|| Scripts

ഒരു കുടുംബപുരാണം

ഇ ഹരികുമാര്‍

എന്റെ പ്രിയപുത്രൻ

ഈ എപ്പിസോഡിലേയ്ക്കു വേണ്ട കഥാപാത്രങ്ങൾ

ജോസഫേട്ടൻ
ത്രേസ്യാമ്മ
പാറുകുട്ടി
മാളികയിലെ തോട്ടക്കാരൻ
മറിയാമ്മ
പള്ളീലച്ചൻ
കുട്ടികൾ

Part I

ടൈറ്റിൽ സീൻ:

ജോസഫേട്ടൻ നടക്കുകയാണ്. രാവിലെ മോണിങ് വാക്കാണ്. കിളികളുടെ ശബ്ദം. സൂര്യവെളിച്ചം മരങ്ങൾക്കിടയിലൂടെ താഴ്ന്നു വരുന്നു. അന്തരീക്ഷത്തിലെ ഫ്രെഷ്‌നസ്. എല്ലാം ആസ്വദിച്ചു നടക്കുന്ന ജോസഫേട്ടൻ പെട്ടെന്ന് എന്തോ കാഴ്ച കണ്ട് നിൽക്കുന്നു. കാമറ പാൻ ചെയ്യുമ്പോൾ കാണുന്നത് തുറന്നിട്ട ഒരു വലിയ ഗെയ്റ്റാണ്. ഗെയ്റ്റിനു പിന്നിൽ വലിയൊരു മാളികയ്ക്കു മുമ്പിൽ വിശാലമായ മുറ്റം. മുറ്റത്തിന്റെ അരുകിൽ മനോഹരമായ ഒരു പുൽത്തകിടി (lawn). നിമ്‌നോന്നതങ്ങളായ ലാന്റ്‌സ്‌കേപ്പ് നിർമ്മിച്ച് അതിന്മേൽ പുൽ വെച്ച് പിടിപ്പിച്ചിരിക്കുന്നു. ഇടക്കിടക്ക് റോസ് തുടങ്ങിയ പൂച്ചെടികൾ ഭംഗിയുള്ള ചട്ടികളിൽ. കാഴ്ച മനോഹരമാണ്. ജോസഫേട്ടൻ അന്തം വിട്ട് നോക്കി നിൽക്കുകയാണ്.

ടൈറ്റിൽ സീൻ തല്ക്കാലം നിർത്തുന്നു.

സീൻ 1:

ടൈറ്റിൽ സീനിന്റെ തുടർച്ചതന്നെ. ഒരു വാച്ച്മാൻ ഗെയ്റ്റ് അടക്കാൻ വരുന്നു. അകത്തേയ്ക്ക് നോക്കിനിൽക്കുന്ന ജോസഫേട്ടനെ കണ്ട് നിൽക്കുന്നു. ജോസഫേട്ടൻ അടുത്തേയ്ക്കു വരുന്നു.

വാച്ച്മാൻ: എന്താ സാറേ?

ജോസഫേട്ടൻ: ഞാനേയ് ഈ പുൽത്തകിടിടെ ഭംഗി കണ്ട് നോക്കിനിന്നതാ.

വാച്ച്മാൻ: സാറ് അകത്തേയ്ക്കു വന്ന് നോക്കിക്കോ.

ജോസഫേട്ടൻ: ഏയ്, വീട്ടുടമസ്ഥർക്ക് വെഷമാവില്ലേ?

വാച്ച്മാൻ: ഏയ് അവർക്കെന്തു വിഷമം. ഇവിടത്തെ സാറിന് ഇതൊക്കെ കാണിക്കാൻ ഇഷ്ടാ. പിന്നെ അവരൊന്നും ഇല്ല ഇവിടെ. മുന്നാറീല് പോയിരിക്ക്യാ.

ജോസഫേട്ടൻ: എന്നാൽ കണ്ടുകളയാം.

ജോസഫേട്ടൻ അകത്തു കടക്കുന്നു.

ടൈറ്റിൽ സീൻ വീണ്ടും തുടങ്ങുന്നു. ജോസഫേട്ടന് തോട്ടം കാണിച്ചുകൊടുക്കുന്ന വാച്ച്മാൻ. തോട്ടത്തിന്റെ വിശദാംശങ്ങൾ സൂക്ഷ്മമായി പഠിക്കുന്ന ജോസഫേട്ടൻ. അവർ തമ്മിലുള്ള സംസാരം കേൾക്കുന്നില്ല.

സീൻ 2:

ജോസഫേട്ടന്റെ വീട്ടിന്റെ ഉമ്മറം. ജോസഫേട്ടൻ പ്രാതൽ കഴിക്കുന്നു. മുട്ടക്കറിയും ഇടിയപ്പവുമാണ്. കഴിച്ചു കൊണ്ടിരിക്കുമ്പോൾ മറുവശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഭാര്യയോട് അദ്ദേഹം സംസാരിക്കുന്നു.

ജോസഫേട്ടൻ: ഞാനൊരു ലാണുണ്ടാക്കാൻ പോവ്വാ.

ത്രേസ്യാമ്മ: എന്തിനാ ഇപ്പൊ കടമെടുക്കണത്? മുമ്പൊരിക്കൽ ഇതേപോലെ ലോണെട്ത്ത് കട തൊടങ്ങാംന്ന് വിചാരിച്ച്, ഭാഗ്യത്തിന് ജോമോൻ മൊടക്കി. കടമെടുത്തിട്ടൊന്നും ബിസിനസ്സ് ചെയ്യേണ്ട.

ജോസഫേട്ടൻ: (ഭാര്യ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ചിരിക്കാൻ തുടങ്ങിയതാണ്.) നീ എന്തു കണ്ടിട്ടാണ് സംസാരിക്കണത്. ലോണല്ല, ഇത് എല്ലെഡബ്ലിയുഎൻ, ലാൺ. അതായത് പുൽത്തകിടി. മുറ്റത്ത് രണ്ടു വശത്തുമായി ഓരോ പുൽത്തകിടി. അതിനു ചുറ്റും തോട്ടച്ചീരകൊണ്ട് ബോർഡറ്. പിന്നെ എടക്കെടക്ക് പൂച്ചെടികള്. റോസ്, തെച്ചി, അങ്ങനെ പലതും. നന്നായിരിക്കും.

ത്രേസ്യാമ്മ: (ഇഷ്ടപ്പെടുന്നില്ലെന്ന് മുഖത്തെ ഭാവം) അതൊന്നും ഇവിടെ വേണ്ട. മുറ്റം നിറയെ പുല്ലും കാടുമൊക്കെയായാൽ പിന്നെ ഇത്തിരി കൊണ്ടാട്ടം ഒണക്കണെങ്കി സ്ഥലംണ്ടാവില്ല.

ജോസഫേട്ടൻ: നീ കണ്ടോ. എല്ലാം ഉണ്ടാക്കിക്കഴിയുമ്പഴേ അതിന്റെ ഭംഗി അറിയൂ.

ത്രേസ്യാമ്മ: ആ നേരം രണ്ടു വെണ്ടത്തയ്യ് നടാൻ നോക്ക്. പച്ചക്കറിക്കൊകെ എന്താ വെല?

ജോസഫേട്ടൻ: അമ്മായിയമ്മടെ മരുമോള് തന്ന്യാണല്ലോ.

ത്രേസ്യാമ്മ എഴുന്നേറ്റ് എന്തോ എടുക്കാൻ അടുക്കളയിലേയ്ക്കു പോകുന്നു.

സീൻ 3:

അടുക്കളയിൽ പാറുകുട്ടി അടുപ്പത്ത് എന്തോ ഇളക്കുകയാണ്. ത്രേസ്യാമ്മ അടുത്തു ചെന്ന് സ്വകാര്യമായി പറയുന്നു.

ത്രേസ്യാമ്മ: നോക്ക് പെണ്ണേ, ഇന്ന് നമ്മള് ജോസഫേട്ടന് ഇഷ്ടംള്ള സാധനല്ലെ ഉണ്ടാക്കിക്കൊടുത്തത്?

