|| Scripts

ഒരു കുടുംബപുരാണം

ഇ ഹരികുമാര്‍

ഒരു സമരിയക്കാരിയുടെ പ്രശ്‌നങ്ങൾ

ഈ എപ്പിസോഡിലേയ്ക്കു വേണ്ട കഥാപാത്രങ്ങൾ

ജോസഫേട്ടൻ
ത്രേസ്യാമ്മ
പാറുകുട്ടി
നഴ്‌സറിയിലെ കുട്ടികൾ
നളിനി
ജലജ
സാരിക്കടയിലെ സേയ്ൽസ്‌ഗേൾസ്
റസ്റ്റോറണ്ടിലെ കാഷിയർ
റസ്റ്റോറണ്ടിലെ കസ്റ്റമേഴ്‌സ്
(കോളേജ് കുട്ടികൾ, ഗർഭിണി, ഭർത്താവ്)
നാൽപതു വയസ്സായ പാവം സ്ര്തീ
അവരുടെ മകൾ, എട്ടു വയസ്സ്

ടൈറ്റിൽ സീൻ:

ത്രേസ്യാമ്മയുടെ വീടിന്റെ പൂമുഖം. രാവിലെ 10 മണി. കുട്ടികൾ അവിടവിടെയായി ഇരുന്ന് കളിക്കുന്നുണ്ട്. ത്രേസ്യാമ്മ മേശക്കരികെ ഇരുന്ന് ഒരു കടലാസിൽ എന്തോ കാര്യമായി എഴുതുകയാണ്. നളിനി വരുന്നു. എന്തോ പറയുന്നു, ഒപ്പം കുറച്ച് നോട്ടുകളും ത്രേസ്യാമ്മയ്ക്ക് കൊടുക്കുന്നു. ത്രേസ്യാമ്മ നോട്ടുകൾ വാങ്ങി കടലാസിൽ കുത്തിക്കുറിക്കുന്നു. വീണ്ടും സംസാരിക്കുന്നു. ജോസഫേട്ടൻ കുറച്ചപ്പുറത്ത് സോഫയിലിരുന്ന് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹത്തിന് അത് വളരെയൊന്നും ഇഷ്ടമാവുന്നില്ല.

ടൈറ്റിൽ സീൻ കഴിഞ്ഞു.

സീൻ 1:

ജലജ വരുന്നു. കയ്യിൽ ഒരു നോട്ടുണ്ട്.

ത്രേസ്യാമ്മ: അപ്പൊ നീയല്ലെ പറഞ്ഞത് ഈയാഴ്ച ഒന്നും വേണ്ടെന്ന്.

ജലജ: എന്തായാലും ആന്റി ടൗണീ പോവ്വല്ലേ. എനിക്കൊരു....(സോഫയിലിരിക്കുന്ന ജോസഫേട്ടനെ നോക്കുന്നു. ജോസഫേട്ടൻ ശ്രദ്ധിക്കുന്നില്ല.) എനിക്കൊരു 36 സൈസ് വേണം. കഴിഞ്ഞതവണ ആന്റി കൊണ്ടുവന്നത് മുപ്പത്തിനാലാന്നു തോന്നുന്നു.

ത്രേസ്യാമ്മ: അല്ലെടീ 36 തന്നാ. നീ പിന്നേം തടിച്ചിട്ടൊണ്ട്. അതാ പാകാവാത്തത്?

അതുവരെ ശ്രദ്ധിക്കാതിരുന്ന ജോസഫേട്ടൻ ഈ ഡയലോഗ് ശ്രദ്ധിക്കുന്നു. ജലജ അല്പം അസ്വസ്ഥയായി ജോസഫേട്ടനെ നോക്കുന്നു. ജോസഫേട്ടൻ മുഖം തിരിക്കുന്നു.

ത്രേസ്യാമ്മ: വെല കൊറഞ്ഞത് തന്നെ മത്യോടീ.

ജലജ: (പതുക്കെ) മതി ആന്റീ.

ത്രേസ്യാമ്മ നോട്ട് വാങ്ങി വയ്ക്കുന്നു. എഴുതിക്കൊണ്ടിരുന്ന കടലാസ്സിൽ കുറിച്ചു വയ്ക്കുന്നു. ജലജ പോകുന്നു. പോകുന്ന പോക്കിൽ അവൾ ജോസഫേട്ടനെ നോക്കുന്നു. അതേ സമയത്തുതന്നെ ജോസഫേട്ടനും അവളെ നോക്കുകയാണ്. അയാൾ മുഖം തിരിക്കുന്നു.

അവൾ പോയെന്നുറപ്പായപ്പോൾ ജോസഫേട്ടൻ സംസാരിക്കുന്നു.

ജോസഫേട്ടൻ: അവൾക്കെന്താ വേണ്ടത്?

ത്രേസ്യാമ്മ: അതേയ്, ഒന്നുംല്ല്യ.

ജോസഫേട്ടൻ: എന്തോ സൈസിന്റെ കാര്യൊക്കെ പറേണത് കേട്ടല്ലൊ.

ത്രേസ്യാമ്മ: ഒന്നുംല്ല്യ, അതൊക്കെ പെണ്ണുങ്ങൾക്ക് വേണ്ട കാര്യങ്ങളാണ്. ഒന്നും അറീല്ല്യ. ഭാര്യക്ക് കാലാകാലത്ത് ഓരോ സാധനങ്ങള് വാങ്ങിക്കൊടുക്കാത്തോണ്ടാണ് ഇതൊന്നും മനസ്സിലാവാത്ത്.

ജോസഫേട്ടൻ: നോക്ക് കാര്യം എന്തായാലും പന്ത്രണ്ട് മണിക്ക് മുമ്പെ ഇങ്ങെത്തണം. പിള്ളാരെ ഒക്കെ എന്റെ മണ്ടയ്ക്കിട്ടുകൊണ്ടാ പോക്ക്.

