|| Scripts

ഒരു കുടുംബപുരാണം

ഇ ഹരികുമാര്‍

നേർച്ചക്കോഴി

ഈ എപ്പിസോഡിലേയ്ക്കു വേണ്ട കഥാപാത്രങ്ങൾ:

ജോസഫേട്ടൻ
ത്രേസ്യാമ്മ
പാറുകുട്ടി
പള്ളീലച്ചൻ
സോഫി
കോളനിയിലെ സ്ത്രീകൾ
കോഴി

സീൻ 1.

ഇടപ്പള്ളി ഫൊറോന പള്ളിയിൽ പെരുന്നാൾ. പള്ളിയുടെ ലോങ്‌ഷോട്ട്. മുകളിൽനിന്ന് താഴ്ന്നുവന്ന് ജനക്കൂട്ടത്തിൽ ഒരു നിമിഷം തങ്ങുന്നു. ക്രമേണ ക്ലോസപ്പിൽ കാണുന്നത് മദ്ധ്യവയസ്‌കയായ ഒരു സ്ത്രീ, ത്രേസ്യാമ്മ. തടിച്ച്, വെളുത്ത പ്രകൃതം. അപ്പർ മിഡിൽ ക്ലാസിൽ പെടുമെങ്കിലും ചട്ടയും മുണ്ടുമാണ് വേഷം. മാറിലിട്ട നാടൻ ഒരു സ്വർണ്ണനിറത്തിലുള്ള ബ്രോച്ചുകൊണ്ട് ബ്ലൗസിന്മേൽ ഉറപ്പിച്ചിരിക്കുന്നു. അവർ ചുറ്റും നോക്കുമ്പോൾ കാണുന്നത് സഞ്ചിയിലും അല്ലാതെ തൂക്കിപ്പിടിച്ച നിലയിലും കോഴികളെയാണ്. നേർച്ചക്കു കൊണ്ടുവന്ന കോഴികൾ. ത്രേസ്യാമ്മയുടെ ശ്രദ്ധ ഈ കോഴികളിൽ പതിയുന്നു. നോക്കുന്നിടത്തൊക്കെ കോഴികളെ കാണുന്ന പ്രതീതിയുണ്ടാക്കണം.

സീൻ 2.

പള്ളിയിലെ ഹാളിൽ വിശുദ്ധ കുർബ്ബാന. അച്ചൻ പ്രസംഗിക്കുന്നു. ഹാളിൽ നിൽക്കുന്നവരുടെ ഇടയിൽ ത്രേസ്യാമ്മയിൽ കാമറ തങ്ങുന്നു. അവർ പ്രസംഗം ശ്രദ്ധിക്കുകയല്ലെന്നു വ്യക്തം. അച്ചൻ പ്രസംഗം കഴിഞ്ഞ് കുരിശു വരച്ചപ്പോൾ പ്രാർത്ഥനക്കായി എല്ലാവരും മുട്ടുകുത്തുന്നു. ത്രേസ്യാമ്മ മാത്രം നിൽക്കുകയാണ്. അവർ ഈ ലോകത്തേ അല്ല. ആൾക്കാരുടെ ശ്രദ്ധ ത്രേസ്യാമ്മയിൽ പതിയുന്നതവർ അറിയുന്നില്ല.

മാത്യു അച്ചൻ: പ്രസംഗത്തിൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയാതിരുന്ന ആൾക്കാരും പ്രാർഥന സമയത്ത് മുട്ടുകുത്തിയിരിക്കണം.

പെട്ടെന്ന് ത്രേസ്യാമ്മ ഞെട്ടുന്നു. ഹാളിൽ താൻ മാത്രം എഴുന്നേറ്റു നിൽക്കുകയാണെന്നും അടുത്തിരുന്ന സോഫി തന്റെ ചട്ട പിടിച്ചു വലിക്കുകയാണെന്നും അവർ മനസ്സിലാക്കുന്നു. ജാള്യത മറച്ചുവച്ചുകൊണ്ട് അവർ മുട്ടുകുത്തിയിരിക്കുന്നു.

സീൻ 3.

ത്രേസ്യാമ്മ ആലോചിക്കുന്നു. കോഴികൾ. ഭർത്താവ് ജോസഫേട്ടൻ കോഴിക്കു വേണ്ടി ഒരു കൂടുണ്ടാക്കുന്നത് സ്വപ്നം കാണുകയാണവർ. ഒരു പീഞ്ഞപ്പെട്ടിയെടുത്ത്, ഈർച്ചവാളും ഉളിയും ചുറ്റികയുമെടുത്ത് ജോസഫേട്ടൻ പെരുമാറുന്ന ചിത്രം ഒരു ഫ്‌ളാഷായി കാണിക്കണം. അവസാനം തയ്യാറായ കോഴിക്കൂടിന്റെ ചിത്രം മനസ്സിൽ തെളിയുമ്പോൾ അവർ കുറച്ചുറക്കെത്തന്നെ പറയുന്നു.

ത്രേസ്യാമ്മ: അപ്പോ കൂടു തയ്യാറായി, ഇനി കോഴി?

ഹാൾ ഒരു നിമിഷം നിശ്ശബ്ദമാവുന്നു, പിന്നെ പ്രാർഥന തുടരുന്നു. ഇടത്തുവശത്ത് കുമ്പിട്ടുനിൽക്കുന്ന ലില്ലി ത്രേസ്യാമ്മയെ കുറച്ചു ശക്തിയോടെത്തന്നെ തോണ്ടുന്നു. കോഴിക്കാര്യം പറഞ്ഞത് കുറച്ചുറക്കെയായി എന്നവർക്കു മനസ്സിലായപ്പോൾ അവർ മുന്നോട്ടു നോക്കി അക്ഷോഭ്യയായി അച്ചൻ പറഞ്ഞത് കുറച്ചുറക്കെത്തന്നെ ഏറ്റുപറയുന്നു.

ത്രേസ്യാമ്മ: കർത്താവായ യേശുവിനെ........

സീൻ 4.

പള്ളിക്കു പുറത്ത് നേർച്ചപ്പെട്ടിക്കു സമീപം ജോസഫേട്ടൻ, മറ്റു സ്ത്രീകളുടെ ഒപ്പം സാവധാനത്തിൽ നടന്നുവരുന്ന ത്രേസ്യാമ്മയെ നോക്കി നിൽക്കുന്നു. ത്രേസ്യാമ്മ അടുത്തു വന്നപ്പോൾ പറയുന്നു:

ജോസഫേട്ടൻ: താനിന്ന് എന്തോന്നാ കാട്ടിക്കൂട്ടീത്?

ത്രേസ്യാമ്മയുടെ മുഖത്ത് ചമ്മലുണ്ട്. അത് വിദഗ്ദമായി മറച്ചുകൊണ്ട് അവർ പറയുന്നു.

ത്രേസ്യാമ്മ: നമുക്കൊരു കോഴിയെ വാങ്ങണം.

ജോസഫേട്ടൻ (കുസൃതിയോടെ): അതെന്തിനാ? വീട്ടിൽ ഞാനുണ്ടല്ലോ? പിന്നെയെന്തിനാ വേറെയൊരെണ്ണം?

ത്രേസ്യാമ്മ വീണ്ടും ചമ്മുന്നു. ഒപ്പം നടന്നുവന്ന സ്ത്രീകൾ അത് കേട്ടുവോ എന്ന ഭയത്തോടെ നോക്കുന്നു. ഇല്ല, ആരും കേട്ടിട്ടില്ല.