പാറുകുട്ടി: അതേ അമ്മച്ചീ, ജോസഫേട്ടന് ഏറ്റവും ഇഷ്ടം ഇടിയപ്പും മുട്ടക്കറീയുമാ.

ത്രേസ്യാമ്മ: എന്നിട്ടെന്താ അവിടെ കെടന്ന് അതും ഇതുമൊക്കെ പറേണു.

പാറുകുട്ടി: (പേടിച്ചുകൊണ്ട്) എന്ത് അമ്മച്ചീ. നന്നായില്ലാന്ന് പറഞ്ഞോ?

ത്രേസ്യാമ്മ: അല്ലെടീ ഏതാണ്ട് മുറ്റത്തൊക്കെ പുല്ല് പിടിപ്പിക്ക്യാണ്‌ന്നൊക്കെ.

പാറുകുട്ടി: (ദേഷ്യത്തോടെ) പിന്നേയ്...

ത്രേസ്യാമ്മ: അതെടീ, എന്നോടിപ്പ പറഞ്ഞതാ. എനിക്ക് ദേഷ്യം പിടിച്ചിട്ട് എണീറ്റുപോന്നതാ.

പാറുകുട്ടി: (മൂക്കത്ത് വിരൽവെച്ചുകൊണ്ട്) എന്താ അമ്മച്ചീ ജോസഫേട്ടന് ഇങ്ങനെ ഒരസുഖം വരാൻ?

ത്രേസ്യാമ്മ: നീയൊന്നു വാ, നീയുംകൂടി ഒന്നു പറഞ്ഞുനോക്ക്.

രണ്ടുപേരും കൂടി ഭക്ഷണമുറിയിലേയ്ക്കു പോകുന്നു.

സീൻ 4:

ജോസഫേട്ടൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കയാണ്. ത്രേസ്യാമ്മയും പാറുകുട്ടിയും വരുന്നു. പാറുകുട്ടി ഒരു പ്രത്യേക ഭാവത്തോടെ ജോസഫേട്ടനെ നോക്കുന്നു.

ജോസഫേട്ടൻ: പാറുകുട്ടീ, മുട്ടക്കറി നന്നായിട്ടൊണ്ട്. കൊറച്ചുകൂടി വിളമ്പ്.

പാറുകുട്ടി മുട്ടക്കറി വിളമ്പുന്നു. ത്രേസ്യാമ്മ ഭക്ഷണം തുടരുന്നു.

ജോസഫേട്ടൻ: അപ്പഴേയ്ക്ക് നീയെങ്ങോട്ടു പോയെന്റെ കൊച്ചുത്രേസ്യേ? ഞാൻ പറഞ്ഞോണ്ടിരുന്നത് ലാണുണ്ടാക്ക്‌ണേനെപ്പറ്റിയാ. പുല്ല് നഴ്‌സറീല് കിട്ടും. ഇന്നു തന്നെ പോയി വാങ്ങണം.

ത്രേസ്യാമ്മ അർത്ഥം വച്ച് പാറുകുട്ടിയെ നോക്കുന്നു. ജോസഫേട്ടൻ അതൊന്നും ശ്രദ്ധിക്കുന്നില്ല. അദ്ദേഹം പുൽത്തകിടിയുടെ ലോകത്താണ്.

ജോസഫേട്ടൻ: പിടിച്ചുവന്നാല് നല്ല പച്ചപ്പരവതാനിടെ മാതിരിണ്ടാവും.

ത്രേസ്യാമ്മ: ഇനി അതിനു കൂടിയേ പണം ചെലവാക്കേണ്ടു. നിങ്ങ ഒരു ഭാഗത്തിരി.

ജോസഫേട്ടൻ ഇപ്പോൾ ത്രേസ്യാമ്മയുടെ എതിർപ്പിനെപ്പറ്റി ബോധവാനാണ്. അദ്ദേഹം അവരെ നോക്കിക്കൊണ്ട് തുടരുന്നു.

ജോസഫേട്ടൻ: നടുവിലായി ഒരു ചെറിയ ഫൗണ്ടൻ വെക്കണം. നല്ല രസംണ്ടാവും. അതിൽനിന്ന് വെള്ളം മേളിലേയ്ക്ക് ചീറ്റി വരും.

ത്രേസ്യാമ്മ: ഇനി അതിമ്മലായി. ഞാൻ പറഞ്ഞേക്കാം, ഇങ്ങിനെ അതിനും ഇതിനും ഒന്നും പണം ചെലവാക്കല്ലെ. നല്ല ഒരു മുണ്ട് വാങ്ങാൻ പറഞ്ഞാൽ കേക്കില്ല. കീറിയത് ഇട്ടോണ്ട് നടക്കും. ഇങ്ങിനെ ഓരോ കാര്യത്തിന് എത്രയാ ചെലവാക്ക്വാ.

ജോസഫേട്ടൻ ത്രേസ്യാമ്മയെ ഒരു പ്രത്യേക അർത്ഥത്തിൽ നോക്കുന്നു. (കുറച്ചെങ്കിലും ഭാവന, അത് ഈ സ്ര്തീയുടെ മനസ്സിൽ വിരിയില്ല എന്ന അർത്ഥത്തിൽ)

ത്രേസ്യാമ്മ: ഇനി വല്ലതും പറഞ്ഞാൽ എനിക്ക് ഭാവനയില്ല എന്നൊക്കെ പറയും.

ജോസഫേട്ടൻ: അതിന് കൊച്ചുത്രേസ്യേ ഞാനൊന്നും പറഞ്ഞില്ലല്ലൊ.

ത്രേസ്യാമ്മ: അല്ല നിങ്ങളിനി പറയാൻ പോണത് അതല്ലെ?

ജോസഫേട്ടൻ: (വാശിയോടെ) നീയെന്തു പറഞ്ഞാലും ശരി, ഞാനത്ണ്ടാക്കാൻ തീർച്ചയാക്കിക്കഴിഞ്ഞു.

ജോസഫേട്ടൻ എഴുന്നേറ്റ് വാഷ്‌ബേസിനിൽ പോയി കൈ കഴുകുന്നു.

ത്രേസ്യാമ്മയും പാറുകുട്ടിയും കൂടി ഒഴിഞ്ഞ പാത്രങ്ങളുമായി അടുക്കളയിലേക്ക് പോകുന്നു.

സീൻ 5:

പാത്രങ്ങൾ സിങ്കിന്റെ അടുത്തുവെച്ച് ത്രേസ്യാമ്മ സ്വകാര്യമായി പറയുന്നു.

ത്രേസ്യാമ്മ: നീ കേട്ടില്ലെടീ പാറുക്കുട്ടി, അതിയാൻ മുറ്റത്ത് ഏതാണ്ടൊക്കെണ്ടാക്കാൻ പോണു. വല്ല കാര്യംണ്ടോ? ഞാൻ പറഞ്ഞാൽ ഒരു വെലേംല്ല്യ. ഇനി അതിനും കുറെ പണം ചെലവാക്കും.

പാറുകുട്ടി: അമ്മച്ചീടെ പ്രശ്‌നം എന്താന്നറിയോ. ക്ഷമല്ല്യായ. ജോസഫേട്ടൻ എന്തെങ്കിലും പറേമ്പോഴേക്കും അമ്മച്ചി എതിരു പറയും. അപ്പൊപ്പിന്നെ ജോസഫേട്ടനും വാശി കേറും. അതല്ലെങ്കി ജോസഫേട്ടൻ അതൊന്നും ചെയ്യണ്ടാവില്ല്യ. ആദ്യം സമ്മതിക്ക്യാ, പിന്നെ സാവധാനത്തില് അതിന്റെ ഗുണദോഷങ്ങള് പറഞ്ഞുകൊടുക്ക്വാ. അല്ലെങ്കീ ജോസഫേട്ടൻ തന്നെ പിന്നെ അതിന്റെ ഗുണദോഷങ്ങള് മനസ്സിലാക്കി വേണ്ടാന്ന് വെയ്ക്കും.

ത്രേസ്യാമ്മ: ശര്യാല്ലെ? ഞാനേതായാലും ഒന്നുംകൂടി പറഞ്ഞുനോക്കട്ടെ.

