|| Scripts

ഒരു കുടുംബപുരാണം

ഇ ഹരികുമാര്‍

മാതാവിന്റെ ആശിസ്സുകളോടെ

ഈ എപ്പിസോഡിലേയ്ക്കു വേണ്ട കഥാപാത്രങ്ങൾ

ജോസഫേട്ടൻ
ത്രേസ്യാമ്മ
പാറുകുട്ടി
സഖറിയാസ് അച്ചൻ
ശൈലജ
6 മാസം പ്രായമായ മകൾ
4 വയസ്സിനു താഴെയുള്ള മൂന്നു കുട്ടികൾ
അവരുടെ അമ്മമാർ

Part I

സീൻ 1.

ത്രേസ്യാമ്മയുടെ വീടിന്റെ ഉമ്മറം. മുട്ടക്കച്ചവടക്കാരി എലിയാമ്മ വാതിലിനടുത്തുതന്നെ നിലത്തിരുന്ന് ചായയും കുഴലപ്പവും തിന്നുന്നു. അവർ സംസാരിക്കുകയാണ്. ത്രേസ്യാമ്മ അടുത്തു തന്നെ ഇരുന്ന് ശ്രദ്ധയോടെ കേൾക്കുന്നു.

എലിസബത്ത്: വീട്ടിനു പൊറത്ത് പ്ലേസ്‌കൂൾ എന്നൊരു ബോർഡ് വെച്ചേച്ചാൽ മാത്രം മതി. എന്തോരം പിള്ളാരെയാണ് കിട്ടുക. ജോലിക്ക് പോണ പെമ്പറന്നോരടെ വീട്ടിലെ കൊച്ചുങ്ങളെയൊക്കെ കിട്ടും. രാവിലെത്തൊട്ട് വൈകീട്ട് അഞ്ചുമണിവരെ അതുങ്ങളെ നോക്കാൻ മുന്നൂറ് രൂപയാ ചാർജ്ജ്. ഒരു പത്തു പിള്ളാരെ കിട്ടിയാൽ പോരെ, രൂപ മൂവ്വായിരം പോന്നില്ലേ?

ത്രേസ്യാമ്മ: അല്ലേ! മൂവ്വായിരം രൂപ! ചില്ലറ കാശാണോ?

എലിസബത്ത്: വെറുതെ വീട്ടിലിരുന്നോണ്ടാണേയ്.

ത്രേസ്യാമ്മ: നമ്മടെ ശൈലജേടെ കൊച്ചിനെപ്പോലത്തെ പിള്ളാരല്ലെ? (ഭാവനയിൽ ശൈലജയുടെ അഞ്ചു മാസം പ്രായമായ കുട്ടിയെ കാണുന്നു. അതിന്റെ കളിയും ചിരിയും മറ്റും മനസ്സിൽ കണ്ട് ചിരിച്ചുകൊണ്ട്) അതിനെ രാവിലെ മുതൽ വൈകുന്നേരം വരെ കയ്യിൽ കിട്ടാൻ മുന്നൂറു രൂപ അങ്ങോട്ടു കൊടുക്കാൻ ഞാൻ തയ്യാറാ.

എലിസബത്ത്: അല്ലേ?

പാറുകുട്ടി വരുന്നു. കൈയ്യിൽ മുട്ട കൊണ്ടുപോകാനുള്ള കൂടയുണ്ട്.

പാറുകുട്ടി: എലിയാമ്മച്ചേച്ചീ, ഈ ആഴ്ച ആറു മൊട്ട കൂടുതല് വേണം.

ത്രേസ്യാമ്മ: അതെന്തിനാ കൊച്ചേ?

പാറുകുട്ടി: ജോസഫേട്ടന്റെ വീട്ടുകാര് ക്ഷണിക്കാൻ വരുന്നുണ്ട്.

ത്രേസ്യാമ്മ: അപ്പൊ നീയെന്താണ് അതെന്നോട് പറയാഞ്ഞത്?

പാറുകുട്ടി: അമ്മച്ചീ, ജോസഫേട്ടൻ അമ്മച്ച്യോട് തന്ന്യല്ലെ പറഞ്ഞത്. നമ്മള് ചായണ്ടാക്കുമ്പളാ ജോസഫേട്ടൻ പറഞ്ഞേ.

ത്രേസ്യാമ്മ: ഞാമ്മറന്നൂ കൊച്ചേ. (എലിസബത്തിനോട്) എലിയാമ്മേ ആറെണ്ണല്ലാ, ഒരു പത്തെണ്ണം വച്ചോ.

പാറുകുട്ടി: ഇരുന്നോട്ടെ എലിയാമ്മച്ചേച്ചി, അവറ്റ രാവിലെ വന്ന് വൈകീട്ട് തിരിച്ചുപോയാ അടുക്കള കാലിയാ. എന്തൊരു തീറ്റയാ.

ചായകുടി കഴിഞ്ഞ് എലിയാമ്മ ത്രേസ്യാമ്മയ്ക്കുള്ള മുട്ട കൂടയിൽ നിന്നെടുത്ത് മാറ്റി വയ്ക്കുന്നു.

സീൻ 2:

അടുക്കളയിൽ പച്ചക്കറി നുറുക്കുന്ന മേശക്കരികെ ജോസഫേട്ടൻ ഇരിക്കുന്നു. മേശമേൽ ജോസഫേട്ടൻ മാർക്കറ്റിൽ നിന്നു വാങ്ങിക്കൊണ്ടുവന്ന പച്ചക്കറികൾ സഞ്ചിയിൽനിന്നു പുറത്തെടുക്കുകയാണ് പാറുകുട്ടി. ഗ്ലാസ്സിൽ തണുത്ത വെള്ളം കുടിക്കാനെടുത്തുകൊടുക്കുന്നു ത്രേസ്യാമ്മ.

ജോസഫേട്ടൻ: അല്ല, നീയിത് എത്രാമത്തെ തവണയാ പറേണത് ന്ന് അറിയ്യോ. ചെവീല് മൂട്ടപോയ പോലാ.

ത്രേസ്യാമ്മ: ഞാനിത് പറയാൻ തൊടങ്ങീട്ട് എത്ര ദെവസായി. ഒരു ബോർഡ്ണ്ടാക്കി കൊണ്ടുവര്‌ല്ലേ വേണ്ടൂ.

ജോസഫേട്ടൻ: എന്നിട്ട് എന്തു ചെയ്യാനാ? നെന്നെക്കൊണ്ട് പറ്റ്വോ ഇത്രേം കുട്ട്യോളെ നോക്കിണ്ടാക്കാൻ. (സ്വന്തം നെഞ്ചിൽ തൊട്ടുകൊണ്ട്) ഇതാ ഈ കൊച്ചു കുട്ടിയെക്കൂടി നെനക്ക് നോക്കിണ്ടാക്കാൻ പറ്റ്ണില്ല്യ.

ത്രേസ്യാമ്മ: പിന്നേയ്, നിങ്ങളല്ലെ ജോമോനെ വളർത്തിണ്ടാക്കീത്?

ജോസഫേട്ടൻ: ഞാനില്ലെങ്കില് കാണായിരുന്നു. ഓരോരുത്തര് ഓരോന്നു പറയാനും, നീ അതിനൊക്കെ ഒപ്പം തുള്ളാനും. ആ എലിയാമ്മ ഇങ്ങട്ട് വരട്ടേ. രണ്ടു വാക്കു പറയാനുണ്ട്.

ത്രേസ്യാമ്മ: നമുക്ക് നാലു കാശുണ്ടാക്കാൻ പറ്റണ ഒരു കാര്യല്ലേ എലിയാമ്മ പറഞ്ഞുതന്നത്. (മയത്തിൽ) നിങ്ങ പോയി ഒരു ബോർഡുണ്ടാക്കി കൊണ്ടുവാ.

പാറുകുട്ടി: ദേണ്ടേ അമ്മച്ചീ, ജോസഫേട്ടൻ ഇന്നും മറന്നു.

ജോസഫേട്ടനും ത്രേസ്യാമ്മയും: (ഒപ്പം) എന്ത്?

പാറുകുട്ടി: പാവയ്ക്ക. ഇന്ന് പാവയ്ക്ക തീയ്യല്ണ്ടാക്കാംന്ന് വെച്ചതാ.

ജോസഫേട്ടൻ: എടീ, ജോസഫേട്ടന് വയസ്സായി. അപ്പോ മറവിയൊക്കെണ്ടാവും.

പാറുകുട്ടി: അല്ലമ്മച്ചീ, ഇഷ്ടല്ല്യാത്തതൊക്കെ മറക്കണ ശീലംണ്ട് ജോസഫേട്ടന്.

(ജോസഫേട്ടൻ ചിരിക്കുകയാണ്.)

ത്രേസ്യാമ്മ: നിങ്ങ പോയിട്ട് ഇപ്പത്തന്നെ ആ ബോർഡൊന്ന് എഴുതി വാങ്ങ്.

പാറുകുട്ടി: അപ്പോ ഒരു കിലോ പാവക്കേം വാങ്ങിയേര്.

ജോസഫേട്ടൻ: (എഴുന്നേറ്റ് ചെവിയിൽ വിരലിട്ട് കറക്കുന്നു) മൂട്ട. ആട്ടെ എന്തു പേരാ എഴുതിക്കണ്ടത്?

ത്രേസ്യാമ്മ: പേരോ?

ജോസഫേട്ടൻ: അതെ, പേര് തന്നെ. സ്‌കൂളിനൊരു പേരു വേണ്ടെ?

ത്രേസ്യാമ്മ: ങാ, പേര് വേണല്ലേ?

ജോസഫേട്ടൻ: പിന്നെ നീ എന്താണ് എന്നോട് എഴുതിക്കൊണ്ടരാൻ പറഞ്ഞത്?

ത്രേസ്യാമ്മ ആലോചിക്കുന്നു.

പാറുകുട്ടി: ഞാനൊരു പേര് പറയട്ടെ?

ജോസഫേട്ടൻ: (കളിയായി വിലക്കിക്കൊണ്ട്) ഏയ് പറയല്ലേ.

പാറുകുട്ടി: ഞാൻ പറയാം. മദർ മേരി പ്ലേ സ്‌കൂൾ.

ത്രേസ്യാമ്മയ്ക്ക് ഇഷ്ടമായി എന്ന് മുഖഭാവം കൊണ്ട് മനസ്സിലാവുന്നു.

ജോസഫേട്ടൻ: ഇത് ഈ പെണ്ണ് എവിടന്നോ ചൂണ്ടിയതാണല്ലോ.

ത്രേസ്യാമ്മ: നല്ല പേര്. വിശുദ്ധ മാതാവിന്റെ അനുഗ്രഹം ണ്ടാവും. ഒപ്പംതന്നെ കൊച്ചുങ്ങളെ ഏല്പിക്കണ മാതാപിതാക്കൾക്ക് ഒരു വിശ്വാസവും ആവും. മദർ എന്നുള്ള പേരുള്ളതു കാരണം സ്വന്തം അമ്മേപ്പോലെ നമ്മള് അവരെ നോക്കുംന്ന്ള്ള തോന്നലുംണ്ടാവും.

പാറുകുട്ടി: ഞാൻ പറയട്ടേ.

ത്രേസ്യാമ്മ: എന്തെടീ?

പാറുകുട്ടി: ജോസഫേട്ടൻ പറഞ്ഞത് ശര്യാ. ഈ പേര് ഞാൻ മാർക്കറ്റ് റോഡിലൊരിടത്ത് കണ്ടിട്ട്ണ്ട്.

