|| Scripts

ഒരു കുടുംബപുരാണം

ഇ ഹരികുമാര്‍

അമ്മച്ചിക്കൊരു ഈസ്റ്റർ സമ്മാനം

Part I

ഈ എപ്പിസോഡിലേയ്ക്കു വേണ്ട കഥാപാത്രങ്ങൾ

ജോസഫേട്ടൻ
ത്രേസ്യാമ്മ
പാറുകുട്ടി
പാറുകുട്ടിയുടെ ഭർത്താവ്
ജോസഫേട്ടന്റെ മകൻ ജോമോൻ
സ്‌നേഹിത ജെസ്സി
മൂന്നാൻ (പൊരുത്തക്കാരൻ)
ജെസ്സിയുടെ അമ്മാവൻ
ജെസ്സിയുടെ അപ്പൻ
അവരുടെ കാർ ഡ്രൈവർ

സീൻ 1:

ജോസഫേട്ടന്റെ വീട്ടിന്റെ ഉമ്മറം. പാറുകുട്ടി നല്ലൊരു സാരിയിലാണ്. കഴുത്തിൽ താലിമാല കാണാനുണ്ട്. ഒപ്പം ഭർത്താവുമുണ്ട്. അവർ ജോസഫേട്ടനേയും ത്രേസ്യാമ്മയെയും സന്ദർശിച്ചു മടങ്ങാനുള്ള ഒരുക്കത്തിലാണ്. ത്രേസ്യാമ്മയുടെ മുഖത്ത് സന്തോഷമുണ്ട് ഒപ്പംതന്നെ പാറുകുട്ടിയെ വിട്ടുപിരിയുകയാണെന്ന വിഷമവും.

പാറുകുട്ടി: അമ്മച്ചീ ഇനി ഞങ്ങളെറങ്ങട്ടെ.

ത്രേസ്യാമ്മ: പോണ്ടാന്ന് പറയാൻ പറ്റ്വോ മോളെ. നീയ് പോയേപ്പിന്നെ എനിക്ക് ഒരു സുഖുംണ്ടായിട്ടില്ല. എന്തെങ്കിലും വെഷമം തോന്നുമ്പോ നെന്നോടല്ലെ പറയാറ്. നെന്നോട് പറയാൻ വേണ്ടി തിരിഞ്ഞുനോക്കും. അപ്പഴാ നീയിവിടെ ഇല്ല്യാന്ന് ഓർമ്മ വര്വാ. വല്ലാതെ സങ്കടാവും.

പാറുകുട്ടിയ്ക്ക് സങ്കടമാകുന്നു.

പാറുകുട്ടി: സാരല്യ അമ്മച്ചീ. ഞങ്ങള് എടക്ക് വരാം. മരട്ടീന്ന് വരാൻ വല്യ ദൂരൊന്നുംല്ല്യല്ലൊ.

ജോസഫേട്ടൻ: നീ പോയേപ്പിന്നെ ഇവിടെ വായില് വെയ്ക്കാൻ പറ്റണതൊന്നും ണ്ടാക്കാറില്ല.

ത്രേസ്യാമ്മ: പിന്നേയ്, നീ കേട്ടോ പറേണത്. ഇന്നലെ നെയ്മീൻ വറ്ത്ത് കൊടുത്തപ്പൊ എന്താ പറഞ്ഞത്ന്നറിയ്യോ? ഇത്‌പോലത്തെ മീൻ വറത്തത് ഇതുവരെ തിന്നിട്ടില്ലാന്നാ.

ജോസഫേട്ടൻ: അത് തന്നാ ഞാൻ പറേണത്.

(ജോസഫേട്ടൻ പറയുന്നതിലെ വ്യഗ്യം മനസ്സിലാവാതെ ത്രേസ്യാമ്മ ഒരു നിമിഷം പകച്ചു നിൽക്കുന്നു.

പാറുകുട്ടി: ശരി അമ്മച്ചി, ഞങ്ങള് എറങ്ങട്ടെ. (അവൾ വന്ന് ത്രേസ്യാമ്മയുടെയും ജോസഫേട്ടന്റെയും കാൽ തൊട്ട് വന്ദിക്കുന്നു. ത്രേസ്യാമ്മയുടെ കാൽ തൊട്ട് വന്ദിക്കുമ്പോൾ അവർ അവളെ കെട്ടിപ്പിടിക്കുന്നു.

പാറുകുട്ടിയുടെ ഭർത്താവ്: ശരി, ഞങ്ങളിനീം വരാം. (ഇറങ്ങുന്നു.) fade out.

സീൻ 2:

ത്രേസ്യാമ്മ അടുക്കളയിൽ പച്ചക്കറി നുറുക്കുകയാണ്. പാറുകുട്ടി പോയതിനു ശേഷം അവർ ഏകയായിരിക്കുന്നു എന്നു കാണിക്കാനുതകുന്ന ഷോട്ടുകളായിരിക്കണം. ജോസഫേട്ടൻ അടുക്കളയ്‌ലേയ്ക്ക് കടക്കുന്നു.

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ, ഇതാ ജോമോന്റെ കത്ത്ണ്ട്. (കത്തുയർത്തിക്കാണിക്കുന്നു.)

ത്രേസ്യാമ്മ: (സന്തോഷത്തോടെ) അത്യോ? എന്തൊക്ക്യാണ് വിശേഷം?

ജോസഫേട്ടൻ: വിശേഷംണ്ടല്ലൊ. അവൻ ഈസ്റ്ററിന്റെ തലേന്ന് എത്തും. ഈസ്റ്ററ് അമ്മച്ചീടേം അപ്പന്റീം ഒപ്പം വേണത്രെ.

(ത്രേസ്യാമ്മ സന്തോഷത്തോടെ സിങ്കിൽ പോയി കൈ കഴുകി ചട്ടയിൽ തുടച്ച് കൈനീട്ടിക്കൊണ്ട് വരുന്നു.)

ജോസഫേട്ടൻ കത്ത് കൊടുക്കുന്നു. ത്രേസ്യാമ്മ ധൃതിയിൽ കത്തെടുത്ത് വായിക്കാൻ ശ്രമിക്കുന്നു.

ത്രേസ്യാമ്മ: അവൻ എത്ര ചെറ്തായിട്ടാ എഴ്തീരിക്കണത്. ഇതൊന്ന് വായിച്ചു തരൂ.

ജോസഫേട്ടൻ: അക്ഷരം ചെറുതായിട്ടല്ല കൊച്ചുത്രേസ്യേ. നെന്റെ കണ്ണ് മോശായിട്ടാ. ഞാനെപ്പഴും പറയാറില്ലേ കണ്ണട വെക്കാൻ. നീ തന്ന്യാ പറയാറ് അതിന്റെ ആവശ്യംല്ല്യാന്ന്.

ത്രേസ്യാമ്മ: (കുറച്ചു ദേഷ്യത്തോടെ) നിങ്ങളതൊന്ന് വായിക്ക്ണ്‌ണ്ടോ?

ജോസഫേട്ടൻ: വായിക്കാനൊന്നുംല്ല്യ. അവൻ ഈസ്റ്ററിനെത്തും. പിന്നെ കല്യാണം വേണം.

ത്രേസ്യാമ്മ: കല്യാണോ? അവന്‌ണ്ടോ അത്രയൊക്കെ പ്രായായിരിക്കുണു?

ജേസഫേട്ടൻ: എന്തേ ഇരുപത്താറ് തെകഞ്ഞില്ലേ?

ത്രേസ്യാമ്മ: കർത്താവേ, എന്റെ മോൻ വലുതായിരിക്കുണു.

ജോസഫേട്ടൻ: അവന്റെ ഒരു ഫ്രണ്ടും ഒപ്പം വരുന്നുണ്ടത്രെ. ഒപ്പം ജോലിയെടുക്കുന്ന ആളാണ്.

ത്രേസ്യാമ്മയുടെ മുഖം മങ്ങുന്നുണ്ട്.

ത്രേസ്യാമ്മ: അയാള് എന്തിനാണ് വരണത്? (എന്തോ ആലോചിച്ചുകൊണ്ട്) ഇനി അയാള് നമ്മടെ വീട്ടിലായിരിക്ക്യോ താമസിക്ക്യാ?'

ജോസഫേട്ടൻ: അല്ലാതെ എവിടെ താമസിക്കാനാ, ഹോട്ടലിലോ?

ത്രേസ്യാമ്മ: അതേ, അയാക്ക് ഹോട്ടലീല് താമസിച്ചൂടെ?

ജോസഫേട്ടൻ: അവൻ അവന്റെ സ്‌നേഹിതനെ കൊണ്ടരുമ്പോ അമ്മച്ചീടെ പാചകൊക്കെ വർണ്ണിച്ചിട്ടുണ്ടാവും. ഇവിടെ വന്ന് ഭക്ഷണം കഴിച്ചുനോക്കിയാലല്ലെ മനസ്സിലാവൂ. ഇതുവരെയൊക്കെ ചെയ്തിരുന്നത് പാറുകുട്ടിയായതു കൊണ്ട് കുഴപ്പമില്ലായിരുന്നു. ഇപ്പോ അതല്ലല്ലോ സ്ഥിതി.

