെ ത്രേസ്യാമ്മയ്ക്കു തോന്നുന്നു. അവർ വീണ്ടും നോക്കുന്നു. നുറുക്കുന്ന പച്ചക്കറി മേശമേൽ വെച്ച് അവർ പിൻവാതിലിലൂടെ പുറത്തേയ്ക്കിറങ്ങുന്നു. മുറ്റത്തെത്തിയിട്ടും അവർക്കത് ഒരു കുമ്പളങ്ങ പോലെ മാത്രമേ തോന്നുന്നുള്ളൂ. അവർ മതിലിന്നടുത്തേയ്ക്ക് ചെല്ലുന്നു. പകുതി വഴിയെത്തിയപ്പോഴാണ് അത് ഒരു വയസ്സായ സ്ര്തീയുടെ നരച്ച തലയാണെന്ന് മനസ്സിലാവുന്നുള്ളു. അത് അയൽപക്കത്തെ ഭവാനിയുടെ അമ്മായിയമ്മ കല്യാണിയാണ്. അവർ ത്രേസ്യാമ്മയെ വിളിക്കുകയാണ്.

ടൈറ്റിൽസ് കഴിഞ്ഞു.

സീൻ 1:

കല്യാണിയമ്മ: ശ്, ശ്, ശ്.

ത്രേസ്യാമ്മ അടുത്തു ചെല്ലുന്നു.

ത്രേസ്യാമ്മ: എന്റെ കണ്ണ് ! ഞാൻ ശരിക്കും വിചാരിച്ചത് മതിലിമ്മല് ഒരു കുമ്പളങ്ങ കയറ്റിവച്ചതാന്നാ.

കല്യാണിയമ്മ അതു ശ്രദ്ധിക്കുന്നില്ല. അവർ ത്രേസ്യാമ്മ അടുത്തു വരാൻ കാത്തു നിൽക്കയാണ്. അതിനായി അവർ ആംഗ്യം കാണിക്കുന്നുമുണ്ട്. വളരെ വയസ്സായ ഒരു സ്ര്തീയാണ്. അല്പം ചിന്നനുമുണ്ട്.

ത്രേസ്യാമ്മ: എന്താ കല്യാണിച്ചേച്ചീ?

കല്യാണിയമ്മ: (സ്വരം താഴ്ത്തി) നീയിങ്ങ് അടുത്തു വാ മോളെ.

ത്രേസ്യാമ്മ: എന്താണ്, പറ ചേച്ചീ.

കല്യാണിയമ്മ: നീയിങ്ങ് അടുത്തുവാ, ഒരു കാര്യം പറയാണ്ട്, ഭവാനി അമ്പലത്തിലേയ്ക്ക് പോയിരിക്ക്യാണ്.

ത്രേസ്യാമ്മ: എന്താ ചേച്ചീ?

കല്യാണിയമ്മ: നീയൊന്ന് വീട്ടിലോട്ടു വാ, ഞാമ്പറയാം. വെക്കം വരണം കെട്ടോ കൊച്ചു ത്രേസ്യേ.

ത്രേസ്യാമ്മ: ഇപ്പോ അങ്ങോട്ടു വരണെങ്കിൽ ഗെയ്റ്റീക്കൂടെ വളഞ്ഞ് വരണ്ടേ ചേച്ചീ. ചേച്ചി ഇപ്പോത്തന്നെ പറ.

അവർ സംശയിച്ചു, ചുറ്റും നോക്കിക്കൊണ്ട് പറയുന്നു

കല്യാണിയമ്മ: ഞാമ്പറയാറില്ലെ ഒരാളെപ്പറ്റി? ഒരു ടെയ്‌ലറ്? അയാള് ഇപ്പൊ എടക്കെടക്ക് വര്ണ്ണ്ട്, ശേഖരൻ ഇല്ലാത്തപ്പൊ. ഞാൻ അറീണില്ല്യാന്നാ വിചാരം. ഞാൻ ഒക്കെ അറീന്ന്ണ്ട് ന്റെ കൊച്ചു ത്രേസ്യേ.

ത്രേസ്യാമ്മ: അയാള് എന്തിനാ വര്ണത്?

കല്യാണിയമ്മ: എന്തിനാച്ചാ പ്പൊ ഞാനെന്താ പറയ്വാ? (ഈർഷയോടെ) അവള് വിളിച്ചുവര്ത്തണതല്ലെ.

ത്രേസ്യാമ്മ: വല്ലതും തുന്നാൻ കൊടുക്കാനായിരിക്കും ചേച്ചീ.

കല്യാണിയമ്മ: അതൊന്നും അല്ല, എന്നും ഉച്ചതിരിഞ്ഞാൽ തുന്നാൻ കൊടുക്കാൻ എന്നതാണുള്ളത്?

ത്രേസ്യാമ്മ: ഭവാനി അങ്ങിനെയൊക്കെ ചെയ്യ്വോ?

കല്യാണിയമ്മ: അവള് ഒരുമ്പെട്ടോളാ, അതും അപ്പുറും ചെയ്യും. എന്റെ മോനറിഞ്ഞാൽ എന്തൊക്ക്യാണ് ണ്ടാവ്വാന്നറിയില്ല.

ത്രേസ്യാമ്മ: ഇനിയിപ്പോ എന്താ ചെയ്യ്യാ?

കല്യാണിയമ്മ: എന്റെ മോനറീം മുമ്പെ എന്തെങ്കിലും ചെയ്യണം. അവനറിഞ്ഞാലത്തെ കാര്യം എനിക്ക് ആലോചിക്കാനും കൂടി വയ്യ.

ത്രേസ്യാമ്മ: ഞാൻ എന്താ ചെയ്യേണ്ടത് കല്യാണിച്ചേച്ചീ?