ജോസഫേട്ടൻ: ഞാൻ പറഞ്ഞില്ല്യേ.

സീൻ 3:

വീട്ടു പടിക്കൽ, ഗെയ്റ്റിനു മുകളിൽ നെയിം പ്ലേയ്റ്റ് പിടിപ്പിക്കുന്ന ജോസഫേട്ടൻ. ഒരു സ്റ്റൂളിൽ കയറിനിന്നാണ് അഭ്യാസം. ത്രേസ്യാമ്മ സ്റ്റൂൾ പിടിച്ചു കൊടുക്കുന്നുണ്ട്. പാറുകുട്ടി കുറച്ചു ദൂരെനിന്നുകൊണ്ട് നോക്കുകയാണ്.

പാറുകുട്ടി: ദേണ്ടേ ബോഡ് ചെരിഞ്ഞിട്ടൊണ്ട്.

ത്രേസ്യാമ്മ: എവിടെ?

പെട്ടെന്ന് സ്റ്റൂൾ പിടി വിട്ട് മുകളിലേയ്ക്ക് നോക്കുന്നു. അതോടൊപ്പം ജോസഫേട്ടന് ബാലൻസ് തെറ്റുന്നു. വീഴാൻ പോകുന്നു. ജോസഫേട്ടൻ ബോർഡ് പിടിക്കുന്നു. അതോടെ ബോർഡിന്റെ ചെരിവ് ശരിയാവുന്നു.

പാറുകുട്ടി: ഇപ്പോ ചെരിവ് ശരിയായി.

ജോസഫേട്ടൻ: (പാറുകുട്ടിയെ കൊഞ്ഞനം കുത്തിക്കൊണ്ട്) ഇപ്പോ ശരിയായി! ഞാനിപ്പൊത്തന്നെ മൂക്കുകുത്തി വീണേനെ. (ത്രേസ്യാമ്മയോട്) ഒന്ന് നന്നായി പിടിക്ക്ണ്‌ണ്ടോ.

ജോസഫേട്ടൻ: നോക്ക് പേര് ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയിട്ടുണ്ട്. (കാമറ ബോർഡിലേയ്ക്ക് സൂം ചെയ്യുന്നു. 'മദർ മേരി പ്ലേ സ്‌കൂൾ'. ) ഇനി ബിസിനസ്സു കിട്ടുന്നതിന് ഭാഷ ഒരു പ്രതിബന്ധാവണ്ട.

ത്രേസ്യാമ്മ: നാളെത്തന്നെ പോയിട്ട് സഖറിയാസച്ചനോട് വരാൻ പറേണം.

ജോസഫേട്ടൻ: അതെന്തിനാ കൊച്ചുത്രേസ്യേ?

ത്രേസ്യാമ്മ: നമ്മടെ സ്‌കൂള് വെഞ്ചരിക്കണ്ടേ? മാതാവിന്റെ പേരില് തൊടങ്ങീട്ട്ള്ള സ്‌കൂളാ.

ജോസഫേട്ടൻ: ആയിക്കോട്ടെ. നാളെത്തന്നെ ഒരു ഇൻഷൂറൻസ് ഏജന്റിനീം വിളിക്കാം.

ത്രേസ്യാമ്മ: അതെന്തിനാ?

ജോസഫേട്ടൻ: ഇപ്പോ വീഴാൻ പോയത് കണ്ടില്ലേ? ഇനീംണ്ടാവും ഇങ്ങനത്തെ അഭ്യാസങ്ങളൊക്കെ.

പാറുകുട്ടി ചിരിക്കുന്നു.

ജോസഫേട്ടൻ: ഇളിക്കണ്ട.

സീൻ 4:

ഞായറാഴ്ച ഫോർട്ടുകൊച്ചിയിൽ വിശുദ്ധ മാതാവിന്റെ പള്ളിയിൽ. മാതാവിന്റെ പ്രതിമയ്ക്കു മുമ്പിൽ മെഴുകുതിരി കത്തിച്ചുവെച്ചു പ്രാർഥിക്കുന്ന ത്രേസ്യാമ്മ. അടുത്തുതന്നെ അക്ഷമനായി ജോസഫേട്ടൻ നിൽക്കുന്നു.

ത്രേസ്യാമ്മ: (പ്രാർത്ഥനയാണ്) മാതാവേ, ഞാനീ പ്ലേസ്‌കൂൾ തുടങ്ങുന്നത് പിള്ളാരോടുള്ള ഇഷ്ടം കൊണ്ടാണ്, അല്ലാതെ ലാഭം നോക്കിയല്ല. (ജോസഫേട്ടൻ അർത്ഥം വെച്ച് നോക്കി തലയാട്ടുന്നു,) പക്ഷെ അതിനർഥം നീ എനിക്ക് ലാഭമൊന്നും തരണ്ടാ എന്നല്ല. പണം നമുക്കാവശ്യമാണല്ലോ. നല്ല ലാഭമുണ്ടായാൽ നിന്റെ പെരുന്നാളിന്ന് മെഴുകുതിരി കത്തിക്കാം. (അവർ ഒന്നു നിർത്തി ചുറ്റും കണ്ണോടിച്ചുകൊണ്ട്) അല്ല, ലാഭമുണ്ടായില്ലെങ്കിൽ കത്തിക്കില്ലാ എന്നല്ലാ, പക്ഷെ മെഴുകുതിരിയുടെ വലുപ്പം കുറഞ്ഞുപോയാൽ എന്നെ പറയരുത്.

ജോസഫേട്ടൻ ഈ ഭീഷണിക്കുമുമ്പിൽ ഞെട്ടി പകച്ചു നിൽക്കുന്നു. നടക്കാൻ തുടങ്ങിയ ത്രേസ്യാമ്മയുടെ ഒപ്പം തിരിച്ചു നടക്കുന്നു.

ജോസഫേട്ടൻ: മാതാവിന് നിന്റെ പ്രലോഭനങ്ങളും താക്കീതും നല്ലോണം ഏറ്റിട്ടുണ്ട്ന്നാ തോന്നണത്. എന്തെങ്കിലും ചെയ്യാതിരിക്കില്ല.

ത്രേസ്യാമ്മ: അതെയല്ലെ?

ജോസഫേട്ടൻ: എന്താ സംശയം. ഒരു നിവൃത്തിണ്ടെങ്കീ ചെയ്യാതിരിക്കില്ല.

ത്രേസ്യാമ്മ: (സാധാരണ മട്ടിൽത്തന്നെ ജോസഫേട്ടന്റെ തമാശ മനസ്സിലാവുന്നില്ല) അങ്ങിന്യാണെങ്കീ നന്നായിരുന്നു. കർത്താവേ. (കുരിശു വരക്കുന്നു.)

സീൻ 5:

പള്ളിയിൽ നിന്നുള്ള വരവുതന്നെ. വീട്ടിന്റെ പടിക്കൽ എത്തിയപ്പോൾ ശൈലജ കാത്തു നില്ക്കയാണ്. ഇരുപത്തഞ്ചു വയസ്സു പ്രായം. സുന്ദരിയാണ്. സംസാരം ബിസിനസ്സ് ലൈക്കാണ്. കണ്ട ഉടനെ അവൾ പരാതി പറയാൻ തുടങ്ങുന്നു. തലയ്ക്കു മുകളിൽ മദർ മേരി പ്ലേസ്‌കൂൾ എന്ന ബോർഡു കാണണം.

ശൈലജ: പ്ലേസ്‌കൂൾ തുടങ്ങണ കാര്യം എന്തേ അമ്മച്ചി എന്നോട് പറയാതിരുന്നത്?

ത്രേസ്യാമ്മ: (സന്തോഷത്തോടെ) അതിന് പെണ്ണേ, തൊടങ്ങാൻ പോണല്ലെ ഉള്ളൂ.

അവർ കുരിശു വരക്കുന്നു.

ജോസഫേട്ടൻ: മാതാവ് ആദ്യത്തെ കസ്റ്റമറെ പറഞ്ഞയച്ചിരിക്കുന്നു കൊച്ചു ത്രേസ്യേ. അതിനർഥം മാതാവിന് കാര്യങ്ങള് മനസ്സിലാവുന്നുണ്ട്ന്നാണ്.

ജോസഫേട്ടൻ പടികടന്ന് പോകുന്നു. ഇനിയുള്ള ഡയലോഗ് ത്രേസ്യാമ്മയും ശൈലജയും കൂടിയാണ്.

ശൈലജ: എന്താ ഫീസ്?

ത്രേസ്യാമ്മ: മുന്നൂറ് രൂപ. രാവിലെ എട്ടര തൊട്ട് വൈകുന്നേരം അഞ്ചരവരെ.

ശൈലജ: മുന്നൂറോ?

ത്രേസ്യാമ്മ: അതേ.... (സംഖ്യ കൂടിപ്പോയോ അതോ വല്ലാതെ കുറഞ്ഞുപോയോ എന്നറിയാതെ സംശയിച്ചു നിൽക്കുന്നു. പിന്നെ തുടരുന്നു.) എറണാകുളത്തൊക്കെ മുന്നൂറ്റമ്പതും നാന്നൂറുമൊക്കെയാ ഫീസ്.

ശൈലജ: അവിടുത്തെ വാടകയാണോ ഈ കാട്ടുമുക്കിലെ വാടക? ഇവിടെ അമ്മച്ചി വീട്ടിലിരുന്നോണ്ട് ചെയ്യണതല്ലെ. ഞങ്ങള് മോളെ നോക്കാൻ വെച്ച ജോലിക്കാരിക്ക് ഇരുന്നൂറ് രൂപയാ കൊടുക്കണത്. പകല് ഞങ്ങളില്ലാത്തപ്പൊ അവള് കുട്ടിക്ക് പാല് കൊടുക്കണ്‌ണ്ടോ എന്നൊന്നും നോക്കാൻ പറ്റില്ലല്ലോ. ഇവിടെ പിന്നെ അമ്മച്ചി കള്ളത്തരം കാണിച്ചാൽ കണ്ടുപിടിക്കാൻ പാറുകുട്ടിയുണ്ടല്ലോ.

ത്രേസ്യാമ്മ: അതെ. (ശൈലജ പറഞ്ഞത് തലയിൽ കയറാൻ ട്യുബ് ലൈറ്റിന്ന് കുറച്ചു സമയമെടുത്തു. അവർ ചിരിച്ചുകൊണ്ട് തുടരുന്നു.) വേണ്ടെടി കൊച്ചേ...

സീൻ 6:

രാവിലെ സഖറിയാസ് അച്ചൻ വന്ന് വെഞ്ചരിക്കുന്നു. ഗെയ്റ്റിൽ വെച്ച നെയിം പ്ലേയ്റ്റിൽ വിശുദ്ധ ജലം തളിച്ചു ശുദ്ധീകരിച്ചു. പിന്നീട് തളത്തിൽ എല്ലാവരും ചുറ്റും വട്ടമിട്ടുനിന്ന് പ്രാർഥന നടത്തുന്നു.

സഖറിയാസ് അച്ചൻ: കർത്താവേ അവിടുത്തെ ആശ്രിതയായ ത്രേസ്യയുടെ പുതിയ സംരംഭമായ മദർ മേരി പ്ലേ സ്‌കൂൾ അനുദിനം വളർന്ന് പുരോഗതി നേടുമാറാകണേ. ഇവിടെ വരുന്ന ശിശുക്കൾക്ക് ആരോഗ്യവും സൗഭാഗ്യവും പ്രദാനം ചെയ്യേണമേ. ത്രേസ്യക്കും അവരുടെ ഭർത്താവ് ജോസഫിനും (പെട്ടെന്ന് പാറുകുട്ടിയെ നോക്കിക്കൊണ്ട് ത്രേസ്യാമ്മയോട്) ഈ കൊച്ചിന്റെ പേരെന്താണ്?