ത്രേസ്യാമ്മ: (ശബ്ദമടക്കി, പല്ലുകടിച്ചുകൊണ്ട്) ഒരു പിടക്കോഴിയെ വാങ്ങാനാ പറഞ്ഞത്.

ജോസഫേട്ടൻ: വാങ്ങാലോ. ആദ്യം നീയൊരു കൂട് വാങ്ങ്, എന്നിട്ടാവാം കോഴി.

ത്രേസ്യാമ്മ: അതിന് നിങ്ങ ഇല്ലേ അവിടെ? ഒരു കൂടുണ്ടാക്കാൻ മേലാ?

ജോസഫേട്ടൻ ആലോചിക്കുന്നു. അദ്ദേഹത്തിന്ന് ആശാരിപ്പണി വളരെ ഇഷ്ടമാണ്. തന്റെ ടാലന്റ് കാണിക്കാൻ വന്നുചേർന്ന ഈ അവസരത്തിൽ അദ്ദേഹത്തിന് സന്തോഷമുണ്ട്. (ഇവിടെ നേരത്തെ കാണിച്ച കൂടുണ്ടാക്കുന്ന ക്ലിപ്പുകൾ ഒന്നോ രണ്ടോ കാണിക്കണം).

ജോസഫേട്ടൻ: (അമിതമായ സന്തോഷം മറച്ചുവെച്ചുകൊണ്ട്) നീ ആവശ്യപ്പെട്വാണെങ്കില് ഉണ്ടാക്കിത്തരാം. പക്ഷേ ഒന്നുരണ്ടു ദിവസം പിടിക്കും.

ത്രേസ്യാമ്മ: ശരി. അപ്പോ നമുക്ക് കോഴീനെ ഇപ്പൊത്തന്നെ വാങ്ങിക്കൂടെ?

ജോസഫേട്ടൻ: അതു വേണ്ട. അടുത്ത ഞായറാഴ്ചീം പള്ളീല് കോഴീനെ കിട്ടും. കൂട് തയ്യാറായിട്ട് കോഴീനെ വാങ്ങാം.

സീൻ 5:

ജോസഫേട്ടൻ അടുക്കള മുറ്റത്ത് തണലിൽ കോഴിക്കൂടുണ്ടാക്കുന്നു. ഇടയ്ക്ക് ത്രേസ്സ്യാമ്മ കുടിക്കാനുള്ള വെള്ളമോ ചായയോ കൊണ്ടുവന്നു കൊടുക്കും. കുറച്ചുനേരം പണി നോക്കിക്കൊണ്ടു നിൽക്കും. ഉടനെ സംശയങ്ങൾ തല പൊക്കുകയായി. നിരവധി സംശയങ്ങൾ. അച്ചായൻ ശരിയായിട്ടു തന്നെയാണോ ചെയ്യുന്നത്? ചോദിക്കാൻ ധൈര്യമില്ലാതെ കുറച്ചു നേരം നില്ക്കും. സസ്‌പ്പെൻസ് സഹിക്കാതായാൽ അവസാനം ധൈര്യം സംഭരിച്ച് ചോദിക്കും.

ത്രേസ്യാമ്മ: ഇതെന്താ ഈ പലക ഇങ്ങനെ കണ്ടിച്ചിരിക്കണത്?

ജോസഫേട്ടൻ: അതോ, അത് കൂടിന്റെ വാതിലാ.

ത്രേസ്യാമ്മ: വാതിലോ? അതിന് ഇത്ര വലുപ്പം മതിയോ?

ജോസഫേട്ടൻ ഉളിയും ചുറ്റികയും നിലത്തിട്ട് നിവർന്നിരുന്ന്, മൂക്കിലേയ്ക്ക് ഊർന്നിറങ്ങിയ വെള്ളെഴുത്ത് കണ്ണടയുടെ മുകളിലൂടെ ഭാര്യയെ നോക്കുന്നു.

ജോസഫേട്ടൻ: കൊച്ചുത്രേസ്യേ, നീ എന്നോട് ഒട്ടകപ്പക്ഷിക്ക് കൂടുണ്ടാക്കാനാണോ പറഞ്ഞത്?

ഇനി സംസാരിച്ചാൽ ശരിയാവില്ലെന്ന് നന്നായറിയുന്ന ത്രേസ്യാമ്മ ഒഴിഞ്ഞ ഗ്ലാസെടുത്ത് നടക്കുന്നു. തിരിഞ്ഞു നിന്ന് ഇത്രയും പറയുകയും ചെയ്തു.

ത്രേസ്യാമ്മ: നിങ്ങ എന്താച്ചാ ചെയ്‌തോ. പക്ഷെ, കോഴി വാതല് കടക്കുകേല കെട്ടോ.

(ഇത് അവരുടെ സ്വന്തം ഭാഷയല്ല, ഭർത്താവിന്റെ വീട്ടുകാരുടെ ഇടക്കൊച്ചി ഭാഷാശൈലിയാണ്. ഒരു കോമിക് സിറ്റ്വേഷനിൽ അവർ അനുകരിക്കുന്നുവെന്നു മാത്രം.)

സീൻ 6:

അടുക്കള. ത്രേസ്യാമ്മ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിൽ. ഒപ്പം അസിസ്റ്റന്റ് പാറുക്കുട്ടിയുമുണ്ട്. 20 വയസ്സ്, കാണാൻ ചന്തമുള്ള കുട്ടി. ഒതുങ്ങിയ പ്രകൃതം.

ത്രേസ്യാമ്മ: അതിയാൻ എന്തോക്കെയോ ചെയ്യുന്നുണ്ട്. എന്താവുംന്ന് കണ്ടറിയ്യ്യന്നെ വേണം.

പാറുകുട്ടി: അമ്മച്ചി വെറുതെയിരി. ജോസഫേട്ടൻ ഒരു കാര്യം ഏറ്റാ അത് ഭംഗ്യായി ചെയ്യും.

ത്രേസ്യാമ്മ: നെനക്ക് ജോസഫേട്ടനെ അറിയാഞ്ഞിട്ടാ.

സീൻ 7:

ത്രേസ്യാമ്മ മുറ്റത്തേക്കിറങ്ങുന്നു. മുമ്പിൽ കണ്ട കാഴ്ചയിൽ അന്തിച്ചു നിൽക്കുന്നു. കാമറ പാൻ ചെയ്തു ചെല്ലുന്നത് ഭംഗിയുള്ള ഒരു മാളികയുടെ മട്ടിലുള്ള കോഴിക്കൂട്ടിലേയ്ക്കാണ്. കണ്ടാൽ ശരിക്കും ഒരു വീടുതന്നെ. രണ്ടുഭാഗത്തേക്കും ചെരിഞ്ഞു കിടക്കുന്ന മേൽപ്പുര. തുറക്കാൻ പിടിയുള്ള വാതിൽ. വീട് നിൽക്കുന്നത് നാലു കാലിൻമേലാണ്.

ത്രേസ്യാമ്മ: നിങ്ങള് നല്ലൊരു മരപ്പണിക്കാരനാണ്. (പിന്നെ ഭദ്രമായ അകലത്തിൽ നിന്നുകൊണ്ടവർ തുടരുന്നു) പോരാത്തതിന് പാരമ്പര്യവുമുണ്ടല്ലോ.

ജോസഫേട്ടൻ: (തലയുയർത്തിക്കൊണ്ട്) എടീ, മരപ്പണിക്ക് എന്താ മോശം? വൈകുന്നേരം വരെ ജോലിയെടുത്താൽ രൂപ നൂറ്റമ്പതാ കിട്ടുന്നത്. പിന്നെ പാരമ്പര്യം. മറിയത്തിന്റെ ഭർത്താവ് ജോസഫും മരപ്പണിക്കാരനായിരുന്നൂന്ന് ഓർക്കണം.''