കല്യാണിയമ്മ: എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കും അറിയില്ല. എനിക്ക് കൊച്ചുത്രേസ്യോടല്ലാതെ വേറെ ആരോടും പറയാനില്ല. നീയിത് ആരോടും പറയല്ലെ മോളെ

ത്രേസ്യാമ്മ: ഇല്ലാ ചേച്ചീ.

സീൻ 2:

പൂമുഖം. ജോസഫേട്ടൻ ത്രേസ്യാമ്മ പറയുന്നത് സശ്രദ്ധം കേൾക്കുന്നു.

ത്രേസ്യാമ്മ: ശരിയാണ്. ഒരു ചിന്നൻ പിടിച്ച തള്ളതന്നെയാണത്. പക്ഷേ ഇന്ന് പറഞ്ഞതൊക്കെ ശര്യാന്ന് തോന്നുണു. ആ ഭവാനി ഒരു ഒരുമ്പെട്ടോള് തന്ന്യാ.

ജോസഫേട്ടൻ: എന്റെ അഭിപ്രായം നീയിതില് എടപെടേണ്ടാന്നാണ്. ഒരു ചിന്നൻ പിടിച്ച തള്ളയാണ്. അവര് പറേണത് മുഴുവൻ വിശ്വസിക്കാൻ വയ്യ. ഇനി അതൊക്കെ ശര്യാണെങ്കീത്തന്നെ നെനക്കെന്തു ചെയ്യാൻ കഴിയും?

ത്രേസ്യാമ്മ: എന്തെങ്കിലും ചെയ്യേണ്ടേ? നമ്മടെ തൊട്ട അയൽപക്കമല്ലെ?

ജോസഫേട്ടൻ: അതൊക്കെ ശര്യാണ്. പക്ഷെ ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടല്ലെ, അതിലൊക്കെ നമ്മള് എടപെട്ടാ ശര്യാവ്വോ?

ത്രേസ്യാമ്മ: അങ്ങിന്യല്ലാ. നമ്മക്കും ഒരു മോനുള്ളതല്ലെ. അവൻ കല്യാണം കഴിച്ചു കൊണ്ടുവരുന്ന പെണ്ണ് ഇങ്ങനൊക്കെ ചെയ്യാൻ തൊടങ്ങ്യാലോ?

ജോസഫേട്ടൻ നിവർന്നിരുന്ന് കുറച്ചുനേരം ആലോചിക്കുന്നു.

ജോസഫേട്ടൻ: അങ്ങിന്യാച്ചാൽ നീ ഒരു കാര്യം ചെയ്യ്. ഇതിന്റെ സത്യാവസ്ഥ കണ്ടുപിടിക്ക്. എന്നിട്ട് നമുക്ക് വേണ്ടതെന്താച്ചാൽ ചെയ്യാം.

ത്രേസ്യാമ്മ: (എഴുന്നേറ്റുകൊണ്ട്) ഞാനൊന്ന് പോയി നോക്കട്ടെ.

സീൻ 3:

അടുക്കളയിൽ. പാറുകുട്ടി അടുപ്പത്ത് എന്തോ ഇളക്കുകയാണ്. ത്രേസ്യാമ്മ വരുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കുന്നു.

പാറുകുട്ടി: അമ്മച്ചി എങ്ങട്ടാ പോയേ?

ത്രേസ്യാമ്മ: ഞാനേയ് നമ്മടെ മതിലിമ്മല് ആരോ ഒരു കുമ്പളങ്ങ കൊണ്ടുവന്നു വെച്ചപോലെ തോന്നീട്ട് പോയി നോക്കീതാ. ചെന്നു നോക്ക്യപ്പോ അത് ആ തള്ളയാണ്. എന്റെ കാഴ്ച പിന്നീം മോശായിട്ട്ണ്ട്. അടുത്ത തവണ ജോമോൻ വന്നാൽ ഒരു കണ്ണട മേടിക്കണം.

പാറുകുട്ടി: എന്താ ആ ചിന്നൻതള്ളയ്ക്ക് വേണ്ടത്.

ത്രേസ്യാമ്മ: അതേയ് നീയാരോടും പറയര്തു കെട്ടോടി. ഭവാനിടെ അവിടേയ്ക്ക് എന്നും ആ ടെയ്‌ലറ് വരുന്ന്ണ്ടത്രെ.

പാറുകുട്ടി: ഭവാനിചേച്ചീ ഇത്രയധികം തുന്നിക്കാറ്‌ണ്ടോ.

ത്രേസ്യാമ്മ: തുന്നിക്കാനൊന്നും അല്ല പെണ്ണേ. ഞാനെങ്ങനാ നിന്നോട് അതൊക്കെ പറയ്യാ. അയാള് വേറെ ഓരോ കാര്യത്തിനാത്രെ വരണത്. എന്നോട് അതൊന്ന് നിർത്തിക്കൊടുക്കാൻ.

പാറുകുട്ടി: അമ്മച്ചി മിണ്ടാതിരി.

ത്രേസ്യാമ്മ: അതെന്താ പെണ്ണേ?

പാറുകുട്ടി: അമ്മച്ചീ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഈ കോളനീല് അമ്മച്ചി ഇടപെട്ടിട്ടുള്ള ഒരു കാര്യോം കുഴപ്പത്തിലല്ലാതെ എത്തിയിട്ടില്ല. ഇനി ഇപ്പോ ഈ കാര്യം മാത്രം ശരിയാവുംന്ന് എന്താണുറപ്പ്? അമ്മച്ചി ഒരു ഭാഗത്ത് ഇരുന്നോ.

ത്രേസ്യാമ്മ: നീയെന്താ പെണ്ണേ അങ്ങനെ പറയണത്?

പാറുകുട്ടി: അമ്മച്ചി പറ ഏതു കാര്യാണ് അലമ്പല്ലാതായിട്ടുള്ളത്?

അവർ ആലോചിക്കുന്നു. പക്ഷേ അവരെ സംബന്ധിച്ചേടത്തോളം തീർച്ചയാക്കിയിരിക്കുന്നു.

