|| Scripts

ഒരു കുടുംബപുരാണം

ഇ ഹരികുമാര്‍

മലമുകളിലെ വെളിച്ചം

ഈ എപ്പിസോഡിലേയ്ക്കു വേണ്ട കഥാപാത്രങ്ങൾ

ജോസഫേട്ടൻ
ത്രേസ്യാമ്മ
മകൻ ജോമോൻ
ജോസഫേട്ടന്റെ അമ്മ മറിയാമ്മ
പാറുകുട്ടി
കോളനിയിലെ സ്ത്രീകളും കുട്ടികളും

Part I

സീൻ 1:

ത്രേസ്യാമ്മായുടെ സ്വീകരണമുറി. ഒരറ്റത്തുള്ള മേശമേൽ പുതിയ സോണി ട്രിനിട്രോൻ ടിവി അപ്പോൾ പെട്ടിയിൽ നിന്ന് പുറത്തെടുത്തിട്ടേ ഉള്ളൂ. നിലത്ത് അതിന്റെ പെട്ടിയും തെർമോകോൾ പാകിങ്ങും കാണാം. ടിവിയുടെ അടുത്തു തന്നെ ഒരു പാനസോണിക് വിസിയാർ. ജോമോൻ ദുബായിൽ നിന്ന് വന്നപ്പോൾ കൊണ്ടു വന്നതാണ്. ത്രേസ്യാമ്മയും ജോസഫേട്ടനും പാറുകുട്ടിയും അടുത്തു തന്നെ നിന്ന് നോക്കി കാണുകയാണ്. ജോമോൻ എല്ലാം ഒരുക്കുന്ന തിരക്കിൽ തന്നെ. ജോമോൻ ഒരു ജീൻസാണിട്ടിരിക്കുന്നത്. ഷർട്ടില്ല.

പാറുകുട്ടി: നല്ല ഭംഗിണ്ടല്ലേ അമ്മച്ചീ?

ജോമോൻ: കാശു കൊടുത്ത് വാങ്ങിച്ചതാ പെണ്ണേ.

പാറുകുട്ടി: ഓ, ഞങ്ങളൊക്കെ പിന്നെ പാട്ടു പാടിക്കൊടുത്തിട്ടല്ലെ സാധനങ്ങള് വാങ്ങിക്കാറ്.

ജോമോൻ: (കളിപ്പിച്ചുകൊണ്ട്, എന്നാൽ കാര്യമാണെന്ന മട്ടിൽ) അതെയല്ലെ?

ത്രേസ്യാമ്മ: (അവർ ഒരിക്കലും തമാശയിൽ പങ്കെടുക്കാറില്ല. ആലോചിച്ചുകൊണ്ട്) ഇതിനു രണ്ടിനും കൂടി ഒത്തിരി രൂപയായിട്ടുണ്ടാവില്ലെടാ ജോമോനെ?

ജോസഫേട്ടൻ: (സോണി ടി.വി.യുടെ പെട്ടി എടുത്തു നോക്കിക്കൊണ്ട്.) നല്ല പെട്ടി. ഈ പെട്ടി നേരത്തെ കിട്ടീര്‌ന്നെങ്കില് കോഴിക്കൂട്ണ്ടാക്കായിരുന്നു. ഇത്ര അദ്ധ്വാനംണ്ടായിര്ന്നില്ല. ഭംഗീംണ്ടായിരുന്നു.

പാറുകുട്ടി: അത്വന്നെ ജോസഫേട്ടാ. നമ്മടെ കോഴിക്ക് ഒരു ഫോറിൻ വീടാവ്വായിരുന്നു.

ത്രേസ്യാമ്മ: (അവർ ജോസഫേട്ടനും പാറുകുട്ടിയും പറഞ്ഞത് ശ്രദ്ധിച്ചില്ല) എത്ര്യായെടാ മോനെ?

ജോമോൻ: അത്രയൊന്നും ഇല്ല അമ്മച്ചി. ടിവിക്ക് മുന്നൂറ്റമ്പത് റിയാല്, വിസിയാറിന്ന് മുന്നൂറ് റിയാല്.

ജോസഫേട്ടൻ: അവനേയ് ഗൾഫുകാരനാ. എല്ലാം റിയാലിലാക്കിയിട്ടേ പറയൂ. രൂപടെ കണക്ക് ആരെങ്കിലും പറഞ്ഞാൽത്തന്നെ ഉടനെ അത് റിയാലിലാക്കി പറയും. (മിമിക്രിപോലെ) 'ഈ നെയ്മീൻ എന്തുവിലയായി അമ്മച്ചീ?' 'അറുപത് രൂപയായെടാ മോനേ.' 'രണ്ടു റിയാല്. ലാഭാ അമ്മച്ചി. അവിടെ ചുരുങ്ങിയത് എട്ടു റിയാലെങ്കിലും കൊടുക്കണം.' ഇങ്ങനാ സ്ഥിതി.

പാറുകുട്ടിയും ജോമോനും ചിരിക്കുന്നു.

ത്രേസ്യാമ്മ: (അപ്പൻ മകനെ കളിയാക്കുന്നത് അത്ര ഇഷ്ടപ്പെടുന്നില്ല, അത് മുഖഭാവത്തിൽ പ്രതിഫലിക്കണം) ടിവിക്കും ഈ സാധനത്തിനും കൂടി എത്ര രൂപയായീന്ന് പറ.

ജോമോൻ: ഡ്യൂട്ടിയൊക്കെ കൂടി ഇരുപത്തയ്യായിരം രൂപ.

ജോസഫേട്ടൻ: (തലയിൽ കൈ വെച്ചുകൊണ്ട്) എന്റെ കർത്താവേ! ഇരുപത്തയ്യായിരം രൂപ! അത്രേം രൂപ ബ്ലേഡിലിട്ടാൽ എന്തു പലിശ കിട്ടും?

ജോമോൻ: ബ്ലേഡീന്ന് പലിശ വാങ്ങീട്ടൊന്നും വേണ്ട അപ്പച്ചന് കഴിയാൻ. അപ്പച്ചനും അമ്മച്ചിക്കും ഈ വയസ്സു കാലത്ത് ഒരു ഭാഗത്തിരുന്ന് രസിക്കാനാ ഞാൻ ഈ സാധനം കൊണ്ടന്നത്.

ജോസഫേട്ടൻ: അത് വയസ്സുകാലാവുമ്പൊ പോരെ, ഇപ്പത്തന്നെ എന്തിനാ? രസം എത്രണ്ടാവുംന്ന് കണ്ടിട്ട് പറയാം.

പാറുകുട്ടി: ജോമോനെ, ഞാമ്പറഞ്ഞ വാച്ച് കൊണ്ടന്നാ?

ജോമോൻ ശ്രദ്ധിക്കുന്നില്ല.

പാറുകുട്ടി: കൊണ്ടന്നാ ജോമോനെ?

ത്രേസ്യാമ്മ: എന്താ പെണ്ണേ?

പാറുകുട്ടി: ഞാൻ ജോമോനോട്് എനക്കൊരു വാച്ച് കൊണ്ടരാൻ പറഞ്ഞീർന്ന്.

ത്രേസ്യാമ്മ: എന്നിട്ട് നീയെന്താ പെണ്ണേ എന്നോട് പറയാഞ്ഞത്.

പാറുകുട്ടി: ഞാമ്പറഞ്ഞിട്ടൊണ്ട്. അമ്മച്ചി മറന്നതാ.

ജോമോൻ പ്ലഗ്ഗു കുത്തി വിസിയാർ കണക്ട് ചെയ്ത് ടി.വി യും വിസിയാറും ട്യൂൺ ചെയ്യുന്നു.

ജോമോൻ: (പാറുകുട്ടിയോട്) ഞാമ്മറന്നു പെണ്ണേ.

പാറുകുട്ടി: (മുഖം വാടിക്കൊണ്ട്) എനിക്കറിയാർന്നു.

ജോമോൻ ഒരു കാസറ്റിടുന്നു. സിനിമ കാണുന്ന രസത്തിൽ പാറുകുട്ടി അതു മറക്കുന്നു. എല്ലാവരും രസിച്ചു കാണുന്നു. സിനിമ കഴിഞ്ഞപ്പോൾ ജോമോൻ വിസിയാറിൽ നിന്ന് കാസ്സറ്റു പുറത്തെടുക്കുന്നു.

ത്രേസ്യാമ്മ: (പെട്ടെന്ന് എന്തോ ഓർത്തപോലെ) പോഴത്തായി.

ജോസഫേട്ടൻ: ഇതിന്റെ മുമ്പിലിരുന്നതല്ലെ?

ത്രേസ്യാമ്മ: (തമാശ മനസ്സിലാവുന്നില്ല) അല്ലാന്നേയ്, നമ്മള് ഒരു കാര്യം വിട്ടുപോയില്ലെ? കോളനീല്ള്ള പിള്ളാരെയൊക്കെ വിളിച്ച് കാണിക്കായിരുന്നു.

ജോസഫേട്ടൻ: അത്ര്യല്ലെള്ളൂ. അത് സാരല്ല്യ. എന്തുണ്ടായാലും ഒരു 'കോളനീലെ പിള്ളാര്.'

ത്രേസ്യാമ്മ: എന്നാലും പോഴത്തായി. പിള്ളേർക്ക് മോഹൻലാലിന്റെ പടം നല്ല ഇഷ്ടാ. കഷ്ടായി.

ജോമോൻ: അതിനെന്താ അമ്മച്ചി, അവരെ വൈകീട്ട് വിളിച്ച് കാണിച്ചു കൊടുത്തോ. ഞാനേതായാലും പൊറത്തു പോകും. അവറ്റ വന്നാപ്പിന്നെ ഇവിടൊന്നും ഇരിക്കാൻ പറ്റൂല. അവറ്റിന്റെ ഒരു നോട്ടോം മട്ടും കണ്ടാൽ....

ത്രേസ്യാമ്മ: പക്ഷെ നമ്മളത് ഇട്ടു കണ്ടുപോയില്ലെ?

ജോസഫേട്ടൻ: അതുകൊണ്ടെന്താ, ഇനീം വെച്ചുകൂടെ?

ത്രേസ്യാമ്മ: (ഭർത്താവിന്റെ അറിവില്ലായ്മയിൽ വിഷമമുണ്ട്) അതെങ്ങനാ? ഇപ്പോ വെച്ചപ്പോ അതില്ള്ള സിനിമ്യൊക്കെ കഴിഞ്ഞിട്ട്ണ്ടാവില്ലെ?

ജോസഫേട്ടൻ: അല്ലെടി മണ്ടി. ഇനി ഇതങ്ങട്ട് റീവൈന്റ് ചെയ്താൽ വീണ്ടും കാണാം.

പാറുകുട്ടി: അതെ അമ്മച്ചീ, നമ്മള് പാട്ട് കേക്കണ കാസറ്റില്ലേ, അതുപോലെത്തന്നാ ഇതും. ഇതില് ചിത്രം കൂടിണ്ടെന്നു മാത്രം. അതോണ്ടാ ഈ കാസറ്റ് ഇത്ര വലുതായിരിക്കണത്.

പാറുകുട്ടി കാസറ്റെടുത്ത് ഉയർത്തിക്കാണിക്കുന്നു.

പാറുകുട്ടി: നല്ല കനംണ്ട്.

ത്രേസ്യാമ്മ വിശ്വാസമാകാത്ത മട്ടിൽ പാറുകുട്ടിയെ നോക്കുന്നു.

ജോമോൻ: അതെ അമ്മച്ചീ.

ജോമോൻ കാസറ്റ് പാറുകുട്ടിയുടെ കയ്യിൽനിന്ന് തട്ടിപ്പറിച്ചു വാങ്ങുന്നു. പാറുകുട്ടിക്കത് ഇഷ്ടമാകുന്നില്ല. ജോമോൻ കാസറ്റ് അതിന്റെ കവറിലാക്കുന്നു. ത്രേസ്യാമ്മക്ക് സന്തോഷം സഹിക്കാനാവുന്നില്ല. അവർ വാതിൽ തുറന്ന് പുറത്തേ ക്കോടുന്നു.

ജോമോൻ: (പാറുകുട്ടിയെ നോക്കി) അമ്മച്ചി ഇപ്പോ എവിടേക്കാ ഓടിയത്?

പാറുകുട്ടി: (രസിക്കാതെ) ആ, അറിയാമ്പാട്‌ലാ.

സീൻ 1 എ.

ജോമോൻ മറ്റൊരു മേശപ്പുറത്തു തുറന്നുവെച്ച സൂട്ട്‌കേസിൽ നിന്ന് ഒരു ഡിജിറ്റൽ വാച്ചെടുത്ത് പാറുകുട്ടിക്ക് കൊടുക്കുന്നു. പാറുകുട്ടി സന്തോഷത്തോടെ വാച്ചു വാങ്ങി നോക്കുന്നു. നന്ദിയോടെ ജോമോനെ നോക്കുന്നു. ജോസഫേട്ടൻ, ജോമോൻ മേശപ്പുറത്തു വെച്ച കാസറ്റ് എടുത്ത് തിരിച്ചും മറിച്ചും നോക്കുകയാണ്.

പാറുകുട്ടി: കള്ളം പറഞ്ഞു അല്ലേ?

(ജോസഫേട്ടനെ വാച്ചു കാണിക്കുന്നു.)

പാറുകുട്ടി: ദേണ്ടേ നോക്കിയേ ജോമോൻ കൊണ്ടന്ന വാച്ച്. ഞാൻ പറഞ്ഞ പോലെത്തന്നെ.

(വാച്ച് വാങ്ങി നോക്കുന്ന ജോസഫേട്ടൻ.)

ജോസഫേട്ടൻ: എടാ ജോമോനെ, എനിക്കും ഇങ്ങനത്തെ ഒരു വാച്ച് കൊണ്ടെത്താ.

ജോമോൻ: അതൊന്നും വേണ്ട. അപ്പച്ചന്റെ കയ്യില്ള്ള ഫേവർലൂബ വാച്ചുതന്നെ മതി. ഈ ഡിജിറ്റൽ വാച്ചിലൊക്കെ നോക്കിയാൽ അപ്പച്ചന് തല കറങ്ങും.