(കന്യാമറിയത്തിന്റെ കാര്യമാണ് പറയുന്നത്. ത്രേസ്യാമ്മ മാറിൽ കുരിശുവരയ്ക്കുന്നു.)

ത്രേസ്യാമ്മ: ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

സീൻ 8:

ത്രേസ്യാമ്മ: (ഓരോ വീടുകളിൽ കയറിയിറങ്ങിക്കൊണ്ട്) അച്ചായൻ കോഴിക്കൂടുണ്ടാക്കീട്ട്ണ്ട്. നീ ഒന്ന് വന്ന് കാണ് പെണ്ണേ. (കൂടിനെപ്പറ്റിയുള്ള വർണ്ണനകൾ)

സീൻ 9:

കോളനിയിലെ സ്ത്രീജനങ്ങളെ കോഴിക്കൂടു കാണിക്കുന്ന ത്രേസ്യാമ്മ. കോളനിവാസികളുടെ അഭിപ്രായപ്രകടനങ്ങൾ. 'നന്നായിട്ടുണ്ടല്ലേ ആന്റീ?' 'ജോസഫേട്ടന് അല്ലേലും മരാമത്തൊക്കെ നല്ല വശാണ്.' തുടങ്ങിയ അഭിപ്രായങ്ങൾ.

ത്രേസ്യാമ്മ: ഇത് കണ്ടപ്പൊ ഇല്ലെടീ, എനിക്ക് ഒരു കോഴിയായിട്ട് ഇതില് വന്ന് ചേക്കേറാൻ തോന്ന്വാ. അത്രക്ക് നന്നായിട്ടുണ്ട്.

സീൻ 10:

ജോസഫേട്ടൻ പള്ളിയിൽ നിന്ന് തിരിച്ചു വന്ന് കയ്യിലുണ്ടായിരുന്ന സഞ്ചി നിലത്തുവെച്ച് സോഫയിൽ ഇരുന്ന് തോർത്തെടുത്ത് തലയിലും കഴുത്തിലും വിയർപ്പ് തുടക്കുന്നു.

ജോസഫേട്ടൻ: ഹാവു എന്തു ചൂട്.

നിലത്തുവച്ച സഞ്ചിക്കുള്ളിൽ നിന്ന് അനക്കം ത്രേസ്യാമ്മ ശ്രദ്ധിക്കുന്നു.

ത്രേസ്യാമ്മ: കോഴിയാണല്ലേ?

ജോസഫേട്ടൻ: നിനക്കെങ്ങനെ മനസ്സിലായെടി കൊച്ചുത്രേസ്യേ?''

ത്രേസ്യാമ്മ: അതിനകത്ത് അനങ്ങ്ണ്ണ്ട്.

ജോസഫേട്ടൻ: നെന്റെ ഒരു കഴിവുതന്നെ. എന്നോട് കോഴീനെ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞിട്ട് ഞാനൊരു സഞ്ചിയുമായിട്ട് തിരിച്ചു വര്വാ. എന്നിട്ട് അതു നെലത്ത് വെച്ചപ്പോ അതിനകത്ത്ന്ന് അനക്കവും. അപ്പോ നെന്റെ കണ്ടുപിടുത്തം അതു കോഴിയാണെന്ന് അല്ലെടീ കൊച്ചു ത്രേസ്യേ?

ത്രേസ്യാമ്മ: (ദേഷ്യത്തോടെ) നിങ്ങളതിനെ തുറന്ന് വിടുന്നുണ്ടോ? അതിന് ശ്വാസം മുട്ടുന്നുണ്ടാവും.

ജോസഫേട്ടൻ: നീതന്നെ അങ്ങ് തൊറന്നു നോക്ക്യേ.

ത്രേസ്യാമ്മക്ക് പേടിയുണ്ട്. തുറന്നാൽ അത് വെപ്രാളത്തിൽ തന്റെ തലയിലെങ്ങാനും കയറിയിരിക്കുമോ ആവോ. ധൈര്യം സംഭരിച്ച് സഞ്ചിയുടെ കെട്ടഴിച്ച് പക്ഷിയെ പുറത്തെടുക്കുന്നു. പ്രതീക്ഷക്കെതിരായി അത് അനങ്ങാതെ കിടക്കുകയാണ്. അതിന്റെ കാലുകൾ കെട്ടിയിട്ടിരുന്നു.

ത്രേസ്യാമ്മ: ഭംഗിയുള്ള കോഴി

(നാടൻ കോഴിയുടെ ചാരനിറമല്ല. പൂവൻ കോഴിയുടെ തൂവൽപോലെ വർണശബളമായ ചിറകുകൾ. കഴുത്തിന്റെ പൂടമേൽ മഴവില്ലിന്റെ ചാരുത.)

ത്രേസ്യാമ്മ: ഒരു പൂവൻ കോഴിടെ മാതിരിണ്ട് നല്ല തടീംണ്ട്

ജോസഫേട്ടൻ: നീ പോയി അതിനെ കൂട്ടിൽ കൊണ്ടുപോയി ഇട്, എന്നിട്ട് എനിക്ക് കുറച്ചു വെള്ളം കുടിക്കാൻ കൊണ്ടുവാ

ത്രേസ്യാമ്മ അതിനെ എടുത്ത് കൊണ്ടുപോകുന്നു. ജോസഫേട്ടന് കുടിക്കാനുള്ള വെള്ളവുമായി വരുന്ന പാറുകുട്ടി കോഴിയെ നോക്കി അഭിപ്രായം പറയുന്നു.

പാറുകുട്ടി: നല്ല ഭംഗീള്ള കോഴി.

സീൻ 11:

അടുക്കള മുറ്റത്ത് കോഴിക്കൂട്. ത്രേസ്യാമ്മ കോഴിയെ കൂട്ടിന്റെ വാതിൽ തുറന്ന് അകത്താക്കി കാലിന്റെ കെട്ടഴിക്കുന്നു. കെട്ടഴിച്ച വിവരം അറിയാതെ കോഴി കുറച്ചു നേരം കിടന്നു, പിന്നെ എഴുന്നേറ്റ് നൊണ്ടിക്കൊണ്ട് നടന്നു. ക്രമേണ അതിന്റെ കാലുകൾക്ക് സ്വാധീനം വെച്ചു. അത് വാതിലിന്റെ കമ്പിവലയുടെ അടുത്തു വന്ന് ത്രേസ്യാമ്മയെ നോക്കി, എന്തിനാണ് എന്നെ ഇതിനുള്ളിലാക്കിയിരിക്കുന്നതെന്ന് ചോദിക്കുന്ന മട്ടിൽ.

ത്രേസ്യാമ്മ: ഇനി മുതൽ നെന്റെ വീടാണിത് കെട്ടോ.

മുഴുവൻ ബോധ്യമാകാത്ത വിധത്തിൽ കോഴി ത്രേസ്യാമ്മയെ നോക്കുന്നു.