ത്രേസ്യാമ്മ: ഉച്ച തിരിഞ്ഞ സമയത്താത്രെ അയാള് വരാറ്. നമുക്ക് ഒരു മൂന്നു മണി നേരത്ത് ഒന്നത്രേടം പോയി നോക്കാം. ഭവാനി എന്തു ചെയ്‌വാന്ന് നോക്കാലോ.

പാറുകുട്ടി: അമ്മച്ചീ ഞാൻ പറേന്ന്ണ്ട് അമ്മച്ചീ അതിലൊന്നും എടപെടെണ്ടാന്ന്.

ത്രേസ്യാമ്മ: സാരംല്ല്യ പെണ്ണേ, കൊറച്ച് ധൈര്യൊക്കെ വേണ്ടെ നമക്ക്?

പാറുകുട്ടി ത്രേസ്യാമ്മയെ സമ്മിശ്രവികാരങ്ങളോടെ നോക്കി നിൽക്കുന്നു.

സീൻ 4:

പൂമുഖം. ജോസഫേട്ടൻ ദിവാനിൽ കിടന്നുറങ്ങുന്നു. കുട്ടികളെയെല്ലാം കിടത്തി ഉറക്കിയിരിക്കയാണ്. ത്രേസ്യാമ്മ കസേലയിലിരുന്ന് ഇടക്കിടക്ക് ചുമരിലുള്ള ഘടികാരത്തിൽ നോക്കുന്നു. സമയം 3 മണിയാവുന്നു. അവർ ചാടി എഴുന്നേറ്റ് ജോസഫേട്ടനെ വിളിക്കുന്നു. കുട്ടികളെ ഉണർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

ജോസഫേട്ടൻ ഒരു നല്ല ഉറക്കം മുറിഞ്ഞതിലുള്ള അതൃപ്തി കാണിക്കുന്നു.

ത്രേസ്യാമ്മ: നോക്കുന്നേയ്, ഞങ്ങളൊന്ന് പോയി വരട്ടെ.

ജോസഫേട്ടൻ: എങ്ങട്ടാ ഇപ്പൊ? എന്റെ നല്ലൊരുറക്കോം കളഞ്ഞോണ്ട് പോണത്?

ത്രേസ്യാമ്മ: ങാ,ങാ, മറന്നോ. ഞങ്ങള് ഭവാനിടെ വീട്ടിലോളം ഒന്ന് പോയി വരാം.

ജോസഫേട്ടൻ ചെറുതായൊന്ന് ഞെട്ടുന്നു. അതു കാണുന്ന ത്രേസ്യാമ്മയുടെ മുഖത്ത് പിരിമുറുക്കം.

ജോസഫേട്ടൻ: അതു വേണോ കൊച്ചുത്രേസ്യേ?

ത്രേസ്യാമ്മ: ആന്നേയ്, ഞങ്ങളൊന്ന് പോയേച്ചു വരാം. കൊച്ചുങ്ങളെ നോക്കണേയ്. ഞങ്ങളിതാ ഇപ്പൊത്തന്നെ തിരിച്ചുവരും. (അകത്തേയ്ക്കു നോക്കി) പാറുകുട്ടീ.

പാറുകുട്ടി: ഇതാ വന്നു അമ്മച്ചീ.

പാറുകുട്ടി വരുന്നു.

പാറുകുട്ടി: അമ്മച്ചീ, നമുക്കൊരു കത്തി എടുക്കണോ കയ്യില്?

ത്രേസ്യാമ്മ: അതൊന്നും വേണ്ട പെണ്ണേ. ആൾക്കാര് കണ്ടാൽ എന്തു വിചാരിക്കും. നമ്മള് ഇങ്ങനെ ഒരു കാര്യത്തിനേ അല്ല പോണത്ന്ന് ആൾക്കാർക്ക് തോന്നണം.

ജോസഫേട്ടൻ: എന്തെങ്കിലും പ്രശ്‌നംണ്ടായാൽ പിന്നെ അവിടെ നിക്കര്ത് കെട്ടോ. ഓടിവന്നോ.

ത്രേസ്യാമ്മയുടെ മുഖം കൂടുതൽ പ്രക്ഷുബ്ധമാകുന്നു.

സീൻ 5:

കാമറ കാണിക്കുന്നത് വിജനമായ നിരത്താണ്. നോക്കെത്താ ദൂരത്ത് ഒരു മനുഷ്യനില്ല. അന്തരീക്ഷം പ്രക്ഷുബ്ധമാണെന്ന് തോന്നത്തക്ക വിധത്തിൽ പശ്ചാത്തല സംഗീതം. ഇടക്ക് ഒരു പട്ടി ഓരിയിടുന്ന ശബ്ദം. അടുത്ത ലോങ്‌ഷോട്ടിൽ കാണുന്നത് ത്രേസ്യാമ്മായും പാറുകുട്ടിയും സംശയിച്ച് അടിവച്ച് അടിവച്ച് നീങ്ങുന്നതാണ്. അവർ ചുറ്റുവട്ടവും നോക്കുന്നുണ്ട്. വീടുകളുടെ മുറ്റത്തും ആരുമില്ല. ത്രേസ്യാമ്മയും പിറകിലായി പാറുകുട്ടിയും നടക്കുന്നു. പെട്ടെന്ന് ഒരു കറുത്തപൂച്ച മുമ്പിൽ കുറുകെ ഓടുന്നു. ത്രേസ്യാമ്മ ഞെട്ടി തിരിഞ്ഞ് പാറുകട്ടിയെ കെട്ടിപ്പിടിക്കുന്നു. പാറുകുട്ടിയും പേടിച്ചിട്ടുണ്ട്.

ത്രേസ്യാമ്മ: പാറുകുട്ടീ....

പാറുകുട്ടി: എന്താ അമ്മച്ചീ?

ത്രേസ്യാമ്മ: (അവളുടെ ചുമലിൽ പിടിച്ച്) നീ മുമ്പില് നടക്ക്.

