ഇ ഹരികുമാര്‍
ടെലിഫോണിൽക്കൂടി വന്ന മധുരസ്വരം അപരിചിതമായിരുന്നു.
മിസ്റ്റർ മനോഹരൻ പ്ലീസ്.
മനോഹരൻ സ്പീക്കിംഗ്.
ടെലിഫോണിൽ നിശ്ശബ്ദത. ടെലിഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന ആൾ പെട്ടെന്ന് അപ്രത്യക്ഷയായി. ടെലിഫോൺ ഒരു വിജനതയിലേയ്ക്കു ഘടിപ്പിച്ചപോലെ. അയാൾ, കാട്ടരുകിലെ വെളിംപ്രദേശത്തു കൂടി പോകുന്ന ടെലിഫോൺ കമ്പികൾ ഓർത്തു. ശ്രദ്ധിച്ചാൽ കാറ്റ് കമ്പികളിലുണ്ടാക്കുന്ന ശബ്ദം കേൾക്കാം. കാട്ടിലൊഴുകുന്ന അരുവിയുടെ സംഗീതവും മഴത്തുള്ളികൾ ഇലകളിൽ പതിക്കുന്ന ശബ്ദവും കേൾക്കാം. ചീവിടുകളുടെ ശബ്ദവും.
ടെലിഫോണിലൂടെ ഒരു നിശ്വാസത്തിന്റെ ശബ്ദം വന്നു.
മനു, ഞാൻ ആരാണെന്നറിയാമോ?
മനു! മനു എന്നു വിളിക്കുന്ന ഒരാൾ മാത്രമെ അയാൾക്കറിയു. അവളാകട്ടെ അയാളുടെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി പോകുകയും ചെയ്തിരിക്കുന്നു. ടെലിഫോണിലൂടെ വന്ന ശബ്ദത്തിന്റെ ഉടമ അവളല്ലെന്ന് തീർച്ചയാണ്. അയാൾ ആലോചിച്ചു. ടെലിഫോണിനപ്പുറത്ത് തന്റെ മറുപടിയും പ്രതീക്ഷിച്ച് ഒരു സ്ത്രീ നിൽക്കുന്നുണ്ട്. അവളുടെ ആകാരത്തെപ്പറ്റി ഊഹിക്കാൻ അയാൾ ശ്രമിച്ചു. ആകാരം പോയി പേരു പോലും അറിയില്ല.
മറുഭാഗത്ത് അറിയാത്ത സ്ത്രീ കാത്തുനിൽക്കുമ്പോൾ അയാൾ ഓർമ്മയുടെ ഇടവഴിയിലേയ്ക്ക് ഊളിയിട്ടു. ആരും അയാളെ അത്ഭുതപ്പെടുത്താൻ പൊന്തിവന്നില്ല. അയാൾ പറഞ്ഞു.
എനിക്കോർമ്മ വരുന്നില്ല.
ടെലിഫോണിൽ ചിരി.
മുമ്പ് കണ്ടെങ്കിലല്ലെ ഓർമ്മ വരു. മനു എന്നെ മുമ്പ് കണ്ടിട്ടില്ലല്ലോ. നമ്മൾ ടെലിഫോണിൽക്കൂടി ഇതുവരെ സംസാരിച്ചിട്ടുമില്ല.
മനു എന്ന വിളി വീണ്ടും. അയാൾക്ക് പിന്നെ അധികം ആലോചിക്കേണ്ടിവന്നില്ല. അയാൾ സംശയിച്ചുകൊണ്ട് ചോദിച്ചു.
ഊർമ്മിള?
അതെ.
വളരെ നേരിയ ശബ്ദം. ഒരു കീഴടങ്ങലിന്റെ ശാന്തത.
ഊർമ്മിള! അയാൾ ആലോചിച്ചു. സീമയുമായുള്ള തന്റെ തീവ്രബന്ധത്തിനിടയിൽ ഊർമ്മിള എന്ന താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത പെൺകുട്ടിയുണ്ടായിരുന്നു. സീമ ഊർമ്മി എന്നു വിളിച്ചിരുന്ന, തനിയ്ക്ക് എന്നും അത്ഭുതത്തിന്റെ വറ്റാത്ത നീരുറവയായിരുന്ന പെൺകുട്ടി.
സീമയുടെ കത്തുണ്ടോ?
ഇല്ല.
പ്രതീക്ഷിക്കുന്നുമില്ല അല്ലെ.