സീൻ 12:

പിറ്റേന്ന് രാവിലെ. ത്രേസ്യാമ്മ കോഴിക്കൂടിന്നടുത്തു വന്ന് നോക്കുന്നു. എന്താണ് ഭാവമെന്ന മട്ടിൽ കോഴി അവരെ നോക്കുന്നുണ്ട്. ത്രേസ്യാമ്മ കൂടുതുറന്ന് കോഴിയെ പുറത്തു വിടുന്നു. കോഴി പുറത്തുകടന്ന് അവരെ ഒരു നോക്കു നോക്കി തലവെട്ടിച്ച് നടന്നു പോകുന്നു. അപ്പോഴാണ് ത്രേസ്യാമ്മ കോഴിക്കൂട്ടിൽ മുട്ട കാണുന്നത്. വിശ്വാസമാവാത്ത മട്ടിൽ അവർ അതെടുക്കുന്നു. മുഖത്ത് സന്തോഷം. അവർ നന്ദിപൂർവ്വം കോഴിയെ നോക്കുന്നു. വീണ്ടും മുട്ടയിലേയ്ക്കും.

സീൻ 13:

അടുക്കള. പാറുകുട്ടി (പാവാടയും ബ്ലൗസും വേഷം) പൂട്ടും കടലയും ഉണ്ടാക്കുന്ന തിരക്കിലാണ്. ത്രേസ്യാമ്മ സഹായിക്കുന്നുണ്ട്. ഇടക്കിടക്ക് അവരുടെ നോട്ടം മേശപ്പുറത്തു വച്ച മുട്ടയിലേയ്ക്ക് പോകുന്നുണ്ട്. അതവരെ സന്തോഷിപ്പിക്കുന്നതിനോടൊപ്പംതന്നെ വിഷമിപ്പിക്കുന്നുമുണ്ട്. അവർ ആലോചനയിലാണ്. പാറുകുട്ടി അവരെ ശ്രദ്ധിക്കുന്നുണ്ട്.

പാറുകുട്ടി: എന്താ അമ്മച്ചിക്കൊരാലോചന?

ത്രേസ്യാമ്മ: അല്ലെടീ, എന്നാലും ആദ്യത്തെ ദിവസംതന്നെ.....

സീൻ 14:

ഭക്ഷണമേശക്കു മുമ്പിലിരിക്കുന്ന ജോസഫേട്ടൻ. ത്രേസ്യാമ്മ ധൃതിയിൽ പിട്ടു വിളമ്പുന്നു. പാറുകുട്ടി ചായ കൊണ്ടുവന്നു വെയ്ക്കുന്നു. ത്രേസ്യാമ്മ അകത്തുപോയി ഒരു ചെറിയ നോട്ടു പുസ്തകവും പെന്നുമായി പുറത്തുവരുന്നു. ജോസഫേട്ടന് ഭക്ഷണം കൊടുക്കുന്ന കാര്യം പാറുകുട്ടിയെ ഏൽപ്പിച്ച് അവർ ധൃതിയിൽ പുറത്തു പോവുകയാണ്?

ജോസഫേട്ടൻ: എങ്ങോട്ടാ ത്രേസ്യേ ഈ രാവിലെ?

ത്രേസ്യാമ്മ: (നിൽക്കാതെ) ഞാനിപ്പോ വരാം.

സീൻ 15:

സ്വീകരണമുറി. ജോസഫേട്ടൻ പത്രപാരായണത്തിലാണ്. പുറത്തുനിന്ന് വരുന്ന ത്രേസ്യാമ്മയെ ശ്രദ്ധിക്കുന്നില്ല. അവരുടെ കയ്യിൽ പുറത്തുപോകുമ്പോൾ എടുത്ത പുസ്തകവും പെന്നുമുണ്ട്. അവർ ജോസഫേട്ടന്റെ അടുത്തു വന്നു നിൽക്കുന്നു. ഒരു യുദ്ധം ജയിച്ച സന്തോഷമുണ്ട് മുഖത്ത്.

ത്രേസ്യാമ്മ: നോക്കിക്കേ എന്തോരം ഓർഡറാ കിട്ടിയിരിക്കണത്?''

ജോസഫേട്ടൻ എടുത്തുമാറ്റിയ കണ്ണട വീണ്ടും വെച്ചു പുസ്തകം നിവർത്തി നോക്കുന്നു. ആദ്യത്തെ പേജിൽ എഴുതിയത് ഉറക്കെ വായിക്കുന്നു.

'ജലജ - 6 എണ്ണം.'

പേജു മറിക്കുന്നു. അടുത്തപേജിൽ, 'പത്മാവതി - 4 എണ്ണം.' അതിനടുത്ത പേജിൽ, 'ദേവകി - 4 എണ്ണം.'

ജോസഫേട്ടൻ: ഇതെന്തിന്റെ കണക്കാ കൊച്ചുത്രേസ്യേ?

ത്രേസ്യാമ്മ: അതേയ് നമ്മടെ കോഴീടെ മൊട്ടയ്ക്ക് കിട്ടിയ ഓർഡറാ.

ജോസഫേട്ടൻ കണക്കാക്കി നോക്കുന്നു.

ജോസഫേട്ടൻ: ആകെ നാൽപ്പത്തെട്ടു മുട്ടയുടെ ഓർഡർ ഉണ്ട്.

ത്രേസ്യാമ്മ: ഇവിടെ മുട്ട കൊണ്ടുവരണ ഉമ്മ ഒരു രൂപക്കാണ് വിൽക്കുന്നത്. ഞാൻ തെണ്ണൂറു പൈസക്കു കൊടുക്കാംന്ന് ഏറ്റു. അപ്പോ എല്ലാരും എന്റെ അടുത്തുനിന്നേ വാങ്ങൂന്ന് പറഞ്ഞിരിക്ക്യാണ്. ഞാൻ അച്ചാരം വാങ്ങീട്ടൊണ്ട്.

അവർ ബ്ലൌസിന്റെ ഉള്ളിൽനിന്ന് കൊച്ചു പഴ്‌സ് പുറത്തെടുത്തു, നോട്ടുകളും ചില്ലറകളും മേശപ്പുറത്തിട്ട് എണ്ണാൻ തുടങ്ങി.

ത്രേസ്യാമ്മ: (ജോസഫേട്ടനെ സഹായാഭ്യർഥനയോടെ നോക്കിക്കൊണ്ട്) ഇതൊന്ന് കണക്കാക്കിയേ. പത്തിന്റെ ഒരു നോട്ട്, അഞ്ചിന്റെ നാല്... (പെട്ടെന്ന് തലയുയർത്തിക്കൊണ്ടവർ ചോദിക്കുന്നു.) പെന്നും കടലാസും വേണോ?

ജോസഫേട്ടൻ: ഇല്ലാതെത്തന്നെ നോക്കട്ടെ, നീ പറ.

ത്രേസ്യാമ്മ: അഞ്ചിന്റെ കഴിഞ്ഞില്ലേ. ഇനി രണ്ടിന്റെ മൂന്ന് നോട്ട്. ഒറ്റ രൂപ രണ്ടെണ്ണം. പിന്നെ ചില്ലറയായിട്ട് രണ്ടു രൂപ മുപ്പത് പൈസ.

ജോസഫേട്ടൻ: നാല്പതു രൂപ മുപ്പതു പൈസ. നാല്പത്തെട്ടു മുട്ടക്ക് തെണ്ണൂറ് പൈസ പ്രകാരം നാല്പത്തിമൂന്ന് രൂപ ഇരുപത് പൈസ വരും. അപ്പോൾ ബാക്കിയുള്ള പൈസയോ?

ത്രേസ്യാമ്മ: അതോ, അത്.... (തല ചൊറിഞ്ഞുകൊണ്ട്) നാരായണി അച്ചാരം തന്നിട്ടില്ല. അവൾക്ക് ഒരു മുട്ടയേ വേണ്ടു. പാവം കൊച്ചിന് നല്ല ഇഷ്ടാത്രെ. അവളുടെ കയ്യിൽനിന്ന് അയ്മ്പതു പൈസയേ വാങ്ങൂ. ദേവകിക്ക് നാല്പത് പൈസ തിരിച്ചുകൊടുക്കണം. മേരിക്കുട്ടി ഒരു രൂപ തരാനുണ്ട്, അതോ അങ്ങോട്ടു കൊടുക്കാനോ? ജലജ മുഴുവൻ പണവും തന്നുവോ?.....