പാറുകുട്ടി അകത്തുനിന്ന് വരുന്നു. കയ്യിൽ ഒന്നുരണ്ടു പാത്രങ്ങളും പാൽക്കുപ്പിയും ഉണ്ട്. അവ മേശപ്പുറത്ത് വച്ചുകൊണ്ട് ജോസഫേട്ടനോട്.

പാറുകുട്ടി: ജോസഫേട്ടാ കൊച്ചുകുഞ്ഞിന്റെ പാല് ഇവിടെ വച്ചിട്ടൊണ്ട്. പതിനൊന്ന് മണിക്ക് കൊടുക്കണം. പന്ത്രണ്ട് മണിക്ക് കുറുക്കീത് കൊടുക്കണം. തളപ്പിച്ച പാല് അടുക്കളേല് ഫ്‌ളാസ്‌കില് വച്ചിട്ടൊണ്ട്.

ജോസഫേട്ടൻ: അതൊക്കെ നിങ്ങള് വന്നട്ട് കൊടുത്താ മതി.

ത്രേസ്യാമ്മ: അയ്യോ കൊടുക്കണേ. ഞങ്ങളെങ്ങാനും വൈകിയാല് കുഞ്ഞ് വെഷമിക്കും. കോളനീലെ ഒരുമാതിരി എല്ലാ പിള്ളാരും സാധനങ്ങള് വാങ്ങാൻ ഏൽപ്പിച്ചിട്ടുണ്ട്.

ജോസഫേട്ടൻ: (ദേഷ്യം പിടിച്ചുകൊണ്ട്) നിന്റെ ഒരു കോളനി പിള്ളാര്. എന്തിനാ നീ അവർക്കൊക്കെ സാധനങ്ങള് വാങ്ങിക്കൊടുക്കണത്. അവര് സ്വന്തം പോയി വാങ്ങട്ടെ.

ത്രേസ്യാമ്മ: (മയത്തിൽ) എന്താന്നേയ്. ഞാൻ ഏതായാലും പോകുന്നുണ്ട്. അപ്പൊ അവർക്കുള്ളതുകൂടി വാങ്ങിയാൽ എന്താ നഷ്ടം. പാവങ്ങൾക്ക് കോൺവെന്റ് ജങ്ക്ഷനിൽ പോയി വരാൻ ചെലവെന്തുണ്ട്?

പാറുകുട്ടി: ചോറും മീൻ കറീം ണ്ടാക്കി വച്ചിട്ടൊണ്ട്. പപ്പടം വറുത്തത് ടിന്നിലടച്ചുവച്ചിട്ടൊണ്ട്. പിന്നെ.....

ജോസഫേട്ടൻ: (അവൾക്കു പാറയാനിട കൊടുക്കാതെ) കാബേജ് തോരൻ സ്റ്റീൽ പാത്രത്തില് അടച്ചു വച്ചിട്ടൊണ്ട്..... ഒന്നു വേഗം പോയി വരുന്നുണ്ടോ?

ഇവിടെ കാബേജ് തോരൻ എന്ന് രണ്ടുപേരും ഒരേ സമയത്ത് പറയണം. ജോസഫേട്ടനും അതുതന്നെ പറയുമ്പോൾ പാറുകുട്ടി നിർത്തി നാവു കടിക്കുന്നു.

സജീ: ആന്റീ പൊറത്ത് പോവ്വാണോ?

ത്രേസ്യാമ്മ: അതേ മക്കളെ, നിങ്ങള് നല്ല കുട്ടികളായി കളിക്കണം. അപ്പൂപ്പനെ ഉപദ്രവിക്കരുത്.

സജി: ഇല്ല, അപ്പൂപ്പൻ ഞങ്ങക്ക് മിട്ടായി തരും.

പാറുകുട്ടി: (ചിരിച്ചുകൊണ്ട് തലയാട്ടി) അതു ശരി, അതാണല്ലെ സൂത്രം. അമ്മച്ചീ, നമ്മളിപ്പോ പിള്ളാര് ശാഠ്യം പിടിച്ചാല് നല്ല വാക്ക് പറഞ്ഞ് സമാധാനിപ്പിക്ക്യാ. ജോസഫേട്ടൻ ഒറ്റക്ക്ള്ളപ്പോ എളുപ്പപ്പണീം.

ത്രേസ്യാമ്മ: (മനസ്സിലാവാതെ) അതെന്താണ് പെണ്ണേ എളുപ്പപ്പണീ?

പാറുകുട്ടി: ഈ അമ്മച്ചിക്കൊന്നും മനസ്സിലാവില്ല. വാ, പോവ്വാ.

പാറുകുട്ടി നടക്കുന്നു. ത്രേസ്യാമ്മ എഴുന്നേൽക്കുന്നു.

ത്രേസ്യാമ്മ: ഇതാ, ഞാൻ പോണേണ്.

കുട്ടികളെല്ലാവരും കൂടി ടാറ്റാ പറയുന്നു. കൊച്ചുകുഞ്ഞ് ദിവാനിൽ ഉറങ്ങുന്നത് കാണാം.

ത്രേസ്യാമ്മ വാതിൽക്കലെത്തി തിരിഞ്ഞ് നോക്കിക്കൊണ്ട്:

ത്രേസ്യാമ്മ: കൊച്ചുകുഞ്ഞിനെ നല്ലോണം നോക്കണേ.

ജോസഫേട്ടൻ: താനൊന്ന് വെക്കം പോയി വന്നേച്ചാൽ മതി.

സീൻ 2:

ഒരു ഇടത്തരം സാരിക്കട. ഒരു കുന്നു സാരികളുടെ മുമ്പിൽ തീരുമാനമെടുക്കാനാവാതെ ഇരിക്കുന്ന ത്രേസ്യാമ്മ. അടുത്തു തന്നെ പാറുകുട്ടി.

ത്രേസ്യാമ്മ: (പാറുകുട്ടിയോട്) മോളെ ശൈലജ പറഞ്ഞത് ഓറഞ്ചില് ചൊമന്ന പൂക്കളുള്ള സാരീന്നാണോ, അതോ ചോപ്പില് ഓറഞ്ച് പൂക്കളുള്ള സാരീന്നാണോ?

