|| Novel

ഉറങ്ങുന്ന സര്‍പ്പങ്ങള്‍

ഇ ഹരികുമാര്‍

- 7 -

ഊർമ്മിളയെ ഹോസ്റ്റലിൽ കൊണ്ടുപോയാക്കി വീട്ടിലെത്തിയപ്പോൾ സമയം പത്തായിരുന്നു. അയാൾ ക്ഷീണിച്ചു. രാത്രി കഴിച്ച പഞ്ചാബി ഭക്ഷണം അയാളുടെ വയറ് കേടുവരുത്താൻ തുടങ്ങിയിരുന്നു. എന്തിനാണവർ ഭക്ഷണങ്ങളിൽ ഇത്രയധികം മസാല ചേർക്കുന്നത്? ഊർമ്മിളയുടെ സംസാരവും അയാൾക്കിഷ്ടപ്പെട്ടില്ല. പലതും മറച്ചു വെക്കുന്ന മാതിരി. സീമയും അതുപോലെ തന്നെയായിരുന്നു. അതിനെപ്പറ്റി ചോദിച്ചാൽ അവൾ പറയും.

മനു ഞാനൊന്നും ഒളിച്ചുവെക്കുന്നില്ല. എന്റെ മനസ്സിന്റെ നിഗൂഢ ഭയങ്ങൾ കൂടി ഞാൻ നിന്നോട് പറയുന്നുണ്ട്. എല്ലാം നിന്റെ തോന്നലുകളാണ്. ഞാനെന്റെ ശാപത്തെപ്പറ്റി പറഞ്ഞില്ലെ? അതെനിക്ക് കുട്ടിക്കാലം മുതലേ ഉള്ളതാണ്. നല്ല നിമിഷങ്ങൾ അധികകാലം അനുഭവിക്കാൻ എനിക്ക് വിധിച്ചിട്ടില്ല. മനു ഇതിലൊന്നും കുറ്റക്കാരനല്ല. മറിച്ച് മനുവിനെ കണ്ടില്ലായിരുന്നുവെങ്കിൽ സന്തോഷമെന്താണെന്നു തന്നെ ഒരുപക്ഷെ ഞാനറിയുമായിരുന്നില്ല.

ഒരു പക്ഷെ അവൾ ഇപ്പോൾ ചെയ്തതുപോലെ പെട്ടെന്നുള്ള അപ്രത്യക്ഷമാവൽ ആദ്യമേ അറിഞ്ഞ് അതിനായി തന്നെ തയ്യാറാക്കുകയായിരിക്കണം. പക്ഷെ എന്തിന്നവൾ അപ്രത്യക്ഷയായി?

വൈകുന്നേരം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഊർമ്മിള ചോദിച്ചു. സീമ പോയി എന്നറിഞ്ഞപ്പോൾ മനു എന്താണ് ചെയ്തത്?

അയാൾ ആലോചിച്ചു. സീമയുടെ കത്തു വായിച്ച ശേഷം അയാൾ ആ വൃദ്ധ സിന്ധി ദമ്പതികളോട് കുറച്ചു നേരം സംസാരിച്ചു. അവരിൽ നിന്ന് എന്തെങ്കിലും വിവരം അറിയുമെന്ന പ്രത്യാശയോടെ. ആ സ്ത്രീയായിരുന്നു എല്ലാ സംഭാഷണവും നടത്തിയിരുന്നത്. വൃദ്ധൻ വെറുതെ തലയാട്ടുക മാത്രമെ ചെയ്തുള്ളു. ഇടയ്ക്കിടയ്ക്ക് ഷേവു ചെയ്ത് നരച്ച കുറ്റിരോമം മാത്രമുള്ള തല ഇടത്തെ കൈകൊണ്ട് ഉഴിയുകയും ചെയ്തു. അവർ പറഞ്ഞു.

നല്ല കുട്ടിയായിരുന്നു. ഞങ്ങളുടെ മകളെപ്പോലെയായിരുന്നു. പക്ഷേ തീരെ സംസാരിക്കില്ല. ആദ്യമേ അവൾ പറയാറുണ്ട് അവൾക്ക് ചിത്രംവരയ്ക്കലാണ് ജോലിയെന്നും അതുകൊണ്ട് ആരും ബുദ്ധിമുട്ടിക്കുന്നതവൾക്കിഷ്ടമല്ലെന്നും. മുറിക്ക് വേറെ വാതിലുള്ളതുകൊണ്ട് അവൾക്ക് സ്വൈരമായിരുന്ന് വരയ്ക്കാനും പറ്റും.