ത്രേസ്യാമ്മ പോകുന്നു. ഈ സ്ര്തീ ശരിയാവില്ലെന്ന ഭാവത്തിൽ ആ പോക്കു നോക്കി നിൽക്കുന്ന പാറുകുട്ടി.

സീൻ 6:

ജോസഫേട്ടനെ അന്വേഷിച്ചു പോകുന്ന ത്രേസ്യാമ്മ ഉമ്മറവാതിൽക്കൽ നിൽക്കുന്നു. മുറ്റത്ത് ജോസഫേട്ടൻ ജോലി ചെയ്യുന്നു. ഒരു കൈക്കോട്ടുമായി ഉണങ്ങിയ മണ്ണ് കിളച്ചു മറിക്കയാണ്. കിളച്ച മണ്ണ് ഉടച്ചു പൊടിക്കുന്നു, നിരത്തുന്നു. മുകളിൽ മൊട്ട വെയിലാണ്. അതൊന്നും കൂസാതെ ജോസഫേട്ടൻ ജോലി ചെയ്യുന്നു.

ത്രേസ്യാമ്മ തലയാട്ടിക്കൊണ്ട് തിരിച്ചു പോകുന്നു.

സീൻ 7:

അടുക്കളയിൽ. ഊണിനുള്ള ഒരുക്കങ്ങൾ കൂട്ടുന്ന പാറുകുട്ടി. ചുമരിലെ ഘടികാരത്തിൽ സമയം 12.40 ആയിരിക്കുന്നു. പാറുകുട്ടി കൂട്ടാന്റെ രണ്ടു പാത്രങ്ങളുമായി ഊൺ മുറിയിലേയ്ക്കു പോകുന്നു. ത്രേസ്യാമ്മ ആലോചനയിലാണ്. വളരെ സാവധാനത്തിൽ, കൈ വഴങ്ങാത്ത മട്ടിൽ ജോലി ചെയ്യുന്നു.

സീൻ 8:

എല്ലാവരും കുട്ടികളുടെ ഒപ്പം ഭക്ഷണം കഴിക്കുന്ന ഷോട്ട്. അധികം സംസാരമൊന്നുമില്ല.

ജോസഫേട്ടൻ: ഊണു കഴിഞ്ഞാൽ ഞാൻ പൊറത്തിറങ്ങും.

ത്രേസ്യാമ്മ: അപ്പൊ ഒറങ്ങ്ണില്ല്യേ?

ജോസഫേട്ടൻ: ഇന്ന് ഒറക്കം ഇല്ല. ലാണുണ്ടാക്കാനുള്ള സാധനങ്ങള് വാങ്ങിക്കൊണ്ടരണം.

ത്രേസ്യാമ്മ എന്തോ പറയാൻ ഒരുമ്പെടുന്നു. പാറുകുട്ടി ചുണ്ടിൽ വിരൽവെച്ച് വിലക്കുന്നു.

ഫേയ്ഡൗട്ട്.

സീൻ 9:

സമയം നാലു മണി. കുട്ടികൾ ഉമ്മറത്തും മിറ്റത്തുമായി കളിച്ചുകൊണ്ടിരിക്കുന്നു. ചിലർ ഉമ്മറപ്പടിയിൽ വെറുതെ ഇരിക്കുന്നു. പാറുകുട്ടി ഉമ്മറപ്പടിയിൽ ഇരുന്നുകൊണ്ട് കുട്ടികളെ ശ്രദ്ധിക്കുകയാണ്. കാമറ ഉമ്മറത്തേയ്ക്കു പാൻ ചെയ്യുമ്പോൾ കാണുന്നത് സോഫയിലിരുന്ന് ഉറക്കം തൂങ്ങുന്ന ത്രേസ്യാമ്മയാണ്.

സീൻ 9 എ:

പടിക്കൽ ഒരു ഓട്ടോ വന്നു നിൽക്കുന്നു. പെട്ടെന്ന് എഴുന്നേൽക്കുന്ന പാറുകുട്ടിയുടെ ഷോട്ട്. ഓട്ടോവിൽനിന്ന് പുറത്തേയ്ക്കു നോക്കുന്ന ജോസഫേട്ടന്റെ ഷോട്ട്. പാറുകുട്ടി അകത്തേയ്ക്ക് വിളിച്ചു പറയുന്നു.

പാറുകുട്ടി: ദേണ്ടേ അമ്മച്ചീ, ജോസഫേട്ടൻ വന്നു.

ഞെട്ടി ഉണരുന്ന ത്രേസ്യാമ്മയുടെ മുഖം.

പാറുകുട്ടി: ജോസഫേട്ടൻ വന്നൂ. അമ്മച്ചി വാ.

അതിൽ കാര്യമായെന്തോ ഉണ്ടെന്ന മട്ടിൽ ത്രേസ്യാമ്മ എഴുന്നേറ്റു വരുന്നു.

സീൻ 9ബി:

ഓട്ടോവിൽ നിന്ന് ഒരു ചാക്ക് ഇറക്കുന്ന ജോസഫേട്ടൻ. ഇറക്കിയ ചാക്ക് വലിച്ചുകൊണ്ട് മിറ്റത്തേയ്ക്കു കൊണ്ടുവരുന്നു. കുട്ടികളെല്ലാം ജോസഫേട്ടനു ചുറ്റും നിൽക്കുന്നു. ചാക്കിൽ എന്താണെന്നറിയാനുള്ള ഔത്സുക്യമാണ് എല്ലാ മുഖത്തും. പാറുകുട്ടിയും, ഉമ്മറത്തുനിന്നു വന്ന ത്രേസ്യാമ്മയും മുറ്റത്തേയ്ക്കിറങ്ങി നിൽക്കുന്നു. പറമ്പിൽനിന്ന് കോഴിയും വന്ന് നോക്കിനിൽക്കുകയാണ്. ജോസഫേട്ടൻ എല്ലാവരേയും നോക്കിക്കൊണ്ട് ഒരു മാന്ത്രികന്റെ ഭാവത്തോടെ ചാക്ക് കെട്ടഴിച്ച് മിറ്റത്തേയ്ക്കു ചെരിയുന്നു. ചാക്കിൽനിന്ന് മണ്ണും വേരും കലർന്ന ഒരു കെട്ട് പുല്ല് വീഴുന്നു.

ഒരു കുട്ടി: ഇതെന്താ അപ്പൂപ്പൻ കൊറെ പുല്ലും മണ്ണും കൊണ്ടന്നിരിക്കണത്?

ആർക്കും ബോധിച്ചിട്ടില്ലെന്ന് ജോസഫേട്ടന് മനസ്സിലാവുന്നു. അദ്ദേഹം പറയുന്നു.

ജോസഫേട്ടൻ: നൂറ്റിയിരുപത്തഞ്ചു രൂപേടെ മൊതലാ ഇക്കെടക്കണത്.

ത്രേസ്യാമ്മ: (മൂക്കത്ത് വിരൽ വെച്ച്) എന്റെ കർത്താവേ!

ആർക്കും ഒരു മതിപ്പുണ്ടായില്ല. ഓരോരുത്തരായി സ്ഥലം വിടുകയാണ്.

ത്രേസ്യാമ്മ: (തിരിഞ്ഞു നടന്നുകൊണ്ട്) എനിക്ക് അടുക്കളേല് ജോലീണ്ട്.

പാറുകുട്ടി: അയ്യോ ഞാൻ പാല് തെളപ്പിക്കാൻ വെച്ചിട്ടൊണ്ട്, മറന്നുപോയി.

പാറുകുട്ടിയും ഓടിപ്പോകുന്നു. കുട്ടികളും കളിക്കാനായി ഓടിപ്പോയി. കോഴി മാത്രം മുന്നോട്ട് വന്ന് കാലുകൊണ്ട് ചിക്കി വല്ല മണ്ണിരയും ഉണ്ടോ എന്ന് കുറച്ചുനേരം പരതിനോക്കി. അവസാനം അതും നിരാശയോടെ തല വെട്ടിച്ച് നടന്നകന്നു. ജോസഫേട്ടനും മുമ്പിലെ പുല്ലുണ്ടയും ചുറ്റുമുള്ള ഏകാന്തതയും മാത്രം. ഒറ്റയ്ക്കായതിൽ വിഷമമുണ്ടെങ്കിലും അതു മാറ്റിവച്ച് ജോലി ചെയ്യാനിറങ്ങുന്നു.