പാറുകുട്ടി: ആ അറിയാമ്പാട്‌ല. ആ സാധനം ഒരു ടൈപ്പാ. നമ്മള് ഇത്രേം കഷ്ടപ്പെട്ട് സാരി വാങ്ങികൊണ്ടേ കൊടുക്കും. അതു കിട്ട്യാല് പിന്നെ കുറ്റം പറച്ചിലാ. ആന്റി ഇതിന്റെ എഴ സുഖല്ല്യ. ഈ കളറല്ല ഞാനുദ്ദേശിച്ചത്, കൊറച്ചുകൂടെ ഡാർക്കാ വേണ്ടീര്ന്നത്.

സാരിക്കൂമ്പാരത്തിനു പുറകിൽ ഇരിക്കുന്ന രണ്ടു സേയ്ൽസ് ഗേൾസ് മുഖത്തോടുമുഖം നോക്കുന്നു.

ത്രേസ്യാമ്മ: അപ്പോ നമക്ക് ഒന്നുകൂടി ചോദിച്ചിട്ട് വാങ്ങാം അല്ലെടീ?

പാറുകുട്ടി: അതാ നല്ലത് അമ്മച്ചീ.

ത്രേസ്യാമ്മ എഴുന്നേൽക്കുന്നു. പാറുകുട്ടിയും. സേയ്ൽസ് ഗേൾസ് അർത്ഥം വച്ച് ചിരിക്കുന്നു.

സീൻ 3:

സാരിക്കടക്കു പുറത്ത്. എങ്ങോട്ടു പോകണമെന്ന് തീർച്ചയില്ലാതെ നിൽക്കുകയാണ്. പിന്നെ സാവധാനത്തിൽ നടന്നു നീങ്ങുന്നു. നടന്നുകൊണ്ട് സംസാരം.

ത്രേസ്യാമ്മ: എടീ എനിക്ക് ഓർമ്മല്ല്യാഞ്ഞിട്ടൊന്നും അല്ല. ശൈലജ പറഞ്ഞത് ഓറഞ്ചില് ചൊമന്ന പൂക്കള്ന്ന് തന്ന്യാ. എനിക്കാ കടേന്ന് വാങ്ങാൻ താല്പര്യാണ്ടായിരുന്നില്ല്യാ. എന്തൊരു ഭാവമാണ് ആ പെൺകൊച്ചിന്ന്. ഒരു സാരിയെടുത്തു കാണിക്കാൻ പറഞ്ഞാൽ അതിന്റെ ഭാവമൊന്നു കാണണം. മോന്തക്കിട്ട് ഒന്നു കൊടുക്കാൻ തോന്നും.

പാറുകുട്ടി: ശരിയാ അമ്മച്ചീ. അതിന്റെ ഭാവം കണ്ടാൽ തോന്നും അവളാണ് കടേടെ ഒടമസ്ഥാന്ന്.

ത്രേസ്യാമ്മ: നോക്ക് ഞാനീ ചട്ടയ്ക്കു പകരം ഒരു പട്ടുസാരിയും ഉടുത്ത് മൊഖത്ത് ചായോം തേച്ച് ചെന്നാൽ അവള് ഷാപ്പില്‌ത്തെ സാരികള് മുഴുവൻ നമ്മടെ മുമ്പില് വാരിയിടും.

പാറുകുട്ടി: ശരിയാ അമ്മച്ചീ, നമ്മള് സാരി നോക്ക്യോണ്ടിരിക്കുമ്പൊ ഒരു പൊങ്ങച്ചക്കാരി വന്നപ്പൊ എന്തായിരുന്നു അവള്‌ടെ വെപ്രാളം !

ത്രേസ്യാമ്മ: അല്ലേ? എടീ പണക്കാരെ മാത്രെ ആൾക്കാര് വെലവെക്കു. അവരവരെപ്പോലെള്ളോരെ ആർക്കും വെലല്ല്യ.

പാറുകുട്ടി: അമ്മച്ചിക്ക് എന്നതാ പണംല്ല്യാഞ്ഞിട്ടാ.

ത്രേസ്യാമ്മ: അല്ല പെണ്ണെ, പണംണ്ടാവ്വല്ല കാര്യം. പണംണ്ട്ന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെട്ത്ത്വാണ് വേണ്ടത്. നീ നോക്ക്യോ, ആ പെമ്പ്രന്നോര് അവ്ട്ന്ന് ഒരൊറ്റ സാരി എടുത്തില്ല. എല്ലാറ്റന്റീം വെല നോക്കി പോയി, അത്രതന്നെ. ഇനി വല്ല വല്ല്യ ഷാപ്പില് പോയി ഒരു സാരിയും എടുത്ത് അയൽക്കാരോടൊക്കെ വീമ്പും പറയും. ഈ ഷാപ്പീന്നൊക്കെ വാങ്ങീന്ന് പറഞ്ഞാൽ അവക്ക് മാനക്കെടല്ലെ?

പാറുകുട്ടി: ശര്യാ അമ്മച്ചീ.

ത്രേസ്യാമ്മ: (പെട്ടെന്ന് നിന്നുകൊണ്ട്) സമയം എത്ര്യായി പെണ്ണേ?

പാറുകുട്ടി: പന്ത്രണ്ട് നാല്പ്പത്തിയാറ്, അമ്മച്ചീ.

ത്രേസ്യാമ്മ: പന്ത്രണ്ട് നാല്പ്പത്തിയാറ്?

പാറുകുട്ടി: (വാച്ചിൽത്തന്നെ നോക്കിക്കൊണ്ട്) അതേ അമ്മച്ചീ, ഇതാ ഇപ്പൊ നാല്പ്പത്തേഴാവും?

ത്രേസ്യാമ്മ ചുമൽ കുലുക്കുന്നു. അവർക്ക് ഡിജിറ്റൽ ലോകത്തിന്റെ മായകൾ മനസ്സിലാവുന്നില്ല.