അയാൾക്കറിയേണ്ടത് അതൊന്നുമല്ലായിരുന്നു. അയാൾ ചോദിച്ചു.

സീമയ്ക്ക് എവിടെയാണ് ജോലി കിട്ടിയത് ?

കൽക്കത്തക്കടുത്ത് എവിടേയോ ആണെന്നാണ് പറഞ്ഞത്. ആ സ്ഥലത്തിന്റെ പേരുകളൊന്നും എനിക്കും മനസ്സിലാവില്ല.

ഒരു പക്ഷെ നുണ പറഞ്ഞതായിരിക്കുമെന്നയാൾ ഓർത്തു. അയാൾക്ക് അകാരണമായൊരു ഭീതിയുണ്ടായി. സീമ സുരക്ഷിതയല്ലെന്ന ഒരു ബോധം. കത്തു വായിച്ച ശേഷം ഓരോ നിമിഷവും അയാൾ ആ ബോധത്തോടു മല്ലിടുകയായിരുന്നു.

അവളുടെ പിതാജി ഇതാ, അവൾ പോയ ശേഷം ഒരു ഭക്ഷണവും കഴിച്ചിട്ടില്ല.

വൃദ്ധൻ വെറുതെ തലയിട്ടു കുലുക്കുക മാത്രം ചെയ്തു.

പറയുന്നത് മകൾക്ക് എന്തോ അപകടം പറ്റാൻ പോകുന്നുണ്ടെന്നാണ്.

അവർ സീമയെ മകളെന്നാണ് വിളിച്ചിരുന്നത്.

അപ്പോൾ, തനിക്കുണ്ടായ അപായസൂചന ഈ വൃദ്ധനും ഉണ്ടായിരിക്കുന്നു.

സീമയെപ്പറ്റി ഒരു പുതിയ വിവരവും ലഭിക്കാതെത്തന്നെ അയാൾക്ക് മടങ്ങേണ്ടിവന്നു. സീമയുടെ മറ്റു സുഹൃത്തുക്കളുമായി താൻ ബന്ധപ്പെടാത്തതിൽ അയാൾ പരിതപിച്ചു. ഊർമ്മിളയെപ്പറ്റി അയാൾക്കറിയാം. പക്ഷെ അവൾ എവിടെയാണ് ജോലിയെടുക്കുന്നതെന്നോ, എവിടെയാണ് താമസിക്കുന്നതെന്നോ അറിയില്ല. അയാൾ തിരിച്ചു വീട്ടിലെത്തി, കട്ടിലിന്മേൽ കുറെ നേരം കണ്ണടച്ചിരുന്ന് ആലോചിച്ചു.

അങ്ങിനെയിരിക്കെ കണ്ണീർ ധാരയായി ഒഴുകി. അയാൾ സീമയെ ഓർത്തു. പതിമൂന്നു വയസ്സുള്ള പെൺകുട്ടി. ഭ്രാന്തനായ അച്ഛനിൽ നിന്നും രക്ഷപ്പെടാൻ, വിറകുപുരയിൽ പാമ്പുകളോടുള്ള ഭയവും വിഗണിച്ചു കൊണ്ട് ഒളിച്ചിരുന്ന ഒരു മെലിഞ്ഞ പെൺകുട്ടി.

വളരെ കുത്തിച്ചോദിച്ചാലെ അവൾ കുട്ടിക്കാലത്തെപ്പറ്റി പറയാറുള്ളു. ഒരിക്കൽ പറയാൻ തുടങ്ങിയാൽ വാക്കുകൾ ഒഴുകിക്കൊണ്ടിരിക്കും.

ഭ്രാന്തുള്ള സമയത്തും അച്ഛന് എന്നെ ഇഷ്ടമായിരുന്നു. സീമ പറഞ്ഞു. എപ്പോഴും എന്തെങ്കിലും കാര്യത്തിനായി വിളിച്ചുകൊണ്ടിരിക്കും. ചായയുണ്ടാക്കിക്കൊടുക്കാനോ ഒരു ഗ്ലാസ് വെള്ളത്തിനോ അങ്ങിനെ എന്തെങ്കിലും കാര്യത്തിനു വേണ്ടി. അച്ഛന് ഒരു കാര്യവും ഒറ്റക്ക് ചെയ്യാൻ കഴിയില്ല. അച്ഛമ്മ അങ്ങിനെയാണ് അച്ഛനെ വളർത്തിയിരുന്നത്. പിന്നെ കല്ല്യാണത്തിനു ശേഷം അമ്മയും അച്ഛനെ അടുക്കളയിൽ കടത്താതെ നോക്കി.

