ഇ ഹരികുമാര്‍
സ്വയം സംയമം കിട്ടിയപ്പോൾ അയാൾ മുഖമുയർത്തി കണ്ണുകൾ തുടച്ചു.
മനു ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു. ഇനി കരയരുത്.
സൂര്യൻ ചുവപ്പു നിറമായിരുന്നു. കടലിന്റെ തൊട്ടുമുകളിൽ അത് ഒരു മുതലകൂപ്പിനു തയ്യറായി നിന്നു. വെള്ളം ചുവപ്പുനിറമായി മാറിയിരുന്നു.
അസ്തമയം നോക്കിക്കൊണ്ടിരിക്കെ അയാൾക്ക് കുറച്ചൊക്കെ സ്വസ്ഥത കൈ വന്നു. ഊർമ്മിള തൊട്ടടുത്ത് അയാളുടെ അരക്കെട്ടിൽ കൈവെച്ച് ഇരിക്കയായിരുന്നു. അയാൾ തിരിഞ്ഞ് അവളുടെ കവിളിൽ ചുംബിച്ചു.
ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? അയാൾ ചോദിച്ചു.
പറയാം.
പൂനയ്ക്ക് എന്തിനാണ് പോയിരുന്നത് ?
അവൾ ഒന്നു പരുങ്ങി.
പൂനയിൽ എന്റെ ആന്റിയുണ്ടെന്ന് പറഞ്ഞത് മനുവിന് വിശ്വാസമായില്ലെ?
ഇല്ല.
ഇല്ലാ?
ഇല്ല. കാരണം ആന്റിയുടെ അടുത്താണ് പോകുന്നതെങ്കിൽ നീ എന്നെ അറിയിക്കാതിരിക്കയില്ല.
ഞാനെന്റെ കാമുകനെ കാണാനാണ് പോകുന്നതെന്നു വിചാരിക്കുന്നുണ്ടൊ?
മനോഹരൻ നിശ്ശബ്ദം.
എന്തൊക്കെ സംശയങ്ങളാണ്. എനിയ്ക്ക് എന്റെ കാമുകനെ കാണാൻ പൂനയിൽ പോകേണ്ട ആവശ്യമൊന്നുമില്ല. അയാൾ എന്റെ അടുത്തു തന്നെയുണ്ട്.
പിന്നെ എന്താണ് പൂനയ്ക്ക് പോകുമ്പോൾ എന്നെ അറിയിക്കാത്തത്?
മനു, അത് ചോദിക്കാതിരിക്കു.
നീയും സീമയെപ്പോലെ ഗൂഢാർത്ഥത്തിൽ സംസാരിക്കുന്നു. എല്ലാറ്റിനും അവസാനം ഞാൻ നരകിക്കുകയെന്നാണ് ഫലം. ഞാനെന്തിനിതൊക്കെ സഹിക്കുന്നു?
ഞാൻ ആന്റിയുടെ അടുത്താണ് പോകുന്നതെന്ന് മനുവിന് വിശ്വസിക്കാൻ എന്താണ് പ്രയാസം?
കാരണം നീ അവിടേക്കല്ല പോകുന്നതെന്നതു കൊണ്ടുതന്നെ.
എനിയ്ക്ക് എല്ലാം പറയാൻ പറ്റിയെങ്കിൽ!
ഊർമ്മിള ഒരു നിശ്വാസത്തോടെ പറഞ്ഞു.
മനു ഞാൻ എല്ലാം പിന്നീട് പറയാം. അതുവരെ എന്നോട് ഒന്നും ചോദിക്കരുത്. എന്നെ വിശ്വസിക്കു. ഞാൻ മനുവിനെയല്ലാതെ വേറെ ആരേയും സ്‌നേഹിക്കുന്നില്ല.