ജോസഫേട്ടൻ: വാച്ചു വാങ്ങാൻ പണം ചെലവാക്കുമ്പോൾ നെന്റെ തലേം കറങ്ങും അല്ലെടാ.

(ജോമോനും പാറുകുട്ടിയും ചിരിക്കുന്നു.)

സീൻ 2:

തൊട്ടടുത്തുള്ള ശൈലജയുടെ വീട്. ത്രേസ്യാമ്മ വാതിൽക്കൽ മുട്ടുന്നു. ശൈലജ വാതിൽ തുറക്കുന്നു. ഒക്കത്ത് മൂന്നു മാസം പ്രായമായ കുട്ടിയുണ്ട്. സുന്ദരിയായ ഒരു കുട്ടി. ത്രേസ്യാമ്മയെ കാണുമ്പോൾ അവൾ ചാടുന്നു. കുട്ടിയെ എടുത്തുകൊണ്ട് ത്രേസ്യാമ്മ ധൃതിയിൽ പറയുന്നു.

ത്രേസ്യാമ്മ: ശൈലജേ ജോമോൻ വന്ന്.

ശൈലജ: ഞാങ്കണ്ടു അമ്മച്ചീ, ജോമോൻ ടാക്‌സീല് വന്നെറങ്ങണത്.

ത്രേസ്യാമ്മ: ജോമോൻ എന്താ കൊണ്ടന്നത്ന്ന് കേക്കണോ നെനക്ക്.

ശൈലജ: എന്താ അമ്മച്ചീ, പെർഫ്യൂമാണോ? ആണെങ്കി എനിക്ക് ഒരു കുപ്പി വേണം കെട്ടോ. പണം തരാം അമ്മച്ചി. എനിക്ക് വെറുത്യൊന്നും വേണ്ട.

ത്രേസ്യാമ്മ: പെർഫ്യൂമൊന്നും അല്ല പെണ്ണേ, ടിവീം പിന്നെ കാസറ്റിട്ട് സിനിമ കാണണ സാധനല്ല്യേ അതും.

ശൈലജ: വിസിയാറോ?

ത്രേസ്യാമ്മ: അത്വന്നെ.

ശൈലജ: അമ്മച്ചി കോളടിച്ചല്ലോ.

ത്രേസ്യാമ്മ: നിയതൊന്ന് കാണാൻ വാ, എന്തു രസാന്നോ.

ശൈലജ: (സാന്ത്വനത്തിന്റെ സ്വരത്തിൽ) ഞാൻ വരാട്ടോ.

ത്രേസ്യാമ്മ: ഞാമ്പോട്ടെ. കോളനീല്‌ത്തെ പിള്ളാരെ ഒക്കെ അറീക്കണം.

മോളെ ശൈലജയെ തിരിച്ചേൽപ്പിച്ച് ഓടുന്നു. മോൾ കരയാൻ തുടങ്ങുന്നു. പെട്ടെന്ന് തിരിച്ചേൽപ്പിച്ചത് അവൾക്ക് ഇഷ്ടമായില്ല.

ശൈലജ: സാരല്ല്യ മോളെ, അമ്മച്ചി ചെലപ്പൊക്കെ അങ്ങനാ. എന്തോ തലേല് കേറീട്ട്ള്ള ഓട്ടാണ്. അതാ മോളെ കൊഞ്ചിക്കാത്തത്.

ത്രേസ്യാമ്മ പോയ വഴിയെ നോക്കുന്നു. ധൃതി പിടിച്ച് ഓടുന്ന ത്രേസ്യാമ്മയുടെ പിന്നിൽനിന്നുള്ള ഷോട്ട്. ത്രേസ്യാമ്മ, തൊട്ടടുത്തുള്ള ജലജയുടെ വീടുതൊട്ട് ഏറ്റവും അകലെ കോളനിയുടെ പുറമ്പോക്കിൽ താമസിക്കുന്ന കൊച്ചുനാരായണിയുടെ കുടിലുവരെ ഒറ്റ വീർപ്പിന്നോടി എല്ലാവരോടും ടിവിയുടെ കാര്യം പറയുന്നത് കാണിക്കുന്നു. ഡയലോഗ് വേണ്ട. ആക്ഷൻ മാത്രം.

സീൻ 3:

ത്രേസ്യാമ്മയുടെ സ്വീകരണമുറി. സോഫയിൽ ജോമോനിരുന്ന് വാരിക വായിക്കുന്നു. കഴിഞ്ഞ സീനിലെ വേഷംതന്നെ. ത്രേസ്യാമ്മ പുറത്തുനിന്ന് തിരിച്ചെത്തുന്നു. ജോമോൻ ഒന്നു നോക്കി വാരികയിലേയ്ക്കു തന്നെ കണ്ണുതിരിക്കുന്നു. പിന്നെ എന്തോ സംശയം തോന്നി മുഖമുയർത്തിയപ്പോൾ കാണുന്നത് ത്രേസ്യാമ്മ യുടെ പിന്നിൽ വരുന്ന പടയാണ്. അവർ സ്വീകരണ മുറിയിലേയ്ക്ക് ഇരച്ചു കയറിയപ്പോൾ ജോമോന്റെ കണ്ണു തള്ളിപ്പോകുന്നു.

ജോമോൻ: എന്താ അമ്മച്ചി ഇത്? വൈകീട്ട് കാണിക്കാംന്നല്ലേ പറഞ്ഞത്?

ത്രേസ്യാമ്മ: (സന്തോഷത്തോടെ) അവര് നമ്മടെ സെറ്റ് കാണാൻ വന്നതാടാ. ഒന്ന് കാണിച്ചു കൊടുക്ക്.

സീൻ 3 എ :

അകത്തു കടന്ന സ്ത്രീകളും കുട്ടികളും കണ്ട ഇരിപ്പിടങ്ങളിലും നിലത്തും ഒക്കെയായി ഇരിപ്പുറപ്പിച്ചു കഴിഞ്ഞു. ഒരിരുപതുകാരി ജോമോൻ ഇരിക്കുന്നതിന്റെ അടുത്ത് സോഫയിൽ വന്ന് ഇരിക്കുന്നു. പത്തുമുറിയിലെ നളിനിയാണത്. പിന്നേയും സ്ത്രീകൾ ഇരിക്കാൻ സ്ഥലമില്ലാതെ നിന്നപ്പോൾ അവൾ വിളിക്കുന്നു.

നളിനി: (ഇരിക്കാൻ സ്ഥലമില്ലാതെ നിൽക്കുന്ന ജലജയെ നോക്കി) ജലജേ വാ, ഇവ്‌ടെ ഇരിക്കാം.

ജലജ ജോമോനെ കണ്ടപ്പോൾ മടിച്ചു നിൽക്കുന്നു. നളിനി വീണ്ടും വിളിക്കുന്നു. ജലജ മനസ്സില്ലാമനസ്സോടെ നളിനിയുടെ അടുത്തു വന്നിരിക്കുന്നു. നളിനി നോക്കുമ്പോൾ ദേവകിയും (45 വയസ്സ്) നിൽക്കുകയാണ്. അവൾ ദേവകിയേയും സോഫയിലേക്ക് ക്ഷണിക്കുന്നു. ദേവകി വന്ന് സോഫയിൽ ഇരിക്കുന്നു. അവൾ ജോമോന്റെ അടുത്തേയ്ക്ക് നീങ്ങി മറ്റുള്ളവർക്ക് സ്ഥലം ഉണ്ടാക്കിക്കൊടുത്തു.

ജോമോൻ: (ഒച്ചയെടുത്തുകൊണ്ട്) എടീ നളിനീ, നിനക്ക് നിലത്തിരിക്കാൻ പാടില്ലേ?

നളിനി: (ഒന്നുകൂടി അവനോടു ചേർന്നിരുന്നുകൊണ്ട്) പിന്നേ, ഞാൻ നെലത്തിരിക്കാൻ വന്നതല്ലെ.

ജോമോൻ: (എഴുന്നേറ്റുകൊണ്ടു പറയുന്നു) നീ എന്നെ പുകച്ചു ചാടിക്കാൻ വന്നതാ, പിശാച്.

നളിനി കൂസലൊന്നുമില്ലാതെ ചിരിക്കുന്നു.

ത്രേസ്യാമ്മ: മോനെ, ഇതൊന്നു കാണിച്ചു കൊടുക്കെടാ.

ജോമോൻ പോകുന്നു.

നളിനി: (ജലജയോട്) ഇങ്ങനെ പറേണതൊന്നും കാര്യാക്കണ്ട. ഒരു പാവാട്ടോ. കുട്ടിക്കാലത്ത് ഞാനവനെ എത്ര ഇട്ടോടിച്ചിട്ട്ണ്ട്ന്ന് അറിയ്യോ? അതിന്റെ ദേഷ്യാ.

സീൻ 3-ബി:

ജോമോൻ വിസിയാറിൽ കാസറ്റിടുന്നു. ആ മുറി പൊട്ടിച്ചിരി നിറഞ്ഞ ഒരു മിനി സിനിമാഹാളായി മാറുന്നു. ജോമോൻ അകത്തു പോകുന്നു. ഉടനെ ഒരു ഷർട്ടെടുത്തിട്ടുകൊണ്ട് വരുന്നു. ഉമ്മറവാതിൽ കടന്ന് പുറത്തേയ്ക്കിറങ്ങുന്നു.

സീൻ 3-സി:

ബൈക്ക് സ്റ്റാർട്ടാക്കി പോകുന്ന ജോമോൻ.

സീൻ 4:

കാണികൾ ആവേശത്തോടെ സിനിമ കാണുമ്പോൾ ത്രേസ്യാമ്മ കച്ചവടസാദ്ധ്യതകളെപ്പറ്റി ആരായുകയാണ്. അവർ ആരും ശ്രദ്ധിക്കാതെ അവിടെ കൂടിയിരുന്നവരുടെ എണ്ണമെടുക്കുന്നു. ആദ്യത്തെ പ്രാവശ്യം എണ്ണിയത് ശരിയായില്ല എന്നു തോന്നിയപ്പോൾ വിരലിൽ എണ്ണം പിടിച്ചുകൊണ്ട് ഒരിക്കൽകൂടി എണ്ണി.

ത്രേസ്യാമ്മ: (അടുത്തിരുന്ന പാറുകുട്ടിയോട് സ്വകാര്യമായി) എടീ നീയൊന്ന് എണ്ണമെടുക്ക്്.

പാറുകുട്ടി: (ഉറക്കെ) എന്തിന്റെ അമ്മച്ചീ?

അടുത്തുള്ളവരുടെ ശ്രദ്ധ പാറുകുട്ടിയിലേയ്ക്ക് തിരിയുന്നു. ഒരു നിമിഷ നേരത്തേയ്ക്കു മാത്രം. അവർ വീണ്ടും ടിവിയിലേക്കു ശ്രദ്ധിക്കുന്നു.

ത്രേസ്യാമ്മ: (ശബ്ദം താഴ്ത്തിക്കൊണ്ട്) ശ് ശ്...നീ ഇവിടെ ഇരിക്കണോര്‌ടെ എണ്ണം എടുക്ക്. ഞാൻ എടുത്തിട്ട് ശര്യായില്ല.

പാറുകുട്ടി ഒരു നിമിഷം കൊണ്ട് എണ്ണുന്നു.

പാറുകുട്ടി: പതിനെട്ടാള് അമ്മച്ചീ. എന്തിന്നാ അമ്മച്ചീ എണ്ണം എടുക്കണത്?

ത്രേസ്യാമ്മ: പിന്നെ പറയാടീ.

സീൻ 5:

സിനിമ കഴിഞ്ഞ് പോകാനായി എല്ലാവരും എഴുന്നേൽക്കുന്നു. ഒരു സിനിമാഹാളിൽ നിന്ന് പുറത്തു കടക്കുന്ന പോലെ ഓഫീഷ്യലായി അവർ പുറത്തു കടക്കാൻ നോക്കുമ്പോൾ ത്രേസ്യാമ്മ പറയുന്നു.

ത്രേസ്യാമ്മ: പോകാൻ വരട്ടെ പിള്ളാരെ.

പെട്ടെന്ന് എല്ലാവരും നിൽക്കുന്നു. വാതിലിനു പുറത്തു കടന്നവർ കൂടി അകത്തുകടന്നു നിൽക്കുന്നു. ത്രേസ്യാമ്മ അകത്തു പോകുന്നു. പിന്നാലെ പാറുകുട്ടിയും പോകുന്നു.

ഒരു പെൺകുട്ടി: എന്തിനാ ആന്റി നമ്മളോട് നിക്കാൻ പറഞ്ഞത്?

നളിനി: എന്തെങ്കിലും തിന്നാൻ തരാനായിരിക്കും.

മറ്റൊരു പെൺകുട്ടി: ത്രേസ്യാന്റി കൊഴലപ്പണ്ടാക്കീട്ട്ണ്ടാവും.

നളിനി: ഞാമ്പറയാമ്പോവ്വായിരുന്നു. ടിവി വാങ്ങ്യതിന്റെ ചെലവ് വേണംന്ന്.

സീൻ 5 എ:

എല്ലാവരും ആശയോടെ അകത്തേയ്ക്ക് നോക്കി നിൽക്കുമ്പോൾ ത്രേസ്യാമ്മ അഞ്ചു കാസറ്റുകൾ കൊണ്ടുവന്നു കാണിക്കുന്നു. ഓരോ കാസറ്റും എടുത്ത് അതാതു സിനിമയുടെ പേര് വിളിച്ചു പറയുന്നു.

ത്രേസ്യാമ്മ: നാടോടിക്കാറ്റ്.

സദസ്സിൽനിന്ന്: ഹായ്, നല്ല തമാശ്യാടി പെണ്ണെ. മോഹൻലാലിന്റ്യാ. ശ്രീനിവാസന്റെ ഒപ്പാ.