പാറുകുട്ടി: (വിട്ടുമാറി) വേണ്ട അമ്മച്ചീ... അമ്മച്ചി മുമ്പീ നടന്നാ മതി. ഞാൻ പിറകില് വരാം.

ത്രേസ്യാമ്മ ധൈര്യം സംഭരിച്ച് നടക്കുന്നു. വീണ്ടും ഒരു പട്ടിയുടെ ഓരിയിടൽ, ഒരു കാക്ക തൊട്ടു മുമ്പിലൂടെ പറന്നുപോകുന്നു. ഭവാനിയുടെ വീട്ടിന്റെ പടിക്കൽ അവർ സംശയിച്ചു നിൽക്കുന്നു. തിരിഞ്ഞു നോക്കുന്നു. വിജനമായ നിരത്ത്. ഒരൊറ്റ മനുഷ്യൻ പുറത്തില്ല. ത്രേസ്യാമ്മ ഗെയ്റ്റു കടന്ന് വീട്ടിലേയ്ക്കുള്ള നടപ്പാതയിലൂടെ നടക്കുന്നു. പാറുകുട്ടി തൊട്ടു പിന്നിൽത്തന്നെ ഉണ്ട്.

സീൻ 6:

ഭവാനിയുടെ വീട്ടിൽ ഒരനക്കവുമില്ല. അടഞ്ഞുകിടന്ന കതകിനു മുമ്പിൽ അവർ സംശയിച്ചു നിന്നു. തിരിച്ചു പോകാനായി ഒരിക്കൽ തിരിഞ്ഞു. അവസാനം ധൈര്യം സംഭരിച്ച് വാതിൽക്കൽ മുട്ടാൻ തീരുമാനിക്കുന്നു. കൈ പൊന്തിച്ച് മുട്ടാൻ തയ്യാറെടുക്കുമ്പോൾ വാതിൽ പെട്ടെന്നു തുറന്നു, മുമ്പിൽ കല്യാണിചേച്ചി നിൽക്കുന്നു, തലമുടിയെല്ലാം അലങ്കോലപ്പെട്ട് ഒരു ഭ്രാന്തിയെപ്പോലെ. മുട്ടാതെത്തന്നെ തുറക്കുമെന്ന പ്രതീക്ഷയില്ലാത്തതുകൊണ്ട് പേടിച്ച ഒരു ശബ്ദമുണ്ടാക്കി തിരിഞ്ഞോടാനായി ശ്രമിച്ച ത്രേസ്യാമ്മക്ക് അടിതെറ്റി. പിന്നിൽ പാറുകുട്ടി പിടിക്കാനുണ്ടായതു കൊണ്ട് വീണില്ല എന്നു മാത്രം.

സീൻ 6എ:

ത്രേസ്യാമ്മയും പാറുകുട്ടിയും അകത്ത് കടക്കുന്നു. അകത്ത് സോഫയിൽ ഭവാനിയുടെ മകൾ കിടന്നുറങ്ങുന്നു.

കല്യാണിയമ്മ: (പതിഞ്ഞ സ്വരത്തിൽ) കൊച്ചു ത്രേസ്യേ വാ, അവൻ വന്നിട്ടൊണ്ട്. ഞാൻ ഉറങ്ങ്വാണ്ന്ന് കരുതി അവള്‌ടെ മുറീക്കേറീട്ട്ണ്ട്, നീ പോയി നോക്ക്.

ത്രേസ്യാമ്മ തളർന്ന് ഒരു കസേലയിൽ ഇരിക്കുന്നു. മുഖം ഭയംകൊണ്ട് വിളറിയിട്ടുണ്ട്.

ത്രേസ്യാമ്മ: (തൊട്ടടുത്തുള്ള പാറുകുട്ടിയോട്) നീ പറഞ്ഞത് ശരിയാടീ, നമുക്കൊരു കത്തി എടുക്കായിര്ന്നു.

പാറുകുട്ടി: ഞാമ്പറഞ്ഞതല്ലേ അമ്മച്ചീ. ഇനി എന്ന ചെയ്‌വാ?

ത്രേസ്യാമ്മ: നമക്ക് തിരിച്ചു പോയാലോ?

കല്യാണിയമ്മ: ചെല്ല് പെണ്ണേ, ധൈര്യായിട്ട് ചെല്ല്. ഇപ്പൊ പിടിക്കാം അവളെ.

ത്രേസ്യാമ്മ എഴുന്നേൽക്കുന്നു. പെട്ടെന്ന് പാറുകുട്ടി അവരുടെ ചട്ട വലിച്ച് ഇരുത്തുന്നു.

പാറുകുട്ടി: അങ്ങനെ പോവ്വാണെങ്കീ അമ്മച്ചീ നമുക്കൊറ്റക്കു പോണ്ട. ഒന്നു രണ്ടു പെണ്ണുങ്ങളേം കൂടി കൂട്ടിപ്പോവാം. നമുക്കൊരു സാക്ഷിയാവൂലോ.

ത്രേസ്യാമ്മക്ക് നല്ല മതിപ്പാവുന്നു. അവർ ബഹുമാനത്തോടെ പാറുകുട്ടിയെ നോക്കുന്നു.

ത്രേസ്യാമ്മ: നമുക്ക്ന്നാൽ പത്തുമുറീലെ നളിനീം, ദേവകീം വിളിക്കാം. (കല്യാണിയമ്മയോട്) ഞാനിപ്പോ വരാം ചേച്ചീ.

കല്യാണിയമ്മ: ഇപ്പത്തന്നെ വരണം കെട്ടോ. അവൻ പോവാനിട്യാക്കര്ത്.

അവർ പുറത്തിറങ്ങുന്നു.

End Of Part I

Part II

സീൻ 7:

ത്രേസ്യാമ്മയും പാറുകുട്ടിയും ഭവാനിയുടെ വീടിന്റെ ഗെയ്റ്റു കടന്ന് പോകുന്നു. നടക്കുമ്പോൾ ത്രേസ്യാമ്മ ചോദിക്കുന്നു.