ത്രേസ്യാമ്മ: പാറുകുട്ടി.

സഖറിയാസ് അച്ചൻ: ....അവരെ വീട്ടുവേലകളിൽ സഹായിക്കുന്ന നല്ലവളായ പാറുകുട്ടിക്കും സകല സൗഭാഗ്യങ്ങളും പ്രദാനം ചെയ്യേണമേ. ആമേൻ!

അച്ചന്റെ വാക്കുകൾ ഒന്നും വിടാതെ കാതോർത്ത് ധ്യാനനിരതയായി ത്രേസ്യാമ്മ കൈകൂപ്പി നിന്നു. അടുത്തുതന്നെ ജോസഫേട്ടനും പാറുക്കുട്ടിയും, ചടങ്ങിൽ പങ്കെടുക്കാനെത്തിയ അയൽക്കാരുമുണ്ട്. അച്ചൻ പ്രാർഥന കഴിഞ്ഞ് എല്ലാവരെയും അനുഗ്രഹിക്കുന്നു.

സീൻ 7:

ചായസൽക്കാരത്തിനുശേഷം സഖറിയാസ് അച്ചനെ യാത്രയാക്കി ത്രേസ്യാമ്മയും ജോസഫേട്ടനും ഗെയ്റ്റിൽ നിൽക്കുന്നു. ശൈലജ കുഞ്ഞിനേയും കൊണ്ടു വരികയാണ്. കയ്യിലുള്ള സഞ്ചി പാറുക്കുട്ടിയുടെ കയ്യിൽ കൊടുത്ത് അവൾ കുട്ടിയെ ത്രേസ്യാമ്മയെ ഏൽപ്പിക്കന്നു; ഒപ്പം ഒരു തുണ്ട് കടലാസും.

ശൈലജ: മോൾക്ക് പാല്, കുറുക്കിയത്, വെള്ളം ഒക്കെ കൊടുക്കേണ്ട സമയം ഇതിലെഴുതീട്ടുണ്ട്. അതേ പോലെ കൊടുത്തോണം, ഒന്നും തെറ്റിക്കല്ലെ അമ്മച്ചി.

ത്രേസ്യാമ്മ: നീ സമാധാനത്തോടെ പോ കൊച്ചേ.

ശൈലജ: അല്ലേലും അമ്മച്ചീടെ അടുത്ത് മോളെ ആക്കിയാൽ എനിക്ക് എന്തോന്ന് സമാധാനക്കേടാ? ഞാൻ പോട്ടെ.

ശൈലജ കുട്ടിയുടെ കവിളിൽ ഉമ്മ വെച്ച്, ടാറ്റ പറഞ്ഞ് ഓടിപ്പോയി സ്‌കൂട്ടർ സ്റ്റാർട്ടാക്കി നിൽക്കുന്ന ഭർത്താവ് രവിയുടെ പിന്നിലിരുന്ന് പോകുന്നു. വീണ്ടും ടാറ്റ കൊടുക്കുന്നുണ്ട്. കുട്ടി അതു ശ്രദ്ധിക്കുന്നില്ല. കുഞ്ഞ് ത്രേസ്യാമ്മയുടെ മാറിൽ ചവിട്ടിക്കുതിച്ചു. ഒരു പരിചയക്കേടുമില്ല.

ത്രേസ്യാമ്മ: മാതാവിനു സ്തുതി. ഇത്രയും നല്ല ഒരു കൊച്ചിനെത്തന്നെ ആദ്യം അയച്ചുതന്നില്ലേ?

ജോസഫേട്ടൻ: 'മദർ മേരി' എന്ന് പേരിട്ടതോണ്ട് നീ വിശുദ്ധമാതാവിന്ന് വളരെയധികം ഉത്തരവാദിത്വം കൊടുക്ക്വാണ് ചെയ്തിരിക്കണത്. മാതാവിന് ഇനി വിശ്രമംണ്ടാവില്ല.

ത്രേസ്യാമ്മ: അതെന്താ?

ജോസഫേട്ടൻ: എന്റെ സ്ഥിതിതന്നെയാവില്ലെ മാതാവിനും?

ത്രേസ്യാമ്മ: എന്നു വച്ചാൽ?

ത്രേസ്യാമ്മ: (കൊച്ചിനെ കൊഞ്ചിച്ചുകൊണ്ട്: ഈ അപ്പൂപ്പൻ എന്തൊക്ക്യാണ് പറേണത്. അമ്മച്ചീടെ മോള് വാ, നമക്ക് പോവ്വാ. (അകത്തേയ്ക്കു പോകുന്നു.)

ജോസഫേട്ടൻ: അപ്പൂപ്പനോ? അവള് അമ്മച്ചി, ഞാൻ അപ്പൂപ്പനും. കൊള്ളാമല്ലോ. ചേച്ചീന്ന് വിളിപ്പിക്കാത്തത് ഭാഗ്യം.

ഫേയ്ഡൗട്ട്.

സീൻ 8:

അതേദിവസം ഒൻപത്, ഒൻപതര മണി. ഉമ്മറത്ത് ത്രേസ്യാമ്മ ശൈലജയുടെ കുട്ടിയെ എടുത്ത് നിൽക്കുന്നു. ഒരു ചെറുപ്പക്കാരനും, ഭാര്യയും(ശാരദ) അവരുടെ മൂന്നു വയസ്സുള്ള മകളുമായി വരുന്നു.

ത്രേസ്യാമ്മ: (എഴുന്നേറ്റുകൊണ്ട്) വാ, മോളെ വാ. (ഒരു കൈകൊണ്ട് അവളെ അടുത്തു പിടിച്ചിട്ട്) എന്താ മോടെ പേര്?

കുട്ടി ഒന്നും പറയാതെ അച്ഛനമ്മമാരോട് ചേർന്നു നിൽക്കുന്നു. അവർ രണ്ടുപേരുംകൂടി കുട്ടിയോട്:

ശാരദ: സുനീ, മോള് പേര് പറഞ്ഞുകൊടുക്ക്.

കുട്ടി അമ്മയെ പകച്ചുനോക്കുന്നു.

ത്രേസ്യാമ്മ: മോള് പേര് പറേ.

കുട്ടി: അമ്മ പറഞ്ഞുതന്നില്ലെ?

ത്രേസ്യാമ്മ: എന്ത്?

കുട്ടി: സുനീന്ന്ള്ള പേര്.

ത്രേസ്യാമ്മ: (ചമ്മിക്കൊണ്ട്) ഓ.

വാതിൽ കടന്ന് മറ്റൊരു ദമ്പതികൾ വരുന്നു. ഒപ്പം മൂന്നു വയസ്സായ ഒരു പെൺകുട്ടി.

ആദ്യം വന്നവർ: ത്രേസ്യാന്റീ ഞങ്ങൾ പോട്ടെ, മോളെ നല്ലോണം നോക്കണേയ്.

ത്രേസ്യാമ്മ: നിങ്ങള് സമാധാനത്തോടെ പോ.

പുതുതായി വന്നവർ പെൺകുട്ടിയെ ഏല്പിക്കുന്നു. ഒപ്പം ഒരു സഞ്ചിയുമുണ്ട്.

ത്രേസ്യാമ്മ: (പുതുതായി വന്ന കുട്ടിയോട്) എന്താ മോടെ പേര്? (പെട്ടെന്ന് ആലോചിച്ചിട്ട്) അല്ലെങ്കീ വേണ്ട.

മറ്റൊരു ദമ്പതികൾകൂടി വരുന്നു. ഒപ്പം രണ്ടു വയസ്സായ ഒരാൺകുട്ടിയും.

രണ്ടാമത് വന്നവർ: മോടെ പേര് റോസാന്നാ ആന്റീ. ഒന്ന് നല്ലോണം ശ്രദ്ധിക്കണം കെട്ടോ. കണ്ണു തെറ്റിയാൽ പുറത്തേയ്ക്ക് ഓടും.

ത്രേസ്യാമ്മ: നിങ്ങ ഒന്നും പേടിക്കണ്ട പിള്ളാരെ. എല്ലാം ഞാൻ നോക്കിക്കോളാം.

മൂന്നാമത് വന്നവരുടെ ഒപ്പമുള്ള ആൺകുട്ടി: എന്റെ പേര് സജീന്നാ.

ത്രേസ്യാമ്മ (അവന്റെ തല തൊട്ടു തലോടുന്നു): മിടുക്കൻ.

സജിയുടെ അച്ഛൻ: അതെന്താണെന്നറിയ്യോ ആന്റീ, ആന്റി ചോദിച്ചാൽ പേര് പറഞ്ഞുകൊടുക്കണംന്ന് ഞങ്ങള് പറഞ്ഞീര്ന്ന്.

ത്രേസ്യാമ്മ: അപ്പൊ ചോദിക്കാതെത്തന്നെ അവൻ പറഞ്ഞു അല്ലെ, മിടുക്കൻ.

പാറുകുട്ടി അകത്തുനിന്ന് വരുന്നു. അവൾ ഓരോരുത്തരുടെ സഞ്ചി എടുത്തുകൊണ്ട് ചോദിക്കുന്നു:

പാറുകുട്ടി: ഇതാര്ട്യാ?

സഞ്ചിയുടെ ഉടമയുടെ അച്ഛനമ്മമാർ ഉത്തരം പറയുന്നു. അവൾ സഞ്ചി മൂന്നും എടുത്ത് അകത്തേയ്ക്കു പോകുന്നു.

വന്നവർ: എന്നാൽ ഞങ്ങള് പോക്വാണ് കേട്ടോ ത്രേസ്യാന്റി.

വന്നവർ മക്കളോട് നല്ല കുട്ടികളായി ഇരിക്കണമെന്നെല്ലാം പറഞ്ഞ് പോകുന്നു.

സീൻ 8-അ:

അച്ഛനമ്മമാർ പോയിക്കഴിഞ്ഞപ്പോൾ കുട്ടികൾ കരയാൻ തുടങ്ങി. ആദ്യം തുടങ്ങിവെച്ചത് ആൺകുട്ടിയായിരുന്നു. അതു കണ്ടതോടെ മറ്റു രണ്ടുപേരും കരച്ചിൽ തുടങ്ങി. ശൈലജയുടെ മകൾ അത്ഭുതത്തോടെ നോക്കും, എന്താണിത്ര കരയാനെന്ന മട്ടിൽ. ജോസഫേട്ടൻ പോക്കറ്റിൽ കരുതിയിരുന്ന മിട്ടായികൾ പുറത്തെടുക്കുന്നു. പൊതിയിലെ മിട്ടായികൾ കഴിഞ്ഞു വരുന്നതോടൊപ്പം കുട്ടികളുടെ കരച്ചിലും കുറഞ്ഞുവന്ന് ഇല്ലാതാവുന്നു. മിട്ടായിപ്പൊതി ഒഴിഞ്ഞുകണ്ട് രണ്ടാമതൊരു വട്ടം കരയാൻ പുറപ്പെട്ട കുട്ടികളോട് ത്രേസ്യാമ്മ സംസാരിക്കുന്നു.