ത്രേസ്യാമ്മ: ഒരു മറവത്തൂർ കനവ്.

സദസ്സിൽനിന്ന്: മമ്മൂട്ടിയല്ലേ?

മറ്റൊരാൾ: ആരടെ ഒപ്പാ?

ഒരാൾ: ദിവ്യാ ഉണ്ണിടെ.

ത്രേസ്യാമ്മ: മേലെപ്പറമ്പിൽ ആൺവീട്.

ഒരാൾ: ജയറാമിന്റെ സിനിമ്യാ.

മറ്റൊരാൾ: നല്ല പടാടീ, ശോഭന്യാ.

ത്രേസ്യാമ്മ: ലേലം.

സദസ്സിൽനിന്ന്: സുരേഷ് ഗോപിടെ പടാ. ഇടിപ്പടാ പക്ഷേ.

മറ്റൊരാൾ: അപ്പൊ നന്നാവും.

ആകെ ബഹളം. ഓരോ പടത്തിന്റെ പേരു പറയുമ്പോഴും ആൾക്കാർ ഉറക്കെ സന്തോഷത്തോടെ ശബ്ദം ഉണ്ടാക്കുന്നുണ്ട്.

ത്രേസ്യാമ്മ: നദി.

ദേവകി: ഹായ് നസീറിന്റെ പടാ. നസീറും ശാരദയും.

നദി എന്ന പേർ കേട്ടപ്പോൾ പൊതുവേ നിശ്ശബ്ദതയാണ് ഉണ്ടായത്. അതിനിടയിലാണ് ദേവകിയുടെ സന്തോഷ പ്രകടനം. എല്ലാവരും ദേവകിയെ അദ്ഭുതത്തോടെ നോക്കുന്നു. ദേവകിയുടെ സന്തോഷം ഒരൊറ്റപ്പെടലിൽ ഒതുങ്ങുന്നു. ത്രേസ്യാമ്മ അനുഭാവ പൂർവ്വം അവളെ വീക്ഷിക്കുന്നു.

ത്രേസ്യാമ്മ: നാളെത്തൊട്ട് ഓരോ പടായി കാണിച്ചു തരാം. എല്ലാവരും ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് വന്നാമതി.

ത്രേസ്യാമ്മ പറഞ്ഞുകഴിഞ്ഞതും, സന്തോഷത്തിന്റെ ആരവം ഉയർന്നതും ഒന്നിച്ചായിരുന്നു. ശബ്ദം ഒന്നടങ്ങിയപ്പോൾ ത്രേസ്യാമ്മ ഇത്രയും കൂട്ടിച്ചേർക്കുന്നു.

ത്രേസ്യാമ്മ: വരുമ്പോ ഓരോരുത്തരും ഈരണ്ടു രൂപ കയ്യിലെടുത്തോ.

പെട്ടെന്നവിടം നിശ്ശബ്ദമാകുന്നു. പിന്നെ ഒരേ സമയം എല്ലാ കണ്ഠങ്ങളും ഒരുമിച്ച് ഒരു കോറസ്സായി പറയുന്നു.

എല്ലാവരും: അതെന്തിനാ ആന്റീ?

ത്രേസ്യാമ്മ: സിനിമ കാണാൻ ടിക്കറ്റെടുക്കേണ്ടെ?

ദേവകി: ആന്റീടെ വീട്ടില് സിനിമ കാണാൻ എന്തിനാ ടിക്കറ്റ്?

ത്രേസ്യാമ്മ: നല്ല കാര്യായി. നിങ്ങള് ഹാളില് പോയി സിനിമ കാണുമ്പോ ടിക്കറ്റ് എടുക്കണ്ടെ? എന്താ ടിക്കറ്റനൊക്കെ വില? പത്തും ഇരുപതും രൂപയില്ലെ? ഇവിടെ ഞാൻ രണ്ടു രൂപയല്ലെ ചാർജ് ചെയ്യുന്നുള്ളൂ?

ദേവകി: ന്നാലും ആന്റി, ഞങ്ങടെ ആന്റീടെ വീട്ടില് സിനിമ കാണാൻ ഞങ്ങളെന്തിനാ പണം കൊടുക്കണത്.

ജലജ: അത്വന്നെ.

ത്രേസ്യാമ്മ: എടീ, ഈ ടിവിക്കും മറ്റേ സാധനത്തിനും കൂടി എത്രായിന്നറിയ്യോ?

ദേവകി: ഇരുപത്തയ്യായിരം.

ത്രേസ്യാമ്മ: ആ പണം എന്റെ മോന് വെറുതെ കിട്ടണതാണോ?

ദേവകി: അല്ല. പക്ഷേ അത് വാങ്ങിക്കഴിഞ്ഞതല്ലേ? ഞങ്ങക്ക് കാണിച്ചു തര്ണില്ലെങ്കിലും ആ പണം ചെലവായതല്ലെ. അപ്പോ ഞങ്ങക്ക് ഫ്രീയായിട്ട് കാണിച്ചു തര്വല്ലെ നല്ലത്?

ത്രേസ്യാമ്മക്ക് ദേവകിയുടെ യുക്തി പിടികിട്ടുന്നില്ല. അവർ വാക്കുകൾക്കു വേണ്ടി തപ്പുന്നു.

ത്രേസ്യാമ്മ: അതല്ല ഞാമ്പറേണത്. നിങ്ങ തീയേറ്ററിൽ പോയി സിനിമ...............

ഷോട്ട് അകന്നു പോകുന്നു, ശബ്ദം കുറഞ്ഞ് വന്ന് ഒരു മുറുമുറുപ്പായി മാറുന്നു. കൂന്നിരിക്കുന്ന തലകൾ, അസംതൃപ്തമായ മുഖങ്ങൾ. ചർച്ചയുടേയും അനുരഞ്ജനത്തിന്റേയും ഷോട്ടുകളുടെ അവസാനം ഇങ്ങിനെ തീർച്ചയാക്കുന്നു.

സീൻ 5 ബി :

ത്രേസ്യാമ്മ: അപ്പൊ അങ്ങിനെ ചെയ്യാം. പതിനെട്ടു വയസ്സു കഴിഞ്ഞോര് രണ്ടു രൂപേം, അതിന് താഴെള്ളോര് ഒരു രൂപേം കൊണ്ടരണം. എന്താ?

എല്ലാവരും അർദ്ധസമ്മതത്തോടെ മൂളുന്നു. സാവധാനത്തിൽ സംസാരിച്ചുകൊണ്ട് സ്ഥലം വിടുന്നു. ആരുടെയും മുഖം പ്രസന്നമല്ല.

സീൻ 6:

എല്ലാവരും പോയിക്കഴിഞ്ഞു, ത്രേസ്യാമ്മ വാതിലടക്കാൻ പോകുന്നു. നാരായണിയും മൂന്ന് മക്കളും പുറത്തു നിൽക്കുകയാണ്. നാരായണി വീട്ടുവേലയെടുത്തു ജീവിക്കുന്ന ഒരു പാവപ്പെട്ട സ്ത്രീയാണ്. മോശം വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.

ത്രേസ്യാമ്മ: എന്താ കൊച്ചുനാരായണീ?

കൊച്ചു നാരായണി: ഒന്നുംല്ല ആന്റി. (പിന്നെ അവൾ മൂത്തവനായ മാധവനെ ഉന്തിക്കൊണ്ട് പറയുന്നു.) നീ പറ.

മാധവൻ: (പിന്നോക്കം വെച്ചുകൊണ്ട്.) അമ്മ പറ.

ത്രേസ്യാമ്മ: എന്താ നാരായണി, കാര്യം പറ.

കൊച്ചു നാരായണി: (മടിച്ചുമടിച്ച്) ആന്റി, എന്റീം മക്കടീം കാര്യത്തില് പൈസ ഇച്ചിരി കൊറക്കണം. ഒരു രൂപാന്ന്ള്ളത് അമ്പത് പൈസ ആക്ക്യാ മക്കൾക്ക് ആഴ്ചയില് ഒരു സിനിമേങ്കിലും കാണാൻ പറ്റും. എനിക്ക് കാണണംന്ന്ല്ല്യ. കെട്ടിയോന് ഇപ്പോ പണി കൊറവാ ആന്റി.

ത്രേസ്യാമ്മ കൊച്ചു നാരായണിയേയും അവളുടെ കുട്ടികളേയും നോക്കുന്നു. താഴെയുള്ള രണ്ടുപേരും പെൺകുട്ടികളാണ്. കൗതുകമുള്ള കുട്ടികൾ. അവരുടെ മുഖത്തിന്റെ ക്ലോസപ്പുകൾ. കീറിയ ഉടുപ്പുകളാണ് ഇട്ടിരിക്കുന്നത്. നാരായണി ജോലിയെടുക്കുന്ന ഏതോ വീട്ടിൽനിന്ന് ഇരന്നു വാങ്ങിയ ഉടുപ്പുകളാണവ. ത്രേസ്യാമ്മയുടെ മനസ്സിൽ സ്‌നേഹം നാമ്പിടുന്നു. ഏറ്റവും താഴെയുള്ള കുട്ടിയുടെ കവിളിൽ തലോടിക്കൊണ്ട് അവർ പറഞ്ഞു.

ത്രേസ്യാമ്മ: കൊച്ചു നാരായണി, നീയും മക്കളും രൂപ തരാതെത്തന്നെ വന്നു കണ്ടോ. (അവർ നിർത്തി, നാലുപാടും നോക്കി ശബ്ദം താഴ്ത്തി തുടരുന്നു.) പക്ഷെ, നീ ആരോടും പറയല്ലേ.

കൊച്ചു നാരായണി: (സന്തോഷത്തോടെ) ഇല്ല്യ ആന്റി.

മക്കളുടെ മുഖത്തും സന്തോഷം വിടരുന്നു. അതു കാണുമ്പോൾ ത്രേസ്യാമ്മ പറയുന്നു.

ത്രേസ്യാമ്മ: നീ ഇവിടെ നിക്ക്, ഞാനിപ്പോ വരാം. (ത്രേസ്യാമ്മ അകത്തു പോകുന്നു)

സീൻ 6 എ :

അതേ സെറ്റിങ്. ത്രേസ്യാമ്മ ഒരു പത്തുരൂപ നോട്ടുമായി വരുന്നു. നോട്ട് കൊച്ചുനാരായണിയുടെ കയ്യിൽ വെച്ചുകൊണ്ട് പറയുന്നു.

ത്രേസ്യാമ്മ: നീ മക്കൾക്ക് വല്ലതും തിന്നാൻ വാങ്ങിക്കൊടുക്ക്.

നാരായണി രണ്ടു കയ്യും നീട്ടി നോട്ടു വാങ്ങുന്നു. അതു നോക്കി നിൽക്കുന്ന കുട്ടികളിലേയ്ക്ക് കാമറ തിരിയുന്നു. (ഫേയ്ഡൗട്ട്.)

സീൻ 7:

ത്രേസ്യാമ്മയുടെ വീടിന്റെ സ്വീകരണമുറി. ഉച്ചക്ക് മൂന്നു മണി. ജോമോൻ സോഫയിലിരുന്ന് വായിക്കുന്നു. ത്രേസ്യാമ്മ വിസിയാറിൽ ഒരു കാസ്സറ്റിട്ട് റീവൈന്റ് ചെയ്യാൻ വെക്കുന്നു. പുറത്തു നിന്ന് തുറന്നിട്ട വാതിലിലൂടെ രണ്ടു മൂന്നു സ്ത്രീകൾ വരുന്നു ദേവകി, ജലജ, പിന്നെ മറ്റൊരു സ്ത്രീയും. തൊട്ടു പിന്നിലായി നാലഞ്ചു കുട്ടികളും വരുന്നു. വന്നവർ വന്നവർ ഓരോ ഇരിപ്പിടത്തിൽ സ്ഥാനം പിടിക്കുന്നു. ശരിക്കും ഒരു സിനിമാഹാളിൽ സിനിമ കാണാൻ വന്നിരിക്കുന്നപോലെ. സോഫയിലിരുന്ന് വായിക്കുന്ന ജോമോന് ദ്വേഷ്യം പിടിക്കുന്നുണ്ട്.

ജോമോൻ: അമ്മച്ചീ ഈ സിനിമ കാണിക്കല് നാലു മണിക്ക് പോരെ? എന്നാൽ എനിക്ക് ഫ്രന്റ്‌സിന്റെ അടുത്തേയ്ക്ക് പോകായിരുന്നു. ഇപ്പോ അവരൊക്കെ ഒറങ്ങ്വാവും. ഇന്നലെത്തന്നെ കൃഷ്ണൻ പറഞ്ഞു നെനക്ക് വേറെ പണിയൊന്നുംല്ലേന്ന്.

ത്രേസ്യാമ്മ: എടാ മോനെ ഇവർക്കൊക്കെ അഞ്ചു മണ്യാമ്പളേക്ക് വീട്ടില് ആണുങ്ങളെത്തും. അപ്പളക്ക് കഴിയണം.

സീൻ 7 എ:

നളിനി വരുന്നു. അവൾക്ക് സംശയമൊന്നുമില്ല. അവൾ നേരെ ജോമോൻ ഇരിക്കുന്ന സോഫയിൽ കയറി ഇരിക്കുന്നു.

ജോമോൻ: ഇതാ കുരിശ് എത്തി. (എഴുന്നേൽക്കുന്നു.) ഈ ടിവി കൊണ്ടന്നത് വടി കൊടുത്ത് അടിമേടിക്കണ പോലായി.

നളിനി: ഇങ്ങനൊക്കെ പറഞ്ഞാൽ ഞാൻ ജോമോനോട് കൂടൂല കേട്ടോ.

എല്ലാവരും ചിരിക്കുന്നു. ജോമോൻ ദേഷ്യം പിടിച്ച് അകത്തേയ്ക്കു പോകുന്നു.

ത്രേസ്യാമ്മ: അവൻ അങ്ങനത്തന്നാ. നീ ഒന്നും വിചാരിക്കര്ത് കേട്ടോ നളിനി.