സീൻ 10:

അടുക്കളയിൽ പാറുകുട്ടി ജോലിയെടുത്തുകൊണ്ടിരിക്കുന്നു. ത്രേസ്യാമ്മ അടുത്തുതന്നെ മൂക്കത്ത് വിരലുംവച്ച് നിൽക്കുകയാണ്.

ത്രേസ്യാമ്മ: നീ കണ്ടോടി വാങ്ങിച്ചുകൊണ്ടോന്നിരിക്കണത്? നൂറ്റിരുപത്തഞ്ചു രൂപേയ്.

പാറുകുട്ടി: ആ അമ്മച്ചീ, ഒരഞ്ചു രൂപ തന്നാൽ ഞാൻ ഇതിലുമധികം പുല്ല് വെട്ടിക്കൊണ്ടു വരാം.

ത്രേസ്യാമ്മ: ഞാൻ പറഞ്ഞാൽ കേക്കുമോ അച്ചായൻ? ഇനി എത്ര രൂപയാ തൊലക്ക്യാന്ന് കണ്ടറിയണം.

പാറുകുട്ടി: ശര്യാ അമ്മച്ചി. വലിയ കൊഴപ്പല്യാത്ത ആളായിരുന്നു. ഇന്നെന്തു പറ്റിയാവോ. ആരോ ജോസഫേട്ടനിട്ടു വെച്ചതാന്നു തോന്നുണു.

ത്രേസ്യാമ്മ: അല്ലാതെ?

സീൻ 11:

വൈകുന്നേരം 6 മണി. കുട്ടികളെല്ലാം പോയിക്കഴിഞ്ഞു. ജോസഫേട്ടൻ കിളച്ച സ്ഥലത്ത് കൊച്ചുകുന്നുകളും താഴ്‌വരകളും നിർമ്മിച്ച് പുല്ലെല്ലാം നട്ടു കഴിഞ്ഞു. ഹോസെടുത്ത് നനക്കുകയാണ്. തടത്തിൽ അവിടവിടെ യായി വാടിയ പുല്ലുകൾ മാത്രം. ത്രേസ്യാമ്മ വരുന്നു. അവർ കുറച്ചു നേരം ആ കാഴ്ച വിഷമത്തോടെ നോക്കി നിൽക്കുന്നു. ജോസഫേട്ടൻ നന മതിയാക്കി പോകുന്നു.

സീൻ 12:

രാവിലെ സമയം. ജോസഫേട്ടൻ ഹോസെടുത്ത് നനക്കുന്നു.

സീൻ 12എ:

അടുക്കളയിലെ ജനലിലൂടെ ജോസഫേട്ടൻ നനക്കുന്നത് നോക്കി നിൽക്കുന്ന ത്രേസ്യാമ്മ. പാറുകുട്ടി ധൃതിയിൽ ജോലിയെടുക്കുകയാണ്.

ത്രേസ്യാമ്മ: എടീ നോക്ക് അച്ചായൻ കാര്യമായി നനക്കുന്നുണ്ട്. ഞാനിന്നലെ നോക്ക്യപ്പൊ അതില്‌ത്തെ പുല്ലൊക്കെ ഒണങ്ങിപ്പോയിരിക്കുണു. എന്തു മൊളച്ചുവരുംന്ന് വെച്ചിട്ടാണാവോ നനക്ക്ണത്.

പാറുകുട്ടി: ആന്നേയ്.

സീൻ 13:

ഒരാഴ്ചക്കു ശേഷം. വൈകുന്നേരം കുട്ടികളെ ഓരോരുത്തരായി പറഞ്ഞയക്കുന്നു. അവസാനത്തെ കുട്ടിയെ അവരുടെ മാതാപിതാക്കളുടെ ഒപ്പം അയച്ചശേഷം ത്രേസ്യാമ്മ ഉമ്മറപ്പടിമേലിരിക്കുന്നു. പാറുകുട്ടി വെറുതെ മിറ്റത്ത് നടന്നുനോക്കുന്നു. പെട്ടെന്നവൾ എന്തോ കണ്ടപോലെ തടങ്ങളിൽ നോക്കുന്നു. എന്തോ പ്രത്യേകത കണ്ട് അവൾ ഇരുന്നുകൊണ്ട് നോക്കുന്നു. ത്രേസ്യാമ്മയെ മാടി വിളിക്കുന്നു.

പാറുകുട്ടി: അമ്മച്ചീ, ഇങ്ങു വന്നേ.

ത്രേസ്യാമ്മ: എന്താ പെണ്ണേ.

പാറുകുട്ടി: ഇങ്ങു വന്നേ, ഒരു കാര്യം കാണിച്ചുതരാനാ.

ത്രേസ്യാമ്മ എഴുന്നേറ്റു ചെല്ലുന്നു. പാറുകുട്ടിയുടെ അടുത്തിരുന്ന് ചൂണ്ടിക്കാട്ടിയ സ്ഥലം പരിശോധിക്കുന്നു. കാമറ കാണിക്കുന്നത് നിറയെ മുളകൾ പൊട്ടിയിട്ടുള്ള പുല്ലുകളാണ്. ശക്തമായ മുളകൾ. ത്രേസ്യാമ്മയുടെ കണ്ണുകൾ വിടരുന്നു.

ത്രേസ്യാമ്മ: നല്ല രസംണ്ട് ഇല്ലെടീ.

പാറുകുട്ടി: ആ അമ്മച്ചീ, ഉടുപ്പിടാത്ത കൊച്ചുകുട്ടികള്‌ടെ മാതിരിണ്ട്.

ജോസഫേട്ടൻ പുറത്തുനിന്ന് വരുന്നു. ഭാര്യയും പാറുകുട്ടിയും നോക്കിനിൽക്കുന്നതിനു പിന്നിൽ വന്നുനിൽക്കുന്നു. പെട്ടെന്ന് ഒരു മുത്തങ്ങപ്പുല്ല് മുളച്ചത് കാണുന്നു. ഇരുന്ന് അതു പറച്ചു കളയുന്നു.

ത്രേസ്യാമ്മ: അപ്പൊ നിങ്ങ എന്തിനാ അതു പറച്ചു കളഞ്ഞത്. അതും പുല്ല് തന്നല്ലെ?

ജോസഫേട്ടൻ: അത് മുത്തങ്ങപ്പുല്ലാണ്. നട്ടു പിടിപ്പിച്ചത് ഒരു പ്രത്യേക പുല്ലാണ്. അത് നല്ല കട്ടീല് പരവതാനിപോലെ പടർന്ന് പിടിക്കും. അതിന്റെ എടേല് വേറെ ഒന്നും പാടില്ല. പുല്ലാണെങ്കീത്തന്നെ.

ത്രേസ്യാമ്മ: അതെയല്ലേ?

ജോസഫേട്ടൻ: ഇനി കണ്ടോ. നോക്കിക്കൊണ്ടിരിക്കേ ഈ പുല്ല് വളരും. ഞാൻ വളം ഇട്ടുകൊടുത്തിട്ടൊണ്ട്. എടേല് ഇപ്പ കാണണ മണ്ണൊക്കെ മാഞ്ഞുപോകും. കടും പച്ചപ്പുല്ലുമാത്രം കാണാം. ഇതാ അവിടെ ഞാനൊരു ജലധാരണ്ടാക്കും. ദാ, ഈ അരികിലൊക്കെ തോട്ടച്ചീര ഒരു ബോർഡറായിട്ട്.........

ജോസഫേട്ടൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ പുല്ലുകൾ വളരുന്നതായും കട്ടികൂടിയ ഒരു പരവതാനിയാവുന്നതും, ചുറ്റും ചുവന്ന തോട്ടച്ചീരയുടെ ബോർഡർ തന്നത്താൻ വരുന്നതും, നടുവിൽ ഒരു ജലധാരയിൽനിന്ന് വെള്ളം ചീറ്റി വരുന്നതും മോർഫിങ്ങിലൂടെ കാണിക്കണം.