ത്രേസ്യാമ്മ: എന്റെ പാചകത്തിന് എന്താ ഒരു ദൂഷ്യം?

ജോസഫേട്ടൻ: ദൂഷ്യണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ കൊച്ചുത്രേസ്യേ. കഴിച്ചുനോക്ക്യാലല്ലെ മനസ്സിലാവൂന്ന് പറഞ്ഞതാ.

(ജോസഫേട്ടൻ പറഞ്ഞതിൽ എന്തെങ്കിലും അപാകതയുണ്ടോ എന്ന് ത്രേസ്യാമ്മ കുറച്ചുനേരം ആലോചിച്ചു നോക്കുന്നു. ഒന്നും കാണുന്നില്ല. അവർ പച്ചക്കറി അരിയാൻ തുടങ്ങുന്നു.)

ജോസഫേട്ടൻ: നീയെനിക്ക് ഒരു ചായ താ. ഞാൻ ജോമോന് ഇന്ന് തന്നെ കത്തയക്കട്ടെ. (പോകുന്നു.)

സീൻ 2എ:

ജോസഫേട്ടൻ ഉമ്മറത്ത് കസേലയിലിരുന്ന് പത്രം വായിക്കുകയാണ്. മുറ്റത്ത് നിന്നൊരാൾ വിളിക്കുന്നതു കേട്ടു തലയുയർത്തുന്നു.

മുറ്റത്തു നിൽക്കുന്നത് മെലിഞ്ഞ ഒരു മനുഷ്യനാണ്. അമ്പത്തഞ്ചിനും അറുപതിനുമിടയിൽ പ്രായം. കയ്യിൽ ഒരു പൗഷുണ്ട്.

ജോസഫേട്ടൻ: എന്തേ?

അയാൾ: ഞാനേയ് ഒരു കാര്യം പറയാൻ വന്നതാ.

ജോസഫേട്ടൻ: കേറി ഇരിക്കാം.

അയാൾ ചെരിപ്പ് ഊരിവെച്ച് ഉമ്മറത്തേയ്ക്കു കടക്കുന്നു. ജോസഫേട്ടൻ എതിർവശത്തിട്ട കസേല ചൂണ്ടിക്കാട്ടുന്നു. അയാൾ ഇരുന്ന് പൗഷ് മടിയിൽ വെക്കുന്നു.

ജോസഫേട്ടൻ: എന്താ കാര്യം?

അയാൾ: ഞാനൊരാലോചനീംകൊണ്ട് വന്നതാ?

ജോസഫേട്ടൻ: ആലോചന്യോ?

മൂന്നാൻ: അതെ, സാറിന്റെ മോൻ ഇല്ല്യേ ദൂബായില്. ഈ മാസം വര്വല്ലെ? ഞാൻ നല്ലൊരാലോചനീം കൊണ്ടാ വന്നിരിക്കണത്. ഇത് വിടണ്ട.

ജോസഫേട്ടൻ: ഞാനാരോടും ആവശ്യപ്പെട്ടിട്ടില്ലല്ലൊ ആലോചിക്കാൻ.

മൂന്നാൻ: ഇതിന്‌പ്പൊ ആരെങ്കിലും ആവശ്യപ്പെടണോ? നല്ലോരു ചെറുപ്പക്കാരൻ. നല്ല സ്ഥിതിയാണ്. അപ്പന്റേം അമ്മേടേം ചുറ്റുപാടുകളൊക്കെ നല്ലതാണ്. അപ്പൊ ആലോചനകള് വരില്ല്യേ?

(ക്യാമറ ക്രമേണ സൂം ഔട്ട് ചെയ്ത് പോകുന്നു. അവർ സംസാരിക്കുന്നത് കാണാമെന്നല്ലാതെ കേൾക്കാൻ കഴിയുന്നില്ല.) fade out.

സീൻ 2ബി:

ത്രേസ്യാമ്മ അടുക്കളയിൽ ചായയുണ്ടാക്കുകയാണ്. അടുപ്പത്ത് പിട്ടിന്റെ കുറ്റിയിൽനിന്ന് ആവി വരുന്നുണ്ട്.

ത്രേസ്യാമ്മ (അകത്തേയ്ക്കു നോക്കിക്കൊണ്ട് സ്വയം പറയുന്നു): ഇന്നെന്താ ജോസഫേട്ടന് വെശപ്പൊന്നുംല്യേ ആവോ. കാണാൻല്യ? (പെട്ടെന്ന് ആരോ സംസാരിക്കുന്ന ശബ്ദം കേട്ടപോലെ അവർ തലയുയർത്തി നോക്കുന്നു. പിന്നെ കൈ ഒരു ടവ്വലിൽ തുടച്ച് പുറത്തേയ്ക്കു പോകുന്നു.)

സീൻ 2സി:

ഉമ്മറത്ത് നേരത്തെ കണ്ട രംഗം തന്നെ. ത്രേസ്യാമ്മ പ്രവേശിക്കുന്നു.

ത്രേസ്യാമ്മ: ഇന്നെന്താ ഒന്നും കഴിക്കണ്ടെ?

ജോസഫേട്ടൻ തിരിഞ്ഞുനോക്കുന്നു.

ജോസഫേട്ടൻ: കൊച്ചു ത്രേസ്യേ, ജോമോൻ വരണ കാര്യം നീ റേഡിയോവിലോ ടീവീലോ പരസ്യം കൊടുത്തത്?

ത്രേസ്യാമ്മ: (അദ്ഭുതത്തോടെ) ഞാൻ പരസ്യൊന്നും കൊടുത്തിട്ടില്ലല്ലോ?

ജോസഫേട്ടൻ: പിന്നെങ്ങനാ അവൻ വരണ കാര്യത്തിന് ഇത്ര പരസ്യം കിട്ടീത്?

ത്രേസ്യാമ്മ: അത്, ഞാനേയ്, ഈ കോളനീലെ പിള്ളാരോട് പറഞ്ഞൂ.

ജോസഫേട്ടൻ: പോരെ, ഇനിയെന്തിനാ ടീവീലൊക്കെ പരസ്യം ചെയ്യണത്. ഇതാ അന്വേഷിച്ച് മൂന്നാൻ എത്തിയിരിക്കുന്നു.

ത്രേസ്യാമ്മ അപ്പോഴാണ് ജോസഫേട്ടനു മുമ്പിൽ ഇരിക്കുന്ന മനുഷ്യനെ കാണുന്നത്.

ജോസഫേട്ടൻ: നല്ല ആലോചന്യാ കൊച്ചുത്രേസ്യേ. ആറേക്കർ റബ്ബർതോട്ടംണ്ട്, ടൌണീത്തന്നെ എട്ട് കെട്ടിടങ്ങളുണ്ട്, പിന്നെ കണ്ടമാനം സ്വത്തുക്കള് വേറേംണ്ട്. ഈ ആറേക്കർ റബ്ബർതോട്ടും, എട്ട് കെട്ടിടത്തില് മൂന്ന് നെലള്ള നാല് കെട്ടിടവും ജോമോന്റെ ഭാര്യടെ പേരില് എഴുതിത്തരും. പിന്നെ അഞ്ചുലക്ഷം വേറീം തരും. ഒരുമാതിരി കഴിയാനുള്ള വകയായില്ലേ?

മൂന്നാൻ: (ഉത്സാഹത്തോടെ തലയാട്ടുന്നു) അതെയതെ.

ജോസഫേട്ടൻ: ഇതൊക്കെ മേടിച്ചുവെച്ചാൽ പെണ്ണിനെ വീട്ടില് കൊണ്ടുവരണംന്ന് നിർബ്ബന്ധവുംണ്ടാവില്ല അല്ലെ?

മൂന്നാൻ തലയാട്ടുന്നു. പെട്ടെന്ന് ജോസഫേട്ടൻ പറഞ്ഞതിന്റെ അർത്ഥം സംശയം തോന്നി ചോദിക്കുന്നു.

മൂന്നാൻ: ചേട്ടൻ എന്താ പറഞ്ഞത്?

ജോസഫേട്ടൻ: അല്ല, ഇതൊക്കെ കിട്ടിയാൽ പിന്നെ പെണ്ണിന്റെ ആവശ്യം എന്താണ്ന്ന് ചോദിച്ചതാ.

പകച്ചു നിൽക്കുന്ന മൂന്നാൻ. ജോസഫേട്ടൻ എഴുന്നേൽക്കുന്നു. ഒപ്പം തന്നെ മൂന്നാനും. fade out.

