ഇ ഹരികുമാര്‍
കുന്നിൻ ചെരുവിൽ ചിതറിക്കിടന്ന ആ ഓടിട്ട വീടുകൾ അയാൾ മുമ്പ് കണ്ടിട്ടുള്ളതാണ്. ആദ്യമെല്ലാം അതെന്താണെന്നറിയാനുള്ള കൗതുകമുണ്ടായിരുന്നു. ഒന്നു രണ്ടു പേരോടു ചോദിച്ചു. തൃപ്തികരമായ ഉത്തരങ്ങളൊന്നും കിട്ടിയില്ല. പിന്നെ സ്വന്തം ഭാവനയിൽ അയാൾ അതിനെപ്പറ്റി കഥകളുണ്ടാക്കി, അതു വിശ്വസിക്കുകയും ചെയ്തു. മനോഹരൻ സാധാരണ ചെയ്യാറുള്ളതാണത്. കുട്ടിക്കാലം മുതലെ അയാൾ അങ്ങിനെയാണ്. വിജനമായ ഒരു പഴയ വീടു കണ്ടാൽ, ഒരു വൃദ്ധ ദമ്പതികൾ നടന്നു പോകുന്നതു കണ്ടാൽ, ഒരു കുട്ടി ഒറ്റയ്ക്കിരുന്നു കരയുന്നതു കണ്ടാൽ എല്ലാം അയാൾ അതിന്റെ പിന്നിൽ സംഭാവ്യമായ ഒരു കഥ മെനഞ്ഞെടുക്കും. ഒരു തകർന്നുവീണ ഐശ്വര്യത്തിന്റെ കഥയോ, ഒരു നൈരാശ്യത്തിന്റെ കഥയോ ഒരു പരിത്യാഗത്തിന്റെ കഥയോ. പിന്നീട് ആ വസ്തുക്കളെയോ, ആൾക്കാരെയോ കാണുമ്പോൾ അയാൾ ആ കഥകൾ വീണ്ടും ഓർക്കുന്നു. ക്രമേണ അവ കഥകളല്ലെന്നും ശരിക്കും നടന്ന സംഭവങ്ങളാണെന്നും സ്വയം വിശ്വസിക്കുന്നു.
ഈ ആശ്രമത്തെപ്പറ്റി അയാൾ ഉണ്ടാക്കിയ കഥ അതൊരു അനാഥാലയമാണെന്നായിരുന്നു. എന്തായാലും കുറെയൊക്കെ സാദൃശ്യമുണ്ട്.
നമുക്കാദ്യം യോഗിനിയമ്മയുടെ അടുത്തു പോകാം. ഊർമ്മിള പറഞ്ഞു.
അവർ മുളകൊണ്ടുണ്ടാക്കിയ ഗെയ്റ്റ് തുറന്ന്, ചരൽപ്പാതയിലേക്കു പ്രവേശിച്ചിരുന്നു.
അതാ ആ കെട്ടിടത്തിലാണവർ താമസിക്കുന്നത്.
ആ കെട്ടിടം മറ്റെല്ലാ കെട്ടിടവും പോലെ ചെറുതും വൃത്തിയുള്ളതുമായിരുന്നു. പാത കഴിഞ്ഞാൽ എത്തുന്ന മുറ്റവും ചരൽ വിരിച്ചതായിരുന്നു, അരുകിൽ പൂച്ചെടികൾ വെച്ചു പിടിപ്പിച്ചിരിക്കയാണ്. ചെറിയ പടികൾ കയറി അവർ ആ വീടിന്റെ ഉമ്മറത്തേയ്ക്ക് കയറി. വാതിൽ തുറന്നാണിരുന്നത്. വാതിലിന്റെ ഒരു ഭാഗത്ത് ചുമരിൽ മറാഠിയിൽ എഴുതി വെച്ചിരുന്നു.
മുട്ടേണ്ട ആവശ്യമില്ല. അകത്തുവരാം.