End Of Part I

Part II

സീൻ 14:

പൂമുഖം. മുട്ടക്കാരി എലിയാമ്മ വാതിലിന്റെ അടുത്ത് ഇരിക്കുന്നു. ചായയും പലഹാരവും കഴിക്കുന്നുണ്ട്. പാറുകുട്ടി മുട്ടയ്ക്കുള്ള പാത്രവുമായി വരുന്നു.

എലിയാമ്മ: എന്റെ ത്രേസ്യാമ്മേ ജോസഫേട്ടന്റെ കയ്യില് കൊറേ കോപ്പൊണ്ട്. മുമ്പ് കോഴിക്കൂടുണ്ടാക്കിയപ്പോത്തന്നെ ഞാൻ പറഞ്ഞില്ലേ. ഈ പുല്ല് വളർത്തീത് എന്തു ഭംഗിയായിരിക്കുണു. വൈകുന്നേരൊക്കെ അതില് കെടന്ന് ഒറങ്ങാൻ പറ്റും.

ത്രേസ്യാമ്മ: ഞങ്ങള് വൈകുന്നേരൊക്കെ അതിമ്മല് ഇരിക്കാറ്ണ്ട്. ആ ജലധാര തൊടങ്ങ്യാല് എന്ത് സുഖാന്നറിയോ.

പാറുകുട്ടി: അത് ണ്ടാക്കാൻ തൊടങ്ങുമ്പ അമ്മച്ചി എന്തൊക്കെ പറഞ്ഞതാ.

ത്രേസ്യാമ്മ: ഇത്രയൊക്കെ നന്നാവുംന്ന് ഞാൻണ്ടോ കരുതി?

എലിയാമ്മ: എത്ര മൊട്ട വേണം മോളെ.

പാറുകുട്ടി: പത്തെണ്ണം.

ത്രേസ്യാമ്മ: എട്ടെണ്ണം മതി എലിയാമ്മേ. മൊട്ട കണ്ടാൽ ജോസഫേട്ടന് കൊതിയാ. മൊട്ട കൊടുത്തു പോവര്ത് ന്നാ ഡോക്ടറ് പറഞ്ഞിട്ടൊള്ളത്.

എലിയാമ്മ: മൊട്ട തിന്നാലൊന്നും അസുഖം വരില്ലന്റെ ത്രേസ്യാമ്മേ.

പാറുകുട്ടി: പത്തെണ്ണംതന്നെ ഇരുന്നോട്ടെ അമ്മച്ചീ. ഈയാഴ്ചല്ലേ വല്ല്യമ്മച്ചി വരണത്?

ത്രേസ്യാമ്മ: ങാ, വല്ല്യമ്മച്ചി ഈ വ്യാഴാഴ്ച വരും.

എലിയാമ്മ മൊട്ട എണ്ണി വയ്ക്കുന്നു.

സീൻ 15:

വൈകുന്നേരം അഞ്ചര മണി. ത്രേസ്യാമ്മയുടെ വീടിന്റെ പടിക്കൽ ഒരു ഓട്ടോ വന്നു നിൽക്കുന്നു. ഓട്ടോവിൽനിന്ന് മറിയാമ്മ ഇറങ്ങുന്നു. ഒരു തുണിസഞ്ചിയുണ്ട് കയ്യിൽ. അതിൽനിന്ന് പഴ്‌സെടുത്ത് ഓട്ടോക്കാരനോട് ചോദിക്കുന്നു.

മറിയാമ്മ: എത്രയായെടോ?

ഓട്ടോക്കാരൻ: പതിനഞ്ചു രൂപ.

മറിയാമ്മ: സൌത്ത് റെയിൽവെ സ്റ്റേഷനീന്ന് ഇത്രേടംവരാൻ പതിനഞ്ചു രൂപയോ? ഞാൻ തന്റെ ഓട്ടോവിന്റെ വിലയല്ല ചോദിച്ചത്, വാടകയാ.

മറിയാമ്മ പത്തു രൂപയെടുത്ത് കൊടുക്കുന്നു.

ഓട്ടോക്കാരൻ: പെട്രോളിന്റെ വില കൂടിയതൊന്നും വല്ല്യമ്മ അറിഞ്ഞില്ലായിരിക്കും.

മറിയാമ്മ: ആട്ടെ തനിക്കിനി എത്ര വേണം?

ഓട്ടോക്കാരൻ: ഒരു രണ്ടു രൂപ കൂടി എടുക്ക് വല്ല്യമ്മേ.

പൊക്കണസഞ്ചിയിൽ നിന്ന് രണ്ടു രൂപ കൂടി എടുത്തുകൊടുത്ത് അവർ ഗെയ്റ്റു കടക്കുന്നു. വീട്ടിലേയ്ക്കു നോക്കി വിളിക്കുന്നു.

മറിയാമ്മ: കൊച്ചുത്രേസ്യേ, ജോസേ....

ശബ്ദം കേട്ട് പാറുക്കുട്ടി പുറത്തേക്ക് വരുന്നു.

പാറുകുട്ടി: (സന്തോഷത്തോടെ) വല്ല്യമ്മച്ചി വന്നാ?

മറിയാമ്മ: എടി ജോസെവിടെ? കൊച്ചുത്രേസ്യേം?

പാറുകുട്ടി: അവർ ഒരു വൗത്തീസിന് പോയിരിക്ക്യാണ് വല്ല്യമ്മച്ചി.

മറിയാമ്മ: ആരടെ വൗത്തീസാടി കൊച്ചേ?

പാറുകുട്ടി: ആഹ് അറിയാമ്പാട്ല്ല. അമ്മച്ചീടെ വല്ല്യപ്പച്ചന്റെ മോക്കടെ...... ആ, ആർക്കറിയാം. ഒരു കൊച്ചിന്റേതാ.

മറിയാമ്മ: ആഹാ, വൗത്തീസ് ഒരു കൊച്ചിന്റേതാണല്ലേടി. നീ പോയി ഒരു ചായ ഇട്ടോണ്ടു വാ.

പാറുകുട്ടി പോകാനായി തിരിയുന്നു. മറിയാമ്മ വിളിച്ചു പറയുന്നു.

മറിയാമ്മ: ചായേല് നല്ല മധുരം ഇട്ടോ പെണ്ണേ. നീ കേക്ക്ണ്‌ണ്ടോ? പിന്നേയ് നീയിത് കൊച്ചുത്രേസ്യയോട് വിളിച്ചു കൂക്വൊന്നും ചെയ്യല്ലേ.

സീൻ 16:

മറിയാമ്മ ഊൺ മേശമേൽ സഞ്ചി വച്ച് കസേലയിൽ ഇരിക്കുന്നു. സഞ്ചിയിൽ നിന്നെടുത്ത പ്ലാസ്റ്റിക് കൂട തുറന്ന് കുറെ ചെടിത്തൈകൾ പുറത്തെടുക്കുന്നു. പലതരം പച്ചക്കറികളുടെ തൈകൾ. അവയുടെ കഴുത്തുകൾ വാടി കുഴഞ്ഞിരുന്നു.

പാറുകുട്ടി ചായയുമായി വരുന്നു.

പാറുകുട്ടി: ഇതെന്താ വല്ല്യമ്മച്ചീ കൊറേ ചെടികള്?

മറിയാമ്മ: ഇത് കൊറച്ച് വഴുതിനേം, വെണ്ടേം പച്ചമൊളകും ഒക്ക്യാ. പൗലോസിന്റവിടുന്ന് പറിച്ചെടുത്തതാ. അവൻ എല്ലാതരം പച്ചക്കറികളും പറമ്പീത്തന്നെണ്ടാക്കും. പച്ചക്കറിക്കെല്ലാം ഇപ്പൊ എന്നാ വെല്യാ? (പിന്നെ ശബ്ദം താഴ്ത്തി സ്വകാര്യമായി) ജോസിന് പണ്ടും അതൊന്നും വയ്യ. അവന് മെക്കാനിക്ക് പണിയൊക്കെ വശാണ്. കൃഷി ചെയ്യാൻ കൊള്ളൂലാ.