ത്രേസ്യാമ്മ: ഇനി എന്തോരം സാധനങ്ങള് വാങ്ങാൻ കെടക്കുണു. അപ്പോ നമ്മക്ക് ഭക്ഷണം കഴിക്കേണ്ടേ?

പാറുകുട്ടി: (ഉടനെത്തന്നെ പറയുന്നു) വേണം അമ്മച്ചീ.

ത്രേസ്യാമ്മ: (എന്തോ ആലോചിച്ചുറപ്പിച്ച പോലെ) ഞാൻ നിന്നെ ഒരു നല്ല ഹോട്ടലില് കൊണ്ടുപോവാം. ജോസ് ജങ്ക്ഷനില് ഒരു നല്ല ഹോട്ടല്ണ്ട്. അവിടെ കൊണ്ടോവാം. പോണ വഴിക്ക് ബാക്കിള്ളതും കൂടി വാങ്ങാം, പോരെ?

പാറുകുട്ടി: മതി അമ്മച്ചീ.

സീൻ 4:

വേറൊരു സാരി ഷോപ്പിൽനിന്ന് ത്രേസ്യാമ്മയും പാറുകുട്ടിയും ഇറങ്ങുന്നു. കയ്യിൽ ആ ഷോപ്പിന്റെ ബാഗുണ്ട്. ത്രേസ്യാമ്മയുടെ മുഖത്ത് സന്തോഷം.

ത്രേസ്യാമ്മ: നല്ല പെരുമാറ്റം അല്ലേ.

പാറുകുട്ടി: അതേ അമ്മച്ചീ. അതോണ്ട് അവർക്ക് ഗുണംണ്ടായി. മുന്നൂറു രൂപേടെ ഒരു സാരി വിറ്റില്ല്യേ?

ത്രേസ്യാമ്മ: അത് തന്നേ.....

പാറുകുട്ടി: അമ്മച്ചീ ഇനി വല്ലതും കഴിച്ചിട്ട് മതി ബാക്കിയൊക്കെ വാങ്ങല്. വയറ് കത്തിത്തൊടങ്ങി.

ത്രേസ്യാമ്മ: നീ വാ.

സീൻ 5:

ത്രേസ്യാമ്മയും പാറുകുട്ടിയും നടന്നു വരുന്നു.

ത്രേസ്യാമ്മ: ജോമോൻ കഴിഞ്ഞ തവണ വന്നപ്പോ എന്റെ കണ്ണ് പരിശോധിക്കാൻ ഡോക്ടറ്‌ടെ അടുത്തു കൊണ്ടു പോയില്ലേ?

പാറുകുട്ടി: ആ അമ്മച്ചീ. എന്നിട്ട് അമ്മച്ചിയോട് കണ്ണട വെക്കണംന്ന് പറഞ്ഞ്.

ത്രേസ്യാമ്മ: ഇല്ലെടി, കണ്ണട വെക്കാനൊന്നും ആയിട്ടില്ലാന്നാ പറഞ്ഞത്. അന്ന് അവൻ എന്നെ ഒരു ഹോട്ടലില് കൊണ്ടുപോയിരുന്നു. അവ്‌ടെ എങ്ങിന്യാച്ചാ നമ്മള് ആദ്യം പണം കൊടുത്ത് ബില്ല് വാങ്ങണം. എന്നിട്ട് ആ ബില്ലുംകൊണ്ട് അവര്‌ടെ അടുക്കളേപ്പോണം. അവിടെ തലേല് വെള്ള തൊപ്പിവച്ച കുശ്‌നിക്കാര്ണ്ടാവും. സാധനങ്ങള് അപ്പപ്പണ്ടാക്കിത്തരും. എന്തോരം സ്വാദാ.

പാറുകുട്ടി: അവിട്യൊന്നും നമക്ക് പോണ്ടാ അമ്മച്ചീ. എനിക്ക് തൊപ്പി വെച്ചോരെ പേടിയാ. ഒരിക്കല് തൊപ്പിവച്ച ഒരാളെന്റെ പിന്നാലെ നടന്ന് ശല്യം ചെയ്തത്.

ത്രേസ്യാമ്മ: എന്നിട്ട് നീയെന്താ ആ കാര്യം എന്നോട് പറയാഞ്ഞത്?

പാറുകുട്ടി: ഞാമ്പറഞ്ഞിട്ടൊണ്ട്. അമ്മച്ചിക്ക് ഓർമ്മല്ല്യാഞ്ഞിട്ടാ. നമുക്ക് വല്ല ചെറിയ ഹോട്ടലീല് പോവാം.

ത്രേസ്യാമ്മ: നില്ല് പെണ്ണെ.

അവർ ഒരു റസ്റ്റോറണ്ടിനു മുമ്പിലെത്തിയിരിക്കുന്നു.

ത്രേസ്യാമ്മ: ഇത്തന്നെയാ സ്ഥലം.

ത്രേസ്യാമ്മ പറഞ്ഞത് കുറച്ചുറക്കെയായി. ചുറ്റുമുള്ളവർ അവരെ തുറിച്ചു നോക്കുന്നു. പാറുകുട്ടി ചമ്മുന്നു.

ത്രേസ്യാമ്മ: വാ പെണ്ണേ.

ത്രേസ്യാമ്മ മുമ്പിലുള്ള മാർബിൾ പടികൾ കൂസലില്ലാതെ കയറുന്നു. പാറുകുട്ടി, ഒരു നിമിഷം അന്തം വിട്ട് നിന്നശേഷം ത്രേസ്യാമ്മയുടെ പിന്നാലെ പോകുന്നു.

സീൻ 6:

കാഷ് കൗണ്ടറിന്റെ അടുത്ത് ത്രേസ്യാമ്മ നിൽക്കുന്നു. അല്പം പരിഭ്രമമുണ്ട്.