അവർ ചെരിപ്പുകൾ പുറത്തഴിച്ചുവെച്ചു ഉള്ളിൽ കടന്നു. യോഗിനിയമ്മ നിലത്ത് ഇരുന്ന് ഒരു പെൺകുട്ടിയെ എന്തോ പഠിപ്പിക്കുകയാണ്. അവർ വെള്ള സാരിയാണുടുത്തിരുന്നത്. അവർ തലയുയർത്തി ഊർമ്മിളയെ നോക്കി ചിരിച്ചു, ഇരിക്കാൻ ആംഗ്യം കാണിച്ചു. ഊർമ്മിള അവർക്കു മുന്നിൽ ഇട്ട ചെറിയ പുൽപ്പായിൽ ഇരുന്നു. മനോഹരനോടും ഇരിക്കാൻ ആംഗ്യം കാണിച്ചു.
യോഗിനിയമ്മ ആ പെൺകുട്ടിയോടു പറഞ്ഞു.
ഇനി പോയി കളിക്കു. അമ്മയ്ക്കു കുറച്ചു ജോലിയുണ്ട്.
അവൾ അവരുടെ മുഖത്തു മനസ്സിലാവാത്തപോലെ നോക്കി. പിന്നെ ഊർമ്മിളയുടെയും മനോഹരന്റെയും മുഖത്തും മാറി മാറി നോക്കി, പതുക്കെ എഴുന്നേറ്റു നടന്നു. എട്ടുവയസ്സോളം പ്രായമുള്ള ആ പെൺകുട്ടി കാലടികൾ പതറാതിരിക്കാൻ ശ്രമിച്ച് പതുക്കെ നടന്നു പോകുന്നതവർ നോക്കി. അവൾ കൺമുമ്പിൽ നിന്നു മറഞ്ഞപ്പോൾ അവർ ഊർമ്മിളയുടെ നേരെ തിരിഞ്ഞു.
ഇത്ര നേർത്തെ? ഞാൻ ഊർമ്മിളയെ പതിനഞ്ചുദിവസത്തേക്ക് പ്രതീക്ഷിച്ചില്ല.
ഇതാണ് മനോഹരൻ. മനു.
ഊർമ്മിള പറഞ്ഞു.
അവർ കൈകൂപ്പി, ഒരു നിമിഷം കണ്ണുകളടച്ച് ധ്യാനനിമഗ്നയായി ഇരുന്നു.
നിനക്കു നന്മവരട്ടെ മകനെ. നീ ഒരു ദിവസം വരുമെന്ന് എനിക്കറിയാമായിരുന്നു.
അയാൾ ചോദ്യാർത്ഥത്തിൽ അവരെ നോക്കി.
അവർ വീണ്ടും അയാളോട് ഒന്നും പറയാതെ ഊർമ്മിളയെ നോക്കി ചോദിച്ചു.
നിങ്ങൾ സീമയെ കണ്ടുവോ?
ഇല്ല അമ്മേ, ആദ്യം അമ്മയെ കാണാമെന്നു കരുതി.
ഞാനും വരാം എന്റെ മകളുടെ അടുത്തേക്ക്.
അവർ എഴുന്നേറ്റു. വീടിനു പുറത്തു കടക്കുമ്പോൾ ആ ആശ്രമത്തിന്റെ കിടപ്പിനെപ്പറ്റി ആദ്യമുണ്ടായിട്ടില്ലാത്ത ഒരു ബോധമാണുണ്ടായത്, ഒരു കലൈഡോസ്‌കോപ്പ് തിരിച്ചു നോക്കുന്ന പോലെ.
സമയം പന്ത്രണ്ടായിരുന്നു. വെയിലിനു ചൂടുണ്ടായിരുന്നില്ല. ചരൽ വിരിച്ച മുറ്റത്തു കൂടി വേറൊരു വീടിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ മനോഹരന് ഇനിയുണ്ടാകാൻ പോകുന്ന കൂടിക്കാഴ്ചയോർത്ത് ഉള്ളിൽ ഭയമുണ്ടായി.