പാറുകുട്ടി: അതു ശര്യാ വല്ല്യമ്മച്ചീ.

മറിയാമ്മ: ജോസ് എങ്ങോട്ടു പോയി..?

പാറുകുട്ടി: പെരുമ്പാവൂരാ വല്ല്യമ്മച്ചി രാത്ര്യാവും എത്താൻന്ന് പറഞ്ഞിരിക്ക്ണ്.

മറിയാമ്മ: ന്നാ പത്രോസിന്റെ മോന്റെ മോക്കടെ മാമൂദീസ്യായിരിക്കും. (അവർ എഴുന്നേറ്റുകൊണ്ട്) എടീ കൊച്ചേ നീ ആ തൂമ്പയൊന്ന് എടുത്തു താ. ഞാനീ ചെടികളൊക്കെ ഒന്നു നടട്ടെ.

പാറുകുട്ടി: അയ്യോ വേണ്ട വല്ല്യമ്മച്ചി, ഞാൻ ചെയ്‌തോളാം. വല്ല്യമ്മച്ചി ഈ വയസ്സുകാലത്ത് തൂമ്പയെടുത്ത് കെളക്കാനൊന്നും നിൽക്കണ്ട.

മറിയാമ്മ: വല്ല്യമ്മച്ചിക്ക് വയസ്സൊന്നു ആയിട്ടില്ലെടീ. പൗലോസിന്റെവിടെ ഞാൻ തന്ന്യാ പച്ചക്കറിയൊക്കെ കൃഷി ചെയ്യണത്. അവന് എവിടാ നേരം ഏതു സമയോം ഡബ്ബറിന്റെ പിന്നാലെയല്ലെ.

മറിയാമ്മ ചായ കുടിച്ചുകഴിഞ്ഞശേഷം മുറ്റത്തേയ്ക്കിറങ്ങുന്നു.

സീൻ 16എ:

വീടിന്റെ മിറ്റത്ത് തൈകൾ നിറച്ച കൂടയുമായി നിൽക്കുന്ന മറിയാമ്മ. വീടിന്റെ പിന്നിലൂടെ വന്ന പാറുകുട്ടിയുടെ കൈയ്യിൽ കൈക്കോട്ടുണ്ട്.

പാറുകുട്ടി: വല്ല്യമ്മച്ചി ഞാനൊന്ന് അടുക്കളയിലോട്ട് പോട്ടെ. ജോലീണ്ട്. ഉച്ചക്ക് ആരുംല്ല്യാത്തോണ്ട് ഒറങ്ങിപ്പോയി.

മറിയാമ്മ: (കൈക്കോട്ട് വാങ്ങി പാറുകുട്ടിയുടെ തുടുത്ത ദേഹം ആകെയൊന്ന് ഉഴിഞ്ഞുനോക്കിക്കൊണ്ട്) ഉച്ചക്ക് ഒറങ്ങണ്ട പെണ്ണെ, നീ തടിക്കുണുണ്ട്.

പാറുകുട്ടി: (നാണത്തോടെ) ഇല്ല വല്ല്യമ്മച്ചീ. (പോകുന്നു.)

സീൻ 17:

അടുക്കളയിൽ പാറുകുട്ടി ഭക്ഷണം പാകം ചെയ്യുന്നതിൽ വ്യാപൃതയായിരിക്കുന്നു. ചുറ്റും ഇരുട്ടു പരക്കുന്നു. അവൾ യാന്ത്രികമായി ലൈറ്റിടുന്നു. വീണ്ടും ജോലിയിൽ മുഴുകുന്നു.

പിന്നിലെ വാതിലിലൂടെ മറിയാമ്മ കയറുന്നു. മേശക്കരികെ ഇട്ട കസേലയിൽ ഇരുന്ന് ചട്ടകൊണ്ട് മുഖം തുടക്കുന്നു.

മറിയാമ്മ: ഒരു ചായതാ മോളെ.

പാറുകുട്ടി: (പെട്ടെന്ന് ഞെട്ടി) അയ്യോ ജോലിടെ എടേല് ഞാൻ വല്ല്യമ്മച്ചീടെ കാര്യംതന്നെ മറന്ന്.

മറിയാമ്മ: (തമാശയായി) നെനക്ക് അല്ലേലും വല്ല്യമ്മച്ചീടെ കാര്യം അത്രക്കേള്ളുന്ന് വല്ല്യമ്മച്ചിക്കും അറിയാമെടീ കൊച്ചേ.

പാറുകുട്ടി: അയ്യോ അങ്ങിനല്ല അമ്മച്ചീ... ഞാൻ....

മറിയാമ്മ: ഞാൻ ചുമ്മാ പറഞ്ഞതല്ലെടീ. നീ ഒരു കാര്യം ചെയ്യ്. എന്റെ സഞ്ചീല് പിണ്ണതൈലംണ്ട്. അതെടുത്ത് കൊണ്ടുവാ. എന്നിട്ട് എന്റെ കയ്യേല് ഒന്നുഴിഞ്ഞു താ.

പാറുകുട്ടി: (ആകാംക്ഷയോടെ) എന്തു പറ്റീ വല്ല്യമ്മച്ചീ.

മറിയാമ്മ: ഒന്നും പറ്റീല്ലെടി. ഒരു കടച്ചില്. വയസ്സായില്ലേ. ഇപ്പോ മുമ്പത്തെപ്പോലൊന്നും ജോലിയെടുക്കാൻ മേല.

പാറുകുട്ടി: അത് തന്നല്ലെ വല്ല്യമ്മച്ചി ഞാൻ പറഞ്ഞേ ഞാൻ നടാംന്ന്.

മറിയാമ്മ: സാരംല്ല്യ എന്റെ കൊച്ചേ. നീയിതൊന്നും കൊച്ചുത്രേസ്യോട് പറയല്ലെ കേട്ടോ.

പാറുകുട്ടി മറിയാമ്മയുടെ ചുളിവു വീണ കൈയിൽ തൈലം പുരട്ടി ഉഴിയുന്നു. അവളുടെ മുഖം ആർദ്രമാകുന്നു.

പാറുകുട്ടി: വല്ല്യമ്മച്ചി ഒരു മാസം മുഴുവൻ ഈ ചെടികളൊക്കെ നോക്കി വളർത്തും. പൂവും കായുമാകുമ്പോഴേക്കും മറ്റു മക്കളുടെ അടുത്തേക്ക് പോവ്വേം ചെയ്യും. പിന്നെ വര്വാ രണ്ടു മാസം കഴിഞ്ഞിട്ടാ. ഇങ്ങനെ മക്കൾക്കു വേണ്ടി കഷ്ടപ്പെടണ ഒരു അമ്മേ ഞാൻ നടാടെയാ കാണണത്.

മറിയാമ്മ: അങ്ങിനെയൊന്നും ഇല്ലെടി കൊച്ചേ. മതി. ഇപ്പൊ ഭേദായി.

സീൻ 18:

സമയം രാത്രി 8 മണി. മറിയാമ്മ സോഫയിലിരിക്കുന്നു. പാറുകുട്ടി അവരുടെ കാൽക്കലായി നിലത്തിരിക്കുന്നു. ജോസഫേട്ടനും ത്രേസ്യാമ്മയും വാതിൽ കടന്ന് വരുന്നു.

ജോസഫേട്ടനും ത്രേസ്യാമ്മയും ഒന്നിച്ച്: അമ്മച്ചി എപ്പോഴാ വന്നേ?

മറിയാമ്മ: ഞാൻ വൈകീട്ടെത്തി ജോസേ. വൗത്തീസൊക്കെ എങ്ങനെണ്ടാർന്നു?

ജോസഫേട്ടൻ: ഗംഭീരമായി അമ്മച്ചി. നമ്മടെ മാതിര്യാണോ, പണംളള പാർട്ടിയല്ലെ, പിന്നെന്താ.