ത്രേസ്യാമ്മ: (താഴ്ന്ന സ്വരത്തിൽ) എടീ ഞാൻ ജോമോന്റെ ഒപ്പം വന്നപ്പോ ഒരു സാധനം കഴിച്ചു. നല്ല സ്വാദുള്ളതാ. എന്താ അതിന്റെ പേര്ന്ന് ഓർമ്മയില്ല.

പാറുകുട്ടി: അവരോട് ചോദിച്ചാ പോരെ അമ്മച്ചീ?

ത്രേസ്യാമ്മ: അവർക്കതൊക്കെ ഓർമ്മണ്ടാവ്വോ? മാസം അഞ്ചെട്ടു കഴിഞ്ഞില്ലേ.

പാറുകുട്ടി: അതല്ല അമ്മച്ചീ, അവരോട് ചോദിക്ക്യാ എന്തൊക്കെണ്ട്ന്ന്. അപ്പ അമ്മച്ചിക്ക് മനസ്സിലാവും.

കാമറ പാൻ ചെയ്ത് ഭക്ഷണം കഴിക്കുന്നവരിൽ ഒരു ചെറുപ്പക്കാരായ ദമ്പതികളിൽ തങ്ങി നിൽക്കുന്നു. പെൺകുട്ടി നാലോ അഞ്ചോ മാസം ഗർഭിണിയാണ്. അവൾ നൂഡ്ൽസ് സ്വാദോടെ തിന്നുകയാണ്. അവരുടെ മേശ കൗണ്ടറിനു വളരെ അടുത്താണ്.

ത്രേസ്യാമ്മയും പാറുകുട്ടിയും ക്യൂവിലാണ്.

ത്രേസ്യാമ്മ: അമ്മച്ചിക്ക് ഞാൻ ഒരുഗ്രൻ സാധനം വാങ്ങിച്ചുതരാം എന്നു പറഞ്ഞാണ് അവൻ അതു വാങ്ങിത്തന്നത്. ഉഗ്രൻ സാധനം എന്നൊക്കെ പറഞ്ഞാൽ അവർക്കു മനസ്സിലാകുമോ.

പാറുകുട്ടി: അമ്മച്ചി ചോദിച്ചു നോക്ക്.

ക്യൂവിൽ ത്രേസ്യാമ്മയുടെ ഊഴം എത്തുന്നു. ത്രേസ്യാമ്മ ധൈര്യപൂർവ്വം ഉറക്കെ ചോദിക്കുന്നു.

ത്രേസ്യാമ്മ: ഈ ഞാഞ്ഞൂലിനെപ്പോലത്തെ ഒരു സാധനം ഇല്ലെ. അതാ വേണ്ടത്?

കാഷിയർ: ഞാഞ്ഞൂലോ?

ഈ ഡയലോഗ് വളരെ അസാധാരണമായ ഒരു പ്രതികരണമാണ് ഗർഭിണിയായ പെൺകുട്ടിയിൽ ഉണ്ടാക്കുന്നത്. അവൾ പെട്ടെന്ന് വായ പൊത്തി ശർദ്ധിക്കാനായി വാഷ് ബേസിനിലേയ്ക്ക് ഓടുന്നു. ഭർത്താവും ഭക്ഷണം നിർത്തി പിന്നാലെ ഓടുന്നു.

ത്രേസ്യാമ്മ: (അവർ അതൊന്നും ശ്രദ്ധിക്കുന്നില്ല) അതേ ഈ മണ്ണിര പോലത്തെ ഒരു പലഹാരം ഇല്ലെ? അതാ വേണ്ടത്.

കാഷിയർ: ശരി, ശരി, മനസ്സിലായി. നിങ്ങൾക്ക് വേണ്ടത് നൂഡ്ൽസാണ്. എത്ര പ്ലേയ്റ്റ് വേണം?

ത്രേസ്യാമ്മ: രണ്ട്.

സീൻ 6എ:

വാഷ് ബേസിന്റെ അടുത്ത് ഭാര്യയുടെ പുറം തലോടുന്ന ചെറുപ്പക്കാരൻ. പെൺകുട്ടി ഓക്കാനിക്കുന്നു.

സീൻ 6ബി:

കാഷിയർ കാഷ് രജിസ്റ്ററിൽ ബില്ലടിക്കുന്നു. മെഷിന്റെ പിന്നിൽ പൊങ്ങിയ കടലാസ് തുണ്ട് ത്രേസ്യാമ്മയുടെ കൈയ്യിൽ കൊടുക്കുന്നു.

കാഷിയർ: അമ്പത്താറു രൂപ.

ത്രേസ്യാമ്മ: (ഒന്ന് ഞെട്ടിക്കൊണ്ട്) എത്ര?

കാഷിയർ: അമ്പത്താറ് രൂപ.

അവർ പഴ്‌സു തുറന്ന് നോട്ടുകൾ എടുത്തു കൊടുക്കുന്നു. കാഷിയർ ബാക്കി എടുക്കുമ്പോഴേയ്ക്ക് ത്രേസ്യാമ്മ ബില്ലെടുത്ത് പാറുകുട്ടിയുടെ കയ്യിൽ കൊടുക്കുന്നു.

ത്രേസ്യാമ്മ: എടീ, നീ ഇതൊന്ന് നോക്കിയേ, എത്ര രൂപയായി എന്ന്.

പാറുകുട്ടി: അമ്മച്ചിക്ക് നോക്കാൻ പാട്‌ലാ?

ത്രേസ്യാമ്മ: എന്തോരം ചെറുതാ, നീ വായിക്ക്.

പാറുകുട്ടി: അമ്മച്ചീ, ഇത് ഇംഗ്ലീഷാ.

ത്രേസ്യാമ്മ: എടീ അതില് അവസാനം എഴുതിയ തുക പറഞ്ഞാമതി.

പാറുകുട്ടി: അമ്പത്താറ്..... ശരിയാ അമ്മച്ചീ.

ത്രേസ്യാമ്മ: എന്റീശോയേ!