ഇടക്ക് ചില ദിവസങ്ങളിൽ ഭ്രാന്തിളകുമ്പോഴാണ് എല്ലാം കുഴപ്പമാവുക. ആ ദിവസങ്ങൾ എനിക്ക് മുൻകൂട്ടിത്തന്നെ മനസ്സിലാവും. അച്ഛന്റെ കണ്ണുകൾ ചുവന്നിരിക്കും. വളരെ അസ്വസ്ഥനായി ഉമ്മറത്തും മുറികളിലും നടക്കും. എന്തോ പഴയ കടലാസുകൾക്കുവേണ്ടി അലമാറിയിൽ പരതും. ഉച്ചയോടടുക്കുമ്പോഴേക്കും ഉറക്കെ സംസാരിക്കാൻ തുടങ്ങും. തുടങ്ങുന്നത് തന്നോടുതന്നെ സംസാരിക്കുന്നതായിട്ടാണ്. പിന്നെപ്പിന്നെ അദൃശ്യനായ ആരോ ഒരാളോടു വാക്ക്തർക്കത്തിൽ അവസാനിക്കും. സാധനങ്ങളെല്ലാം എടുത്ത് വലിച്ചെറിയാൻ തുടങ്ങും. അപ്പോഴൊന്നും എനിക്കിത്ര പേടി തോന്നിയില്ല. പക്ഷെ ഒരു ദിവസം ഒരു കത്തിയെടുത്ത് എന്നെ കുത്താനായി വന്നു. ഞാൻ പേടിച്ചരണ്ട് ഒരു വിധം പുറത്തു കടന്നു. പിന്നാലെ അച്ഛനുണ്ടായിരുന്നു. ഞാൻ ജീവനും കൊണ്ട് വീടിനു ചുറ്റും ഓടി. ഓടുന്നതിനിടക്ക് അച്ഛൻ തടഞ്ഞു വീഴുന്നതു കണ്ടു. ഞാൻ ആ തക്കം നോക്കി വിറകുപുരയിൽ പോയി ഒളിച്ചു.

വിറകുപുര പണ്ടേ എനിക്ക് പേടിയായിരുന്നു. ധാരാളം പാമ്പുകളെ അവിടെ വെച്ച് കണ്ടിട്ടുണ്ട്. ഒളിക്കാൻ വേറെ സ്ഥലമൊന്നും കണ്ടില്ല. ഞാൻ വിറക് അടുക്കി വെച്ചിരുന്നതിന്റെ ഇടയിൽ കയറിയിരുന്നു. കുറച്ചു നേരം അങ്ങിനെയിരുന്നപ്പോൾ അച്ഛൻ എന്ത് ചെയ്യുകയായിരിക്കുമെന്ന് ഓർത്തു. വീഴ്ചയിൽ അധികമായൊന്നും പറ്റിയിട്ടുണ്ടാവില്ലല്ലൊ. വൈകുന്നേരമായപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റ് ചെന്ന് അടുക്കളയുടെ വാതിലിലൂടെ എത്തി നോക്കി.

എനിക്ക് സങ്കടം തോന്നി. പാവം അച്ഛൻ ഇരുന്ന് സ്റ്റൗ കത്തിക്കാൻ ശ്രമിക്കയാണ്. നാലു ഭാഗത്തും തീപ്പെട്ടിക്കൊള്ളികൾ, കടലാസ്സു കരിഞ്ഞ ചാരം. ഞാൻ കുറച്ചു നേരം നോക്കി നിന്നു. മൂപ്പർ ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് കത്തിച്ച് സ്റ്റൗവിലേക്കിടും. അത് ഉടനെ കെടും. പിന്നെ ഒരു കടലാസ് ഈളായി മുറിച്ച് അതു കത്തിച്ച് അതുകൊണ്ട് സ്റ്റൗ കത്തിക്കാൻ ശ്രമിക്കും. ഇങ്ങിനെയൊക്കെത്തന്നെയാണ് സ്റ്റൗ കത്തിക്കുക. പക്ഷെ അച്ഛൻ അതു ചെയ്തപ്പോൾ അതെല്ലാം കെടുകയാണുണ്ടായത്. പാവം ഒരഞ്ചു മിനിറ്റ് കൂടി ശ്രമിച്ച്, നിരാശനായി എഴുന്നേറ്റു പോയി. ഞാൻ ശബ്ദമുണ്ടാക്കാതെ അടുക്കളയിൽ കടന്ന് സ്റ്റൗ കത്തിച്ച് ചായയുണ്ടാക്കി കൊണ്ടുപോയി കൊടുത്തു. അച്ഛന് വളരെ സന്തോഷമായി.