ത്രേസ്യാമ്മ: നീയിത് ഏതു സീരിയലിയാണ് കണ്ടത് പാറുകുട്ടീ?

പാറുകുട്ടി: ഏത്, അമ്മച്ചീ?

ത്രേസ്യാമ്മ: ഈ സാക്ഷികളെണ്ടാക്കണംന്നൊക്കെ.

പാറുകുട്ടി: ഒരു സിനിമേല് കണ്ടതാ.

ത്രേസ്യാമ്മ: അപ്പോ ഞാനെന്താ അത് കാണാതിരുന്നത്?

പാറുകുട്ടി: ഉച്ചക്കാണ്, അമ്മച്ചി ഒറങ്ങ്വായിരുന്നു.

സീൻ 7:

പത്തുമുറി വീടിന്റെ മുമ്പിൽ (പത്തുമുറി എന്നത് ഒരേ മാതിരി തുടർച്ചയായി ഉണ്ടാക്കിയിട്ടുള്ള വീടുകളാണ്. ഒരു വീടിന്റെ ചുമരിൽ നിന്നാണ് അടുത്ത വീട് തുടങ്ങുന്നത്) നളിനിയുടെ വീടിന്റെ മുമ്പിൽ പാറുകുട്ടി നിൽക്കുന്നു. വാതിലിന്റെ മുമ്പിൽ ത്രേസ്യാമ്മ നളിനിയുമായി സ്വകാര്യം പറയുകയാണ്.

സീൻ 8:

പത്തുമുറിയിലെ ദേവകിയുടെ വീടിന്റെ മുമ്പിൽ പാറുകുട്ടി നിൽക്കുന്നു. ത്രേസ്യാമ്മയും നളിനിയും ദേവകിയോട് സ്വകാര്യം പറയുന്നു.

സീൻ 9:

അവർ നാലു പേരുംകൂടി യാത്ര തിരിക്കുന്നു. വഴിയിൽ വീടുകളിൽനിന്ന് കർട്ടൻ മാറ്റി ഈ യാത്ര നോക്കുന്ന സ്ര്തീകളുടെ മുഖങ്ങളുടെ ഷോട്ടുകൾ.

സീൻ 10:

ഭവാനിയുടെ ഗെയ്റ്റിൽ ത്രേസ്യാമ്മയും നളിനിയും ദേവകിയും പാറുകുട്ടിയും. പിന്നെ കാമറ പിന്നിലേയ്ക്ക് പെട്ടെന്ന് കൊണ്ടുപോകുമ്പോൾ കാണുന്നത് പത്തിരുപത് സ്ര്തീകളാണ്. ത്രേസ്യാമ്മ ഗെയ്റ്റു കടന്ന് ഉള്ളിലേയ്ക്കു കടക്കുന്നു. ചാരിയ വാതിൽ തുറന്ന് അകത്തു കടക്കുന്നു. ഒപ്പം തന്നെ പിന്നിൽ വന്ന എല്ലാ സ്ര്തീകളും അകത്തു കയറുന്നു.

കല്യാണിയമ്മ: (പരിഭ്രമിച്ചുകൊണ്ട്) ഇതെന്താണ് കൊച്ചു ത്രേസ്യേ ഇത്രീം പേരെ കൊണ്ടുവന്നിരിക്കണത്?

ത്രേസ്യാമ്മ: ചേച്ചീ, അവൻ പോയോ?

കല്യാണിയമ്മ: ആര്?

ത്രേസ്യാമ്മ: അവനേയ്, ആ തുന്നക്കാരൻ?

കല്യാണിയമ്മ: അവൻ പോയി?

ത്രേസ്യാമ്മ: (നിരാശയോടെ) ഏതു വഴിക്കാണ് പോയത് ചേച്ചീ?

കല്യാണിയമ്മ: അവൻ ജനലിക്കൂടെ വന്നു, ജനലിക്കൂടെ പറന്നുപോയി.

അതും പറഞ്ഞ് അവർ ചിരിക്കാൻ തുടങ്ങുന്നു. അവർ ചൂണ്ടിക്കാട്ടിയ ജനൽ ഗ്രില്ലുള്ളതാണ്, മനുഷ്യനു പോയിട്ട് ഒരു പൂച്ചക്ക് കഷ്ടിച്ചു കടക്കാൻ പറ്റും. കൂടിയിരുന്ന സ്ത്രീകളെല്ലാം മുഖത്തോടു മുഖം നോക്കുന്നു. നളിനിയാണ് ആദ്യം പറഞ്ഞത്.

നളിനി: എന്റെ ആന്റീ, ഈ ചിന്നൻ പിടിച്ച തള്ള പറഞ്ഞതു കേട്ട് ആന്റിയല്ലാതെ ഈ പരാക്രമൊക്കെ കാണിക്ക്യോ?

സ്ര്തീകൾ ഓരോരുത്തരായി ത്രേസ്യാമ്മയെ കുറ്റപ്പെടുത്തുംവിധം സംസാരിക്കുന്നു. അവിടെ ആകെ ബഹളമാവുന്നു. അതിനിടക്ക് ഭവാനി അകത്തുനിന്ന് വരുന്നു. അവൾ ഉറക്കത്തിൽ നിന്നെഴുന്നേറ്റു വരികയാണ്. സാരി ഉലഞ്ഞിരിക്കുന്നു. അഴിഞ്ഞു തുടങ്ങിയ സാരി അരയിൽ ഉറപ്പിച്ചുകൊണ്ടാണവൾ വരുന്നത്. തലമുടി കെട്ടഴിഞ്ഞ് ഉലഞ്ഞിരിക്കുന്നു. ബ്ലൗസിന്റെ ഒന്നുരണ്ടു ഹുക്കുകൾ അഴിഞ്ഞു കിടക്കുന്നു. ത്രേസ്യാമ്മ ഇതെല്ലാം ശ്രദ്ധിക്കുന്നതായി കാണിക്കണം. മറ്റുള്ളവർ ബഹളം വെക്കുന്ന തിരക്കിൽ ഭവാനിയുടെ വസ്ത്രങ്ങൾ ശ്രദ്ധിക്കുന്നില്ല.