ആ കെട്ടിടത്തിലെ അന്തേവാസികൾ മുഴുവൻ സ്ത്രീകളായിരുന്നു. നാലഞ്ചു പേർ വരാന്തയിലും മുറിക്കുള്ളിലുമായി നിന്നിരുന്നു. മനോഹരൻ അകത്തു കയറാൻ മടിച്ചു നിന്നപ്പോൾ യോഗിനി പറഞ്ഞു.
വരു.
അയാൾ അകത്തു കടന്നു. സീമക്കു വേണ്ടി അയാൾ ചുറ്റും നോക്കുകയായിരുന്നു. അയാൾക്കു കണ്ടുപിടിയ്ക്കാൻ കഴിഞ്ഞില്ല. യോഗിനി ഒരു മൂലയിൽ ഇട്ട കട്ടിലിന്മേൽ മുട്ടിൻമേൽ തലവെച്ച് ഇരിക്കുന്ന പെൺകുട്ടിയെ തൊട്ടുവിളിച്ചു.
മകളെ, നിന്നെ കാണാൻ ആരാണ് വന്നിരിക്കുന്നതെന്നു നോക്കു.
അവൾ തലയുയർത്തി അവരെ നോക്കി. മനോഹരൻ സ്തബ്ധനായി നിന്നു പോയി, ആ മെലിഞ്ഞരൂപം സീമയാണെന്ന് വിശ്വസിക്കാൻ വിഷമമായിരുന്നു. സീമയുടെ ഛായയുണ്ട്, പക്ഷെ അവളുടെ മുഖത്തുണ്ടായിരുന്ന പ്രസരിപ്പും രക്തവും വാർന്നു പോയിരിക്കുന്നു. ഒരു കാലത്ത് അയാളെ ചുംബനങ്ങൾ വർഷിച്ചിരുന്ന ചുണ്ടുകൾ ഇന്ന് വിളറിയിരുന്നു. അയാളുടെ ലാളനയേറ്റ അവളുടെ മാറിടം ഇന്നു ശുഷ്‌കിച്ചിരുന്നു. ധരിച്ചിരുന്ന വലിയ ഫ്രോക്കിൽ അവളുടെ രൂപം വളരെ പരിതാപകരമായി തോന്നി.
സീമ അയാളെ നോക്കുകയായിരുന്നു. അതിൽ പരിചയത്തിന്റെ ലാഞ്ചനയില്ല, താല്പര്യമില്ല.
സീമ, ഇതാരാണെന്നു നോക്കു.
ഊർമ്മിള പറഞ്ഞു.
സീമ ഊർമ്മിളയെ നോക്കി. അതേ നോട്ടം.
മോൾക്ക് മനസിലായില്ലെ?
യോഗിനി ചോദിച്ചു.
സീമ ഇല്ലെന്ന് തലയാട്ടി.
ഇതു മനോഹരനാണ് സീമാ, ഊർമ്മിള പറഞ്ഞു. നിന്റെ മനു. ഓർമ്മയില്ലെ?
സീമ ആലോചിക്കുകയായിരുന്നു. ഇരുളടഞ്ഞ വഴിയിൽക്കൂടി ഒരു കൊച്ചു വിളക്കുമായി അവൾ നീങ്ങുന്നത് മനോഹരൻ കണ്ടു. വഴിയിലെവിടെയെങ്കിലും അവൾ തന്നെ കണ്ടു മുട്ടുമോ? തന്റെ മുഖത്ത് ആ വിളക്കിന്റെ പ്രഭ പതിയുമോ?
സാവധാനത്തിൽ അവളുടെ മുഖത്ത് ഇരുട്ടു പരക്കുന്നതയാൾ കണ്ടു. അയാൾ വിളിച്ചു.
സീമാ.
അവൾ അയാളെ നോക്കി.
സീമാ, നീ ബോംബെയിൽ താമസിച്ചിരുന്ന മുറി ഓർമ്മയില്ലെ? നീ ചിത്രം വരച്ചിരുന്നത്? ഞാൻ അവിടെ വന്നിരുന്നതൊന്നും ഓർമ്മയില്ലെ?