എനിക്ക് സ്‌നേഹം മാത്രം പോര. സ്‌നേഹിക്കുന്ന ആളുടെ വിശ്വാസവും വേണം. എനിയ്ക്ക് സീമയുടെ സ്‌നേഹമുണ്ടായിരുന്നു. പക്ഷെ അവൾ എന്നെ വിശ്വസിച്ചിരുന്നില്ലെന്നാണ് എനിക്ക് മനസ്സിലാകുന്നത്.
അങ്ങിനെ പറയരുത് മനു. സീമയുടെ സ്‌നേഹത്തെപ്പറ്റി എനിക്കറിയാം. മനുവിനോടുള്ള സ്‌നേഹത്തിൽ അവൾക്ക് യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല.
പിന്നെ എന്തുകൊണ്ടവൾ എന്നോട് പറയാതെ പോയി?
എനിക്കറിഞ്ഞുകൂടാ. പക്ഷെ ഒരു കാര്യം ഞാൻ വിശ്വസിക്കുന്നുണ്ട്. ഓരോരുത്തരും എന്തെങ്കിലും ചെയ്യുമ്പോൾ അതിന്റെ പിന്നിൽ ശക്തിമത്തായ ഒരു കാരണം ഉണ്ടാവും. സീമ പെട്ടെന്ന് അപ്രത്യക്ഷയായെങ്കിൽ അവൾക്ക് അവളുടേതായ കാരണങ്ങളുണ്ടാവും.
സമ്മതിച്ചു. പക്ഷെ ഞാനിനി ഒരു വക സമരത്തിന്നും ഇല്ല. സ്‌നേഹം അന്യോന്യ വിശ്വാസത്തിന്മേൽ മാത്രം. ഊർമ്മിള എന്തു ചെയ്യുന്നുവെന്നത് എന്നോടു പറയാൻ തയ്യാറില്ലെങ്കിൽ നമുക്ക് ഈ ബന്ധം ഇപ്പോൾത്തന്നെ അവസാനിപ്പിക്കാം.
മനു!
ഊർമ്മിളക്കറിയാമോ സീമ പോയിയെന്നറിഞ്ഞപ്പോൾ എനിക്കു സംഭവിച്ചത്. എന്റെ ഹൃദയം പൊട്ടിപ്പൊളിഞ്ഞ് രക്തം ചിന്തുന്ന മാതിരി തോന്നി. എന്റെ മനസ്സ് ശരിക്കും വ്രണപ്പെട്ടിരുന്നു, ഒരിക്കലും ഉണങ്ങില്ലെന്നു തോന്നും വിധം. എന്നിട്ടെന്തുണ്ടായി? ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. മനസ്സിന്റെ ചില ഉള്ളറകളിൽ ആ വ്രണം ഇപ്പോഴും ഉണങ്ങാതിരിയ്ക്കുന്നുണ്ടാവാം. പക്ഷെ ഞാൻ ജീവിച്ചിരിക്കുന്നുണ്ട് ഇല്ലെ? നമുക്ക് ഇപ്പോൾത്തന്നെ പിരിയാം. കൂടുതൽ വലിയ മുറിവ് വീണ്ടും എന്റെ മനസ്സിന് സമ്മാനിയ്ക്കുന്നതിനു മുമ്പു തന്നെ.
പടിഞ്ഞാറെ ആകാശത്തെ ശോണാഭ തീരെ മറഞ്ഞിരുന്നു. ആൾക്കാർ നിഴലുകളായി മാറി. കുറച്ചു ദൂരെയുള്ള ഫൈവ്സ്റ്റാർ ഹോട്ടലിൽ വിളക്കുകൾ തെളിഞ്ഞു. അയാൾ ഊർമ്മിളയുടെ ശബ്ദം കേട്ടു.
എന്നെ ഉപേക്ഷിക്കാതിരിയ്ക്കു. എനിക്ക് മനുവിന്റെ സ്‌നേഹം ആവശ്യമാണ്. ഞാൻ എല്ലാം പറയാം. അതെന്റെ മനസ്സിന് ആശ്വാസം നൽകും. മനു, ഞാൻ പൂനക്കു പോയിരുന്നത് സീമയെ കാണാനാണ്.