മറിയാമ്മ: നെണക്കെന്താടാ മോശം?

ജോസഫേട്ടൻ: നമുക്കെന്താള്ളത് അമ്മച്ചീ?

പെട്ടെന്ന് സംസാരത്തിന്റെ പോക്ക് ശരിയല്ലാ എന്നു മനസ്സിലാക്കിയ ത്രേസ്യാമ്മ ഇടപെടുന്നു.

ത്രേസ്യാമ്മ: അമ്മച്ചി ഓട്ടോവിൽത്തന്നെയല്ലെ വന്നത്?

മറിയാമ്മ: അതേ കൊച്ചുത്രേസ്യേ.

സീൻ 19:

രാത്രിഭക്ഷണം. മേശക്കു ചുറ്റുമിരുന്ന് എല്ലാവരും ഭക്ഷണം കഴിക്കുന്നു. ഒരോരുത്തർ വ്യത്യസ്തഭക്ഷണമാണ് കഴിക്കുന്നത്. മറിയാമ്മയും ജോസഫേട്ടനും ഗോതമ്പു റവകൊണ്ടുള്ള കഞ്ഞി. ത്രേസ്യാമ്മയും പാറുകുട്ടിയും ചോറും കറികളും.

മറിയാമ്മ: ജോസെ, ഞാൻ പൗലോസിന്റോടന്ന് കുറേ തയ്യുകള് കൊണ്ടുവന്നിട്ടുണ്ട്. വഴുതിനീം വെണ്ടീം പാവക്കീം ഒക്കെണ്ട്. എല്ലാം നട്ടിട്ടൊണ്ട്.

ത്രേസ്യാമ്മ: അയ്യോ അമ്മച്ചി തന്നെ എല്ലാം നട്ടുവോ? ഞങ്ങള് വന്നിട്ട് നട്വായിർന്ന്. (തിരിഞ്ഞ് പാറുകുട്ടിയോട്) അപ്പോ പാറുക്കുട്ടി നെനക്കൊന്ന് സഹായിക്കായിര്ന്നില്ലെ?

പാറുകുട്ടി: ഞാൻ നടാംന്ന് പറഞ്ഞു അമ്മച്ചി, പക്ഷേ കേൾക്കണ്ടെ? ഇപ്പൊ ഇതാ ഇവിടെ വേദന, അവിടെ വേദനാന്നൊക്കെ പറേണ്‌ണ്ട്.

മറിയാമ്മ: ഇല്ലെടി കൊച്ചെ, അവള് വെറുതെ പറയണതാ. നനഞ്ഞ മണ്ണില് വെട്ടാൻ ഇത്ര പണീണ്ടോ?

ജോസഫേട്ടൻ: നനഞ്ഞ മണ്ണോ? നനഞ്ഞ മണ്ണ് എവിടെ? ഈ കുംഭമാസത്തിൽ മണ്ണ് പാറ പോലാ. പാവം അമ്മച്ചി നല്ലോണം കഷ്ടപ്പെട്ടിട്ടുണ്ടാവും.

മറിയാമ്മ: മുറ്റത്തെന്താ, കൊറേ കാടും പടലും പുല്ലും ഒക്കെ?

ജോസഫേട്ടൻ: (ചിരിച്ചുകൊണ്ട്) അതോ അതിന്റെ ഭംഗി നാളെ അമ്മച്ചിക്കു കാണിച്ചുതരാം.

മറിയാമ്മ ആലോചിക്കുന്നു. ജോസഫിന്റെ കുട്ടിക്കാലം.

ഫ്‌ളാഷ്ബാക്ക്: പത്തുപന്ത്രണ്ട് വയസ്സുള്ള ജോസഫ്. സ്‌കൂളിൽനിന്ന് വരുന്നു. പിന്നിൽ ഒരു സാധനം ഒളിപ്പിച്ചുവച്ചിരിക്കുന്നു. അമ്മയുടെ മുമ്പിലെത്തി ചോദിക്കുന്നു. 'അമ്മച്ചിക്ക് ഒരു സാധനം കാണണോ?'

മറിയാമ്മ ചോദിക്കുന്നു. അമ്മച്ചീടെ മുത്ത് ഇന്നെന്താണുണ്ടാക്കീരിക്കണത്? നോക്കട്ടെ. ജോസഫ് പെട്ടെന്ന് ഉണ്ടാക്കിയ സാധനം മുമ്പിലേയ്ക്കു കൊണ്ടുവന്ന് അമ്മയെ കാണിക്കുന്നു.

ഫ്‌ളാഷ്ബാക്ക് കഴിഞ്ഞു. മറിയാമ്മ ഓർമ്മയിൽ ചിരിക്കുന്നു. പെട്ടെന്ന് അവർ വർത്തമാനകാലത്തിലേക്ക് തിരിച്ചുവരുന്നു.

മറിയാമ്മ: (കുറച്ചു വിഷമത്തോടെ) എടാ ജോസേ ഒരു കാര്യം പറഞ്ഞാൽ നീയ് വഴക്കു പറയ്വോ?

ജോസഫേട്ടൻ: എന്താ അമ്മച്ചീ?

മറിയാമ്മ: ഞാനില്ലേ, ഞാനാ പുല്ലൊക്കെ ....

ജോസഫേട്ടൻ: (ഉദ്വേഗം കൊണ്ട് പകുതി എഴുന്നേറ്റുകൊണ്ട്) പുല്ലൊക്കെ?

മറിയാമ്മ: ഞാനേയ്, ഞാനതൊക്കെ ചെത്തിക്കളഞ്ഞു. അവിടാ തൈകള് നട്ടത്. നല്ല നനവുണ്ടായിരുന്നു അവടെ.

ജോസഫേട്ടൻ: ചതിച്ചോ!

അതും പറഞ്ഞുകൊണ്ട് ചാടിയെഴുന്നേൽക്കുന്നു. അയാൾ അടച്ചിട്ട ഉമ്മറവാതിൽ തുറന്ന് ലൈറ്റിട്ട് മുറ്റത്തേക്ക് ചാടിയിറങ്ങുന്നു.

സീൻ 19എ:

ലൈറ്റിട്ടതുകൊണ്ട് മുറ്റം മുഴുവൻ കാണുന്നു. പുൽത്തകിടി മുഴുവൻ പോയിരിക്കുന്നു. പുല്ല് മുഴുവൻ ചെത്തിയെടുത്ത് തടമുണ്ടാക്കി തൈകൾ നട്ടിരിക്കയാണ്. വാടിയ തൈകൾ അവിടവിടെയായി കുഴഞ്ഞു നിൽക്കുന്നു. ജോസഫേട്ടൻ തലയിൽ കൈവച്ചുനിൽക്കുന്നു.

ജോസഫേട്ടൻ: എന്റെ കർത്താവേ!

സീൻ 20:

ഭക്ഷണ മുറി. പുറത്തുനിന്ന് ജോസഫേട്ടന്റെ ആക്രോശങ്ങളും ശകാരങ്ങളും കേൾക്കുന്നുണ്ട്. മറിയാമ്മ ശാന്തയായിരുന്ന് ഭക്ഷണം കഴിക്കുന്നു. ത്രേസ്യാമ്മ അനങ്ങാതിരിക്കയാണ്. ജോസഫേട്ടന്റെ അടുത്തു പോകാൻ ഭയം. എന്താണ് ചെയ്യേണ്ടതെന്നറിയുന്നില്ല. പാറുകുട്ടിയും ഊണു നിർത്തി അനങ്ങാതിരിക്കയാണ്.

മറിയാമ്മ: കൊച്ചുത്രേസ്യേ, നീ പോയി ജോസിനോട് കഞ്ഞി കുടിക്കാൻ വരാൻ പറ.

ത്രേസ്യാമ്മ അനങ്ങാതിരിക്കയാണ്. മറിയാമ്മ തുടർന്നു.