നളിനി: ഇല്ല ആന്റി. പാവം അല്ലേ. പക്ഷേ അവന് എന്റെ ഒപ്പം ഇരുന്ന് സിനിമ കണ്ടാലെന്താ? ഒരു പത്രാസുകാരൻ!

സീൻ 7 ബി:

ജോമോൻ അകത്തുനിന്ന് വരുന്നു. ഒരു ഷർട്ടിന്റെ ബട്ടനിട്ടുകൊണ്ട് പുറത്തേയ്ക്കിറങ്ങുകയാണ്.

നളിനി: എന്നോട് ദ്വേഷ്യപ്പെട്ട് പോവ്വാണോ ജോമോൻ?

ജോമോൻ: അല്ലെടീ, നീയെന്നെക്കൊണ്ട് പറേപ്പിക്കണ്ട.

പുറത്തേയ്ക്ക് പോകുന്നു. എല്ലാവരും ചിരിക്കുന്നു. ജോമോൻ പുറത്തേയ്ക്കു പോയി എന്നുറപ്പായപ്പോൾ ത്രേസ്യാമ്മ അകത്തുനിന്ന് കൊണ്ടുവന്ന മിട്ടായി ടിന്നുമായി പണം പിരിക്കാൻ ഇറങ്ങുന്നു. രണ്ടുപേർ പണം ഇട്ടപ്പോഴേയ്ക്ക് പെട്ടെന്ന് ജോമോൻ തിരിച്ചു വരുന്നു. ത്രേസ്യാമ്മ പണപ്പെട്ടി പിന്നിലൊളിപ്പിക്കുന്നു. ജോമോൻ അമ്മയുടെ പരിഭ്രമം കാണുന്നുണ്ട്. പക്ഷേ മനസ്സിലാവുന്നില്ല.

ത്രേസ്യാമ്മ: എന്തേ ജോമോനെ?

ജോമോൻ: ഹെൽമെറ്റെടുക്കാൻ മറന്നൂ അമ്മച്ചീ.

സീൻ 7 സി:

ത്രേസ്യാമ്മയുടെ പിന്നിൽനിന്ന് ഷോട്ട്. അവർ ഒളിപ്പിച്ച ടിന്നിൽ രണ്ടു കുട്ടികളുടെ കണ്ണുകൾ പോകുന്നു. ഒരുത്തൻ മറ്റൊരുത്തനെ നോക്കി കണ്ണിറുക്കുന്നു. അവൻ ടിന്നിൽ കൈയ്യിട്ടു വാരി അതിലുള്ള നോട്ടുകൾ മാറ്റുന്നു. ത്രേസ്യാമ്മ അറിയുന്നില്ല. അതിനിടക്ക് ഒരു പെൺകുട്ടി രണ്ടു രൂപനോട്ട് ത്രേസ്യാമ്മയ്ക്കു നീട്ടുന്നു. അവർ ആ പെൺകുട്ടിയുടെ കൈ തട്ടി മാറ്റി ഇവിടെ ഒന്നും സംഭവിക്കുന്നില്ല എന്ന മട്ടിൽ നിൽക്കുന്നു. ജോമോൻ ഹെൽമെറ്റ് എടുത്ത് തലയിൽ വച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങുന്നു. കൂടുതൽ സ്ത്രീകളും കുട്ടികളും കയറി വരുന്നു. ത്രേസ്യാമ്മ ടിൻ മുമ്പിലേയ്‌ക്കെടുക്കുന്നു. ടിൻ കാലി. അവർ അദ്ഭുതത്തോടെ നോക്കുന്നു. ഒരു ആൺകുട്ടിയോട്.

ത്രേസ്യാമ്മ: എടാ കൊച്ചേ നീ ഇതിൽ പണമിട്ടില്ലേ?

ആൺകുട്ടി: ഇട്ടു ആന്റി.

ത്രേസ്യാമ്മ: എന്നിട്ട് അതെവിടെ പോയി?

ആൺകുട്ടി: ആ, അറിയാമ്പാട്‌ല.

മറ്റൊരു പെൺകുട്ടി: ആന്റി ഞാനും പണം ഇട്ടിട്ടുണ്ട് കെട്ടോ.

ത്രേസ്യാമ്മ: അപ്പൊ എവിടെ പോയീ ഈ പൈസ്യൊക്കെ. (ആശയക്കുഴപ്പം).

സീൻ 8:

പിന്നീടുള്ള ദിവസങ്ങളിൽ ജോമോൻ കൊണ്ടുവന്ന കാസറ്റുകളെല്ലാം പ്രദർശിക്കപ്പെടുന്നത് ഒരു ഫ്‌ളാഷായി കാണിക്കണം. മൂന്നുമണിയായാൽ ഓരോരുത്തരായി വരാൻ തുടങ്ങുന്നത്. സിനിമാഹാളിൽ എന്നപോലെ ഓരോ സീറ്റിൽ ഇരിക്കുന്നത്. ത്രേസ്യാമ്മ കാസറ്റ് എടുത്തുകൊണ്ടുവന്ന് ഇടുന്നത്. ഉടനെ ജോമോൻ ശപിച്ച് പുറത്തിറങ്ങി ബൈക്കുമെടുത്ത് അവന്റെ സ്‌നേഹിതന്മാരുടെ അടുത്തേക്കു പോകുന്നത്. വാതിൽക്കൽ നോക്കി അവൻ പോയെന്നുറപ്പാകുമ്പോൾ ത്രേസ്യാമ്മ ഒരു ടിന്നുമായി വന്ന് പണം പിരിക്കുന്നത്.

സീൻ 9:

ശനിയാഴ്ച വൈകുന്നേരം. സ്വീകരണമുറി. ജോസഫേട്ടൻ ചായകുടി കഴിഞ്ഞ് എഴുന്നേറ്റ് സോഫയിൽ ഇരിക്കുകയാണ്. ജോമോൻ മേശയുടെ മുമ്പിലിരുന്ന് ചായ കുടിക്കുന്നു. പാറുകുട്ടി മേശയുടെ ഒരു ഭാഗം തുടക്കുകയാണ്.

പാറുകുട്ടി: ജോമോനെ ദോശ മതിയോ?

ജോമോൻ: മതിയോന്നറിയാൻ തിന്നുനോക്കണ്ടെ? ഒരു ദോശ തിന്നാൽ എങ്ങനാ അറിയ്യാ മതിയായോന്ന്.

പാറുകുട്ടി: ഒരു ദോശ്യോ? ഞാൻ പത്തെണ്ണംണ്ടാക്കിട്ട്ണ്ട്. ജോസഫേട്ടൻ രണ്ടു ദോശ്യേ തിന്നാറുള്ളൂ. അമ്മച്ചി രണ്ടെണ്ണും. ബാക്കിയൊക്കെ എവിടെപ്പോയി?

ജോമോൻ: ആ അറിയാമ്പാട്‌ലാ.

പാറുകുട്ടി: ഇതു കണ്ടാ.

സീൻ 8 എ:

ത്രേസ്യാമ്മ ഒരു ടിന്നെടുത്ത് മേശപ്പുറത്തു വെക്കുന്നു.

ജോമോൻ: (കൊതിയോടെ ടിന്നിലേയ്ക്കു നോക്കിക്കൊണ്ട്) എന്താ അമ്മച്ചി അത്? ഉണ്ണ്യപ്പാണോ?

ത്രേസ്യാമ്മ ഒന്നും മിണ്ടുന്നില്ല. ജോസഫേട്ടനും ജോമോനും നോക്കിക്കൊണ്ടിരിക്കെ അവർ ഒരു കസേലയിൽ ഇരുന്ന് ടിന്നെടുക്കുന്നു.

പാറുകുട്ടി: ങാ ഉണ്ണിയപ്പാ, കൊതിച്ചിരുന്നോ. (അകത്തേയ്ക്കു പോകുന്നു.) ഫേയ്ഡൗട്ട്.

End of Part I

Part II

സീൻ 8 ബി:

സീൻ 8 ന്റെ തുടർച്ച. ത്രേസ്യാമ്മ ഒന്നും പറയാതെ മൂടി തുറന്ന് ടിൻ മേശമേൽ കമിഴ്ത്തുന്നു. കലപില ശബ്ദം ഉണ്ടാക്കിക്കൊണ്ട് ടിന്നിൽ നിന്ന് നാണയങ്ങൾ പുറത്തേക്കു ചാടുന്നു. കൂടെ നോട്ടുകളും.

ജോമോൻ: ഞാൻ വിചാരിച്ചു വല്ല പലഹാരവും ആയിരിക്കുംന്ന്. അമ്മച്ചീ പണ്ട് ഈ ടിന്നിലാ ഉണ്ണ്യപ്പംണ്ടാക്കി വെക്കാറ്.

ജോസഫേട്ടൻ: ഉണ്ണ്യപ്പം കട്ടുതിന്നതൊക്കെ അവന് നല്ല ഓർമ്മണ്ട്, അല്ലെടാ?

ജോമോൻ: ഇതെവിടുന്ന് കിട്ടീ അമ്മച്ചീ?

ത്രേസ്യാമ്മ ഒന്നും പറയാതെ മേശപ്പുറത്തു നിന്ന് ഉരുണ്ടുപോയ ഒറ്റ രൂപ നാണയം പെറുക്കിയെടുത്ത് കസേലയിൽ ഇരുന്ന് എണ്ണാൻ തുടങ്ങുന്നു. ജോമോൻ അപ്പുറത്ത് ചുക്കുവെള്ളവുമായി ഇരിക്കുന്ന അപ്പച്ചനെ നോക്കുന്നു.

ജോസഫേട്ടൻ: (അയാൾ കണ്ണിറുക്കിക്കൊണ്ട്) അത് അമ്മച്ചീടെ ബിസിനസ്സ് സമ്പാദ്യാടാ ജോമോനെ.

ജോമോൻ: ബിസിനസ്സോ? അമ്മച്ചി ഒരു കമ്പനി ഫ്‌ളോട്ടു ചെയ്തതായി കേട്ടിട്ടില്ലല്ലോ.

ജോസഫേട്ടൻ: അമ്മച്ചീടെ കാര്യം വല്ലതും നീ അറിയുന്നുണ്ടോ? ഇപ്പോ വല്ല്യ ബിസിനസുകാരിയായിരിക്ക്യാണ്. ഇതാ ഒരാഴ്ചത്തെ കലക്ഷനാ എണ്ണണത്.

ജോമോൻ: എന്തു ബിസിനസ്സാ അപ്പച്ചാ?

ജോസഫേട്ടൻ: സിനിമാ വ്യവസായാ. അമ്മച്ചി ഈ കോളനീല്ള്ള പിള്ളേര്‌ക്കൊക്കെ സിനിമ കാട്ടി പണം വാങ്ങ്വാണ്.

ത്രേസ്യാമ്മ അതൊന്നും ശ്രദ്ധിക്കാതെ പണം എണ്ണുന്നു. ജോമോൻ വാ തുറന്നിരിക്കുന്നു.

ജോമോൻ: (ത്രേസ്യാമ്മയെ നോക്കിക്കൊണ്ട്) എന്നാലും എന്റെ അമ്മച്ചീ!

സീൻ 8 സി:

അര മണിക്കൂർ നേരത്തെ പ്രയത്‌നത്തിനുശേഷം (അവർ എണ്ണുന്നു. തലയിൽ കൈ വയ്ക്കുന്നു. പെന്നെടുത്ത് കുത്തിക്കുറിക്കുന്നു. ഇതെല്ലാം ഒരു കോമിക് സ്വഭാവത്തിൽ ചിത്രീകരിക്കണം. സമയം കാണിക്കാൻ ക്ലോക്കിന്റെ സൂചി തിരിയുന്നതു കാട്ടിയാൽ മതി) അവർ എഴുന്നേറ്റത് ഒരു തുണ്ടു കടലാസ്സുമായാണ്. അതിൽ എഴുതി വെച്ചിരിക്കുന്ന കണക്ക് ജോസഫേട്ടനു നേരെ നീട്ടി അവർ പറയുന്നു.

ത്രേസ്യാമ്മ: ഇതൊന്ന് ശരിയാക്കിത്താ.

ജോസഫേട്ടൻ അതു വാങ്ങിനോക്കി ഉറക്കെ വായിക്കുന്നു.

25 പൈസ .. പതിനെട്ട്

50 പൈസ .. ഇരുപത്തിനാല്

ഒറ്റരൂപ .. നാല്പത്തിയെട്ട്

ഒറ്റരൂപ നോട്ട് .. ഇരുപത്തി ഒന്ന്

രണ്ടു രൂപ നോട്ട് .. പതിനാറ്

അഞ്ചുരൂപ .. മൂന്ന്

ജോസഫേട്ടൻ: (തമാശയായി തല ചൊറിഞ്ഞു കൊണ്ട്) ഇത്രയും വെഷമൊള്ള ഒരു കണക്ക് ഞാൻ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല കൊച്ചുത്രേസ്യേ.

ത്രേസ്യാമ്മ: (തമാശ മനസ്സിലാവുന്നില്ല) അതോണ്ടാ ജോമോനെ ഞാമ്പറഞ്ഞത് നീ അപ്പച്ചന് ഒരു കാൽക്കുലേറ്റർ വാങ്ങിക്കൊടുക്ക്ന്ന്.

ജോസഫേട്ടൻ: നൂറ്റിമുപ്പത്തിരണ്ട് രൂപ അമ്പതു പൈസ.

ത്രേസ്യാമ്മ: (അമ്പരന്നുകൊണ്ട്) അപ്പ നിങ്ങ എങ്ങനാ ഇത്ര പെട്ടെന്ന് കണക്കു കൂട്ടീത്?

ജോമോൻ ചിരിക്കുന്നു.

ത്രേസ്യാമ്മ: (വ്യസനത്തോടെ) ജോമോനെ എന്റെ ബിസിനസ്സൊക്കെ അവസാനിച്ചു.

ജോമോൻ: എന്തു പറ്റീ അമ്മച്ചീ?