(കണക്കിന്റെ ദുരൂഹതയിൽ സ്വയം നഷ്ടപ്പെടുന്ന ത്രേസ്യാമ്മ.)

ജോസഫേട്ടൻ: അപ്പോ കൊച്ചു ത്രേസ്യേ, ഒരു കാര്യം ചോദിച്ചോട്ടേ?

ത്രേസ്യാമ്മയുടെ മുഖത്ത് ഒന്ന് പറഞ്ഞു തുലച്ചുകൂടെ എന്ന ഭാവം. പക്ഷേ മയപ്പെടുന്നു.

ത്രേസ്യാമ്മ: എന്തോന്നാ?

ജോസഫേട്ടൻ: നീയിപ്പോ നാല്പ്പത്തെട്ടു മുട്ടടെ ഓർഡർ പിടിച്ചില്ലേ?

ത്രേസ്യാമ്മ: ഉം?

ജോസഫേട്ടൻ: അത് ഒരാഴ്ചയ്ക്ക് വേണ്ടതല്ലെ?

ത്രേസ്യാമ്മ: അതേ. മുട്ടക്കാരി ഉമ്മ ആഴ്ചയിലൊരിക്കലാണ് വര്വാ. അപ്പോ ഒരാഴ്ചക്കുള്ള മൊട്ടയാണ് എല്ലാരും വാങ്ങിവെയ്ക്ക്യാ.

ജോസഫേട്ടൻ: ശരി, പക്ഷെ നമ്മടെ അടുത്ത് ഒരു കോഴിയല്ലെ ഉള്ളൂ. അതോണ്ട് എങ്ങനാ ഇത്രയും മുട്ട കൊടുക്കുന്നത്?

ത്രേസ്യാമ്മ: അതിനെന്താ? (അച്ചായന്റെ അറിവുകേടിൽ ത്രേസ്യാമ്മയ്ക്കുള്ള വിഷമം അവരുടെ മുഖത്തു നിഴലിക്കുന്നുണ്ട്) കോഴി ദെവസൂം മൊട്ടയിടില്ലേ?

അന്തംവിട്ടു നിൽക്കുന്ന ജോസഫേട്ടനെ വിട്ടുകൊണ്ട് അവർ അടുക്കളയിലേയ്ക്ക് നടക്കുന്നു. ജനലിലൂടെ അടുക്കള മുറ്റത്ത് ചിനക്കി ഭക്ഷണം തേടുന്ന കോഴിയെ അഭിമാനപൂർവം നോക്കി തിരിഞ്ഞ് ജോസഫേട്ടനോട് പറയുന്നു.

ത്രേസ്യാമ്മ: ദേണ്ടെ നോക്കിയേ, എന്തൊരൈശ്വര്യാ നമ്മടെ കോഴിക്ക്.

സീൻ 16:

വൈകുന്നേരം ചേക്കേറേണ്ട സമയം. ത്രേസ്യാമ്മ കൂടിന്റെ വാതിൽ മലർക്കേ തുറന്നിടുന്നു. കോഴിയെ കൂട്ടിലാക്കാനുള്ള ശ്രമങ്ങളാണ്. കോഴി പറമ്പിൽ നടന്നു കൊണ്ട് ത്രേസ്യാമ്മയുടെ നീക്കങ്ങൾ സംശയത്തോടെ വീക്ഷിക്കുന്നു. കൂട്ടിലേയ്ക്കു വരാൻ ധൃതിയൊന്നും കാണിക്കുന്നില്ല.

ത്രേസ്യാമ്മ: (അടുക്കളഭാഗത്തേയ്ക്കു നോക്കി, ഉറക്കെ) പാറുകുട്ടീ.

പാറുകുട്ടി: (അടുക്കളയിൽ നിന്നുതന്നെ) എന്താ അമ്മച്ചീ?

ത്രേസ്യാമ്മ: നീ നാലഞ്ചുമണി നെല്ലിങ്ങെടുത്തേ.

കോഴിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പാറുകുട്ടി ഏതാനും നെന്മണികൾ കൊണ്ടുവന്ന് ത്രേസ്യാമ്മയുടെ കയ്യിൽ കൊടുക്കുന്നു. അതെടുത്ത് നോക്കി അവളുടെ മുഖത്തു നോക്കുന്നു.

ത്രേസ്യാമ്മ: നീ പോയി ജോസഫേട്ടന്റെ കണ്ണട ഇങ്ങെടുത്തേ.

പാറുകുട്ടി: (പെട്ടെന്ന് പോകാനായി തിരിയുന്നു. പിന്നെ സംശയത്തോടെ) എന്തിനാ അമ്മച്ചീ?

ത്രേസ്യാമ്മ: കോഴിക്ക് വച്ചുകൊടുക്കാനാ. ഇതു കാണണങ്കില് കോഴിക്ക് കണ്ണട വയ്ക്കണ്ടിവരും.

പാറുകുട്ടി: അമ്മച്ചി നാലഞ്ചു മണീന്ന് പറഞ്ഞതോണ്ടാ. അതില് എട്ടു മണീണ്ട്.

ത്രേസ്യാമ്മ നെന്മണികൾ കൂട്ടിനകത്തെപ്ലാസ്റ്റിക് പാത്രത്തിൽ ഇടുന്നു. ഇരുട്ടാൻതുടങ്ങി. കോഴി മുറ്റത്തു വന്നെങ്കിലും കൂട്ടിന്റെ അടുത്തു പോകാതെ നില്ക്കയാണ്. കൂട്ടിന്റെ വാതിൽ പതുക്കെ തട്ടി ത്രേസ്യാമ്മ കോഴിയുടെ ശ്രദ്ധയാകർഷിക്കുന്നു. ഉള്ളിൽ പ്ലാസ്റ്റിക്കു പാത്രത്തിലിട്ട നെന്മണികൾ കയ്യിലെടുത്തു ഉലർത്തിക്കാണിച്ചു കൊടുക്കുന്നു. കോഴി അതെല്ലാം നോക്കി താല്പര്യമില്ലാതെ തലതിരിക്കുമ്പോൾ അവർ മയത്തിൽ വിളിക്കുന്നു.

''കോയി ബാ ബാ...''

കോഴിക്ക് കേട്ട ഭാവമില്ല. ഇരുട്ടിത്തുടങ്ങി. സ്വമേധയാ കൂട്ടിൽ കയറില്ലെന്നുറപ്പായപ്പോൾ അവർ കോഴിയെ പിടിക്കാൻ ശ്രമമാരംഭിച്ചു. അതാകട്ടെ കൂടുതൽ അപകടത്തിൽ കലാശിക്കുന്നു. ത്രേസ്യാമ്മയെയും പാറുക്കുട്ടിയേയും പതിനഞ്ചു മിനുറ്റുനേരം ഓടിച്ചിട്ടശേഷം കോഴി പറന്നുയർന്ന് മുറ്റത്തെ മാവിന്റെ കൊമ്പത്ത് കയറിയിരിക്കുന്നു.

സീൻ 17:

രാത്രി. കിടപ്പറ. വാരിക വായിക്കുന്ന ജോസഫേട്ടന്നരികെ കിടക്കുന്ന ത്രേസ്യാമ്മയ്ക്ക് ഉറക്കം വരുന്നില്ല. കോഴിയെപ്പറ്റിയുള്ള ആശങ്കകൾ ജോസഫേട്ടനുമായി പങ്കുവയ്ക്കുന്നു.