നീ എവിടെയായിരുന്നു മോളെ ?

അച്ഛൻ എന്റെ പിന്നാലെ ഓടിയതെല്ലാം മറന്നിരുന്നു. അച്ഛന്റെ നെറ്റിമേൽ സാമാന്യം വലിയ ഒരു മുറിവുണ്ടായിരുന്നു. അതെങ്ങിനെ പറ്റിയെന്നതും അച്ഛന് ഓർമ്മയില്ല.

പിന്നീട് ഇടക്കെല്ലാം ഇതാവർത്തിച്ചു. അപ്പോഴെല്ലാം ഞാൻ പാമ്പുകളുള്ള വിറകു പുരയിൽ ജീവനും കയ്യിൽ പിടിച്ച് ഒളിച്ചിരുന്നിട്ടുണ്ട്. ഒരിക്കൽ അങ്ങിനെ ഒളിച്ചിരിക്കെ ഒരു പാമ്പ് വളരെ അടുത്ത് കിടക്കുന്നത് കണ്ടു. ഞാൻ പെട്ടെന്ന് മരവിച്ചു പോയി. അതെന്നെത്തന്നെ നോക്കിയാണ് കിടന്നിരുന്നത്. കുറെ നേരമായിട്ടുണ്ടാകും. അതിന്റെ കണ്ണുകളിൽ ഒരു ജിജ്ഞാസയുള്ളതായി തോന്നി എനിക്ക്. ഞാൻ അനങ്ങിയില്ല. ഒരു പക്ഷെ അനങ്ങിയാൽ ഞാൻ അതിനെ പേടിപ്പിച്ചേനെ. കുറച്ചുനേരം അങ്ങിനെ നോക്കി നിന്നശേഷം അത് പതുക്കെ ഇഴഞ്ഞുപോയി. അത് എന്നെ സ്വീകാര്യമായ എന്തോ ഒന്നായി അംഗീകരിച്ച പോലെ. അതിന്റെ നോട്ടത്തിൽ ഒരു പങ്കാളിത്തമുണ്ടായിരുന്നു. എന്തായാലും അതിനു ശേഷം എനിക്ക് പാമ്പുകളെ പേടിയുണ്ടായിട്ടില്ല.

വിറകുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന മെലിഞ്ഞ ഒരു പെൺകുട്ടിയുടെ രൂപം മനസ്സിൽ പൊന്തിവന്നപ്പോൾ അയാൾക്കു കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല.

സീമയെപ്പറ്റി മനു കൂടുതൽ അന്വേഷിച്ചില്ല എന്നത് അത്ഭുതമായി തോന്നുന്നു.

ഊർമ്മിള പറഞ്ഞു.

ശരിയാണത്. സാധാരണ നിലക്ക് ഒരു ദിവസം പെട്ടെന്നവൾ അപ്രത്യക്ഷയാവുകയാണ് ഉണ്ടായതെങ്കിൽ ഞാൻ അവളെ അന്വേഷിക്കുമായിരുന്നു. പക്ഷെ അന്വേഷിക്കരുതെന്നവൾ കത്തെഴുതി വെച്ചപ്പോൾ അവൾ എന്നെ നിരാകരിക്കുകയാണുണ്ടായതെന്നു തോന്നി. എന്നിൽ നിന്നകന്നു പോയാലാണവൾക്ക് ശാന്തിയുണ്ടാവുകയെങ്കിൽ അങ്ങിനെയാവട്ടെയെന്നു വെച്ചു. അതെന്റെ ഹൃദയത്തിൽ ഒരു വലിയ മുറിവുണ്ടാക്കിയെങ്കിൽക്കൂടി.

ഞാൻ മനുവിനെ വേദനിപ്പിക്കണമെന്നുദ്ദേശിച്ചില്ല.

സാരമില്ല.

ഈ നോവലിനെക്കുറിച്ച്


ഈ നോവല്‍ 1979 ജൂലൈ 8 - സെപ്റ്റമ്പർ 16 വരെയുള്ള കലാകൗമുദി വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചതാണ്.


ആകെ അദ്ധ്യായങ്ങള്‍ : 11

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (1987)