ത്രേസ്യാമ്മ: നീ കൊണ്ടന്ന കാസറ്റൊക്കെ കഴിഞ്ഞു. ഇനി ഒന്നും കാണിക്കാനില്ല.

ജോമോൻ: അതിനെന്താ അമ്മച്ചീ, എറണാകുളത്തു പോയാൽ ഇഷ്ടംപോലെ കാസറ്റ് ലൈബ്രറിണ്ട്. ഒരു കാസറ്റിന് പതിനഞ്ചു രൂപയാ വാടക. അപ്പച്ചനോട് എടുത്തു കൊണ്ടുവരാൻ പറഞ്ഞാമതി.

ത്രേസ്യാമ്മ: (സന്തോഷത്തോടെ) അതെയല്ലേ? (തിരിഞ്ഞ് ജോസഫേട്ടനോട്) അങ്ങന്യാച്ചാൽ നിങ്ങ ഇപ്പൊത്തന്നെ പോയി ഒരു കാസറ്റെടുക്ക്.

ജോസഫേട്ടൻ: (തലയിൽ കൈ വച്ചുകൊണ്ട്) ന്റെ മോനേ, നീ ചതിച്ചല്ലോ. ഇനി ചെവീല് മൂട്ട പോയ പോലായിരിക്കും കാസറ്റ് കൈയ്യീ കൊണ്ടെക്കൊടുക്കണവരെ.

ത്രേസ്യാമ്മ: അങ്ങനല്ല. ഇപ്പോ കൊണ്ടന്നാ, രാവിലെത്തന്നെ പിള്ളാരോട് പറയാലോ ഏത് സിനിമ്യാണ്ന്ന്.

ജോസഫേട്ടൻ: നോക്ക് ജോമോനെ ഇനിണ്ടാവാൻ പോണതെന്താന്നറിയ്യോ? കാസറ്റിന്റെ വാടക എന്റെ മണ്ടേ പെടും. ന്ന്‌വെച്ചാൽ മൊതൽ മൊടക്കാൻ ഞാനും ലാഭം എടുക്കാൻ അമ്മച്ചീം.

ത്രേസ്യാമ്മ: (ചിരിച്ചുകൊണ്ട് അനുനയത്തിൽ) നിങ്ങ ഇങ്ങനെ ഓരോ ആവശ്യല്ല്യാത്ത കാര്യങ്ങള് പറഞ്ഞിരിക്കാതെ വെക്കം പോയി കട പൂട്ടണേന്റെ മുമ്പെ ഒരു കാസറ്റെുടുത്തു കൊണ്ടുവാ. (ജോമോനോട്) മോനെ കടയെവിട്യാണ്ന്ന് നീയൊന്ന് പറഞ്ഞു കൊടുക്ക് അപ്പച്ചന്.

ജോസഫേട്ടൻ: കർത്താവേ. (ജോമോനോട്) നോക്ക് ജോമോനെ, നീ കൊണ്ടന്ന ഈ രണ്ടു സാധനങ്ങള്ണ്ടല്ലോ, അതൊന്ന് തിരിച്ചുകൊണ്ടുപോവാൻ എത്ര രൂപ തരണം? എന്നാലും എനിക്ക് ലാഭാ. (fade out)

സീൻ 9:

അടുക്കളയിൽ പാറുകുട്ടിയും ത്രേസ്യാമ്മയും ഉച്ചഭക്ഷണം പാകം ചെയ്യുന്ന തിരക്കിൽ. ജോസഫേട്ടൻ ഒരു പോസ്റ്റു കാർഡ് പിടിച്ചുകൊണ്ട് വരുന്നു

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ, അമ്മച്ചീ ഇരുപത്തെട്ടാം തിയ്യതി വര്ണ്ണ്ട്.

ത്രേസ്യാമ്മ: അമ്മച്ചി വന്നോട്ടെ.

ജോസഫേട്ടൻ: അപ്പോ നെന്റെ അനുവാദം കിട്ടി, അല്ലേ കൊച്ചുത്രേസ്യേ. അമ്മച്ചി ഒന്നാന്ത്യല്ലെ വരാറ്? എന്താ ഒന്നാന്തി വരാതെ ഇരുപത്തെട്ടാന്തിയാക്കീത്ന്ന് നീ ചോദിച്ചില്ലല്ലോ.

ത്രേസ്യാമ്മ: അതെന്താ.

ജോസഫേട്ടൻ: അമ്മച്ചിക്ക് ജോമോന്റെ ഒപ്പം രണ്ടീസം കൂടണംത്രെ. അവൻ ഒന്നാന്തിയല്ലേ പോണത്.

ത്രേസ്യാമ്മ: പാവം അമ്മച്ചി. (പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട്) അയ്യോ, അമ്മച്ചി വന്നാൽ.....

ജോസഫേട്ടൻ: വന്നാൽ?

ത്രേസ്യാമ്മ: അല്ല, ന്റെ സിനിമാ ബിസിനസ്സൊക്കെ കണ്ടാൽ എന്തു പറയുമാവോ?

ജോസഫേട്ടൻ: മിടുക്കീന്ന് പറേം. അമ്മച്ചി പണ്ട് ബ്ലേഡ് കമ്പനി നടത്തീര്ന്ന പാർട്ടിയാ.

പാറുകുട്ടി: ജോസഫേട്ടാ ഇന്നെന്ത് സിനിമ്യാ കിട്ടീത്?

ജോസഫേട്ടൻ: എന്തൊ ഒരു പേരു പറഞ്ഞു, മൈനാകംന്നോ മറ്റൊ.

പാറുകുട്ടി: ആരൊക്ക്യാ അഭിനയിക്കണത്?

ജോസഫേട്ടൻ: അതൊന്നും എനിക്കറീല്ല്യ.

പാറുകുട്ടി: അയ്യ്യേ എന്തിനാ ഇങ്ങനത്തെ സിനിമ എട്ക്കണത്. കേട്ടിട്ടും കൂടില്ല്യാ. ആരെങ്കിലും കാണാൻ വര്വോ?

ത്രേസ്യാമ്മ: എടീ ചീത്ത സിനിമ്യാന്ന് നീ ആരോടും പറയ്യൊന്നും വേണ്ട കേട്ടാ.

പാറുകുട്ടി: ഞാൻ പറയ്വോ അമ്മച്ചീ. ഈ ജോസഫേട്ടന് സിനിമേപ്പറ്റിയൊന്നും അറീല്ല്യ.

ജോസഫേട്ടൻ: എടീ പാറുകുട്ടീ, ഇനി തൊട്ട് നീ ഒരു ലിസ്റ്റ്ണ്ടാക്കിത്തന്നാ മതി. അതു പ്രകാരം കൊണ്ടരാം. കാസറ്റിന്റെ കവറിമ്മല് നല്ല ചിത്രൊക്കെ കണ്ടപ്പൊ എടുത്തതാ.

പാറുകുട്ടി: ഞാൻ ഓരോ ദെവസും എട്ക്കണ്ട സിനിമേടെ പേര് അപ്പപ്പൊ പറഞ്ഞുതരാം.

ജോസഫേട്ടൻ: അങ്ങനെയാവട്ടെ. തല്ക്കാലം നീ ഒരു ചായയെടുക്ക്.

ത്രേസ്യാമ്മ: എടീ മധുരം കൊറച്ചിട്ടാ മതി.

സീൻ 10:

വീടിന്റെ പടിക്കൽ വന്നു നിൽക്കുന്ന ഓട്ടോവിൽ നിന്ന് ഏകദേശം എഴുപതു വയസ്സായ സ്ത്രീ ഇറങ്ങുന്നു. സ്ഥൂലശരീരം. ജോസഫേട്ടന്റെ അമ്മയാണ്. മറിയാമ്മ. ഇടതുകൈയ്യിൽ ഒരു ബിഗ് ഷോപ്പർ സഞ്ചി. കൈയ്യിലുള്ള കൊച്ചു പഴ്‌സിൽനിന്ന് പണമെണ്ണിക്കൊടുത്ത് ഗെയ്റ്റിലേയ്ക്കു കടക്കുന്നു.

സീൻ 10 എ:

മറിയാമ്മ: (മുറ്റത്തെത്തിയ ഉടനെ ഉറക്കെ വിളിക്കുന്നു) ത്രേസ്യേ, ജോസേ.

ത്രേസ്യാമ്മ വാതിൽക്കൽ വന്നു നോക്കുന്നു.

ത്രേസ്യാമ്മ: (അകത്തേയ്ക്കു നോക്കി) ദേണ്ടെ, അമ്മച്ചി വന്നിരിക്കുണു.

മറിയാമ്മ: ജോമോൻ എവിടെടീ?

സീൻ 11:

ത്രേസ്യാമ്മ മറിയാമ്മയ്ക്ക് ടിവിയും വിസിയാറും പ്രവർത്തിപ്പിച്ചു കാണിക്കുന്നു. പാറുകുട്ടി ഒരു ഗ്ലാസിൽ ചായ കൊണ്ടുവന്നു കൊടുക്കുന്നു. മറിയാമ്മ അതു വാങ്ങി കുടിക്കുന്നു.

മറിയാമ്മ: (പാറുകുട്ടിയോട്) എടി കൊച്ചേ നെനക്ക് സൊകല്ലേ?

പാറുകുട്ടി: അതേ വല്ല്യമ്മച്ചി.

മറിയാമ്മ: അല്ലെങ്കി നെനക്കിവിടെ സൊകത്തിനെന്താ ഒരു കൊറവ് അല്ലെടീ.

പാറുകുട്ടി ചിരിക്കുന്നു.

മറിയാമ്മ: (സോഫയിൽ ഇരിക്കുന്ന ജോമോനോട്) എടാ ജോമോനെ, നീ അപ്പപ്പക്കും ഇതുപോലൊരെണ്ണം കൊണ്ടു കൊടുക്കണം. കോട്ടയത്ത് പൗലോസിന്റേ വീട്ടീ ടിവിണ്ട്. ഈ സിനിമ കാണിക്കണ സാധനം മാത്രം കൊണ്ടന്നാൽ മതി. ഫ്രാൻസിസ്സിന്റെ വീട്ടിലും ടിവിണ്ട്. അവന്ന് പിന്നെ ഇതിലൊന്നും താല്പര്യല്യ. പിള്ളേര് പഠിക്കത്തില്ല എന്നു പറഞ്ഞ് ടിവി തന്നെ വെക്കാറില്ല.

മറിയാമ്മ: (ജോമോന്റെ മുഖത്തു നോക്കിക്കൊണ്ടു പറയുന്നു.) നീയെന്താടാ ഒരു തൃപ്തില്ലാത്തപോലെ നിക്കണത്. അപ്പപ്പ പണൊക്കെ തരും.

ജോമോൻ: (ചിരിച്ചുകൊണ്ട്) അതല്ല വല്ല്യമ്മച്ചീ. അപ്പപ്പേ കേടുവരുത്തണ്ടാന്ന് വച്ചിട്ടാ. വല്ല്യമ്മച്ചീടെ മക്കളില് അപ്പപ്പ മാത്രേ കേടു വരാത്തതുള്ളു. ഇനി മൂപ്പരേം ടിവീം ഒക്കെ കാണിച്ച് കേടുവരുത്തണ്ടാന്ന് വച്ചിട്ടാ.

മറിയാമ്മ: (ചിരിച്ചുകൊണ്ട്) നീ പോടാ. ഒരു കാര്യം ചെയ്യ്, നീ അതില് ഒരു നല്ല പടം ഇട്, വല്ല്യമ്മച്ചി കാണട്ടേ.

സീൻ 12:

മറിയാമ്മ സിനിമ കാണുന്ന രംഗം, ഏതാനും സെക്കന്റുകൾ.

സീൻ 13:

ഉച്ചഭക്ഷണം. എല്ലാവരും മേശക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നു. മറിയാമ്മ നന്നായി ഭക്ഷണം കഴിക്കുന്നുണ്ട്.

മറിയാമ്മ: എടീ ഇറച്ചി വരട്ടീത് നന്നായിട്ട്ണ്ട്. കോഴിക്കറീം. കോഴിക്കറി ആര്ണ്ടാക്കീതാ. പാറുകുട്ട്യാണോ?

ത്രേസ്യാമ്മ: പാറുകുട്ട്യാണ്.

പാറുകുട്ടി: അമ്മച്ചിയാണ്.

രണ്ടുപേരും ഒരുമിച്ചാണ് പറഞ്ഞത്. മറിയാമ്മ ആശയക്കുഴപ്പത്തിൽ ആവുന്നു.

മറിയാമ്മ: ശരിക്ക് ആരുണ്ടാക്കീന്ന് പറ.

ത്രേസ്യാമ്മ: രണ്ടുംണ്ടാക്കീത് പാറുകുട്ട്യന്ന്യാണ് അമ്മച്ചീ. ഞാൻ പറഞ്ഞു കൊടുത്തപോലെത്തന്ന്യാ അവള്ണ്ടാക്കണത്.

ജോസഫേട്ടൻ: കൂട്ടുകൃഷ്യാന്ന് സാരം.

മറിയാമ്മ: നെന്റെ കോഴിക്കറി എനിക്കിഷ്ടാ. എരിവും ഉപ്പും ഒക്കെ പാകാ. പാറുകുട്ടി നെന്റെ അട്ത്ത്ന്ന് തന്ന്യാ വെപ്പൊക്കെ പഠിച്ചത് ന്ന് എനിക്കറിഞ്ഞൂടെ.

ജോസഫേട്ടൻ: നല്ലോണം പഠിച്ചിട്ട്ണ്ട്. ഇപ്പൊ അവളും നല്ല വെപ്പ് വെക്കും.

എല്ലാവരും ചിരിക്കുന്നു. ത്രേസ്യാമ്മയ്ക്ക് തമാശ മനസ്സിലാവുന്നില്ല.

ത്രേസ്യാമ്മ: പക്ഷേ അവള്‌ടെ വെപ്പില് ഉപ്പ് സ്വൽപം കൂടുതലാ. ജോസഫേട്ടനും അമ്മച്ചിക്കും ഉപ്പ് കൊറവേ പാടൂ.