എന്താണ് പറഞ്ഞത്?
സീമ പൂനയിലാണ്.
വേലിയേറ്റം തുടങ്ങിയിരുന്നു. കാറ്റ് കൂടുതൽ ശക്തമാവുന്നതയാൾ അറിഞ്ഞു. ഊർമ്മിള തന്റെ ചുമലിൽ ചാരിയിരിക്കുന്നതും, അവളുടെ കണ്ണിൽ നിന്ന് ചുടു കണ്ണീർ അയാളുടെ ഷർട്ടിലേക്ക് വീഴുന്നതും അയാൾ അറിഞ്ഞു.
കടൽ ഒരു കറുത്ത രാക്ഷസന്റെ ശവശരീരം പോലെ ചലനമറ്റു കിടന്നു. മുകളിൽ വർഷിക്കാൻ മടിച്ചുനിൽക്കുന്ന പൂക്കൾ പോലെ നക്ഷത്രങ്ങൾ. അകലെ കടലിൽ മുക്കുവർ മത്സ്യങ്ങളെ ആകർഷിക്കാൻ വെച്ച വിളക്കുകൾ ശവശരീരത്തിലർപ്പിച്ച മാല പോലെ കിടന്നു.
ഊർമ്മിള സംസാരിയ്ക്കാൻ സമയമെടുക്കുമെന്ന് മനോഹരനു മനസ്സിലായി. അവൾ ആകെ ഉലഞ്ഞിരിക്കയാണ്. അയാൾക്ക് കൂടുതൽ സംസാരിക്കാൻ ധൃതിയുണ്ടായിരുന്നില്ല. നഷ്ടപ്പെട്ടുവെന്ന് കരുതിയ ഒരപൂർവ്വ വസ്തുവിന്റെ ചരട് കയ്യിൽ കിട്ടിയിരിയ്ക്കുന്നു. ഇനി അത് വലിച്ചെടുക്കുകയേ വേണ്ടു. അത് ഒരഞ്ചു മിനിറ്റ് കഴിഞ്ഞിട്ടായാലും കുഴപ്പമില്ല. പോരാത്തതിന് ഇനി കേൾക്കാൻ പോകുന്നത് അത്രത്തോളം സുഖകരമായ ഒന്നല്ല എന്ന് അയാളുടെ മനസ്സ് മുന്നറിയിപ്പു നൽകുകയും ചെയ്തു. അയാൾ ചോദിച്ചു.
സീമ പൂനയിൽ എന്താണ് ചെയ്യുന്നത്?
സീമ ആസ്പത്രിയിലാണ്.
ആസ്പത്രിയിൽ?
അതെ. സീമ പൂനയിൽ ഒരു ഭ്രാന്താസ്പത്രിയിലാണ്.
മനോഹരൻ സ്തബ്ധനായി ഇരുന്നു. വാക്കുകൾ വളരെ ദൂരെ അയാൾക്കെത്താൻ കഴിയാത്ത അകലത്തിൽ ഒഴിഞ്ഞുമാറി നടക്കുന്നതയാൾ കണ്ടു.
മനുവിന്ന് വേദനയായി അല്ലെ?
അഴികളിട്ട വാതിലിന്നു പിന്നിൽ പറക്കുന്ന തലമുടിയുമായി നിൽക്കുന്ന സീമയുടെ രൂപം അയാളുടെ മനസ്സിൽ വന്നു. അവൾ അനുഭവിക്കുന്ന നരകയാതന അപേക്ഷിച്ചു നോക്കിയാൽ തന്റെ വേദന എത്ര നിസ്സാരം! സീമ മുമ്പ് പറയാറുള്ള കടം കഥകൾക്കെല്ലാം ഉത്തരം കിട്ടിയ മാതിരി അയാൾക്കു തോന്നി. ആ കടംകഥകളുടെ അർത്ഥം ഇത്ര എളുപ്പവും, ഇത്ര ക്രൂരവു മായിരുന്നുവെന്നോ?