ത്രേസ്യാമ്മ: കണ്ടില്ലേ കൊച്ചു വാവ ചേട്ടനേം ചേച്ചിമാരേം നോക്കുണു. നല്ല ഇഷ്ടായിരിക്കുന്നു നിങ്ങളെ. നിങ്ങള് അവളെ കളിപ്പിക്കിൻ; അപ്പോ നിങ്ങളെ നല്ല ഇഷ്ടാവും. മോളെ, നോക്ക് ചേട്ടനും ചേച്ചിമാരും. ഇതാ മോള് കരയാതെ നോക്കണ്ടത് നിങ്ങളാട്ടോ.

കുട്ടികളുടെ ശ്രദ്ധ ജോസഫേട്ടന്റെ കയ്യിലെ ഒഴിഞ്ഞ സഞ്ചിയിൽനിന്ന് കൊച്ചു കുട്ടിയിലേയ്ക്ക് തിരിയുന്നു. പിന്നെയുണ്ടായ പ്രശ്‌നം അവരുടെ അമിതലാളനങ്ങളിൽനിന്ന് കുട്ടിയെ രക്ഷിക്കൽ മാത്രമാണ്. കുറച്ചു സമയം പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. ചേച്ചിമാരുടേയും ചേട്ടന്റെയും കയ്യിലുള്ള വിഭവങ്ങൾ പരിമിതങ്ങളായിരുന്നു. ക്രമേണ മോൾക്ക് ബോറടിച്ചു തുടങ്ങി. അവൾ കോട്ടുവായിട്ടു, സാവധാനത്തിൽ മുട്ടുകുത്തി ത്രേസ്യാമ്മയുടെ മടിയിൽ കയറി. അവർ കുഞ്ഞിനെ എടുത്തു ഉമ്മവെച്ചുകൊണ്ട് ചോദിക്കുന്നു.

ത്രേസ്യാമ്മ: അമ്മച്ചീടെ മോക്ക് എന്നാ വേണം?

വേണ്ടതെന്താണെന്ന് ത്രേസ്യാമ്മയുടെ മാറിൽ കുഞ്ഞിക്കൈ കൊണ്ട് തപ്പിക്കൊണ്ട് അവൾ കാണിച്ചു കൊടുക്കുന്നു. അവൾ ത്രേസ്യാമ്മയുടെ ബ്ലൗസ് മാറ്റാൻ ശ്രമിക്കുകയാണ്.

ജോസഫേട്ടൻ: (ആത്മഗതം) എന്റെ കുത്തകാവകാശത്തിലല്ലേ അവള് കൈ കടത്തുന്നത്. (ത്രേസ്യാമ്മയോട്) എടീ, കൊച്ചിന് പാലു വേണംന്ന് തോന്നുന്നു.

ത്രേസ്യാമ്മ അകത്തേയ്ക്കു നോക്കി പാറുവിനെ വിളിക്കുന്നു.

പാറുകുട്ടി: (പ്രത്യക്ഷയായി) എന്നെ വിളിച്ചാ അമ്മച്ചീ?

ത്രേസ്യാമ്മ: നീ ശൈലജ കൊണ്ടുവന്ന ആ സഞ്ചി എടുത്തുകൊണ്ടുവാ.

പാറുകുട്ടി സഞ്ചി കൊണ്ടുവന്ന്, മറ്റു മൂന്നു കുട്ടികളും ചുറ്റും നോക്കിനില്‌ക്കെ ആർഭാടപൂർവം തുറക്കുന്നു. അതിൽ നിറയെ കുഞ്ഞിന്റെ ഉടുപ്പുകൾ. പിന്നെ ഒരു പാൽക്കുപ്പിയും. നിപ്പ്ൾ ഇട്ടു തയ്യാറാക്കിയ കുപ്പി. പക്ഷെ പാലില്ല.

ത്രേസ്യാമ്മ: എന്റെീശോയെ, ആ തെറിച്ച പെണ്ണ് പാലും പൊടിയും ഒന്നും തന്നിട്ടില്ല.

ജോസഫേട്ടൻ: അപ്പോ നെനക്ക് അവളോട് പറയായിരുന്നില്ലെ?

ത്രേസ്യാമ്മ: അതിന് ഞാനറിഞ്ഞോ? സഞ്ചി തന്നപ്പോൾ അതിൽ എല്ലാംണ്ടാവുംന്ന് കരുതി.

തുറക്കാത്ത ബ്ലൗസ് കുഞ്ഞിക്കൈകൊണ്ട് മാറ്റാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ മോൾ ബ്ലൗസിന്നു മീതെ കപ്പാൻ തുടങ്ങുന്നു. പാൽ കിട്ടുന്നില്ലെന്നു കണ്ടപ്പോൾ ദ്വേഷ്യം പിടിച്ച് കരയുന്നു.

ത്രേസ്യാമ്മ: നിങ്ങ പോയി ഒരു ടിന്ന് ബേബിഫുഡ് വാങ്ങിക്കൊണ്ടുവാ. വേഗം ആട്ടെ, പാവം കൊച്ചിന് വെശക്കുന്നുണ്ട് ന്ന് തോന്നുന്നു.

കുട്ടി അപ്പോഴേക്കും നിർത്താതെ കരച്ചിലായിരിക്കുന്നു. ജോസഫേട്ടൻ എഴുന്നേറ്റ് മുണ്ടു മുറുക്കി ഷർട്ട് എടുത്തിട്ട് പുറത്തേക്കിറങ്ങുന്നു.

സീൻ 9:

പുറത്തുനിന്ന് വിയർത്തുകുളിച്ചു വന്ന ജോസഫേട്ടന്റെ കയ്യിൽ വലിയ ഒരു ടിൻ ബേബിഫുഡ്.

ത്രേസ്യാമ്മ: അപ്പോ, നിങ്ങൾക്ക് ചെറിയ ടിന്ന് വാങ്ങായിരുന്നില്ലെ? ഇതിന് ഒത്തിരി കാശായിട്ടുണ്ടാകുമല്ലൊ.

ജോസഫേട്ടൻ: (വെയിലത്തു നടന്നു ക്ഷീണിച്ചിരുന്നു.) ഇല്ല (ഷർട്ടഴിച്ചിട്ട് ദേഹത്തേ വിയർപ്പ് വറ്റിക്കുന്നു.) അവര് വെറുതെ തന്നതാ.

ത്രേസ്യാമ്മ: (ദ്വേഷ്യത്തോടെ) ഞാനതല്ല പറഞ്ഞത്. ചെറിയ ടിന്ന് മത്യായിരുന്നുന്ന് മാത്രെ ഉദ്ദേശിച്ചുള്ളു.

ജോസഫേട്ടൻ: ചെറിയ ടിന്ന് ഇവിടുള്ള കടയിലില്ല. എറണാകുളത്തോട്ട് പോണം.

ത്രേസ്യാമ്മ: ഉം, സാരല്ല്യ.

ജോസഫേട്ടൻ: നീ വേഗം പാല് കൂട്ടി കൊച്ചിന് കൊടുക്ക്. അതിരുന്ന് കരയുന്നതു കണ്ടില്ലെ.

പാറുകുട്ടി: വെള്ളം തെളപ്പിച്ചിട്ട്ണ്ട്. ടിന്ന് താ.

ജോസഫേട്ടൻ പാൽടിൻ കൊടുക്കുന്നു. മേശപ്പുറത്ത് വെച്ച ഫ്‌ളാസ്‌കിൽനിന്ന് തിളപ്പിച്ച വെള്ളമെടുത്ത് പാറുകുട്ടി പാൽ കൂട്ടുന്നു. ചൂട് പാകമാണോ എന്നു നോക്കി അവൾ കുപ്പിയിലാക്കി നിപ്പ്ൾ ഇട്ട് ത്രേസ്യാമ്മയുടെ കയ്യിൽ കൊടുക്കുന്നു.

കുട്ടി ആർത്തിയോടെ വലിച്ചുകുടിക്കുന്നതു കണ്ടപ്പോൾ ത്രേസ്യാമ്മ പറഞ്ഞു.

ത്രേസ്യാമ്മ: എന്റെ കർത്താവേ, അതിന് നല്ലവണ്ണം വെശന്നിരുന്നു കേട്ടോ.

അവർ വാത്സല്യത്തോടെ കുഞ്ഞിന്റെ തലയിൽ തടവി. അവളുടെ കണ്ണടഞ്ഞുവന്നു. കുപ്പിയിലെ പാൽ കഴിഞ്ഞപ്പോഴേക്കും അതുറക്കമായിരുന്നു.

സീൻ 10:

കിടപ്പറയിൽ കട്ടിലിന്മേൽ മോളെ കിടത്തി, തുടയിൽ തട്ടി താളം പിടിച്ച് തടവിന്നായി തലയണയും വെച്ച് അവളുടെ കിടത്തം നോക്കി പ്രശ്‌നങ്ങളൊക്കെ തൃപ്തിയാംവണ്ണം പരിഹരിച്ചല്ലോ എന്ന സമാധാനത്തോടെ, സംതൃപ്തിയോടെ ത്രേസ്യാമ്മ തിരിക്കുന്നു.

സീൻ: 11:

തിരിച്ചു ഉമ്മറത്തേയ്ക്കു വന്ന ത്രേസ്യാമ്മക്ക് നേരിടേണ്ടി വന്നത് രണ്ട് കൊച്ചു പ്രശ്‌നങ്ങളെയായിരുന്നു. ഒരു സംഘട്ടനത്തിനു തയ്യാറായി നിൽക്കുന്നു രണ്ട് കൊച്ചുമുഖങ്ങൾ ക്ലോസപ്പിൽ കാണിക്കണം.

ആദ്യം പറഞ്ഞത് ശാരദയുടെ മകൾ സുനിയായിരുന്നു. അവൾ ചുണ്ടും പിളർത്തിക്കൊണ്ട് പറയുന്നു.

സുനി: നിക്കും വേണം പാല്.

ആദ്യം അതേറ്റു പറയുന്നത് ലിസിയുടെ മകൾ റോസയായിരുന്നു.

റോസ: നിക്കും വേണം പാല്.

ജോസഫേട്ടന്റെ അടുത്തിരുന്നു കളിക്കുന്ന സജി അതു കേൾക്കരുതേ എന്ന് ത്രേസ്യാമ്മ ഭയത്തോടെ നോക്കുന്നു. അപ്പോഴേക്ക് അവനും എഴുന്നേറ്റു വന്നു.

സജി: നിക്കും വേണം ചേച്ചിമാര് തിന്നണത്.

ജോസഫേട്ടൻ: (രസിച്ചുകൊണ്ട്) ചേച്ചിമാരുടെ ആവശ്യം എന്തുതന്നെയായാലും അവനും അതിലൊരു പങ്കുവേണം; അത്രതന്നെ.

ത്രേസ്യാമ്മ: ആന്റി നിങ്ങൾക്ക് പാല് തരാലോ.

സുനി: ആന്റി നിക്ക് കുപ്പീല് പാലു കുടിക്കണം.

ത്രേസ്യാമ്മ റോസയുടേയും സജിയുടേയും മുഖത്തുനോക്കുന്നു. ഇല്ല, അവർക്കും സംശയമൊന്നുമില്ല.

റോസ: നിക്കും വേണം കുപ്പീല് പാല്.

സജി: നിക്കും.

ജോസഫേട്ടൻ: നീ ഒരു കാര്യം ചെയ്യ് കൊച്ചു ത്രേസ്യേ. പാറൂനോട് കൊറച്ച് പാലും വെള്ളം ഉണ്ടാക്കാൻ പറ.

കുട്ടികളുടെ സ്വരം ഒന്നിച്ച് പൊങ്ങുന്നു.