അയാൾ ചിരിച്ചു. സീമ കത്തയക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവോ? അയാൾക്കു തന്നെ അറിയില്ല. സീമ കത്തയക്കുമെന്ന്, തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മുമ്പിൽ പ്രത്യക്ഷപ്പെടുമെന്ന് അയാൾ ആശിച്ചിരുന്നു. ആശയും പ്രതീക്ഷയും തമ്മിൽ എത്ര അടുത്ത ബന്ധമാണ്. ആശയിൽ തുടക്കം, പിന്നെ അത് പ്രതീക്ഷക്ക് വഴിവെയ്ക്കുന്നു. പ്രതീക്ഷയില്ലെങ്കിൽ ജീവിതമില്ല. അയാൾ സീമയെ ഓർത്തു. അവൾ മിയ്ക്കവാറും ധരിക്കാറുള്ള പ്ലെയ്ൻ സാരികൾ ഓർത്തു. സാരികളിൽ അവൾ ഉപയോഗിച്ചിരുന്ന ചായക്കൂട്ട് പുരണ്ടതായ പാടുകൾ ഉണ്ടായിരുന്നു. അവൾ വസ്ത്രധാരണത്തിൽ തീരെ ശ്രദ്ധിച്ചിരുന്നില്ല. പലപ്പോഴും അവളുടെ കൈകളിലോ, മുഖത്തോ, തലമുടിയിലോ ഉള്ള ചായം താനാണ് മായ്ച്ചു കൊടുക്കാറ്.
ഊർമ്മിള ടെലിഫോണിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അയാൾക്ക് ചില സന്ദർഭങ്ങളിൽ ഒരു കാര്യവും അധികനേരം ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. മൂളുന്നുണ്ടെങ്കിലും ശ്രദ്ധ പതറിപ്പോകുന്നു. കുറെ കഴിഞ്ഞ് ബൈ ബൈ പറഞ്ഞ് ടെലിഫോൺ വെച്ചത് മാത്രം ഓർമ്മയുണ്ട്.
മനസ്സ് അലഞ്ഞുതിരിഞ്ഞ് എത്തുന്നത് തുറന്നിട്ട ഒരു ജനവാതിലിലാണ്. വിജനതയിലേക്കു തുറന്നിട്ട അഴിയില്ലാത്ത ജനൽ. അതിൽ പുറത്തേയ്ക്കാഞ്ഞു നിൽക്കുന്ന പ്രതീക്ഷാനിർഭരമായ മുഖമുള്ള ഒരു പെൺകുട്ടി.
അത് സീമ ആദ്യം വരച്ച ചിത്രങ്ങളിലൊന്നാണ്. ആ ചിത്രം അയാൾ തന്റെ കിടപ്പറയുടെ ചുമരിൽ തൂക്കിയിട്ടുണ്ട്. ആ കുട്ടി പ്രതീക്ഷിക്കുന്നത് ആരെയുമല്ല, അവളുടെ തന്നെ ഏകാന്തതയെയാണ്. അവൾ ഏകാന്തതയുമായി പ്രേമത്തിലാണ്. സീമ പറയാറുണ്ട്. എനിക്ക് ആരേയും കാണാതെ, ആരോടും സംസാരിക്കാതെ ദിവസങ്ങൾ തന്നെ ഇരിക്കാം. കുട്ടിക്കാലത്ത് മഴത്തുള്ളികൾ പുരക്കു മുകളിൽ വീഴുന്ന ശബ്ദവും കേട്ട് ഞാൻ പകൽ മുഴുവൻ മുറിയിൽ വാതിലടച്ചിരിക്കാറുണ്ട്. മുറിയിലിരുന്ന് പുറത്ത് കാറ്റ് മരത്തലപ്പുകളെ ഉലയ്ക്കുന്നതും, ശക്തിയായ മഴത്തുള്ളികൾ ചെരിഞ്ഞു വീഴുന്നതും മനസ്സിൽ ധ്യാനിക്കാറുണ്ട്. മനു അങ്ങിനെ ചെയ്യാറുണ്ടോ? കുന്നിൻചെരുവിലെ അവസാനിക്കില്ലെന്നു തോന്നിക്കുന്ന ചരൽപ്പാതയിൽ ഒരു കുടയും പിടിച്ച് ഏകയായി നടക്കുന്നത് അടച്ചിട്ട മുറിയിൽക്കിടന്ന് ആലോചിക്കാറുണ്ടോ? കുട പിടിച്ചതുകൊണ്ട് നനയാതിരിക്കുന്നില്ല. പിന്നെ കുട എന്തിന്? അത് ആകാശം കാണാതിരിക്കാനാണ്. കാരണം എനിക്ക് ആകാശത്തെപ്പറ്റി ആലോചിക്കണം. കറുത്ത മേഘങ്ങൾ കൂത്തുമറയുന്ന ആകാശം.