ഊർമ്മിളയോട് പറഞ്ഞിട്ടാണോ സീമ പോയത്? എപ്പോഴാണ് അവൾക്ക് അസുഖമുണ്ടെന്നു മനസ്സിലായത്?
ഉണ്ടാവാൻ പോകുന്ന സുഖക്കേടിനെപ്പറ്റി സീമയ്ക്ക് ആദ്യവിവരമുണ്ടായിരുന്നു. അവൾ ഈ കാര്യം എന്നോടു പറയാറുണ്ടായിരുന്നു. എന്നോടു മാത്രമെ പറഞ്ഞിരുന്നുള്ളു. മാത്രമല്ല മനു ഇതിനെപ്പറ്റി അറിയരുതെന്നും ഉണ്ടായിരുന്നു.
എങ്ങിനെയാണ് തുടങ്ങിയത്?
ആദ്യമെല്ലാം ഇടക്ക് വളരെ ദുർല്ലഭം ചില അവസരങ്ങളിൽ അവൾക്ക് ബോധം മറയുന്ന പോലെ തോന്നിയിരുന്നു. വളരെ കുറച്ചു നേരത്തേക്കെ അതുണ്ടാകാറുള്ളു. പെയിന്റ് ചെയ്യുമ്പോഴാണത് കൂടുതലും സംഭവിച്ചിരുന്നത്. പലപ്പോഴും ചിത്രങ്ങളിൽ അവൾ ഉദ്ദേശിച്ചിട്ടില്ലാത്ത രൂപങ്ങൾ വന്നു ചേർന്നു. ചിത്രങ്ങൾ മുഴുമിക്കുമ്പോൾ ആ രൂപങ്ങൾ അവളെ അത്ഭുതപ്പെടുത്തി. അതവൾ തന്നെ വരച്ചതാണെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നെപ്പിന്നെ അവൾ വളരെ കുറച്ചുമാത്രം വരച്ചു.
മനോഹരൻ ഓർത്തു. സീമ അവസാനകാലങ്ങളിൽ വളരെ കുറച്ചു മാത്രമെ വരച്ചിരുന്നുള്ളു. ചോദിച്ചപ്പോൾ അവൾ പറയാറുണ്ട്. മനു, ജീവിക്കുക എന്നതാണ് ഏറ്റവും നല്ല കലാരൂപത്തേക്കാൾ ശ്രേഷ്ഠമായത്. കാരണം എല്ലാ കലാരൂപങ്ങളും ജീവിതത്തെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. ജീവിതമില്ലെങ്കിൽ കലയുമില്ല. ഞാൻ ജീവിക്കുകയാണ്. മനുവിന്റെ ഒപ്പമുള്ള ഓരോ നിമിഷവും ഓരോ തുള്ളി തേൻപോലെ സ്വാദേറിയതാണ്. ഞാനത് ആസ്വദിക്കുകയാണ്.
ഊർമ്മിള തുടർന്നു.