മൂന്നു പേരും: പാല് വെള്ളം വേണ്ടാ.

ത്രേസ്യാമ്മ: (മയത്തിൽ) പിന്നെ എന്താണ് മക്കളെ വേണ്ടത്?

നിലത്തുവെച്ച ടിന്നിലേയ്ക്കു ചൂണ്ടിക്കാട്ടി അവർ മൂന്നുപേരും ഒരേ സ്വരത്തിൽ പറഞ്ഞു.

മൂന്നു പേരും: ഈൗൗ പാല്.

ത്രേസ്യാമ്മ: (തലയിൽ കൈവെച്ചുകൊണ്ട്) എന്റീശോയേ....

End Of Part I

Part II

കഴിഞ്ഞ രംഗത്തിന്റെ തുടർച്ചയാണ്. മൂന്ന് കുട്ടികളും ടിന്നിലെ പാൽപ്പൊടിക്കു വേണ്ടി വാശി പിടിച്ച് നിൽക്കുകയാണ്. ജോസഫേട്ടന്റെ വക അനുരഞ്ജന സംഭാഷണം.

ജോസഫേട്ടൻ: മക്കള് ഇവിടെ വാ, അങ്കിള് ഒരു കാര്യം പറഞ്ഞുതരാം.

സുനി: കഥ്യാണോ?

കുട്ടികൾ ജോസഫേട്ടന്റെ ചുറ്റും നിൽക്കുന്നു.

ജോസഫേട്ടൻ: കഥ്യൊംന്നുല്ല. എന്നാൽ കഥ്യാണുതാനും. ഈ ടിന്ന് ആർക്കു വേണ്ടിയാ വാങ്ങീത് ന്നറിയ്യോ?

മൂന്നു പേരും: വാവയ്ക്ക്.

ജോസഫേട്ടൻ: അപ്പൊ അത് വാവയ്ക്കായിട്ട് മാറ്റി വയ്ക്ക്യല്ലെ നമുക്കൊക്കെ നല്ലത്?

കുട്ടികൾക്ക് പെട്ടെന്ന് ജോസഫേട്ടൻ പറയുന്നത് മനസ്സിലാവുന്നില്ല. കുറച്ചുനേരം ആലോചിച്ചശേഷം സുനി പറയുന്നു.

സുനി: അതെ.

ജോസഫേട്ടൻ: അപ്പൊ ആ കാര്യത്തില് നമുക്കെല്ലാം ഒത്തുതീർപ്പായിരിക്കുണു. ഇനി നമുക്ക് കൊറച്ചു നേരം കളിക്കാം.

മൂന്നു പേരും: (ഒരേ സ്വരത്തിൽ) പാല് വേണം.

ജോസഫേട്ടൻ: തരാലോ. (പാറുകുട്ടിയോട്) പാറുകുട്ടി ഈ കൊച്ചുങ്ങൾക്ക് പാല് കൊണ്ടുവാ.

മൂന്നു പേരും: (ഒപ്പം) ഈ പാല് വേണം.

ജോസഫേട്ടൻ: (ദ്വേഷ്യത്തോടെ) അപ്പൊ എന്തേ ഇത്രേം നേരം പറഞ്ഞിരുന്നത്?

ത്രേസ്യാമ്മ: നോക്കൂന്നേയ്, നിങ്ങളാ കൊച്ചുങ്ങളോട് കയർക്കണ്ട. (കുട്ടികളെ നോക്കി) ആന്റി നിങ്ങൾക്ക് ഈ പാലുതന്നെ തരാം കെട്ടോ. ഓരോ സ്പൂൺവീതം കയ്യിൽ തരാം.

കുട്ടികൾ തലയാട്ടുന്നു.

ജോസഫേട്ടൻ: ഒരു കാര്യം ഞാൻ പറഞ്ഞേക്കാം കൊച്ചുത്രേസ്യേ. ഇതൊക്കെ ഓരോ ചീത്ത കീഴ്‌വഴക്കങ്ങള് ണ്ടാക്കലാണ്. ഇനി എന്നും പിള്ളേര് ഇതാവശ്യപ്പെടും, നിനക്ക് കൊടുക്കേണ്ടതായും വരും.

ത്രേസ്യാമ്മ: അതൊന്നും സാരല്ല്യ. എങ്ങനെയെങ്കിലും സമാധാനംണ്ടാവട്ടെ.

ജോസഫേട്ടൻ: (സ്വയം പറയുന്നു) സമാധാനം, എന്തു വിലകൊടുത്തും.

ത്രേസ്യാമ്മ ടിന്ന് തുറന്ന് ഓരോ സ്പൂൺ പാൽപ്പൊടി വീതം കുട്ടികൾക്ക് കൊടുക്കുന്നു.

സീൻ 12:

പന്ത്രണ്ടുമണി കഴിഞ്ഞു ഭക്ഷണ സമയമായി.

ത്രേസ്യാമ്മ: ഇനി ഇവർക്കൊക്കെ ഭക്ഷണം കൊടുക്കാം അല്ലെ?

ജോസഫേട്ടൻ: അതെയതെ സമയായി. അവർക്ക് വെശക്കുന്നുണ്ടാവും.

ത്രേസ്യാമ്മ: പാറുകുട്ടീ.

ജോസഫേട്ടൻ: മക്കളെ നമുക്ക് ഊണു കഴിക്ക്യാ?

പാറുകുട്ടി: (അകത്തുനിന്ന് വരുന്നു) അമ്മച്ചീ വളിച്ചാ?

ത്രേസ്യാമ്മ: മോളേ, നീ പിള്ളാര്‌ടെ സഞ്ചി ഒന്ന് തൊറന്ന് നോക്ക്, ഭക്ഷണം വല്ലതും...

പാറുകുട്ടി: (അവരെ മുഴുമിക്കാൻ അനുവദിക്കാതെ) ഇല്ലമ്മച്ചീ, ഉടുപ്പു മാത്രെ ഉള്ളു.

ത്രേസ്യാമ്മ: നീ നോക്കിയോ, പെണ്ണെ?

പാറുകുട്ടി: നോക്കി അമ്മച്ചീ.

ത്രേസ്യാമ്മ: എപ്പോ?

പാറുകുട്ടി: വാവെടെ സഞ്ചി തൊറന്ന് നോക്കീല്ലെ, അപ്പോത്തന്നെ.

ത്രേസ്യാമ്മ: എന്നിട്ട് നീയെന്താ എന്നോട് പറയാതിരുന്നത്?

പാറുകുട്ടി: അമ്മച്ചീടെ മനസ്സമാധാനം കളയണ്ടാന്ന് കരുതി.

സംഭാഷണം ശ്രദ്ധയോടെ കേട്ടു രസിക്കുന്ന ജോസഫേട്ടൻ തലയാട്ടുന്നു.

ജോസഫേട്ടൻ: അവള് പറഞ്ഞതാ കാര്യം. കേൾക്കാൻ സുഖമില്ലാത്ത കാര്യങ്ങള് വൈകിക്കേൾക്കണതല്ലെ നല്ലത്? ആട്ടെ പിള്ളാർക്ക് കൊടുക്കാൻ എന്താണുള്ളത്?

പാറുകുട്ടി: ചോറ്ണ്ട്, ഇറച്ചിക്കറീണ്ട്, മീൻ വറുത്തതുംണ്ട്.

ജോസഫേട്ടൻ: പിന്നെന്താ?

സീൻ 13:

കുട്ടികൾ നല്ല രുചിയോടെ ഭക്ഷണം കഴിക്കുന്നത് ജോസഫേട്ടൻ നോക്കിയിരുന്നു. സജിക്കു മാത്രം കുഴച്ച് വായിൽ കൊടുക്കേണ്ടി വന്നു. ത്രേസ്യാമ്മ നല്ല വാക്കുകൾ പറഞ്ഞ് ഉരുളയും ഇറച്ചിയും മീനും അവന്റെ വായിൽ കൊടുത്തു. എരിവു കാരണം അവന്റെ കണ്ണുകളിൽനിന്ന് വെള്ളം ചാടുന്നുണ്ട്.

ശൈലജയുടെ മകൾ ഉണർന്നപ്പോൾ വീണ്ടും പാൽ കൂട്ടിക്കൊടുത്തു. ഒരു വാശിയുമില്ല. കുറേനേരം ഇരുന്ന് കളിച്ചു. ഉറക്കും വരുന്നുണ്ടെന്ന് തോന്നിയപ്പോൾ ത്രേസ്യാമ്മ കാലിൽ കിടത്തി ആട്ടി ഉറക്കി.

കുട്ടികളും ഓരോരുത്തരായി നിലത്തു വിരിച്ച കിടക്കയിൽ ഉറക്കമായി. സജി എഴുന്നേറ്റു നിൽക്കുന്നു. ദീവാനിൽ മലർന്നുകിടന്ന് കൂർക്കം വലിക്കുന്ന ജോസഫേട്ടനെ നോക്കി, പേടിയോടെ ചോദിക്കുന്നു.

സജി: എന്താണ് അപ്പൂപ്പൻ 'ഘ്രോം ഘ്രോം' ന്ന് ശബ്ദം ഉണ്ടാക്കണത്?

ത്രേസ്യാമ്മ: നീ ഇവിടെ വന്ന് കിടക്ക്.

സജിയും മറ്റു കുട്ടികളുടെ കൂടെ ചെന്നു കിടക്കുന്നു.

സീൻ 14:

അഞ്ചു മണിയോടെ ആദ്യത്തെ അമ്മ വരുന്നു.

സുനിയുടെ അമ്മ: മോള് ആന്റിയെ ശല്യം ചെയ്തതൊന്നുമില്ലല്ലോ.

ത്രേസ്യാമ്മ: ഏയ്, ഒരു കുഴപ്പവുമില്ല, അവര് നല്ല കൂട്ടായിരുന്നു.

ആ സ്ത്രീ പോയിക്കഴിഞ്ഞപ്പോഴാൾ ത്രേസ്യാമ്മ ഓർത്തു കൊണ്ട് ജോസഫേട്ടനോട് പറയുന്നു.

ത്രേസ്യാമ്മ: അല്ലാ, ഞാനൊരു കാര്യം അവളോട് പറയാൻ വിട്ടുപോയി.

ജോസഫേട്ടൻ: എന്തേ?

ത്രേസ്യാമ്മ: നാളെ കുട്ടിയെ കൊണ്ടുവരുമ്പോ ഒരു ടിഫിൻ ബോക്‌സില് ഭക്ഷണം കൊണ്ടുവരണംന്ന് പറയാൻ. എറണാകുളത്തൊക്കെ അങ്ങനാന്നാ എലിയാമ്മ പറഞ്ഞത്.

ജോസഫേട്ടൻ: അതൊന്നും സാരല്ല്യാന്നേയ്.

ത്രേസ്യാമ്മ: അല്ലേലും ഞാനും ആലോചിച്ചു. ഈ അമ്മമാര് രാവിലെ ഓഫീസിൽ ജോലിക്കു പോണ തെരക്കിൽ ചോറും എന്തെങ്കിലും പച്ചക്കറിയും പേരിനു മാത്രം ഉണ്ടാക്കി എന്നു വരുത്തും. അതായിരിക്കും കുട്ടികൾക്കും കൊടുത്തയക്കുക. കുട്ടികൾ മുമ്പിലിരുന്ന് ആ തണുത്ത് വെറുങ്ങലിച്ച ഭക്ഷണം കഴിക്കുമ്പോൾ നമ്മക്ക് ഇറച്ചിയും മീനുമൊക്കെ കൂട്ടി ഊണ് കഴിക്കാൻ വെഷമം തന്ന്യാ.