അയാളുടെ കൈകളിൽ കിടന്ന് മുഖം നെഞ്ചിൽ അമർത്തിക്കൊണ്ട് അവൾ പറയാറുണ്ട്. മനു ഈ നിമിഷങ്ങളുടെ നിറമെന്താണെന്നറിയാമോ?
അവൾ നിമിഷങ്ങൾക്ക് നിറങ്ങൾ കൊടുക്കാറുണ്ട്. അത് അവളുടെ മനസ്സിൽ സ്വയം വരികയാണത്രെ. സൂര്യനെ നോക്കി കണ്ണടച്ചാൽ സൂര്യന്റെ നിഴൽ നമ്മുടെ കണ്ണിനു മുമ്പിൽ കാണില്ലെ. അത് നിറം മാറിക്കൊണ്ടിരിക്കും. ആദ്യം ചുവപ്പ്, പിന്നെ മഞ്ഞ, പിന്നെ പച്ച അങ്ങിനെ. അതു പോലെത്തന്നെയാണ് നിമിഷങ്ങളുടെ നിറങ്ങളും. ഒരു നിറവും അധികം സമയം നില നിൽക്കുന്നില്ല. മനോഹരൻ നിശ്വസിച്ചു. സീമയെപ്പറ്റി കുറെക്കാലത്തിനു ശേഷം ഓർക്കുകയാണ്. അവളുടെ ഓർമ്മ ഒരു മരപ്പെട്ടിയിലിട്ട് തട്ടിൻ പുറത്തിട്ട കൗതുകവസ്തുവെപ്പോലെ മനസ്സിൽ നഷ്ടപ്പെട്ടിരിക്കയായിരുന്നു. ഇടയ്ക്ക് തട്ടിലെ മാറാല നീക്കി, പെട്ടിമേലുള്ള പൊടി തുടച്ച് തുറക്കുമ്പോൾ ആ വസ്തു ഒട്ടും തിളക്കവും പുതുമയും വിടാതെ അതിൽ കിടക്കുന്നതു കാണുന്നു.
ഊർമ്മിള ഫോൺ ചെയ്യാൻ എന്താണ് കാരണം? അവളും തന്നെപ്പോലെ നഷ്ടപ്പെട്ട സ്‌നേഹത്തിന്റെ ഓർമ്മയിൽ ആശ്വാസം തേടുകയാണോ? സീമയും ഊർമ്മിളയും തമ്മിലുള്ള ബന്ധം വളരെ അടുത്ത താണെ ന്നയാൾക്കറിയാം. കുറച്ചൊരു ആശ്വാസത്തിനു വേണ്ടിയാണോ അവൾ തനിക്ക് ടെലിഫോൺ ചെയ്തത്? താനാണെങ്കിൽ ആശ്വസിപ്പിക്കാനായി ഒന്നും പറഞ്ഞതുമില്ല. അവളുടെ ഫോൺനമ്പർ കൂടി അന്വേഷിച്ചില്ല. പെട്ടെന്ന് ഊർമ്മിളയെ കാണാൻ അയാൾ ആഗ്രഹിച്ചു. അവളെ കണ്ട് സംസാരിക്കാൻ, താൻ സീമയെ എത്ര സ്‌നേഹിച്ചിരുന്നുവെന്നു പറയാൻ അയാൾ ആഗ്രഹിച്ചു.
അതുപോലെ സീമയുടെ പെട്ടെന്നുള്ള തിരോധാനത്തിന്റെ കാരണവും ഒരു പക്ഷെ അറിഞ്ഞേക്കാം.
മനോഹരൻ പിറ്റേന്നും ഊർമ്മിളയുടെ ഫോൺ കാത്തിരുന്നു. ഉണ്ടായില്ല. അങ്ങിനെ ദിവസങ്ങൾ പിന്നിടവേ അയാൾ ആ ആശയും ഉപേക്ഷിച്ചു.
ഊർമ്മിളയുടെ ഫോൺ വന്നുവെന്നത് ഒരു സ്വപ്നം മാത്രമായിരുന്നെന്ന് അയാൾ സ്വയം ആശ്വസിച്ചു. ഉണരുന്നതിനു മുമ്പു കണ്ട ഒരു സ്വപ്നം മാത്രം. മുഴുമിപ്പാൻ കഴിയില്ലെന്നറിയാവുന്ന സ്വപ്നം.
അങ്ങിനെയിരിക്കെ ഒരു ദിവസം ടെലിഫോണിലൂടെ ആ ശബ്ദം വീണ്ടും വന്നു.