പിന്നെപ്പിന്നെ അത് വളരെ അടുത്തടുത്തു സംഭവിച്ചു കൊണ്ടിരുന്നു. അതിന്റെ പ്രത്യേകത എന്തായിരുന്നുവെങ്കിൽ, അതു സംഭവിച്ചു കഴിഞ്ഞാൽ സീമയ്ക്കു മനസിലാവുമായിരുന്നു എന്തോ കുഴപ്പം സംഭവിച്ചുവെന്ന്. അവൾ എന്നോട് അതിനെപ്പറ്റി സംസാരിക്കാറുണ്ട് അവളുടെ ആദ്യത്തെ ഭയം മനുവിനെപ്പറ്റിയായിരുന്നു. മനുവിന്റെ ജീവിതം നശിപ്പിക്കാതിരിക്കണമെന്നേ അവൾക്കുണ്ടായിരുന്നുള്ളു. രക്താർബ്ബുദം പിടിപെട്ട ഒരാളെപ്പോലെയായിരുന്നു അവൾ. അവളുടെ ഇരുണ്ട ഭാവി അവൾ മുൻകൂട്ടി കണ്ടിരുന്നു. മനുവിനെ അതറിയിക്കാതെ എങ്ങിനെയെങ്കിലും മനുവിന്റെ ജീവിതത്തിൽ നിന്ന് മറയണമെന്നവൾ തീർച്ചയാക്കി. തനിക്ക് അസുഖമാണെന്നറിഞ്ഞാൽ മനു അവളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും അതോടെ സ്വന്തം ജീവിതം നശിപ്പിക്കുമെന്നും അവൾക്കറിയാമായിരുന്നു. മറിച്ച് അവൾ പെട്ടെന്ന് അപ്രത്യക്ഷയാവുകയാണെങ്കിൽ മനുവിന് തൽക്കാലം ഒരു വിഷമമുണ്ടാവുമെങ്കിലും കാലക്രമേണ അതു മറക്കുമെന്നും അവൾക്കറിയാം.
സീമക്ക് അസുഖം വളരെ കൂടുതലാണോ?.....
അതെ. അവളെ സംബന്ധിച്ചിടത്തോളം അത് തുടർച്ചയായുള്ള പതനമായിരുന്നു. മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നത് സ്ഥിതികൾ മോശമാവുകയാണെന്നാണ്. കഴിഞ്ഞ രണ്ടു കൊല്ലമായി ഞാനവളെ കാണുന്നുണ്ട്. ആദ്യമെല്ലാം അവൾക്ക് കുടുതൽ സമയങ്ങളിൽ സുബോധമുണ്ടായിരുന്നു. പിന്നീട് സുബോധമുള്ള സമയങ്ങൾ കുറഞ്ഞു വന്നു. പലപ്പോഴും രണ്ടു മുന്നു ദിവസം ഞാൻ അവിടെ താമസിക്കുമ്പോൾ ഏതാനും മണിക്കൂറുകളെ അവളുമായി സംസാരിക്കാൻ പറ്റാറുള്ളു. ചിലപ്പോൾ അതിനും അവസരം കിട്ടിയെന്നു വരില്ല.
സീമക്ക് വിദഗ്ദ ചികിത്സ കിട്ടുന്നുണ്ടോ?
ഉണ്ടെന്നാണ് തോന്നുന്നത്. നല്ല ഡോക്ടർമാരാണെന്നാണ് പറയുന്നത്. അതൊരു യോഗിനി നടത്തുന്ന ആശ്രമമാണ്. അവരുടെ മകനും ഇതേ സുഖക്കേടായിരുന്നു. വളരെ പണമുള്ള കുടുംബത്തിലായിരുന്നത്രെ അവർ. വളരെ സൗന്ദര്യവുമുണ്ടായിരുന്നു. മകനു പത്താം വയസ്സിൽ അസുഖം തുടങ്ങി. കുറെ ചികിൽസിച്ചു. ഭേദമൊന്നുമില്ല. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അവർ ഭർത്താവിനെയും മറ്റു രണ്ടു മക്കളെയും വീട്ടിലെ സകല ആഡംബരങ്ങളെയും ഉപേക്ഷിച്ച് പൂനയിൽ പോയി. ഈ ആശ്രമം തുടങ്ങി. വീട്ടിലിരുന്നാൽ മുഴുവൻ സമയവും മകനെ ശുശ്രൂഷിക്കാൻ പറ്റില്ലെന്നു പറഞ്ഞാണ് അവർ പോയത്. തുടങ്ങിയ കാലത്ത് അവർ ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളു. ഇന്നതൊരു വലിയ സ്ഥാപനമാണ്. ഭ്രാന്താസ്പത്രിക്കു പുറമെ അംഗവൈകല്യമുള്ളവർ, അനാഥ ശിശുക്കൾ എല്ലാം ആശ്രമത്തിലെ അന്തേവാസികളാണ്.