ഭവാനി: എന്തു പറ്റീ?

ഒരു സ്ര്തീ: ഈ ചിന്നൻ തള്ള പറേണ് കേട്ടിട്ട് ഓരോരുത്തര് എറങ്ങും.........

ഭവാനി: (അപ്പോഴാണ് ത്രേസ്യാമ്മയെ കാണുന്നത്) എന്തു പറ്റീ ആന്റീ?

ഓരോരുത്തരായി ത്രേസ്യാമ്മയെ കുറ്റപ്പെടുത്തുന്നു. ഭവാനി ത്രേസ്യാമ്മയുടെ അടുത്തുവന്നു ചോദിച്ചു.

ഭവാനി: ആന്റി ഈ തള്ള പറേണതൊക്കെ വിശ്വസിച്ചുവോ?

ത്രേസ്യാമ്മ ഒന്നും പറയാതെ നിൽക്കുന്നു.

ഭവാനി: അമ്മ അല്ലെങ്കിലും കുറച്ചു കാലമായിട്ട് അങ്ങനാ. ഒരോ കാലത്ത് ഓരോരുത്തരുടെ പേര് കൂട്ടി എന്നെ കുറ്റം പറയും. ആദ്യമൊക്കെ ഒരു തുണിക്കച്ചോടക്കാരനായിരുന്നു. പിന്നെ അതു മാറി ഒരു ഡോക്ടറായി. ഇപ്പോ കൊറച്ചു ദെവസായിട്ട് ഒരു തയ്യൽക്കാരന്റെ കാര്യം പറഞ്ഞോണ്ടാ വരുന്നേ. എന്റെ നിർഭാഗ്യത്തിന് കഴിഞ്ഞ ആഴ്ച തയ്യൽക്കാരൻ തയ്ച ബ്ലൗസ് കൊണ്ടുതരാൻ വന്നിരുന്നു. നാലു പ്രാവശ്യം എന്നെ നടത്തീതാ അയാള്. ഇനി അതിനുവേണ്ടി അയാള്‌ടെ കടേല് പോവില്ലാന്ന് പറഞ്ഞതാ. അതോണ്ടാ അയാള് ഇവിടെ കൊണ്ടവന്നു തന്നത്. അമ്മ പറേണതൊക്കെ ചേട്ടൻ അറിഞ്ഞാൽ ശരിയായി. തള്ളേടെ ചിന്നൻ തൊടങ്ങീട്ട് കൊറച്ചു കാലായി. ഞാനെന്താ ചെയ്യാ?

ജനക്കൂട്ടത്തിൽ നിന്ന് അനുകമ്പയുടെയും ആർദ്രതയുടേയും ശബ്ദങ്ങൾ പൊങ്ങുന്നു. ഇപ്പോൾ എല്ലാ കണ്ണുകളും കുറ്റത്തിന്റെ മൂർച്ചയുള്ള ആയുധങ്ങളായി ത്രേസ്യാമ്മയുടെ നേർക്കു നീളുകയാണ്. അതിനു മുമ്പിൽ ചൂളുന്ന ത്രേസ്യാമ്മയുടെ മുഖം ക്ലോസപ്പിൽ കാണുന്നു.

സീൻ 10എ:

പാറുകുട്ടിയും നളിനിയും ആരും കാണാതെ അകത്തേയ്ക്കു പോകുന്നു. തിരക്കിൽ ആരും അവരെ ശ്രദ്ധിക്കുന്നില്ല.

സീൻ 10ബി:

ഭവാനിയുടെ കിടപ്പറ. പാറുകുട്ടിയും നളിനിയും പരിശോധിക്കുകയാണ്. കട്ടിലിന്റെ അടിയിലും അലമാറിയുടെ പിന്നിലും എല്ലാം അവർ നോക്കുന്നു. നിരാശരാവുന്നു. തിരിച്ച് പോകുന്നു.

സീൻ 10സി:

ഭവാനിയുടെ പൂമുഖം. ബഹളം കൂടിയിരിക്കുന്നു.

ഒരു സ്ര്തീ: ഞാൻ ഉച്ചക്ക് ഒന്ന് നടു നീർത്തീതാ. അപ്പോഴാണ് ഇങ്ങോട്ട് വലിച്ചു കൊണ്ടുവന്നത്.

ത്രേസ്യാമ്മ: എന്റീശോയേ! ഞാൻ നളിനിയേയും ദേവകിയേയും മാത്രല്ലേ വിളിച്ചൊള്ളു. മറ്റുള്ളവരെല്ലാം നടക്കാൻ പോണ മാമാങ്കം കണ്ട് രസിക്കാൻ എത്ത്യോരല്ലെ.

ഭവാനി: ആന്റിക്ക് സംശയമുണ്ടെങ്കിൽ എന്റെ മുറീല് പോയി നോക്ക്.

ഒരു സ്ര്തീ: വാടി, നമുക്ക് പോവാം.

ഓരോരുത്തരായി പോകാൻ തുടങ്ങുന്നു. ഭവാനി ത്രേസ്യാമ്മയോടു പറയുന്നു.

ഭവാനി: ആന്റി ചായകുടിച്ചിട്ടു പോവാം.

ത്രേസ്യാമ്മ: (വാടിയ മുഖത്തോടെ) വേണ്ട ഭവാനി, ചായയുടെ നേരായിട്ടില്ല. ഞങ്ങള് ഇറങ്ങട്ടെ. നീയ് ഒന്നും വിചാരിക്കരുത് കെട്ടോ.

ഭവാനി: ഏയ്, എന്താ ആന്റി അങ്ങിനെ പറേണത്?