സീമ ശ്രദ്ധിക്കുകയായിരുന്നില്ല. അതവളുടെ കണ്ണുകളിൽ നിന്നു മനസ്സിലാക്കാമായിരുന്നു. പ്രകാശമറ്റ ആ കണ്ണുകൾ അയാളിൽ തറഞ്ഞു നിന്നിരുന്നുവെന്നു മാത്രം. അവളുടെ ശ്രദ്ധ വേറെ എവിടെയോ ആയിരുന്നു.
സീമാ, ഇത് നിന്റെ മനുവാണ്.
അവൾ അനങ്ങിയില്ല. തല തിരിച്ച് പുറത്തേക്കു നോക്കുകമാത്രം ചെയ്തു. ഇനി ഒന്നും ചോദിക്കാൻ അയാൾക്കു കരുത്തുണ്ടായിരുന്നില്ല.
മോളെ നീ വരച്ച ചിത്രങ്ങളെല്ലാം ഇവർക്കു കാണിച്ചുകൊടുക്കു.
സീമ അനുസരണയുള്ള കുട്ടിയെപ്പോലെ നടന്ന് മേശമേൽ വെച്ച ഒരടുക്ക് കടലാസുകൾ എടുത്തുകൊണ്ടുവന്നു. അവ ഒരു നോട്ടു പുസ്തകത്തിൽ നിന്ന് ചീന്തിയെടുത്ത പേജുകളായിരുന്നു. കൈകാര്യം ചെയ്ത് ചളി പിടിച്ച കടലാസുകൾ. അവൾ ആ കടലാസുകൾ നീട്ടിപ്പിടിച്ചു. മനോഹരൻ അവ വാങ്ങി ഓരോന്നോരോന്നായി നോക്കി. അധികവും മൃഗങ്ങളുടെ ചിത്രങ്ങളായിരുന്നു. ചിലത് പക്ഷികളുടെയും. ചില ചിത്രങ്ങളിൽ വരകൾ നന്നായി വന്നിട്ടുണ്ട്. ചില ചിത്രങ്ങളിലാകട്ടെ അവളുടെ കൈകൾ പതറിപ്പോകുന്നത് മനസ്സിലാവുന്നുണ്ട്.
അയാൾ ദീർഘമായി നിശ്വസിച്ചു. റെംബ്രാൻഡിനെ വെല്ലുന്ന ചിത്രങ്ങൾ വരച്ച സീമയാണോ ഈ പൂച്ചയേയും നായയേയും വരച്ചിരിക്കുന്നത്? അതു കണ്ടുകൊണ്ടിരിക്കുക വിഷമം തന്നെയായിരുന്നു.
യോഗിനി പറഞ്ഞു.
ഞാൻ ഒരു വീടു വരച്ചുകാണിച്ചു തരണമെന്ന് പറഞ്ഞില്ലെ മോളെ? നീയെന്താണ് വരക്കാതിരുന്നത്?
സീമ വലത്തെ കൈ അവളുടെ ഫ്രോക്കിന്റെ പോക്കറ്റിലിട്ട് വളരെ സാവധാനത്തിൽ എന്തോ ഒരു സാധനം പുറത്തെടുത്തു. അത് രണ്ടു കയ്യിലും കൂട്ടിപ്പിടിച്ച് മുഖത്തോടടുപ്പിച്ച് യോഗിനിയമ്മയെ കാണിച്ചു പറഞ്ഞു.
ഇതിന് മുനയില്ല.
വളരെ നേർത്ത ശബ്ദം. അവളുടെ ശബ്ദത്തിന് വ്യത്യാസം വന്നിട്ടില്ല. കനം കുറഞ്ഞിട്ടുണ്ടെന്നു മാത്രം. അവൾ കാണിച്ചുകൊടുത്തിരുന്നത് ഒരു കുറിയ പെൻസിലായിരുന്നു. രണ്ടിഞ്ചു നീളം വരും. അതിന്റെ മുനയുള്ള ഭാഗത്തെ മരം കടിച്ചു പൊട്ടിച്ച പാടുകൾ കാണാനുണ്ട്.