ത്രേസ്യാമ്മയുടെയും പാറുകുട്ടിയുടെയും ഡയലോഗ് സാമാന്യത്തിലധികം ശബ്ദത്തിലായതുകൊണ്ട് ചുറ്റും ഉുള്ളവർ അവരെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു.

കാഷിയർ കൊടുത്ത ചില്ലറ പഴ്‌സിലിട്ട് അവർ ഉള്ളിലേയ്ക്കു പോകുന്നു. പോകുന്ന വഴിയിലുള്ള ഒരു മേശക്കരികെ ഇരിക്കുന്ന കോളേജ് കുമാരികൾ ത്രേസ്യാമ്മയെ നോക്കി അർത്ഥം വച്ച് ചിരിക്കുന്നുണ്ട്. ത്രേസ്യാമ്മ പക്ഷേ അതൊന്നും ശ്രദ്ധിക്കുന്നില്ല. അവർ പഴയ ഓർമ്മ വച്ചുകൊണ്ട് പിന്നിലേയ്ക്കു നടക്കുകയാണ്.

സീൻ 6 സി:

കൗണ്ടറിൽനിന്ന് നൂഡിൽസിന്റെ പ്ലെയ്റ്റുമായി ത്രേസ്യാമ്മ മുന്നിലേയ്ക്കു വരുന്നു. പിന്നാലെ മറ്റൊരു പ്ലെയ്റ്റുമായി പാറുകുട്ടിയുമുണ്ട്. ഒഴിഞ്ഞ മേശ നോക്കി അവരെത്തുന്നത് ഗർഭിണിയായ ചെറുപ്പക്കാരിയും ഭർത്താവും ഇരിക്കുന്ന മേശക്കരികെയാണ്. പ്ലെയ്റ്റ് മേശമേൽ വച്ച് അവർ രണ്ടുപേരും ഇരിക്കുന്നു. മുമ്പിലുള്ള ചെറുപ്പക്കാരി നൂഡിൽസ് വിഷമത്തോടെ നോക്കുന്നു. ഉടനെത്തന്നെ വായപൊത്തി ശർദ്ധിക്കാനായി ഓടുന്നു.

ഭർത്താവ്: ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല.

അയാൾ എഴുന്നേറ്റ് ഭാര്യയുടെ പിന്നാലെ പോകുന്നു.

ത്രേസ്യാമ്മ: (അദ്ഭുതത്തോടെ രണ്ടു പേരെയും നോക്കുന്നു) ആ കൊച്ചിന്ന് എന്തോ പറ്റിയിട്ടുണ്ട്, പാറുകുട്ടി.

പാറുകുട്ടി: ആ അമ്മച്ചീ, നേരത്തെ നമ്മള് ബില്ല് വാങ്ങുമ്പളും ഉണ്ടായി.

ഭക്ഷണം കഴിക്കാൻ തുടങ്ങുന്നു.

സീൻ 6 ഡി:

മേശപ്പുറത്ത് നൂഡിൽസിന്റെ ഒഴിഞ്ഞ പ്ലെയ്റ്റുകൾ ഒരു പയ്യൻ വന്ന് എടുത്തു കൊണ്ടുപോകുന്നു.

ത്രേസ്യാമ്മ: നീ ഇവിടെ ഇരിക്ക്. ഞാനൊരു ഐസ്‌ക്രീം വാങ്ങിക്കൊണ്ടുവരാം.

പാറുകുട്ടി: (വിശ്വാസമാവാത്തപോലെ) ഐസ്‌ക്രീമോ അമ്മച്ചീ?

ത്രേസ്യാമ്മ: ആടി, എന്തായാലും നല്ലൊരു ഹോട്ടലില് വന്നില്ലേ. ഒര് ഐസ്‌ക്രീമും കൂടി ആവട്ടെ.

ത്രേസ്യാമ്മ എഴുന്നേറ്റു പോകുന്നു. മേശയിൽ അവർക്കു മുമ്പിൽ ഒരമ്മയും നാലഞ്ചു വയസ്സുള്ള മകളും വന്നിരിക്കുന്നു.

ത്രേസ്യാമ്മ രണ്ട് പ്ലെയ്റ്റിൽ ഐസ്‌ക്രീമുമായി വരുന്നു. ഒരെണ്ണം പാറുകുട്ടിയുടെ മുമ്പിൽ വച്ച് കഴിക്കാൻ തുടങ്ങുന്നു. പിന്നിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾ എഴുന്നേറ്റ് പോകുകയാണ്. പോകുന്ന പോക്കിൽ അവർ ത്രേസ്യാമ്മയുടെ മുമ്പിൽ നിൽക്കുന്നു. അവൾ കുനിഞ്ഞു നിന്നുകൊണ്ട് ചോദിക്കുന്നു.

ഒരു പെൺകുട്ടി: ആന്റി ഏതു കോളേജിലാണ് പഠിക്കുന്നത്?''

ത്രേസ്യാമ്മ: (അദ്ഭുതത്തോടെ) കോളേജിലോ, ഞാനോ?

പെൺകുട്ടികൾ കുലുങ്ങിച്ചിരിച്ചുകൊണ്ട് പോവുന്നു.

ത്രേസ്യാമ്മ: എന്നെ കണ്ടാൽ അങ്ങിനെയൊക്കെ തോന്ന്വോ പാറുകുട്ടി?

ചിരിയടക്കാൻ പാടുപെടുന്ന പാറുകുട്ടി.

പാറുകുട്ടി: അമ്മച്ചി ശരിക്കുള്ള മറുപടിയാണ് കൊടുത്തത്.

ത്രേസ്യാമ്മ: ഊം, എന്തേ?

പാറുകുട്ടി: ടിവീല് സിനിമടെ എടേല് പരസ്യം വരുമ്പോ അമ്മച്ചി എഴുന്നേറ്റു പോകാറില്ലേ. അതോണ്ട് പറ്റണതാ.

ത്രേസ്യാമ്മ: (ഒന്നും മനസ്സിലാവുന്നില്ല) എന്തൊക്കെയാണ് പെണ്ണെ നീ പറേണത്?