ഊർമ്മിള സംസാരിക്കുന്നതു നിർത്തി. മനോഹരന് ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല. കേട്ടിടത്തോളം തന്നെ അധികമായിരുന്നു. ഇനിയുള്ള കാര്യങ്ങളെല്ലാം അയാൾക്ക് ഭാവനയിൽ പൂരിപ്പിച്ചെടുക്കാനുള്ളതെയുള്ളു. സംഭവങ്ങളുടെയും, ആകസ്മികതയുടെയും ഊഹങ്ങളുടെയും ഇടക്കുള്ള ഒഴിഞ്ഞ സ്ഥലങ്ങളിൽ ചായം തേക്കുകയേ വേണ്ടു. ചിത്രം പൂർണ്ണമായി. എന്തൊരിരുണ്ട ചിത്രം!
വേലിയേറ്റം പൂർണ്ണമായിരുന്നു. തിരകൾ അവർ ഇരിക്കുന്നതിന്റെ വളരെ അടുത്തുവന്നു. കാറ്റിൽ ഈർപ്പവും തണുപ്പുമുണ്ടായിരുന്നു. പിന്നിൽ നഗരത്തിന്റെ വിളക്കുകൾ ആകാശത്തിൽ ഉണ്ടാക്കിയ ദീപ്തിയിൽ നക്ഷത്രങ്ങൾ അപ്രത്യക്ഷമായിരുന്നു.
ഞാൻ മനുവിനോട് ഇതു പറയാൻ പാടില്ലായിരുന്നു. ഒരിക്കൽ പൂനയിൽ നിന്നു തിരിച്ചു വന്നപ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നി. അന്ന് മനുവിനോട് എല്ലാം പറയണമെന്നു വിചാരിച്ചാണ് ഫോൺ ചെയ്തത്. എല്ലാം പറഞ്ഞാൽ എന്റെ മനസ്സിലെ ഭാരം കുറയുമെനിക്കറിയാം. പക്ഷെ പറയാൻ എനിക്കു ധൈര്യമുണ്ടായില്ല. പിന്നെ മനുവുമായി അടുത്തപ്പോൾ ഒട്ടും പറയില്ലെന്നും തീർച്ചയാക്കി. കാരണം മനുവിന്റെ സാന്നിദ്ധ്യം എനിക്കു വളരെ ആശ്വാസം നൽകിയിരുന്നു. പരിചയപ്പെട്ടപ്പോൾ മനുവും സീമയുമായുള്ള ബന്ധം എത്ര ദൃഡതരമായിരുന്നെന്ന് നേരിട്ടു മനസ്സിലായി. സീമയുടെ സ്ഥിതി അറിഞ്ഞാൽ അത് മനുവെ എത്രത്തോളം തകിടം മറിക്കുമെന്നും മനസ്സിലായി.
മനോഹരൻ നിശ്ശബ്ദനായിരുന്നു. ഊർമ്മിള ചോദിച്ചു.
മനു കരയുകയാണോ?
അവൾ മനോഹരന്റെ കവിൾ തൊട്ടു. കണ്ണീർ ചാലുകളായി ഒഴുകന്നതവൾ അറിഞ്ഞു. അവൾ അയാളുടെ കണ്ണീർ തുടച്ചുകൊണ്ടു പറഞ്ഞു.
മനു കരയാതിരിക്കു. ഞാൻ മനുവിനെ ആശ്വസിപ്പിക്കാം.
അവൾ മനോഹരന്റെ മുഖം രണ്ടു കൈകൾക്കുള്ളിലാക്കി അയാളെ ചുംബിച്ചു.
മനോഹരൻ പറഞ്ഞു.
ഞാൻ നാളെ പൂനയ്ക്കു പോവുകയാണ്.
ഞാനും വരാം.