സീൻ 15:

വീട്ടു പടിക്കൽ കൊച്ചുകുട്ടിയെയും എടുത്ത് ശൈലജയെ കാത്തു നിൽക്കുന്ന ത്രേസ്യാമ്മ. ജോസഫേട്ടനും അസ്വസ്ഥനായിട്ടുണ്ട്. അദ്ദേഹം ഇടക്കിടക്ക് വാച്ചു നോക്കുന്നുണ്ട്. സമയം ആറുമണിയോടടുക്കുന്നു.

ത്രേസ്യാമ്മ: ഇതെന്തൊരമ്മയാണ് ! രാവിലെ കൊണ്ടുവന്നു വിട്ടതാണ്, മുലകുടി മാറിയിട്ടില്ലാത്ത കുട്ടിയെ.

കുട്ടി ഇടക്കിടക്ക് ത്രേസ്യാമ്മയുടെ മാറിൽ തപ്പിനോക്കുന്നുണ്ട്. പാറുകുട്ടി വന്ന് അവളെ എടുക്കുന്നു.

ജോസഫേട്ടൻ: അവള് സാധാരണ എത്ര മണിക്കാണ് ആപ്പീസീന്ന് വര്വാ?

ത്രേസ്യാമ്മ: അവള് അഞ്ചരക്കൊക്കെ എത്താറ്ണ്ട്, ഇല്ലേ പാറുകുട്ടീ?

പാറുകുട്ടി: ഓവർടൈമ്ണ്ടാവും അമ്മച്ചീ.

ജോസഫേട്ടൻ: എന്നാലും ഇങ്ങനെണ്ടോ ഒരു....... പാവം കൊച്ച്.

പാറുകുട്ടി: (മോളോട്) വാ മോക്ക് ചേച്ചീ കോഴീനെ കാട്ടിത്തരാം.

സീൻ 16:

കോഴിക്കുട്ടിന്നടുത്ത് ചേക്കേറാൻ ഭാവിക്കുന്ന കോഴിയെ പാറുകുട്ടി മോൾക്ക് കാട്ടിക്കൊടുക്കുന്നു.

പാറുകുട്ടി: നോക്ക് മോളെ കോഴി. കോഴി ബാ ബാ....

സീൻ 17:

വീട്ടു പടിക്കൽ ത്രേസ്യാമ്മയും ജോസഫേട്ടനും ശൈലജ ഓഫീസിൽനിന്ന് വരുന്ന ദിശയിൽ നോക്കി നിൽക്കുന്നു. പിന്നിൽനിന്ന് ശൈലജ വരുന്നതവർ കാണുന്നില്ല.

ശൈലജ: അമ്മച്ചീ, എന്റെ മോള്.

ജോസഫേട്ടൻ: (ഞെട്ടിക്കൊണ്ട്) അപ്പോ നീയെപ്പഴാ വന്നത്. ഞങ്ങള് എത്ര നേരായി നോക്കിനിൽക്കുന്നു.

ത്രേസ്യാമ്മ: (പരിഭവത്തോടെ) മോളെപ്പറ്റി വിചാരംള്ള ഒരമ്മയും! എന്തേ ഇത്ര വൈകിയത്? പാവം അതിന് കുടിക്കാൻ ധൃതിയായിരിക്കുന്നു.

ശൈലജ: ഞാനേയ് അമ്മച്ചി ഓഫീസിൽനിന്ന് വന്നിട്ട് ഒന്ന് മേൽകഴുകി. പിന്നെ കറിക്കുള്ള കഷ്ണങ്ങളൊക്കെ നുറുക്കിവെച്ചു. ഈ പെണ്ണ് അതിനൊന്നും സമ്മതിക്കത്തില്ല.

ത്രേസ്യാമ്മ: കഷ്ടം തന്നെ. (മൂക്കത്ത് വിരൽവെച്ചുകൊണ്ട്) ഇങ്ങിനേയും അമ്മമാരുണ്ടല്ലോ.

പാറുകുട്ടി മോളെ കൊണ്ടുവന്ന് ത്രേസ്യാമ്മയുടെ കയ്യിൽ കൊടുക്കുന്നു.

ത്രേസ്യാമ്മ: നോക്ക് മോളെ ആരാ വന്നിരിക്കണത്ന്ന്?

അമ്മയെ കണ്ടപ്പേുാൾ അവൾ കയ്യും കാലുമിട്ടടിച്ച് കുതിച്ചു. പക്ഷെ ശൈലജ എടുക്കാൻ കൈ നീട്ടിയപ്പോൾ അവൾ പെട്ടെന്ന് തിരിഞ്ഞ് ത്രേസ്യാമ്മയുടെ ചുമലിലേക്കു തന്നെ ചാടുന്നു.

ജോസഫേട്ടൻ: നോക്ക് പെണ്ണിന്റെ കാട്ടായങ്ങള് !

ശൈലജ കുഞ്ഞിനെയുംകൊണ്ട് നടന്നു പോകുന്നത് രണ്ടു പേരും നോക്കി നിൽക്കുന്നു. അവൾ പോയിക്കഴിഞ്ഞപ്പോൾ.

ത്രേസ്യാമ്മ: അതാ! ബേബിഫുഡ് വാങ്ങിയ കാര്യം ഞാൻ പറയാൻ വിട്ടുപോയി.

ജോസഫേട്ടൻ: സാരമില്ല, ഒന്നിച്ചു കണക്കു പറയാം.

സീൻ 18:

രാത്രി ഉറങ്ങാൻ കിടക്കാനുള്ള ഒരുക്കങ്ങൾ. ജോസഫേട്ടൻ മയക്കത്തിലായി. ത്രേസ്യാമ്മ മുട്ടുകുത്തി ഇരുന്ന് പ്രാർത്ഥിക്കുകയാണ്.

ത്രേസ്യാമ്മ: (കിടക്കയിൽ പ്രാർത്ഥനാനിരതയായി മുട്ടുകുത്തി ഇരുന്നുകൊണ്ട്) കർത്താവേ ഒത്തിരി നന്ദി പറയാനുണ്ട്. ജോമോൻ ഉണ്ടായതിൽപ്പിന്നെ ഇത്രയും നല്ല ഒരു കാര്യം സംഭവിക്കുന്നത് ഇന്നാണ്. ആ കൊച്ചുങ്ങടെ മുഖം കാണുമ്പോൾ എന്തു സന്തോഷാ ഉണ്ടാവണത്. കർത്താവേ ആ ചെറുതിന്റെ തുള്ളൽ കാണുകതന്നെ വേണം. ഒരു പഞ്ഞിക്കെട്ടു പോലത്തെ സാധനം. ഇപ്പോൾ അടുത്തു കിട്ടാൻ തോന്നുന്നു. ഇതെല്ലാം സാധിച്ചുതന്ന കർത്താവിന് സ്തുതി......''

ജോസഫേട്ടൻ: (മയക്കത്തിൽനിന്ന് ഉണർന്ന്) കൊച്ചു ത്രേസ്യേ, നീ മറ്റുള്ളവരുടെ ഉറക്കാണ് കളേണത്.

ത്രേസ്യാമ്മ വിളക്കണച്ചു ഒരിക്കൽ കൂടി കുരിശു വരച്ചു കിടക്കുന്നു. ക്ലോസപ്പിൽ കാണുന്ന മുഖത്ത് സന്തോഷം.

സീൻ 19:

ത്രേസ്യാമ്മയുടെ ഉമ്മറം. രാവിലെ എട്ടരക്കു തന്നെ ശൈലജ കുട്ടിയുമായി എത്തുന്നു. കുട്ടിയെ ത്രേസ്യാമ്മയെ ഏൽപ്പിച്ചു സഞ്ചി പാറുക്കുട്ടിക്കു കൊടുത്ത് ഓടാൻ തയ്യാറാകുന്നു.

ത്രേസ്യാമ്മ: ശൈലജേ ഒരു മിനിറ്റ് നിക്ക്. ഇന്നലെ ബേബിഫുഡ് വാങ്ങിയിട്ടുണ്ട് കെട്ടോ.

ശൈലജ: (തിരിഞ്ഞു നിന്നുകൊണ്ട്) ങാ, ഞാൻ ടിന്ന് മേശപ്പുറത്തിരിക്കുന്നതു കണ്ടു. അപ്പോ തോന്നി ജോസഫേട്ടൻ വാങ്ങിച്ചതായിരിക്കുംന്ന്. പിന്നെ, ഇന്നലെ മോക്ക് കുറുക്കിയത് കൊടുത്തുവോ?

ത്രേസ്യാമ്മ: ഇല്ല, നീയൊന്നും തന്നില്ലല്ലോ.

ശൈലജ: ഇന്ന് കൊടുക്കണംട്ടോ. ജോസഫേട്ടനോട് ഫാരക്‌സോ, സെറിലാക്കോ വാങ്ങാൻ പറയണം.

അവൾ ഓടിപ്പോയി ഭർത്താവ് രവിയുടെ സ്‌കൂട്ടറിനു പിന്നിൽ ഇരിക്കുന്നു. ടാറ്റ പറഞ്ഞു പോകുന്നു.

ത്രേസ്യാമ്മ: (കുട്ടിയെ കൊഞ്ചിച്ചുകൊണ്ട്) അമ്മച്ചീടെ മോള് വന്നല്ലോ.

പാറുകുട്ടി: (ശൈലജയുടെ പോക്ക് നോക്കിക്കൊണ്ട്) എനിക്ക് ഈ പെമ്പ്രന്നോര്‌ടെ കാട്ടായങ്ങളൊന്നും പിടിക്കിണില്ല്യ.

സീൻ 20:

ത്രേസ്യാമ്മയുടെ ഉമ്മറം. ത്രേസ്യാമ്മയും പാറുകുട്ടിയും മോളെ കളിപ്പിക്കുകയാണ്. വൈകുന്നേരം സമയം. ശൈലജ വരുന്നു. ഓഫീസിൽനിന്നു വരുന്ന വഴിയാണ്. തോളിൽ സഞ്ചിയുണ്ട്. വന്ന ഉടനെ നൂറിന്റെ രണ്ട് നോട്ടുകൾ ത്രേസ്യാമ്മയ്ക്കു നീട്ടുന്നു.

ത്രേസ്യാമ്മ: അല്ലാ, ഇന്ന് മുപ്പത്തൊന്നാം തിയ്യതിയാണല്ലേ? ഒരു മാസം എത്ര വേഗാ കഴിഞ്ഞത്?

പാറുകുട്ടി: ഇനിതൊട്ട് അമ്മച്ചി മാസം കഴീണത് ഓർത്തോളും.

ത്രേസ്യാമ്മ: അതെന്താ കൊച്ചേ?

പാറുകുട്ടി: മാസവസാനല്ലെ അമ്മച്ചീടെ ഫീസ് കിട്ട്വാ.

ത്രേസ്യാമ്മ: ഓ.

ശൈലജ കുഞ്ഞിനെയെടുത്ത് പോകുകയാണ്.

ത്രേസ്യാമ്മ: (കയ്യിൽ കിട്ടിയ രണ്ടു നോട്ടുകൾ നോക്കിക്കൊണ്ട്) നില്ല് പെണ്ണെ. കുറച്ചു കണക്ക് നോക്കാനുണ്ട്.

ശൈലജ: (തിരിഞ്ഞുനിന്ന്) എന്തു കണക്ക്?

ത്രേസ്യാമ്മ: കൊച്ചിന് ബേബിഫുഡ് വാങ്ങിയ വക.

