ഇ ഹരികുമാര്‍
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും മനസ്സാകുന്ന വിറകുപുരയിൽ വളരെ സാവധാനത്തിൽ ചിതൽ പുറ്റുണ്ടാക്കിയപ്പോൾ, ഓർമ്മകൾ പാമ്പുകൾ പോലെ പടം താഴ്ത്തി ചുരുണ്ടു കിടന്നുറങ്ങി. ഇടയ്ക്കവ ഉണരുമ്പോഴാകട്ടെ അസഹ്യമായ വേദന തരുന്ന കടി സമ്മാനിക്കുന്നു. ആ വേദന ദിവസങ്ങളോളം നിൽക്കുന്നു.
ഊർമ്മിള അയാളെ ആശ്വസിപ്പിക്കാനുണ്ട്. ആദ്യമെല്ലാം സീമയെ കാണാൻ ഊർമ്മിളയും മനോഹരനും കൂടി പോയിരുന്നു. സീമ ഇതുവരെ മനോഹരനെ തിരിച്ചറിഞ്ഞിട്ടില്ല, പിന്നെപ്പിന്നെ ഊർമ്മിള തനിച്ചാണ് പോകാറ്.
മനോഹരൻ സ്വയം നിർമ്മിതമായ പുറ്റിനുള്ളിൽ കഴിച്ചുകൂട്ടുന്നു. സീമയെപ്പറ്റിയുള്ള ഓർമ്മകൾ വല്ലാതെ വിഷമിപ്പിക്കുമ്പോൾ അയാൾ മിസ്സിസ്സ് ജബാവാലയുടെ വീട്ടിൽ പോയി സീമയുടെ എണ്ണച്ചായങ്ങൾ കാണുന്നു. ജബാവാലയോട് മനോഹരൻ സീമയെ കണ്ടകാര്യം പറഞ്ഞിട്ടില്ല. എന്തിന് ഒരു വൃദ്ധയുടെ മനഃശാന്തി നശിപ്പിക്കുന്നു?
അവർ പറയാറുണ്ട്, ഒരു ദിവസം സീമ തിരിച്ചുവരും, അപ്പോൾ ഈ ചിത്രങ്ങൾ അവളെത്തന്നെ ഏൽപ്പിക്കണം.
തനിക്കും അങ്ങിനെ സമാശ്വസിക്കാൻ കഴിഞ്ഞെങ്കിൽ! തനിക്കും സൂക്ഷിക്കാൻ തന്ന സ്‌നേഹം തിരിച്ചു കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് മനോഹരൻ ആലോചിക്കുന്നു.
പിന്നെ വീണ്ടും സർപ്പങ്ങൾ ചുരുണ്ടുറങ്ങുകയും എപ്പോഴും വെയിൽ പ്രകാശമയമാക്കുകയും ചെയ്യുന്ന ഒരു സ്ഥലത്തേക്ക് അയാൾ ഊർന്നിറങ്ങുന്നു. അവിടെ ശാന്തിയാണ്.