സീൻ 2ഡി:

ഊൺമേശക്കിരുവശത്തുമിരുന്ന് ജോസഫേട്ടനും ത്രേസ്യാമ്മയും പ്രാതൽ കഴിക്കുന്നു.

ജോസഫേട്ടൻ: രാവിലെത്തന്നെ ഓരോന്ന് കടന്നു വരും......

ത്രേസ്യാമ്മ: നിങ്ങളെന്തിനാണ് അവരോടൊക്കെ ഇങ്ങനെ കയർക്കണത്? നിങ്ങക്കെന്താ അവരോട് ദേഷ്യം. അതവര്‌ടെ തൊഴിലല്ലേ?

ജോസഫേട്ടൻ: ഒരു മൂന്നാൻ കാരണാണ് ഇരുപത്തെട്ടു കൊല്ലം ഞാൻ കഷ്ടപ്പെടേണ്ടി വന്നത്. അതറിയ്വോ നെനക്ക്?

ത്രേസ്യാമ്മയ്ക്ക് അതിന്റെ പൊരുൾ മനസ്സിലാവുന്നില്ല. അവർ സംശയത്തോടെ ജോസഫേട്ടനെ നോക്കുന്നു.

ത്രേസ്യാമ്മ: എന്തേ, വല്ല മൂന്നാനും നിങ്ങളെ പറ്റിച്ചു പോയ്യോ?

ജോസഫേട്ടൻ: അതല്ലെ ഇപ്പ പറഞ്ഞത്, മൂന്നാൻ കാരണം 28 കൊല്ലം കഷ്ടപ്പെട്ടൂന്ന്.

ത്രേസ്യാമ്മയ്ക്ക് മനസ്സിലാവുന്നില്ല.

ത്രേസ്യാമ്മ: ഈ മൂന്നാനൊക്കെ വരുമ്പഴാ നമ്മടെ വീട്ടില് കല്യാണം വരാൻ പോണുണ്ട്ന്ന് തോന്നാ. കല്യാണംന്ന് പറഞ്ഞാ അതൊക്കെല്ല്യെ?

ജോസഫേട്ടൻ: നമുക്ക് നേരിട്ട് എവിടെനിന്നെങ്കിലും ആലോചിക്കാം. പോരാത്തതിന് ജോമോൻ എഴുതിയിട്ടുംണ്ട്, അവൻ വന്ന ശേഷം തുടങ്ങിയാ മതി ആലോചനാന്ന്. നമ്മള് വിചാരിക്കണതാവില്ല അവനു താല്പര്യം.

ത്രേസ്യാമ്മ: നമ്ക്ക് നമ്മടെ വഴിക്കും ആലോചിക്കാം. ആലോചിക്കണതില് എന്താ തരക്കേട്? fade out.

സീൻ 3:

ഞായറാഴ്ച ഉച്ച തിരിഞ്ഞ നേരം. ജോസഫേട്ടൻ പുറത്തു പോയിരിക്കയാണ്. ത്രേസ്യാമ്മ അടുക്കളയെല്ലാം വൃത്തിയാക്കി നടു നിവർത്താനുള്ള പുറപ്പാടാണ്. പെട്ടെന്ന് വാതിൽക്കൽ ബെല്ലടിക്കുന്ന ശബ്ദം കേൾക്കുന്നു.

സീൻ 3എ:

ത്രേസ്യാമ്മ വാതിൽ തുറക്കുന്നു. മുറ്റത്ത് ഒരാൾ നിൽക്കുന്നുണ്ട്. പത്തറുപതു വയസ്സു പ്രായമായിട്ടുണ്ടാകും അയാൾക്ക്. നരയും കഷണ്ടിയും കയറിയ തല.

ത്രേസ്യാമ്മ മാറിനിന്ന് അയാൾക്ക് അകത്തു കയറാൻ വഴി കൊടുക്കുന്നു. അയാൾ അകത്തു കയറിയിരുന്ന് കയ്യിലുള്ള തുകൽസഞ്ചി അടുത്തുള്ള ടീപോയിമേൽ വെച്ചു, അതിന്മേൽ സ്‌നേഹത്തോടെ തൊട്ടുതലോടുന്നു.

അയാൾ: ഞാനൊരു ആലോചനയുംകൊണ്ട് വന്നതാണ്.

ത്രേസ്യാമ്മ: എനിക്കു മനസ്സിലായി.

അയാൾ: എങ്ങിനെ മനസ്സിലായി? കത്തുണ്ടായിരുന്നോ?

ത്രേസ്യാമ്മ: അല്ലാ, ഇന്ന് രാവിലെത്തൊട്ട് വരുന്ന മൂന്നാമത്തെ മൂന്നാനാണ് നിങ്ങള്. ജോമോന്റെ കത്തു കിട്ടിയശേഷം ആലോചനകള് കൊറച്ചൊന്ന്വൊല്ല വരണത്.

വന്ന ആൾ: (ചിരിക്കുന്നു.) മൂന്നാമത്തെ മൂന്നാൻ ! ആ പ്രയോഗം എനിക്കിഷ്ടായി. ങാ, നല്ല പയ്യനല്ലെ? എഞ്ചിനീയറാണ്, ഗൾഫില് നല്ല ജോലീം. അപ്പോപ്പിന്നെ ആലോചനകള് വരാണ്ടിരിക്ക്വോ?

ത്രേസ്യാമ്മ: ജോസഫേട്ടൻ പൊറത്തു പോയിരിക്ക്യാണ്. വിവരങ്ങളൊക്കെ തന്ന് പൊയ്‌ക്കോളു. ഞങ്ങള് അറിയിക്കാം, താല്പര്യണ്ടെങ്കില്. ഒന്നുരണ്ട് ആലോചനകള് കാര്യായിട്ട്തന്നെണ്ട്. അതിലൊന്ന് മിക്കവാറും ഒറപ്പിക്കും.

വന്ന ആൾ: അപ്പോ ഞാൻ വൈകിയോ വരാൻ?

അയാൾ (സഞ്ചിതുറന്ന് ഒരു ഫോട്ടോ എടുത്തു ത്രേസ്യാമ്മയുടെ കൈയിൽ കൊടുക്കുന്നു): ഇതാണ് കുട്ടി.

ത്രേസ്യാമ്മ വാങ്ങി നോക്കുന്നു. മുഴുവൻ വ്യക്തമായി കാണുന്നില്ലെന്ന തോന്നലുണ്ടാക്കണം.

ത്രേസ്യാമ്മ: അപ്പോ എവിട്യാണ് പെണ്ണിന്റെ വീട്?

വന്ന ആൾ: തിരുവല്ലായിലാണ്.

ത്രേസ്യാമ്മ (കുറച്ചുറക്കെ): തിരുവല്ലായിലോ? ഇത്ര ദൂരത്തൊന്നും പോകാൻ താല്പര്യല്ല്യ. ഞാനിവിടെ അടുത്തെങ്ങാനുമാണെന്നു കരുതിയാ സംസാരിച്ചത്.

വന്ന ആൾ: സാരംല്ല്യ. ഞാൻ വിവരങ്ങളൊക്കെ ഒരു കടലാസിൽ എഴുതിത്തരാം. ചേട്ടൻ വരുമ്പോൾ കൊടുക്കൂ. താല്പര്യംണ്ടാവുംന്ന് തന്ന്യാ എനിക്കു തോന്നണത്. ദൂരൊക്കെ ഇക്കാലത്ത് ഒരു പ്രശ്‌നാണോ?

അയാൾ പൗഷിൽനിന്ന് കടലാസും പെന്നുമെടുത്ത് വിവരങ്ങളൊക്കെ കുറിച്ച് ത്രേസ്യാമ്മയ്ക്കു കൊടുക്കുന്നു.

വന്ന ആൾ: എന്നാൽ ഞാനിറങ്ങട്ടെ. ഞാനിനിയും വരും.

അയാൾ ചിരിച്ചു കൊണ്ട് കൈ കൂപ്പുന്നു, പിന്നെ ഒതുക്കുകല്ലിൽ വെച്ച ചെരുപ്പിട്ട് നടന്നു പോകുന്നു. ത്രേസ്യാമ്മ അയാൾ നടന്നു പോകുന്നത് നോക്കിനിൽക്കുന്നു.

ത്രേസ്യാമ്മ: (സ്വയം പറയുന്നു.) അയ്യോ, ഞാനയാക്ക് ഒരു ഗ്ലാസ്സ് വെള്ളം വേണോന്ന്കൂടി ചോദിച്ചില്ല. പാവം വെയിലത്ത് നടന്ന് വന്നതാ. അത്‌പോലെ വണ്ടിക്കാശ് എന്തെങ്കിലും കൊടുക്കായിരുന്നു. പാവം, അല്ലെ പാറുകുട്ടീ?

പെട്ടെന്ന് തിരിഞ്ഞുനോക്കുന്നു. പാറുകുട്ടിയില്ലെന്ന് മനസ്സിലാവുന്നു. മനസ്സിടിയുന്നു. അവർ ഫോട്ടോവും കുറിപ്പുംകൊണ്ട് അകത്തേയ്ക്കു നടക്കുന്നു.