ത്രേസ്യാമ്മ മേശവലിപ്പിൽനിന്ന് നോട്ടു പുസ്തകം പുറത്തെടുത്തു വായിക്കുന്നു.

ത്രേസ്യാമ്മ: നാൽപ്പത്തെട്ടും ഒരു ഇരുപത്തൊമ്പതും കൂട്ടി എഴുപത്തേഴു രൂപയുണ്ട്. ബേബിഫുഡ് വാങ്ങിയ വകയിലാണ്.

ശൈലജ: അതെല്ലാം അമ്മച്ചി വാങ്ങി വെക്കേണ്ടതാണ്. പിന്നെന്തിനാ ഇരുന്നൂറു രൂപ വാങ്ങുന്നത്?

ത്രേസ്യാമ്മ: അത് എന്റെ ഫീസാ മോളെ, കുട്ടിയെ നോക്കുന്നതിന്. മൂന്നൂറു രൂപാന്ന് പറഞ്ഞത് നീ പെശകി ഇരുന്നൂറാക്കി. ഭക്ഷണച്ചിലവ് വേറെയാ. എല്ലായിടത്തും അങ്ങനാ. നീ മൊട്ടക്കാരി എലിയാമ്മയോട് ചോദിച്ചു നോക്ക്.

ശൈലജ:(ചൊടിച്ചുകൊണ്ട്)ഞാനെന്തിനാ മറ്റുള്ളോരോടൊക്കെ ചോദിക്കണത്? എനിക്ക് വേറെ പൈസ തരാനൊന്നും സാധിക്കില്ല.

ത്രേസ്യാമ്മ: (പെട്ടെന്നു പറഞ്ഞുപോകുന്നു) എന്നാൽ എനിക്ക് നിന്റെ കുഞ്ഞിനെ നോക്കാനും പറ്റകേല കേട്ടോ.

ശൈലജ: ഇല്ല്യേ? വേണ്ട, ഞാൻ വേറെ വഴി നോക്കിക്കൊള്ളാം.

ശൈലജ കുട്ടിയേയും കൊണ്ടു പോകുന്നു.

സീൻ 21:

ത്രേസ്യാമ്മ തളർന്ന് കസേരയിലിരുപ്പാണ്; അടുത്തു നിൽക്കുന്ന പാറുകുട്ടിയോട് ചോദിക്കുന്നു.

ത്രേസ്യാമ്മ: അവള് ചെയ്തതു ന്യായാണോ മോളെ, നീ പറ.

പാറുകുട്ടി: അല്ലമ്മച്ചീ, ദുസ്സാമർത്ഥ്യം തന്നെയാ.

ത്രേസ്യാമ്മ: അല്ലേ.... അവള് മോളെ കൊണ്ടുവരില്ലാന്നാ പറഞ്ഞത്. പോട്ടെ അല്ലെ?

പാറുകുട്ടി: അല്ലാതെന്താ അമ്മച്ചി, നമുക്ക് ഈ മാസം വേറീം കുട്ടികളെ കിട്ടും. മൂന്ന് പേര് വന്ന് അനേഷിച്ചു പോയതല്ലെ. പോവ്വാച്ചാ പോട്ടെ. ഇങ്ങനെ നഷ്ടത്തിലെന്തിനാ നമ്മള് ജോലിയെടുക്കുന്നത്? എനിക്ക് അല്ലേലും ആ പെമ്പ്രന്നോരെ ഇഷ്ടല്ല. വല്ലാത്ത തണ്ടാണ്.

ത്രേസ്യാമ്മ നിശ്ചേഷ്ടയായി ഇരിയ്ക്കുന്നു. അവർ ആകെ തകർന്ന മട്ടാണ്. അവർ വിളിക്കുന്നു.

ത്രേസ്യാമ്മ: പാറുകുട്ടീ.....

പാറുകുട്ടി: എന്നാ അമ്മച്ചീ?

ത്രേസ്യാമ്മ: എനിക്ക് എന്തോ വല്ലാതൊക്കെ തോന്നുന്നു. ആ കൊച്ചിന്റെ കളി കണ്ണിന്റെ മുമ്പില് കാണ്വാ.

പാറുകുട്ടി: കൊറച്ചു ദിവസം അങ്ങനെയൊക്കെണ്ടാവും അമ്മച്ചി, പിന്നെ അതങ്ങു ശരിയാവും.

ത്രേസ്യാമ്മ: (ശബ്ദം ഇടറിക്കൊണ്ട്) പാറൂ.... ഇതങ്ങനെയൊന്നും ശരിയാവുംന്ന് തോന്ന്ണില്ലാ കേട്ടോ.

പാറുകുട്ടി: (അവരുടെ പുറം തലോടി സമാശ്വസിപ്പിച്ചുകൊണ്ട്) അമ്മച്ചിയൊന്ന് മിണ്ടാതിരിക്ക്.

ത്രേസ്യാമ്മ: ജോസഫേട്ടനാണെങ്കിൽ പുറത്തു പോയിരിക്കും ആണ്. അല്ലേലും എനിക്കാവശ്യമുള്ളപ്പോൾ അതിയാനെ കിട്ടില്ല.

പാറുകുട്ടി: ഓ, ഈ അമ്മച്ചി! ജോസഫേട്ടൻ വന്നിട്ട് ഇപ്പൊ എന്തെടുക്കാനാ?

ത്രേസ്യാമ്മ: ന്നാലും അങ്ങിനെയല്ലല്ലോ.

സീൻ 22:

രാത്രി. കിടപ്പുമുറിയിൽ വിളക്കു കത്തി നിൽക്കയാണ്. ജോസഫേട്ടൻ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. ഉറക്കം പടിവാതിൽ വരെ വന്ന് തിരിച്ചു പോകുന്ന പ്രതീതി. കിടത്തം ശരിയാവാഞ്ഞിട്ടാണോ. കണ്ണടക്കാതെത്തന്നെ അദ്ദേഹം തിരിഞ്ഞു കിടന്നു. പെട്ടെന്നാണ് ഉറക്കം വാതിൽ കടന്ന് വരാത്തതിന്റെ കാരണം മനസ്സിലായത്. അദ്ദേഹം കണ്ണു തുറന്നു നോക്കുമ്പോൾ കാണുന്നത് കട്ടിലിൽ മുട്ടുകുത്തി ഇരുന്നുകൊണ്ട് ത്രേസ്യാമ്മ പ്രാർഥിക്കുന്നതാണ്. പരിദേവനങ്ങൾ, പ്രലോഭനങ്ങൾ, ഭീഷണികൾ, എല്ലാം കർത്താവിനോടുതന്നെ. ഒന്നും കർത്താവിന്റെ അടുത്ത് ഫലിക്കുന്നില്ലെന്നു കണ്ടപ്പോൾ അവർ കട്ടിലിൽ കിടന്ന് കരയാൻ തുടങ്ങുന്നു. ത്രേസ്യാമ്മ കരയുന്നതു കാണാൻ വയ്യാതെ അദ്ദേഹം അവരെ കെട്ടിപ്പിടിച്ചു പുറം തലോടുന്നു.

ജോസഫേട്ടൻ: എന്തിനാ മോളേ കരയുന്നത്?

ത്രേസ്യാമ്മ തന്റെ മാറിൽ ചവിട്ടിക്കുതിക്കുന്ന രണ്ടു കൊച്ചു പാദങ്ങൾ ഓർക്കുന്നു. അതോടെ അവരുടെ കരച്ചിലിന്ന് ശക്തി കൂടുകയും ചെയ്യുന്നു.

ജോസഫേട്ടൻ: നീയൊരു കാര്യം ചെയ്യ്. നാളെ രാവിലെ ശൈലജ ഓഫീസിൽ പോണതിന്റെ മുമ്പ് ഒന്ന് പോയി നോക്ക്. എന്താണവളുടെ ഉദ്ദേശംന്ന്. വേറെ എവിടെയെങ്കിലും കൊണ്ടെ ആക്ക്വാണെങ്കിൽ നീ പറ ഇവിടെത്തന്നെ മതീന്ന്. ഇതില് അഭിമാനത്തിന്റെ പ്രശ്‌നമൊന്നുമില്ല.

ത്രേസ്യാമ്മ: (പെട്ടെന്ന് ഇരുട്ടിൽ വെളിച്ചം കണ്ടപോലെ) അതെയല്ലേ?

ജോസഫേട്ടൻ: അല്ലാതെന്താ? (ഒന്നു നിർത്തിക്കൊണ്ട്) ആ പെണ്ണ് ഇനി വരില്ല്യന്നോർക്കുമ്പോ എനിക്കും ഒരു വിഷമം.

ത്രേസ്യാമ്മ കരച്ചിൽ നിർത്തി. മുട്ടുകുത്തിക്കൊണ്ടുതന്നെ പ്രാർത്ഥന തുടരുന്നു.

ത്രേസ്യാമ്മ: കർത്താവേ, ഇങ്ങനെ ഒരു വഴി കാട്ടിത്തന്ന കർത്താവിന് ആയിരം സ്തുതി.

അവർ മനസ്സമാധാനത്തേടെ കിടക്കുന്നു. ജോസഫേട്ടൻ അന്തം വിട്ടു നിൽക്കുന്നു.

ജോസഫേട്ടൻ: അപ്പോ കൊച്ചുത്രേസ്യേ, ഞാനല്ലെ നെനക്ക് ഒരു വഴി പറഞ്ഞുതന്നത്? അതിനും നീയ് കർത്താവിന് ക്രെഡിറ്റ് കൊടുക്ക്വാണോ?

അതു ശ്രദ്ധിക്കാതെ ത്രേസ്യാമ്മ തിരിഞ്ഞു കിടന്ന് ഉറക്കമായി. ജോസഫേട്ടൻ ചുമൽ കുലുക്കി ഒരാംഗ്യം കാണിച്ച്, എഴുന്നേറ്റ് ലൈറ്റ് ഓഫാക്കുന്നു.

സീൻ 23:

രാവിലെ. നേരം നല്ലവണ്ണം വെളുത്തിരിക്കുന്നു. കിടപ്പറയിൽ ത്രേസ്യാമ്മ ഉറങ്ങുകയാണ്. ജോസഫേട്ടൻ എഴുന്നേറ്റു പോയിരിക്കുന്നു. പാറുകുട്ടി വാതിൽക്കൽ വന്നു നോക്കുന്നു. കുറച്ചു നേരമായി അവൾ ഇടക്കിടയ്ക്ക് വന്നുനോക്കുന്നുവെന്ന് തോന്നണം. അവൾ ത്രേസ്യാമ്മയുടെ അടുത്തുവന്ന് കുലുക്കി വിളിക്കുന്നു.

പാറുകുട്ടി: എന്തുറക്കാണിത് അമ്മച്ചി. ഞാൻ നാലഞ്ചു തവണ വന്നുനോക്കി.

ത്രേസ്യാമ്മ: (പിടഞ്ഞെഴുന്നേറ്റുകൊണ്ട്) നേരം ഇത്രയായോ?

പാറുകുട്ടി: ഉച്ച്യായി അമ്മച്ചി. ഊണു കഴിക്കാൻ വാ.

ത്രേസ്യാമ്മ: നീ പോടി, അത്രക്കൊന്നും ആയിട്ടില്ല. ആട്ടെ നിനക്കെന്നെ ഒന്ന് വിളിക്കാൻ മേലാ?

പാറുകുട്ടി: ഞാൻ എത്ര നേരായി വന്നു നോക്കുണു. നല്ല ഒറക്കം. അപ്പൊ വിളിക്കണ്ടാന്ന് വച്ചു.