ത്രേസ്യാമ്മ: നമ്മടെ കോഴിക്കെന്തു പറ്റിയാവോ? ഇനി അതിന് കൂട് ഇഷ്ടായില്ല്യാന്ന്‌ണ്ടോ?

ജോസഫേട്ടൻ: എടി കൊച്ചുത്രേസ്യേ. അതിന് ഒന്നുകൂടി പരിചയമാവണം. അതാണ് കാരണം, അല്ലാതെ കൂട് ഇഷ്ടാവാതെയൊന്നുമല്ല.

ത്രേസ്യാമ്മ: അതിന് പെയ്ൻറിന്റെ മണം ഇഷ്ടായില്ലെ ആവോ?

ജോസഫേട്ടൻ: ഏയ് അതൊന്നുമല്ല. പക്ഷികളുടെ ജാതിസ്വഭാവാ മരത്തിമ്മല് ചേക്കേറണത്. നമ്മള് അവരെ ഇണക്കിയെടുത്തതോണ്ടാ കോഴികള് കൂട്ടില് താമസിക്കണത്. അത് അതിന്റെ ജാതി സ്വഭാവം കാണിക്ക്യാണ്. നീ എടയ്ക്ക് കാണിക്കാറില്ലേ, അതുപോലെ.

ജോസഫേട്ടന്റെ അഭിപ്രായം ത്രേസ്യാമ്മയിൽ പ്രതികരണമോ പ്രകോപനമോ സൃഷ്ടിക്കാൻ പര്യാപ്തമാകാത്തവിധം അവർ പരിഭ്രാന്തയാണ്.

സീൻ 18:

രാവിലെ. തന്നെ പിടിച്ചു കൂട്ടിലാക്കാനുള്ള ശ്രമങ്ങൾ കോഴി വിദഗ്ദമായി പരാജയപ്പെടുത്തുന്നു.

ത്രേസ്യാമ്മ: (വരാന്തയിൽ നോക്കിനിൽക്കുന്ന പാറുകുട്ടിയോട്) ഇന്നലെ മുട്ടയിട്ടതാ. ഇന്നും മുട്ടയിടാൻ സ്വയം തോന്നി കൂട്ടിൽ വരണ്ടതല്ലെ? ഇനി അതു വേറെ വല്ല വീട്ടു പറമ്പിലും പോയി മുട്ടയിടും.

പാറുകുട്ടി: അമ്മച്ചീ ഇങ്ങു വാ. അത് തന്നത്താൻ വന്ന് മുട്ടയിട്ടോളും.

അവൾ അടുക്കളയിലേയ്ക്ക് പോകുന്നു. അതിനെ എങ്ങിനെയെങ്കിലും പിടിക്കാൻ തന്നെ തീർച്ചയാക്കുന്നു ത്രേസ്യാമ്മ. കോഴിയും ത്രേസ്യാമ്മയും കൂടിയുണ്ടായ ബഹളം. അയൽക്കാർ എത്തിനോക്കുന്നു. അരമണിക്കൂറിനുശേഷം കോഴി അടുക്കളമുറ്റത്ത് മാവിൽകൊമ്പിൽ തലേന്നു ചേക്കേറിയ അതേ സ്ഥാനത്ത് കയറി താഴെ പോറലുകൾ തലോടി നില്ക്കുന്ന ത്രേസ്യാമ്മയേയും നോക്കിയിരിപ്പാകുന്നു.

ജോസഫേട്ടൻ: (ജനലിലൂടെ വിളിച്ചു പറയുന്നു.) താനതിനെ വെറുതെ വിട്. എന്നിട്ട് വന്ന് ചായയുണ്ടാക്കാൻ നോക്ക്.

ത്രേസ്യാമ്മ: ഞാനിതിന്റെ കുറുമ്പ് മാറ്റിക്കൊടുക്കാം.

ത്രേസ്യാമ്മ മുകളിലേക്കു നോക്കിക്കൊണ്ടു നിൽക്കുന്നു. അപ്പോഴാണ് അതു കാണുന്നത്. കോഴിയുടെ മൂട്ടിൽ ഒരു ചെറിയ വെള്ള നിറം. അതു വലുതായിവരുന്നു. അതെന്താണെന്ന് മനസ്സിലാവുമ്പോൾ ''ഇതാ പോണു എന്റെ തൊണ്ണൂറു പൈസ'' എന്നു പറഞ്ഞുകൊണ്ട് കൈനീട്ടി മുന്നോട്ടു കുതിക്കുകയും മാവിന്റെ വേരിൽ തടഞ്ഞ് കമിഴ്ന്നടിച്ചു വീഴുകയും ചെയ്യുന്നു.

ശബ്ദം കേട്ട് അടുക്കളയിൽനിന്ന് പാറുകുട്ടി ഓടിയെത്തുന്നു.

പാറുകുട്ടി: അമ്മച്ചി വീണുവോ.

ത്രേസ്യാമ്മ: (എഴുന്നേൽക്കാനുള്ള ശ്രമത്തിനിടയിൽ) ഇല്ലെടീ, ഞാൻ വെറുതെ ഒന്നു കിടന്നുനോക്കിയതാ. നീ ഇളിക്കാതെ എന്റെ കൈ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്ക്

ജോസഫേട്ടൻ (പുറത്തു വന്നു നോക്കുന്നു) ഞാനപ്പോഴേ പറഞ്ഞതാ. ഒന്നും പറ്റിയില്ലല്ലോ കൊച്ചുത്രേസ്യേ?

കോഴി ഈ വിചിത്രമായ പരിപാടി അടുത്ത മൂന്ന് ദിവസങ്ങളിലും വിജയകരമായി അരങ്ങേറുന്നു. ത്രേസ്യാമ്മക്ക് പക്ഷെ തന്റെ ഭാഗം ആവർത്തിക്കാൻ തോന്നുന്നില്ല. മുറ്റത്ത് വീണുകിടക്കുന്ന മുട്ടത്തോടുകൾ പെറുക്കി പറമ്പിലേയ്ക്കു വലിച്ചെറിഞ്ഞുകൊണ്ട് അവർ കോഴിയെനോക്കി പ്രാകുന്നു.

ത്രേസ്യാമ്മ: നിന്നെ കാണിച്ചു തരാമെടി.

(കോഴി, പരിഹസിക്കുന്നപോലെ ശബ്ദമുണ്ടാക്കുന്നു.)

സീൻ 18:

ശനിയാഴ്ച. ത്രേസ്യാമ്മ പതിനൊന്നു മണിയുടെ ചായയും നുകർന്ന് ഉമ്മറത്തിരിക്കുന്നു. തലയിൽ മുട്ട നിറച്ച കൂടയുമായി മുട്ടക്കാരി ഉമ്മ ഗേയ്റ്റു കടന്നുവന്നു. മെലിഞ്ഞ സ്ത്രീ. നാൽപ്പതു വയസ്സേ പ്രായമുള്ളുവെങ്കിലും കൂടുതൽ പ്രായം തോന്നിക്കും. ചട്ടയും മുണ്ടും വേഷം. തുറന്ന വാതിൽക്കൽ കൂട ഇറക്കിവെച്ച്, ചട്ട ശരിയാക്കി അവർ ഉമ്മറപ്പടിയിലിരുന്ന് ത്രേസ്യാമ്മയെ നോക്കുന്നു. ത്രേസ്യാമ്മ അല്പം പരുങ്ങലോടെ ഉമ്മയെ നോക്കുന്നു. ഉമ്മ ഭാവഭേദമൊന്നുമില്ലാതെ തന്റെ ശുഭ്രവസ്ത്രത്തിൽ പറ്റിപ്പിടിച്ച വൈക്കോൽ തുരുമ്പ് എടുത്തുകളഞ്ഞുകൊണ്ട് ചോദിക്കുന്നു:

മുട്ടക്കാരി ഉമ്മ: എങ്ങനെണ്ട് മുട്ടക്കച്ചോടം ചേടത്തീ?