മോൾ എന്താണ് അമ്മയോടു പറയാതിരുന്നത്? ഞാൻ എപ്പോഴും പറയാറില്ലെ പെൻസിലിന്റെ മുനപൊട്ടിയാൽ എന്നോടു പറയണമെന്ന്. തരു അമ്മ ചെത്തിത്തരാം.
അവിടെ നിൽക്കുക വിഷമമായിരുന്നു. അയാൾ സീമയെ ഒരിക്കൽക്കൂടി നോക്കി പുറത്തിറങ്ങി. അവൾ അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ആശ വിടരുത്. യോഗിനിയമ്മ പറഞ്ഞു. അവർ പുൽപ്പായിൽ ഇരിയ്ക്കുകയാണ്. ഊർമ്മിളയും മനോഹരനും അവർക്കെതിരെയും.
ഈ സുഖക്കേടിനെപ്പറ്റി നമുക്ക് ഒന്നും പറയാൻ പറ്റില്ല. ചിലപ്പോൾ പെട്ടെന്നു മാറും. ചിലപ്പോൾ വളരെ താമസം പിടിക്കും. മാറിയവർക്കു തന്നെ വീണ്ടും വന്നുവെന്നും വരാം. നമുക്ക് ചെയ്യാവുന്നത് കഴിയുന്നത്ര നല്ല വിദഗ്ദ ചികിത്സ കൊടുക്കുക, ധാരാളം സ്‌നേഹം കൊടുക്കുക. ഇതു രണ്ടും ഞാൻ ചെയ്യുന്നുണ്ട്. ഇവിടെ താമസിക്കുന്നവരെല്ലാം എന്റെ മക്കളാണ്. അതിൽ മനോരോഗികളുണ്ട്, തീരാവ്യാധി പിടിച്ച വരുണ്ട്, അഗതികളായി വന്നവരുണ്ട്. ആരും ഇവിടെ വന്നാൽ അഗതികളല്ല.
യോഗിനിക്ക് അമ്പതിൽ കൂടുതൽ പ്രായമുണ്ടാവുമെന്ന് മനോഹരന് തോന്നി. അവരുടെ മുഖം വളരെ പ്രശാന്തമായിരുന്നു. ഈ കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും ഇടയിൽ ഇത്രയും ശാന്തമായ ഒരു മനസ്സും വെച്ച് ഇവർക്ക് എങ്ങിനെ ഇരിക്കാൻ പറ്റുന്നു?
നിങ്ങൾ എപ്പോഴാണ് തിരിച്ചു പോകുന്നത്?
യോഗിനി ചോദിച്ചു. ഊർമ്മിള മനോഹരനെ നോക്കി. അയാൾ തീർച്ചയാക്കിയിട്ടുണ്ടായിരുന്നില്ല. സീമയെ ഒരിക്കൽക്കൂടി കാണണമെന്നുണ്ടായിരുന്നു അയാൾക്ക്. അവളുടെ ഓർമ്മയിൽ പറ്റിപ്പിടിച്ച പൂപ്പൽ തന്റെ കൈകൾ കൊണ്ട് എടുത്തു മാറ്റാമെന്നും, സീമയെ വീണ്ടും പഴയ പടി ആക്കാമെന്നും അയാൾക്കു തോന്നി. അയാൾ കുട്ടിക്കാലത്ത് ഒരു ടൈംപീസ് ശരിയാക്കിയതോർത്തു. അത് റിപ്പേയറിന് കൊടുക്കണമെന്നു പറഞ്ഞ് അച്ഛൻ വെച്ചതായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് മനോഹരൻ അതെടുത്തു തുറന്നു. അയാൾക്കു ടൈംപീസിന്റെ മെക്കാനിസമൊന്നും അറിഞ്ഞിരുന്നില്ല. പുറത്തെ കവർ തുറന്ന് അയാൾ അതിന്റെ പൽച്ചക്രങ്ങളിൽ വെറുതെ തിരുപ്പിടിച്ചു. ഒരു പ്രത്യേക ചക്രത്തിന്മേൽ തൊട്ടപ്പോൾ ടൈംപീസു നടക്കാൻ തുടങ്ങി. അയാൾ വേഗം അതിന്റെ കവർ തിരിച്ചു വെച്ച്, താൻ ടൈംപീസു റിപ്പെയർ ചെയ്തുവെന്ന് കൊട്ടിഘോഷിച്ചു. പത്തു വയസ്സുകാരനായ വാച്ച് റിപ്പയർ എല്ലാവർക്കും അദ്ഭുതമായിരുന്നു.