ത്രേസ്യാമ്മ: (എഴുന്നേറ്റ് തലമുടി പിന്നിൽ കെട്ടിക്കൊണ്ട്) ചായ താ. എനിക്കിന്ന് ഒരുപാട് ജോലിണ്ട്.

സീൻ 24:

ത്രേസ്യാമ്മ കുളിച്ചു ധൃതിയിൽ വസ്ത്രമുടുക്കുന്നു.

സീൻ 24-എ:

രാവിലത്തെ നടത്തം കഴിഞ്ഞുവരുന്ന ജോസഫേട്ടൻ. നേരെ പോകുന്നത് ഭക്ഷണ മേശയുടെ അടുത്തേയ്ക്കാണ്. മേശക്കരികെ കസേലയിൽ ഇരുന്നുകൊണ്ട് ചുറ്റും നോക്കുന്നു. ആരുമില്ല.

ജോസഫേട്ടൻ: (ഉറക്കെ) ഇതെന്താ ആരുംല്ല്യെ ഇവിടെ?

ത്രേസ്യാമ്മ അകത്തുനിന്ന് വരുന്നു. സ്റ്റൈലൻ വേഷം. ജോസഫേട്ടൻ അദ്ഭുതത്തോടെ നോക്കുന്നു.

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ, നീ ഇത്ര കാലത്തേ കുളിച്ചു സുന്ദര്യായിട്ട്ണ്ടല്ലോ.

ത്രേസ്യാമ്മയ്ക്ക് നാണം വരുന്നുണ്ട്, പക്ഷേ ഒന്നും പറയുന്നില്ല.

ത്രേസ്യാമ്മ: (അകത്തേയ്ക്കു നോക്കിക്കൊണ്ട്) പാറുകുട്ടീ, ഇതാ ജോസഫേട്ടൻ വന്നിട്ടൊണ്ട്. ചായ കൊണ്ടുവാ.

പാറുകുട്ടി: ഒരു പാത്രത്തിൽ ദോശയും ചട്ടിണിയുമായി വരുന്നു.

ത്രേസ്യാമ്മ: എന്തേ നീ ജോസഫേട്ടൻ വന്നത് കണ്ടില്ലേ?

പാറുകുട്ടി: കണ്ടു അമ്മച്ചീ, പക്ഷേ ആവണ്ടെ. ദെവസൂം അമ്മച്ചിയല്ലെ ചട്ടിണി അരക്കാറ്. ഇന്ന് അമ്മച്ചി കുളിച്ച് പൊറപ്പെട്വായിര്ന്നില്ലേ. അതോണ്ടാ വൈകീത്.

പാറുകുട്ടി ദോശയും ചായയും മേശപ്പുറത്ത് വച്ച് ചായയെടുക്കാനായി അടുക്കളയിലേയ്ക്കു പോകുന്നു. ത്രേസ്യാമ്മ മേശപ്പുറത്തുനിന്ന് പ്ലേയ്‌റ്റെടുത്ത് ദോശയും ചട്ടിണിയും വിളമ്പുന്നു. എണ്ണിക്കൊണ്ട് രണ്ടെണ്ണമാണ് വിളമ്പുന്നത്. ത്രേസ്യാമ്മയുടെ കണ്ണുതെറ്റിയ നിമിഷത്തിൽ ജോസഫേട്ടൻ ഒരു ദോശകൂടി പ്ലേയ്റ്റിലേയ്ക്കിടുന്നു.

ജോസഫേട്ടൻ: അപ്പോ, നീയ് കഴിക്കിണില്ല്യേ?

ത്രേസ്യാമ്മ: ഇല്ല, കൊറച്ച് കഴിഞ്ഞിട്ടേ കഴിക്കുണുള്ളൂ. (പാറുകുട്ടിയോട്) എടീ നീ ജോസഫേട്ടന് എന്താ വേണ്ടത്ച്ചാൽ വിളമ്പിക്കൊടുക്ക്. ഞാനിപ്പോ വരാം.

ജോസഫേട്ടൻ: നീ എങ്ങോട്ടാ ഇത്ര കാലത്ത് തന്നെ?

ത്രേസ്യാമ്മ: ഞാനിപ്പ വരാം.

സീൻ 25:

ത്രേസ്യാമ്മ ഗെയ്റ്റിനു പുറത്തിറങ്ങി നാലു വീടിന്നപ്പുറത്തുള്ള ശൈലജയുടെ വീടിനു മുമ്പിൽ പോയി നിൽക്കുന്നു. അകത്തു കടക്കാൻ വിഷമമായി അവർ നിൽക്കുകയാണ്. ഒരു ജാള്യത. എന്തു പറഞ്ഞിട്ടാണ് കയറുക? അവസാനം അവർ തിരിച്ചു നടക്കുകയാണ്. വീട്ടിലേക്കും കയറാൻ മനസ്സു വരാതെ അവർ നിരത്തിൽത്തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നു.

അപ്പോഴാണ് ശൈലജ മോളെയും എടുത്ത് സഞ്ചിയും തോളത്തിട്ട് വരുന്നതു കാണുന്നത്. ത്രേസ്യാമ്മ ധൃതിയിൽ ശൈലജയുടെ അടുത്തുചെന്നു. ത്രേസ്യാമ്മയെക്കണ്ടതും മോൾ കുതിക്കാൻ തുടങ്ങി.

ത്രേസ്യാമ്മ: നീ എങ്ങോട്ടാണ് കൊച്ചിനേയും കൊണ്ട്?

ശൈലജ: (ഗൗരവത്തിൽ. മുഖത്ത് ചിരിയൊന്നുമില്ല) ഞാൻ മോളെ പ്ലേസ്‌കൂളിൽ ആക്കാൻ കൊണ്ടു പോവ്വാണ്.

ത്രേസ്യാമ്മ: (ഒരാന്തലോടെ) ഏത് പ്ലേസ്‌കൂളിൽ?

ശൈലജ: (ഗൗരവം വിടാതെത്തന്നെ) മദർമേരി പ്ലേസ്‌കൂളിൽ.

ത്രേസ്യാമ്മ: (ശബ്ദം ഇടറിക്കൊണ്ട്) അപ്പോ നീ എന്താണ് ഞങ്ങടെ സ്‌കൂളിൽ വിടാത്തത്?

ശൈലജ: (ഗൗരവം വിടാതെത്തന്നെ) എന്റെ ഇഷ്ടം.

ത്രേസ്യാമ്മ: (ശബ്ദം ഇടറിക്കൊണ്ട്) അപ്പോ നീയ് മോളെ വേറെ സ്‌കൂളിൽ ചേർത്തു അല്ലേ? (കണ്ണിൽ വെള്ളം നിറയുന്നു.)

ശൈലജ: (കുസൃതിയോടെ, ചിരിച്ചുകൊണ്ട്) അമ്മച്ചീടെ പ്ലേസ്‌കൂളിന്റെ പേരെന്താ?

താനെന്തൊരു വിഡ്ഡിയാണെന്ന് ആശ്വാസത്തോടെ, ആഹ്ലാദത്തോടെ ത്രേസ്യാമ്മ മനസ്സിലാക്കുന്നു.

ശൈലജ: അമ്മച്ചി എന്തൊരു പാവാണ്. അമ്മച്ചിടെ അടുത്തല്ലാതെ വേറെ എവിടേങ്കിലും ഞാൻ മോളെ വിട്വോ?

കുതിച്ചു ചാടുന്ന കുഞ്ഞിനെ അവർ വാരിയെടുത്ത് ഉമ്മ വയ്ക്കുന്നു.

ശൈലജ: ഇതാ അമ്മച്ചി സഞ്ചി.

ത്രേസ്യാമ്മ: നീ അത് പാറുക്കുട്ടിയെ ഏല്പിക്ക്. അമ്മച്ചിം മോളും കൂടി കോളനീല് ടാറ്റ പോവ്വാ.

ശൈലജ: അമ്മച്ചീ സഞ്ചീല് രണ്ടു ടിന്നും വെച്ചിട്ടുണ്ട് കേട്ടോ.

ദൂരത്തെത്തിയ ത്രേസ്യാമ്മ അതു ശ്രദ്ധിക്കുന്നില്ല. ശൈലജ, വല്ലാത്തൊരു സ്ത്രീ എന്ന മട്ടിൽ അവരെ നോക്കി തലകുലുക്കി നടന്നുപോകുന്നു.

സീൻ 26:

ഞായറാഴ്ച ഫോർട്ട് കൊച്ചിയിൽ വിശുദ്ധ മാതാവിന്റെ പള്ളിയിൽ പുറത്തുള്ള മാതാവിന്റെ രൂപത്തിനു മുമ്പിൽ പ്രാർഥിക്കുകയാണ് ത്രേസ്യാമ്മ.

ത്രേസ്യാമ്മ: മാതാവേ, കാര്യം പറയാലോ, വലിയ ലാഭം ഒന്നുംണ്ടാവില്ല. മൂന്ന് പിള്ളേര് നല്ലവണ്ണം തിന്നും. ഭക്ഷണം വെറുതെ കിട്ടുന്നതൊന്നുമല്ലല്ലോ. (സ്വരം താഴ്ത്തിക്കൊണ്ട്) അവര് പക്ഷെ മുന്നൂറ് വീതം തരുന്നുണ്ട് കേട്ടോ. പിന്നെന്താ അതുങ്ങളുടെ കളി കണ്ടിരുന്നാൽ നേരം പോണതറിയില്ല. ആ ചെറുതിന്റെ കാട്ടായങ്ങള് കണ്ടാ മതി. ഇന്ന് ഞായറാഴ്ച്യായലെന്താ ഇപ്പോ തിരിച്ചു പോയാൽ അതിനെ എടുത്തു കൊണ്ടു വരാൻ പോവ്വാണ്. ഇനി ഞാൻ കൊണ്ടു വന്നില്ലെങ്കിൽത്തന്നെ അച്ചായൻ പറയും കൊണ്ടു വരാൻ. അത്രയ്ക്ക് ഇഷ്ടായിരിക്കുന്നു.

ത്രേസ്യാമ്മ ചുറ്റും നോക്കുന്നു. അടുത്ത് ആരുമില്ല. അവർ സ്വരം താഴ്ത്തിക്കൊണ്ട് തുടരുന്നു.

ത്രേസ്യാമ്മ: പിന്നെ, നോക്ക്യേ ഞാൻ പറഞ്ഞപടി മെഴുകുതിരി കത്തിച്ചുവച്ചിട്ടൊണ്ട്. ചെറുതല്ല വലുതു തന്നെ, ഒന്നല്ല, രണ്ടെണ്ണം.

കാമറ മുമ്പിൽ കത്തിച്ചുവച്ച രണ്ടു മെഴുകുതിരികളിൽ ഒരു നിമിഷം തങ്ങിനിന്ന ശേഷം പാൻ ചെയ്ത് കുഞ്ഞിയേശുവിനെ കയ്യിലേന്തി നില്ക്കുന്ന വിശുദ്ധ മാതാവിന്റെ രൂപത്തിലെത്തുന്നു. ആ രൂപം നോക്കി നില്‌ക്കെ ത്രേസ്യാമ്മയുടെ കണ്ണിൽനിന്ന് നീരുറവ ചാടുന്നു. ത്രേസ്യാമ്മായുടെ മുഖം ക്ലോസപ്പിൽ.

End of Part II

End of Episode 3

ഈ തിരക്കഥയെക്കുറിച്ച്


1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com