ത്രേസ്യാമ്മ: ആ തരക്കേടില്ല.

മറുപടി പറഞ്ഞുകഴിഞ്ഞപ്പോഴാണ് ചോദ്യത്തിന്റെ മുഴുവൻ വ്യാപ്തിയും അവർക്ക് പിടികിട്ടുന്നത്.

ത്രേസ്യാമ്മ: (തുടരുന്നു) എന്താ എലിസബത്തേ അങ്ങിനെ ചോദിക്കണത്?

എലിസബത്ത്: അല്ല, ചോദിച്ചതാ. നിങ്ങ മൊട്ടക്കച്ചോടം തൊടങ്ങീന്ന് കോളനീല് എല്ലാരും പറഞ്ഞു.

(മറുപടിയൊന്നുമില്ലെന്നു കണ്ടപ്പോൾ അവർ തുടരുന്നു.)

എലിസബത്ത്: ഞാൻ രാവിലെ ഒമ്പതു മണിക്ക് നടക്കാൻ തൊടങ്ങീതാ. ഒരൊറ്റ മൊട്ട ചെലവായിട്ടില്ല.

(അവർ കൂടയുടെ മൂടി തുറന്നു കാണിക്കുന്നു. അതിൽ നിറയെ മുട്ടകൾ.)

എലിസബത്ത്: രാവിലെ അഞ്ചരമണിക്ക് വീട്ടീന്ന് എറങ്ങിയതാ, മാർക്കറ്റിലേയ്ക്ക്. അവിടെപ്പോയി ലോറി വരണതും കാത്തു നിന്നു. എട്ടുമണിക്കാണ് ലോറി വന്നത്. ആ തെരക്കിന്റെ എടേന്ന് പൊറത്ത് കടന്നപ്പോ എട്ടേമുക്കാല്. അപ്പോ തൊടങ്ങിയ നടത്താ.

(ഉമ്മയുടെ സ്വരത്തിൽ പരിഭവമില്ല, ആക്ഷേപമില്ല.)

എലിസബത്ത്: കോളനീല് വന്നപ്പോഴാ മനസ്സിലായത് നെങ്ങ ഈ വിസിനസ്സ് തൊടങ്ങീന്ന്. എല്ലാരടേം അടുത്ത്ന്ന് അച്ചാരോം വാങ്ങീട്ട്ണ്ട്ന്ന്. ഇനിയിപ്പോ ഈ മൊട്ടയും വെച്ച് ഞാനെന്ത് ചെയ്യാനാ.

(അവർ കൂട കുറച്ചുകൂടി ഉള്ളിലേയ്ക്ക്, ത്രേസ്യാമ്മയുടെ അടുത്തേയ്ക്ക് നീക്കിവെക്കന്നു.)

എലിസബത്ത്: ഇതാ, ഇതിവിടെ വച്ചോ. ഇരുനൂറ് മൊട്ടണ്ട്, ഞാൻ തൊണ്ണൂറു പൈസ പ്രകാരം വാങ്ങിയതാ. ഒരു മൊട്ടേല് പത്തു പൈസ ലാഭം വെച്ച് ഒരു രൂപക്കാ കൊടുക്കണത്. വൈകുന്നേരം വരെ നടന്നാല് പത്തിരുപത് രൂപ തടയും. അതോണ്ടാ മക്കള് പട്ടിണിയില്ലാതെ കഴീണത്.

(അവർ ചട്ടയുടെ അറ്റംകൊണ്ട് കണ്ണു തുടക്കുന്നു.)

എലിസബത്ത്: ഇനിയിപ്പോ ഈ വിസിനസ്സും പറ്റില്ലല്ലോ. കർത്താവ് വേറെ വല്ല വഴീം കണ്ടിട്ട്ണ്ടാവും.

(ഉമ്മ എഴുന്നേറ്റു, ഒരിക്കൽകൂടി കണ്ണുതുടച്ച് യാത്രപോലും പറയാതെ ഇറങ്ങിപ്പോകുന്നു. ത്രേസ്യാമ്മ സ്തബ്ധയായി ഇരിക്കുന്നു. കാമറ മുട്ടക്കൂടയിലേയ്ക്ക് പാൻ ചെയ്യണം. തിരിച്ച് ത്രേസ്യാമ്മയിലേയ്ക്കുതന്നെ.)

സാധാരണ ഉമ്മ വന്നാൽ കുറേ നേരം നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് ഇരിക്കാറുള്ളതെല്ലാം ഒരു കൊളാഷായി കാണിക്കണം. ചെല്ലാനം പള്ളിയിലെ പെരുന്നാൾ വിശേഷങ്ങൾ, വീട്ടിലെ ആടു പ്രസവിച്ചത്, അയൽപക്കത്തെ എട്ടു വയസ്സുള്ള കുട്ടി പരീക്ഷയിൽ തോല്ക്കുമെന്ന ഭയത്താൽ ഓടിപ്പോയത്, അങ്ങിനെയെല്ലാം. പകരമായി കോളനി വിശേഷങ്ങൾ ത്രേസ്യാമ്മ അവർക്കും പകർന്നുകൊടുക്കുന്നു, അതിനിടയിൽ കുഴലപ്പത്തിന്റേയോ അച്ചപ്പത്തിന്റേയോ കൂടെ കടുപ്പമുള്ള ചായയും.

സീൻ 19:

കഴിഞ്ഞ സീനിലെ രംഗത്തിലേയ്ക്ക് ജോസഫേട്ടൻ മാർക്കറ്റിൽ നിന്നു രണ്ടു കയ്യിലും സഞ്ചിയുമായി വരുന്നു. കാണുന്നത് ഒരു കൂട മുട്ടക്കു മുമ്പിലിരുന്ന് കണ്ണീരൊഴുക്കുന്ന ത്രേസ്യാമ്മയെയാണ്.

ജോസഫേട്ടൻ: (സഞ്ചി നിലത്തുവച്ച്, പരിഭ്രമത്തോടെ) എന്തു പറ്റി കൊച്ചു ത്രേസ്യേ?

ത്രേസ്യാമ്മ നടന്ന കാര്യങ്ങൾ പറയുന്നു. പാറുകുട്ടി ജോസഫേട്ടനു കുടിക്കാനുള്ള വെള്ളവുമായി വരുന്നു. ജോസഫേട്ടൻ നിലത്തുവച്ച സഞ്ചിയെടുത്ത് പോകുമ്പോൾ ഒരു നിമിഷം ത്രേസ്യാമ്മയെയും മുമ്പിൽവച്ച കൂടയും നോക്കുന്നു. വലിയ പ്രശ്‌നമൊന്നുമില്ലെന്നു കണ്ടപ്പോൾ അകത്തേയ്ക്കു തിരിച്ചുപോകുന്നു.