ത്രേസ്യാമ്മയും പാറുകുട്ടിയും മറ്റും പോകാനായി തിരിയുന്നു.

കല്യാണിയമ്മ: ഞാങ്കണ്ടതാ, അയാള് ജനലീക്കൂടെ വന്നു, ജനലീക്കൂടെ പോയി.......

പോകാനായി വാതിലിനു പുറത്തേയ്ക്ക് വെച്ച കാൽ പിൻവലിച്ച് ത്രേസ്യാമ്മ ദേഷ്യത്തോടെ തിരിയുന്നു. പെട്ടെന്ന് പാറുകുട്ടി അവരെ പിടിച്ചു വലിക്കുന്നു.

പാറുകുട്ടി: അമ്മച്ചീ ഇങ്ങു വന്നേ.

അവർ പടികടന്നു പോകുന്ന ദൃശ്യം.

സീൻ 11:

ഗെയ്റ്റിനു പുറത്ത്. ത്രേസ്യാമ്മയും പാറുകുട്ടിയും തലതാഴ്ത്തി നടക്കുന്നു. ചുറ്റുമുള്ള സ്ര്തീകൾ അവരെ നോക്കി കളിയാക്കി ചിരിക്കുന്നു, അടക്കിപ്പറയുന്നു. ത്രേസ്യാമ്മ ഒരിക്കൽ മുഖമുയർത്തി നോക്കുമ്പോൾ കാണുന്നത് ഈ ദൃശ്യമാണ്. പിന്നെ അവർ മുഖമുയർത്താതെ വേഗം നടക്കുന്നു. ഇപ്പോൾ നളിനിയും ദേവകിയും ഒപ്പമില്ല. അവർ കളിപ്പിക്കുന്ന മറ്റു സ്ര്തീകളുടെ ഒപ്പമാണ്.

സീൻ 11എ:

ത്രേസ്യാമ്മയുടെ വീടിന്റെ പടി എത്താറായിരിക്കുന്നു.

ത്രേസ്യാമ്മ: പാറുകുട്ടീ, തിരിഞ്ഞ് നോക്കണ്ട, അവര് പിന്നീത്തന്നേണ്ട്.

അവർ ഗെയ്റ്റു കടന്ന് ഉള്ളിലേയ്ക്ക് പോകുന്നു.

സീൻ 12:

ജോസഫേട്ടനു ചുറ്റും കുട്ടികൾ. കുട്ടികളെ കഥ പറഞ്ഞ് വളക്കുകയാണ് ജോസഫേട്ടൻ. ത്രേസ്യാമ്മയും പാറുകുട്ടിയും വരുന്നു.

ജോസഫേട്ടൻ: പാറുകുട്ടീ, ചായയുണ്ടാക്ക്.

പാറുകുട്ടി അകത്തേയ്ക്കു പോകുന്നു. ത്രേസ്യാമ്മ ജോസഫേട്ടന്റെ അടുത്ത് വന്നിരിക്കുന്നു.

ജോസഫേട്ടൻ: (കുട്ടികളോട്) മക്കളെ ഇനി നിങ്ങള് സ്വന്തം പോയി കളിക്ക്.

കുട്ടികൾ പോകുന്നു.

ജോസഫേട്ടൻ: എന്തു പറ്റീ കൊച്ചുത്രേസ്യേ? നീ വല്ലാതിരിക്കണ്‌ണ്ടല്ലോ, വല്ല പ്രശ്നോംണ്ടായോ?

ത്രേസ്യാമ്മയുടെ മുഖം മ്ലാനമാണ്. എന്താണ് പറയേണ്ടതെന്നറിയാതെ അവർ ഇരിക്കുകയാണ്.

ജോസഫേട്ടൻ: എന്താണ്ടായത് മോളെ?

ത്രേസ്യാമ്മ: ആ ചിന്നൻ തള്ള പറഞ്ഞത് വിശ്വസിച്ച് ചെന്ന എന്നെ പറഞ്ഞാ മതി. അങ്ങിനെയൊന്നും ഇല്ല്യാന്ന് മാത്രല്ല ഞാൻ ഇക്കണ്ട പെണ്ണുങ്ങള്‌ടെ മുമ്പില് വിഡ്ഢ്യാവും ചെയ്തു.

അവർ രണ്ടുപേരും സംസാരിക്കുന്നതിന്റെ ഷോട്ട് അകന്നു പോകുന്നു.

സീൻ 12എ:

പാറുകുട്ടി രണ്ടു കപ്പിൽ ചായയുമായി വരുന്നു. ചായക്കപ്പ് വാങ്ങിക്കൊണ്ട് ജോസഫേട്ടൻ.

ജോസഫേട്ടൻ: ഞാൻ ആദ്യമേ പറഞ്ഞില്ലേ, ഇതിനൊന്നും പോകണ്ടാന്ന്.

ത്രേസ്യാമ്മ അതിശയത്തോടെ ജോസഫേട്ടനെ നോക്കുന്നു.

ത്രേസ്യാമ്മ: (പാറുകുട്ടിയോട്) കണ്ടില്ലേ പെണ്ണേ, അച്ചായൻ പറേണത്. അതിയാൻതന്നാ എന്നോട് പോയിനോക്കാൻ പറഞ്ഞത്.

ജോസഫേട്ടൻ ചിരിക്കുന്നു. പാറുകുട്ടി അകത്തേയ്ക്കു പോകുന്നു. ത്രേസ്യാമ്മ ചായ കുടിക്കുന്നു. പെട്ടെന്ന് ജോസഫേട്ടന്റെ കണ്ണട അവരുടെ കണ്ണിൽ പെടുന്നു.

ത്രേസ്യാമ്മ: നാളെത്തന്നെ പോയി എന്റെ കണ്ണ് ടെസ്റ്റ് ചെയ്ത് കണ്ണട വാങ്ങിക്കണം. കണ്ണ് വളരെ മോശായിരിക്കുണു. ജോമോൻ വരണവരെയൊന്നും കാത്തിരിക്കാൻ വയ്യ.