സീമയുടെ മനസ്സിലും തന്റെ അവിദഗ്ദമായ കൈവിരൽ സ്പർശിച്ചാൽ എവിടെയെങ്കിലും ഒരു ക്ലിക്ക് ശബ്ദമുണ്ടാവുമെന്നും അതോടെ അവളുടെ ഓർമ്മകൾ തിരിച്ചു കിട്ടുമെന്നും അയാൾ ആശിച്ചു,
എനിയ്ക്ക് സീമയെ ഒരിക്കൽക്കൂടി കാണണം, ഒറ്റയ്ക്ക്.
കാണാമല്ലൊ. പക്ഷെ ഇപ്പോൾത്തന്നെ കണ്ടതുകൊണ്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല. ഉച്ചതിരിയുംവരെ കാക്കു. അതുവരെ വിശ്രമിച്ചു കൊള്ളു. അതിഥി മന്ദിരം ഊർമ്മിള കാണിച്ചു തരും.
അതിഥി മന്ദിരം മൂന്നു മുറികളുള്ള ഒരു കെട്ടിടമായിരുന്നു. മറ്റു കെട്ടിടങ്ങളെപ്പോലെ ഓടിട്ട് വെള്ളവലിച്ച ചുമരുകളുള്ളത്. വാതിൽ കടന്ന ഉടനെയുള്ള മുറിയിലിട്ട മരക്കസേരകളിലൊന്നിൽ ഇരിക്കുമ്പോൾ താൻ ക്ഷീണിച്ചിരിക്കുന്നുവെന്ന് മനോഹരനു മനസ്സിലായി. അയാൾ കസേരയുടെ രണ്ടു കൈയ്യിന്മേൽ കൈകൾ വെച്ച് തലതാങ്ങി കണ്ണടച്ചിരുന്നു.
സീമ ഒരിക്കൽ പറയുകയുണ്ടായി. മനുവിന്റെ സ്‌നേഹം ഒരു ദിവസം പെട്ടെന്നു നിന്നാൽ ഞാനെന്താണു ചെയ്യുക?
അയാൾ പറഞ്ഞു.
എന്റെ സ്‌നേഹം ഒരിയ്ക്കലും നിലയ്ക്കാത്ത ഒരു നദിയാണ്. അതിന്റെ ഉറവിടം ഹിമം മൂടിയ കൊടുമുടികളാണ്. സീമയുടെ സ്‌നേഹത്തിന്റെ ചൂട് ഉള്ളിടത്തോളം കാലം ആ നദി ഒഴുകിക്കൊണ്ടേ ഇരിക്കും. അതു നിലച്ചാൽ എല്ലാം മരവിപ്പാണ്. ശൂന്യതയാണ്.
ചുമലിൽ ഒരു സ്പർശം അയാളറിഞ്ഞു. ഒരു മാർദ്ദവമുള്ള കൈ. കഴുത്തിന്നു പിന്നിൽ ഒരു ചുംബനം.
മനു കരയാതിരിക്കു. താൻ കരയുകയായിരുന്നെന്ന് അയാളറിഞ്ഞിരുന്നില്ല.
ഞാനുണ്ട് മനുവിനെ ആശ്വസിപ്പിക്കാൻ.
അയാൾ കണ്ണുകൾ തുടച്ച് ഊർമ്മിളയെ നോക്കി. അവളുടെ മുഖം വളരെ ദയാനുകമ്പമായിരുന്നു. അയാൾ എഴുന്നേറ്റു. ആദ്യമായി അയാൾ അവളെ ആലിംഗനം ചെയ്തു ചുംബിച്ചു. അവളുടെ കൈ അയാളുടെ കഴുത്തിലൂടെ വന്ന് അയാളെ അടുപ്പിച്ചു.