മനു, മനസ്സിലായോ ആരാണെന്ന്?
ഊർമ്മി!
പിന്നെ നിശ്ശബ്ദത. കൊടുങ്കാറ്റിന്റെ സംഗീതം. മഴത്തുള്ളികളുടെ ശൈത്യം.
വീണ്ടും സീമയുടെ ഓർമ്മകൾ.
ഊർമ്മിള എന്തേ പിന്നീട് ഫോൺ ചെയ്യാതിരുന്നത്?
ഒന്നുമില്ല.
വീണ്ടും നിശ്ശബ്ദത.
ഊർമ്മിള എവിടെ നിന്നാണ് സംസാരിക്കുന്നത്?
എന്റെ ഓഫീസിൽ നിന്ന്.
എവിടെ?
നരിമാൻ പോയിന്റിൽ.
ടെലിഫോൺ നമ്പർ തരു.
കഴിഞ്ഞ പ്രാവശ്യത്തെ മാതിരി ഊർമ്മിള ടെലിഫോൺ വെയ്ക്കുമെന്നും പിന്നെ ദിവസങ്ങളോളം നിൽക്കുന്ന മൗനമുണ്ടാകുമെന്നും അയാൾ ഭയന്നു. അയാൾക്കീ മൗനം സഹിക്കാൻ പറ്റുന്നില്ല. ഊർമ്മിളയെ കാണണമെന്നും സീമയെപ്പറ്റി സംസാരിക്കണമെന്നും അയാൾക്ക് വളരെ മോഹമുണ്ടായിരുന്നു. ഒരു പക്ഷെ സീമയെപ്പറ്റി തനിയ്ക്ക് മനസ്സിലാവാതിരുന്ന പലതും ഊർമ്മിള ക്കറിയാമെന്ന് അയാൾ കരുതി. അവൾ സീമയെന്ന നിഗൂഢതയുടെ താക്കോലാണ്. ആ താക്കോൽ കളഞ്ഞു കുളിക്കാൻ വയ്യ. അയാൾ ചോദിച്ചു.
നമുക്ക് നേരിട്ട് കണ്ട് സംസാരിക്കാമോ?
സംസാരിക്കാമല്ലൊ.
ഊർമ്മിള എവിടെയാണ് താമസിക്കുന്നത്?
മനുവിനറിയാവുന്ന സ്ഥലം തന്നെ. അന്തേരിയിൽ ആ ഹോസ്റ്റലിൽ.
സീമ ആദ്യം താമസിച്ചിരുന്നിടത്തോ?
അതെ.
സീമ എന്ന വാക്ക് വീണ്ടും ഒരു മാന്ത്രികലോകം തുറന്നു. സീമയുടെ സ്റ്റുഡിയോ അവളുടെ മുറി തന്നെയായിരുന്നു. ഒരരുകിലിട്ട കിടക്കയിൽ സീമ പെയിന്റു ചെയ്യുന്നതും നോക്കിക്കിടക്കുക അയാൾക്കിഷ്ടമായിരുന്നു. പെയിന്റ് ചെയ്യാൻ തുടങ്ങുമ്പോൾ അവൾ സംസാരിക്കാൻ തുടങ്ങും. പിന്നീട് അതിൽ മുഴുകുമ്പോൾ അവൾ എല്ലാം മറക്കുന്നു. വാക്കുകൾ വിരളമാവുകയും അവൾ പരിസരം തന്നെ മറക്കുകയും ചെയ്യുന്നു. പിന്നെ മണിക്കൂറുകൾ കഴിഞ്ഞ് അവൾ തലയുയർത്തി നോക്കുമ്പോൾ അവളെ നോക്കിക്കിടക്കുന്ന മനോഹരനെ കാണുമ്പോൾ പറയും.
അയ്യോ എന്റെ പയ്യൻ ഇവിടെയുണ്ടായിരുന്നു അല്ലെ? ഞാൻ തീരെ മറന്നു. സൃഷ്ടി സ്വാർത്ഥമാണല്ലെ. സ്വന്തം പ്രേമം കൂടി മറക്കുന്നു.
പിന്നെ അവളുടെ പ്രേമപ്രകടനങ്ങളാണ്. ഓരോ ചിത്രം കഴിയുമ്പോഴും അവൾ വളരെ വിശ്രമിച്ചു കാണാറുണ്ട്. മറിച്ച് ഒരു പെയിന്റിങ്ങ് തുടങ്ങി വെച്ചാലോ, അതു പകുതിയാക്കി നിർത്തേണ്ടി വന്നാലോ അവൾ വളരെ അസ്വസ്ഥയാവാറുണ്ട്.