ജോസഫേട്ടൻ: എലിയുമ്മ പറഞ്ഞത് സത്യാണെടീ. ഞാനിന്ന് മൊത്തക്കച്ചോടക്കാരോട് വെല ചോദിച്ചു. തൊണ്ണൂറു പൈസ തന്നെയാ. പാവം ഉമ്മ പത്തു പൈസ തന്നെയാണ് ലാഭമെടുക്കണത്. പൊറത്ത് കടേലൊക്കെ ഒരു രൂപ പത്തു പൈസയാണ് വില. ഇങ്ങിനെ തലേല് ഏറ്റി നടന്ന് വിൽക്കണതിന് അവര് പത്തു പൈസയേ ലാഭമെടുക്കന്നുള്ളൂ.

(ജോസഫേട്ടൻ അടുത്തിരുന്ന് അവരുടെ പുറത്തു തട്ടി ആശ്വസിപ്പിക്കുന്നു. അവർ തേങ്ങുന്നു.)

ജോസഫേട്ടൻ: നീ ഒരു കാര്യം ചെയ്യ്. നാളെ നമുക്ക് ചെല്ലാനം പള്ളീല് പോവാം. എലിയുമ്മ അവിടെണ്ടാവും. ഇരുനൂറ് മൊട്ട എന്നല്ലെ പറഞ്ഞത്. ഇരുനൂറു രൂപ കൊടുക്കാം, കച്ചോടം നിർത്തണ്ടാന്നും പറ. ഇത് ഇവിടെ നീ ഓർഡറെടുത്തതനുസരിച്ച് തെണ്ണൂറു പൈസക്കു വിറ്റാൽ ഇരുപതു രൂപയല്ലേ നഷ്ടം വരൂ. അത് ഗീവർഗീസു പുണ്യാളന്റെ കാണിക്കപ്പെട്ടീല് ഇട്ടൂന്ന് കൂട്ടിക്കോ. പുണ്യാളനല്ലെ നെന്റെ തലേല് മുട്ടക്കച്ചോടം കുത്തിനെറച്ചത്.

സീൻ 20:

ഞാായറാഴ്ച. ചെല്ലാനം പള്ളിയിൽ കുർബാന കഴിഞ്ഞ് പുറത്തിറങ്ങുന്ന ജനം. കാമറ ചെന്നുപെടുന്നത് മുട്ടക്കാരി എലിസബത്തിനെ അന്വേഷിക്കുന്ന ത്രേസ്യാമ്മയിലാണ്. കണ്ടുമുട്ടുമ്പോൾ ത്രേസ്യാമ്മ വിളിക്കുന്നു.

ത്രേസ്യാമ്മ: എലിയുമ്മേ.

എലിസബത്ത്: (തിരിഞ്ഞു നോക്കുന്നു. ത്രേസ്യാമ്മയെ കാണുമ്പോ മുഖത്ത് സമ്മിശ്രഭാവം). ചേടത്തിയോ? എന്താ ഇവിടെ?

ത്രേസ്യാമ്മ: ഞാൻ എലിയുമ്മേ കാണാൻ വന്നതാ.

എലിസബത്ത്: എന്തേ?

ത്രേസ്യാമ്മ കയ്യിലുള്ള പഴ്‌സിൽനിന്ന് നൂറിന്റെ രണ്ടു നോട്ടെടുത്ത് കൊടുക്കുന്നതും, എലിസബത്ത് അതെടുത്ത് കണ്ണിൽ വച്ചമർത്തി പള്ളിയെ നോക്കി കുരിശു വരക്കുന്നതും, മുഖം വികാരപരവശമാകുന്നതും കാണിക്കണം. ഡയലോഗില്ല. നിർവൃതിയോടെ നിൽക്കുന്ന ത്രേസ്യാമ്മയുടെ മുഖം ക്ലോസപ്പിൽ.

സീൻ 21:

അടുക്കള. പാറുകുട്ടി പച്ചക്കറി നുറുക്കുന്നു. ത്രേസ്യാമ്മ വരുന്നു. പള്ളിയിൽനിന്ന് അപ്പോൾ തിരിച്ചെത്തിയതേയുള്ളു. ബ്ലൗസിൽ കുത്തിയ ബ്രൂച്ചുകൂടി അഴിച്ചുവച്ചിട്ടില്ല. അവർ മേശപ്പുറത്തിരിക്കുന്ന കത്തിയെടുത്ത് കയ്യിൽ പിടിക്കുന്നു.

ത്രേസ്യാമ്മ: പാറുകുട്ടീ, നീയ് കോഴിക്കറിക്ക്ള്ള മസാല അരയ്ക്ക്.

പാറുകുട്ടി: എന്തിനാ അമ്മച്ചീ? ജോസഫേട്ടൻ കോഴിയെറച്ചി കൊണ്ടുവര്വോ?

ത്രേസ്യാമ്മ: നീ പറയണത് കേട്ടാ മാത്രം മതി. (പുറത്തേ്ക്കിറങ്ങുന്നു).

പാറുകുട്ടി ചുമൽ ഉയർത്തി എന്തു പറ്റിയാവോ എന്ന മട്ടിൽ പച്ചക്കറി നുറുക്കൽ തുടരുന്നു.

സീൻ 22:

അടുക്കളമുറ്റം. കത്തിയുമായി വരുന്ന ത്രേസ്യാമ്മ ഒരു സുഹൃൽബന്ധത്തിനല്ല വരുന്നതെന്ന് കോഴിക്കു മനസ്സിലാകുന്നു. കോഴി രണ്ടു ചുവട് പിന്നോക്കം വെക്കന്നു, പിന്നെ ത്രേസ്യാമ്മയുടെ കാൽവെപ്പുകൾ ശ്രദ്ധിച്ചുകൊണ്ട് നടക്കാൻ തുടങ്ങുന്നു. കോഴിയെ പേടിപ്പിച്ച് പറപ്പിക്കാൻ ഉദ്ദേശമില്ലാതിരുന്ന ത്രേസ്യാമ്മ പതുക്കെ ചുവടുകൾ വെച്ചു. കോഴി മുറ്റത്തിന്റെ അരുകു പറ്റി നടന്ന് മറുവശത്ത് കൂട്ടിന്റെ അടുത്തെത്തി. പിന്നെ സംഭവിച്ച അദ്ഭുതം കണ്ട് ത്രേസ്യാമ്മ അന്തിച്ചു നിന്നുപോകുകയാണ്.

കൂട്ടിന്റെ മുമ്പിലെത്തിയ കോഴി അന്തസ്സോടെ വലതു കാൽ ആദ്യം വെച്ച് കൂട്ടിനുള്ളിൽ കയറി ഒത്ത നടുക്ക് ഇരുപ്പായി. ഒരു മിനുറ്റ് മാത്രം. ത്രേസ്യാമ്മ ശ്വാസമടക്കിപ്പിടിച്ചിരിക്കേ അത് എഴുന്നേറ്റ് താൻ ഇട്ട മുട്ട അഭിമാനപൂർവം വീക്ഷിച്ച്, ത്രേസ്യാമ്മയെ നോക്കി ഇത്രയല്ലെയുള്ളൂ, അതിന് നിങ്ങളെന്തിനാണ് ചൂടാവുന്നത് എന്ന മട്ടിൽ ഒരു ശബ്ദം പുറപ്പെടുവിച്ചു, കൂട്ടിനുള്ളിൽ കയറിയ അതേ അന്തസ്സോടെ പുറത്തേക്കിറങ്ങിപ്പോവുകയും ചെയ്യുന്നു.

അന്തിച്ചു നിൽക്കുന്ന ത്രേസ്യാമ്മയുടെ മുഖം സാവധാനത്തിൽ സൂം ചെയ്യുന്നു.

End of Episode1

ഈ തിരക്കഥയെക്കുറിച്ച്


1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com