സീൻ 3ബി:

അകത്ത് മേശവലിപ്പ് തുറക്കുന്ന ത്രേസ്യാമ്മ. ഒപ്പം സംസാരിക്കുന്നുമുണ്ട്.

ത്രേസ്യാമ്മ: ഇത് ജോസഫേട്ടനെ കാണിക്കാതിരിക്ക്യാ ഭേദം. ഇങ്ങനത്തെ വല്ലതും കിട്ട്യാൽ പിന്നെ അതിന്റെ പിന്നാലെ പോവും. തിരുവല്ലായിൽ നിന്നേയ്. ഇവിടട്ത്തുള്ള വല്ല ആലോചനീം ആണെങ്കിൽ ഒരു താൽപര്യും കാണിക്കുംല്ല്യ. വകതിരിവില്ലാത്ത സ്വഭാവാ.......

അവർ ഫോട്ടോവും കത്തും മേശവലിപ്പിലിട്ട് പൂട്ടുന്നു.

സീൻ 4:

രാത്രി 9 മണിയായിരിക്കുന്നു. ത്രേസ്യാമ്മ ടിവിയുടെ മുമ്പിലിരിക്കയാണ്. പുറത്ത് ഒരു കാറിന്റെ വാതിലടഞ്ഞ ശബ്ദം കേട്ടപ്പോൾ അവർ ചാടി എഴുന്നേൽക്കുന്നു.

സീൻ 4എ:

ത്രേസ്യാമ്മ ഉമ്മറത്തെ വാതിൽ തുറന്നു നോക്കുന്നു. ഗെയ്റ്റിനു പുറത്ത് ഒരു ടാക്‌സിയിൽ നിന്ന് ജോമോൻ രണ്ടു സൂട്ട്‌കേസുകളിറക്കി ഓരോന്നായി കൊണ്ടുവരുന്നു.. ആദ്യത്തെ സൂട്ട്‌കേസ് ഉമ്മറത്ത് വെയ്ക്കുമ്പോൾ ത്രേസ്യാമ്മ ഗെയ്റ്റിലേയ്ക്കു നോക്കുകയാണ്.

ത്രേസ്യാമ്മ: (ആശ്വാസത്തോടെ) അപ്പ നെന്റെ ഫ്രണ്ട് വന്നില്ലാ അല്ലെ?

ജോമോൻ: ണ്ടമ്മച്ചീ. കാറില്ണ്ട്. രണ്ട് സൂട്ട്‌കേസുകള്കൂടിണ്ട്. ഞാനിപ്പൊ എടുത്തിട്ട് വരാം.

ത്രേസ്യാമ്മ ജോമോൻ കൊണ്ടുവന്നു വെച്ച സൂട്ട് കേസ് ഒരരുകിലേയ്ക്ക് നീക്കി വെയ്ക്കുന്നു. ജോമോൻ അടുത്ത സൂട്ട്‌കേസുമായി വരുന്നു. പിന്നാലെ കുറച്ചു ബാഗുകളുമായി ഒരു പെൺകുട്ടിയുമുണ്ട്. ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് വയസ്സു പ്രായം, സുന്ദരിയാണ്. സൽവാർ കമ്മീസാണ് വേഷം.

ത്രേസ്യാമ്മ പകച്ചു നോക്കിനിൽക്കുന്നു. ജോമോൻ അപ്പോഴേയ്ക്കും മൂന്നാമത്തെ സൂട്ട്‌കേസും കൊണ്ടുവരുന്നു, അന്തം വിട്ട് നോക്കി നിൽക്കുന്ന ത്രേസ്യാമ്മയോട് പറയുന്നു.

ജോമോൻ: അമ്മച്ചീ, എന്റെ ഫ്രണ്ട് !

End Of Part I

Episode 13

Part II

സീൻ 4ബി:

ജോമോൻ: അമ്മച്ചീ, എന്റെ ഫ്രണ്ട് !

ത്രേസ്യാമ്മ: അപ്പോ നെന്റെകൂടെ ഒരു ഫ്രണ്ടുണ്ടാവുംന്നല്ലെ എഴുതിയിര്ന്നത്?

ജോമോൻ: അതെ അമ്മച്ചീ, ഇത് എന്റെ ഫ്രണ്ടാണ്. അല്ലെ ജെസ്സീ?

അവൾ ചിരിച്ചുകൊണ്ട് തല കുലുക്കുന്നു. അപ്പോഴും പുറത്തു നിൽക്കുക തന്നെയാണ്. ജോസഫേട്ടൻ വരുന്നു.

ജോസഫേട്ടൻ: നീയാ കൊച്ചിനെ അകത്തേയ്ക്ക് വിളിക്ക് കൊച്ചുത്രേസ്യേ.

ത്രേസ്യാമ്മ ഒന്നും പറയുന്നില്ല. ജെസ്സി അകത്തു കടക്കുന്നു. എല്ലാവരും തളത്തിലേയ്ക്ക് നടക്കുന്നു.

സീൻ 4ബി:

ജോസഫേട്ടൻ: (നടന്നുകൊണ്ട്) നീ നാളെ വരുംന്നല്ലെ എഴുതിയത്?

ജോമോൻ: ഞങ്ങള് ശരിക്കു പറഞ്ഞാൽ ഇന്നലെ രാത്രി ബോംബേയിലെത്തി. ജെസ്സിക്ക് കുറച്ചു ഷോപ്പിങ്ങുണ്ടായിരുന്നു. ഇന്നുച്ചക്കുണ്ടായിരുന്ന ഫ്‌ളൈറ്റ് വൈകി.

ത്രേസ്യാമ്മ: അപ്പൊ നിങ്ങള് ഇന്നലെ രാത്രി ബോംബെയിലെത്ത്യോ?

ജോമോൻ: അതെ അമ്മച്ചീ.

ത്രേസ്യാമ്മ: (ആകെ പ്രശ്‌നമായി എന്ന് മുഖത്തുനിന്ന് മനസ്സിലാവണം) നിങ്ങള് ബോംബെയില് എവിടാ താമസിച്ചത്?

ത്രേസ്യാമ്മ: നീയെന്താടാ ഞങ്ങളോടൊന്നും പറയാതിരുന്നത്?

ജോമോൻ: സെന്റോർ ഹോട്ടലിലാ അമ്മച്ചീ. എയർലൈൻസ് ഏർപ്പാടു ചെയ്യണതാ.

ത്രേസ്യാമ്മ: ഒരേ ഹോട്ടലിലാ?

ജോമോൻ: അതേ....?

ത്രേസ്യാമ്മയുടെ മുഖത്ത് വിഷമം വർദ്ധിക്കുന്നുണ്ട്. തളത്തിൽ സോഫയിലിരുന്നുകൊണ്ട് ജോസഫേട്ടൻ മകനോട് സംസാരിക്കുകയാണ്. ജെസ്സിയുടെ വീട്ടുകാര്യങ്ങളാണെന്ന് കാണിക്കണം. സംഭാഷണം മുഴുവനും വ്യക്തമാവണമെന്നില്ല.

ത്രേസ്യാമ്മ: അപ്പൊ നീയെന്താടാ ഞങ്ങളോടൊന്നും പറയാതിരുന്നത്?

ജോമോൻ: എന്ത്... അമ്മച്ചീ?

ത്രേസ്യാമ്മ: നെനക്ക് ഇങ്ങനെ ഒരു പ്രേമംണ്ട്ന്ന്.

ജോമോൻ: അതിന് എനിക്കു പ്രേമൊന്നുംല്ല്യല്ലൊ, അമ്മച്ചീ.

ത്രേസ്യാമ്മ: അപ്പോ ഈ പെൺകൊച്ചൊ?

ജോമോൻ: അതെന്റെ ഫ്രണ്ടാമ്മച്ചീ. (അവൻ തിരിഞ്ഞ് ജെസ്സിയോട് ചോദിക്കുന്നു.) ജെസ്സിക്കെന്നോട് പ്രേമണ്ടോ?

ജെസ്സി ഇല്ലെന്നു തലയാട്ടുന്നു.

ജോമോൻ: ഞങ്ങൾ ഒപ്പം ഒരേ ഡിപ്പാർട്ട്‌മെന്റിൽ ജോലിയെടുക്കുന്നു. രണ്ടുപേർക്കും കല്യാണം വേണം. അപ്പോ ഇങ്ങിനെയായിക്കൂടെ എന്ന് തോന്നി.

ത്രേസ്യാമ്മയ്ക്ക് കുറച്ചു സമാധാനമാവുന്നു. സ്വയം പറയുന്നു. പ്രേമൊന്നും ഇല്ല്യാണ്ടിരിക്ക്യന്നാ നല്ലത്. അതൊക്കെ കല്യാണം കഴിച്ചിട്ടു മതി.

