പി. ബാലകൃഷ്ണന്‍
ഹൃദയത്തെ മഥിക്കുന്ന നല്ലൊരു കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നു, ഹരികുമാർ 'ഉറങ്ങുന്ന സർപ്പങ്ങൾ' എന്ന ലഘുനോവലിൽ. ഏകാന്തത സ്‌നേഹിക്കുന്ന, വിചിത്രമായ മാനസികഘടനയുള്ള സീമ എന്ന ചിത്രകാരിപ്പെൺകുട്ടിയെ, അവളുടെ ഈ വിചിത്രമായ മാനസികഭാവം, കൊടിയ ദുരന്തത്തിലെത്തുന്ന മനോരോഗത്തിന്റെ ആദ്യകാലസൂചനയായിരുന്നുവെന്ന്, മനോഹരനറിയുന്നില്ല. വിശാലമായ ബോംബെ നഗരത്തിൽ ഒരു ഭാഗത്ത്, ഏറെയൊന്നും കൊട്ടിഘോഷിക്കപ്പെടാതെ. ചിത്രം വരച്ചും മനോഹരന് നിർലോഭം സ്‌നേഹം പകർന്നുകൊടുത്തും-എന്തൊരു ഒതുക്കത്തോടും കൈവഴക്കത്തോടും കൂടി ഇവരുടെ പ്രേമപ്രകടനങ്ങൾ ഹരികുമാർ ആവിഷ്‌കരിക്കുന്നു-കഴിഞ്ഞ ഈ പെൺകുട്ടി ഒടുവിൽ മുന കടിച്ചു പൊട്ടിച്ച പെൻസിൽക്കുറ്റിയുമായി ജീവസ്സറ്റ കണ്ണുകളോടെ മനോരോഗിക്കൾക്കിടയിൽ നിന്ന് നമ്മുടെ നേരെ വരുന്നു.
ശാപശില എന്ന മറ്റൊരു ലഘുനോവൽ കൂടിയുണ്ട് ഈ കൃതിയിൽ. അരസികനായ ഒരു ആർക്കിയോളജിസ്റ്റിന്റെ നവവധു ആദ്യനാളുകളിൽത്തന്നെ യുവാവും അവിവാഹിതനുമായ മറ്റൊരാളിൽ സംതൃപ്തി കണ്ടെത്തുകയാണ്. മധുവിധുവിന് ഡാം സൈറ്റിലെത്തിയതായിരുന്നു യുവദമ്പതികൾ. അവിടെ കാണാനിടയായ ഒരു പ്രതിമയിലായിപ്പോയി ആർക്കിയോളജിസ്റ്റിന്റെ ശ്രദ്ധ മുഴുവൻ. യുവകോമളനായ ജൂനിയർ എഞ്ചിനീയർ, ഭർത്താവിന്ന് നല്കാൻ കഴിയാത്തതൊക്കെ നവവധുവിന് നല്കുന്നു.
ഒരു തരത്തിലുള്ള അവകാശവാദവും പ്രസ്താവനയുമില്ലാതെ നേരിട്ട് വായനക്കാരനെ സമീപിക്കുകയാണ് ഹരികുമാർ-തികഞ്ഞ ആത്മവിശ്വാസത്തോടെ.
എന്നാൽ ആ പുറംചട്ട-അതിന്റെ കാര്യത്തിൽ ഹരികുമാർ എന്നെ നിരാശപ്പെടുത്തി-ആ നല്ല പെയിന്റിംഗിന്റെ ഭംഗി കൂടി കെടുത്തിക്കളഞ്ഞിരിക്കുകയാണ്, ഗ്രന്ഥത്തിന്റെയും ഗ്രന്ഥകാരന്റെയും പേർ അനാകർഷകമായി അവിടെ എഴുതുക വഴി.