സീൻ 13-എ:

ഊണു കഴിഞ്ഞ ഉടനെ അമ്മായിയമ്മയെ കിടത്തി ഉറക്കാനുള്ള ശ്രമത്തിലാണ് മരുമകൾ. അമ്മച്ചി ആണെങ്കിൽ സംസാരിക്കാനുള്ള മൂഡിലും.

ത്രേസ്യാമ്മ: ഇനി അമ്മച്ചി പോയി കിടന്നോളൂ.

മറിയാമ്മ: (അതു ശ്രദ്ധിക്കാതെ) എടീ, ജോമോന് വല്ല പെണ്ണിനീം നോക്ക്ണ്‌ണ്ടോ.

ത്രേസ്യാമ്മ: ഇല്ല അമ്മച്ചീ, അവന് ആയിട്ടില്ല്യാത്രെ. അമ്മച്ചീടെ കെടക്ക വിരിച്ചിട്ട്ണ്ട്, പോയി കെടന്നോ.

മറിയാമ്മ: (അതു ശ്രദ്ധിക്കുന്നില്ല) അവന് ഈ മകരത്തില് ഇരുപത്താറ് തെകയില്ലേ?

ത്രേസ്യാമ്മ: (അശ്രദ്ധയോടെ) അറീല്ല അമ്മച്ചീ. പിന്നെ കുടിക്കാന്ള്ള വെള്ളം ഗ്ലാസില് കൊണ്ടെ വച്ചിട്ട്ണ്ട്.

മറിയാമ്മ: (അദ്ഭുതത്തോടെ) അറീല്ലാ?

ത്രേസ്യാമ്മ: (ക്ഷമാപണത്തോടെ) അയ്യോ അമ്മച്ചി എന്താ പറഞ്ഞേന്ന് ഞാൻ ശ്രദ്ധിച്ചില്ല. അമ്മച്ചീ പോയി കെടന്നോ.

മറിയാമ്മ: (കിടക്കാൻ പറയുന്നതു മാത്രം അവർ ശ്രദ്ധിക്കുന്നില്ല) നീയ് വല്ല പെൺകൊച്ചിനീം കണ്ടുവച്ചിട്ടുണ്ടോ കൊച്ചു ത്രേസ്യേ?

ത്രേസ്യാമ്മ പുറത്തേയ്ക്കുള്ള വാതിലിന്റെ വശത്തേയ്ക്ക് കുറച്ച് പരിഭ്രമത്തോടെ നോക്കുന്നു. സിനിമ കാണാൻ ആരെങ്കിലും വരുന്നുണ്ടോ എന്നാണ് നോക്കുന്നത്.

ത്രേസ്യാമ്മ: ഇല്ല അമ്മച്ചീ, നോക്കണം. പിന്നെ അമ്മച്ചി പോയി കെടന്നോ, ഇല്ലേല് ക്ഷീണാവും. ഫാനിട്ടിട്ട്ണ്ട്. കൊറച്ച് കഴിഞ്ഞാൽ ഞാൻ വന്ന് കൊറക്കാം. അല്ലേല് അമ്മച്ചിക്ക് തണുക്കും.

മറിയാമ്മ: നമ്മടെ കെഴക്കേലെ ബാബൂന്റെ പെങ്ങടെ കൊച്ചില്ലെ? എന്താ അതിന്റെ പേര്.....

ത്രേസ്യാമ്മ: അറീല്ലാ അമ്മച്ചീ. അമ്മച്ചി പോയി കെടന്നോ.

മറിയാമ്മ എന്തോ പറയാൻ പോകുമ്പോഴേക്കും ത്രേസ്യാമ്മ ധൃതിയിൽ അകത്തേയ്ക്കു പോകുന്നു.

മറിയാമ്മ: (സ്വയം പറയുന്നു, കുറച്ച് അദ്ഭുതത്തോടെ) അറീല്ല്യാ? എന്തു ചോദിച്ചാലും അറീല്ല്യാ?

സീൻ 14:

അടുക്കള. പാത്രങ്ങൾ കഴുകി വയ്ക്കുന്ന പാറുകുട്ടി. ത്രേസ്യാമ്മ ധൃതിയിൽ കടന്നു വരുന്നു.

ത്രേസ്യാമ്മ: (ശബ്ദം കുറച്ച്) എടീ, അമ്മച്ചി ഒറങ്ങാനുള്ള ഭാവൊന്നും ഇല്ല.

പാറുകുട്ടി: അതു നല്ലതാ അമ്മച്ചീ, വല്ല്യമ്മച്ചി രാത്രി നന്നായി ഉറങ്ങിക്കൊള്ളും.

ത്രേസ്യാമ്മ: നെനക്ക് പ്രശ്‌നം മനസ്സിലാവ്ണില്ല.

പാറുകുട്ടി: എന്താണമ്മച്ചീ?

ത്രേസ്യാമ്മ: സിനിമ കാണാൻ പിള്ളാര് വരുമ്പളയ്ക്ക് അമ്മച്ചീ ഒറങ്ങീലെങ്കി പ്രശ്‌നാ.

പാറുകുട്ടി മനസ്സിലാവാത്തപോലെ ത്രേസ്യാമ്മയെ നോക്കുന്നു.

പാറുകുട്ടി: അതെന്താ അമ്മച്ചീ?

ത്രേസ്യാമ്മ: നീയെന്തൊരു മണ്ട്യാ. നമ്മള് കാശു വാങ്ങി പിള്ളേരെ സിനിമ കാണിക്കണതൊന്നും അമ്മച്ചിയോടു പറഞ്ഞിട്ടില്ല. അമ്മച്ചിക്കത് ഇഷ്ടാവ്വോ ആവോ. വീട്ടീത്തന്നെ എന്തിനാ കച്ചോടംന്നൊക്കെ പറയ്വോ ആവോ.

പാറുകുട്ടി: (ഗൗരവം മനസ്സിലാക്കി തലയാട്ടിക്കൊണ്ട്) ഇനി എന്നാ ചെയ്‌വാ?

ത്രേസ്യാമ്മ: അതാ ഞാനും ആലോചിക്കണത്.

പാറുകുട്ടി: (പെട്ടെന്ന് വെളിപാടു വന്നപോലെ) അമ്മച്ചി ഒരു കാര്യം ചെയ്യ്.

ത്രേസ്യാമ്മ: എന്താ പെണ്ണേ? വേം പറ. (തിരിഞ്ഞ് വാതിൽക്കലേയ്ക്കു ഭയത്തോടെ നോക്കുന്നു.)

പാറുകുട്ടി: വല്ല്യാമ്മച്ചിയോട് പറേ ഊണു കഴിച്ച് ഇങ്ങനെ ഇരുന്നാല് നടുവെട്ടുംന്ന്. ഓർമ്മണ്ടോ, കഴിഞ്ഞ പ്രാവശ്യം വന്നപ്പോ നടുവെട്ടിക്കെടന്നത്?

ത്രേസ്യാമ്മ: (ഉത്സാഹത്തോടെ) അതു ശര്യാ. (ധൃതിപിടിച്ച് പോകുന്നു.)

സീൻ 15:

സീൻ 13ലെ രംഗം തന്നെ. മറിയാമ്മ ത്രേസ്യാമ്മയെയും കാത്തിരിക്കയാണ്. ത്രേസ്യാമ്മ വരുന്നു.

മറിയാമ്മ: നീ അപ്പഴക്ക് എങ്ങാട്ട് പോയെടി കൊച്ചുത്രേസ്യേ?

ത്രേസ്യാമ്മ: അമ്മച്ചി പോയി കിടന്നോ. ഊണ് കഴിഞ്ഞ് ഇങ്ങിനെയിരുന്ന് അരയ്ക്ക് നീർക്കെട്ടു വരണ്ട.

മറിയാമ്മ: (പെട്ടെന്ന് ഓർത്ത്) അതു ശരിയാ കൊച്ചുത്രേസ്യേ, കഴിഞ്ഞ പ്രാവശ്യം നടുവെട്ടി കെടന്നിട്ട് എല്ലാർക്കും ഒപദ്രവായി.

മറിയാമ്മ എഴുന്നേൽക്കുന്നു. ത്രേസ്യാമ്മ ധൃതിയിൽ അവരുടെ ഒപ്പം നടന്നുചെന്ന് അമ്മായിയമ്മയെ കിടപ്പുമുറിയിലാക്കുന്നു.

സീൻ 16:

കിടപ്പുമുറിയിൽ ത്രേസ്യാമ്മ കട്ടിലിൽ കിടക്കയിലെ ചുളിവുകൾ നിവർത്തുന്നു. തലയിണ പതം വരുത്തുന്നു. എങ്ങിനെയെങ്കിലും അമ്മായിയമ്മയെ കിടത്തിയിട്ടു വേണം രക്ഷപ്പെടാനെന്ന ഭാവം.

ത്രേസ്യാമ്മ: അമ്മച്ചി കിടന്നോളൂ. ഞാൻ വാതില് ചാരുന്നുണ്ട്. ശബ്ദം കാരണം അമ്മച്ചീടെ ഒറക്കം പോണ്ട.

മറിയാമ്മ: എന്തു ശബ്ദം കൊച്ചുത്രേസ്യേ.

ത്രേസ്യാമ്മ: (പെട്ടെന്ന്, പറഞ്ഞത് അബദ്ധമായെന്നു കണ്ട് തിരുത്തുന്നു) അല്ലമ്മച്ചീ, ജോമോന്റെ ഫ്രണ്ട്‌സ് ആരെങ്കിലും വന്നാൽ....

ത്രേസ്യാമ്മ വാതിൽ ചാരി പുറത്തുകടന്ന് ദീർഘശ്വാസമിടുന്നു. കാണികൾ ഓരോരുത്തരായി വന്നു തുടങ്ങുന്നു. ത്രേസ്യാമ്മ ടിന്നുമെടുത്ത് പണം പിരിക്കാൻ നടക്കുന്നു.

സീൻ 17:

നിറഞ്ഞ ഹാളിൽ സിനിമ കാണുന്ന ബഹളം. ബഹളം വല്ലാതെ കൂടുമ്പോൾ ത്രേസ്യാമ്മ അമ്മായിയമ്മ കിടക്കുന്ന മുറിയുടെ വാതലിലേയ്ക്കു ഭയത്തോടെ നോക്കുന്നു.

സീൻ 18:

കിടപ്പറയിൽ മറിയാമ്മ ഉണരുന്നു. എഴുന്നേറ്റ് തലക്കൽ ഭാഗത്തു വെച്ച ഗ്ലാസിൽ നിന്ന് ഒരു കവിൾ വെള്ളം കുടിച്ച് വീണ്ടും കിടക്കുന്നു. ഉറക്കം പിടിക്കുമ്പോഴേയ്ക്കും ഹാളിൽ നിന്നുള്ള ആരവം അവർ ശ്രദ്ധിക്കുന്നു. ഞെട്ടി ഉണരുന്നു. എഴുന്നേറ്റ് വാതിൽ തുറന്നു പുറത്തു കടക്കുന്നു.

സീൻ 18-എ:

ഹാളിൽ ആർത്തു ചിരിക്കുന്ന ജനം. മറിയാമ്മ കടന്നു വരുന്നു.

ത്രേസ്യാമ്മ: (പെട്ടെന്നെഴുന്നേറ്റുകൊണ്ട്) അയ്യോ, അമ്മച്ചീടെ ഉറക്കം മുറിഞ്ഞുപോയോ?

മറിയാമ്മ: ഇല്ലെടി, സാരംല്ല്യ. സിനിമ വെക്ക്ണ്‌ണ്ടെങ്കി എന്നീം വിളിക്കായിര്ന്നില്ലെ?

അവർ മുമ്പിൽത്തന്നെ ഒരു കുട്ടി ഒഴിവാക്കിക്കൊടുത്ത സ്ഥലത്ത് ഇരിക്കുന്നു.

ത്രേസ്യാമ്മ: (തൊട്ടടുത്തിരിക്കുന്ന പാറുകുട്ടിയോട്) എന്തായാലും പണം പിരിക്കുന്ന സമയത്ത് അമ്മച്ചി ഇല്ലാതിരുന്നത് നന്നായി എന്റെ പൊന്നേ.

സീൻ 19:

സിനിമ കഴിഞ്ഞ് എല്ലാവരും പോയി. സ്വീകരണമുറിയിൽ മറിയാമ്മയും ത്രേസ്യാമ്മയും മാത്രം. മറിയാമ്മ മടിയിൽ ഒരു പാത്രം വച്ച് പയർ കൈ കൊണ്ട് ഒടിച്ച് കഷ്ണമാക്കുകയാണ്.

മറിയാമ്മ: മോളെ നീ ഇക്കണ്ട നാട്ടുകാർക്കൊക്കെ എന്തിനാ സിനിമ കാണിച്ചു കൊടുക്കണത്?

ത്രേസ്യാമ്മ: അവർക്ക് കാണണംന്ന് പറഞ്ഞു, അമ്മച്ചീ.

മറിയാമ്മ: അങ്ങിനെയാണെങ്കില് ഒരു കാര്യം ചെയ്താ മതി. ഓരോരുത്തര്‌ടെ കയ്യിൽനിന്നും ഈരണ്ടു രൂപ മേടിച്ചോ. അപ്പോ നിനക്കും ഒരു ഗുണായില്ലെ. വെറുതെ കാണിച്ചു കൊടുത്താൽ വെലണ്ടാവില്ല.

പാറുകുട്ടി: (അവളും പയർ നേരെയാക്കുകയാണ്) അതിന് വല്ല്യമ്മച്ചീ, ഓരോരുത്തടെ അടുത്തുന്നും ഈരണ്ടു രൂപ വാങ്ങ്ണ്ണ്ട് അമ്മച്ചി.

മറിയാമ്മ: അതു നന്നായി.

ത്രേസ്യാമ്മ ദീർഘശ്വാസം വിടുന്നു. ഇത്തവണ കുറച്ചധികം ദീർഘമായിത്തന്നെ. പാറുകുട്ടിയെ നന്ദിപൂർവ്വം നോക്കുന്നു.