സീൻ 5:

ഭക്ഷണം കഴിഞ്ഞ് ഉറങ്ങാനുള്ള ഒരുക്കങ്ങളാണ്.

ത്രേസ്യാമ്മ: (ജോസഫേട്ടനോട്). നോക്കു, നിങ്ങള് എവിട്യാ കെടക്കണത്. നമ്മടെ മുറീല് ഞാനും ജെസ്സീം കൂടി കെടക്കാം. ജോമോൻ അവന്റെ മുറീല് കെടക്കട്ടെ.

ജോസഫേട്ടൻ: ഞാനിവിടെ ഈ ദിവാന്മ്മല് കെടക്കാം. എന്റെ ഉച്ചയൊറക്കത്തിന്റെ സ്ഥാനം. സുഖാണിവിടെ.

എന്റെ പൊതപ്പും ഒരു കൂജേല് വെള്ളും കൊണ്ടന്ന് വെച്ചാ മതി.

ത്രേസ്യാമ്മ അടുക്കളയിൽ പോയി രണ്ടു ജഗ്ഗിൽ വെള്ളവുമായി വരുന്നു. ഒന്ന് ദീവാന്റെ തലയ്ക്കലുള്ള ഉയരം കുറഞ്ഞ മേശമേൽ വയ്ക്കുന്നു. കിടപ്പറയിൽ പോയി പുതപ്പുമായി വരുന്നു. അതിനിടയിൽ ജെസ്സി അകത്തേയ്ക്കു കടക്കുന്നു.

സീൻ 5എ:

ജോമോന്റെ കിടപ്പറ. കിടയ്ക്ക വിരി ചുളിവില്ലാതെ വിരിച്ചിരിക്കുന്നു. ജോമോൻ ഒരു ലുങ്കി മാത്രമുടുത്ത് നിൽക്കുന്നു. ജെസ്സി വരുമ്പോൾ അയാൾ കിടക്ക ചൂണ്ടിക്കൊണ്ട് ആംഗ്യത്തിൽ എന്തോ ചോദിക്കുന്നു. ജെസ്സി ഭയം നടിച്ച്. തിരിഞ്ഞു നോക്കുന്നു. പിന്നെ എന്നർത്ഥത്തിൽ ആംഗ്യം കാണിക്കുന്നു.

ത്രേസ്യാമ്മ: ജെസ്സീ, നീയെവിട്യാണ്.

ജെസ്സി: ആന്റീ, ഞാനിതാ വന്നു.

ജോമോൻ തലയിൽ കൈ വെയ്ക്കുന്നു.

സീൻ 5ബി:

ത്രേസ്യാമ്മയുടെ കിടപ്പറയിൽ. ചുവരിൽ മങ്ങിയ വെളിച്ചം മാത്രം.

ത്രേസ്യാമ്മ:ജെസ്സീ, നീ കിടന്നോ, ഞാനൊന്ന് പ്രാർത്ഥിച്ചിട്ടു വരാം.

ജെസ്സി കിടക്കുന്നു. ത്രേസ്യാമ്മ നിലത്തു കർത്താവിന്റെ ആൾരൂപത്തിനു മുമ്പിൽ മുട്ടുകുത്തിയിരുന്നു പ്രാർത്ഥിക്കാൻ തുടങ്ങുന്നു. മറുവശത്തുള്ള ചുവരിലെ ക്ലോക്കിൽ സമയം പത്തരയാവുന്നേയുള്ളു.

പ്രാർത്ഥന തുടരുന്നു. ക്രമേണ ശബ്ദം കൂടുന്നുണ്ട്.

കർത്താവേ, ഇങ്ങനൊക്ക്യാ സംഭവിച്ചത്. എല്ലാം നല്ലതിന് തന്നെയായിരിക്കുംന്ന് സമാധാനിക്കുന്നു. അവൻ പറേണതിലും കാര്യംണ്ട്. അവളും എഞ്ചിനീയറാണ്. ഒരേ ഡിപ്പാർട്ട്‌മെന്റിലാണ്. ശമ്പളവും ഏകദേശം ഒപ്പാത്രെ. രണ്ടുപേരുംകൂടി കാശു കൊറച്ചുണ്ടാക്കുന്നുണ്ട്. പ്രേമം ഒന്നുല്ല്യാന്ന് പറഞ്ഞു. അതു നന്നായി. കല്യാണം കഴിച്ചിട്ട് പ്രേമൊക്കെ ആയിക്കോട്ടെ. എന്റേം അച്ചായന്റേം പോലെ. ഞങ്ങക്കെന്താപ്പൊ ഒരു മോശം പറ്റീത്? കൊച്ച് തരക്കേടില്ലകെട്ടോ. നല്ല സൊഭാവാന്നാ തോന്നണത്.........

ത്രേസ്യാമ്മയുടെ പ്രാർത്ഥന തുടങ്ങിയപ്പോൾ തന്നെ ജെസ്സി എഴുന്നേറ്റ് ത്രേസ്യാമ്മ കാണാതെ ജോമോന്റെ മുറിയിലേയ്ക്ക് പോകുന്നതു കാണിക്കണം.

ക്രമേണ ശബ്ദം കുറഞ്ഞു വരുന്നു. മറുവശത്ത് വെച്ച ക്ലോക്കിൽ സമയം പതിനൊന്നു മണിയായെന്നു കാണിക്കുന്നു. പ്രാർത്ഥന നിർത്തുന്നില്ല. ക്ലോക്കിൽ സമയം പതിനൊന്നര. പെട്ടെന്ന് പരിസരബോധം വന്ന ത്രേസ്യാമ്മ പ്രാർത്ഥന നിർത്തി കുരിശു വരച്ച് എഴുന്നേൽക്കുന്നു. അപ്പോഴാണ് കിടക്കയിൽ ജെസ്സിയില്ലെന്ന് അവർ മനസ്സിലാക്കിയത്. കുളിമുറിയിൽ പോയിട്ടുണ്ടാകുമെന്നു കരുതി കുളിമുറിയുടെ ഭാഗത്തു നോക്കുന്നു. കുളിമുറി തുറന്നിട്ടാണ്, അകത്തെ വെളിച്ചവുമില്ല. അവർ എഴുന്നേറ്റു ലൈറ്റിട്ടു പതുക്കെ വിളിക്കുന്നു. ''ജെസ്സീ...''

ആന്റീ... എന്നു വിളി കേട്ടുകൊണ്ട് ജെസ്സി ധൃതിയിൽ ഓടിവരുന്നു. ജോമോന്റെ മുറിയിലായിരുന്നു അവൾ എന്ന് ത്രേസ്യാമ്മയ്ക്ക് മനസ്സിലായി.

ത്രേസ്യാമ്മ: നീയെന്തെടുക്കുവാ അവിടെ?

ജെസ്സി: ആന്റീ, (കിതച്ചുകൊണ്ട് ) ഞാൻ ഒരു കാര്യം നോക്കാൻ പോയതാ... എന്റെ പാസ്‌പോർട്ട്, അത് എയർപോർട്ടീന്ന് എടുത്തുവോന്ന് സംശയായി.

ത്രേസ്യാമ്മ: അപ്പോ നെനക്ക് ലൈറ്റിട്ട് നോക്കായിരുന്നില്ലേ?

ജെസ്സി: അത്, ജോമോൻ ഒറങ്ങ്വല്ലേന്ന് കരുതീട്ടാ.

ത്രേസ്യാമ്മ: അതെല്ലാം നാളെ നോക്കാം, നീ ഒറങ്ങാൻ നോക്ക്. സമയം കൊറ്യായി.

ത്രേസ്യാമ്മ തിരിഞ്ഞ സമയത്ത് അവൾ ജോമോന്റെ മുറിയിലേക്കു നോക്കി ദീർഘശ്വാസമിട്ട് കുരിശ് വരക്കുന്നു.

സീൻ 5സി:

കിടക്കയിൽ അവർ അഭിമുഖമായി കിടക്കുന്നു.

ത്രേസ്യാമ്മ: (മയത്തിൽ) ബോംബേല് നിങ്ങള് ഹോട്ടലില് ഒരു മുറിയിലാ താമസിച്ചത്?

ജെസ്സി: അയ്യേ, അല്ല ആന്റീ, ഞങ്ങള് രണ്ടു മുറീലാ താമസിച്ചത്.

ത്രേസ്യാമ്മയ്ക്ക് സമാധാനമാവുന്നു.

ത്രേസ്യാമ്മ: പിന്നെ പെണ്ണേ, നീയെന്നെ ആന്റിയെന്നൊന്നും വിളിക്കണ്ടകെട്ടോ. അമ്മച്ചീന്ന് തന്നെ വിളിച്ചാ മതി.

ജെസ്സി: ശരി അമ്മച്ചീ.....

ത്രേസ്യാമ്മ അവളെ കെട്ടിപ്പിടിച്ചു കിടന്നുകൊണ്ട് സംസാരിക്കുകയാണ്.