കാമറ മുമ്പിൽ ഭക്ഷണം കഴിക്കുന്ന അമ്മയുടെയും മകളുടെയും നേർക്ക്. അമ്മ ഉടുത്തിരിക്കുന്നത് സാധാരണ കോട്ടൺ സാരിയാണ്. കഴുത്തിൽ ഒരു നേരിയ സ്വർണ്ണമാല മാത്രം. മകളും ഇട്ടിരിയ്ക്കുന്നത് സാധാരണ ഫ്രോക്കാണ്. കണ്ടാൽത്തന്നെ മനസ്സിലാവും അവർ പാവപ്പെട്ടവരാണെന്ന്.

അമ്മ: മോള് ഇവിടിരിക്ക്. ദോശയായിട്ടുണ്ടാവും. അമ്മ പോയി എടുത്തു കൊണ്ടുവരാം.

മകൾ നിരുത്സാഹത്തോടെ താടിക്കു കൈ കൊടുത്ത് ഇരിക്കുന്നു. ഇടക്ക് തല ചൊറിയുന്നുമുണ്ട്.

ത്രേസ്യാമ്മ അവളെ ശ്രദ്ധിക്കുന്നു.

ത്രേസ്യാമ്മ: എന്താ മോള്‌ടെ പേര്?

കുട്ടി: ശാലിനി.

ത്രേസ്യാമ്മ: (പാറുകുട്ടിയോട്, താഴ്ന്ന ശബ്ദത്തിൽ) പാവങ്ങളാന്ന് തോന്നുണു. ഉടുപ്പൊക്കെ കണ്ടാലറിയാം.

അമ്മ ദോശയുമായി വരുന്നു. പ്ലെയ്റ്റ് മേശപ്പുറത്തുവച്ച് അവർ കഴിക്കാൻ തുടങ്ങുന്നു. ത്രേസ്യാമ്മ അവരെ നോക്കി ചിരിക്കുന്നു.

ത്രേസ്യാമ്മ: മോക്ക് നല്ല വെശപ്പൊണ്ടെന്ന് തോന്നുണു.

അമ്മ: സ്‌കൂളിൽനിന്ന് വന്നപ്പോ തൊടങ്ങീതാ ദോശ വേണംന്ന് പറഞ്ഞ് വാശി. ഞാനെവിട്ന്ന് ദോശ കൊടുക്കാനാ. വീട്ടില് മാവൊന്നുംല്ല്യ.

ത്രേസ്യാമ്മയുടെ മുഖത്ത് ദുഃഖം. അവർ കുട്ടിയെ അനുകമ്പാപൂർവ്വം നോക്കുന്നു. താൻ നുണഞ്ഞു കൊണ്ടിരിക്കുന്ന ഐസ്‌ക്രീം നോക്കുന്നു. അവളോട് ചോദിക്കുന്നു.

ത്രേസ്യാമ്മ: മോക്ക് ഐസ്‌ക്രീം വേണോ?

മകൾ വേണമെന്ന് തലകുലുക്കുന്നു.

അമ്മ: അയ്യോ, ഞാൻ വാങ്ങിക്കൊടുക്കാം.

ത്രേസ്യാമ്മ: അല്ലല്ല, ഇന്ന് ആന്റിയുടെ വകയാവട്ടെ ഐസ്‌ക്രീം. (പാറുകുട്ടിയോട്) മോളെ നീ പോയി ഒരു ഐസ്‌ക്രീം വാങ്ങിക്കൊണ്ടുവാ.

പാറുകുട്ടി ത്രേസ്യാമ്മ കൊടുത്ത 20 രൂപയുടെ നോട്ടുമായി ഓടുന്നു.

അമ്മ: വേണ്ടീര്ന്നില്ല്യ.

ത്രേസ്യാമ്മ: സാരല്ല്യാന്നേയ്. മോള് കഴിക്കട്ടെ.

സീൻ 6 ഇ:

പാറുകുട്ടി ഐസ്‌ക്രീമുമായി വരുന്നു. ത്രേസ്യാമ്മ ഐസ്‌ക്രീം കുട്ടിയുടെ മുമ്പിൽ വച്ചുകൊടുക്കുന്നു.

കുട്ടി: താങ്ക്‌സ് ആന്റി.

കുട്ടി ഉടനെ അതു തിന്നാൻ തുടങ്ങുന്നു. അതു നോക്കിക്കൊണ്ട് ത്രേസ്യാമ്മ എഴുന്നേൽക്കുന്നു. അമ്മ ചിരിക്കുന്നു. ത്രേസ്യാമ്മയും പാറുകുട്ടിയും റസ്റ്റോറണ്ടിന്റെ പടികൾ ഇറങ്ങുന്നു.

സീൻ 7:

ത്രേസ്യാമ്മയും പാറുകുട്ടിയും ഒരു കവലയിൽ നിൽക്കുകയാണ്.

ത്രേസ്യാമ്മ: വയറ് വല്ലാതെ നിറഞ്ഞു. ഇനി ഷോപ്പിങ്ങിനൊന്നും വയ്യ. ഒരു ഭാഗത്ത് കെടക്കണം. നമുക്ക് നേരെ വീട്ടീ പോവ്വാ.

പാറുകുട്ടി: അതെ അമ്മച്ചീ. ബാക്കിള്ള സാധനങ്ങളൊക്കെ അടുത്ത ആഴ്ച വാങ്ങാം.

ത്രേസ്യാമ്മ: നമുക്ക് ഒരു ഓട്ടോ പിടിച്ച് പോവാം. വേഗം വീട്ടിലെത്തൂലോ.

പാറുകുട്ടി: അത്വന്നെ അമ്മച്ചീ.

പാറുകുട്ടി ഓട്ടോവിനു വേണ്ടി ചുറ്റും നോക്കുന്നു. പെട്ടെന്ന് അവൾ ചൂണ്ടിക്കാട്ടിക്കൊണ്ടു പറയുന്നു.