മറിയാമ്മ: കൊച്ചായിരിക്കുമ്പഴും അവൻ അങ്ങനാ. കണ്ട പുല്ലും കാട്ടുചെടികളും കൊണ്ടുവന്ന് നടും. പൗലോസ് നേരെ മറിച്ചാണ്. അവൻ അന്നും ആവശ്യമുള്ള ചെടികളെ നടു. ചേട്ടൻ നട്ട പാഴ്‌ച്ചെടികള് അവൻ പറിച്ച് ദൂരെക്കളയും. എന്നും വഴക്കായിരുന്നു വീട്ടില്. കൊറച്ച് കഴിഞ്ഞാൽ അവൻ ശരിയായിക്കൊള്ളും. നീ ഊണു കഴിച്ചോ കൊച്ചുത്രേസ്യേ.

സീൻ 21:

കിടപ്പറ. ജോസഫേട്ടൻ കിടക്കുകയാണ്. ത്രേസ്യാമ്മ മുട്ടുകുത്തിക്കൊണ്ട് പ്രാർത്ഥനയിലാണ്.

ജോസഫേട്ടൻ: അമ്മച്ചിക്ക് എന്നോടൊന്ന് ചോദിക്കായിരുന്നു.

ത്രേസ്യാമ്മ: (തിരിഞ്ഞുകൊണ്ട്) സാരംല്ല്യാന്നേയ്. നമുക്ക് വേണ്ടിയല്ലെ അമ്മച്ചി അതൊക്കെണ്ടാക്കണത്. അത്രയൊന്നും ആലോചിച്ചിട്ട്ണ്ടാവില്ല. വയസ്സായില്ല്യേ. കെളയ്ക്കാൻ എളുപ്പംള്ള സ്ഥലം കണ്ടപ്പോ കെളച്ചതാ. എന്നിട്ട് തന്നെ കയ്യിന് വേദനാന്ന് പറഞ്ഞ് പാറുക്കുട്ടീനെക്കൊണ്ട് തൈലം പെരട്ടി ഉഴിയിക്ക്യായിരുന്നു. വേദനടെ കാര്യം നമ്മളോടൊന്നും പറയല്ലേന്ന് പാറുക്കുട്ടിയോട് പ്രത്യേകം പറഞ്ഞേല്പിച്ചിരിക്ക്യാണ്, പാവം. ഇങ്ങനത്തെ ഒരമ്മേനെ കാണാൻ കിട്ട്വോ? സാധാരണ അമ്മമാർക്കൊക്കെ ഈ പ്രായമായാൽ പരാതി മാത്രല്ലെണ്ടാവൂ.

ജോസഫേട്ടൻ ഒന്നും പറയാതെ എല്ലാം കേട്ടുകൊണ്ട് കിടക്കുന്നു. തന്റെ ഡയലോഗ് കുറിക്കു കൊണ്ടിട്ടുണ്ടോ എന്നു നോക്കി ത്രേസ്യാമ്മ പ്രാർത്ഥിക്കാനായി മുട്ടു കുത്തുന്നു. ജോസഫേട്ടൻ സാവധാനത്തിൽ എഴുന്നേറ്റു പോകുന്നത് അവർ കൺകോണിലൂടെ കാണുന്നു.

ത്രേസ്യാമ്മ: (പ്രാർത്ഥനയിൽ) കർത്താവേ ഞാൻ പറയാറില്ലേ, അച്ചായന് അത്രയേയുള്ളു. ആദ്യം ഒരെടുത്തുചാട്ടം. അതു കഴിഞ്ഞാൽ കഴിഞ്ഞു. ഇനി അമ്മ കെടക്കണേടത്ത് പോയി അമ്മയെ കൊഞ്ചിക്കും. എനിക്ക് ഒരു പ്രാർത്ഥനയേയുള്ളു. എന്റെ മോനും എന്നോട് ഇതേ പോലെ സ്‌നേഹംണ്ടാവണേന്ന് മാത്രം. (കണ്ണിൽ വെള്ളം നിറയുന്നു.)

സീൻ 22:

മറിയാമ്മയുടെ കിടപ്പറ. നേരിയ വെളിച്ചമേ ഉള്ളൂ. മറിയാമ്മ കട്ടിലിൽ കിടക്കുകയാണ്. ജോസഫേട്ടൻ വരുന്നു. ചുമരിലെ സ്വിച്ചിട്ട് വിളക്കു കത്തിക്കുന്നു.

മറിയാമ്മ: എന്താടാ ജോസേ നീ ഒറങ്ങീലെ?

ജോസഫേട്ടൻ അമ്മയുടെ കട്ടിലിൽ ഇരിക്കുന്നു.

ജോസഫേട്ടൻ: അമ്മച്ചീടെ ഏത് കയ്യിനാ വേദന?

മറിയാമ്മ: (വലത്തെ കൈ ഉയർത്തിക്കൊണ്ട്) വലത്തെ കയ്യിനായിരുന്നു. അതു മാറിയെടാ.

ജോസഫേട്ടൻ കട്ടിലിലിരുന്ന് അമ്മച്ചിയുടെ കൈയെടുത്ത് മടിയിൽ വെച്ച് തലോടുന്നു.

പേയ്ഡൗട്ട്.

സീൻ 23:

രാവിലെ. സൂര്യൻ ഉദിക്കുന്നേയുള്ളൂ. മുറ്റമടിക്കാൻ ചൂലുമായി പാറുകുട്ടി വീടിന്റെ പിറകുവശത്തുനിന്ന് വരുന്നു. മുൻവശത്തേയ്ക്കു തിരിയുമ്പോൾ പെട്ടെന്ന് ഒരു കാഴ്ച കണ്ടപോലെ നിൽക്കുന്നു. അവളുടെ കണ്ണുകളിൽ തമാശയുണ്ട്, കുസൃതിയുമുണ്ട്.

സീൻ 23 എ:

ത്രേസ്യാമ്മയുടെ കിടപ്പറ. ത്രേസ്യാമ്മ ഉറങ്ങുകയാണ്. പാറുകുട്ടി വന്ന് അവരെ കുലുക്കി വിളിക്കുന്നു.

ത്രേസ്യാമ്മ: എന്താ പെണ്ണേ?

പാറുകുട്ടി: അമ്മച്ചി ഒന്നിങ്ങു വന്നേ.

ത്രേസ്യാമ്മ: എന്താച്ചാ പറേ.

പാറുകുട്ടി: ഇങ്ങു വന്നേ. ഞാനൊരു തമാശ കാട്ടിത്തരാം.

ത്രേസ്യാമ്മ എഴുന്നേൽക്കുന്നു.

സീൻ 24:

ത്രേസ്യാമ്മയും പാറുകുട്ടിയും കൂടി ഉമ്മറത്തേയ്ക്കു നടക്കുന്നു. ഉമ്മറത്തെ ജനലിലൂടെ പാറുകുട്ടി ചൂണ്ടിക്കാട്ടുന്നു. ത്രേസ്യാമ്മ നോക്കുന്നു.

സീൻ 24എ:

മുറ്റത്ത് ഇന്നലെ മറിയാമ്മ ചെത്തിയിട്ട പുല്ല് മുഴുവൻ കൂട്ടിയിട്ടിട്ടുണ്ട്. മറിയാമ്മ അതിൽനിന്ന് ചെറിയ കഷ്ണങ്ങൾ ഒരു കൈയ്യിലെടുത്ത് മകന് കൊടുക്കുന്നു. ജോസഫേട്ടൻ അതു വാങ്ങി നടുകയാണ്. ഇടക്കിടക്ക് പച്ചക്കറിതൈകൾ വാട്ടം തീർന്ന് ഉഷാറായി നിൽക്കുന്നു. ആ ചെടികൾക്കു ചുറ്റുമാണ് പുല്ലുകൾ നടുന്നത്.

കാമറ പിന്നിലേയ്ക്കു കൊണ്ടുപോകുമ്പോൾ ദൃശ്യം അതിന്റെ ആകത്തുകയിൽ ലഭിക്കുന്നു. കാമറ പാൻ ചെയ്യുമ്പോൾ കാണുന്നത് ജനലിലൂടെ നോക്കി രസിക്കുന്ന രണ്ടു ജോടി കണ്ണുകളാണ്.

End of Part II

Episode 10

ഈ തിരക്കഥയെക്കുറിച്ച്


1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com