സീൻ 20:

ഒരു കാസറ്റ് ലൈബ്രറി. കാസറ്റുകൾ നിരത്തി വച്ചതിലൂടെ കണ്ണോടിക്കുന്ന ജോസഫേട്ടൻ. പെട്ടെന്ന് ഒരു കാസറ്റ് കയ്യിലെടുക്കുന്നു. കുറച്ചുറക്കെ വായിക്കുന്നു. 'ടെൻ കമാന്റ്‌മെന്റ്‌സ്.'

ജോസഫേട്ടൻ: (കടക്കാരനോട്) ഇതു മതി.

കടക്കാരൻ നിർവ്വികാരനായി കാസറ്റ് പൊതിഞ്ഞു കൊടുക്കുന്നു.

ജോസഫേട്ടൻ: പൊതിയും ഒന്നും വേണ്ട. ഇങ്ങട്ട് തന്നാൽ മതി.

കടക്കാരൻ: അല്ലാ പൊതിഞ്ഞു തരാം.

ജോസഫേട്ടൻ: അല്ലാ ഇന്നലെയൊന്നും പൊതിഞ്ഞു തന്നില്ലല്ലൊ. പൊതിച്ചിലൊക്കെ പുതുതായി തൊടങ്ങീതായിരിക്കും അല്ലെ?

കടക്കാരൻ ഒന്നും പറയുന്നില്ല. പൊതിയുമായി കടയിൽ നിന്ന് പുറത്തേയ്ക്കിറങ്ങുന്ന ജോസഫേട്ടൻ.

സീൻ 21:

രാത്രി ഭക്ഷണ സമയം. മറിയാമ്മയും ജോസഫേട്ടനും കഞ്ഞി കുടിക്കുന്നു. ത്രേസ്യാമ്മയും പാറുകുട്ടിയും ഊണാണ് കഴിക്കുന്നത്.

ജോസഫേട്ടൻ: അമ്മച്ചി, പത്തു കല്പനകൾ എന്ന സിനിമ കിട്ടിയിട്ടുണ്ട്. നാളെ കാണിച്ചു തരാം.

മറിയാമ്മ: മോശക്ക് കിട്ടിയ കല്പനകളല്ലെ?

ജോസഫേട്ടൻ: അമ്മച്ചി പഴയ നിയമം ഒന്നും മറന്നിട്ടില്ല അല്ലേ?

ത്രേസ്യാമ്മ: അതെ അമ്മച്ചി. ഞാനും അച്ചായനും കൂടി കണ്ട സിനിമയാ. അമ്മച്ചിക്ക് ഓർമ്മയില്ലെ, അമ്മച്ചി ജോമോനീം നോക്കി വീട്ടിലിരുന്നത്? മോനന്ന് രണ്ടു വയസ്സാ.

മറിയാമ്മ വലിയ ഓർമ്മയൊന്നുമില്ലാത്ത പോലെ ഇരിക്കുന്നു.

ത്രേസ്യാമ്മ: എന്നിട്ട് ജോമോൻ കരഞ്ഞപ്പോ അമ്മച്ചി ഊഞ്ഞാലിലിട്ട് ആട്ടീത്?

മറിയാമ്മ: എനിക്കതൊന്നും ഓർമ്മല്ല്യന്റെ കൊച്ചുത്രേസ്യേ.

ത്രേസ്യാമ്മ: നാളെ പരിപാടി രാവിലെ പത്തു മണിക്കാക്കാം.

ജോസഫേട്ടൻ: അതോണ്ടെന്താ ഗുണം?

ത്രേസ്യാമ്മ: ഞായറാഴ്ച്യല്ലെ? ഉച്ച തിരിഞ്ഞാൽ ഓരോരുത്തര് സ്ഥലം വിടും. നമുക്ക് കാണികള് കൊറയും. അമ്മച്ചീ പള്ളീന്ന് എത്താൻ പത്തു മണ്യാവും. അതാ ഞാൻ പത്തു മണീന്ന് പറഞ്ഞത്.

ജോസഫേട്ടൻ: ശരി, അങ്ങന്യായിക്കോട്ടെ.

മറിയാമ്മ: ജോമോൻ പോയപ്പൊ ഒരു രസൂംല്ല്യ. അവൻ ഇനി എന്നാ വര്വാ കൊച്ചുത്രേസ്യേ?

ത്രേസ്യാമ്മ: അവനിപ്പോ ആറാറു മാസം കൂടുമ്പൊ വരാം. ഇനി ഈസ്റ്ററിനു വരാംന്ന് പറഞ്ഞിട്ടാ പോയിരിക്കണത്.

മറിയാമ്മ: അപ്പഴയ്ക്ക് നീ അവനൊരു പെണ്ണിനെ നോക്കി വച്ചോ.

സീൻ 22:

പള്ളിമണി മുഴങ്ങുന്നു. പള്ളിയുടെ കവാടത്തിനു താഴെ കുർബാന കഴിഞ്ഞു പുറത്തിറങ്ങുന്ന ജനങ്ങൾ. ആൾക്കൂട്ടത്തിനിടയിൽ ത്രേസ്യാമ്മയും മറിയാമ്മയും. മറിയാമ്മയുടെ കൈയ്യിൽ പൂക്കൾ.

മറിയാമ്മ: നീ നടന്നോ കൊച്ചുത്രേസ്യേ, ഞാൻ അപ്പന്റെ കുഴിമാടത്തില് പൂവച്ച് വെക്കം വരാം.

ത്രേസ്യാമ്മ: ശരി അമ്മച്ചീ. ഞാൻ അപ്പഴക്ക് കോളനീല്ള്ള പിള്ളേരെ എല്ലാം വിളിക്കട്ടെ.

സീൻ 23:

കോളനിയിൽ ത്രേസ്യാമ്മ ഓരോ വീടുകളിലായി കയറിയിറങ്ങുകയാണ്. ആദ്യം കയറുന്നത് നളിനിയുടെ വീട്ടിൽ.

ത്രേസ്യാമ്മ: നളിനീ ഇന്ന് ടെൻ കമാന്റ്‌മെന്റസാണ് കെട്ടോ സിനിമ.

നളിനി: (മുഖം ചുളിച്ചുകൊണ്ട്) ഇംഗ്ലീഷ് സിനിമ്യാണല്ലേ ആന്റീ? മലയാളൊന്നും കിട്ടീലെ?

ത്രേസ്യാമ്മ: നീയെന്താ പറേണത് നളിനിക്കൊച്ചേ. എന്തൊക്കെ അദ്ഭുതങ്ങളാ അതില് കാണിച്ചിരിക്കണത്? വടി പാമ്പായി മാറണതും, മോശേം അടിമകളും നടന്നുപോമ്പ ചെങ്കടല് രണ്ടു ഭാഗത്തേയ്ക്ക് മാറി വഴിണ്ടാവണതും, പിന്നെ മലമുകളില് ദൈവം ഒരു വെളിച്ചായി വന്ന് മോശയ്ക്ക് പത്തു കല്പനകള് കൊടുക്കണതും കാണ്വന്നെ വേണം.

(നളിനി തൃപ്തയായിയെന്ന തോന്നലുണ്ടായപ്പോൾ ത്രേസ്യാമ്മ പറയുന്നു.)

ത്രേസ്യാമ്മ: പത്തു മണിക്ക്യന്നെ തൊടങ്ങും. നീ വരണം കേട്ടോടി കൊച്ചേ. ഞാൻ മറ്റുള്ള പിള്ളേരടെ അടുത്ത് പറഞ്ഞിട്ട് വരാം.

അടുത്ത വീട്ടിലേയ്ക്കു നടക്കുന്നു. ശൈലജയുടെ വീട്. ശൈലജ വാതിൽ തുറക്കുന്നു.

ത്രേസ്യാമ്മ: ശൈലജേ ഇന്ന് ഇംഗ്ലീഷ് സിനിമ്യാണ്‌ട്ടോ.

ശൈലജ: എന്തു സിനിമ്യാണ് ആന്റി.

ത്രേസ്യാമ്മ: ടെൻ കമാന്റ്‌മെന്റ്‌സ്.

ശൈലജ: അതു ഞാങ്കണ്ട സിനിമ്യാ ആന്റി. വേറെ നല്ല ഇംഗ്ലീഷ് സിനിമേംണ്ടങ്കി എടുക്കു, ഞാൻ വരാം.

ത്രേസ്യാമ്മ: നീ ഇതുവര്യായിട്ട് ഒരൊറ്റ സിനിമ കാണാൻ വന്നിട്ടില്ലല്ലോ.

ശൈലജ: രണ്ടു രൂപ വെറുതെ കളയണ്ടേ ആന്റീ.

ത്രേസ്യാമ്മ: പിശുക്കി. മോളെന്ത്യേ?

ശൈലജ: ഒറങ്ങ്വാണ്.

ത്രേസ്യാമ്മ: ശരി. (അടുത്ത വീട്ടിലേയ്ക്കു നടക്കുന്നു.)

സീൻ 24:

ഇംഗ്ലീഷു സിനിമയാണെങ്കിലും സ്വീകരണമുറി ഒരു മാതിരി നിറഞ്ഞുതന്നെയാണ്. ഇംഗ്ലീഷ് സിനിമയായതുകൊണ്ട് കഥയുടെ സാരാംശം പറഞ്ഞുകൊടുത്താലേ ആസ്വാദ്യത പൂർണമാവൂ എന്നതു കൊണ്ട് ജോസഫേട്ടൻ പുറപ്പാടിന്റെ കഥ വളരെ ലഘുവായി പറഞ്ഞു കൊടുക്കുന്നു.

ജോസഫേട്ടൻ: ഇംഗ്ലീഷ് സിനിമ്യായതോണ്ട് ഇതിന്റെ കഥ ഞാൻ പറഞ്ഞുതരാം. അപ്പൊപ്പിന്നെ മനസ്സിലാക്കാൻ എളുപ്പാണ്. ഇത് പഴയ നിയമത്തില്ള്ള കഥ്യാണ്. യാക്കോബിന്റെ മക്കളായ ഇസ്രായേൽ ജനം ഈജിപ്ത്കാരടെ അടിമകളായി. അവർക്ക് വല്ലാതെ കഷ്ടപ്പാടായപ്പോൾ ഒരു ദിവസം അവരുടെ നിലവിളി കേട്ട ദൈവം മോശയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അടിമകളായിത്തീർന്ന ഇസ്രായേൽ ജനത്തെ ഈജിപ്തിൽ നിന്നും മോചിപ്പിച്ചു കൊണ്ടുവരാൻ ഏല്പിച്ചു. എന്നിട്ട് ദൈവം മോശക്ക് പല അദ്ഭുതങ്ങളും ചെയ്യാനുള്ള കഴിവുണ്ടാക്കി. അപ്പോൾ ഈജിപ്തിൽ നിന്ന് ഓടിപ്പോന്ന മോശ തിരിച്ചുപോയി ഇസ്രായേലികളെ മോചിപ്പിച്ചു കൊണ്ടു പോവണ കഥ്യാണിത്. അതിനെടക്ക് എന്തൊക്കെ അദ്ഭുതങ്ങൾ ഉണ്ടെന്നറിയാമോ? വടി നിലത്തിട്ടാൽ പാമ്പായി ഇഴയണത്, നൈൽ നദീലെ വെള്ളം മോശ വടികൊണ്ടടിക്കുമ്പോ ചോരയാവണത്, പിന്നെ അടിമകളേം കൊണ്ട് പോമ്പ ചെങ്കടലിന്റെ അടുത്തെത്ത്യപ്പോ ഫറവോയുടെ സൈന്യങ്ങള് തൊട്ട പിന്നിലെത്തി. അപ്പോ മോശ കടലിന് മീതെ വടികൊണ്ടടിച്ചപ്പോ കടല് രണ്ടായി മാറി ഇസ്രായേല്കാർക്ക് പോകാൻ വഴിണ്ടാക്കി.... അങ്ങനെ എന്തൊക്കെ അദ്ഭുതങ്ങള്ണ്ട്ന്നാ.....

(ഒരു മിനിറ്റു സമയമേ എടുക്കാവൂ. മുഴുവൻ കഥയും പറയുന്നുവെന്ന പ്രതീതിയുണ്ടാക്കി കാതലായ ഏതാനും വാചകങ്ങളേ പറയേണ്ടൂ. വാചകങ്ങളുടെ ഇടയിൽ ഫേയ്ഡൗട്ടു ചെയ്തു പ്രേക്ഷകരുടെ മുഖഭാവം കാമറയിൽ പകർത്തിയാൽ മതി.)

സീൻ 24-എ:

അദ്ഭുതങ്ങൾ കാണാനായി എല്ലാവരും ടിവി സക്രീനിൽ കണ്ണും നട്ടിരിക്കുകയാണ്. മറിയാമ്മ മുമ്പിൽ തന്നെയാണ് ഇരിക്കുന്നത്. ഒരു കണ്ണട ഫിറ്റു ചെയ്തിട്ടുണ്ട്. വിസിയാർ ഓണാക്കി ത്രേസ്യാമ്മ റിമോട്ടു കൺട്രോളും കയ്യിലേന്തി ഏറ്റവും പിന്നിൽ സോഫയിൽ ഭർത്താവിന്റെ അടുത്തു ചെന്നിരിക്കുന്നു.

ത്രേസ്യാമ്മ: (ജോസഫേട്ടനോട്) നിങ്ങക്ക് സിനിമേലെ കഥ മുഴുവനും ഓർമ്മണ്ടോ?

ജോസഫേട്ടൻ: ഒരു മാതിരി.

ത്രേസ്യാമ്മ: നമ്മള് രണ്ടുപേരും ഒന്നിച്ച് തീയറ്ററിൽ പോയി കണ്ടത് ഓർമ്മണ്ടോ. നിങ്ങ ഐസ്‌ക്രീം വാങ്ങിത്തന്നതൊക്കെ.