ജോമോന്റെ കിടപ്പറയുടെ ഭാഗത്തുനിന്ന് ജോമോൻ അവളോട് ആംഗ്യം കാണിക്കുന്നത് അവൾ കാണുന്നുണ്ട്. ജെസ്സി ജോമോന്റെ കോമാളിത്തം കണ്ട് ചിരിക്കുന്നു.

ത്രേസ്യാമ്മ : എന്തിനാ നീ ചിരിക്കണത് മോളെ?

ജെസ്സി: ഒന്നുല്ല്യ അമ്മച്ചീ, ജോമോൻ ഓരോ തമാശ കാണിക്കണത് കണ്ട്..... അല്ല പറേണത് ഓർത്തു ചിരിച്ചതാ.

ത്രേസ്യാമ്മ: സമയം കൊറ്യായീന്ന് തോന്നുണു. നമ്ക്ക് ഒറങ്ങാം. നാളെ നെന്റെ അപ്പനും അച്ചയും വരില്ലേ നേർത്തെ?

ജെസ്സി: അവര് രാത്രി വണ്ടിക്ക് വരുംന്നാ പറഞ്ഞത്.

ത്രേസ്യാമ്മ: ന്നാ വേഗം ഒറങ്ങിക്കോ.

ജോമോൻ തലയിൽ കയ്യും വെച്ച് തിരിച്ച് പോകുന്നു. പോകുമ്പോൾ ജെസ്സിക്ക് ടാറ്റ കൊടുക്കുന്നു. ജെസ്സി ചിരിയമർത്തുന്നു.

സീൻ 5:

രാവിലെ ഏകദേശം എട്ട് മണി. ജോസഫേട്ടന്റെ വീട്ടിലെല്ലാവരും നല്ല വസ്ത്രങ്ങൾ ധരിച്ച് ജെസ്സിയുടെ അപ്പനെയും അമ്മയെയും കാത്തിരിക്കയാണ്.

സീൻ 5എ:

അടുക്കളയിൽ ത്രേസ്യാമ്മ പ്രാതലുണ്ടാക്കുന്ന തിരക്കിലാണ്. ഇടിയപ്പവും മുട്ടക്കറിയും. തിരക്കിട്ട് ജോലിയെടുക്കുന്നു. ഒപ്പം ജെസ്സിയുമുണ്ട്. ജെസ്സി ജോലിയെടുക്കുകയൊന്നുമല്ല. ത്രേസ്യാമ്മയോട് സംസാരിക്കുകയാണ്. ജോമോന്റെ കാര്യങ്ങൾ.

ത്രേസ്യാമ്മ: അപ്പ തിരിച്ച് പോയാല് എങ്ങിന്യാ താമസിക്ക്യാ? അവനിപ്പ താമസിക്കണത് കൂട്ടുകാരുടെ ഒപ്പല്ലേ?

ജെസ്സി: കല്യാണം കഴിഞ്ഞാ കമ്പനി ക്വാർട്ടേഴ്‌സ് തരും അമ്മച്ചീ. നല്ല സൗകര്യള്ള ഫ്‌ളാറ്റാ. രണ്ട് ബെഡറൂമ്ണ്ട്, പിന്നെ ഹാള്, അടുക്കള, വർക്ക് ഏരിയ, ബാൽക്കണി.

ത്രേസ്യാമ്മ: നന്നായി മോളെ.

ജെസ്സി: അമ്മച്ചിയ്ക്ക് ഞാൻ കൊണ്ടന്ന പെർഫ്യൂം ഇഷ്ടായോ?

ത്രേസ്യാമ്മ: ങാ മോളെ, നീ എന്തു കൊണ്ടന്നാലും അമ്മച്ചിക്കിഷ്ടാവില്ലെ? അപ്പച്ചന് കൊടുത്തത് രാവിലെ എടുത്ത് പൂശുണ് കണ്ടു.

പുറത്തുനിന്ന് കാറിന്റെ ഡോറടക്കുന്ന ശബ്ദം കേൾക്കുന്നു.

ത്രേസ്യാമ്മ: നീ കേട്ടോ മോളെ, കാറിന്റ ശബ്ദം? അവര് കാറിലാണോ വരണത്, ട്രെയിനിലല്ലെ?

ജെസ്സി: ചെലപ്പൊ ഡ്രൈവറെ കിട്ടീട്ട്ണ്ടാവും. എന്റെ സൂട്ട്‌കേസൊക്കെ ഇല്ലേ. ഡ്രൈവറെ കിട്ട്യാല് കാറ് എടുക്കുംന്ന് പറഞ്ഞിരുന്നു.

ഡോർബെല്ലിന്റെ ശബ്ദം. അവർ ധൃതിയിൽ പോകുന്നു.

സീൻ 5ബി:

ത്രേസ്യാമ്മയും ജെസ്സിയും ഉമ്മറത്തേയ്ക്കു വരുമ്പോൾ കാണുന്നത് തുറന്ന വാതിൽക്കൽ ജെസ്സിയുടെ അപ്പനും അച്ചയും നിൽക്കുന്നതാണ്. അപ്പന് അമ്പതിനടുത്ത് പ്രായം. കുറേശ്ശെ കഷണ്ടി കയറിയിട്ടുണ്ട്. അമ്മാവന് കൂടുതൽ വയസ്സായിരിക്കുന്നു, അറുപതിലധികം. അവർ ചെരുപ്പഴിച്ച് അകത്തേയ്ക്കു കടക്കുന്നു. മുഖത്തു സന്തോഷമുണ്ട്. ജോമോൻ അവരെ സ്വീകരിക്കുന്നു. പിന്നിൽത്തന്നെ ജോസഫേട്ടനുമുണ്ട്.

ജെസ്സി അപ്പന്റെ അടുത്തു പോകുന്നു. അപ്പൻ മോളെ വാത്സല്യത്തോടെ അടുപ്പിക്കുന്നു.

ജെസ്സി: കാറിലാണ് വരണത്ച്ചാല് അമ്മേം കൂട്ടായിരുന്നില്ലെ?

അപ്പൻ: ഞാൻ പറഞ്ഞതാ. അപ്പ ഉച്ചത്തെ കാര്യൊന്നും ശരിയാകത്തില്ലാന്ന് പറഞ്ഞു. അവിടെ എന്തൊക്ക്യോണ്ടാക്കണ തെരക്കിലാണ്.

ജോസഫേട്ടൻ: ങാ, അതുണ്ടാവും. മോള് വരുമ്പൊ സദ്യ ഒരുക്കണ്ടെ?

ത്രേസ്യാമ്മ ജെസ്സിയുടെ അപ്പന്റെ ഒപ്പം വന്ന ആളെ എവിടെയോ കണ്ടപോലെ തോന്നുന്നുണ്ടെന്ന മട്ടിൽ നോക്കുന്നു.

അമ്മാവൻ: (ചിരിച്ചുകൊണ്ട്) എന്താ പരിചയണ്ടോ?

ത്രേസ്യാമ്മ ആലോചിക്കുകയാണ്. ഓർമ്മ കിട്ടുന്നില്ല.

ത്രേസ്യാമ്മ: എവിട്യോ കണ്ടിട്ട്ണ്ട്, എവിടുന്നാന്ന് ഓർമ്മ കിട്ട്ണില്ല.

അമ്മാവൻ: (ചിരിച്ചുകൊണ്ടുതന്നെ) തിരുവല്ലായിൽനിന്ന് ഒരു മൂന്നാൻ വന്നത് ഓർമ്മയുണ്ടോ?

ത്രേസ്യാമ്മക്ക് പെട്ടെന്ന് ആളെ മനസ്സിലാവുന്നു. മുഖത്ത് ചമ്മൽ.

അമ്മാവൻ: ചേട്ടൻ ഉണ്ടായിരുന്നില്ല. ഞാൻ ജെസ്സീടെ ഫോട്ടോവും മറ്റു വിവരങ്ങളും ഇവിടെ ഏല്പിച്ചുപോയി.

ത്രേസ്യാമ്മ: അയ്യോ അതു പെണ്ണിന്റെ അച്ചയായിരുന്നൂന്ന് അറിഞ്ഞില്യാട്ടോ. മൂന്നാനാണെന്നാണ് ഞാൻ കരുതീത്. ത്രേസ്യാമ്മ തലയിൽ കൈവെക്കുന്നു.

അമ്മാവൻ: ഞാൻ മൂന്നാന്റെ വേഷമിട്ടുതന്നെയാ അന്നു വന്നത്. (ഉറക്കെ ചിരിക്കുന്നു. എല്ലാവരും ഒപ്പം ചിരിക്കുന്നുണ്ട്.)

എല്ലാവരും അകത്തേയ്ക്കു കടക്കുന്നു.