ഭക്ഷണം വളരെ സരളമായിരുന്നു. ചപ്പാത്തി, പച്ചക്കറി, പരിപ്പു കൂട്ടാൻ. ഭക്ഷണഹാളിൽ എല്ലാവരും നിലത്തിരുന്നുകൊണ്ടാണ് ഭക്ഷണം കഴിച്ചത്. സീമ മനോഹരനിൽ നിന്നകലെ ഒരു സ്ഥലത്താണിരുന്നത്. പക്ഷെ അവൾ കാര്യമായൊന്നും കഴിച്ചിരുന്നില്ലെന്നയാൾക്കു മനസ്സിലായി.
ഭക്ഷണത്തിനു ശേഷം അയാൾ അതിഥിമന്ദിരത്തിലേക്കു പോയി. സീമയെ കൂട്ടാനായി ഊർമ്മിള പോയിരുന്നു. സീമയുടെ ഓർമ്മ തിരിച്ചു കൊണ്ടുവരാൻ എന്തു സംഭവത്തെപ്പറ്റിയാണ് സംസാരിക്കേണ്ടതെന്നയാൾ ആലോചിച്ചു. എല്ലാ സംഭവങ്ങളും അവളുടെ ഓർമ്മയുടെ വാതിൽ തുറക്കേണ്ടതാണ്. കാരണം അവർ തമ്മിലുണ്ടായ എല്ലാ സംഭവങ്ങളും വർണ്ണശബളമായിരുന്നു.
യോഗിനിയമ്മയും ഊർമ്മിളയും സീമയെ കൊണ്ടുവന്നു.
ഇതാ, ഇതാണ് നിന്റെ മനു. അദ്ദേഹത്തിന് നിന്നോട് സംസാരിക്കണമത്രെ.
പിന്നെ മനോഹരനോടായി അവർ തുടർന്നു.
ഇവളോട് ദയ കാണിക്കു.
അവർ ഊർമ്മിളയുടെ ഒപ്പം പുറത്തുപോയി. മുറിയിൽ സീമയും മനോഹരനും ഒറ്റക്കായി. സീമ കുറച്ച് അസ്വസ്ഥയായ മാതിരി തോന്നി. അവൾ നിന്നിരുന്ന സ്ഥലത്തുള്ള മേശയുടെ വക്കിൽ തിരുപ്പിടിച്ചു കൊണ്ടിരുന്നു.
സീമ ഇരിക്കു.
അവൾ അടുത്തുള്ള കസേരയിലിരുന്നു, വീണ്ടും അസ്വസ്ഥയായി അങ്ങോട്ടുമിങ്ങോട്ടും നോക്കി. തന്നെ എന്തിനാണ് വിളിച്ചുകൊണ്ടുവന്നതെന്ന് ആലോചിക്കുകയാവാം.
മനോഹരൻ അവൾക്കെതിരെ ഇരുന്നു.
സീമക്കെന്നെ മനസ്സിലായില്ലെ?
അവൾ മനോഹരനെ നോക്കി. അതിൽ താൽപര്യത്തിന്റെ കണികപോലുമില്ലായിരുന്നു. ഒരു ശൂന്യമായ നോട്ടം.
സീമാ ഇതു മനുവാണ്. നിന്റെ മനു, ഓർമ്മയില്ലെ?
അവൾ ഇല്ലെന്ന് തലയാട്ടി.
നീ ബോംബെയിൽ താമസിച്ചിരുന്ന മുറി ഓർമ്മല്ല്യെ? ചിത്രം വരച്ചിരുന്നത്, ഞാൻ അവിടെ വരാറുള്ളത്. നമ്മൾ സ്‌നേഹിച്ചിരുന്നത്. ഒന്നും ഓർമ്മല്ല്യെ?