ജോസഫേട്ടൻ: (ത്രേസ്യാമ്മയുടെ അനവസരത്തിലുള്ള ശൃംഗാരം ഇഷ്ടപ്പെടുന്നില്ല). എനിക്കതൊന്നും ഓർമ്മയില്ലെടീ.

ത്രേസ്യാമ്മ: അല്ലേലും നിങ്ങ അങ്ങനാ. അന്നൊക്കെ നിങ്ങക്ക് ന്നെ എന്തിഷ്ടായിരുന്നു. നിങ്ങ എന്നോട്.......

ഈ ലോഗ്യം ചോദിക്കുന്നതിനിടയിൽ ഹാളിൽ ഒരു ഭൂകമ്പം ഉണ്ടാവുകയാണ്. ഒരു കൂക്കുവിളിയും വിസിലടിയും കേട്ടപ്പോൾ പെട്ടെന്ന് എന്താണെന്ന് മനസ്സിലായില്ല. കാണികൾക്കിടയിൽ ഉറക്കെ ചിരിയും ബഹളവും. ചിരിക്കുന്ന കാണികളിൽ ചിലരുടെ ക്ലോസപ്പ് കാണിക്കണം. ത്രേസ്യാമ്മ പെട്ടെന്ന് സ്‌ക്രീനിൽ നോക്കുന്നു. സ്‌ക്രീനിന്റെ ഷോട്ട് (വ്യക്തമാക്കരുത്).

ത്രേസ്യാമ്മ: എന്റീശോയെ.......

ത്രേസ്യാമ്മ റിമോട്ട് കണ്ട്‌റോൾ എടുക്കാനുകൂടി മെനക്കെടാതെ ചാടിയെഴുന്നേറ്റ് ഓടിച്ചെല്ലുന്നു. ത്രേസ്യാമ്മ ഇരുന്നിരുന്ന ദീവാനിൽ കിടക്കുന്ന റിമോട്ട് കണ്ട്‌റോളിൽ കാമറ സൂം ചെയ്യണം. പെട്ടെന്ന് റിമോട്ട് എടുത്തിട്ടില്ല എന്നോർത്തപ്പോൾ അതെടുക്കാൻ ത്രേസ്യാമ്മ തിരിച്ചോടുന്നു. തിരിഞ്ഞ് സ്‌ക്രീനിൽ നോക്കുമ്പോൾ സംഗതി ഓരോ നിമിഷവും വഷളാവുകയാണെന്നു മനസ്സിലാവുന്നു.

മറിയാമ്മ: ങാ, ഇതില് ഉൽപ്പത്തി തൊട്ട് കാണിക്ക്ണ്ണ്ട്ന്ന് തോന്നുന്നു. ഇപ്പോ കണ്ടത് ഏദൻ തോട്ടത്തില് ആദാമും ഹവ്വയുമല്ലെ?

ത്രേസ്യാമ്മ റിമോട്ട് എടുക്കാതെ തലയിൽ കയ്യും വച്ച് വീണ്ടും തിരിച്ചോടി ചുമരിലെ പ്ലഗ്ഗിന്റെ സ്വിച്ച് ഓഫാക്കുന്നു.

മറിയാമ്മ: ങേ, എന്തേ നിർത്തിയത് കൊച്ചുത്രേസ്യേ?

സരള: (ഇരുപത്തെട്ട് മുപ്പതു വയസ്സുള്ള സ്ത്രീ) ഇവര് നീലപ്പടാടീ കാണിക്കണത്, ഞാൻ പോണു.

സീൻ 24-ബി:

ഹാളിൽ ഇതിനകം ബഹളമായിരുന്നു. ത്രേസ്യാമ്മ അകത്തു പോകുന്നു. ഹാളിൽ ഓരോരുത്തർ കൂട്ടം കൂടി നിന്ന് അടക്കിയ സ്വരത്തിൽ സംസാരിക്കുകയാണ്. ഇടക്കിടക്ക് നീലപ്പടമെന്ന പേര് വരുന്നുണ്ട്.

സീൻ 24-സി:

പണമിട്ട മിട്ടായിടിന്നുമായി ത്രേസ്യാമ്മ വരുന്നു, എല്ലാവരുടേയും പണം തിരിച്ചു കൊടുക്കുകയാണ്. തിരക്കിന്നിടയിൽ ചില വിരുതന്മാർ രണ്ടു കയ്യും നീട്ടി പണം വാങ്ങുന്നു. അവസാനം നോക്കുമ്പോൾ അഞ്ചു പേരുടെ പണം ഇനിയും കൊടുക്കാനുണ്ട്. ടിന്നിൽ പണമൊന്നുമില്ല താനും. അവർ അകത്തു പോയി പണം എടുത്തു കൊണ്ടു വരുന്നു.

മറിയാമ്മ: എന്തേണ്ടായേ കൊച്ചു ത്രേസ്യേ?

ത്രേസ്യാമ്മ ശ്രദ്ധിക്കുന്നില്ല. അവസാനത്തെ കസ്റ്റമറും പുറത്തു കടന്ന ശേഷം വാതിലടച്ച് കുറ്റിയിട്ട് ത്രേസ്യാമ്മ സോഫയിൽ തലക്ക് കയ്യും കൊടുത്തിരിക്കുന്നു.

മറിയാമ്മ: എന്തേണ്ടായേ കൊച്ചുത്രേസ്യേ? എന്തിനാ പടം നിർത്തീത്?

ത്രേസ്യാമ്മ: (ആവുന്നത്ര ശാന്തയായി) ഒന്നുംല്ല്യ അമ്മച്ചീ, കാസറ്റ് മാറിപ്പോയതാ.

സീൻ 25:

രാത്രി. ത്രേസ്യാമ്മക്ക് ഉറങ്ങാൻ പറ്റുന്നില്ല. കിടക്കയിൽ കിടന്നുകൊണ്ട് അവർ ആലോചിക്കുകയാണ്. കട്ടിലിൽ തിരിഞ്ഞു കിടക്കുന്ന ജോസഫേട്ടന്റെ തോളിൽ കൈ വെച്ചുകൊണ്ട് ത്രേസ്യാമ്മ ചോദിക്കുന്നു.

ത്രേസ്യാമ്മ: അപ്പളേയ്, ഇതെന്തേ ഇങ്ങനെ വരാൻ.

ജോസഫേട്ടൻ: എന്ത്, പെണ്ണേ?

ത്രേസ്യാമ്മ: അല്ലാ നിങ്ങള് ടെൻ കമാന്റ്‌മെന്റ്‌സ് തന്ന്യല്ലെ എടുത്തത്. അതില് ഇങ്ങനത്തെ ഒക്കെ വരാൻ എന്താ കാരണം? പണ്ട് നമ്മള് കണ്ടപ്പോ ഇങ്ങിന്യൊന്നുംണ്ടായിര്ന്നില്ലല്ലോ. അല്ലെങ്കീ അന്ന് നമ്മള് സിനിമ തൊടങ്ങിക്കഴിഞ്ഞിട്ടാണോ തീയേറ്ററീ ചെന്നത്? സിനിമേല് ഉൽപ്പത്തി തൊട്ട് തന്നെണ്ടാവ്വോ? പിള്ളാര് പറേണത് നീലപ്പടാന്നാ.

ജോസഫേട്ടൻ: അങ്ങിനെയൊക്കെണ്ടാവും. അല്ല, ആ കടക്കാരൻ കാസറ്റ് പൊതിഞ്ഞ് തന്നേന്റെ കാരണം ഇപ്പഴല്ലേ മനസ്സിലായുള്ളൂ.

ത്രേസ്യാമ്മ: എന്താ പറഞ്ഞേ?

ജോസഫേട്ടൻ: ഒന്നുംല്ല്യ. ഞാൻ സ്വന്തം ഒരു ഡയലോഗ് ഫിറ്റ് ചെയ്തതാ. ഇനി തൊട്ട് കാസറ്റു കൊണ്ടുവന്നാൽ നമ്മള് ഒന്ന് ഓടിച്ചു നോക്കിയിട്ടു മതി പുറത്ത് കാണിക്കല്. (ഒന്ന് നിർത്തിയശേഷം അദ്ദേഹം തുടരുന്നു) ന്ന് വെച്ചാൽ ഇനി ആരെങ്കിലും സിനിമ കാണാൻ ഇവിടെ വര്വാണെങ്കിൽ.

ത്രേസ്യാമ്മ: എനിക്ക് വലിയ ഒറപ്പൊന്നുംല്ല്യ. ആകെ നാണക്കേടായി. ജോമോൻ പോയത് നന്നായി.

ജോസഫേട്ടൻ: അതെന്തേ?

ത്രേസ്യാമ്മ: അല്ല, അവനുംണ്ടായിരുന്നുവെങ്കില് എരട്ടി നാണക്കേടായേനെ.

ജോസഫേട്ടൻ: അതിന് അവൻ നീ വെക്കണ സിനിമ്യൊന്നും കാണാറില്ലല്ലോ.

ത്രേസ്യാമ്മ: അതല്ലെന്നേയ്, അവന് ഇംഗ്ലീഷ് സിനിമ്യൊക്കെ ഇഷ്ടാ. വന്നിരുന്ന് കണ്ടെങ്കിലോ?

ജോസഫേട്ടൻ: നന്നായി!

ത്രേസ്യാമ്മ പ്രാർത്ഥിക്കാനായി കുമ്പിട്ടിരിക്കുന്നു. (ഫെയ്ഡൗട്ട്)

സീൻ 26:

അതേ സെറ്റിങ്സ്. ത്രേസ്യാമ്മ കണ്ണടച്ചു കിടക്കുന്നു. തൊട്ടടുത്ത് ഭർത്താവ് കൂർക്കംവലിച്ചുറങ്ങുന്നു. ചുവരിൽ കുരിശിനു മുമ്പിലെ നൈറ്റ് ലാമ്പിന്റെ വെളിച്ചം മാത്രം. സാവധാനത്തിൽ ആ മുറിയിൽ ഒരു അലൗകികമായ വെളിച്ചം പരക്കുന്നു. ത്രേസ്യാമ്മ കണ്ണു തുറന്നു നോക്കുന്നു. അദ്ഭുതകരമായ ആ ദിവ്യ വെളിച്ചം മുറിയിൽ അലയടിക്കുകയാണ്. മുറി ഒരു മലയുടെ മുകൾ ഭാഗമായി മാറുന്നു. മലമുകളിൽ ധ്യാനനിരതനായി ഇരിക്കുന്ന മോശയെ ത്രേസ്യാമ്മ കാണുന്നു. മോശയുടെ മുഖത്തിന് ആ വെളിച്ചം ഒരു ദിവ്യപരിവേഷം നൽകുന്നു. ഇവിടെ 'ടെൻ കമാന്റ്‌മെന്റ്‌സി'ലെ സീൻ തന്നെ കാണിച്ചാൽ മതിയാവും.

ത്രേസ്യാമ്മ: (കിടക്കയിൽ എഴുന്നേറ്റിരിക്കുന്നു. കുരിശു വരച്ചുകൊണ്ട്) കർത്താവേ ഞാനെന്താണീ കാണുന്നത്?

ആ ദൃശ്യം നോക്കിക്കൊണ്ടിരിക്കെ അവരുടെ ഹൃദയം ഭക്തിസാന്ദ്രമാകുന്നു. സാവധാനത്തിൽ മലമുകളിൽ ഇരിക്കുന്ന മോശയുടെ രൂപം ജോസഫേട്ടന്റേതായി മാറുന്നു. ജോസഫേട്ടൻ കണ്ണിമക്കാതെ അനക്കമില്ലാതെ എന്തോ നോക്കിയിരിക്കയാണ്. ത്രേസ്യാമ്മയുടെ ഭക്തി അദ്ഭുതങ്ങൾക്ക് വഴിമാറിക്കൊടുക്കുന്നു. ക്രമേണ മല അപ്രത്യക്ഷമാവുകയും ചുറ്റുവട്ടം കൂടുതൽ തെളിയുകയും ചെയ്യുന്നു. ജോസഫേട്ടൻ ഇപ്പോൾ സ്വീകരണമുറിയിൽ സോഫയിൽ ഇരിക്കുന്നത് ഒരുമാതിരി വ്യക്തമായി കാണാൻ പറ്റും. ത്രേസ്യാമ്മയുടെ വീക്ഷണത്തിൽ കിടപ്പുമുറിയുടെ വാതിലിൽക്കൂടിയാണ് ജോസഫേട്ടനെ കാണുന്നത്. അദ്ദേഹം അനക്കമില്ലാതെ പ്രതിമ കണക്കെ ഇരിക്കുകയാണ്. മുഖത്ത് ഒരദ്ഭുത വെളിച്ചം വന്നടിക്കുന്നു.

ത്രേസ്യാമ്മ ഇപ്പോൾ നന്നായി ഉണർന്നിരിക്കുന്നു. അവർ എഴുന്നേറ്റു ചെല്ലുന്നു.

ജോസഫേട്ടൻ: (മുഖം തിരിക്കാതെത്തന്നെ പറയുന്നു) ഇവിടെ വന്നിരുന്ന് കണ്ടോ പെണ്ണേ, നല്ല രസോംണ്ട്.

ത്രേസ്യാമ്മ കിടപ്പുമുറിയുടെ വാതിൽ കടന്ന് സ്വീകരണ മുറിയിലേയ്ക്ക് കടക്കുന്നു. ടിവി സ്‌ക്രീനിലേയ്ക്ക് നോക്കുന്ന ത്രേസ്യാമ്മയുടെ മുഖം. കാണാൻ പാടില്ലാത്തത് കാണുന്നപോലെ അവർ അനങ്ങാതെ നിൽക്കുന്നു. ഷോക്കിൽനിന്ന് ഉണർന്ന അവർ തലയിൽ കൈവെച്ചുകൊണ്ട് പറയുന്നു.

ത്രേസ്യാമ്മ: എന്റെ കർത്താവേ.

End of Part II

End of Episode 2

ഈ തിരക്കഥയെക്കുറിച്ച്


1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com