ജോസഫേട്ടൻ: (നീരസത്തോടെ) നീയെന്നോട് ഒന്നും പറഞ്ഞില്ലല്ലോ കൊച്ചുത്രേസ്യേ?

ത്രേസ്യാമ്മ: ഞാനത് വിട്ടുപോയി. പിന്നെ പെണ്ണ് തിരുവല്ലായീന്നാന്ന് കേട്ടപ്പൊ..........

ജെസ്സിയുടെ അപ്പൻ: സാരല്യ, അതോണ്ട് ഇപ്പൊ കൊഴപ്പൊന്നുംണ്ടായില്യല്ലൊ.

ത്രേസ്യാമ്മ പരിഭവത്തോടെ ജോസഫേട്ടനെ നോക്കുന്നു. fade out.....

സീൻ 6:

സീൻ 6എ:

ഊൺമേശയ്ക്കു ചുറ്റും ഇരുന്ന് പ്രാതൽ കഴിക്കുന്ന രംഗം. ഇവിടെ സംഭാഷണങ്ങൾ നടക്കുന്നുണ്ട്, പക്ഷെ ഉറക്കെയല്ല. ഇടയ്ക്ക് പൊട്ടിച്ചിരികൾ.

ജോസഫേട്ടൻ: അപ്പ ഞങ്ങള് എന്നാ അങ്ങട്ട് വരണ്ടത് പെണ്ണു കാണാൻ?

ജോമോൻ: പെണ്ണിനെ നമ്മള് കണ്ടില്ലെ അപ്പച്ചാ?

എല്ലാവരും ചിരിക്കുന്നു.

ജെസ്സിയുടെ അപ്പൻ: നാളെ 31ന് ഈസ്റ്റർ. അതു കഴിഞ്ഞ് ആ ആഴ്ച്യന്നെ ഒരു ദിവസം നിശ്ചയിക്കാം. ഞാൻ വിളിച്ചു പറയാം. എന്താ?

ജോസഫേട്ടൻ: അതുമതി. ഇവർക്ക് ഒരു മാസത്തെ ലീവല്ലെള്ളു. അതിനെടേല് നടത്തണല്ലൊ. കല്യാണം കഴിഞ്ഞാല് ഒരു പത്തു ദിവസേങ്കിലും അവര് നമ്മടെ ഒപ്പം താമസിക്കണ്ടെ?

ജോമോൻ: അത് ശരി, കല്യാണം കഴിഞ്ഞാല് നിങ്ങടെയൊക്കെ ഒപ്പം താമസിക്കുംന്നാ വിചാരിക്കണത്. ഞങ്ങള് ഹണിമൂണിന് ഊട്ടീലിക്ക് പോവ്വാണ്.

എല്ലാവരും ചിരിക്കുന്നു.........സാവധാനത്തിൽ ഫെയ്ഡൗട്ട് ചെയ്യണം.

സീൻ 6ബി:

അവർ പോകാനുള്ള തയ്യാറെടുപ്പിലാണ്. ജെസ്സി ജോമോനോട് ചേർന്നു നിൽക്കുന്നുണ്ട്. എല്ലാവരും മുറ്റത്തേയ്ക്കിറങ്ങി.

ജെസ്സിയുടെ സൂട്ട്‌കേസുകൾ ഡ്രൈവർ എടുത്തു ഡിക്കിയിൽ വെക്കുന്നു.

ജോമോൻ: അമ്മച്ചീ, ഞാനിവരുടെ ഒപ്പം ടൗണിലോട്ട് പോട്ടെ, ഇവർക്ക് നമ്മടെ സിറ്റിയൊന്ന് കാണിച്ചു കൊടുക്കാം.

ത്രേസ്യാമ്മ ഒന്നും പറയുന്നില്ല. വലിയ ഇഷ്ടമായിട്ടൊന്നുമില്ല മകന്റെ പെരുമാറ്റം. അതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന ഭാവം.

അവർ കാറിൽ കയറുന്നു. അമ്മാവൻ മുമ്പിലും അപ്പനും ജെസ്സിയും ജോമോനും പിന്നിലും കയറുന്നു. കാർ നീങ്ങുന്നു. ജെസ്സി കൈ പുറത്തേയ്ക്കിട്ട് ടാറ്റ പറയുന്നു.

സീൻ 6സി:

ത്രേസ്യാമ്മ അകത്ത് മേശയുടെ വലിപ്പു തുറന്ന് എന്തോ പരതുകയാണ്. ജോസഫേട്ടൻ സോഫയിലിരിക്കുന്നു. അന്നത്തെ പത്രം മറിച്ചു നോക്കുകയാണ്.

ത്രേസ്യാമ്മയുടെ തിരച്ചിൽ. അവർ ഒരു കവർ എടുത്ത് തുറന്നു നോക്കുന്നു. വലിപ്പടച്ച് ജോസഫേട്ടന്റെ കയ്യിൽ കൊടുക്കുന്നു.

ത്രേസ്യാമ്മ: ഇതാ ഇതാണ് ജെസ്സീടെ അച്ച അന്ന് തന്ന കുറിപ്പ്. അവർ അതിൽ നിന്ന് ഫോട്ടോ എടുത്ത് ജനലിൽ വെളിച്ചത്തിൽ നോക്കുന്നു.

ത്രേസ്യാമ്മ: നല്ല കൊച്ച്.

ജോസഫേട്ടൻ കുറിപ്പ് വായിക്കുകയാണ്. അര മിനുറ്റുകൊണ്ടത് വായിച്ചു തീർന്നു.

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ, നീ ഇങ്ങട്ടൊന്ന് നോക്ക്.

ത്രേസ്യാമ്മ: എന്തോന്നാ.....?

ജോസഫേട്ടൻ: നീ ഈ കത്ത് അന്ന് എന്നെ കാണിച്ചരുന്നുവെങ്കിലീ പങ്കപ്പാടൊന്നുംണ്ടാവില്യായിരുന്നു. കത്തില് വിശദായിട്ട് എഴുതീട്ട്ണ്ട്. ഒരേ ഒരു മകളാ. ധാരാളം സ്വത്തുള്ളവരാണ്. നെന്റെ മോന് മോശൊന്നും പറ്റീട്ടില്ല. അപ്പൊ പറേ എന്താ നീയീ കത്ത് എന്നെ കാണിക്കാതിരുന്നത്?

ത്രേസ്യാമ്മ: (കുറ്റബോധത്തോടെ) അതേയ് പെണ്ണ് തിരുവല്ലായീന്നാന്ന് കേട്ടപ്പൊ വേണ്ടാച്ചു. മാത്രല്ല, നമ്മടെ ജോമോന് ജോലിള്ള പെണ്ണിനെ വേണ്ടാന്നുണ്ടായിരുന്നു എനിക്ക്.

ജോസഫേട്ടൻ: ഇപ്പൊ എന്തായീ? നാലു പേരോട് നീ ജോമോൻ പെണ്ണു കാണാൻ വരുംന്ന് പറഞ്ഞുവെച്ചിട്ട്ണ്ട്. അവരോടൊക്കെ നീതന്നെ സമാധാനം പറഞ്ഞാൽ മതി.

ത്രേസ്യാമ്മ വല്ലാത്തൊരു പ്രതിസന്ധിയിൽ നിൽക്കുന്നു.

ത്രേസ്യാമ്മ: അവരോടൊക്കെ എന്താ പറയ്യാ?

ജോസഫേട്ടൻ: പറയ്, മകൻ സ്വന്തം പെണ്ണന്വേഷിച്ച് കൊണ്ടന്നൂന്ന്. അല്ലാതെന്തു പറയാൻ?

സീൻ 7:

സീൻ 7എ:

സമയം ഏകദേശം പത്ത്, പത്തര. ജോസഫേട്ടൻ സോഫയിലിരിക്കുന്നു. ജോമോൻ പുറത്തുനിന്ന് വരുന്നു.

ജോസഫേട്ടൻ: അവര് പോയോ?

ജോമോൻ പോയി, ഞാനവരെ ഹൈവേയിലാക്കി തിരിച്ചു പോന്നു. ഡ്രൈവർക്ക് ഇവിട്യൊന്നും പരിചയല്യ. (അപ്പന്റെ ഒപ്പം സോഫയിലിരിക്കുന്നു.)

ത്രേസ്യാമ്മ അടുക്കളയിൽ നിന്നു വരുന്നു.

ജോമോൻ: അമ്മച്ചിക്കും അപ്പച്ചനും ഇഷ്ടായോ ജെസ്സീനെ?

ത്രേസ്യാമ്മ: (പരിഭവത്തോടെ) ഞങ്ങൾക്കല്ലല്ലോ, നിനക്കല്ലേ ഇഷ്ടമാവേണ്ടത്? പക്ഷെ നിനക്ക് ഇത് ഞങ്ങളോട് ആദ്യമേ പറയായിരുന്നു. പോട്ടെ സാരംല്ല്യ. നല്ല കുട്ടിയാണ്. (പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട്) അതാ, ഞാൻ എണ്ണ അട്പ്പത്ത് വെച്ചിട്ടാ വന്നിരിക്കണത്. നെന്റെ ശബ്ദം കേട്ടപ്പൊ ഓടി വന്നതാ....... (തിരിച്ചു പോകുന്നു.)