പാറുകുട്ടി: ദേണ്ടേ അമ്മച്ചീ, അവര് വരുണൂ.

ത്രേസ്യാമ്മ: അവര് എങ്ങോട്ടാണ് പോണത്. നമ്മള് പോണ വഴിയിലാണെങ്കില് അവരീം കൂട്ടായിരുന്നു.

അവർ പക്ഷെ ത്രേസ്യാമ്മയെ കാണാതെ റോഡിന്റെ മറുവശത്തേയ്ക്കു കുറുകെ കടക്കുകയായിരുന്നു.

പെട്ടെന്ന് എന്തോ ഓർത്തപോലെ ത്രേസ്യാമ്മ പഴ്‌സെടുത്ത് തുറന്ന് നോക്കുന്നു. ഒരൊഴിഞ്ഞ ഓട്ടോവിനു വേണ്ടി കൈകാണിക്കുന്ന പാറുകുട്ടിയെ പിടിച്ചു വലിക്കുന്നു.

ത്രേസ്യാമ്മ: പാറുകുട്ടീ, നില്ല്, ഓട്ടോ വിളിക്കാൻ വരട്ടെ. നീ ഈ സഞ്ചിയൊന്ന് പിടിക്ക്.

പാറുകുട്ടി സഞ്ചി പിടിക്കുമ്പോൾ ത്രേസ്യാമ്മ പഴ്‌സിലുള്ള പണം പുറത്തെടുത്ത് എണ്ണി തിട്ടപ്പെടുത്തുകയാണ്. രണ്ടു രൂപയുടെ നോട്ടുകൾ രണ്ടെണ്ണം. ഒരെണ്ണം നടുവേ കീറിയതാണ്. രണ്ട് അമ്പതു പൈസ നാണ്യങ്ങൾ പിന്നെ കുറെ പത്തു പൈസ ഇരുപതു പൈസ നാണ്യങ്ങളും. എണ്ണിക്കഴിഞ്ഞ ശേഷം അവർ പാറുകുട്ടിയുടെ മുഖത്തേയ്ക്കു നോക്കുന്നു.

ത്രേസ്യാമ്മ: പാറുകുട്ടി, ഒരു കാര്യം പറഞ്ഞാൽ നെനക്ക് വെഷമാവ്വോ.

പാറുകുട്ടി: എന്താ അമ്മച്ചീ?

ത്രേസ്യാമ്മ: ആ കൊച്ചിന് വേണ്ടി ഐസ്‌ക്രീം വാങ്ങാൻ നെന്റെ കയ്യിൽ തന്നില്ലേ ഒരു ഇരുപതിന്റെ നോട്ട്?

പാറുകുട്ടി: ആ അമ്മച്ചീ?

ത്രേസ്യാമ്മ: അത് അവസാനത്തെതായിരുന്നു. വേഗം ബസ് സ്റ്റോപ്പിലേയ്ക്കു നടന്നോ. നന്നായി ആ പെമ്പ്രന്നോരേം കൊച്ചിനീം വിളിക്കാതിരുന്നത്.

പാറുകുട്ടി: അത്യോ അമ്മച്ചീ?

ത്രേസ്യാമ്മ: കർത്താവ് മാനം കാത്തു. സാരല്ല്യ, ഓട്ടോവിന് പോകാൻ പറ്റീലെങ്കിലും ഒരു പാവപ്പെട്ട കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുക്കാൻ പറ്റീലോ.

പാറുകുട്ടി: അത്വന്നെ.

അത്വന്നെ എന്ന് പറഞ്ഞതും പാറുകുട്ടി നോക്കിയത് റോഡിന്റെ മറുവശത്ത്. അവിടെ കണ്ട കാഴ്ച അവളെ സ്തബ്ധയാക്കി.

ത്രേസ്യാമ്മ: വാ പെണ്ണേ ബസ്‌സ്റ്റോപ്പിലേയ്ക്ക് നടക്കാം.

പാറുകുട്ടി അപ്പോഴും വാ പൊളിച്ച് നിൽക്കുകയാണ്.

ത്രേസ്യാമ്മ: എന്താ പെണ്ണേ?

പാറുകുട്ടി: ദേണ്ടേ, അമ്മച്ചീ നോക്ക്.

ത്രേസ്യാമ്മ, പാറുകുട്ടി ചൂണ്ടിക്കാട്ടിയ സ്ഥലത്തേയ്ക്ക് നോക്കുന്നു. അവിടെ ഒരു പുതിയ തിളങ്ങുന്ന സീലോ കാറിന്റെ ഡോർ തുറന്നുകൊണ്ട് നിൽക്കുന്നത് നേരത്തെ കണ്ട 'പാവപ്പെട്ട സ്ര്തീ'യാണ്. അവർ കയറി വാതിലടച്ചു മറുവശത്തുള്ള വാതിൽ മകൾക്ക് കയറാനായി തുറന്ന് പിടിക്കുന്നു. മകൾ കയറിയശേഷം വാതിലടച്ച് അവർ കാറോടിച്ച് ത്രേസ്യാമ്മയുടെയും പാറുകുട്ടിയുടെയും മുമ്പിലൂടെ പോകുന്നു.

അന്തം വിട്ടു നിൽക്കുന്ന ത്രേസ്യാമ്മ.

ത്രേസ്യാമ്മ: പാറുകുട്ടി, നീയെന്നെ ഒന്ന് നുള്ള്. ഞാൻ സ്വപ്നം കാണ്വാണോ?

പാറുകുട്ടി: അമ്മച്ചീനെ നുള്ള്വല്ല വേണ്ടത് ഇടിക്കുവാ.

സാവധാനത്തിൽ രണ്ടുപേരും പൊരിവെയിലത്ത് ബസ്‌സ്റ്റോപ്പിലേയ്ക്കു നടക്കുന്ന ഷോട്ട്.

End of Episode 8

ഈ തിരക്കഥയെക്കുറിച്ച്


1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com