അവൾ നിർവ്വികാരയായി ഇരുന്നു.
സീമ പറയു. നിനക്ക് മുമ്പു നടന്നതൊന്നും ഓർമ്മല്ല്യെ? സീമടെ അമ്മയെ, അച്ഛനെ. നിന്റെ കുട്ടിക്കാലം. ഒന്നും ഓർമ്മയില്ലെ?
മുഖത്തെ നിർവ്വികാരത മാത്രം.
സീമ, നമ്മൾ സ്‌നേഹിച്ചിരുന്നു. നീ ചിത്രം വരക്കുമ്പോൾ ഞാൻ നോക്കിക്കിടക്കാറുണ്ട്. ചിത്രം പൂർത്തിയായാൽ നീ എന്നെ സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിക്കാറുണ്ട്.
അവൾ ഓർമ്മയിലെന്തോ ചികഞ്ഞു നോക്കുന്ന പോലെ തോന്നി. മുഖം മ്ലാനമായിരുന്നു. മനോഹരന് സീമയെ കയ്യിലെടുത്ത് ചുംബിക്കാൻ തോന്നി. അയാൾ എഴുന്നേൽക്കാൻ ഭാവിച്ചു. പക്ഷെ അവൾ ഒരു മനോരോഗിയാണെന്നും തന്റെ ഈ മാതിരി പ്രകടനങ്ങളെല്ലാം അവളെ ഭയപ്പെടുത്തിയേക്കുമെന്നും അയാൾക്കു തോന്നി.
നമ്മൾ ഒപ്പം കിടന്നിരുന്നത്. നമ്മൾ ചുംബിച്ചത് ഒന്നും ഓർമ്മയില്ലെ?
സീമയുടെ മ്ലാനമായ മുഖത്ത് പെട്ടെന്ന് ഒരു പ്രകാശം പരന്നുവോ? നിമിഷ നേരത്തേക്കു മാത്രമായിരുന്നു. അവളുടെ കണ്ണുകളിൽ പരിചയത്തിന്റെ ഒരു മിന്നൽ. സിഗററ്റ് ലൈറ്റർ കത്തിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന മിന്നൽ പോലെ. തീ കത്തിയില്ല. ഒരു നിമിഷ നേരത്തേക്ക് മനോഹരന് തന്റെ പഴയ സീമയെ തിരിച്ചു കിട്ടിയ പോലെ. സീമ എഴുന്നേറ്റു, മനോഹരനെന്തെങ്കിലും പറയാനിട കിട്ടുന്നതിനു മുമ്പ് വാതിൽ കടന്ന് പോവുകയും ചെയ്തു.
മനോഹരൻ കരഞ്ഞില്ല. മരവിച്ച് കുറെ നേരം ഇരുന്നു. അതിനിടയിൽ ഊർമ്മിള വന്ന് അയാൾക്കടുത്തിരുന്നു. സീമക്കയാളെ മനസ്സിലായോ എന്നു ചോദിച്ചു. ഇല്ലെന്നയാൾ മറുപടി പറഞ്ഞു. അവസാന നിമിഷത്തിൽ പരിചയത്തിന്റെ കണിക അവളുടെ കൺകോണിൽ മിന്നിമറഞ്ഞത് അയാൾ പക്ഷെ ഊർമ്മിളയോടു പറഞ്ഞില്ല. തന്റെ തോന്നലായിരിക്കാം. ഒരു പക്ഷെ ശരിയായിരിക്കാം. തന്നെ തിരിച്ചറിഞ്ഞതു കൊണ്ടായിരിക്കുമോ അവൾ പെട്ടെന്ന് എഴുന്നേറ്റു പോയത്? തന്റെ ജീവിതം കൂടുതൽ സങ്കീർണ്ണമാക്കേണ്ട എന്നു കരുതി, മുമ്പ് തന്നെ വിട്ടുപോയ മാതിരി, ഒരിക്കൽകൂടി അകന്നു പോയതാണോ? മനോഹരന് തീരുമാനിയ്ക്കാൻ കഴിഞ്ഞില്ല.