ജോമോൻ: ഇന്നെന്താ അമ്മച്ചീടെ കുട്ടികളൊന്നും വന്നില്ലേ?

ജോസഫേട്ടൻ: ഇല്ല, ഇന്ന് നെന്റെ അമ്മായിയപ്പനൊക്കെ വരണത് പ്രമാണിച്ച് കൊണ്ടരണ്ടാന്ന് പറഞ്ഞു. ഇനി രണ്ടു ദിവസം കൂട്യല്ലെള്ളു. അമ്മച്ചി അതു നിർത്തുവാണ്.

ജോമോൻ: എന്തേ?

ജോസഫേട്ടൻ: അമ്മച്ചീടെ കാര്യൊക്കെ അങ്ങിനാണ് ജോമോനെ. മുട്ടക്കച്ചോടത്തിലാ തൊടക്കം. ഒരേയൊരു കോഴീനിം വെച്ച്, അതും മാവിൻകൊമ്പില് കയറി മുട്ടയിടണ കോഴി, ഒരു കോളനീല് ആവശ്യംള്ള മുട്ട മുഴുവൻ കൊടുക്കാൻ നോക്കീതാ. കർത്താവ് പണ്ട് ഒരപ്പംകൊണ്ട് അയ്യായിരം പേരെ തീറ്റിയിട്ടുണ്ട്. നിന്റെ അമ്മച്ചി വിചാരിച്ചാൽ നടക്കുമോ അത്? പിന്നെ തൊടങ്ങീത് വീഡിയോ ബിസിനസ്സാ, അതും പൊളിഞ്ഞു.

ജോമോൻ: അതെങ്ങനെ പൊളിഞ്ഞു? അന്ന് ഞാൻ കണ്ടപ്പൊ നെറയെ പെണ്ണുങ്ങള് വന്നിരുന്നല്ലൊ.

ജോസഫേട്ടൻ: (കുറച്ചൊന്നു ചമ്മിയ മുഖത്തോടെ) അത് അങ്ങിനീം ഇങ്ങനീം ആയി നിന്നു. പിന്നെ തൊടങ്ങീതാ പ്ലേസ്‌കൂള്. അത് വലിയ കൊഴപ്പംല്യാതെ കൊണ്ടു നടന്നിരുന്നതാ. ലാഭൊന്നുംല്ല്യ. പിന്നെ പകല് പിള്ളാര്‌ടെ കളി കണ്ട് സമയം പോണതറിയില്ല. ഇപ്പോ പാറുകുട്ടി പോയപ്പോ അതും നിർത്തേണ്ടിവന്നിരിക്ക്യാണ്. ഈ ഒന്നാന്തി നിർത്തും. ഞാൻ പറേണുണ്ട് ഇനി ഒരു ബിസിനസ്സും തൊടങ്ങണ്ടാന്ന്. ഇനി ഒന്നിനുംല്ല്യാന്നൊക്കെ ഇപ്പോ പറേണുണ്ട്. എത്രകാലം ഒതുങ്ങിയിരിക്കുംന്ന് കർത്താവിനറിയാം.

അവസാനത്തെ ഭാഗം കേട്ടുകൊണ്ട് ത്രേസ്യാമ്മ വരുന്നു. അവർ അടുത്ത ഒറ്റ സോഫയിലിരിക്കുന്നു.

ത്രേസ്യാമ്മ: ഇല്ലില്ല. ഇനി ബിസിനസ്സിനൊന്നും ഞാനില്ല. എനിക്കേയ് വയസ്സായിത്തൊടങ്ങീരിക്കുണു. അവർ പറഞ്ഞു. ഇനി ഒരു ഭാഗത്ത് ഇരിക്കാമ്പോവ്വാ. ബിസിനസ്സിന്ന്ന് മാത്രല്ല, മറ്റുള്ളോരടെ കാര്യത്തിലൊന്നും ഞാനിനി തലയിടാൻ പോണില്ല. പോയേടത്തൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ട്ണ്ട്.

ജോസഫേട്ടൻ: ഈ കുമ്പസാരം നേർത്തെ വരണ്ടതായിരുന്നു. അപ്പൊ കൊറേ പ്രശ്‌നങ്ങളൊഴിവാക്കായിരുന്നു.

ത്രേസ്യാമ്മ: ശര്യാണ്.

ജോസഫേട്ടൻ: ജോമോനെ ആദ്യായിട്ടാണ് നെന്റെ അമ്മച്ചി ഞാൻ പറഞ്ഞൊരു കാര്യം ശരിയാണ്ന്ന് പറയണ്ത്.

ജോമോൻ: (ചിരിക്കുന്നു.) അമ്മച്ചീ.........!

ത്രേസ്യാമ്മ: ശര്യാണ്. ഇനി ഞാനൊരു ബിസിനസ്സിനും ഇല്ല്യാന്ന് അന്തോണിയോസ് പുണ്യാളനെ പിടിച്ച് ആണയിട്ടിട്ട്ണ്ട്.

ജോസഫേട്ടൻ: കർത്താവ് രക്ഷിക്കട്ടെ. ആരെ അന്തോണിയോസ് പുണ്യാളനെ?

ജോമോൻ ചിരിച്ചുകൊണ്ട് എഴുന്നേൽക്കുന്നു. അകത്തു പോയി ഉടനെ പുറത്തു വരുന്നു. വരുമ്പോൾ കയ്യിലൊരു വീഡിയോ ക്യാമറയുണ്ട്. അതുമായി അവൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ത്രേസ്യാമ്മയ്ക്കും ജോസഫേട്ടനും മുഴുവൻ പിടി കിട്ടുന്നില്ല. ഒന്നു രണ്ടു മിനുറ്റ് അതുമായി നടന്നശേഷം അവൻ ടിവി ഓണാക്കുന്നു. വിസിയാറിൽ കാസറ്റിടുന്നു. ടിവിയിൽ ജോസഫേട്ടന്റെയും ത്രേസ്യാമ്മയുടെയും ചലിക്കുന്ന ചിത്രങ്ങൾ വരുന്നു.

ത്രേസ്യാമ്മ അന്തംവിട്ട് നിൽക്കുന്നു. ജോസഫേട്ടന് അദ്ഭുതമൊന്നുമില്ല.

ജോസഫേട്ടൻ: ഇവൻ ഫോട്ടോ എടുക്ക്വാണ്ന്ന് അറിഞ്ഞാ കൊറച്ച് പെർഫ്യുമടിക്കായിരുന്നു.

ജോമോൻ (ചിരിക്കുന്നു): ശര്യാണ്. ന്നാ വീഡിയോവിന് നല്ല വാസനണ്ടാവ്വായിരുന്നു.

ത്രേസ്യാമ്മ ജോമോൻ മേശപ്പുറത്ത് വെച്ച ക്യാമറ എടുത്ത് തിരിച്ചും മറിച്ചു നോക്കുന്നു. മുഖത്ത് അദ്ഭുതഭാവം തന്നെ.

ത്രേസ്യാമ്മ: ജോമോനെ, ഇതോണ്ട് കല്യാണങ്ങളൊക്കെ എടുക്കാൻ പറ്റില്ലേ?

ജോമോൻ: വേണെങ്കിലെടുക്കാം.

ത്രേസ്യാമ്മ (ആലോചിക്കുകയാണ്. അതിന്റെ അന്ത്യത്തിൽ) എടാ ജോമോനെ, നീയ് ഒരു കാര്യം ചെയ്യണം.

ജോമോൻ: എന്തു കാര്യം അമ്മച്ചീ?

ത്രേസ്യാമ്മ: നീയ് എനിക്ക് ഈ സാധനം ഒന്ന് പഠിപ്പിച്ചു തരണം.

ജോമോൻ: എന്തിനാ അമ്മച്ചീ ഇതു പഠിക്കണത്? ഞാനിത് തിരിച്ചു കൊണ്ടുപോണംന്ന് കരുതീതാ.

ത്രേസ്യാമ്മ: വേണ്ട, ജോമോനെ. അതെനിക്ക് വേണം. കോളനീല് ഒന്നുരണ്ടു കല്യാണങ്ങള് അടുത്ത്തന്നെ വരുന്നുണ്ട്. ഞാനിതൊരു ബിസിനസ്സാക്കാൻ പോവ്വാ!

ജോസഫേട്ടൻ: (തലയിൽ കൈവെച്ചു കൊണ്ട്) എന്റെ കർത്താവേ!

ജോമോൻ ചിരിക്കുന്നു......

fade out.

End of Part II

Episode 13

ഈ തിരക്കഥയെക്കുറിച്ച്


1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com