ജോസഫേട്ടൻ: പോവാലോ. നെന്റെ കണ്ണ് മോശാന്ന് ഞാൻ പണ്ടേ പറയാറില്ലേ കൊച്ചു ത്രേസ്യേ. എന്നെ കല്യാണം കഴിച്ചപ്പോഴേ എനിക്കറിയായിരുന്നു. നീ സമ്മതിച്ചു തരാത്തതല്ലെ. നാളെത്തന്നെ ഡോക്ടറുടെ അടുത്തു പോവാം.

ജോസഫേട്ടൻ എഴുന്നേറ്റ് പോകുന്നു. ത്രേസ്യാമ്മ ജോസഫേട്ടന്റെ കണ്ണട എടുത്ത് വെയ്ക്കുന്നു. പെട്ടെന്ന് അവരുടെ മുഖത്ത് അദ്ഭുതം. ദൂരെയുള്ള കാഴ്ചകൾ തെളിഞ്ഞ് കാണുന്നതായി കാണിക്കണം. മുറ്റത്തുള്ള പൂച്ചെടികൾ, ഒരു പൂച്ചെടിയിൽ തേൻ കുടിക്കാനെത്തിയ പാമ്പാറ്റയുടെ ചിറക്, അങ്ങിനെ ചെറിയ ചെറിയ കാഴ്ചകൾ. അവരുടെ മുഖത്ത് അദ്ഭുതവും സന്തോഷവും ഉണ്ടാവുന്നു. അവർ എഴുന്നേറ്റ് വാതിൽ കടന്ന് മുറ്റത്തേയ്ക്കിറങ്ങുന്നു.

സീൻ 13:

മുറ്റത്ത് കാഴ്ചകൾ കണ്ട് നടക്കുന്ന ത്രേസ്യാമ്മ. അവർ സ്വയം പറയുന്നു.

ത്രേസ്യാമ്മ: എന്റീശോയേ എത്ര കാലായി ഇങ്ങനൊക്കെ കണ്ടിട്ട്?

അവർ നടന്ന് വീടിനു പിൻവശത്തെത്തുന്നു. കോഴിക്കൂടിനു മുമ്പിൽ ഉറക്കം തൂങ്ങുന്ന കോഴി എഴുന്നേറ്റ് ത്രേസ്യാമ്മയെ മനസ്സിലാവാത്തപോലെ നോക്കുന്നു. അവർ ചുറ്റും നോക്കുന്നു. പെട്ടെന്ന് അവരുടെ കണ്ണുകൾ ഭവാനിയുടെ വീടിന്റെ ടെറസ്സിൽ കണ്ട കാഴ്ചയിൽ ഉടക്കി നിൽക്കുന്നു. അവിടെ ഭവാനി കുമ്പിട്ടുകൊണ്ട് ടെറസ്സിലെ മുറിയുടെ വാതിൽ ഒരു താക്കോൽ കൊണ്ട് തുറക്കുകയാണ്. തുറന്ന വാതിലിൽക്കൂടി ഒരാൾ (തുന്നക്കാരനാണെന്ന് ത്രേസ്യാമ്മയ്ക്കു മനസ്സിലാവുന്നു) പുറത്തുകടന്ന് പിന്നിലുള്ള കോണിയിറങ്ങി ഓടുന്നു. ത്രേസ്യാമ്മ തരിച്ചു നിൽക്കുന്നു. അവരുടെ മുഖത്ത് അര മണിക്കൂറിനു മുമ്പ് ഏറ്റ അപമാനത്തിന്റെ പാടുകൾ കൂടുതൽ ശക്തമായി തിരിച്ചുവരുന്നു.

സീൻ 13എ:

സാവധാനത്തിൽ ഉമ്മറപ്പടി കയറുന്ന ത്രേസ്യാമ്മയുടെ വാടിയ മുഖം. അവർ കണ്ണട ഊരി ടിവി കണ്ടുകൊണ്ടിരിക്കുന്ന ജോസഫേട്ടന് കൊടുക്കുന്നു.

ജോസഫേട്ടൻ: ആ, നീയ് കൊണ്ടുപോയിരിക്ക്യായിരുന്നു എന്റെ കണ്ണട അല്ലേ? ഞാനിവിട്യൊക്കെ തപ്പി.

ജോസഫേട്ടൻ പെട്ടെന്ന് അവരുടെ മുഖത്തെ ഭാവം കാണുന്നു.

ജോസഫേട്ടൻ: എന്തു പറ്റീ കൊച്ചു ത്രേസ്യേ?

ത്രേസ്യാമ്മ: (വ്യസനത്തോടെ) ഒന്നുംല്ല്യ. ഞാൻ നാളെ ഡോക്ടറുടെ അടുത്തേയ്ക്ക് വരുന്നില്ല. എനിക്ക് തല്ക്കാലം കണ്ണട വേണ്ട.

അവർ എഴുന്നേറ്റു പോകുന്നു. അവരെ അദ്ഭുതത്തോടെ നോക്കിയിരിക്കുന്ന ജോസഫേട്ടനിൽ ക്യാമറ.

സീൻ 14:

കിടപ്പറയിൽ കർത്താവിന്റെ ചിത്രത്തിനു മുമ്പിൽ പ്രാർത്ഥിക്കുന്ന ത്രേസ്യാമ്മ. അവരുടെ കവിളുകൾ കണ്ണീർ കൊണ്ട് നനഞ്ഞിട്ടുണ്ട്.

ത്രേസ്യാമ്മ: കർത്താവേ ഇതു കാണാനായിരുന്നോ എനിക്ക് അച്ചായന്റെ കണ്ണട ഇടാൻ തോന്നിച്ചത്?

End of Part II

End of Episode 9

ഈ തിരക്കഥയെക്കുറിച്ച്


1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com